- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഈച്ച പോലും കയറാതെ രാജ്യത്തെ രക്ഷിച്ച അയേൺ ഡോം തകർത്തത് എങ്ങനെ? അത്യാധുനിക ആയുധങ്ങൾ ഹമാസിന് കിട്ടിയതിന് പിന്നിലാര്? കടലിൽ നിന്ന് ടണലിലൂടെ ഗസ്സയിൽ ആയുധങ്ങൾ എത്തിച്ചതാര്? ഇറാൻ, താലിബാൻ, ഹിസ്ബുല്ല; ഇസ്രയേലിന്റെ സെപ്റ്റമ്പർ 11-ന് പിന്നിൽ പ്രവർത്തിച്ചത് ഈ ശക്തികൾ!
കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിൽ, (മുൻ ഇസ്രയേൽ പ്രസിഡന്റ് ഏരിയൽ ഷാരോണിന്റെ ഭാഷയിൽ പറഞ്ഞാൽ (പഴയ നിയമത്തിലെ യഹോവയെപ്പോലെ) എതിരാളികളെ കൊന്നൊടുക്കുന്ന ചാരസംഘടന. ഏതു മിസൈൽ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാൻ ശേഷിയുള്ള അയേൺ ഡോം എന്ന വ്യോമ കവചം. ലോകത്തിലെ നാലമാത്തെ വലിയ സൈനിക ശക്തി. ഒരു ചെറിയ രാഷ്ട്രമാണെങ്കിലും ശാസ്ത്ര- സാങ്കേതികവിദ്യകൾ കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന ഇസ്രയേൽ, ആയിരം പേരുടെ ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണത്തിൽ ഞെട്ടിയ ദിവസങ്ങളാണ് കടന്നുപോയത്. ഇസ്രയേലിന്റെ പേൾഹാർബർ എന്നും സെപ്റ്റമ്പർ 11 എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ ആക്രമണത്തിന് പിന്നിൽ ഹമാസ് എന്ന തീവ്രവാദ സംഘടന മാത്രമല്ല എന്ന കാര്യം വ്യക്തമാണ്.
ഇസ്രായലിനെപ്പോലെ അതിശക്തമായ സുരക്ഷാ സംവിധാനമുള്ള ഒരു രാജ്യത്തെ തകർക്കാൻ, വർഷങ്ങളുടെ നീണ്ട മുന്നൊരുക്കവും, പരിശീലനവും, കോടികളുടെ ഫണ്ടും, സൈനിക- ശാസ്ത്രലോകത്തിന്റെ ബുദ്ധിയുമൊക്കെ വേണം. ഇതിനായി മൂന്ന് ശക്തികളെയാണ് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള പ്രമുഖ പാശ്ചാത്യ മാധ്യമങ്ങൾ സുത്രധാരന്മാരായി കാണുന്നത്. ഒന്ന് ഇറാൻ, രണ്ട് അഫ്ഗാനിസ്ഥാൻ, മൂന്ന് ലെബാനനിലെ ഹിസ്ബുല്ല. തുർക്കിയുടെയും ഖത്തറിന്റെയും പരോക്ഷ പിന്തുണയും ആക്രമണത്തിന് പിന്നിൽ സംശയിക്കപ്പെടുന്നു. ലോകത്തെ നടുക്കിയ ഈ ആക്രമണത്തിന് പിന്നിൽ വർഷങ്ങളുടെ കുടിപ്പക കൂടിയുണ്ട്.
ഇറാനുമായി വർഷങ്ങളുടെ കുടിപ്പക
ഇറാനും, ഇസ്രയേലുമായുള്ള കുടിപ്പകക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ചിന്തകനായ സാം ഹാരീസിന്റെ നിരീക്ഷണം അനുസരിച്ച് തീർത്തും മതപരമായ കാരണങ്ങൾ കൊണ്ടാണ് ഇത് തുടങ്ങിയത്. ചരിത്രത്തിൽ എക്കാലവും രണ്ടുതട്ടിൽ നിന്നവരാണ് ഇസ്ലാമും ജൂതരും. ജൂതനെതിരെ ഇസ്ലാമിക സാഹിത്യത്തിൽ ഇന്നും നിലനിൽക്കുന്ന വെറുപ്പ് തന്നെയാണ് ഇതിന്റെ അടിസ്ഥാനപരമായ കാരണമെന്ന് സാം ഹാരീസ് നിരീക്ഷിക്കുന്നുണ്ട്. ഫലസ്തീൻ പ്രശനം മൂർച്ഛിച്ചതോടെ ഈ പകയും വളർന്നു.
