തങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറക്കുന്ന സമുഹമാണ് നാം എന്നാണ് പൊതുവേ പറയുക. ആ കേരളത്തിൽ ഒരു മതനേതാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ഇട്ട് കേസ് എടുക്കുക എന്നത് അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്. 'തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന്' ടെലിവിഷൻ ചാനൽ ചർച്ചയിൽ പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. വനിത അവകാശ പ്രവർത്തക വിപി സുഹ്റ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. ദിവസങ്ങൾക്ക് മുൻപേ നൽകിയ പരാതിയിൽ ഏറെ വൈകിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.

ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസിൽ ഒരു സംവാദത്തിൽ പങ്കെടുക്കവേ, സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാർ നടത്തിയ തട്ടം പ്രസ്താവന വിവാദമായിരുന്നു. മലപ്പുറത്തെ പെൺകുട്ടികൾ തട്ടമിടാതെ നടക്കുന്നുണ്ടെങ്കിൽ അതിനുള്ള ധൈര്യം നൽകിയത് സിപിഎം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് പിന്നീട് പാർട്ടി തന്നെ തള്ളി. എന്നാൽ ഈ വിവാദത്തിന്റെ ചുവടുപിടിച്ച്, ഉമർ ഫൈസി മുക്കം ഒരു ടെലിവിഷൻ ചർച്ചയിൽ തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന് അവഹേളിക്കയായിരുന്നു. ഇതിനെതിരെയാണ് വി പി സുഹറ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബർ മാസം രണ്ടാം വാരം പരാതി നൽകിയത്.

പിന്നീട് നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ അതിഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതും വലിയ വാർത്തയായി. ഇതേതുടർന്ന് പിടിഎ പ്രസിഡന്റ് സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയർന്നിരുന്നു. സംഭവത്തിൽ സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് തന്റെ പരാതിയിൽ കേസെടുക്കാത്തതിലും അവർ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയെന്നും വി പി സുഹ്റ വിമർശിച്ചിരുന്നു. പക്ഷേ വൈകിയാണെങ്കിലും ഇപ്പോൾ പൊലീസ് കേസ് എടുത്തിരിക്കുന്നു.

ഇതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമമണങ്ങളും ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്ന് സുഹ്റക്കുനേരെ ഉണ്ടായിട്ടുണ്ട്. പക്ഷേ അവർക്കൊന്നും സുഹ്റയുടെ കനലെരിയുന്ന ജീവിതം അറിയില്ല. ഒരുപാട് കഷ്ടതകളിലുടെ കടന്നുവന്ന ഒരു പോരാട്ട ജീവിതമാണ് അത്. അറബിക്കല്ല്യാണവും, മൈസൂർ കല്യാണവും, മുത്തലാഖും, സ്ത്രീകളുടെ പള്ളി പ്രവേശനവും അടക്കമുള്ള വിഷയങ്ങളിൽ നിരന്തരം അവർ യുദ്ധമുഖത്തുണ്ട്.

പിന്തുടരുന്നത് ഉമ്മയുടെ നന്മ

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും ആയ വി.പി സുഹ്‌റ കഴിഞ്ഞ കുറെ വർഷങ്ങളായി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇതിനായി രൂപീകരിച്ച 'നിസ' എന്ന കൂട്ടായ്മയുടെ സ്ഥാപക അംഗമാണ്. സമകാലിക മലയാളം വാരിക നൽകുന്ന സാമൂഹിക സേവന പുരസ്‌കാരം 2017-ൽ സുഹ്റക്ക് ലഭിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ വളപട്ടണത്തെ വേളാപുരുത്താണ് വി പി സുഹ്റ ജനിച്ചത്. ബാപ്പ അബ്ദുൽ തങ്ങൾ മുസ്ലിംലീഗിന്റെ മുതിർന്ന നേതാവ് ആയിരുന്നു. ഉമ്മ ആറ്റബീവി. ഇവരുടെ ഒമ്പതുമക്കളിൽ മൂന്നാമത്തവൾ ആയിരുന്നു സുഹ്റ. ബാപ്പ ഉമ്മർ ബാഫക്കി തങ്ങളുടെ ശിഷ്യനായിരുന്നു. ഇ അഹമ്മിനെയൊക്കെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത് ബാപ്പായായിരുന്നുവെന്നാണ് ഒരു അഭിമുഖത്തിൽ സുഹ്റ പറയുന്നത്. പട്ടാളത്തിൽനിന്ന് തിരിച്ചെത്തിയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്.

