- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'കേരള ക്രൈം ഫയൽസ്' വിജയിച്ചതോടെ കേരളത്തിലും വെബ്സീരീസ് തരംഗം; ആമസോൺ പ്രൈമും, നെറ്റ്ഫിളിക്സുമൊക്കെ മുടക്കുന്നത് നൂറുകോടി; നിവിൻപോളി മുതൽ സുരാജ് വരെ ഒടിടിയിൽ; 'അമ്മയും' ട്വന്റി-20 മാതൃകയിൽ സീരീസിനുള്ള ശ്രമത്തിൽ; മലയാള സിനിമയെ പിന്തള്ളി ഇനി വെബ് സീരീസുകളുടെ കാലമോ?
എറണാകുളം നഗരത്തിലെ സ്കൂളുകളിലെ ചില കുട്ടികൾ ഭംഗിയായിട്ട് കൊറിയൻ ഭാഷ സംസാരിക്കുമെന്ന് അറിഞ്ഞ് അദ്ധ്യാപകർ ഈയിടെ ഞെട്ടിയിരുന്നു. നിരന്തരമായി കൊറിയൻ വെബ് സീരീസുകളും, ബാൻഡുകളും കണ്ടുകണ്ടാണ് കുട്ടികൾക്കിടയിൽ ഈ കൊറിയൻ കൾട്ട് രൂപപ്പെട്ടത്. കൊറിയൻ ഭാഷയിൽ അവർ വാട്സാപ്പ് ചാറ്റു നടത്തുന്നതുപോലും കണ്ട് അമ്പരന്നുപോയി എന്നാണ് ഒരു അദ്ധ്യാപകൻ പറഞ്ഞത്! അതായത് നമ്മുടെ പുതിയ തലമുറ അതിവേഗം മാറിക്കൊണ്ടിരിക്കയാണെന്ന് നാം അറിയുന്നില്ല. മണി ഹീസ്റ്റും, ഡാർക്കും അടക്കമുള്ള കിടിലൻ വെബ് സീരീസുകൾ കണ്ടുകൊണ്ടിരിക്കുന്ന, ഈ പിള്ളേരുമുന്നിലേക്കാണ്, അളിഞ്ഞ പരമ്പരാഗത കഥയുമൊക്കെയായി നാം സിനിമയുമായി എത്തുന്നത്. കേരളത്തിൽ ഒരു വർഷം ഇറങ്ങുന്ന സിനിമകളിൽ 90 ശതമാനവും പരാജയപ്പെടുത്തതിനും, തീയേറ്ററുകാർ പലപ്പോഴും ഈച്ചയാട്ടിയിരിക്കുന്നതിന്റെയും പ്രധാന കാരണം, യുവതലമുറയുടെ കൊഴിഞ്ഞുപോക്കാണ്. ലോക പ്രശസ്തമായ വെബ്സീരീസുകൾ ആസ്വദിക്കുന്ന അവരുടെ നിലവാരത്തിലേക്ക് മലയാള സിനിമ എത്തുന്നില്ല എന്നതാണ് സത്യം.
മലയാളത്തിലെ തീയേറ്റർ ഓഡിയൻസും ഒടിടി ഓഡിയൻസും തമ്മിലും ഈ വ്യത്യാസമുണ്ട്. തീയേറ്ററിൽ നല്ല പേരുണ്ടാക്കിയ പല ചിത്രങ്ങളും ഒടിടിയിൽ എത്തുമ്പോൾ കടുത്ത വിമർശനം ഏറ്റുവാങ്ങുന്നു. തീയേറ്ററിൽ പരാജയമായ പല ചിത്രങ്ങളും ഒടിടിയിൽ വലിയ പ്രേക്ഷക പിന്തുണ കിട്ടുന്നു. നിർമ്മാതാവ് സുരേഷ് കുമാർ ഈയിടെ ഒരു അനുഭവം പറഞ്ഞു. 'വാശി' എന്ന ടൊവീനോ തോമസ് നായകനായ അദ്ദേഹം നിർമ്മിച്ച ചിത്രം, തീയേറ്ററുകളിൽ വലിയ പരാജയമായി. പക്ഷേ ഒടിടിയിൽ ചിത്രം ഹിറ്റും. അങ്ങനെയാണ് ചിത്രം ലാഭമായതെന്നും അദ്ദേഹം പറയുന്നു. അതായത് ഒരുകാലത്ത് മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങി നിർത്തിയിരുന്നത്, സാറ്റലൈറ്റ് റൈറ്റായിരുന്നെങ്കിൽ ഇന്ന് അത് ഓവർ ദ ടോപ്പ് എന്ന ഒടിടിയായി മാറിയിരിക്കയാണ്. അഞ്ചുവർഷം മുമ്പുവരെ ഇതുപോലെ ഒരു സാധ്യത നാം ചിന്തിച്ചിരുന്നില്ല.
