ർമ്മപാലൻ ഗോത്രവർഗ്ഗത്തിൽപെട്ട നായാടിയായാണ് ജനിച്ചത്. അലഞ്ഞു തിരിയുന്ന കുറവർ. പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇല്ലാതിരുന്നവർ. നേർക്കുനേർ കണ്ടാൽ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളുവുമുണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളഞ്ഞ് കല്ലെടുത്തെറിഞ്ഞുകൊല്ലും. പകൽ കാടിന്റെയുള്ളിൽ. രാത്രി പുറത്തിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. എച്ചിൽ വീട്ടിൽനിന്നു ദൂരെക്കൊണ്ടുവയ്ക്കും. ഇവർക്കു കഴിക്കാൻ!

യാദൃശ്ചികമായി ധർമ്മപാലന് പഠിക്കാനുള്ള അവസരം കിട്ടി. അയാൾ പഠിച്ചു വളർന്നു. ഇപ്പോർ സിവിൽ സർവീസിനുള്ള അഭിമുഖത്തിലെത്തി നിൽക്കയാണ്. ധർമപാലനു നേരിടേണ്ടിവന്ന ആദ്യത്തെ ചോദ്യം തന്നെ ജാതിയെക്കുറിച്ച്.- "നിങ്ങൾ ഓഫിസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്തു ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തുതീരുമാനമാണ് എടുക്കുക?

ധർമപാലന്റെ തലയ്ക്കകത്തേക്ക് ചോര മുഴുവൻ ഇരച്ചുകയറി. -"ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും നിരപരാധിയാണ്'. അതു കൊലപാതകമാണെങ്കിലോ ധർമപാലൻ. അപ്പോൾ നിങ്ങൾ എന്തു തീരുമാനിക്കും ? ഉത്തരം പറയാൻ ഒരുനിമിഷം പോലും സംശയിച്ചില്ല ധർമപാലൻ. സാർ, കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണു നിരപരാധി. അവനോടുതന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്".

ഇന്ത്യൻ നോവൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കായി കണക്കാക്കപ്പെടുന്ന, 'നൂറുസിംഹാസനങ്ങൾ' മലയാളി ഏറെ ചർച്ചചെയ്തതാണ്. നീതിയും സമത്വവും തമ്മിലുള്ള പുതിയ സംവാദമുഖം തുറന്ന ആ നോവൽ ചൂടപ്പംപോലെയാണ് വിറ്റുപോയത്. അത് എഴുതിയ ബി ജയമോഹൻ എന്ന കന്യാകുമാരിക്കാൻ എഴുത്തുകാരനും ഇന്നലെ വരെ മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയിരുന്നു. മലയാളത്തിലെ മിക്ക എഴുത്തുകാരെയും തമിഴിലേക്ക് തർജ്ജ ചെയ്യുക വഴി കേരള സാഹിത്യത്തിന്റെ തമിഴ്‌നാട്ടിലെ അനൗദ്യോഗിക ബ്രാൻഡ് അംബാസിഡറാണ് ജയമോഹൻ എന്നും പലരും പറഞ്ഞു. എന്നാൽ ഒറ്റരാത്രികൊണ്ട് എല്ലാം അവസാനിച്ചു. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന തമിഴ്‌നാട്ടിലും സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം കണ്ട്, അങ്ങേയറ്റം അധിക്ഷേപകരമായ വാചകങ്ങളാണ്, ജയമോഹൻ തന്റെ ബ്ലോഗിൽ കുറിച്ചത്.

മലയാളികൾ എന്ന പൊറുക്കികൾ

ജയമോഹൻ തൻെ ബ്ലോഗിൽ ഇങ്ങനെ കുറിക്കുന്നു. -"മഞ്ഞുമ്മൽ ബോയ്സ് എന്നെ അലോസരപ്പെടുത്തിയ ഒരു സിനിമയാണ്. കാരണം അതൊരു കൽപ്പിതകഥയല്ല എന്നതുകൊണ്ട്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മലയാളികളുടെ യഥാർഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലേക്കും അവർ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് ഞാൻ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛർദ്ദിൽ ആയിരിക്കും. ഇവർക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിലാവും ഉത്തരം. എന്നാൽ മറ്റുള്ളവർ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്നും പറയും. "- ഇങ്ങനെ പോവുന്ന ജയമോഹന്റെ വാക്കുകൾ. മലയാളികളെ പൊറുക്കികൾ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തിരുക്കുന്നത്.

ഇതോടെ സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ ടാഗുകളും മാറി.
ജയമോഹൻ മാടന്മോക്ഷം എഴുതിയപ്പോഴും, മാതൃഭൂമിയുടെ സ്റ്റേജിൽ വന്നിരുന്നത് "ഇത് ഹൈന്ദവതക്കെതിരായ പുസ്തകം ആണ്' എന്നുവിളിച്ച് പറഞ്ഞപ്പോളും അയാൾ പുരോഗമനവാദിയും, കമ്മിയുണിസ്റ്റ് സഹയാത്രികനും ആയിരുന്നു. അതേ സ്റ്റേജിൽ ഇരുന്ന് "വൃത്തികെട്ട സംസ്‌കൃത ഭാഷയിൽ എഴുതാൻ അറപ്പാണന്ന് "അദ്ദേഹം പറഞ്ഞപ്പോഴും ആഘോഷിക്കാൻ ആളുണ്ടായിരുന്നു.

