'നെഞ്ചിനകത്ത് ലാലേട്ടന്‍, മീശ് പിരിച്ച് ലാലേട്ടന്‍, തോള് ചരിച്ച് ലാലേട്ടന്‍....' ഒരു മലയാള സിനിമയുടെ ടിക്കറ്റ് കിട്ടാനായി ന്യുജന്‍ പിള്ളേര്‍, തീയേററ്റിന്റെ ഗേറ്റ് തുറക്കുമ്പോള്‍ ഓടി വീണ് ബുക്ക് ചെയ്യുന്നതിന്റെ വിഷ്വലുകളൊക്കെ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. തൃശൂര്‍ രാഗം തീയേറ്ററിലെ ഒരു ഒറ്റപ്പെട്ട പ്രതിഭാസം മാത്രമായിരുന്നില്ല അത്. എമ്പുരാന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ഒരുമണിക്കുറിലെ ബുക്കിങ്ങ് കണ്ട് ബുക്ക്മൈ ഷോക്കാര്‍ പോലും അന്തംവിടുകയാണ്. പുഷ്പയെയും, ലിയോയെയും വെട്ടിച്ച് കുതിക്കയാണ് എമ്പുരാന്‍. ഹിന്ദിയില്‍ ഈ ചിത്രത്തിന് വേണ്ടി ഷാരൂഖ് ഫാന്‍സും, എതിര്‍ത്ത് സല്‍മാന്‍ ഖാന്‍ ഫാന്‍സും പോസ്റ്റിടുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. അതേ ഒരു മലയാള സിനിമ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആഘോഷിക്കപ്പെടുകയാണ്, ചര്‍ച്ചചെയ്യപ്പെടുകയാണ്!

അതിന് കാരണഭൂതനായത്, കടലും, ആനയും പോലെ മലയാളിക്ക് കണ്ട് കൊതിതീര്‍ന്നിട്ടില്ലാത്ത ഒരു നടനാണ്. പിസാഗോപുരത്തിനുശേഷമുള്ള രണ്ടാമത്തെ ചരിയുന്ന ലോകമഹാദ്ഭുതം! മലയാള സിനിമയിലെ മികച്ച നടന്‍ ആരാണെന്നതിനെകുറിച്ചൊക്കെ തര്‍ക്കം ഉണ്ടാവും, പക്ഷേ മല്ലുവുഡ് ബോക്സോഫീസിലെ വിപണിയുടെ താരം ആരാണെന്നതിന് ഒരേ ഒരു ഉത്തരമേയുള്ളൂ. മലയാളത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനാണ് ഈ 64-കാരന്‍. മല്ലുവുഡില്‍ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടനും വേറാരുമല്ല. ഇപ്പോള്‍ പത്ത് മുതല്‍ 25 കോടി വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തില്‍ പത്ത് കോടിയില്‍ അധികവും, അന്യഭാഷയില്‍ 25 കോടി വരെയുമാണ് മോഹന്‍ലാല്‍ വാങ്ങുന്നത്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയാണ്. ആറ് കോടി മുതല്‍ 20 കോടി വരെയാണ് മമ്മൂട്ടി പ്രതിഫലമായി വാങ്ങാറുള്ളത് എന്നാണ് ഐഎംഡിബി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പക്ഷേ ഇപ്പോള്‍ മലയാളത്തിന്റെ നടന വിസ്മയത്തിന് അത്ര നല്ല സമയമല്ല. ആദ്യമായി സംവിധാനം ചെയ്ത ബറോസ് ഉള്‍പ്പെടെയുള്ള ഒരുപാട് ചിത്രങ്ങള്‍, ബോക്സോഫീസില്‍ ധൂളിയായി. അതുകൊണ്ടുതന്നെ എമ്പുരാന്‍ മോഹന്‍ലാലിനെ സംബന്ധിച്ചും തന്റെ താര സിംഹാസനം അരക്കിട്ട് ഉറപ്പിക്കാനുള്ള ചിത്രം കൂടിയാണ്. മോഹന്‍ലാലിന്റെ കരിയര്‍ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാവും സൂപ്പര്‍താര പദവി അദ്ദേഹത്തിന് തളികയില്‍ വെച്ച് കിട്ടിയതല്ല. ഹിറ്റുകളെപ്പോലെ വമ്പന്‍ ഫ്ളോപ്പുകളും അദ്ദേഹത്തിന്റെ അഭ്രലോകത്ത് ഉണ്ടായിട്ടുണ്ട്. വീണും, ഉരുണ്ടും, പരാജയപ്പെട്ടും, തിരിച്ചുവന്നും, അയാള്‍ മലയാള സിനിമയില്‍ കഴിഞ്ഞ 45 വര്‍ഷമായി നിറഞ്ഞു നില്‍ക്കുന്നു. 200 കോടിയിലേറെ മുടക്കിയെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം എമ്പുരാന്‍, പാന്‍ ഇന്ത്യ തരംഗമാവുമോ. ലാലേട്ടന്റെ തിരിച്ചുവരവാകുമോ? ആരാധകര്‍ കാത്തിരിക്കയാണ്.




