- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജയ് ഗാന്ധി കുടുംബത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനം!
1982 മാർച്ച് 28 രാത്രി. ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ ഹാവിയർ മോറോയുടെ വാക്കുകൾ പ്രകാരം, 'ഇന്ത്യ കണ്ട ഏറ്റവും വലിയ അമ്മായിയമ്മപ്പോരിന്' സാക്ഷ്യമായ ദിവസമാണ് അന്ന്. രാത്രി ഒമ്പത് മണിയോടെ, അന്താരാഷ്ട്ര ലേഖകരടക്കം ഫോട്ടോഗ്രാഫർമാരും റിപ്പോർട്ടർമാരും അടക്കം ഒരു വലിയ സംഘം ഇന്ത്യൻ പ്രധാനമന്ത്രിയുടെ വീടിന്റെ പ്രവേശന കവാടത്തിൽ തമ്പടിക്കുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവരുടെ മരുമകൾ മനേകയെ വീട്ടിൽനിന്ന് അടിച്ച് പുറത്താക്കി എന്ന ചൂടൻ വാർത്തയാണ് അവർക്ക് റിപ്പോർട്ട് ചെയ്യാനുണ്ടായിരുന്നത്!
പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പൊലീസ് സേനയെയും വൻതോതിൽ വിന്യസിച്ചു. രണ്ടു മണിക്കൂർ അവർ കാത്തുനിന്നു. 11 മണിയോടെ പാതിമയക്കത്തിലായിരുന്ന ഒരു കൊച്ചുകുഞ്ഞിനെ കൈകളിൽ പിടിച്ച് മനേക ഗാന്ധി എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ മരുമകൾ പുറത്തിറങ്ങി. കാറിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് നേരെ കൈകാണിക്കുന്ന മേനകയുടെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വന്നു. ഹാവിയർ മോറോ തന്റെ 'ദി റെഡ് സാരി' എന്ന പുസ്തകത്തിൽ പറയുന്നു. 'ഉടുതുണിക്ക് മുറതുണിയില്ലാതെയാണ് മനേകയെ ഇന്ദിര പുറത്താക്കിയത്. പ്രധാനമന്ത്രിയായാലും ഇന്ത്യയിലെ അമ്മായി അമ്മമാർക്ക് യാതൊരു മാറ്റവും ഉണ്ടാവില്ല'.
അന്ന് എറ്റവും വലിയ വിലപേശൽ നടന്നത്, മനേകയുടെ കൈയിലുള്ള ആ കുഞ്ഞിന് വേണ്ടിയായിരുന്നു. അടിയന്താരവസ്ഥക്കാലത്തെ കിരീടം വെക്കാത്ത രാജാവായി വിലസിയ, അകാലത്തിൽ വിമാന അപകടത്തിൽ പൊലിഞ്ഞ, സഞ്ജയ് ഗാന്ധിയെന്ന തന്റെ മകന്റെ കുഞ്ഞിനെ ഈ വീട്ടിൽതന്നെ നിർത്തണമെന്ന് ഇന്ദിര നിർബന്ധം പിടിച്ചു. പക്ഷേ മനേക സമ്മതിച്ചില്ല. അവർ കൈക്കുഞ്ഞുമായി കണ്ണീരോടെ ഇറങ്ങി.
ഈ അപമാനത്തിന് തിരിച്ചടി നൽകുമെന്ന് പ്രതിജ്ഞയെടുത്താണ് അവർ ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വീട് വിട്ടത്. താമസിയാതെ മനേക 'രാഷ്ട്രീയ സഞ്ജയ് മഞ്ച്' എന്ന പാർട്ടി സ്ഥാപിച്ചു. 1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമേഠിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്ന് ഇന്ദിരാഗാന്ധി വധത്തെ തുടർന്നുള്ള അതിശക്തമായ സഹതാപ തരംഗവും ഉണ്ടായിരുന്നു.1988ൽ മേനക ജനതാദളിൽ ചേർന്നു. ഒരു വർഷത്തിനുശേഷം, 1989-ൽ ജനതാദൾ ടിക്കറ്റിൽ പിലിബിത്ത് സീറ്റിൽ മത്സരിച്ച് പാർലമെന്റ് അംഗമായി. 1991ലെ തിരഞ്ഞെടുപ്പിൽ പിലിഭിത്തിൽ നിന്ന് ജനതാദൾ ടിക്കറ്റിൽ അവർ പരാജയപ്പെട്ടു. 2000ത്തോടെ അവർ ബിജെപിയുമായി അടുത്തു. പിലിഭിത്തിനുള്ള എംപിയും കേന്ദ്രമന്ത്രിയുമായി.
അന്ന് മനേകയുടെ കൈയിലുണ്ടായിരുന്നു ആ കുഞ്ഞാണ് വരുൺ ഫിറോസ് ഗാന്ധി. പിതാവിനെപ്പോലെ വളരെ പെട്ടന്ന് അവനും വിവാദ പുരുഷനായി. അതിതീവ്രമായ വിദ്വേഷ പ്രസംഗങ്ങളിലുടെ അയാൾ വളരെ പെട്ടന്ന് ബിജെപിയിൽ വളർന്നുവന്നു. രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും കടന്നാക്രമിക്കാൻ ഗാന്ധി സർനേമുള്ള ശക്തനായ ഒരാൾ. അതായിരുന്നു ബിജെപിക്ക് വരുൺ. 2009-ലെ തെരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തി എൺപതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിനാണ് അയാൾ ജയിച്ചത്. ചെറു പ്രായത്തിൽ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുമെത്തി.
