ലോകത്തിലെ ഏറ്റവും നരാധമന്‍മാരുടെ നാട് ഇന്ന ഇമേജായിരുന്നു, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, ജര്‍മ്മനിക്ക് ഉണ്ടായിരുന്നത്. ഹിറ്റലര്‍ ഉണ്ടാക്കിക്കൊടുത്ത ചീത്തപ്പേര് അത്രക്കുണ്ടായിരുന്നു. കൂട്ടക്കൊലയുടെ കഥകള്‍ പുറത്തുവന്നപ്പോള്‍ ഓരോ ജര്‍മ്മനിക്കാരന്റെയും തലകുനിഞ്ഞു. 1945 നുശേഷം പൂര്‍വ ജര്‍മ്മനി എന്നും പശ്ചിമ ജര്‍മ്മനി എന്നും രണ്ടായി വിഭജിക്കപ്പെട്ട രാജ്യം, 1990-കളില്‍ ബര്‍ലിന്‍ മതില്‍ തകര്‍ന്നുകൊണ്ട് ഏകീകരിക്കപ്പെട്ടു. ആഗോളീകരണത്തിന്റെ തുടക്കം സത്യത്തില്‍ ഇതായിരുന്നു. 1945- മുതലുള്ള 10 വര്‍ഷം ജര്‍മ്മനിക്ക് കുറ്റബോധത്തിന്റെ കാലമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പക്ഷേ പിന്നീട് അവര്‍ ആ ഇന്‍ഹിബിഷനില്‍നിന്ന് മാറി. വിദ്യാഭ്യാസവും, അറിവും സ്വാംശീകരിച്ച് ശാസ്ത്രത്തിന്റെ സഹായത്തോടെ ജര്‍മ്മന്‍ ജനത വളര്‍ന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ കമ്പോട് കമ്പ് തകര്‍ന്ന ഒരു നാടിനെ അവര്‍ മനോഹരമായ പുന:സൃഷ്ടിച്ചു. ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവല്‍കൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി- ഇറക്കുമതി രാജ്യമാണിത്. സാമൂഹികസുരക്ഷയെയും, സാര്‍വത്രിക ആരോഗ്യ സംരക്ഷണത്തെയും, പരിസ്ഥിതി സംരക്ഷണത്തെയും, സൗജന്യവിദ്യാഭ്യാസത്തെയും ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ഒരു സ്ഥാപകാംഗമാണ് ജര്‍മ്മനി. ഐക്യരാഷ്ട്രസഭ, നാറ്റോ, ജി8, ജി 20 എന്നിവയില്‍ അംഗമാണ്. ദേശീയ സൈനിക ചെലവ് ലോകത്തിലെ ഉയര്‍ന്ന ഒമ്പതാമത്തെയാണ്.

പക്ഷേ അതൊന്നുമായിരുന്നില്ല, ജര്‍മ്മനിയെ ഏറ്റവും ശ്രദ്ധേയമാക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ചതും ഈ നാടാണ്. അമേരിക്ക കഴിഞ്ഞാല്‍ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും ജര്‍മ്മനിയാണ്. നഴ്സിംഗ്, എഞ്ചിനീയറിംഗ് മേഖലകളിലേക്ക് വിദഗ്ധ തൊഴിലാളികള്‍ ഇവിടെ ധാരാളം. വിദ്യാഭ്യാസത്തിന് വേണ്ടിയും വിദേശ വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്താറുണ്ട്. മലയാളി നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് ജര്‍മ്മനി. ആയിരക്കണക്കിന് മലയാളികള്‍ സംതൃപ്തിയോടെ ഇവിടെ ജോലിചെയ്യുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളും, അത്ലറ്റുകളും, പാട്ടുകാരും, സിനിമാക്കാരുമൊക്കെ ജര്‍മ്മനിയില്‍ നിന്ന് ഉണ്ടാവുന്നു.

പക്ഷേ ഇന്ന് ആ കുടിയേറ്റം ജര്‍മ്മനിക്ക് വിനയാവുകയാണ്. കുടിയേറ്റക്കാരില്‍ പെരുകുന്ന തീവ്രാദം ആ നാടിന്റെ ശാപമാവുന്നു. അവരെ നേരിടാനെന്ന പേരില്‍ തീവ്ര വലതുപക്ഷം പച്ചപിടിക്കുന്നു. ഇതിന്റെ ഒക്കെ ഇടയിലാണ്, കഴിഞ്ഞ ആഴ്ച ജര്‍മ്മന്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഓടിച്ചുകയറിയുള്ള ആക്രമണം നടന്നത്. ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് സഖ്യസര്‍ക്കാര്‍, തകര്‍ന്നതിന് പിന്നാലെ, ജര്‍മ്മനി തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കവെയാണ് രാജ്യത്തെ ഞെട്ടിച്ച് ഈ ആക്രമണം നടന്നത്.

