ഹാഭാരതത്തിലെ ഭീഷ്മാചാര്യക്ക് തുല്യമായാണ്, 85 പിന്നിട്ട ഇന്ത്യന്‍ ബിസിനസ് ഇതിഹാസം രത്തന്‍ ടാറ്റ വിലയിരുത്തപ്പെടുന്നത്. ഭീഷ്മരെപ്പോലെ വിവാഹം കഴിക്കാത്ത അദ്ദേഹം, തന്റെ പൂര്‍വികര്‍ സമ്പാദിച്ചുവെച്ച സാമ്രാജ്യം വളര്‍ത്തി വലുതാക്കി. 1868-ല്‍ 21,000 രൂപ മുതല്‍ മുടക്കില്‍ ജംഷഡ്ജി ടാറ്റ തുടങ്ങിയ ഒരു ട്രേഡിങ് കമ്പനിയാണ് ഇന്ന് ആറു ഭൂഖണ്ഡങ്ങളില്‍, 150 രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ, ഏറ്റവും നിക്ഷേപമുളള ടാറ്റാ ഗ്രൂപ്പായി മാറിയത്. ഇന്ന് ഉപ്പുതൊട്ട് കര്‍പ്പൂരംവരെ ടാറ്റക്കുണ്ട്. ദൊറാബ്ജി ടാറ്റയും, ജാംഷെഡ്ജി ടാറ്റയും ടാറ്റഗ്രൂപ്പിലെ വളര്‍ത്തി. പക്ഷേ ജംഷഡ്ജി ടാറ്റയുടെ രണ്ടാമത്തെ മകന്‍ രത്തന്‍ജി ടാറ്റയുടെ ദത്തുപുത്രനായ നവാല്‍ ടാറ്റയുടെ മകനായിരുന്നു രത്തന്‍ ടാറ്റയാണ് ഇന്നു കാണുന്ന ആഗോള സാമ്രാജ്യമാക്കി ടാറ്റയെ വളര്‍ത്തിയത് എന്നതില്‍ തര്‍ക്കമില്ല.

1990 മുതല്‍ 2012 വരെ രത്തന്‍ ടാറ്റ ചെയര്‍മാനായ കാലത്താണ് ടാറ്റ കുതിച്ചുകയറിയത്. സാമ്രാജ്യത്തിന്റെ വര്‍ഷം വരുമാനം വര്‍ഷം 38,200 കോടി ഡോളര്‍. ഏതാണ്ട് 32 ലക്ഷം കോടി രൂപ. അക്കാലത്ത്, പാക്കിസ്ഥാന്റെ ജിഡിപി 34,100 കോടി ഡോളറേയുള്ളു. ടാറ്റയേക്കാള്‍ 4,100 കോടി ഡോളര്‍ കുറവ്!

വറുമൊരു ബിസിനസ് ഗ്രൂപ്പ് അല്ല ഇന്ത്യാക്കാര്‍ ടാറ്റ. എങ്ങനെയും ലാഭം കൊയ്യുക എന്നതല്ല അവരുടെ രീതി. മറിച്ച് ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. തികഞ്ഞ മനുഷ്യസ്നേഹികളായ, ലാഭത്തിന്റെ പാതിയും ചാരിറ്റിക്കുവേണ്ടി ചിലവടുന്നവരാണ് അവര്‍. അതുകൊണ്ടുതന്നെ വലിയ വികാരവായ്പ്പോടെയാണ് ഉത്തരേന്ത്യന്‍ ജനത ടാറ്റയെ കാണുന്നത്. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുനിന്നു രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞിട്ട് വര്‍ഷം 12 കഴിഞ്ഞു. എന്നിട്ടും അദ്ദേഹം മാധ്യമങ്ങളില്‍ നിറഞു നില്‍ക്കുന്നു. നേതൃപദവിയില്‍നിന്ന് വിരമിക്കുകയാണ് എന്ന ടാറ്റയുടെ പ്രഖ്യാപനം സാധാരണക്കാരെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തിനുള്ളിലെ മനുഷ്യസ്നേഹം ഒന്ന് കൊണ്ടു തന്നെയായിരുന്നു.