പക്ഷേ ഇപ്പോഴിതാ കാര്യങ്ങൾ മാറിമറിയുകയാണ്. ഇത്തവണ വരുണിന് ബിജെപി സീറ്റ് കൊടുത്തിട്ടില്ല. യുപിയിലെ പിലിഭത്ത് ലോക്‌സഭ സീറ്റിൽ ഉത്തർപ്രദേശ് മന്ത്രി ജിതിൻ പ്രസാദയ്ക്ക് സീറ്റ് നൽകിയതോടെ, വരുൺ ഗാന്ധിയെ ബിജെപി വെട്ടിയെന്ന് വ്യക്തമാണ്. ഇനി വരുൺ എങ്ങോട്ട് പോവും. എന്താണ് വരുണും ബിജെപിയും തമ്മിലുള്ള പ്രശ്നം? ജവഹർലാൽ നെഹ്‌റുവിന്റെ ചെറുമകൻ വീണ്ടും ഗാന്ധി കൂടുംബത്തിലേക്ക് തിരിച്ചെത്തുമോ? സമഗ്രാധിപത്യം എന്ന സഞ്ജയ് ഗാന്ധി സിൻഡ്രോമിൽനിന്ന് ഇനിയും അയാൾക്ക് കരകയറാൻ കഴിയുന്നില്ലേ? ഹിന്ദി മാധ്യമങ്ങളിൽ ചർച്ചകൾ നിറയുകയാണ്.
ബിജെപിയിൽ കണ്ണഞ്ചിപ്പിക്കുന്ന വളർച്ച
സഞ്ജയ് ഗാന്ധിയുടെയും മനേകഗാന്ധിയുടെയും മകനായി 1980 മാർച്ച് 13 ന് ഡൽഹിയിലാണ് ജനനം. ഋഷി വാലി സ്‌കൂളിലും ന്യൂഡൽഹിയിലെ ബ്രിട്ടീഷ് സ്‌കൂളിലും പഠിച്ചു. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. അമ്മയുടെ വഴിയിലൂടെയാണ് വരുൺ രാഷ്ട്രീയത്തിലെത്തുന്നത്.
1999-ലെ തിരഞ്ഞെടുപ്പ് കാലത്ത്, മനേകഗാന്ധിയുടെ പ്രചാരണത്തിനിടെ അവർ തന്നെയാണ് വരുൺ ഗാന്ധിയെ പിലിഭിത് മണ്ഡലത്തിൽ ആദ്യമായി പരിചയപ്പെടുത്തിയത്. ഏതാണ്ട് നാൽപ്പതിലേറെ സ്ഥലങ്ങളിൽ പ്രസംഗിച്ചു. തആ തീപ്പൊര പ്രസംഗം പലപ്പോഴും സഞ്ജയ് ഗാന്ധിയെ ഓർമ്മിപ്പിക്കുന്നതാണെന്ന് മാധ്യമങ്ങൾ എഴുതി. തുർക്ക്മാൻ ഗേറ്റിലെ നിർബന്ധിത വന്ധ്യംകരണവമൊക്കെ തികഞ്ഞ മുസ്ലിം വിരോധി എന്ന പ്രതിഛായ സഞ്ജയ് ഗാന്ധിക്ക് കൊടുത്തിരുന്നു. അക്കാലത്ത്, മകനും അങ്ങനെ തന്നെയായിരുന്നു. തനി വർഗീയ പ്രസംഗങ്ങളിലൂടെ അയാൾ ആളെക്കുൂട്ടി.
ജനതാൾ ദൾ വിട്ട മനേകാഗാന്ധിയും മകനും, 2004- ൽ ആണ് ഔപചാരികമായി ബിജെപിയിൽ ചേരുന്നത്. ചെറിയൊരു കാലയളവിനുള്ളിൽ തന്നെ വരുൺ ഗാന്ധി ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. സോണിയെയും രാഹുലിനും ചുട്ട മറുപടികൊടുപ്പിക്കാൻ നെഹ്റു കുടുംബത്തിലെ ഇളമുറക്കാരൻ വന്നത് ബിജെപിക്ക് ആവശേമായി. ഇടക്ക് വിദ്വേഷം പ്രസംഗത്തിന്റെ പേരിൽ വരുൺ ജയിലിയായി. എന്നിട്ടും അയാൾ ശൈലി മാറ്റിയില്ല. 2009-ലെ തിരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്ക് പകരം വരുൺ ഗാന്ധിയെ പിലിബിത്ത് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. കന്നിയങ്കം മോശമായില്ല. 4,19,539 വോട്ടുകൾ നേടി വിജയിക്കുകയും തന്റെ തൊട്ടടുത്ത സ്ഥാനാർത്ഥിയായ വി എം സിങ്ങിനെ 2,81,501 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ സോണിയയും, രാഹുലും, മനേകയും അടക്കം ഗാന്ധി കുടുംബത്തിലെ നാല് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. അവരിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് വരുൺ ആയിരുന്നു.
