മെത്തലിന്‍ ഡയോക്സിന്‍ മെത്താഫെറ്റമിന്‍ എന്ന പൂര്‍ണ്ണരൂപമുള്ള എംഡിഎംഎ. ഈ നാലക്ഷരം ഇന്ന് ലോകത്തെ വിറപ്പിക്കയാണ്. ക്രിസ്റ്റല്‍ രൂപത്തിലുള്ള മാരക പ്രഹര ശേഷിയുള്ള ഈ രാസലഹരിയെ എങ്ങനെ തടുയുമെന്നതാണ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുവരെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്തായി യുവാക്കാള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഏത് കുറ്റകൃത്യത്തിന്റെ പിന്നാമ്പറുമെടുത്താലും അവിടെ രാസലഹരിയുടെ പങ്ക് കാണാം. അതുകൊണ്ടുതന്നെ എംഡിഎംഎ എന്ന മയക്കുമരുന്നുകളിലെ രാജവെമ്പാലയോടുള്ള കുരിശ്യുദ്ധത്തിലാണ്, നമ്മുടെ സംസ്ഥാനം എന്നുപറയാം.

പക്ഷേ ആഗോള വ്യാപകമായിനോക്കിയാല്‍ കേരളം മാത്രമല്ല, അമേരിക്കയും യുറോപ്പുമൊക്കെ ഇതേ രാസലഹരിയില്‍നിന്ന് യുവാക്കളെ അകറ്റാറുള്ള തീവ്ര ശ്രമത്തിലാണ്. എന്നിട്ടും പ്രതിവര്‍ഷം 10 ലക്ഷം കോടി ഡോളറിന്റെ എംഡിഎംഎയാണ് ആഗോളവ്യാപകമായി വിറ്റുപോവുന്നതെന്നാണ് കണക്ക്! ആഗോളവ്യാപകമായി പരന്നുകിടക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ മാഫിയയാണ് ഇന്നിത്. അത്ര എളുപ്പത്തിലൊന്നും രാസലഹരിമാഫിയയെ തുടച്ചുനീക്കാന്‍ കഴിയില്ല. പക്ഷേ അത് ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച് നമുക്ക് അവയെ ജയിക്കാം.

വിശപ്പിനെ ജയിക്കാനുള്ള മരുന്നായി തുടക്കം

ലോകത്തില്‍ ഡൈനാമീറ്റ് അടക്കമുള്ള പല വസ്തുക്കളുടെയും ചരിത്രം നോക്കിയാല്‍ അറിയാം, അവ എന്ത് ഉദ്ദേശത്തിനായാണോ സൃഷ്ടിച്ചത് അതിന്റെ നേര്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന്. അതുപോലെ തന്നെയാണ് എംഡിഎംഎയുടെയും തുടക്കം. 1912-ല്‍ ജര്‍മ്മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്കിലെ, ആന്റണ്‍ ഗോലിഷ് എന്ന ശാസ്ത്രഞ്ജനാണ്, വിശപ്പിനെ ജയിക്കാനുള്ള മരുന്ന് എന്ന അര്‍ത്ഥത്തില്‍ എംഡിഎംഎ വികസിപ്പിച്ചത്. ആദ്യകാലത്ത് ഇതിന് കാര്യമായ പ്രചാരമൊന്നും കിട്ടിയില്ല. പക്ഷേ 1970-കളില്‍ സൈക്കോ തെറാപ്പി ഡ്രഗ് ആയി എംഡിഎംഎ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ 1980 ആയപ്പോഴേക്കും കളിമാറി. യൂറോപ്പിലും അമേരിക്കയിലും ഇതൊരു ജനപ്രിയ മയക്കുമരുന്നായി മാറി. പക്ഷേ അത് നമ്മുടെ നാട്ടിലേക്ക് എത്താല്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.




മയക്കുമരുന്നുകളില്‍ ഏറ്റവും കൂടുതല്‍ ലഹരിയുള്ളത്് എംഡിഎംഎക്കാണെന്നാണ് പറയുന്നത്. രുചിയും മണവും ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മദ്യപിച്ചവരെയൊക്കെ നമുക്ക് തിരിച്ചറിയാന്‍ കഴിയുമെങ്കിലും മയക്കുമരുന്നിന് അടിമകളായവരെ അത്ര എളുപ്പത്തില്‍ മനസ്സിലാവില്ല. യുവാക്കള്‍ക്കിടയില്‍ ഇത് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഐസ് മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം ,ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റല്‍ ,സ്പീഡ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വസ്തുവും ഇതുതന്നെ.

പുകയായി വലിച്ചും, കുത്തിവച്ചും, ഗ്ലാസ് പാത്രങ്ങളില്‍ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തില്‍ തന്നെ ഒരുവനെ അടിമയാക്കാന്‍ ശേഷിയുളളതാണ് എംഡിഎംഎ. വായിലൂടെയും , മൂക്കിലൂടെയും, ഇഞ്ചക്ഷനായും ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നു. പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുന്നതാണ് സാധാരണ രീതി. പക്ഷേ സാധാരണ കഞ്ചാവോ, ചരസോ പോലെയല്ല രാസലഹരിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒറ്റ ഉപയോഗത്തില്‍ തന്നെ അതിന് നിങ്ങളെ അടിമയാക്കാന്‍ കഴിയും. ചിലര്‍ക്ക് ഇത് ഉപയോഗിച്ചാല്‍ 12-16 മണിക്കുര്‍ ഉറക്കംപോലും വരില്ല. ക്ഷീണവും അറിയില്ല. പക്ഷേ അതിനുവേണ്ടി നിങ്ങളുടെ ജീവന്‍ തന്നെയാണ് ഇല്ലാതാവുന്നത്.

