- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ് എം അഥവാ ഫിനാന്‍സ് മിനിസ്റ്റര്‍ എന്ന കലാപത്തിന് ഫണ്ട് ചെയ്ത നേതാവ് ആരാണ്? പ്രദേശത്തെ 40-ഓളം ബാങ്കുകളിലേക്ക് വന്ന 600 കോടി എന്തിനായിരുന്നു? 50കളില്‍ മുതല്‍ ഇടക്കിടെ ഇവിടെ ചോര ഒഴുകുന്നത് എന്തുകൊണ്ട്? ഗൂഢാലോചകര്‍ ആര്? ഇന്നും പ്രഹേളികയായി മാറാട് കൂട്ടക്കൊല!
എഫ് എം അഥവാ ഫിനാന്‍സ് മിനിസ്റ്റര്‍ എന്ന കലാപത്തിന് ഫണ്ട് ചെയ്ത നേതാവ് ആരാണ്?
ആംബുലന്‍സിന്റെ സൈറണ്‍ നിലക്കാതെ മുഴുങ്ങിയ ഒരു ദിവസത്തിന്റെ ഓര്‍മ്മയാണ് കോഴിക്കോട്ടുകാര്‍ക്ക് മാറാട്. 2003 മെയ് മാസം രണ്ടാം തീയതി, 9 ജീവന്‍ വെട്ടിമുറിക്കപ്പെട്ടതിന്റെ ഓര്‍മ്മയാണ്. സിപിഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയോടെ മാറാട് വീണ്ടും ചര്‍ച്ചകളില്‍ വന്നിരിക്കയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന.
ബാലനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളിപ്പറഞ്ഞപ്പോഴും മുഖ്യമന്ത്രി ബാലനെ കൈവിട്ടില്ല. 'ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിനു മുന്നില്‍ മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളില്ല, വര്‍ഗീയ കലാപങ്ങളില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിലുണ്ടായിരുന്നു. അതാണ് എ.കെ ബാലന്‍ ഓര്‍മ്മിപ്പിച്ചത് എന്നാണ് കരുതുന്നത്. അതിനിഷ്ഠൂരമായ കലപമായിരുന്നു മാറാട് കലാപം. ആ കലാപം നടന്നതിനു ശേഷം അന്നത്തെ മുഖ്യമന്ത്രി ആ പ്രദേശം സന്ദര്‍ശിക്കാന്‍ പോയി. നിങ്ങളുടെ കൂടെ അന്നത്തെ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി വരാന്‍ പാടില്ലെന്ന് ആര്‍എസ്എസ് സംഘം നിബന്ധനവെച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ എ.കെ ആന്റണി പോകുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടിയില്ല. അവരുടെ അനുവാദം വാങ്ങുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. അതാണ് യുഡിഎഫിന്റെ രീതി. യുഡിഎഫ് വര്‍ഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്നം. അതിന്റെ ഉദാഹരണമാണ് അവിടെ കാണാന്‍ പറ്റിയത്'- ്മുഖ്യമന്ത്രി പറഞ്ഞു.
'വര്‍ഗീയ സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ കൃത്യതയാര്‍ന്ന നിലപാട് അന്ന് യുഡിഎഫിന് സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. അതേ വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടൊന്നും ഇല്ല. പക്ഷെ അവര്‍ക്ക് അഴിഞ്ഞാടാന്‍ കഴിയുന്നില്ല. അവര്‍ തലപൊക്കാന്‍ ശ്രമം നടത്തിയാല്‍, കര്‍ക്കശമായ നീക്കങ്ങളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സര്‍ക്കാരിന്റെ രീതി. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം'- മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവയോടെ സോഷ്യല്‍ മീഡിയയിലും മാറാട് വലിയ ചര്‍ച്ചയായിരിക്കയാണ്. പക്ഷേ മാറാട് കലാപത്തിന് 22 വര്‍ഷം പിന്നിടുമ്പോഴും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ബാക്കിയാണ്. രണ്ടാം മാറാട് കലാപത്തിന്റെ സാമ്പത്തിക സ്ത്രോതസ് എവിടെനിന്നാണ്? അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഗൂഢാലോചനയിലെ അന്വേഷണം എന്തായി? സിബിഐ അന്വേഷണം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? ഏറ്റവും വിചിത്രം, ഇപ്പോള്‍ യുഡിഎഫ് കാലത്തെന്നപോലെ, വര്‍ഗീയ സംഘര്‍ഷങ്ങളില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോഴും, മാറാട് കടപ്പുറത്ത് മതസൗഹാര്‍ദം ഉറപ്പാക്കാന്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച്, ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്‍ പറഞ്ഞ പല കാര്യങ്ങളും പാതിവഴിയിലാണ്.
