- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേഷ് ഗോയലിന്റെത് അവിശ്വസനീയ വളർച്ചയും പതനവും
2010ൽ അയാൾ ആയിരുന്നു ഇന്ത്യയിലെ ആറാമത്തെ കോടീശ്വരൻ. 81,000 കോടിക്ക് മുകളിൽ ആസ്തിയുള്ള ഇന്ത്യൻ വ്യോമായന രംഗത്തെ അതികായൻ. ആകാശഭീമൻ എന്നും ആകാശച്ചിറകുള്ള കഴുകൻ എന്നും മാധ്യമങ്ങൾ അദ്ദേഹത്തെ വാഴ്‌ത്തി. ഫോർബ്സ് മാഗസിൻ തൊട്ട് നമ്മുടെ മലയാള മനോരമവരെ ഒന്നുമില്ലായ്മയിൽനിന്ന് കോടീശ്വരനായ അയാളുടെ ജീവിതത്തെ വാഴ്‌ത്തി എഴുതി. കൃത്യം പതിനാലു വർഷം കഴിയുമ്പോൾ ജയിലിൽ കിടന്ന് പൊട്ടിക്കരയുന്ന, ആ ടൈക്കുണിന്റെ അതിദയനീയമായ ചിത്രമാണ് മാധ്യമങ്ങൾ പുറത്തുവരുന്നത്. ശതകോടികളുടെ ആസ്തി നഷ്ടമായി ചികിത്സക്കും മരുന്നിനും പോലും പണമില്ലാത്ത അവസ്ഥയിലേക്കുള്ള ദയനീയമായ പതനം!
അങ്ങനെ ഒരു അവിശ്വസനീയമായ വീഴ്ചയുടെ കഥയാണ്, ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ എന്ന 74കാരന്റെ ജീവിതം. തനിക്ക് ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും, ഇനി ജയിലിൽ മരിച്ചാൽ മതിയെന്നും ആണ് ഗോയൽ കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതിയിൽ ജഡ്ജിക്ക് മുമ്പാകെ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്. അർബുദം ബാധിച്ച് കിടപ്പിലായ ഭാര്യയെ ഒന്നും കാണണമെന്നേ മോഹമുള്ളൂവെന്ന, കൈകൂപ്പിയുള്ള നരേഷ് ഗോയലിന്റെ അഭ്യർത്ഥന കേട്ടപ്പോൾ ജഡ്ജിയുടെ മനസ്സലിഞ്ഞു.
കാൻസർ രോഗിയായ ഭാര്യ അനിത രോഗം മൂർഛിച്ച അവസ്ഥയിലാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഗോയലിന്റെ ഒരേയൊരു മകൾക്കും സുഖമില്ലാത്തതുകൊണ്ട് അമ്മയെ നോക്കാൻ ആവില്ല. അതുകൊണ്ട് ഗോയലും ഭാര്യയും അനാഥരായിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ, തന്റെ രോഗിയായ ഭാര്യയെ ഒരുതവണ കാണണമെന്ന ഗോയലിന്റെ ആഗ്രഹം സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു.
"ശരീരമാസകലവും വിറച്ചുകൊണ്ടാണ് അദ്ദേഹം കോടതിക്ക് മുമ്പാകെ എത്തിയത്. തന്റെ വിഷമങ്ങൾ അദ്ദേഹത്തിന് കിടപ്പിലായ ഭാര്യയോടും ഏക മകളോടും പറയാനാവില്ല. ജയിൽ ജീവനക്കാർക്കും അദ്ദേഹത്തെ സഹായിക്കുന്നതിൽ പരിമിതികളുണ്ട്"- ജഡ്ജി പറഞ്ഞു. "എണീറ്റ് നിൽക്കാൻ പോലും ഗോയലിന് സഹായം ആവശ്യമാണ്. തന്റെ മുട്ടുകളിൽ നീരുവന്നതും, കടുത്ത വേദന അനുഭവിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രണ്ടുകാലുകളും മടക്കാൻ അദ്ദേഹത്തിന് ശേഷിയില്ല. നീര് കാരണം കടുത്ത മുട്ടുവേദനയുണ്ട്. മൂത്രമൊഴിക്കാൻ അടിക്കടി വാഷ്റൂമിലേക്ക് പോകേണ്ടിയും വരുന്നു. മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദനയുണ്ടെന്നും, ചിലപ്പോൾ രക്തം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.'- ജഡ്ജി നിരീക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബർ 14 മുതൽ ഗോയൽ കള്ളപ്പണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എസ്‌ബിഐ, പിഎൻബി ബാങ്കുകളുമായി ബന്ധപ്പെട്ട 5716.3 കോടിയുടെ ക്രമക്കേടാണ് ഗോയലിന് കുരുക്കായത്.
പക്ഷേ ഗോയൽ ഇപ്പോൾ നേരിടുന്നത് കാലത്തിന്റെ കാവ്യ നീതിയാണെന്നും, പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈസ് സ്ഥാപിച്ച മലയാളി വ്യവസായി തഖിയുദ്ദീൻ വാഹിദിന്റെ കൊലപാതകവും, ദാവുദ് ബന്ധവും അടക്കമുള്ള നിരവധി ആരോപണങ്ങൾ ഒരുകാലത്ത് ഗോയൽ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാൾ വിതച്ചതുകൊയ്യുന്ന എന്ന നിലയിലാണ് ഈ ദയനീയാവസ്ഥയെ പലരും കാണുന്നത്. എന്തായാലും അവിശ്വസനീയമായ വളർച്ചയും, അതിലും അവിശ്വസനീയമായ തകർച്ചയുമാണ് ഗോയലിന്റെത് എന്ന് പറയതെ വയ്യ.