ഇന്ന് ലോകം മുഴുവന്‍ നെറ്റ്വര്‍ക്കുള്ള ഇന്റനാഷണല്‍ ഡ്രഗ് മാഫിയയിലെ ഏറ്റവും പ്രധാനപ്പെട്ട 'വിഭവമാണ്' എംഡിഎംഎ. നെതര്‍ലാന്‍ഡ്, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളാണ്, രാസലഹരിയുടെ ആഗോള തലസ്ഥാനമായി അറിയപ്പെടുന്നത്. ഒപ്പം അമേരിക്കയും. പണ്ട് കൊക്കേയിനും മരിജുവാനയും കടത്തിയിരുന്നു മെക്സിക്കോയിലെ ഡ്രഗ് കാര്‍ട്ടലുകള്‍പോലും ഇന്ന് രാസലഹരിയിലേക്ക് മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അന്റാര്‍ട്ടിക ഒഴികെയുള്ള എല്ലാം ഭൂഖണ്ഡത്തിലും ഇന്ന് സിന്തറ്റിക്ക് ലഹരി എത്തിക്കഴിഞ്ഞു. നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരുകാലത്ത് കുടില്‍ വ്യവസായംപോലെയായിരുന്നു രാസലഹരി നിര്‍മ്മാണം. മലേഷ്യ, സിങ്കപ്പുര്‍, ജപ്പാന്‍, ചൈന, തായ്ലന്‍ഡ് എന്നിവയൊക്കെ രാസലഹരിയുടെ കേളീരംഗമാണ്. ഇന്ന് അമേരിക്കയുടെ സിഐഎ അടക്കമുള്ള ഏജസന്‍സികള്‍ തീവ്രവാദത്തെപ്പോലെ, രാസലഹരി വിപത്തിനെയും ലക്ഷ്യമിടുന്നു. പ്രതിവര്‍ഷം 10 ലക്ഷം കോടി ഡോളര്‍ ടേണ്‍ ഓവറുള്ള ഒരു വ്യവസായമാണെന്ന് സിഐഎയുടെ ആന്റി ഡ്രഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. അനൗദ്യോഗികമായി ഇതിന്റെ എത്രയോ ഇരിട്ടിയാണ് തുക വരിക.

ഒരുകിലോ എംഡിഎംഎയുടെ വിപണി മൂല്യം അഞ്ചരക്കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. കൊച്ചിയില്‍വെച്ച് രണ്ട് കിലോ എംഡിഎംഎ പിടിച്ച സമയത്താണ് അതിന്റെ മൂല്യത്തേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്. രണ്ട് കിലോയ്ക്ക് ഏതാണ്ട് 11 കോടിയാണ് വിലയെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷേ ഇത് പുറത്ത് എത്തിച്ചാല്‍ അതിന്റെ മൂന്നിരിട്ടിയാണ് വില എന്നാണ് പറയുന്നത്.

അണയാത്ത ലൈംഗികതയുടെ പാര്‍ട്ടി ഡ്രഗ്

ഒരു പാര്‍ട്ടി ഡ്രഗ് എന്ന നിലയിലാണ് ഈ സാധനം ഇന്ത്യയിലേക്ക് എത്തുന്നത് എന്നാണ്, ദേബാശിഷ് മിശ്രയെപ്പോലുള്ള ഈ മേഖല പഠിച്ച മുന്‍ എക്സൈസ്് ഉദ്യോഗ്ഥര്‍ എഴുതുന്നത്. സിനിമ-ക്രിക്കറ്റ് തുടങ്ങിയ സെലിബ്രിറ്റികളുടെ പാര്‍ട്ടി ഡ്രഗ് ആയി, 2010-ന്റെ തുടക്കത്തിലാണ് ഇത് മുംബൈയില്‍ എത്തിയത് എന്നാണ് ഹേമന്ദ്ദേശായി എന്ന ഗവേഷകന്‍ ചൂണ്ടിക്കാട്ടുന്നത്. പുതുതലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചില്ലായിട്ടിരിക്കാനാണ് ഇതു ഉപയോഗിക്കുന്നത്. പക്ഷേ അവര്‍ അറിയുന്നില്ല, തങ്ങള്‍ വൈകാതെ ചില്ലിട്ട്വെക്കാന്‍ പാകത്തിലാവുകയാണെന്ന്!




നിശാ പാര്‍ട്ടികളിലും മറ്റും തളരാതെ ദീര്‍ഘനേരം സജീവമായിരിക്കാനും , തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്കാണ് എംഡിഎംഎ എന്ന മെത്ത് കുപ്രസിദ്ധമായത്. ഡി ജെ പാര്‍ട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും, അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാര്‍ട്ടി ഡ്രഗ് എന്ന പേര് ലഭിച്ചത്. മണവും, രുചിയുമില്ലാത്ത ഇത് ചിലപ്പോള്‍ ജ്യൂസില്‍ കലക്കി നല്‍കുകയാണ് പതിവ്.