ജൻ ലോക്പാൽ ബില്ലിനായി 2011-ൽ വരുൺ ഗാന്ധി ശക്തമായി വാദിച്ചു. സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് വരുൺഗാന്ധി തന്റെ ഔദ്യോഗിക വസതി അണ്ണാ ഹസാരെയ്ക്ക് നിരാഹാരം നടത്താനായി വിട്ടുകൊടുത്തു. ഹസാരെ ജയിലിലായപ്പോൾ, ജൻ ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാമെന്ന് വരുൺവാഗ്ദാനം ചെയ്തു. ഓഗസ്റ്റ് 24-ന്, അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കാൻ അദ്ദേഹം രാംലീല മൈതാനത്തേക്ക് പോയി , അങ്ങിനെ അഴിമതി വിരുദ്ധ സമരത്തെ പരസ്യമായി പിന്തുണച്ചു.
2013-ൽ രാജ്നാഥ് സിങ്ങ് വരുൺഗാന്ധിയെ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായി. വെറും 33ാം വയസ്സിൽ ഈ ചുമതലയിൽ എത്തിയ നേതാക്കൾ ബിജെപിയിൽ ഇല്ലായിരുന്നു. 2013 മേയിൽ പശ്ചിമ ബംഗാളിലെ ബിജെപിയുടെ കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചു. പക്ഷേ അതൊന്നും, അവർക്ക് പോരായിരുന്നു. വലിയ, വലിയ സ്വപ്നങ്ങൾ കണ്ടുകൊണ്ടിയിരുന്നു വരുൺ ഗാന്ധിയും മനേക ഗാന്ധിയും ബിജെപിയിയേക്ക് ചേക്കേറിയത്. യുപി മുഖ്യമന്ത്രി സ്ഥാനമായിരുന്നു വരുണിന്റെ ലക്ഷ്യം. ഇതിയൊണ് സഞ്ജയ് ഗാന്ധി സിൻഡ്രോം എന്ന് അർണബ് ഗോസ്വാമിയെപ്പോലുള്ളവർ പറയുന്നത്. ഒരു സ്ഥാനമല്ല സമഗ്രാധിപത്യമാണ് വരുണിന്റെ ലക്ഷ്യമെന്ന് അവർ ആരോപിക്കുന്നു.
സ്വയം പ്രഖ്യാപിത യുപി മുഖ്യമന്ത്രി
2004 മുതൽ 2019 വരെ വരുൺ ഗാന്ധിയുടെ സുവർണ കാലമായിരുന്നു. യുവ നേതാവിന്റെ രാഷ്ട്രീയ യാത്രയ്ക്ക് ബിജെപി പൂർണ പിന്തുണ നൽകി. പക്ഷേ രാജ്‌നാഥ് സിങ് കൈപിടിച്ചുയർത്തിയ വരുൺ ഗാന്ധി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അത്ര പ്രിയപ്പെട്ടവനല്ല. മോദിയെ ദേശീയ നേതാവായി ഉയർത്തിക്കാട്ടി ബിജെപി ക്യാമ്പയിനുകൾ ആരംഭിച്ച സമയത്ത് വരുണിന്റെ ഒരു പ്രസംഗം പാർട്ടിക്കുള്ളിൽ വലിയ വിവാദമായി. രാജ്‌നാഥ് സിങിനെ മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയോട് ഉപമിച്ചാണ് വരുൺ സംസാരിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉത്തമൻ രാജ്‌നാഥ് സിങ് ആണെന്ന ശ്രുതി വരുണിന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നു. തനിക്ക് വലിയ സ്ഥാനം തന്ന രാജ്‌നാഥിനോടുള്ള കൂറുകാട്ടലായി ഇതിനെ കാണാമെങ്കിലും, ഇതോടെ, നരേന്ദ്ര മോദിയുടെ കണ്ണിലെ കരടായി വരുൺ. ഇതോടൊപ്പം മറ്റ് വിവാദങ്ങൾ ഉണ്ടായതോടെ, ദേശീയ ജനറൽ സെക്രട്ടറിയായി ഒരുവർഷത്തിനുള്ളിൽ, 2014-ൽ ബിജെപി വരുണിനെ നീക്കി.
പാർട്ടിയും വരുണും തമ്മിൽ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് 2016-ലാണ്. പ്രയാഗ്രാജിൽ വെച്ച് നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് അഭിനന്ദനങ്ങൾ അർപ്പിച്ചു ബിജെപി പ്രവർത്തകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമൊപ്പം വരുൺ ഗാന്ധി നിറഞ്ഞുനിന്നു. ഇതോടെ, 2017- ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരുൺ ഗാന്ധി സ്വയം പ്രതിഷ്ഠിക്കുകയാണെന്ന് പാർട്ടിയിൽ വിമർശനമുയർന്നു. പാർട്ടിയോട് ചോദിക്കാതെ, ദളിതർക്കും മുസ്ലിംകൾക്കും വീടു വെച്ചുനൽകുന്ന പദ്ധതിയുമായി വരുൺ രംഗത്തെത്തിയും ബിജെപിയെ ചൊടിപ്പിച്ചു. എംപി ഫണ്ടും സ്വന്തം നിലയ്ക്കുള്ള ഫണ്ടും ഇതിനുവേണ്ടി വരുൺ ഉപയോഗിച്ചു. ഇത് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കി. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചുള്ളതാണ് ഇത്തരം നീക്കങ്ങളെന്ന് ബിജെപി വിലയിരുത്തി.
