73-ാം വയസ്സിലും അഭിനയരംഗത്ത് സജീവമായ, മലയാളത്തിന്റെ സ്വകാര്യ സഹങ്കാരം മമ്മൂട്ടിയെ, പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകമഹാത്ഭുതം എന്നാണ് വിശേഷിക്കാറുള്ളത്. എന്നാല്‍ മമ്മൂട്ടിയെ വെല്ലുന്ന ഒരാള്‍ ഹോളിവുഡിലുണ്ട്. അതാണ്, റാംബോയിലൂടെയും റോക്കിയിലൂടെയും, ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് സില്‍വസ്റ്റര്‍ സ്റ്റാലന്‍ എന്ന, ഒറ്റ ഷോട്ടിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന നടന്‍. ഈ 78-ാം വയസ്സിലും സ്റ്റാലന്‍ സിക്സ് പാക്കാണ്. പുകവലിയൊക്കെ നിര്‍ത്തി എന്നല്ലാതെ മദ്യപാനമടക്കമുള്ള ഒരു ആഘോഷത്തില്‍നിന്നും അദ്ദേഹം പിന്തിരിഞ്ഞിട്ടില്ല. ഇപ്പോള്‍ ഹോളിവുഡില്‍നിന്ന് വരുന്ന പുതിയ വാര്‍ത്തകള്‍, ഈ പ്രായത്തിലും സ്റ്റാലന്‍ പുതിയ സിനിമാ- മോഡലിങ്ങ് കരാറുകള്‍ ഒപ്പുവെക്കുന്നുവെന്നതാണ്.

ശ്രദ്ധിച്ചാല്‍ മനുഷ്യന് ഏത് പ്രായത്തിലും ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുമെന്നും, സ്വന്തമായി ജോലി ചെയ്യാന്‍ കഴിയുമെന്നുമുള്ളതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ നടന്‍. വാര്‍ധക്യവും അദ്ദേഹം ആഘോഷമാക്കുന്നു. നന്നായി ഭക്ഷണം കഴിക്കുക, നന്നായി വ്യായാമം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. ഈ പ്രായത്തിലും മോഡലിങ്ങും, അഭിനയവും, പ്രമോഷനും മറ്റുമൊക്കെയായി സ്റ്റാലന്‍ നന്നായി സമ്പാദിക്കുന്നു. ഇപ്പോള്‍ കൃത്യമായ ഡയറ്റ് തനിക്കുണ്ടെന്നും, പുകവലിയടക്കമുള്ള ദുശ്ശീലങ്ങള്‍ അവസാനിപ്പിച്ചുവെന്നുമാണ്, നടന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

യാതൊരു ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ചിട്ടും, സ്വ പ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടും താരമായി വളര്‍ന്ന അത്ഭുത കഥയാണ് സില്‍വസ്റ്റര്‍ സ്റ്റാലന്റെ ജീവിതം. ശരിക്കും മോട്ടിവേഷന്‍ ക്ലാസുകളിലൊക്കെ പഠിപ്പിക്കേണ്ട അതിജീവന കഥ.

ബസ്സ്്റ്റാന്‍ഡില്‍ ഉറങ്ങിയ അഭിനയമോഹി

മൈക്കല്‍ സില്‍വസ്റ്റര്‍ ഗാര്‍ഡെന്‍സിയോ സ്റ്റാലന്‍ എന്നാണ് ഈ നടന്റെ മുഴുവന്‍ പേര്. ഫ്രാങ്ക് സ്റ്റാലന്റെയും ജാക്വിലിന്റെയും മകനായി 1946 ജൂലൈ 6ന് അമേരിക്കയിലാണ് ജനനം. ഒന്‍പതാം വയസില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. തുടര്‍ന്നുളള ജീവിതം അമ്മയോടൊപ്പം. പഠനത്തില്‍ പിന്നോട്ടായിരുന്ന അവന്‍ പലപ്പോഴും കായിക ക്ഷമതയില്‍ മിടുക്ക് തെളിയിച്ചിരുന്നു. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ സിനിമാനടനാവാന്‍ പരിശ്രമിക്കണം എന്നതായിരുന്നു സ്റ്റാലന്റെ തീരുമാനം.