ഫെബ്രുവരി 23-നാണ് ജര്‍മ്മനിയില്‍ തിരഞ്ഞെടുപ്പ്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി, എന്ന എഎഫ്ഡി അഭിപ്രായ സര്‍വേകളില്‍ രണ്ടാം സ്ഥാനത്താണ്. അതിനിടെ ഈ തീവ്രവാദ ആക്രമണത്തിന് പിന്നില്‍ ഒരു എക്സ്മുസ്ലീമായ എഎഫ്ഡി പാര്‍ട്ടിക്കാരനാണെന്നതും വിവാദമാവുന്നു. എക്സ് മുസ്ലീം സംഘടകള്‍ ഇത് ശക്തമായി നിഷേധിക്കയും ചെയ്യുന്നു. ജര്‍മ്മനിയില്‍ രാഷ്ട്രീയവും- സാംസ്‌ക്കാരിക പരിസരവും കലുഷിതമാവുകയാണ്.




പാലുകൊടുത്ത കൈക്ക് കൊത്ത്

ലോകത്ത് കുടിയേറ്റക്കാരോട് ഏറ്റവും കരുണ കാണിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മ്മനി. സിറിയയില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നുമൊക്കെ അഭയാര്‍ത്ഥികളെ ഇസ്ലാമിക രാജ്യങ്ങള്‍പോലും, ആട്ടിപ്പായിപ്പിക്കുമ്പോള്‍ ജര്‍മ്മനി അവര്‍ക്ക് അഭയമായി. നോക്കണം, വംശവെറിയുടെ പേരില്‍ ജൂതരെ കുട്ടക്കൊല ചെയ്ത ഹിറ്റലറുടെ നാടാണ് ഈ രീതിയില്‍ മാനവികതയുടെയും, മനുഷ്യസ്നേഹത്തിന്റെയും മാതൃക തീര്‍ത്തത്. 2013 മുതല്‍ ഓരോ വര്‍ഷവും 1 ദശലക്ഷത്തിലധികം ആളുകള്‍ കുടിയേറുന്ന രാജ്യമാണ് ജര്‍മ്മനി. 2019-ലെ കണക്കനുസരിച്ച്, ഏകദേശം 13.7 ദശലക്ഷം ആളുകള്‍ കുടിയേറ്റക്കാരാണ്. ജനസംഖ്യയുടെ 17 ശതമാനം വരും ഇത്. കുറഞ്ഞ ജനന നിരക്കും തൊഴില്‍ ക്ഷാമവും കാരണം 1950-കള്‍ മുതല്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ നയം താരതമ്യേന ലിബറല്‍ ആയിരുന്നു. അവര്‍ക്ക് ജോലിക്ക് ആളുകളെ ആവശ്യവും ഉണ്ടായിരുന്നു.



പക്ഷേ 2005-ഓടെ ചിത്രം മാറാന്‍ തുടങ്ങി. പതുക്കെ പതുക്കെ ജര്‍മ്മനിയില്‍ ഇസ്ലാമിക മതമൗലികവാദം ശക്തമായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചെറുതും വലതുമായ 50ഓളം ജിഹാദി ആക്രമണങ്ങള്‍ക്കാണ് ജര്‍മ്മനി സാക്ഷിയായത്. കത്തിയാക്രമണങ്ങളും, പള്ളികയറിയുള്ള വെടിവെപ്പും, ആള്‍ക്കൂട്ടത്തിലുടെ കാര്‍ പാഞ്ഞുകയറ്റുന്നതുമൊക്കെ രാജ്യം പലതവണ കണ്ടു. ഇതില്‍ ഭൂരിഭാഗത്തിനും പിന്നില്‍ ഇസ്ലാമിസ്റ്റുകള്‍ തന്നെയായിരുന്നു. സിറിയയില്‍ നിന്നും, അഫ്ഗാനില്‍ നിന്നും, തുര്‍ക്കിയില്‍ നിന്നും, ഉടുതുണിക്ക് മറുതുണിയില്ലാതെ ജര്‍മ്മനിയിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക്, ജനസംഖ്യ വര്‍ധിച്ചതോടെ ശരിയ്യ നിയമം വേണം എന്നായി! ജര്‍മ്മന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ അതിശക്തമാണ് ശരിയ്യ ഫോര്‍ ജര്‍മ്മനി എന്ന കാമ്പയിന്‍.

2021-ലെ ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്റ് റെഫ്യൂജീസിന്റെ കണക്ക് പ്രകാരം 8.32 കോടി ജനസംഖ്യയുള്ള ജര്‍മ്മനിയില്‍ 55 ലക്ഷത്തോളം ഇസ്ലാമത വിശ്വാസികളാണ്. ജനസൃഖ്യയുടെ 6.5 ശതമാനം. 2015നുശേഷം 15 ലക്ഷത്തിന്റെ വര്‍ധനവ്. ഇപ്പോഴത്തെ കണക്ക് പ്രകാരം ഇപ്പോള്‍ രാജ്യത്തെ മൊത്തം മുസ്ലം ജനസംഖ്യ 75ലക്ഷമെങ്കിലും ആയിരിക്കുമെന്ന് ഉറപ്പാണ്. മുസ്ലീം മത വിശ്വാസികളിലെ 45 ശതമാനം പേരും തുര്‍ക്കിയില്‍ നിന്നാണ്. മിഡില്‍ ഈസ്റ്റ്, നേര്‍ത്ത് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ളവരില്‍ അധികവും. ജര്‍മ്മനിയിലുള്ള മുസ്ലീം മതവിശ്വാസികളിലെ 82 ശതമാനവും വിശ്വാസങ്ങള്‍ പാലിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 65 വയസ്സിന് മുകളിലുള്ള 62 ശതമാനവും ശിരോവസ്ത്രം ധരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .

