- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മല്‍ കസബിന്റെ കൈയില്‍ ചരടുകെട്ടി ഹിന്ദുതീവ്രവാദിയാക്കിയ ബുദ്ധി; ഐഎസ്ഐയുടെ തലയില്‍ വിരിഞ്ഞ ആശയം; സുത്രധാരന്‍ ഹാഫിസ് സയീദ്; ചൂണ്ടികളായി ഹെഡ്ലിയും റാണയും; ഡി കമ്പനിക്കും പരോക്ഷ പങ്ക്; മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി പാക്കിസ്ഥാന്‍ തന്നെ!
മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി പാക്കിസ്ഥാന്‍ തന്നെ!
അമേരിക്കക്ക് സെപ്റ്റമ്പര്‍ 11 പോലെയാണ് ഇന്ത്യക്ക് നവംബര്‍ 26. 2008 നവംബര്‍ 26 ബുധനാഴ്ച മുതല്‍ 29 ശനിയാഴ്ച വരെ, ഏതാണ്ട് 60 മണിക്കുറുകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല! മുംബൈ എന്ന ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനത്ത്, എ കെ 47 തോക്കുകളില്‍ നിന്ന് തുരുതുരെ വെടിയുതിര്‍ത്ത് പാക് ഭീകരര്‍ മുന്നേറിയ സമയം. ഭീകരര്‍ അടക്കം 174 പേരാണ് കൊല്ലപ്പെട്ടത്. 327 പേര്‍ക്ക് പരിക്കേറ്റു. നിരവധി വിദേശ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടമായി. ഭീകര വിരുദ്ധസേനയുടെ മേധാവിയായിരുന്നു ഹേമന്ത് കര്‍കരെയടക്കം, 15 പോലീസുകാരും ജീവത്യാഗംചെയ്തു. മലയാള സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചതും നാടിന്റെ കണ്ണീരോര്‍മ്മയാണ്.
രാജ്യം പേടിക്കുക മാത്രമല്ല നാണിച്ചുപോവുകയും ചെയ്ത ദിനങ്ങളായിരുന്നു അത്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സുരക്ഷ ഇത്രയേ ഉള്ളൂ എന്ന് ലോകരാജ്യങ്ങള്‍ ചോദിച്ച ദിനങ്ങള്‍. ഇപ്പോള്‍ തഹാവൂര്‍ ഹുസൈന്‍ റാണ എന്ന കൊടും ഭീകരനെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ മുബൈ ഭീകരാക്രമണം വീണ്ടും ചര്‍ച്ചയാവുകയാണ്. ആരായിരുന്നു ആസുത്രകര്‍? എന്തിനായിരുന്നു ഈ നിരപരാധികളെ ഇങ്ങനെ കൊന്നുതള്ളിയത്? പ്രതികള്‍ എല്ലാം ശിക്ഷിക്കപ്പെട്ടോ?
പിന്നില്‍ ഐഎസ്ഐയും ഹാഫിസ് സയീദും
ആരായിരുന്നു, മുംബൈ ഭീകരാക്രമണം നടത്തിയത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. പാക്കിസ്ഥാന്‍. എന്തിനായിരുന്നു ഈ നീചകൃത്യം എന്ന ചോദ്യത്തിന് അജ്മല്‍ കസബ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യ തകര്‍ക്കുക, ദുര്‍ബലപ്പെടുത്തുക. മുംബൈ ആക്രമണ പരമ്പരയുടെ വിത്ത് വീഴുന്നത് സത്യത്തില്‍ പാക്കിസ്ഥാനില്‍ തന്നെയാണ്. പാക് ചാരസംഘടനയാ ഐഎസ്ഐയിലെ ചിലരുടെ മനസ്സിലാണ്, ഈ നിഷ്ഠൂര കൃത്യത്തിന്റെ ബീജാവാപം. അന്ന് പാക്കിസ്ഥാന്‍ ഇതുപോലെ സാമ്പത്തികമായി തകര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ കാശ്മീരിലെ തീവ്രവാദ സംഘടനകള്‍ക്ക് ഒക്കെ അവര്‍ നിര്‍ബാധം ഫണ്ടുകൊടുത്തു.
