- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ബൈക്ക് വാങ്ങുന്ന കാശിന് കാർ എന്ന മഹത്തായ സ്വപ്നം; പക്ഷേ നാനോ ബംഗാളിലെത്തിയതോടെ കോലാഹലം; സിപിഎമ്മിന്റെ നിഷ്ക്കാസനത്തിന് ഇടയാക്കിയ സമരം; മമത പൂട്ടിച്ച ഫാക്ടറിക്ക് ഇപ്പോൾ 765.78 കോടി രൂപ നഷ്ടപരിഹാരം; തൊട്ടതെല്ലാം പൊന്നാക്കിയ രത്തൻ ടാറ്റക്ക് പിഴച്ചതെവിടെ? നാനോ കാർ വീണ്ടും ചർച്ചയിൽ
ഒന്നും രണ്ടുമല്ല, 765.78 കോടി രൂപയാണ് നഷ്ടപരിഹാരം! സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു വ്യവസായ തർക്കപരിഹാര വിധിയാണ് ഇന്നലെ ഉണ്ടായത്. പശ്ചിമബംഗാളിലെ സിംഗൂരിൽ നാനോ കാർ നിർമ്മാണശാല പൂട്ടാൻ നിർബന്ധിതമായതിന്, സംസ്ഥാന സർക്കാർ ടാറ്റ മോട്ടോഴ്സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആർബിട്രേഷൻ ട്രിബ്യൂണൽ വിധിച്ചത്.
ഒരു ലക്ഷം രൂപയ്ക്ക് കാർ എന്ന സ്വപ്ന പദ്ധതിയുമായി ബംഗാളിൽ ചെന്നിറങ്ങിയ ടാറ്റയ്ക്കുണ്ടായ കോടികളുടെ നഷ്ടം പരിഹരിക്കണമെന്ന ട്രിബ്യൂണൽ വിധി ഫലത്തിൽ മമത സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. 2016 സെപ്റ്റംബർ മുതൽ 11 ശതമാനം പലിശസഹിതമാണ്, നഷ്ടപരിഹാരം അനുവദിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് സിംഗൂരിൽ തങ്ങളുടെ കാർപദ്ധതിയുടെ പ്ലാന്റ് അടയ്ക്കേണ്ടിവന്നത്, ഭീമമായ നഷ്ടത്തിന് ഇടയാക്കിയെന്നുകാണിച്ച് സമർപ്പിച്ച ഹർജിയിലാണ് ടാറ്റ മോട്ടോഴ്സിന് അനുകൂലമായ സുപ്രധാനവിധി. വെസ്റ്റ് ബംഗാൾ ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണമെന്നാണ് മൂന്നംഗ ട്രിബ്യൂണലിന്റെ ഏകകണ്ഠമായ വിധിയിൽ പറയുന്നത്.
2008ൽ 1,500 കോടി രൂപയാണ് ടാറ്റ ബംഗാളിലെ സിംഗൂരിൽ മുടക്കിയത്. പലിശയടക്കം കിട്ടിയാലും ടാറ്റയുടെ നഷ്ടം നികത്താൻ സാധിക്കുന്ന തുക വരില്ലെന്നാണു കണക്കുകൂട്ടൽ. സിംഗൂരിലെ നാനോ കാർ പ്ലാന്റ് ടാറ്റയ്ക്കു കനത്ത നഷ്ടമുണ്ടാക്കുക മാത്രമല്ല ബംഗാളിലെ ഇടതുപക്ഷത്തെ തകർത്തു തരിപ്പണമാക്കുകയും ചെയ്തു. ടാറ്റയുടെ പ്ലാന്റ് പൂട്ടിക്കാൻ മുന്നിൽ നിന്ന മമതയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നതും ശ്രദ്ധേയം.
ഇന്ത്യയിലെ സാധാരണക്കാരന് ബൈക്ക് വാങ്ങുന്ന കാശിന് കാർ വാങ്ങിക്കാൻ കഴിയണം എന്ന് ചിന്തിച്ച് നാനോ കാറിന് തുടക്കം കുറിച്ച് ടാറ്റക്ക് പിഴച്ചത് എവിടെയാണ്? ഭരണകക്ഷികൾ മാറുമ്പോൾ മാറേണ്ടതാണോ, ഒരു സർക്കാറിന്റെ നയം? കാർഷിക ഭൂമി വ്യവസായത്തിന് ഏറ്റെടുക്കുമ്പോഴുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ ഉയർത്തുകയാണ് സിംഗൂർ ടാറ്റാകേസ്.