എന്നാൽ ഒരാഴ്‌ച്ച കഴിഞ്ഞ്, മഞ്ഞുമ്മൽ ബോയ്സിനെതിരെ വിമർശനം പറഞ്ഞപ്പോൾ അയാൾ സംഘിയായി, ഫാസിസ്റ്റായി. പക്ഷേ ഒരു കള്ളിയിലും പെടാത്ത തനിക്ക് ശരിയെന്നത് തോന്നുത് പറയുന്ന, ഒരു എഴുത്തുകാരനും പരിസ്ഥിതി സ്നേഹിയുമാണ് ജയമോഹൻ. മലയാളത്തിലെ സിനിമക്കാരും, സാംസ്‌ക്കരിക നായകരുംവരെ പ്രതിഷേധിച്ചിട്ടും പൊറുക്കി പ്രയോഗത്തിൽവരെ അയാൾ മാപ്പുപറയാൻ കൂട്ടാക്കിയിട്ടില്ല. മാത്രമല്ല താൻ പറയുന്നത് ശരിയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയുമാണ്്.

തമിഴനല്ല മലയാളി

.കന്യാകുമാരി ജില്ലയിലെ ഒരു മലയാളി നായർ കുടുംബത്തിൽ ജനിച്ച ജയമോഹൻ തമിഴിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യമുള്ളയാളാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഭൂരിഭാഗവും തമിഴിലാണ്. ഒമ്പത് നോവലുകൾ, പത്ത് ചെറുകഥകൾ/നാടകങ്ങൾ, പതിമൂന്ന് സാഹിത്യവിമർശനങ്ങൾ, എഴുത്തുകാരുടെ അഞ്ച് ജീവചരിത്രങ്ങൾ, ഇന്ത്യൻ, പാശ്ചാത്യ സാഹിത്യത്തിലെ ആറ് ആമുഖങ്ങൾ, ഹിന്ദു, ക്രിസ്ത്യൻ തത്ത്വചിന്തകളെക്കുറിച്ചുള്ള മൂന്ന് വാല്യങ്ങൾ, മറ്റ് നിരവധി വിവർത്തനങ്ങളും ശേഖരങ്ങളും ജയമോഹന്റെ പേരിലുണ്ട്. നിരവധി മലയാളം, തമിഴ് സിനിമകൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്. പൊന്നിയൽ സെൽവനും, നാൻ കടവുളും, അങ്ങാടിത്തെരുവും അടക്കമുള്ള മികച്ച സിനിമകളുടെ തിരക്കഥയും ജയമോഹന്റെതാണ്. മലയാളത്തിൽ ഒഴിമുറി അടക്കമുള്ള നാല് ചിത്രങ്ങളും.

1962 ഏപ്രിൽ 22 ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവറമ്പിൽ എസ്.ബാഹുലേയൻ പിള്ളയുടെയും ബി.വിശാലാക്ഷി അമ്മയുടെയും മകനായാണ് ജയമോഹൻ ജനിച്ചത് . ബാഹുലേയൻ പിള്ള രജിസ്ട്രാർ ഓഫീസിലെ അക്കൗണ്ട്സ് ക്ലർക്കായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകരുടെ കുടുംബത്തിൽ നിന്നാണ് വിശാലാക്ഷി അമ്മ ജനിച്ചത്. ഒരു ജ്യേഷ്ഠനും അനുജത്തിയും ആയിരുന്നു ജയമോഹന്റെ സഹോദരങ്ങൾ. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ, അരുമനൈ പട്ടണങ്ങളിലേക്ക് ബാഹുലേയന് സ്ഥലം മാറ്റം ഉണ്ടായപ്പോൾ ജയമോഹന്റെ ജീവിതവും ഇവിടേക്ക് മാറി.