300 രൂപ ശമ്പളക്കാരനിൽ നിന്ന്
1949 ഡിസംബർ 29നാണ് പഞ്ചാബിലെ സംഗ്രൂരിലാണ് ഹിന്ദു കുടുംബത്തിലാണ് നരേഷ് ഗോയൽ ജനിച്ചത്. പരമ്പരാഗതമായി ജൂവലറി വ്യാപാരം നടത്തുന്ന ആയിരുന്നെങ്കിലും കുട്ടിക്കാലം മുതൽ ഗോയലിന് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു. പിതാവിന്റെ പെട്ടെന്നുള്ള വിയോഗത്തോടെ അദ്ദേഹത്തിന്റെ ജീവിതം താളം തെറ്റി. ഗോയലിന് 11 വയസ്സുള്ളപ്പോൾ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയി. സർക്കാരിന്റെയും ബാങ്കിന്റെയും നടപടിയിൽ ഗോയൽ കുടുംബത്തിന് അവരുടെ സ്വന്തം വീട് ഉൾപ്പെടെ മിക്കവാറും എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ടു.
ഒരു പഴയ സൈക്കിൾ വാങ്ങാൻ പോലും പണമില്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്ന് സ്‌കൂളിൽ പോകേണ്ടി വന്ന ബാല്യത്തെക്കുറുച്ച് നരേഷ് സംസംസാരിച്ചിട്ടുണ്ട്. അച്ഛനില്ലാത്തതിനാൽ അമ്മാവന്റെ ഔദാര്യത്തിൽ വളർന്ന കൗമാരം. 11-ാം വയസ്സിൽ ബാങ്ക് ജപ്തി ചെയ്ത വീട് ലേലത്തിൽ വിറ്റു. പണമില്ലാത്തതിനാൽ ആഗ്രഹങ്ങൾ മണ്ണിട്ട് മൂടേണ്ടി വന്ന യൗവ്വനം. ചാറ്റേർഡ് അക്കൗണ്ടന്റ് എന്ന സ്വപ്നം മനസ്സിലൊളിപ്പിച്ച് കൊമേഴ്‌സ് ബിരുദത്തിൽ പഠനമവസാനിപ്പിക്കേണ്ടി വന്നു.
1967ൽ ബിരുദപഠനത്തിനു ശേഷം ഗോയൽ അമ്മാവനായ സേത് ചരൺ ദാസ് റാം ലാലിന്റെ ട്രാവൽ ഏജൻസിയായ ഈസ്റ്റ് വെസ്റ്റ് ഏജൻസിയിൽ കാഷ്യറായി ചേർന്നു. പ്രതിമാസം 300 രൂപയായിരുന്നു ശമ്പളം. അവിടെ നിന്നാണ് അദ്ദേഹം ശതകോടീശ്വരനിലേക്കുള്ള തന്റെ യാത്ര തുടങ്ങുന്നത്. പിന്നീട് ലെബനീസ് ഇന്റർനാഷണൽ എയർലൈൻസിൽ ടിക്കറ്റിങ് ഏജന്റായി. അങ്ങനെ വിമാനക്കമ്പനികളുമായി ചേർന്നു പ്രവർത്തിച്ച് പ്രവൃത്തി പരിചയം നേടി. ലീസിങ് തുടങ്ങിയ കാര്യങ്ങൾ പഠിച്ചു. 1967-1974 കാലഘട്ടത്തിൽ, നരേഷ് ഗോയൽ നിരവധി വിദേശ എയർലൈനുകളുമായി സഹകരിച്ച് തന്റെ ട്രാവൽ ബിസിനസിൽ വിപുലമായ പരിശീലനത്തിലൂടെ കടന്നുപോയി. ഈ കാലയളവിൽ ഗോയലും ധാരാളം യാത്രകൾ നടത്തി. അങ്ങനെയാണ് അദ്ദേഹം എയർലൈൻ സംബദ്ധമായ എല്ലാ ജോലികളും പഠിക്കുന്നത്.
ജെറ്റ് എയർ തുടങ്ങുന്നു
1973-ൽ അദ്ദേഹം സ്വന്തമായി ജെറ്റ് എയർ എന്ന പേരിൽ ട്രാവൽ ഏജൻസി തുടങ്ങി. ഒരു എയർലൈന് സമാനമായ പേര് ട്രാവൽ ഏജൻസിക്കിട്ടതിന് ഏറെപ്പേരുടെ പരിഹാസം അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. അന്നു മനസ്സിൽ ഉറപ്പിച്ചതാണ് ഒരിക്കൽ സ്വന്തമായി ഒരു എയർലൈൻ തുടങ്ങുമെന്ന തീരുമാനം.സ്വകാര്യ എയർലൈനുകൾ ഇന്ത്യയിൽ അനുവദിക്കാത്ത സമയത്താണ് ജെറ്റ് എയർവേയ്സ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തിൽ എയർ ടാക്സി സേവനമായിട്ടാണ് ബിസിനസ് തുടങ്ങിയത്. 1991-ൽ ഇന്ത്യാ ഗവൺമെന്റ് ഓപ്പൺ സ്‌കൈസ് നയം പ്രഖ്യാപിച്ചപ്പോൾ , നരേഷ് ഒരു എയർലൈൻ കമ്പനി ആരംഭിച്ചു. 1992-ൽ അദ്ദേഹം തന്റെ ഏജൻസിയെ ജെറ്റ് എയർവേസാക്കി മാറ്റി.
