''സിനിമ എന്റെ ജോലിയാണ്. ജീവിതം സിനിമ കൊണ്ടാണ്. അത് കാണുന്നവർക്ക് എൻജോയ് ചെയ്യാനുണ്ടാവും. പക്ഷേ, അഭിനയിക്കുന്ന ആൾക്ക് അത് ഒരു പണി മാത്രമാണ്. നാടകം ഒരിക്കലും അഭിനയിച്ചു തീരുന്നില്ല. ഒരു നാടകനടൻ മരിക്കുമ്പോൾ മാത്രമാണ് അയാളുടെ അഭിനയം അവസാനിക്കുന്നത്. മരണംവരെ അയാൾ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒന്നുകിൽ നാടകത്തിൽ അല്ലെങ്കിൽ ജീവിതത്തിൽ. ഡയറക്ടർ ഒകെ പറയുന്ന അഭിനയമാണ് സിനിമ. അവനവൻ ഒകെ പറയുന്ന അഭിനയമാണ് നാടകം''- സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിക്കുമ്പോൾ മാമുക്കോയ പറയുന്ന വാക്കുകളാണിത്. മരണംവരെ ഞാൻ അഭിനയിക്കുമെന്ന് സഫാരി ടീവിയിലെ ചരിത്രം എന്നിലുടെ എന്ന പരിപാടിയിലും മാമുക്കോയ അവർത്തിച്ചിരുന്നു. പക്ഷേ അപ്പോൾ ലക്ഷക്കണക്കിന് ആരാധകർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ, 'മലബാറിന്റെ ഹാസ്യ മൊഞ്ചൻ' എന്ന് വിശേഷിപ്പിച്ച മാമുക്കോയ ഇത്ര പെട്ടെന്ന് നമ്മെ വിട്ടുപോവുമെന്ന്.

കോഴിക്കോട്ടുകാരെ സംബന്ധിച്ച് വെറുമൊരു നാടക നടൻ മാത്രമായിരുന്നില്ല മാമുക്കോയ. മലബാറിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നും മതേതരത്വത്തിന്റെ വക്താവായിരുന്ന നടൻ. ഒരുകാലത്ത് അക്ഷരം അഭ്യസിക്കരുത്, നാടകം കളിക്കരുത്, സിനിമ കാണരുത് എന്നൊക്കെപ്പറഞ്ഞ് നടന്ന പൗരോഹിത്യത്തിനും മതമൗലിക വാദികൾക്കുമെതിരെ അദ്ദേഹം, കിട്ടാവുന്നിടത്തൊക്കെ സംസാരിക്കുമായിരുന്നു.വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റെക്കാട്ട്, എം.എസ്. ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവർ ഒക്കെ കാണിച്ചുതന്ന പാതയിലുടെ മരണംവരെയും അദ്ദേഹം മതേതര പക്ഷത്ത് ഉറച്ചുനിന്നു.

മരപ്പണിയിൽനിന്ന് നാടകത്തിലേക്ക്

കൊടിയ ദാരിദ്രവും, കഷ്ടതകളുമായി താൻ കടന്നുപോയ കാലം പോലും ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് മാമുക്കോയ അവതിരിപ്പിക്കുക. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട്ജില്ലയിലെ ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠൻ സംരക്ഷിച്ചു. കോഴിക്കോട് എം. എം. ഹൈസ്‌കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്‌കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു ജോലി. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി.

അതിനിടെയാണ് നാടക കമ്പം കയറുന്നത്. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കെ.ടി. മുഹമ്മദ്, വാസുപ്രദീപ്, ബി. മുഹമ്മദ്, എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കോഴിക്കോട് ഭാഗത്തെ നിരവധി നാടക-സിനിമാക്കാരുമായി സൗഹൃദത്തിലായി.

