- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട്ടെല്ല് വളക്കാതെ ബിആർപി വിടവാങ്ങുമ്പോൾ!
ഈ മനുഷ്യൻ കടന്നുപോയ അനുഭവങ്ങളിലുടെയും കണ്ട കാഴ്ചയിലുടെയും ഒരു മലയാളിയും കടന്നുപോയിട്ടുണ്ടാവില്ല. ബംഗ്ലാദേശ് യുദ്ധവും, സോവിയറ്റ് യൂണിയന്റെ പതനവും, സൂയസ് കനാലിന്റെ ദേശസാത്ക്കരണവും അടക്കമുള്ള ലോകത്തെ പിടിച്ചുകുലുക്കിയ നിരവധി വിഷയങ്ങൾ എഴുതിയ ആ കൈവിരലുകൾ ഇന്നലെ നിലച്ചു. ബിആർപി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കറിന്റെ മരണത്തോടെ, കേരള മാധ്യമ ചരിത്രത്തിലെ ഒരു സംഭവബഹുലമായ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. 92ാം വയസ്സിൽ വിടവാങ്ങുന്ന ബിആർപിക്ക് മാധ്യമ പ്രവർത്തനം വെറുമൊരു തൊഴിൽ ആയിരുന്നില്ല, ഒരു ആക്റ്റീവിസവും സാധനയും തന്നെയായിരുന്നു.
അധികാര- രാഷ്ട്രീയത്തിന്റെ സ്വാധീനങ്ങൾക്ക് വഴങ്ങാതെ, പ്രാന്തവത്കൃത സമൂഹങ്ങളുടെ വേദനകൾക്കൊപ്പം നിൽക്കുക എന്ന മാധ്യമ ധർമത്തിൽ നിന്ന് തരിമ്പുപോലും വ്യതിചലിക്കാതെയാണ്, ഏഴു പതിറ്റാണ്ടുകാലം അദ്ദേഹം പത്രപ്രവർത്തനം നടത്തിയത്. ഒരു ഉന്നതനും മുന്നിലും ആ തല കുനിഞ്ഞില്ല. ഇടപെടലുകൾ ഉണ്ടാവുമ്പോൾ ഒക്കെ അദ്ദേഹം രാജിവെച്ചു. 1952-ൽ ജേണലിസ്റ്റായി പ്രവർത്തനം തുടങ്ങിയ അദ്ദേഹം തൊണ്ണൂറാമത്തെ വയസുവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തനം നടത്തി. ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച മുജീബുൽ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹർഗോവിന്ദ് ഖുറാനയ്ക്കു നൊബേൽ ലഭിച്ച വാർത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
ഒരായുഷ്‌കാലം മുഴുവൻ വാർത്താമുറികൾക്കു സമർപ്പിച്ച അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് 'ന്യൂസ് റൂം -ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ,' എന്നായിരുന്നു. ഈ ഒറ്റ പുസ്തകം മതി അദ്ദേഹത്തെ കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ എന്നും നിലനിർത്താൻ. ചരിത്രം നഷ്ടപ്പെട്ടവർ, ദ് ചേയ്ഞ്ചിങ് മീഡിയസ്‌കേപ് എന്നീ പുസ്തകങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ലോകത്തിന്റെ നെറുകയിലേക്കുള്ള, ഈ വിനീതനായ മൃദുഭാഷിയുടെ വളർച്ച ശരിക്കും വല്ലാത്തൊരു കഥയാണ്.
19ാം വയസ്സിൽ തുടങ്ങിയ മാധ്യമ ജീവിതം
തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ 1932 മാർച്ച് 12 നാണ് എകെ ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആർപി ഭാസ്‌കർ ജനിച്ചത്. ഈഴവസമുദായ നേതാവും സാമൂഹിക പരിവർത്തനവാദിയുമായിരുന്ന ഭാസ്‌കർ, നവഭാരതം എന്ന പത്രത്തിന്റെ ഉടമ കൂടിയായിരുന്നു. 1951- ൽ കൊല്ലം എസ്എൻ കോളജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്സി പാസായ ബിആർപി ഭാസ്‌കറിന് പത്രപ്രവർത്തനത്തിൽ താൽപര്യമുണ്ടായിരുന്നെങ്കിലും മകനെ ജേർണലിസ്റ്റാക്കൻ അച്ഛൻ ആഗ്രഹിച്ചിരുന്നില്ല. അവനെ ഐസിഎസുകാരനാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും അച്ഛനറിയാതെ നവഭാരതിൽ മറ്റൊരു പേരിൽ ബിആർപി ലേഖനമെഴുതി. അത് അച്ഛനറിഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് മകന്റെ ഇഷ്ടത്തിനു വഴങ്ങി. ബിഎസ്സി പഠനത്തിനു ശേഷം ഇംഗ്ലിഷ് പത്രപ്രവർത്തനം ലക്ഷ്യമിട്ട് ഹിന്ദുവിൽ ട്രെയിനിയായി ചേർന്നു.