26ാം വയസ്സില്‍ സുപ്പര്‍സ്റ്റാര്‍

1980-ല്‍ ഫാസിലിന്റെ 'മഞ്ഞില്‍ വരിഞ്ഞ പൂക്കളില്‍' വില്ലനായി വന്ന ആ 20 വയസ്സുമാത്രം പ്രായമുള്ള ആ പയ്യന്‍ മലയാള സിനിമയുടെ ചരിത്രം മാറ്റിയത്, 'ഇന്ന് ചേക്കിലെ മൈല്‍ക്കുറ്റികള്‍ക്കുപോലും' അറിയുന്ന ചരിത്രമാണ്. എടുത്ത് പറയത്തക്ക ആകാര ഭംഗിയൊന്നും ഇല്ലാതെ, ശബ്ദ ഗാംഭീര്യമില്ലാതെ, അല്‍പ്പം സ്ത്രൈണതയുള്ള വില്ലന്‍ പക്ഷേ വര്‍ഷങ്ങള്‍ക്കുള്ളില്‍ വേറെ ലെവലായി. വില്ലന്‍ വേഷങ്ങളില്‍ നിന്ന്, പതുക്കെ സഹനടനിലേക്ക്, അവിടെനിന്ന കോമഡി ചെയ്യുന്ന നായകവേഷങ്ങളിലേക്ക്...

ഒരു വെള്ളിയാഴ്ചകൊണ്ട് ഒരു താരം പിറക്കുമെന്ന വെള്ളിത്തിരയുടെ ആപ്തവാക്യം ശരിയായി ദിവസമായിരുന്നു, 1986 ജൂലൈ 17. പക്ഷേ അത് ഒരു വ്യാഴാഴ്ചയായിരുന്നെന്ന് മാത്രം. തമ്പികണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിനായി ജനം ഇരമ്പിയാര്‍ത്തു. മലയാളി ആദ്യമായി മെഷീന്‍ ഗണ്ണ് കാണുന്നത് ഈ ചിത്രത്തിലൂടെയായിരുന്നു. മോഹന്‍ലാല്‍ എന്ന നടന്‍ വെറും 26-ാം വയസ്സില്‍ സൂപ്പര്‍ സ്റ്റാറാക്കി ഈ ചിത്രം. മമ്മൂട്ടി നോ പറഞ്ഞ് വിട്ടു ഈ ചിത്രം ഹിറ്റാക്കാണ്ടേത് തമ്പിയുടെ ആവശ്യമായിരുന്നു. തമ്പി കണ്ണന്താനം നാനക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു-'ഈ ചിത്രം മമ്മൂട്ടിയെ വെച്ചാണ് പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ മമ്മൂട്ടി നോ പറഞ്ഞതോടെ ഞാന്‍ തകര്‍ന്നുപോയി. അന്ന് എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മമ്മൂട്ടി. ഞാന്‍ മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു. ഞാനിത് അവനെ ( മോഹന്‍ലാലിനെ) വെച്ച് ചെയ്യും, ആ സിനിമ വന്ന് കഴിഞ്ഞാല്‍ പിന്നെ അവന്റെ താഴെയായിരിക്കും നിന്റെ സ്ഥാനം''- വീട് പണയംവെച്ച് തമ്പി എടുത്ത സിനിമ മലയാളി പ്രേക്ഷകര്‍ ഇന്നും ആഘോഷിക്കുന്നു.




'ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്? ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്, കീരിടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്''- എന്ന് തുടങ്ങുന്ന വിന്‍സന്റ് ഗോമസിന്റെ ഡയലോഗുകള്‍ ഇന്നും മിമിക്രിക്കാര്‍ ആഘോഷിക്കുന്നു. 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255, മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും' തുടങ്ങിയ ലാലിന്റെ ഡയലോഗുകളും ഇന്നും സോഷ്യല്‍ മീഡിയില്‍ മീമുകളായി നിറയുന്നു.