നാടകമാണെങ്കിലും എസ്‌കെയും ബഷീറും ബാബുരാജുമൊക്കെ റിഹേഴ്സൽ കാണാൻ വരികയും അഭിപ്രായം പറയുകയും ചെയ്യും. അന്നത്തെ കൂട്ടായ്മകളിൽ തിക്കോടിയനും ഉറൂബും പി. ഭാസ്‌കരനും രാഘവൻ മാഷുമൊക്കെയുണ്ടായിരുന്നു. അങ്ങനെ നാടക സംഘത്തിൽ തന്നെയുള്ളവർ ചേർന്ന് ഒരുസിനിമയുണ്ടാക്കുന്നു, പേര് 'അന്യരുടെ ഭൂമി'. എന്നാൽ അത് സിനിമയാക്കാനുള്ള കാശുണ്ടായിരുന്നില്ല.


'ദുരെ ദൂരെ ഒരു കുട്ടാം' ബ്രേക്കായി

അങ്ങനെയിരിക്കെയാണ് കെ.ജി. ജോർജും സംഘവും, 'മണ്ണ്' എന്ന പേരിലൊരു സിനിമയ്ക്കായി കോഴിക്കോട്ടെത്തുന്നത്. രണ്ടു പേരായിരുന്നു നിർമ്മാതാക്കൾ. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് എന്തോ അഭിപ്രായവ്യത്യാസത്തിൽ നിർമ്മാതാക്കൾ അതിൽ നിന്നു പിൻവാങ്ങി. നിർമ്മാതാക്കളിലൊരാളായ ടി.വി. മാധവൻ നിലമ്പൂർ ബാലന്റെയടുത്ത് എത്തുന്നതങ്ങനെയാണ്. അയാളോട് നിലമ്പൂർ ബാലൻ അന്യരുടെ ഭൂമിയെക്കുറിച്ചു പറഞ്ഞു. നല്ല കഥയാണ് കേട്ടുനോക്കാം എന്നു പറഞ്ഞു കൂട്ടിവന്നു. കഥ കേട്ട് ഇഷ്ടപ്പെട്ട് സിനിമ തുടങ്ങാമെന്നായി. അന്ന് കല്ലായി സംഘത്തിന്റെ നേതാവായിരുന്ന പി.എ. മുഹമ്മദ് കോയ എന്ന ഇയ്യാക്ക പറഞ്ഞു 'എന്നാൽ സിനിമ നിലമ്പൂർ ബാലൻ തന്നെ സംവിധാനം ചെയ്യട്ടെ'. അതുവരെ പി.എ. ബക്കറെക്കൊണ്ട് സംവിധാനം ചെയ്യിക്കാമെന്നാണ് ആലോചിച്ചിരുന്നത്. ആ ചിത്രത്തിൽ ഒരു നിഷേധിയുടെ കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്. എന്നാൽ 1979ലെ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പക്ഷേ അതും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ദൂരെദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയയ്ക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സ്‌കൂൾ പശ്ചാത്തലത്തിലുള്ള കഥയിൽ അറബി മുൻഷിയുടെ വേഷമായിരുന്നു മാമുക്കോയയ്ക്ക്. സ്‌ക്രിപ്റ്റിൽ രണ്ടുമൂന്നു സീൻ മാത്രമുള്ള കഥാപാത്രം. എന്നാൽ ആ സീനുകളിൽ മാമുക്കോയയുടെ പ്രകടനം വിസ്മയപ്പെടുത്തിയതോടെ കഥാപാത്രത്തിന്റെ സീൻ കൂട്ടി. അങ്ങനെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് പിന്നീട് മാമുക്കോയ പറഞ്ഞിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി'ൽ ശ്രീനിവാസന്റെ ശുപാർശയിലായിരുന്നു അടുത്ത വേഷം. ചിത്രത്തിലെ നായകനായെത്തിയ മോഹൻലാലിന്റെ കൂട്ടുകാരിലൊരാൾ. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു പിന്നാലെ സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീമിന്റെ 'സന്മനസ്സുള്ളവർക്ക് സമാധാനം' എന്ന സിനിമയിലെത്തി. അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം 'രാരീര'ത്തിൽ അവസരം ലഭിച്ചു. മാമുക്കോയ എന്ന കല്ലായിയിലെ മരം അളവുകാരനും നാടക നടനും സിനിമയിലെ സജീവസാന്നിധ്യമാകുന്ന കാഴ്ചയായിരുന്നു പിന്നീട്. 'നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു.