1993 മെയ് അഞ്ചിന് ജെറ്റ് എയർവെയ്സിന്റെ ആദ്യ വിമാനം ആകാശത്തേക്ക് കുതിച്ച് പൊങ്ങി. സംഖാ ശാസ്ത്രത്തിൽ ഏറെ വിശ്വസിക്കുന്ന നരേഷിന്റെ ഇഷ്ട നമ്പറാണ് അഞ്ച്. ഏഴു ലക്ഷത്തിലേറെ പേരാണ് ജെറ്റ് എയർവെയ്സിന്റെ വിമാനങ്ങളിൽ ആദ്യ വർഷം തന്നെ ആകാശ സഞ്ചാരത്തിന്റെ ഭാഗമായത്. ഇതോടെ നരേഷ് ഗോയലിന്റെ പ്രശസ്തിയും വാനോളമുയർന്നു. 1993 മേയിൽ, പല സ്വകാര്യ എയർലൈനും കടക്കെണിയിലായ സമയത്താണ്, ജെറ്റ് രണ്ട് ബോയിങ് 737-300 കൊണ്ട് പ്രവർത്തനം ഊർജ്ജിതപ്പെടുത്തിയത്. 2004-ഓടെ ജെറ്റ് എയർവേസ് അന്താരാഷ്ട്ര വിമാനങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട് അസോസിയേഷന്റെ ബോഡിൽ അദ്ദേഹം അംഗമായി. രാജ്യാന്തര റൂട്ടുകൾ, ഐ.പി.ഒ എന്നിങ്ങനെ വളർച്ച വളരെ പെട്ടെന്നായിരുന്നു.
2005 മാർച്ചിൽ, കാപിറ്റൽ മാർക്കറ്റിൽ പ്രവേശിച്ചു. 2025 കോടി രൂപക്കാണ് 2007 ൽ ജെറ്റ് എയർവെയ്സ് എയർ സഹാറയെ സ്വന്തമാക്കിയത്. കേവലം മൂന്ന് വർഷങ്ങൾക്കിപ്പുറം 2010 ആയപ്പോഴേക്കും രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായി ജെറ്റ് എയർവെയ്സ് മാറി. 2013 നവംബറിൽ എത്തിഹാദ് ജെറ്റിൽ 24 ശതമാനം ഓഹരി വാങ്ങി. ഗോയൽ തന്റെ 51 ശതമാനം ഓഹരി നിലനിർത്തുകയും ചെയ്തു. 17 രാജ്യങ്ങളിലായി 68 കേന്ദ്രങ്ങൾ, ദിവസം മുന്നൂറിലേറെ സർവീസുകൾ. ചുരുങ്ങിയ കാലം കെണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ ആറാമനായി തീർന്നു നരേഷ് ഗോയൽ. 81,000 കോടി രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്റെ അറ്റ മൂല്ല്യം.
കുറിയ, നനുത്ത മീശയുള്ള, മുഖത്തൊട്ടിച്ചു വച്ചിരിക്കുന്നതുപോലെ എപ്പോഴും ചിരിക്കുന്ന, ഗോയൽ ഇന്ത്യൻ വ്യോമയാന മേഖലയിലെ ഒരു അതികായനായി വളർന്നു. പക്ഷേ ഇതെല്ലാം ഇദ്ദേഹം നേടിയത് കുറുക്കുവഴിയിലുടെയും അധോലോക ബന്ധങ്ങളിലുടെയുമാണെന്ന് പല തവണ ആരോപണം ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ പണമാണ് ഗോയലിന്റെ മൂലധനമെന്ന ആരോപണവും ശക്തമാണ്.
തഖിയുദ്ദീന്റെ പ്രേതം വേട്ടയാടുന്നു
ജീവിച്ചിരുന്നെങ്കിൽ ഇന്ന് എം എ യൂസഫിയേക്കാളുമൊക്കെ എത്രയോ മുകളിൽ പോവുമായിരുന്ന, തഖിയുദ്ദീൻ വാഹിദ് എന്ന മലയാളി വ്യവസായിയുടെ കൊലപാതകത്തിൽ തുടക്കം മുതൽ പറഞ്ഞുകേൾക്കുന്ന പേരാണ് നരേഷ് ഗോയലിന്റെത്്. ഇന്ന് നരേഷ് ജയിലിൽ കിടന്ന് നിലിവിളിക്കുമ്പോൾ പലരും ഫേസ്‌ബുക്കിൽ കുറിക്കുന്നതും തഖിയുദ്ദീന്റെ ജീവിതമാണ്.
ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് സ്ഥാപിച്ച തഖിയുദ്ദീൻ, തിരുവനന്തപുരം ഓടയത്താണ് ജനിച്ചത്. ഗൾഫ് നാടുകളിലേക്ക് മലയാളികളുടെ ഒഴുക്ക് ശക്തമായ 1980കളിൽ മുംബൈയിൽ സഹോദരങ്ങൾക്കൊപ്പം ട്രാവൽ ഏജൻസി തുടങ്ങിയാണ് തഖിയുദ്ദീന്റെ ബിസിനസ് തുടക്കം. കേന്ദ്രസർക്കാർ സ്വകാര്യ വിമാനയാത്രാ കമ്പനികൾക്കു ലൈസൻസ് നൽകാൻ തീരുമാനിച്ചപ്പോൾ ആദ്യം ലൈസൻസ് കിട്ടിയ കമ്പനികളിലൊന്നു തഖിയുദ്ദീന്റെതായിരുന്നു. കാരണം ഗൾഫ് നാടുമായി അവർക്ക് അത്രയും ബന്ധമുണ്ടായിരുന്നു. ഗൾഫ് യാത്രക്കാർ തഖിയെ അത്രയും ആശ്രയിക്കുകയും ചെയ്തു.
