- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മെറ്റ തലവൻ; ചൊവ്വയിലും ശുക്രനിലും വരെ ബിസിനസുള്ള ടെസ്ല തലവൻ; ട്വിറ്ററിനോട് മത്സരിച്ച് ത്രഡ്സ് ഇറങ്ങിയതോടെ ടെക്ക് ലോകത്ത് പൊരിഞ്ഞ പോര്; വെല്ലുവിളിച്ച് ശതകോടീശ്വരന്മാർ; മാർക്കും മസ്‌ക്കും കൊമ്പുകോർക്കുമ്പോൾ!
സ്റ്റീവ് ജോബ്സ്, ബിൽഗേറ്റ്സ്, മാർക്ക് സക്കർബർഗ്, ഇലോൺ മസ്‌ക്ക്..... ടെക്ക്നോജിയിലൂടെ ലോകത്തിന്റെ ഗതി മാറ്റിയ നാല് ചതുർസ്തംഭങ്ങൾ എന്നാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ ഇപ്പോൾ ഇവരിൽ രണ്ടുപേർ തമ്മിലുള്ള ശത്രുതയും, വ്യക്തിവൈരാഗ്യത്തോളം എത്തുന്ന ട്വീറ്റുകളുമാണ് ലോകമെങ്ങും ചർച്ച. ടെസ്ല തലവനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കും സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ തലവനായ മാർക്ക് സക്കർബർഗും തമ്മിലുള്ള ഭിന്നതകൾ ടെക് ലോകത്ത് പരസ്യമായ കാര്യമാണ്.
മെറ്റാവേർസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി പല വിഷയങ്ങളിലും ഇരുവർക്കിടയിൽ നേരത്തെ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴിക മസ്‌ക്ക് ഈയിടെ ഏറ്റെടുത്ത ട്വിറ്ററിനൊരു എതിരാളിയുമായി മെറ്റയുടെ ത്രഡ്സ് വന്നതോടെ കാര്യങ്ങൾ എല്ലാം കൈവിട്ടിരിക്കയാണ്. സോഷ്യൽ മീഡിയയിൽ ഇരുവരും പരസ്പരം നേരിട്ട് തല്ലിത്തീർക്കാൻ വെല്ലുവിളിച്ചതിന് പിന്നാലെ ഇരുവരുടെയും ഫാൻസും കാര്യമായി അങ്കംവെട്ടുകയാണ്. മസ്‌ക്കിനെ തകർക്കാനാണ് സക്കർബർഗിന്റെ നീക്കമെന്നാണ് ആരോപണം.
മെറ്റയുടെ ത്രെഡ്സിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് ട്വിറ്ററെന്ന് സൂചന. ട്വിറ്ററിന് സമാനമാണ് ത്രെഡ്സെന്നും കമ്പനിയിലെ മുൻ ജീവനക്കാർ ആപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആശയം മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞാണ് കേസ്. നിയമനടപടികൾക്ക് ഒരുങ്ങിയതിന് പിന്നാലെ 'മത്സരമാണ് നല്ലത്, വഞ്ചനയല്ല' എന്ന് ട്വിറ്ററിന്റെ തലവൻ എലോൺ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ആരാധകർ തമ്മിലും പോര് രൂക്ഷമായാത്.
ചരിത്രം കുറിച്ച ത്രെഡ്സ്
മെറ്റയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ആപ്പായ ത്രഡ്സിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 7 മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ലഭിച്ചത്. ആദ്യ 2 മണിക്കൂറിനുള്ളിൽ 2 ദശലക്ഷം, 7 മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് ത്രെഡ്സ് മുന്നേറിയത്. ആദ്യ ദിവസം തന്നെ 30 ദശലക്ഷം ഉപയോക്താക്കൾ ആപ്പിൽ സൈൻ അപ്പ് ചെയ്തതായാണ് മെറ്റ സിഇഒ സക്കർബർഗ് അറിയിച്ചത്.
ഇതിന് അത്ഭുതപ്പെടാനില്ല. കാരണം ത്രെഡ്സ് ഒരു സ്വതന്ത്ര ആപ്പല്ല, ഇൻസ്റ്റയുടെ സഹചരനാണ്. ലോഗിൻ ചെയ്യാൻ ഒരേ അക്കൗണ്ടാണ് ഉപയോഗിക്കുന്നതും. ഇൻസ്റ്റഗ്രാമിന്റെ ഒരു മാസത്തെ സ്ഥിര ഉപഭോക്താക്കൾ 2.5 ബില്യൺ ആണ്. അതിൽ ഒരു ബില്യൺ ഉപയോക്താക്കളെങ്കിലും ത്രെഡ്സിലേക്കു വരുമെന്ന പ്രതീക്ഷ സക്കർബർഗ് പങ്കുവച്ചു കഴിഞ്ഞിരുന്നു. 500 വാക്കുകൾ വരെ പോസ്റ്റുചെയ്യാൻ ത്രെഡ്സ് ഉപയോക്താക്കളെ അനുവദിക്കുന്നു, കൂടാതെ ട്വിറ്ററിന് സമാനമായ നിരവധി സവിശേഷതകളുമുണ്ട്. 2013-ലെ ഒരു എസ്ഇസി ഫയലിങ് അനുസരിച്ച്, ത്രെഡ് ഒരു ദിവസം നേടിയ അതേ എണ്ണം ഉപയോക്താക്കളെ സൃഷ്ടിക്കാൻ ട്വിറ്ററിന് നാല് വർഷം വേണ്ടി വന്നു. ത്രെഡുകളുടെ രൂപവും ഭാവവും ട്വിറ്ററിന് സമാനമാണെന്ന് ബിബിസി ന്യൂസ് ടെക്‌നോളജി റിപ്പോർട്ടർ ജെയിംസ് ക്ലേട്ടൺ അഭിപ്രായപ്പെട്ടു. ന്യൂസ് ഫീഡും റീപോസ്റ്റിംഗും 'അവിശ്വസനീയമാം വിധം പരിചിതമാണ്' എന്നും അദ്ദേഹം പറയുന്നു.
ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ലോഗോയാണ്. മലയാളത്തിലെ 'ത്ര' എന്ന അക്ഷരമായും 'ക്ര' എന്ന അക്ഷരമായും സാമ്യമുണ്ടെന്നാണ് മലയാളികളുടെ വിലയിരുത്തൽ. അതേസമയം അവകാശവാദവുമായി തമിഴരും രംഗത്തെത്തി. തമിഴ് അക്ഷരം 'ജി' പോലെയെന്നും കു പോലെയെന്നും അവർ വാദിക്കുന്നു. ചിലർക്ക് ചെവിയുടെ ആകൃതിയുണ്ടെന്നും ഭ്രൂണത്തിന്റെ ആകൃതിയുണ്ടെന്നും അഭിപ്രായമുണ്ട്. ഇംഗ്ലീഷ് കീബോർഡിലെ അറ്റ് (@) എന്ന ചിഹ്നമായും ചിലർക്ക് തോന്നുന്നുണ്ട്. ലോഗോക്ക് ജിലേബിയുടെ ആകൃതിയുണ്ടെന്നും ചിലർ കണ്ടെത്തി. ഹരിയാനയിലെ സോനിപതിൽ നിന്നുള്ള മുന്ന സിങ് എന്നയാളാണ് മെറ്റയുടെ ആഗോള ഡിസൈൻ മത്സരത്തിൽ ജയിച്ചതെന്നും അയാൾ ജിലേബി സ്‌പെഷ്യലിസ്റ്റാണ് എന്നും കഥയും പ്രചരിക്കുന്നുണ്ട്.
ട്വിറ്ററിന് വൻ തിരിച്ചടി
ഇലോൺ മസ്‌കിന്റെ സാരഥ്യത്തിൽ ട്വിറ്ററിനു ഇപ്പോൾ അത്ര നല്ല കാലമല്ല. തൊടുന്നതെല്ലാം അബദ്ധമാണ്. സാമ്പത്തിക പ്രശ്നങ്ങൾ വേറെയും. ട്വീറ്റ് കാണണമെങ്കിൽ സൈൻ ഇൻ ചെയ്യണമെന്നും, നിർദിഷ്ട എണ്ണത്തിൽ കൂടുതൽ അക്ഷരങ്ങൾ ട്വീറ്റ് ചെയ്യണമെങ്കിൽ പണം അടയ്ക്കണമെന്നുമൊക്കെയുള്ള കർശന നിയമങ്ങളായിരുന്നു അടുത്ത കാലത്ത് മസ്‌കിന്റെ സാരഥ്യത്തിൽ ട്വിറ്ററിൽ നടപ്പിലാക്കിയത്. ഈ പരിഷ്‌കാരങ്ങളൊന്നും ഉപയോക്താക്കൾക്കു ഇഷ്ടമായിരുന്നില്ല.
അതുകൊണ്ടു തന്നെ കുറച്ചു നാളുകളായി ധാരാളം കൊഴിഞ്ഞുപോക്കുകളും ട്വിറ്ററിൽ നിന്ന് ഉണ്ടാകുന്നുണ്ട്. ജീവനക്കാരിൽ പലരും മസ്‌ക്കിന്റെ ഭ്രാന്തൻ നയങ്ങളിൽ പ്രതിഷേധിച്ച് വിട്ടുപോയി. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന് ഒരു എതിരാളിയായി മെറ്റ തങ്ങളുടെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്‌സ് അവതരിപ്പിച്ചത്. സക്കർബർഗിന്റെ ഈ നീക്കം കൃത്യസമയത്തായിരുന്നു എന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് ഉപഭോക്താക്കളിൽ നിന്ന് ത്രഡ്സിന് ലഭിക്കുന്നത്. ്ഇതാണ് മസ്‌ക്കിനെ കോപാകുലനാക്കിയത്.
ബിൽബോർഡ്, എച്ച്ബിഒ, എൻപിആർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ബ്രാൻഡുകൾ ലോഞ്ച് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ത്രെഡ്സിൽ അക്കൗണ്ട് സ്വന്തമാക്കി. കൊളംബിയൻ ഗായിക ഷക്കീറയും, ബ്രിട്ടിഷ് ഷെഫ് ഗോർഡൻ റാംസെയുമാണ് ആദ്യം അക്കൗണ്ടെടുത്ത സെലിബ്രിറ്റികൾ. കേരളത്തിൽ നിന്ന് മുഖ്യമന്ത്രിയും കെസ്ആർടിസിയുമൊക്കെ ഇവിടെ അക്കൗണ്ടെടുത്ത് കഴിഞ്ഞു. 100 രാജ്യങ്ങളിൽ ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽനിന്ന് ത്രെഡ്സ് ഡൗൺലോഡ് ചെയ്യാം. ത്രെഡ്സ് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആവശ്യമാണ്. സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന അതേ അക്കൗണ്ടുകൾ തന്നെ ത്രെഡ്സിൽ ഫോളോ ചെയ്യാം. റീട്വീറ്റ് എന്ന പദത്തിന് പകരം 'റീപോസ്റ്റ്' എന്നും ട്വീറ്റ് എന്ന പദത്തിന് പകരം 'ത്രെഡ്സ്' എന്നും വാക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തിൽ ട്വിറ്ററിനോട് സാമ്യമുള്ളതാണ് ത്രെഡ്സ്.