എന്നാൽ മാമുക്കോയയുടെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല. വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്. എന്നിട്ടും ഇദ്ദേഹത്തെ നിലവാരമില്ലാത്ത കോമഡി വേഷങ്ങളിൽ മാത്രം തളച്ചിട്ടുവെന്ന വിമർശനവും സിനിമാ നിരൂപകർ ഉയർത്തിയിട്ടുണ്ട്.

സിനിമയുടെ പെരുമഴക്കാലം

പന്നീടങ്ങോട്ട് മാമുക്കോയക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നാടോടിക്കാറ്റിലെ തട്ടിപ്പുകാരൻ ഗഫൂർക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, വെട്ടത്തിലെ ഹംസക്കോയ/ രാമൻ കർത്താ, മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേൽപ്പിലെ ഹംസ, പ്രാദേശിക വാർത്തകളിലെ ജബ്ബാർ, കൺകെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദൻ മേസ്തിരി, നരേന്ദ്രൻ മകൻ ജയകാന്തനിലെ സമ്പീശൻ, കളിക്കളത്തിലെ പൊലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ, കൗതുക വാർത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കർ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മർ, കെ.എൽ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കർ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നൽ മുരളിയിലെ ഡോക്ടർ നാരായണൻ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 2001 ൽ സുനിൽ സംവിധാനം ചെയ്ത കോരപ്പൻ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളിൽ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങൾ.

'പെരുമഴക്കാല'ത്തിലെ കഥാപാത്രത്തിന് 2004 ൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏർപ്പെടുത്തിയ 2008 ൽ അതു ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു, ചിത്രം 'ഇന്നത്തെ ചിന്താവിഷയം'. എഴുപത്തിയഞ്ചാം വയസ്സിൽ 'കുരുതി' എന്ന ചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ച 'മൂസ ഖാദർ' എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാമുക്കോയ നായകനായും ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് 'കോരപ്പൻ ദ് ഗ്രേറ്റ്


ബഷീറുമായി അടുത്ത ബന്ധം

വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത വ്യക്തിബന്ധമാണ് മാമുക്കോയയ്ക്ക് ഉണ്ടായിരുന്നത്. ബീഷിറിന് ഭ്രാന്ത് വന്നപ്പോൾ പേടിച്ചത് അടക്കമുള്ള പല കഥകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ബേപ്പൂരിൽ ബഷീർ താമസം ആരംഭിച്ചപ്പോൾ മുതൽ മാമുക്കോയ ആ വീട്ടിലെ സ്ഥിരസന്ദർശകനായി. ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കും. ബഷീർസാഹിത്യവും ജീവിതവീക്ഷണവും മാമുക്കോയയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഒരു കുടുംബാംഗത്തെപ്പോലെ ബഷീർ അദ്ദേഹത്തെ കരുതുകയും ചെയ്തു.

'കാക്ക' എന്നാണ് ബഷീർ മാമുക്കോയയെ വിളിച്ചത്. പണത്തിന് ആവശ്യമുള്ളപ്പോൾ കടംവാങ്ങാൻ മാമുക്കോയ സമീപിച്ചിരുന്നതും ബഷീറിനെത്തന്നെ. ചെക്കിൽ ബഷീർ രണ്ടു തരത്തിലുള്ള ഒപ്പ് ഇടാറുണ്ട്. മലയാളത്തിലുള്ള ഒപ്പാണെങ്കിൽ പണം തിരിച്ചുകൊടുക്കേണ്ടതില്ല. ഇംഗ്ലിഷിലാണെങ്കിൽ തിരികെ കൊടുത്തിരിക്കണം. ബഷീറിന്റെ മലയാളം ഒപ്പുള്ള ചെക്കുകൾ ധാരാളം കൈപ്പറ്റിയിട്ടുണ്ട് മാമുക്കോയ. പ്രമുഖരായ പലരെയും ബഷീറിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരുന്നത് മാമുക്കോയ ആയിരുന്നു. അതുകൊണ്ടുതന്നെ 'ബഷീറിന്റെ ബ്രോക്കറാ'ണ് മാമുക്കോയ എന്നൊരു തമാശയും പ്രചരിച്ചു.