ടാറ്റാ കുടുംബത്തിനുനേരെ എപ്പോള്‍, ഭീഷണികള്‍ ഉയരുന്നുവോ അപ്പോഴെല്ലാം രത്തന്‍ ടാറ്റ ഭീഷ്മാചാര്യരെപ്പോലെ 'ആയുധ'മെടുക്കും. അതിന്റെ തെളിവാണ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രിക്ക് നേരെയുള്ള സമീപനം. രത്തനുശേഷം, ടാറ്റയുടെ ചെങ്കോലേറ്റു വാങ്ങാനുള്ള ദൗത്യം വന്നെത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിക്കായിരുന്നു. ടാറ്റയുടെ ചരിത്രത്തില്‍ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. പക്ഷേ മിസ്ത്രിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് പക്ഷേ നാലുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തന്‍ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അതിനാടകീയമായി മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ എന്‍. ചന്ദ്രശേഖരന്‍ എന്ന നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തി.

കുടുംബത്തിനല്ല പ്രൊഫഷണലിസത്തിനാണ് മുന്‍തൂക്കം എന്നായിരുന്നു രത്തന്‍ ടാറ്റയുടെ സിദ്ധാന്തം. അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനുള്ള ടാറ്റയുടെ ഉത്തരവും ഇതുതന്നെയായിരുന്നു. നേതൃപദവിയുടെ ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു ടാറ്റയുടെ പക്ഷം. പക്ഷേ ഇപ്പോഴിതാ
നോയല്‍ കുടുംബത്തിലേക്കുതന്നെ വീണ്ടം അധികാരം എത്തുകയാണെന്ന് വിവരങ്ങളുണ്ട്. നോയല്‍ ടാറ്റയുടെ മൂന്നാമത്തെ മകളായ മായ ടാറ്റയൊണ്, തന്റെ പിന്‍ഗാമിയായി രത്തന്‍ ടാറ്റയുടെ മനസ്സിലെന്നാണ് ബിസിനസ് മാധ്യമങ്ങള്‍ പറയുന്നത്.

നോയലിന്റെ മൂന്ന് മക്കളുടെയും ബിസ്നസ് പെര്‍ഫോമന്‍സ് മാസങ്ങളോളം രഹസ്യമായി പഠിച്ചാണ്, 'ഭീഷ്മാചാര്യര്‍' ഈ തീരുമാനത്തില്‍ എത്തിയതത്രേ. അപ്പോഴും വിവാദങ്ങളുണ്ട്. ഇത്രവും വലിയ ഒരു സാമ്രാജ്യത്തെ താരതമ്യേന ജൂനിയറായ ഒരു യുവതിക്ക് നയിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. പക്ഷേ ടാറ്റ കുടുംബത്തില്‍ വലിയ ഹീറോകളായ വനിതകളും ഉണ്ടായിട്ടുണ്ടെന്നതാണ് ചരിത്രം.

മെഹര്‍ബായ് ടാറ്റ എന്ന അത്ഭുതം

ടാറ്റാ കുടുംബം പുരുഷന്‍മ്മാരുടേ നേതൃത്വം മാത്രമല്ല അംഗീകരിക്കുന്നത്. കരുത്തുറ്റ സ്ത്രീകളും ഈ ആഗോള ബിസിനസ് ഗ്രൂപ്പിലുണ്ട്. ഹരീഷ് ഭട്ട് തന്റെ 'ടാറ്റാ സ്റ്റോറീസ്' എന്ന പുസ്തകത്തില്‍ ഒരു കഥ പറയുന്നുണ്ട്. ജാഷെഡ്ജി ടാറ്റയുടെ മൂത്തമകന്‍, ദോറാബ്ജി ടാറ്റ, 1900 -കളുടെ തുടക്കത്തില്‍ ഏകദേശം 1,00,000 പൗണ്ട് ചെലവാക്കി ലണ്ടന്‍ വ്യാപാരികളില്‍ നിന്ന് ഒരു വജ്രം വാങ്ങുകയുണ്ടായി. തന്റെ ഭാര്യ മെഹര്‍ബായിക്ക് സമ്മാനിക്കാനായിരുന്നു ഇത്. ലോക പ്രശസ്തമായ കോഹിനൂരിന്റെ ഇരട്ടി വലിപ്പമുള്ള ഇത് 245.35 കാരറ്റ് ജൂബിലി ഡയമണ്ട് ആയിരുന്നു. ലേഡി മെഹര്‍ബായ്
ഭര്‍ത്താവിന്റെ സമ്മാനത്തെ ഒരു പ്ലാറ്റിനം മാലയുടെ ഭാഗമാക്കി ഉപയോഗിച്ചു.