എംഡിഎംഎ ഒരു ഗ്രാം ശരീരത്തില്‍ എത്തിയാല്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ ഉണര്‍വ് ലഭിക്കുമെന്നാണ് പറയുന്നത്. ലൈംഗികാസക്തി ഉയര്‍ത്താന്‍ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിര്‍മാണ്ണ മേഖലയില്‍ ഉദ്ധാരണ ശേഷി വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും ഉപയോഗിക്കുന്ന മയക്കുമരുന്നും ഇതുതന്നെ. ഒരു ഗ്രാം ഉപയോഗിച്ചാല്‍ തന്നെ മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികള്‍ വീണ്ടും വീണ്ടും ചെയ്യുവാനുള്ള തോന്നലുണ്ടാക്കുകയും ചെയ്യുന്ന ഡ്രഗ്സാണ് എംഡിഎംഎ. പക്ഷേ ഇത് താല്‍ക്കാലികമാണ്. സ്ഥിരമായി ഉപയോഗിച്ചാല്‍ നിങ്ങളുടെ ലൈംഗിക ശേഷി തന്നെ തകരും. പല്ലടക്കം ദ്രവിച്ച് തീരും.

മുബൈയിലെ സിനിമാ പാര്‍ട്ടികളിലുടെയാണ് എംഡിഎംഎ ഇന്ത്യയില്‍ എത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് നടന്‍ സുശാന്ത്സിങ്് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത് ബോളിവുഡിലെ ലഹരി പാര്‍ട്ടികള്‍ ആയിരുന്നു. അന്ന് രക്തം പരിശോധിച്ച് മയക്കുമരുന്നിന്റെ സാനിധ്യമില്ല എന്ന് വ്യക്തമാക്കാന്‍ നടി കങ്കണ റണാവത്ത് നടന്‍മ്മാരെ വെല്ലുവിളിച്ചപ്പോള്‍, ആര്‍ക്കും മിണ്ടാട്ടം ഉണ്ടായിരുന്നില്ല.സമുഹത്തിന്റെ ഉന്നത തട്ടിലുള്ളവരില്‍നിന്ന് വരുന്ന ഏത് സാധനവും പതുക്കെ താഴെ തട്ടിലുമെത്തും. അങ്ങനെ ബോളിവുഡ്, കോളിവുഡ് വഴി ഇത് മല്ലുവുഡിലും എത്തിയത്. 'നാര്‍ക്കോട്ടിക്കിസ് ഈസ് എ ഡേര്‍ട്ടി ബിസിനസ' പന്ന് നമ്മുടെ ലാലേട്ടനൊക്കെപ്പറയുന്നുണ്ടെങ്കിലും, ന്യൂജന്‍ സിനിമാക്കാരിലെ ഒരു വിഭാഗത്തില്‍ അതാന്നും വര്‍ക്ക് ആവാറില്ല.

തുടക്കത്തില്‍ സമ്പന്നരായിരുന്നു എംഡിഎംഎ അടക്കമുള്ള സിന്തറ്റിക്ക് സാധനങ്ങളുടെ ഉപയോക്താക്കളെങ്കില്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അത്, ഇന്ത്യയിലെ സാധാരണക്കാരന്റെ കൈകളില്‍ എത്തുന്ന രീതിയില്‍ ഞെട്ടിക്കുന്ന മാറ്റമുണ്ടായി. ഇന്ത്യന്‍ നിര്‍മ്മിത രാസലഹരികള്‍ വന്നപ്പോള്‍ അതിന്റെ വില കുറയുകയും, ലഭ്യത കൂടുകയും ചെയ്തു. ഇതോടെ അത് പതുക്കെ പതുക്കെ നമ്മുടെ കാമ്പസുകളിലും എന്തിന് സ്‌കുളുകളില്‍വരെ എത്തി. ഇന്ന് എംഡിഎംഎയെ വെല്ലുന്ന, ഒരുപാട് രാസലഹരികള്‍ വേറെയും ഇറങ്ങുകയാണ്. ലൈസര്‍ജിക്ക് ആഡിഡ് ഡൈതൈലാമൈഡ് എന്ന എല്‍എസ്ഡി കണ്ടാല്‍ വെറും സ്റ്റാപ്പോലെ ഇരിക്കും. ഇത് പുര്‍ണ്ണമായും നാക്കില്‍ ഒട്ടിച്ചാല്‍ അബോധാവസ്ഥയിലായിപ്പോവും. ബുദ്ധിയിലും ചിന്താശേഷിയിലും കുറവുവരും. ലൈംഗികതയെ ബാധിക്കും. പലരും ലൈംഗികശേഷി വര്‍ധിക്കുമെന്ന് കരുതിയാണ് ഇത് ഉപയോഗിക്കുന്നത്. പക്ഷേ ദീര്‍ഘകാല ഉപയോഗത്തില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍.