50കള്‍ മുതല്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍
കഴിഞ്ഞ കുറേക്കാലമായി ശാന്തമാണെങ്കിലും കേരളത്തിലെ തീരദേശ മേഖല മുമ്പൊന്നും അങ്ങനെയായിരുന്നില്ല. സാമുദായിക സംഘര്‍ഷങ്ങളുടെ ഒരുപാട് കഥകള്‍ അതിന് പറയാനുണ്ട്. തിരുവനന്തപുരത്തെ പൂന്തുറയില്‍ 1992 ജൂലൈയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിലുണ്ടായ കലാപവും, 95-ലെ വിഴിഞ്ഞം സംഘര്‍ഷവും തൊട്ട് 2016-ല്‍ കൊല്ലം നഗരത്തിലെ ജോനകപ്പുറം - മൂതാക്കര തീരദേശ മേഖലകളില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവും ഒന്നും കേരളം മറന്നിട്ടില്ല.
തീരദേശങ്ങളിലെ ദാരിദ്ര്യവും വിഭവങ്ങള്‍ക്കായുള്ള മത്സരവും വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നത് തടയാന്‍ സാമൂഹിക സാമ്പത്തിക വികസന പദ്ധതികള്‍ അത്യാവശ്യമാണെന്ന് വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നുണ്ട്. മല്‍സ്യതൊഴിലാളികള്‍ക്കിടയിലെ സാമ്പത്തിക പിന്നോക്കാവസ്ഥയും, തൊഴില്‍ പ്രതിസന്ധികളും വര്‍ഗീയ ശക്തികള്‍ മുതലെടുക്കുന്നെന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നുമുണ്ട്.
കോഴിക്കോട് മാറാട് കടപ്പുറത്തേക്ക് വന്നാല്‍, കേരളത്തിനേക്കാള്‍ പഴക്കമുണ്ട് സംഘര്‍ഷങ്ങള്‍ക്ക് എന്നാണ്, ജുഡീഷ്യല്‍ കമ്മീഷന്‍ വരെ ചൂണ്ടിക്കാട്ടിയത്. അതായത്, 57ലാണെല്ലോ കേരളം എന്ന സംസ്ഥാനം ഉണ്ടാവുന്നത്. പക്ഷേ ഇവിടെ 1950 കളുടെ തുടക്കത്തിലാണ് സംഘര്‍ഷമുണ്ട്. ആരംഭിക്കുന്നത്. അന്ന് മാറാട് ബീച്ചിന് സമീപത്തുള്ള നടുവട്ടത്തുള്ള തമ്പി, അഹമ്മദ് കുട്ടി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന രണ്ട് പ്രാദേശിക പ്രമാണിമാര്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കമാണ് സാമുദായിക പ്രശ്നമായത്. 1954 ലാണ് ഇവിടെ ആദ്യത്തെ കലാപം റിപ്പോര്‍ട്ട ചെയ്യുന്നത്.
ക്ഷേത്രത്തില്‍നിന്നുള്ള ഘോഷയാത്ര മുസ്ലീങ്ങള്‍ തടയുമെന്ന പ്രചാരണമാണ് പ്രശ്നത്തിനിടയാക്കിയത്. ഘോഷയാത്രയുടെ സ്ഥിരം വഴി മാറ്റി, നടുവട്ടം മുസ്ലിം പള്ളിക്ക് മുന്നിലൂടെയാക്കുന്നു. ഘോഷയാത്ര കടന്നു പോകുന്ന സമയത്ത് മുസ്ലിം പള്ളിയില്‍ ആളുകള്‍ ഉണ്ടായിരന്നു. അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. കാര്യങ്ങള്‍ പ്രകോപനപരമാകുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.
