മെലോഡി! ഇപ്പോൾ സോഷ്യൽ മീഡിയിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന ഒരു ഹാഷ്ടാഗാണ് ഇത്. സാധാരണ സിനിമാ-ക്രിക്കറ്റ് താര ജോഡികളുടെയൊക്കെ പേരുകൾ കോർത്തിണക്കി വിരുഷ്‌കയെന്നും ദീപ്വീറെന്നുമൊക്കെ പറയാറുണ്ടെങ്കിലും, രണ്ട് രാഷ്ട്രത്തലവന്മാരുടെ കോമ്പോ, ഈ രീതിയിൽ വൈറലാവുന്നത്, ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടേയും പേരുകൾ ലോപിച്ചാണ് ആരാധകർ 'മെലോഡി' ഉണ്ടാക്കിയെടുത്തത്.

ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ എടുത്ത മോദിക്കൊപ്പമുള്ള സെൽഫി വീഡിയോ എക്‌സിൽ പങ്കുവെച്ച് 'ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലോഡി' എന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കുറിച്ചത്. 'നമസ്‌തേ' പറഞ്ഞ് മോദിയെ സ്വീകരിച്ച ശേഷമാണ് മെലോണി സെൽഫി വീഡിയോയെടുത്തത്. 'ഹലോ ഫ്രം മെലോഡി ടീം' എന്ന് മെലോണി പറയുന്നതും അതുകേട്ട് മോദി ചിരിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

മെലോണിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മോദിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മെലോണിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തുവെന്നും പോസ്റ്റിൽ പ്രധാനമന്ത്രി പറയുന്നു. ജി-7ലേക്ക് പ്രത്യേകം ക്ഷണിച്ചതിന് മെലോണിയോട് മോദി നന്ദി പറയുകയും ചെയ്തു. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയതിൽ മോദിയെ മെലോണി അഭിനന്ദിച്ചു. അധികാരമേറ്റെടുത്ത ശേഷം മോദിയുടെ ആദ്യ വിദേശയാത്ര കൂടിയായിരുന്നു ഇത്. അധികാരത്തിലും സമ്പന്നതയിലും ലോകം ഭരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ലേക്ക് ഇന്ത്യക്ക് തുടർച്ചയായാണ് ക്ഷണം ലഭിക്കുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സ്‌നേഹത്തിന്റെ പാത തുറന്നുതും നരേന്ദ്ര മോദിയും മെലോണിയും തമ്മിലുള്ള സൗഹൃദമാണ്.

പക്ഷേ ഈ സൗഹൃദത്തിനുപിന്നിൽ കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്്. മോദിയെപ്പോലെ മെലോഡിയും തീവ്ര വലതുപക്ഷമാണ്. രണ്ടുപേരും മുസ്ലിം വിരുദ്ധത പറയാറുണ്ട്. ദേശീയത, കുടിയേറ്റ വിരുദ്ധത, കുടുംബ സങ്കൽപ്പം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒരേ ആശയക്കാരാണ് ഇവർ. എന്തിനധികം രണ്ടുപേരുടെയും വിദ്യാഭ്യാസ യോഗ്യതയും, വിവാദമായി.അതിശയപ്പിക്കുന്ന സാമ്യമാണ് ഈ രണ്ടുനേതാക്കളും തമ്മിലുള്ളത്.

മോദിയെപ്പോലെ കഷ്ടത നിറഞ്ഞ ബാല്യം

ടോക്സിക്കായ, കഷ്ടതകൾ ഏറെയുള്ള ബാല്യമായിരുന്നു മെലോണിയുടേത്. ആദ്യത്തെ മകളായ അരിയാനയെ പ്രസവിച്ച് ഒന്നര വർഷത്തിനുശേഷമാണ് മെലോണിയയെ അമ്മ പ്രസവിക്കുന്നത്. അന്ന് അമ്മക്ക് കേവലം 23 വയസ്സായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അമ്മ നിരവധി ജോലികൾ ചെയ്തു. കൗമാരപ്രായത്തിൽ മെലോണിയും ജോലിക്ക് പോയിത്തുടങ്ങി. പ്രശസ്ത പൈപ്പർ ക്ലബ്ബിലെ ബാർട്ടിങ് മുതൽ ബേബി സിറ്റിങ് വരെ. അങ്ങനെ പല ജോലികളും ചെയ്തു. ( ഇവിടെയുമുണ്ട് മോദിയുമായി സാമ്യം. മോദിയുടെ ചായ വിൽപ്പന ഓർക്കുക)