തഖിയുദ്ദീൻ ബോംബെയിൽ ട്രാവൽസ് നടത്തിയിരുന്ന കാലത്ത് തന്നെ ഗോയൽ അദ്ദേഹത്തിന്റെ ബിസിനസ് എതിരാളിയായിരുന്നു. 1986ൽ എയർഇന്ത്യയുടേയും ഗൾഫ് എയറിന്റെയും ഏറ്റവും വലിയ ടിക്കറ്റ് ഏജൻസിയായിരുന്നു ഈസ്റ്റ് വെസ്റ്റ്. ഗൾഫ് എയറിന്റെ ജനറൽ സെയിൽ ഏജന്റിനെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോൾ നിലവിൽ ഗൾഫ് എയറിന്റെ 75 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്ന ഈസ്റ്റ് വെസ്റ്റിന് തന്നെ ലഭിക്കുമെന്ന് തഖിക്ക് ഉറപ്പായിരുന്നു. എന്നാൽ ഡൽഹിയിലെ ഒരു ഒറ്റമുറിയിൽ ചെറിയ ട്രാവൽ ഏജൻസി നടത്തിവന്ന ഗോയലിന്റെ ജെറ്റ് എയറിനായിരുന്നു അത് ലഭിച്ചത്. താനത് തട്ടിയെടുക്കുകയായിരുന്നുവെന്ന് ഗോയൽ തന്നെ തഖിയുദ്ദീനോട് പറഞ്ഞിട്ടുണ്ടെന്നാണ് തഖിയുദ്ദീന്റെ സഹോദരൻ പറയുന്നത്. 1990ൽ തഖിയുദ്ദീൻ ഈസ്റ്റ് വെസ്റ്റ് വിമാന സർവ്വീസ് കമ്പനി സ്ഥാപിച്ചു. വൈകാതെ ജറ്റ് എയർവൈസും തുടങ്ങി.ഗോയൽ പതിയെ ഈസ്റ്റ് വെസ്റ്റിലെ ജീവനക്കാരെ തന്റെ സ്ഥാപനത്തിലേക്ക് വലിക്കാൻ ആരംഭിച്ചു, ഒപ്പം അവരുടേതായ പല പദ്ധതികളും ജെറ്റിലും ആവിഷ്‌കരിച്ചു.
പക്ഷേ ജറ്റ് എയർവെയിസിന്റെ തുടക്കം അത്ര മംഗളകരമായിരുന്നില്ല. ആദ്യ പറക്കലിൽ അവരുടെ ഒരു ബോയിങ് 737-300 വിമാനം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഇറങ്ങിയത് തെറ്റായ വ്യോമപാതയിലാണ്. 1994ലെ ആ വേനൽക്കാലത്ത്, മുഖത്തെ പതിവ് ചിരിയുമായി നരേഷ് ഗോയൽ തക്കിയുദ്ദീനെ കാണാനായി വീണ്ടും എത്തി. തങ്ങൾ ഉപയോഗിക്കുന്ന ബോയിങ് 737-300 പരമ്പരയിൽപ്പെട്ട വിമാനങ്ങളുടെ പ്രശ്നങ്ങളെയും അവയുടെ ലോ എഞ്ചിനുകളെ'യും കുറിച്ച് പരാതിപ്പെട്ട ഗോയൽ, ഈസ്റ്റ് വെസ്റ്റ് ഉപയോഗിക്കുന്ന 737-200 പരമ്പരയിൽപ്പെട്ട വിമാനങ്ങൾ വാങ്ങാൻ തങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. തങ്ങൾ പുതിയ ബോയിങ് 737-400 സീരീസിൽപ്പെട്ട വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും മലേഷ്യൻ എയർലൈൻസിൽ നിന്ന് വളരെ പെട്ടെന്ന് അവ ലഭിക്കുമെന്നും തഖിയുദ്ദീൻ ഗോയലിനോട് പറഞ്ഞു എന്നാണ് സഹോദരൻ ഫൈസൽ പറയുന്നത്.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതേ മൂന്ന് ബോയിങ് 737-400 വിമാനങ്ങൾ ഇന്ത്യയിലെത്തി- ജെറ്റ് എയർവേസിന്റെതായി. ഇന്ത്യൻ വ്യോമയാന വിപണിയിൽ. ശരിക്കും നടുക്കമുണ്ടാക്കുന്ന ഒന്നായിരുന്നു ഇത്. ഏതാനും ആഴ്ചകൾ സർവീസ് നടത്തിക്കഴിഞ്ഞപ്പോൾ ജെറ്റ് എയർവെയ്സ് വിമാനത്തിന്റെ ചിറകുകളിലെ പെയിന്റ് അടർന്നിരിക്കുന്നതായി യാത്രക്കാർ റിപ്പോർട്ട് ചെയ്തു, പുതിയ പെയിന്റിനടിയിൽ ഈസ്റ്റ് വെസ്റ്റിന്റെ കളറുകൾ തെളിഞ്ഞു വന്നു! തഖിയുദ്ദീൻ മലേഷ്യയിൽ നിന്ന് വാങ്ങിയ മൂന്ന് ബോയിങ് വിമാനങ്ങൾ ഈസ്റ്റ് വെസ്റ്റിന്റെ ഡിസൈൻ പെയിന്റ് ചെയ്ത് പറക്കാൻ തയ്യാറായിരുന്നു. എന്നാൽ വിചിത്രമായ വാദങ്ങളുയർത്തി തടസ്സം നിൽക്കുകയായിരുന്നു സിവിൽ ഏവിയേഷൻ അധികൃതർ. അതേ വിമാനങ്ങൾ പെയിന്റ് മാറ്റി ജറ്റ് എയർവേയ്‌സ് ഇന്ത്യയിലെത്തിച്ചത്!