ഇന്ത്യൻ എക്സ് പ്രസ്സിൽ ചേരാനുള്ള വഴികളന്വേഷിക്കുന്നതറിഞ്ഞ അച്ഛനാണ് 'ഹിന്ദു'വിലേക്ക് തിരിച്ചു വിട്ടത് എന്ന് ബിആർപി തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. 'ഹിന്ദു'വിൽ എഡിറ്റോറിയൽ ട്രെയിനിയായി ചേർന്ന 1952 ഫെബ്രുവരി 25 മുതലാണ് ഔദ്യോഗികമായി അദ്ദേഹത്തിന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. അന്നുമുതൽ 2000 വരെയുള്ള കാലയളവിൽ നടന്ന ലോക സംഭവങ്ങളിൽ ഭാഗഭാക്കായതിന്റെ അനുഭവക്കുറിപ്പുകളാണ് 'ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ' എന്ന പുസ്തകത്തിലുള്ളത്. നട്ടെല്ല് വളയ്ക്കാതെയും സേവപിടിക്കാതെയും സത്യസന്ധമായ പത്ര പ്രവർത്തനം സാധ്യമാണെന്ന് ഈ ഗ്രന്ഥം പഠിപ്പിക്കുന്നു.
1958 ൽ കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പോടെ ബിആർപി ഫിലിപ്പീൻസിൽ പോയി. 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എംഎ നേടി. തിരിച്ചെത്തി പേട്രിയറ്റിൽ ചേർന്നു. ഒന്നരപതിറ്റാണ്ടുകാലം ദ ഹിന്ദുവിലും സ്റ്റേറ്റ്‌സ്മാനിലും പോട്രിയറ്റിലും ബിആർപിയുടെ ബൈലൈനുകൾ തുടർച്ചയായി വന്നു. പിന്നീട് ദേശീയ വാർത്താ ഏജൻസിയായ യുഎൻഐയിൽ ചേർന്നു. കൊൽക്കത്തയിലും കശ്മീരിലും ബ്യൂറോ ചീഫായി. 18 വർഷം ലോക വാർത്തകളുടെ ആഗോളസ്പന്ദനങ്ങൾ അവിടെ തൊട്ടറിഞ്ഞു. 1984 മുതൽ ഡെക്കാൺ ഹെറാൾഡിൽ. അവിടുത്തെ അസോഷ്യേറ്റ് എഡിറ്ററായി 1991-ൽ വിരമിച്ചു. പിന്നീട് ഒരു വർഷത്തോളം ആന്ധ്ര പ്രദേശ് ടൈംസിന്റെ ഡയറക്ടറായിരുന്നു. പിന്നീട് മാധ്യമ ഉപദേശകൻ എന്നനിലയിൽ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 1995ൽ ഏഷ്യാനെറ്റ് ന്യൂസ് നിലവിൽവന്നപ്പോൾ അതിന്റെ ഭാഗമായി.
ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന പത്രപ്രവർത്തകനല്ല ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌ക്കർ. ജീവിതവൃത്തിയായി തെരഞ്ഞെടുത്ത, മാധ്യമ പ്രവർത്തനം എന്ന പ്രൊഫഷനോടുള്ള ആത്മാർത്ഥതയും അർപ്പണബോധവും പ്രതിപത്തിയും സ്ഥിരോത്സാഹവും കൊണ്ട് പത്രപ്രവർത്തന മേഖലയിലെ അതികായനായി വളർന്ന ബിആർപി ഭാസ്‌ക്കറിന്റെ അനുഭവക്കുറിപ്പുകളാണ് 'ന്യൂസ് റൂം' എന്ന പുസ്‌കത്തിലുള്ളത്.
വിവാദമായ കാശ്മീർ റിപ്പോർട്ടിങ്ങ്
കാശ്മീർ ഭരണകൂടത്തിലെ അനീതിയുടെ വസ്തുതകൾ അച്ചടിച്ചതിനെത്തുടർന്ന് വധഭീഷണി നേരിടുകയും ചെയ്ത പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. 'ന്യൂസ് റൂം ' എന്ന ആത്മകഥയിൽ ഇത്തരം ചില സംഭവങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. ജമ്മു - കാശ്മീർ മുഖ്യമന്ത്രി കാസിം സംസ്ഥാനത്തെ ലേ എന്ന സ്ഥലം സന്ദർശിച്ച വേളയിൽ അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത പത്രപ്രവർത്തകരുടെ കൂട്ടത്തിൽ ബിആർപിയും ഉൾപ്പെട്ടിരുന്നു. അന്നത്തെ ഒരനുഭവം അദ്ദേഹം വിവരിക്കുന്നു.