1924 -ല്‍ ടാറ്റ സ്റ്റീല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട സമയമായിരുന്നു. ജീവനക്കാരുടെ വേതനം നല്‍കാന്‍ പോലും ടാറ്റ കഷ്ടപ്പെട്ടു. തുടര്‍ന്നു കമ്പനിയുടെ നിലനല്‍പ്പിന്നും, ജീവനക്കാര്‍ക്കും വേണ്ടി ദോറാബ്ജിയും, മെഹര്‍ബായ് ടാറ്റയും ജൂബിലി ഡയമണ്ട് ഉള്‍പ്പെടെയുള്ള അവരുടെ മുഴുവന്‍ സ്വകാര്യ സ്വത്തും ഇംപീരിയല്‍ ബാങ്കില്‍ പണയം വച്ചു. വെല്ലുവിളികള്‍ക്കിടയിലും ഒരു തൊഴിലാളിയെ പോലും ടാറ്റ പിരിച്ചുവിട്ടില്ലെന്ന് ചരിത്രം വ്യക്തമാക്കുന്നു.

അവരുടെ പ്രയത്‌നങ്ങള്‍ ഫലം കണ്ടു. അധികം വൈകാതെ ടാറ്റ സ്റ്റീല്‍ നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാന്‍ തുടങ്ങി. ബാങ്കില്‍ പണയം വച്ച വസ്തുക്കള്‍ അവര്‍ തിരിച്ചെടുക്കാന്‍ തുടങ്ങി. എന്നാല്‍ സര്‍ ദോറാബ്ജി ടാറ്റയുടെ മരണത്തെത്തുടര്‍ന്ന്, ദോറാബ്ജി ടാറ്റ ട്രസ്റ്റ് സ്ഥാപിക്കുന്നതിനായി ജൂബിലി വജ്രം വിറ്റുവെന്ന് ടാറ്റ ഗ്രൂപ്പ് പിന്നീട് അറിയിക്കുകയുണ്ടായി.1929 -ല്‍ പാസാക്കിയ ശാരദാ നിയമം അല്ലെങ്കില്‍ ശൈശവ വിവാഹ നിയന്ത്രണ നിയമം രൂപീകരിക്കുന്നതില്‍ ലേഡി മെഹര്‍ബായ് ടാറ്റ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ഈ ആവശ്യത്തിനായി അവര്‍ ശക്തമായി പ്രചാരണം നടത്തിയിരുന്നു. ദേശീയ വനിതാ കൗണ്‍സിലിലും, ഓള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സിലും സജീവ അംഗവുമായിരുന്നു ഈ ടാറ്റ അംഗം.

1927 നവംബര്‍ 29 -ന് മിഷിഗണിലെ ഹിന്ദു വിവാഹ ബില്ലിന് വേണ്ടി വാദിക്കുകയും, 1930 -ലെ അഖിലേന്ത്യാ വനിതാ സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് തുല്യ രാഷ്ട്രീയ പദവി ആവശ്യപ്പെടുകയും ചെയ്തതും ലേഡി മെഹര്‍ബായ് ടാറ്റയാണ്. ലണ്ടനിലെ ഇന്റര്‍നാഷണല്‍ വിമന്‍ സഫ്രേജ് ന്യൂസ് 1921 -ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്ത്രീകളുടെ വോട്ടവകാശത്തെ പിന്തുണയ്ക്കുന്ന നിയമം പാസാക്കിയതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്. ഇപ്പോള്‍ ബിസിനസ് പത്രങ്ങളും ടാറ്റയുടെ ആരാധകരും, മായാ ടാറ്റയെ രണ്ടാം, മെഹര്‍ബായി ടാറ്റ എന്നാണ് വിശേഷിപ്പിക്കുന്നത്.

പിതാവിന് കൈവിട്ട സ്ഥാനം മകള്‍ക്ക്?