വഞ്ചിച്ചും കൊല്ലിച്ചും വളർന്ന സാമ്രാജ്യം
വഞ്ചിച്ചും കൊല്ലിച്ചുമാണ് ഡൽഹിയിലെ ചെറിയ ട്രാവൽ ഏജൻസി നടത്തിയിരുന്ന ഗോയൽ തന്റെ സാമ്രാജ്യം പടുത്തുയർത്തിയത്. തഖിയുദ്ദീന്റെ ബിസ്സിനസ് രഹസ്യങ്ങൾ ചോർത്താൻ ഗോയലിന്റെ വിശ്വസ്ഥനായിരുന്ന മലയാളിയായ ദാമോദരനെ ഈസ്റ്റ് വെസ്റ്റിൽ നിയോഗിച്ചതായിരുന്നു മറ്റൊന്ന്. ഗോയലുമായി തെറ്റിപ്പിരിഞ്ഞെന്ന് ധരിപ്പിച്ചാണ് ദാമോദരൻ ഈസ്റ്റ് വെസ്റ്റിൽ ചേർന്നത്. മാസങ്ങൾ കൂടെ നിന്ന ശേഷം ഗോയലിന്റെ പാളയത്തിലേക്ക് അയാൾ തിരിച്ചുപോയി. ദാമോദരൻ തന്റെ ചാരനായിരുന്നുവെന്ന് ഗോയൽ തന്നെ തക്കിയുദ്ദീനെ വിളിച്ചു വീമ്പിളക്കുന്നുണ്ട്, ഈ കഥയിൽ.
എങ്കിലും ഈസ്റ്റ് വെസ്റ്റ് വളർന്നു. വൈകാതെ തഖിയുദ്ദീൻ കൊല്ലപ്പെട്ടു. മുംബൈയിലെ ബാന്ദ്രയിലെ ഈസ്റ്റ് വെസ്റ്റ് ആസ്ഥാനത്തു നിന്ന് രാത്രി വീട്ടിലേക്കുള്ള തഖിയുദ്ദീൻ വാഹിദിന്റെ മടക്കം അയാളുടെ അവസാന യാത്രയായിരുന്നു. പൊടുന്നനെ ഒരുസംഘം ചാടിവീണ് ഗ്ലാസുകൾ പൊട്ടിച്ച് ലക്ഷ്വറി കാറിനുള്ളിലേക്ക് നിറയൊഴിച്ചു. ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല, തഖിയുദ്ദീന്റ ജീവിതം ആ കാറിനുള്ളിൽ അവസാനിച്ചു. ഈസ്റ്റ് വെസ്റ്റിന്റെ പ്രയാണം അടുത്തവർഷവും നിലച്ചു. ഓഫീസും വൈകാതെ പൂട്ടി.
തഖിയുദ്ദീനെ കൊന്നതിന് പിന്നിൽ ഗോയലായിരുന്നുവെന്ന ആരോപണം ശക്തമാണ്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവർത്തകരിലൊരാളായ ജോസി ജോസഫ് എഴുതിയ കഴുകന്മാരുടെ വിരുന്ന് (എ ഫീസ്റ്റ് ഓഫ് വൾച്ചേഴ്സ്; ഹിഡൻ ബിസിനസ് ഓഫ് ഡെമോക്രസി ഇൻ ഇന്ത്യ) എന്ന പുസ്തകത്തിൽ ബോളിവുഡ് ത്രില്ലറിന് സമാനമായ ഈ കഥകളെല്ലാം പറയുന്നുണ്ട്. നരേഷ് ഗോയൽ ദാവൂദ് ഇബ്രാഹീമിന്റെ ആളുകളെ ഉപയോഗിച്ച് തഖിയൂദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജോസി ജോസഫ് തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള തഖിയുദ്ധീനെ ദാവൂദിന്റെ എതിർവിഭാഗമായ ഛോട്ടാരാജൻ സംഘം കൊലപ്പെടുത്തിയെന്നായിരുന്നു, ഗോയലിനെ രക്ഷിക്കാൻ പൊലീസ് ഉണ്ടാക്കിയ കഥ. രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിന് നൽകുന്ന പ്രാധാന്യം പോലും നൽകാതെയാണ് അന്വേഷിച്ചത്. തഖിയുദ്ദീന്റെ ഭാര്യയുടേയോ ഈസ്റ്റ് വെസ്റ്റിന്റെ മറ്റു ഡയറക്ടർമാരായ തഖിയുദ്ദീന്റെ സഹോദരങ്ങളുടേയോ ബന്ധുക്കളുടേയോ മൊഴിപോലും രേഖപ്പെടുത്തിയില്ല.
തഖിയുദ്ദീന്റെ മരണശേഷം അദ്ദേഹത്തിന്റെ ബിസിനസ് നിലനിർത്താൻ സഹോദരൻ ഫൈസൽ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല, പാരവച്ച് നശിപ്പിച്ചു എന്ന് പറയുന്നതാകും ശരി. തഖിയുദ്ദീനെ കൊലപ്പെടുത്താനായി ദാവൂദ് ഇബ്രീഹീമിനും ഛോട്ടാ ഷക്കീലിനും ഗോയൽ പണം കൊടുത്തതിന്റെയും ഈ ചോരക്കറയിൽ ചില രാഷ്ട്രീയക്കാർക്കുള്ള പങ്കിനെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. അത് ഇന്ത്യൻ പാർലമെന്റിനെ പിടിച്ചുകുലുക്കുകയും ചെയ്‌തെങ്കിലും നടപടിയെന്നും ഉണ്ടായില്ല. ആദ്യ വാജ്‌പോയി സർക്കാരിന്റെ കാലത്ത് ഗോയലിന്റെ ജെറ്റ് എയർവേയ്‌സിന് സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചു.
ദുരൂഹമായി ദാവൂദ് ബന്ധം
അധികാരത്തിന്റെയും, അധോലോകത്തിന്റെയും ഇടനാഴികളിലുടെയാണ് നരേഷ് ഗോയൽ വളർന്നത്്. ഒരു കാലത്ത് കോൺഗ്രസിനൊപ്പമായിരുന്നു അദ്ദേഹമെങ്കിൽ പിന്നീട് അത് ബിജെപിയിലേക്ക് മാറി. ജോസി ജോസഫ് എഴുതിയ കഴുകന്മാരുടെ വിരുന്ന് എന്ന പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്.