"ലേയിലെ അവസാന ദിവസ പരിപാടിയിലെ പ്രധാന ഇനം മുഖ്യമന്ത്രിയുടെ ബഹുമാനാർത്ഥം ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചായസൽക്കാരമായിരുന്നു. സിവിൽ, സൈനിക ഉദ്യോഗസ്ഥരും ബുദ്ധമത നേതാക്കളും ഉൾപ്പെടെ ധാരാളം പേർ അതിൽ പങ്കെടുത്തു. അവിടെ ചില അതിഥികളുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ഒരുദ്യോഗസ്ഥൻ വന്ന് മുഖ്യമന്ത്രി എന്നെ അന്വേഷിച്ചതായി പറഞ്ഞു. അദ്ദേഹം നിൽക്കുന്നയിടത്തേക്ക് ഞാൻ ഉടൻ ചെന്നു.
" എനിക്കിവിടെ പട്ടാളത്തിന്റെ അകമ്പടി കൂടാതെ നീങ്ങാൻ വയ്യെന്ന് നിങ്ങൾ റിപ്പോർട്ടു ചെയ്തോ ? ' മുഖ്യമന്ത്രി എന്നോടു ചോദിച്ചു. 'ഇല്ല, ' ഞാൻ പറഞ്ഞു. 'പക്ഷേ, ഒരു പട്ടാളവണ്ടി അകമ്പടി സേവിച്ചതായി ഞാൻ എഴുതായിരുന്നു."
"എന്തിനാണ് അങ്ങനെ എഴുതിയത് ?'
" പട്ടാള വണ്ടിയുടെ അകമ്പടി ഉണ്ടായിരുന്നതുകൊണ്ട് അങ്ങനെ എഴുതി."
"ഇതൊരു അതിർത്തി പ്രദേശമല്ലേ? ഇവിടെ പട്ടാളം അനുഗമിക്കില്ലേ?"
" നമ്മൾ അതിർത്തി ജില്ലയിൽ പ്രവേശിച്ചപ്പോൾ അതുണ്ടായിരുന്നില്ല. ഉണ്ടായപ്പോൾ അക്കാര്യം പരാമർശിച്ചു. '
'ദേശീയ താത്പര്യങ്ങൾ മനസ്സിലാകാത്ത ഒരാളെ യു.എൻ.ഐ ഇവിടെ നിയോഗിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു."
'ദേശീയ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ടു തന്നെയാണ് ഞാൻ പ്രവർത്തിക്കുന്നത്. പക്ഷേ, ദേശീയ താത്പര്യങ്ങൾ എന്താണെന്നത് സംബന്ധിച്ച് സർക്കാരിന്റെ വാക്ക് സ്വീകരിക്കാനുള്ള ബാധ്യത എനിക്കില്ല."- അതാണ് ബിആർപിയുടെ ശൈലി. ഒരു ഭീഷണിക്കുമുന്നിലും അദ്ദേഹം വഴിങ്ങില്ല.ജമ്മു കശ്മീർ ഭരണകൂടത്തിന്റെ അപ്രിയം ഏറ്റുവാങ്ങിയതോടെ വധശ്രമം നേരിട്ട അനുഭവവുമുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിക്കുകയായിരുന്നു. അന്നത്തെ കശ്മീർ മുഖ്യമന്ത്രി സെയ്ദ് മിർ കാസിമിന് എതിരായ വാർത്തകളും മറ്റൊരു മന്ത്രിയുടെ മകൻ വിദേശ വനിതയെ പീഡിപ്പിച്ച വാർത്തകളും ബിആർപി റിപ്പോർട്ട് ചെയ്തിരുന്നു.
നെഹ്റുവിന്റെ ചിതാഭസ്മ വിവാദം
ലോകത്തെ ഞെട്ടിച്ച പല സ്‌കൂപ്പുകൾക്കും ഇടയിലുടെയായിരുന്നു ബി ആർ ബി ഭാസ്‌ക്കറിന്റെ യാത്ര. സൂയസ് കനാൽ ദേശസാൽക്കരണം, ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരം, അതിനുവേണ്ടി ഒരുപാട് ത്യാഗം സഹിച്ച മുജിബ് റഹ്മാന്റെയും കുടുംബത്തിന്റെയും കൂട്ടക്കുരുതി, സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം അങ്ങനെ ഒരുപാട് കാര്യങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തു."ആരെങ്കിലും എന്തെങ്കിലും പൂഴ്‌ത്തിവയ്ക്കാൻ ശ്രമിക്കുന്നെങ്കിൽ അതാണ് വാർത്ത; ബാക്കിയെല്ലാം പ്രചാരണമാണ്"എന്നത് മാധ്യമ ലോകത്തിലെ മറക്കാൻ പാടില്ലാത്ത ചൊല്ലാണ് എന്ന് ബിആർപി പറയുന്നു. അദ്ദേഹത്തെ സംബന്ധിച്ച് പത്രപ്രവർത്തനവും ആക്റ്റീവിസവും തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നില്ല. ജനങ്ങൾക്ക് ഉപകാരം കിട്ടുന്ന ഒരു കാര്യത്തിനുവേണ്ടി എതിരാളികളുടെ പത്രത്തിൽ എഴുതിയ കഥ അങ്ങനെയാണ്.
ഒരു കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി തിരുകൊച്ചിയിൽ നിന്നും മുന്നൂറോളം ഭൂരഹിത കുടുംബങ്ങൾ കൃഷി ചെയ്തു ഉപജീവനം നടത്താൻ മധ്യപ്രദേശിലേക്ക് പോയിരുന്നു. ഭോപാലിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂരിനടുത്തായിരുന്നു ഈ മലയാളി കർഷകർ. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേണലിസ്റ്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ 1956-ൽ ലഖ്നൗവിൽ പോയപ്പോൾ ഈ സ്ഥലം സന്ദർശിച്ച ബിആർപി അത് സംബന്ധിച്ച ഒരു റിപ്പോർട്ട് തയ്യാറാക്കി. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാതെ കഷ്ടപ്പെടുന്ന മലയാളി കർഷകരുടെ ശോചനീയാവസ്ഥ വിവരിക്കുന്ന പ്രസ്തുത റിപ്പോർട്ട് കേന്ദ്ര, കേരള, മധ്യപ്രദേശ് സർക്കാരുകളുടെ ശ്രദ്ധയിൽ എത്തിയാൽ മാത്രമേ പ്രയോജനമുണ്ടാകൂ. അതുകൊണ്ട് അത് അന്ന് അദ്ദേഹം പ്രവർത്തിച്ചിരുന്ന 'ഹിന്ദു'വി ൽ പ്രസിദ്ധീകരിച്ചാൽ പോരാ എന്ന നിലപാടിലായിരുന്നു അദ്ദേഹം. ന്യൂസ് റൂം എന്ന പുസ്തകത്തിൽ ബിആർപി ഇങ്ങനെ എഴുതുന്നു.
:"ഈ സാഹചര്യത്തിൽ ചെന്നൈയിലും ഡൽഹിയിലും ബോംബെയിലും എഡിഷനുകൾ ഉള്ള 'ഇന്ത്യ ൻ എക്സ്പ്രസ്സിനു അയച്ചുകൊടുക്കുന്നതിനെ കുറിച്ചു ആലോചിച്ചു. 'ഹിന്ദു'വിലെ വ്യവസ്ഥപ്രകാരം പത്രാധിപരുടെ അനുവാദമില്ലാതെ മറ്റു പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ പാടില്ല. ഇന്ത്യൻ എക്സ് പ്രസ് ആണെങ്കിൽ ഹിന്ദുവിന്റെ മുഖ്യ എതിരാളിയും. പ്രശ്നം മുഖ്യ വാർത്താ പത്രാധിപർ സി ആർ കൃഷ്ണസ്വാമിയുടെ മുന്നിൽ അവതരിപ്പിച്ചു. ലേഖനം എക്സ്പ്രസ്സിനു നൽകാൻ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങൾ കാണിച്ചുകൊണ്ട് എഡിറ്റർക്ക് ഒരു കത്തെഴുതിത്ത്ത്ത്ത്തരാൻ അദ്ദേഹം പറഞ്ഞു. പത്രാധിപർ കസ്തൂരി ശ്രീനിവാസൻ എക്സ്പ്രസ്സിനു കൊടുക്കാൻ അനുമതി തന്നു. ലേഖനം, എക്സ് പ്രസ്സിന്റെ ഞായറാഴ്ചപ്പതിപ്പായ 'സൺഡേ സ്റ്റാൻഡേർഡി'ന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചു." ഇതുമൂലം ഉദ്ദേശിച്ച വിഷയം എല്ലാ കേന്ദ്രങ്ങളുടെ ശ്രദ്ധയിൽപെട്ടു. അതുമൂലം മദ്ധ്യപ്രദേശിലെ മലയാളികളുടെ നില മെച്ചപ്പെടുകയും ചെയ്തു.
