- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ടോപ് 10 ഡ്രെഡഡ് ക്രിമിനൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ദാവൂദ് ഇബ്രാഹിം കസ്‌കർ എന്ന പേര്. ഇന്ത്യ ഇപ്പോഴും പിടികൂടാൻ കാത്തിരിക്കുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ. ധാരാവിയിൽനിന്ന് കൊച്ച് പിച്ചാത്തി കൈയിലെടുത്ത് വളർന്ന്, പിന്നീട് യന്ത്രത്തോക്കിലേക്ക് മാറി, ബോളിവുഡും ക്രിക്കറ്റും കൈവെള്ളയിൽ കൊണ്ടുനടന്ന ദാവൂദിന്റെ പതനത്തിന്റെ തുടക്കം, 257 പേർ കൊല്ലപ്പെട്ട 1992 ലെ മുംബൈ ബോംബ് സ്ഫോടന പരമ്പരയായിരുന്നു. രാജ്യത്തെ നടുക്കിയ ഈ ആക്രമണത്തിന്റെ സൂത്രധാരൻ ദാവൂദ് ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യ ഈ നീചന്റെ തലക്ക് വിലയിട്ടത്.
പിന്നീട് ഇന്ത്യയിലേക്കോ യുഎഇയിലേക്കോ ദാവൂദ് മടങ്ങിയെത്തിയില്ലെന്നാണ് കരുതുന്നത്. പ്രവർത്തനം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് മാറ്റി. അതിനിടെ അൽ ഖ്വയ്ദ, ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകളുമായി ദാവൂദിന് അടുത്തബന്ധമുണ്ടെന്ന് യുഎസ് ആരോപിച്ചു. വേൾഡ് ട്രേഡ് സെന്റർ ആക്രമണക്കേസിലും ദാവൂദിന്റെ പേര് പരാമർശിക്കപ്പെട്ടു. ഉസാമ ബിൻ ലാദനുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് 2003- ൽ യുഎസ് ദാവൂദിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. യുഎസ് കമ്പനികൾ ദാവൂദുമായി എന്തെങ്കിലും ബന്ധമുള്ളവരുമായിപ്പോലും സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് വിലക്കി. ലോകത്തെവിടെയുമുള്ള സ്വത്ത് കണ്ടുകെട്ടാൻ നീക്കം തുടങ്ങി.
2015-ലെ കണക്കുപ്രകാരം, ദാവൂദിന്റെ മൊത്തം ആസ്തി ഏകദേശം 55,600 കോടി രൂപ വരുമെന്നാണ് ഫോബ്‌സ് മാസികയുടെ കണക്ക്. പല രാജ്യങ്ങളിലായി നടത്തുന്ന ഹവാല ഇടപാടുകൾ, ആയുധക്കടത്ത്, ലഹരിമരുന്നു വ്യാപാരം, ക്രിക്കറ്റ് വാതുവയ്പ്, ഗുഡ്ക ബിസിനസ്, കള്ളനോട്ട് അച്ചടി, പണംതട്ടൽ എന്നിങ്ങനെ നീളുന്ന കുറ്റകൃത്യങ്ങൾ. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗൾഫിലും യുകെയിലുമടക്കം പലരാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. പക്ഷേ ഇപ്പോൾ ആഗോള ബന്ധങ്ങൾ മുറിച്ച് ദാവൂദ് പാക്കിസ്ഥാനിൽ ഒറ്റപ്പെട്ടിരിക്കയാണ്.
ഇങ്ങനെയൊരു കൊടും ക്രിമിനലിനെ ഒരു ക്രിക്കറ്റ് താരം ചാനലിൽ വന്നിരുന്ന് പരസ്യമായി ന്യായീകരിക്കുക എന്നുപറഞ്ഞാൽ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം ദാവൂദ് ഇബ്രാഹിമിനെ പുകഴ്‌ത്തി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദാണ് രംഗത്തുവന്നത്. വിവാഹം വഴി ബന്ധുക്കളാണ് ദാവൂദും, മിയാൻദാദും. ദാവൂദിന്റെ മകൾ മഹ്‌റൂഘിനെയാണ് മിയാൻദാദിന്റെ മകൻ ജുനൈദ് വിവാഹം ചെയ്തിരിക്കുന്നത്. വൻ സുരക്ഷയിൽ 2005ൽ ദുബായിൽ വച്ചായിരുന്നു വിവാഹം. പക്ഷേ കഴിഞ്ഞ കുറേക്കാലമായി മിയാൻദാദ് ദാവൂദിനെപ്പറ്റി ഒന്നും മിണ്ടാറില്ലായിരുന്നു. ഇപ്പോൾ പരസ്യമായ ഈ സ്തുതിയിലുടെ ക്രിക്കറ്റും, മുംബൈ അധോലോകവും തമ്മിലുള്ള പഴയ ബന്ധങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഒപ്പം ദാവൂദിന്റെ സ്വത്തുക്കളുടെ അനന്തരവകാശി ആരെന്ന ചോദ്യവും.