ബഷീറുമായുള്ള അടുപ്പം നിരവധി സാഹിത്യകാരന്മാരുമായി പരിചയപ്പെടാനും മാമുക്കോയയ്ക്ക് അവസരമൊരുക്കി. എസ്.കെ.പൊറ്റെക്കാട്ട്, തിക്കോടിയൻ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളിൽ മാമുക്കോയയും ഭാഗമായി. മാമുക്കോയയ്ക്ക് സുഹ്റയുടെ കല്യാണാലോചന കൊണ്ടുവന്നത് പൊറ്റെക്കാട്ട് ആയിരുന്നു. എസ്‌കെയുടെ സുഹൃത്തിന്റെ മകളായിരുന്നു സുഹറ. 26ാം വയസ്സിൽ 15 കാരിയായ സുഹ്‌റാബീവിയെ ഭാര്യയാക്കിയപ്പോൾ കല്യാണക്കുറിയടിക്കാൻ കാശില്ലാത്ത അവസ്ഥ അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എസ്.കെ, കോഴിക്കോട് അബ്ദുൽഖാദർ, എം.എസ്.ബാബുരാജ് തുടങ്ങിയവരൊക്കെ വിവാഹത്തിൽ പങ്കെടുത്തു. വികെഎൻ, എംടി, തിക്കോടിയൻ, ഉറൂബ്, ടി. പത്മനാഭൻ, സുകുമാർ അഴീക്കോട്, ജോൺ എബ്രഹാം, സുരാസു, കെ.ടി.മുഹമ്മദ് തുടങ്ങിയ പ്രമുഖരുമായെല്ലാം മാമുക്കോയ അടുപ്പം സൂക്ഷിച്ചു. ബഷീറിന്റെ ശിപാർശയിൽ ഒന്ന് രണ്ട് സിനിമാ വേഷങ്ങളും അദ്ദേഹത്തിന് കിട്ടി.

സോഷ്യൽ മീഡിയയിലെ താരം

എന്നും തഗ് ഡയലോഗുകളുടെ ഉസ്താദായിരുന്നു മാമുക്കോയ. അതുകൊണ്ട് തന്നെ സൈബറിടത്തിന്റെ പ്രിയപ്പെട്ട താരവുമായിരുന്നു അദ്ദേഹം. പഴയ സിനിമകളിലെ ഡയലോഗുകൾ സൈബറിടത്തിലെ പിള്ളേരെടുത്തു തഗ് വീഡിയോകളാക്കി. 'ഇറങ്ങിവാടാ തൊരപ്പാ...യേസ്.. സോറി നിങ്ങളെയല്ല വേറൊരു തൊരപ്പനുണ്ട്...' അപ്പോഴേക്കും മാമുക്കോയയുടെ ചുണ്ടിലേക്ക് ഒരു എരിയുന്ന സിഗററ്റും തൊപ്പിയും സ്വർണ മാലയും പറന്നെത്തും. അതായിരുന്നു മാമുക്കോയ. തഗ്ഗോഡ് തഗ്ഗ്. ആ തഗ് ഡയലോഗുകളുടെ ഉസ്താദിനെയാണ മലയാളികൾക്ക് വിയോഗത്തോടെ നഷ്ടമാകുന്നത്.

ലോക്ക് ഡൗൺ കാലത്ത് അടക്കം മാമുക്കോയ താരമായരിന്നു. അന്ന് വീടിന് പുറത്തിറങ്ങാനാകാതെ വീട്ടിനകത്തു പെട്ടുപോയവർക്ക് സമയം കളയാനുള്ള ഒരു ഉപാദിയായി മാറിയിരിക്കുകയുമാണ് ഇത്തരം ട്രോൾ വീഡിയോകൾ.സോഷ്യൽമീഡിയ പേജുകളിലും യൂട്യൂബിലുമൊക്കെ മാമുക്കോയ ഒരു കാലത്ത് അഭിനയിച്ച് ഹിറ്റാക്കിയ കഥാപാത്രങ്ങളുടെ സംഭാഷണശകലങ്ങൾ എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയാണ് വ്യത്യസ്തതയ്യാർന്ന തഗ് ലൈഫ് വീഡിയോകൾ ട്രോളന്മാർ സൃഷ്ടിച്ചിരിക്കുന്നത്.
. ഒരു ഡോക്ടറോട് 'ഡോക്ടറല്ലേ' എന്ന് മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുമ്പോൾ , 'ഡോക്ടറല്ലെങ്കിൽ ഇതുപോലൊരു സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ടോണ്ടിരിക്കുവോടോ' എന്ന് ഡോക്ടർ പറയുന്നു, ഇത് കേട്ട് മാമുക്കോയയുടെ കഥാപാത്രം പറയുന്നതാണ് തഗ്. 'അത് നോക്കേണ്ട, പരമശിവൻ പാമ്പിനെ കഴുത്തിലിട്ടിട്ടാ നിൽപ്പ്, അങ്ങേരെന്താ പാമ്പുപിടിത്തക്കാരനാണോ'.