ഇന്ത്യയുടെ ഡ്രഗ് ഹബ്ബായി ഗുജറാത്ത്

കേരളത്തില്‍ എംഡിഎംഎ അടക്കമുള്ള രാസലഹരികളുടെ വില്‍പ്പന നന്നായി നടക്കുന്നുണ്ടെങ്കിലും, ഇതിന്റെ നിര്‍മ്മാണമൊന്നും ഇവിടെയില്ല. പക്ഷേ കേരളത്തിലേക്ക് അടക്കം, കെമിക്കല്‍ ഡ്രഗ് എത്തുന്നത്, മഹാത്മാജിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നാടായ ഗുജാറാത്തില്‍നിന്നാണെന്നാണ് കണക്കുകള്‍ പറയുന്നത്! ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി, ഗോവ, കര്‍ണാടക, എന്നിവടങ്ങളിലാണ് ഇന്ത്യയിലെ മെത്തിന്റെ ഉല്‍പ്പാദനത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്.




ഇന്ത്യയിലെ മെത്തിന്റെ നിര്‍മ്മാണത്തിന് കഷ്ടി പത്തുവര്‍ഷത്തെ ചരിത്രമേയുള്ളൂ. നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്, ഇത് ഇന്ത്യയിലും കുടില്‍ വ്യവസായം പോലെയാക്കിയത്. പഠനം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ഇവര്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെത്തി. ഈ ആഫ്രിക്കക്കാരില്‍ ചിലരിലൂടെയാണ്യാണ് മെത്ത് നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ഡിറ്റര്‍ജന്റ്, പെര്‍ഫ്യൂം തുടങ്ങിയവ നിര്‍മിക്കുന്ന ചെറുകിട വ്യവസായ സംരംഭകരെ പാട്ടിലാക്കിയാണ് എംഡിഎംഎ നിര്‍മ്മാണം. ഇവരുടെ നിര്‍മാണകേന്ദ്രത്തില്‍ ഒരു വശത്തു ചെറിയ മുറി തരപ്പെടുത്തി ലാബ് സ്ഥാപിക്കും. രാസവസ്തുക്കളില്‍ ചിലതില്‍ മറ്റുചില രാസവസ്തുക്കള്‍ ചേര്‍ത്തു നിശ്ചിത താപനിലയില്‍ ചൂടാക്കിയാണ് എംഡിഎംഎ നിര്‍മിക്കുന്നത്. പൊടി രൂപത്തിലാണ്. ചിലയിടത്ത് ഗുളിക രൂപത്തിലായിരിക്കും. രാസവസ്തുക്കള്‍ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തു ചൂടാക്കിയാലേ ഫലം ലഭിക്കൂ. ഇക്കാര്യത്തില്‍ ആഫ്രിക്കന്‍ വംശജര്‍ക്കാണ് പ്രാവീണ്യം. ആദ്യകാലത്ത് ഇതിന്റെ കുട്ട് ആഫ്രിക്കക്കാര്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. കുക്കിങ്ങ് എന്നാണ് എംഡിഎംഎ നിര്‍മ്മാണം അറിയപ്പെട്ടിരുന്നത്! ( പക്ഷേ പ്രീമിയം മെത്ത് ഉപഭോക്താക്കള്‍ക്ക് ഈ ഇന്ത്യന്‍ നിര്‍മ്മിത സാധനങ്ങളോട് പുഛമാണത്രേ. ഡ്യൂപ്പിക്കേറ്റ് എന്ന നിലയില്‍ അവര്‍ അതിനെ തള്ളുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നത്!)

ചെറുകിട ഡിറ്റര്‍ജന്റ്, പെര്‍ഫ്യും നിര്‍മാതാക്കള്‍ക്കു വലിയ തുക വിഹിതമായി നല്‍കും. ഓരോ തവണ നിര്‍മാണം കഴിഞ്ഞാലും താല്‍ക്കാലിക ലാബ് ഉള്‍പ്പെടെ എല്ലാം എടുത്തു മാറ്റും. അതിനാല്‍ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി പിടികൂടുക എളുപ്പമല്ല. ഈ രീതിയിലാണ് ഗുജറാത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ ഇവര്‍ പിടിമുറുക്കിയത്. പക്ഷേ ഒരു നഗരം എന്ന നിലയില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംഡിഎംഎ നെറ്റ്വര്‍ക്ക് ഉള്ളത് ബംഗലൂരുവിലാണ്. അടുത്തകാലത്ത് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം ബംഗലൂരു കണക്ഷന്‍ ഉണ്ട്. അതുപോലെ പഞ്ചാബ്. ശരിക്കും മയക്കുമരുന്നില്‍ മയങ്ങിവീഴുകയാണ് ഈ നാട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡ്രഗ് അഡിക്റ്റ്സ് ഉള്ള സംസ്ഥാനമായി പഞ്ചാബ് മാറുകയാണ്. 'ഉഡ്ത്താ പഞ്ചാബ്' എന്ന സിനിമയൊക്കെ വരച്ചുകാട്ടിയത് ഈ ദയനീയ അവസ്ഥയായിരുന്നു. പഞ്ചാബിനെ ഗ്രസിച്ച രണ്ടാം ഭീകരവാദം എന്ന നിലയില്‍ ഡ്രഗ് മാഫിയയയെ അമര്‍ച്ചചെയ്യാനുള്ള ശ്രമം നടക്കുകയാണ്. പക്ഷേ ഇവിടെ എംഡിഎംഎയേക്കാള്‍ ഉപയോഗത്തിലുള്ളത്, അതിര്‍ത്തികടന്ന് എത്തുന്ന കൊക്കേയിനും ഹാഷിസുമൊക്കെയാണ്.

