മുഗൾ രാജാക്കന്മാരുടെ അവസ്ഥയാണ്, പാക്ക് പ്രധാനമന്ത്രിമാർക്കെന്നാണ് പൊതുവെ പറയാറുള്ളത്. അടുത്ത ചക്രവർത്തിയായി വരുന്ന മകൻ വിധിച്ച തടവറയിലാണ് അവർ മിക്കവരും ഒടുങ്ങാറുള്ളത്. പാക്കിസ്ഥാനിലാവട്ടെ ഒരു പ്രധാനമന്ത്രി സ്ഥാനഭ്രഷ്ടനായിക്കഴിഞ്ഞാൽ, അടുത്തുവരുന്നവർ ആദ്യം ചെയ്യുക പഴയ പ്രധാനമന്ത്രിക്കെതിരെ കേസുകൾ കുത്തിപ്പൊക്കി ജയിലിൽ ആക്കുക എന്നതാണ്! സുൽഫിക്കർ അലി ഭൂട്ടോ തൊട്ട് ഇപ്പോൾ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാൻ വരെ ഉദാഹരണം.

ശരിക്കും ചെകുത്താനും കടലിനും ഇടയിലാണ് ജിന്നയുടെ വിശുദ്ധനാട്. രാജ്യത്തോട് യാതൊരു ബാധ്യതയുമില്ലാത്ത അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഒരു ഭാഗത്ത്, മതനിന്ദ പറഞ്ഞ് മറ്റുള്ളവരുടെ കഴുത്ത് അറക്കുന്ന മതമൗലികവാദികൾ മറുഭാഗത്ത്... ഇതിനിടയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മരുന്നിനും ഇന്ധനത്തിനും പോലും ഗതിയില്ലാതെ ഉഴലുന്ന സാധാരണക്കാർ. ശ്രീലങ്കക്ക് സമാനമായ തകർച്ചയിൽനിന്ന് കഷ്ടിച്ചാണ് പാക്കിസ്ഥാൻ രക്ഷപ്പെട്ടത്. ഇപ്പോഴിതാ അവർക്ക് ഒരു പുതിയ രക്ഷകൻ വന്നരിക്കയാണ്. അതാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മൂത്ത സഹോദരൻ. മുന്ന് തവണ പ്രധാനമന്ത്രിയാവുകയും അധികാരത്തിൽ ഏറിയപ്പോൾ ഒക്കെ പുറത്താക്കപ്പെടുകയും ചെയ്ത നവാസ്, അഴിമതിക്കസുകളിൽ കോടതി ശിക്ഷിച്ചതോടെ ലണ്ടനിലേക്ക് രക്ഷപ്പെട്ടതാണ്.

ഇപ്പോൾ നവാസ് നാട്ടിൽ തിരിച്ചെത്തി. ജനുവരിയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽഎൻ) പാർട്ടിക്കു നേതൃത്വം നൽകാനാണത്രേ ഈ മടങ്ങിവരവ്. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന ഷരീഫ് (73) അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായിരിക്കെയാണ് ചികിത്സയ്ക്കു വേണ്ടി നാലു വർഷം മുൻപു ലണ്ടനിലേക്ക് പോയത്. തിരഞ്ഞെടുപ്പു ജയിച്ചാൽ ഷരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നുകിടക്കുന്ന ഒരു നാടിന്റെ രക്ഷകനാവാൻ ഷെരീഫിന് കഴിയുമോ? പാക്കിസ്ഥാനിലെ സജീവ ചർച്ച അതാണ്.

ഇമ്രാൻ ജയിലിൽ; ഷരീഫ് പുറത്ത്

നവാസ് ഷെരീഫിനോട് ഏറെ പകയുള്ള മൂൻ പ്രധാനമന്ത്രി ഇമ്രാൻഖാനാണ് അദ്ദേഹത്തെ ജയിലിൽ അടപ്പിച്ചത്്. ഇമ്രാൻഖാൻ തെറിച്ച്, നവാസിന്റെ സഹോദരൻ ഷഹബാസ് പ്രധാനമന്ത്രിയായതോടെ, കാര്യങ്ങൾ മാറി. പാക്കിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് വിജയം സമ്മാനിച്ച നായകൻ അകത്തായി. ഷെരീഫ് നാട്ടിലുമെത്തി.