2019-ലെ തെരഞ്ഞെടുപ്പ് കാലത്താണ് കല്ലുകടി വർധിച്ചു. രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ നിന്നും മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശം വരുൺ ഗാന്ധി തള്ളി. തിരഞ്ഞെടുപ്പ് തമാശ കളി ആക്കാൻ ഇല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങണമെന്ന് ആവശ്യവും തള്ളി. അതോടെ വരുണിനെയും മനേകയെയും ബിജെപി നേതൃത്വം തഴഞ്ഞു തുടങ്ങി. യുപി നിയമസഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ മോദി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലേക്ക്പോലും ഇരുവരെയും ക്ഷണിച്ചില്ല.
യോഗിയും മോദിയുമായി പോര്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരത്തെയുള്ള ഭിന്നതകൾ ഇതിനിടെ വർധിച്ചു. പാർട്ടി പറയുന്നതുപാലെയല്ല വരുൺ എംപി ഫണ്ട് ചെലവിടുന്നത് എന്നുപോലും പരാതി വന്നു. എംപിമാരുടെ ശമ്പള വർദ്ധന ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് 2018- ൽ സുൽത്താൻപൂരിലെ ഒരു പൊതു ചടങ്ങിൽ വരുൺ പ്രസംഗിച്ചത് വിവാദമായി. 'ഏത് മേഖലയിലും കഠിനാധ്വാനവും ജോലിയിലെ മികവും ശമ്പളത്തെ സ്വാധീനിക്കുമ്പോൾ പത്തു വർഷത്തിനുള്ളിൽ ഏഴ് തവണ ശമ്പളം വർധിപ്പിക്കാൻ എംപിമാർക്ക് വെറുതെ കൈയുയർത്തുക മാത്രം മതിയായിരുന്നു.ശമ്പളവും അലവൻസ് അടക്കം പൊതു ഖജനാവിൽ നിന്ന് 2.7 ലക്ഷം രൂപ ഒരു എംപിക്കായി ഒരു മാസം നൽകുന്നത് അനാവശ്യമാണ്"- വരുൺ പറഞ്ഞു. ഈ കടുത്ത വിമർശനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ഉടൻ താക്കീതും വന്നു.
അതുപോലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും നിരവധി തവണ അദ്ദേഹം ഉടക്കി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാത്രി കർഫ്യു നടപ്പാക്കാനുള്ള യുപി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് വരുൺ ഗാന്ധി രംഗത്തെത്തി. ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച് റാലികൾ സംഘടിപ്പിച്ചതിന് ശേഷം രാത്രികാലങ്ങളിൽ കർഫ്യു ഏർപ്പെടുത്തിയതുകൊണ്ട് എന്ത് കാര്യമെന്ന് വരുൺ ഗാന്ധി തുറന്നടിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ചപറ്റിയെന്നും വരുണിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായി. 2020-21ൽ കർഷക സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ ഏക ബിജെപി നേതാവ് വരുണായിരുന്നു. യുപിയിലെ ലഖിംപൂർ ഖേരിയിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര ടെനിയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം ഇടിച്ച് നാല് കർഷകർ ഉൾപ്പെടെ എട്ട് പേരുടെ മരണത്തിന് ആരാണ് ഉത്തരവാദിയെന്ന് വരുൺഗാന്ധിമാത്രമാണ് ആ പാർട്ടിയിൽ നിന്നും ചോദ്യം ഉന്നയിച്ചത്. പിന്നാലെ, മനേക ഗാന്ധിയേയും വരുൺ ഗാന്ധിയേയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവിൽ നിന്ന് പുറത്താക്കി.
അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ നടപടിക്ക് എതിരെ വരുൺ ഗാന്ധി നടത്തിയ വിമർശനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചു. ആശുപത്രിയുടെ പേര് സഞ്ജയ് ഗാന്ധി എന്നായതിനാലാണ് സർക്കാർ ലൈസൻസ് റദ്ദാക്കിയത് എന്നായിരുന്നു വരുണിന്റെ വിമർശനം. ഡിസംബറിൽ, വിമാനത്താവളങ്ങളിലെ മദ്യവിൽപ്പനശാലകളുടെ മാതൃകയിൽ റെയിൽവേ സ്റ്റേഷനുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാരിനെ വരുൺ ശക്തിയായി എതിർത്തിരുന്നു. ഇങ്ങനെ ബിജെപിക്കെതിരെ വരുൺ നിഴൽ യുദ്ധം നടത്തി. അതിന്റെ ഒക്കെ തുടർച്ചയാണ്, ഇപ്പോൾ ഉണ്ടായ സീറ്റ് നിഷേധം.