ഈ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടി വെടിവെപ്പില്‍ കലാശിച്ചു. വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍, എന്നാല്‍ 13 പേര്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന് ആ സംഭവത്തെ കുറിച്ച് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം തോമസ് ജോസഫ് കമ്മീഷന്‍ മുമ്പാകെയും ഉന്നയിച്ചിട്ടുണ്ട്. ഇതിന്ശേഷം ബേപ്പൂരിന് സമീപപ്രദേശങ്ങളില്‍ നിസാരകാര്യങ്ങള്‍ പോലും സംഘര്‍ഷത്തിലേക്ക് എത്തിക്കുന്ന സംഭവങ്ങള്‍ പലതവണ ഉണ്ടായി.
നിസ്സാര പ്രശ്നങ്ങള്‍ കലാപത്തിലേക്ക്
നിസ്സാര കാര്യങ്ങള്‍ വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് പലപ്പോഴും മാറാട് കണ്ടത് എന്ന്, തോമസ് പി. ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1980 കളുടെ അവസാനത്തിലും പ്രശ്നങ്ങളുണ്ടായി. ബോട്ടുകളില്‍ ഇന്ധനം നിറയ്ക്കുക, വെള്ളം നിറയ്ക്കുക തുടങ്ങിയ പണികളുടെ ഉടമസ്ഥാവാകാശത്തിന്റെ പേരില്‍, മുസ്ലീങ്ങളും അരയ സമുദായക്കാരും സംഘര്‍ഷങ്ങളുണ്ടായി.
ഇതിനിടയില്‍ ബേപ്പുരിലെ സ്റ്റീല്‍ റോളിങ് മില്‍ തൊഴിലാളിയായിരുന്ന ഇമ്പിച്ചികോയ എന്ന ഒരാള്‍ 1988 ല്‍ കൊല്ലപ്പെട്ടു ആ കൊലപാതകത്തിന് പിന്നില്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നില്ല. പക്ഷേ അത് മേഖലയിലെ സംഘര്‍ഷത്തിന് ആക്കം കൂട്ടി. ഈമരണത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം രാമദാസന്‍ എന്നൊരാള്‍ അവിടെ കൊല്ലപ്പെട്ടു. ഇതോടെ വ്യാപകമായ അക്രമം ആ പ്രദേശത്ത് നടന്നു. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ ആക്രമിച്ചു നശിപ്പിച്ചു. ഇരുവിഭാഗവും തമ്മില്‍ ആക്രമണം ശക്തമായി. ഇതെല്ലാം ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളാണ്. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായ കാര്യമല്ല മാറാട് കലാപമെന്ന്.
പുതവത്സരാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ ചെറി കശപിശയും, ഒരു പൊതു പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ തര്‍ക്കവുമാണ് 2002 ജനുവരി 3, 4 തീയതികളിലായി നടന്ന ഒന്നാം മാറാട് കലാപത്തിന്റെ കാരണമായി പറയുന്നത്. 2001 ഡിസംബര്‍ 31 നടന്ന സംഭവങ്ങള്‍ മുതിര്‍ന്നവര്‍ ചേര്‍ന്ന് പറഞ്ഞു തീര്‍ത്തുവെങ്കിലും അത് പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ ആളിപ്പടരുകയായിരുന്ന. ജനുവരി 3-ന് വൈകുന്നേരം 7.45-ഓടെ കുഞ്ഞിക്കോയ എന്നയാള്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് പരസ്പര ആക്രമണങ്ങള്‍ ആരംഭിച്ചു. കുഞ്ഞിക്കോയക്ക് പിന്നാലെ യൂസഫ്, ഷംജിത്ത്, കുഞ്ഞുമോന്‍ എന്നിവരാണ് അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്.നാലാം തീയതി, കുഞ്ഞിക്കോയ, യൂസഫ് എന്നിവരുടെ സംസ്‌കാരചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി പോയ അബൂബബക്കറിനെ അക്രമികള്‍ കൊലപ്പെടുത്തി.
ഇതോടെ കലാപം പടര്‍ന്നു. രാത്രി ഇരുവിഭാഗത്തിന് നേരെയും അക്രമങ്ങള്‍ ഉണ്ടായി. അത് നാലിനും തുടര്‍ന്നു. പ്രാണരക്ഷാര്‍ത്ഥം പലരും വീടുകള്‍ വിട്ട് ഓടിപ്പോയി. പൊലിസ് നടത്തിയ റെയ്ഡില്‍ ഇരുപക്ഷത്ത് നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി എ കെ ആന്റണിക്കുമെതിനെ നിശിത വിമര്‍ശനം വന്നു.