'മുസ്ലിങ്ങൾക്കുവേണ്ടി ദാവൂദ് ഒരുപാട് ചെയ്തു'
നന്നായി ബാറ്റുചെയ്യുന്നതിനിടെ റണ്ണൗട്ടായിപ്പോവുക എന്ന് പറഞ്ഞപോലെയാണ് മിയാൻദാദിന്റെ അവസ്ഥ. ദാവൂദ് അനുകൂല പ്രസ്താവനയോടെ, ലോക വ്യാപകമായി അദ്ദേഹത്തിന് തെറി വിളിയാണ്. മുസ്ലിങ്ങൾക്കുവേണ്ടി ദാവൂദ് ഇബ്രാഹിം ചെയ്ത കാര്യങ്ങൾ ഏറെ കാലം ഓർമ്മിക്കപ്പെടുമെന്ന് മിയാൻദാദ് പാക്കിസ്ഥാനിലെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. "
ദാവൂദ് ഭായിയെ ദുബായിൽ വച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ അറിയാം. അദ്ദേഹത്തിന്റെ മകൾ എന്റെ മകനെ വിവാഹം ചെയ്തതിൽ അഭിമാനമുണ്ട്. കോൺവെന്റ് സ്‌കൂളിലും സർവകലാശാലയിലും നിന്നും മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ട് മരുമകൾ. സമൂഹം പറയുന്ന പോലുള്ള ഒരു വ്യക്തിയല്ല ദാവൂദ്. മുസ്ലിങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ തങ്കലിപികളാൽ എഴുതപ്പെടും"- മിയാൻദാദ് പറഞ്ഞു.
ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വർഷങ്ങളായി ഇന്ത്യ വാദിക്കുമ്പോഴും, അവിടെയില്ലെന്നാണ് മാറിമാറി വന്ന പാക്ക് സർക്കാരുകളുടെയും സുപ്രധാന ശക്തിയായ പാക്ക് സൈന്യത്തിന്റെയും വാദം. ദാവൂദ് കറാച്ചിയിലുണ്ടെന്ന് അടുത്തിടെ ഒരു ബന്ധു തന്നെ ദേശീയ അന്വേഷണ ഏജൻസിയോടു (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഒത്താശയോടെയാണ് ദാവൂദ് മുബൈ ആക്രമണം നടത്തിയതെന്നും 'കരാർ പ്രകാരം' ഐഎസ്ഐ തന്നെ ദാവൂദിന് പാക്കിസ്ഥാനിൽ ഒളിസങ്കേതം ഒരുക്കിയെന്നുമാണു പ്രചാരണം.
ഇപ്പോൾ മിയാൻദാദിന്റെ പ്രസ്താവന ദാവൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്നതിന്റെ തെളിവ് കൂടിയാണ്. നേരത്തേ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റപ്പോൾ മിയാൻദാദിനെ പാക്ക് സർക്കാർ വീട്ടുതടങ്കലിലാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്നു ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മിയാൻദാദ് പ്രതികരിച്ചത്. മാത്രമല്ല, ദാവൂദിനോട് വൈരാഗ്യമുള്ള ഛോട്ടാ രാജൻ സംഘവും, ഇന്ത്യൻ രഹസാന്വേഷണ ഏജൻസികളുമൊക്കെ തനിക്ക് നേരെ തിരിയുമെന്ന ഭയവും, മിയാൻ ദാദിന് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇയാൾ ഇക്കാര്യം തുറന്നടിക്കുന്നതിന് പിന്നിൽ വേറെ ചില അജണ്ടകൾ ഉണ്ടെന്നാണ് പറയുന്നത്. അതിൽ പ്രധാനപ്പെട്ടതാണ്, ഇപ്പോഴും കോടികൾ ആസ്തിയുള്ള ദാവൂദ് കുടുംബത്തിലെ അനന്തരവകാശ തകർക്കം. ദാവൂദിനുള്ള ലീഗൽ ബിസിനസുകളുടെ തലവനാക്കി, തന്റെ മകനെ മാറ്റാനുള്ള നീക്കമാണ്, മിയാൻദാദ് നടത്തുന്നതെന്ന് ചില മുബൈ പത്രങ്ങൾ ആരോപിക്കുന്നുണ്ട്. ആരാണ് മിയാൻദാദ് എന്നും, അയാൾക്ക് ദാവൂദുമായുള്ള ബന്ധം വന്നത് എങ്ങനെ എന്നും അറിഞ്ഞാലേ ഈ വിഷയത്തിൽ വ്യക്തത വരൂ.