മകൾ മരിച്ചത് ആഘാതമായി
വ്യക്തിദുരന്തങ്ങൾ എന്നും കൂടെയുണ്ടായിരുന്നു വരുൺഗാന്ധിക്ക്. 1980-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി അധികാരം തിരിച്ചുപിടിച്ചതിന് തൊട്ടുപിന്നാലെയാണ് വരുൺ ജനിച്ചത്. അപ്പോൾ അയാൾ ഭാഗ്യക്കുട്ടിയായാണ് കണക്കാക്കപ്പെട്ടത്. പക്ഷേ വരുണിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ 1980 ജൂണിൽ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരിച്ചു. നാല് വയസ്സുള്ളപ്പോൾ 1984 ഒക്ടോബർ 31 ന് ഇന്ദിരഗാന്ധിയും കൊല്ലപ്പെട്ടു. പിന്നെ രാജീവ്ഗാന്ധിയുടെ മരണം. അങ്ങനെ തുടർച്ചയായ ദുരന്തങ്ങളിലുടെയാണ് അയാളുടെ വ്യക്തിജീവിതം കടന്നുപോയത്.
ഈ വ്യക്തിദുരന്തങ്ങൾ രാഹുൽഗാന്ധിയെപ്പോലെയുള്ള ഒരാളെ കൂടുതൽ സൗമന്യും, മനുഷ്യപ്പറ്റുള്ളവനും ആക്കിയെങ്കിൽ വരുണിനെ സംബന്ധിച്ച് തിരിച്ചായിരുന്നു. അയാൾ കൂടുതൽ കൂടുതൽ കർക്കശക്കാരനായി മാറി. ബംഗാളിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ കൊച്ചുമകൾ യാമിനി റോയ് ചൗധരിയെയാണ് വരുൺ വിവാഹം കഴിച്ചത്. അതിനിടയിൽ വ്യക്തിപരമായി നികത്താൻ ആവാത്ത വലിയ ഒരു നഷ്ടം വരുൺ ഗാന്ധിക്ക് ഉണ്ടായി. മകളുടെ മരണമായിരുന്നു. ജനിച്ച് മൂന്നാം മാസത്തിലാണ് വരുണിനും ഭാര്യ യാമിനിക്കും മകളെ നഷ്ടമായത്. 'തന്റെ ഈ കൈകളിൽ കിടന്നാണ് അവൾ മരിച്ചത്. ജീവിതത്തിൽ ഒരു രാഷ്ട്രീയ നേട്ടവും ഒരു പദവിയും ആ നഷ്ടത്തേക്കാൾ വലുതല്ല' -ഏറെ കാലത്തിനുശേഷം വരുൺ മനസ്സ് തുറന്നു. ഏതാണ്ട് നാല് മാസത്തോളം അദ്ദേഹം വീട്ടിൽ തന്നെ കഴിച്ചുകൂട്ടി.
പിന്നീട് സംസാരത്തിൽ പോലും മിതത്വം പാലിച്ചു തുടങ്ങി. മകൾ മരിച്ചപ്പോൾ രാഹുലും പ്രിയങ്കയും വരുണിന്റെ വീട്ടിൽ എത്തിയിരുന്നു. മനേകഗാന്ധിയും സോണിയ ഗാന്ധിയും തമ്മിൽ കണ്ടാൽ മിണ്ടുക പോലും ഇല്ല. എന്നാൽ മക്കൾ തമ്മിൽ അങ്ങനെ ആയിരുന്നില്ല. 1997-ൽ പ്രിയങ്ക ഗാന്ധിയുടെ വിവാഹത്തിന് രാഹുലിനൊപ്പം വരുണുമുണ്ടായിരുന്നു. വരുണിന്റെ വിവാഹത്തിന് ഗാന്ധി കുടുംബത്തിൽ നിന്ന് ആരും വന്നിരുന്നില്ലെങ്കിലും അവർ തമ്മിൽ വ്യക്തിബന്ധമുണ്ട്. 2014-ൽ രണ്ടാമത്തെ മകൾ അനസൂയയുടെ ജനനത്തോടെയാണ് വരുൺ മകൾ മരിച്ച ഷോക്കിൽനിന്ന് ഒരു പരിധിവരെ കരയകറിയത്.
ഹണിട്രാപ്പ് വിവാദം അതിജീവിച്ചു
2016-ൽ ഇന്ത്യയെ ഞെട്ടിച്ച വാർത്തയായിരുന്നു വരുൺഗാന്ധി ഹണിട്രാപ്പിൽ പെട്ടത്. വരുൺ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി എന്നും വാർത്തകൾ വന്നു. ലൈംഗികത്തൊഴിലാളിയായ യുവതിയുടെ ഒപ്പം എന്ന് പറഞ്ഞാണ് വരുൺ ഗാന്ധിയുടെതെന്ന് പറയപ്പെടുന്ന ചൂടൻ ചിത്രങ്ങൾ പ്രചരിച്ചത്. പക്ഷേ പിന്നീടുള്ള അന്വേഷണത്തിൽ പ്രതിരോധ രഹസ്യങ്ങൾ ചോർത്തുന്ന രീതിയിൽ ചാരസുന്ദരിമാരെ നിയോഗിച്ചത് ഒന്നുമല്ല, വെറു പേഴ്സണൽ കാര്യമാണ് ഇത് എന്നും വാർത്തകൾ വന്നു. ഏതായാലും അത് പിന്നീട് ഒതുങ്ങിപ്പോയി.