കലാപവുമായി ബന്ധപ്പെട്ട് ആകെ 393 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമികള്‍ എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെട്ടവര്‍ ഉണ്ടായിരുന്നു. അരയസമാജം സെക്രട്ടറി സുരേഷ് എന്നിവരടക്കം നിരവധിപേര്‍ ഈ കേസില്‍ പ്രതികളായിരുന്നു. ഈ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 60-ലധികം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു.തെക്കേത്തൊടി ഷിംജിത്ത് വധക്കേസിലെ 7 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ കലാപത്തിന്റെ തുടര്‍ച്ചയായാണ് 2003-ല്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപംനടന്നത്.
നടുക്കിയ രണ്ടാം മാറാട്
ഒന്നാം മാറാട് കലാപത്തെ തുടര്‍ന്ന് ചര്‍ച്ചകളും മതസൗഹാര്‍ദ റാലികളുമൊക്കെ പുറമേക്ക് നടക്കുന്നുണ്ടായിരുന്നെങ്കിലും മാറാട് അകത്ത് പുകയുകയായിരുന്നു. എണ്ണത്തില്‍ ഒരാളുടെ ജീവന്‍ കുറഞ്ഞുപോയതിന്, മുസ്ലീം ഭീകര സംഘടനയായ എന്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതികാരം ഉണ്ടാവുമെന്ന് പലരും കരുതിയിരുന്നു. പക്ഷേ അത് ഇത്രക്രുരമാവുമെന്ന് ആരും കരുതിയില്ല. ഏകപക്ഷീയമായും ആസൂത്രിതവുമായിരുന്നു രണ്ടാം മാറാട് കലാപം.
2003 മെയ് മാസം രണ്ടാം തീയതി ഒരു പറ്റം ഹിന്ദു ചെറുപ്പക്കാര്‍ മറാട് ബീച്ചില്‍ വിശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ചന്ദ്രന്‍, ഗോപാലന്‍, സന്തോഷ്, മാധവന്‍, കൃഷ്ണന്‍,ദാസന്‍ ,പുഷ്പരാജന്‍, പ്രിജി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനൊപ്പം അഷ്‌കര്‍ അലി എന്നയാളെയും മരിച്ച നിലയില്‍ കണ്ടെത്തി. അഷ്‌കര്‍ അലി അക്രമി സംഘത്തില്‍ പെട്ടയാളായിരുന്നു. ഇവരുടെ വെട്ടി് മാറിക്കൊണ്ടാണ് മരണം. ഒറ്റ വരവരച്ചാല്‍ രണ്ട് തുണ്ടമാവുന്ന വാളാണ് അക്രമികള്‍ ഉപയോഗിച്ചത്. അഷ്‌ക്കറുടെ മൃതദേഹം കടപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ പങ്ക് പിന്നീട് നടന്ന പോലീസ് അന്വേഷണത്തിലും തോമസ് പി. ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്.