കുഞ്ഞുനാള്‍ മുതലുളള ആഗ്രഹം പ്രവര്‍ത്തികമാക്കാനായി അദ്ദേഹം സഞ്ചരിച്ച വഴികളും അമ്പരപ്പിക്കുന്നതാണ്. ഗര്‍ഭാവസ്ഥയില്‍ നിന്നു പുറത്തെടുക്കാന്‍ ഉപയോഗിച്ച ഉപകരണത്തില്‍ നിന്നുണ്ടായ പരുക്കു മൂലം സ്റ്റാലന്റെ മുഖത്ത് ചിലയിടങ്ങളിലെ പേശികള്‍ ചലനമറ്റു പോവുകയും സംസാര വൈകല്യത്തിന് കാരണമാവുകയും ചെയ്തിരുന്നു. ആ വൈകല്യത്തെ ചൊല്ലി അഭിനയമോഹം കൊണ്ടുനടന്ന സ്റ്റാലന് സിനിമാ സെറ്റുകളില്‍ നിന്നു നേരിടേണ്ടി വന്നത് അവഗണനയും തിരസ്‌കാരങ്ങളും മാത്രം. പക്ഷേ പ്രതീക്ഷ വിടാതെ അവന്‍ ലക്ഷ്യത്തിനായി പരിശ്രമിച്ചു.

സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നതും ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ അവനെ തളര്‍ത്തിയിരുന്നു. ഒരു കാലത്ത് വീട്ടുവാടക കൊടുക്കാന്‍ ഗതിയില്ലാതെ ഒരു മാസക്കാലം ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങേണ്ടി വന്നതായും സ്റ്റാലന്റെ ആത്മകഥയില്‍ പറയുന്നു. ആഹാരം കഴിക്കാന്‍ പണമില്ലാതെ തന്റെ പ്രിയപ്പെട്ട നായയെ വെറും 25 ഡോളറിനു വില്‍ക്കുമ്പോള്‍ അദ്ദേഹം കരുതിയിരുന്നില്ല, ഒരുനാള്‍ അവന്‍ തന്നിലേക്കുതന്നെ തിരിച്ചെത്തുമെന്ന്.

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ ഇന്ന് ലോകപ്രശസ്തനായി മാറിയ സില്‍വെസ്റ്റര്‍ സ്റ്റാലന്‍, നടന്‍, സംവിധായകന്‍, തിരകഥാകൃത്ത്, എന്നീ നിലകളിലൊക്കെ ശ്രദ്ധിക്കപ്പെട്ടത് അത്ര എളുപ്പത്തിലായിരുന്നില്ല. അവസരങ്ങള്‍ തേടി അദ്ദേഹം അലഞ്ഞു കൊണ്ടേയിരുന്നു. ഇടയ്ക്കു ചെറിയ വേഷങ്ങള്‍ ലഭിച്ചുവെങ്കിലും അവയൊന്നും തന്നെ ശ്രദ്ധിക്കപ്പെട്ടില്ല. 1975- ല്‍ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയും ചക്ക് വെപ്നറുമായി നടന്ന ഒരു ബോക്സിങ് മാച്ചിനെ പറ്റിയുള്ള ആര്‍ട്ടിക്കിള്‍ പത്രത്തില്‍ കാണാനിടയായത് സ്റ്റാലന്റെ ജീവിതത്തില്‍ വഴിത്തിരിവായി.

അന്ന് മുഹമ്മദ് അലിക്ക് എതിരാളിയായിരുന്ന ചക്ക് വെപ്നറിനെ നായകനായി മനസില്‍ കണ്ട് സ്റ്റാലന്‍ ഒരു തിരക്കഥ എഴുതി. നിര്‍ധന കുടുംബത്തില്‍ നിന്നൊരാള്‍ ബോക്സിങ് താരമാകുന്നതായിരുന്നു കഥയിലെ കാതല്‍. ശേഷം അദ്ദേഹം ആ തിരക്കഥയുമായി നിര്‍മാതാക്കളെയും താരങ്ങളെയുമടക്കം നിരവധി സിനിമാക്കാരെ സമീപിച്ചു. ആര്‍ക്കും കഥയില്‍ വിശ്വാസം തോന്നിയില്ല. ചിലര്‍ തിരക്കഥ വിലയ്ക്കുവാങ്ങാന്‍ തയ്യാറായി. പക്ഷേ അങ്ങനെ വിറ്റു കാശുവാങ്ങാന്‍ സ്റ്റാലന്‍ ഒരുക്കമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ലക്ഷ്യം സംവിധായകനോ തിരക്കഥാകൃത്തോ ആവണമെന്നായിരുന്നില്ല, നടനാവുക എന്നതായിരുന്നു. തിരക്കഥ തരണമെങ്കില്‍ തന്നെ ആ സിനിമയില്‍ നായകനാക്കണം എന്ന നിബന്ധന സ്റ്റാലന്‍ മുന്നോട്ടുവെച്ചു. ഈ വ്യവസ്ഥ അംഗീകരിക്കാന്‍ അദ്ദേഹം സമീപിച്ച നിര്‍മാതാക്കളാരും തന്നെ ഒരുക്കമായിരുന്നില്ല.