അന്നും ചില മാധ്യമ പ്രവർത്തകർ വരുണിന്റെ ഈ സ്വഭാവത്തിനും സഞ്ജയ്ഗാന്ധിയെ കൂട്ടിക്കെട്ടി. അടിയന്തരാവസ്ഥക്കാലത്തെ കിരീടം വെക്കാത്ത ഇന്ത്യൻ യുവരാജാവിന് സ്ത്രീകൾ എന്നും ദൗർബല്യമായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇത് ചോദ്യം ചെയ്തതിന് ഒരു പാർട്ടിയിൽവെച്ച് സ്വന്തം അമ്മയും, അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ കരത്ത് മകൻ സഞ്ജയ് അടിച്ചതായും വാർത്തകൾ വന്നിരുന്നു! അതോടൊപ്പം വമനേകാ ഗാന്ധി നടത്തിയ ചില കാര്യങ്ങളും ചില മുതിർന്ന മാധ്യമ പ്രവർത്തകർ എഴുതി. അമ്മ മനേക ഗാന്ധി 38 വർഷം മുമ്പ് ചെയ്ത ഒരു കൃത്യത്തിന്റെ ഫലമാണ് മകൻ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് സോഷ്യൽ മീഡിയിൽ ചിലർ കുത്തിപ്പൊക്കിയിരുന്നു.
1978-ൽ മനേക ഗാന്ധി പത്രാധിപരായിരുന്ന സൂര്യ മാഗസിനിൽ, കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജഗ്ജീവൻ റാമിന്റെ മകൻ സുരേഷിന്റെയും കാമുകി സുഷമയുടെയും കടിപ്പറ ദൃശ്യങ്ങളാണ് അടിച്ചുവന്നത്. 2016-ൽ വരുണിന് ഉണ്ടായ അതേ വിധിയാണ് 78ൽ സുരേഷിനും ഉണ്ടായിത്്. സുരേഷിന്റെ കാമുകിയല്ല സുഷമ ചാരവനിതയാണെന്നും സുരേഷ് ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തിയെന്നും അന്ന് ആരോപണം ഉയർന്നു.
മൊറാർജി ദേശായ് സർക്കാറിലെ ഉപപ്രധാനമന്ത്രികൂടിയായ ജഗ്ജീവൻ റാം, മന്ത്രിസഭയിലെ രണ്ടാമനായാണ് പരിഗണിക്കപ്പെട്ടത്. പ്രധാനമന്ത്രി വരെ ആകുമെന്ന് ഒരവസരത്തിൽ കരുതപ്പെട്ട ജഗ്ജീവൻ റാമിന്റെ രാഷ്ട്രീയ ഭാവി തകർത്തത് ഈ ചിത്രങ്ങൾ കൂടിയാണ്. സ്വാതന്ത്ര്യസമര സേനാനിയായ ജഗ്ജീവൻ റാം നെഹ്‌റുവിന്റെ കാലം മുതൽ കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്നു. എന്നാൽ അടിയന്തിരാവസ്ഥയോടെ റാം പാർട്ടി വിട്ടു. ഇന്ദിരാഗാന്ധി നയിച്ച കോൺഗ്രസ് തോറ്റമ്പിപ്പോൾ ജഗ്ജീവൻ റാം മറുകണ്ടം ചാടി മന്ത്രിയായി. സുരേഷും സുഷമ എന്ന പെൺകുട്ടിയും ഒരുമിച്ചുള്ള കിടപ്പറ ദൃശ്യങ്ങൾ ഏതാണ്ട് എല്ലാ പത്രങ്ങൾക്കും കിട്ടിയിരുന്നത്രെ. എന്നാൽ രാഷ്ട്രീയക്കാരനല്ലാത്ത സുരേഷിന്റെ ചിത്രങ്ങൾ കൊടുക്കുന്നതിൽ മറ്റുള്ളവരാരും വാർത്താ പ്രധാന്യം കണ്ടില്ല. എന്നാൽ അന്ന് ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തയായിരുന്ന മനേക ഗാന്ധി രാഷ്ട്രീയ പക തീർക്കാൻ ഈ ചിത്രങ്ങൾ കൊടുക്കുയായിരുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്ന് വരെ കരുതപ്പെട്ട ദളിത് നേതാവായിരുന്ന ജഗ്ജീവൻ റാം പതിയെ സജീവരാഷ്ട്രീയത്തിൽ നിന്നും നിഷ്‌കാസിതനായി. മകൻ സുരേഷ് താമസിയാതെ മരണപ്പെട്ടു. ഇന്ത്യയുടെ ആയുധ രഹസ്യങ്ങൾ ചൈനീസ് ചാരസുന്ദരിക്ക് ജഗ്ജീവൻ റാമിന്റെ മകൻ ചോർത്തി നൽകിയെന്നായിരുന്നു ആരോപണങ്ങൾ. 17 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടായിരുന്നു സുരേഷും സുഷമയും തമ്മിൽ. ഇവർ തമ്മിൽ നേരത്തെ ബന്ധത്തിലായിരുന്നു എന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. സുരേഷിന്റെ മുറിയിൽ ക്യാമറ വെച്ച് ചിത്രങ്ങൾ എടുത്ത് ചരൺസിംഗിന് വേണ്ടിയാണെന്നും ഇത് വെച്ച് രാഷ്ട്രീയ പക തീർക്കുകയായിരുന്നു ഉദ്ദേശമെന്നും റിപ്പോർട്ടുകൾ വന്നു.