അതുപോലെ നെഹ്റുവിന്റെ ചിതാഭസ്മ നിമഞ്ജനം സംബദ്ധിച്ച വിവാദങ്ങളും ബിആർപി വെളിപ്പെടുത്തുന്നുണ്ട്. നിരീശ്വരവാദിയും അവിശ്വാസിയുമായിരുന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു താൻ മരി ച്ചുകഴിഞ്ഞാൽ മതപരമായ യാതൊരു ചടങ്ങും നടത്തെരുതെന്നും ചിതാഭസ്മം നദികളിലും മലകളിലും വിതറണമെന്നും വിൽപത്രത്തിൽ എഴുതിവച്ചിരുന്നതായും അദ്ദേഹം ആഗ്രഹിച്ച പടിതന്നെ ആ കാര്യങ്ങൾ നിർവ്വഹിച്ചു എന്നുമാണ് നാം കരുതിയിരുന്നത്. "എന്നാൽ ഇന്ദിരാഗാന്ധിയുടെ താൽപര്യപ്രകാരം ഡൽഹിയിലെ ബിർളാ ക്ഷേത്രത്തിലെ പൂജാരിമാർ മരണാനന്തര ചടങ്ങുകൾ നടത്തി. ചിതാഭസ്മ നിമജ്ജനത്തിനു ഇന്ദിരാഗാന്ധി ത്രിവേണി തെരഞ്ഞെടുക്കുകയും ചടങ്ങ് വേദമന്ത്രോച്ചാരണങ്ങളോടെ നടത്തുകയും ചെയ്തു" -എന്നു ന്യൂസ് റൂമിൽ ബിആർപി ഭാസ്‌ക്കർ എഴുതുന്നു.
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും പോളണ്ടിലെയും ഹംഗറിയിലെയും മറ്റും രാഷ്ട്രീയമാ റ്റങ്ങളും നേരിട്ട് മനസ്സിലാക്കി റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകനാണ് ബിആർപി. "മോസ്‌ക്കോയി ൽ നിന്ന് മടങ്ങുമ്പോൾ, സോവിയറ്റ് യൂണിയന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കയാണെന്നും പാർട്ടി അവ സാനിക്കുകയാണെന്നുമുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നില്ല."എന്ന് അദ്ദേഹം അന്നേ മനസ്സിൽ കുറിച്ചു. കൃത്രിമായി ഒരു സമുഹത്തെ ഒന്നിപ്പിക്കാൻ നോക്കിയാൽ അത് നിലനിൽക്കില്ലെന്നും അദ്ദേഹം എഴുതി.
പത്രവിശേഷം ഇൻ എഡിറ്റഡ്
തന്റെ ആദർശങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കാത്ത വ്യക്തിത്വമായിരുന്നു ബിആർപി. എം പി നാരായണപ്പിള്ള അദ്ദേഹത്തെക്കുറിച്ച് എഴുതിയത് വായിച്ചാൽ ശരിക്കും ഇങ്ങനെയുമുണ്ടോ മനുഷ്യർ എന്ന് ചിന്തിച്ചുപോവും. ബിആർപി ബോംബെയിലെ പ്രശസ്തമായ പ്രേടിയറ്റ് പത്രത്തിൽ ജോലിചെയ്യുന്ന കാലം. അന്ന് അദ്ദേഹത്തെ കാണാനായി മിക്ക ദിവസവും സുഹൃത്ത് എം പി നാരായണപ്പിള്ള വരും. നെഹ്റുവുമായിട്ടുപോലും നേരിട്ട് ബന്ധമുണ്ടായിരുന്ന എടത്തട്ട നാരായണനെന്ന പ്രഗൽഭനായ മലയാളിയാണ് അന്ന് പ്രേടിയറ്റിന്റെ പത്രാധിപർ. അന്ന് എഴുത്തുകാരൻ എന്ന നിലയിലെന്നും പ്രശസ്തിയില്ലാത്ത പിള്ളയെ, നാരായണ്അറിയില്ല. പത്ര ഓഫീസിലെത്തി ബിആർപിയുമായി സംസാരിക്കുന്ന നാരായണപ്പിള്ളയെ അൽപ്പം സംശയത്തോടെയാണ് എടത്തിട്ട കണ്ടത്.
ഒരു ദിവസം മുബൈയിലെ പ്രേടിയറ്റിന്റെ ഓഫീസിൽ എത്തിയ നാരായണപ്പിള്ളയോടെ പുറത്തിരിക്കാനായി നിർദ്ദേശം കിട്ടി. ബിആർപി വന്നപ്പോൾ കാണുന്നത് ഇതാണ്. അദ്ദേഹം ഇപ്പോൾ വരാമെന്ന് നാരായണപ്പിള്ളയോട് പറഞ്ഞ് നേരെ, പ്രേടിയറ്റിന്റെ ഓഫീസിൽ കയറി രാജിവെച്ചു! തന്റെ സുഹൃത്തിനെ അപമാനിച്ചത് തന്നെ അപമാനിച്ചതിന് തുല്യമാണ് എന്നാണ് അദ്ദേഹം കരുതിയത്. വിവരമറിഞ്ഞ് നാരായണപ്പിള്ളയും ഞെട്ടി. ഈ ഒരു നിസ്സാര കാര്യത്തിന് ഒരാൾ രാജിവെക്കുമെന്ന് താൻ കരുതിയില്ലെന്ന് നാരാണപ്പിള്ള എഴുതുന്നു. അതാണ് ബാബു രാജേന്ദ്ര ഭാസ്‌ക്കർ!