പണത്തിനുവേണ്ടി സഹോദരന്‍മ്മാരുടെ അടിപിടി ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങളെ ബാധിച്ചത് ഏറെ ഉദാഹരണങ്ങളുണ്ട്. ധീരുഭായ് അംബാനിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവുമെന്ന് കരുതിയ, അനില്‍ അംബാനി സഹോരന്‍ മുകേഷിനോട് പടവെട്ടി ഒടുവില്‍ കുത്തുപാളയെടുക്കുന്നത് നാം കണ്ടു. എന്നാല്‍ അതുപോലെയായിരുന്നില്ല, ടാറ്റകുടുംബത്തില്‍ സംഭവിച്ചത്. വിട്ടുകൊടുത്തും അവര്‍ മാതൃക കാട്ടി. ടാറ്റ ബിസിനസിനെ ആര് നയിക്കണം എന്നത്, ഒരിക്കലും ജാംഷ്ഡ്ജി കുടുംബത്തില്‍ കീറാമുട്ടിയായിരുന്നിട്ടില്ല.

ഉദാഹരണമായി നോയല്‍ ടാറ്റ വിചാരിച്ചിരുന്നെങ്കില്‍ സൈറസ് മിസ്ട്രിക്ക് പകരം ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തമായിരുന്നു.എന്നാല്‍ തന്നേക്കാള്‍ മികച്ച ബിസിനസ് ട്രാക്ക് റെക്കോര്‍ഡ്, കുടുംബത്തിന് പുറത്തുള്ളയാളായാലും, മിസ്ട്രിക്ക് തന്നെയാണെന്ന് നോയല്‍ ടാറ്റയും പറഞ്ഞു. അക്കാലത്ത് 83 ബില്യണ്‍ ഡോളറിലധികം വരുന്ന 100 കമ്പനികളിലെ തലപ്പത്തുള്ളവരില്‍ ടാറ്റയുടെ കുടുംബപ്പേരുള്ള ഒരേയൊരു വ്യക്തി നോയല്‍ ആയിരുന്നു. എന്നാല്‍ചെയര്‍മാന്റെ റോള്‍ ഏറ്റെടുക്കാന്‍ നോയല്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴുള്ള രീതിയില്‍ അയാള്‍ സംതൃപ്തനായിരുന്നു.

2010 ഓഗസ്റ്റ് വരെ റീട്ടെയ്‌ലിംഗ് കമ്പനിയായ ട്രെന്റിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം. റീട്ടെയ്‌ലിംഗ് കമ്പനിയായ ട്രെന്റ് ലിമിറ്റഡ്, മറ്റ് ടാറ്റാ സംരഭങ്ങളെ വെച്ചുനോക്കുമ്പോള്‍ അത്ര വലുതായിരുന്നില്ല. ടാറ്റ ഗ്രൂപ്പിന്റെ ഭീമാകാരമായ സ്റ്റീല്‍, ഓട്ടോമൊബൈല്‍, ഐടി സേവനങ്ങള്‍, പവര്‍ ബിസിനസുകള്‍ എന്നിവയുമായി ട്രെന്റ് കൈകോര്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ ടാറ്റ ഗ്രൂപ്പിലെ ഏറ്റവും മികച്ച 10 കമ്പനികളുടെ ബോര്‍ഡില്‍ നോയല്‍ ഇല്ലായിരുന്നു. ഈ അനുഭവക്കുറവും ടാറ്റയുടെ ചെയര്‍മാന്‍ പദവിയില്‍ എത്തുന്നതില്‍ അദ്ദേഹത്തിന് വിലങ്ങുതടിയായി.

റീട്ടെയ്‌ലിനുള്ളില്‍, മിക്ക എതിരാളികളും നഷ്ടത്തില്‍ വലയുന്ന ഒരു മേഖലയില്‍ ട്രെന്റിനെ ലാഭകരമായ പ്രവര്‍ത്തനമാക്കി മാറ്റാന്‍ നോയല്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ വളര്‍ച്ച ടാറ്റയുടെ മറ്റ് കമ്പനികളുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്ര ഉണ്ടായിരുന്നില്ല. 1998 ല്‍ ആരംഭിച്ച ട്രന്‍ന്റ് 2011 സാമ്പത്തിക വര്‍ഷത്തില്‍ വെറും 1,600 കോടി രൂപയുടെ വരുമാനം ഏകീകരിച്ചു. വിപരീതമായി, ഏതാണ്ട് ഇതേ കാലത്ത് തുടങ്ങിയ കിഷോര്‍ ബിയാനിയുടെ പന്തലൂണ്‍ റീട്ടെയ്ല്‍ ട്രെന്റിന്റെ ആറിരട്ടിയാണ് വളര്‍ന്നത്. പക്ഷേ അതിലും നോയലിന് പരാതിയില്ലായിരുന്നു. തങ്ങള്‍ക്ക് ക്വാളിറ്റിയാണ് പ്രധാനം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. 'ഞങ്ങള്‍ ഏറ്റവും മികച്ചവരാകാന്‍ ആഗ്രഹിക്കുന്നു, ഏറ്റവും വലിയവരാകണമെന്നില്ല,' എന്നാണ്് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. എങ്ങനെയും ബിസിനസ് വളര്‍ത്തണം എന്ന താല്‍പ്പര്യക്കാരനല്ല നോയല്‍. പക്ഷേ അദ്ദേഹത്തിന്റെ ഈ കൂള്‍ നേച്ചറും, ചെയന്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിലേക്ക് വിലങ്ങുതടിയായി.