രത്ത ടാറ്റയുടെ സ്വപ്ന പദ്ധതി
ഇന്ത്യയെ സംബന്ധിച്ച് വെറുമൊരു ബിസിനസ് ഗ്രൂപ്പ് മാത്രമല്ല ടാറ്റ. 150 വർഷംമുമ്പ് ജാംഷെഡ്ജി ടാറ്റ, ടാറ്റ ഗ്രൂപ്പ് തുടങ്ങുന്ന സമയത്തുതന്നെ അവർ കൊണ്ടുവന്ന ഒരു കാര്യമാണ് സാമൂഹിക പ്രതിബദ്ധത എന്നത്. ലാഭത്തിന്റെ 70 ശതമാനവും വിദ്യാഭ്യാസ- ആരോഗ്യ- ക്ഷേമപ്രവർത്തനങ്ങൾക്കായി ചെലവിടുന്ന വേറെ ഏതെങ്കിലും കമ്പനി ലോകത്തിൽ ഉണ്ടോയെന്നതും സംശയമാണ്! അതും യാതൊരു പബ്ലിസിറ്റിയുമില്ലാതെ.
ഏഴരലക്ഷം ജോലിക്കാരും, നൂറിൽ അധികം രാജ്യങ്ങളിൽ പ്രവർത്തനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കോർപ്പറേറ്റ് കമ്പനിയാണ് ടാറ്റയാണ്. തൊഴിലാളി സൗഹൃദമായി എത്തിക്കൽ ബിസിനസ് ചെയ്യുന്ന ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിലൊക്കെ ടാറ്റ എന്നത് ഒരു വികാരമാണ്. സർക്കാർജോലി പോലും ഉപേക്ഷിച്ചാണ് ചെറുപ്പക്കാർ ടാറ്റയിൽ ജോലിക്ക് കയറുന്നത്. കഴിഞ്ഞവർഷം, എയർ ഇന്ത്യ തിരിച്ച് ടാറ്റയുടെ കൈയിൽ എത്തുമ്പോൾ അതിനെ വികാരവായ്പ്പുകളോടെയാണ് ഉത്തരേന്ത്യ ഉൾക്കൊണ്ടത്. ഇന്ന് പത്തരലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വിൽപ്പനയുമായി ഈ പാഴ്സി ബിസിനസ് ഗ്രൂപ്പ് കുതിക്കയാണ്. അതിനിടയിൽ അവർക്ക് കൈപൊള്ളിയ അപൂർവം ബിസിനസുകളിൽ ഒന്നാണ് നാനോ കാർ.
ഇന്ത്യയുടെ ദാരിദ്ര നിർമ്മാർജ്ജനവും, ഗതാഗത വിപ്ലവവും ലക്ഷ്യമിട്ടാണ് രത്തൻ ടാറ്റ തന്റെ സ്വപ്നപദ്ധതിയായ ഒരുലക്ഷം രൂപക്ക് ഒരു കാർ എന്ന നാനോ കാറിന് തുടക്കമിട്ടത്. നാനോ എന്ന വാഹനത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയതിനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ രത്തൻ ടാറ്റ, അക്കാലത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. -'നാനോ എന്ന വാഹനം നിർമ്മിക്കാൻ പ്രചോദനമായതും അത്തരത്തിലൊരു വാഹനം നിർമ്മിക്കാനുള്ള ആഗ്രഹം ഉണ്ടായതും എന്റെ യാത്രകളിൽ ഞാൻ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു. അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന സ്കൂട്ടറിൽ യാത്ര ചെയ്യുന്ന കുടുംബം. എല്ലാ യാത്രകളിലും അച്ഛന്റെയും അമ്മയുടെയും മധ്യത്തിൽ ആ കുട്ടി ഞെരിഞ്ഞമർന്നിരിക്കുന്നത് കാണുമായിരുന്നു. ഏത് കാലാവസ്ഥയിലും വഴുവഴുപ്പുള്ള റോഡിലുമെല്ലാം അവർ ഇങ്ങനെയാണ് യാത്ര ചെയ്തിരുന്നത്.'
'ഈ കാഴ്ച സ്ഥിരമായതോടെ ഇരുചക്ര വാഹനങ്ങളിലെ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള മാർഗങ്ങൾ ഞങ്ങൾ ആലോചിച്ച് തുടങ്ങി. സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ പഠിച്ചിരുന്നതിന്റെ ഒരു ഗുണമെന്നോണം ഒഴിവ് സമയങ്ങളിൽ ഡൂഡിൽ ചെയ്യുന്ന ശീലമുള്ള ആളായിരുന്നു ഞാൻ. ഡൂഡിലുകൾ ഉപയോഗിച്ച് അതിനുള്ള മാർഗങ്ങൾ ചിത്രീകരിച്ച് തുടങ്ങി. ഇതുവഴി ഇരുചക്ര വാഹനത്തിൽ നാല് ചക്രങ്ങൾ നൽകിയുള്ള ചിത്രങ്ങൾ വരച്ച് തുടങ്ങിയിരുന്നു.
എന്നാൽ, ഈ ചിത്രങ്ങളിലൊന്നും വാഹനത്തിന് വാതിലുകളില്ല, ജനാലകളുമില്ല. നാല് ചക്രങ്ങൾ മാത്രം. ഒരു ബഗ്ഗിയായാണ് ഇതിനെ തോന്നിയത്. അതോടെ ഇത് ഒരു കാറാക്കി മാറ്റണമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ ഒരു തീരുമാനത്തിൽ നിന്നാണ് നാനോ എന്ന കുഞ്ഞൻ വാഹനം പിറവിയെടുക്കുന്നത്. നാനോ എപ്പോഴും നമുക്കിടയിലെ ആളുകൾക്ക് വേണ്ടിയുള്ളതായിരുന്നു. ഇങ്ങനെയാണ് നാനോ കാർ എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത് ''-രത്തൻ ടാറ്റ ഇങ്ങനെയാണ് അതേക്കുറിച്ച് എഴുതിയത്.
