ന്ന് ആ നടന്‍ വരുന്നുവെന്ന് അറിഞ്ഞാല്‍ മദിരാശി പട്ടണത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറിന് തീവണ്ടി ഓടിക്കാന്‍ കഴിയുമായിരുന്നില്ല. നടികരെ കാണാന്‍ ഇരച്ചെത്തുന്ന ജനം, റെയില്‍വെ സ്റ്റേഷനും കഴിഞ്ഞ പാളത്തില്‍ കുത്തിയിരിക്കും. വണ്ടികള്‍ മണിക്കൂറുകള്‍ വൈകും. നഗരത്തിലെത്തിയാല്‍ വനിതാ ആരാധകരില്‍നിന്ന് അയാളെ രക്ഷപ്പെടുത്തിയെടുക്കാന്‍ പൊലീസ് ലാത്തിചാര്‍ജ് ചെയ്ത കഥകളുമുണ്ട്. 1940കളില്‍ ഒരു സിനിമക്ക് ഒരു ലക്ഷം രൂപയാണ് അയാള്‍ പ്രതിഫലം വാങ്ങിയത്. എംജിആറിനും, ശിവാജിക്കും മുമ്പ് തമിഴ്സിനിമയുടെ ആദ്യ സൂപ്പര്‍സ്റ്റാറായിരുന്നു, ദൂല്‍ഖര്‍ സല്‍മാന്റെ കാഞ്ച സിനിമയിലൂടെ ഇപ്പോള്‍ ചര്‍ച്ചയായ, എം. കെ. ത്യാഗരാജ ഭാഗവതര്‍. കാന്തയില്‍ വിശേഷിപ്പിക്കപ്പെടുന്നതുപോലെ ശരിക്കും 'നടിപ്പിന്‍ ചക്രവര്‍ത്തി'. 'എവര്‍ ഗ്രീന്‍ മെലഡി ഓഫ് തമിഴ് നാട്' എന്നാണ് ഗായകന്‍ കൂടിയായ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്.

കാന്തയുടെ പ്രീ റിലീസ് ചര്‍ച്ചകളില്‍തന്നെ എം.കെ.ടി. എന്ന മായാവാരം കൃഷ്ണസാമി ത്യാഗരാജ ഭാഗവതരുടെ കഥയാണ് ഇതെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പക്ഷേ പുര്‍ണ്ണമായും അങ്ങനെയല്ല. ചില റഫറന്‍സുകള്‍ ഉണ്ട്. ഒരു സിനിമാ മാധ്യമ പ്രവര്‍ത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് ജയിലിലായി സ്റ്റാര്‍ ഡം നഷ്ടപ്പെട്ട കൃഷ്ണസാമി ത്യാഗരാജ ഭാഗവതരെ പലയിടത്തും ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭാഗവതര്‍ അറിയപ്പെട്ടിരുന്നത് എം.കെ.ടി എന്നാണെങ്കില്‍ ഈ അക്ഷരങ്ങള്‍ തിരിച്ചിട്ടാല്‍ കിട്ടുന്ന ടി.കെ.എം എന്നാണ് ദുല്‍ഖറിന്റെ കാന്തയിലെ നായകന്റെ പേര്. പക്ഷേ കാന്ത ഇറങ്ങിയതേടെ വീണ്ടും എം.കെ.ടി എന്ന, ഷേക്സ്പിരിയന്‍ ട്രാജഡിയിലെ നായകനെപ്പോലെയുള്ള ആ ദുരന്തജീവിതം വീണ്ടും ഓര്‍മ്മകളില്‍ എത്തുകയാണ്.

നിര്‍ധനനായ തട്ടാന്റെ മകന്‍

ഭാഗവതര്‍ എന്ന പേര് വാലായി ഉള്ളതുകൊണ്ട് പലരും കരുതിയിരുന്നത് അദ്ദേഹം ഒരു സവര്‍ണ്ണനാണ് എന്നാണ്. എന്നാല്‍ ഒരു സ്വര്‍ണപ്പണിക്കാരന്‍ മകനായി വിശ്വകര്‍മ്മ സമൂഹത്തിലാണ് ജനനം. പിതാവ് കൃഷ്ണസാമി ആചാരി. 1910 മാര്‍ച്ച് ഒന്നിന് തമിഴ്‌നാട്ടിലെ മയിലാടുംതുറെയിലാണ് ( അന്ന് ആ സ്ഥലത്തിന്റെപേര് മായാവരം) ത്യാഗരാജന്‍ ജനിച്ചത്. ഒരു നിര്‍ധന കുടംബമായിരുന്നു അത്. ചെറുപ്പത്തിലേ അവന് കുലത്തൊഴിലിനോടല്ല സംഗീതത്തോടായിരുന്നു താല്‍പ്പര്യം. ഭാഗവതര്‍ എന്ന പട്ടം അവന്‍ സംഗീതം പഠിച്ച് ഉണ്ടാക്കിയതാണ്.