കേരളത്തിൽ ടെലിവിഷൻ വിപ്ലവത്തിന് വിത്ത് പാകിയ ഏഷ്യാനെറ്റിന്റെ ഉത്ഭവം മുതൽ അതോടൊപ്പം ഉണ്ടായിരിക്കുകയും പുതുമയുള്ള പല പരിപാടികളും ആസൂത്രണം ചെയ്യുന്നതിൽ പങ്കാളിയാവുകയും ചെയ്തയാളാണ് അദ്ദേഹം. ബിആർപിയും സക്കറിയയും ശശികുമാറും അടക്കമുള്ള ആ ടീം പാകിയ വിത്താണ് കേരളത്തിലെ ദൃശ്യമാധ്യമ സംസ്‌ക്കാരത്തിന് അടിത്തറയിട്ടത്.
തന്റെ ആദർശങ്ങളിൽനിന്ന് വ്യതിചലിക്കാൻ തയ്യാറാകാഞ്ഞതുകൊണ്ടാണ് ബിആർപിക്ക് ഏഷ്യാനെറ്റ് വിടേണ്ടിയുവന്നത്. ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാറിന് പകരം ചുമതലയേറ്റ റെജിമേനോനെ ഹൈദരാബാദിൽ വച്ചു ആന്ധ്രാപൊലീസ് ഏതോ കേസിൽ അറസ്റ്റു ചെയ്തു. അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതണമെന്നു അന്ന് അവിടെ ന്യൂസ് എഡിറ്റർ ആയിരുന്ന കെ പി മോഹനൻ ബിആർപി യോട് അഭ്യർത്ഥിച്ചു. മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് അല്ലാത്തതിനാൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. 7,500രൂപ മാത്രമായിരുന്നു ബിആർപിക്ക് ഏഷ്യാനെറ്റ് നൽകിക്കൊണ്ടിരുന്ന പ്രതിഫലം. അത് ഒറ്റയടിക്ക് 15,000 രൂപയായി ഉയർത്തികൊടുത്തത് പുതിയ മേധാവിയായ റെജിമേനോൻ ആയിരുന്നു. എന്നിട്ടും വഴി വിട്ടു സഞ്ചരിക്കാൻ ബിആർപി തയ്യാറായില്ല.
പക്ഷേ ഇതോടെ ഏഷ്യാനെറ്റിൽ അസ്വസ്ഥതയുടെ തുടക്കമായി. ബിആർപി ഏഷ്യാനെറ്റിൽ കൈകാര്യം ചെയ്തു വന്ന 'പത്രവിശേഷം' എന്ന പരിപാടിയിൽ അദ്ദേഹത്തെ മറികടന്നു ചില സെൻസറിങ് റെജി മേനോൻ നടപ്പാക്കാൻ ഒരുങ്ങി. അടുത്ത ദിവസം സംപ്രേഷണം ചെയ്യാനായി റിക്കാർഡ് ചെയ്ത 'പത്രവിശേഷ'ത്തിൽ മാതൃഭൂമിയെ പറ്റി നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്യാൻ റെജി മേനോൻ നിർദ്ദേശം നൽകി. അതോടെ ബിആർപി ഏഷ്യാനെറ്റിനോട് വിട പറഞ്ഞു. പിന്നീട് 'പത്രവിശേഷം ഇൻ എഡിറ്റഡ്' എന്ന തലക്കെട്ടോടെ മാധ്യമം ആഴ്ചപ്പതിപ്പ് ഇക്കാര്യങ്ങൾ എല്ലാം വിശദമായി കവർ സ്റ്റോറിയാക്കി. റെജി മേനോൻ അയച്ച മെയിലുകളും അതിന് ബിആർപി നൽകിയ മറുപടിയുമെല്ലാം, മാധ്യമ പ്രവർത്തകൻ കമൽറാം സജീവ് തയ്യാറാക്കിയ ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 'മാധ്യമ പ്രവർത്തനം താങ്കൾ എന്നെ പഠിപ്പിക്കേണ്ട' എന്ന് മുതലാളിയുടെ മുഖത്തുനോക്കിപ്പറഞ്ഞാണ് അദ്ദേഹം ഏഷ്യാനെറ്റിന്റെ പടിയിറങ്ങിയത്്. ഇത് സംബന്ധിച്ച 'ന്യൂസ് റൂം എന്ന പുസ്തകത്തിലും അദ്ദേഹം എഴുതിയിട്ടുണ്ട്.