പാനമ പേപ്പേഴ്സ് കേസിൽ പേര് വരികയും, നിരവധി അഴിമതിക്കേസുകളിൽ പ്രതിയാവുകയും ചെയ്തതോടെ 2017 ൽ സുപ്രീംകോടതി പൊതു ഭരണച്ചുമതലകൾ വഹിക്കുന്നതിന് ഷെരീഫിന് ജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതു മറികടക്കുന്നതിനായി ഷഹബാസ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നു. ഷഹ്ബാസ് സർക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യത അഞ്ച് വർഷമായി ചുരുക്കുകയും ചെയ്തിരുന്നു. ഇതാണ് ഷെരീഫ് പാക്കിസ്ഥാനിലേയ്ക്ക് മടങ്ങിയെത്തുന്നതിന് വഴിയൊരുക്കിയത്. അതേസമയം കോടതി ശിക്ഷിച്ച 'ക്രിമിനലി'നെ നിയമങ്ങളെ നോക്കുകുത്തിയാക്കിയാണു തിരിച്ചുകൊണ്ടുവരുന്നതെന്ന് ഇമ്രാൻഖാൻ നേതൃത്വം നൽകുന്ന തെഹ്രികെ ഇൻസാഫ് പാർട്ടി ആരോപിച്ചു.

പാക്കിസ്ഥാനിൽ അരാജകം കൊടികുത്തി വാഴുകയാണെന്നും പണമില്ലാത്ത രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ തന്റെ പാർട്ടി പ്രാപ്തമാണെന്നും നവാസ് ഷെറീഫ് പറയുന്നു. പാക്കിസ്ഥാൻ വിട്ടുപോകുമ്പോൾ, സന്തോഷമില്ലായിരുന്നു. പക്ഷേ ഇപ്പോൾ സന്തോഷവാനാണ്. 2017നെ അപേക്ഷിച്ച് രാജ്യത്തിന്റെ സ്ഥിതി മെച്ചമായിരുന്നു എങ്കിൽ നല്ലതായിരുന്നു. രാജ്യത്തെ സ്ഥിതിഗതികൾ കാണുമ്പോൾ ആശങ്കയും നിരാശയും തോന്നുന്നു.

''ആരും തങ്ങളെ പിടിച്ചെഴുന്നേൽപ്പിക്കാനില്ല. നമ്മൾ തന്നെ ഉയർന്നുവരണം. പഴയ പാക്കിസ്ഥാനെ കുറിച്ച് ഓർക്കുമ്പോൾ മനസ്സ് വേദനിക്കുന്നു. നമ്മൾ ഐഎംഫിനോട് ഗുഡ്‌ബൈ പറഞ്ഞിരുന്നു. വൈദ്യുതിനിരക്ക് കുറവായിരുന്നു. രൂപയുടെ മൂല്യം സ്ഥിരതയുള്ളതായിരുന്നു. തൊഴിലുണ്ടായിരുന്നു. ഒരു റൊട്ടിയുടെ വില നാലു രൂപയായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ സ്‌കൂളുകളിൽ പോയിരുന്നു. കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭിക്കുമായിരുന്നു. എന്നാൽ ഇന്നത്തെ പാക്കിസ്ഥാൻ സമ്പൂർണമായി തകർന്നിരിക്കുകയാണ്''- നവാസ് ഷെരീഫിന്റെ വാക്കുകൾ കേൾക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ പൊതുയോഗങ്ങളിലും മറ്റും തടിച്ചുകൂടുന്നത്.

പക്ഷേ ശ്രീലങ്കയെ കുത്തുപാളയെടുപ്പിച്ച രാജപക്സെ കുടുംബത്തെപ്പോലെ, അഴിമതികൾക്കും സാമ്പത്തിക വെട്ടിപ്പുകൾക്കും കുപ്രസിദ്ധമാണ് ഷെരീഫ് കുടുംബം. ശ്രീലങ്കക്ക് സമാനമായ സാമ്പത്തിക കൂഴപ്പങ്ങളിലൂടെയാണ് പാക്കിസ്ഥാനും ഇപ്പോൾ കടന്നുപോകുന്നത്. അപ്പോൾ ഷെരീഫിന്റെ വരവ് വെളുക്കാൻ തേച്ചത് പാണ്ടാക്കുമോ എന്നും സംശയം ഉയർത്തുന്നുണ്ട്.