ആ രീതിയിലുള്ള പകയാണ് അമ്മ മേനകാഗാന്ധിക്കും ഉണ്ടായിരുന്നത്. (എന്നാൽ മകന്റെ വിവാദം വന്നപ്പോൾ, ഫോട്ടോ പുറത്തുവിട്ടതിലെ മീഡിയാ എത്തിക്സിനെ കുറിച്ചൊക്കെ മനേകയും വാചാലയായി.) പക്ഷേ ഇതേ മനേക തന്നെ പിന്നീട് ഇന്ദിരാഗാന്ധിയുമായി തെറ്റിയതും, സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവീട്ടിൽനിന്ന് രാക്കുരാമാനും ഇന്ദിര പുറത്താക്കിയതുമെല്ലാം ചരിത്രം. പക്ഷേ തന്റെ അമ്മായി അമ്മയോട് അവർ പ്രതികാരം ചെയ്തത് പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന ശൈലിയിൽ ആയിരുന്നു. ഇന്ദിരാഗന്ധിയുമായി, മലയാളിയായ നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എംഒ മത്തായിക്കും ധീരേന്ദ്രബ്രഹ്മചാരിക്കും ഉണ്ടായിരുന്ന രഹസ്യബന്ധം മേനക അങ്ങാടിപ്പാട്ടാക്കി.
1946 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നെഹ്‌റുവിന്റെ പ്രത്യേക സഹായിയായാണ് എംഒ മത്തായി ജോലി ചെയ്തത്. ക്രമേണ നെഹ്‌റുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അദ്ദേഹം മാറി. പിന്നീട് മത്തായി എഴുതിയ ആത്മകഥയാണ് 'നെഹ്‌റു യുഗത്തെക്കുറിച്ചുള്ള സ്മരണകൾ' എന്ന പുസ്തകം. നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ പച്ചയ്ക്ക് വെളിപ്പെടുത്തുന്നതായിരുന്നു ആ പുസ്തകം. 'അവൾ' എന്ന തലക്കെട്ടോടുകൂടി ഇന്ദിരാഗാന്ധിയെക്കുറിച്ച് പരാമർശിക്കുന്ന അദ്ധ്യായമായിരുന്നു അതിൽ ഏറ്റവും ആകർഷകം. മത്തായി ഇന്ദിരാഗാന്ധിയുടെ രഹസ്യ കാമുകനാണെന്ന് ആ അധ്യായത്തിൽ പറയുന്നു. തന്നെ ഒരു കുതിരയാക്കിയാണ് ഇന്ദിര ഉപയോഗിച്ചതെന്ന് പച്ചക്ക് അയാൾ പറയുന്നു. നീണ്ട പന്ത്രണ്ട് വർഷക്കാലം തങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും തന്നിൽ നിന്നും ഇന്ദിര ഒരിക്കൽ ഗർഭിണിയായെന്നും അന്ന് ഗർഭച്ഛിദ്രം ചെയ്യുകയാണുണ്ടായതെന്നും മത്തായി പറയുന്നു. ഇന്ദിരയെ കാണാനായി ഒരിക്കൽ മുറിയിലേയ്ക്ക് കടന്നുവന്ന മത്തായി കണ്ടത് ധീരേന്ദ്ര ബ്രഹ്മാചാരി എന്ന മനുഷ്യനും ഇന്ദിരയുമൊന്നിച്ചുള്ള ചില രംഗങ്ങളാണ്. അതായിരുന്നു ആ ബന്ധം അവസാനിക്കാനുണ്ടായ കാരണമെന്നും പുസ്തകം പറയുന്നു.
പക്ഷേ ഈ വിവാദ പുസ്തകം, പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 'അവൾ' എന്ന അദ്ധ്യായം ഒഴിവാക്കപ്പെട്ടു. പിന്നീട് ആ പുസ്തകം ഇന്ത്യയിൽ നിരോധിക്കുകയും ചെയ്തു. പക്ഷേ മേനക വിട്ടില്ല. അവർ മത്തായിയെ തപ്പിപ്പിടിച്ച് അവൾ എന്ന അധ്യായം കൈവശപ്പെടുത്തി. അത് കോപ്പിയെടുത്ത് ഡൽഹിയിലെ പത്രക്കാർക്കും മറ്റ് ഉന്നതർക്കുമൊക്കെ എത്തിച്ചു. അങ്ങനെ അവർ പൊതുജനമധ്യത്തിൽ ഇന്ദിരയെ നാറ്റിച്ചു. ഈ രീതിയിൽ നോക്കിയാൽ അപ്പൻ വഴിയും അമ്മ വഴിയും, തെറ്റിയാൽ എന്ത് തറ പരിപാടിയും ചെയ്യുന്ന ജീനുകളാണ്, വരുൺഗാന്ധിക്കുമുള്ളത് എന്ന് മുമ്പ് മണിശങ്കര അയ്യർ നേരത്തെ പറഞ്ഞത് വൻ വിവാദമായിരുന്നു.