ഇപ്പോഴിതാ ലോകത്തിലെ പ്രശസ്തമായ ഒടിടി ചാനലുകൾ മലയാളത്തിലേക്ക് കോടികളുടെ ഇൻവസ്റ്റമെന്റിന് തയ്യാറെടുക്കയാണ്. വലിയ വെബ്സീരീസുകൾ മലയാളത്തിൽ പിടിക്കാനുള്ള ഒരുക്കത്തിലാണ് അവർ. ഡിസ്നി ഹോട്ട്സ്റ്റാർ, മലയാളത്തിൽ ഇറക്കിയ രണ്ടു വെബ്സീരീസുകളും നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ ടാർജറ്റ് അച്ചീവ് ചെയ്തതാണ്, വെബ്സീരീസുകളുടെ കുത്തൊഴുക്ക് കേരളത്തിലേക്കും വ്യാപിക്കാൻ കാരണം. ഇന്ത്യയിലെ മറ്റുഭാഷകളിലും വിദേശമലയാളികളിലും മലയാളം വെബ്സീരീസുകൾക്ക് കാഴ്ചക്കാരേറെയാണ് എന്ന കണ്ടെത്തലാണ് ഒടിടിക്കാരെ ഈ വഴിക്ക് നയിച്ചതെന്ന് ബിസിനസ് ടുടെ റിപ്പോർട്ട് ചെയ്യുന്നു. വലിയതോതിൽ പുതിയ വരിക്കാരെ സൃഷ്ടിക്കാനാകും എന്നാണ് അവരുടെ റിസർച്ച് അനലിസ്റ്റുകളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അവർ മലയാളത്തിൽ വെബ്സീരീസുകൾക്ക് ഒരുങ്ങുന്നത്.
ഇത് വലിയ ഒരു അവസരമാണ് മലയാളത്തിലെ നടീനടന്മ്മാർക്കും, ടെക്നീഷ്യന്മാർക്കുമൊക്കെ വെച്ചുനീട്ടുന്നത്. ഏതു ഭാഷയിലും കാണാം എന്നതുകൊണ്ട് ഒരു ഗ്ലോബൽ ഓഡിയൻസിനെ കിട്ടുമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ആഗോള വിനോദവ്യവസായത്തിലേക്കുള്ള മലയാള സിനിമയുടെ അരങ്ങേറ്റമാണ്, നടക്കാൻ പോവുന്നത്.
വൻ വിജയമായ 'കേരള ക്രൈം ഫയൽസ്'
മലയാളത്തിലെ ആദ്യ വെബ് സീരീസ് 'കേരള ക്രൈം ഫയൽസ്' വൻ വിജയമായതോടെയാണ് ഈ മേഖലയിൽ കൂടുതൽ ഇൻവ്സ്റ്റമെന്റിന് കളമൊരുങ്ങുന്നത്. കേരള പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ക്രൈം സീരീസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് പ്രദർശനത്തിന് എത്തിയത്. ലാലും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളായ വെബ് സീരീസിന്റെ ലോഞ്ചിങ്ങ് നടന്നത് മോഹൻലാൽ വഴി ബിഗ്ബോസ് മലയാളത്തിൽവച്ചായിരുന്നു.
ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയർത്തുന്ന അഭിനയ മുഹൂർത്തങ്ങളും ഈ വെബ്സീരീസിൽ ഉണ്ടായിരുന്നു. രാഹുൽ റിജി നായർ പ്രാഡക്ഷൻ ചുമതല നിർവ്വഹിച്ച ഈ വെബ് സീരീസ് സംവിധാനം ചെയ്തത് അഹമ്മദ് കബീറാണ്. മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് പ്രൊഡക്ഷൻ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഒരുക്കിയത്. കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കേരള ക്രൈം ഫയൽസിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയിലുള്ളതായിരുന്നു. വെബ് സീരീസുകൾക്ക് ലഭിക്കുന്ന നീണ്ട സമയം കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും, കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങൾ നിശ്ചിത സമയത്തിൽ ചുരുക്കാതെ, കൂടുതൽ വിശദമായി അവതരിപ്പിച്ച് കഥ ആഴത്തിൽ പറയാൻ വെബ് സീരീസ് സഹായിക്കുമെന്നും സംവിധായകൻ അഹമ്മദ് കബീർ പറയുന്നു.
ചുരങ്ങിയ സമയം കൊണ്ടുതന്നെ 'കേരള ക്രൈം ഫയൽസ്' മുടക്കുമുതൽ തിരിച്ചുപിടിച്ചു. മാത്രമല്ല, ലോകത്തിന്റെ എല്ലാഭാഗങ്ങളിലുമുള്ളവർ ചിത്രം കണ്ടു. ഇതോടെയാണ്, മലയാളിക്ക് ഒരു ഗ്ലോബൽ ആംഗിൾ ഉണ്ടെന്നും മലയാളത്തിൽ മുടക്കുക ഒരു നഷ്ടക്കച്ചവടമല്ലെന്നും, ഡിസ്നി ഹോട്ട്സ്റ്റാർ തിരിച്ചറിയുന്നത്. അതാണ് ഇപ്പോൾ കോടികളുടെ വിപണി കേരളത്തിലേക്ക് തുറക്കുന്നത്.