റാംബോ തരംഗമാവുമ്പോള്‍

ഒടുവില്‍ മുപ്പത്തി അയ്യായിരം ഡോളര്‍ പ്രതിഫലത്തില്‍ സ്റ്റാലനെ നായകനാക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായി. അങ്ങനെ അദ്ദേഹത്തിന്റെ എന്നാളത്തെയും ആഗ്രഹം ഒടുവില്‍ സാധ്യമായി. പിന്നെ സംഭവിച്ചത് ചരിത്രം. സ്വന്തം തിരക്കഥയില്‍ സ്റ്റാലന്‍ നായകനായ ആ ചിത്രമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിനായി പത്ത് നാമനിര്‍ദേശങ്ങളും, മൂന്നു പുരസ്‌കാരങ്ങളും നേടിയ 1976-ല്‍ ഇറങ്ങിയ റോക്കി. ബോക്സിംങ് റിങ്ങില്‍ അതുവരെ അജയ്യനായിരുന്ന അപ്പോളോയെ ഇടിച്ചിട്ട് അമേരിക്കയെ വിസ്മയിപ്പിച്ച റോക്കി ബോക്സര്‍ തരംഗമായി. അത്ര വലിയ ബോക്സറൊന്നും അല്ലാതിരുന്നിട്ടും റിംഗില്‍ എന്നെങ്കിലും തന്റേതായ ദിവസം വരുമെന്ന് സ്വപ്നം കണ്ട് ജീവിച്ച റോക്കിക്ക് മുന്നില്‍ അപ്രതീക്ഷിതമായാണ് ആ അവസരം എത്തുന്നത്.

റിംഗില്‍ നേരിടേണ്ടി വന്നതാകട്ടെ ഹെവിവെയ്റ്റ് ചാംപ്യന്‍ അപ്പോളോയെന്ന അതികായനെ. അപ്പോളോ അനായാസം ജയം നേടുമെന്ന് എല്ലാവരും കരുതി. റിംഗില്‍ പക്ഷേ റോക്കിക്ക് മുന്നില്‍ അപ്പോളോയ്ക്ക് ഇടിതെറ്റി. ഇടി വാങ്ങിക്കൂട്ടി അപ്പോളോ റിംഗില്‍ മൂക്കുകുത്തി വീണു. അവസാന മണി മുഴങ്ങിയപ്പോള്‍ പുതിയ താരോദയമായി റോക്കി ബാല്‍ബോവ. ആ ജയത്തോടെ റോക്കിയെ എല്ലാവരും ആഘോഷമാക്കി. ഇന്നും ലോകത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ മൂവികളില്‍ ഒന്നായാണ്, റോക്കി വിലയിരുത്തപ്പെടുന്നത്.