അവസാന പന്തിലെ സ്‌ക്സർ
1986-ൽ ഷാർജാകപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. അവസാന പന്തിൽ വിജയിക്കാൻ പാക്കിസ്ഥാന് വേണ്ടിയത് 4 റൺസ്. ഇന്ത്യൻ ബൗളർ ചേതൻ ശർമ്മയുടെ ഫുൾടോസ്, സിക്സറിന് പറത്തിയാണ് മിയാൻദാദ് പാക്കിസ്ഥാന് വിജയം നേടിക്കൊടുത്തത്! ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര മത്സരം ആ രീതിയിൽ അവസാനിക്കുന്നത്. ഇതോടൊണ് 'കറാച്ചി സിംഹം' എന്ന പേര് മിയാൻദാദിന് കിട്ടുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസമായാണ് മിയാൻദാദ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ സമകാലികനായ ഇയാൻ ചാപ്പൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി, ജാവേദിനെ വിലയിരുത്തി.
1957 ജൂൺ 12ന് പാക്കിസ്ഥാനിലെ കറാച്ചിയിലാണ് മിയാൻ ദാദ് ജനിച്ചത്. ഇന്ന് കടുത്ത ഇന്ത്യാ വിരുദ്ധനായ മിയാൻദാദിന്റെ കുടുംബം ഇന്ത്യയിൽനിന്ന് കുടിയേറിയവർ ആണെന്നതാണ് ഏറ്റവും രസാവഹം. അഹമ്മദാബാദ്, ബറോഡ തുടങ്ങിയ നഗരങ്ങളിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന പിതാവ് മിയാൻദാദ് നൂർ മുഹമ്മദ് ഗുജറാത്തിലെ പാലൻപൂരിക്കാരനായിരുന്നു. അദ്ദേഹം ക്രിക്കറ്റ താരവും, നവാബിന് വേണ്ടി നഗരത്തിലെ സ്പോർട്സ് ക്ലബ്ബുകളുടെ മേൽനോട്ടം വഹിച്ചിരുന്ന വ്യക്തിയുമായിരുന്നു. പിന്നീട് അദ്ദേഹം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് മാറി. മകൻ ജാവേദ് മിയാൻദാദും ചെറുപ്പത്തിലേ ക്രിക്കറ്റ് കളിച്ചുതുടങ്ങി. എഴുസഹോദരങ്ങളിൽ മറ്റ് മൂന്നുപേരും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരങ്ങളുമാണ്.
1975-നും 1996-നും ഇടയിൽ അദ്ദേഹം പാക്കിസ്ഥാനുവേണ്ടി ടെസ്റ്റുകളിലും ഏകദിനങ്ങളിലും തിളങ്ങി. പാക്ക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
1992-ലെ ലോകകപ്പ് പാക്കിസ്ഥാന് നേടിക്കൊടുക്കുന്നതിൽ നിർണായകമായ താരങ്ങളാണ്, ഇമ്രാൻ ഖാനും മിയാൻദാദും. മെൽബണിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 22 റൺസിന് തോൽപിച്ച് കിരീടം ചൂടുമ്പോൾ അന്ന് ഇമ്രാനായിരുന്നു പാക് ക്യാപ്റ്റൻ. മിയാൻദാദ് ടൂർണമെന്റിൽ പാക്കിസ്ഥാന്റെ ഉയർന്ന റൺവേട്ടക്കാരനായി. 9 മത്സരങ്ങളിൽ 62.43 ശരാശരിയിൽ 437 റൺസാണ് മിയാൻദാദ് സ്വന്തമാക്കിയത്. ഫൈനലിൽ 132 റൺസിന്റെ നിർണായക കൂട്ടുകെട്ടുമായി ഇമ്രാനും മിയാൻദാദും തിളങ്ങിയിരുന്നു. ഇമ്രാൻ 110 പന്തിൽ 72 ഉം, മിയാൻദാദ് 98 പന്തിൽ 58 ഉം റൺസ് നേടി. ഇമ്രാൻ ഒരു വിക്കറ്റും സ്വന്തമാക്കി.
റിട്ടയന്മെന്റിനുശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് കോച്ചും കമന്റേറ്ററുമായും അദ്ദേഹം തിളങ്ങി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2009ൽ മിയാൻദാദിനെ ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. ഈ രീതിയിൽ ശരിക്കും ലെജണ്ടറി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കരിയർ തന്നെയാണ് മിയാൻദാദിന് ഉണ്ടായിരുന്നത്.
1981-ൽ ക്രിക്കറ്റ് താരം എന്ന നിലക്ക് പ്രശസ്തനായിരിക്കേയാണ്, ഖാലിദ് സൈഗോളിന്റെയും ഫരീദ ഹയാത്തിന്റെയും മകൾ താഹിറ സൈഗോളിനെ ജാവേദ് വിവാഹം കഴിച്ചത്. അതിൽ രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. മകൻ ജുനൈദ് മിയാൻദാദാണ്, ദാവൂദ് ഇബ്രാഹിമിന്റെ മകൾ മഹ്റൂഖ് ഇബ്രാഹിമിനെ വിവാഹം കഴച്ചത്. തന്റെ മകനും ഇബ്രാഹിമിന്റെ മകളും യുകെയിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് കണ്ടുമുട്ടിയതെന്ന് മിയാൻദാദ് മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ അതിനുമുമ്പേ തന്നെ പരിചയക്കാരാണ് ദാവൂദും മിയാൻദാദും.