വരുന്നത് 100 കോടിയുടെ ബിസിനസ്
മലയാളം വെബ്സീരീസുകളുടെ നിർമ്മാണത്തിനായി ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ മുടക്കുന്നത്. മുൻനിര സംവിധായകരും താരങ്ങളും വെബ്സീരീസുകൾക്ക് പിറകെയാണിപ്പോൾ. ഡിസ്നി ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, സോണി ലിവ് എന്നിവയെല്ലാം വൻതോതിൽ പണം മുടക്കിത്തുടങ്ങിക്കഴിഞ്ഞു. ഡിസ്നി ഹോട്ട്സ്റ്റാറാണ് മുൻപന്തിയിൽ. ഇവരുടെ രണ്ട് വെബ്സീരീസുകൾ ഇതിനകം റിലീസ് ചെയ്തു. ഉടൻ രണ്ടെണ്ണം കൂടി ഉടനെത്തും. അഞ്ചെണ്ണം നിർമ്മാണഘട്ടത്തിലാണ്. എല്ലാത്തിലും മുൻനിരതാരങ്ങളാണ് അഭിനയിക്കുന്നത്.
സോണി ലിവ് ഒരെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. രണ്ടെണ്ണത്തിന് അനുമതിയായിട്ടുമുണ്ട്. നെറ്റ്ഫ്ളിക്സ് ആകട്ടെ മലയാളത്തിലെ ഒരു പ്രശസ്തസംവിധായകനുമായി വെബ്സീരീസ് സംബന്ധിച്ച ആദ്യഘട്ടചർച്ച പൂർത്തിയാക്കി. ആമസോൺ പ്രൈമും ആദ്യ മലയാളം വെബ്സീരീസിന്റെ പ്രാരംഭപ്രവർത്തനങ്ങളിലാണ്.
മലയാളം വെബ്സീരീസുകൾക്കായി ഒടിടി. പ്ലാറ്റ്ഫോമുകൾ വൻതോതിൽ പണമിറക്കിത്തുടങ്ങിയതോടെ താരങ്ങളുടെയും സംവിധായകരുടെയും ശ്രദ്ധ അവയിലേക്ക് തിരിയുകയാണ്. താരസംഘടനയായ അമ്മ പോലും ട്വന്റി-20 സിനിമയുടെ മാതൃകയിൽ മലയാളത്തിലെ എല്ലാ പ്രമുഖതാരങ്ങളെയും അണിനിരത്തി വെബ്സീരീസിനുള്ള ആലോചനയിലാണെന്നാണ് മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നത്.
നിവിൻപോളി മുതൽ ജീത്തു ജോസഫ് വരെ
ഡിസ്നി ഹോട്ട്സ്റ്റാറിന്റെ വെബ്സീരീസുകളിൽ അഭിനയിക്കുന്ന താരങ്ങളുടെ പട്ടിക നോക്കിയാൽ മലയാളത്തിൽ പ്രശസ്തരായ മിക്ക അഭിനേതാക്കളെയും കാണാം. ഉടൻ ചിത്രീകരണം തുടങ്ങുന്ന 'ഫാർമ' എന്ന സീരീസിലെ നായകൻ നിവിൻപോളിയാണ്. മറ്റ് വിവിധ സീരീസുകളിലായി സുരാജ് വെഞ്ഞാറമ്മൂട്, അജുവർഗീസ്, റഹ്മാൻ, നരേൻ, സണ്ണി വെയ്ൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവർക്കുപുറമേ ഇതര ഭാഷാതാരങ്ങളായ നീന ഗുപ്തയും രജത് കപൂറുമൊക്കെയുണ്ട്.
സംവിധായക നിര നിഥിൻ രൺജിപണിക്കർ മുതൽ നജീംകോയവരെ നീളുന്നു. അത്ര പ്രശസ്തരല്ലാത്തവർ സംവിധാനം ചെയ്യുന്ന സീരീസുകളിൽ ഷോ റണ്ണർമാരായി ജിത്തു ജോസഫിനെപ്പോലെയുള്ള മുതിർന്ന സംവിധായകരെ അവതരിപ്പിക്കാനും ഹോട്ട്സ്റ്റാറിന് പദ്ധതിയുണ്ട്. റിലീസ് ചെയ്ത 'കേരള ക്രൈം ഫയൽസിന്റെ' സീസൺ-2 ആലോചനകളും പുരോഗമിക്കുന്നു. സോണി ലിവിന്റെ പൂർത്തിയായ സീരീസിൽ സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
വെബ്സീരീസുകൾക്കായി പണംമുടക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളും നിർമ്മാണനിർവഹണം മലയാളത്തിലെ പ്രശസ്ത നിർമ്മാണക്കമ്പനികളുമാണ്. ഒരു എപ്പിസോഡിന് നിശ്ചിത തുക ഒടിടി പ്ലാറ്റ്ഫോമുകൾ നിർമ്മാണം ഏറ്റെടുത്ത കമ്പനിക്കു നൽകും. ഒരു കോടിമുതൽ രണ്ടുകോടിവരെയാണ് നൽകുക. ഇതുകൂടാതെ, എപ്പിസോഡുകളുടെ മൊത്തം എണ്ണം കണക്കിലെടുത്ത് തുക മൊത്തമായി നിശ്ചയിക്കുന്ന രീതിയുമുണ്ട്. എട്ടുകോടിമുതൽ 12 കോടിവരെയാണ് ഇതുപ്രകാരം വെബ്സീരീസുകളുടെ നിർമ്മാണച്ചെലവ്. ഈ കണക്കനുസരിച്ച് ഡിസ്നി ഹോട്ട്സ്റ്റാർ മാത്രം ഏതാണ്ട് അറുപതുകോടിയോളം രൂപയാണ് വെബ്സീരീസുകൾക്കായി മുടക്കുന്നത്.