2024 മെയില്‍ നടന്ന കത്തിയാക്രമണത്തില്‍ പിടിയിലായത്, ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥിയായിരുന്നു. 2024 ഓഗസ്റ്റ് 23 നടന്ന മൂന്നുപേരുടെ മരണത്തിനിടയാക്കിയ കത്തിയാക്രമണത്തില്‍ പിടിയിലായത് ഒരു സിറിന്‍ അഭയാര്‍ത്ഥിയാണ്. ഇങ്ങനെ പ്രശ്നം അതിരൂക്ഷമായതോടെയാണ്, തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ രാജ്യം തീരുമാനിച്ചത്. ഇപ്പോള്‍ ഇത്തരം പ്രശ്നക്കാരെ നാടുകടത്തിക്കൊണ്ടിരിക്കയാണ്. 2024- ആഗസ്റ്റ് 31ന് ജര്‍മ്മനിയിലെ ലൈംപ്പിംഗ് നഗരത്തിലെ പ്രശ്നക്കാരായ 28 അഫ്ഗാനികളെ, പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കാബൂളിലേക്ക് തിരിച്ചയച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു.

കുട്ടികളില്‍പ്പോലും ഇസ്ലാമിക തീവ്രാദം എത്തിയെന്നത് ജര്‍മ്മനിയെ പേടിപ്പിക്കുന്നു. 2024 ഏപ്രില്‍ 13 ഇസ്ലാമിസ്റ്റ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി നാല് കൗമാരക്കാരാണ് അറസ്റ്റിലായത്. 15 ഉം 16 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും 15 വയസ്സുള്ള രണ്ട് ആണ്‍കുട്ടിയും, ജര്‍മ്മനിയിലെ ഏറ്റവും ജനസംഖ്യയുള്ള പടിഞ്ഞാറന്‍ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനത്തുന്നിന്നാണ് പിടിയിലായത്. ചര്‍ച്ചുകളും സിനഗോഗുകളും ആക്രമിക്കയായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇത്തരത്തിലുള്ള എത്രയോ നടക്കുന്ന സംഭവങ്ങള്‍ക്കാണ് ആ രാജ്യം സാക്ഷ്യം വഹിച്ചത്.

ഐസിസ് തൊട്ട് തുര്‍ക്കി, കുര്‍ദിഷ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ജര്‍മ്മനിയില്‍ സജീവമാണ് എന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മനിയില്‍ ഏകദേശം 50,000 മുതല്‍ 80,000 വരെ ഇറാഖി കുര്‍ദുകള്‍ ഉണ്ട്. പക്ഷേ ജര്‍മ്മന്‍ മുസ്ലീമുകളില്‍ ഏറ്റവം കൂടുതല്‍പേര്‍ തുര്‍ക്കിയില്‍നിന്നാണ്. കടുത്ത മതമൗലികവാദികളും ഇവര്‍ തന്നെ. പക്ഷേ ഇവര്‍ പിന്നില്‍നിന്നുകൊണ്ട് സിറിയന്‍, അഫ്ഗാന്‍ അഭയാര്‍ത്ഥികളെകൊണ്ടാണ് കൃത്യം ചെയ്യിപ്പിക്കാറുള്ളത്. ജര്‍മ്മനിയിലെ അറിയപ്പെടുന്ന മിക്കവാറും എല്ലാ തീവ്രവാദ ശൃംഖലകള്‍ക്കും വ്യക്തികള്‍ക്കും സലഫിസവുമായി ബന്ധമുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.




ജാനസ് ഇനിഷ്യേറ്റീവ് എന്ന സംരംഭത്തിന്റെ ഭാഗമായി അബ്ബാ എബാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു ഗവേഷണ പ്രകാരം , ജര്‍മ്മനിയിലെ ഷിയ വംശജര്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ഹിസ്ബുള്ളയെ പ്രത്യേകമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു. 2015-ല്‍ ജിഹാദിസ്റ്റ് ഭീകരതയുമായി ബന്ധപ്പെട്ട 11 വിധികളാണ് ജര്‍മ്മന്‍ കോടതികള്‍ പുറപ്പെടുവിച്ചത്. 2016-ല്‍, ഇത് 28ആയി ഉയര്‍ന്നു. പിന്നെ അങ്ങോട്ടുള്ള വര്‍ഷങ്ങളിലും വര്‍ധനവാണ്. ഇതാണ് അഭയാര്‍ത്ഥികളോട് ഏറ്റവും കാരുണ്യത്തോട് പെരുമാറിയ ഒരു ജനതയുടെ മനസ്സുമാറ്റിയതും, അവിടെ തീവ്രവലതുപക്ഷത്തിന് വിത്തിട്ടതും.