നാം അതുവരെ കണ്ട ഡോണുകളില്‍നിന്ന് വ്യത്യസ്തനായിരുന്നു വിന്‍സന്റ് ഗോമസ്. കൊള്ളസങ്കേതത്തില്‍ ഇരുന്ന് അലറുന്ന, ശത്രുക്കളെ വെട്ടി മുതലക്കിട്ട് കൊടുക്കുന്ന, പഴയ അധോലോക നായകനില്‍നിന്ന്, നോട്ടംകൊണ്ടും ഭാവം കൊണ്ടും പവര്‍ ജനിപ്പിക്കാന്‍ കഴിയുന്ന വിന്‍സന്റ്ഗോമസ് വ്യത്യസ്തനായി. ചിത്രത്തില്‍ കാറില്‍നിന്ന് ഇറങ്ങി, കോടതിയിലേക്ക് കയറി പോകുന്ന വിന്‍സന്റ് ഗോമസിന്റെ ഫോട്ടൊ എടുക്കുന്ന ഫോട്ടൊഗ്രാഫറുടെ രംഗമുണ്ട്. അപ്പോള്‍ മോഹന്‍ലാലിന്റെ ഒരു നോട്ടമുണ്ട്. അതിശക്തം. അതുകണ്ട് ഭയപ്പെട്ട് ഫോട്ടൊഗ്രാഫര്‍ ക്യാമറയില്‍ നിന്നും ഫിലിം റോള്‍ എടുത്ത് കളയുന്നു. ഈ ജാതിയായിരുന്നു ചിത്രത്തിലെ ഇന്‍ട്രാകള്‍. വിജയിക്കുന്ന നായകനല്ല വിന്‍സന്റ് ഗോമസ്. ഒടുവില്‍ അയാള്‍ വെടിയേറ്റ് വീഴുകയാണ്. എന്നിട്ടും ശക്തനായ ആ പ്രതിനായകന്‍ തീയേറ്റുകളെ പൂരപ്പറമ്പാക്കി.




തമ്പികണ്ണന്താനം പ്രവചിച്ചത് തന്നെ സംഭവിച്ചു. ലാല്‍ സൂപ്പര്‍സ്റ്റാറായി. മലയാള സിനിമ ചരിത്രത്തില്‍ വേറെ ഒരു നടനും മോഹന്‍ലാലിനെ പോലെ ഇരുപ്പത്തിയാറാം വയസില്‍ സൂപ്പര്‍സ്റ്റാറായിട്ടില്ല. അന്നുതൊട്ട് ഇന്നുവരെ മലയാള വിപണിയുടെ താരമാണ് ഇദ്ദേഹം. 40 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന താരസിംഹാസനം. ഇപ്പോള്‍ ഈ 64-ാം വയസ്സിലും ലാല്‍ സൂപ്പര്‍ സ്റ്റാറാണ്.

ബോക്സോഫീസിന്റെ രാജാവ്

ഒരു മലയാള സിനിമ ഒരു വര്‍ഷക്കാലം തീയേറ്ററില്‍ ഓടുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയമോ? മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ 'ചിത്രം' എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 365 ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. അതുപോലെ മലയാളത്തില്‍ ആദ്യമായി ഒരു കോടി രൂപ ഗ്രോസ് കളക്ഷന്‍ വന്ന പടം, ലാല്‍- പ്രിയന്‍ കോമ്പോയിലെ കിലുക്കമായിരുന്നു. 91-ല്‍ എ ക്ലാസ് റിലീസ് തീയേറ്റുകളില്‍നിന്ന് മാത്രം ഒരു കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടുക എന്നത് അത്ഭുതമായിരുന്നു.' കോടികളുടെ കിലുക്കവുമായി മലയാള സിനിമ' എന്നായിരുന്നു അത് കലാകൗമുദി വാരിക കിലുക്കത്തിന്റെ വിജയം കവര്‍സ്റ്റോറിയാക്കിയിട്ട തലക്കെട്ട്. പിന്നീട് മണിച്ചിത്രത്താഴ് എന്ന ഫാസില്‍ ചിത്രവും ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡ് ഇട്ടു. ഈയിടെ ഐഎംഡിബി റിപ്പോര്‍ട്ടില്‍ പറയുന്നത്, മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയും, മണിച്ചിത്രത്താഴ് ആണെന്നാണ്.




അതുപോലെ മലയാള ബോക്സോഫീസിലെ ഒരു മൈല്‍ സ്റ്റോണ്‍ ആയിരുന്നു, 2000ത്തില്‍ ഇറങ്ങിയ നരസിംഹം. 22 കോടിയിലേറെ നേടിയ ഈ ചിത്രം, 10 കോടിയോളമാണ് ലാഭമുണ്ടാക്കിയത്. അതുപോലെ ആറാംതമ്പുരാനും, തേന്‍മാവിന്‍ കൊമ്പത്തും അടക്കം എത്രയെത്ര ഹിറ്റുകള്‍.