മുത്തങ്ങ മുതൽ വിളപ്പിൽശാല വരെ
റിട്ടയർ ചെയ്ത ചില ആർമി ഓഫീസർമാരെപ്പോലെയാണ് റിട്ടയർ ചെയ്ത പല പത്രപ്രവർത്തന പുലികളും. പട്ടാള ബഡായികൾപോലെ, കരുണാകരനെയും ആന്റണിയെയും, നായനാരെയുമൊക്കെ വിറപ്പിച്ച തന്റെ സർവീസ് സ്റ്റോറി പൊടിപ്പും തൊങ്ങലും വെച്ച് ജേർണലിസം ക്ലാസുകളിൽ വിളമ്പി, പുതിയ തലമുറയെ 'വധിക്കയായിരുന്നു', ഈ റിട്ടയേഡ് സിംഹങ്ങളുടെ പരിപാടി. എന്നാൽ അതിൽനിന്ന് തീർത്തും ഭിന്നനായിരുന്നു ബിആർപി. ലോകത്തിലെ ഏറ്റവും പ്രധാന സംഭവികാസങ്ങൾ റിപ്പോർട്ട് ചെയ്ത അദ്ദേഹത്തിന് ഒരിക്കലും ഞാൻ എന്ന ഭാവം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആത്മകഥയിൽപോലും ഞാൻ എന്ന വാക്ക് കുറവാണ്. ഭൂതകാലക്കുളിരിൽ ഒട്ടും താൽപ്പര്യമില്ലാത്തയാളായിരുന്നു ബിആർപി. റിട്ടയേഡ് ലൈഫിലും അദ്ദേഹം പ്രവർത്തിച്ചത് ഈ നാട്ടിലെ പാർശ്വവത്കൃത സമൂഹത്തിനുവേണ്ടിയായിരുന്നു.
മാധ്യമപ്രവർത്തകർ പൊതുവിൽ മുഖം കാണിക്കാൻ മടിക്കുന്ന പല സമരവേദികളിലും അദ്ദേഹം സജീവ സാന്നിധ്യമായി. കേരളത്തിൽ പൊതുസമൂഹം എന്നൊന്ന് ഇല്ല എന്ന പക്ഷക്കാരനായിരുന്നു ബി.ആർ.പി. രാഷ്ട്രീയ കക്ഷികളുടെ ആർത്തിമൂലമാണ് അത്തരമൊരു ദുരന്തം നമുക്ക് സംഭവിച്ചത്. ഏതുതരം മുന്നേറ്റങ്ങളെയും തങ്ങളുടെ വരുതിയിലേക്ക് ചുരുക്കുന്ന ഒന്നായി കേരള രാഷ്ട്രീയം അധ:പതിച്ചവെന്നാണ് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നത്.
കേരളത്തിലെ ദലിത്-ആദിവാസി ഭൂസമരങ്ങളിൽ സ്ത്രീവാദ സമരങ്ങളിൽ ബിആർപി സജീവമായി. അയ്യൻകാളിയും ശ്രീനാരായണഗുരുവും രൂപംനൽകിയ നവോത്ഥാന പാരമ്പര്യത്തിന്റെ മൂല്യങ്ങളെ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മുത്തങ്ങയിലെ ആദിവാസികൾ ആക്രമിക്കപ്പെട്ടപ്പോൾ അവർക്കുവേണ്ടി മുഴങ്ങിയ ഏറ്റവും ശക്തമായ ശബ്ദം ബിആർപിയുടേതായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ, പ്ലാച്ചിമട സമരത്തിൽ, ചെങ്ങറ സമരത്തിൽ, എല്ലാം അദ്ദേഹം പങ്കാൽയായി. പരിസ്ഥിതി പ്രശ്‌നങ്ങളിൽ, ലോക്കപ്പ് മർദ്ദനങ്ങളിൽ, നവോത്ഥാന ദുരഭിമാനത്തിന്റെ പേരിൽ കേരളം മൂടിവെക്കാൻ ശ്രമിക്കുന്ന ജാതിഹിംസകളിൽ നിർഭയം ഇടപെട്ടുകൊണ്ട് കേരളത്തിലെ പ്രതിപക്ഷ സിവിൽ സമൂഹത്തിന്റെ കണ്ണും നാവുമായി മാറി.
'കേരളം വയോജന സൗഹാർദമല്ല'
'മറുനാടൻ മലയാളി'യുമായി വളരെ അടുത്ത ബന്ധം ബിആർപി ഭാസ്‌ക്കർ പുലർത്തിയിരുന്നു. രാഷ്ട്രീയ- ജാതിമത ബന്ധങ്ങളില്ലാത്ത തീർത്തും സ്വതന്ത്രമായ ഒരു ഓൺലൈൻ പോർട്ടൽ എന്ന ആശയം ഷാജൻ സ്‌കറിയ പങ്കുവെച്ചപ്പോൾ, ബിആർപി അതിനൊപ്പം നിന്നു. 'മറുനാടൻ മലയാളി' എന്ന പേര് നിർദ്ദേശിച്ചതും, ലോകത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞ ഈ മാധ്യമ പ്രവർത്തകനാണ്. അവസാനകാലംവരെ അദ്ദേഹം മറുനാടന്റെ അഭ്യദയകാംക്ഷിയായിരുന്നു.