കരിക്ക് അടക്കം യുട്യൂബ് വെബ്സീരീസുകൾ
അതിനിടെ യുട്യുബ് വെബ്സീരീസുകൾക്ക് കിട്ടിയ വലിയ പ്രധാന്യവും മലയാള സിനിമയെ മാറിച്ചിന്തിപ്പിച്ചിട്ടുണ്ട്. 'കരിക്ക്' എന്ന ടീമിന്റെ വെബ്സീരീസുകൾ ഇന്ന് ഏറെ പ്രശസ്തമാണ്. ഇതിലെ നടീനടന്മ്മാർ, മുഖ്യാധാര സിനിമയിലുള്ളവരെപ്പോലെ തന്നെ ഇന്ന് ചെറുപ്പക്കാർക്കിടയിൽ വൈറലാണ്. സത്യത്തിൽ കോവിഡ് കാലമാണ് ഈ യുട്യൂബ് വെബ്സീരീസുകളെ മലയാളത്തിൽ പ്രിയങ്കരമാക്കിയത്. കൊറോണയെത്തി ലോകമെമ്പാടും ലോക്കാക്കിയതോടെ സിനിമാ- സീരിയൽ മേഖലയെ വല്ലാതെ തളർത്തിയിരുന്നു. എന്നാൽ ഈ അവസ്ഥയിൽ പ്രേക്ഷകർക്ക് ആസ്വാദന വസന്തമൊരുക്കിയത് വെബ്സീരീസുകളായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ബോളിവുഡ് വെബ്സീരീസുകൾ അരങ്ങുവാണ കാലത്ത് മോളിവുഡിൽ വെബ് സീരീസുകൾ ഭാഗ്യപരീക്ഷണത്തിനെത്തിയത് യൂട്യൂബ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു.
മലയാളികൾക്കിടയിൽ യുട്യുബ് വെബ് സീരീസുകൾ പിടിമുറുക്കിയത് 2020ലാണ്. ഇപ്പോഴും ഓരോ ആഴ്ചകളിലും പുതിയ വെബ് സീരീസുകൾ ഡിജിറ്റൽ തട്ടകത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ വെബ് സീരീസുകൾക്ക് തുടക്കമിട്ടത് കരിക്ക് ചാനലിലൂടെയായിരുന്നു. 'തേരാപ്പാരാ' എന്ന വെബ്സീരീസുകളിലൂടെ മലയാളികളിലെ വെബ്സീരീസുകളോടുള്ള ത്വര ഉണർത്തിയ കരിക്ക് ചാനൽ പിന്നീട് അവതരിപ്പിച്ച എല്ലാ വെബീസീരീസുകളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കരിക്കിന്റെ ഓരോ സീരീസിന്റെയും പുത്തൻ എപ്പിസോഡുകൾക്കായി പ്രേക്ഷകർ അക്ഷമരായാണ് കാത്തിരിക്കുന്നത്. മിനുറ്റുകൾ കൊണ്ടാണ് ഇവ ക്ഷക്കണക്കിന് കാഴ്ചക്കാരെത്തുന്നത്.
പക്ഷേ കരിക്കിനെ അനുകരിച്ചുകൊണ്ട് ധാരളം യുട്യൂബ് വെബ്സീരീസുകളുടെ തരംഗമായി പിന്നീട്. അതോടെ ഈ മേഖലയിൽ നിലവാരത്തകർച്ചയുമായി. വാളെടുത്തവനൊക്കെ വെളിച്ചപ്പാട് എന്ന നിലയിൽ യുട്യൂബ് വെബ് സീരീസുകൾ വന്നതോടെ ജനത്തിന് ശരിക്കും മടുക്കാൻ തുടങ്ങി. അപ്പോഴാണ് ഒടിടി വെബ്സീരീസുകൾ വരുന്നത് എന്ന വാർത്തയെത്തുന്നത്. സിനിമാക്കാർക്ക് മാത്രമല്ല, യുട്യുബിൽ നല്ല രീതിയിൽ പടമെടുത്ത വെബ്സീരീസുകാർക്കുമുള്ള അവസരമാണിത്.