നടിമാർ ദാവൂദിന്റെ ദൗർബല്യം
ദാവൂദിന്റെ ക്രിക്കറ്റ് ബന്ധം തുടങ്ങുന്നത് സിനിമയിലൂടെയാണ്. 1980 മുതലുള്ള മുംബൈയുടെ ചരിത്രം ദാവൂദിന്റെത് കൂടിയാണ്. മുബൈയിലെ റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ തൊട്ട് സിനിമാ നിർമ്മാണംവരെ തീരുമാനിക്കുക ഡി കമ്പനിയാണ്. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തായിരുന്നു ഡി കമ്പനിയുടെ മറ്റൊരു പ്രധാന വരുമാനമാർഗം. അതിനായി ദാവൂദിന് അന്താരാഷ്രട ബന്ധങ്ങൾ ഉണ്ടായി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഡി കമ്പനിക്ക് നിക്ഷേപം ഉണ്ടായി.
ഹാജി മസ്താൻ തുടങ്ങിവച്ച അധോലോക-ബോളിവുഡ് ബന്ധം അനിസ് ഇബ്രാഹിമിന്റെയും അബു സലിമിന്റെയും സഹായത്തോടെ ദാവൂദ് പുഷ്ടിപ്പെടുത്തി. ദാവൂദിന്റെ മണിയറയിൽ എത്താൻ സുന്ദരിമാരായ നടികൾ മൽസരിച്ചു. ദാവൂദിനൊപ്പം ക്രിക്കറ്റ് കാണാനും സിനിമാ താരങ്ങളുടെ വൻ നിരയായിരുന്നു. ഈ സമയത്തൊക്കെ നിരവധി ക്രിമിനൽ കേസുകൾ ദാവൂദിനെതിരെ ഉണ്ടായിരുന്നെന്ന് ഓർക്കണം. പൊലീസിന്റെയും ഭരണകർത്താക്കളുടെയും നിരന്തരമായ അലംഭാവം തന്നെയാണ് ഈ ക്രിമിനലിനെ പനപോലെ വളർത്തിയത്.
മോണിക്ക ബേദിയും സഞ്ജയ് ദത്തും, പിന്നെ പ്രശസ്തരും അപ്രശസ്തരുമായ പല നടീനടന്മാരും അധോലോകത്തിന്റെ കളിപ്പാവകളായി. വെള്ളിത്തിരയിലെ മിന്നുന്ന താരങ്ങൾ ദുബായിൽ ദാവൂദിന്റെ വിനീതരായ അതിഥികളായി. ഷൂട്ടിങ് തിരക്കിന്റെ പേരിൽ ക്ഷണം നിരസിച്ചവരുടെ കോൾ ഷീറ്റുകൾ കീറിയെറിയപ്പെട്ടു. കാസറ്റ് രാജാവ് ഗുൽഷൻ കുമാറിനെപ്പോലെ ജീവൻ നഷ്ടമായവർ നിരവധി. വന്നുവന്ന് ഡി കമ്പനി പറയുന്ന നടന്മാരും നടിമാരുമൊ ബോളിവുഡ്ഡിൽ അഭിനയിക്കൂ എന്നായി. മിക്ക സിനിമകളുടെ ഫിനാസൻസർമാരും ഇതേ ടീം തന്നെ. തങ്ങളുടെ കള്ളക്കടത്ത് മയക്കുമരുന്ന് ബന്ധങ്ങളൊക്കെ മറികടക്കാനായി വ്യവസായികളുടെ വേഷമിട്ട് ഡി കമ്പനി മാന്യതയും നേടി.
ബോളിവുഡ് നടിമാർ ദാവൂദിന്റെ ഒരു ദൗർബല്യവും ആയിരുന്നു. 9അന്നത്തെ ക ഗോസിപ്പ് കോളങ്ങളിൽ ദാവൂദ് ഇബ്രാഹീമിന്റെ നായികയായിരുന്നു സൂപ്പർ നായികയായിരുന്ന മന്ദാകിനി. രാം തേരി ഗംഗാ മൈലി പോലെയുള്ള ചിത്രങ്ങളിൽ നായികയായിരുന്നു മന്ദാകിനി, 1994-ൽ അധോലോക നായകനൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതായിരുന്നു കഥകൾക്ക് ആധാരം. അതുപോലെ എത്രയെത്ര നടികൾ.