ട്വിറ്ററിലെ 280 ആണ് വേർഡ് ലിമിറ്റെങ്കിൽ ത്രെഡ്സിലത് 500 ആണ്. മറ്റ് പ്ലാറ്റ്‌ഫോമുകളിൽ സമയപരിമിധി കാരണം വീഡിയോകൾ ലിങ്കായി പങ്കിടേണ്ടിവരുമ്പോൾ അഞ്ച് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ത്രെഡ്സിൽ പങ്കുവയ്ക്കാം. ഉപയോക്താക്കൾക്ക് മറ്റുള്ളവരെ അൺഫോളോ ചെയ്യാനും ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും സാധിക്കും. ത്രെഡ്സ് ട്വിറ്ററിനെ കടത്തിവെട്ടുമോ എന്ന ചോദ്യത്തിന് സക്കർബർഗിന്റെ മറുപടിയിങ്ങനെ- ''അതിന് കുറച്ച് സമയമെടുക്കും. 1000 കോടിയിലധികം ആളുകളുള്ള ഒരു ആപ്പ് ഉണ്ടാവണമെന്ന് ഞാൻ കരുതുന്നു. ട്വിറ്ററിന് അങ്ങനെയാവാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു''. സൗഹൃദ സംഭാഷണങ്ങൾക്കുള്ള തുറന്ന ഇടം എന്ന നിലയിലാണ് ത്രെഡ്‌സ് അവതരിപ്പിച്ചതെന്ന് സക്കർബർഗ് പറയുന്നു.
11 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ട്വിറ്ററിലേക്ക് തിരിച്ചെത്തിയത്. സ്പൈഡർമാൻ വേഷധാരികളായ രണ്ടു പേർ പരസ്പരം വിരൽ ചൂണ്ടുന്ന ചിത്രം പങ്കുവച്ചാണ് നീണ്ട ഇടവേള സക്കർബർഗ് അവസാനിപ്പിച്ചത്. കുറിപ്പുകളൊന്നും പങ്ക് വെച്ചിരുന്നില്ല. ട്വിറ്ററിന് എതിരാളിയായി മെറ്റ പുതിയൊരു ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്വിറ്റെന്നത് ശ്രദ്ധേയം. ട്വിറ്ററിനെതിരെ നേരിട്ടുള്ള വെല്ലുവിളിയാണെന്നാണ് നിഗമനം. ട്വിറ്ററിനെ നേരിട്ട് വെല്ലുവിളിക്കുന്ന അതേ 'വേഷധാരിയായ' പ്ലാറ്റ്‌ഫോം തന്നെയാണ് ത്രെഡ്‌സ് എന്ന പ്രഖ്യാപനം കൂടിയായിരുന്നു പോസ്റ്റ്.
ഇനി കോടതിയിൽ കാണാം
ഇതോടെ ട്വിറ്ററിന്റെ നില പരുങ്ങലിൽ ആവുമെന്ന് കണ്ടതോടെയാണ് കോപ്പിയടി ആരോപണവുമായി മസ്‌ക്ക് രംഗത്ത് എത്തിയത്് .''ട്വിറ്ററിന്റെ ട്രേഡ് രഹസ്യങ്ങളും ബൗദ്ധിക സ്വത്തുക്കൾ സംബന്ധിച്ച മറ്റു വിവരങ്ങളും മനഃപൂർവ്വവും നിയമവിരുദ്ധമായും മെറ്റ ദുരുപയോഗം ചെയ്തു. ട്വിറ്ററിന്റെ ഏതെങ്കിലും ട്രേഡ് രഹസ്യങ്ങളോ അതീവ രഹസ്യ സ്വഭാവമുള്ള മറ്റ് വിവരങ്ങളോ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ മെറ്റ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ' എന്നും ട്വിറ്റർ ഉടമ ഇലോൺ മസ്‌കിന്റെ അഭിഭാഷകനായ അലക്‌സ് സ്പിറോയ അയച്ച കത്തിൽ പറയുന്നു. ''മത്സരം നല്ലതാണ്, പക്ഷേ വഞ്ചന നല്ലതല്ല'', എന്നാണ് കത്തിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് മറുപടിയായി മസ്‌ക് ട്വീറ്റ് ചെയ്തത്.
എന്നാൽ, മെറ്റാ വക്താവ് ആൻഡി സ്റ്റോൺ കത്തിലെ ആരോപണങ്ങൾ നിഷേധിച്ചു. ''ത്രഡ്‌സ് എഞ്ചിനീയറിങ് ടീമിലെ ആരും ട്വിറ്ററിലെ മുൻ ജീവനക്കാരല്ല'' എന്നും അദ്ദേഹം ത്രഡ്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിനു പിന്നാലെ, ട്വിറ്ററിന് ബദലായി പല സോഷ്യൽ മീഡിയ ആപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മാസ്റ്റോഡൺ, ബ്ലൂസ്‌കി എന്നിവ പോലുള്ള ചെറിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമുകൾ ഈ കാലയളവിലാണ് ഉയർന്നു വന്നത്. എന്നാൽ ട്വിറ്റർ അവയ്ക്കെതിരെ ഇതുവരെ ഭീഷണിയുമായി രംഗത്തു വന്നിട്ടില്ല.
