- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഗുജറാത്തിലെ വികാസ് പുരുഷനോട് അന്ന് മുഖംതിരിച്ച കേരള മണ്ണിൽ ഇളക്കി മറിച്ച മാസ്സ് എൻട്രി; പ്രധാനമന്ത്രിക്ക് കൈകൊടുക്കാൻ കാത്തു നിന്നു സിനിമാ താരങ്ങൾ; വന്ദേഭാരതത്തിനൊപ്പം ജനമനസ്സിലും കുതിച്ചു മോദി മാജിക്ക്; ബിജെപിക്ക് അന്യമായ സ്വീകാര്യത മോദി ഒറ്റയ്ക്ക് നേടിയതിൽ ഞെട്ടി സിപിഎമ്മും; മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് അടിത്തറ കുറവുണ്ടെന്നത് വസ്തുതയാണ്. കേന്ദ്രത്തിൽ ബിജെപി തുടർ ഭരണം കിട്ടിയിട്ടും കേരളത്തിൽ ബിജെപിക്ക് വളർച്ച നേടാൻ കഴിയുന്നില്ല. ഇത് മനസ്സിലാക്കിയാണ് പ്രധാനമന്ത്രി മോദിയുടെ ഗെയിം ചെയ്ഞ്ചർ. പലതവണ കേരളത്തിൽ മോദി എത്തി. പലതും ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയിൽ മാത്രമായിരുന്നു കേരളവുമായി മുമ്പെല്ലാം മോദി സംവദിച്ചത്. എന്നാൽ ഇത്തവണ അതുമാറി. മോദി എന്ന രാഷ്ട്രീയക്കാരൻ എല്ലാ അർത്ഥത്തിലും പ്രതാപം കാട്ടി. കൊച്ചിയിലും തിരുവനന്തുപരത്തും അസാധാരണമായ റോഡ് ഷോ. ഇതിലൂടെ മലയാളിയുടെ മനസ്സിലേക്ക് നടന്നു കയറുകയാണ് മോദി. വികസനത്തിനൊപ്പം രാഷ്ട്രീയവും പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപിക്ക് പ്രതിനിധിയുണ്ടാക്കുകയാണ് ലക്ഷ്യം. അതിന് ഗുജറാത്തിലെ വികാസ് പുരുഷൻ ഇനിയുള്ള ദിവസങ്ങളിൽ നിറയും.
2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന 50കാരൻ ചുമതലയേൽക്കുമ്പോൾ അത് ഇന്ത്യയുടെ ഭാവി ഭാഗധേയം തീരുമാനിക്കുന്ന ഒരു നടപടിയാണെന്ന് ബിജെപിക്കാർ പോലും കരുതിയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ തലവനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മോദി വിശ്രമവും ഇടവേളയുമില്ലാതെ ജോലിചെയ്യുന്നു. രാജ്യത്ത് പകരക്കാരനില്ലാത്ത അമരക്കാരനായി പ്രധാനമന്ത്രി മാറി കഴിഞ്ഞു. ബിജെപിയെന്ന പാർട്ടിപോലും ഇപ്പോൾ മോദിയെന്ന ഒറ്റ മനുഷ്യനിൽ ഒതുങ്ങുന്നു. അവധിയെടുക്കാതെയും ഇടവേളകളില്ലാതെയുമാണ് മോദിയുടെ ഭരണ യാത്ര. അതിൽ വഴങ്ങാത്തത് ദക്ഷിണേന്ത്യയാണ്. കേരളവും തമിഴ്‌നാടും. അതിൽ കേരളത്തിലേക്ക് മോദി കണ്ണുവയ്ക്കുന്നതിന്റെ സൂചനയാണ് ഇത്തവണത്തെ വരവ്.