ഡൂൾ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ വി പി സുഹ്റ തന്റെ ജീവിതം പറയുന്നത് ഇങ്ങനെയാണ്. -''മുസ്ലിം ലീഗിന്റെ കൗൺസിലർ ആയിരുന്നു ബാപ്പ. വീട്ടിൽ എപ്പോളും ആളെത്തും. പിന്നെ അവർക്കൊപ്പമിരുന്ന് ചർച്ചയാണ്. പിന്നീട് എന്തോ പ്രശ്നമുണ്ടായി. ബാപ്പ രാജിവെച്ചു. പാർട്ടി പുറത്താക്കിയൊന്നൊക്കെ പിന്നീട് കേട്ടു. എല്ലാം ഉമ്മ പറഞ്ഞുള്ള അറിവാണ്. അന്നൊന്നും അതിന്റെ ഗൗരവം അറിയില്ല. എന്നാൽ ഉമ്മക്ക് രാഷ്ട്രീയപരമായി എല്ലാം അറിയാം. കടുംബജീവിതത്തിൽ ബാപ്പ പരാജയമായിരുന്നു. മക്കളെയും ഭാര്യയെയും വേണ്ടവിധം ശ്രദ്ധിക്കാനായില്ല. രാഷ്ട്രീയത്തിലായിരന്നു കൂടുതൽ ശ്രദ്ധ. അതിന്റെ പ്രശ്നങ്ങൾ ഞാനും ഉമ്മയും അനുഭവിച്ചിട്ടുണ്ട്.

എന്നാൽ ഉമ്മയാണ് എന്റെ മതത്തിന്റെ മാതൃക. ഉമ്മ എല്ലാവരെയും സ്നേഹിച്ചിരുന്നു. എല്ലാ സമുദായക്കാർക്കും കഴിയുന്നത്ര സഹായം ചെയ്തു. അന്ന് സാമ്പത്തികമായി ഞങ്ങൾ വലിയ നിലയിൽ ഒന്നുമായിരുന്നില്ല. അന്നത്തെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും പോലും, ഉമ്മ ആളുകൾക്കൊക്കെ വീടുവെക്കാനും മറ്റുമായി ചെറിയ സഹായങ്ങൾ ചെയ്തു. ഉമ്മയുടെ ആ നന്മയാണ് ഞാൻ പിന്തുടരുന്നത്. അത് നല്ലതായി എനിക്ക് തോന്നി. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സഹായിക്കുക, സ്നേഹിക്കുക അതായിരുന്നു ഉമ്മയിൽനിന്നുള്ള പാഠം. അതിരുകടന്ന മതവിശ്വാസത്തെ ഉമ്മ അംഗീകരിച്ചിരുന്നില്ല. വിശ്വാസത്തിന്റെ പേരിൽ സ്ത്രീ മുടുപടത്തിൽ ഒളിക്കുന്നതും.

അന്നത്തെ കാലത്ത് പലർക്കും നമ്മുടെ അവകാശത്തെപ്പറിയും അറിയില്ല. ഒന്നാമത്തേത് വിദ്യാഭ്യാസത്തിന്റെ കുറവാണ്. സ്ത്രീകളൊന്നും അധികം പുറത്തുപോവില്ല. പോവുകയാണെങ്കിൽ കുട പിടിച്ചാണ് പോവുക. ആ ഒരു കാലഘട്ടം അങ്ങനെയാണ്. വാക്സിനേഷനൊക്കെ വരുമ്പോൾ പേടിച്ച് അട്ടത്തുവരെ കയറിയിരിക്കും. എന്തോ ഭീകര സംഭവമാണെന്ന് വിചാരിച്ച്. അതൊരു പത്തുവയസിലൊക്കെയുള്ള കാര്യമാണ്. നിസ്‌ക്കരിക്കുക, നോമ്പ് പിടിക്കുക, എന്നല്ലാതെ ഇന്നത്തെ കാലത്തുള്ളത്ര അടിച്ചമർത്തലുകളൊന്നും അന്ന് ഉണ്ടായിരുന്നില്ല. പഴയകാലത്തെ സുന്നികളായിരുന്ന നല്ലതെന്ന് പലപ്പോഴും തോന്നാറുണ്ട്. ''- സുഹ്റ പറയുന്നു.