മലയാള സിനിമ പ്രൊഫഷണലാവും
അഭിനേതാക്കൾക്കും നടന്മ്മാർക്കും നിർമ്മാതാക്കൾക്കുമെല്ലാം കൂടുതൽ എക്സ്പോഷർ ലഭിക്കുമെന്നത് മാത്രമല്ല, മലയാള സിനിമയെ അടിമുടി പ്രൊഫഷണൽ ആക്കാനും ഈ വെബ്സീരീസുകൾക്ക് കഴിയും. ഉദാഹരണമായി ഇപ്പോഴും, കുത്തഴിഞ്ഞ രീതിയിലാണ് നമ്മുടെ സിനിമ നിർമ്മാണം മുന്നോട്ട്പോവുന്നത്. ഗുഡ് നൈറ്റ് മോഹനെപ്പോലുള്ള പഴയ നിർമ്മാതാക്കൾ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം സഫാരി ചാനലിന്റെ ചരിത്രം എന്നിലുടെ എന്ന പരിപാടിയിൽ പങ്കെടുത്ത് ഗുഡ്നൈറ്റ് മോഹൻ ഇങ്ങനെ പറയുന്നു. 'നമ്മുടെ പ്രിയദർശൻ അടക്കമുള്ളവർക്കുപോലും കൃത്യമായ സിനിമ എടുക്കാൻ അറിയില്ല എന്ന് ഹോൽുഡിലൊക്കെ പോയി ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ അവരോട് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കാരണം ഹോളിവുഡിൽ 'ഫിലിം ഈസ് മെയ്ഡ് ഓൺ ദി ടേബിൾ' എന്നാണ് പറയുക. ഫുൾ തിരക്കഥ തയ്യാറാക്കി, കൃത്യമായി സ്റ്റോറി ബോർഡ് ഉണ്ടാക്കി, ക്യാമറയും ആംഗിളും, ലെൻസുംവരെ ഫിക്സ് ചെയ്താണ് അവർ ഷൂട്ടിങ്ങിനെത്തുക. എന്നാൽ നമുക്ക് അങ്ങനെ ഒരു രീതിയില്ല. അവസാനനിമിഷമാണ് ലെൻസുപോലും തീരുമാനിക്കുക. ഒരു പ്രീ പ്ലാനിങ്ങും ഇല്ല. തിരക്കഥപോലും സെറ്റിലാണ് ഉണ്ടാവുക. ഇതുമൂലം വൻ തുകയാണ് നിർമ്മതാവിന് നഷ്ടമാവുന്നത്.''- ഗുഡ് റ്റൈറ്റ് മോഹൻ പറഞ്ഞു.
അതുപോലെ തന്നെ മലയാള സിനിമയിൽ എന്തിനും എതിനും കമ്മീഷൻ ആണെന്നും മോഹൻ ചൂണ്ടിക്കാട്ടിയിരിന്നു. പുറത്ത് നൂറുരൂപക്ക് കിട്ടുന്ന ഒരു സാധനത്തിന് 500 രൂപയാണ് സിനിമയിലെ വില. ഈ രീതിയിലുള്ള ധുർത്തും തട്ടിപ്പുമാണ് മലയാള സിനിമയുടെ ചെലവ് കൂട്ടുന്നത് എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
മലയാള സിനിമയിൽ സംഭവിക്കുന്നതുപോലെയുള്ള കുത്തഴിഞ്ഞ രീതിയല്ല വെബ്സീരീസുകൾ ഉണ്ടാക്കുക. കഥ തിരഞ്ഞെടുക്കുന്നതിൽ മുതൽ ചിത്രീകരണത്തിലെ ദൈനംദിന ചെലവുകളിൽവരെ ഒടിടി പ്ലാറ്റ്ഫോമുകളുടെ കടിഞ്ഞാണുണ്ടാകും. കിട്ടിയ തുകകൊണ്ട് എന്തെങ്കിലും തട്ടിക്കൂട്ടി ബാക്കിത്തുക മിച്ചംപിടിച്ച് ലാഭമുണ്ടാക്കാനുള്ള നിർമ്മാതാക്കളുടെ പദ്ധതി നടക്കില്ല. ഓരോ എപ്പിസോഡിനും കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ചില്ലെങ്കിൽ ഒടിടി പ്ലാറ്റ് ഫോം നിർമ്മാണത്തിൽനിന്ന് പിന്മാറും. മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഇതരഭാഷയിൽനിന്നെത്തിയ വലിയ കമ്പനി ഒരു വെബ്സീരീസിന്റെ നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണ്.
രണ്ട് രീതിയിലാണ് ഒടിടി പ്ലാറ്റ്ഫോമുകൾ വെബ്സീരീസിന്റെ നിർമ്മാണപ്രക്രിയ രൂപപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ചില സംവിധായകരെ അവർ നേരിട്ട് സമീപിക്കും. സംവിധായകർക്ക് പ്രോജക്ട് തയ്യാറാക്കി നൽകാം. ഇതിനൊപ്പം തങ്ങൾക്കുമുമ്പാകെ സംവിധായകർക്ക് കഥ അവതരിപ്പിക്കാനും ഒടിടി പ്ലാറ്റ്ഫോമുകൾ അവസരമൊരുക്കും. സോണി ലിവിന്റെയും നെറ്റ്ഫ്ളിക്സിന്റെയും പ്രതിനിധികൾ ഇതിനായി അടുത്തിടെ കൊച്ചിയിലെത്തിയപ്പോൾ ആറ്് സംവിധായകരാണ് കഥ പറയാനെത്തിയത്.