നോട്ട് നിരോധനം അടക്കമുള്ള രാഷ്ട്രീയ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുനുണ്ടെങ്കിലും, ഇന്ദിരാഗാദ്ധിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തനായ നേതാവാണ് മോദിയെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. പ്രശ്‌നങ്ങൾ പഠിക്കാനും, ചടുലമായി പ്രതികരിക്കാനുമുള്ള കഴിവും, കഠിനധ്വാനവുമാണ് മോദിയെ യുവാക്കൾക്കിടയിൽ ഹീറോ ആക്കുന്നത്. യുവാക്കളെ ആകർഷിച്ച് കേരളത്തിലും മുന്നേറുകയാണ് മോദിയുടെ തന്ത്രം. ഇതിനൊപ്പം ക്രൈസ്തവരെ കൂടെ കൂട്ടാനുള്ള ബോധപൂർവ്വമായ ശ്രമവും. കേരളത്തെ രണ്ടു ദിവസം കൊണ്ട് മോദി ഇളക്കി മറിച്ചു. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ കാൽനടയായി കൊച്ചിയിൽ റോഡ് ഷോ. ചാവേർ ആക്രമണത്തേയും മറ്റ് തീവ്രവാദ ഭീഷണികളേയും ഭയക്കുന്നില്ലെന്ന് കൂടി പറയുകയാണ് മോദി ഇതിലൂടെ ചെയ്തത്. നെഞ്ച് വരിച്ച് വോട്ട് ചോദിക്കുകയാണ് മലയാളിയോട് പരോക്ഷമായി മോദി ചെയ്തത്.
ഗുജറാത്തിലെ വികാസ് പുരുഷൻ ഇന്ത്യയുടെ പകരക്കാരൻ ഇല്ലാത്ത അമരക്കാരനായത് തുടർച്ചയായ വിജയങ്ങളിലൂടെയാണ്. ഗുജറാത്തിൽ ഭരിക്കുമ്പോൾ അന്ന് മോദിയോട് മുഖംതിരിച്ച കേരള മണ്ണിൽ ഇളക്കി മറിച്ച മാസ്സ് എൻട്രിയാണ് മോദി ഇത്തവണ നടത്തിയത്. മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന് കൈ കൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട നേതാവ്. കലാപങ്ങളുടെ പേരിൽ മോദിയെ വിമർശിച്ച മലയാളികൾ. അതെല്ലാം മോദി മാറ്റിയെടുക്കുന്നു. പ്രധാനമന്ത്രിക്ക് കൈകൊടുക്കാൻ നിന്നു സിനിമാ -സംസ്‌ക്കാരിക ലോകം മോദി എന്ന നേതാവിനെ അംഗീകരിക്കുകയാണ്. വന്ദേഭാരതത്തിനൊപ്പം കേരളത്തിലെ ജനമനസ്സിലും കുതിപ്പു നടത്തി മോദിയുടെ രാഷ്ട്രീയ യാത്ര കേരളത്തിലും തുടങ്ങുകയാണ്. മലയാളിക്കിടയിൽ ബിജെപിക്ക് ഇല്ലാത്ത സ്വീകാര്യത സ്വന്തം നിലയിൽ നേടി മോദി രാജ്യത്തെ തന്നെ വിസ്മയിപ്പിക്കുകയാണ്. മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടുന്നു കയറുമ്പോൾ പ്രതീക്ഷയിലാണ് ബിജെപി.