ആദ്യ പ്രതിഷേധം അദ്ധ്യാപകനെതിരെ

്ഇന്ന് നിരവധിയായ സമരങ്ങളിലുടെ കത്തിനിൽക്കുന്ന വി പി സുഹ്റയുടെ ആദ്യ പ്രതിഷേധം തനിക്കെതിരെ അപവാദം പറഞ്ഞുപരത്തിയ സ്വന്തം അദ്ധ്യാപകന് എതിരെ ആയിരുന്നു. ''-ബാപ്പ രാഷ്ട്രീയ പ്രവർത്തകൻ ആയതുകൊണ്ട് അന്നൊക്കെ ദിവസവും പത്രം വായിക്കും. ഞാനാണ് വീട്ടിലെ മറ്റുള്ളവർക്ക് വായിച്ചുകൊടുക്കുക. പിന്നെ ചില നോവലുകളും വായിക്കും. അക്കാലത്ത് ഏഴാം തരത്തിൽ പഠിക്കുമ്പോൾ എന്നെക്കുറിച്ച് ഒരു അദ്ധ്യാപകൻ മോശമായി സംസാരിച്ചു. ഞാൻ ആ അദ്ധ്യാപകനെ വഴിയിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. അന്നത് നാട്ടിൽ വലിയ വിവാദമായി. അന്ന് അദ്ധ്യാപകർ ദൈവം പോലെയാണ്. അപ്പോൾ അവരെ ചോദ്യം ചെയ്യുക എന്നത് ഭയങ്കര കാര്യമാണ്. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. അതോടെ പഠനം നിലച്ചു.

അങ്ങനെ വീട്ടിലിരിക്കുമ്പോൾ 13ാം വയസ്സിലാണ് ആദ്യ വിവാഹം. 23 വയസ്സുള്ള ഒരാളെയാണ് വിവാഹം കഴിച്ചത്. വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നെങ്കിലും, അവരുടെ ജീവിത രീതിയും എന്റെ ചിന്താഗതിയും തമ്മിൽ യോജിച്ച് പോകുന്നില്ലായിരുന്നു. നാലുവർഷത്തെ ദാമ്പത്യത്തിനിടെ രണ്ടു കുട്ടികളുണ്ടായി. മാനസികവും ശാരീരികവുമായ പൊരുത്തക്കേടുകൾ ഏറിയപ്പോൾ പിരിയാൻ തിരുമാനിച്ചു. അവസാനിപ്പിക്കണം എന്ന് അറിയിച്ച് കത്തയച്ചപ്പോഴാണ്, രണ്ടുമാസം മുന്നേ അയാൾ എന്നെ ഒഴിവാക്കിയെന്ന് അറിയുന്നത്. പള്ളിയിലേക്കോ മറ്റോ കത്തയിച്ചിട്ട്. ആ സമയത്ത് മകൾക്ക് രണ്ടുമാസമാണ് പ്രായം. ശൈശവ വിവാഹവും വിവാഹമോചനവുമെല്ലാം 18 വയസാകുമ്പോഴേക്ക് നടന്നു. കുട്ടികളുടെ കാര്യവും പിന്നീടത്തെ ജീവിതാനുഭവങ്ങളും ഓർക്കുമ്പോൾ വിവാഹമോചനം വേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. അന്ന് കുട്ടികൾ ഏറെ പ്രയാസം അനുഭവിച്ചു.

വിവാഹമോചനത്തിനുുശഷം പത്താംതരം പ്രൈവറ്റായി പഠിച്ച്, പൂർത്തിയാക്കി. പിന്നീട് പീഡിഗ്രിയും. പിന്നീട് സ്വകാര്യ സ്ഥാപനത്തിൽനിന്ന് നഴ്സിങ്ങും പഠിച്ചു. അന്ന് ബന്ധുക്കൾ എതിർത്തു. പക്ഷേ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് പറഞ്ഞ് ഉമ്മ പിന്തുണക്കുകയായിരുന്നു. അന്ന് ജീവിക്കാനായി വളരെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. സ്വത്തുള്ളത് കുറേപ്പേർക്ക് അവകാശം ഉള്ളതാണ്. അത് വിൽക്കാനും കഴിയില്ല. അങ്ങനെ ഇരിക്കെ അമ്മാവനാണ് കോഴിക്കോട്ട് കൊണ്ടുവരുന്നുത്. അദ്ദേഹത്തിന് നഗരത്തിൽ ബിസിനസാണ്. അവരാണ് ഞങ്ങൾക്ക് തണലായത്. ഇവിടെ എത്തിയതിന് ശേഷമാണ് ബാപ്പ മരിക്കുന്നത്.''- വി പി സുഹ്റ ഓർക്കുന്നു.