80 കളിൽ ഇറാൻ, ആയത്തുള്ള ഖുമേനിയുടെ നേതൃത്വത്തിൽ പൂർണ്ണമായും ഇസ്ലാമികവത്ക്കരിക്കപ്പെട്ടത് ഇസ്രയേലിനും വലിയ ഭീഷണിയായി. ആഗോള ഇസ്ലാമിക നേതൃത്വം ലക്ഷ്യമിടുന്ന ഖുമേനിയുടെ കണ്ണിലെ, സാത്താൻ തന്നെ ആയിരുന്നു ഇസ്രയേൽ. സൗദിയും ഖത്തറും വരെ ഫണ്ട് നിർത്തിയിട്ടും ഹമാസിനെ സഹായിക്കാൻ ഇറാൻ തീരുമാനിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്.
ഇസ്രയേൽ-ഇറാൻ ബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകൾക്കൊന്നിനു കാരണമായത് റോൺ അറാദിന്റെ തിരോധാനമാണ്. 1986 ഒക്ടോബറിൽ ലബനനു മുകളിലൂടെ സൈനികവിമാനം പറപ്പിക്കുകയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥനും പൈലറ്റുമായ അറാദ്. എന്നാൽ ഒരു ബോംബ് ഡ്രോപ് ചെയ്തതിനെത്തുടർന്നുണ്ടായ അപകടം മൂലം അറാദിന്റെ വിമാനം തകർന്നുവീണു.
അറാദിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ലബനീസ് ഷിയാ സംഘടനയായ അമാലിന്റെ പിടിയിലായി പൈലറ്റ്. ഇസ്രയേലിൽ തടവിൽ കഴിയുന്ന 200 ലബനീസ്, 450 ഫലസ്തീൻ തടവുപുള്ളികൾക്കു പകരം അറാദിനെ കൈമാറാമെന്ന് അമാൽ ഉടമ്പടി മുന്നോട്ടുവച്ചെങ്കിലും ഇസ്രയേൽ ഇതിന് ഒരുക്കമായിരുന്നില്ല. തുടർന്ന് അറാദിനെ ഇറാനു കൈമാറി.
പിന്നീട് രണ്ടുവർഷത്തിനിടയ്ക്ക് ഇസ്രയേലിലേക്ക് രണ്ടുകത്തുകൾ കത്തുകൾ അറാദ് എഴുതി. അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തിറങ്ങി. എന്നാൽ 1988 മുതൽ അറാദിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ല. അറാദിന് എന്തു സംഭവിച്ചെന്ന് അറിയാനായി അന്നു മുതൽ ഇസ്രയേലി സേനയായ ഐഡിഎഫും മൊസാദും വിവിധ ദൗത്യങ്ങൾ നടത്തിവരുന്നു. അഞ്ചുവർഷം മുൻപ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ അറാദ് 1988ൽ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് മൊസാദ് പ്രസ്താവിച്ചിരുന്നു. 2006ൽ ഇതേകാര്യം ഹിസ്ബുല്ല നേതാവ് ഹസൻ നസ്രല്ലായും പറഞ്ഞിരുന്നു. ഇതോടെയാണ് ഇറാൻ- ഇസ്രൽേ ബന്ധം പുർണ്ണമായും വളഷയാളതും, മൊസാദ് ഇറാനെ തീർക്കാനായി രംഗത്ത് എത്തുന്നതും.
ഇറാൻ ശാസ്ത്രജ്ഞർ കൊല്ലപ്പെടുന്നു
ഇന്ന് അറബ് രാഷ്ട്രങ്ങൾക്കുപോലും ഇസ്രയേലിനോട് പഴയ ശത്രുതയില്ല. മൂന്നുതവണ അടിച്ചിട്ടും തോൽവിയേറ്റതിന്റെ പേടി കൊണ്ട് കൂടിയാവാം, അവർ തങ്ങളുടെ പണി നോക്കി ഒതുങ്ങിക്കൂടുന്നു. പക്ഷേ ഈ ഭൂലോകത്തുനിന്ന് ഇസ്രയേലിനെ തുടച്ചു നീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ്, ഷിയാ മുസ്ലിം രാഷ്ട്രമായ, ഇസ്ലാമിക മതകാർക്കശ്യത്തിന്റെ അവസാന വാക്കായ ഇറാൻ. അതോടെ ഇറാനെ തീർക്കുമെന്ന് മൊസാദും പ്രഖ്യാപിച്ചു. വലിയ വിലയാണ് ഇറാൻ അതിന് കൊടുക്കേണ്ടി വന്നത്.
