ലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനം! പതിനായിരങ്ങളും ലക്ഷങ്ങളുമല്ല ഏകദേശം 45കോടി ജനങ്ങളാണ് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നത്. അതാണ് ജനുവരി 13 മുതല്‍ ഫെബ്രുവരി 26വരെ, (അതായത് മകരംസംക്രാന്തി മുതല്‍ മഹാശിവരാത്രിവരെ) ഉത്തര്‍ പ്രദേശിലെ പ്രായാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേള! ഗംഗാ നദിയിലെ വെറുമൊരു പുണ്യക്കുളിയല്ല കുംഭമേള. ഇന്ത്യയുടെ ആത്മീയ-സാംസ്‌ക്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമിയാണ്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായി വിലയിരുത്തപ്പെടുന്നതും ഈ മഹാമനുഷ്യസംഗമം തന്നെ.

മനുഷ്യരാശിയുടെ വിവരിക്കാകാത്ത പൈതൃകം എന്നാണ് യുനെസ്‌കോ, കുംഭമേളയെ വിശേഷിപ്പിച്ചിട്ടുള്ളത്. ആള്‍ക്കൂട്ടത്തിന്റെ ആഘോഷമാണിത.് നിങ്ങള്‍ക്കവിടെ അഘോരികളെ കാണാം, നാഗ സന്യാസിമാരെ കാണാം, ഭാംഗ് ചവച്ചുനടക്കുന്ന നഗ്ന സന്യാസിമാരെ കാണാം, അഘാഡകളില്‍ യോഗചെയ്യുന്നവരെ കാണാം, ഇന്ത്യന്‍ ആത്മതീയതയെ പഠിക്കാനെത്തിയ വിദേശികളെ കാണാം. ഹിന്ദിയും സംസ്‌കൃതവും ബംഗാളിയും ഗുജറാത്തിയും മറാത്തയും തെലുങ്കും കന്നഡയും ഉള്‍പ്പടെ എല്ലാ ഭാഷകളും സംസാരിക്കുന്നവരെ കാണാം. 'ഇന്ത്യയുടെ ആത്മാവ് അറിയണമെങ്കില്‍ നിങ്ങള്‍ ഒരിക്കലെങ്കിലും കുംഭമേള കണ്ടിരിക്കണമെന്ന്' ഖുഷ്വന്ത്സിംഗ് എഴുതിയത്് വെറുതെയല്ല. ഇത്രമേല്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യം ഉള്ള മറ്റൊരു മനുഷ്യസംഗമം ഇല്ല.

ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്നത്. 5,500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടന്നു കഴിഞ്ഞു. 2,500 കോടി രൂപയാണ് യു പി സര്‍ക്കാര്‍ കുംഭമേളക്കായി നീക്കിവെച്ചിരിക്കുന്നത്. യോഗിയുടെയും മോദിയുടെയും പ്രസ്റ്റിയുജ് ഇഷ്യൂവാണ് ഈ കുംഭമേള. ഇത്രയും ആളുകള്‍ കൂടിയിട്ടും വൃത്തിയോടെ മേള നടത്തുമെന്നാണ് സര്‍ക്കാറിന്റെ വാഗ്ദാനം. റോബോട്ടും, ചാറ്റ് ജിടിപിയും, ഹൈട്ടെക്ക് നാവിഗേഷനുമൊക്കെയായി എ ഐ നിയന്ത്രിക സാങ്കേതികവിദ്യയോടെയാണ് ഇത്തവണ മേള നടക്കുന്നത്. ഒരുഭാഗത്ത് സര്‍വസംഗ പരിത്യാഗികളായ നഗ്ന സന്യാസിമാര്‍, മറുഭാഗത്ത് ശാസ്ത്ര സാങ്കേതിക തികവിന്റെ പരകോടി! ശരിക്കും ഒരു അത്ഭുതം തന്നെയാണിത്.

അമൃത് കുടിക്കാന്‍ എത്തുന്നവര്‍!