വലതുപക്ഷവും ഇലോണ്‍ മസ്‌ക്കും

ഇപ്പോള്‍, ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം വലിയ വാര്‍ത്തയായതോടെ, തീവ്രവലുതുപക്ഷമായ എഎഫ്ഡി എന്ന ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയും ചര്‍ച്ചയാവുകയാണ്. തീവ്ര വലത് വംശീയവാദികളാണ് ഇവര്‍. സ്വന്തം രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കണമെന്ന് വാദിക്കുന്ന പാര്‍ട്ടിയാണ് ഇവര്‍. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസുമായി സാമ്യം തോന്നും. അതുപോലെ വിദേശത്ത് നിന്നുള്ള ഇസ്ലാം കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടി കൂടിയാണ് ഇത്. ഇതാണ് ഇവിടുത്തെ കോണ്‍ഗ്രസ് പോലുള്ള ജര്‍മ്മനിയിലെ ഇടതുപക്ഷ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നത്.

തീരെ പ്രാധാന്യം ഇല്ലാതിരുന്ന എഎഫ് ഡിക്ക് ജര്‍മ്മനിയില്‍ ഇസ്ലാമിക തീവ്രവാദം പടര്‍ന്നുപിടിച്ചത് വളമായി. അതോടെയാണ് 2017ലെ തെരഞ്ഞെടുപ്പില്‍ 94 സീറ്റുകള്‍ നേടി എ എഫ് ഡി മൂന്നാം സ്ഥാനത്തെത്തിയത്. 2023 മുതല്‍ ജര്‍മ്മനിയിലെ രണ്ടാമത്തെ ശക്തമായ പാര്‍ട്ടിയായി എ എഫ് ഡി മാറി. ആലിസ് വെയ് ഡെഫ് ആണ് ഈ പാര്‍ട്ടിയുടെ നേതാവ്. ആണവോര്‍ജ്ജം വേണ്ടെന്ന് വെച്ചവരാണ് ജര്‍മ്മനിയിലെ മറ്റ് പാര്‍ട്ടികള്‍. ഇത് ജര്‍മ്മനിയെ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ദരിദ്രരാക്കി. എന്നാല്‍ എഎഫ് ഡി ന്യൂക്ലിയര്‍ പവര്‍ വേണമെന്ന് വാദിക്കുന്നവരാണ്. നവനാസികളായും ഇവരെ വിലയിരുത്താറുണ്ട്. ജര്‍മ്മനിയില്‍ നിരോധിക്കപ്പെട്ട നാസി മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഇവരുടെ നേതാക്കളില്‍ പലരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ അനധികൃത കുടിയേറ്റത്തെയാണ് എതിര്‍ക്കുന്നതെന്നും, അഭയാര്‍ത്ഥികളെയല്ലെന്നും, ജര്‍മ്മനിയുടെ പുരോഗതിയല്ലാതെ മറ്റ്്് അജണ്ടകള്‍ തങ്ങള്‍ക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

അതിനിടെ ഈ പാര്‍ട്ടിക്ക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക് കൊടുത്ത പിന്തുണയും വലിയ ചര്‍ച്ചയാവുന്നുണ്ട്. ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍, ഒലാഫ് ഷോള്‍ഡ് കഴിവുകെട്ട വിഡ്ഡിയാണെന്നാണ്, മസ്‌ക്ക് കുറിച്ചത്. -'ഒരു രാഷ്ട്രത്തിന്റെ നേതാവ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, അത് വലിയൊരു പ്രശ്‌നമാണ്. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ഉത്തരവാദിത്വം ഏറ്റെടുക്കണം' ഇലോണ്‍ മസ്‌ക് പറഞ്ഞു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 'കഴിവുകെട്ട വിഡ്ഢി'യാണെന്ന വിമര്‍ശിച്ച മസ്‌ക്, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി'(എഎഫ്ഡി)യെ പിന്തുണച്ചും രംഗത്തുവരികയുണ്ടായി. എഎഫ്ഡിക്കു മാത്രമേ ജര്‍മനിയെ രക്ഷിക്കാനാകൂവെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. മസ്‌ക്കിന്റെ പ്രതികരണത്തോട് ഷോള്‍സ് പ്രതികരിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും, അത് ശത കോടീശ്വരന്‍മാര്‍ക്കും ബാധകം ആണെന്നുമായിരുന്നു ഷോള്‍സിന്റെ പ്രതികരണം. തെറ്റായ കാര്യങ്ങള്‍ കൂടി പറയുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