ഇറാന്റെ ആണവ പദ്ധതിയുമായി ബദ്ധപ്പെട്ട പലരും ദുരൂഹമായി കൊലചെയ്യപ്പെട്ടു. 2010ൽ, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനായ ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേർ വെടിവെച്ചു കൊന്നു. ടെഹ്റാനിൽ പട്ടാപ്പകൽ നാലരയോടെയാണ് സംഭവം.
ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവ ശാസ്ത്രജ്ഞനായ ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കിൽ വന്ന ചാരൻ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂൻ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സർക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാർഡ്സ് അംഗവും ക്വാണ്ടം ഫിസിക്സ് പ്രഫസറുമായ മസൂദ് അലിയുടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തംകാറിലേക്കു കയറാൻ തുടങ്ങുമ്പോൾ വൻ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാർക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്.
ഇറാന്റ റവല്യൂഷനറി ഗാർഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണൽ ഹസൻ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നിൽ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കിൽ വന്ന കൊലയാളികൾ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു.
ഇറാനിയൻ നേതാക്കൾ മറ്റ് രാജ്യങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ അവരെ തട്ടിയെടുത്ത് മയക്കുമരുന്ന് കുത്തിവച്ച് വിമാനത്തിൽ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറൽ അലി റീസ അസ്ഗാരി എന്ന മുൻ ഇറാനിയൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ൽ ഇസ്താംബുളിൽ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവർഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ൽ ഇറാൻ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലിൽ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളർ നൽകി പുതിയ പേരും ഐഡിയും നൽകി താമസിപ്പിച്ചിരിക്കുകയാണത്രെ.
2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാർഡ്സിലെ കുദ്സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തിൽ അമേരിക്ക പോലും ഞെട്ടി.
ബഗ്ദാദ് വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിയ ബോബായിരുന്നു.
അണവനിലയം മൊസാദ് തകർക്കുന്നു
2010ൽ ഇറാനിലെ നടാൻസ് ആണവനിലയം മൊസാദ് തകർത്തതും സയൻസ് ഫിക്ഷൻ സിനിമകളെ അമ്പരപ്പിക്കുന്ന രീതിയിൽ ആയിരുന്നു. ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലാതെ, നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ് വർക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികൾ ഭയന്ന് ഇവയെ ഒന്നും സൈബർ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നെന്നു കരുതപ്പെടുന്നു.
അകത്തു കയറിയ വൈറസ് ദീർഘനാൾ ഇനാക്റ്റീവായി കുടന്നു. പക്ഷേ ഒരു ദിവസം വൈറസുകൾ ഉണർന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാനിയൻ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥർക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു അവർ. സ്റ്റക്സ്നെറ്റ് എന്ന വൈറസായിരുന്നു ഇതിനു പിന്നിൽ. ഇസ്രയേൽ, യുഎസ് സഹകരണത്തിലാണ് സ്റ്റക്സ്നെറ്റ് വികസിപ്പിച്ചതെന്ന് കരുതപ്പെടുന്നു.ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്.
യുറേനിയം സമ്പൂഷ്ടീകരണവുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങളെ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളെ മാത്രമാണ് സ്റ്റക്സ്നെറ്റ് ലക്ഷ്യം വച്ചത്. ഇതു കൊണ്ട് തന്നെയാണ് യുഎസും ഇസ്രയേലും സംശയനിഴലിൽ വന്നെത്തിയതും. ഏതായാലും ലോകത്തിലെ ആദ്യ സൈബർ യുദ്ധ ആയുധമായാണു സ്കൈനെറ്റ് വിശേഷിപ്പിക്കപ്പെടുന്നത്.
പിന്നീട് ലോകം ഞെട്ടിയ സംഗതികളാണ് നടാൻസ് നിലയത്തിൽ നടന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന, നിലയത്തിലെ ഏഴായിരത്തോളം സെൻട്രിഫ്യൂജുകൾ അധികരിച്ച വേഗത്തിൽ കറങ്ങി. ഈ കറക്കത്തിലും തുടർന്നുടലെടുത്ത തകരാറിലും നിലയത്തിന്റെ കാതലായ സംവിധാനങ്ങൾക്കു തകർച്ചയും കേടുപാടുകളും പറ്റി. നടാൻസ് പൂർണമായും നിയന്ത്രണത്തിലല്ലാതെയായി. ഇറാന്റെ ആണവമേഖലയ്ക്ക് വലിയ ആഘാതമാണ് ഇതു മൂലം സംഭവിച്ചത്.