അദ്ദേഹത്തിന്റെ ജനനത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, കുടുംബം തിരുച്ചിറപ്പള്ളിയിലേക്ക് താമസം മാറ്റി. കുട്ടിക്കാലം മുതല്‍ തന്നെ ത്യാഗരാജന്‍ പഠനം ഉപേക്ഷിച്ചു. പകരം ഒരു ഗായകനാകാന്‍ ആഗ്രഹിച്ചു. അന്നത്തെ കാലത്ത പാട്ട് ഒരു മാന്യമായ തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. പിതാവ് ശാസിച്ചതിനെത്തുടര്‍ന്ന് ത്യാഗരാജന്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. പിന്നെ കുറേക്കാലത്തിനുശേഷം, തെലുങ്ക് സംസാരിക്കുന്ന പട്ടണമായ കടപ്പയില്‍, ആരാധകരായ ഒരു വലിയ കൂട്ടം ശ്രോതാക്കള്‍ക്ക് മുന്നില്‍ പാടുന്നതിനിടയിലാണ് കൃഷ്ണസാമി ആചാരി മകനെ കണ്ടെത്തിയത്. അതോടെയാണ് മകന്റെ വഴി ഇതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൃഷ്ണസാമി ആചാരിയും തന്റെ കഴിവുകള്‍ വികസിപ്പിക്കാന്‍ മകനെ പ്രോത്സാഹിപ്പിച്ചു. താമസിയാതെ, ത്യാഗരാജന്‍ ഭജനകള്‍ പാടാന്‍ തുടങ്ങി.

നാടകങ്ങളിലൂടെയാണ് അഭിനയജീവിതം തുടങ്ങിയത്. നടന്മാര്‍ അഭിനയിച്ച് പാടിയിരുന്ന ആ കാലത്ത്, ശാസ്ത്രീയ സംഗീതത്തില്‍ അപാരമായ നൈപുണ്യം നേടിയ അയാള്‍ വളരെ വേഗം പ്രശസ്തനായി. 1934-44 കാലഘട്ടമായിരുന്നു ത്യാഗരാജന്റെ ശുക്രദശ. തമിഴില്‍ മാത്രമല്ല കേരളത്തിലും അയാളുടെ നാടകങ്ങള്‍ ഹരമായി. ഇന്ത്യക്ക് പുറത്ത് സിലോണിലും ബര്‍മയിലുംവരെ പോയി നാടകം കളിച്ച് പ്രശസ്തനായി.

ഒരു ദിവസത്തിന് 50 രൂപ (1934 -ല്‍ 50 രൂപ വലിയ തുക തന്നെ) കണക്കില്‍ 50 നാടകങ്ങളിലേക്ക് കരാര്‍ ചെയ്യപ്പെട്ടു! സിനിമ, നാടകങ്ങളെ പിന്തള്ളി അധീശത്വം സ്ഥാപിച്ചപ്പോള്‍ ഭാഗവതര്‍ ചലച്ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദീകരിച്ചു. നിശബ്ദ ചിത്രങ്ങളുടെ കാലം കഴിഞ്ഞ് ശബ്ദ ചിത്രങ്ങളുടെ വരവായ സമയം. മനോഹരമായ ആലാപനം, ശബ്ദത്തിന് പുറമേ, സ്വര്‍ണ നിറമുള്ള ശരീരം അക്കാലത്തെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ നൂറു ശതമാനവും തികഞ്ഞ ഭാഗവതര്‍ സ്വാഭാവികമായും തമിഴ് സിനിമാ രംഗം കീഴടക്കി. പാപനാശം ശിവന്‍ എന്ന അനുഗൃഹീത സംഗീതജ്ഞന്‍ രചിച്ച മനോഹര ഗാനങ്ങള്‍ തന്റെ സിനിമകളില്‍ ഭാഗവതര്‍ പാടിയതത്രയും ജനങ്ങള്‍ ഏറ്റുപാടി. 1931 ല്‍ പുറത്ത് വന്ന 'പവളക്കൊടി' യാണ് ത്യാഗരാജ ഭാഗവതരുടെ ആദ്യ ചിത്രം. നായിക എസ്.ഡി. സുബുലക്ഷ്മി. ഒന്നും രണ്ടുമല്ല, 56 ഗാനങ്ങള്‍ ഉണ്ടായിരുന്ന ഈ ചിത്രത്തില്‍! ഈ പടം നൂറ് ആഴ്ചയാണ് ഓടിയത്.