1970- 1990 കാലഘട്ടങ്ങളിലായിരുന്നു സ്റ്റാലന്റെ എറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകള്‍ സംഭവിക്കുന്നത്. 1982- ലാണ് റാംബോ ശ്രേണിയിലെ ആദ്യ ചിത്രം പുറത്തു വരുന്നത്. 82 ഒക്ടോബര്‍ 22-നു പുറത്തിറങ്ങിയ ഫസ്റ്റ് ബ്ലഡ് എന്ന ചിത്രം ഈ കൊച്ചുകേരളത്തില്‍പോലും ഹിറ്റായി. സ്റ്റാലന്റെ സിക്സ് പാക്ക് ബോഡി ലോകമെമ്പാടും തരംമായി. അന്ന് കേരളത്തിലെ കുട്ടികള്‍ പോലും സ്റ്റാലന്റെ ശരീരഷേപ്പിനായി കൊതിച്ചു. ആ നടനെപ്പോലെ മുടിവെട്ടി. അമേരിക്കയ്ക്ക് പുറത്തു റാംബോ എന്ന പേരിലും ഈ ചിത്രം അറിയപ്പെട്ടു. 1972 ല്‍ ഡേവിഡ് മോറെലിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഫസ്റ്റ് ബ്ലഡ് സിനിമ യുഎസ്‌േേ ബാക്സോഫീസില്‍ നിന്ന് മാത്രമായി, 125.2 മില്യണ്‍ ഡോളര്‍ നേടി. ചിത്രത്തിന്റെ ചരിത്ര വിജയം ഒരു ഫ്രാഞ്ചൈസിക്ക് കാരണമായി, അതില്‍ നാല് തുടര്‍ച്ചകള്‍ ഉണ്ടായി. എല്ലാം സ്റ്റാലന്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്തു. ഒരു ആനിമേറ്റഡ് ടെലിവിഷന്‍ പരമ്പര, കോമിക്ക് പുസ്തകങ്ങള്‍, നോവലുകള്‍, വീഡിയോ ഗെയിമുകള്‍, ഒരു ബോളിവുഡ് റീമേക്ക് എന്നിവ ഉള്‍ക്കൊള്ളുന്നു. തന്റെ തന്റെ 72-ാം വയസില്‍ വീണ്ടും റാംബോയുടെ അഞ്ചാം ഭാഗത്തിലൂടെ എത്തിയും സില്‍വര്‍സ്റ്റര്‍ സ്റ്റാലന്‍ ഞെട്ടിച്ചു. അഡ്രിയാന്‍ ഗ്രണ്‍ബെര്‍ഗാണ് ചിത്രത്തിന്റെ അവസാനഭാഗം സംവിധാനം ചെയ്തത്. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘമാണ് ഇത്തവണ റാംബോയുടെ എതിരാളികള്‍. ഒരു സുഹൃത്തിന്റെ മകളെ അവിടുത്തെ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷിക്കലാണ് ദൗത്യം.

കൃത്യമായി അമേരിക്കന്‍ പ്രൈഡിന്റെ ഉപോല്‍പ്പന്നം കൂടിയായിരുന്നു, റാബോം ഫിലിം. ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത്, ലോകത്തിന്റെ എത് കോണിലും പോയി ഫൈറ്റ് ചെയ്യുന്ന ഒരു യോദ്ധാവ് ശരിക്കും യുഎസ് ജനതയുടെ സുപ്പീരിയാരിറ്റി കോംപ്ലക്സിന്റെ പ്രതിഫലനം ആണെന്നുവരെ പിന്നീട് പഠനങ്ങള്‍ ഉണ്ടായി. ശീതയുദ്ധാനന്തര കാലത്തും റാംബോ വിവിധ മിഷനുകളിലൂടെ വിലസി. സ്റ്റാലന്‍ എന്ന തെരുവില്‍ ഉറങ്ങിയ യുവാവില്‍നിന്ന് ലോകത്തിലെ ഏറ്റവും വിലപടിച്ച നടനായി അയാള്‍ ഉയര്‍ന്നു. പണ്ട് പണമില്ലാത്തതിനാല്‍ താന്‍ വിറ്റ വളര്‍ത്തു നായെയ, തന്റെ 36-ാം വയസ്സില്‍, പത്തു മടങ്ങ് പണം തിരികെ നല്‍കി അദ്ദേഹം തിരികെ വാങ്ങി. ടൈം അടക്കമുള്ള പ്രമുഖ മാധ്യമങ്ങളില്‍ ഈ വളര്‍ത്തുനായ എപ്പിസോഡ്, അവഗണിച്ചവരോടുള്ള മധുര പ്രതികാരം എന്ന നിലയില്‍, എടുത്തു പറയുന്നുണ്ട്.