നാനോ ഫാക്ടറിയുമായി ബംഗാളിലേക്ക്
ടാറ്റ ബംഗാളിലെത്താനും പ്രത്യേക കാരണമുണ്ട്. 1977 മുതലുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട തുടർച്ചയായ ഭരണത്തിന്റെ ഭാഗമായി, ബംഗാൾ വല്ലാതെ പിറകോട്ടടിച്ചിരുന്നു. തൊഴിലില്ലായ്മ നിരക്ക്, ദാരിദ്ര്യ നിരക്ക്, ശിശുമരണ നിരക്ക്, തൊഴിൽ വളർച്ചാ നിരക്ക്, ആളോഹരി വരുമാനം, തുടങ്ങിയ പ്രധാന സൂചകങ്ങൾ ബംഗാളിനെ പ്രതിക്കൂട്ടിലാക്കി. ജ്യോതിബസുവിനുശേഷം അധികാരമേറ്റ ബുദ്ധദേവ് ഭട്ടാചാര്യ ആദ്യം ചിന്തിച്ചതും ഈ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാൻ എന്ത് ചെയ്യാൻ കഴിയും എന്നാണ്. അങ്ങയൊണ് അവർ തങ്ങളുടെ വരട്ടുവാദങ്ങളും സാമ്പത്തിക അന്ധവിശ്വാസങ്ങളും മാറ്റിവെച്ചുകൊണ്ട്, വൻ വ്യവസായ ഗ്രൂപ്പുകളെ എന്ത് വിലകൊടുത്തും, സംസ്ഥാനത്ത് എത്തിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്.
ബുള്ളറ്റ് ട്രെയിൻ പദ്ധതി ചർച്ചയ്ക്കു വന്നപ്പോൾ 'ജനങ്ങൾ ട്രെയിൻ തട്ടി മരിക്കും അതിനാൽ പദ്ധതി വേണ്ട' എന്ന് പകുതി തമാശയായി ജ്യോതിബസു പറഞ്ഞിരുന്നു. ജ്യോതിബസുവിൽ നിന്ന് അധികാരം ബുദ്ധദേവിൽ എത്തിയപ്പോൾ, ബംഗാളിൽ പട്ടിണി മരണവും കർഷക ആത്മഹത്യയും അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. തേയില തോട്ടങ്ങളിലെ നൂറോളം കർഷകർ ആത്മഹത്യ ചെയ്ത് ബംഗാൾ നിയമസഭയിൽ അടക്കം വലിയ ബഹളം സൃഷ്ടിച്ചതോടെയാണ് ഇനി വ്യവസായവത്ക്കരണം വൈകിപ്പിക്കരുത് എന്ന് പാർട്ടി തീരുമാനിച്ചത്. അതിനാൽ സലിം ഗ്രൂപ്പിനെ നന്ദിഗ്രാമിലേക്കും, ടാറ്റായെ സിംഗൂരിലേക്കും വ്യവസായം നടത്താൻ ക്ഷണിച്ചു. ഇതിനാവശ്യമായ ഭൂമി കണ്ടെത്താൻ നടന്ന ശ്രമങ്ങളാണ് ബംഗാൾ ഗ്രാമങ്ങൾ രക്തക്കളങ്ങൾ ആക്കി മാറ്റിയത്.
മറ്റ് പല സംസ്ഥാനങ്ങളും പദ്ധതിക്കായി ടാറ്റ മോട്ടോഴ്സിന് ഭൂമി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ബുദ്ധദേവുമായി രത്തൻ ടാറ്റ നേരിട്ട് ചർച്ച നടത്തിയതോടെയാണ് സിംഗൂരിലേക്ക് പോകാൻ തീരുമാനമായത്. കാരണം വ്യവസായവത്ക്കരണം കൊതിക്കുന്ന ഒരു സംസ്ഥാനത്തിന് നിന്ന് തങ്ങൾക്ക് എല്ലാ പിന്തുണയും കിട്ടുമെന്ന് ടാറ്റ കരുതി. മാത്രമല്ല അക്കാലത്ത് ബംഗാളിൽ സിപിഎമ്മിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. അതുകൊണ്ടുതന്നെ ആ പാർട്ടിയെ മാത്രം വിശ്വാസത്തിൽ എടുത്താൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവിലെന്ന് ടാറ്റ ഗ്രുപ്പും കരുതി. പ്രതിപക്ഷം ഫലത്തിൽ ദുർബലമായിരുന്നു കാലം. എല്ലാ വിരുദ്ധ അഭിപ്രായങ്ങളും മറികടന്ന് ബുദ്ധദേവിന് വൻ ഭൂരിപക്ഷത്തിൽ തുടർ ഭരണം കിട്ടിയതോടെ, ഇനിയൊന്നും പേടിക്കാനില്ല എന്ന് സിപിഎമ്മിന് അഹങ്കാരമായി.
