- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎൽവി രാമകൃഷ്ണന്റെ അതിജീവന ജീവിതം!
'വെറുപ്പിന്റെയും അവഗണനയുടെയും വേദന എന്റെ കലാജീവിതത്തിൽ ഒത്തിരി അനുഭവിച്ചിട്ടുള്ളതാണ്. നമ്മൾ പുറമേനിന്ന് കാണുന്നതുപോലെയല്ല, ലോകം. ഞാനൊക്കെ വിട്ടുകൊടുക്കാതെ പോരാടിയാണ് ഇവിടെ വരെ എത്തിയത്"- മലയാള സിനിമയുടെ ചരിത്രം തിരുത്തിയ നടൻ കലാഭവൻ മണി, 2005-ലെ ഒരു അഭിമുഖത്തിൽ പറയുന്നതാണിത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കറുപ്പ്- വെളുപ്പ് ദ്വന്ദങ്ങളെക്കുറിച്ചും, ജാതിവിവേചനത്തെക്കുറിച്ചുമൊക്കെയാണ്, സംസാരിക്കുന്നതെങ്കിൽ എത്രമാത്രം പിന്നോട്ട് പോവുന്നു മലയാളിയെന്ന് വ്യക്തം. അതിന്റെ ഏറ്റവും പുതിയ തെളിവാണ് കലാഭവൻ മണിയുടെ സഹോദരനും നൃത്തകലാകാരനുമായ ആർ എൽവി രാമകൃഷ്ണൻ ഇപ്പോൾ നേരിടുന്ന അധിക്ഷേപം.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ജാസിഗിഫ്റ്റ് എന്ന പാട്ടുകാരൻ വേദിയിൽ അപമാനിക്കപ്പെട്ടത്. കോളേജിലേക്ക് ക്ഷണിച്ചു വരുത്തിയ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും പ്രിൻസിപ്പൽ ബലമായി മൈക്ക് പിടിച്ചു വാങ്ങിയത് വിവാദമായിരുന്നു. ജാസിക്ക് പകരം ചിത്രയിൽ നിന്നോ എംജി ശ്രീകുമാറിൽ നിന്നോ ഇത്തരത്തിൽ മൈക്ക് തട്ടിപറിക്കുമോ എന്നായിരുന്നു സോഷ്യൽ മീഡിയ ചോദിച്ചത്. കലാകാരന്മാരോട് സമൂഹം പുലർത്തുന്ന വ്യത്യസ്ത മനോഭാവങ്ങൾ ഈ സംഭവം തുറന്ന് കാണിച്ചു.
ജാസി ഗിഫ്റ്റ് അപമാനിക്കപ്പെട്ട് ആഴ്‌ച്ചപോലും തികയും മുൻപേയാണ്, നൃത്ത കലയിൽ ഒറ്റയ്ക്കു പോരാട്ടം നടത്തി മുന്നോട്ട് വന്ന ആർഎൽവി രാമകൃഷ്ണനും അധിക്ഷേപത്തിനിരയായത്. നൃത്ത കലാകാരിയായ കലാമണ്ഡലം സത്യഭാമയാണ് വിവാദ നായിക. കറുത്തവർക്ക് കളിക്കാനുള്ളതല്ല മോഹിനിയാട്ടമെന്നും വെളുത്ത സുന്ദരികളാണ് മോഹിനിയായി ആടേണ്ടതെന്നും കറുത്തവർ ആടുന്നത് അരോജകമാണെന്നുമായിരുന്നു സത്യഭാമയുടെ ആക്ഷേപം. ശേഷം മാധ്യമങ്ങൾക്ക് കൊടുത്ത വിശദീകരണത്തിലും തന്റെ വംശീയ പരാമർശത്തിൽ ഉറച്ചു നിന്നു.
സത്യഭാമയുടെ ആരോപണം തനിക്കെതിരെയാണെന്ന് പറഞ്ഞു ആർഎൽവി രാമകൃഷ്ണൻ തന്നെയാണ് രംഗത്തെത്തിയത്. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവർ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുക്കുന്നതും ഇവർക്ക് താൽപ്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചിട്ടുണ്ട്.