വടക്കൻ റോമിലെ ഒരു സമ്പന്ന പ്രദേശത്ത് നിന്നുള്ള അക്കൗണ്ടന്റായിരുന്നു പിതാവ്. വലിയ ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത പിതാവ് അലഞ്ഞുതിരിഞ്ഞുനടന്നു. മെലോണി തന്റെ 11ാം വയസിൽ ഇനി പിതാവിനെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത് സംബന്ധിച്ച് അവർ ആത്മകഥയിൽ വിശദമായി എഴുതിയിട്ടുണ്ട്. 'കാര്യങ്ങൾ നേടിയെടുക്കാൻ എങ്ങനെ പോരാടണമെന്ന് അവൾക്ക് നന്നായി അറിയാം" -അബ്രുസോയുടെ റീജിയണൽ ഗവർണർ മാർക്കോ മാർസിലിയോ പറഞ്ഞു. ബനിറ്റോ മുസോളിനിയുടെ അനുയായികൾ രൂപവത്കരിച്ച ഇറ്റാലിയൻ സോഷ്യൽ മൂവ്മെന്റ് എന്ന എം.എസ്‌ഐയുടെ യുവജനവിഭാഗത്തിൽ അംഗമായിക്കൊണ്ടാണ് 15-ാം വയസിൽ മെലോണി രാഷ്ട്രീയപ്രവേശനം നടത്തുന്നത്. വിദ്യാർത്ഥി സംഘടനകളെ അണിനിരത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും മെലോണി മികവ് പുലർത്തി.

1995ൽ എം.എസ്‌ഐ നാഷനൽ അലയൻസ് ആയി രൂപാന്തരപ്പെട്ടു. പാർട്ടി അതിന്റെ ഫാസിസ്റ്റ് വേരുകൾ ഉപേക്ഷിച്ച് യാഥാസ്ഥിതിക വലതുപക്ഷ ദേശീയ പാർട്ടിയായി സ്വയം പുനർനാമകരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു പേരുമാറ്റം. ഏതാനും വർഷങ്ങൾക്കുള്ളിൽ, മെലോണി എ.എന്നിന്റെ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി. 29 വയസ്സായപ്പോൾ അവർ പാർലമെന്റിലും എത്തി. ഫോർസ ഇറ്റാലിയയുമായി സഖ്യമുണ്ടാക്കിയ എ.എൻ, പിന്നീട് അധികാരം നേടിയ സഖ്യത്തിൽ ലയിച്ചു. 2008ൽ മെലോണിയെ യുവജന വകുപ്പിന്റെ ചുമതലയുള്ള ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി പ്രധാനമന്ത്രി ബെർലുസ്‌കോണി നിയമിച്ചു.

2006-ൽ പാർലമെന്റിന്റെ ഡെപ്യൂട്ടി ചേംബറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2008-ൽ 31-ാം വയസ്സിൽ ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 2012-ൽ സ്വന്തം പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുണ്ടാക്കി. പോളണ്ടിലെ ഭരണകക്ഷിയുൾപ്പെടെയുള്ള യൂറോപ്പിലെ യാഥാസ്ഥിതിക പാർട്ടികളുടെ കൂട്ടായ്മയായ യൂറോപ്യൻ കൺസർവേറ്റിവ്‌സ് ആൻഡ് റിഫോമിസ്റ്റ്‌സ് പാർട്ടിയുടെ അധ്യക്ഷപദമലങ്കരിച്ചു. പന്നീടവർക്ക് വെച്ചടികയറ്റമായിരുന്നു. 45ാം വയസ്സിൽ ഇറ്റാലിയൻ പ്രധാനമന്ത്രി പദത്തിൽവരെയെത്തി അവർ ലോകത്തെ ഞെട്ടിച്ചു.


മുസോളിനി ആരാധ്യപുരുഷൻ

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ അധികാരത്തിലെത്തുന്ന അതിതീവ്ര വലതുസർക്കാരാണ് ജോർജിയ മെലോണിയുടെത്. ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന അതിതീവ്ര വലതു പാർട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്. ഫാസിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മുസോളിനിയാണ് മെലോണിയുടെ ആരാധ്യപുരുഷൻ. ഇറ്റലിയുടെ ദേശീയനിറങ്ങളായ പച്ചയിലും വെള്ളയിലും ചുവപ്പിലുമുള്ള തീനാളമാണ് ജോർജിയ മെലോണിയുടെ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ അടയാളം.