മലയാളം ആദ്യമായി 50 കോടി ക്ലബ് തൊട്ടതും ലാല്‍ സിനിമയിലുടെയാണ്. 'ജാര്‍ജ്കുട്ടി ധ്യാനം കൂടാന്‍ പോയി ചരിത്രമാക്കിയ', ജീത്തു ജോസഫിന്റെ ദൃശ്യമാണ് ആ ബഹുമതി നേടിയത്. ദൃശ്യത്തിന്റെ റീമേക്ക് ഇന്ത്യയിലെ ഏല്ലാ ഭാഷകളില്‍ മാത്രമല്ല, ചൈനയിലും കൊറിയയിലും വരെ വന്നു. മലയാള സിനിമ നൂറുകോടി ക്ലബിലെത്തിക്കാനും ലാല്‍ വേണ്ടിവന്നു. വൈശാഖിന്റെ പുലിമുരുകനില്‍, 56ാം വയസ്സിലാണ് ഡ്യൂപ്പുപോലുമില്ലാതെ ലാലേട്ടന്‍ ആക്ഷന്‍ ചിത്രങ്ങള്‍ തീപ്പൊരിയാക്കിയത്. പിന്നീട് 2019-ല്‍ ഇറങ്ങിയ ലൂസിഫറിലൂടെ മലയാള സിനിമ 175 കോടിയാണ് നേടിയത്. ( ഇത്രയധികം കൊണ്ടുപിടിച്ച് തള്ളിയിട്ടും മമ്മൂട്ടിയുടെ ഒരു സിനിമപോലും ഇതുരെ നൂറുകോടി ക്ലബില്‍ എത്തിയിട്ടില്ല എന്നോര്‍ക്കണം. മാമാങ്കം, ഭീഷ്മപര്‍വം, ടര്‍ബോ എന്നിവയാക്കെ നുറുകോടി നേടി എന്നത് വെറും തള്ളുകള്‍ മാത്രമായിരുന്നു)

അതുപോലെ 2021-ല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം-2 എന്ന ലാല്‍ ചിത്രവും, മലയാള സിനിമയെ ഗ്ലോബല്‍ പാറ്റ്ഫോമിലേക്കാണ് കൊണ്ടുപോയത്. ഒരു ഹോളുവുഡ് സിനിമക്കുണ്ടാവുന്ന രീതിയില്‍ കാഴ്ചക്കാരാണ് ചിത്രത്തിനുണ്ടായത്. ഇതോടെ മൊത്തത്തില്‍ മലയാള സിനിമക്ക് ഒ.ടി.ടിയിലുള്ള വിലപേശല്‍ ശേഷിയും വലിയ രീതിയില്‍ വര്‍ധിച്ചു. ദൃശ്യം- 2വിനും ലോകവ്യാപകമായി റീമേക്കുകള്‍ ഉണ്ടായി. മലയാള സിനിമയുടെ ആഗോള ബ്രാന്‍ഡ് അംബാസിഡര്‍ എന്നത്, ആര് എന്ത് വിമര്‍ശനം ഉന്നയിച്ചാലും മോഹന്‍ലാല്‍ തന്നെയാണ്.




'ലാലിന് കാന്‍സര്‍, ശബ്ദംപോയി'

മലയാളത്തില്‍ ഏറ്റവും ഫാന്‍ബേസുള്ള നടന്‍ ആണെങ്കിലും, ലാലേട്ടന് തുടക്കം മുതല്‍ തന്നെ വലിയൊരു വിഭാഗം ഹേറ്റേഴ്സും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ അപവാദങ്ങള്‍ കരക്കമ്പിയായാണ് പ്രചരിപ്പിച്ചിരുന്നത്. 86 മുതല്‍ 96വരെയുള്ള ആദ്യ പത്തുവര്‍ഷങ്ങള്‍ മോഹന്‍ലാലിന്റെ താരസിംഹാസനത്തിന് ഇളക്കം തട്ടാത്തകാലമായിരുന്നു. സിബിമലയില്‍, ലോഹിതദാസ്, പത്മരാജന്‍, കമല്‍, പ്രിയദര്‍ശന്‍, തുടങ്ങിയ നല്ല ഫിലിംമേക്കഴ്സിന്റെ കീഴില്‍ ലാല്‍ തുടര്‍ച്ചയായി വിജയചിത്രങ്ങളുണ്ടാക്കിയ കാലം. പക്ഷേ 96-ല്‍ കഥമാറി. ആ വര്‍ഷം കാലാപാനി, പ്രിന്‍സ് എന്നീ രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന്റെതായി പുറത്തുവന്നത്. ഇതില്‍ കാലാപാനി വിജയമായെങ്കിലും, വലിയ മുടക്കുമതല്‍മൂലം നിര്‍മ്മാതാക്കള്‍ക്ക് കാര്യമായ ലാഭമുണ്ടായില്ല.