ഹിന്ദു പാർട്ടിയാണ് കേരളത്തിൽ എന്നും ബിജെപി. ക്രൈസ്തവും മുസ്ലീങ്ങളും തീർത്തും മുഖം തിരിച്ചു നിന്നതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം. എന്നാൽ ക്രൈസ്തവ ഭൂരിപക്ഷമുള്ള വടക്കു കിഴക്കും ഗോവയിലും ബിജെപി അധികാരത്തിലെത്തി. പിന്നീട് എന്തുകൊണ്ട് കേരളത്തിൽ ക്രൈസ്തവരെ അടുപ്പിക്കാൻ കഴിയുന്നില്ലെന്ന ചോദ്യം സജീവമായി തന്നെ ഉയർന്നു. ക്രൈസ്തവ സഭയെ ബിജെപിയോട് അടുപ്പിക്കാൻ പല തന്ത്രം പയറ്റി. പലരും വാഗ്ദാനവുമായി എത്തി. എന്നാൽ അതൊന്നും വോട്ടിംഗിലോ പൊതു ചർച്ചയിലോ അനുകൂലമായില്ല. ഇത് മനസ്സിലാക്കിയാണ് മോദി ഇത്തവണ നേരിട്ട് ഇറങ്ങി കളിക്കുന്നത്. മാർപാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് മോദി സർക്കാർ അതിന് തുടക്കമിട്ടു. പിന്നാലെ കേരളത്തിൽ നേരിട്ടെത്തി മോദിയുടെ സഭാ നയതന്ത്രവും. മോദിയെന്ന നേതാവിന്റെ സ്വീകാര്യത മലയാളികളായ ക്രൈസ്തവരുടെ മനസ്സിനേയും ഇളക്കി മറിക്കുമെന്നാണ് പ്രതീക്ഷ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരവും ആറ്റിങ്ങലും പത്തനംതിട്ടയും തൃശൂരും പാലക്കാടും ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളാണ്. ഈ മണ്ഡലങ്ങളിൽ എല്ലാം പ്രമുഖർ സ്ഥാനാർത്ഥികളാകും. തൃശൂരിൽ സുരേഷ് ഗോപി എത്തുമെന്ന് ഉറപ്പാണ്. തിരുവനന്തപുരത്താണ് കൂടുതൽ ജയസാധ്യത. ഇവിടേയും ദേശീയ തലയെടുപ്പുള്ള നേതാവ് മത്സരിക്കാനെത്തും. തൃശൂരിലും തിരുവനന്തപുരത്തും ക്രൈസ്തവ പിന്തുണയുണ്ടെങ്കിൽ ജയിക്കാമെന്നാണ് ബിജെപി വിലയിരുത്തൽ. പ്രകാശ് ജാവദേകറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ലക്ഷ്യം കൈവരിക്കാമെന്നാണ് കണക്കു കൂട്ടൽ. മോദിക്ക് ഈ വരവിൽ കിട്ടിയ സ്വീകരണം സിപിഎമ്മിനേയും അത്ഭുതപ്പെടുത്തുന്നുണ്ട്.
കൊച്ചിയിൽ മാസ് എൻട്രി; തിരുവനന്തപുരത്ത് വികസന നായകൻ
കൊച്ചിയിലെ റോഡ് ഷോയിൽ കാറിലാകും പ്രധാനമന്ത്രിയെത്തുക എന്നു പ്രതീക്ഷിച്ചവരെയും സുരക്ഷാ സേനാംഗങ്ങളെയും ഒരുപോലെ ഞെട്ടിച്ചാണ് ഒരു കിലോമീറ്ററോളം അദ്ദേഹം റോഡിലൂടെ നടന്നത്. റോഡിന്റെ ഇരുവശവും അഭിവാദ്യമർപ്പിക്കാൻ തിങ്ങിനിറഞ്ഞ ജനങ്ങളുടെ നേർക്ക് െകെകൾ വീശി പ്രധാനമന്ത്രി നടന്നു നീങ്ങിയപ്പോൾ കരഘോഷവും പുഷ്പവൃഷ്ടിയും. മറ്റു നേതാക്കളൊന്നുമില്ലാതെ നീങ്ങിയ പ്രധാനമന്ത്രിക്കൊപ്പം സുരക്ഷാഭടന്മാർ മാത്രമാണ് 'സർപ്രൈസ് വാക്കി'ന്റെ ഭാഗമായത്. അതിന് ശേഷം യുവം വേദിയിൽ കേരളം പിടിക്കുമെന്ന പ്രഖ്യാപനം. സ്വർണ്ണ കടത്തും കുടുംബ വാഴ്ചയും രാഷ്ട്രീയ എതിരാളികൾക്ക് മേൽ ആരോപിച്ചത് വികസനത്തിന് കേരളത്തിനുള്ള സാധ്യത പറഞ്ഞാണ്. തിരുവനന്തപുരത്ത് വന്ദേഭാരത്തും കൊച്ചി ജല മെട്രോയും അടക്കം ഉദ്ഘാടനം ചെയ്ത് കേരളത്തിന് വേണ്ടി കേന്ദ്രം ചെയ്യുന്നത് എണ്ണി എണ്ണി പറഞ്ഞു. വരും ദിവസങ്ങളിലും മോദി കേരളത്തിലെത്തും. കേരളത്തിൽ ബിജെപിയുടെ സാധ്യത സജീവമാക്കാൻ ഈ ഇടപെടൽ അനിവാര്യമാണെന്നാണ് മോദിയുടെ വിലയിരുത്തൽ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവവിഭാഗങ്ങളിൽനിന്ന് അകമഴിഞ്ഞ സഹകരണമാണ് ബിജെപി.ക്ക് ലഭിക്കുന്നതെന്നും അത്തരം സഹായം കേരളത്തിൽനിന്ന് ഉണ്ടാകണമെന്നും താജ് മലബാർ ഹോട്ടലിൽ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. മാർപാപ്പയെ ഇന്ത്യയിലേക്ക് സന്ദർശനത്തിന് ക്ഷണിച്ചതായും അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആശങ്കകളും ആവശ്യങ്ങളും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പങ്കുവെച്ചു. തീരദേശവാസികൾ, കുടിയേറ്റ കർഷകർ, റബ്ബർ കർഷകർ എന്നിവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം േവണമെന്ന് അവർ ആവശ്യപ്പെട്ടു. തീരമേഖലയിലെ പ്രശ്നങ്ങൾ സവിശേഷമായ ശ്രദ്ധവേണ്ടതാണെന്നും ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും നരേന്ദ്ര മോദി മറുപടി നൽകി. റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്ന മതഅധ്യക്ഷന്മാരുടെ ആവശ്യത്തിന് കൃത്യമായ മറുപടി പ്രധാനമന്ത്രി പറഞ്ഞില്ല.
മാസ് എൻട്രിയായിരുന്നു കൊച്ചിയിൽ മോദിയുടേത്. വെണ്ടുരുത്തി പാലത്തിനു സമീപത്തെ ഷിർദിസായി ക്ഷേത്ര പരിസരത്തു നിന്നാണ് അദ്ദേഹം പാതയുടെ നടുവിലേക്കിറങ്ങി നടന്നു തുടങ്ങിയത്. കേരളത്തിലെ അദ്ദേഹത്തിന്റെ ആദ്യ റോഡ്ഷോ അക്ഷരാർഥത്തിൽ ജനകീയമായി. മട്ടമ്മൽ പാലത്തിനു സമീപം വരെ പ്രധാനമന്ത്രി നടന്നു. മുണ്ടും ജുബ്ബയും ഷാളും അണിഞ്ഞ് ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിലൂടെയായിരുന്നു നടത്തം. ഇരുവശവും ബാരിക്കേഡുകൾക്കപ്പുറം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ പ്രധാനമന്ത്രി കൈകൾ വീശി അഭിവാദ്യം ചെയ്തു. ജനക്കൂട്ടത്തിന്റെ ആവേശം നിയന്ത്രിക്കാൻ പൊലീസും പണിപ്പെട്ടു. മൊബൈൽ ഫോൺ ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്താനും ജനം തിരക്കുകൂട്ടി. റോഡ് ഷോയുടെ അവസാനഘട്ടത്തിൽ യാത്ര വാഹനത്തിലായി. ഇതിനിടെ കുമ്പളങ്ങി അർധനാരീശ്വര ക്ഷേത്രത്തിലെ വനിതാസംഘം തിരുവാതിരക്കളി അവതരിപ്പിച്ച വേദിയിലേക്കുമെത്തി പ്രധാനമന്ത്രിയുടെ അഭിവാദ്യം.