ജയമോഹനെ എഴുത്തിലേക്ക് നയിച്ചത് അമ്മയായിരുന്നു. അവർ മലയാളത്തിലും തമിഴിലും എഴുതുമായിരുന്നു. അമ്മയുടെ പ്രേരണയാൽ വളരെ ചെറുപ്പത്തിൽ തന്നെ ജയമോഹൻ എഴുത്തുതുടങ്ങി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൃതികൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. കുട്ടികളുടെ മാസികയായ രത്നബാലയിൽ ആയിരുന്നു ആദ്യത്തെ കഥ അച്ചടിച്ചുവന്നത്. അന്നുതൊട്ട് തുടർച്ചയായി എഴുതാൻ തുടങ്ങി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം, കോളേജിൽ കൊമേഴ്‌സും അക്കൗണ്ടൻസിയും പഠിക്കാൻ ജയമോഹന്റെ പിതാവ് സമ്മർദ്ദം ചെലുത്തി. അടുത്ത സുഹൃത്തിന്റെ ആത്മഹത്യ ഇക്കാലത്ത് ജയമോഹനെ ഉലച്ചു. ഇതോടെ കുറച്ചുകാലം കോളേജ് വിട്ട്് അനുഭവങ്ങൾ തേടി നിരന്തരം നാട്ടിൽ സഞ്ചരിച്ചു. കൂലിപ്പണിയടക്കമുള്ള ജോലികൾ ചെയ്തും പത്രമാസികകളിൽ എഴുതിയും അദ്ദേഹം ജീവിച്ചു. പിന്നെയാണ് കാസർകോട്ടെ ടെലിഫോൺ ഡിപ്പാർട്ട്‌മെന്റിൽ താൽകാലിക ജോലിയിൽ പ്രവേശിച്ച അദ്ദേഹം അവിടെ ഇടതുപക്ഷ ട്രേഡ് യൂണിയൻ വൃത്തങ്ങളുമായി അടുത്തു.

മാതാപിതാക്കളുടെ ആത്മഹത്യ

ജയമോഹന്റെ ജീവിതത്തിൽ എപ്പോഴും മരണം നിഴൽപോലെ കൂടെയുണ്ട്. കോളജ് കാലത്ത് അദ്ദേഹത്തെ ഉലച്ച കൂടുകാരന്റെ ആത്മഹത്യപോലെയായിരുന്നു മാതാപിതാക്കളുടെയും ജീവനൊടുക്കൽ. 1984-ൽ ഒരു മാസത്തിനുള്ളിൽ അമ്മ വിശാലാക്ഷിയും, അച്ഛൻ ബാഹുലേയനും ആത്മഹത്യ ചെയ്തു. ചങ്ങമ്പുഴയേയും ആശാനേയുമൊക്കെ കാണാതെ ചൊല്ലുന്ന, ഇംഗ്ലീഷ് കൃതികൾ വായിക്കുന്ന നാട്ടുമ്പുറത്തുകാരിയായ അമ്മ ഒരു ദിവസം വാതിലുകൾ പൂട്ടി ഒരാത്മഹത്യാക്കുറിപ്പുപോലുമെഴുതാതെ തൂങ്ങിമരിക്കുന്നു! കുറ്റബോധംകൊണ്ട് നീറീ നീറി ദിവസങ്ങൾക്കകം പ്രതാപിയായിരുന്ന അച്ഛനും ആത്മഹത്യ ചെയ്യുന്നു. സ്‌നേഹരഹിതരായിരുന്നില്ല രണ്ടുപേരും. പക്ഷേ എന്നിട്ടും അവർ മരണം പൂകി. ജയമോഹന്റെ 'ഉറവിടങ്ങൾ' എന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം വായിച്ചുതീരുമ്പോൾ നാം നടുങ്ങിപ്പോവും.

മാതപിതാക്കളുടെ മരണം ജയമോഹനെ ഒരു യാത്രാ ജീവിതത്തിലേക്ക് നയിച്ചത്. 1985- ൽ എഴുത്തുകാരനായ സുന്ദര രാമസാമിയെ അദ്ദേഹം കണ്ടുമുട്ടി , അദ്ദേഹം ഒരു ഉപദേശകന്റെ റോൾ ഏറ്റെടുത്ത് എഴുത്ത് ഗൗരവമായി എടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആറ്റൂർ രവിവർമ്മയും ജയമോഹന്റെ ഗുരുവായിരുന്നു. സമാന്തരമായി, ജയമോഹൻ ഇന്ത്യൻ ക്ലാസിക്കുകളുടെയും ഭഗവദ്ഗീത പോലുള്ള ദാർശനിക ഗ്രന്ഥങ്ങളുടെയും തീക്ഷ്ണമായ വായനക്കാരനായിരുന്നു.

1993-ൽ ജയമോഹൻ ഗുരു നിത്യ ചൈതന്യ യതിയെ കണ്ടുമുട്ടി , അത് അദ്ദേഹത്തിന്റെ ആത്മീയ യാത്രയിൽ വഴിത്തിരിവായി. ഗുരുവുമായുള്ള സംഭാഷണങ്ങൾ ഭാരതീയ ചിന്താധാരയിലേക്ക് പുതിയ കാഴ്ചപ്പാടുകൾ തുറന്നു, അത് 1997-ൽ അദ്ദേഹത്തിന്റെ പ്രശസ്തമായ വിഷ്ണുപുരം എന്ന കൃതിയിൽ കലാശിച്ചു. ജയമോഹൻ യാത്ര ചെയ്യുകയും ആദിവാസി മേഖലകളിലെ നക്‌സലിസം പോലുള്ള പ്രശ്‌നങ്ങൾക്ക് അടിവരയിടുന്ന പ്രാദേശിക പ്രശ്‌നങ്ങളും വരൾച്ചയും രാഷ്ട്രീയ പ്രശ്‌നങ്ങളും നേരിട്ട് കണ്ടു. 1991-ലെ സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ അയാളിലെ ഇടതുപക്ഷക്കാരൻ ദുഃഖിതനായിരുന്നു. പിന്നീടുള്ള എഴുത്തിനെ ഇതും സ്വാധീനിച്ചു.