നൂറ്റാണ്ടുകളായി ഭാരതത്തില്‍ കുംഭമേള നടക്കുന്നുണ്ട്. വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത പഴയ കാലത്ത്, ജ്യോതിശാസ്ത്രത്തെ ആസ്പദമാക്കി ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ നോക്കിയാണ് ഇത് അക്കാലത്ത് തീര്‍ഥാടകര്‍ അറിഞ്ഞിരുന്നത്. സാമ്രാജ്യങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും കുംഭമേള സുഗമമായി നടന്നു. ശാക്യന്മാരും, മൗര്യന്മാരും, ഗുപ്തന്മാരും, മറാട്ടകളുമെല്ലാം നാടുവാണ് മറഞ്ഞു. തുടര്‍ന്ന് അധിനിവേശ ശക്തികളായി ഡല്‍ഹി സുല്‍ത്താന്മാരും, മുഗള്‍ രാജവംശവും എത്തി. ഡച്ച്, പോര്‍ച്ചുഗീസ് ഇംഗ്ലീഷ് ആധിപത്യങ്ങളും വന്നു. ഇക്കാലമെല്ലാം കുംഭമേള ഒരു മഹാപ്രവാഹമായി തുടര്‍ന്നു. പല കാലങ്ങളില്‍ വിവിധ ഹിന്ദു ആചാര്യന്മാര്‍ പല സംഘങ്ങളെ നയിച്ചു. അഘാഡകള്‍ അതില്‍ വലിയ പങ്കുവഹിച്ചു. ആറുവര്‍ഷം കൂടുമ്പോള്‍ അര്‍ധ കുംഭമേള, 12 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേള, 144 വര്‍ഷമാകുമ്പോള്‍ പൂര്‍ണ കുംഭമേള എന്നിങ്ങനെയാണ് കുംഭമേളകള്‍ നടക്കുന്നത്.




പാലാഴി മഥനത്തിന്റെ പുരാണ കഥയുമായി ബന്ധപ്പെട്ടതാണ് കുംഭമേളയുടെ ഐതിഹ്യം. എക്കാലത്തും ഏറ്റുമുട്ടിക്കൊണ്ടിരുന്ന ദേവാസുരന്മാര്‍ അമരത്വം നേടാന്‍ മോഹവുമായി ഒത്തുചേര്‍ന്നു. മരണത്തെ ജയിക്കാനുള്ള അമൃത് നേടുന്നതിനായി പാലാഴി കടഞ്ഞു. ഒടുവില്‍ ലഭിച്ച അമൃത കുംഭം കൈക്കലാക്കാനായി തര്‍ക്കമായി, യുദ്ധമായി. 12 ദിവസം അതു തുടര്‍ന്നു. അതിനിടെ കുംഭത്തില്‍നിന്ന് നാല് തുള്ളികള്‍ ഭൂമിയില്‍ പതിച്ചു. പ്രയാഗ് രാജ്, ഹരിദ്വാര്‍, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളായിരുന്നു ആ സ്ഥലങ്ങള്‍. ആ സങ്കല്‍പ്പത്തിലാണ് ഈ സ്ഥലങ്ങളില്‍ കുംഭമേള നടക്കുന്നത്. ഇവിടെ കുഭമേളക്കാലത്ത് സ്നാനം ചെയ്യുമ്പോള്‍ അമൃത് ഉള്ളിലെത്തുമെന്നാണ് സങ്കല്‍പ്പം. ഇതിനെല്ലാം പുറമേ നിരവധി പ്രാദേശിക ഐതീഹ്യങ്ങളും കുംഭമേളയുടെ ഭാഗമായി ഉണ്ട്.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയും യമുനയും സങ്കല്‍പ്പനദിയായ സരസ്വതിയും ഒത്തുചേരുന്ന സംഗത്തിലാണ്, ഇപ്പോള്‍ മഹാംകുംഭമേള നടക്കുന്നത്. കുംഭമേളയുടെ കാലയളവില്‍ വിശേഷദിവസങ്ങളിലെ പുണ്യമായ സ്‌നാനങ്ങളാണ് (ഷാഹി സ്‌നാന്‍) പ്രധാനം. പ്രയാഗ് രാജില്‍ യമുനയും സങ്കല്‍പനദിയായ സരസ്വതിയും ചേരുന്ന സംഗത്തിലാണ് സ്‌നാനം. ജനുവരി 13-ന് പൗഷ് പൂര്‍ണിമ, 14 മകര്‍ സംക്രാന്തി, 29 മൗന അമാവാസ്യ, ഫെബ്രുവരി മൂന്നിന് വസന്തപഞ്ചമി, നാലിന് അച്ഛലാ സപ്തമി, 12-ന് മാഘപൂര്‍ണിമ, 26-ന് മഹാശിവരാത്രി എന്നിങ്ങനെയാണ് ക്രമം. ഈ ദിവസങ്ങിലൊന്നും പ്രയാഗ്്രാജിലേക്ക് അടുക്കാന്‍ കഴിയില്ല. റെയില്‍വെ സ്റ്റേഷനിലേക്ക് നടക്കാന്‍ പോലും കഴിയാതെ നോക്കിനിന്ന അനുഭവം, മുന്‍കാലത്ത് ഷാഹി സ്നാന്‍ ദിവസങ്ങളില്‍ കുംഭമേളക്ക് പോയവര്‍ക്ക് പറയാനുണ്ട്. 2019-ല്‍ പ്രയാഗ് രാജില്‍ നടന്ന അര്‍ധ കുംഭമേളയില്‍ 20 കോടിയോളം ആളുകള്‍ പങ്കെടുത്തു എന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ തന്നെ, ഏറ്റവും പ്രധാനപ്പെട്ട ദിനത്തില്‍ എത്തിയവരുടെ എണ്ണം അഞ്ചുകോടിയായിരുന്നു.