സ്വർണ്ണ കടത്ത് ചർച്ചയാക്കിയ രാഷ്ട്രീയം
കേരളത്തിനായി ബിജെപി മുന്നോട്ടുവയ്ക്കുന്ന ബദൽ വികസനരേഖ വ്യക്തമാക്കുന്നതിനൊപ്പം കേരളത്തിലെ എൽഡിഎഫ്യുഡിഎഫ് മുന്നണികളെ കടന്നാക്രമിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം വേദിയിലെ പ്രസംഗം. ആരുടേയും പേരു പറയാതെ എല്ലാം പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സിപിഎമ്മും കോൺഗ്രസും ഒരു പോലെ എതിർക്കപ്പെടേണ്ടവരാണ് കേരളത്തിൽ ബിജെപിക്ക് എന്ന സന്ദേശമാണ് മോദി കൊച്ചിയിൽ നൽകുന്നത്. പ്രധാനമന്ത്രിയുടെ ഓരോ വാക്കുകളും കൈയടിയൊടെയാണ് സദസ്സ് സ്വീകരിച്ചത്. രാജ്യത്തിന്റെ ഭാവിയിലുള്ള പ്രയാണം ഏത് രീതിയിൽ ആയിരിക്കണമെന്നും മോദി വ്യക്തമാക്കി. തന്റെ വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കിയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പക്ഷേ അതിലുപരി ശ്രദ്ധേയമാകുന്നത് സിപിഎമ്മിന് മോദി നൽകുന്ന ഒളിയമ്പുകളാണ്.
കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനു പകരം പാർട്ടി താൽപര്യം സംരക്ഷിക്കുന്നവരാണ് കേരളത്തിലുള്ളത്. മറ്റൊരു കൂട്ടർ കുടുംബതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു. രാജ്യം കയറ്റുമതി ശേഷി വർധിപ്പിക്കാൻ നാം ശ്രമിക്കുമ്പോൾ, ഒരു കൂട്ടർ സ്വർണ്ണക്കടത്ത് നടത്തുന്നു. ഇത് കേരളത്തിലെ യുവാക്കൾ തിരിച്ചറിയണം മോദി പറഞ്ഞു. യുവാക്കളുടെ ആശയാഭിലാഷങ്ങൾ മനസ്സിലാകുന്ന സർക്കാരാണ് ബിജെപിയുടേത് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതായത് നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്ത് ഇനിയും കേരളത്തിൽ ബിജെപി ചർച്ചയാക്കും. ഇതിൽ പലതും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലാണ്. ഈ അന്വേഷണ ഏജൻസികളുടെ ഇനിയുള്ള നീക്കം നിർണ്ണായകമാണ്.
സിപിഎമ്മിന് കൊള്ളുന്ന തരത്തിലാണ് മോദിയുടെ പ്രസംഗം. ഇതിനൊപ്പം കോൺഗ്രസിനെ കുടുംബ പാർട്ടിയുമായി. യുവാക്കളുടെ വേദിയിൽ വികസനം മാത്രമാകും സംസാരിക്കുക എന്നായിരുന്നു ഏവരും കരുതിയത്. മോദിയുടെ കൊച്ചിയിലെ വരവിനെ രാഷ്ട്രീയമായി സിപിഎം പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. മോദിയോട് 100 ചോദ്യങ്ങൾ എന്ന തരത്തിൽ കേരളത്തിലുടനീളം യുവ സദസ്സുകൾ ഡി വൈഎഫ് ഐ സംഘടിപ്പിച്ചു. ഇതെല്ലാം മനസ്സിലാക്കി കൂടിയാണ് രാജ്യം കയറ്റുമതി ശേഷി വർധിപ്പിക്കാൻ നാം ശ്രമിക്കുമ്പോൾ, ഒരു കൂട്ടർ സ്വർണ്ണക്കടത്ത് നടത്തുന്നുവെന്ന മോദിയുടെ പ്രസംഗം.
ഗുജറാത്തിൽ തുടങ്ങിയ പടയോട്ടം
2001ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി വരുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെയയായിരുന്നു. ഗുജറാത്തിനെ മുച്ചൂടം തകർത്ത ഭൂകമ്പത്തിലടക്കം സർക്കാറിന്റെ പ്രകടനം മോശമായിരുന്നു. ഗ്രൂപ്പിസവും അന്തചിദ്രങ്ങളും ഇതിന് പുറമേ. ഉപതെരഞ്ഞെടുപ്പിലും ബിജെപി തോൽക്കുന്നു. ഈ അവസ്ഥയിൽനിന്ന് തുടങ്ങിയ മോദി കാവിക്കൊടി ഗുജാറാത്തിൽ വാനം മുട്ടെ ഉയർത്തി എന്ന് മാത്രമല്ല, ഇന്ദ്രപ്രസ്ഥത്തിലും അത് ഉയർത്തുകയും ചെയ്തു.