ഇപ്പോള്‍ ഗുജറാത്തും അതി ശക്തമായി രാസലഹരിക്കെതിരെ പൊരുതുന്നുണ്ട്. പക്ഷേ ഗുജറാത്തില്‍ നിര്‍മ്മാണം നടക്കുന്നതല്ലാതെ, ഉപയോഗം കുറവാണ്. പാക്കിസ്ഥാനില്‍നിന്നും, മലേഷ്യയില്‍നിന്നും, സിങ്കപ്പൂരില്‍നിന്നുമൊക്കെ കടല്‍വഴി ഗുജറാത്ത് തീരത്ത് എത്തി, ഇന്ത്യയുടെ നനാഭാഗത്തേക്ക് എംഡിഎംഎ കൊണ്ടുപോവുന്ന സംഘങ്ങള്‍ ഇന്നും സജീവമാണ്. 13,000 കോടിയുടെ കൊക്കേയിന്‍ ആണ് ഗുജറാത്തിലെ അംഗലേശ്വറില്‍വെച്ച് കഴിഞ്ഞ വര്‍ഷം പിടികൂടിയത്. ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് പിടികുടപ്പെടുന്നത്, ഗുജറാത്തില്‍വെച്ചാണ്.

അതുപോലെതന്നെ ഏറെ വിവാദമാണ് അദാനിയുടെ നിയന്ത്രണത്തിയുള്ള മുന്ദ്രപോര്‍ട്ടും. ഇവിടെവെച്ചും അടിക്കടി മയക്കുമരുന്നുകള്‍ പിടിക്കാറുണ്ട്. 21,000 കോടി രൂപ വിലവരുന്ന ഹെറോയിന്‍ ഇവിടെ കഴിഞ്ഞ വര്‍ഷം പിടികൂടിയത് വലിയ വാര്‍ത്തയായി. മുന്ദ്ര തുറമുഖം ഗൗതം അദാനിയുടേത് ആയതിനാല്‍ വലിയ വിമര്‍ശനങ്ങളും ഗൂഢാലോചനാസിദ്ധാന്തങ്ങളും ഇതോടൊപ്പമുണ്ടായി. അദാനി ഈ പോര്‍ട്ട് ഏറ്റെടുത്തത് തന്നെ മയക്കുമരുന്ന് കടത്തിനാണെന്നും, മോദി- അദാനി ബന്ധം ഡ്രഗ് മണിയില്‍ അധിഷ്ഠിതമാണെന്നൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പക്ഷേ അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ഇവ പിടിക്കപ്പെടുന്ന എന്ന ചോദ്യത്തിന് മറുപടിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഈ കേസുകളിലേക്കൊക്കെ വലിച്ചിഴക്കാനുള്ള യാതൊരു തെളിവുമില്ല. പക്ഷേ എന്നിട്ടും കുപ്രചാരണങ്ങള്‍ തുടരുകയാണ്. പക്ഷേ ഒരുകാര്യം സത്യമാണ്. ഗുജറാത്ത് കേന്ദ്രീകരിച്ച് വലിയ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ വേരറുക്കാനുള്ള ശ്രമം, ദേശീയതലത്തില്‍തന്നെ നടക്കുന്നുമുണ്ട്. മുന്ദ്രപോര്‍ട്ടിലെ ഡ്രഗ് ഇഷ്യൂ ചൂണ്ടിക്കാട്ടിയാണ് പലരും, വിഴിഞ്ഞത്തെ താരതമ്യപ്പെടുത്തുന്നത്. വിഴിഞ്ഞത്തിന്റെ നിയന്ത്രണം അദാനിക്കായതുകൊണ്ട് ഇനി ഇതിലുടെയും മയക്കുമരുന്ന് ഒഴുകുമെന്നാണ് പ്രചാരണം. പക്ഷേ ഇതൊക്കെ നിലവില്‍ തെളിവില്ലാത്ത വാദങ്ങളാണ്.

എല്‍ടിടിഇ തൊട്ട് ഇസ്ലാമിക തീവ്രവാദികള്‍വരെ

പക്ഷേ ഒരുകാര്യം ഉറപ്പാണ്. ആഗോള വ്യാപകമായി തന്നെ തീവ്രവാദ സംഘടനകള്‍ അടക്കമുള്ളവ ഈ മയക്കുമരുന്ന് സിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുകാലത്ത് വിയറ്റ്നാം, ചൈന, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ധാരളമായി മയക്കുമരുന്ന് എത്താറുണ്ടായിരുന്നു. വടക്കന്‍ കൊറിയക്ക് ലഹരിക്കടത്തിനായി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു പ്രത്യേക മന്ത്രാലയം തന്നെയുണ്ട്. അതിലൂടെയാണ് വ്യാജ ഡോളര്‍ അടിക്കുന്നതുതൊട്ടുള്ള, പല പരിപാടികളും ഇവര്‍ നടത്തുന്നത്. ആ മന്ത്രാലയത്തിന്റെ രഹസ്യക്കടത്തുകളില്‍ രാസലഹരിയും ഒഴുകുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിക്കുന്നു. പലതവണ വടക്കന്‍ കൊറിയന്‍ കപ്പലുകളില്‍നിന്ന് സിന്തറ്റിക്ക് ഡ്രഗ്സ് പിടികൂടിയിട്ടുമുണ്ട്.