ഒരു ചെറിയ മലയാളസിനിമയുടെ മുടക്ക് അഞ്ചുകോടിയാണ്. വലിയതിന്റേത് അമ്പതുകോടിയും. ഏതാണ്ട് ഇരുനൂറോളം സിനിമകളാണ് ഒരുവർഷം പ്രദർശനത്തിനെത്തുക. ഇവയിൽ മുടക്കുമുതൽ തിരിച്ചുപിടിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. വെബ്സീരീസുകളിൽ പണംമുടക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളാണ്. അതുകൊണ്ട് നഷ്ടംവരുമെന്ന ഭയം നിർവഹണച്ചുമതലയുള്ള നിർമ്മാണക്കമ്പനികൾക്കില്ല. അതുപോലെത്തന്നെ തിയേറ്റർ വിജയത്തെക്കുറിച്ചുള്ള ആശങ്കയിൽനിന്ന് മുക്തരാണ് സംവിധായകരും താരങ്ങളും. സിനിമാമേഖലയ്ക്ക് മുഴുവൻ വെബ്സീരീസ് പ്രിയങ്കരമാകുന്നതിന്റെ പ്രധാനകാരണമിതാണ്. അമൽനീരദ്, മിഥുൻ മാനുവൽ തോമസ്, ആഷിഖ് അബു തുടങ്ങിയവരെല്ലാം വെബ്സീരീസ് പ്രോജക്ടുകൾ തയ്യാറാക്കി പല പ്ലാറ്റ്ഫോമുകൾക്കായി സമർപ്പിച്ചിട്ടുണ്ട്. കൃത്യമായ ഒരു പ്രൊജക്റ്റ് ഹൈ ക്വാളിറ്റിയിൽ എങ്ങനെ ചിത്രീകരിക്കാം എന്നത്, നമ്മുടെ ഫിലിം മേക്കേഴ്സിന് കൃത്യമായി പഠിക്കാൻ ഈ സഹവാസം ഗുണം ചെയ്യും.
ഡാർക്ക് മുതൽ മണി ഹീസ്റ്റ് വരെ!
ഒരു സിനിമ കാണാൻ പോകാൻ ഇപ്പോൾ എന്താ ചെലവ്. ടിക്കറ്റ്, യാത്ര, അലച്ചിൽ, സ്നാക്സ് അങ്ങനെ ഒരു സിനിമ ഒറ്റയ്ക്ക് കാണാൻ ഇറങ്ങിയാൽ തന്നെ കുറഞ്ഞത് 500 രൂപയെങ്കിലും ചെലവാകും. ഈ ചെലവുകളെന്നുമില്ലാതെ ഏതു സമയത്തും എവിടെ ഇരുന്ന് കാണാം എന്നത് തന്നെയാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യത കൂട്ടാൻ കാരണം. വ്യത്യസ്തതയാർന്ന ഉള്ളടക്കവും മികച്ച ഗുണമേന്മയുള്ള ചിത്രീകരണവുമായിരിക്കും മിക്ക വെബ് സീരിസുകൾക്കും. സിനിമകളേക്കാൾ മുതൽമുടക്കുള്ള സീരിസുകളാണ് അധികവും. മറ്റ് ഭാഷകളിലുള്ള മൊഴിമാറ്റവും സബ്ടൈറ്റിലും അതേ സൈറ്റിൽ നിന്ന് കിട്ടുന്നതിനാൽ വേറെയെവിടെയും തപ്പി നടക്കേണ്ട ആവശ്യവുമില്ല. മൊത്തത്തിൽ പറഞ്ഞാൽ ഇഷ്ടം തോന്നി തുടങ്ങിയാൽ നിർത്താൻ പറ്റാത്തതാണ് വെബ് സീരീസ് കാണൽ. ഒരു തരം അഡിക്ഷൻ സ്വഭാവം വിദേശ സീരീസുകൾക്ക് ഉണ്ട്.