700 കോടിയുടെ കള്ളംപ്പണം വെളിപ്പിക്കൽ കേസിൽ ജയിലായ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ. എന്നാൽ പാക്കിസ്ഥാൻ ജനത അതുമായി പൊരുത്തപ്പെടുകഴിഞ്ഞു. ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയാണ്, ഷഹബാസ് ഷെരീഫ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കള്ളപ്പണക്കേസ് അടക്കം നിരവധി അഴിമതിക്കേസുകൾ നിലനിൽക്കുന്നതിനാൽ, ഇലക്ഷൻ കമ്മീഷൻ മത്സരിക്കുന്നതിന് അയോഗ്യനാക്കിയതിനെ തുടർന്നാണ്, നവാസ് ഷെരീഫ് മാറിനിന്ന്, 70കാരനായ തന്റെ സഹോദരനെ രംഗത്ത് ഇറക്കിയത്. ഇവിടെയും ശ്രീലങ്കയുമായുള്ള സാമ്യം വീണ്ടും പ്രകടമാണ്. കാരണം, രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള ഭരണഘടനാപരമായ വിലക്ക് ഉള്ളതുകൊണ്ടാണ്, മഹീന്ദ രാജപക്സെ തന്റെ സഹോദരൻ ഗോതബായ രാജപക്സെയെ പ്രസിഡന്റ് ആക്കുന്നത്.

രാജപക്സെ കുടുംബത്തെപോലെ തന്നെ അധികാരത്തിന്റെ ഇടനാഴികളിൽ ദല്ലാൾമ്മാരായി ഷെരീഫ് കുടുംബും ഉണ്ട്. കുപ്രസിദ്ധമായ പനാമ പേപ്പേഴ്സിൽ പറയുന്നത് ഷെരീഫിന്റെ മകൾ സ്വന്തമായി ദ്വീപുവരെ വിലകൊടുത്ത് വാങ്ങിയിട്ടുണ്ടെന്നാണ്. ഇന്ത്യയിലെ യു.പിപോലെ പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. രാജ്യത്തിന്റെ പകുതിയോളം ജനസംഖ്യയുള്ള സംസ്ഥാനത്ത്, മൂന്നുവട്ടം മുഖ്യമന്ത്രിയായി ഷഹബാസ് ഷെരീഫും സമ്പാദിച്ച് കൂട്ടിയത് കോടികളാണ്. പക്ഷേ രാജപക്സെ കുടുംബത്തിൽനിന്ന് വ്യത്യസ്തമായി പാക്കിസ്ഥാനിലെ പ്രതികാര രാഷ്ട്രീയം മൂലം ഷെരീഫ് കുടുംബം ജയിൽവാസം അടക്കം കുറച്ച് അനുഭവിച്ചിട്ടുണ്ടെന്ന് മാത്രം.

കോടീശ്വരായ രാഷ്ട്രീയക്കാരൻ

ലാഹോറിലെ ഉയർന്ന ബിസിനസ് കുടുംബത്തിൽ ജനിച്ച നവാസ്, ഇത്തിഫാഖ് ,ഷെരീഫ് ഗ്രൂപ്പുകളുടെ സ്ഥാപകനായ മിയാൻ ഷെരീഫിന്റെ മകനാണ് . പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതനുസരിച്ച്, ആ രാജ്യത്തെ ഏറ്റവും സമ്പന്നരിൽ ഒരാളാണ് നവാസ്. കുറഞ്ഞത് 100 കോടി രൂപയുടെ ആസ്തിയുണ്ട് .സമ്പത്തിന്റെ ഭൂരിഭാഗവും ഉരുക്ക് നിർമ്മാണത്തിലെ ബിസിനസ്സിൽ നിന്നാണ്. ഇനിയുള്ളകാലം ബിസിനസ് പച്ചപിടക്കണമെങ്കിൽ ഒപ്പം രാഷ്ട്രീയ സ്വാധീനവും വേണം എന്ന് നന്നായി അറിയാവുന്ന പിതാവ് തന്നെയാണ് മകനെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ നിർബന്ധിച്ചത്.