പക്ഷേ ദി പ്രിന്‍സ് എന്ന ചിത്രം മോഹന്‍ലാലിന്റെ ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. അതില്‍ മോഹന്‍ലാലിന്റെ ചിര പരിചിതമായ ശബ്ദമായിരുന്നില്ല പ്രേക്ഷകര്‍ കേട്ടത്. ചിത്രം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പരാജയമായി. അതോടെ അഭ്യൂഹങ്ങളും പരന്നു. മോഹന്‍ലാലിന്റെ തൊണ്ടയില്‍ ക്യാന്‍സര്‍ ആണ്, സംസാര ശേഷി പൂര്‍ണ്ണമായും നഷ്ടമാകും അതാണ് ശബ്ദത്തിലെ മാറ്റം എന്നിങ്ങനെയായി കരക്കമ്പികള്‍. സോഷ്യല്‍ മീഡിയ ഒന്നുമില്ലാത്ത ആ കാലത്ത്. കുടുംബ സദസ്സുകളില്‍ വരെ മോഹന്‍ലാല്‍ എന്ന നടന്‍ ഔട്ട് ആയി പോകുമോ എന്നു ചര്‍ച്ചയാകുന്നു. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കാമുകന് എയ്ഡ്‌സ് രോഗം ആണെന്നുവരെ ഹേറ്റേഴസ് പ്രചരിപ്പിച്ചു. പക്ഷേ ഇതൊന്നുമായിരുന്നില്ല പ്രിന്‍സിലെ ശബ്ദത്തിന്റെ പ്രശ്നം. അത് തമിഴ്- തെലുങ്ക് സിനിമയിലെ ചില ടെക്ക്നീഷ്യന്‍സിന്റെ സൗണ്ട് മിക്സിങ്ങിന്റെ പ്രശ്നമാണെന്ന്, മോഹന്‍ലാല്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.



പ്രിന്‍സിന് ശേഷം വന്ന ഐ വി ശശിയുടെ വര്‍ണ്ണപ്പകിട്ടിനും ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്താനായില്ല. അതോടെ ലാല്‍ ഔട്ട് എന്ന പ്രചാരണം ഒരുകൂട്ടര്‍ ശക്തമാക്കി. പക്ഷേ കൃത്യം ഒരു വര്‍ഷത്തിന് ശേഷം 1997 സെപ്റ്റംബര്‍ 5ന്, മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കോംബോ ആയ പ്രിയന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ചന്ദ്രലേഖ റിലീസ് ആകുന്നു. ശബ്ദം പോയി എന്ന് പറഞ്ഞു മറ്റുള്ളവര്‍ വിമര്‍ശിച്ച, തളര്‍ത്താന്‍ ശ്രമിച്ച ആ മനുഷ്യന്‍ അതേ ശബ്ദം കൊണ്ടും, കുടുംബ സദസ്സുകള്‍ അയാളില്‍ കാണാന്‍ കൊതിച്ച തലകുത്തി മറിച്ചിലും തമാശകളും കൊണ്ടും തീയേറ്ററില്‍ പൊട്ടിച്ചിരി ഉണ്ടാക്കുന്നു. സിനിമ സൂപ്പര്‍ ഹിറ്റായതോടെ വിവാദങ്ങള്‍ കാറ്റില്‍ പറഞ്ഞു.

ബാലേട്ടനും ദൃശ്യവും തന്ന ലൈഫ് ലൈന്‍

അതുപോലെ 2003ലാണ് ലാലേട്ടന്‍ മറ്റൊരു ഔട്ടാകല്‍ ഭീഷണി അതിജീവിച്ചത്. തുടര്‍ച്ചയായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പൊളിയുന്ന കാലമായിരുന്നു അത്. 2001-ല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നു സിനിമയായിരുന്നു രഞ്ജിപണിക്കര്‍- ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ പ്രജ. അത് പരാജയമായത് ലാല്‍ ഫാന്‍സിന് വലിയ ഷോക്കായിരുന്നു. പിന്നീട് തുടര്‍ച്ചയായ ഫ്ളോപ്പുകള്‍. 2002-ല്‍ ഇറങ്ങിയ ലാലിന്റെ മൂന്ന് ചിത്രങ്ങളും- ഒന്നാമന്‍, താണ്ഡവം, ചതുരംഗം- പരാജയപ്പെട്ടു. ഇതില്‍ ഒന്നാമനിലായിരുന്നു ബാലതാരമായി പ്രണവ് മോഹന്‍ലാല്‍ അരങ്ങേറിയത്. മോഹന്‍ലാലിനെ 26-ാം വയസ്സില്‍ സൂപ്പര്‍ സ്റ്റാര്‍ ആക്കിയ തമ്പികണ്ണന്താനമായിരുന്നു സംവിധാനം. എന്നിട്ടും ചിത്രം പൊട്ടി. താണ്ഡവം ഷാജികൈലാസിന്റെയും, ചതുരംഗം കെ മധുവിന്റെയും ചിത്രമായിരുന്നു. എല്ലാവരും കഴിവ് തെളിയിച്ചവര്‍. എന്നിട്ടും പടങ്ങള്‍ പൊളിയുന്നു.