ഇങ്ങനെ പല തട്ടിലായി വിലയിരുത്തപ്പെടാവുന്ന ജീവിതമാണ് ജയമോഹന്റെത്. അതിൽ ആതമീയതയുണ്ട്, കമ്യൂണിസമുണ്ട്, ഭൗതികവാദമുണ്ട്, മതമുണ്ട്. എന്നാൽ ഒരു കള്ളിയിലും അദ്ദേഹത്തെ പെടുത്താൻ കഴിയില്ല. തികഞ്ഞ റെബൽ എന്നേ വിളിക്കാൻ കഴിയൂ.

എംജിആറിനെവരെ വിമർശിച്ചു

എന്നും വിവാദകുതുകിയാണ്, ജയമോഹൻ. ഇതിനേക്കാൾ തലപോവുന്ന വിവാദങ്ങൾ അദ്ദേഹം തമിഴ്‌നാട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. 2008-ന്റെ തുടക്കത്തിൽ, ജയമോഹൻ തമിഴ് ഇതിഹാസ നടന്മാരായ എം ജി രാമചന്ദ്രനെയും ശിവാജി ഗണേശനെയും രൂക്ഷമായി വിമർശിച്ചുരുന്നു. ഇത് പ്രശസ്തമായ ആനന്ദ വികടൻ വാരികയാണ് പ്രസിദ്ധീകരിച്ചു .അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പ്രസിദ്ധീകരണവും എഴുത്തുകാരനും മാപ്പ് പറയണമെന്ന് സൗത്ത് ഇന്ത്യൻ സിനി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രമേയം പാസാക്കി. പിന്നീട് ലേഖനം പോസ്റ്റ് ചെയ്തതിന് ആനന്ദ വികടൻ ക്ഷമാപണം നടത്തി. 2008 മാർച്ച് 1 ന് എംജിആറിന്റെ ആരാധകരും അനുയായികളും ഉപവാസം നടത്തി. ലേഖകനെ ശാസിക്കണമെന്ന് നടികർ സംഘവും ആവശ്യപ്പെട്ടു. പക്ഷേ ജയമോഹൻ കുലുങ്ങിയില്ല. ആരും വിമർശനത്തിന് അതീതരല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എംജിആർ- ശിവാജി ചിത്രങ്ങൾ ഭൂരിഭാഗവും തറയാണെന്ന നിലപാടിലും അദ്ദേഹം ഉറച്ചുനിന്നു.

2014-ൽ ജയമോഹൻ അവകാശപ്പെട്ടത്, പല സ്ത്രീ എഴുത്തുകാർക്കും ക്രെഡിറ്റ് ലഭിച്ചത് അവരുടെ സാഹിത്യ കഴിവിനല്ല, മറിച്ച് സ്ത്രീ എന്ന നിലയിലുള്ള അവരുടെ ലിംഗ പരിഗണനമൂലമാണെന്നാണ്. ഇതും വലിയ പ്രശ്നമായി. ഇത് ജയമോഹന്റെ 'സ്ത്രീവിരുദ്ധ' മനോഭാവത്തെ പ്രതിഫലിപ്പിക്കയാണെന്ന് പറഞ്ഞ് ഫെമിസ്റ്റുകൾ ഉറഞ്ഞുതുള്ളി. അപ്പോഴും ജയമോഹൻ മാപ്പു പറഞ്ഞില്ല. താൻ എല്ലാവരെയും ഉദ്ദേശിച്ചല്ല പറഞ്ഞത് എന്നും, ഇന്ന് വാളെടുക്കുന്നവർ ആരും തന്റെ കൃതികൾ വായിച്ചവർ അല്ലെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി.

2019-ൽ കന്യാകുമാരി ജില്ലയിൽ കേടായ ഇഡ്ഡലി മാവിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കടയുടമ ജയമോഹനെ ആക്രമിച്ചിരുന്നു. ഡിഎംകെ പ്രവർത്തകനായ പലചരക്ക് വ്യാപാരിയെ അറസ്റ്റ് ചെയ്തു. ഡിഎംകെ അല്ല, ബിജെപി രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അറസ്റ്റ്, വൈകാൻ കാരണമെന്നും പലചരക്ക് വ്യാപാരിയുടെ സഹോദരൻ ബിജെപി പ്രവർത്തകനായിരുന്നു. ജയമോഹൻ ആരോപിച്ചിരുന്നു. ഇങ്ങനെ പലചരക്കു കടയിൽ തൊട്ട് അന്താരാഷ്ട്ര വേദികളിൽവരെ, വിവാദമുണ്ടാക്കുന്ന വ്യക്തിതയാണ് ഇദ്ദേഹം! അതിന് ജയമോഹൻ് തന്റെതായ ന്യായങ്ങളുമുണ്ട്.