ദാവൂദിനെ പുറത്താക്കിയ കപിൽദേവ്
സിനിമയിലെ ഹരം കുറഞ്ഞപ്പോഴാണ് ദാവൂദ് ക്രിക്കറ്റിന്റെ അനന്ത സാധ്യതകളിലേക്കു തിരിയുന്നത്. കളിക്കാനല്ല, കളിപ്പിക്കാനും കളിയുടെ വിധി നിർണയിക്കാനുമായിരുന്നു താൽപ്പര്യം. 1980 മുതൽ ദാവൂദ് വാതുവയ്പിൽ സജീവമായി. ഒത്തുകളിയിൽ ലക്ഷങ്ങളെറിഞ്ഞ്, വാതുവയ്പിൽ കോടികൾ നേടി. ഇന്ത്യൻ താരങ്ങൾക്കായി ദാവൂദ് വലവരിച്ചെങ്കിലും ആരും വീണില്ല. ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ വരെ ദാവൂദ് കയറിയിറങ്ങിയെന്ന് കപിൽദേവ് ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.
കപിൽ ദേവിന്റെ സഹതാരം ദിലീപ് വെങ്‌സാർക്കറാണ് അന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും ആദ്യം വെളിപ്പെടുത്തിയത്. "1986-ൽ ദാവൂദ് ഇബ്രാഹിം ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ എത്തിയിരുന്നു. കപിൽ ദേവായിരുന്നു അന്ന് ക്യാപ്റ്റൻ. ഷാർജയിൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം. ഡോണിനെ വ്യവസായിയെന്ന് പരിചയപ്പെടുത്തിയത് ഒപ്പമുണ്ടായിരുന്ന, പ്രശസ്ത നടൻ മെഹമൂദ് ആയിരുന്നു. അപ്പോൾ തന്നെ ദാവൂദ് ടീം ഇന്ത്യയുടെ കളിക്കാർക്ക് ഓഫർ നൽകി. നാളത്തെ ഫൈനൽ മത്സരത്തിൽ വിജയിച്ചാൽ എല്ലാ കളിക്കാർക്കും ഓരോ ടൊയോട്ട കൊറോള കാർ സമ്മാനമായി നൽകുമെന്നും പറഞ്ഞു.
ഓഫർ കേട്ട് എല്ലാവരും പരസ്പരം നോക്കാൻ തുടങ്ങി. ഇതിനിടെ കപിൽദേവ് വാർത്താസമ്മേളനം പൂർത്തിയാക്കി ഡ്രസ്സിങ് റൂമിലെത്തി. അതോടെ അന്തരീക്ഷം മാറി. കപിൽ ആദ്യം മഹമൂദിനോട് പറഞ്ഞു, 'മഹമൂദ് സാഹേബ്, ദയവായി ഡ്രസ്സിങ് റൂമിൽ നിന്ന് പോകു'. അപ്പോൾ കപിലിന്റെ കണ്ണുകൾ ദാവൂദ് ഇബ്രാഹിമിലേക്ക് വീണു. അയാളെ നോക്കി 'ഇയാൾ ആരാണ്, പുറത്തുപോകു' എന്് പറഞ്ഞു. കപിലിന്റെ മറുപടിക്ക് പിന്നാലെ ദാവൂദ് ഇബ്രാഹിം ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിപ്പോയി. ഞാനൊഴിക മറ്റാർക്കും ദാവൂദിനെ തിരിച്ചറിയാനായില്ല.- ദിലീപ് വെങ്‌സാർക്കർ ഒരു അഭിമുഖത്തിൽ പറയുന്നു.
'ഷാർജ ഡ്രസ്സിങ് റൂം അഴിമതി' എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ഇതിൽ പിൽക്കാലത്ത് അന്വേഷണം നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. പക്ഷേ പാക് താരങ്ങളുടെ കാര്യം അങ്ങനെയായിരുന്നില്ല. പലരും പണത്തിനും പെണ്ണിനും വേണ്ടി ദാവൂദിന് മുന്നിൽ വീണു. മാത്രമല്ല അന്നത്തെ ദാവൂദിന് ഒരു ബിസിനസുകാരൻ എന്ന നിലയിൽ കൂടി ഇമേജുണ്ടായിരുന്നു. അയാളുടെ പല സംരംഭങ്ങളിലും ക്രിക്കറ്റ് താരങ്ങൾ ഭാഗമായി. പാക്കിസ്ഥാൻ താരങ്ങളുമായും അദ്ദേഹം അടുത്ത സൗഹൃദത്തിലായി. മകളെ ജാവേദ് മിയാൻദാദിന്റെ മകനു വിവാഹം കഴിച്ചു കൊടുക്കുമ്പോൾ ദാവൂദിന് വേറെ ചില ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. വിനോദവും ജീവിതവുമെല്ലാം വ്യവസായത്തിന്റെ ഭാഗമാക്കുകയായിരുന്നു ദാവൂദ്. ഒപ്പം പാക്കിസ്ഥാനിൽ ഒരു ശക്തനായ ബന്ധുവിനെ കിട്ടുക എന്നതും തനിക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്ന് ദാവൂദിന് അറിയാമായിരുന്നു.