സത്യഭാമയുടെ വിവാദ പരാമർശത്തെ എതിർത്ത് കലാരംഗത്ത് നിന്നും പൊതുരംഗത്ത് നിന്നും രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഫലത്തിൽ രാമകൃഷ്ണനുള്ള പിന്തുണ ഈ സംഭവത്തോടെ കൂടുകയാണ് ചെയ്തത്. അതിഭീകരമായ ഒരു അതിജീവന സമരം തന്നെതാണ് ആർഎൽവി രാമകൃഷ്ണന്റെ ജീവിതം. കലാഭവൻ മണിയുടെ സഹോദൻ എന്ന ടാഗ്ലൈനിൽ മാത്രം ഒതുക്കപ്പെടേണ്ട ആളല്ല എംജി സർവകലാശാലയിൽ നിന്ന് മോഹിനിയാട്ടം എംഎയിൽ ഒന്നാം റാങ്കും, പിന്നീട ഡോക്ടറേറ്റുമെടുത്ത് ജീവിതം നൃത്തത്തിനായി ഉഴിഞ്ഞുവെച്ച ഈ കലാകാരൻ.
ബസിന് പൈസയില്ലാത്ത പഠനകാലം
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ ചേന്നത്തുനാട് പഞ്ചായത്തിൽ കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും എഴുമക്കളിൽ ഇളയവനാണ് രാമകൃഷ്ണൻ. പരേതനായ വേലായുധൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി, കലാഭവൻ മണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് രാമകൃഷ്ണൻ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്താം ക്ലാസിൽ പഠനം നിർത്തി ചേട്ടൻ കലാഭവൻ മണി, തെങ്ങുകയറ്റക്കാരനായും, മണൽവാരൽ തൊഴിലാളിയായും, ഓട്ടോക്കാരനായുമൊക്കെ ജോലി നോക്കിയത് വീട്ടിലെ അടുപ്പ് പുകക്കുവാൻ വേണ്ടികൂടിയായിരുന്നു. പിന്നീട് മണി മിമിക്രിയിലൂടെ സിനിമയിലെത്തി ദക്ഷിണേന്ത്യയെ ഇളക്കിമറിക്കുന്ന നടനായി.
എക്ഷേ ആദ്യകാലത്ത് മിമിക്രി കളിക്കാൻ പോവുമ്പോൾ നല്ലൊരു ഷർട്ട്പോലുമില്ലാത്തതിന്റെ വിഷമം കലാഭവൻ മണി പറഞ്ഞിട്ടുണ്ട്. സമാനമായിരുന്ന അനുജൻ രാമകൃഷ്ണന്റെയും അവസ്ഥ. അത്യാവശ്യം നന്നായി പഠിക്കുന്നതിനിടെയാണ് രാമകൃഷ്ണന് നൃത്തത്തിൽ കമ്പം കയറുന്നത്. അന്നും ഒരു ആൺകുട്ടി നൃത്തം പഠിക്കാൻ പോകുന്നതിന് സമൂഹം എതിരായിരുന്നു. ഡാൻസ് പഠിക്കാൻ പോയി എങ്ങനെ ജീവിക്കും എന്നായിരുന്നു പലരും ചോദിച്ചത്. പക്ഷേ രാമകൃഷ്ണൻ അതൊന്നും കേട്ടില്ല. അങ്ങനെ 1996-ലാണ് അദ്ദേഹം തൃപ്പൂണിത്തറിയിലെ വിഖ്യതമായ, ദക്ഷിണേന്ത്യയിലെ ശാന്തിനികേതൻ എന്ന് അറിയപ്പെടുന്നു, ആർഎൽവി കോളജ് ഓഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിൽ നാലുവർഷത്തെ ഡിപ്ലോമക്ക് ചേരുന്നത്.
സത്യത്തിൽ ഭരതനാട്യത്തിന് അഡ്‌മിഷൻ കിട്ടാനാണ്, രാമകൃഷ്ണൻ ആർഎൽവിയിൽ എത്തിയത്. ആ കഥ അദ്ദേഹം ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു-" ആർഎൽവിയിൽ എത്തിയപ്പോഴാണ് ഭരതനാട്യത്തിൽ ഒഴിവില്ല എന്ന് അറിയുന്നത്. അങ്ങനെയാണ് മോഹിനിയാട്ടം എടുത്തത്. ഇന്റർവ്യൂവിന് ടീച്ചേഴ്സ് പറഞ്ഞ അടവുകൾ കൃത്യമായി ചെയ്തു. മോഹിനിയാട്ടത്തിലെ സഹപാഠികൾ മൊത്തം പെൺകുട്ടികൾ ആയിരുന്നു. ഒരു വർഷം കഴിഞ്ഞ് ഭരതനാട്യത്തിലേക്ക് മാറാമെന്നാണ് കരുതിയത്. പക്ഷേ അദ്ധ്യാപകർ വിട്ടില്ല. നീ പെൺകുട്ടികളേക്കാളും നന്നായി മോഹനിയാട്ടം കളിക്കുന്നുണ്ട്. അതിനാൽ ക്ലാസ് മാറേണ്ട എന്ന് ടീച്ചർമാർ പറയുകയായിരുന്നു".