1980കളുടെ മധ്യത്തിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നവാസ് ഗവൺമെന്റ് കോളേജിൽ ബിസിനസും, പഞ്ചാബ് സർവകലാശാലയിൽ നിയമവും പഠിച്ചു. മിയാൻ ഷെരീഫിന്റെ ലജ്ജാശീലനായ മകൻ രാഷ്ട്രീയ തന്ത്രങ്ങൾ പഠിച്ചത്, 1970 കളിൽ ഐഎസ്ഐ തലവനും, ജനറൽ സിയാ ഉൾ ഹഖിന്റെ വലംകൈയുമായ ജനറൽ ഗുലാം ജിലാനി ഖാൻ അദ്ദേഹത്തെ ഏറ്റെടുത്തതോടെയാണ്. 1980 മുതൽ 1985 വരെ, പാക്കിസ്ഥാനിലെ ഏറ്റവും വലുതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ പഞ്ചാബ് പ്രവിശ്യയുടെ ഗവർണറായി ജിലാനി സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവിലാണ് ഷരീഫിന്റെ അധികാര ആരോഹണം. ആദ്യം ധനമന്ത്രിയായും പിന്നീട് പ്രവിശ്യാ മേധാവിയായും. അന്ന് സൈന്യവുമായി ചേർന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയെ (പിപിപി) പ്രതിരോധിക്കുക എന്ന ദൗത്യത്തിനാണ് ഷെരീഫ് നിയോഗിക്കപ്പെട്ടത്.

സ്വേച്ഛാധിപതി ജനറൽ സിയയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം നവാസ് ഷെരീഫിന് ഗുണമായി. നവാസ് പൊതുവേദികളിൽ 'മകൻ' എന്നാണ് സിയ വിളിച്ചത്. 1985 ഏപ്രിൽ 9ന് നവാസ് പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഇന്ത്യക്ക് യുപിപോലെയാണ് പാക്കിസ്ഥാന് പഞ്ചാബ്. പഞ്ചാബിലെ മുഖ്യമന്ത്രിയെന്നാൽ ഭാവി പ്രധാനമന്ത്രി തന്നെതാണ്. ജനറൽ സിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ (1988) നവാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി.

പ്രധാനമന്ത്രി പദത്തിലേക്ക്

ഈ തെരഞ്ഞെടുപ്പിലൂടെ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ബേനസീർ ഭൂട്ടോ നവാസിനെ രാഷ്ട്രീയ പ്രതിയോഗിയായി കണ്ടു. സുൾഫിക്കർ അലി ഭൂട്ടോയ്ക്ക് വധശിക്ഷ നൽകിയ സിയ ഉൾ ഹഖിന്റെ വലംകൈ ആയിരുന്നു നവാസ് എന്നതായിരുന്നു ശത്രുതയ്ക്ക് കാരണം. നവാസ് ഷെരീഫും ബേനസീർ ഭൂട്ടോയും തമ്മിലുള്ള ശത്രുതയിൽ പിണഞ്ഞ് കിടക്കയായിരുന്നു അക്കാലത്തെ പാക്ക് രാഷ്ട്രീയം. (അന്ന് അതേ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ നവാസിന്റെ മുന്നണിയിലാണ്. ഇമ്രാൻഖാൻ എന്ന പൊതുശത്രുവിനെതിരെ അവർ ഒന്നിച്ചു.)

അഴിമതി ആരോപണങ്ങളുടെ പേരിൽ ബേനസീർ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ, നവാസിന്റെ മുസ്ലിം ലീഗ് വിജയിച്ചു. 1990 നവംബർ 1-ന് നവാസ് ഷെരീഫ് പാക്കിസ്ഥാന്റെ 12-ാമത്തെ പ്രധാനമന്ത്രിയായി. അസംബ്ലിയിൽ ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഈ സർക്കാർ അഴിമതിക്കെതിരെ ശക്തമായ കാമ്പയിൽ പറഞ്ഞുകൊണ്ടാണ് ഈ സർക്കാർ തുടങ്ങിയത്.

സുൽഫിക്കർ ഭൂട്ടോയുടെ ദേശസാൽക്കരണത്തെ മാറ്റിമറിക്കാൻ സ്വകാര്യവൽക്കരണത്തിലും സാമ്പത്തിക ഉദാരവൽക്കരണത്തിലും അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥ നവാസ് അവതരിപ്പിച്ചു. ഭൂട്ടോയുടെ ദേശസാത്ക്കരണ നയങ്ങളിലുടെ ഷെരീഫ് കുടുംബത്തിനും ഏറെ നഷ്ടമുണ്ടായിരുന്നു. ബാങ്കുകൾക്കും വ്യവസായങ്ങൾക്കും. സ്വകാര്യ പണമിടപാടുകാരിലൂടെ ഇടപാട് നടത്താൻ അദ്ദേഹം വിദേശ നാണയ വിനിമയം നിയമവിധേയമാക്കി. ഈ സ്വകാര്യവൽക്കരണ നയങ്ങൾ 1990-കളുടെ മധ്യത്തിൽ ബേനസീർ ഭൂട്ടോയും 2000-കളിൽ ഷൗക്കത്ത് അസീസും തുടർന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഡിജിറ്റൽ ടെലികമ്മ്യൂണിക്കേഷന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഫലത്തിൽ അതും കൂടിയില്ലായിരുന്നെങ്കിൽ പാക്കിസ്ഥാൻ എത്രയോ പിന്നിലായേനെ.