കേശുഭായ് പട്ടേലിന്റെ മന്ത്രി സഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങിയത്. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പ കെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എൽ.കെ.അദ്വാനിക്കു താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദിയും തള്ളി. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. അതുതന്നെയാണ് നിർണ്ണായകം ആയതും.
2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. മോദി അധികാരമേറ്റ വളരെ പെട്ടന്നുതന്നെ ഗുജറാത്തിന്റെ ഭരണ രാഷ്ട്രീയം രംഗം മാറാൻ തുടങ്ങി. സർക്കാർ ഇടപെടലുകൾ അധിവേഗത്തിലായി.ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ പുനർ നിർമ്മിച്ചതിൽ പുതിയ സർക്കാർ സുപ്രധാന പങ്കു വഹിച്ചു. പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന മേഖലകളെ മോദിയുടെ നേതൃത്വത്തിൽ പുനർ നിർമ്മിച്ചു. മന്ത്രിമാരുടെ പ്രകടനം മുഖ്യമന്ത്രി നേരിട്ട് പിരിശോധിക്കുന്ന അവസ്ഥവന്നു. വിമർശകർക്കുപോലും സർക്കാറിന്റെ കാര്യക്ഷമതയെ പ്രകീർത്തിക്കേണ്ടി വന്നു.
വളർന്നത് ഹിന്ദുത്വയിലൂടെ തന്നെ
പക്ഷേ 2002-ലെ ഗുജറാത്ത് കലാപം, അദ്ദേഹത്തിന്റെ പ്രതിഛായക്ക് മങ്ങൽ എൽപ്പിച്ചെങ്കിലും ഹിന്ദുധ്രുവീകരണത്തിന് വഴിവെച്ചു. ഹിന്ദുക്കളെ മാനം കാത്ത നേതാവ് എന്ന ഇമേജാണ് മോദിക്ക് തുണയായതെന്ന് പിന്നീട് നിരീക്ഷണങ്ങളും പഠനങ്ങളും ഉണ്ടായി. മനുഷ്യാവകാശ കമ്മീഷനുകളും, പ്രതിപക്ഷ പാർട്ടികളും, മാധ്യമങ്ങളും എല്ലാം ഗുജറാത്ത് സർക്കാരിന്റെ നിഷ്‌ക്രിയതയെ രൂക്ഷമായി വിമർശിച്ചു. ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നു.
സംസ്ഥാനത്തെ പൗരന്മാരെ ജാതിയുടെ പേരിൽ രണ്ടായി കാണരുതെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് അടൽ ബിഹാരി വാജ്‌പേയ്‌പോലും മോദിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികൾ പോലും മോദിയുടെ രാജി ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് തന്നെ സ്തംഭിപ്പിച്ചു. 2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു. അവർക്ക് അറിയാമായിരുന്നു ഗുജറാത്തിൽ കൃത്യമായ ധ്രുവീകരണം നടന്നിട്ടുണ്ടെന്നും അതിന്റെ ഗുണം ഫലം ബിജെപിക്ക് കിട്ടുമെന്നും.
2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 127 സീറ്റുകൾ നേടി ബിജെപി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി. ശക്തമായ സാമൂദായിക ധ്രുവീകരണമാണ് അവിടെ ഉണ്ടായത്. പക്ഷേ ദേശീയതലത്തിൽ ഈ കലാപം ബിജെപിക്ക് തിരിച്ചടിയായി. 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ പരാജയത്തിന്, വാജ്‌പേയ് മോദിയെയാണ് കുറ്റപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തിനുശേഷം ഉടൻ തന്നെ മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യാഞ്ഞത് പാർട്ടി ചെയ്ത ഗുരുതരമായ തെറ്റാണെന്നും വാജ്‌പേയ് ആരോപിക്കുകയുണ്ടായി.
ഹൈന്ദവതയിൽ നിന്ന് വികസനത്തിലേക്ക്
പക്ഷേ രണ്ടാമൂഴത്തിൽ മറ്റൊരു മോദിയെയാണ് ജനം കണ്ടത്. ഹൈന്ദവതയെ മാറ്റി നിർത്തി വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെ വരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു. ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും മോദിക്ക് അകലേണ്ടിവന്നു.