നിയമ നടപടിയിലേക്ക് നീങ്ങുമെന്ന ട്വിറ്ററിന്റെ ഭീഷണി ആപ്പിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാകാമെന്ന് റിച്ച്മണ്ട് സർവകലാശാലയിലെ നിയമ വിഭാഗം പ്രൊഫസർ കാൾ തോബിയാസ് സിഎൻഎന്നിനോട് പറഞ്ഞു.ട്വിറ്ററുമായുള്ള സാമ്യം ചൂണ്ടിക്കാണിച്ച് ആപ്പ് നിയമനടപടികൾ സ്വീകരിച്ചാലും യുഎസ് പകർപ്പവകാശ നിയമത്തിന്റെ ആശയങ്ങളെ സംരക്ഷിക്കുന്നില്ല എന്നത് തിരിച്ചടിയാകും. അതിനാൽ ട്വിറ്റർ കോടതിയിൽ വിജയിക്കണമെങ്കിൽ പ്രോഗ്രാമിങ് കോഡ് പോലുള്ള തങ്ങളുടെ ഇന്റലക്വചൽ പ്രൊപ്പർട്ടികൾ മെറ്റ പകർത്തിയെന്ന് തെളിയിക്കേണ്ടതുണ്ട്.
പക്ഷേ ഇരുവരുടെയും ആരാധകർ ചേരി തിരഞ്ഞ് യുദ്ധം തുടങ്ങിയിരിക്കയാണ്. ലോക ചരിത്രത്തിൽ ആദ്യമായാണ് ടെക്ക് ലോകം ഈ രീതിയിൽ ചേരി തിരിയുന്നത്. വ്യക്തി ജീവതം നോക്കായാലും ഇരുവരും ഇരു ധ്രുവങ്ങളിലാണ്. മാർക്ക് ശാന്തനായ ഫാമിലി മാൻ ആണെങ്കിൽ, മസ്‌ക്ക് അക്രമാസക്തനായ സത്രീലമ്പടനായാണ് അറിയപ്പെടുന്നത്.
സ്വപ്രയതനത്തിലൂടെ കോടീശ്വരൻ
ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കർബർഗ്. 2004 ൽ തന്റെ പത്തൊമ്പതാം വയസ്സിൽ ഫേസ്‌ബുക്ക് നിർമ്മിച്ച് അതിന്റെ സിഇഒ സ്ഥാനം അലങ്കരിക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർ. 1984 മെയ് 14 നാണ് ന്യൂയോർക്കിലാണ് ജനനം. അച്ഛൻ എഡ്വേഡ് സക്കർബർഗ് ഒരു ദന്ത വിദ്ധനായയിരുന്നു. അമ്മ കാരെൻ മാനസികരോഗ വിദഗ്ദ്ധനും.
മൂന്നു സഹോദരിമാരും ചേർന്ന് ഹഡ്സൺ നദിയുടെ തീരത്തുള്ള വീട്ടിൽ ശാന്തമായ ബാല്യമായിരുന്നു തന്റെതെന്ന് സക്കർബർഗ് പറയുന്നു. ജന്മം കൊണ്ട് യഹൂദൻ ആണെങ്കിലും താൻ ഇപ്പോൾ നിരീശ്വരവാദിയാണെന്നാണ് സക്കർബർഗ് പറഞ്ഞത്. ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ പ്രോഗ്രമിൽ വിദ്ധ്നായി. 19ാം വയസ്സിൽ ഹാർവാർഡിൽനിന്ന് ഇറങ്ങി അയാൾ ഫേസ്‌ബുക്ക് തുടങ്ങിയതൊക്കെ ലോകം പലതവണ ചർച്ചചെയ്തതാണ്.
മസ്‌ക്ക് സ്ത്രീലമ്പടത്വം കൊണ്ട് കുപ്രസിദ്ധനാണെങ്കിൽ, മാർക്ക് ഏകപത്നീവ്രതക്കാരനാണ്. യുവാക്കളുടെ മാതൃകയാണ് പ്രിസില്ല-മാർക്ക് ബന്ധം.പ്രിസില്ല രണ്ടാംവർഷ കോളേജ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് മാർക്ക് ആദ്യമായി കാണുന്നത്. വർഷം 2003. വേദി മാർക്കിന്റെ സുഹൃത്തുക്കൾ സംഘടിപ്പിച്ച ഒരു പാർട്ടി. രണ്ടുപേരും കാത്തിരിപ്പിലായിരുന്നു; വാഷ്‌റൂം ഉപയോഗിക്കുന്നതിനായുള്ള ക്യൂ ലൈനിൽ! എപ്പോഴാണ്, എവിടെ വച്ചാണ് പ്രണയം മുളപൊട്ടുകയെന്നു ആർക്കും പറയാനാവില്ലല്ലോ. ഇവിടെ അതങ്ങ് സംഭവിക്കുക തന്നെ ചെയ്തു. അന്ന് ആ വരിയിൽ തന്റെ കൂടെ നിന്ന പ്രിസില്ലയും മാർക്കും തമ്മിൽ പ്രണയത്തിലായി. പിന്നീട് ഹവാർഡിൽ ഒരുമിച്ചുള്ള ദിനങ്ങൾ.. രണ്ടുപേരുടെയും സ്‌നേഹം പൂത്തുലഞ്ഞു.