ആയിരം ദിവസം ഓടിയ ചിത്രങ്ങള്‍

അതേ കാലത്ത് ഉയര്‍ന്ന് വന്ന നടന്‍ പി.യു. ചിന്നപ്പയായിരുന്നു ത്യാഗരാജ ഭാഗവതരുടെ സിനിമയിലെ എതിരാളി. ഇരുവര്‍ക്കും ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. ഒരോ പടം വരുമ്പോഴും അവരുടെ ആരാധകര്‍ തമ്മിലടിച്ചു. അക്കാലത്തെ ഒരു സിനിമാ വാരികയുടെ എഡിറ്റര്‍ രണ്ട് പേരുടേയും അഭിനയം വിലയിരുത്തി എഴുതിയത് പി.യു. ചിന്നപ്പ, ഭാഗവതരെക്കാള്‍ ഒരു പടി മുന്നിലാണെന്നായിരുന്നായിരുന്നു. ശബ്ദസൗകുമാര്യത്തില്‍ പിന്നിലാണെങ്കിലും സ്റ്റണ്ട്, ഡബിള്‍ റോള്‍ എന്നിവയില്‍ ഭാഗവതരേക്കാള്‍ ചിന്നപ്പയാണ് തകര്‍പ്പന്‍ അഭിനയ കാഴ്ചവെയ്ക്കുന്നത് എന്ന് എഡിറ്റര്‍ വിലയിരുത്തി. വിമര്‍ശനം ഉള്‍ക്കൊണ്ട ഭാഗവതര്‍ തനിക്ക് അങ്ങനെ അഭിനയിക്കാന്‍ കഴിയില്ലെന്ന് വിനീതനായി പറഞ്ഞു.

1936 -ല്‍ പുറത്ത് വന്ന 'സത്യശീലന്‍' ഭാഗവതര്‍ ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രമാണ്. ഈ ചിത്രത്തിലൂടെയാണ്, പില്‍ക്കാലത്ത് ഇന്ത്യന്‍ ചാര്‍ലി ചാപ്ലിന്‍ എന്ന് വിശേഷിപ്പിച്ച ഹാസ്യ നടന്‍ എന്‍.എസ്. കൃഷ്ണന്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സ്വന്തമായി കോമഡിയെഴുതി അത് സിനിമയില്‍ ചേര്‍ത്ത് രംഗമാക്കിയാണ് എന്‍. എസ്. കൃഷ്ണന്‍ അഭിനയിച്ചത് .ടി. ആര്‍ മധുരം എന്ന നടിയെയാണ് കൃഷ്ണന്‍ വിവാഹം ചെയ്തത്. ഇവര്‍ ജോടിയായി ഒരുമിച്ച ഹാസ്യരംഗങ്ങള്‍ തമിഴ് പടങ്ങളുടെ അവിഭാജ്യ ഘടകമായി. ഈ പടത്തോടെ എന്‍. എസ് കൃഷ്ണനും ഭാഗവതരും തമ്മിലുള്ള സൗഹാര്‍ദം വളര്‍ന്നു. പിന്നീടുള്ള ഉയര്‍ച്ച താഴ്ച്ചകളില്‍ അവര്‍ അവസാനം വരെ ഒരുമിച്ച് നിന്നു. ജയില്‍വാസത്തിലും!