ആഗോള താല്‍പ്പര്യങ്ങളുള്ള ഒരു ഗ്രൂപ്പിനെ നയിക്കാന്‍ വലുപ്പത്തിലും അളവിലും ഏറെക്കുറെ ഭ്രാന്തമായ അഭിനിവേശമുള്ള ഒരു വ്യക്തിയെ വേണമെന്നാണ് രത്തന്‍ ടാറ്റയടക്കുമുള്ളവര്‍ ആഗ്രഹിച്ചത്. അങ്ങനെയാണ് സൈറസ് മിസ്ട്രി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആവുന്നതും, അത് വലിയ പ്രശ്നം ആവുന്നതും. ഇപ്പോള്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി, നോയലിന്റെ മകള്‍ മായ ടാറ്റ വരുമെന്നാണ് പൊതുവെ കരുതുന്നത്. പിതാവിന് കൈവിട്ട സ്ഥാനം മകള്‍ നേടിയെടുക്കയാണെങ്കില്‍, അത് കാലത്തിന്റെ കാവ്യനീതി കൂടിയാവാം.

മിസ്ട്രിയെ പുറത്താക്കുന്നു

2012 ഡിസംബര്‍ 28-ന് 75-ാം വയസ്സിലാണ് രത്തന്‍ ടാറ്റ വിരമിക്കുന്നത്. പിന്നാലെ ടാറ്റയുടെ പിന്‍ഗാമിയാരെന്ന ചോദ്യവും ഉയര്‍ന്നു. ടാറ്റ കുടുംബത്തില്‍ നിന്നുള്ള നോയല്‍ ടാറ്റയ്ക്കും മറ്റും സാധ്യത കല്‍പ്പിച്ചപ്പോഴും അവസാനം നറുക്ക് വീണത് പല്ലോണ്‍ജി മിസ്ട്രിയുടെ മകനായിരുന്ന സൈറസ് പി. മിസ്ത്രിക്കായിരുന്നു. ഷാപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് എം.ഡി.യായിരുന്നു സൈറസ് മിസ്ട്രി. അവര്‍ക്ക് ടാറ്റ സണ്‍സില്‍ 18% ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം 2006 മുതല്‍ സൈറസ് ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലുമുണ്ടായിരുന്നു. വിരമിക്കല്‍ പ്രായം 70 ആയതുകൊണ്ടു തന്നെ 2038 വരെ മിസ്ത്രി തുടരുമെന്ന ധാരണയ്ക്കിടയിലാണ് 2016-ലെ അപ്രതീക്ഷിത പുറത്താകല്‍.

രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍. ഇതിനെതിരെ മിസ്ത്രി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. ഓഹരി ഉടമകളെ അടിച്ചമര്‍ത്തുന്നുവെന്നും അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തൊട്ടുപിന്നാലെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. അസാധാരണ ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്തായിരുന്നു മിസ്ത്രിയെ പുറത്താക്കിയ നടപടിയെടുത്തത്.