വിവാഹങ്ങളിലും പ്രണയങ്ങളിലും കുപ്രസിദ്ധന്‍

ഒട്ടുമിക്ക ഹോല്‍വുഡ് നടന്‍മ്മാരെയുംപോലെ, വിവാഹത്തിന്റെയും പ്രണയത്തിന്റെയും കാര്യത്തില്‍ എന്നും ടാബ്ലോയിഡുകള്‍ നിറയ്ക്കാറുണ്ട് സില്‍വസ്റ്റര്‍ സ്റ്റാലനും. അദ്ദേഹം മൂന്ന് തവണ വിവാഹിതനായിരുന്നു. ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍മക്കളും, മൂന്നാം വിവാഹത്തില്‍ മൂന്ന് പെണ്‍മക്കളുമുണ്ട്. 28-ാം വയസ്സില്‍, 1974 ഡിസംബര്‍ 28-ന് അദ്ദേഹം സാഷ സാക്കിനെ വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. പക്ഷേ ഈ രണ്ടുമക്കളുടെയും ജീവിതം ദുരന്തമായിരുന്നു. ഒരു മകന്‍ 36ാം വയസ്സില്‍ മരിച്ചു. മറ്റൊരു മകന്് ഓട്ടിസമായിരുന്നു. 1985-ല്‍ നടന്‍ സാഷയില്‍നിന്ന് വിവാഹ വിവാഹമോചനം നേടി. കോടികളാണ് ഇതിന് കോമ്പന്‍സേഷന്‍ കൊടുക്കേണ്ടിവന്നത്.

തുടര്‍ന്നാണ്, മോഡലും നടിയുമായ ബ്രിജിറ്റ് നീല്‍സനെ അദ്ദേഹം വിവാഹം ചെയ്യുന്നത്. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സില്‍ നടന്ന ആഡംബര വിവാഹവും, രണ്ടുവര്‍ഷത്തിനുശേഷമുള്ള വിവാഹമോചനവും ടാബ്ലോയിഡുകളില്‍ വലിയ വാര്‍ത്തയായി. 1988-ല്‍, സ്റ്റാലന്‍ മോഡല്‍ ജെന്നിഫര്‍ ഫ്ലാവിനെ കണ്ടുമുട്ടി, 1994- വരെ അവര്‍ ഒരു ബന്ധത്തിലായിരുന്നു. അതിനിടെയാണ് മോഡലായ ജാനിസ് ഡിക്കിന്‍സണുമായുള്ള ബന്ധം വിവാദമായത്. അവരില്‍ നടന് ഒരു കുട്ടിയുണ്ടെന്നായിരുന്നു ആരോപണം. പക്ഷേ ഡിഎന്‍എ പരിശോധനയില്‍ അദ്ദേഹം പിതാവല്ലെന്ന് സ്ഥിരീകരിച്ചു. ആ പ്രശ്നത്തില്‍ തീരുമാനമായതിനുശേഷമാണ് സ്റ്റാലനും, ജെന്നിഫര്‍ ഫ്ലാവിനും വിവാഹിതരായത്. ഇവര്‍ക്ക് സോഫിയ, സിസ്റ്റിന്‍, സ്‌കാര്‍ലറ്റ് എന്നിങ്ങനെ മൂന്ന് പെണ്‍മക്കളുണ്ട്. 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, ജെന്നിഫര്‍ ഫ്ലാവ് സ്റ്റാലോണില്‍നിന്ന് വിവാഹമോചനം നേടി. അതിനും കൊടുക്കേണ്ടി വന്നു കോടികള്‍.

നടന് കിട്ടുന്ന പണം ഇങ്ങനെ സ്ത്രീവിഷയങ്ങളിലായി നഷ്ടപ്പെടുകയാണെന്നാണ് യു എസ് ടാബ്ലോയിഡുകള്‍ പരിഹസിക്കുന്നത്. മാര്‍ഗി എന്ന വിദേശ നര്‍ത്തകി, ഒരു ഫിറ്റ്‌നസ് സെന്ററില്‍ ജോലി ചെയ്തിരുന്ന സമയത്ത് തന്നെ റേപ്പ് ചെയ്‌തെന്ന് ആരോപിച്ച് സ്റ്റാലനെതിരെ 2001 ഫെബ്രുവരിയില്‍, കേസ് ഫയല്‍ ചെയ്തിരുന്നു. ഇതും കോടികള്‍ കൊടുത്താണ് തീര്‍പ്പാക്കിയത് എന്നാണ് അറിയുന്നത്. അതുപോലെ നിരവധി പ്രണയിനികളും ലോകത്തിന്റെ തന്നെ ആരാധനാ മൂര്‍ത്തിയായിരുന്നു ഈ താരത്തിന് ഉണ്ടായിരുന്നു. ഈ പ്രണയങ്ങളില്‍ പലതും അദ്ദേഹത്തെ കോടതി കയറ്റുകയും ചെയ്യിച്ചു.