1939ഭ ലെ തിരുനീലകണ്ഠര്‍ എന്ന ചിത്രത്തോടെ ത്യാഗരാജ ഭാഗവതര്‍ തമിഴ് സിനിമാ ലോകത്തെ താര ചക്രവര്‍ത്തിയായി മാറി. ഈ പടത്തിന്റെ ചിത്രീകരണം ചിദംബരത്ത് നടക്കുമ്പോള്‍ ഭാഗവതരെ കാണാന്‍ വന്ന ആരാധികമാരായ സ്ത്രീകളുടെ കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു. അക്കാലത്തെ അദ്ദേഹം നടിച്ച അംബികാ പതി, അശോക് കുമാര്‍, ശിവ കവി തുടങ്ങിയ ചിത്രങ്ങള്‍ ചരിത്രവിജയം നേടി. 'രാധേ ഉനക്ക് കോപം ആകാതെടി, ദീനകരുണാകരനെ, തുടങ്ങിയ ഭാഗവതര്‍ പാടി അഭിനയിച്ച ഗാനങ്ങളൊക്കെ ആ തലമുറയുടെ ഹരമായിരുന്നു. 1944- ല്‍ പുറത്ത് വന്ന ഭാഗവതര്‍ അഭിനയിച്ച 'ഹരിദാസ്' ചെന്നെ ബ്രോഡ് വേ ടാക്കീസില്‍ ഓടിയത് 1,000 ദിവസമാണ്. മൂന്ന് ദീപാവലികള്‍ പിന്നിട്ട ഈ ചിത്രത്തിന്റെ ഈ റെക്കോര്‍ഡ് തമിഴ് സിനിമയില്‍ ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല. രജിനയും, കമലും, അജിത്തും, വിജയുമൊക്കെ വന്നിട്ടും ഭാഗവതരുടെ ആ റിക്കോര്‍ഡ് ഇന്നും ഭേദിക്കപ്പെടാതെ നില്‍ക്കുന്നു.

ഒരു ദിവസം ഈറോഡില്‍ നിന്ന് ബാഗ്ലൂരില്‍ അതിരാവിലെ എത്തിച്ചേരേണ്ട തീവണ്ടി, സ്റ്റേഷന്‍ വിട്ട് പോകാഞ്ഞതും വാര്‍ത്തയായി. കാരണം എറണാകുളത്ത് നിന്ന് കച്ചേരി കഴിഞ്ഞ് കൊച്ചിന്‍ എക്‌സ്പ്രസ് വണ്ടിയില്‍ എം.കെ.ത്യാഗരാജ ഭാഗവതര്‍ വരുന്നുണ്ട്. താരത്തെ കാണാനായി പതിനായിരത്തോളം ആരാധകര്‍ രണ്ട് മണിക്കൂറായി റെയില്‍ പാളത്തില്‍ കുത്തിരിക്കുകയാണ്, ഈ വണ്ടി വന്ന്, ആരാധക വൃന്ദം ഭാഗവതരെ കണ്ടതിനു ശേഷമാണ് അവിടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കപ്പെട്ടത്.

ഒരു ചലചിത്ര നടനെ, സൂപ്പര്‍ താരമായി ജനങ്ങള്‍ അംഗീകരിച്ചത് ഇന്ത്യയില്‍ തന്നെ, ആദ്യമായി ഭാഗവതരെയാണ്. ഒരു ലക്ഷം രൂപയായി അദ്ദേഹം പ്രതിഫലം ഉയര്‍ത്തി. ഇങ്ങനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഭാഗവതര്‍ ഒരു കൊലക്കേസില്‍ പ്രതിയാവുന്നത്.

മാപ്ര പറ്റിച്ച പണി

ത്യാഗരാജ ഭാഗവതരുടെ സിനിമാ ജീവിതവും ജീവിതവും തകര്‍ന്നു തരിപ്പണമാകുന്നത് ഒരു കൊലപാതകക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെടുന്നതോടെയാണ്. കൊല്ലപ്പെട്ടത് അക്കാലത്തെ ഒരു മഞ്ഞപത്രക്കാരനായിരുന്നു. ലക്ഷ്മി കാന്തന്‍ എന്ന സിനിമാ മാധ്യമ പ്രവര്‍ത്തകന്റെ മരണം സിനിമാ രംഗത്തെ സകലരും ആഗ്രഹിക്കുന്ന കാലം. ഗോസിപ്പുകളില്‍ നിന്നു രക്ഷപ്പെടാന്‍ പലരും അദ്ദേഹത്തെ പണം കൊടുത്തു കൂടെ നിര്‍ത്തി. പലരേയും അദ്ദേഹം ബ്ലാക്ക് മെയില്‍ ചെയതു പണം തട്ടി. സിനിമാ തൂത് എന്നായിരുന്നു അദ്ദേഹത്തിന്റെ മാഗസിന്റെ പേര്. സിനിമാക്കാരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കോളം മാഗസിന്റെ പ്രചാരത്തിനു വലിയ മുതല്‍ക്കൂട്ടായി.