2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തിൽ അഴിമതി കുത്തനെ കുറഞ്ഞുവെന്നും, അഴിമതി ഉയർന്നു വരാതിരിക്കാൻ ഓരോ ചെറിയ കാര്യങ്ങളിലും മോദിയുടെ ശ്രദ്ധ പതിയുന്നുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവർത്തകർ വരെ അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനും, നിക്ഷേപകരെ ആകർഷിക്കുവാനുമായി, വൈബ്രന്റ് ഗുജറാത്ത് എന്നൊരു നിക്ഷേപകസംഗമം തന്നെ മോദിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.അതഎ വമ്പൻ വിജയമായിരുന്നു. ഇതോടെ മോദി ഗുജറാത്തിന്റെ വികസന നായകൻ എന്നും പ്രകീർത്തിക്കപ്പെട്ടു. 2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 117 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. 2014 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ കയ്യിൽ നിന്നും 5 സീറ്റുകൾ കൂടി തിരിച്ചുപിടിച്ച് നിയമസഭയിലെ ഭൂരിപക്ഷം 117 ൽ നിന്നും 122 ആക്കി ഉയർത്തി.
വികസനവും സുരക്ഷിതത്വവുമുള്ള ഒരു നവ ഗുജറാത്തിന്റെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മോദിയെയാണ് മൂന്നാം ഊഴത്തിൽ രാജ്യം കണ്ടത്. ഗുജറാത്തിനെ ഒരു സുസ്ഥിര വികസിത സംസ്ഥാനമാക്കി മാറ്റാനാണ് മോദി ഇത്തവണ ശ്രമിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ മുന്നേറ്റമാണ് ഇക്കാലത്ത് ഉണ്ടായത്.ഗുജറാത്തിലെ ഓരോ ഗ്രാമത്തിലും മോദി സർക്കാർ വൈദ്യുതി എത്തിച്ചു.കൃഷി ആവശ്യത്തിനുവേണ്ടി പ്രത്യേകമായി വൈദ്യുതി വിതരണം ഏർപ്പെടുത്തി. എ2001-2007 കാലഘട്ടത്തിൽ ഗുജറാത്തിലെ കാർഷിക വളർച്ച 9.6 ശതമാനമായിരുന്നു.മോദിയുടെ ഭരണകാലമായ 2001-2010 ൽ ഗുജറാത്തിലെ കാർഷിക വളർച്ച 10.97 ശതമാനവുമായി.ഗുജറാത്തിൽ സമാധാനവും, ഐക്യവും ഊട്ടിയുറപ്പിച്ച് നല്ലൊരു അന്തരീക്ഷം നിലനിർത്താൻ 2011 മുതൽ 2012 വരെയുള്ള കാലഘട്ടങ്ങളിൽ മോദി ഉപവാസങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുകയുണ്ടായി.
സദ്ഭാവന ദൗത്യം എന്നു പേരിട്ട ഒരു പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. 2002ലെ ഗുജറാത്ത് കലാപത്തെത്തുടർന്ന് അകന്നു നിൽക്കുന്ന മുസ്ലിം സമുദായത്തെ അടുപ്പിക്കാനായിരുന്നു ഈ ദൗത്യം എന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രിയായപ്പോഴും ചിലർ മോദിയെ കണ്ടില്ലെന്ന് നടിച്ചു. പ്രവർത്തനങ്ങളിലൂടെ അവരേയും അടുപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മോദി ബ്രാൻഡാണ് ബിജെപിക്ക് വിജയ മന്ത്രമായത്. പാലങ്ങളും റോഡുകളും നിർമ്മിച്ച് മോദി വികസന പുരുഷനായി. ഇതിനൊപ്പം ന്യൂനപക്ഷങ്ങളേയും അടുപ്പിച്ചു. കേരളത്തിലും ഈ രാഷ്ട്രീയ പരീക്ഷണവിജയമാണ് മോദിയുടെ മനസ്സിൽ.
മറുനാടന്‍ മലയാളി ബ്യൂറോ