80-കളില്‍ മെത്ത് ലോകത്ത് വ്യാപകമാക്കിയതില്‍ ചൈനക്കും വലിയ പങ്കുണ്ട്. ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിര്‍മിക്കാനുപയോഗിക്കുന്ന എഫ്രഡിന്‍. ഫുട്ബോള്‍ ഇതിഹാസം , മാറഡോണയെ ഈ മരുന്ന് അടിച്ചതിന്റെ പേരിലാണ് ലോകകപ്പില്‍നിന്ന് പുറത്തതാക്കിയത്. എഫെഡ്രാ സിനിക്ക എന്ന ചെടിയില്‍ നിന്നാണ് എഫ്രഡിന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ചൈനയിലും , മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയില്‍നിന്നുള്ള എഫ്രഡിന്‍ കായികതാരങ്ങള്‍ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണു ചെടിയുടെ ഉല്‍പാദനവും ഉപയോഗവുമെല്ലാം. ഈ അടുത്തകാലംവരെ ചൈനയില്‍ എഫ്രഡിന്‍ ഭരണകൂടത്തിന്റെ സമ്മതത്തോടെ ധാരാളമായി നിര്‍മ്മിച്ചിരുന്നു. ഇത് അനധികൃതമായി കടത്തി ഇന്ത്യയില്‍വരെ എത്തിക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ കടുത്ത സമ്മര്‍ദം വന്നതോടെ ചൈന ഈ ഡേര്‍ട്ടി ബിസിനസ് നിര്‍ത്തിയെന്നാണ് അറിയുന്നത്. പക്ഷേ ഇപ്പോഴും ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ പല തരികിടകളുംനടക്കുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ പക്ഷേ ചെടിയില്‍ നിന്നല്ലാതെ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ചാണു നിര്‍മാണം. കൊച്ചിയില്‍നിന്നുള്‍പ്പെടെ എഫ്രഡിന്‍ കേരളത്തില്‍ പലയിടത്തുനിന്നും പിടിച്ചെടുത്ത വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്.

മുമ്പ് ശ്രീലങ്കയില്‍ എല്‍ടിടിഇക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് എഫ്രഡിന്‍ കടത്ത്. മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിക്കുകയുമായിരുന്നു പതിവ്. ഇങ്ങനെ കോടികളാണ് എല്‍ടിടിഇ ഡ്രഗ് മണിയില്‍നിന്ന് ഉണ്ടാക്കിക്കൊണ്ടിരുന്നത്. എല്‍ടിടിഇ മാത്രമല്ല, ഷൈനിങ്ങ് പാത്ത് പോലുള്ള തീവ്ര വിപ്ലവ സംഘടനകള്‍പോലും അവസാന കാലത്ത്, തങ്ങളുടെ ധന സമ്പാദനത്തിനായി മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞിരുന്നു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നാണെല്ലോ നക്സലുകളുടെ ആപ്തവാക്യം!




എന്തിന് ഇന്ത്യയില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള ദണ്ഡകാരണ്യക മേഖലയിലെ ഗ്രാമങ്ങളില്‍, ആദിവാസികള്‍ക്ക് ആയിരിക്കണക്കിന് കഞ്ചാവ് ചെടികള്‍ കൊടുക്കുകയും, അത് വളര്‍ത്തിവിറ്റ് പണം സമ്പാദിക്കുകയും ചെയ്ത് ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ ആയിരുന്നു! ഇത്തരക്കാര്‍ പലരും, മറ്റ് സംഘങ്ങളുമായി ചേര്‍ന്ന്, രാസലഹരിക്കും കൂട്ടുനിന്നതായും ആരോപണമുണ്ട്. റെഡ് കോറിഡോര്‍ എന്ന പുസ്തകത്തിലടക്കം ഇത്തരം നിരവധി സംഭവങ്ങള്‍ പറയുന്നുണ്ട്.

എളുപ്പത്തിലുള്ള പണം കിട്ടുമെന്ന അവസ്ഥ വന്നതോടെ നൈജീരിയിലെ ബോക്കാഹറാം തൊട്ട് ഐസിസ് വരെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളും രാസലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്ന്, സിഐഎയുടെ ഗ്രഡ് മണി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നൈജീരീയയില്‍ ബോക്കോഹറാം കുടില്‍ വ്യവസായംപോലെയാണ്, എംഡിഎംഎ ഫാക്ടറികള്‍ നടത്തിയിരുന്നത്. ഈ കണ്ണിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള അവുരുടെ ആക്സ്സ്, ഐസിസിന്റെയും, ഖഖാനി നെറ്റ്വര്‍ക്കിന്റെയും ആളുകളാണെന്ന്, സിഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ കര്‍ഷകര്‍ക്ക് വ്യാപകമായി ഓപ്പിയം ചെടികള്‍ നടാന്‍ കൊടുക്കുകയും, തുടര്‍ന്ന് അത് സംസ്‌ക്കരിച്ച് ഹെറോയിന്‍ ആക്കി കോടികളുടെ വരുമാനം ഉണ്ടാക്കുകയുമാണ് താലിബാന്‍ ഇന്നും തുടരുന്ന രീതി. പക്ഷേ അവര്‍ രാസലഹരി കടത്തിലേക്ക് കടന്നതായി തെളിവില്ല. പക്ഷേ ഇന്ന് ഹെറോയിന്‍ കടത്തുന്നവര്‍ക്ക് നാളെ എംഡിഎംഎ കടത്താന്‍ എന്താണ് മടി!