ആ സമയത്ത് മണി കലാഭവനിൽ മിമിക്രിയുമായി കഴിയുകയാണ്. തുഛ വരുമാനക്കാരനായ, മണിക്ക് അന്ന് സഹോദരനെ സഹായിക്കാൻ കഴിയുമായിരുന്നില്ല. ആ ദുരിതകാലം രാമകൃഷ്ണൻ ഇങ്ങനെ ഓർക്കുന്നു -" അക്കാലത്ത് ഭക്ഷണം കഴിക്കാൻ പോലും പൈസയില്ലായിരുന്നു. ആകെ ആകെ 60 പൈസയും കൊണ്ടാണ് ഇവിടെ നിന്ന് തൃപ്പുണിത്തുറയിലേക്ക് പോകുക. അതാണ് ബസ് കൂലി. 30 പൈസ അങ്ങോട്ടും മുപ്പതു പൈസ ഇങ്ങോട്ടും. ഒരിക്കൽ ഒരു 30 പൈസ കളഞ്ഞുപോയി. അന്ന് ആരോടും ചോദിക്കാനും മടിയായിരുന്നു. അതിനാൽ തൃപ്പൂണിത്തുറ മുതൽ ചാലക്കുടിവരെ നടന്നു!
ഉച്ചക്ക് കഴിക്കാൻ ഭക്ഷണമില്ല. കളരിയിൽനിന്ന് ആടി വിയർത്ത് ജുബ്ബ പിഴിഞ്ഞാൽ വെള്ളം കിട്ടുമെന്ന അവസ്ഥയാണ്. ആദ്യകാലത്ത് അടുത്തുള്ള കടയിൽനിന്ന് കഞ്ഞിവെള്ളം കുടിക്കും. പിന്നെ കുടെ പഠിക്കുന്നവരുടെ ഭക്ഷണം ഷെയർ ചെയ്ത കഴിക്കും. അന്ന് ക്ലാസിലെ ഒരേ ഒരു ആൺ തരിയായിരുന്നു ഞാൻ. അങ്ങനെ അവരുടെയൊക്കെ ആങ്ങള എന്ന പരിഗണന കിട്ടി. "- രാമകൃഷ്ണൻ പറയുന്നു.
'ചിരിയുടെ അനുജൻ ചിലങ്കയുടെ തോഴൻ'
തൻേറത് ശരിക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആയിരുന്നുവെന്ന അദ്ദേഹം പറയുന്നു. കാരണം പഠിച്ചുകൊണ്ടിരിക്കേ സ്വന്തം ചെലവ് കണ്ടെത്തിയത് ട്യൂഷൻ എടുക്കേണ്ടിവന്നു. ശനി, ഞായർ ദിവസങ്ങളിൽ വീടുകളിൽ കയറി ട്യൂഷൻ എടുക്കും. അങ്ങനെ കഷ്ടപ്പെട്ട് പഠിച്ചാണ് നാലുവർഷത്തെ ഡിപ്പോമ എടുക്കുന്നത്. അക്കാലത്ത് ഭാഗ്യത്തിന് അവിടെ യൂണിവേഴ്സിറ്റിക്ക് അഫിലിഷേനായി. അതോടെ ഇംഗ്ലീഷ് മലയാളം എന്നിവയൊക്കെയുള്ള ഡിഗ്രി കോഴ്സായി നൃത്ത പഠനം മാറി. മോഹിനിയാട്ടത്തിൽ പി ജി കോഴ്സും വന്നു. എം ജി യൂണിവേഴ്സ്റ്റിയിൽനിന്ന് റാങ്കോടെയാണ് പി ജി എടുത്തത്. അത് കഴിഞ്ഞ് മോഹിനിയാട്ടത്തിൽ ഡോക്ടേറ്റും എടുത്തു.
തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവത്ത ഒരു സംഭവം 2002-ൽ എംജി യൂണിവേഴ്സിറ്റി കലോത്സവമാണെന്ന് രാമകൃഷ്ണൻ പറയാറുണ്ട്. അന്ന് 5 ഇനങ്ങൾക്കാണ് പേരുകൊടുത്തത്. പക്ഷേ കൈയിൽ കാശില്ല. അപ്പോഴേക്കും കലാഭവൻ മണി അറിയപ്പെടുന്ന താരമായി വളർന്നിരുന്നു. മത്സരത്തിന് പോകാനായി രാമകൃഷ്ണൻ കാശ് ചോദിച്ചെങ്കിലും മണി കുറച്ച് പൈസയാണ് നൽകിയത്. കല മത്സരിക്കാനുള്ളതല്ല എന്നതാണ് മണിയുടെ നിലപാട്. പക്ഷേ രാമകൃഷ്ണൻ അടങ്ങിയില്ല. മണി തനിക്ക് വാങ്ങിത്തന്ന കൈ ചെയിൻ വിറ്റിട്ട് അയാൾ പണം കണ്ടെത്തി.
ഒന്നാം ദിവസം തന്നെ വാർത്ത വന്നു. കലാഭവൻ മണിയുടെ അനുജൻ പെൺകുട്ടികളെ പിന്തള്ളി ഭരതനാട്യത്തിൽ ഒന്നാമത്. അടുത്ത ദിവസം കുച്ചുപ്പുടിയിലും ഒന്നാംസഥാനം. അപ്പോഴും വാർത്ത കലാഭവൻ മണിയുടെ അനുജനെന്ന്. അവസാന ദിവസം കലാപ്രതിഭയും രാമകൃഷ്ണൻ തന്നെ. അപ്പോൾ വന്ന ഒരു പത്രവാർത്തയുടെ തലക്കെട്ട് ഇങ്ങനെ-'ചിരിയുടെ അനുജൻ ചിലങ്കയുടെ തോഴൻ'.
അന്ന് മറ്റുകുട്ടികളെപ്പോലെ ഒരു സൗകര്യവും രാമകൃഷ്ണന് ഉണ്ടായിരുന്നില്ല.-" മറ്റു കുട്ടികൾക്കൊക്കെ രക്ഷിതാക്കൾ കാപ്പിയും ചായയും വാങ്ങിക്കൊടുക്കുമ്പോൾ എനിക്ക് ആരുമുണ്ടായിരുന്നില്ല. വേദിയിൽനിന്ന് വേദിയിലേക്ക് അവർ കാറിൽ പോവുകയാണ്. ഞാൻ വെയിലത്ത് ഓടുകയും. കലോത്സവത്തിന്റെ അവസാനം ദിവസം. നടൻ മുരളിയാണ് മുഖ്യതിഥി. കലാപ്രതിഭയായ എന്നെ തോളിലെടുത്ത് 'രാമ രാമ രാജകുമാര, ആർഎൽവിയുടെ രാജകുമാരാ..' എന്ന് പറഞ്ഞ് കൂട്ടുകാർ പ്രകടനം നടത്തുകയാണ്.
ആ സമയത്താണ് പുറത്ത് വലിയ ഒരു ആരവം കേട്ടത്. കാര്യമായ ആരോ വരുന്നുവെന്ന് മനസ്സിലായി. അത് കലാഭവൻ മണിയായിരുന്നു. അദ്ദേഹം കരുമാടിക്കുട്ടൻ സിനിമയുടെ ഭാഗമായി ആ പ്രദേശത്ത് ഉണ്ടായിരുന്നു. മണി, മുരളിയോട് ചോദിച്ചു, കലാപ്രതിഭക്കുള്ള സമ്മാനം ഞാൻ കൊടുത്തോട്ടെ. അദ്ദേഹം സമ്മതിച്ചു. തുടർന്ന് വികാര നിർഭരമായ ഒരു പ്രസംഗമാണ് മണിച്ചേട്ടൻ നടത്തിയത്. -'ഞാൻ എന്റെ അനുജന് അവൻ ചോദിച്ച പൈസ കൊടുക്കാതെയാണ്, ഈ വേദിയിലേക്ക് പറഞ്ഞയച്ചയത്. അത് അവൻ കഷ്ടതകൾ അറിയാനും അതുവഴി വാശി കൂടാനുമാണ്. എല്ലാ സാമ്പത്തികവും നമ്മുടെ കൈയിലിരിക്കുമ്പോൾ സമ്മാനം നേടമെന്ന ത്വര നമുക്കുണ്ടാവില്ല.