65കാരനുമായി രണ്ടാം വിവാഹം

പിന്നീടാണ് സുഹ്റയുടെ രണ്ടാം വിവാഹം നടക്കുന്നത്. അത് 22ാം വയസ്സിലായിരുന്നു. ഭർത്താവിന് 65 വയസ്സായിരുന്നു. വിവാഹം വേണ്ട എന്ന നിലപാട് ഒരുപാട് എടുത്തുനോക്കി. പക്ഷേ ബന്ധുക്കൾ സമ്മതിച്ചില്ല. ഗത്യന്തരമില്ലാതെ ഉമ്മയും അതിനോട് ചേർന്നു. അങ്ങനെ എല്ലാവർക്കും വേണ്ടി ഒരു ത്യാഗംപോലെയാണ് ആ വിവാഹത്തിന് സമ്മതിക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ മകൻ ജനിച്ചു. അത് കഴിഞ്ഞപ്പോൾ അദ്ദേഹം കിടപ്പിലായി. 11 വർഷം അദ്ദേഹം രോഗശയ്യയിൽ ആയി.

അക്കാലം സുഹ്റ ഇങ്ങനെ അനുസ്മരിക്കുന്നു. -''പൊതുപ്രവർത്തനത്തിന്റെ ആരംഭം 1975ലാണ്. അതിന് മുമ്പേ ടെയിലറിങ്ങ് ഒക്കെ തുടങ്ങിയിരുന്നു. ആ വർഷം തന്നെയാണ് കോഴിക്കോട് വലിയങ്ങാടിയിൽ തയ്യൽ പരിശീലന കേന്ദ്രവും വനിതാ സഹകരണ സംഘവും ഉണ്ടാവുന്നത്. അന്നൊന്നും സ്ത്രീകൾ വ്യവസായത്തിനൊന്നും ഇറങ്ങില്ല. പക്ഷേ ഞങ്ങൾ പിന്നോട്ട് പോയില്ല. ഇതോടൊപ്പം റെഡിമെയ്ഡ് വസ്ത്ര നിർമ്മാണവും തുടങ്ങി. തയ്യൽ പരിശീലനകേന്ദ്രം കുറച്ചുകാലം മുന്നോട്ട് കൊണ്ടുപോയി. പക്ഷേ നഷ്ടമായിരുന്നു.

ആ സമയത്താണ് 1975ൽ വിമൻസ് കോപ്പറേറ്റീവ് സൊസെറ്റി രൂപീകരിച്ചത്. ഭർത്താവിന്റെ അസുഖവും കുടുംബത്തിലെ പ്രശ്നങ്ങളം കാരണം അതുമായി സഹകരിച്ച് പോകാൻ പിന്നീട് കഴിഞ്ഞില്ല. ആ സൈാസെറ്റി ഇപ്പോളുമുണ്ട്. സിപിഎം നിയന്ത്രണത്തിൽ നന്നായി പ്രവർത്തിക്കുന്നു. 'ബോധന'യിലുടെയാണ് സ്ത്രീ വിമോചന പ്രസ്ഥാനത്തിലേക്ക് ഇറങ്ങുന്നത്. 1986 നവംബറിലായിരുന്നു ഭർത്താവിന്റെ മരണം. അതിനുശേഷമായിരുന്നു അത്. വിപ്ലവപ്രവർത്തനത്തിന്റെ നാളുകൾ പിന്നിട്ട് അജിത വന്ന സമയം ആയിരുന്നു അത്. അങ്ങനെ ഒരു ദിവസം അജിതയെ പോയി കണ്ടു. ഞാനും അജിതയും ഗംഗയുമായിരുന്നു ബോധനയുടെ തുടക്കക്കാർ.

പിന്നീട് ആളുകളൊക്കെ കൂടി. ആ സമയത്താണ് വലിയങ്ങാടിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രശ്നം വരുന്നത്. ആ സ്ത്രീയെ രാവും പകലും ജോലിചെയ്യിക്കുകുകയും, ശാരീരികമായി ഉപദ്രവിക്കുകയും പിന്നീട് സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. ആ വിഷയത്തിൽ ഞങ്ങൾ ഇടപെട്ടു. അക്കാലത്ത് അജിതക്ക് നക്സൽ എന്ന ഒരു ഇമേജും കുടിയുണ്ടായിരുന്നല്ലോ. അതും കൂടിയായപ്പോൾ അവർ പ്രശ്നം പെട്ടെന്ന് പരിഹരിച്ചു. അങ്ങനെ ഞാൻ രാവും പകലും ബോധനയിൽ സജീവമായി.''- സുഹ്റ പറയുന്നു.

കുഞ്ഞീബി മരിച്ചത് എങ്ങനെ?