അങ്ങനെയിരിക്കെയാണ് മാർക്ക് സക്കബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തീരുമാനം എടുക്കുന്നത്. തന്റെ വലിയൊരു സ്വപ്നം പൂർത്തീകരിക്കാനായി മാർക്ക് പഠനം ഉപേക്ഷിച്ചു. ഹവാർഡിനോട് എന്നെന്നേക്കുമായി ബൈ പറഞ്ഞ് ഇറങ്ങി. ആ പടിയിറക്കം ലോകത്തിന്റെ നെറുകയിലേയ്ക്കുള്ള പടികയറ്റമായി മാറാൻ അധികകാലം വേണ്ടിവരില്ലെന്ന് മാർക്കിന് മനസ്സിൽ നല്ല ഉറപ്പുണ്ടായിരുന്നു. 'ഫേസ്‌ബുക്ക്' എന്ന ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ കഥ അവിടെ നിന്നാരംഭിക്കുന്നു.
ലവബിൾ ഫാമിലിമാൻ
പ്രണയത്തിന് ദൂരം എന്നത് ഒരുകാലത്തും ഒരു വിഷയമല്ലായിരുന്നു. ഇവിടെയും അതുതന്നെ ആവർത്തിച്ചു. മാർക്ക് സക്കർബർഗ് തന്റെ തിരക്കേറിയ ജോലിയിൽ മുഴുകുമ്പോഴും യാതൊരുവിധ പരാതികളുമില്ലാതെ അങ്ങേയറ്റം കരുതലോടെ പ്രിസില്ല കൂടെത്തന്നെ നിന്നു. മാർക്ക് കാലിഫോർണിയയിലേയ്ക്ക് താമസം മാറിയപ്പോൾ അധികം വൈകാതെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയായി പ്രിസില്ലയും അവിടെ എത്തിച്ചേർന്നു. ഇന്ന് മൾട്ടി ബില്ല്യനയർ ആയി നിൽക്കുമ്പോഴും പ്രിസില്ലയും മാർക്ക് സക്കർബർഗും തമ്മിലുള്ള ബന്ധത്തിന് ഒരു ഇടിവും സംഭവിക്കാതെ മനോഹരമായി തന്നെ മുന്നോട്ടു പോവുന്നു.
പീഡിയാട്രിക്‌സിൽ സ്‌പെഷ്യലൈസ് ചെയ്ത പ്രിസില്ലയുടെ സ്വാധീനമായിരുന്നു ഫേസ്‌ബുക്കിലൂടെയുള്ള അവയവദാന പ്രവർത്തനങ്ങൾക്ക് പിന്നിൽ. മാർക്ക് സക്കർബർഗ് ഫേസ്‌ബുക്ക് തുടങ്ങിയപ്പോൾ അതിൽ ആദ്യമായി ചേർന്ന വ്യക്തികളിൽ ഒരാളും പ്രിസില്ല ആയിരുന്നു.എപ്പോഴും ജോലി, ജോലിയെന്നു മനസ്സിൽ പറഞ്ഞ് ഓടി നടക്കുന്ന വ്യക്തിയായിരുന്നു മാർക്ക് സക്കർബർഗ്. പ്രിസില്ലയാകട്ടെ ആ തിരക്ക് തങ്ങളുടെ ബന്ധത്തെ ബാധിക്കാൻ ഒരിക്കലും സമ്മതിച്ചില്ല. ഇതിനായി തങ്ങളുടെ പ്രണയകാലത്ത് പ്രിസില്ല കുറച്ചു നിബന്ധനകൾ വച്ചു. എല്ലാ ആഴ്ചകളിലും ഒരു രാത്രി ഒരുമിച്ചുണ്ടാവുക. ഇരുവർക്കും ഒറ്റയ്ക്ക് ഇരിക്കാൻ മിനിമം നൂറു മിനിറ്റ് എങ്കിലും സമയം നൽകുക എന്നിവയെല്ലാമായിരുന്നു അതിൽ പ്രധാനപ്പെട്ടവ.
മാർക്ക് സക്കർബർഗ് ആവട്ടെ അവയെല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇന്ന് ശതകോടികൾ വരുന്ന സക്കർ ബർഗിന്റെ ചാരിറ്റിപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും പ്രസില്ലയാണ്. അതായത് തികച്ചും ഹമ്പിൾ സിമ്പിൾ ഫാമിലി മാൻ എന്ന ഇമേജാണ് സക്കർബർഗിനുള്ളത്. എന്നാൽ മസ്‌ക്ക് ഇതിന് നേരെ വിപരീതമാണ്.
കനകം കാമനി കലഹം
ഭൂമിയിൽ ദൃഷ്ടി പതിയുന്നിടം സ്വന്തമാക്കുന്ന ആറാം തമ്പുരാന്മാരെക്കുറിച്ചൊക്കെ, നാം സിനിമയിൽ മാത്രമേ കേട്ടിട്ടുള്ളൂ. എന്നാൽ ഈ തമ്പുരാന്റ ദൃഷ്ടി, ഭൂമിയിൽ മാത്രമല്ല, ചൊവ്വയിലും, ശുക്രനിലും ഒക്കെയാണ്. ഗോളാന്തര യാത്രകളെക്കുറിച്ചും, ചന്ദ്രനെ ഭൂമിയുടെ കോളനി ആക്കുന്നതിനെക്കുറിച്ചും ഒക്കെയാണ് അയാൾ ചിന്തിക്കുന്നത്. അതാണ് ഇലോൺ മസ്‌ക്ക്. കടം വാങ്ങിത്തുടങ്ങിയ ഒരു കമ്പനിയിൽനിന്ന്, പടിപടിയായി ഉയർന്നത്, 20ലക്ഷം കോടി രൂപ ആസ്തിയുമായി ലോകത്തിലെ എറ്റവും വലിയ ധനികനായ മനുഷ്യൻ.