വ്യക്തിജീവിതത്തിലെ അനാവശ്യമായ ഈ കടന്നു കയറ്റം നിയന്ത്രിക്കാന്‍ മുന്‍നിര താരങ്ങളായ ഭാഗവതരും എന്‍.എസ്. കൃഷ്ണനും സംവിധായകന്‍ എസ്.എം. ശ്രീരാമുലു നായിഡുവും മാഗസിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മദ്രാസ് പ്രസിഡന്‍സി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. മാഗസിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടൈങ്കിലും മറ്റൊരു മാഗസിന്‍ തുടങ്ങി, അദ്ദേഹം തന്റെ പാപ്പരാസിപ്പണി തുടര്‍ന്നു. ഭാഗവതരും, സുഹൃത്തും നടനുമായ എന്‍.എസ് കൃഷ്ണനും നിരന്തരം ലക്ഷ്മികാന്തന്റെ എഴുത്തിന്റെ മൂര്‍ച്ച അറിഞ്ഞു കൊണ്ടിരുന്നു. ഈ സംഭവങ്ങള്‍ നടക്കുന്നതിനിടെ, 1944 നവംബര്‍ ഏഴിന് ചെന്നൈയിലെ വേപേരിയില്‍ വെച്ച് ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായ ലക്ഷ്മി കാന്തന്‍ പിറ്റേ ദിവസം മരണപ്പെട്ടു.ലക്ഷ്മി കാന്തന്‍ കൊല ചെയ്യപ്പെട്ട വിവരം കാട്ടുതീ പോലെ പടര്‍ന്നു. ജനം ഇളകി മറഞ്ഞു. അയാളുടെ ശവസംസ്‌കാരം മദ്രാസില്‍ നടത്തി. ഒരു ദേശീയ നേതാവിന്റെത് പോലെ, ആ ശവസംസ്‌ക്കാരച്ചടങ്ങില്‍ അമ്പതിനായിരം പേരാണ് പങ്കെടുത്തത്.

പോലീസ് കൊലപാതകത്തിന്റെ അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസത്തിന് ശേഷം ജയാനന്ദം എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്‍പില്‍ നടത്തിയ കുറ്റസമ്മതത്തില്‍ കൊലയും ഗൂഡാലോചനയും വെളിവായി. കുത്തിയത് വടിവേലു എന്നൊരാളാണെന്നും തന്നെയും തന്റെ സഹോദരിയേയും കുറിച്ച് മോശമായി വാരികയില്‍ എഴുതിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് താന്‍ ഗൂഡാലോചനയില്‍ പങ്കെടുത്തത് എന്നും ജയാനന്ദന്‍ കുറ്റസമ്മതം നടത്തി. വടിവേലുവിനെ സഹായിക്കാന്‍ വെറെ നാലു പേരുണ്ടായിരുന്നെന്നും അയാള്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് അയാള്‍ പറഞ്ഞ പേരുകള്‍ തമിഴ് നാടിനെ ഇളക്കിമറയ്ക്കാന്‍ പോന്നതായിരുന്നു. അതില്‍ ഒന്നാമനായ എം.കെ. ത്യാഗരാജ ഭാഗവതര്‍ 2500 രൂപ ഇതിനായി വാഗ്ദാനം ചെയ്തു എന്നും രണ്ടാമന്‍ എന്‍.എസ്. കൃഷ്ണന്‍ 500 രൂപ നല്‍കിയെന്നും കൃത്യം നടന്ന ശേഷം ബാക്കി പണം നല്‍കാമെന്നും ജയാനന്ദന്‍ എറ്റു പറഞ്ഞു. ഇതോടെയാണ് ആ സൂപ്പര്‍താരം അറസ്റ്റിലാവുന്നത്.