ചായക്കടയിലേക്കെത്തുന്നൊരാൾ ചായക്കടക്കാരനോട് മധുരം കുറച്ചൊരു ചായ എന്ന് പറയുന്നു. കഴിക്കാനെന്തെങ്കിലും വേണോയെന്നായി ചായക്കടക്കാരൻ. ഇത് കേട്ട് അടുത്തിരിക്കുന്ന മാമുക്കോയയുടെ കഥാപാത്രം പറയുന്നത്, 'കഴിക്കാനല്ലേ ചായ അല്ലാതെപിന്നെ കൈയുംകാലും കഴുകാനാണോ' എന്നാണ്. 'ഒരുത്തന് അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ ഇമാതിരി ചെറ്റവർത്തമാനം പറയരുത്', എന്ന തലയിണ മന്ത്രം സിനിമയിലെ ഡയലോഗും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇതുപോലുള്ള നർമ്മം കലർന്ന മാമുക്കോയയുടെ ഹാസ്യ സംഭാഷണ ശകലങ്ങളാണ് തഗ് ലൈഫ് വീഡിയോകളായി സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഹിറ്റായി ഓടിയത്.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മാമുക്കോയ പറഞ്ഞത് അന്ന് ഇതൊന്നും ഇത്ര കാര്യമായി എടുത്തിരുന്നില്ല ആരും എന്നാണ്. ''അന്ന് ചിരിച്ചിരുന്നോ എന്നുപോലും സംശയമുണ്ട്. എന്നാൽ ഇപ്പോൾ അതുമാറി. ഈ വല്ലാത്ത സമയത്ത് ചിരി ഒരു മരുന്നാവട്ടെ. ഇപ്പോൾ വൈറലാകുന്നതിൽ പലതും ഞാൻ എന്റെ ശൈലിയിൽ കയ്യീന്ന് ഇട്ട് പറഞ്ഞതാണ്. ചിലതൊക്കെ സ്‌ക്രിപ്പ്റ്റിലുണ്ടാകും''- കൊറോണക്കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ മാമുക്കോയ പറയുന്നു.

മാമുക്കോയയുടെ ഭാഷയിൽ തന്നെ വിവരിച്ചാൽ രണ്ട് ഓട്ടോറിക്ഷകളിലായി ഒരു ഓഫിസിനു മുന്നിൽ വന്നിറങ്ങിയ മറ്റേതെങ്കിലും കഥാപാത്രം ഈ ദുനിയാവിലുണ്ടാവുമോ? 'ബാലഷ്ണാ...' എന്ന വിളിയുമായുള്ള ആ വരവു മറക്കാൻ ആർക്കെങ്കിലുമാകുമോ? സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളായിട്ടും കോമഡി വേഷങ്ങളിലായിരുന്നു അദ്ദേഹം പലപ്പോഴും രംഗത്തെത്തിയത്. ലളിതവും സത്യസന്ധവുമായ അഭിനയരീതിയായിരുന്നു മാമുക്കോയയുടേത്. തനിക്ക് അഭിനയിക്കാൻ അറിയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് മാമുക്കോയ ഒരിക്കൽ പറഞ്ഞത്

മതമൗലികവാദത്തെ എന്നും എതിർത്തു

വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും തികഞ്ഞ മതേതരവാദിയായിരുന്നു മാമുക്കോയ. കോഴിക്കോട്ടെ പല സാംസ്കാരിക പരിപാടികളും, അഭിമുഖങ്ങളിലുമൊക്കെ അദ്ദേഹം ഇസ്ലാമിക മതമൗലികവാദത്തിനെതിരെയും, പൗരോഹിത്യത്തിന് എതിരെയും ശക്തമായി പ്രതികരിച്ചിരുന്നു.