തൊഴിൽപരമായ സത്യസന്ധത പുലർത്തേണ്ടി വന്നതിനാൽ വലിയ നഷ്ടങ്ങൾ ബിആർപിയുടെ കരിയറിലുണ്ടായിട്ടുണ്ട്. സാമ്പത്തികമായി അത്രയൊന്നും സുരക്ഷിതനായിരുന്നില്ല അദ്ദേഹം. പക്ഷേ താൻ ഇങ്ങനെയാണെന്നും, തനിക്ക് അടിസ്ഥാനപരമായ ചില മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറയാറുണ്ട്. ബിആർപി ഒരിക്കൽ പറഞ്ഞു. - 'മന:സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് നിർബന്ധമുള്ള ഒരാൾക്ക് അതിന് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. അത് സന്തോഷത്തോടെ കൊടുക്കുക. അത് പലപ്പോഴും നാം ഭയപ്പെടുന്നത്ര വലുതല്ല'.
പത്രപ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ എന്നും മുൻനിരയിൽ നിന്നിരുന്നു അദ്ദേഹം. സർക്കാരിന്റെ സ്വദേശാഭിമാനികേസരി മാധ്യമ പുരസ്‌കാരം 2014-ൽ ലഭിച്ചു. അടൂത്തൂൺ പറ്റിയിട്ടും യുവതലമറുക്ക് അവസരം കൊടുക്കാതെ മാധ്യമ സ്ഥാപനങ്ങളിൽ കടിച്ചുതൂങ്ങിക്കഴിയുന്ന കടൽക്കിഴവനായിരുന്നില്ല അദ്ദേഹം. തന്റെ പത്രപ്രവർത്തന ജീവിതത്തിന്റെ എഴുപതാം വാർഷികത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചു. പക്ഷേ പിന്നീട് അങ്ങോട്ടും എഴുത്തും വായനയും ആക്റ്റീവിസവുമായി അദ്ദേഹം സജീവമായി. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഏക മകൾ ബിന്ദുവിന്റെ ക്യാൻസർ ബാധിച്ചുള്ള അകാലവിയോഗം അദ്ദേഹത്തെ തകർത്ത സംഭവമായിരുന്നു. ഭാര്യ രമയും വിടപറഞ്ഞതോടെ തികച്ചും ഏകാന്തമായി ജീവിതം.
ഈയിടെ കേരളം വയോജന സൗഹാർദ്ദമല്ല എന്ന് അഭിപ്രായപ്പെടുകയും അഡയാറിൽ കുറച്ച് ഡോക്ടർമാർ നടത്തിവരുന്ന വയോജന സൗഹാർദകേന്ദ്രത്തിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. കുറച്ചുമാസങ്ങൾക്കുശേഷം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. 2019-ൽ അന്തരിച്ച മകൾ ബിന്ദു ഭാസ്‌കർ ബാലാജിയും മാധ്യമപ്രവർത്തകയായിരുന്നു. ഡോ.കെ.എസ് ബാലാജിയാണ് മരുമകൻ.
വാൽക്കഷ്ണം: പലപ്പോഴും നികത്താനാവാത്ത നഷ്ടം എന്നവാക്ക് ഒരുകാര്യവുമില്ലാതെ പ്രയോഗിക്കാൻ വിധിക്കപ്പെട്ടവരാണ് മാധ്യമ പ്രവർത്തകർ. സമൂഹത്തിന് യാതൊരു പ്രയോജനവുമില്ലാത്ത അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവ് മരിച്ചാലും അവിടെ 'നികത്താൻ കഴിയാത്ത നഷ്ടത്തിന്റെ' ഞെട്ടലും നടുക്കവും യാന്ത്രികമായി രേഖപ്പെടുത്താൻ അവർ വിധിക്കപ്പെട്ടവരാണ്. ഇവിടെ ഇതാ കേരള മാധ്യമ പ്രവർത്തനത്തിൽ മാത്രമല്ല, ഇന്ത്യൻ മാധ്യമ പ്രവർത്തനത്തിൽ തന്നെ ചരിത്രം കുറിച്ച ഒരു മനുഷ്യൻ, ആരൊടും ഒരു പ്രശ്നവുമില്ലാതെ, ഒരു പു പൊഴിയുന്നതുപോലെ കടന്നുപോവുമ്പോൾ, നിസ്സംശയം പറയാം. ഇത് ഒരു നികത്താനാവാത്ത നഷ്ടമാണ്!