ലോകത്തെ കീഴ്‌മേൽ മറിക്കാൻ ശേഷിയുള്ള അപൂർവം സംരംഭകരിലൊരാളാണ് ഇലോൺ. വിഖ്യതമായ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല മോട്ടോർസിന്റെയും, ബഹിരാകാശ ടൂറിസത്തിന് വഴിയിട്ട സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകൻ എന്ന രീതിയിൽ മസ്‌ക്ക് ശാസ്ത്ര- വ്യവസായിക ലോകത്തിന് സുപരിചിതനാണ്. പക്ഷേ കുത്തഴിഞ്ഞ ലൈംഗിക ജീവിതം മൂലം അദ്ദേഹം പലപ്പോഴും വിവാദത്തിലുമായി. ഗൂഗിൾസഹ സ്ഥാപകനും അടുത്ത സുഹൃത്തുമായ സെർജി ബിന്നിന്റെ ഭാര്യയും നിയമജ്ഞയുമായ നിക്കോളെ ഷനഹനുമായുള്ള മസ്‌ക്കിന്റെ അവിഹിത ബന്ധം, കുട്ടിപത്രങ്ങൾ മാത്രമല്ല, വാഷ്ങ്ങ്ടൺ പോസ്റ്റിൽപോലും തലക്കെട്ടായിരുന്നു.
മസ്‌ക്കിന്റെ സ്വകാര്യ ജീവിതവും, സത്യത്തിൽ ഒരു ഗംഭീര സയൻസ് ഫിക്ഷൻ ത്രില്ലർ ഡ്രാമയാണ്. ഹീറോയോ, സൂപ്പർ ഹീറോയോ, കോമാളിയെന്നോ, ലെജന്റെന്നോ, കിറുക്കനെന്നോ എന്ന് കൃത്യമായി വേർതിരിച്ച് മനസിലാക്കാൻ സാധിക്കില്ല.
മക്കൾക്ക് അക്കങ്ങളിൽ പേരിട്ടത്, ഒരേ സ്ത്രീയുമായി രണ്ടുതവണ വിവാഹവും ഡിവോഴ്സു നടത്തിയത് തൊട്ട് ഹൈക്ലാസ്' സ്ത്രീകൾക്ക് ബീജം വിൽക്കുന്നതുവരെയുള്ള നുറുനുറു വിവാദങ്ങളാണ് എക്കാലവും മസ്‌ക്കിന്റെ പിന്നാലെയുള്ളത്.
പണം പലരെയും പലരീതിയിലാണ് മാറ്റി മറിക്കുക. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് തന്റെ പണം മുഴുവൻ പാവങ്ങൾക്കായി സംഭാവനചെയ്യുമെന്ന് അറിയിച്ച് ലോകത്തെ ഞെട്ടിച്ചത് ഈയിടെയാണ്. എത്രയും പെട്ടെന്ന് ലോക കോടീശ്വര ലിസ്റ്റിൽനിന്ന് ഇറങ്ങണം എന്നാണ് ഗേറ്റ്സ് പറയുന്നത്. ഇലോൺ മസ്‌ക്കും ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കീശ പ്രധാനമായും ചോരുന്നത്, കാമുകിമാർക്ക് പണം കൊടുത്തും, പീഡന ആരോപണം ഒതുക്കിയാണെന്നുമാണ് ദ സൺ പോലുള്ള പത്രങ്ങൾ എഴുതുന്നത്.
ലോകമെമ്പാടും കാമുകിമാർ
മൂന്നുഭാര്യമാരിലായി 9 മക്കളുള്ള മസ്‌ക്കിന്, ലോകമെമ്പാടും കാമുകിമാരും ഉണ്ട്. കാനഡയിലെ ഒന്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്താണ് മസ്‌ക് തന്റെ ആദ്യ ഭാര്യ, കാനഡക്കാരി ജസ്റ്റിൻ വിൽസണെ പരിചയപ്പെടുന്നത്. ഒരു നോവലിസ്റ്റായിരുന്നു അവർ. 2000ത്തിൽ ഇരുവരും വിവാഹിതരായി. അദ്യ കുട്ടിയുടെ 10 ആഴ്ചക്കുള്ളിൽ മരിച്ചുപോയത് ഈ ദമ്പതികൾക്ക് ഞെട്ടലായിരുന്നു. അതിനുശേഷം വാടക ഗർഭധാരണത്തിലുടെ ഇവർക്ക് 2004ൽ ഇരട്ടക്കുട്ടികളും തുടർന്ന് 2006ൽ മൂന്ന് കുട്ടികളും ജനിച്ചു.
തുടർന്ന് അധിക നാൾ ഈ ദാമ്പത്യം നീണ്ടില്ല. ഇവർ 2008ൽ വിവാഹമോചനം നേടി. പക്ഷേ കുട്ടികളുടെ സംരക്ഷണം ഇരവരും ഏറ്റെടുത്തു. പക്ഷേ മസ്‌കുമായി തീർത്തും പൊരുത്തപ്പെടാനാകാത്ത ഒരു മകൻ തന്റെ ജെൻഡർ മാറുന്നതിനും പേരിൽ നിന്ന് മസ്‌കിന്റെ സർ നെയിം മാറ്റുന്നതിനുമായി കോടതിയെ സമീപിച്ചത് വാർത്തയായിരുന്നു. അമ്മയുടെ സർ നെയിം ആണ് അവൻ ഇപ്പോൾ ഉപയോഗിക്കുന്നത്.