കഷ്ടപ്പാടിന്റെ വില അറിഞ്ഞാലാണ് അതിന്റെ മൂല്യം. ഞാൻ വളന്നുവന്നത് അതുപോലെയാണ്. അതുപോലെ അവനും വളട്ടെ എന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷേ അവൻ എന്നോട് മധുരമായി പ്രതികാരം വീട്ടി. ഓരോ ദിവസവും പത്രം എടുക്കുമ്പോൾ, അവന്റെ പേരല്ല എന്റെ പേരാണ് വന്നത്. ഈ കലാപ്രതിഭാ പട്ടം എനിക്ക് കിട്ടിയതുപോലെയാണ്.'- ചേട്ടൻ വികാരധീനനായി എന്നെ കെട്ടിപ്പിടിച്ച് മുത്തം തന്നാണ്, സമ്മാനം നൽകിയത്."- രാമകൃഷ്ണൻ ഓർക്കുന്നു.
നീറ്റലായി മണിയുടെ മരണം
ചേട്ടൻ മണി നടനായതോടെയാണ് കുടുംബത്തിന്റെ ദാരിദ്ര്യം മാറിയത്. മണിയുമായി പിതൃതുല്യമായ ആത്മബന്ധമായിരുന്നു രാമകൃഷ്ണന്. "അധികം അഭിനന്ദിച്ച് സംസാരിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല. എന്റെ നേട്ടങ്ങൾ കാണുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ തരും. അപ്പോഴേക്കും കണ്ണ് നിറഞ്ഞിരിക്കും. പി ജിക്ക് എം ജി സർവകാലാലയിൽ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് ലഭിച്ചപ്പോഴും വാർത്ത 'കലാഭവൻ മണിയുടെ സഹോദരന് ഒന്നാംറാങ്ക്' എന്നായിരുന്നു. അമ്മക്കും അച്ഛനും റാങ്ക് എന്താണെന്ന് അറിയില്ല. അപൂർവമായാണ് അവർ എന്റെ കോളജിൽ തന്നെ വന്നത്. അച്ഛനെ ഷർട്ട് ഇടീച്ച് ട്രെയിനിൽ കൊണ്ടുപോകുയൊക്കെ ഒരു ചടങ്ങാണ്. ഞങ്ങൾക്ക് ഒരു ദിവസത്തെ പണി പോവും എന്ന നിലപാടാണ് അവർക്ക്. പക്ഷേ മക്കളെക്കുറിച്ച് മറ്റുള്ളവൾ നല്ലതുപറയുമ്പോഴാണ് കാര്യങ്ങൾ ഇങ്ങനെയാണെന്ന് അവർ അറിയുന്നത്."- രാമകൃഷ്ണൻ ഓർക്കുന്നു.
എവിടെയും രാമകൃഷ്ണന്റെ പേരിനൊപ്പം ക്വാട്ട് ചെയ്യപ്പെടുന്നത് മണിയുടെ പേര് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, കലാഭവൻ മണിയുടെ അകാലത്തിലുള്ള മരണം. മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യം രംഗത്ത് എത്തിയത് രാമകൃഷ്ണനായിരുന്നു. രാസ പരിശോധനയിൽ മീതൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതോടെ പ്രശ്നം സങ്കീർണ്ണമായി. ഇതിൽ സിബിഐ അന്വേഷണം വരെ ആവശ്യപ്പെട്ട് നിരന്തരം പൊരുതിയതും രാമകൃഷ്ണൻ ആയിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ സിനിമാ സുഹൃത്തുക്കൾവരെ രാമകൃഷ്ണന് എതിരായി. പക്ഷേ സഹോദരന്റെ മരണത്തിന്റെ ദുരൂഹത നീക്കാൻ അദ്ദേഹം നിരന്തരം പോരാടി.