മകൾ മലേറിയ വന്ന് മരിക്കുന്നു
മുബൈ സ്ഫോടനും, ആഗോള തീവ്രവാദ ബന്ധം തെളിഞ്ഞതുമാണ് ദാവൂദിന് വല്ലാത്ത തിരിച്ചടിയായത്. അമേരിക്ക അടക്കം കർശനമായ നടപടികളിലേക്ക് തിരിഞ്ഞതോടെ അയാൾ സാമ്പത്തികമായി തകർന്നു. സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം മുറുകിയപ്പോൾ തന്നെ ദാവൂദ് മുംബൈയിൽ അരക്ഷിതനായിരുന്നു. മറുവശത്ത് ഡി കമ്പനിക്കു കനത്ത പ്രഹരങ്ങളേൽപ്പിച്ചുകൊണ്ട് ഛോട്ടാ രാജന്റെ കൊലവിളി. അങ്ങനെ ദുബായ് സ്ഥിരം ആസ്ഥാനമാക്കാൻ ഡോൺ നിർബന്ധിതനായി. അവിടത്തെ രാജകുടുംബവുമായി ബന്ധമുള്ള ഷെയ്ക്ക് സാഗർ ബിൻ അബ്ദുള്ള ഹമിൽ അൽ ഗസ്‌നിയാണു ദാവൂദിന്റെ വിസ ആദ്യം സ്‌പോൺസർ ചെയ്തത്. പക്ഷേ, ഇന്ത്യയും യുഎഇയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ടായിരുതിനാൽ ഏറെക്കാലം അങ്ങനെ തുടരാനായില്ല.
അതോടെയാണു കറാച്ചിയിൽ അഭയം തേടുന്നത്. തിരിച്ചടികളുടെ കാലമായിരുന്നു അത്. ഭാര്യയെയും മകനെയും നാലു പെൺമക്കളെയും കറാച്ചിയിലെത്തിക്കാൻ സാധിച്ചു. പക്ഷേ, 12 വയസായ മകൾ അവിടെവച്ചു മലേറിയ ബാധിച്ചു മരിച്ചു. എന്നിട്ടും തിരിച്ചടികളിൽനിന്നു കരകയറാനുള്ള സഹജവാസന ദാവൂദ് കൈവിട്ടില്ല. പാക്കിസ്ഥാനിൽ പുതിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. വിദേശി, അതും ഒരിന്ത്യക്കാരൻ പാക്കിസ്ഥാനിൽ വന്ന് ആളാകുത് അവിടുത്തെ പരമ്പരാഗത അധോലോക നേതാക്കൾക്കും അൽത്താഫ് ഹുസൈന്റെ എംക്യുഎം നേതാക്കൾക്കും സഹിച്ചില്ല. മുബൈയിലെ പഴയ ഡോൺ കരിം ലാലയുടെ ലൈനിൽ ദാവൂദ് ബിസിനസ്‌കാർക്കടയിൽ മധ്യസ്ഥതയ്ക്കിറങ്ങാനും തുടങ്ങിയപ്പോൾ അവരുടെ അസ്വസ്ഥത വർധിച്ചു. പക്ഷേ, വിരമിച്ചവരും സർവീസിലുള്ളവരുമായ ഐഎസ്‌ഐ ഉദ്യോഗസ്ഥർ നേരിട്ടൊരുക്കിയ രക്ഷാവലയത്തിൽ ദാവൂദ് നിർഭയം വാഴ്ച തുടർന്നു.
പ്രത്യുപകാരമായി ഡി കമ്പനി പാക്കിസ്ഥാനു വേണ്ടി മുംബൈയിൽ ചാരപ്പണി ചെയ്തു. റോ ഏജന്റുമാരെ തിരിച്ചറിയാൻ സഹായിച്ചു. പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ പോലും വഴി തെറ്റിക്കാൻ മാത്രം സ്വാധീനം ദാവൂദ് അധികം വൈകാതെ അവിടെ ആർജിച്ചെടുത്തു. പക്ഷേ ആഗോള തീവ്രാവാദത്തിനെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനുമൊക്കെ ഒന്നിച്ചപ്പോൾ ദാവൂദിന് പണി കിട്ടി. ലോകമെമ്പാടുമുള്ള 55,600 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പാക്കിസ്ഥാനിലെ 500 കോടിയിലേക്ക് ഒതുങ്ങി.