നിര്‍മ്മാണ അത്ഭുതം

ഉത്തര്‍ പ്രദേശില്‍ കാശി എന്ന് നമ്മള്‍ വിളിക്കുന്ന വരാണസിയില്‍നിന്ന് 122 കിലോമീറ്റര്‍ അകലെയാണ് പ്രയാഗ് രാജ്. അലഹബാദ് എന്നായിരുന്ന പഴയ പേര്. ഇവിടെ ഗംഗാ-യുമുനാ സംഗമതീരത്താണ്, കുംഭമേളയുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ സ്നാനം നടക്കുന്നത്. കേരളത്തിലെ ഒരു ജില്ലയുടെ വിസ്തൃതിയില്‍, ഒരു കൃത്രിമ നഗരം താല്‍ക്കാലികമായി ഉണ്ടാക്കിയെടുത്താല്‍ എങ്ങനെയിരിക്കും. പ്രയാഗ് രാജ് കുംഭമേളയുടെ നിര്‍മ്മാണ വൈദഗ്ധ്യം അതിശയിപ്പിക്കുന്നതാണ്. കുംഭമേളയ്ക്ക് ആറ് മാസം മുന്‍പ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായ ഒരുക്കം തുടങ്ങിയിട്ടുണ്ട്.

മേളാനഗരിക്ക്, മനസ്സിലാക്കാന്‍ എളുപ്പത്തിന്, 30 കിലോമീറ്റര്‍ നീളവും 30 കിലോമീറ്റര്‍ വീതിയും എന്ന് കണക്കാക്കാം. അതായത്, 30 ചതുശ്ര കിലോമീറ്റര്‍ പരപ്പില്‍ ഒരു ടെന്റ് സിറ്റി ഉണ്ടാക്കിയെടുക്കുകയാണ് ആറ് മാസം കൊണ്ട്. മൂന്ന് ലക്ഷത്തില്‍പ്പരം ടെന്റുകള്‍ ആണ് ഈ പൂഴിപ്പരപ്പില്‍ കുംഭമേളയ്ക്കായി ഉയരുന്നത്. ഇത് കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം വരും. കുംഭമേളക്കാലത്ത് പ്രയാഗ്രാജിന് ജില്ലാപദവി കൊടുത്തിരിക്കയാണ്. കുംഭമേളക്ക് മാത്രമായ ഒരു മന്ത്രിയുമുണ്ട്.




ഗംഗാ-യുമുനാ മണല്‍പ്പരപ്പില്‍, താല്‍ക്കാലിക ടെന്റുകള്‍ക്കായി ആയിരം കിലോമീറ്ററോളമാണ് ഇലക്ട്രിക് ലൈന്‍ വലിച്ചത്. അത്രതന്നെ വെള്ളത്തിനായുള്ള പൈപ്പ് ലൈനും ഇടുന്നു.ഏതാണ്ടത്രയും നീളത്തില്‍ സീവേജ് ലൈനും. കുംഭമേളയ്ക്കായി മാത്രം 500 കിലോമീറ്റര്‍ റോഡും നിര്‍മ്മിക്കുന്നു. രണ്ട് ലക്ഷത്തോളം വരുന്ന ഗവണ്‍മെന്റ് ജീവനക്കാരുടെ, രാവും പകലുമില്ലാത്ത ആറ് മാസത്തെ കഠിനാദ്ധ്വാനമാണ് കുംഭമേളക്ക് പിന്നിലുള്ളത്.