സംഘിയാക്കാൻ ശ്രമം

കാസർഗോട് ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്ന കാലത്താണ് ജയമോഹൻ തന്റെ ആദ്യ നോവലായ റബ്ബർ എഴുതുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള യൂണിയന്റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. തന്റെ വായനക്കാരിയായ ഒരു ആരാധികയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.

അരുൺമൊഴി നങ്ങായിയെ 1991-ൽ അവളെ വിവാഹം കഴിക്കുയായിരുന്നു. ജയമോഹന്റെ വിവാഹം നടത്തിക്കൊടുത്തത് പോലും പാർട്ടി പ്രവർത്തകരായിരുന്നു. അന്നും ഇന്നും പൊതു വേദികളിൽ സംഘപരിവാർ രാഷ്ട്രീയത്തിന് എതിരായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഇത്തവണത്തെ മാതൃഭൂമി അക്ഷരോൽസവത്തിൽ ഉൾപ്പെടെ സംസാരിക്കുമ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിന് വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചു കണ്ടത്.

ഒരു രാഷ്ട്രീയത്തിന്റെ കള്ളികളിലും പെടുത്താൻ കഴിയുന്ന ആളല്ല ജയമോഹൻ.2011-ൽ ഉടനീളം ജയമോഹൻ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ചും ജൻ ലോക്പാൽ ബില്ലിനെക്കുറിച്ചും എഴുതുകയും പിന്തുണയ്ക്കുകയും ചെയ്തു. 2014-ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ജയമോഹൻ ആം ആദ്മി പാർട്ടിയെ പിന്തുണച്ചിരുന്നു.

ആറേഴ് വർഷം മുമ്പ് പത്മശ്രീ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സമയത്ത് ബിജെപി സർക്കാർ ഭരണത്തിലിരിക്കെ ആ അവാർഡ് വേണ്ട എന്ന നിലപാടിൽ ആ പദവി സ്വീകരിക്കുകയില്ല എന്ന് ബന്ധപ്പെട്ടവരെ ജയമോഹൻ അറിയിച്ചതുമാണ്. ഇക്കാര്യം പത്രങ്ങളിൽ ചെറിയ വാർത്തയായി വന്നിരുന്നു എന്നതിനപ്പുറം വലിയ കോലാഹലങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹം മിനക്കെട്ടിരുന്നില്ല എന്നു മാത്രം. പിന്നെ 'നൂറ് സിംഹാസനങ്ങൾ ' പോലൊരു പുസ്തകം, ആർഎസ്എസ് നിലപാടുള്ള ഒരാൾക്ക് എങ്ങിനെ എഴുതാനാവും?
ഒരടിസ്ഥാനവുമില്ലാതെ ബിജെപി ചേരിയിലേക്ക് എഴുത്തുകാരേയും ബുദ്ധിജീവികളേയും തള്ളിവിടുന്ന പരിപാടിയാണ് ജയമോഹന്റെ കാര്യത്തിലും നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ജയമോഹന്റെ വിമർശനം എന്നാണ് സിപിഎം നേതാവ് എംഎ ബേബി അടക്കമുള്ളവർ പറയുന്നത്. ഇതിനും മനോരമന്യൂസിന്റെ അഭിമുഖത്തിൽ ജയമോഹൻ ഇങ്ങനെ പറയുന്നു."കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും എന്തെങ്കിലും വിളിച്ചു പറയുക എന്നേ രാഷ്ട്രീയക്കാർക്കുള്ളു. അതിനപ്പുറം പറയാൻ മാത്രം വിവരമുള്ള രാഷ്ട്രീയക്കാരെ എനിക്കറിയില്ല. അവർക്കത്രയൊക്കെയേ പറ്റുള്ളു. വിവരമുള്ളവർക്ക് ഞാൻ എഴുതിയ ലേഖനങ്ങളോ പ്രസംഗങ്ങളോ കണ്ടാലറിയാമല്ലോ ഞാനെന്തുതരം നിലപാട് എടുക്കുന്നവനാണെന്ന്. എന്റെ ഏതെങ്കിലും ഒരു പ്രസംഗം കേട്ടാലറിയാമല്ലോ. അതുപോലും കേൾക്കാത്ത ഒരാളുടെ അഭിപ്രായത്തിന് എന്തുവിലയാണുള്ളത്.?

അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കഥയാണെന്നാണ് ചിലർ പറഞ്ഞത്. എന്തൊരു വിഡ്ഢിത്തമാണ്. അധ്വാനിക്കുന്ന ജനവിഭാഗമെന്ന് പറഞ്ഞാൽ ഇരുപത്തിനാലു മണിക്കൂറും മദ്യപിക്കുകയും പൊതുവിടത്തിൽ ബഹളമുണ്ടാക്കുകയും കാട്ടിൽ പോയി ബോട്ടിൽ അടിച്ചുപൊട്ടിക്കുകയും ചെയ്യുന്നവരാണോ? അങ്ങനെ പറയുന്നൊരാൾക്ക് അധ്വാനിക്കുന്ന ജനവിഭാഗത്തെക്കുറിച്ച് എന്തു വിചാരമാണുള്ളത്? ഞാനൊക്കെ അധ്വാനിക്കുന്ന ജനവിഭാഗത്തിലുള്ളയാളാണ്. ഞാൻ ട്രേഡ് യൂണിയനിൽ പ്രവർത്തിച്ചുള്ളയാളാണ്. ഞാൻ കണ്ടിട്ടുള്ള അധ്വാനിക്കുന്ന ജനവിഭാഗം ബുദ്ധിയുള്ളവരാണ്. വായിക്കുന്നവരാണ്, സാമൂഹ്യ ബോധമുള്ളവരാണ്. ധർമത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. അല്ലാതെ ഈ പടത്തിൽ കാണുന്നപോലെ അടിച്ചുപൊളിച്ച് പൊതുവിടത്തിൽ ബഹളമുണ്ടാക്കുന്നവരല്ല."- ജയമോഹൻ ചൂണ്ടിക്കാട്ടുന്നു.


രോഷം കടുത്ത പരിസ്ഥിതി സ്നേഹംമൂലം

ജയമോഹന്റെ ഈ കടുത്ത രോഷത്തിന് മുഖ്യകാരണമായി ചൂണ്ടിക്കാട്ടാവുന്നത് അദ്ദേഹത്തിന്റെ കടുത്ത പരിസ്ഥിതി സ്നേഹമാണ്. മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെ മദ്യവും വാങ്ങി കാട്ടിലേക്ക പോകുന്നവരുടെ എണ്ണവും കൂടുമെന്നും അതുവഴി ആനകൾ അടക്കമുള്ളവ വ്യാപകമായി നശിപ്പിക്കപ്പെടുമെന്നും അദ്ദേഹം ഭയക്കുന്നു.

മനോരമ ന്യൂസ് നൽകിയ അഭിമുഖത്തിൽ ജയമോഹൻ ഇങ്ങനെ പറയുന്നു. -"
ഭയങ്കരമായ ഒബ്സഷനാണെനിക്ക്. കാട്ടിൽ ഒരിക്കലും ഇറങ്ങാൻ പറ്റാത്തിടത്ത് ഇറങ്ങി ബോട്ടിലുകൾ ശേഖരിച്ച് മാറ്റിയിട്ടുണ്ട്. കാട്ടിൽ ഉപേക്ഷിച്ച പൊട്ടിയ ബോട്ടിലുകൾ എടുത്തുമാറ്റാൻ സംഘടന രൂപീകരിച്ചിട്ടുണ്ട്. ഞാനുണ്ടാക്കിയ സമ്പത്തിൽ വലിയൊരു പങ്ക് അതിനായി ഉപയോഗിക്കുന്നു. കൊല്ലത്തിൽ 15 ലക്ഷത്തോളം രൂപ കാട്ടിൽ മനുഷ്യർ ഉപേക്ഷിച്ച വസ്തുക്കൾ നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് കാട്ടിൽ ബോട്ടിലുമായി പോകുന്നയാളെ കാണുമ്പോൾ നന്നായി നോവുന്നുണ്ട്. നന്നായി വിഷമം തോന്നും.

അഭിപ്രായ സ്വാതന്ത്ര്യം വേറെ. മീഡിയയുടെ സ്വാതന്ത്ര്യം വേറെ. ഇന്ത്യ പോലൊരു സമൂഹത്തിൽ വളരെ നിയന്ത്രണത്തോടെ മാത്രമേ മാസ് മീഡിയ പ്രവർത്തിക്കാവൂ. അതും തമിഴ്‌നാട്ടിൽ. ഒരു സിനിമ കണ്ടാലുടനെ അതുപോലെ ബോട്ടിലും വാങ്ങി ജീപ്പും പിടിച്ചു പോകുന്നവരാണ് ഇവിടെയുള്ളത്. മഞ്ഞുമൽ ബോയ്സ് കണ്ടശേഷം, ഇതുപോലെ മദ്യവും വാങ്ങി കാട്ടിലേക്കു പോകുന്നവരുടെ എണ്ണം പെരുകി അവരെ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് വാർത്തകൾ വരുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം കലയ്ക്കും ചിന്തയ്ക്കുമാണ്. മാസ് മീഡിയക്കല്ല. മാസ് മീഡിയ നിയന്ത്രണമില്ലാതെ പോകാൻ ഒരു രാജ്യവും അനുവദിക്കില്ല. ഏറ്റവുമധികം സ്വാതന്ത്ര്യമുള്ള അമേരിക്കയിൽ പോലും ചൈൽഡ് പോൺ അനുവദിക്കില്ല. നിയന്ത്രണമില്ലാത്ത മാസ് മീഡിയ എന്നൊന്നില്ല. മഞ്ഞുമ്മൽ ബോയിസിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് പക്ഷേ, അത് ചെറ്റത്തരമാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും?"- ജയമോഹൻ ചോദിക്കുന്നു.