എ.എഫ്.ഡി പാര്‍ട്ടിയെ ന്യായീകരിച്ചുകൊണ്ട് മസ്‌ക് ഒരു ജര്‍മ്മന്‍ പത്രത്തില്‍ ലേഖനവും എഴുതി. വെല്‍റ്റ് ആം സോന്‍ടാഗ് എന്ന പത്രത്തിലാണ് മസ്‌ക് ഇത്തരത്തില്‍ ഒരു ലേഖനം എഴുതിയത്. ഈ പത്രത്തിന്റെ എഡിറ്റര്‍ ഈ ലേഖനത്തിന്റെ പേരില്‍ രാജി വെക്കേണ്ടിവന്നു. ലേഖനത്തില്‍ മസ്‌ക് പറയുന്നത് എ.എഫ്.ഡിക്ക് മാത്രമേ ജര്‍മ്മനിയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നാണ്. സാമ്പത്തികമായും സാംസ്‌ക്കാരികമായും തകര്‍ന്നു കൊണ്ടിരിക്കുന്ന ജര്‍മ്മനിയെ രക്ഷിക്കാനുള്ള അവസാനത്തെ പ്രകാശ നാളമാണ് എ.എഫ്.ഡി എന്നും മസ്‌ക്ക് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ നേതാവായ ആലിസ് വീഡലിനേയും മസ്‌ക്ക് വാനോളം പുകഴ്ത്തുന്നുണ്ട്. ആലിസ് വീഡലിന്റെ ജീവിത പങ്കാളി ശ്രീലങ്കയില്‍ നിന്നുള്ള വ്യക്തിയാണെന്നും അത് കൊണ്ട് തന്നെഅവര്‍ തീവ്ര വലതുപക്ഷ നിലപാട് ഉള്ള വ്യക്തിയല്ല എന്നും മസ്‌ക് ന്യായീകരിക്കുന്നു.

അമേരിക്കയില്‍ അടുത്ത മാസം പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് വളരെ പ്രധാനപ്പെട്ട ചുമതലകളാണ് തന്റെ വിശ്വസ്തനായ മസ്‌ക്കിനെ ഏല്‍പ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനായി നിയോഗിച്ച സമിതിയുടെ മുഖ്യ ചുമതലക്കാരന്‍ ഇലോണ്‍ മസ്‌ക്കാണ്. എന്നാല്‍ ജര്‍മ്മനിയുടെ ആഭ്യന്തര കാര്യങ്ങളില്‍ മസ്‌ക് ഇടപെടുന്നതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 23 നാണ് ജര്‍മ്മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. എ.എഫ്.ഡിക്ക് രാജ്യത്ത് 19 ശതമാനത്തോളം വോട്ടുകള്‍ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

അത് ഷിയാ ജിഹാദിയോ?

എറ്റവും ഒടുവില്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതാണ്, കഴിഞ്ഞ ആഴ്ച ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ആക്രമണം. ക്രിസ്മസ് ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ഇടയിലേക്ക്, യാതൊരു പ്രകോപനവുമില്ലാതെ ഒരു ബിഎംഡബ്യു കാര്‍ ഓടിച്ച് കയറ്റുക. ജര്‍മ്മന്‍ നഗരമായ, മാഗ്‌ഡേബുര്‍ഗില്‍ ഇക്കഴിഞ്ഞ, വെള്ളിയാഴ്ച രാത്രി നടന്ന, അഞ്ചുപേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, ഭീകരാക്രമണത്തിന്റെ രീതികള്‍ നോക്കുമ്പോള്‍ അത് ടിപ്പിക്കല്‍ ജിഹാദി ആക്രമണത്തിന് സമാനമാണ്. പിടിയിലായ പ്രതിയാവട്ടെ സൗദി വംശജനായ ഒരു മന:ശാസ്ത്രഞ്ജനാണ്. പേര്, ഡോ താലിബ് അബ്ദുല്‍ മുഹസിന്‍.

പക്ഷേ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ തന്നെ വിചിത്രമായ ഒരു വാര്‍ത്തയാണ് ലോകം മുഴുവന്‍ പ്രചരിച്ചത്. ജര്‍മ്മനിയെ നടുക്കിയ ഈ ആക്രമണത്തിലെ പ്രതി, ഒരു എക്‌സ് മുസ്ലീം ആണെന്നും, തീവ്ര വലതുപക്ഷക്കാരനായതുകൊണ്ടാണ് അയാള്‍ ഈ ആക്രമണം നടത്തിയത് എന്നായിരുന്നു, പ്രചാരണം. കേരളത്തിലടക്കം സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിസ്റ്റുകളും മീഡിയവണ്‍ ചാനലും ഈ വാര്‍ത്ത പ്രചരിപ്പിച്ചു. എന്നാല്‍ തലേബ് എക്‌സ് മുസ്ലീം അല്ലെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് ഇസ്ലാം മതം വിട്ടവനായി സ്വയം ചിത്രീകരിച്ചതെന്നുമാണ് ജര്‍മ്മനിയിലെ എക്‌സ്-മുസ്ലീങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്ത നില്‍ക്കുന്ന ജര്‍മ്മനിയില്‍ ഇതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയിടുകയാണ്.