ഇരുപതോളം എണ്ണം വലിയ പാണ്ഡൂണ്‍ പാലങ്ങള്‍ താത്ക്കാലികമായി നഗരിയില്‍ ഉയരുന്നു. രണ്ട് ലക്ഷത്തിലധികം താത്ക്കാലിക ഇലക്ട്രിക് കണക്ഷനുകള്‍ നല്‍കുന്നു. മേള നഗരിയെ 14 സെക്റ്റര്‍ ആക്കിത്തിരിച്ച്, ഓരോ സെക്റ്ററിനും പ്രത്യേകം പോലീസ് സ്റ്റേഷനും പ്രത്യേകം ഫയര്‍സ്റ്റേഷനും പ്രത്യേകം പോസ്റ്റ് ഓഫീസും പ്രത്യേകം ആശുപത്രിയും നിര്‍മ്മിക്കുന്നു! രണ്ട് ലക്ഷത്തിലധികം താത്ക്കാലിക റേഷന്‍ കാര്‍ഡുകള്‍ മേളക്കാലത്ത് വിതരണം ചെയ്യുന്നു. എന്നും രണ്ട് കോടിയിലധികം ആള്‍ക്കാര്‍ ഇവിടെ തമ്പടിക്കും. കൂടാതെ, എന്നും കോടിക്കണക്കിന് ആള്‍ക്കാര്‍ വന്നും പോയുമിരിക്കും. എന്നിട്ടും,മാലിന്യമെന്ന പ്രശ്നം മേളനഗരിയിലെങ്ങുമുണ്ടാവില്ല. പരാതിക്കിടയില്ലാത്ത വിധം ,'സ്വാസ്ഥ്യവിഭാഗം' എന്ന സര്‍ക്കാര്‍ സംവിധാനം, രാപകല്‍ , ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു.

മുപ്പതിനായിരത്തോളം പോലീസുകാരെ കൂടാതെ, അര്‍ദ്ധസൈനിക വിഭാഗങ്ങളും നഗരിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിലയുറപ്പിക്കുന്നു. പതിനയ്യായിരത്തോളം സ്പെഷ്യല്‍ ട്രെയിനുകള്‍ കുംഭമേളയിലേയ്ക്ക് റെയില്‍വേ ഒരുക്കുന്നു. കഴിഞ്ഞ തവണത്തെ കുംഭമേളയ്ക്ക് സ്പെഷല്‍ ബസ്സുകള്‍ ഓടിയത് ഗിന്നസ് റെക്കോഡായിരുന്നു. അതായത്, ആള് നിറഞ്ഞാല്‍ പോകുന്ന ബസ്സുകള്‍ തുടരെത്തുടരെ ഓടിയപ്പോള്‍, അത് ലോകത്തിലെ ഏറ്റവും വലിയ കോണ്‍വോയ് ബസ് സര്‍വ്വീസായി മാറി!

പ്രധാന സ്നാന ദിനങ്ങളിലൊഴികെ, മേളനഗരിയില്‍ എവിടെ പോകാനും ബാറ്ററി വണ്ടികള്‍ യഥേഷ്ടം.ഇത്രയും ഏരിയ പ്ലാസ്റ്റിക് ഫ്രീ സോണുമാണ്. ശുചിത്വമുള്ള, പ്ലാസ്റ്റിക് രഹിതമായ മഹാ കുംഭമേള എന്ന സന്ദേശമാണ് ഈ ആഘോഷത്തിലൂടെ നല്‍കുന്നതെന്ന് പ്രയാഗ്രാജ് മേയര്‍ പറയുന്നത്. അതുകൊണ്ടാണ് ഇവിടം സന്ദര്‍ശിച്ച, ഹാര്‍വാര്‍ഡിലെ ഒരുപറ്റം ഗവേഷണ വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും 'ഇത് ലോകത്തെത്തന്നെ ഒരു മാനേജ്മെന്റ് വിസ്മയമാണ് ' എന്ന് പറഞ്ഞത്.

അഘോരികളും നഗ്‌നസന്യാസികളും

ഇങ്ങനെയൊക്കെയാണെങ്കിലും കുംഭമേളയുടെ വന്യമായ സൗന്ദര്യമെന്ന് പറയുന്നത്, അവിടെ സ്നാനത്തിന് എത്തുന്ന അഘോരികള്‍, നാഗസന്യാസിമാര്‍ എന്ന് പറയുന്നതാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നതും, ഹിമാലയത്തില്‍നിന്ന് വരുന്ന, കുംഭമേളക്കാലത്ത് മാത്രം പുറത്തിറങ്ങുന്നുവെന്ന് പറയുന്ന ഈ സന്യാസിമാരെ കാണാനാണ്. ഇവരില്‍ ഭാംഗും കഞ്ചാവും പുകയ്ക്കുന്നവര്‍ ഉണ്ടാവും. ഭസ്മം കൊണ്ടുമാത്രം, നഗ്നത മറക്കുന്നവര്‍ ഉണ്ടാവും. തലയോട്ടി കഴുത്തിലളിഞ്ഞ ഒറ്റനോട്ടത്തില്‍ പേടിപ്പെടുത്തുന്നവര്‍ ഉണ്ടാവും.