ഹമാസിന് കൈകൊടുത്ത് ഇറാൻ
ഇസ്രയേലുമായി നേരിട്ട് മുട്ടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇറാൻ ഹമാസ് വഴിയാണ് എല്ലാ ഓപ്പറേഷനും നടത്തിയത്. ഇപ്പോഴുള്ള ആക്രമണത്തിന്റെ പിന്നിൽ ശരിക്കും ഇറാൻ ആണെന്നത് പരസ്യമായ രഹസ്യമാണ്. മുമ്പ് സൗദിയും ഖത്തറും ഉൾപ്പെടെയുള്ള ഗൾഫ്രാജ്യങ്ങളാണ് ഹമാസിന് ഫണ്ട് നൽകിയിരുന്നെങ്കിൽ, ഇപ്പോൾ ഹമാസിനുള്ള തീവ്രാവാദ ഫണ്ടിന്റെ 75 ശതമാനവും ഇറാനിൽ നിന്നാണ്. ആയുധങ്ങളും സാങ്കേതിക സഹാവും എത്തിക്കുന്നതും ഇറാൻ തന്നെ.
ഗസ്സ മുനമ്പിന്റെ രണ്ടു വശങ്ങൾ ഇസ്രയേലുമായാണ് അതിർത്തി പങ്കിടുന്നത്. ഒരു വശം ഈജിപ്തുമായി അതിർത്തി പങ്കിടുന്നു. മുനമ്പിന്റെ പടിഞ്ഞാറൻ ഭാഗത്ത് മെഡിറ്ററേനിയൻ കടലാണ്. ഇവിടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇസ്രയേൽ നാവികസേന 12 നോട്ടിക്കൽ മൈലിനുള്ളിൽ നിയന്ത്രിച്ചിരിക്കുന്നു. എന്നാൽ, മെഡിറ്ററേനിയൻ കടലിൽ ഇസ്രയേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കിടെ ഹമാസിന് ആയുധം ശേഖരിക്കാൻ സാധിക്കുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇസ്രയേലിന്റെ കടുത്ത നിയന്ത്രണം മറികടന്ന് കടൽമാർഗം ആയുധങ്ങൾ ഹമാസിന്റെ അടുത്തെത്തിക്കാൻ ആയുധക്കടത്തുകാർക്ക് സാധിക്കുന്നുണ്ട്. ടണലുകൾ കേന്ദ്രീകരിച്ചും ആയുധക്കടത്ത് വ്യാപകമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത്, ആയുധക്കടത്തിനു മാത്രമായി ടണലുകളുണ്ടെന്നാണ് വിവരം. ഇറാൻ, സിറിയ എന്നിവിടങ്ങളിൽനിന്ന് റോക്കറ്റുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഈ ടണലുകളിലൂടെയാണ് ഹമാസ് എത്തിക്കുന്നത്. ഫജിർ3, ഫജിർ5, എം302 റോക്കറ്റുകൾ ഇക്കൂട്ടത്തിലുണ്ട്. ഇറാനിയൻ നിർമ്മിത ഫജിർ3 ഭൂഖണ്ഡാന്തര റോക്കറ്റുകൾക്ക് 43 കിലോമീറ്റർ ദൂരപരിധിയിൽ ആക്രമണം നടത്താനാകും. ഇങ്ങനെ കടലിനടിയിലുടെ തുരങ്കം നിർമ്മിച്ച്, ആയുധങ്ങൾ കടത്താനുള്ള ടെക്ക്നിക്ക് പറഞ്ഞുകൊടുത്തത് ഇറാനിയൻ സാങ്കേതിക വിദഗ്ദ്ധർ ആണെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്.
അയേൺഡോം തകർത്തത് എങ്ങനെ?