അര്‍ധസഹോദരിയെ പീഡിപ്പിച്ചോ?

മദ്യം അകത്തുചെന്നാല്‍ യാതൊരു മുന്‍പിന്‍ നോട്ടുവുമില്ലാത്ത സ്ത്രീലമ്പടന്‍ എന്ന ചീത്തപ്പേര്, ഹോളിവുഡ് സൂപ്പര്‍താരത്തിന് നേരത്തെയുണ്ട്. അര്‍ദ്ധസഹോദരി ടോണി ആന്‍ ഫിലിറ്റി നല്‍കിയ പരാതിയില്‍, രണ്ട് മില്യണ്‍ ഡോളറിന്റെ വണ്‍ ടൈം സെറ്റില്‍മെന്റ് ആണത്രേ, സ്റ്റാലന്‍ ഈ കേസിനായി നടത്തിയത്. ഫിലിറ്റി തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും അവര്‍ മയക്കുമരുന്നിന് അടിമയാണെന്നുമാണ് നടന്‍ പറയുന്നത്. ഫിലിറ്റിയുടെ മകന്‍, എഡ് ഫിലിറ്റി, അമ്മയുടെ വാദങ്ങളെയാണ് പിന്തുണച്ചത്. തന്റെ അര്‍ദ്ധസഹോദരന്റെ കൈകളില്‍ നിന്ന് അമ്മ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെട്ടതായി അവന്‍ തുറന്നടിച്ചു. 2012-ല്‍ ഫിലിറ്റി മരിച്ചപ്പോഴും ഈ വിവാദം ഉണ്ടായിരുന്നു.

1986-ല്‍ ലാസ് വെഗാസില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സ്റ്റാലന്‍ പീഡിപ്പിച്ചയായി ആരോപണം വന്നിട്ടുണ്ട്. ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച് അന്വേഷിച്ചെങ്കിലും തെളിവില്ലാത്തതിനാല്‍ നടന്‍ രക്ഷപ്പെടുകയായിരുന്നു. ഈ ആരോപണ സമയത്ത്, മുന്‍ ഭാര്യ ബ്രിജിറ്റ് നീല്‍സന്‍ അന്ന് ഭര്‍ത്താവിനൊപ്പമാണ് നിന്നത്. 1990-കളുടെ തുടക്കത്തില്‍ സ്റ്റാലന്റെ സാന്താ മോണിക്ക ഓഫീസില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ 2017-ല്‍ ആരോപിച്ചതും വിവാദമായി. ഇത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു എന്നൊക്കെ സ്ഥാപിച്ചാണ് അദ്ദേഹം തടിയെടുത്തത്.

പക്ഷേ ഇതിന് ഒരു മറുവശവുമുണ്ട്. പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായി ലോകം മുഴുവന്‍ ആരാധിക്കപ്പെട്ട സ്റ്റാലന്റെ കൂടെ അന്തിയുറങ്ങാന്‍ നടിമാരും, മോഡലുകളും കാവല്‍ നിന്ന ഒരുകാലം ഉണ്ടായിരുന്നുവെന്നാണ്, അദ്ദേഹത്തെക്കുറിച്ച് ബിബിസി എടുത്ത ഒരു ഡോക്യൂമെന്റിയില്‍ പറയുന്നത്. മയക്കുമരുന്ന് കേസിലും ഉത്തേജക വിവാദത്തിലും നടന്‍ ആരോപിതായിട്ടുണ്ട്. 2007ല്‍, ഓസ്‌ട്രേലിയയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, സ്റ്റാലോണിന്റെ ലഗേജില്‍ നിന്ന് സിന്തറ്റിക് ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണായ ജിന്‍ട്രോപിനിന്റെ 48 കുപ്പികള്‍ കണ്ടെത്തി. െേ കാടതി വിചാരണയില്‍, നിയന്ത്രിത പദാര്‍ത്ഥം കൈവശം വച്ചതിന് രണ്ട് കുറ്റങ്ങള്‍ അദ്ദേഹം സമ്മതിച്ചു. പിന്നെ പിഴയടച്ച് ഊരുകയായിരുന്നു.

പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു നല്ല മനുഷ്യസ്നേഹിയും മൃഗ സ്നേഹിയുമാണ് സ്റ്റാലോണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. തന്റെ മകന്റെ സ്മരണക്കെന്നോണം, ഓട്ടിസം ബാധിച്ച കുട്ടികളുടെ വിവിധ സംഘടനാ പ്രവര്‍ത്തനത്തില്‍ എല്ലാം അദ്ദേഹം മൂന്‍പന്തിയിലുണ്ട്. കോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളും, പരിസ്ഥിതി ബോധവത്്ക്കരണ പ്രവര്‍ത്തനങ്ങളും, ആനിമല്‍ ഫ്രണ്ട്ലി ആക്്റ്റിവിറ്റികളും അദ്ദേഹം നടത്തുന്നുണ്ട്.

മകന് ഹൈന്ദവാചാരമനുസരിച്ച് തര്‍പ്പണം

സ്റ്റാലന്റെ ഒരു മകന്‍ അകാലത്തിലാണ് മരിച്ചത്. മകന്റെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനായി അന്ത്യകര്‍മ്മങ്ങള്‍ ഇന്ത്യയില്‍ നിര്‍വഹിച്ചതും വാര്‍ത്തയായിരുന്നു. 2012- ല്‍ മരിച്ച മകന്‍ സെജിന്റെ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി സ്റ്റാലന്‍ തന്റെ ബന്ധുക്കളെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം, ഫ്ലാറ്റില്‍ മരിച്ച നിലയിലാണ് സെജിന്റെ ശരീരം ലഭിക്കുന്നത്. സ്റ്റാലന് മകനുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. മകന്റെ മരണത്തോടെ അദ്ദേഹം മാനസികമായി തകര്‍ന്നു. മകന്റെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്ന തോന്നല്‍ സ്റ്റാലനെ അസ്വസ്ഥനാക്കി. ഇതോടെ ഒരു ജോലിയും ശ്രദ്ധിക്കാന്‍ പറ്റാത്ത ആസ്ഥയുണ്ടായി എന്നാണ് താരത്തിന്റെ ആത്മകഥയില്‍ പറയുന്നത്.

ഒടുവില്‍ ഇന്ത്യക്കാരനായ ഒരു ജ്യോതിഷി ഹൈന്ദവാചാരമനുസരിച്ച് ബലികര്‍മ്മങ്ങള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ഹൈന്ദവാചാരമനുസരിച്ച് മകന് ബലിതര്‍പ്പണം നടത്താന്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് സ്റ്റാലന്റെ ബന്ധുക്കള്‍ ഹരിദ്വാറിലെത്തി ബലിയര്‍പ്പണം നടത്തിയത്. താന്‍ തന്നെ നേരിട്ടുപോയി കര്‍മ്മം ചെയ്യണമെന്നായിരുന്നു നടന്റെ ആഗ്രഹമെങ്കിലും അത് അനാവശ്യ മീഡിയാ കവറേജിന് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ബന്ധുക്കളെ ഇതിനായി നിയോഗിച്ചത്.

അതുപോലെ ആദ്യകാലത്തെ ഫിറ്റ്സ് ട്രെയിനര്‍ ജോലിയൊക്കെ വിട്ട് സ്റ്റാലന്‍െ അമ്മ പിന്നീട് പ്രാക്റ്റീസ് ചെയ്തത് ജ്യോതിഷമാണ്. 98-ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ജാക്കി സ്റ്റലോണ്‍ ലോക പ്രശസ്തയായ ജ്യോതിഷിയായിരുന്നു. ഉറക്കത്തിനിടെയാണ് അമ്മയുടെ മരണം സംഭവിച്ചതെന്നാണ്, ഗായകനും സില്‍വസ്റ്റര്‍ സ്റ്റലോണിന്റെ സഹോദരനുമായ ഫ്രാങ്ക് സ്റ്റാലന്‍ അറിയിച്ചത്. സില്‍വസ്റ്റര്‍ അടക്കം നാല് മക്കളാണ് ജാക്കി സ്റ്റാലന്്. അമ്മയുടെ ആഗ്രഹം പോലെ ഉറക്കത്തിനിടയില്‍ മരണത്തിലേക്ക് മടങ്ങിയെന്ന് ഫ്രാങ്ക് സ്റ്റാലന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

നല്ല ഭക്ഷണം, നല്ല വ്യായാമം!