പൊട്ടിചിതറുന്ന ബിയർ ബോട്ടിലുകൾ ഒരു ആനയെ എങ്ങിനെയാണ് നരകത്തിലേക്ക് തള്ളിവിടുന്നതെന്ന് അറിയാൻ ജയമോഹൻ എഴുതിയ ആനഡോക്ടർ ഒന്നു വായിക്കണം. മാനും ആനയും മ്‌ളാവുമെല്ലാം പ്‌ളാസ്റ്റിക് കവർ വിഴുങ്ങി ദഹനപ്രശ്‌നം കാരണം മരിക്കുന്നത് വേറെയും. ഈ കാര്യത്തിൽ മലയാളികൾ ഏറെ മാറേണ്ടതുണ്ട്. അത് മലയാളികൾ മാത്രമല്ല, തമിഴരായാലും കർണാടകക്കാരായാലും മാറിയേ തീരൂ. അവിടെ ഇവിടുത്തേക്കാൾ ഭേദമാണ് ഇതരസംസ്ഥാനങ്ങളിലെ കാര്യങ്ങൾ. കാട്ടിൽ രാത്രിയാത്ര നിരോധിച്ചത് കർണാടകയാണ് എന്നത് മറക്കരുത്. ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സ്ഥിരമായി യാത്രപോവുന്ന പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അഗസ്ത്യക്കൂട യാത്രയിൽ ഗൈഡ് പറഞ്ഞ അനുഭവവം ഒരാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. "- അവിടെ മദ്യം നിരോധിച്ചിരിക്യയാണ് എന്ന് അറിയാവുന്ന ടീം തണ്ണിമത്തൻ ഉള്ളിലെ കാമ്പ് കളഞ്ഞു അതിൽ മദ്യകുപ്പി ഇറക്കി വെച്ച് സമർത്ഥമായി മൂടി കൊണ്ടുവന്നിരിക്കുന്നു. പിടിക്കപ്പെട്ടപ്പോൾ ഇളിഞ്ഞ ചിരി മാത്രം."

ഇനി നിയമലംഘനത്തിന്റെ കാര്യത്തിലും മലയാളികൾ മുന്നിലാണ്. മഞ്ഞുമ്മൽ ബോയ്‌സിനെ തന്നെ നോക്കുക. പോകാൻ പാടില്ലെന്ന് എഴുതിവെച്ച് പൂട്ടിട്ട ഗേറ്റ് ചാടികടന്ന് നിയമലംഘനം നടത്തിയാണ് അവർ ഗുണ കേവിൽ പോവുന്നതും. അതും നമ്മിൽ പലരും വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അനുവർത്തിക്കുന്ന സ്വഭാവമാണ്. മുങ്ങിമരണങ്ങളിൽ ഏറെയും ഇങ്ങിനെയാണ് സംഭവിക്കുന്നത്.

കൂത്താടുന്ന പൊറുക്കികൾ ആവരുത്

ജയമോഹന്റെ ഈ വിമർശനത്തിലെ സാമാന്യവത്ക്കരണവും, വെറുപ്പുകവാക്കുന്ന ചില വാചകങ്ങളും ഒഴിവാക്കിയാൽ അതിൽ ചില യാഥാർത്ഥ്യങ്ങളുണ്ട്. അത് മലയാളി മനസ്സിലാക്കാലും, തിരുത്താനുമുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റായി ഈ അൽപ്പം കടന്നുപോയ വിമർശനത്തെ കണ്ടാൽ മതി.

മലയാളികളുടെ മദ്യപാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ അൽപ്പം അതിശയോക്തിയുണ്ടെങ്കിൽപ്പോലും സംഗതി ഏതാണ്ട് ശരിയാണ്.
ലോകത്തിൽ എല്ലാ രാജ്യങ്ങളിലും മദ്യം ആസ്വദിക്കുന്നവരുണ്ട്.എന്നാൽ മലയാളികളെപ്പോലെ ഇത്ര കൂതറമദ്യപാനികളെ വേറൊരിടത്തും കാണില്ല എന്ന് പല സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും തങ്ങളുടെ അനുഭവംവെച്ച പറയുന്നുണ്ട്. പ്രത്യേകിച്ചും രണ്ടെണ്ണം വിട്ടുകഴിഞ്ഞാൽ മട്ടുമാറുന്നതിനെ കുറിച്ചും, മദ്യക്കുപ്പി കാട്ടിൽ വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നതിനെ കുറിച്ചും. മലയാളികളുടെ എന്ത് ആഘോഷത്തിനും മദ്യം ഏറ്റവും പ്രധാന സംഗതിയായിട്ടുണ്ട്. അപ്പനോ അമ്മയോ മരിച്ചുകിടക്കുമ്പോൾപോലും കാണാനെത്തുന്ന സുഹൃത്തുക്കളെ മദ്യംനൽകി സൽക്കരിക്കുന്നത് ഞാൻ പലസന്ദർഭങ്ങളിലും നേരിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ വെറ്റിനറി കോളേജിലെ കൊലപാതകം വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ. അതിലും പ്രധാനവില്ലൻ മദ്യവും, മയക്കുമരുന്നുകളുമാണ്. കോളേജുഹോസ്റ്റലുകൾ കേസ്സുകളിൽ മുഖ്യപങ്കും മദ്യംമൂലമുണ്ടാകുന്നതാണ്. ഒറ്റയടിക്ക് വലിച്ചുകേറ്റുക എന്നല്ലാതെ എങ്ങനെ കുടിക്കണം എന്ന മദ്യസാക്ഷരത പോലും മലയാളിക്ക് ഇനിയും ഉണ്ടായിട്ടില്ല.