നരസിംഹം ലാലിനെ ഒരു അതിമാനുഷനാക്കി മാറ്റിയെന്നും അതിന്റെ ബാധ്യത മറികടക്കുക വലിയ പ്രയാസമാണെന്നുപോലും അക്കാലത്ത് ലേഖനങ്ങള്‍ വന്നു. ശരാശരി മലയാളിയുടെ മനസ്സില്‍ അബോധമായികിടക്കുന്ന ഫ്യൂഡല്‍ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായ ആ താരശരീരത്തെക്കുറിച്ചും, മീശ പിരിയിലെയും മുണ്ടുമടക്കിക്കുത്തലിലെയും 'രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ' അക്കാദമിക്ക് പഠനങ്ങള്‍ പോലും പുറത്തിറങ്ങി!

2003-ല്‍ ഇറങ്ങിയ മിസ്റ്റര്‍ ബ്ര്ഹമചാരിയെന്ന തുളസീദാസ് സംവിധാനം ചെയ്ത, ചിത്രവും അത് അര്‍ഹിക്കുന്ന നിലയില്‍ എട്ടുനിലയിലല്ല, പതിനെട്ട് നിലയില്‍ പൊട്ടി. അപ്പോഴും പ്രേക്ഷകര്‍ കാത്തിരുന്നത്, മോഹന്‍ലാലിന്റെ എക്കാലത്തെയും രക്ഷകനായ പ്രിയദര്‍ശന്റ കിളിച്ചുണ്ടന്‍ മാമ്പഴത്തെയായിരുന്നു. പക്ഷേ ആ ചിത്രവും ആവറേജില്‍ ഒതുങ്ങിയപ്പോള്‍ സിനിമാ ഗോസിപ്പുകോളങ്ങളില്‍ പതുക്കെ മോഹന്‍ലാലിന്റെ ഔട്ടാകല്‍ വീണ്ടു തലപൊക്കിത്തുടങ്ങി. പക്ഷേ ഒട്ടുംപ്രതീക്ഷിക്കാത്ത ഒരു സംവിധായകനില്‍നിന്നാണ് മോഹന്‍ലാലിന് ലൈഫ്ലൈന്‍ കിട്ടുന്നത്. കോഴിക്കോട്ടുകാരനായ വി എം വിനു, ടി എ ഷാഹിദിന്റെ തിരക്കഥയില്‍ ബാലേട്ടന്‍ എന്ന ചിത്രമെടുക്കുമ്പോള്‍, ഫ്ളോപ്പുകളുടെ ലിസ്റ്റില്‍ ഒന്നുകൂടി എന്ന നിലയില്‍ മാത്രമാണ് പലരും കണ്ടത്. അത്രക്ക് ആകര്‍ഷമായിരുന്നില്ല. ബാലേട്ടന്റെ പോസ്റ്റര്‍പോലും. ആദ്യഷോക്ക് ഒരു ലാല്‍ ചിത്രത്തിന് കാണുന്നതുപോലുള്ള ബഹളങ്ങളും വാദ്യമേളങ്ങളും ഒന്നും ഉണ്ടായിരുന്നുമില്ല. പക്ഷേ കോഴിക്കോട് ഫസ്റ്റ്ഷോ കഴിഞ്ഞ ഉടനെ സംവിധായകന്‍ വി എം വിനുവിനെ ജനം തോളിലേറ്റി. പടം കയറി സൂപ്പര്‍ ഹിറ്റായി. ലാല്‍ ആരാധകര്‍ വീണ്ടും രോമാഞ്ചമണിഞ്ഞ നിമിഷം.



അതുപോലെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സമയത്താണ് ജീത്തുജോസഫ് ദൃശ്യവുമായി അവതരിക്കുന്നത്. 2012-ലെ റണ്‍ബേബി റണ്ണിനുശേഷം തുടര്‍ച്ചയായ അഞ്ച് ലാല്‍ ചിത്രങ്ങളെയാണ് പ്രേക്ഷകര്‍ തിരസ്‌ക്കരിച്ചത്. കര്‍മ്മയോദ്ധാ, ലോക്പാല്‍, റെഡ് വൈന്‍, ഗീതാഞ്ജലി, ലേഡീസ് & ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ പടക്കംപോലെ പൊട്ടി. ഇതില്‍ ഗീതാഞ്ജലി പ്രിയദര്‍ശന്റെതും, ലേഡീസ് & ജെന്റില്‍മാന്‍ ഹിറ്റ്മേക്കര്‍ സിദ്ദീഖ് ലാലിലെ സിദ്ദീഖിന്റെതുമായിരുന്നു. ആ സമയത്താണ് ഒരു ശരാശരി ഫാമിലി ഡ്രാമ എന്ന് പോസ്റ്ററുകളില്‍ തോന്നിക്കുന്ന രീതിയില്‍, യാതൊരു പുതുമയും ഒറ്റനോട്ടത്തില്‍ തോന്നിക്കാത്ത നിലയില്‍, 2013- ഡിംസബറില്‍ ദൃശ്യം റിലീസായത്. അത് മലയാള സിനിമയുടെ വിപണി സമവാക്യങ്ങള്‍ തന്നെ മാറ്റിയത് ചരിത്രം.

ദൃശ്യത്തിനുശേഷമുള്ള അടുത്ത രണ്ടുവര്‍ഷങ്ങളില്‍ അതായത് 2014-ലും 2015-ലും മോഹന്‍ലാലിന് ഹിറ്റുകള്‍ ഉണ്ടാക്കാനായില്ല. മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി, ലൈലാ ഓ ലൈലാ, എന്നും എപ്പോഴും, കനല്‍ എന്നീ ചിത്രങ്ങള്‍ക്കൊന്നും തീയേറ്റുറുകളില്‍ ആരവം ഉയര്‍ത്താനായില്ല. രഞ്ജിത്തിന്റെ ലോഹവും ആവറേജില്‍ ഒതുങ്ങി. ആ സമയത്താണ് 2016-ല്‍ പ്രിയദര്‍ശന്‍ വീണ്ടും ഒപ്പം എന്ന് ഹിറ്റ് ലാലിനൊപ്പം ഉണ്ടാക്കുന്നത്. ആ വര്‍ഷം ഇറങ്ങിയ പുലുമുരുകന്‍ ലാലിന്റെ താരസിംഹാസത്തെ അരക്കിട്ട് ഉറപ്പിച്ചു. മലയാള സിനിമയെ നൂറുകോടി ക്ലബിലേക്ക് ഉയര്‍ത്തി.

എമ്പുരാനിലുടെ തിരിച്ചുവരവ്?

ഇപ്പോള്‍ വീണ്ടും സമാനമായ സാഹചര്യത്തിലൂടെയാണ് മോഹന്‍ലാല്‍ എന്ന താരരാജാവ് കടന്നുപോവുന്നത്. ഹിറ്റുകളെപ്പോലെ തന്നെ ഫ്ളോപ്പുകളും ലാലിന് പുത്തരിയല്ല. 2018-ല്‍ ശ്രീകുമാരമേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ ആയിരക്കണം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രീ പബ്ബിസിറ്റി ഹൈപ്പ് വന്ന ചിത്രം. പക്ഷേ ആദ്യദിനം തന്നെ അടികൂടി സിനിമ കണ്ട ആരാധകരുടെ രോഷം സോഷ്യല്‍ മീഡിയയില്‍ അണപൊട്ടി. 'ഇത്തരി കഞ്ഞി എടുക്കട്ടേ' എന്ന ചിത്രത്തിലെ ഡയലോഗുപോലെയായിപ്പോയി സിനിമയും. ഒടിയനുവേണ്ടി എടുത്ത ബോട്ടോക്്സ് ഇഞ്ചക്ഷന്റെ പാര്‍ശ്വഫലങ്ങള്‍ മോഹന്‍ലാലിന്റെ മുഖപേശികളുടെ ചലനത്തെ വരെ ബാധിച്ചുവെന്നും അക്കാലത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പക്ഷേ ഒടിയന്റെ ഭീകര പരാജയത്തെ 2019-ലെ ലൂസിഫറിന്റെ മഹാവിജയം കൊണ്ട് നിഷ്പ്രഭമാക്കാന്‍ ലാലേട്ടന് കഴിഞ്ഞു.