ഐഎസ്ഐ ഈ കൃത്യം നടപ്പാക്കാന്‍ ഏല്‍പ്പിക്കുന്നത് ഭീകരസംഘടനയായ ലഷ്‌ക്കറെ ത്വയ്യിബയെയാണ്. ഇതിനുളള ഏകോപന ചുമതലായിരുന്നു, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന അമേരിക്കന്‍ ജയിലില്‍ കഴിയുന്ന പാക് വംശജനായ ഭീകരന്. ഇതില്‍ ഭീകരാക്രമണത്തിന്റെ ക്യാപറ്റന്‍ ചുമതല സ്വയം ഏറ്റെടുത്തത് അന്നത്തെ ലഷ്‌ക്കര്‍ നേതാവ് ആയിരുന്ന ഹാഫിസ് സയീദ് ആയിരുന്നു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായി എന്‍ഐഎ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇയാളെയാണ്. അജ്മല്‍ കസബ് അടക്കമുള്ളവരെ കണ്ടെത്തി പരിശീലനം കൊടുത്തത്, ലഷ്‌ക്കര്‍ ആയിരുന്നു.
ലഷ്‌ക്കറെ ത്വയ്യിബ സ്ഥാപകന്‍ കൂടിയായ ഹാഫീസിന്റെ തലയ്ക്ക് യുഎസ് ഒരു കോടി ഡോളറാണ് വിലയിരിട്ടിരിക്കുന്നത്. യു എന്‍ രക്ഷാസമിതി 2008 ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ഇദ്ദേഹം ഇടക്കാലത്ത് പാക്കിസ്ഥാന്‍ ജയിലില്‍ ആയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ തിരിച്ചടിക്കയാണ്. ഇന്ത്യയുടെ ശത്രുക്കള്‍ ഒന്നൊന്നായി പാക്കിസ്ഥാനിലും, അഫ്ഗാനിലും, കാനഡയിലുമൊക്കെയായി അജ്ഞാതരാല്‍ കൊല്ലപ്പെടുകയാണ്. അതിനുപിന്നില്‍ ഇന്ത്യന്‍ ചാരസംഘനയാണെന്ന റോ ആണെന്നാണ് പറയുന്നത്. ഇതോടെ ഇപ്പോള്‍ പേടിച്ച് വിറച്ചാണ് ഈ കൊടും ഭീകരന്റെ ജീവിതം.

ഹാഫിസ് സയീദിന്റെ അനുയായി അബു ഖത്തല്‍ ഒരുമാസം മുമ്പാണ് അജ്ഞാതരാല്‍ കൊല്ലപ്പെടുന്നത്. അന്ന് ഹാഫീസ് സയീദും കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത വന്നിരുന്നു. പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നതോടെ ഭീകരപ്രവര്‍ത്തനത്തിന് പഴയതുപോലെ ഫണ്ട് കിട്ടുന്നുമില്ല. അതിന് പിന്നാലെ രോഗങ്ങളും. ഇതോടെ ഹാഫിസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് ഇന്ത്യാ ടുഡെ പോലുള്ള മാധ്യമങ്ങള്‍ എഴുതുന്നത്. പക്ഷേ ഹാഫിസിനെ കൊല്ലുകയല്ല, ജീവനോട് പിടിച്ച് ചോദ്യം ചെയ്യുകയാണ് വേണ്ടത്. അപ്പോള്‍ മാത്രമാണ് മുംബൈ ഭീകരാക്രമണത്തിന്റെ കുടുതല്‍ ഗൂഢാലോചന വെളിപ്പെടുകയുള്ളൂ.
ചൂണ്ടികളായി ഹെഡ്ലിയും റാണയും
ദാവൂദ് സെയ്ദ് ഗീലാനി എന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, തഹാവൂര്‍ ഹുസൈന്‍ റാണ. ഈ രണ്ട് പാക് വംശജരായ വിദേശ പൗരന്‍മ്മാരാണ്, ആസുത്രകരില്‍ പ്രധാനിയായി പ്രവര്‍ത്തിച്ചത്. ഇന്റിലിജന്‍സ് ഇന്‍പുട്ട് നല്‍കുകയായിരുന്നു ഇവര്‍ ഐഎസ്ഐക്കുവേണ്ടി ചെയ്ത ജോലി. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ചൂണ്ടികള്‍ എന്ന് പറയും.