വി പി സുഹ്റയെ ഒരു അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാക്കിയത് കോഴിക്കോടിനെ ഇളക്കിമറിച്ച കുഞ്ഞീബിയുടെ കൊലപാതകം തന്നെയായിരുന്നു. ലൈംഗികത്തൊഴിലാളിയായ കുഞ്ഞീബിയെ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അക്കാലത്തെക്കുറിച്ച് വി പി സുഹ്റ ഇങ്ങനെ പറയുന്നു. -''അപ്പോഴാണ് കുഞ്ഞീബി പ്രശ്നം ഉണ്ടാവുന്നത്. ലൈംഗികതൊഴിലാളിയായ അവർ പൊലീസ്സ്റ്റേഷനിൽവച്ചാണ് മരണപ്പെട്ടത്. അവരുടെ മൃതദേഹം കബറടക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. പ്രശ്നത്തിൽ ബോധന ഇടപെട്ടു. കുഞ്ഞീബിയുടെ സുഹൃത്തുക്കളായ സ്ത്രീകളെയും സംഘടിപ്പിച്ച്, കോഴിക്കോട്ടെ മിഠായിത്തെരുവ് വഴി പ്രകടനം നടത്തി. 87-88 സമയത്തായിരുന്നു അത്. എന്നെ സംബന്ധിച്ച് അത് ചെറിയ ഇടപെടൽ ആയിരുന്നില്ല. കുടുംബത്തിലെ പലർക്കും എസ് എം സ്ട്രീറ്റിൽ കച്ചവടസ്ഥാപനങ്ങൾ ഉണ്ടായിരുന്നു. അമ്മാവനുൾപ്പടെ. കുടുംബത്തിൽ അത് വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കി. പിന്നീടാണ് മാവുർ ഗ്വാളിയോർ റയോൺസ് സമരം വരുന്നത്. ആദ്യത്തേത്ത് തുറപ്പിക്കാൻ വേണ്ടിയുള്ള സമരം. തൊഴിയാളികൾക്ക് ജോലികൊടുക്കാൻ വേണ്ടിയായിരുന്നു സമരം നടത്തിയത്. 48 മണിക്കുർ നിരാഹാരമൊക്കെ കിടന്നു. അന്ന് മകളുടെ വിവാഹമൊന്നും കഴിഞ്ഞിട്ടില്ല. ഞാൻ നിരാഹാരം കിടന്ന് അവശയായി വരുമ്പോഴാണ് മകളുടെ വിവാഹ നിശ്ചയം തീരുമാനിക്കുന്നത്.

സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ പ്രചാരണത്തിന് കേരളം മുഴുവൻ വാഹന ജാഥ നടത്തിയപ്പോഴാണ്, ഞാൻ അനുഭവിക്കുന്നതുപോലുള്ള വിഷമങ്ങൾ അതിനേക്കാൾ ഏറെ ഇരട്ടിയായി അനുഭവിക്കുന്ന നിരവധി സ്ത്രീകളെ കണ്ടത്. പല മുസ്ലിം സ്ത്രീകളെയും നിസ്സഹായരാക്കിയത് ബഹുഭാര്യാത്വവും മതത്തിന്റെ പേരിൽ നടക്കുന്ന, നീതിനിഷേധവുമാണ്. അത്തരം പല സംഭവങ്ങളിലും നേരിട്ട് ഇടപെട്ട് നിയമസഹായം ഉറപ്പാക്കി. ഇറങ്ങിപ്പോവമെന്ന് ഭർത്താവ് പറഞ്ഞാൽ പറ്റിലെന്ന് ഉറപ്പിച്ച് പറയാൻ സ്ത്രീകൾക്ക് ധൈര്യം കൊടുത്തു.

1990കളിലാണ്, കേരള സ്ത്രീവിമോചന പ്രസ്ഥാനം, കോഴിക്കോട് ദേവഗിരി കോളജിൽവെച്ച് ഇത്തരം സംഘടനകളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സമ്മേളനം അവസാനിച്ചതോടെ വലിയ ആരോപണങ്ങളും അപവാദങ്ങളും ഉണ്ടായി. സാമ്പത്തിക പ്രതിസന്ധി വല്ലാതെ അലട്ടി. തിരുവനന്തപുരത്തും കൊച്ചിയിലുമായി വിവിധ ജോലികൾ ചെയ്തു. നഴ്സിങ്ങ് പഠിച്ചതുകൊണ്ട് ഗൾഫിൽപോയി കുറച്ചുകാലം ജോലി ചെയ്യാൻ തീരുമാനിച്ചു. രണ്ടുവർഷം അവിടെ ജോലി ചെയ്തു. അപ്പോഴേക്കും ഏതാണ്ട് സാമ്പത്തിക പ്രശ്നങ്ങളൊക്കെ പരിഹരിച്ചു.
പക്ഷേ ഗൾഫിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. സ്ത്രീ സംഘടനാ പ്രവർത്തനം ശക്തമായി തുടരണമെന്ന് തീരുമാനിച്ചാണ് അവിടെ നിന്ന് തിരിച്ചത്. ''- സുഹ്റ പറയുന്നു.