2002-ൽ ഇന്റലിജൻസ് ബ്യൂറോയിലെ ജോയിന്റ് ഡയറക്ടർ അൻജാൻ ഘോഷ് എഴുതിയ ഒരു കത്തിനെ ചൊല്ലി പാർലമെന്റിന്റെ ഇരു സഭകളിലും പ്രക്ഷുബ്ധരായിരുന്നു. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സംഗീതാ ഗെയ്‌രോളയ്ക്കുള്ള ഒരു പേജുള്ള ഘോഷിന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്, 'നരേഷ് ഗോയലും അധോലോക നായകരായ ഛോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹിമുമായി പണമിടപാടുകൾ സംബന്ധിച്ച പ്രശ്നങ്ങൾ തീർക്കുന്നതിന് നിരന്തരം
ബന്ധപ്പെടുന്നുണ്ട് എന്ന് ഐബി സ്ഥിരീകരിച്ചിട്ടുണ്ട് 'എന്നായിരുന്നു. 'ഗോയലിന്റെ നിക്ഷേപത്തിൽ അധോലോക സംഘങ്ങളുടെ, പ്രത്യേകിച്ച് ദാവൂദിന്റെയും ചോട്ടാ ഷക്കീലിന്റെയും സഹായത്തോടു കൂടി ശേഖരിച്ച പണവുമുണ്ട് എന്ന കാര്യത്തിൽ ശക്തമായ സംശയവുമുണ്ട്' എന്നു കത്തിൽ പറയുന്നു.
ഗൾഫ് ഷെയ്ക്കുമാരിൽ നിന്ന് ഉത്ഭവിക്കുന്ന നിഗൂഢമായ നിക്ഷേപങ്ങൾ ഗോയലിനും ജെറ്റ് എയർവേസിനും സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന ആരോപണവും ഘോഷ് ഈ കത്തിൽ ഉന്നയിച്ചിരുന്നു. 'ഷെയ്ക്കുമാരുമായുള്ള നരേഷ് ഗോയലിന്റെ ചങ്ങാത്തവും വളരെ അടുത്ത ബിസിനസ് ബന്ധങ്ങളും രണ്ടു ദശകത്തിലേറെയായി അറിയപ്പെടുന്നതാണ്. ഈ ബന്ധങ്ങൾ മുൻനിർത്തി നേരിട്ടുള്ള നിക്ഷേപങ്ങൾ സ്ഥിരമായി വരുന്നുണ്ട് എന്നതുപോലെ, കളങ്കിതമായ മാർഗത്തിലൂടെ സമ്പാദിച്ചിട്ടുള്ള ധാരാളം പണം ഇന്ത്യയിൽ തന്നെ ബിസിനസിന്റെ മറവിൽ വെളുപ്പിച്ചെടുക്കുന്നുമുണ്ട്. കള്ളക്കടത്ത്, അന്യായമായി പിടിച്ചു പറിക്കൽ തുടങ്ങിയ അവിഹിത മാർഗത്തിലൂടെ ഉണ്ടാക്കിയിട്ടുള്ള പണമാണ് ഇതിൽ കൂടുതലും', കത്തിൽ പറയുന്നു. 2001 ഡിസംബർ 12നുള്ള ഈ കത്ത് പൊടുന്നനെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും അത് വലിയ ബഹളത്തിന് ഇടയാക്കുകയും ചെയ്തു.
ദാവൂദുമായും ഷക്കീലുമായും ഗോയൽ ടെലിഫോണിൽ സംസാരിച്ചത് തങ്ങൾ ചോർത്തിയിട്ടുണ്ടെന്നും ഐബി തലവൻ കെ പി സിംഗും ഷോഷും ഉപപ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയുമായ എൽ കെ അദ്വാനിയെ അറിയിച്ചു. ജെറ്റ് എയർവെയ്സിനെതിരേ ശക്തമായ നടപടി വരുമെന്ന് പലരും കരുതിയെങ്കിലും ഒന്നും ഉണ്ടായില്ല (2014ൽ ജെറ്റ് എയർവേസ് അനുദിനം പുഷ്ടിപ്പെടുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയായി മാറിയിരുന്നു. നരേഷ് ഗോയൽ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയുമൊക്കെ പ്രിയപ്പെട്ടയാളും; ആ കാലത്ത് പ്രബലനും കരുത്തനുമായിരുന്ന അദ്വാനിയാകട്ടെ, തന്റെ നിഴൽ മാത്രമായും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരിലൊരാളായ നരേന്ദ്ര മോദി അപ്പോഴേക്കും ബിജെപിയിലെ പ്രമുഖ മുഖമായി മാറുകയും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു).
മൂന്നു വർഷത്തിനു ശേഷം ഇന്റലിജൻസ് ബ്യൂറോ തലവൻ കെ.പി സിങ് ഈ വിഷയത്തിൽ അസാധാരണമായ ഒരു ട്വിസ്റ്റ്' നൽകി. ജെറ്റ് എയർവേസിന് സുരക്ഷാ അനുമതി നൽകുന്നത് തന്റെ ഏജൻസി മുമ്പ് അംഗീകരിച്ചതാണെന്നും, ' ആ സമയത്ത് എയർലൈൻസിനെ സംബന്ധിച്ചോ അതിലെ ഡയറക്ടർമാരെ സംബന്ധിച്ചോ ഐബിയുടേയോ റോയുടേയോ രേഖകളിൽ സംശയിക്കത്തക്കതായ ഒന്നുമില്ല' എന്നതിനാലാണ് അതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന് കെ.പി സിങ് എഴുതി: 'ജെറ്റ് എയർവേസിനെ സംബന്ധിച്ചോ അതിന്റെ ഉടമസ്ഥൻ നരേഷ് ഗോയലിനെ സംബന്ധിച്ചോ, റോയിൽ നിന്നും മറ്റ് സോഴ്സുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള വിവരങ്ങൾ, എയർലൈൻസിന് മുമ്പ് നൽകിയ അനുമതി പിൻവലിക്കുന്നതിനെ ന്യായീകരിക്കാൻ ഉതകുന്നതല്ല'. ജെറ്റ് എയർവേസിന് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം സംബന്ധിച്ചും അതിന്റെ നിഗൂഡമായ ഫണ്ടിങ് സംബന്ധിച്ചുമുള്ള ഇന്റലിജൻസ് അന്വേഷണം അതോടെ അവസാനിച്ചു.