സന്ധ്യമയങ്ങിയാൽ മദ്യപസംഘങ്ങൾ നമ്മുടെ ഗ്രാമങ്ങൾ കീഴടക്കുന്നു. മലയാളസിനിമകളിൽമദ്യപാനപാഠശാലകളും,പ്രോത്സാഹനകേന്ദ്രങ്ങളുമാണ്. പൊലീസ്സ് ദിവസവും ചാർജ്ജുചെയ്യുന്ന സ്ഥിരം കാണുന്ന ഒരു സീനുണ്ട്. ബീച്ചിലോ പാർക്കിലോ വനത്തിലോ എവിടെയാണെങ്കിലും നായകൻ കുടിച്ചതിന് ശേഷം കുപ്പി ഒറ്റയേറാണ്! എത്രയോ സിനിമകളിൽ കണ്ടിരിക്കുന്നു?! കുപ്പിയിൽ വരെയാണ് നായകന്റെ ഹീറോയിസം കാണിക്കുന്നത്. ആരും കാണുന്നില്ലായെങ്കിൽ കുപ്പി വലിച്ചെറിയുക മലയാളിയുടെ സ്വഭാവം തന്നെയാണ്.മലയാളിപുരുഷന്മാർ ടൂറ് പോകുന്നത് വെള്ളമടിക്കാനാണ് എന്നാർക്കാണ് അറിയാത്തത്? നാല് പുരുഷന്മാർ ടൂറ് പോകുന്ന സീൻ ഒരു സിനിമയിലുണ്ടെങ്കിൽ പുറകിലത്തെ സീറ്റിലെ വെള്ളമടിയാവും സീനിൽ പകുതിയും. ഇതുതന്നെയാണ് ജീവിതത്തിലും.

കല്യാണത്തിന് പപ്പടം കിട്ടിയില്ല, അച്ചാർ വിളമ്പിയത് ശരിയായില്ല എന്നൊക്കെപ്പറഞ്ഞു അടിയുണ്ടായ സംഭവങ്ങൾ എന്തു കൊണ്ടാണ് ഉണ്ടാവുന്നത് എന്നറിയാമോ? അകത്ത് അമിതമായ അളവിൽ തലേ ദിവസം മുതൽ വലിച്ചുകയറ്റിയ മറ്റവൻ തന്നെ. അതുകൊണ്ടുതന്നെ ജയമോഹൻ പറഞ്ഞ ഈ വിമർശനം പോസറ്റീവായി എടുക്കാൻ നമുക്ക് കഴിയണം. ജയമോഹന്റെ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘം മലയാള സിനിമയിൽ ഉണ്ടെന്നതും, മലയാളിയെ മാത്രം ടാർജറ്റ് ചെയ്തുകൊണ്ടുള്ള വാദങ്ങളും നമുക്ക് അവഗണിക്കാം. പക്ഷേ പരിസ്ഥിതി സംരക്ഷണം, വേസ്റ്റ് മാനേജ്മെന്റ്, അമിതമായ മദ്യപാനം തുടങ്ങിയ കാര്യങ്ങളിലൊക്കെ മലയാളി ഇനിയും പലതും പഠിക്കേണ്ടയിരിക്കുന്നു. അതിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആവട്ടെ ജയമോഹന്റെ വാക്കുകൾ.

വാൽക്കഷ്ണം: ജയമോഹൻ മോശം ചിത്രങ്ങളെക്കുറിച്ച് പറയുന്നതിൽ, ജല്ലിക്കെട്ടും ഒഴിവുദിവസത്തെ കളിയുമുണ്ട്. ജയമോഹൻ ഉയർത്തിയ അതേ രാഷ്ട്രീയം തന്നെയാണ് 'ഒഴിവ് ദിവസത്തെ കളി'യിലുടെ സനൽകുമാർ ശശിധരനും പറയുന്നത്? പക്ഷെ മദ്യത്തിനും മയക്കുമരുന്നിനും പുകവലിക്കും സാമൂഹികസ്വീകാര്യത ഉറപ്പു വരുത്തുന്ന സിനിമയായിട്ടാണ് അതിനെയും അദ്ദേഹം കാണുന്നത്!