'സുഗതകുമാരി വെറും ഹിന്ദുസ്ത്രീ'!

കേരളത്തിൽ ആദ്യമായി വനിതാ കമ്മീഷൻ രുപപ്പെട്ടപ്പോഴും ശക്തമായ ഇടപെടലുമായി സുഹ്റ മുന്നിലുണ്ടായിരുന്നു. 96-97 കാലത്ത് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടു. കോഴിക്കോട് നടന്ന പ്രഥമ സിറ്റിങ്ങിൽ മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടു. കമ്മീഷൻ ചെയർപേഴ്സൻ സുഗതകുമാരി എല്ലാം അനുതാപപൂർവം കേട്ടു. ഇ ടി മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ള നേതാക്കളും അന്ന് ഉണ്ടായിരുന്നു.

അതേക്കുറിച്ച് വി പി സുഹ്റ ഇങ്ങനെ എഴുതുന്നു. -''വനിതാകമ്മീഷന്റെ സിറ്റിങ്ങിൽ മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചക്ക് എടുത്തത്, ഇവരെ പ്രകോപിപ്പിച്ചു. സുഗതകുമാരിയെ ഒരു ഹിന്ദു സ്ത്രീയായാണ് അവർ കണ്ടത്. നായർ സ്ത്രീയായ നിങ്ങൾ എന്തിനാണ് മുസ്ലീങ്ങളുടെ വിഷയം ചർച്ച ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു പ്രശ്നം. അതിനുശേഷമാണ് നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ പറയണമെന്ന് തോന്നിയത്. അങ്ങനെയാണ് നിസയുടെ പിറവി.

97 ജൂൺ 16ന് മലപ്പുറം മഞ്ചേരിയിലാണ് ഈ സംഘടന ഉണ്ടായത്. വ്യക്തി നിയമങ്ങളിൽ ജനാധിപത്യപരമായ മാറ്റം. അതായിരുന്നു നിസയുടെ ആദ്യ ആവശ്യം. പുരോഗമനപരമായി ചിന്തിക്കുന്ന നിസ, തുടക്കത്തിലേ തന്നെ പലരുടേയും കണ്ണിലെ കരടായി. ഖുർആനിലും ഇസ്ലാമിക ശരീഅത്തിലും പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായാണ്, രാജ്യത്തെ വ്യക്തിനിയമമെന്ന്, നിസ ചൂണ്ടിക്കാണിച്ചതാണ് അതിന്റെ പ്രധാന കാരണം.

ബാലവിവാഹങ്ങൾ തടയുന്നതിന് മുഴുവൻ വിവാഹങ്ങളും രജിസ്റ്റർ ചെയ്യുക, ബഹുഭാര്യത്വത്തിനുള്ള അനുമതി നിബന്ധനകൾക്ക് വിധേയമാക്കുക, വിവാഹമോചനം കുടുംബകോടതി വഴിയാക്കുക, വധുവിന്റെ പിതാവും വരനും മാത്രം ഇടപെടുന്ന ഇന്നത്തെ വിവാഹ രീതി മാറ്റി വധുവിന്കുടി പങ്കാളിത്തമുള്ള വിവാഹ രീതി അംഗീകരിക്കുക, സ്ത്രീകൾക്ക് വിവാഹമോചനം നടത്താനുള്ള അനുമതി ക്രമങ്ങൾ ലഘൂകരിക്കുക, സ്വത്തവകാശത്തിൽ സ്ത്രീപുരഷ സമത്വം അനുവദിക്കുക, തുടങ്ങിയ നിരവധി കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. ''- ഇക്കാര്യങ്ങൾക്കുവേണ്ടിയുള്ള ഒരു പോരാട്ടം തന്നെയായിരുന്നു, പിന്നീട് അങ്ങോട്ട് വിപി സുഹ്റയുടെ ജീവിതം.