ഒരേ സമയം ആധുനികതയുടെയും മതത്തിന്റെയും വക്താവ് ആയി അദ്ദേഹം.
സിയ തുടങ്ങിവച്ച മതപരമായ യാഥാസ്ഥിതികത എന്നിവ പാക്കിസ്ഥാനിൽ അവതരിപ്പിക്കുന്നതിനായി ശിഷ്യനായ ഷെരീഫും നിരവധി പരിഷ്‌കാരങ്ങൾ നടത്തി . ഇസ്ലാമിക ക്ഷേമ രാഷ്ട്രത്തിന്റെ മാതൃകയിൽ രാജ്യത്തെ നയിക്കാൻ ശരീഅത്ത് ഓർഡിനൻസ്, ബൈത്തുൽ മാൽ (പാവപ്പെട്ട അനാഥരെയും വിധവകളെയും മറ്റും സഹായിക്കാൻ) പോലുള്ള ഇസ്ലാമിക നിയമങ്ങൾ അവതരിപ്പിച്ചു . കൂടാതെ, ഇസ്ലാമികവൽക്കരണത്തിനായുള്ള നടപടികൾക്കായി റിപ്പോർട്ടുകളും ശുപാർശകളും തയ്യാറാക്കാൻ അദ്ദേഹം മത മന്ത്രാലയത്തിന് ചുമതല നൽകി. നവാസ് എല്ലാ മധ്യേഷ്യൻ മുസ്ലിം രാജ്യങ്ങൾക്കും സാമ്പത്തിക സഹകരണ സംഘടനയുടെ (ഇസിഒ) അംഗത്വം നൽകി. അവരെ ഒരു മുസ്ലിം ബ്ലോക്കായി ഏകീകരിക്കാനും നടപടി എടുത്തു. അതായത് മതത്തെ തഴുകിക്കൊണ്ട് ആധുനികതയുടെ വക്താവായി മാറാൻ അദ്ദേഹം ശ്രമിച്ചു. പക്ഷേ 93ൽ ചരിത്രം ആവർത്തിച്ചു. സൈന്യവും പ്രസിഡന്റുമായുള്ള ഉടക്കിനെ തുടർന്ന് മൂന്ന് വർഷത്തെ ഭരണത്തിനുശേഷം അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.

കൈയ്ക്ക് കൊത്തിയ മുഷറഫ്

ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കെതിരെ ശക്തമായ കാമ്പയിൻ, പ്രതിപക്ഷമായ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നടത്തി. ഭൂട്ടോ പരാജയപ്പെട്ടതോടെ 1996 ഫെബ്രുവരി 17 ന് നവാസ് പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ അവിടെയും സൈന്യമായുള്ള ഉടക്ക് പ്രശ്നമായി. എപ്പോഴും ഇരട്ടത്താപ്പുകൾ നവാസ് ഷെരീഫിന്റെ മുഖമുദ്രയായിരുന്നു. ഒരേ സമയം ഇന്ത്യാവിരുദ്ധനായും അനുകൂലിയായും അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. വാജ്പേയുമായി ലാഹോർ ബസ് സർവീസ്വരെ ഉണ്ടാക്കിയ അദ്ദേഹത്തിന്റെ കാലത്ത് തന്നെയാണ് കാർഗിലിൽ നുഴഞ്ഞുകയറ്റം നടന്നതും.