1925 മുതൽ 1945 വരെ ഇറ്റലിയെ ഭരിച്ച ഫാസിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസോളിനിയുടെ ശവകുടീരത്തിലെരിയുന്ന കെടാവിളക്കിന്റെ പ്രതീകമാണത്.ആ അടയാളവുമായാണ് ഇറ്റലിയിലെ നവഫാസിസ്റ്റ് ജോർജിയ മെലോണി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. കുടിയേറ്റക്കാരോടുള്ള വിരോധം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്, ഗർഭച്ഛിദ്രത്തോടുള്ള എതിർപ്പ്. അങ്ങനെ പലതാണ് തികഞ്ഞ കത്തോലിക്കാ യാഥാസ്ഥിതികയായ മെലോണിയുടെ പ്രത്യയശാസ്ത്രം. പക്ഷേ മുസോളിനിയെ അനുകൂലിച്ച ഭൂതകാലത്തെ ലഘൂകരിക്കാൻ അടുത്തകാലത്തെല്ലാം അവർ ശ്രമിച്ചിരുന്നു.

2018-ൽ അവരുടെ പാർട്ടിക്ക് വെറും നാല് ശതമാനം പിന്തുണയാണ് ഉണ്ടായിരുന്നത്. അടുത്തവർഷം അത് 25 ശതമാനമായി ഉയർന്നു. 2019-ലെ ശൈത്യകാലത്ത്, ഇറ്റലിയിലെ തെരുവുകളിൽ ഒരു വനിതയുടെ ഉറച്ച ശബ്ദം ഉയർന്നുകേട്ടു. "ഞാൻ ജോർജിയയാണ്. ഞാൻ ഒരു സ്ത്രീയാണ്. ഞാൻ ഒരു അമ്മയാണ്. ഞാൻ ഇറ്റലിക്കാരിയും ക്രിസ്ത്യാനിയുമാണ്". രാജ്യത്തെ താരതമ്യേന ചെറിയ തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രാറ്റെല്ലി ഡി ഇറ്റാലിയയുടെ (ബ്രദേഴ്‌സ് ഓഫ് ഇറ്റലി) നേതാവ് ജോർജിയ മെലോണി ആ വർഷം ഒക്ടോബറിൽ നടത്തിയ ഒരു പ്രസംഗത്തിൽ ശ്രദ്ധേയമായ ഒരു വരിയായിരുന്നു ഇത്. കടുത്ത വലതുപക്ഷ വാദവും കുടിയേറ്റ വിരുദ്ധതതും മുസ്ലിം വിരുദ്ധതയും പറഞ്ഞാണ് അവർ വളർന്നത്.

2018-ൽ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ സ്ഥാനമൊഴിയുന്ന സർക്കാരിനെ പിന്തുണക്കാൻ വിസമ്മതിച്ചുകൊണ്ട് പ്രതിപക്ഷത്ത് ഉറച്ചുനിൽക്കാനുള്ള അവരുടെ തീരുമാനം ആണ് ഇത്രയും വലിയ ജനപിന്തുണ നേടിക്കൊടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. വലതുപക്ഷ തീവ്രവാദിയായ മാറ്റെയോ സാൽവിനി, രാഷ്ട്രീയ അതികായൻ സിൽവിയോ ബെർലുസ്‌കോണി എന്നിവരുൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിലപാടുകളിൽ ഉറച്ചുനിന്നതാണ് ജോർജിയയെ വിജയത്തിലേക്ക് നയിച്ചത്.

'യൂറോപ്പിൽ ഇസ്ലാമിന് സ്ഥാനമില്ല'

'ഞങ്ങൾ എൽ.ജി.ബി.ടി.ക്കൊപ്പമല്ല, യഥാർത്ഥ കുടുംബങ്ങൾക്കൊപ്പമാണ്, ആണും പെണ്ണും എന്ന യാഥാർത്ഥ്യത്തിനൊപ്പമാണ്. ലൈംഗിക ന്യൂനപക്ഷവാദത്തിനൊപ്പമല്ല, ഇസ്ലാമിക ഭീകരർക്കൊപ്പമല്ല, ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കൊപ്പമാണ്. കുടിയേറ്റക്കാർക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാർക്കൊപ്പമാണ്, ആഗോള സാമ്പത്തിക ആശങ്കകൾക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയ്ക്കൊപ്പമാണ്'- ഇതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോർജിയ മെലോണി മുന്നോട്ടുവെച്ച മുദ്രാവാക്യം.