കൊലക്കേസില്‍ ജയിലില്‍

1944 ഡിസംബര്‍ 27 ന് രാത്രി മദ്രാസിലെ അരന്‍മനെക്കാര്‍ തെരുവിലെ സെന്റ് മേരീസ് ഹാളില്‍ ഭാഗവതരുടെ സംഗീത കച്ചേരിയുണ്ടായിരുന്നു. അത് കഴിഞ്ഞ് ഹാളിന് പുറത്തിറങ്ങുമ്പോഹ മലയാളി പോലീസ് ഇന്‍സ്‌പെക്ടറായ കൃഷ്ണന്‍ നമ്പ്യാരാണ് ഭാഗവതരെ അറസ്റ്റ് ചെയ്തത്. കുറച്ച് നേരം കഴിഞ്ഞ് എന്‍. എസ്. കൃഷ്ണനും അറസ്റ്റ് ചെയ്യപ്പെട്ടു. പിറ്റേന്നാള്‍ തമിഴ്‌നാട് നടുങ്ങിയ വാര്‍ത്ത എല്ലാ പത്രങ്ങളിലും ബാനര്‍ ഹെഡ്‌ലൈനില്‍ വന്നു. ഭാഗവതരുടെ ആരാധകരായ തമിഴ്മക്കള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് തെരുവിലേക്കിറങ്ങി.

്പക്ഷേ ബ്രിട്ടീഷ് കോടതി ജാമ്യം നല്‍കിയില്ല. വിചാരണയില്‍ എന്‍.എസ്. കൃഷ്ണനെ കോടതി വെറുതെ വിട്ടെങ്കിലും ഭാഗവതര്‍ ശിക്ഷിക്കപ്പെട്ടു. പിന്നീട് ഹൈക്കോടതി അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് ഇരുവരും ജയിലിലായി. മൂന്ന്വര്‍ഷത്തോളം അവര്‍ ജയിലില്‍ തുടര്‍ന്നു. കൊല്ലപ്പെട്ട ലക്ഷ്മികാന്തനേറ്റ മുറിവ് മാരകരമല്ലെന്നും ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ക്ക് പറ്റിയ പിഴവാണ് മരണകാരണം എന്നും പിന്നീട് പുറത്ത് വന്നു. സിനിമാ രംഗത്തെ പകയും കിടമത്സരവുമൊക്കെ ഇതിന് പിന്നില്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ വന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ലണ്ടനിലെ പ്രിവി കൗണ്‍സിലില്‍ അപ്പീല്‍ പോയി. തെളിവുകള്‍ പുന:പരിശോധിക്കാന്‍ പ്രിവി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നു നടത്തിയ പുനര്‍വിചാരണയില്‍ ഇരുവരും കുറ്റവിമുക്തരാക്കപ്പെടുകയായിരുന്നു. ഭാഗവതര്‍ക്ക് ശരിക്കും കേസില്‍ ബന്ധമുണ്ടോ എന്ന കാര്യം ഇന്നും അജ്ഞാതമാണ്.

1947 ഏപ്രിലിലാണ് കുറ്റവിമുക്തനാക്കിയത്. അറസ്റ്റിന് മുമ്പ്, 12 സിനിമകളില്‍ കൂടി അഭിനയിക്കാന്‍ ത്യാഗരാജ ഭാഗവതര്‍ കരാര്‍ ഒപ്പിട്ടിരുന്നു. പക്ഷേ അദ്ദേഹം ഇനി പുറത്തിറങ്ങില്ല എന്ന കണ്ട് നിര്‍മ്മാതാക്കള്‍ അത് മറ്റ് താരങ്ങളെവെച്ച് തീര്‍ത്തു. പുറത്തിറങ്ങിയതിനുശേഷം അദ്ദേഹം നിര്‍മ്മിച്ച ചുരുക്കം ചില സിനിമകളും പരാജയപ്പെട്ടു. ജയിലില്‍ പോയ ഒരാളെ സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്ത് വന്നപ്പോഴേക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നു. 50കളില്‍ കരുണാനിധി, എം.ജി.ആര്‍ തുടങ്ങിയവരുടെ വാഴ്ച ആരംഭിച്ചിരുന്നു. കാലം മാറിയിരുന്നു. ആസ്വാദനത്തിലും, അഭിരുചികളിലും വന്ന മാറ്റം മനസിലാക്കാന്‍ ആ താരത്തിന് കഴിഞ്ഞില്ല. കേസും സ്വന്തമായി നിര്‍മ്മിച്ച സിനിമ തകര്‍ന്നതും ഭാഗവതരെ കടക്കാരനാക്കി. ജനം അന്നത്തെ സിനിമയിലെ ന്യൂജനായ എംജിആറിനൊപ്പം പോയി. സിനിമയിലെ വേഗതയിലുള്ള മാറ്റങ്ങള്‍ മനസിലാക്കാതെ ഭാഗവതര്‍ പഴയ വഴിയിലൂടെ പോയത് പരാജയത്തിലേക്കായിരുന്നു.