രണ്ടുപേരും ബാല്യകാല സൂഹൃത്തുക്കളാണ്. രണ്ടുപേരും സമ്പന്നര്‍, ഉന്നതകുലജാതര്‍, ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍. 1960 ജൂണ്‍ 30 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു പാകിസ്ഥാന്‍ പിതാവിന്റെയും ഒരു അമേരിക്കന്‍ അമ്മയുടെയും മകനായി ഒരു ഉന്നത കുടുംബത്തിലാണ് ഹെഡ്ലി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് സലിം ഗിലാനി അറിയപ്പെടുന്ന ഒരു പാകിസ്ഥാന്‍ നയതന്ത്രജ്ഞയും പ്രക്ഷേപകനുമായിരുന്നു, അമ്മ ആലീസ് സെറില്‍ ഹെഡ്‌ലി വാഷിംഗ്ടണ്‍ ഡിസിയിലെ പാകിസ്ഥാന്‍ എംബസിയില്‍ സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. ഹെഡ്‌ലിക്ക് ഒരു ഇളയ സഹോദരി സയ്യിദയും ഒരു അര്‍ദ്ധസഹോദരന്‍ ഡാനിയലും ഉണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ വക്താവായി ഡാനിയാല്‍ മാറി, നിലവില്‍ ബീജിംഗില്‍ പാകിസ്ഥാന്റെ പ്രസ് അറ്റാഷെയായി സേവനമനുഷ്ഠിക്കുന്നു. ഹെഡ്‌ലി ജനിച്ചയുടനെ കുടുംബം അമേരിക്ക വിട്ട് പാകിസ്ഥാനിലെ ലാഹോറില്‍ സ്ഥിരതാമസമാക്കി.

ഈ സമയത്ത് സ്‌കൂളില്‍ വെച്ചാണ് അദ്ദേഹം റാണയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കോളജില്‍ എത്തിയപ്പോഴേക്കം അവര്‍ ഇണപിരിയാത്ത സുഹൃത്തുക്കളായി. ഒരു വേള ഇവര്‍ തമ്മില്‍ സ്വവര്‍ഗാനുരാഗമാണെന്നുവരെ പറഞ്ഞുകേട്ടു. റാണയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള കുടുംബത്തിലാണ ജനിച്ചത്. പാക്ക് മിലിട്ടറിയില്‍ ഡോക്ടറായ റാണ അവിടെനിന്ന് മുങ്ങി കാനഡയില്‍ എത്തി. കാനഡയില്‍ നിന്ന് റാണ പതുക്കെ അമേരിക്കയിലേക്ക് കടന്നു. തുടര്‍ന്ന്, ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ശേഷം, റാണ വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു. ഷിക്കാഗോ, ന്യൂയോര്‍ക്ക്, ടൊറന്റോ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഒരു ഇമിഗ്രേഷന്‍ സേവന ഏജന്‍സിയായ ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ അദ്ദേഹം സ്ഥാപിച്ചു. മുംബൈയില്‍ വരെ അതിന് ബ്രാഞ്ചുകള്‍ ഉണ്ടായി. കോടീശ്വരനായ ഒരു വ്യവസായി എന്ന നിലയിലേക്ക് അയാള്‍ ഉയര്‍ന്നു. ഒപ്പം അമേരിക്കയില്‍ ഒരു ഹലാല്‍ കാശപ്പുശാലയും നടത്തി.
പക്ഷേ അപ്പോഴും റാണയുടെ ഉള്ളില്‍ മതം പോയില്ല. ഹെഡ്ലി എന്ന സുഹൃത്തുവഴി അയാള്‍ ഐസ്ഐയുമായും ലഷ്‌ക്കറുമായും ബന്ധപ്പെട്ടു. അങ്ങനെയാണ് മുംബൈ ഭീകാരക്രമണത്തിനുള്ള ഒത്താശക്കാരനായി മാറി. റാണയുടെ മുബൈയിലെ ഓഫീസ് വഴിയാണ് അജ്മല്‍ കസബ് അടക്കമുള്ളവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തത്.