2021-ലെ ദൃശ്യം 2 വിനുശേഷമുള്ള അദ്ദേഹത്തിന്റെ ബോക്സോഫീസ് പ്രകടനം ഒട്ടും മികച്ചതല്ല. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന പ്രിയദര്‍ശന്‍ ചിത്രം വമ്പന്‍ ഹൈപ്പ് ഉണ്ടായിട്ടും തീയേറ്ററില്‍ 'വെട്ടിയിട്ട വാഴപോലെയായി'. ഈ ചിത്രം വിജയിക്കുകയാണെങ്കില്‍ കന്നഡ സിനിമയില്‍ കെജിഎഫ് ഉണ്ടാക്കിയതുപോലുള്ള ഒരു മാറ്റംമായിരുന്നു, മലയാളത്തിലും ഉണ്ടാവുക. അതിനുശേഷം ഇറങ്ങിയ ബ്രോ ഡാഡി, ആറാട്ട്, ട്വവല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ ആവറേജായി. തുടര്‍ന്നിറങ്ങിയ മോണ്‍സ്റ്റര്‍ പരാജയവും. 2023-ല്‍ ഇറങ്ങിയ ജീത്തു ജോസഫ് ചിത്രം നേര് വന്‍ വിജയമായതാണ് ലാല്‍ ഫാന്‍സിന്റെ സമീപകാല ആശ്വാസം.

പക്ഷേ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ, ലിജോജോസ് പെല്ലിശ്ശേരിയുടെ 'മലൈക്കോട്ടെ വാലിബന്‍' രണ്ടാം ഒടിയനായി. വന്‍ ഹൈപ്പോടെ ഇറങ്ങിയ ചിത്രം, ആദ്യഷോയ്ക്ക് ശേഷം തന്നെ 'മലങ്കള്‍ട്ട്' എന്ന ചീത്തപ്പേരാണ് ഉണ്ടാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ലാല്‍ ഫാന്‍സ് തന്നെ സംവിധായകന് നേരെ തിരിഞ്ഞു. അതിനുശേഷമാണ് ചരിത്രത്തില്‍ മോഹന്‍ലാലിന് ഏറ്റവും വലിയ ചീത്തപ്പേര് ഉണ്ടാക്കിയ ബറോസ് ഇറങ്ങിയത്. ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷ ഏറെയായിരുന്നു. പക്ഷേ ചിത്രവും പതിനെട്ട് നിലയിലാണ് പൊട്ടിയത്. ഒരുഷോട്ട്പോലും വൃത്തിക്കെടുക്കാന്‍ അറിയാത്ത സംവിധായകന്‍ എന്നും ഈ പണി ലാലിന് പറ്റില്ല എന്നും സോഷ്യല്‍ മീഡിയ കടുത്ത വിമര്‍ശനം ഉയര്‍ത്തി.



അങ്ങനെ മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ ഏറ്റവും വലിയ ബ്രാന്‍ഡ് വീണ്ടും ഒരു പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി, 200 കോടിയുടെ വമ്പന്‍ ബജറ്റില്‍ എമ്പുരാന്‍ എത്തുന്നത്. പൃഥിരാജിന്റെ സംവിധാനവും, മുരളി ഗോപിയുടെ രചനയും, വന്‍താരനിരയുമൊക്കെ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. മലയാള സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്ന ചിത്രം കൂടിയാണിത്. ഇത് ഹിറ്റായാല്‍ മലയാളത്തിന്റെ വിപണി, സൗത്ത് ഇന്ത്യയും കടന്ന് പാന്‍ ഇന്ത്യന്‍ ആവുമെന്ന് ഉറപ്പ്.

ഏത് തിരിച്ചടികള്‍ക്കിടയില്‍നിന്നും തിരിച്ചുവരാന്‍ കഴിയുന്ന നടനാണ് മോഹന്‍ലാല്‍. ഒരുഘട്ടത്തിലും അയാളെ നിങ്ങള്‍ക്ക് എഴുതിത്തള്ളാന്‍ കഴിയില്ല. മലയാളി എക്കാലവും നെഞ്ചിലേറ്റിയ ആ 'മോഹനലാലത്തം' വീണ്ടും വരുമോ? എമ്പുരാന്റെ റീലീസ് അടുത്തിരിക്കേ ആരാധകരുടെ നെഞ്ചിടിപ്പും ഏറുകയാണ്.

വാല്‍ക്കഷ്ണം: ഏവരെയും അമ്പരപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ മനസാന്നിധ്യം. ഒന്നിനോടും വിരക്തിയും, വൈരാഗ്യവുമില്ലാത്തതുപോലെ, അനാവശ്യമായ ഉത്കണ്ഠയും, വിജയങ്ങളിലെ അമിത ആഘോഷമോ, പരാജയങ്ങളിലെ അമിത വിഷാദമോ ഒന്നുമില്ല. തനിക്കെതിരെ ഇത്രയേറെ വ്യക്തിഹത്യ നടത്തിയ ശ്രീനിവാസനെപ്പോലും അയാള്‍ കെട്ടിപ്പിടിക്കുന്നു. ഇനി എമ്പുരാന്‍ പരാജയപ്പെട്ടാലും അയാള്‍ കൂള്‍ ആയിരിക്കുമെന്ന് ഉറപ്പാണ്!