ഇസ്ലാമിന് യൂറോപ്പിൽ സ്ഥാനമില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അടുത്തിടെ പരസ്യമായി പറഞ്ഞതും വലിയ വാർത്തയായല. ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയും പൂർണമായി പൊരുത്തപ്പെടുന്നില്ല. ശരീഅത്ത് നിയമം ഇറ്റലിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജോർജിയ മെലോണി വ്യക്തമാക്കി.ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയുടെ മൂല്യങ്ങളും അവകാശങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്. നമ്മുടെ നാഗരികതയുടെ മൂല്യങ്ങൾ വ്യത്യസ്തമാണെന്നും ജോർജിയ മെലോണി ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ ഈ വർഷത്തെ ഇലക്ഷൻ കാമ്പയിനിൽ ഉണ്ടായ മുസ്ലിം വിരുദ്ധത ഓർക്കുമ്പോൾ ഇരുനേതാക്കളും തമ്മിലെ സാമ്യം പിടികിട്ടു.

കുടിയേറ്റത്തെയും 'ക്രിസ്ത്യൻ കുടുംബ'ത്തിന്റെ സംരക്ഷണത്തെയും കുറിച്ചുള്ള അവരുടെ കടുത്ത വീക്ഷണങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടിട്ടും അവർ നയം മാറ്റിയില്ല. വാടക ഗർഭധാരണത്തെുയും, ഗർഭഛിദ്രത്തെയും അവർ അതിശക്തമായി എതിർക്കുന്നു. ഇറ്റലിയിലെ സോഷ്യോളജിസ്റ്റും സർവകലാശാല അദ്ധ്യാപകനുമായ എദോർദോ നോവല്ലി ഇങ്ങനെ എഴുതുന്നു. "മുസ്ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുന്ന മെലോണി അത് തുറന്ന് പറയുന്നു. അവരുടെ ഭരണം രാജ്യത്തെ ജനങ്ങളെ രണ്ടുതട്ടായി വിഭജിക്കയാണ്. ദൈവം, കുടുംബം, മാതൃരാജ്യം എന്നിവയിൽ മാത്രം ഊന്നിയാണ് അവർവോട്ടുനേടുന്നത്.".നരേന്ദ്ര മോദിക്കും വോട്ട് വരുന്നത് ഇതിലുടെയാണ്. രാമക്ഷേത്ര നിർമ്മാണമായിരുന്നു ഈ വർഷത്തെ മോദിയുടെ ഏറ്റവും വലിയ അജണ്ട. തിരഞ്ഞെടുപ്പിന്റെ അവസാനം താൻ ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന രീതിയിലുള്ള കാമ്പയിനാണ് മോദി നടത്തിയത്.

ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഫാഷിസത്തിൽ നിന്ന് ഇപ്പോൾ യൂറോപ്പിൽ പ്രകടമാവുന്ന നിയോ ഫാസിസത്തിന് വലിയ വ്യത്യാസം കാണുന്നുണ്ടെന്ന് ്രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിറ്റ്‌ലറുടേതടക്കം പൂർണമായും റേഷ്യൽ ആയ ദേശീയവാദമായിരുന്നെങ്കിൽ മെലോണിയും ഹങ്കറിയിലെ ഒർബാനും, ഫ്രാൻസിലെ ലെ പെന്നുമൊക്കെ പ്രതിനിധീകരിക്കുന്ന ഫാഷിസ്റ്റ് പരിപ്രേക്ഷ്യത്തിന് ഒരു ക്രിസ്ത്യൻ മുഖവുമുണ്ട്. ഇന്ത്യയിലാവട്ടെ ഹൈന്ദവ മൗലികവാദത്തിൽ പിടിച്ചാണ് മോദിയുടെ കളികൾ.