ചോദ്യംചെയ്യലില്‍ റാണ മുംബൈ ആക്രമണകാലത്ത് നഗരത്തില്‍ പോയിരുന്നു എന്നും താജ് ഹോട്ടല്‍ സന്ദര്‍ശിച്ചുവെന്നും കണ്ടെത്തി. റാണ 2008 നവംബര്‍ 11 മുതല്‍ 21 വരെ ഇന്ത്യയില്‍ തുടര്‍ന്നതായി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആക്രമണത്തിന് മുമ്പ് ഹെഡ്‌ലിയും മുംബൈയും ഇന്ത്യയിലെ മറ്റ് നഗരങ്ങളും സന്ദര്‍ശിച്ചിരുന്നു. എന്തിന് റാണ കൊച്ചിയിലും എത്തിയിരുന്നു. തന്റെ ഇമിഗ്രേഷന്‍ കമ്പനി റാണക്ക് ശരിക്കും ഒരു മറയായിരുന്നു.

ചോദ്യം ചെയ്യലില്‍ അമേരിക്കന്‍ ഫെഡറല്‍ പ്രൊസിക്യൂട്ടര്‍മാര്‍ മുമ്പാകെ റാണ ഇത് സമ്മതിച്ചതാണ്. ഹെഡ്ലിയും ഐഎസ്ഐ ഏജന്റുമായുള്ള കണക്ഷന്‍ ലിങ്കും റാണയായിരുന്നു. പക്ഷേ ഇവര്‍ രണ്ടുപേരും പിടിക്കപ്പെടുന്നത് മുംബൈ ആക്രമണത്തിന്റെ പേരിലല്ല. കോപ്പന്‍ഹേഗനില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാസിക ആക്രമിക്കാനുള്ള ഗുഢാലോചനാ കേസിലാണ്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഹെഡ്ലി മുംബൈ ആക്രമണത്തിന്റെ കൂടി കുറ്റം സമ്മതിക്കായിരുന്നു. റാണയുടെ പങ്ക് തീര്‍ത്ത് പറഞ്ഞത് ഹെഡ്ലിയാണ്. ഇതോടെ റാണ ഹെഡ്ലിയെ വഞ്ചകന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോഴും റാണയുടെ ബന്ധുക്കള്‍ പറയുന്നത് അയാള്‍, ഹെഡ്ലിയുടെ വലയില്‍ കുടുങ്ങിയതാണെന്നാണ്.
പണത്തിനുവേണ്ടി തീവ്രവാദിയായ കസബ്
ആസുത്രണത്തിന്റെ എല്ലാ ബ്ലൂപ്രിന്റുമായതോടെ ലഷ്‌ക്കറും ഹാഫിസ് സയീദും പിന്നെ അന്വേഷിച്ചത് ഇത് നടത്താന്‍ ചങ്കുറുപ്പുള്ള ചാവേറുകളെയാണ്. അവിടെയാണ് മതവും ഇന്ത്യാവിരുദ്ധതയും ഒരു ഘടകമായത്. അക്കാലത്തത് പാക്കിസ്ഥാനിലെ ലാഹോറിലൊക്കെ ലഷ്‌ക്കറിന് ധാരാളം റിക്രുട്ട്മെന്റ് ഏജന്‍സികള്‍ ഉണ്ടായിരുന്നു. 16 വയസ്സിനും 20 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് ലഷ്‌കര്‍ പോലുള്ള സംഘടനകളുടെ നോട്ടപ്പുള്ളികള്‍. തോക്കും ആയുധങ്ങളും കാണുമ്പോള്‍ ഇവര്‍ക്ക് വേഗം ഹരം പിടിക്കും. വീഡിയോ ഗെയിമുകളില്‍ കാണുന്നതിലും ശക്തരായി തങ്ങളെന്ന് തോന്നും അവര്‍ക്ക്. അധികം ചോദ്യങ്ങളും ഉണ്ടാകില്ല. ജിഹാദികളാവുന്നവരുടെ കുടുംബവും ലഷ്‌ക്കര്‍ നോക്കും.