അന്ന് ബംഗാളിൽ തൂണിലും തുരുമ്പിലും പാർട്ടിയെന്നാണ് പറയുക. തെരുവിലെ കുട്ടികൾക്കിടയിൽ ക്രിക്കറ്റ് കളിക്കുന്നതിനെ തുടർന്നുണ്ടായ അടിപിടി തൊട്ട്, വ്യവസായ തർക്കങ്ങൾ വരെ പാർട്ടി ഇടപെട്ടാണ് പരിഹരിക്കുക. എന്ത് ഡീലിലും പത്തുശതമാനം പാർട്ടി നേതാവിന് കട്ട് മണി കൊടുക്കണം എന്ന് മാത്രം. ഇത് പക്ഷേ സർക്കാറിന്റെ കൂടി ആവശ്യം ആയതിനാൽ ടാറ്റക്ക് അനധികൃതമായി ഒന്നും കൊടുക്കേണ്ടി വന്നില്ല. അഴിമതിക്കും കൈക്കൂലിക്കും വഴങ്ങാത്തതുമാണ് ടാറ്റയുടെ ചരിത്രവും.
ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ 2006ൽ അധികാരമേറ്റ ദിവസമാണ് പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിലെ നാനോ കാർ പദ്ധതിക്കായി ടാറ്റാ മോട്ടോഴ്സുമായി കരാർ ഒപ്പുവച്ചത്. ബംഗാളിലെ ഇടതു ഭരണത്തിന്റെ കഷ്ടജാതകമായി ആ കരാർ മാറി. അഞ്ചു വർഷത്തിനുശേഷം, 2011ൽ ബുദ്ധദേവിനും കൂട്ടർക്കും ഭരണം നഷ്ടമായി. പിന്നീടങ്ങോട്ട് തകർന്ന് തകർന്ന് ഇപ്പോൾ സംസ്ഥാനത്തെ ഒരു മണ്ഡലത്തിൽപ്പോലും കെട്ടിവെച്ച കാശ് കിട്ടാതെ സിപിഎം വട്ടപുജ്യമായി!
ഭൂമി ഏറ്റെടുക്കലിൽ തുടങ്ങിയ വിവാദം
പദ്ധതിക്കായി ആയിരം ഏക്കറോളം ഭൂമിയാണ് ടാറ്റ ആവശ്യപ്പെട്ടത്. പകരം സിംഗൂർ ഒരു മിനി-ഓട്ടോ നഗരമായി മാറുമെന്ന് അവർ ഉറപ്പുകൊടുത്തു. ഏകദേശം 70 കച്ചവടക്കാർ ഫാക്ടറിയോടൊപ്പം കടകൾ സ്ഥാപിക്കും. മൊത്തത്തിൽ ഒരു ഉപഗ്രഹനഗരമായി സിംഗൂർ മാറും. അതോടെ അനുബന്ധ വ്യവസായങ്ങളും വാണിജ്യങ്ങളും വളരും. ബംഗാളിന്റെ ഗുഡ്വിൽ ഉയരും. കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ഇവിടക്കേ് വരും. ഇങ്ങനെയായിരുന്നു ടാറ്റ കൊടുത്ത വിശദീകരണം. ഇത് ശരിയുമായിരുന്നു. പക്ഷേ ബുദ്ധദേവ് സർക്കാറിന് അധികാരത്തിന്റെ ധാർഷ്ട്യം കൂടുതൽ ആയിരുന്നു. അവർ ബലപ്രയോഗത്തിലുടെയാണ് കർഷകരുടെ ഭൂമി പിടിച്ചത്. അതും മതിയായ നഷ്ടപരിഹാരമില്ലാതെ. ഇതാണ് ഫലത്തിൽ സിപിഎമ്മിനെ ബംഗാളിൽ നിന്ന് നിഷ്ക്കാസിതരാക്കിയത്. സമാനമായ സംഭവങ്ങൾ സലിം ഗ്രൂപ്പിനുവേണ്ടി ഭൂമി ഏറ്റെടുത്ത നന്ദിഗ്രാമിലും ഉണ്ടായി. മമത ബാനർജി ഈ രണ്ടുസംഭവങ്ങളും മൂൻനിർത്തി സമരം നയിച്ചപ്പോൾ അതിലുണ്ടായ പ്രതിഷേധക്കൊടുങ്കാറ്റിൽ സിപിഎം ഒലിച്ചുപോയി.