1998 ഒക്ടോബറിൽ ഷെരീഫ്, സീനിയോരിറ്റി മറികടന്നുകൊണ്ടാണ് ജനറൽ പർവേസ് മുഷറഫിനെ സൈനിക മേധാവിയായി നിയമിച്ചത്. എന്നാൽ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനുണ്ടായ പരാജയത്തിനുശേഷം ഇരുവരും തമ്മിൽ അകലുകയാണുണ്ടായത്. പാലുകൊടുത്ത കൈക്ക് കൊത്തുന്ന പാക് പട്ടാള മേധാവികളുടെ ശീലം ഇവിടെയും ആവർത്തിക്കപ്പെട്ടു. പട്ടാള അട്ടിമറിയിലൂടെ മുഷറഫ് തന്നെ പുറത്താക്കുമെന്ന് ഭയന്ന നവാസ് ഷെരീഫ് 1999 ഒക്ടോബർ 12ന് മുഷറഫിനെ സൈനിക മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. എന്നാൽ ഏറെ നാടകീയമായ ഒരു പട്ടാള അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കിയ മുഷറഫ് അധികാരം പിടിച്ചെടുത്തു. മുഷറഫിന്റെ ഉത്തരവ് അനുസരിച്ച് പട്ടാള ടാങ്കുകൾ ഷെരീഫിന്റെ വസതിയിലെത്തി. പ്രധാനമന്ത്രി വീട്ടു തടങ്കലിലായി.പിന്നീട് വിവിധ കേസുകളിലായി 14 വർഷം തടവും 21 വർഷം ഏതെങ്കിലും ഭരണ സ്ഥാപനത്തിന്റെ മേധാവിത്വം വഹിക്കുന്നതിൽ വിലക്കും ഏർപ്പെടുത്തിയെങ്കിലും സൗദി രാജകുടുംബത്തിന്റെ പ്രത്യേക ഇടപെടലിനെത്തുടർന്ന് ശിക്ഷ സൗദിയിലേക്കുള്ള നാടുകടത്തലായി ഇളവ് ചെയ്യപ്പെട്ടു.

പിന്നീട് ദീർഘകാലം പ്രതിപക്ഷത്തായിരുന്നു നവാസ് ഷെരീഫ് 2013 ജൂൺ 5ന് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തി. 2017 ജലൈ 28വരെ നാലുവർഷവും 53 ദിവസവും അദ്ദേഹം ഭരിച്ചു. പക്ഷേ ആ കാലഘട്ടത്തിലെ കൊടിയ അഴിമതികളുടെ പേരിലാണ് പിന്നീട് അദ്ദേഹം ജയിലിലും കിടക്കേണ്ടി വന്നത്.

അഴിമതികളുടെ രാജാവ്

2011ൽ നവാസിന്റെ ആസ്തി 16.6 കോടി രൂപയായിരുന്നു, അത് 2013-ഓടെ 1.82 ബില്യണായി വർദ്ധിച്ചു. 2013ൽ പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ശതകോടീശ്വരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഷെരീഫ് കുടുംബത്തിന്റെ സ്വകാര്യ വസതിയായ റെയ്വിന്ദ് കൊട്ടാരം ലാഹോറിന്റെ പ്രാന്തപ്രദേശത്തുള്ള റായ്വിന്ദിലെ ജാതി ഉംറയിലാണ് സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിൽ അദ്ദേഹത്തിന് ഷെരീഫ് വില്ല എന്നറിയപ്പെടുന്ന ഒരു വസതിയുണ്ട്. അവിടെയാണ് അദ്ദേഹം പ്രവാസ ജീവിതത്തിനിടയിൽ താമസിച്ചത്. മൂത്തമകൻ ഹുസൈൻ നവാസ് സൗദി അറേബ്യയിൽ ഒരു വ്യവസായിയാണ്, ഇപ്പോൾ ജിദ്ദയിലാണ് താമസം. ഇളയ മകൻ ഹസ്സൻ നവാസും ബിസിനസുകാരനാണ്, ലണ്ടനിൽ താമസിക്കുന്നു. ഇതുകൊണ്ടൊക്കെ തങ്ങൾക്ക് എവിയൊക്കെ സ്വത്ത് ഉണ്ടെന്ന് ഷെരീഫ് കുടുംബത്തിനുപോലും അറിയാത്ത അവസ്ഥയാണ്.

അഴിമതികളുടെ രാജാവ് എന്നാണ് നവാസ് ഷെരീഫിനെ പ്രതിപക്ഷം വിശേഷിപ്പിക്കാറുള്ളത്. ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായ കാലം തൊട്ട് അഴിമതികൾ അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്. ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയിലാണ് നവാസിന് രാഷ്ട്രീയ പിന്തുണ നഷ്ടപ്പെട്ടത്. നമ്മുടെ കരുവന്നുർ ബാങ്ക് പോലുള്ള ഈ വായ്‌പ്പാ തട്ടിപ്പ് 1992-ൽ ദശലക്ഷക്കണക്കിന് പാക്കിസ്ഥാനികളെ ബാധിച്ച ഒരു തകർച്ചയിലേക്ക് നയിച്ചു. പഞ്ചാബിലും കശ്മീരിലും ഏകദേശം 7,00,000 ആളുകൾക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെട്ടു, ഇതിനിടെ നവാസിന്റെ ഇത്തെഫാഖ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന് കോടിക്കണക്കിന് രൂപ അനുവദിച്ചതായും കണ്ടെത്തി. ഈ വായ്പകൾ തിടുക്കത്തിൽ തിരിച്ചടച്ചെങ്കിലും നവാസിന്റെ സൽപ്പേരിന് വലിയ കോട്ടം സംഭവിച്ചു.