ഇസ്ലാം ഉപേക്ഷിച്ച മതവിമര്‍ശകന്‍ എന്ന് ചമയുന്ന പ്രതി യഥാര്‍ത്ഥത്തില്‍ ഷിയ തീവ്രവാദിയാണെന്നും, കഴിഞ്ഞ ഏതാനും വര്‍ഷമായി ഇയാള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സ്-മുസ്ലീം ഗ്രൂപ്പുകള്‍ പറയുന്നു. തലേബിനൊപ്പം പ്രവര്‍ത്തിക്കുകയും പലപ്പോഴും സംസാരിക്കുകയും ചെയ്തതില്‍ നിന്ന് ചില സംശയങ്ങള്‍ തോന്നിയിരുന്നതായാണ് എക്‌സ്-മുസ്ലീങ്ങള്‍ പറയുന്നത്. സൗദിയില്‍ നിന്നുള്ള സ്ത്രീകളോട് തലേബ് പെരുമാറിയിരുന്ന രീതി ശരിയല്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇസ്ലാമിലുള്ള തഖിയ ആണ് തലേബ് നടപ്പിലാക്കിയതെന്ന സംശയവും അവര്‍ പങ്കുവെക്കുന്നുണ്ട്.

ഇസ്ലാമിക ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ നുണ പറയുന്നതും വഞ്ചന കാണിക്കുന്നതും അനുവദിക്കുന്ന ഇസ്ലാമിലെ സിദ്ധാന്തമാണ് തഖിയ. ഇതുപ്രകാരം തലേബ് സ്വയം ഇസ്ലാം വിമര്‍ശകനായും നിരീശ്വരവാദിയായും ചമഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് എക്‌സ്-മുസ്ലീം എന്ന ടാഗ് സോഷ്യല്‍മീഡിയയിലൂടെ സ്വന്തമാക്കി ആക്രമണം നടത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ സംശയം. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. മതം ഉപേക്ഷിച്ച ഒരു മനുഷ്യന് എങ്ങനെയാണ് മതതീവ്രാദിയെപ്പോലെ പെരുമാറാന്‍ കഴിയുക എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം. തലേബിന്റെ മാനസിക നിലയും പരിശോധിക്കണമെന്ന് എക്‌സ് മുസ്ലീങ്ങള്‍ ആവശ്യപ്പെടുന്നു.




കടുത്ത വലതുപക്ഷപാതമുന്നയിക്കുന്ന ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്ന എഎഫ്ഡി ഈ പാര്‍ട്ടിയുടെ അനുഭാവിയാണ്, ഡോ താലിബ് അബ്ദുല്‍ മുഹസിന്‍. എന്നാല്‍ ജര്‍മ്മനിയിലെ എക്സ് മുസ്ലീങ്ങള്‍ ഈ പാര്‍ട്ടിക്കും എതിരാണ്. സ്വയം എക്സ്മുസ്ലീം ആണെന്ന് വിശേഷിപ്പിച്ച്, ഡോ തലേബ് ചെയ്യുന്നതു മുഴുവന്‍ ജിഹാദികളുടെ പണിയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം ജര്‍മ്മന്‍ വിരുദ്ധ പോസ്റ്റുകളാണ്, ഇദ്ദേഹം ഇട്ടുകൊണ്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ തലേബിനെ നാടുകടത്തമെന്ന ഇയാള്‍ കൂടിയേറി സൗദി അറ്യേബ്യ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ജര്‍മ്മന്‍ പൊലീസ് സൂക്ഷിച്ചില്ല. ഈ വര്‍ഷം ജര്‍മ്മനിയെ ഒരു പാഠം പഠിപ്പിക്കുമെന്നും, തന്റെ അവസാനമാണ് ഇത് എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടും, പലരും അത് ജര്‍മ്മന്‍ പൊലീസിന് ടാഗ് ചെയ്തിട്ടും ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ആരും ശ്രദ്ധിച്ചില്ല എന്നത് അത്ഭുതമാണ്.

'ഒരു എക്സ്മുസ്ലീമിന് ഒരു മതസ്വര്‍ഗം കിട്ടാനില്ല. ഇവിടെ നടന്ന തുടര്‍ച്ചയായ കൊലകള്‍ മത സ്വര്‍ഗം മോഹിച്ചാണ്. ഇവിടെ ഡോ താലബിനെതിരെ എക്സ് മുസ്ലീങ്ങളില്‍ ചിലര്‍ തന്നെ കേസ് കൊടുത്തിട്ടുണ്ട്. ഒരു സൈബര്‍ ലിഞ്ചര്‍, പ്രശ്നക്കാരന്‍, ശല്യക്കാരന്‍ എന്നാണ് അയാളെ കണക്കാക്കാന്‍ കഴിയുക. എക്സ് മുസ്ലീങ്ങളുടെ ഒരു ആശയവും വെറുപ്പ് പ്രചരിപ്പിക്കുന്നില്ല. മനുഷ്യനെ മനുഷ്യനായി കാണാനാണ് ഞങ്ങള്‍ പഠിപ്പിക്കുന്നത്. ''- ജര്‍മ്മനിയിലെ എക്മുസ്ലീം നേതാവ് നേവല്‍ റാഫി എക്സില്‍ കുറിച്ചു.