ഇതിനെതിരെ മിസ്ത്രിയും ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും നല്‍കിയ പരാതി എന്‍.സി.എല്‍.ടി. തള്ളി. മിസ്ത്രിയുടെ ആരോപണങ്ങള്‍ തള്ളിയ ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ടാറ്റ ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും ടാറ്റയും തമ്മിലുള്ള നിയമയുദ്ധം ഇതോടെ അവസാനിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി മിസ്ത്രി ഇതിനെതിരെ അപ്പീല്‍ നല്‍കി. അപ്പീല്‍ ട്രിബ്യൂണല്‍ മിസ്ത്രിക്ക് അനുകുലമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. ചെയര്‍മാന്‍ സ്ഥാനത്ത് മിസ്ത്രിയെ പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും മിസ്ത്രിയുടെ പുനര്‍ നിയമനം സ്റ്റേ ചെയ്യുകയുമുണ്ടായി. പുറത്താക്കല്‍ നടപടി സുപ്രീം കോടതി പിന്നീട് ശരിവെക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു രത്തന്‍ ടാറ്റയും സൈറസ് മിസ്ത്രിയും തമ്മിലുള്ള നിയമയുദ്ധം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മിസ്ത്രിയുടെ പുറത്താക്കലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാനായി തുടര്‍ന്നു. പിന്നീട് എന്‍. ചന്ദ്രശേഖരന്‍ ടാറ്റയുടെ തലപ്പത്തേക്കെത്തി.

സത്യത്തില്‍ മിസ്ട്രിയുടെ ഏകാധിപത്യ നടപടികള്‍ തന്നെയാണ് രത്തന്‍ ടാറ്റയെ ചൊടിപ്പിച്ചത്. ഒരിക്കലും കക്ഷിരാഷ്ട്രീയ ബന്ധം ഉണ്ടാക്കില്ല, ലോബീയിങ്ങിനായി പണം ചെലവഴിക്കില്ല, അനാവശ്യമായി ജീവനക്കാരെ പിരിച്ചുവിടില്ല എന്ന കാര്യങ്ങളൊക്കെ മിസ്ട്രി തെറ്റിച്ചു. അങ്ങനെ പിരിച്ചുവിടപ്പെട്ട ഒരു സാധു ജീവനക്കാരന്‍, ഇതൊന്നുമറിയാതെ വിശ്രമ ജീവിതം നയിക്കുന്ന രത്തന്‍ ടാറ്റതോടെ പരാതി പറഞ്ഞതാണത്രേ, ഫലത്തില്‍ മിസ്ട്രിയുടെ കുഴി തോണ്ടിയത്. മുഴുവന്‍ സ്വത്തും പണയംവെച്ചിട്ടും ഒറ്റ ജീവനക്കാരനെയും പിരിച്ചുവിടാത്ത പാരമ്പര്യമാണ് ടാറ്റയുടേത് എന്ന് മിസ്ട്രി ഒരു വേള മറന്നുപോയി. രത്തന്‍ ടാറ്റയാവട്ടെ, ഒരു പുഴുവിനെ എടുത്തകളയുന്ന ലാഘവത്തില്‍ അയാളെ എടുത്തു കളഞ്ഞ് കമ്പനി ഭരണം തിരിച്ച് പിടിക്കയും ചെയ്തു.

അഗ്നിപരീക്ഷ വിജയിച്ച മായ

രസകരമാണ് ടാറ്റാ കുടംബത്തിന്റെ ഫാമിലി ട്രീ. രത്തന്‍ ടാറ്റയുടെ അച്ഛന്‍ നോവല്‍ ടാറ്റയ്ക്ക് രണ്ട് ഭാര്യമാരായിരുന്നു. സൂനി ടാറ്റയില്‍ രണ്ടാണ്‍ മക്കള്‍. രത്തനും ജിമ്മിയും. രണ്ടാം ഭാര്യ സിമോണിലുള്ളതാണ് നോയല്‍. അതാണ് അര്‍ധ സഹോദരന്‍ എന്ന് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പിന്‍ഗാമിയാവുമെന്ന് കേള്‍ക്കുന്ന മായയാവട്ടെ, ഒരേ സമയം രത്തന്‍ടാറ്റയുടെയും സൈറസ് മിസ്ട്രിയുടെയും ബന്ധുവാണ്. രത്തന്റെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റയുടെ മൂന്ന് മക്കളില്‍ ഇളയവളാണ് മായ. സൈറസ് മിസ്ത്രിയുടെ സഹോദരിയും, ശതകോടീശ്വരന്‍ പല്ലോന്‍ജി മിസ്ത്രിയുടെ മകളുമായ ആലൂ മിസ്ത്രിയാണ് മായയുടെ അമ്മ. അതായത് രത്തന്‍ ടാറ്റയുടെ കടുത്ത ശത്രുവായ സൈറസ് മിസ്ട്രി മായയുടെ അമ്മാവനാണ്.