മാമുക്കോയയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള കടന്നു ചെല്ലുമ്പോൾ ചിരിയുടെ മാലപ്പടക്കം തീർത്ത ഒരാളുണ്ട്. മന്ത്രമോതിരത്തിലെ ചായക്കടക്കാരൻ അബ്ദു. ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും കലാഭവൻ മണിയുമായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാപ്പിയുടെ (കലാഭവൻ മണി) സംവിധാനത്തിൽ ശാകുന്തളം ബാലെ ഒരുങ്ങുകയാണ്. കുമാരനാണ് (ദിലീപ്) ദുഷ്യന്തൻ. മാമുക്കോയ മഹർഷിയും. തപോവനത്തിലെ മുനി കന്യകയെ വണ്ടുകൾ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ദുഷ്യന്തൻ പറയുമ്പോൾ മഹർഷിയുടെ മറുപടി ഇങ്ങനെ,

''പടച്ചോനെ വണ്ട് ന്ന് വച്ചാ എജ്ജാതി വണ്ട്, അത് രണ്ട് മൂന്നൊറ്റയാണോ, പത്ത് നാൽപ്പത് വണ്ട് കൂടിയിട്ടല്ലേ ഈ പെണ്ണിനെ പീഡിപ്പിക്കുന്നത്.''അബ്ദുവിന്റെ ഡയലോഗ് കേട്ട്, കുമാരൻ ഇങ്ങനെ പറയുന്നു, ''അബ്ദുക്ക നിങ്ങളിതിൽ മഹർഷിയാ, അല്ലാതെ മുസ്ലിയാരല്ല, മാപ്പിള ഭാഷ പറഞ്ഞ് നാടകം കൊളമാക്കരുത് ട്ടോ.''
അപ്പോൾ അബ്ദു; ''കുമാരാ നിനക്ക് ഈയിടെയായി അൽപ്പം വർഗീയത കൂടുന്നുണ്ട്. എടോ കലാകാരന്മാർ തമ്മിൽ വർഗീതയ പാടില്ല. മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ.'' - ഇതേ നിലപാട് തന്നെയായിരുന്നു മാമുക്കോയക്ക് ജീവിതത്തിലും. കലയിൽ വർഗീയത പാടില്ല എന്ന് അദ്ദേഹം ആവർത്തിച്ചു.

താൻ വളർന്നുവന്നകാലവും ആധുനിക കാലവും തമ്മിൽ താരതമ്യപ്പെടുത്തി, മതമൗലികവാദികൾക്ക് കൊട്ടുകൊടുക്കാൻ മാമുക്കോയ ഇടക്കിടെ മറക്കാറില്ല. '' പണ്ട് ഇവിടുത്തെ മുസ്ലിയാന്മാർക്ക് എഴുത്ത് ഹറാമായിരുന്നു. വായന ഹറാമായിരുന്നു. പിന്നെ അതൊക്കെ ഹലാലായി. ഒരുകാലത്ത് ഫോട്ടോ പിടിക്കൽ ഹറാമായിരുന്നു, ഡാൻസും സിനിമയും നാടകവുമൊക്കെ അങ്ങനെ ആയിരുന്നു. പെണ്ണുങ്ങൾക്ക് ഇത് ഒന്നും തീരെ പറ്റിയിരുന്നില്ല. എന്നിട്ട് എന്തുണ്ടായി. ഇപ്പോൾ വീഡിയോക്കും ഫോട്ടോക്കും മുന്നിൽ നിൽക്കുന്നത് നമ്മുടെ മൗലവിമാരാണ്. അതുപോലെ കാലം മാറും''- ഈയിടെ സമസ്തയിലെ ഒരു പണ്ഡിതൻ സ്റ്റേജിൽ കയറിയ പെൺകുട്ടിയെ ശാസിച്ചപ്പോൾ പ്രതികരണം ആരാഞ്ഞ ഒരു മാധ്യമ പ്രവർത്തകനോട് മാമുക്കോയ അങ്ങനെയാണ് പ്രതികരിച്ചത്.