പക്ഷേ ലിവർ സീറോസായിരുന്നു മണിയുടെ മരണത്തിന്റെ യഥാർത്ഥകാരണം. അന്ന് അന്വേഷണ ഉദ്യോഗ്ഥാനായ പിഎൻ ഉണ്ണിരാജൻ ഐപിഎസ് സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ മണിയുടെ മരണകാരണം കൃത്യമായി പറഞ്ഞിരുന്നു. ഒരു ദിവസം 13 ബിയർ വരെയാണ് മണി കഴിച്ചിരുന്നത്. മണി ഡയബറ്റിസിനു വേണ്ടി കഴിക്കുന്ന ടാബ്ലറ്റിനൊപ്പം മദ്യം കഴിക്കാൻ പാടില്ലായിരുന്നു. അങ്ങനെ ചെയ്താൽ ഇവ തമ്മിൽ രാസപ്രക്രിയ ഉണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കും. മരണദിവസം രാവിലെയും മണി ഈ ടാബ്ലറ്റ് കഴിച്ചിരുന്നു. നാലോ അഞ്ചോ വർഷം മുമ്പ് ഡോക്ടർ എഴുതി തന്ന മരുന്ന് തുടർച്ചയായി ഉപയോഗിക്കയായിരുന്നു. രക്തം ഛർദിച്ചിട്ടും മണി ബിയർ കഴിക്കും. മരിക്കുന്നതിന്റെ തലേദിവസവും 12 കുപ്പി ബിയർ കുടിച്ചിരുന്നു. ബിയറിൽ മീതൈൽ ആൽക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഒരുപാട് ബീയർ കഴിക്കുമ്പോൾ മീതൈൽ ആൽക്കഹോളിന്റെ അളവ് കൂടും. പ്രത്യേകിച്ച് മണി ഒരു ലിവർ സിറോസിസ് രോഗി ആകുമ്പോൾ ഇത് പെട്ടെന്ന് ട്രിഗർ ചെയ്യും. മറ്റുള്ളവരുടെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധിച്ചിരുന്ന മണി സ്വന്തം കാര്യം തീരെ നോക്കിയിരുന്നില്ല. മദ്യപാന വിഷയത്തിൽ എന്നും ചേട്ടനെ ഉപദേശിക്കാറുണ്ടായിരുന്ന രാമകൃഷ്ൻ. പക്ഷേ ജീവിതം ഒരു ഉത്സവമാക്കാൻ തീരുമാനിച്ച മണി അതൊന്നും ഗൗനിച്ചില്ല.
'മണിയുടെ സ്വത്തുക്കൾ എന്റെ കൈയിലല്ല'
മണിയുടെ മരണശേഷവും അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർത്താനുള്ള ശ്രമങ്ങളുമായി രാമകൃഷ്ണൻ ഏറെ ശ്രമം നടത്തി. ചാലക്കുടിയിൽ സർക്കാർ പ്രഖ്യാപിച്ച കാലഭവൻ മണി സ്മാരകം വൈകുന്നതിൽ അദ്ദേഹം പ്രതിഷേധിച്ചിരുന്നു. " കലാഭവന്മണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ട്"- ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. അതിനിടെ ചേട്ടന്റെ സ്വത്തുക്കൾ രാമകൃഷണന്റെ കൈയിലുണ്ടെന്നുമൊക്കെ പ്രചാരണം വന്നിരുന്നു.
ഇതിനെതിരെ രാമകൃഷ്ണൻ ഫേസ്‌ബുക്കിലുടെ പ്രതികരിച്ചു. -"പ്രിയ സ്നേഹിതരെ, കുറച്ച് നാളായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമർശങ്ങൾ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടില്ലാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു.
ഈ കാര്യത്തിൽ ഞാൻ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്. സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് (തറവാട്) ഞാൻ താമസിക്കുന്നത്. മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്. അത് അതിന് അർഹതപ്പെട്ട അവകാശികളിൽ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ കുപ്രചരണങ്ങൾ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്. മണി ചേട്ടൻ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങൾ.
പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ കുപ്രചരണങ്ങൾ ഏറിയത്. ഈ ഓട്ടോറിക്ഷ മണി ചേട്ടൻ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്. ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആൽബത്തിൽ ഇത് മണി ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്.
മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടൻ ഓടിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടൻ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു. അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്.പ്രളയത്തിൽ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസയോഗ്യമല്ലാതാവുകയും അവർ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു. ആ വീടിന്റെ മുൻപിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാൽ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാൻ സാധിച്ചിട്ടില്ല.
മൂത്ത സഹോദരന്റെ കുടുംബം ഇപ്പോൾ മണി ചേട്ടൻ പണിയിച്ച കലാഗൃഹത്തിലാണ് താമസം. അതിനിടയിലാണ് ഈ കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴിനടത്തുന്നത്... ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങൾ സാമ്പത്തികമായി ഏറെ പുറകിൽ നിൽക്കുന്നവരാണ്. മണി ചേട്ടൻ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം. മണി ചേട്ടന്റെ തണലിൽ ആണ് ഞങ്ങൾ ജീവിച്ചത്. കാര്യങ്ങൾ അറിഞ്ഞ് മാത്രം കുപ്രചരണങ്ങൾ നടത്തുക."- ഇങ്ങനെയാണ് രാമകൃഷ്ണൻ പ്രതികരിച്ചത്.