പക്ഷേ ഇവരാരുമല്ല എംഡിഎംഎയുടെ യഥാര്‍ത്ഥ കാരിയര്‍ ഗ്രൂപ്പ്. അത് ഇന്‍ര്‍നാഷല്‍ ഡ്രഗ് മാഫിയ എന്ന് വിളിക്കുന്ന, മ്യാന്‍മാര്‍, ബാങ്കോക്ക്, തായ്ലന്‍ഡ് തൊട്ട് മെക്സിക്കോവരെ വ്യാപിച്ച് കിടക്കുന്ന ഡ്രഗ് കാര്‍ട്ടലുകള്‍ തന്നെയാണ്. പൊലീസിനെ പേടിച്ച് ഭൂമിക്കടയിലുടെ തുരങ്കങ്ങള്‍ ഉണ്ടാക്കി അതിലുടെ സഞ്ചരിച്ച് പെരുച്ചാഴികളെപ്പോലെയാണ്, മെക്സിക്കന്‍ ഡ്രഗ് മാഫിയ പ്രവര്‍ത്തിക്കുന്നത്. സാക്ഷാല്‍ ട്രംപിനുപോലും ഇവരെ ഒതുക്കാനായിട്ടില്ല.

ചുരുക്കിപ്പറഞ്ഞാല്‍, നമ്മള്‍ കരുതുന്നതുപോലെ ഒരു ചെറിയ നെറ്റ്വര്‍ക്കല്ല രാസലഹരിയുടേത്. അതിന്റെ കൈകള്‍ അതി വിശാലമാണ്. അതെല്ലാം വെട്ടുന്നതിനോക്കാളും എത്രയോ എളുപ്പമാണ്, നാം ഇത് ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക!

പല്ലുപൊടിഞ്ഞ് ശരീരം ദ്രവിച്ച് മരണം

മയക്കുമരുന്നിലെ കാളകൂടമാണ് എംഡിഎംഎ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പല്ലുപൊടിഞ്ഞ് ശരീരം ദ്രവിച്ചുള്ള അതി ദയനീയമായ മരണമാണ് ഇതിന്റെ സ്ഥിര ഉപയോഗം മൂലം ഉണ്ടാവുന്നത്. പലരൂപത്തിലും എംഡിഎംഎ വിപണിയില്‍ ലഭ്യമാണ്. രൂപത്തിലുള്ള വ്യത്യാസമനുസരിച്ച് അതിലടങ്ങിയിട്ടുള്ള ഘടകങ്ങളിലും വ്യത്യാസമുണ്ടാകും. 30 മിനിറ്റ് മുതല്‍ 60മിനിറ്റിനുള്ളില്‍ എംഡിഎംഎ ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പിന്നീട് നാലര മണിക്കൂര്‍ വരെ ശരീരം നിയന്ത്രിക്കുക എംഡിഎംഎ ആയിരിക്കും. മസ്തിഷ്‌കത്തിലെ സെറാടോണിനെ നിയന്ത്രിച്ച് ശരീരത്തെയും മനസിനെയും കീഴടക്കുന്നു. നിരന്തരമായി ഉപയോഗിക്കുന്നവരില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ വലിയൊരു ശതമാനം ആളുകള്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മുലം മരണപ്പെടുന്നു. അല്ലാത്തവര്‍ ആത്മഹത്യ ചെയ്യുന്നു.

എംഡിഎംഎ ശരീരത്തില്‍ എത്തുന്നതോടെ വ്യക്തിക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവന്നതായി തോന്നും. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് ആ വ്യക്തി പതിക്കും. ഈ മാരക മയക്കുമരുന്നിന് അടിമകളാകുമ്പോള്‍ പിന്‍വലിയല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതും പതിവാണ്. ഉപയോഗം നിര്‍ത്തിയവരില്‍ ഡിപ്രഷനും ബൈപോളാര്‍ ഡിസോര്‍ഡറും ശരീരത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം മൂലം നിര്‍ജലീകരണവും ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ കുറച്ച് കാലം പരീക്ഷിച്ച് നിര്‍ത്താം എന്ന രീതിയില്‍ ഈ പരിപാടിയില്‍ ഏര്‍പ്പെടുന്നതും അപകടകരമാണ്.