ഈ പദ്ധതി തുടക്കം മുതൽ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഫലഭൂയിഷ്ഠമായ കൃഷിഭൂമി സ്വകാര്യ സംരംഭങ്ങൾക്കായി സംസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. പൊതു ആവശ്യങ്ങൾക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് നിയമത്തിൽ വ്യവസ്ഥകളുണ്ട്, എന്നാൽ സ്വകാര്യ ബിസിനസുകൾ വികസിപ്പിക്കുന്നതിന് വേണ്ടി ഇങ്ങനെ ചെയ്യാമോ. ഭൂമി ഏറ്റെടുക്കലിലെ നിയമവിരുദ്ധത കൊൽക്കത്ത ഹൈക്കോടതിയും എടുത്തുപറയുന്നുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ സൈറ്റാണ് സിംഗൂരിലെ ഏറ്റവും ഫലഭൂയിഷ്ഠമായ സ്ഥലം എന്നാണ് കർഷകർ പറയുന്നത്. ഏകദേശം 15000 പേർ അതിൽ നിന്ന് നേരിട്ട് ഉപജീവനം കണ്ടെത്തുന്നുവെന്നാണ് കണക്ക്. എന്നാൽ കമ്പനിക്ക് തൊഴിൽ കൊടുക്കാൻ കഴിയുക, ആയിരത്തോളം പേർക്ക് മാത്രമായിരുന്നു. അവരിൽ ഏറെയും പുറത്തുനിന്ന് ഉള്ളവരും.
സിംഗുരിലും നന്ദിഗ്രാമിലും കർഷക സമരങ്ങൾ കത്തിയതോടെ തക്കം പാർത്തിരുന്നു മമത ഇത് കൃത്യമായി ഉപയോഗിച്ചു. മാവോയിസ്റ്റുകൾ തൊട്ട് മനുഷ്യാവകാശ പ്രവർത്തകർ വരെയുള്ളവരുടെ ഒരു മഴവിൽ മുന്നണി അവർ ഉണ്ടാക്കി. മേധാ പട്കർ, അനുരാധ തൽവാർ തുടങ്ങിയ സാമൂഹിക പ്രവർത്തകർ, ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരി അരുന്ധതി റോയ്, മാഗ്സസെ, ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാശ്വേതാ ദേവി എന്നിവർ ഇടപെട്ടതോടെ സമരം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി. നൊബേൽ സമ്മാന ജേതാവായ അമർത്യ സെൻ ഫാക്ടറി എന്ന ആശയത്തെ പിന്തുണച്ചെങ്കിലും നിർബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനെ എതിർത്തു.
ഇതോടെ ടാറ്റാ ഗ്രൂപ്പ് മമതാ ബാനർജിയുമായും ചർച്ച നടത്തിയെങ്കിലും അവർ അണുവിട വഴങ്ങിയില്ല. സിംഗൂർ പ്രശ്നം നിന്നകത്തുമ്പോൾ, തൃണമൂൽ കോൺഗ്രസിലെ മദൻ മിത്ര, ടാറ്റയുടെ വലിയ മാനേജർമാരോട് അടിച്ചത് മിഥുൻ ചക്രവർത്തിയുടെ സൂപ്പർഹിറ്റ് സിനിമാ ഡയലോഗ് ആയിരുന്നു, 'മാർബോ എഖാനെ, ലാഷ് പോർബെ ഷോഷാനെ...' - 'ഒരൊറ്റ അടി വെച്ചുതന്നാൽ, നേരെ ചെന്ന് ചുടുകാട്ടിൽ ആണ് വീഴുക നിങ്ങൾ...' എന്നർത്ഥം.
ബാലികയെ റേപ്പ് ചെയ്ത് ചുട്ടു കൊന്നു
ഞങ്ങളുടെ ഭരണത്തിൽ ഞങ്ങൾ ഇഷ്ടമുള്ളത് ചെയ്യും നിങ്ങളാരോ ചോദിക്കാൻ എന്ന മട്ടിലുള്ള സിപിഎമ്മിന്റെ താൻപോരിമ പ്രശ്നങ്ങൾ വഷളാക്കി. പൊലീസും, സിപിഎം പ്രവർത്തകരും സമരക്കാർക്കുനേരെ കൊടിയ അക്രമങ്ങൾ അഴിച്ചുവിട്ടു.
പദ്ധതിക്കായി നീക്കിവച്ച ഭൂമി, പ്രതിഷേധങ്ങൾക്കിടയിലും വേലികെട്ടി തിരിച്ചു. പൊലീസ് ബന്തവസസ്സിൽ 2006 ഡിസംബർ 1-ന് പ്ലാന്റിന്റെ പണി തുടങ്ങി. സിംഗൂരിൽ പ്രവേശിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞ മമതാ ബാനർജിയെ തടഞ്ഞു. അവർ നിയമസഭയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. നിയസഭയിൽ കൈയാങ്കളിയായി. ഭൂമി വിട്ടുനൽകാൻ തയ്യാറല്ലാത്ത കർഷകരുടെ സത്യവാങ്മൂലവും അവർ പരസ്യമാക്കി. ഡിസംബർ 4 ന്, സർക്കാർ നിർബന്ധിതമായി കൃഷിഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധിച്ച് ബാനർജി കൊൽക്കത്തയിൽ ചരിത്രപരമായ 26 ദിവസത്തെ നിരാഹാര സമരം ആരംഭിച്ചു. അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം അവരുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങുമായി സംസാരിച്ചു. അങ്ങനെ മന്മോഹൻ അന്നത്തെ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധിക്ക് കത്ത് ഫാക്സ് ചെയ്യുയായിന്നു. കത്ത് ലഭിച്ചതിന് ശേഷം ഡിസംബർ 29 ന് അർദ്ധരാത്രി മമത തന്റെ ഉപവാസം അവസാനിപ്പിച്ചു.