അഘോരികളുടേത് വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ്. യാഥാസ്ഥിതിക സനാതന രീതികളില്‍ നിന്നും ഇക്കൂട്ടര്‍ വളരെ വ്യത്യസ്തമാണ്. ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയവടങ്ങിലും, ഹിമാലയ മലനിരകളിലും കാണാനാവുന്ന ഒരു സന്യാസി സമൂഹമാണ് ഇവര്‍. നാഗസന്യാസികള്‍ക്കൊപ്പം ചേര്‍ന്ന് ഹിമാലയത്തിന്റെ അതിര്‍ത്തി ശത്രുക്കളില്‍നിന്ന് കാത്ത ഫൈറ്റര്‍ ഗ്രൂപ്പായും ഇവര്‍ വിലയിരുത്തപ്പെടുന്നുണ്ട്. ഈ സന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഈ മാര്‍ഗം വളരെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. സാധാരണ മനുഷ്യന് അറപ്പും വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവരാണിവര്‍. ശവത്തില്‍പോലും ഉപാസന നടത്തുന്ന, ചുടലഭസ്മം പുശി ജീവിക്കുന്നവര്‍. എരിയുന്ന തീയില്‍ക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയില്‍ കിടക്കുക, ത്രിശൂലത്താല്‍ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകള്‍ ആഘോരികള്‍ക്ക് അറിയാമെന്നാണ് പ്രചാരണം. പക്ഷേ ഇതൊക്കെ വെറും കഥകള്‍ മാത്രമാണ്.

അഘോരികള്‍ ഭാവി പ്രവചിക്കാറും ആരേയും അനുഗ്രഹിക്കാറുമില്ലെന്നത് ശ്രദ്ധേയമാണ്. പക്ഷേ ഈ സന്യാസികളുടെ പേരിലും വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ്, ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കുംഭമേളയില്‍ വന്ന് പണം കൊടുത്ത് അനുഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം സന്യാസിമാരും, തട്ടിപ്പുകാരാണെന്ന് സൗമിത്രി ചാറ്റര്‍ജിയെപ്പോലുള്ള ഇത് സംബന്ധിച്ച് പഠിച്ച എഴുത്തുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ അഘോരികള്‍ ഇങ്ങനെ അനുഗ്രഹം കൊടുക്കില്ല. അതുപോലെ അഘോരികള്‍ ശവം തിന്നുമെന്നതും വെറും കെട്ടുകഥയാണെന്നാണ്, ഇതുസംബന്ധിച്ച് ആഴത്തില്‍ പഠിച്ചവര്‍ പറയുന്നത്. മുന്‍കാലത്ത് ശവസംസ്‌ക്കാരത്തിന്റെ സമയത്ത് ഗംഗയില്‍, തണ്ണിമത്തന്‍ അടക്കമുള്ള വിവിധ ഭക്ഷ്യവസ്തുക്കള്‍വെച്ച് മൃതദേഹം ഒഴുക്കിവിടുന്ന പതിവുണ്ടായിരുന്നുവെന്നും, അത് തിന്നുന്നതാണ് ശവം ഭക്ഷിക്കുന്നതായി ചിത്രീകരിക്കപ്പെട്ടത് എന്നും ചില പഠനങ്ങളില്‍ പറയുന്നു.

അതുപോലെ ഗംഗാനദിയെ വലിയതോതില്‍ മലിനപ്പെടുത്തുകയാണ് കുംഭമേളയിലുടെ ചെയ്യുന്നത് എന്നും വിമര്‍ശനമുണ്ട്. ശവങ്ങള്‍ ഒഴുക്കിയും, മാലിന്യങ്ങള്‍ നിക്ഷേപിച്ചും, ഫാക്ടറികളില്‍നിന്നുള്ള മലിനീകരണവുംമൂലം നേരത്തെ ഗംഗ ഏറെ മലിനമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍, നടപ്പാക്കിയ ഗംഗാ ആക്ഷന്‍ പ്ലാന്‍ മൂലം കുറേയധികം ശുദ്ധീകരിക്കാനായി. ഇന്നും കോളിഫോം ബാക്ടീരിയകളുടെ അടക്കം എണ്ണം ഗംഗാജലത്തില്‍ കൂടുതലാണ്. പക്ഷേ പ്രയാഗ് രാജിലടക്കം ഇപ്പോള്‍ ഗംഗയിലും യമുനയിലും ശക്തമായ മാലിന്യ നിര്‍മ്മാര്‍ജനം നടക്കുന്നുണ്ട്.

ഇത് എ ഐ കുംഭമേള!