സുരക്ഷാ ഏജൻസികളിലെ കുറെയധികം ഉദ്യോഗസ്ഥർ അവരുടെ പ്രൊഫഷണൽ കരിയറിലെ നല്ലൊരു ഭാഗം നരേഷ് ഗോയലിന്റെ പിന്നാലെ തന്നെ ചെലവഴിച്ചിരുന്നു. ആ അന്വേഷണങ്ങളൊക്കെയും അയാളുടെ ബിസിനസിന്റെ ഉത്ഭവം, നിഗൂഡമായ ബിസിനസ് കരാറുകൾ, മിക്ക രാഷ്ട്രീയ പാർട്ടികളിലുമുള്ള അയാളുടെ സുഹൃത് വൃന്ദം, ഒപ്പം അധോലോക ബന്ധം സംബന്ധിച്ചുമായിരുന്നു. ഓരോ സർക്കാരുകൾ മാറി വരുമ്പോഴും ഈ ഉദ്യോഗസ്ഥർ കരുതിയത് കർശനമായ നടപടി തന്നെ സ്വീകരിക്കുമെന്നാണ്. എന്നാൽ നരേഷ് ഗോയൽ തുടർന്നും പടർന്നു പന്തലിച്ചു.
കെ.പി സിങ്, തന്റെ കുറിപ്പിൽ വസ്തുതകളൊന്നും ഒഴിവാക്കിയിരുന്നില്ല. ഗോയലിനെ കുറ്റവിമുക്തനാക്കുന്നതിനു മുമ്പ് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ജെറ്റ് എയർവേസ് ഉടമസ്ഥൻ തന്റെ സമ്പത്തുണ്ടാക്കിയത് കള്ളക്കടത്തിലൂടെയും മറ്റ് അനധികൃത ഇടപാടുകളിലൂടെയുമാണ് എന്നാണ് കാണപ്പെടുന്നത്. എയർലൈൻസിന്റെ കാര്യത്തിൽ വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം ഉണ്ടോ എന്ന അന്വേഷണവും നടന്നിട്ടുണ്ടാവാൻ വഴിയുണ്ട്' എന്നാണ്.
'യൂണിയൻ നേതാക്കളെ വിലയ്ക്ക് വാങ്ങിക്കുക, രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിക്കുക പോലുള്ള, എതിരാളികളായ വ്യോമയാന കമ്പനികളെ തകർക്കുന്നതിന് നീതിയുക്തമല്ലാത്ത പല കാര്യങ്ങളും ഗോയൽ ചെയ്തിട്ടുണ്ടാകാമെന്ന് മുമ്പ് ആരോപണം നേരിട്ടുണ്ട്. അത്തരം കാര്യങ്ങൾ, പക്ഷേ, അങ്ങേയറ്റം മത്സരബുദ്ധിയുള്ള ബിസിനസിൽ അത്രകണ്ട് അസാധാരണമല്ല എന്നതു കൊണ്ടും, അത്തരം കാര്യങ്ങൾ അയാളുടെ പ്രൊഫഷണൽ അധാർമികതയെ പ്രതിഫലിപ്പിക്കുന്നതാണ് എന്നതു കൊണ്ട്, അത് ദേശീയ സുരക്ഷയെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്ന കാര്യമല്ല എന്നും സിങ് തന്റെ കുറിപ്പിൽ പറയുന്നു.
ഗോയലിന്, ദാവൂദ് സംഘവുമായുള്ള ബന്ധം സംബന്ധിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് നൽകിയ വിവരങ്ങളെക്കുറിച്ചും സിങ് പരാമർശിക്കുന്നുണ്ട്. ആ വിവരങ്ങൾ കേവലം റോയിൽ നിന്ന് സ്വീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നും, എന്നാൽ 'ഗോയൽ സമ്പത്തുണ്ടാക്കിയത് കള്ളക്കടത്തിലൂടെയും മറ്റ് അനധികൃത മാർഗങ്ങളിലൂടെയുമാണെന്നും , ഇതിനകം നൽകിയിട്ടുള്ള വിവരങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ തങ്ങൾക്ക് കഴിയില്ലെന്നും ഇന്ത്യൻ വിദേശകാര്യ ഏജൻസി അറിയിച്ചിട്ടുള്ളതാണെന്നും സിംഗിന്റെ കുറിപ്പിൽ തുടർന്നു പറയുന്നു. തന്റെ സ്വന്തം ഏജൻസിയായ ഐബി, ദാവൂദ് സംഘവും ഗോയലും തമ്മിൽ നടന്നിട്ടുള്ള സംഭാഷണങ്ങൾ ചോർത്തിയിട്ടുള്ളതിനെ കുറിച്ച് സിങ് പരാമർശിച്ചതേയില്ല; ആ ചോർത്തിയ വിവരങ്ങൾ തന്റെ ഏജൻസി സർക്കാരിന് സമർപ്പിച്ചിട്ടുള്ളതാണ് എന്ന കാര്യവും.
അത്ഭുതകരമെന്നു പറയട്ടെ, ആഭ്യന്തര മന്ത്രാലയം പ്രത്യകിച്ച് അദ്വാനി ഇക്കാര്യത്തിൽ യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. അതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആഭ്യന്തര മന്ത്രി പാർലമെന്റിൽ എഴുന്നേറ്റു നിന്ന് എല്ലാ വിധത്തിലുമുള്ള നടപടികൾ ഉണ്ടാകുമെന്ന് അംഗങ്ങൾക്ക് ഉറപ്പു നൽകിയത്. പക്ഷേ അദ്വാനിമാറി മോദിയുഗം തുടങ്ങിയതോടെ ഗോയലിന്റെ കഷ്ടകാലം തുടങ്ങി.