അത്തരത്തില്‍ ലാഹോറില്‍ നടത്തിയ ഒരു ക്യാമ്പിലാണ് മുംബൈ ഭീകരാക്രമണത്തിനുവേണ്ട 10 പേരയെും തിരഞ്ഞെടുത്തത്. ഇവര്‍ക്ക് എ കെ 47 അടക്കമുള്ള തോക്കുകള്‍കൊണ്ട് മാസങ്ങള്‍ നീണ്ട പരിശീലനം കൊടുത്തതായി, പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ കസബ് മൊഴിനല്‍കിയിരുന്നു. കസബിന്റെയും ദാരിദ്ര്യമാണ് ഭീകരര്‍ മുതലെടുത്തത്. പാകിസ്താനിലെ ഫരീദ്‌കോട്ടില്‍നിന്നുള്ള അജ്മല്‍ അമീര്‍ കസബിന്റെത് ഒരു പാവപ്പെട്ട കുടുംബമായിരുന്നു അയാളുടേത്. പുതിയ വസ്ത്രം വാങ്ങാന്‍ അച്ഛന്‍ പണം കൊടുക്കാത്തതാണത്രേ കസബ് ലഷ്‌ക്കറിലേക്ക് തിരിയാനുള്ള പ്രകോപനം. ഈദിന് പുതിയ വസ്ത്രം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ അച്ഛന്‍ ഇല്ല എന്ന് പറഞ്ഞ് കൈമലര്‍ത്തി. എങ്കില്‍ സ്വന്തമായി പണം കണ്ടെത്താമെന്നായി കസബിന്റെ ചിന്ത. ഉന്തുവണ്ടിയില്‍ ഭക്ഷണമുണ്ടാക്കി കൊണ്ടു നടന്ന് വില്‍ക്കുന്ന ആളായിരുന്നു കസബിന്റെ ബാപ്പ. തനിക്കൊപ്പം മകനും കൂടി കച്ചവടത്തില്‍ സഹായിക്കണം എന്നായിരുന്നു ആ അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ മകന്‍ അതിന് വഴങ്ങിയില്ല. അങ്ങനെയാണ് അജ്മല്‍ കസബ് എന്ന ചെറുപ്പക്കാരന്‍ മുംബൈ തീവ്രവാദി ആക്രമണക്കേസിലെ പ്രതിയാകുന്നത്.

കൊള്ള നടത്താന്‍ ആവശ്യമായ ആയുധപരിശീലനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് അജ്മല്‍ കസബ് ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്നത് എന്ന് ഈ ഭീകരനെ ചോദ്യം ചെയ്ത, മൂന്‍ പൊലീസ് കമ്മീഷണല്‍ രാകേഷ് മാരിയ ലെറ്റ് മി സേ ഇറ്റ് നൗ' എന്ന തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. കസബിന് ജിഹാദുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു. അവനും സുഹൃത്ത് മുസാഫര്‍ ലാല്‍ ഖാനും കൊള്ള നടത്താനും അതിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നു. ഇതിന് ചില ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കാനും പരിശീലനം നേടാനും ഉദ്ദേശിച്ചിരുന്നു- മാരിയ കൂട്ടിച്ചേര്‍ക്കുന്നു.
കസബ് ചരട് കെട്ടിയതെന്തിന്?
കടല്‍ മാര്‍ഗമാണ് ഭീകരര്‍ മുബൈയില്‍ എത്തിയത്. പാ്ക് പഞ്ചാബില്‍ നിന്ന് തുറമുഖ നഗരമായ കറാച്ചിയിലേക്ക് പാകിസ്ഥാന്‍ പതാക വഹിച്ച ഒരു ചരക്ക് കപ്പലിലാണ് അവര്‍ യാത്ര ചെയ്തത്. തുടര്‍ന്ന കടലില്‍ കണ്ട ഒരു ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് അവര്‍ തട്ടിയെടുത്തു. അതിലെ പാവങ്ങളെയെല്ലാം വെടിവെച്ച് കൊന്നു. പിന്നെ അതിലായി യാത്ര. അപ്പോള്‍ അവരെ ഇന്ത്യക്കാര്‍ എന്നാണെല്ലോ കരുതുക. മുംബൈ തീരത്തിനടുത്തെത്തിയപ്പോള്‍, അവര്‍ വായു നിറച്ച ഡിങ്കികള്‍ ഉപയോഗിച്ച് ബധ്വാര്‍ പാര്‍ക്കിലേക്കും, ഗേറ്റ്വേ ഓഫ് ഇന്ത്യ സ്മാരകത്തിനടുത്തുള്ള സാസൂണ്‍ ഡോക്കിലേക്കും എത്തി. പിന്നീട് തീവ്രവാദികള്‍ ചെറിയ സംഘങ്ങളായി പിരിഞ്ഞ് പുറപ്പെട്ടു. കണ്ണില്‍ കണ്ടവരെയെല്ലാം തുരുതുരാ വെടിവെക്കാന്‍!
മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരവാദ ആക്രമണമെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ലഷ്‌കര്‍ ഇ തൊയ്ബ ആസൂത്രണം നടത്തിയിരുന്നു. ഹിന്ദു തീവ്രവാദിയെന്ന് തെറ്റിദ്ധരിക്കാനായി കസബിന്, സമീര്‍ ദിനേശ് ചൗധരിയെന്ന പേര് ലഷ്‌ക്കര്‍ നല്‍കിയിരുന്നു. ബംഗളൂരു അരുണോദയ കോളജ് വിദ്യാര്‍ഥിനിയെന്ന തിരിച്ചറിയില്‍ രേഖയുണ്ടാക്കി പോക്കറ്റില്‍ വെച്ചിരുന്നു. ജപിച്ച് കെട്ടിയതിന് സമാനമായുള്ള ചുവന്ന നിറത്തിലുള്ള ചരടും കൈയില്‍ കെട്ടിയിരുന്നു. മുംബൈ ഭീകരാക്രമണവേളയില്‍നിന്നുള്ള കസബിന്റെ ഫോട്ടോയില്‍, വലത്തേ കയ്യിലുള്ള ചുവന്ന ചരട് കാണാന്‍ സാധിക്കും.
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കുനേരെ വലിയ പീഡനമാണ് നടക്കുന്നത് എന്ന് പറഞ്ഞാണ് കസബ് അടക്കമുള്ളവരെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തത്. ഇന്ത്യയില്‍ മുസ്ലിങ്ങളെ നമസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പള്ളികള്‍ അധികൃതര്‍ അടച്ചുപൂട്ടിയെന്നും കസബ് വിശ്വസിച്ചിരുന്നു. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലിരിക്കെ, ദിവസേന അഞ്ചുനേരവും കേള്‍ക്കുന്ന ബാങ്ക്വിളി തന്റെ തോന്നലാണെന്നാണ് കസബ് കരുതിയിരുന്നത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍, മെട്രോ സിനിമയ്ക്കു സമീപമുള്ള മോസ്‌ക്കിലേക്ക് ഒരു വാഹനത്തില്‍ കസബിനെ കൊണ്ടുപോകാന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രമേഷ് മഹാലെയോട് താന്‍ ആവശ്യപ്പെട്ടവെന്നും, നമാസ് പുരോഗമിക്കുന്നതു കണ്ട് കസബ് അമ്പരന്നുവെന്നും മൂന്‍ പൊലീസ് കമ്മീഷണല്‍ രാകേഷ് മാരിയ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് മറ്റുള്ളവരും സ്ഥിരീകരിച്ചിട്ടുണ്ട്.
കസബിന്റെ ജീവന്‍ സംരക്ഷിക്കുക എന്നതിനായിരുന്നു താന്‍ ഏറ്റവും പ്രാധാന്യം നല്‍കിയിരുന്നതെന്നും മാരിയ പറയുന്നു. മുംബൈയിലെ പോലീസുകാര്‍ക്ക് അവനോടുള്ള ദേഷ്യവും വൈരവും വ്യക്തമായിരുന്നെന്നും രാകേശ് മാരിയ പറയുന്നു. തൂക്കിലേറ്റപ്പെടും മുന്‍പുള്ള കസബിന്റെ അവസാനവാക്കുകള്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന രമേശ് മഹാല്‍ എന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.'നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു'', എന്നാണ് കസബ് അവസാനമായി പറഞ്ഞത്. ഒരിക്കലും ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരങ്ങള്‍ നല്‍കിയിരുന്നില്ല. അമിതാബ് ബച്ചനെ കാണാനാണ് വിസയെടുത്ത് താന്‍ മുംബൈയിലെത്തിയതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ക്രൂരമായ ചോദ്യം ചെയ്യലുകള്‍ കൊണ്ട് ഫലമില്ലായിരുന്നു. പിന്നീട് തങ്ങള്‍ കസബിന് ആശ്വാസപ്രദമായ അന്തരീക്ഷം ഒരുക്കിയെന്നും സ്വയം മനസുതുറക്കാന്‍ കാത്തിരുന്നുവെന്നും രമേശ് മഹാല്‍ പറയുന്നു.