2016 ചോർന്ന പനാമ പേപ്പറുകളും നവാസിന്റെ അഴിമതികളുടെ നേർ ചിത്രമായി. നിയമ സ്ഥാപനമായ മൊസാക്ക് ഫൊൻസെക്കയിൽ നിന്ന് ചോർന്ന രേഖകൾ പ്രകാരം, നവാസിന്റെ കുടുംബത്തിന് യുകെയിലടക്കം ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള സ്വത്തുക്കളും കമ്പനികളും ഉണ്ട്. നവാസ് ഷെരീഫിന്റെയോ ഷെഹ്ബാസ് ഷെരീഫിന്റെയോ പേര് പറയുന്നില്ലിങ്കെിലും മക്കളുടെയും മരുമക്കളുടെയും പേരുകൾ ഇതിലുണ്ട്.

പനാമ പേപ്പേഴ്‌സ് കേസിൽ ഉൾപ്പെട്ടതിനാൽ നവാസിനെ ആജീവനാന്ത അയോഗ്യനാക്കുമെന്ന് 2018-ൽ പാക്കിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടു. പാക്കിസ്ഥാൻ ഫെഡറൽ ജുഡീഷ്യൽ കോംപ്ലക്സ് നവാസിനെ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചു. നവാസിന്റെ മകൾ മറിയം നവാസ് , ഭർത്താവ് സഫ്ദർ അവാൻ എന്നിവർക്ക് യഥാക്രമം ഏഴ് വർഷവും ഒരു വർഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. തുടർന്ന് ജൂലൈ 13 ന് ലാഹോറിൽ എത്തിയ ഇരുവരും അറസ്റ്റിലാവുകയും അഡിയാല ജയിലിൽ അടയ്ക്കുകയും ചെയ്തു . നവാസിനും മറിയത്തിനും വൻ പിഴയും ചുമത്തിയിരുന്നു.

2018 ഡിസംബറിൽ അൽ-അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ നവാസ് ഷെരീഫിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ലാഹോറിലെ കോട് ലഖ്പത് ജയിലിൽ ഏഴു വർഷം തടവ് അനുഭവിക്കുകയായിരുന്നു നവാസ് അസുഖം കാണിച്ചാണ് ലണ്ടനിലേക്ക് ചികിത്സാർഥം പോയത്. 2019 നവംബർ മുതൽ അദ്ദേഹം ലണ്ടനിൽ താമസിക്കുന്നത്.

ഇപ്പോൾ ചരിത്രം വീണ്ടും അവർത്തികയാണ്. ഷരീഫിന്റെ സഹോദരൻ പ്രധാനമന്ത്രിയായ കാലത്ത് അയാൾ കോടതിയെവരെ സ്വാധീനിച്ച് എല്ലാം ഒതുക്കി. ഷെരീഫ് രക്ഷകവേഷത്തിൽ മടങ്ങിവരുന്നു. ഇമ്രാൻ ജയിലിൽ ആവുന്നു. എല്ലാം ഒരു ലൂപ്പിൽ എന്ന പോലെ ആവർത്തിക്കുന്നു!

പാക്കിസ്ഥാനെ രക്ഷിക്കാനാവുമോ?

ഷെരീഫ് കാണിച്ചുകൊടുത്ത അഴിമതിരാഷ്ട്രീയം അതിനേക്കാൾ ശക്തമായി സഹോദരൻ ഷഹബാസ് കൊണ്ടുപോയി. 2013ലെ ഒരു കണക്ക് അനുസരിച്ച് ഷഹബാസിന്റെ വെളിപ്പെടുത്തിയ സ്വത്തുക്കൾ 336.9 മില്യൺ പാക്കിസ്ഥാൻ രൂപയായിരുന്നു. തന്റെ ജ്യേഷ്ഠൻ നവാസിനേക്കാൾ സമ്പന്നനാണെന്ന് ഷഹബാസ് എന്നത് അന്നേ ശ്രദ്ധിക്കപ്പെട്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഷഹബാസ് സമ്പാദിച്ചുകൂട്ടിയ സ്വത്തുകൾ ഇരുപത്തിഅയ്യായിരം കോടി രൂപയുടേതാണെന്നാണ് അനൗദ്യോഗിക വിവരം.