കള്ളപ്പണത്തിൽ കുരുങ്ങുന്നു
ജറ്റ്എയർവേസിന്റെ നല്ല കാലം ഏറെ നാൾ നീണ്ടു നിന്നില്ല. താങ്ങാനാകാത്ത കട ബാധ്യതയാണ് ജെറ്റ് എയർവെയ്സിന്റെ ചിറകരിഞ്ഞത്. 82,000 കോടി രൂപ കടത്തിലാണിന്ന് കമ്പനി. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥ. സർവീസുകൾ ഓരോന്നായി വെട്ടിക്കുറച്ചു.
2018 നവംബർ ആയപ്പോഴേക്കും തുടർച്ചയായ മൂന്ന് പാദങ്ങളിൽ നഷ്ടം രേഖപ്പെടുത്തി കമ്പനി സാമ്പത്തിക പ്രതിസന്ധി മണുത്തറിഞ്ഞു തുടങ്ങി. പിന്നാലെ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായ രഞ്ജൻ മത്തായി രാജിവെച്ചു. 2019 ജനുവരിയിൽ കമ്പനി വായ്പാ തിരിച്ചടവ് മുടക്കിയതോടെയാണ് ബാങ്കുകൾ പിടിമുറുക്കി. വായാപാ കുടിശ്ശിക വളർച്ചു. ഇതോടെ ചെയർമാനെ മാറ്റാൻ മുറവിളിയായി. ബാങ്കുകളും വാണിജ്യ പങ്കാളിയായ ഇത്തിഹാദും നരേഷ്‌ഗോയൽ ചെയർമാൻ പദവിയിൽനിന്ന് മാറണമെന്ന് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.അങ്ങനെ നരേഷും ഭാര്യയും ജറ്റ്എയർവേസിൽനിന്ന് പടിയിറങ്ങി.
അതോടെ എസ്‌ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യത്തിന്റെ നിയന്ത്രണത്തിലാണ് എയർലൈൻ മാറി. ഗോയലിന്റേത് നിർബന്ധിത പടിയിറക്കമായിരുന്നു. സ്ഥാനമൊഴിയണമെന്ന് എസ്‌ബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. ജെറ്റിനെ കരകയറ്റാനുള്ള റെസ്‌ക്യൂ പ്ലാനിന്റെ വ്യവസ്ഥകളിൽ ഒന്നായിരുന്നു ഗോയൽ ബോർഡിൽ നിന്ന് ഒഴിവാകണമെന്നത്. എന്നാൽ ഇതൊന്നിന്റെയും അവസാനമല്ലെന്നും, ജെറ്റിന്റെ അധ്യായത്തിൽ ഒരു പുതിയ തുടക്കമാണെന്നും 22,000 ജീവക്കാർക്കെഴുതിയ കത്തിൽ നരേഷ് ഗോയൽ പറഞ്ഞിരുന്നത്.
പക്ഷേ അതുകൊണ്ട് ഒന്നും നരേഷിന്റെ കഷ്ടകാലം തീർന്നില്ല. കനത്ത സാമ്പത്തികനഷ്ടവും കടബാധ്യതയും ഉണ്ടായതിനെത്തുടർന്ന് 2019 ഏപ്രിൽ 7 ന് ജെറ്റ് എയർവേസ് താൽകാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചു. കള്ളപ്പണം വെളിപ്പിക്കലിൽ കഴിഞ്ഞ സെപ്റ്റംബറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമ്പോൾ ബിസിനസ് ലോകം ഞെട്ടിയില്ല. പ്രതീക്ഷിച്ചത് തന്നെയായിരുന്നു അത്. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആയിരുന്നു നടപടി. ഗോയലിന്റെ ഭാര്യ അനിതയ്ക്കും കമ്പനിയിലെ ചില മുൻ എക്‌സിക്യുട്ടീവുകൾക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇഡി ഇടപെടൽ.
2023 മെയ് മാസത്തിൽ നരേഷ് ഗോയലിന്റെ വീട്ടിലും കമ്പനി ഓഫീസിലും സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കാനറ ബാങ്ക് രേഖാമൂലമുള്ള പരാതി നൽകിയത്. ഈ കേസിൽ വിമാന കമ്പനിയുടെ 538 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. 17 ഫ്‌ളാറ്റുകളും, ബംഗ്ലാവുകളും വാണിജ്യ കെട്ടിടങ്ങളും അടക്കമാണ് കണ്ടുകെട്ടിയത്. ഇവയൊക്കെ ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരടക്കം ഉള്ളവരുടെ പേരുകളിൽ രജിസ്റ്റർ ചെയ്ത സ്വത്തുക്കളാണ്. ലണ്ടൻ, ദുബായ്, ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സ്വത്തുക്കൾ ഇതിൽ ഉൾപ്പെടുന്നു. ഈ കേസിലാണ് നരേഷ് ഇപ്പോൾ ജയിലിൽ കിടക്കുന്നും, പരിതാപരകരമായ അവസ്ഥയിലുടെ കടന്നുപോവുന്നും.
വാൽക്കഷ്ണം: ഇന്ത്യയുടെ രാഷ്ട്രീയ- ഉദ്യോഗ്ഥ നേതൃത്വം എത്രമാത്രം അഴിമതി നിറഞ്ഞതാണെന്നും നരേഷ് ഗോയലിന്റെ ജീവിതം തെളിയിക്കുന്നു. ക്രോണി ക്യാപിറ്റലിസമാണ് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത് എന്നതിന്റെ തെളിവാണ് ഈ വളർച്ചയും പതനവും.