അപകീര്‍ത്തിപ്പെടുത്താനെന്ന് എക്സ് മുസ്ലീങ്ങള്‍

പക്ഷേ എക്സ്മുസ്ലീം മൂവ്മെന്റിനെ തുരങ്കംവെക്കാന്‍ കിട്ടിയ ഒരു അവസരം എന്ന നിലയിലാണ്, ഇത് ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകള്‍ ഇക്കാര്യം പ്രചരിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതം എന്നായിരുന്നു 2010ന്റെ തുടക്കം വരെ, ഇസ്ലാമിസ്റ്റുകള്‍ തങ്ങളുടെ മതത്തെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. നമ്മുടെ മാധവിക്കുട്ടിതൊട്ട് ബോക്സര്‍ മുഹമ്മദലിവരെയുള്ള സെലിബ്രിറ്റികളും, ഹോളിവുഡ് താരങ്ങളും, സ്പോര്‍ട്സ് താരങ്ങളും, ഗായകരുമൊക്കെ ഇസ്ലാം സ്വീകരിച്ചതിന്റെ നീണ്ട് ലിസ്റ്റ് വായിച്ചുകൊണ്ടാണ് എം.എം അക്ബറിനെപോലുള്ള ഇസ്ലാമിക പ്രഭാഷകര്‍ അണികളെ കോരിത്തരിപ്പിക്കാറുള്ളത്. ( ഇതില്‍ പലതും ശുദ്ധ നുണയും ആയിരുന്നു. ആദ്യമായ ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങ് ഇസ്ലാം സ്വീകരിച്ചുവെന്നത് കല്ലുവെച്ച നുണയായിരുന്നു. എന്നാല്‍ ബഹിരാകാശത്ത്വെച്ച് വാങ്കുവിളി കേട്ട് ആംസ്ട്രോങ്ങ് 'സത്യമതം' സ്വീകരിച്ചുവെന്നൊക്കെ ഇന്നും തട്ടിവിടുന്ന ഇസ്ലാമിക പ്രഭാഷകര്‍ ഉണ്ട്) എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടുതൊട്ട് കാര്യങ്ങള്‍ ആകെ മാറിമറിയുകയാണ്. ഈ സോഷ്യല്‍ മീഡിയായുഗത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പുറത്തുകടക്കുന്നതും വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകള്‍ അവകാശപ്പെടുന്ന ഈ മതത്തില്‍നിന്ന് തന്നെയാണ്! ഏറ്റവും പുതിയ പഠനങ്ങളും സര്‍വേകളും ഇക്കാര്യം സ്ഥിരീകരിക്കുയാണ്.

ഒരു രീതിയിലും മെരുങ്ങില്ലെന്ന് കരുതി ഇസ്ലാമിന് കടുത്ത തിരിച്ചടിയാവുകയാണ്, ലോകമെമ്പാടുമുള്ള എക്സ് മുസ്ലീം മൂവ്മെന്റുകള്‍. മതം വിട്ടവനെ കൊല്ലണം എന്നതാണ് ഇസ്ലാമിലെ നിയമം. എന്നിട്ടും ലക്ഷക്കണക്കിന് പേരാണ് ഓരോ വര്‍ഷവും ഇസ്ലാം ഉപേക്ഷിക്കുന്നത്. മൊറോക്കോ, തുര്‍ക്കി, സൗദി, തൊട്ട് ഇസ്ലാമിനെ വിമര്‍ശിച്ചതിന് കഴുത്ത്വെട്ടിയിടുന്ന ബംഗ്ലാദേശില്‍വരെ എക്സ് മുസ്ലീങ്ങളുടെ എണ്ണം വര്‍ധിക്കയാണ്.

ഇസ്ലാം വളരുന്നു എന്നത് പൊള്ളയായ വാദമാണെന്നും അറേബ്യയിലടക്കം യുവാക്കള്‍ കൂട്ടത്തോടെ ഇസ്ലാം ഉപേക്ഷിക്കയാണെന്നുമാണ് പല സര്‍വേകളും പറയുന്നത്. പതിനായിരക്കണക്കിന് യുവാക്കള്‍ ആണ് മതം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയത്. മതം വിട്ടാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയന്ന് നിശബ്ദരായ വിശ്വാസികള്‍ എന്ന് അഭിനയച്ച് ജീവിക്കുന്നവരും ഏറെയുണ്ട്. അങ്ങനെ വരുമ്പോള്‍ എക്സ് മുസ്ലീങ്ങളുടെ എണ്ണം നിലവില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടിയാണ്. 2012-14 കാലഘട്ടത്തില്‍ മിഡില്‍ ഈസ്റ്റില്‍ മതരഹിതരുടെ ശതമാനം 11% ആയിരുന്നെങ്കില്‍, 2019ല്‍ അത് 18% ആയി ഉയര്‍ന്നു. ഇപ്പോള്‍ അത് മിനിമം 25 ശതമാനം ആയിരിക്കണം.