എന്നാൽ ഇതുമാത്രമായിരുന്നു മെലോണിയുടെ വിജയത്തിന്റെ അടിസ്ഥാനം. ഇറ്റലി രാഷ്ട്രീയ അസ്ഥിരതയുടെ ചരിത്രമുള്ള ഒരു രാജ്യമാണ്. കഴിഞ്ഞ 77 വർഷങ്ങൾക്കുള്ളിൽ 69 സർക്കാരുകൾ മാറിമാറി വന്നു. ഒരു സർക്കാരിന്റെ ശരാശരി ആയുസ് ഒരു വർഷവും ഏതാനും മാസങ്ങളും മാത്രമാണ്. 18 മാസം മാത്രം അധികാരത്തിലിരുന്ന മരിയോ ദാഗ്രിയുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാരിന് സാമ്പത്തിക-സാമൂഹിക മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാതെ പോയതാണ് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വിലക്കയറ്റം, ഇന്ധന പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവ നേരിടാൻ മുൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവിയായ ദാഗ്രിക്കു സാധിച്ചില്ല. ഇതിനെ നന്നായി തെരഞ്ഞെടുപ്പിൽ മുതലെടുത്തവർ ഒത്തുകൂടിയാണ് 2022-ൽ മെലോണിയുടെ നേതൃത്വത്തിൽ മുന്നണി വിജയം ഉറപ്പിച്ചത്. ഇറ്റലിയിലെ പോയ സർക്കാരുകൾ നടത്തിയ അഴിമതി മെലോണിയുടെ ജനപ്രീതി കൂട്ടി. ഇവിടെയും മോദിയുമായി വലിയ സാമ്യതകൾ കാണാം.

ഭൂഗർഭ അറയിലും പള്ളികൾ

ഇറ്റലിയിലെ കുടിയേറ്റ വിരുദ്ധതയ്ക്ക് ദീർഘനാളത്തെ ചരിത്രമുണ്ട്. ഇന്ന് യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരിൽ വലിയൊരു ശതമാനം ഇറ്റലിയിലാണ് എത്തിപ്പെടുന്നത്. മെഡിറ്ററേനിയൻ കടന്നുവരുന്ന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ കുടിയേറ്റക്കാരും അഭയാർത്ഥികളും അടിയുന്നത് ഇവിടെയാണ്.

രണ്ടു ദശലക്ഷത്തോളം പേർ തൊഴിലില്ലാത്തവരായി ഇറ്റലിയിലുണ്ട്. ഇവരുടെയും പുതുതലമുറയുടെയും ജീവിതസാഹചര്യങ്ങളെ മാറ്റിമറിക്കാൻ ഈ കുടിയേറ്റ- അഭയാർത്ഥികൾക്ക് സാധിച്ചേക്കുമെന്ന ഭീഷണി, മെലോണി നന്നായി തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തി. ആറു കോടി വരുന്ന ജനസംഖ്യയിൽ കേവലം ഒന്നര ദശലക്ഷം വരുന്ന മുസ്ലിം ജനവിഭാഗങ്ങൾ ഇറ്റലിക്ക് ഭീഷണിയാകുമെന്ന് മെലോണിയും കൂട്ടരും പറയുന്നത്. പക്ഷേ ഇത് ജനം വിശ്വസിച്ചത്, യൂറോപ്പിൽ ഒട്ടാകെ വർധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദം മൂലമാണ്. തീവ്ര ഇസ്ലാമിസ്റ്റുകൾ ഇറ്റലിയെയും വെറുതെ വിട്ടില്ല. ചെറുതും വലതുമായ തീവ്രവാദി ആക്രമണങ്ങൾ ഈ രാജ്യത്തും പല തവണ നടന്നു.

തലസ്ഥാനമായ റോമിലേക്കും ഇറ്റലിയുടെ മറ്റ് പ്രദേശങ്ങളിലേക്കും മുസ്ലിം കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നത് സുരക്ഷാസേന ആശങ്കയോടെയാണ് കാണുന്നത്. ഇതിന് അനുസരിച്ച് ആരാധനാലയങ്ങളും വർധിക്കുന്നുണ്ടെന്നും ഇത് തീവ്രാദത്തിന് കാരണമാവുമെന്നും ആശങ്കയുണ്ട്. "റോമിൽ ഗാരേജുകൾ, അപ്പാർട്ട്മെന്റുകൾ, വെയർഹൗസുകൾ എന്നിവ കേന്ദ്രീകരിച്ച് പള്ളികൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ നിരവധി ഭൂഗർഭ അറകളും പള്ളികളായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ഭൂഗർഭ അറകളിൽ പ്രവർത്തിക്കുന്ന പള്ളികളുടെ എണ്ണം, ഒരു ദശാബ്ദംകൊണ്ട്, 30-ൽനിന്ന് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇത്തരം പള്ളികൾ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണ്'- ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തതാണിത്.