സിംഗൂരിൽ നാനോ പ്ലാന്റിനായി വേലികെട്ടിയ പ്രദേശത്ത് സിപിഎം പ്രവർത്തകർ സ്ഥിരമായി കാവൽ ഏർപ്പെടുത്തിയിരുന്നു. 2006 ഡിസംബർ 18-ന്, കർഷക പ്രതിഷേധത്തിൽ സജീവമായിരുന്ന കൗമാരക്കാരിയായ തപസി മാലിക്കിനെ ചിലർ ബലാൽസംഗം ചെയ്തശേഷം ചുട്ടുകൊന്നത് നാടിനെ നടുക്കി. സമരത്തിന്റെ ഗതിമാറുന്നത് ഇതോടെയാണ്. പൊലീസ് ഈ കേസും കാര്യമായി അന്വേഷിച്ചില്ല. പിന്നീട് സിബിഐയാണ് രണ്ട് സിപിഎം പ്രവർത്തകരെ അറസ്്റ്റ് ചെയ്തത്.
കൊല്ലാനും കൊല്ലിക്കാനുമായി ഹർമാദ് വാഹിനിയെന്ന ഒരു സംഘവും ബംഗാളിൽ മാർകിസ്റ്റുകൾക്ക് ഉണ്ടായിരുന്നു. പൊലീസിനൊപ്പം പോകുന്ന ഇവരാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുക. നന്ദിഗ്രാമിലും സിഗുരിലും കൃഷിക്കാരെ കൊന്നതും ഇവർ തന്നെയാണെന്ന് ആരോപണമുണ്ട്. ഹർമാദ് വാഹിനി ഒരു സമാന്തര പൊലീസ് ആയാണ് പ്രവർത്തിച്ചു വന്നിരുന്നത്. പാർട്ടിക്ക് അനുകൂലമല്ലാത്തവരെ കെകാര്യം ചെയ്യുകയാണ് ഇവരുടെ പ്രവർത്തന ശൈലി. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവങ്ങളുടെ വീട്ടിലെ യുവാക്കളെ നിർബന്ധമായി ഇതിൽ ചേർക്കയായിരുന്നു പതിവ്. പ്രശ്നങ്ങൾ ഈ രീതിയിൽ വഷളാക്കിയത് ഈ കൊലയാളി സംഘങ്ങളാണ്.
ടാറ്റ ഗുജറാത്തിലേക്ക്
തന്റെ ഏറ്റവും വലിയ ശത്രുവായ മാർക്സിസ്റ്റുകൾക്കെതിരെ കർഷകരുടെ പേരിൽ ഏറ്റുമുട്ടിയ മമതയുടെ നോട്ടം വോട്ടുബാങ്കുകളിൽ തന്നെയായിരുന്നു. ഭൂമി നഷ്ടപ്പെട്ട ന്യൂനപക്ഷങ്ങളും മമതയിൽ തങ്ങളുടെ രക്ഷകയെ കണ്ടെത്തി. വല്യേട്ടനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി നക്സൽ സംഘടനകളും മമതയെ പിന്തുണച്ചു. ഇതോടെ, സിംഗൂരിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു.
ഫാക്ടറിയും അനുബന്ധ സ്ഥാപനങ്ങളും സിംഗൂരിൽ ഏതാണ്ട് ഒരുങ്ങിയപ്പോൾ തന്നെ വേദനാജനകവും കോടികളുടെ നഷ്ടം കമ്പനിക്കു വരുത്തിവയ്ക്കുന്നതുമായ തീരുമാനത്തിനു ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ നിർബന്ധിതനായി. രാഷ്ട്രീയ ഉപരോധം നേരിട്ടുകൊണ്ടു ഫാക്ടറി നടത്താനാവില്ലെന്നും അതിനാൽ, അനുകൂലമായ തൊഴിൽ അന്തരീക്ഷമുള്ള ഏതെങ്കിലും സംസ്ഥാനത്തേക്കു കാർ ഫാക്ടറി പറിച്ചുനടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2008 ഒക്ടോബർ 3-ന് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതിനിന്ന് നേട്ടമുണ്ടായത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന നരേന്ദ്ര മോദിക്കായിരുന്നു. മോദി ടാറ്റയെ സമീപിച്ച് എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. ഗുജറാത്തിലെ സാനന്ദിൽ ടാറ്റ നാനോ പ്ലാന്റ് സ്ഥാപിക്കുമെന്ന് 2008 ഒക്ടോബർ 7-ന് ടാറ്റ പ്രഖ്യാപിച്ചു. നരേന്ദ്ര മോദി, 'സു സ്വാഗതം' എന്ന് ലളിതമായ ഒരു എസ്എംഎസ് രത്തൻ ടാറ്റയ്ക്ക് അയച്ചതും അന്ന് വാർത്തയായി. ഗുജറാത്ത് വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ഉറപ്പിക്കാൽ ഇതിലൂടെ മോദിക്കായി. സാനന്ദിൽ ടാറ്റ ഒരു പുതിയ ഫാക്ടറി 14 മാസമെടുത്ത് നിർമ്മിച്ചു.