മനംമടുത്ത് ആത്മഹത്യാശ്രമം
അതിനിടെകാലടി സംസ്‌കൃത സർവ്വകലാശാലയിയും ആർഎൽവിയിലും അടക്കം ഗസറ്റ്് ലക്ച്ചറായും രാമകൃഷ്ണൻ ജോലിനോക്കി. 2002- ൽ മോഹിനിയാട്ടത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് നേടി. ദൂരദർശൻ കേന്ദ്രം എ ഗ്രേഡ് ർട്ടിസ്റ്റായി തിരഞ്ഞെടുത്തു. അഞ്ചുസിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബാംബൂ ബോയ്‌സായിരുന്നു പ്രധാന സിനിമ.
2020 ഒക്ടോബറിൽ രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിന്റെ വാർത്ത കലാസ്നേഹികളെ നടുക്കി. അമിത അളവിൽ ഉറക്ക ഗുളിക ഉള്ളിൽചെന്നാണ് അദ്ദേഹം മരണാസന്നനായത്. കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിലാണ് രാമകൃഷ്നെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതിനുകാരണവും കേരള സംഗീത നാടക അക്കാദമിയിയുടെ അവഗണയും വിവേചനവുമാണെന്ന് ആരോപണം ഉയർന്നിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവ പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരം രാമകൃഷ്ണനു നിഷേധിച്ചത് വിവാദത്തിന് കാരണമായിരുന്നു. നൃത്തോത്സവത്തിന് പ്രോട്ടോക്കോൾ പ്രകാരം അപേക്ഷയും ബയോഡാറ്റയും നേരിട്ട് ഹാജരാക്കിയിട്ടും അവസരം നൽകിയില്ലെന്നും, താൻ കടുത്ത ജാതി-ലിംഗ വിവേചനത്തിരയായതായും രാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിനുശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സ്ത്രീകളല്ലാത്തവർക്ക് മോഹിനിയാട്ടം കളിക്കാൻ പറ്റില്ല എന്നായിരുന്നു അന്ന് അക്കാദമിയുടെ വാദം. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. 'രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും'; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞതെന്നായിരുന്നു ആർഎൽവി രാമകൃഷ്ണന്റെ വെളിപ്പെടുത്തൽ.
അന്ന് സാഹിത്യ അക്കാദമി ചെയർപേഴ്‌സണായിരുന്ന കെപിഎസി ലളിതയ്ക്ക് നേരിട്ട് രാമകൃഷ്ണൻ പരാതി നൽകിയിരുന്നു. അവിടെയും അവഗണന നേരിടേണ്ടി വന്നു. താൻ അമ്മയെ പോലെ കണ്ട ലളിത ചേച്ചിയിൽ നിന്നുമുണ്ടായ സമീപനം കടുത്ത വേദനയുണ്ടാക്കിയതായി രാമകൃഷണൻ പ്രതികരിച്ചു. കലാപ്രവർത്തനത്തിന്റെ യോഗ്യത ഉന്നത ജാതിക്കാർക്ക് വേണ്ടി മാത്രമാണെങ്കിൽ മോഹിനിയാട്ടത്തിൽ താൻ നേടിയ ഡിപ്ലോമ, പിജി ഡിപ്ലോമ, പിഎച്ച്ഡി, എംഫിൽ, തുടങ്ങിയവ എന്തിനായിരുന്നുവെന്നും അദ്ദേഹം പിന്നീട് ചോദ്യമുന്നയിച്ചു.
ഇത്തരം ദുരനുഭവങ്ങളിൽ മനം മടുത്താണ് അദ്ദേഹത്തിന്റെ ആത്മഹത്യാശ്രമം ഉണ്ടായത്. പക്ഷേ അതോടെ ഈ വിഷയം കേരളീയ പൊതുസമൂഹം കൂടുതൽ ശക്തമായി ചർച്ചചെയ്യാൻ തുടങ്ങി. മോഹനിയാട്ടം സ്ത്രീകൾക്ക് മാത്രമുള്ളതല്ലെന്ന് പ്രമുഖ നർത്തകികൾ തന്നെ പറഞ്ഞു.
എന്തുകൊണ്ട് കൈരളി നൃത്തമാക്കിക്കൂടാ?