നീളമുള്ള വാളുകളും പ്രത്യേകമായി രൂപപ്പെടുത്തിയ വെട്ടുകത്തികളുമാണ് അക്രമികള്‍ ഉപയോഗിച്ചത്. ഇതില്‍ പലതും മാരകമായ മുറിവുകളുണ്ടാക്കാന്‍ പാകത്തില്‍ മൂര്‍ച്ച കൂട്ടിയവയായിരുന്നു. അക്രമികള്‍ ഇരകളെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കാനാണ് ഈ വാളുകള്‍ ഉപയോഗിച്ചതെന്നും, ചില ഇരകളുടെ ശരീരഭാഗങ്ങള്‍ പോലും അറുത്തുമാറ്റപ്പെട്ട ക്രൂരമായ രീതിയിലായിരുന്നു ആക്രമണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അക്രമികള്‍ ബോട്ടുകളിലാണ് മാറാട് കടപ്പുറത്ത് എത്തിയതെന്നും ആക്രമണത്തിന് ശേഷം കടല്‍ വഴിയാണ് രക്ഷപ്പെട്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കലാപത്തിന് ശേഷം മാറാട് ജുമാ മസ്ജിദില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസ് വന്‍ ആയുധശേഖരം കണ്ടെടുത്തിരുന്നു. ഇതില്‍ 40-ഓളം വാളുകള്‍, ഇരുമ്പു പൈപ്പുകള്‍, കുന്തങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വാളുകള്‍ക്ക് പുറമെ, നാടന്‍ ബോംബുകള്‍, പെട്രോള്‍ ബോംബുകള്‍ എന്നിവയും ആക്രമണത്തിന് ഉപയോഗിച്ചിരുന്നു. ഏകദേശം 90-ഓളം നാടന്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഈ ആയുധങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശേഖരിക്കപ്പെട്ടതാണെന്നും, പള്ളി വളപ്പില്‍ ഇവ സൂക്ഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് ഈ ആയുധങ്ങള്‍ നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഒന്നാം മാറാട് സംഭവത്തെ പോലെ തന്നെ ഈ കൂട്ടക്കൊലയെ തുടര്‍ന്നും നിരവധി വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. നിരവധി മുസ്ലീം കുടുംബങ്ങള്‍ അവിടെ നിന്നും ഓടിപ്പോയി. അവരെ തിരിച്ചുവരാന്‍ അരയസമാജവും ഹിന്ദുത്വ സംഘടനകളും അനുവദിച്ചില്ല. അവരുടെ എതിര്‍പ്പ് ശക്തമായി തുര്‍ന്നു. കുറേ കാലത്തിന് ശേഷം നിരവധി ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് അവിടെ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയ കുടുംബങ്ങളില്‍ കുറേ പേര്‍ തിരികെ എത്തി.
അന്താരാഷ്ട്ര ഗൂഢാലോചന തെളിഞ്ഞില്ല
മാറാട് കലാപത്തില്‍ ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നതിന് കമ്മീഷന് മുമ്പാകെ മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. കലാപത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും നടന്ന വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്. 'എഫ്.എം.' (ഫൈനാന്‍സ് മിനിസ്റ്റര്‍) എന്ന് വിളിക്കപ്പെടുന്ന ഒരാളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഒരു രാഷ്ട്രീയ നേതാവാണ് ഇദ്ദേഹമെന്ന് അന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു!
ഗൂഢാലോചനയുടെ ആഴം, ആയുധങ്ങളുടെ ഉറവിടം, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ച് സംസ്ഥാന പോലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഒരു കേന്ദ്ര ഏജന്‍സി ഇത് അന്വേഷിക്കണമെന്ന് കമ്മീഷന്‍ ശക്തമായി ശുപാര്‍ശ ചെയ്തു. എന്‍ഡിഎഫ്, മുസ്ലീംലീഗ് തുടങ്ങിയ സംഘടനകളിലെ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്രയും വലിയൊരു ആക്രമണം നടക്കില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. (ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ പതിനഞ്ചാം സാക്ഷി പിണറായി വിജയനും, പന്ത്രണ്ടാം സാക്ഷി പി.കെ. കുഞ്ഞാലിക്കുട്ടിയും അഞ്ചാം സാക്ഷി എന്‍ഡിഎഫ് നേതാവ് ഇ. അബൂബക്കറുമായിരുന്നു)
ഇവിടെയാണ് കാര്യങ്ങളുടെ കിടപ്പ് കിടക്കുന്നത്. ശക്തമായ അന്വേഷണം നടന്നാല്‍ തങ്ങളിലേക്ക് അന്വേഷണം എത്തുമെന്ന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ ഭയന്നിരുന്നു. മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് മായിന്‍ ഹാജിക്കുനേരെ, ആക്രമണം നടക്കുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും, അത് മറച്ചുവെച്ചുവെന്നും വിമര്‍ശനം വന്നു. മായിന്‍ ഹാജിക്ക് മാത്രമല്ല, പ്രദേശത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംപോലും രണ്ടാം മറാട് കലാപം നടക്കുമെന്ന് അറിയാമായിരുന്നുവെന്നും പറയുന്നുണ്ട്. ആ സമയം മൂന്‍കൂട്ടി കണ്ട് സ്ഥലം കാലിയാക്കിവര്‍വരെ ഏറെയുണ്ട് എന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.