വധശിക്ഷ ലഭിക്കും വരെ ഇന്ത്യയിലെ നിയമം തന്നെ വെറുതെ വിടുമെന്ന പ്രതീക്ഷയിലായിരുന്നു കസബ് എന്ന അദ്ദേഹം പറയുന്നു. കഴുമരത്തിലേക്കുള്ള യാത്രയില്‍ കസബ് ഒന്നും സംസാരിച്ചില്ല. ആദ്യം കണ്ട ധൈര്യശാലിയായ കസബ് ആയിരുന്നില്ല അപ്പോള്‍, മരണഭയമുള്ള കസബായിരുന്നു. കസബിന്റെ വധശിക്ഷ തനിക്കേറ്റവും സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്നും മഹല്‍ പറയുന്നു. അവിടെ നീതി ജയിക്കുകയും തിന്‍മ മരിക്കുകയും ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
പിന്നില്‍ പാക്കിസ്ഥാന്‍ തന്നെ
അപ്പോഴും ഈ ഭീകാരക്രമണത്തിന്റെ പ്രധാന പ്രതി ഇവര്‍ ആരുമല്ല എന്ന് പറയേണ്ടിവരും. അത് പാക്കിസ്ഥാന്‍ എന്ന രാഷ്ട്രം തന്നെയാണ്. എക്കാലവും ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിവന്നത്. അതില്‍ പാക്ക് പ്രധാനമന്ത്രിമാരും പട്ടാള മേധാവികളുമൊക്കെയുണ്ട്. ഈ കേസ് നേരെചൊവ്വെ അന്വേഷിച്ചാല്‍ പാക്ക് രാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതര്‍ക്ക് പിടിവീഴും.
ആക്രമണങ്ങള്‍ പാകിസ്ഥാന്‍ പ്രദേശത്താണ് ആരംഭിച്ചതെന്ന് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചതോടെ, 2008 നവംബര്‍ 28-ന് ഇന്ത്യ, പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷുജ പാഷയുടെ സാന്നിധ്യം അഭ്യര്‍ത്ഥിച്ചിരുന്നു. അന്വേഷണ പ്രക്രിയ ആരംഭിച്ചപ്പോള്‍ പാകിസ്ഥാന്‍ ആദ്യം ഈ അഭ്യര്‍ത്ഥന അംഗീകരിച്ചെങ്കിലും പിന്നീട് പിന്മാറി. പാഷയ്ക്ക് പകരം മറ്റൊരു പ്രതിനിധിയെ ഇന്ത്യയിലേക്ക് അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്തു. പാകിസ്ഥാന്‍ തീവ്രാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന്, ഇന്ത്യയുടെ അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഇതോടെ വഷളായി. 2009 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം അടക്കം ഇന്ത്യ റദ്ദാക്കി.
തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഇന്ത്യയുടെ ശ്രമത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ പിന്തുണ ലഭിച്ചു . മുംബൈയിലെ ആക്രമണങ്ങളെത്തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണും ഇന്ത്യയിലും പാകിസ്ഥാനിലും പര്യടനം നടത്തി. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു. പക്ഷേ 2002-ല്‍ തന്നെ തങ്ങള്‍ ലഷ്‌ക്കറെ ത്വയ്യിബയെ അടക്കം നിരോധിച്ചതാണെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. പക്ഷേ ലഷ്‌ക്കര്‍ ജമാഅത്ത് ഉദ്ദവ എന്ന് പേരുമാറ്റിയാണ് പ്രവര്‍ത്തിച്ചത്. മുംബൈ ആക്രമണത്തിനുശേഷം പാക്കിസ്ഥാന്‍ ഇവരെയും നിരോധിച്ചു. ലഷ്‌ക്കര്‍ ഇ ത്വയ്യിബയുടെ മുതിര്‍ന്ന നേതാവും മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമാണെന്ന് സംശയിക്കപ്പെടുന്നയാളുമായ സാക്കി-ഉര്‍-റഹ്‌മാന്‍ ലഖ്വിയെ 2008 ഡിസംബര്‍ 8 ന് പാക്കിസ്ഥാന്‍ അറസ്റ്റുചെയ്തു. രാജ്യത്തുടനീളമുള്ള ജമാഅത്ത് ഉദ്ദവ ഓഫീസുകളില്‍ പാകിസ്ഥാന്‍ സുരക്ഷാ സേന റെയ്ഡ് നടത്തി.