ഇപ്പോൾ എഴുത്തുകാരനും കവിയും
പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ശൈലി തീർത്തും മാറ്റിയിരിക്കയാണ് വരുൺ. വിവാദ പ്രസംഗങ്ങളോട് വിട പറഞ്ഞ അദ്ദേഹം ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമാണ്. രണ്ടര വർഷം നീണ്ടുനിന്ന ഗവേഷണഫലമായി ഒരു പുസ്തകം എഴുതി. 850 പേജുള്ള അക്കാദമി പഠനക്കുറിപ്പ്. 'ദി റൂറൽ മാനിഫെസ്റ്റോ: അവളുടെ ഗ്രാമങ്ങളിലൂടെ ഇന്ത്യയുടെ ഭാവി സാക്ഷാത്കരിക്കുന്നു' എന്നാണ് പുസ്തകത്തിന്റെ പേര്. പുറത്തിറങ്ങി 10 ദിവസത്തിനുള്ളിൽ 30,000 കോപ്പികൾ വിറ്റു.
കൂടാതെ ചില കവിതാ സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിജെപിയുടെ പല പരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നുവെങ്കിലും സ്വന്തം മണ്ഡലത്തിലെ കർഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കോളേജുകളിൽ കുട്ടികളോട് സംസാരിക്കുന്നുണ്ട്. രാഷ്ട്രീയമല്ല ഗ്രാമീണ ഇന്ത്യയും കാർഷിക മേഖലയും അതാണ് മുഖ്യവിഷയം.
ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ദി ഇക്കണോമിക് ടൈംസ്, ദി ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു, ഔട്ട്‌ലുക്ക് തുടങ്ങി ഇന്ത്യയിലെ നിരവധി ദേശീയ ദിനപത്രങ്ങൾക്കും മാസികകൾക്കും വരുൺഗാന്ധി ലേഖനങ്ങളും നയരേഖകളും എഴുതുന്നു. 21 പത്രങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ സിൻഡിക്കേറ്റഡ് കോളം വരുൺഗാന്ധി കൈകാര്യം ചെയ്യുന്നു. ഏതാണ്ട് 200 ദശലക്ഷത്തിലധികം വായനക്കാരുണ്ട് അദ്ദേഹത്തിന്. പഴയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇനി അദ്ദേഹത്തെ റേറ്റ് ചെയ്യേണ്ടതില്ല.
പക്ഷേ അപ്പോഴും ചോദ്യം വരുണിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്നാണ്. 2023 മെയിൽ കേദാർനാഥിൽ വെച്ച് രാഹുൽ ഗാന്ധിയും വരുൺ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് വരുൺ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടാക്കിയിരുന്നു. വരുണിനെ എസ്‌പി പാളയത്തിൽ എത്തിക്കാൻ അഖിലേഷ് യാദവ് ശ്രമം തുടങ്ങിയെന്നാണ് സൂചന. അതുപോലെ തൃണമൂൽ കോൺഗ്രസുമായും വരുൺ ചർച്ച നടത്തുന്നുണ്ടെന്ന് അറിയുന്നുണ്ട്. വരുണിനെ തഴയുമ്പോഴും മനേക ഗാന്ധിയെ കൈവിടാൻ ബിജെപി തയാറല്ല. സുൽത്താൻപുർ മണ്ഡലം മേനക ഗാന്ധിക്ക് നൽകിയിട്ടുണ്ട്. മാത്രമല്ല അത്രയേറെ മുറിവേറ്റ മനേകക്ക് നെഹ്റു കുടുംബത്തിലേക്ക് മടങ്ങാൻ കഴിയില്ല എന്ന് ബിജെപിക്ക് നന്നായി അറിയാം. അമ്മ പാർട്ടിയിൽ ഉള്ളകാലത്തോളം മകൻ പാർട്ടിവിടില്ലെന്നും ബിജെപി നേതൃത്വം കരുതുന്നു.
വാൽക്കഷ്ണം: കരുണാകരന്റെ മകളും, ആന്റണിയുടെയും മകനും ബിജെപിയിൽ എത്തിയതിൽ ഇവിടെ വലിയ ബഹളങ്ങൾ നടക്കുന്നു. അതിനും എത്രയോ വർഷം മുമ്പ് നെഹ്റു കുടുംബത്തിൽനിന്ന് കാവിപ്പടയിലേക്കുള്ള ചേക്കേറൽ നടന്നിട്ടുണ്ടെന്ന് മറന്നുപോവരുത്!