ഇത്തരം ചില പള്ളികൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെങ്കിലും, ഇതിന് അധികാരികളിൽ ചിലർ സഹായം നൽകുന്നുണ്ട്. ഇങ്ങനെ അനുമതിയില്ലാതെ, പ്രവർത്തിക്കുന്ന പള്ളികളുടെ എണ്ണം, നൂറിലധികമാണെന്നും ഇത് റോമിനെ ഒരു ഇസ്ലാമിക തലസ്ഥാനമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം റോമിൽ മാത്രമല്ല, ഇറ്റലിയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തിൽ അനുമതിയില്ലാത്ത മുസ്ലിം ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, ചല റിപ്പോർട്ടുകൾ പറയുന്നു. ഈദ് ദിനത്തിൽ ചില മാധ്യമ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ മിലാനിലടക്കം ഇത്തരം പള്ളികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ രീതിയിൽ റോമിനെയടക്കം ഇസ്ലാമികവത്ക്കരിക്കണമെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പ്രവർത്തിക്കുമ്പോൾ, മെലോണിക്ക് ആ ഭീതിയെ പർവതീകരിക്കാൻ നിഷ്പ്രയാസം കഴിയും. മോദിയുടെ ഇന്ത്യയിൽ സംഭവിച്ചതും അതാണ്. പൂൽവാമ അടക്കമുള്ള ഭീകരാക്രമണങ്ങൾ മോദിക്കും ബിജെപിക്കും വല്ലാതെ ഗുണം ചെയ്ത് ഓർക്കണം.

പ്രധാനമന്ത്രിയുടെ പേരിലും ഡീപ്പ് ഫേക്ക് പോൺ!

കഴിഞ്ഞ ഒക്ടോബറിൽ മെലോണി വിവാഹമോചനം കൂടി നേടിയതോടെ ഇതുമായി ബന്ധപ്പെടുത്തിയും നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ലൈംഗികച്ചുവയോടെയുള്ള സംസാരത്തിന്റെ പേരിലാണ് മാധ്യമപ്രവർത്തകനായ ആൻഡ്രി ഗ്യാംബ്രൂണോയുമായുള്ള 10 വർഷത്തെ ബന്ധം മെലോണി അവസാനിപ്പിച്ചത്. മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന ഒരു വാർത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ. അദ്ദേഹത്തിന്റെ ഷോകളിൽ ചില പെരുമാറ്റങ്ങളും പരാമർശങ്ങളും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഗ്രൂപ്പ് സെക്സിൽ താൽപര്യമുണ്ടെങ്കിൽ തനിക്കൊപ്പം ജോലി ചെയ്യാമെന്ന് സ്ത്രീ സഹപ്രവർത്തകരോട് ജിയാംബ്രൂണോ പറയുന്ന റെക്കോർഡിങ്ങും വ്യാപകമായി പ്രചരിച്ചിരിക്കപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് വേർപിരിയുന്നതായി ഇറ്റാലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

'പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു,ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി' - ജോർജിയ മെലോണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ജിയാംബ്രൂണോയുമായുള്ള ബന്ധത്തിൽ മെലോണിയക്ക് ഏഴ് വയസുള്ള ഒരു മകളുണ്ട്.

അതിനിടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ ഡീപ്ഫേക്ക് പോൺ വീഡിയോകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്തതിനെ തുടർന്ന മെലോണി 1,00,000 യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ മെലോണി സാക്ഷിമൊഴിയും നൽകി.ബിബിസി റിപ്പോർട്ട് പ്രകാരം വീഡിയോകൾ നിർമ്മിച്ചതിന് ഉത്തരവാദിയെന്ന് വിശ്വസിക്കപ്പെടുന്ന 40 വയസ്സുള്ള വ്യക്തിയും 73 വയസ്സുള്ള പിതാവും നിലവിൽ അന്വേഷണത്തിന് മുന്നിലാണ്. ഒരു പോൺ താരവുമായുള്ള മെലോണിയുടെ വീഡിയോ ആണ് ഇവർ നിർമ്മിച്ചെന്നാണ് ആരോപണം.