കലാപത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്നത്തെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ സി.എം. പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. 2001 മുതല്‍ 2003 വരെയുള്ള കാലയളവില്‍ മാറാട് പ്രദേശത്തെ 40-ഓളം ബാങ്കുകളിലേക്ക് ഏകദേശം 600 കോടി രൂപയുടെ സംശയകരമായ പണമിടപാടുകള്‍ നടന്നതായി പ്രദീപ് കുമാറിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. മാറാട് കലാപം ഒരു ഭീകരപ്രവര്‍ത്തനത്തിന് സമാനമായ, അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ കേസിലെ സിബിഐ അന്വേഷണം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും പ്രദീപ് കുമാര്‍ ആരോപിച്ചിരുന്നു. പ്രദേശത്ത് വര്‍ഗീയ സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെന്നും, ഇതിനു പിന്നില്‍ ലഹരിമരുന്ന്, സ്വര്‍ണ്ണക്കടത്ത് മാഫിയകള്‍ക്ക് പങ്കുണ്ടെന്നും കമ്മീഷന് മുന്നില്‍ അദ്ദേഹം മൊഴി നല്‍കിയിരുന്നു. എങ്കിലും, ഈ വലിയ ഗൂഢാലോചനയെക്കുറിച്ചോ, സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചോ, വിദേശബന്ധങ്ങളെക്കുറിച്ചോ കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധിച്ചില്ലെന്ന് പിന്നീട് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. സിബിഐ അന്വേഷണമാവട്ടെ ലീഗ് ഇടപെട്ട് അട്ടിമറിക്കുകയും ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ അന്നത്തെ പ്രസിഡന്റ് എന്‍.പി. രാജേന്ദ്രന്‍, കമ്മീഷന് നല്‍കിയ മൊഴികളില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് വ്യക്തമാണ്. സിബിഐ അന്വേഷണം ഒഴിവാക്കുകയെന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സിംഗിള്‍ പോയിന്റ് അജണ്ടയാണ് അവസാനം വിജയിച്ചത്.
ആദ്യം സിബിഐ അന്വേഷണം എന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അക്കാര്യത്തില്‍ ബിജെപിയും ഹിന്ദുത്വ സംഘടനകളും അയവ് വരുത്തി. സര്‍ക്കാര്‍ വന്‍തുക നഷ്ടപരിഹാരമായി നല്‍കിയതോടെ സംഘപരിവാര്‍ സി ബി ഐ അന്വേഷണത്തില്‍ നിന്നും പിന്നാക്കം പോയി എന്നും ആരോപണം ഉയര്‍ന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അന്നത്തെ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയത്. കൂടാതെ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കോടതിയും നിര്‍ദ്ദേശിച്ചു. എ ബി വാജ്പേയി പ്രധാനമന്ത്രിയായി ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലമായിരുന്നു അത്. എന്നിട്ടും കേന്ദ്രം സിബിഐ അന്വേഷണം പരിഗണിക്കാഞ്ഞത്, ബിജെപിക്കും നാണക്കേടായി.
കമ്മീഷന്‍ നിര്‍ദേശങ്ങള്‍ കടലാസില്‍
ഇപ്പോള്‍ മാറാട് ശാന്തമാണ്. പക്ഷേ അപ്പോഴും കനലുകള്‍ അവശേഷിക്കയാണ്. ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്‍, ഭാവിയില്‍ ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി നിരവധി സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതില്‍ എതാനും കാര്യങ്ങള്‍ മാത്രമാണ് നടപ്പായിട്ടുള്ളത്.
വര്‍ഗീയ സംഘര്‍ഷങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും കണ്ടെത്താനും തടയാനും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേക അന്വേഷണ വിഭാഗങ്ങള്‍ രൂപീകരിക്കമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ഇത് ഇനിയും നടപ്പായിട്ടില്ല. വര്‍ഗീയ കലാപങ്ങളെ കര്‍ശനമായി നേരിടുന്നതിനും മതം, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിവയെ ഭരണപരമായ കാര്യങ്ങളില്‍ നിന്ന് വേര്‍പെടുത്തുന്നതിനും പ്രത്യേക നിയമനിര്‍മ്മാണം വേണന്നും കമ്മീഷന്‍ പറയുന്നു. ഇതും നടപ്പായിട്ടില്ല. ആയുധ നിയമത്തിലെ വകുപ്പുകള്‍ കര്‍ശനമായി നടപ്പിലാക്കുകയും മതസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള 1988-ലെ നിയമം കര്‍ശനമായി പാലിക്കുകയും വേണമെന്നും കമ്മീഷന്‍ പറയുന്നു.