കഴിഞ്ഞ പത്തുവര്‍ഷമായി അഭിനയരംഗത്ത് അത്രക്കൊന്നും സജീവമല്ലാതിരുന്ന ഈ വെറ്ററന്‍ താരത്തിനെ നിരവധി തവണ സാമൂഹിക മാധ്യമങ്ങള്‍ കൊന്നിട്ടുണ്ട്. 2018 ഫെബ്രുവരിയില്‍ സില്‍വെസ്റ്റര്‍ സ്റ്റാലണ്‍ അന്തരിച്ചുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. അര്‍ബുധ ബാധിതനായ സ്റ്റാലണ്‍ മരിച്ചുവെന്ന വാര്‍ത്തയാണ് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. രോഗ വിവരം നടന്‍ മറച്ചുവെക്കുകയായിരുന്നെന്നും വാര്‍ത്തകളില്‍ പറയുന്നു.

രോഗബാധിതനെന്നു കാണിക്കാന്‍ ക്ഷീണിച്ചവശനായ സ്റ്റാലന്റെ ചിത്രങ്ങളും ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഇത്തവണ താരം തന്നെ രംഗത്തെത്തി. മണ്ടത്തരം പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ അദ്ദേഹം തനിക്കൊരു കുഴപ്പവുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ട്വിറ്ററില്‍ മക്കളോടൊപ്പമുള്ള വിഡിയോ പോസ്റ്റ് ചെയ്ത് വ്യക്തമാക്കി. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവയില്‍ സ്റ്റാലണ്‍ മരിച്ചുവെന്ന് വാര്‍ത്ത പ്രചരിച്ചു.മരണവാര്‍ത്ത കേട്ട് ഞെട്ടിയ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സത്യാവസ്ഥ അറിയാന്‍ സ്റ്റാലണിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. പിന്നീടാണ് അവര്‍ വാര്‍ത്ത സത്യമില്ലെന്ന് തിരിച്ചറിഞ്ഞത്.എന്നിരുന്നാലും വാര്‍ത്തകള്‍ കെട്ടടങ്ങിയില്ല. അവസാനം ആരാധകരെ വിശ്വസിപ്പിക്കാന്‍ 'പരേതന്‍' തന്നെ രംഗത്ത് വരേണ്ടി വന്നു.

'മരിച്ചതിന് ശേഷം തിരിച്ചുവരുന്നത് നല്ല അനുഭവമാണ്. ഒരിക്കല്‍ നിങ്ങളും അത് അനുഭവിച്ച് നോക്കണം. നല്ല രസമാണ്. ഇപ്പോള്‍ നല്ല ആരോഗ്യത്തോടു കൂടിയും സന്തോഷത്തോടു കൂടിയും ജീവിക്കുന്നു. മണ്ടന്‍ പ്രചരണങ്ങളില്‍ വിശ്വസിക്കരുതേ'- സ്റ്റാലന്‍ പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പക്ഷേ കഥയവിടെ തീര്‍ത്തില്ല. സ്റ്റാലന്‍ 2021-ല്‍ കോവിഡ് ബാധിച്ചുമരിച്ചുവെന്നും, 2023-ല്‍ വാഹനാപടകത്തില്‍ മരിച്ചുവെന്നും വാര്‍ത്തകള്‍ വന്നു. എല്ലാം തെറ്റായിരുന്നു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഈ 78-ാം വയസ്സിലും അദ്ദേഹം പയറുപോലെ നില്‍ക്കയാണ്.

വാല്‍ക്കഷ്ണം: അര്‍നോഡ് ഷ്വാസനഗറിനെയും, റോണാള്‍ഡ് റീഗനെയുംപോലെ രാഷ്ട്രീയത്തില്‍ അരക്കെ നോക്കാന്‍, സ്റ്റാലനും, ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അത് ടെന്‍ഷന്‍ പിടിച്ച പണിയാണെന്നും, അഭിനയമാണ് തന്റെ ജോലിയെന്നും പറഞ്ഞ് അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് മാറി നില്‍ക്കയായിരുന്നു.