അഡൾട്ട് വീഡിയോകൾ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഉപകരണം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. യുഎസിലെ ഒരു അഡൽട്ട് കണ്ടന്റ് വെബ്‌സൈറ്റിലേക്ക് പ്രസ്തുത വീഡിയോകൾ അപ്ലോഡ് ചെയ്തതായി മെലോണിയുടെ അഭിഭാഷകൻ അവകാശപ്പെടുന്നു. അവിടെ അവയ്ക്ക് മാസങ്ങൾ കൊണ്ട് ദശലക്ഷക്കണക്കിന് വ്യൂവേഴ്സിലെ ലഭിച്ചു. 2022-ൽ പ്രധാനമന്ത്രിയായി നിയമിക്കുന്നതിന് മുമ്പാണ് ഡീപ്ഫേക്ക് വീഡിയോകൾ അപ്ലോഡ് ചെയ്തതെന്ന് ബിബിസി റിപ്പോർട്ട് പറയുന്നു.

പ്രധാനമന്ത്രി ആവശ്യപ്പെട്ട നഷ്ടപരിഹാരം പ്രതീകാത്മകമാണെന്ന് മെലോണിക്ക് വേണ്ടി ഹാജരായ അഭിഭാഷകയായ മരിയ ഗിയുലിയ മരോൻജിയു പറഞ്ഞു. ഡീപ്പ് ഫേക്ക് വീഡിയോകൾ ഉണ്ടാക്കുന്ന കെണിയെക്കുറിച്ച് ബോധവത്ക്കരിക്കകൂടി തങ്ങളുടെ ലക്ഷ്യമാണെന്ന് അവർ പറയുന്നു. ഇന്ത്യയിൽ പോലും, രശ്മിക മന്ദാന, കത്രീന കൈഫ്, നോറ ഫത്തേഹി തുടങ്ങിയ ബോളിവുഡ് അഭിനേതാക്കളുടെ നിരവധി ഡീപ്ഫേക്ക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിക്ക് സമാനമായി മെലോണിയുടെ വിദ്യാഭ്യാസ യോഗ്യതയും തർക്കവിഷയവും വിവാദവുമാണ്. 1996-ൽ അമേരിഗോ വെസ്പൂച്ചി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഭാഷയിൽ ഡിപ്ലോമയെടുത്തു എന്നാണ് അവരുടെ അവകാശവാദം. എന്നാൽ, ഇവിടെ വിദേശഭാഷ പഠിപ്പിക്കുന്നില്ലെന്നും അതിനാൽ അവരുടെ അവകാശവാദം തെറ്റെന്നുമാണ് എതിർവാദം ഉന്നയിക്കുന്നവർ പറയുന്നത്.

എന്തായാലും ഇന്ത്യക്ക് നേട്ടം

എന്തൊക്കെയായലും മോദിയും മെലോണിയുമായുള്ള സൗഹൃദംമൂലം ഇന്ത്യക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇറ്റലിയെപ്പോലെ ഒരു വൻ ശക്തിയുടെ ഉറച്ച പിന്തുണ വിദേശകാര്യ വിഷയങ്ങളിലും, വാണിജ്യ-വ്യവസായ രംഗത്തും, പ്രതിരോധ രംഗത്തുമൊക്ക ഭാരതത്തിന് ഗുണം ചെയ്തിട്ടുണ്ട്.

ചൈനയുടെ പങ്കാളിത്തത്തിലുള്ള ബൃഹത്ത് പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് നിക്ഷേപക ഉടമ്പടിയിൽ നിന്ന് ഇറ്റലി പിന്മാറിയത് അങ്ങനെയാണ്. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇത് സംബന്ധിച്ച ചർച്ച നടത്തിയിരുന്നു. പക്ഷേ മെലോണി വഴങ്ങിയില്ല . നൂറിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ചൈനീസ് പരമാധികാരി ഷി ജിൻപിങിന്റെ വൻകിട വാണിജ്യ നയതന്ത്ര പദ്ധതിയായാണ് ബെൽറ്റ് ആൻഡ് റോഡ് ഉടമ്പടി. 2013-ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയിൽ 2019-ലാണ് ഇറ്റലി ഭാഗമാകുന്നത്. ഇന്ത്യയോടും, അമേരിക്കയുമായുള്ള ബന്ധം സുഗമമായി തന്നെ നിലനിർത്താനാണ് ഇറ്റലിയുടെ പിന്മാറ്റം എന്നാണ് വിവരം.