(ബിസിനസ് ഫാമിയികള്‍ പരസ്പരം വിവാഹം കഴിക്കുന്നത്് സ്വാഭവികമാണ്. അങ്ങനെ കിര്‍ലോസ്‌ക്കര്‍ ഗ്രൂപ്പിന്റെ തലപ്പത്തൊരു ടാറ്റയുണ്ട്. മാനസി ടാറ്റ! കിര്‍ലോസ്‌കര്‍ ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിക്രം കിര്‍ലോസ്‌കറുടെ മകളാണ്. കല്യാണം കഴിച്ചതോ നോയല്‍ ടാറ്റയുടെ മകന്‍ നെവിലിനെ. അങ്ങനെ മാനസി കിര്‍ലോസ്‌കറും ടാറ്റയായി!) പക്ഷേ 85കാരനായ രത്തന്‍ ടാറ്റയുടെയും ഗുഡ് ബുക്കിലുണ്ട് മായ. അതിനാല്‍ തന്നെ കഴിവും ഊര്‍ജവുമുള്ള ഇവര്‍ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തുവരുന്നതില്‍ രത്തന്‍ ടാറ്റക്കും അഭിപ്രായ വ്യത്യാസമില്ലെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്. സഹോദരി ലിയയെയും സഹോദരന്‍ നെവില്ലിനെയും പോലെ മായയും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്.

2024 മേയിലാണ് ടാറ്റാ ട്രസ്റ്റിലേക്ക് കുടുംബത്തിലെ പുതുതലമുറയായ ലിയയും നെവിലും മായയും നിയമിതരാകുന്നത്. മൂന്നു പേരുടേയും പെര്‍ഫോമന്‍സ് വല്യച്ഛന്‍ രത്തന്‍ ടാറ്റ നിരീക്ഷിക്കച്ചുവരികയാണ്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മായക്ക് സാധ്യത കല്‍പ്പിക്കുന്നത്. ശരിക്കും ഒരു അഗ്നിപരീക്ഷതന്നെയാണ് രത്തന്‍ ഇവര്‍ക്കായി രഹസ്യമായി ഒരുക്കിലത്. പെരുമാറ്റം തൊട്ട് ജോലിസ്ഥലത്തെ കാര്യക്ഷമതവരെ പഠിച്ചു. അങ്ങനെതീര്‍ത്തും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് മായ ഒന്നാമത് എത്തിയത്.

മാഡ്രിഡിലെ ഐ.ഇ. ബിസിനസ് സ്‌കൂളില്‍നിന്ന് ബിരുദമെടുത്ത ലിയ താജ് ഗ്രൂപ്പിന്റെ നടത്തിപ്പുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ടാറ്റ എജുക്കേഷന്‍ ട്രസ്റ്റ്, ടാറ്റ സോഷ്യല്‍ വെല്‍ ഫെയര്‍ ട്രസ്റ്റ്, സാര്‍വജനിക് ട്രസ്റ്റ് എന്നിവയിലാണ് ലിയ പ്രവര്‍ത്തിക്കുന്നത്. ടാറ്റയുടെ ഫാഷന്‍ വിഭാഗമായ ട്രെന്റുമായിച്ചേര്‍ന്നാണ് നെവിലിന്റെ പ്രവര്‍ത്തനം. ജെ.ആര്‍.ഡി. ടാറ്റ ട്രസ്റ്റ്, ആര്‍.ഡി. ടാറ്റ ട്രസ്റ്റ്, ടാറ്റ സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയിലായിരിക്കും നെവില്‍ പ്രവര്‍ത്തിക്കുക. ടാറ്റ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റീല്‍സിന്റെ ബോര്‍ഡംഗമായും നെവിലിനെ നിയമിച്ചിട്ടുണ്ട്.