ഏത് മിസൈൽ ആക്രമണത്തിൽനിന്നും തങ്ങളെ രക്ഷിക്കുമെന്ന് ഇസ്രയേൽ ജന കരുതിയിരുന്ന അയേൺ ഡോം എന്ന ആകാശ കവചത്തെ വെട്ടിക്കാനുള്ള ബുദ്ധിയും, ഇറാന്റെത് ആണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ എഴുതുന്നത്. ഇറാനിന്റെ മിസൈൽ പ്രതിരോധ വിദഗ്ധരാണ് ഇതിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. ആകാശത്തു വെച്ചു തന്നെ മിസൈലുകളെ അതീവകൃത്യതയോടെ തകർക്കാൻ അയേൺ ഡോം സംവിധാനത്തിന് സാധിക്കും. മിസൈലുകളുടെ സാന്നിധ്യം തിരിച്ചറിയാനും അതിവേഗം അതിന്റെ സഞ്ചാര പാത മനസിലാക്കി കൃത്യതയോടെ പകരം മിസൈലുകൾ അയച്ച് അവയെ തകർക്കാനും അയേൺ ഡോമിന് സാധിക്കും. ഗസ്സയിൽ നിന്നും വരുന്ന ഹ്രസ്വദൂര മിസൈലുകളെ നേരിടാൻ യോജിച്ചതാണ് അയേൺ ഡോം. റഡാറിനു പുറമേ ഒരു ഫയറിങ് കൺട്രോൾ സിസ്റ്റവും 20 ഇന്റർസെപ്റ്റർ മിസൈലുകൾ വീതമുള്ള മൂന്നു ലോഞ്ചറുകളുമാണ് അയേൺ ഡോമിലുള്ളത്. നാലു മുതൽ 70 കിലോമീറ്റർ വരെ അകലെയുള്ള മിസൈലുകളെ ഇതുപയോഗിച്ച് ആകാശത്തു വെച്ചു തകർക്കാനാവും. അയേൺ ഡോം ബാറ്ററികളെ എളുപ്പം മാറ്റി സ്ഥാപിക്കാമെന്നതിനാൽ എവിടെയാണോ ആവശ്യം അവിടേക്ക് ഇസ്രയേൽ സൈന്യത്തിന് എത്തിക്കാനും സാധിക്കും.
വടക്കൻ ഇസ്രയേലിലെ നഗരമായ ഹൈഫയിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫെൻസ് സിസ്റ്റംസാണ് അയേൺ ഡോമിനെ വികസിപ്പിച്ചെടുത്തത്. അമേരിക്കയുടെ സാമ്പത്തിക സഹായവും കൂടി ഉപയോഗിച്ചാണ് അയേൺ ഡോമിനെ ഇസ്രയേൽ വികസിപ്പിച്ചെടുത്തത്. ഏകദേശം 5 ബില്യൺ ഡോളർ അമേരിക്ക ഇസ്രയേലിന് അയേൺ ഡോം നിർമ്മിക്കാനായി സഹായിച്ചുവെന്നാണ് കരുതപ്പെടുന്നത്. 2011ൽ ആദ്യ അയേൺ ഡോം നിർമ്മിക്കപ്പെട്ട ശേഷം ഇത് ഇസ്രയേലി പ്രതിരോധത്തിലെ പ്രധാനിയായി മാറുകയായിരുന്നു. രണ്ട് അയേൺ ഡോമുകൾ വാങ്ങുന്നതിന് അമേരിക്കൻ സൈന്യം 2019 ഓഗസ്റ്റിൽ കരാർ ഒപ്പിട്ടിരുന്നു.
അയേൺ ഡോം മാത്രമല്ല ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആരോയും മധ്യദൂര റോക്കറ്റുകളേയും മിസൈലുകളേയും പ്രതിരോധിക്കാൻ ഡേവിഡ്സ് സ്ലിങും ഇസ്രയേലിനുണ്ട്.അയേൺ ഡോമിനെ മറികടന്നുകൊണ്ട് ഇസ്രയേലിനെതിരെ ആക്രമണം നടത്തുകയെന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ ഹമാസ് നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന്. ഇത്തവണ,വളരെ ലളിതമായിരുന്നു ഹമാസിന്റെ യുദ്ധ തന്ത്രം. കുറഞ്ഞ സമയത്തിൽ പരമാവധി റോക്കറ്റുകൾ ഒരേ ലക്ഷ്യത്തിലേക്ക് തൊടുക്കുക. എല്ലാ റോക്കറ്റുകളേയും തകർക്കുക ഏറ്റവും കാര്യക്ഷമമായ ഇസ്രയേലി പ്രതിരോധ സംവിധാനത്തിനു പോലും അസാധ്യമാണ്. ഏകദേശം 5,000 റോക്കറ്റുകൾ വരെ 20 മിനുറ്റുകൊണ്ട് ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തുവെന്നാണ് റിപ്പോർട്ടുകൾ. 90 ശതമാനം റോക്കറ്റുകളെ തകർക്കാൻ അയേൺ ഡോമിന് സാധിക്കും. എങ്കിലും 500 റോക്കറ്റുകളോളം ലക്ഷ്യത്തിലേക്കെത്തിയെന്നാണ് ഇതിന്റെ അർഥം. അതു തന്നെയായിരുന്നു ഹമാസിന്റെ ലക്ഷ്യവും. അതാണ് സംഭവിച്ചതും. അല്ലാതെ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നപോലെ അയേൺ ഡോം തകർന്നിട്ടില്ല.