അദ്ദേഹം തുടക്കത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരുന്നു, രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നു. അപ്പോഴും തന്റെ കച്ചേരികളില്‍ അദ്ദേഹം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. പിന്നെ അതും കുറഞ്ഞു. താന്‍ പതുക്കെ ഫീല്‍ഡ് ഔട്ട് ആവുകയാണെന്ന് ഭാഗവര്‍ക്കും മനസ്സിലായി. ചലച്ചിത്ര രംഗം വിടും മുന്‍പ് അവസാന അഭിമുഖത്തില്‍ ഭാഗവതര്‍ പറഞ്ഞു; 'ജീവിതത്തില്‍ എന്നെപ്പോലെ സര്‍വ്വ സൗഭാഗ്യങ്ങളുടേയും നടുവില്‍ ജീവിച്ചവരാരുമുണ്ടാകില്ല. ജീവിതത്തില്‍ എന്നേപ്പോലെ തകര്‍ന്നവരുമുണ്ടാകില്ല. ഞാന്‍ എവറസ്റ്റോളം ഉയര്‍ന്നു. പാതാളത്തോളം താഴ്ന്നു.'


ഒടുവില്‍ ക്ഷേത്ര സന്നിധിയില്‍

അവസാനകാലത്ത് ഭാഗവതര്‍ പൂര്‍ണ്ണമായും ഒരു ആധ്യാത്മിക ജീവിതമാണ് നയിച്ചിരുന്നത്. നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ നടത്തി. സമ്പത്തിലും പ്രശസ്തിയിലും താല്‍പ്പര്യം നഷ്ടപ്പെട്ടു. 1955-ന് ശേഷം, അദ്ദേഹം തന്റെ ഉറ്റ സുഹൃത്തായ നാഗരത്‌നത്തോടൊപ്പം ധര്‍മ്മപുര അധീനം, പണ്ഡര്‍പൂര്‍ തുടങ്ങിയ ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. തിരുച്ചിറയ്ക്കടുത്തുള്ള രാമകൃഷ്ണ തപോവനം സന്ദര്‍ശിച്ച് ഒരു മാസത്തിലേറെ അവിടെ താമസിച്ചു. തിരുവണ്ണാമലയും തിരുമൂലരണ്യവും സന്ദര്‍ശിച്ച് കുറച്ച് ദിവസം ഒരു ആശ്രമത്തില്‍ താമസിച്ചു.