അറബികല്ല്യാണം തൊട്ട് മുത്തലാഖ്വരെ

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന് അകത്തുനിന്നുകൊണ്ട് അവരെ ശുദ്ധീകരിച്ച് എടുക്കുക, എന്ന ഭാരിച്ച പണിയായിരുന്നു വി പി സുഹ്റ ചെയ്തുകൊണ്ടിരിന്നത്. ഒരു സമയത്ത് കോഴിക്കോട്ടൊക്കെ നിരവധി അറബി കല്യാണങ്ങൾ നടന്നിരുന്നു. സന്ദർശക വിസയിൽ വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തുന്ന അറബികൾ ദരിദ്രവീട്ടിലെ പെൺകുട്ടികളെയായിരുന്നു വിവാഹം ചെയ്തിരുന്നത്. ഈ ചൂഷണത്തെക്കുറിച്ച് സുഹ്റ വിശദമായി എഴുതിയിട്ടുണ്ട്.

''രണ്ടോ മൂന്നോ മാസമായിരിക്കും അറബികൾ ഇവിടെ തങ്ങുക. ചില കുടുംബങ്ങളുടെ ബുദ്ധിമുട്ട് മുതലെടുത്ത് ഇതിനായി ചില ഏജന്റുമാരും പ്രവർത്തിച്ചിരുന്നു. പിന്നീട് ചെറിയ കൂട്ടികളെവരെ ഇവർ വിവാഹം കഴിക്കാൻ തുടങ്ങി. അറബികൾവന്ന് വിവാഹം കഴിക്കുന്നത് ഇവർക്ക് ആഘോഷമായിരുന്നു. അത് എന്തോവലിയ പുണ്യമായാണ് പലരും കരുതിയത്. 74-79 കാലഘട്ടത്തിലായിരുന്നു അത് കൂടുതൽ.

വിവാഹത്തിനായി പെൺകുട്ടികളെ തെരഞ്ഞെടുക്കുന്നതുപോലും, ഒരു പ്രത്യേക രീതിയിലാണ്. പെൺകുട്ടികളെ നിരത്തി നിർത്തും. എന്നിട്ട് അവരുടെ തലമുടി മുതൽ കാലുവരെ നോക്കും. അതിനുശേഷമാണ് വിവാഹം. വീട്വെച്ച്കൊടുക്കും, കുടെകൊണ്ടുപോകും എന്നൊക്കെ പറഞ്ഞാണ് വിവാഹം ചെയ്യുന്നത്. എന്നാൽ ഇതൊന്നും സംഭവിക്കില്ല. ഇങ്ങനെ വിവാഹം ചെയ്യുന്നവരിൽ ഭൂരിപക്ഷവും വേറെ ഭാര്യയും മക്കളും ഉള്ളവരായിരിക്കും. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന പെൺകുട്ടിക്ക് പിന്നെ ജീവിതമില്ല. അവൾ പെരുവഴിയിലാണ്. മൈസൂരിൽനിന്ന് കേരളത്തിലെത്തി പെൺകുട്ടികളെ വിവാഹം ചെയ്തുകൊണ്ടുപോയി പിന്നെ അനാശാസ്യ പ്രവർത്തനനത്തിന് ഉപയോഗിക്കുന്ന കേസുകളും ഉണ്ടായിരുന്നു. അത്തരം കേസുകളിൽ ഇടപെടാനും നീതി ലഭ്യമാക്കാനും നിസക്ക് സാധിച്ചു.''- സുഹ്റ പറയുന്നു.

ഇന്ന് അറബിക്കല്യാണവും മൈസുർ കല്യാണവും ഇന്ന് ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാൽ ഇസ്ലാമിലെ ബഹുഭാര്യാത്വം, മുത്തലാഖ്, ലിംഗ അനീതി, സ്വത്തവകാശ വിവേചനം എന്നിവക്കെതിരെ ഇന്നും അവർ പോരടിക്കുന്നു. മോദി സർക്കാർ മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ, നിസ അതിനെ അനുകൂലിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയം വന്നപ്പോൾ, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെക്കുറിച്ചും സുഹ്റ സംസാരിച്ചു.