ഒരു സിനിമയുടെ രണ്ടരമണിക്കുറിൽ ഒതുക്കാതെ സമഗ്രമായി കഥപറയാൻ കഴിയുന്നുവെന്നാണ് വെബ്സീരീസിന്റെ എറ്റവും വലിയ പ്രത്യേകത. ഹോട്ട് സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്ന, എച്ച് ബി ഒയുടെ ചെർണോബിൽ എന്ന വെബ്സീരീസ് നോക്കുക. എത്ര ശക്തവും സമഗ്രവുമായാണ് ഒരു ചെർണോബിൽ ദുരന്തത്തിന്റെ എല്ലാവശങ്ങളം അവർ പറയുന്നത്. ഇത് വെറും മൂന്ന് മണിക്കൂറിലേക്ക് ചുരുക്കിയാൽ എങ്ങും എത്താതെ പോവുമായിരുന്നു. നെറ്റ്ഫ്ളിക്സിന്റെ ജർമൻ വെബ് സീരിസായ 'ഡാർക്ക്' ഇപ്പോൾ കേരളത്തിൽ പോലും തരംഗമാണ്. വിൻഡൻ എന്ന ചെറു പട്ടണത്തിൽ നടക്കുന്ന കുട്ടികളുടെ തിരോധാനവും, അതിലൂടെ വെളിപ്പെടുന്ന മൂന്ന് തലമുറയുടെ കഥയും കണ്ടുതുടങ്ങിയാൽ നാം അന്തം വിട്ടിരുന്നുപോവും. നെറ്റ്ഫ്ളിക്സിലെ മണി ഹീസ്റ്റ് സീരീസ് കേരളത്തിലെ കുട്ടികളിലടക്കം കിട്ടിയ പോപ്പുലാരിറ്റി നോക്കുക. ആ ആഭരണക്കവർച്ചയുടെ ഓരോ രംഗങ്ങളും അവർ വിശദമായി എഴുതുന്നുണ്ട്.
നേരത്തെ ഹിന്ദിയിലും വെബ്സീരീസുകൾ തരംഗം തീർത്തിട്ടുണ്ട്. നെറ്റ്ഫ്ളിക്സിന്റെ ആദ്യത്തെ ഇന്ത്യൻ ഒറിജിനൽ സീരിസായ സേക്രഡ് ഗെയിംസ് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാനെയുമാണ് സംവിധായകർ. അനുരാഗ് കശ്യപിനെപ്പോലെയുള്ള മികിച്ച ഡയറക്ടർമാർ പുതിയ കാലത്തിന്റെ ആസ്വാദനരീതി തിരിച്ചറിഞ്ഞുകൊണ്ടാണ് വെബ്സീരീസിലേക്ക് എത്തുന്നത്. നവാസുദീൻ സിദ്ദീഖിയും സെയഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം, വിക്രം ചന്ദയുടെ നോവലിനെ ആസ്പദമാക്കിയാണ്. മുബൈ നഗരം അടക്കിവാണ അധോലോക നായകൻ ഗണേശ് ഗായ്തൊണ്ടെയാണ് കേന്ദ്ര കഥാപാത്രം.
സമകാലിക ഇന്ത്യയിലെ, ഹിന്ദുത്വ അജണ്ടകൾ വിശദമായി ചർച്ച ചെയ്യുന്ന ഈ പരമ്പരയുടെ ഉള്ളടക്കവും വലിയ ചർച്ചയായി. കേന്ദ്ര സർക്കാർ വെബ് സീരിസുകൾക്ക് സെൻസർഷിപ്പ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിന് മുഖ്യകാരണങ്ങളിലൊന്ന് ഈ ചിത്രമാണെന്നാണ് പറയുന്നത്. ഇതുതന്നെയാണ് പുതിയ കലാകാരന്മ്മാർക്ക് വെബ്സീരീസുകളോട് പ്രിയം ഏറാൻ കാരണവും. സെൻസർഷിപ്പ് എന്ന കടമ്പയും ഇവിടെ സുതാര്യമാണ്. പൊളിറ്റിക്കലായ കാരണങ്ങൾ നിങ്ങളുടെ സൃഷ്ടിയുടെ കണ്ടന്റിനെ ബാധിക്കില്ല. ഇപ്പോൾ 'കാതൽ ദ കോർ' എന്ന സിനിമ, സ്വവർഗാനുരാഗം പ്രമോട്ട് ചെയ്യുന്നുവെന്ന് പറഞ്ഞ് ഗൾഫ് രാജ്യങ്ങൾ നിരോധിച്ചത് നോക്കുക. അങ്ങനെ ഒരു അവസ്ഥ ആമസോൺ പ്രൈമിലും നെറ്റ്ഫ്ളിക്സിലും ഉണ്ടാവില്ല.
സിനിമ തകരുമോ, തീയേറ്ററുകൾ ഇല്ലാതാവുമോ?
ഇതോടൊപ്പം ഉയരുന്ന ഒരു ഭീതിയാണ്, നമ്മുടെ തീയേറ്ററുകൾ അടച്ചുപൂട്ടുമെന്നത്. ഇത് നാം കാലാകാലങ്ങളിൽ കേൾക്കുന്നതാണ്. ടെലിവിഷൻ വന്നപ്പോഴും, മൊബൈൽ ഉപയോഗം വ്യാപകമായപ്പോഴുമൊക്കെ നാം ഇതേ വാദം കേട്ടിരുന്നു. ശരിയാണ് കേരളത്തിൽ തീയേറ്ററുകളുടെ എണ്ണം ഇടക്ക് വല്ലാതെ കുറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ മൾട്ടിപ്ലക്സുകളിലുടെ വീണ്ടും കാര്യങ്ങൾ മെച്ചപ്പെട്ടിരുന്നു. പക്ഷേ കാലത്തിന്റെ പുരോഗതിയിൽ, പുതിയ പുതിയ സാങ്കേതിക വിദ്യകൾ ഉണ്ടാവുമ്പോൾ എന്തിന്റെയും രീതികൾ മാറും. അവയെ ഒന്നും അന്ധമായ സംരക്ഷണവാദം മുഴക്കി പിടിച്ചുനിർത്തേണ്ട കാര്യമില്ല.