ഒരുഭാഗത്ത് പാകൃതമെന്ന് വിമര്‍ശകര്‍ പറയുന്ന വസ്ത്രംപോലുമില്ലാത്ത ആത്മീയതുടെ വക്താക്കളെയാണ് കാണാന്‍ കഴിയുന്നെങ്കില്‍, മറുഭാഗത്ത് ഏറ്റവും പുതിയ ശാസ്ത്ര-സാങ്കേതികവിദ്യയുടെ ആഘോഷംകൂടിയാണ് കുംഭമേള. ഇത്തവണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മേളക്കായുണ്ട്. 11 ഇന്ത്യന്‍ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ പ്രാപ്തമായ എ ഐ ചാറ്റ്ബോട്ടുകളുടെ സേവനം കുംഭമേളയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൗായവ ടമവ'അക'്യമസ എന്നാണ് ചാറ്റ്ബോട്ടിന്റെ പേര്. പ്രയാഗ്രാജിലും സമീപപ്രദേശങ്ങളിലുമായി എത്തുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഒരു ഡിജിറ്റല്‍ കൂട്ടാളിയെന്ന പോലെ ഈ ചാറ്റ്ബോട്ട് പ്രവര്‍ത്തിക്കും. ചാറ്റ്ബോട്ടുമായി വിവിധ തരത്തില്‍ സംസാരിക്കാന്‍ കഴിയും. വോയ്സ് മെസേജ് രൂപേണ, ടെക്സ്റ്റ് മെസേജ് രൂപേണയെല്ലാം ഇത് സാധ്യമാകും. ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് വോയ്സ് മെസേജിംഗ് സംവിധാനം സഹായകമാകും.

ഗൂഗിള്‍ മാപ്പുമായി കണക്ട് ചെയ്തിരിക്കുന്നതിനാല്‍ പ്രധാന സ്പോട്ടുകളെക്കുറിച്ച് വിവരം ഇതില്‍കിട്ടും. സ്നാനഘട്ടുകള്‍, ക്ഷേത്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കിംഗ് ഏരിയകള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങള്‍ പരസഹായമില്ലാതെ കണ്ടുപിടിക്കാന്‍ സഹായിക്കും. കുംഭമേളയുടെ ചരിത്രത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചുമെല്ലാം ചാറ്റ്ബോട്ട് പറഞ്ഞുതുരും. കുംഭമേളയ്ക്ക് എത്തുന്ന ഭക്തര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിസര പ്രദേശങ്ങളില്‍ എവിടെയെല്ലാം സര്‍ക്കാര്‍ അംഗീകൃത താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ചാറ്റ്ബോട്ട് വിശദമാക്കും. ഹോം സ്റ്റേ, ലോക്കല്‍ അക്കോമഡേഷന്‍, ടൂര്‍ പാക്കേജുകള്‍ തുടങ്ങിയെല്ലാം ചാറ്റ്ബോട്ട് പറഞ്ഞുതരും.ങമവമ ഗൗായവ 2025 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചാറ്റ്ബോട്ട് ആക്സസ് ചെയ്യാം.




ഇതിന് പുറമേ, പ്രയാഗ്രാജ് മേള അതോറിറ്റി 'മഹാ കുംഭമേള 2025' ആപ്പ് പുറത്തിറക്കിയിരുന്നു. ഇതിന്റെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് തുറക്കുന്നതിലൂടെ, ഭക്തര്‍ക്ക് അതിന്റെ ഹോംപേജിലെ 'പ്ലാന്‍ യുവര്‍ പില്‍ഗ്രിമേജ്' വിഭാഗത്തില്‍ 'ഘട്ടിലേക്കുള്ള ദിശ നേടുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. പ്രയാഗ്രാജിലെ ഏഴ് പ്രധാന ഘട്ടുകളായ ദശാശ്വമേധ് ഘട്ട്, കില ഘട്ട്, റസുലാബാദ് ഘട്ട്, നൗക ഘട്ട്, മഹേവ ഘട്ട്, സരസ്വതി ഘട്ട്, ഗ്യാന്‍ ഗംഗാ ഘട്ട് എന്നിവയിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിലൂടെ ലഭിക്കും.

കണ്ടാലും കണ്ടാലും തീരാത്ത അത്ര പ്രദര്‍ശനങ്ങളും, സ്റ്റാളുകളുമൊക്കെ കുംഭമേളയുടെ ഭാഗമായി ഉണ്ട്. സാംസ്‌കാരിക മന്ത്രാലയവും യുപി സര്‍ക്കാരും സംയുക്തമായി ഇവിടെ കലാ- സാഹിത്യ പരിപാടികള്‍ നടത്തുന്നുണ്ട്. ഇതിനായി4,000 പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന മൂന്ന് സ്റ്റേജുകളും ഇതിന് പുറമേ 10,000-ത്തോളം പേരെ വഹിക്കാന്‍ ശേഷിയുള്ള ഗംഗാ പന്തലും സര്‍ക്കാര്‍ സജ്ജമാക്കുന്നുണ്ട്. 20-ലേറെ സ്റ്റേജുകളിലായി വിവിധ കലാകരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. ഇതിന് പുറമേ സാഹിത്യ കലാ അക്കാദമിയും മറ്റ് സംഘടനകളും പുസ്ത പ്രദര്‍ശനങ്ങളുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, മ്യൂസിയങ്ങള്‍, ആര്‍ക്കൈവ്‌സ് എന്നിവ സംയുക്തമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കയ്യെഴുത്തുപ്രതികളും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് മഹാകുഭമേളയുടെ ചരിത്രവും പാരമ്പര്യവും പറയുന്ന ഡിജിറ്റല്‍ പ്രദര്‍ശനം നടത്തുന്നുണ്ട്.