പക്ഷേ ഷി ജിൻപിങിന്റെ കീഴിലുള്ള ചൈനയെ ഒറ്റയടിക്ക് പിണക്കിയാൽ അത് വാണിജ്യ-നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇറ്റലി ഭയക്കുന്നുണ്ട്. അതിനാൽ ഒറ്റയിടക്ക് പിന്മാറാതെ ഘട്ടംഘട്ടമായി തടിയെടുക്കാനാണ് ഇറ്റലിയുടെ നീക്കം. നരേന്ദ്ര മോദി ഇന്ത്യ- ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച അതേ ജി20 വേദിയിലാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് ഇറ്റലിയുടെ പിന്മാറ്റത്തോടെ ചൈന തിരിച്ചടി നേരിട്ടത് എന്നതും ശ്രദ്ധേയമാണ്

കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ മോദിക്കൊപ്പം മെലോണിയെടുത്ത സെൽഫിയും വൈറലായിരുന്നു. "നല നല്ല സുഹൃത്തുക്കൾ, മെലോഡി' എന്ന ക്യാപ്ഷനോടെയാണ് മെലോണി അന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പത്ത് വർഷങ്ങൾക്ക് മുമ്പ് മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തപ്പോഴാണ് മെലോണിയുടെ ആദ്യ സന്ദേശമെത്തുന്നത്. മോദിയെ അഭിനന്ദിച്ചുള്ള കുറിപ്പാണ് മെലോണി ട്വീറ്റ് ചെയ്തത്. ഇതിന് മോദി മറുപടിയും നൽകി. കഴിഞ്ഞ വർഷം ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചിരുന്നു. ആ സമയത്ത് മോദിയും മെലോണിയും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റെയ്‌സിന ഡയലോഗിൽ മോദിയോടൊപ്പം പങ്കെടുത്ത മെലോണിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു.ഇതോടെയാണ് ഇരുവരേയും കൂട്ടിച്ചേർത്ത് നിരവധി പോസ്റ്റുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

രണ്ട് നേതാക്കളുടെ സൗഹൃദം എന്ന രീതിയിൽ ഇടതുപക്ഷ സർക്കിളുകളിൽ ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പക്ഷേ ഇവർ പ്രചരിപ്പിക്കുന്നതുപോലെ തീവ്ര വലതുപക്ഷമല്ല, സെന്റർ റൈറ്റ് എന്ന് അറിയപ്പെടുന്ന ജനാധിപത്യ പാർട്ടിയാണ് മെലോണിയുടേത് എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മുസോളിനിക്കാലം ഒരിക്കലും ഇനി ഇറ്റലിയിൽ തിരിച്ചുവരില്ല. കാരണം, ആ ജനത അത്രയേറെ അനുഭവിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: മെലോണിയും മോദിയും തമ്മിലുള്ള സൗഹൃദത്തോടൊപ്പം, ബാലകൃഷ്ണ ശിവറാം മൂഞ്ചെ എന്ന, 1931-ൽ മുസോളിനിയെ ഇറ്റലിയിൽപോയി കണ്ട ഹിന്ദുമഹാസഭാ തലവന്റെ പേരും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. രണ്ടാമത്തെ വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം, മൂഞ്ചെ ഇറ്റലിയിലേക്ക് പോയി പ്രധാനമന്ത്രി ബെനിറ്റോ മുസോളിനിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടർന്ന് മുസോളിനിയുടെ ബാലില്ല, അക്കാദമിക് ഡെല്ലാ ഫർനെസിന തുടങ്ങിയ സംഘടനകളിലൂടെ സമൂഹത്തിന്റെ സൈനികവൽക്കരണത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി. ഇന്ത്യയിൽ മടങ്ങിയെത്തിയ മൂഞ്ചെ ആന്തരികവും ബാഹ്യവുമായ ഭീഷണികൾക്കെതിരെ പോരാടാൻ ഹിന്ദു സമൂഹത്തെ സൈനികവത്കരിക്കാൻ ഒരുങ്ങി. 1935-ൽ സെൻട്രൽ ഹിന്ദു മിലിട്ടറി എഡ്യൂക്കേഷൻ സൊസൈറ്റിയും 1937-ൽ ഭോൺസാല മിലിട്ടറി സ്‌കൂളും സ്ഥാപിച്ചു. ആർഎസ്എസ് പിന്നീട് ഈ മാതൃക വലിയ തോതിൽ കൈവശപ്പെടുത്തുകയും റിക്രൂട്ട്മെന്റിലും സംഘടനാ സംവിധാനത്തിലും മുസോളിനി മാതൃക സ്വീകരിച്ചുവെന്നുമാണ് പറയുന്നത്. ആ ചരിത്രം ആവർത്തിക്കയാണെന്നാണ് വിമർശകർ പറയുന്നത്.