പെൺമക്കൾ മാത്രമുള്ള ദമ്പതികൾക്ക്, അവരുടെ സ്വത്ത് പുർണ്ണമായും മക്കൾക്ക് കൈമാറാൻ കഴിയാത്ത രീതിയിലുള്ള ഇസ്ലാമിക നിയമങ്ങൾക്കെതിരെ അവർ നിരന്തരം പോരാടിച്ചു. ഷുക്കുർ വക്കീലിനെപ്പോലുള്ളവർ സ്വന്തം ഭാര്യയെ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിച്ചുള്ള കാമ്പയിന് തുടക്കം കുറിച്ചപ്പോൾ, അതിനും നിസയുടെയും വി പി സുഹ്റയുടെയും ഭാഗത്തുനിന്ന് പിന്തുണ ഉണ്ടായി. ഈ പോരാട്ടങ്ങളുടെയൊക്കെ തുടർച്ചയായാണ് ഇപ്പോൾ തട്ടം വിവാദവും വന്നിരിക്കുന്നത്.

'തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികൾ'

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു കേസിന് ആസ്പദമായ പരാമർശം ഉമർ ഫൈസി നടത്തിയത്. തട്ടം, പർദ്ദ എന്നിവയെല്ലാം ഇസ്ലാമിക ആചാരത്തിന്റെ ഭാഗമാണ്. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാത്തത് അഴിഞ്ഞാട്ടമായി കാണും. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികൾ ആണെന്നുമായിരുന്നു ഉമർ ഫൈസി പറഞ്ഞത്.

പരാമർശത്തിന് പിന്നാലെ തന്നെ ശക്തമായ പ്രതികരണവുമായി സുഹറ രംഗത്ത് എത്തി. ചാനലുകളിലെത്തി പർദയും തട്ടവും ധരിക്കാൻ ഖുർആനിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന അവരുടെ ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല.
തലയിൽ നിന്ന് സാരിത്തലപ്പെടുത്തു മാറ്റി, തല തട്ടം കൊണ്ട് മറയ്ക്കുകയില്ല എന്ന് പ്രസ്താവിച്ച് കൊണ്ട് സുഹ്‌റ മതമൗലികവാദികളെ ഞെട്ടിച്ചു. സുഹറയ്ക്ക് കൈയടികൾ ലഭിച്ചെങ്കിലും ഇവർക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗമുണ്ട്. യാഥാസ്ഥിതിക മത നേതൃത്വം ഇവർക്കെതിരെ ശക്തമായി രംഗത്തുണ്ട്.

ലോകത്തെ പല ഇസ്ലാം മതരാജ്യങ്ങളിൽ പോലും ഹിജാബ് ഉപേക്ഷിക്കാനുള്ള സമരങ്ങളിൽ സ്ത്രീകൾ സജീവമാകുകയാണ്. ഇറാനിൽ സ്ത്രീസ്വാതന്ത്ര്യത്തിനും സമത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ടതിന് നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ട്, ഇപ്പോൾ തടവറയിൽ കഴിയുന്ന നാർഗീസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇതേകാലത്താണ് മതേതര രാജ്യമായ ഇന്ത്യയിലെ കേരളത്തിൽ, വി പി സുഹറയ്ക്ക് തലയിലെ തട്ടമെടുത്തു മാറ്റി മതപുരുഷമേധാവിത്വത്തോട് കലഹിക്കേണ്ടി വരുന്നത്. തലയിൽ ഹിജാബ് ധരിച്ചിരുന്നില്ല എന്ന കുറ്റത്തിന് ഇറാനിലെ മൊറാലിറ്റി പൊലീസ് അറസ്റ്റു ചെയ്യുകയും പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത മാഷാ അമീനി എന്ന പെൺകുട്ടിയെ അനുസ്മരിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തതിനാണ് നാർഗീസ് മൊഹമ്മദി ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ഹിജാബിനെതിരെ ഇറാനിൽ നടന്ന സമരങ്ങളിൽ കൂട്ടത്തോടെ പങ്കെടുത്ത മുസ്ലിംസ്ത്രീകളുടെ സമരാവേശത്തെ, മതയാഥാസ്ഥിതിക നേതൃത്വം ഈ വൈകിയ വേളയിലെങ്കിലും യാർഥ്യബോധത്തോടെ അഭിസംബോധന ചെയ്തേ മതിയാകൂ എന്നാണ് വി പി സുഹ്റ പറയുന്നത്.

വാൽക്കഷ്ണം: കേരളത്തിലെ വൺസൈഡ് നവോത്ഥാനവാദികളായ ഇടതുപക്ഷം കണ്ടുപഠിക്കേണ്ടതാണ് സുഹ്റയെപ്പോലുള്ളവരുടെ പോരാട്ടം. നവീകരണം എന്നത് ഒരു മതത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല എന്ന് ഇപ്പോഴും കേരളത്തിലെ ഇടതുപക്ഷത്തിന് പിടികിട്ടിയിട്ടില്ലെന്ന് തോനുന്നു.