ഇങ്ങനെ കണ്ണില്‍പൊടിയിടാനുള്ള കുറച്ച് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഈ ആക്രമണത്തിന് പിന്നില്‍ പാക്ക് പട്ടാളവും ഐസ്ഐയും തന്നെയാണെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. ഹെഡ്യിലും റാണയും ബന്ധപ്പെട്ടിരുന്നത് ഐഎസ്ഐ ഉദ്യോഗസ്ഥരിലുടെയായിരുന്നു. എന്നിട്ടും പാക്കിസ്്ഥാനെതിരെ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഭീകരവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുമായി മുന്‍ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥനെ യുഎസ് ഫെഡറല്‍ അധികാരികള്‍ നേരിട്ട് ബന്ധപ്പെടുത്തിയ ആദ്യ സംഭവങ്ങളിലൊന്നാണ് മുംബൈ ആക്രമണക്കേസ്. തീവ്രവാദികള്‍ക്കും പാകിസ്ഥാന്‍ സൈന്യത്തിലെ ഘടകങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വളരെക്കാലമായി സംശയിച്ചിരുന്നെങ്കിലും, ആഗോള ഭീകരതയില്‍ സൈനിക ഉദ്യോഗസ്ഥരുടെ കൂടുതല്‍ നേരിട്ടുള്ള പങ്കാളിത്തം റാണ-ഹെഡ്‌ലി ഗൂഢാലോചന എടുത്തുകാണിച്ചു. പാകിസ്ഥാന്‍ സൈന്യത്തിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും ചിലര്‍ ഭീകരതയെ ശക്തമായി പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് അമേരിക്കക്ക് കൃത്യമായി ബോധ്യപ്പെട്ടത് റാണയുടെ അറസ്റ്റിലുടെയാണ്. ഇതോടെ ഭീകരതക്കെതിരായ നിലപാടുകള്‍ അമേരിക്ക കടുപ്പിച്ചു.
പക്ഷേ ഇപ്പോള്‍ കാലം തിരിച്ചടിക്കയാണ്. കാശ്മീരിലടക്കം ഭീകരതയെ ഒരു പരിധിവരെ അമര്‍ച്ചചെയ്യാന്‍ കഴിഞ്ഞു. അതിന് മോദി- അജിത് ഡോവല്‍-അമിത് ഷാ ടീമിന് നാം നന്ദി പറയേണ്ടിയിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ വലിയ രീതിയില്‍ രാജ്യത്തിന്റെ സുരക്ഷയില്‍ വെള്ളം ചേര്‍ത്തുവെന്ന് ആരോപണം വന്നിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ശത്രുക്കള്‍ ഒന്നൊന്നായി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയാണ്. ഹാഫീസ സയീദ് പോലും മരണം ഭയന്ന് ജീവിക്കുന്നു. സാമ്പത്തികമായി പാപ്പരായി ജിന്നയുടെ വിശുദ്ധനാട് മരുന്നിനും വസ്ത്രത്തിനും അടികൂടുകയാണ്!
വാല്‍ക്കഷ്ണം: മുംബൈ ഭീകരാക്രമണത്തില്‍ ദാവുദ് സംഘത്തിനും റോള്‍ ഉണ്ട്. 93-ലെ മുംബൈ സ്ഫോടന പരമ്പരയെത്തുടര്‍ന്ന് രാജ്യത്ത് നിന്ന് മുങ്ങിയ ദാവൂദ് പാക്കിസ്ഥാനിലിരുന്നാണ് ഐഎസ്ഐയെ സഹായിച്ചത്. ആക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു തെളിവിനെ ഏതുവിധേനയും ഇല്ലാതാക്കാന്‍ ഐ.എസ്.ഐയും ലഷ്‌കക്കറും ആഗ്രഹിച്ചിരുന്നു. കസബിനെ വധിക്കാനുള്ള ചുമതല ഡി കമ്പനിക്കായിരുന്നുവെന്ന് മുംബൈ പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ അവരുടെ ഉദ്ദേശം നടന്നില്ല. കേസില്‍ ദാവൂദിന്റെ പങ്ക് കൃത്യമായി അന്വേഷിച്ചിട്ടില്ലെന്ന് ഇപ്പോഴും പരാതിയുണ്ട്.