പ്രമേഹരോഗം വന്നതോടെ അന്ധതയും അദ്ദേഹത്തെ ബാധിച്ചു. തല മൊട്ടയിടിച്ച് തഞ്ചാവൂര്‍ മാരിയമ്മന്‍ കോവിലിന് മുന്നില്‍ അദ്ദേഹം ഒരേ ഇരിപ്പായി. നിസംഗതയോടെ. അക്കാലത്തത്ത് ഭാഗവതരെ താന്‍ ഈ ക്ഷേത്ര നടയില്‍ നേരിട്ട് കണ്ടകാര്യം, പ്രേം നസീര്‍ പിന്നീട് എഴുതിയിട്ടുണ്ട്. ''എന്റെ തലമുറ ആരാധനയോടെ കണ്ട ഭാഗവതരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞാന്‍ ഞെട്ടി. ഞാന്‍ അദ്ദേഹത്തിനോട്, ഞാന്‍ സിനിമാ നടനാണെന്നും, താങ്കളുടെ ആരാധകനാണെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നത് എന്തെന്ന് എനിക്കറിയാം. എനിക്ക് കുറച്ച് പണം തരട്ടേ എന്നല്ലേ. വേണ്ട. ഞാന്‍ കാണാത്ത ധനമില്ല, ഐശ്വര്യമില്ലാ, സമ്പത്തില്ലാ. എനിക്ക് ഒന്നും വേണ്ട. എന്റെ അനുജന്‍, എനിക്ക് ആഹാരം തരുന്നുണ്ട്, അത് മതി''- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപ്പോഴും വല്ലപ്പോഴുമുള്ള ചെറിയ സംഗീത കച്ചേരികള്‍ അദ്ദേഹം തുടര്‍ന്നിരുന്നു. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ സംഗീതകച്ചേരികള്‍ക്കിടയില്‍ അദ്ദേഹം സ്വയം ഇന്‍സുലിന്‍ കുത്തിവെപ്പ് എടുത്തിരുന്നു. മരണത്തിന് പത്ത് ദിവസം മുമ്പ്, ഭാഗവതര്‍ പൊള്ളാച്ചിയില്‍ ഒരു ചെറിയ കച്ചേരി നടത്തി. കച്ചേരിയുടെ അവസാനം, ഒരാള്‍ പ്രമേഹരോഗികളെ സുഖപ്പെടുത്താന്‍ കഴിയുമെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന് ആയുര്‍വേദ ടോണിക്ക് നല്‍കി. എന്നാല്‍ ആശ്വാസം നല്‍കുന്നതിനുപകരം, ടോണിക്ക് അവസ്ഥ വഷളാക്കി. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മദ്രാസിലേക്ക് കൊണ്ടുപോകേണ്ടിവന്നു. 1959 ഒക്ടോബര്‍ 22-ന് അദ്ദേഹത്തെ മദ്രാസിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം ചികിത്സ തേടിയെങ്കിലും 1959 നവംബര്‍ 1-ന് വൈകുന്നേരം 6.20-ന് അദ്ദേഹം മരിച്ചു. വെറും 49 വയസ്സുമാത്രമായിരുന്നു മരിക്കുമ്പോള്‍ ഈ സൂപ്പര്‍താരത്തിനുണ്ടായിരുന്നത്. അതിന് രണ്ട് വര്‍ഷം മുമ്പ്, ഇന്ത്യന്‍ ചാര്‍ലി ചാപ്ലിന്‍ എന്‍.എസ്. കൃഷ്ണനും തന്റെ 48ാം വയസില്‍ മരിച്ചു. ജയില്‍ശിക്ഷയുടെ ആഘാതത്തില്‍ നിന്ന് അവര്‍ ഒരിക്കലും മോചിതനായില്ല. എല്ലാം കൈവിട്ടപ്പോള്‍ ഇരുവരും മദ്യപാനത്തില്‍ അഭയം തേടി. ഭാഗവതര്‍ പിന്നീട് മദ്യത്തില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും കൃഷ്ണന് അത് കഴിഞ്ഞില്ല.

ഭാഗവതരുടെ മൃതദേഹം ജന്‍മനാടായ ട്രിച്ചിയിലേക്ക് കൊണ്ടുപോയി പ്രാന്തപ്രദേശത്തുള്ള സാങ്കിലിയണ്ടപുരത്ത് സംസ്‌ക്കരിച്ചു. അപ്പോഴേക്കും അദ്ദേഹത്തെ ഒരുനോക്കുകാണാന്‍ ആയിരങ്ങളെത്തി. വൈകുന്നേരം 4.30 ന് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കന്റോണ്‍മെന്റില്‍ നിന്ന് ആരംഭിച്ച ശവസംസ്‌കാര ഘോഷയാത്ര, വന്‍ ജനക്കൂട്ടത്തെത്തുടര്‍ന്ന് ശ്മശാന സ്ഥലത്തെത്താന്‍ ഏകദേശം 4 മണിക്കൂര്‍ എടുത്തു. ഇന്നും മതിയായ ഒരു സ്മാരകം ഭാഗവതര്‍ക്കില്ല എന്ന പരാതി തമിഴ്നാട്ടിലെ വിശ്വകര്‍മ്മ സമൂഹത്തിനുണ്ട്.

വാല്‍ക്കഷ്ണം: പേരും പ്രശസ്തിയും, സമ്പത്തുമൊക്കെ എത്ര ക്ഷണഭംഗുരമാണെന്ന് ഭാഗവതരുടെ ജീവിതം ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ നടിയെ ആക്രമിച്ച കേസുമായും ഇതിന് വലിയ സാമ്യം തോന്നാം!