ദാവൂദിന്റെ വിശ്വസ്തനും ഫിനാൻഷ്യറുമായിരുന്ന ശരത് ഷെട്ടിയെ ഛോട്ടാ രാജൻ സംഘം വധിച്ചതു ഡി കമ്പനിക്കു മേൽ വെള്ളിടിയായി പതിച്ചു. പല പ്രധാന ഓപ്പറേഷനുകളുടെയും മാസ്റ്റർ മൈൻഡ് ആയിരുന്ന ഷോയബ് ഖാന്റെ മരണവും കനത്ത തിരിച്ചടിയായി. 2017-ൽ ഉണ്ടായ ഹൃദയാഘാതമാണ് ദാവൂദിനെ പൂർണ്ണമായും തകർത്തത്. അന്നുതൊട്ട് തീർത്തും രോഗിയാണ് ഈ 68കാരൻ. കാലിലുണ്ടായ വ്രണത്തെത്തുടർന്ന് നേരത്തെ ദാവൂദ് ചികിത്സയിലായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാൻ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെ പലതവണ ദാവൂദ് മരിച്ചെന്നും വാർത്തകൾ വന്നു.
ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാൽ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. സ്ഥിരമായി താവളങ്ങൾ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാക്കിസ്ഥാനിലാണുള്ളതെന്നും പാക്കിസ്ഥാൻ ഏജൻസികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘനയ്ക്ക് തെളിവ് നൽകിയിരുന്നു. ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള വീടിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.
ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റൺ, കറാച്ചി എന്നാണെന്ന് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കറാച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റൺ. സിന്ധിലെ മുൻ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ എന്നിവർക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്. ദാവൂദിന് പാക്കിസ്ഥാനും ശത്രുക്കൾ നിരവധിയാണ്. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് വിഫലമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ദാവൂദിനും പുത്ര ദുഃഖം
നമ്മുടെ കിരീടം സിനിമയിലെ തിലകന്റെ അവസ്ഥാണ് ദാവൂദിന്റെ പിതാവ് ഇബ്രാഹീം കസ്‌ക്കറിന് ഉണ്ടായത്. അദ്ദേഹം മഹാരാഷ്ട്രയിലെ ഒരു പൊലീസ് കോൺസ്റ്റബിളും, വലിയ മത വിശ്വാസിയുമായിരുന്നു. ദാവൂദിനെ തന്നെപ്പോലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആക്കണം എന്നായിരുന്നുത്രേ പിതാവിന്റെ ആഗ്രഹം. പക്ഷേ ഒരു കേസിൽപെട്ട് പിതാവ് സസ്പെൻഷനിൽ ആയപ്പോൾ, തന്റെ വീട്് സംരക്ഷിച്ചുകൊണ്ടാണ് ദാവൂദ് ഉമ്മയുടെയും സഹോദങ്ങളുടെയും മുന്നിൽ ഹീറോ ആവുന്നത്. പക്ഷേ മകന്റെ വഴിവിട്ട പോക്കുകൾ ഒരിക്കലും പിതാവ് അംഗീകരിച്ചിരുന്നില്ല. ഒരു കേസിൽ ദാവൂദിനെ പിടിച്ചപ്പോൾ നഗരത്തിലൂടെ ബെൽറ്റ് കൊണ്ടടിച്ച്, പിതാവ് കസ്‌കർ ദാവൂദിനെ സ്റ്റേഷനിൽ എത്തിച്ചു. ആദ്യകാലത്ത് ഇദ്ദേഹത്തിന്റെ മകൻ എന്നപേരിൽ ബോംബെ പൊലീസ് പല കുറ്റകൃത്യങ്ങളിൽനിന്നും താക്കീത് നൽകി കേസ് എടുക്കാതെ ദാവൂദിന്റെ വിട്ടിരുന്നു. പിന്നെ ദാവൂദ് പൊലീസിനുപോലും ഭീഷണിയായി.
ഹതാശനായ പിതാവ് പക്ഷേ ഒരിക്കലും ദാവൂദിന് ഒപ്പം നിന്നില്ല. പക്ഷേ ചരിത്രത്തിന്റെ കാവ്യനീതി അവിടെയും തീരുന്നില്ല. ആ പിതാവിന്റെ കണ്ണീരിന്റെ വില ദാവൂദ് പിന്നീടായിരിക്കണം അറിഞ്ഞിട്ടുണ്ടാവുക. കാരണം ദാവൂദിന്റെ കോടികളുടെ സ്വത്തുക്കളുടെ അനന്തരാവകാശിയായ ഏക മകൻ എല്ലാ ഉപേക്ഷിച്ച് ആത്മീയ വഴിയിലേക്ക് നീങ്ങി!