നാനോ കാർ നിർമ്മിക്കുന്നതിനായി സിംഗൂരിൽ ഏറ്റെടുത്ത 997 ഏക്കർ ഭൂമി ബംഗാൾ സർക്കാർ നഷ്ടപരിഹാരം നൽകിയാൽ തിരിച്ചുനൽകാമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. 1,500 കോടി രൂപ ഇവിടെ മുടക്കിയിട്ടുണ്ട്. ഇപ്പോൾ അവിടെ ബദൽ പദ്ധതികളൊന്നും ആലോചനയിലില്ല. സർക്കാരിനു മറ്റെന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ അതുമായി സഹകരിക്കാൻ തയാറാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദ്ദേശമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം ഒരിക്കൽ വ്യക്തമാക്കിയിരുന്നു. ഇവിടെ റെയിൽവേ പദ്ധതി തുടങ്ങാമെന്ന മമത ബാനർജിയുടെ നിർദ്ദേശത്തെപ്പറ്റി ചോദിച്ചപ്പോൾ ഭൂമി മമതയുടേതല്ലെന്നും തങ്ങളുടെ പേരിലുള്ളതാണെന്നും അദ്ദേഹം അന്നു പറഞ്ഞു. ബലമായി ഏറ്റെടുത്ത ഭൂമിയിൽ 400 ഏക്കർ കർഷകർക്കു തിരിച്ചു നൽകിയാൽ ശേഷിക്കുന്ന സ്ഥലത്ത് റെയിൽവേ പദ്ധതി തുടങ്ങാമെന്നായിരുന്നു മമതയുടെ വാഗ്ദാനം. ഇപ്പോഴും നാനോ കാറിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത്, ഒന്നും നടന്നിട്ടില്ല. ഫാക്ടറിയും വന്നില്ല, ഭൂമിയും പോയി കാര്യമായ നഷ്ടപരിഹാരവും കിട്ടിയില്ല എന്ന അവസ്ഥയിലായി കർഷകർ.
നാനോ കാറും അവസാനിപ്പിക്കുന്നു
രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമായിട്ടാണ് 2008-ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ ടാറ്റാ മോട്ടോഴ്സ് നാനോ കാർ പുറത്തിറക്കിയത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷണത്തോടെ ലോകത്തിന് മുൻപിലെത്തിയ നാനോ കാർ ആഗോളതലത്തിലും ശ്രദ്ധപിടിച്ചു മാറ്റിയിരുന്നു. പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റിയതോടെ അവിടെ പ്രശ്നം ഒന്നും ഉണ്ടായില്ല.
സാനന്ദിലെ പ്ലാന്റിൽ നിന്നും 2009 മാർച്ചിലാണ് നാനോ കാർ ഇന്ത്യൻ വിപണിയിലെത്തിയത്. ഒരു ലക്ഷം രൂപയായിരുന്നു നികുതി കൂട്ടാതെയുള്ള കാറിന്റെ വില. ഇന്ത്യൻ വാഹനരംഗത്ത് നാനോകാർ വിപ്ലവം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാധാരണക്കാരുടെ വിശ്വാസം നേടിയെടുക്കാൻ നാനോയ്ക്ക് സാധിച്ചില്ല. തുടക്കകാലത്ത് ചില നാനോ കാറുകൾ ഓട്ടത്തിനിടെ കത്തിയ സംഭവവും ചീത്തപ്പേരുണ്ടാക്കി. ചീപ് കാർ എന്ന നിലയിൽ അവതരിപ്പിച്ചതാണ് തിരിച്ചടിയായതെന്ന് പിന്നീട് രത്തൻ ടാറ്റാ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇന്ത്യയിലെ മധ്യവർഗം കാറുകൾ വാങ്ങുന്നത് അന്തസ്സിന്റെ ഭാഗം കൂടിയായിട്ടാണ്. അതിനാൽ അവർ വിലകുറഞ്ഞ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പല പഠനങ്ങളിലും കണ്ടത്. ഒരു ലക്ഷം രൂപയായിരുന്നു ഷോറും വിലയെങ്കിലും ടാക്സും മറ്റ് ആക്സസറീനും മറ്റുമായി രണ്ടുലക്ഷം രുപ ഓൺ റോഡ് വിലയാവും. ഇതും ടാറ്റയുടെ വിശ്വാസ്യതയെ ബാധിച്ചു. എന്നാൽ മൈലേജ് സംബന്ധമായോ ഒന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
ഉരുക്കിനുപകരം ഫൈബർ ഉപയോഗിച്ച് ചെലവ് ചുരുക്കിയതും നാനോക്ക് വിനയായി എന്ന് ചില ഓട്ടോ കൺസൾട്ടന്റുകൾ പറയുന്നുണ്ട്. കാറിന്റെ ബോഡിയിൽ ഒരു ഓട്ടോ എഞ്ചിൻ ഘടിപ്പിച്ച് പുറത്തിറക്കി എന്നായിരുന്നു വിമർശനം. ഇത് മറികടക്കാനുള്ള പരസ്യ- വിപണന തന്ത്രങ്ങൾ ടാറ്റാ മോട്ടോഴ്സിന് ആവിഷ്ക്കരിക്കാനായില്ല. വിമർശനങ്ങൾ പെരുകിയതോടെ, നാനോ കാറിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞു. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ രത്തൻ ടാറ്റയെന്ന അതികായൻ ആദ്യമായി ഒരു ബിസിനിസിൽ കാലിടറി വീണു.