ലണ്ടനിലെ ബെയ്സ് ബിസിനസ് സ്‌കൂളില്‍ പഠിച്ചിറങ്ങിയ മായ ടാറ്റ ഡിജിറ്റലിന്റെ നവീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ആര്‍.ഡി. ടാറ്റ ട്രസ്റ്റ്, ടാറ്റ എജുക്കേഷന്‍ ട്രസ്റ്റ്, സാര്‍വജനിക് ട്രസ്റ്റ് എന്നിവയിലാണ് മായയ്ക്ക് ചുമതല. ടാറ്റ ഗ്രൂപ്പ് സംവി ധാനത്തില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് ഇവരെ ട്രസ്റ്റുകളില്‍ അംഗങ്ങളാക്കുന്നത്. ഗ്രൂപ്പിലുള്‍പ്പെട്ട കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സണ്‍സിന്റെ നിയന്ത്രണം ടാറ്റ ട്രസ്റ്റുകള്‍ക്കാണ്. യുകെയിലെ ബയേസ് ബിസിനസ് സ്‌കൂളില്‍ നിന്നും വാര്‍വിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് മായ വിദ്യാഭ്യാസം നേടിയത്.

മായ തന്റെ കരിയര്‍ ആരംഭിയ്ക്കുന്നത് ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിലൂടെയാണ്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ക്യാപിറ്റലിന്റെ അടച്ചുപൂട്ടല്‍ വരെ ഏറ്റവും പഴയ സ്വകാര്യ ഇക്വിറ്റി ഫണ്ടായിരുന്നു ഇത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫണ്ടില്‍ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റും നിക്ഷേപക ബന്ധങ്ങളും കൈകാര്യം ചെയ്തത് മായയാണ്. ഫണ്ടിന്റെ തകര്‍ച്ചയ്ക്കു ശേഷം മായ പിന്നീട് ടാറ്റ ഡിജിറ്റലിലേയ്ക്ക് മാറി. പിന്നീട് എന്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് 1,000 കോടി രൂപ വകയിരുത്തിയ കമ്പനിയായി മാറി. മായ ഡിജിറ്റല്‍ ഗ്രൂപ്പുമായി മുന്നോട്ട് പോകുന്നത് അച്ഛനായ നോയല്‍ ടാറ്റയ്ക്ക് ആത്മവിശ്വാസം നല്‍കി. മായ ടാറ്റ ഡിജിറ്റലില്‍ ജോലി ചെയ്തിരുന്ന കാലത്ത് സബ്സിഡിയറി ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കി.

മായയ്ക്ക് 'ന്യൂ എജ് അനലിറ്റിക്‌സിലും ടെക്‌നോളജിയിലും' നല്ല ഗ്രാഹ്യവും താല്‍പര്യവും ഉണ്ട്. അതേ സമയം മായയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. 2011 ല്‍ രത്തന്‍ ടാറ്റ ഉദ്ഘാടനം ചെയ്ത കൊല്‍ക്കത്ത ആസ്ഥാനമായുള്ള ക്യാന്‍സര്‍ ആശുപത്രി നിയന്ത്രിക്കുന്ന ടാറ്റ മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റിന്റെ ബോര്‍ഡിലെ ആറ് അംഗങ്ങളില്‍ ഒരാളാണ് അവര്‍.

രത്തന്‍ ടാറ്റക്ക് തന്റെ ബന്ധുക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവള്‍ തന്നെയാണ് മായ. അതാണ് എല്ലാറ്റിനും ഉപരി അവരുടെ ഏറ്റവും പ്രധാനപ്പെട്ട ബോണസ്. അതുകൊണ്ടുതന്നെ സൈറസ് മിസ്ട്രിയുടെ കാര്യത്തില്‍ ഉണ്ടായപോലെയുള്ള ഒരു ഭിന്നത, രത്തന്‍ ടാറ്റക്ക് മായയോട് ഉണ്ടാവാന്‍ ഇടയില്ല. മെഹര്‍ബായ് ടാറ്റ പോലുള്ളവരുടെ പാതയിലേക്ക്, ഈ മഹത്തായ ബിസിനസ് കുടുംബത്തിനിന്ന് ഒരു സ്ത്രീ കൂടി വരികയാണ് എന്ന് കരുതാം.

വാല്‍ക്കഷ്ണം: മൂത്തയാള്‍ക്കല്ല മെറിറ്റുള്ളയാള്‍ക്കാണ് അധികാരം കൈമാറേണ്ടത് എന്ന് ടാറ്റ ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ഇന്ത്യയുടെ പല ബിസിനസ് ഫാമിലികളുടെയും പതനത്തിന് ഇടയാക്കിയത്, മെറിറ്റിനോടുള്ള പുച്ഛമായിരുന്നു.