ബീഷറിന്റെ സർവമത സാഹോദര്യവും വിശ്വാസഹോദര്യവും തന്നെയായിരുന്നു ആ പ്രിയപ്പെട്ട ശിഷ്യനിലും ഉണ്ടായിരുന്നത്. വിശ്വാസിയായി നിന്നുകൊണ്ടുതന്നെ കൃത്യമായ മതപരിഷ്‌ക്കരണത്തിന് കിട്ടാവുന്ന വേദികളിലെല്ലാം അദ്ദേഹം ശ്രമിച്ചു. അഹിന്ദു, അമുസ്ലിം എന്ന വാക്കുകൾ പ്രയോഗിക്കുന്നതുപോലും അരോചകമാണെന്ന അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ കക്ഷിയുടെയും വാൽ ആവാനും അദ്ദേഹം ശ്രമിച്ചില്ല. ഇടക്ക് കോഴിക്കോട് സിപിഎം അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നൊക്കെ വാർത്തയുണ്ടായിരുന്നെങ്കിലും മാമുക്കോയക്ക് അതിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ഇടതുഭരണത്തിലെ അഴിമതിയും ഫാസിസ്റ്റ് പ്രവണതക്കും എതിരുമായിരുന്നു അദ്ദേഹം. കുറച്ച് വർഷം മുമ്പ് ഒരു വഴി പ്രശ്നത്തിന്റെ പേരിൽ ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനുമായും അദ്ദേഹം ഉടക്കിയിരുന്നു.

ഹൃദ്രോഗവും ക്യാൻസറും ഒന്നിച്ച്

കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും അതെല്ലാം ചിരിച്ചുകൊണ്ട് അവഗണിക്കയാണ് മാമുക്കോയ ചെയ്തത്. രണ്ടുവർഷം മുമ്പ് ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് നെഞ്ച് വേദന വന്നതിനെത്തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ട് സ്റ്റെന്റും ഇട്ടു. ഒരു ബ്ലോക്ക് കൂടിയുണ്ടായിരുന്നതിനാൽ ബൈപ്പാസ് ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. 'കുരുതി'യിലെ മൂസാ ഖാലിദായി തിരശ്ശീലയിൽ തിളങ്ങിനിന്ന സമയത്താണ് മാമുക്കോയ അർബുദത്തെ നേരിടുന്നത്. 33 റേഡിയേഷൻ, ആറു കീമോതെറാപ്പിക്കും വിധേയനായി. തൊണ്ടയിലായിരുന്നു കാൻസർ ബാധിച്ചത്. എന്നിട്ടും അദ്ദേഹം ഭയന്നില്ല.

എല്ലാം വരുന്നിടത്തുവെച്ചുകാണാം എന്ന രീതിയാണ് മാമുക്കോയ ജീവിതത്തിൽ സ്വീകരിച്ച് പോന്നത്. ജീവിതത്തിൽ നമുക്ക് അസുഖം വരുമെന്നും അപ്പോൾ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.

വാൽക്കഷ്ണം: താരജാടകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത പച്ച മനുഷ്യനായിരുന്നു മാമുക്കോയ. ഒരു മുണ്ടും ഷർട്ടുമണിഞ്ഞ് അരക്കിണറിലൂടെയും കോഴിക്കോട്ടെ തെരുവുകളിലൂടെയും ഒരു സാധാരണക്കാരനെ പോലെ അദ്ദേഹം നടന്നു. അളകാപുരിയിലും ഹോട്ടൽ ഇംപീരിയലിലും കൊസ്മോ പൊളിറ്റൻ ക്ലബ്ബിലുമൊക്കെ സൊറ പറഞ്ഞിരിക്കുന്ന മാമുക്കോയ കോഴിക്കോട് നഗരവാസികൾക്ക് നിത്യ കാഴ്ചയായിരുന്നു.