ഒരേ സ്ത്രീയെ തന്നെ രണ്ടുതവണ വിവാഹം കഴിക്കുകയും ഡിവോഴ്സ് ചെയ്യുകയും ചെയ്ത അനുഭവവും മസ്‌ക്കിനുണ്ട്. 2008ലാണ് മസ്‌ക് ഇംഗ്ലീഷ് നടി താലുല റിലേയുമായി ഡേറ്റിങ് ആരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷം സ്‌കോട്ട്ലൻഡിലെ ഡോർണോച്ച് കത്തീഡ്രലിൽ വച്ച് അവർ വിവാഹിതരായി. പക്ഷേ 2012 ൽ, ദമ്പതികൾ വിവാഹമോചനം നേടി. അടുത്ത വർഷം വീണ്ടും വിവാഹം കഴിച്ചു. 2016ൽ വീണ്ടും വിവാഹമോചനം നേടി. മസ്‌ക് ഉടൻ തന്നെ അടുത്ത ബന്ധത്തിലേക്ക് കടുന്നു. നടി ആംബർ ഹേർഡുമായിട്ടായിരുന്നു പ്രണയം. പക്ഷേ അതും അധികാലം മുന്നോട്ട് പോയില്ല. ബ്രേക്കപ്പായി. നടൻ ജോണി ഡെപ്പിന് ഹേർഡുമായി ബന്ധമുണ്ടെന്ന് മസ്‌ക്ക് ആരോപിച്ചിരുന്നു. പക്ഷേ ഇരുവരും അത് നിഷേധിക്കയാണ്. അങ്ങനെ എത്രയെത്ര സംഭവങ്ങൾ.
പ്രശ്സ്തരെ ഇടക്കിടെ മല്ലയുദ്ധത്തിന് ക്ഷണിക്കയും മസ്‌ക്കിന്റെ ഹോബിയാണ്. യുക്രൈൻ - റഷ്യ യുദ്ധത്തിൽ യുക്രൈിനിന്റെ ഭാഗത്താണ് മസ്‌ക്ക് നിലകൊണ്ടത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ മല്ലയുദ്ധത്തിന് ക്ഷണിച്ചും മസ്‌ക് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മസ്‌കിന്റെ ട്വീറ്റിനെ പലരും തമാശയായിട്ടാണ് കണ്ടത്. പക്ഷേ ഈയിടെ കളി കാര്യമാവുന്നതിന്റെ സൂചന നൽകിക്കൊണ്ട് അദ്ദേഹം മറ്റൊരു ട്വീറ്റുമിട്ടു. ''ദുരൂഹമായ സാഹചര്യത്തിലാണ് ഞാൻ മരിക്കുന്നതെങ്കിൽ, നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,' എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. തന്റെ മരണത്തെക്കുറിച്ച് ആദ്യമായാണ് ഇദ്ദേഹം ട്വീറ്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് മസ്‌ക് ഇങ്ങനെ ട്വീറ്റ് ചെയ്തതെന്ന് വലിയ ചർച്ചയായി. തനിക്കെതിരെ തിരിയുന്നവരെ കൊന്നൊടുക്കുക എന്നത് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ രീതിയാണ്. മസ്‌ക്ക് അതാണ് ഉദ്ദേശിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടി.അതുപോലെ മസ്‌ക്ക് ഇപ്പോൾ മാർക്കിനെയും തല്ലിന് ക്ഷണിച്ചിരിക്കയാണ്.
തല്ലിത്തീർക്കാനൊരുങ്ങി മസ്‌ക്കും മാർക്കും
ആഴ്ചകൾക്ക് മുമ്പ് പാശ്ചാത്യ മാധ്യമങ്ങളിലെ ഒരു പ്രധാന ചർച്ച സക്കർബർഗും ഇലോൺ മസ്‌ക്കും തമ്മിലുള്ള വാക്പോര് അടിപിടിയിൽ കലാശിക്കുമോ എന്നായിരുന്നു. ഇരുവരും പരസ്യമായി റസ്ലിങ്ങിന് തയ്യാറാവുന്നെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്.
ഇലോൺ മസ്‌ക് പങ്കുവെച്ച ഒരു ട്വീറ്റിലുടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സക്കർബർഗുമായി ഒരു കേജ് ഫൈറ്റിന് തയ്യാറാണെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ഈ വെല്ലുവിളി ഏറ്റെടുത്ത സക്കർബർഗ് 'സ്ഥലം പറയൂ' എന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. മസ്‌കിന്റെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഈ മറുപടി.പിന്നാലെ മസ്‌കിന്റെ മറുപടിയെത്തി. 'വെഗസ്സ് ഒക്ടാഗൺ'. ലാസ് വെഗസ്സിൽ നടക്കുന്ന അൾടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിന്റെ വേദിയാണ് വെഗസ്സ് ഒക്ടഗൺ.
തന്റെ കയ്യിൽ ഒരു പ്രത്യേക അടവുണ്ടെന്നും ദി വാൽറസ് എന്നാണ് താൻ അതിനെ വിളിക്കുന്നതെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. എതിരാളിയുടെ മുകളിൽ ഒന്നും ചെയ്യാതെ അങ്ങ് കിടക്കും. ഇതിനും സക്കർബർഗ് മറുപടി നൽകി. താൻ ബ്രസീലിയൻ ആയോധന കലയായ ജി ജിറ്റ്‌സു പരിശീലിക്കുന്ന വീഡിയോയാണ് സക്കർബർഗ് പങ്കുവെച്ചത്. എന്നാൽ ഇത് സംബന്ധിച്ച് അപ്പോഴും കമ്പനികൾ ഔദ്യോഗികനമായ വിശദീകരണങ്ങളൊന്നും നൽകിയില്ല. അതായത് ഇരുവരും തമ്മിൽ കാര്യമായി പറയുകയാണോ എന്ന് വ്യക്തമല്ല.