ഇന്ത്യ വിട്ട് ദുബായിൽ ചേക്കേറിയപ്പോൾ സഹോദരങ്ങളെയൊന്നാകെ ദാവൂദ് ഒപ്പം കൊണ്ടുപോയി. ഇളയ സഹോദരി ഹസീന പാർക്കറുടെ ഭർത്താവ് ഇബ്രാഹിം പാർക്കറാണ് പിന്നീട് ഇന്ത്യയിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. പാർക്കറെ ഗാവ്‌ലി ഗ്യാങ് കൊലപ്പെടുത്തിയതോടെയാണ് ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാർക്കർ അധോലോകത്തേക്ക് കടന്നു വരുന്നത്. ഹസീനയുടെ ഗോൾഡൻ ഹാൾ അപാർട്ട്മെന്റ് ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. മുംബൈയിലെ 'ഗോഡ് മദർ' എന്നാണ് ഹസീന ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. ദാവൂദ് മെഹ്ജബീൻ ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. മക്കളെല്ലാവരും വിവാഹിതരാണ്. ഏക മകൻ മോയിൻ നവാസാണ് മൗലവിയായത്. ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കർ അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയതാണിത്. തന്റെ സാമ്രാജ്യത്തിന് അവകാശികളില്ലാത്തതിനാൽ ദാവൂദ് ദുഃഖിതനാണെന്നും മൊഴിയിലുണ്ടായിരുന്നു.
ദാവൂദ് പാക്കിസ്ഥാനിലേക്ക് മുങ്ങിയപ്പോൾ, ഛോട്ടാ ഷക്കീൽ, ദാവൂദിന്റെ സഹോദരങ്ങളായ അനീസ് ഇബ്രാഹിം കസ്‌കർ, മുഷ്താഖിം ഇബ്രാഹിം കസ്‌കർ എന്നിവരാണ് വിദേശങ്ങളിലിരുന്ന് അധോലോക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. മറ്റു സഹോദരങ്ങളായ ഹസീന പാർക്കറും ഇക്‌ബാൽ കസ്‌കറും മുംബൈയിലെ ഇടപാടുകൾ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ, ഹസീന മരിക്കുകയും, ഇക്‌ബാൽ ജയിലിലാവുകയും ചെയ്തതോടെ കുടുംബത്തിൽനിന്നു ശക്തരായ പിൻഗാമികൾ മുംബൈയിൽ ഇല്ലാതായി.
ഇപ്പോൾ ദാവൂദിന്റെ പിൻഗാമി ആരെന്നതിനെ ചൊല്ലിയും കുടുംബത്തിൽ തകർക്കമുണ്ട്. ദാവൂദിന്റെ വലംകൈ ഛോട്ടാ ഷക്കീൽ പിൻഗാമിയാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അനീസ് ഇബ്രാഹിം കസ്‌കറും, മുഷ്താഖിം ഇബ്രാഹിം കസ്‌കറും തങ്ങളാണ് യോഗ്യരെന്നു കരുതുന്നു. ഇവിടെയാണ് മരുമകനും പാക്ക് മുൻ ക്രിക്കറ്റ് താരം മിയാൻദാദിന്റെ മകനുമായ ജുനൈദിന്റെ പേര് ഉയർന്നുവവുന്നത്. മികച്ച ബിസിനസുകാരനും നേതൃശേഷിയുള്ളവനുമാണ് ഇയാൾ. മാത്രമല്ല ഇപ്പോൾ അധോലോക പ്രവർത്തനങ്ങളല്ല, ലീഗൽ ബിസിനസുകളാണ് ദാവൂദ് ഫാമിലി നടത്തുന്നത്. അതുകൊണ്ടുതന്നെ ജൂനൈദ് ദാവൂദിന്റെ പിൻഗാമിയാവും എന്ന് പറയുന്നവരുണ്ട്. ഇക്കാര്യം ഉറപ്പിക്കാനാണ് മിയാൻദാദിന്റെ ദാവൂദ് അനുകല പ്രസ്താവനയെന്നും പറയുന്നു. എന്നാൽ കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ എന്നപേരിൽ ജൂനൈദിനെ അവർ അംഗീകരിക്കാനും ഇടയില്ല. ദാവൂദ് മരണം സ്ഥിരികരിക്കപ്പെട്ടു കഴിഞ്ഞാൽ, കുടുംബത്തിൽ പിൻഗാമിയെ ചൊല്ലി വെടിപൊട്ടുമെന്നും പ്രചാരണമുണ്ട്. .
വാൽക്കഷ്ണം: പാക്കിസ്ഥാനിൽ മൂൻ ക്രിക്കറ്റ് താരം ഇമ്രാൻഖാൻ അധികാരത്തിൽ വന്നപ്പോൾ മിയാൻദാദ് വഴി ചില സഹായങ്ങൾ ദാവൂദ് സംഘം പ്രതീക്ഷിച്ചുന്നു. പക്ഷേ അതുണ്ടായില്ല. ഇമ്രാനെ പ്രധാനമന്ത്രി പദത്തിലെത്താൻ സഹായിച്ചെങ്കിലും അദേഹം ഒന്ന് ഫോൺ വിളിച്ച് നന്ദി പറയാനുള്ള മനസ് പോലും കാണിച്ചില്ല എന്നാണ് മിയാൻദാദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.