കോടികളുടെ വരുമാനം

മഹാകുംഭമേളയ്ക്കു മുന്നോടിയായി 5500 കോടി രൂപയുടെ വികസനമാണ് പ്രയാഗ് രാജില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ നടത്തിയത്. ഇതിന് പറുമെ 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മൊത്ത പതിനായിരത്തേതാളം കോടി രൂപ രാജ്യം ഇവിടെ ചെലവിടുന്നുവെന്ന് ചുരുക്കം. പക്ഷേ ഇതിന്റെ എത്രയോ ഇരട്ടിയാണ് തിരിച്ചുകിട്ടുന്നത് എന്നതോര്‍ക്കണം. 45 കോടി ജനങ്ങള്‍, മിനിമം ആയിരം രൂപവെച്ച് ഇവിടെ ചെലവിട്ടാല്‍ കിട്ടുന്ന വരുമാനം ഓര്‍ക്കുക. പിന്നെ ആയിരിക്കണക്കിന് വിദേശ ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നുണ്ട്.

ആശ്രമങ്ങള്‍ക്ക്, 100 സ്‌ക്വയര്‍ ഫീറ്റ് സ്ഥലവും കറന്റ് കണക്ഷനും, വാട്ടര്‍ കണക്ഷനും ഒരു സ്വിസ് കോട്ടേജ് ടെന്റും റേഷന്‍ കാര്‍ഡും രണ്ട് ടോയ്ലറ്റും സൗജന്യമായാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍, ബാക്കിയുള്ളവര്‍ക്ക് വാടകയുണ്ട്. ഹോട്ടല്‍, ട്രാവല്‍സ് മേഖലയില്‍ ഏഴ് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് മേള സൃഷ്ടിക്കുന്നത്. ഹോട്ടലുകള്‍ക്കുള്ള സ്ഥലങ്ങളെല്ലാം ലേലത്തിലാണ് തീരുമാനമാകുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇങ്ങനെ വരുമാനം. ഐആര്‍ടിസിയുടെ ഒരു ടെന്റിന് അവര്‍ ഈടാക്കുന്നത് ആറായിരം രൂപയാണ്. ഇരുപതിനായിരം രൂപമുതല്‍ ഒരുലക്ഷംവരെ വിലമതിക്കുന്ന, ആഡംബര ടെന്റുകള്‍വരെ ഗംഗാ-യമുനാ തടങ്ങളിലുണ്ട്. ഇതിലൂടെയൊക്കെ കോടികളുടെ നികുതി വരുമാനം സര്‍ക്കാറിനും ലഭിക്കുന്നു. പക്ഷേ വെറും 250 രൂപമാത്രം ഈടാക്കുന്ന ടെന്റുകളും ഉണ്ട്. പല അഗാഡകളും, ഭക്തര്‍ക്ക് സൗജന്യമായി ഭക്ഷണവും, താമസവും നല്‍കുന്നുണ്ട്.




ചുരുക്കിപ്പറഞ്ഞാല്‍ ശരിക്കും കോടികളുടെ കച്ചവടം തന്നെയാണ് കുംഭമേളയിലൂടെ നടക്കുന്നത്. യൂപിയില്‍ വിശ്വാസികളുടെ സര്‍ക്കാര്‍ വന്നാലും, അല്ലാത്ത സര്‍ക്കാര്‍ വന്നാലും കുംഭമേള ഭംഗിയായി നടക്കുന്നതിന്റെ ഒരു കാരണവും ഈ സാമ്പത്തിക നേട്ടംതന്നെയായിരക്കാം. പ്രയാഗ്രാജില്‍ വരുന്നവര്‍, വാരാണാസിയടക്കമുള്ള മറ്റ് പ്രധാന കേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് മടങ്ങാറുള്ളത്. അവിടെയാക്കെയുള്ള ഹോട്ടലുകാര്‍ക്കും, ടാക്സിക്കാര്‍ക്കും, കച്ചവടക്കാര്‍ക്കുമൊക്കെ ചാകരക്കാലമാണ് കുംഭമേളക്കാലം.