രണ്ട് ശതകോടീശ്വരന്മാരും തമാശ കളിക്കുകയാണെന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് യു.എഫ്.സി പ്രസിഡന്റ് ഡാന വൈറ്റ് രംഗത്തുവന്നു. സക്കർബർഗും മസ്‌കും പറയുന്നത് കാര്യമായെങ്കിൽ അത് എംഎംഎയുടെ എല്ലാ റെക്കോർഡുകളും തകർക്കുമെന്നും. ലോകം കണ്ട ഏറ്റവും വലിയ പോരാട്ടം ആയിരിക്കും അതെന്നും ഡാന വൈറ്റ് പറഞ്ഞതോടെയാണ് കളി കാര്യമാവുകയാണെന്ന തോന്നൽ ഉണ്ടായത്.
ഒക്ടാഗണിൽ തമ്മിൽ ഏറ്റുമുട്ടുന്ന കാര്യത്തിൽ മസ്‌കും സക്കർബർഗും വളരെ സീരിയസാണെന്നാണ് അവർ ടിഎംഇസഡ് സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായും ഡാനവൈറ്റ്് ചൂണ്ടിക്കാട്ടി. ''ഇന്നലെ രാത്രി ഞാൻ ഇലോണിനോടും മാർക്കിനോടും സംസാരിച്ചിരുന്നു. രണ്ടുപേരും ഇക്കാര്യത്തിൽ വളരെ സീരീയസാണ്. 'അതെ, ഞങ്ങൾ അത് ചെയ്യും!', - എന്നാണ് എന്നോട് പ്രതികരിച്ചത് - യു.എഫ്.സി പ്രസിഡന്റ് പറഞ്ഞു. ഇതോടെ ലോകത്തിലെ രണ്ട് ശതകോടീശ്വരന്മാർ തമ്മിൽ നേരിട്ട് ഫൈറ്റ് ചെയ്യുമെന്ന് വാർത്തകൾ പരന്നു. എന്നാൽ ഇത് അവസാനിപ്പിച്ചത് മസ്‌ക്കിന്റെ അമ്മ മായെയാണ്. 'മസ്‌കും മാർക്കും തമ്മിലുള്ള ഫൈറ്റ് താൻ റദ്ദാക്കി' എന്നാണ് അവർ ട്വീറ്റ് ചെയ്തത്. അതോടെയാണ് ശരിക്കും ഇടിക്കൂട്ടിലേക്ക് നീങ്ങുമെന്ന് കരുതിയ ഈ വിവാദം ഒത്തുതീർന്നത്.
ഇരുവരും തമ്മിൽ മത്സരമുണ്ടായാൽ ആര് ജയിക്കുമെന്നും സോഷ്യൽ മീഡിയയിൽ വൻ വിലയുരുത്തലുകൾ ഉണ്ടായിരുന്നു. പക്ഷേ അതിലും ഭൂരിഭാഗം പേരും സക്കർബർഗിന് ഒപ്പായിരുന്നു. എംഎംഎ എന്നറിയപ്പെടുന്ന മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ നേരത്തെ വിജയിയായിരുന്നു ഈ 39കാരൻ. മെറ്റ മേധാവി മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ പരിശീലനം നേടുന്നെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രശസ്ത ജിയു ജിറ്റ്‌സു പരിശീലകനായ ഖായി വുവിന് കീഴിലാണ് ആയോധന കല പരിശീലിച്ചിരുന്നത്. വാർത്തകൾക്ക് പിന്നാലെ ജിയുജിറ്റ്സുവിനെ 'മികച്ച കായിക വിനോദം' എന്ന് വിശേഷിപ്പിച്ചും മെറ്റാ മേധാവി രംഗത്തെത്തിയിരുന്നു. കഴിഞ മാർച്ചിൽ അദ്ദേഹം തന്റെ വിജയം അസംബന്ധിച്ച് പോസ്റ്റും ഇട്ടിരുന്നു.
പക്ഷേ 52 വയസ്സായെങ്കിലും മസ്്ക്കിനെയും അങ്ങനെ എഴുതിത്ത്ത്ത്ത്ത്തള്ളാനാവില്ല. തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും, ആചാര്യനാണ് അയാൾ. ഭാവിയിൽ ട്വിറ്റർവാഴുമോ, അതോ ത്രെഡ് വാഴുമോ എന്ന് കണ്ടുതന്നെ അറിയണം.
വാൽക്കഷ്ണം: എന്തായാലും ഈ സോഷ്യൽ മീഡിയയിലെ യുദ്ധം മാർക്കും മസ്‌ക്കും അവസാനിപ്പിക്കണമെന്ന്, ഇരുവരുടെയും പൊതുസുഹൃത്തുക്കൾ ആവശ്യപ്പെടുന്നു. ഒരു മലയാള സിനിമയിൽ കോമക്കുറുപ്പ്, കൃഷ്ണക്കുറുപ്പ് എന്നീ രണ്ട് സമ്പന്നരായ വ്യവസായികളായി പപ്പവും ജഗതിയും ഏറ്റുമുട്ടുന്നപോലെയാണ് ഈ സോഷ്യൽ മീഡിയ യുദ്ധം അപഹാസ്യമായി മുന്നോട്ട്പോവുന്നത്!
മറുനാടന് മലയാളി ബ്യൂറോ