ഒരു ദേശീയ സെമിനാർ നടന്നുകൊണ്ടിരിക്കെ അന്ന് സാഹിത്യ അക്കാദമിയുടെ ഭരണ സമിതി അംഗമായ ഡോ ഗ്രാമപ്രകാശ്, സ്ത്രീകളുടെ കലയാണ് മോഹിനിയാട്ടമെന്നും അത് ചർച്ച ചെയ്യുന്ന വേദിയിൽ എന്താണ് കാര്യമെന്നും ചോദിച്ച് ഇറക്കിവിട്ടിരുന്നു. അതിനെതിരെയും രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഇതിന്റെയൊക്കെ തുടർച്ചയാണ് ഇപ്പോൾ രാമകൃഷണന്, കലാമണ്ഡലം സത്യഭാമയിൽനിന്നുണ്ടായ അധിക്ഷേപം. ഇതോടെ മോഹിനിയാട്ടത്തിലടക്കം സ്ത്രീകൾ തന്നെ വന്നാൽ എന്താണ് കുഴപ്പം എന്ന ചർച്ച സജീവമായിരിക്കയാണ്. അവിടെയും ഡോ നീനാപ്രസാദും, മേതിൽ ദേവിക അടക്കമുള്ള പ്രമുഖരുടെ പിന്തുണയും രാമകൃഷ്ണന് കിട്ടി. സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് ലിഖിതമായ നിയമമൊന്നുമില്ല. കീഴ്‌വഴക്കം മാത്രമാണുള്ളത്. അത് മാറ്റാവുന്നതേയുള്ളൂ.
തനിക്ക് ചെറുപ്പത്തിതന്നെ നൃത്തത്തോട് ഒടുങ്ങാത്ത അഭിനിവേശമാണ് ഉണ്ടായിരുന്നത് എന്നാണ് രാമകൃഷ്ണൻ പറയുന്നത്. അമ്മയുടെ സെറ്റ് മുണ്ട് ഞൊറിഞ്ഞ് മോഹനിയാട്ടം മോഡലിൽ അദ്ദേഹം ചെറുപ്പത്തിലേ കളിക്കുമായിരുന്നു."- എനിക്ക് ഈ സ്ത്രീവേഷം കെട്ടി എന്തിനാണ് നൃത്തം ചെയ്യുന്നത് എന്നതിൽ തുടക്കത്തിലേ സംശയമായിരുന്നു. കലാമണ്ഡലം കല്യാണക്കുട്ടിയമ്മ അടക്കമുള്ളവർ പുരുഷനും മോഹിനിയാട്ടം ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പിഎച്ച്ഡി വിഷയവും ഇതാണ്. 8 വർഷത്തോളം എടുത്തുള്ള പഠനമാണ് ഇതിനായി നടത്തിയത്. ഈ നൃത്ത രൂപത്തിന് മോഹനിയാട്ടം എന്നുള്ള പേര് വേണ്ട എന്ന് കലാമണ്ഡലം സ്ഥാപകനായ സാക്ഷാൽ വള്ളത്തോൾ തന്നെ പറഞ്ഞിട്ടുണ്ട്. കൈരളി നൃത്തം എന്നാണ് ഇതിന് അദ്ദേഹം പറഞ്ഞ പേര്. പക്ഷേ അത് ഇപ്പോഴും പ്രാവർത്തികമായിട്ടല്ല." - രാമകൃഷ്ണൻ പറയുന്നു.
രാമകൃഷ്ണൻ- സത്യഭാമ എപ്പിസോഡിലെ ഏറ്റവും പ്രധാന ചോദ്യവും ഇതുതന്നെയാണ്. എന്തിനാണ് കലകളെ നാം ഒരു പരിഷ്‌ക്കരണവും നടത്താതെ, അടച്ചിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ചോദിക്കുന്നതുപോലെ രാമകൃഷ്ണൻ കാൽ കവച്ചുവെച്ച് നൃത്തം ചെയ്താൽ, ആകാശം ഇടിഞ്ഞുപോവുമോ?
വാൽക്കഷ്ണം: നിറത്തിന്റെ പേരിൽ വല്ലാത്ത ഒരു മൂൻവിധി പുലർത്തുന്നവരാണ് ഇപ്പോഴും മലയാളി സമൂഹം. നമ്മുടെ മലയാള സിനിമയിൽപോലും എത്ര കറുത്ത നായികാ- നായകർ ഉണ്ട്. പറങ്കിമലയിലെ സൂര്യക്കുശേഷം കമ്മട്ടിപ്പാടത്തിലെ ദൂൽഖറിനൊപ്പമാണ് ഒരു കറുത്ത നായികയെ കണ്ടത്. നമുക്ക് ഇപ്പോഴും എത്ര ബ്ലാക്ക് ഹീറോസ് ഉണ്ട്. വിവാഹത്തലിടക്കം, സകലതിലും വർണ്ണത്തിന്റെ ബോധമോ അബോധവുമോ ആയ ഫിൽട്ടറിങ്ങ് നടത്തുന്ന ഒരു സമൂഹത്തിൽ സത്യഭാമമാർ ഉണ്ടാവുന്നതിൽ ഞെട്ടാനൊന്നുമില്ല.