2017 ജൂണിൽ 275 കാറുകളാണ് ടാറ്റ ഉത്പാദിപ്പിച്ചിരുന്നത്. ഇതേ മാസം 25 നാനോ കാറുകൾ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനപ്പുറം ഒരു കാർ പോലും വിദേശത്തേക്ക് കയറ്റി അയക്കാൻ ടാറ്റാ ഗ്രൂപ്പിനായില്ല. 2018 അവസാനമായതോടെ അത് വെറും മൂന്നായി ചരുങ്ങി. ഇതോടെയാണ് നാനോയുടെ ഉൽപ്പാദം 2020ഓടെ പൂർണ്ണമായും അവസാനിപ്പിച്ചത്.
നാനോ കാർ ടാറ്റാ കമ്പനിക്ക് അകത്തും വിവാദങ്ങൾക്ക് ഇടയാക്കി. കമ്പനിയുടെ സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം നാനോ വരുത്തി വച്ച 1,000 കോടിയുടെ നഷ്ടമാണെന്നാണ് ടാറ്റയിൽ നിന്ന് പടിയിറങ്ങിയ ശേഷം, ടാറ്റ സൺസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് അയച്ച കത്തിൽ മുൻ ചെയർമാൻ സൈറസ് മിസ്ത്രി വെളിപ്പെടുത്തിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ച നാനോ കാറിന് അതിലേറെ വന്ന നിർമ്മാണ ചെലവ് പലപ്പോഴും വെല്ലുവിളിയായിരുന്നു. നഷ്ടത്തിലാണെന്നറിഞ്ഞിട്ടും വൈകാരിമായ കാരണങ്ങളാൽ നാനോ ഉൽപ്പാദനം അവസാനിപ്പിക്കാതിരുന്നതാണ് കൂടുതൽ നഷ്ടത്തിന് കാരണമെന്നും സൈറസ് മിസ്ട്രി പറഞ്ഞിരുന്നു. എന്നാൽ രത്തൻ ടാറ്റ ഈ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.
എന്തായാലും ഇന്ത്യയിലെ സാധാരണക്കാരന്, മഴ നനയാതെയും വെയിലേൽക്കാതെയും യാത്ര ചെയ്യാൻ കഴിയുന്ന ഫോർ വീലർ എന്ന മഹത്തായ സ്വപ്നമായിരുന്നു രത്തൻ ടാറ്റയുടേത്. അത് എങ്ങുമെത്താതെ പോയതിന്റെ ദുഃഖം ഈ ബിസിസസ് അതികായന് ഇപ്പോഴുമുണ്ട്. അതിന്റെ പേരിൽ കുറേ കർഷകർക്ക് ഭൂമി പോയി. നിരവധി പേർക്ക് ജീവൻ നഷ്ടമായി. സിപിഎമ്മിന് അധികാരവും പോയി. 2016-ൽ, ടാറ്റ മോട്ടോഴ്സിന് വേണ്ടി പശ്ചിമ ബംഗാൾ സർക്കാർ 997 ഏക്കർ കൃഷിഭൂമി ഏറ്റെടുത്തത് സുപ്രീം കോടതി റദ്ദാക്കുകയും 9,117 ഭൂവുടമകൾക്ക് അത് തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പക്ഷേ കർഷകർക്ക് പൂർണ്ണമായും ഭൂമി കിട്ടിയിട്ടില്ല. അതിനിടയിലാണ് ഇപ്പോൾ 765.78 കോടി രൂപ നഷ്ടപരിഹാരം വിധിക്കുന്നതും.
വാൽക്കഷ്ണം: സർക്കാറുകൾ മാറുമ്പോൾ നയങ്ങൾ പൂർണ്ണമായും മാറുകയാണെങ്കിൽ ഈ രാജ്യത്തെ വ്യവസായവത്ക്കരണം കുട്ടിച്ചോറാവുമെന്നതിന്റെ ഉദാഹരണം കൂടിയാണ് സിംഗൂർ. മമതക്കും ഇപ്പോൾ നാനോ ഫാക്ടറി പൂട്ടിച്ചതിൽ ഖേദമുണ്ട്. ടാറ്റയെ ബംഗാളിൽ നിന്ന് തുരത്തിയത് താനല്ല, സിപിഎം ആണെന്നാണ് കഴിഞ്ഞവർഷം മമത അവകാശപ്പെട്ടത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