ചിലപ്പോള്‍ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലാനുള്ള മനസ്സുപോലുമുണ്ടാകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. മെത്താംഫെറ്റാമൈന്‍ ഉപയോഗിക്കുന്നവരുടെ പല്ലുകള്‍ കേട് വന്ന് നശിച്ച രൂപത്തിലായിരിക്കും. 'മെത്ത് മൗത്ത്' എന്ന വാക്ക് സൂചിപ്പിക്കുന്നത് ഈ അവസ്ഥയെയാണ്. ഇത് വളരെ വേഗത്തില്‍ സംഭവിക്കാം. ഒരു പുതിയ ആസക്തിയുള്ള ആള്‍ക്ക് ആരോഗ്യമുള്ള പല്ലുകളുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും. വിദഗ്ധരുടെ അഭിപ്രായത്തില്‍ എംഡിഎംഎ ഉപയോഗത്തിലൂടെ അടിമയായി മാറിയ വ്യക്തിയുടെ ആയുസ്സ് 5-10 വര്‍ഷം മാത്രമായിരിക്കുമെന്നാണ്.

ഇത്തരം സിന്തറ്റിക് ലഹരി ഉപയോഗിക്കുന്ന ഒരാളെ തുടക്കത്തില്‍ അയാളുടെ വീട്ടുകാര്‍ക്ക് പോലും മനസിലാക്കാന്‍ പറ്റില്ല. അറിഞ്ഞു വരുമ്പോഴേക്കും അയാള്‍ പൂര്‍ണമായും അതിന്റെ അടിമയായി മാറിയിട്ടുണ്ടാകും. മണമില്ലാത്തതിനാല്‍ മനസ്സിലാക്കാന്‍ കഴിയില്ല. പുകവലിയും മദ്യപാനവും ആണെങ്കില്‍ ഏറെ കാലം കഴിഞ്ഞിട്ടാണ് അതിന്റെ ദൂഷ്യഫലം ശരീരം കാണിക്കുക. എം.ഡി.എം.എയുടെ കാര്യത്തില്‍ അങ്ങനെയല്ല. പെട്ടെന്ന് തന്നെ ശരീരം പ്രതികരിക്കും. എം.ഡി.എം.എയുടെ ഉപയോഗം നിര്‍ത്തിയാല്‍ പോലും രോഗലക്ഷണങ്ങള്‍ കൂടെയുണ്ടാകും.




തുടര്‍ച്ചയായി എംഡിഎംഎ ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 7 വര്‍ഷത്തോളം തുടര്‍ച്ചയായി, എംഡിഎംഎ ഉപയോഗിച്ച രണ്ടുപേര്‍ക്ക് ഗുരുതരമായ ത്വക്രോഗം പിടിപെട്ടതായി കേരള ആരോഗ്യവകുപ്പിന്റെ ഡാറ്റയിലുണ്ട്. ഹൈറേഞ്ചില്‍ ലഹരിക്ക് അടിമയായ യുവാവ് മെലിഞ്ഞ് എല്ലുകളടക്കം പുറത്തുകാണാവുന്ന വിധത്തില്‍ ആരോഗ്യ പ്രശ്‌നം നേരിട്ടപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. ആദ്യഉപയോഗത്തില്‍ വായിലെ തൊലി അടര്‍ന്നുപോവുമെന്ന് ഉപയോഗിച്ചവര്‍ പറയുന്നു. ഉറക്കം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുകൊഴിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സിന്തറ്റിക്ക് ലഹരി പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുക. ഇത്തരം ലഹരി ഉപയോഗിക്കുന്നവര്‍ പേടി പോലുള്ള വിഭ്രാന്തി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. കഴിച്ചാല്‍ പിന്നെ മൂന്ന് ദുവസത്തേക്ക് ഉറക്കമില്ല. പിന്നെ ഭക്ഷണം വേണ്ടാതാവും. തൊണ്ട വരളും. ഒന്നും കഴിക്കാന്‍ തോന്നില്ല. മദ്യമോ പുകവയിലയോപോലെയല്ല എംഡിഎംഎ. അത് ഭീകരില്‍ ഭീകരനാണ്. മരണദൂതമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അതിനോട് 'നോ' പറയുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.

വാല്‍ക്കഷ്ണം: ഡാര്‍ക്ക് വെബിലുടെ ബിറ്റ്കോയിന്‍ നല്‍കി പാര്‍സലില്‍ എംഡിഎംഎ വരുത്ത രീതി ഈ കൊച്ചുകേരളത്തില്‍പോലുംമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ്, കൊച്ചി കാരിക്കാമുറിക്ക് സമീപമുള്ള രാജ്യാന്തര തപാല്‍ സംവിധാനം വഴി വന്ന കൊറിയറിലെ ലഹരിമരുന്ന്, കൊച്ചി ഇന്റര്‍നാഷണല്‍ പോസ്റ്റല്‍ അപ്രെയ്സലില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പിടികൂടി. ഫ്രാന്‍സില്‍നിന്നാണ് ലഹരിമരുന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയത്. പാഴ്സലില്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പര്‍ വെച്ച് എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം സ്വദേശി അതുല്‍ കൃഷ്ണ പിടിയിലായത്. ഉറവിടം കണ്ടെത്താതിരിക്കാന്‍ ഡാര്‍ക്ക് വെബ് വഴിയാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തത്. നോക്കൂ, ഇത്തരം കാര്യങ്ങളില്‍ നാം എത്ര മുന്നിലാണ്!