2019ല്‍ ബി.ബി.സി എന്ന പ്രസിദ്ധ വാര്‍ത്താമാധ്യമത്തില്‍ വന്ന ഒരു സര്‍വേ ഫലം ഇങ്ങനെയായിരുന്നു: 'അറബ് വേള്‍ഡ് ടേണിങ്ങ് ദേര്‍ ബാക്കസ് ഓണ്‍ റിലീജിയന്‍'എന്നായിരുന്നു അതിന്റെ തലക്കെട്ട്. അതിന് കാരണമായി പറയുന്നത് ബി.ബി.സി ന്യൂസ് അറബിക്ക് നടത്തിയ സര്‍വേ ആധാരമാക്കിയാണ്. 10 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ (ഫലസ്തീന്‍ അടക്കം) 25000 പേരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള സര്‍വേയായിരുന്നു അത്. അതിന്റെ ഉള്ളടക്കം മത നേതാക്കളിലുള്ള ജനങ്ങളുടെ വിശ്വാസം താഴോട്ട് പൊയ്കൊണ്ടിരിക്കുകയാണ്.

മക്കയും മദീനയും നിലകൊള്ളുന്ന സൗദി അറേബ്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 2012ല്‍, വിന്‍ ഗാലപ്പ് ഇന്റര്‍ നാഷണണല്‍ വോട്ടെടുപ്പ് നടത്തിയപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത്, 5% സൗദികള്‍, അതായത് 15 ലക്ഷത്തോളം ജനങ്ങള്‍ നിരീശ്വരവാദികളാണെന്നും, 19% സൗദികള്‍, അതായത് 56 ലക്ഷത്തോളം ജനങ്ങള്‍ മതരഹിതരാണ് എന്നുമാണ്. ഇന്ന് ഇത് ഒരു കോടിയെങ്കിലും എത്തിയിരിക്കും എന്നാണ് പറയുന്നത്.അറബ് മുസ്ലിം രാജ്യങ്ങളില്‍ ഇപ്പോഴത്തെ തരംഗം ഇതുതന്നെയാണ്. യൂ.എ.ഇ യെമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുടെയും അവസ്ഥ സമാനമാണ്.യു.എസില്‍ നാലിലൊന്ന് മുസ്ലീങ്ങള്‍ മതം വിടുന്നുവെന്നണ് പഠനം. രാജ്യത്തെ പൗരരില്‍ 32 ശതമാനം പേര്‍ മാത്രമാണ് തങ്ങളെ ഷിയ മുസ്ലിങ്ങള്‍ എന്ന് വിശേഷിപ്പിക്കാനാണാഗ്രഹിക്കുന്നത്.

ജിഹാദികള്‍ തൊട്ട് മൗലവിമാര്‍വരെ ഇസ്ലാം ഉപേക്ഷിച്ച അനുഭവം ഈ മൂവ്മെന്റിന്റെ ഭാഗമായി പറയാനുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള മൊറോക്കന്‍ നിരീശ്വരവാദികളില്‍ ഒരാളായ ഹിചാം നോസ്റ്റിക് (തൂലികനാമം) തന്റെ നല്ലകാലത്ത് ഒരു മുസ്ലീമായിരുന്നു. 1990 കളില്‍ അദ്ദേഹം ഒരു ജിഹാദിയായി ബോസ്നിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. നിരവധി എക്സ് മൗലവിമാരെയും ഹുദവികളയെും വരെ നിങ്ങള്‍ക്ക് കേരളത്തില്‍ കാണാം.

ഫലത്തില്‍ ഇസ്ലാം വളരുന്നുവെന്ന് പറയുന്നത് യൂറോപ്പില്‍ മാത്രമാണ്. അത് ആ രാജ്യങ്ങളുടെ കുടിയേറ്റ നിയമവും, അഭയാര്‍ഥികളോടുള്ള ലിബറല്‍ സമീപനവും, ജനസംഖ്യാവര്‍ധനവിനോടുള്ള എതിര്‍പ്പില്ലായ്മയും കൊണ്ട് മാത്രമാണ്. ല്ല. പക്ഷേ അതിന്റെ പേരില്‍ ഇന്ന് യുറോപ്പ് അനുഭവിക്കയാണ്. ഇവിടെ തീവ്രവലതുപക്ഷം വളര്‍ന്നതുമുഴുവന്‍ തുടര്‍ച്ചയായ ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ക്ക് ശേഷമാണ്. അതിന്റെ ഒരപരീക്ഷണശാലയാണ് ജര്‍മ്മനി. ഫ്രെബുവരിയിലെ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

വാല്‍ക്കഷ്ണം: ഏറ്റവും മൈഗ്രേഷന്‍ ഫ്രണ്ട്ലിയായ ജര്‍മ്മനി പോലും നിയമങ്ങള്‍ കര്‍ക്കശമാക്കുകയും, പലരെയും ഡി പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍, കുടിയേറ്റക്കാരില്‍ നിന്ന് ഒരു ആത്മപരിശോധന ഉണ്ടാവുന്നില്ല. ഒരു രാജ്യത്ത് ചെന്നാല്‍ ആ രാജ്യത്തിന്റെ ഭാഗമാവണം എന്ന് പഠിപ്പിക്കാതെ, മതം ഉയര്‍ത്തിപ്പിടിക്കുമ്പോഴുള്ള പ്രശ്നം ഗുരുതരം തന്നെയാണ്.