അതായത് അഴിമതിയുടെ കാര്യത്തിൽ അനിയൻ ചേട്ടനെ കടത്തിവെട്ടിയെന്ന് ചുരുക്കം. 73വയസ്സുള്ള നിരവധി രോഗങ്ങളുടെ പിടിയിലായ നവാസ് ഷെരീഫിനേക്കാൾ കരുത്തനാണ് 70കാരനായ സഹോദരൻ. സത്യത്തിൽ ഇപ്പോൾ നവാസ് ഷെരീഫിനെ ഈ കുടുംബത്തിന് അത്രയൊന്നും അവശ്യമില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ ഷഹബാസ് ഷരീഫ് എന്ന മൂൻ പ്രധാനമന്ത്രിയെ പാക് ജനങ്ങൾ വെറുത്തു കഴിഞ്ഞു. അത്രക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അയാളുടെ കാലത്ത് രാജ്യം കടന്നുപോയത്. അതിനാൽ നവാസിനെ ഉയർത്തിക്കാട്ടി വോട്ട് പിടിക്കാമെന്നാണ് അവർ കരുതുന്നത്.

എല്ലാ ബിസിനസ്- രാഷ്ട്രീയ കുടുംബങ്ങളിലും സംഭവിക്കുന്നപോലെ, ഇടയക്ക് ഷെരീഫ് കുടുംബത്തിലും കടുത്ത ഭിന്നതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവാസ് ഷെരീഫിനെ അംഗീകരിക്കുന്ന കുടുംബാഗങ്ങൾ പലരും സഹോദരൻ ഷഹബാസിനെ അംഗീകരിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. നവാസിനുശേഷം അദ്ദേഹത്തിന്റെ മക്കൾക്കാണ് അധികാരം വേണ്ടത് എന്നതും ഭിന്നതയുടെ ഒരു കാരണമാണ്. ഷഹബാസിന്റെ അത്യാഗ്രഹിയും അഴിമതിക്കാരനുമായ മരുമകനെതിരെയും കടുംബത്തിൽ ഭിന്നത ശക്തമാണ്.
നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ഷെരീഫിനെയാണ് ഒരു വിഭാഗം അടുത്ത നേതാവായി ഉയർത്തിക്കൊണ്ടുവരുന്നത്. പിഎംഎൽ(എൻ) വൈസ്പ്രസിഡന്റ് കൂടിയായ ഇവർ. തീപ്പൊരി പ്രസംഗങ്ങളിലുടെയും ട്വീറ്റുകളിലുടെയും പാക്കിസ്ഥാനിൽ ഏറെ ജനപ്രിയയാണ് മറിയം നവാസ്.

മകളെ നേതൃസ്ഥാനത്തേക്ക് ഉയർത്താനാണ് ഷെരീഫ് വന്നിരുക്കുന്നത് എന്നുവരെയുള്ള റിപ്പോർട്ടുകൾ അതിനിടെ പുറത്തുവരുന്നുണ്ട്. പക്ഷേ പാക്കിസ്ഥാനിലെ ഡോൺ പത്രം ഇങ്ങനെ നിരീക്ഷിക്കുന്നു. ഒരു ബിസിനസ് കുടുംബത്തിൽനിന്ന് വന്ന നവാസിന് രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തന്നതിനെകുറിച്ച് നല്ല ധാരണയുണ്ട്. അത് ഗുണം ചെയ്യുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

വാൽക്കഷ്ണം: പാക്കിസ്ഥാനെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇമ്രാൻഖാന്റെ കാര്യമാണ് അതിലേറെ കഷ്ടം. ഇപ്പോൾ വിവിധ അഴിമതിക്കേസിൽ പെട്ട് ജയലിൽ കിടക്കുന്ന ഇമ്രാൻ തന്നെ ജയിലിൽവെച്ച് കൊല്ലാൻ പദ്ധതിയുണ്ടെന്നാണ് വിലപിക്കുന്നത്. ഒന്നുകിൽ കൊട്ടാരം, അല്ലെങ്കിൽ തടവറ. പാക് പ്രധാനമന്ത്രിമാർക്ക് വല്ലാത്ത വിധിയാണ്!