നിരഞ്ജൻ കപൂറിനെപ്പോലെ ഈ മേഖല പഠിച്ചിട്ടുള്ളവർ പറയുന്നത്, ഇനി ലോകത്തിൽ രണ്ടു തരത്തിലുള്ള സിനിമകൾ ഉണ്ടാവുമെന്നാണ്. ഒന്ന് തീയേറ്ററിന്റെ വലിയ സ്ക്രീനിൽ ആസ്വദിക്കാൻ പറ്റിയ തരത്തിലുള്ള വിഷ്വൽ ആമ്പിയൻസ് ഉള്ള സിനിമകൾ, രണ്ട് ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ ആസ്വദിക്കാൻ പറ്റിയ കണ്ടന്റ് ഉള ഒടിടി സിനിമകൾ. ബാഹുബലിയോ, അവതാറോ പോലുള്ള ഒരു ദൃശ്യവിസ്മയം ആസ്വദിക്കണമെങ്കിൽ അതിന് അത്യാധുനിക സൗകര്യങ്ങളുള്ള തീയേറ്റർ തന്നെ വേണം. ഈ രീതിയിൽ തന്നെയാവും ലോകവ്യാപകമായി തീയേറ്ററുകൾ പിടിച്ച് നിൽക്കുക എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതുപോലെതന്നെ വെബ്സീരീസുകൾ വരുന്നതോടെ പരമ്പരാഗത സിനിമ ഇല്ലാതാവും എന്നും ആശങ്കകൾ ഉയരുന്നുണ്ട്. ഇതിലും വലിയ കഥയില്ല. ടെലിവിഷനും, സീരിയലും തൊട്ട് കാലാകാലങ്ങളായി വരുന്ന ഇത്തരം നിരവധി 'ഭീഷണികളെ' അതിജീവിച്ചതാണ്, നമ്മുടെ ചലച്ചിത്ര വ്യവസായം. രണ്ടര മണിക്കൂർ ഒരു കഥ ആസ്വദിക്കാൻ വരുന്ന ഓഡിയൻസ് ഇപ്പോഴും അവിടെയുണ്ടാവും. ഇനി ഓഡിയൻസിന്റെ ടേസ്റ്റ് മാറുകയാണെങ്കിൽ, അതിനെ സബ്സിഡി കൊടുത്ത് സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കാനും ആവില്ല. അതിന്റെ ആവശ്യവുമില്ല. വിദേശരാജ്യങ്ങളിലൊക്കെ വെബ്സീരീസുകൾ ധാരാളം ഉണ്ടായിട്ടും, ഹോളിവുഡ് സിനിമകൾ തകർന്നുപോയിട്ടില്ല. ബോളിവുഡിന്റെ അനുഭവവും സമാനമാണ്. രണ്ടിടത്തും സൂപ്പർ സ്റ്റാറുകൾപോലും ഒരുപോലെ സിനിമയിലും, വെബ്സീരീസിലും അഭിനയിക്കുന്നു. അതുപോലെ നാളെ, മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ മലയാളത്തിലെ വെബ്സീരീസിലും വേഷമിടാം. 20ട്വന്റി സിനിമാ മോഡലിൽ താരസംഘടനയാ 'അമ്മ'തന്നെ ഒരു വെബ്സീരീസ് നിർമ്മിക്കുന്നുവെന്ന വാർത്തകളും ഇതോടൊപ്പം ചേർത്തുവായിക്കണം.
വാൽക്കഷ്ണം: വെബ്സീരീസുകൾകൊണ്ടും ഒടിടി പ്ലാറ്റ്ഫോമുകൾകൊണ്ടും മറ്റൊരു ഗുണം കൂടി, നമ്മുടെ അഭിനേതാക്കൾക്കും, ടെക്നീഷ്യൻസിനുമുണ്ട്. വണ്ടിച്ചെക്ക് കിട്ടില്ല എന്ന് ഉറപ്പാണ്. എല്ലാം കരാർ ഒപ്പിട്ട്, കൃത്യമായി പ്രതിഫലം നൽകിയാണ് സായിപ്പിന്റെ രീതികൾ. അതുപോലെ തന്നെ ഗുരുതര കുറ്റമാണ് കരാർ ലംഘനവും. അഡ്വാൻസ് പറ്റിയിട്ട്, 'പ്രകൃതി അനുവദിക്കുന്നില്ല' എന്നൊക്കെപ്പറഞ്ഞ് മുങ്ങിയാൽ വിവരമറിയും. അതായത് പക്കാ പ്രൊഫഷണലിസം നമ്മുടെ ഇൻഡസ്ട്രിയിലേക്ക് കടന്നുവരുമെന്ന് ചുരുക്കം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