മാറാട് കലാപത്തിന് പിന്നിലെ അന്തര്‍സംസ്ഥാന ബന്ധങ്ങളും വലിയ ഗൂഢാലോചനകളും കണ്ടെത്താന്‍ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പക്ഷേ ഇവിടെ സിബിഐ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. കലാപസാധ്യതയുള്ള പ്രദേശങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും, പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ കലാപം നിയന്ത്രിക്കാനുള്ള ആധുനിക സജ്ജീകരണങ്ങളും 24 മണിക്കൂറും ലഭ്യമായ റിസര്‍വ് സേനയും ഉണ്ടായിരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.
പക്ഷേ ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ടതാണ് കമ്മീഷന്‍ നിര്‍ദേശിച്ച, സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങള്‍. മതേതര വിദ്യാഭ്യാസമായണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതേതരത്വം, ധാര്‍മ്മിക മൂല്യങ്ങള്‍, മതസൗഹാര്‍ദ്ദം എന്നിവ പാഠ്യവിഷയമാക്കണം. സ്‌കൂളുകളില്‍ 'മോറാലിറ്റി ആന്‍ഡ് വാല്യൂ ക്ലബ്ബുകള്‍' ആരംഭിക്കണം. തദ്ദേശ സ്വയംഭരണ തലങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായ സ്ഥിരമായ സമാധാന സമിതികള്‍ രൂപീകരിക്കണം. തീരദേശ നിവാസികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പാവപ്പെട്ട ജനങ്ങളെ ഉള്‍പ്പെടുത്തി മതേതര കൂട്ടായ്മകള്‍ രൂപീകരിക്കുകയും വേണം. മാറാട് കടപ്പുറത്തുണ്ടായ കൂട്ടക്കൊല തടയുന്നതില്‍ സിവില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. മാറാട് ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് വലിയ തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് തടയുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ ജില്ലാ കളക്ടര്‍ ടി.ഒ. സൂരജിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
തീരദേശ മേഖലകളില്‍ പൊതുവായ ഉത്സവങ്ങളും കായിക മത്സരങ്ങളും സംഘടിപ്പിക്കുക മതപണ്ഡിതന്മാരും സാമൂഹിക നേതാക്കളും പങ്കെടുക്കുന്ന സംവാദങ്ങളും ചര്‍ച്ചകളും ഇടയ്ക്കിടെ സംഘടിപ്പിച്ച് തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുക, തീരദേശ നിവാസികളുടെ സാമ്പത്തിക ഉന്നമനത്തിനായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ദാരിദ്ര്യം പലപ്പോഴും വര്‍ഗീയ മുതലെടുപ്പുകള്‍ക്ക് കാരണമാകാറുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
പക്ഷേ ഇപ്പോള്‍ മാറാട് ശാന്തമാകാനുള്ള കാരണവും വിദ്യാഭ്യാസ മേഖലയിലെ മാറ്റമാണ്. പുതിയ തലമുറ പരമ്പരാഗത മത്സ്യമേഖലയില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. അവര്‍ പഠിച്ച് പുറത്തുപോവുന്നു. പൊതുസമൂഹത്തില്‍ ഇടകലരുന്നു. ഈ കലര്‍പ്പാണ് രക്ഷയാവുന്നത്. ആഗോളീകരണമാണ് വര്‍ഗീയതയെ തടയുന്നത്. അല്ലായെ പിണറായി സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല!
വാല്‍ക്കഷ്ണം: ചരിത്രത്തില്‍ പലതും മറന്നും പൊറുത്തും തന്നെയാണ് നാം ഇതുവരെ എത്തിയത്. മറക്കില്ലൊരിക്കലും പൊറുക്കില്ലൊരിക്കലും എന്നത് അങ്ങേയറ്റത്തെ വിധ്വംസകമായ പ്രസ്താവനയാണ്. അതുകൊണ്ട് തന്റെ മാറാടിന്റെ മുറിവുകളില്‍ ഉപ്പ് തേക്കുകയല്ല, അത് മറക്കുകയാണ്, കേരളീയ പൊതുസമൂഹം ചെയ്യേണ്ടത്.