ലക്ഷങ്ങള്‍ മുടക്കിയുള്ള ബ്രാന്‍ഡിംഗാണ് മഹാകുംഭമേളക്കായി നടക്കുന്നത്. ബ്രാന്‍ഡിംഗ് വീഡിയോ പുറത്തറിക്കിയത് സാക്ഷാല്‍ അമിതാഭ് ബച്ചനാണ്. പിന്നാലെ ഡല്‍ഹി മെട്രോയും മഹാ കുംഭമേളയുടെ പ്രചരണം തുടങ്ങി. ഡല്‍ഹി മെട്രോയുടെ എല്ലാ കോച്ചുകളിലും, സ്നാനതീയതികളും മഹാ കുംഭമേളയുടെ ലോഗോയും മഹാ കുംഭമേള ആപ്പിന്റെ ക്യുആര്‍ കോഡും പതിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ മെട്രോകളിലും ഇതേ മോഡല്‍ ബ്രാന്‍ഡിങ്് നടക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകള്‍ മുതല്‍ വിമാനത്താവളങ്ങളിലും എല്ലാ ബസ് സ്റ്റാന്‍ഡുകളിലും മഹാ കുംഭമേളയുടെ ഹോര്‍ഡിംഗുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

കനത്ത സുരക്ഷ

പഴുതടച്ച സുരക്ഷയാണ് ഉത്തര്‍ പ്രദേശ് ഭരണകൂടം ഒരുക്കുന്നത്. വെള്ളത്തിനടിയിലും ആകാശത്തും ഒരു പോലെ നിരീക്ഷിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.100 മീറ്റര്‍ വെള്ളത്തിനടിയിലും 120 മീറ്റര്‍ ഉയരത്തിലും നിരീക്ഷണം നടത്താന്‍ ശേഷിയുള്ള ഡ്രോണുകളാകും വിന്യസിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ആന്റി ഡ്രോണ്‍ സംവിധാനം വിന്യസിച്ചിരുന്നു. മഹാകുഭമേളയിലും ഇത് വിന്യസിക്കും.

കുറഞ്ഞ വെളിച്ചത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കഴിയുന്നവയാണ് അണ്ടര്‍വാട്ടര്‍ ഡ്രോണ്‍. സ്നാനത്തിനായി ഇറങ്ങുന്ന വിശ്വാസികളുടെസുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ സംവിധാനം സജ്ജമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 100 മീറ്റര്‍ ആഴത്തില്‍ വരെ ഇവയ്ക്ക് പ്രവര്‍ത്തിക്കാനാകും. വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ഇവയ്ക്ക് കഴിയും.

ജലനിരപ്പില്‍ നിരീക്ഷണം നടത്താനായി 700-ലധികം ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ്ബോയികളും വിന്യസിക്കും. ഡ്രോണുകള്‍ക്ക് പുറമേ എഐ ക്യാമറകളുണ്ടാകും. തിരക്ക് നിയന്ത്രിക്കുന്നതിലും ആളുകളുടെ എണ്ണം കൃത്യമായി അറിയാനും ഇത് സഹായിക്കും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സുരക്ഷ ഉറപ്പാക്കുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇതിനെല്ലാം പുറമേ, പൊലീസിന്റെയും എന്‍ഡിആര്‍ഫിന്റെയും, എസ്ഡിആര്‍എഫിന്റെയും കനത്ത സുരക്ഷ മേളയ്ക്ക് ഉണ്ടാവും. നേരത്തെ ഒരു റഷ്യന്‍ പൗരന്‍ കുംഭമേളയില്‍ സ്്്ഫോടനം നടത്തുമെന്ന് പറഞ്ഞതും വാര്‍ത്തയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

വാല്‍ക്കഷ്ണം: കുംഭമേളയുടെ സംഘാടനം മറ്റൊരു രീതിയില്‍ നോക്കിയാല്‍ കേരളത്തിന് പാഠമാണ്. ഈ രീതിയില്‍ ശബരിമലയെ ബ്രാന്‍ഡ് ചെയ്യാനും, ആസുത്രിതമായി വികസനം നടപ്പാക്കാനും, ഒരു വരുമാന സ്ത്രോതസായി മാറ്റിയെടുക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല. അതായത്, ശബരിമലയില്‍ ഒരു വര്‍ഷം വരുന്നത് ഒരു കോടിയില്‍ താഴെ ഭക്തരാണ്. കുംഭമേളയില്‍ ഈ ഒന്നര മാസത്തില്‍ എത്തുന്നത് 45 കോടിയോളം ആള്‍ക്കാരും. എന്നിട്ടും അവിടെ എത്ര നന്നായി മാലിന്യനിര്‍മ്മാര്‍ജനം നടക്കുന്നുവെന്നാണ് അര്‍ധ കുംഭമേളയിലടക്കം പങ്കെടുത്തവര്‍ ചോദിക്കുന്നത്.