പിന്നിൽ താലിബാനും ഹിസ്ബുല്ലയും
ഇപ്പോൾ കൂടുതൽ അകലേക്കു ലക്ഷ്യം വെക്കാനായി ക്രൂഡ് റോക്കറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ ഹമാസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇസ്രയേലിലെ ടെൽ അവീവും ജെറൂസലേമും പോലുള്ള പ്രധാന നഗരങ്ങളാണ് ലക്ഷ്യം. ഇതോടെ ഇസ്രയേൽ കൂടുതൽ പേടിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
അഫ്ഗാനിസ്ഥാനിൽനിന്ന് താലിബാന്റെയും, ലബനിൽ നിന്ന് ഹിസ്ബുല്ലയുടെയും നിർലോഭമായ പിന്തുണയും ഹമാസിന് കിട്ടിയിട്ടുണ്ട്. താലിബാൻ ഹമാസിനുവേണ്ടി പ്രത്യേക ഓപ്പിയം ഫണ്ടിങ്ങ് പോലും നടത്തിയിട്ടുണ്ട്. ഹമാസിന്റെ കൈവശം യുഎസ് നിർമ്മിത ആയുധങ്ങളും ധാരാളമുണ്ടെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. അതിന്റെ വേരുകൾ തിരഞ്ഞുചെന്നാൽ എത്തിച്ചേരുക ഹമാസിന്റെ താലിബാൻ ബന്ധത്തിലാണ്. അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാനിൽ നിന്നാണ് ഹമാസിന് യുഎസ് നിർമ്മിത ആയുധങ്ങൾ ലഭിക്കുന്നതെന്നാണ് സൂചന.അഫ്ഗാനിസ്ഥാനിൽ വൻതോതിൽ ആയുധങ്ങൾ ബാക്കിയാക്കിയാണ് 2021ൽ യുഎസ് സൈന്യം അവിടെനിന്ന് പിൻവാങ്ങിയത്. അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ അവയെല്ലാം അവരുടേതാക്കി മാറ്റി. അതിൽ ഒരു പങ്ക് ഹമാസിന്റെ കൈവശം എത്തിയിട്ടുണ്ടാകാമെന്നു സാരം.
ഹിസ്ബുല്ലയുടെ പല ആയുധങ്ങളും ഇന്ന് ഹമാസിന്റെ കൈയിലാണ്. ഫജിർ5 റോക്കറ്റുകൾക്ക് 75 കിലോമീറ്റർ വരെ ദൂരപരിധിയിൽ ആക്രമണം നടത്താനാകും. ഇവയ്ക്ക് 90 കിലോഗ്രാം വരെ അധികം സ്ഫോടകവസ്തുക്കളും വഹിക്കാനാകും. ഇറാനിയൻ നിർമ്മിത എം302 റോക്കറ്റുകളും ഹമാസിന്റെ കൈവശമുണ്ട്. ഇവലെല്ലാം ഹിസ്ബുല്ലയിൽനിന്ന് ഹമാസ് സ്വന്തമാക്കിയതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടെ താലിബാനും ഹിസ്ബുല്ലയും ഇസ്രയേലിന് എതിരെ നേരിട്ട് യുദ്ധം ചെയ്യുമെന്നും, റിപ്പോട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ ലെബനൻ അതിർത്തയിൽ ഇസ്രയേൽ ഇപ്പോഴും സൈനിക വിന്യാസം തുടരുന്നുണ്ട്. അവിടെ ഹിസ്ബുല്ലയുമായി ശക്തമായ പോരാട്ടവും നടക്കുന്നുണ്ട്.
പക്ഷേ ഇതോടെ മൊസാദിന്റെ കണ്ണുകൾ അഫ്ഗാനിലും, ലബനനിലുമൊക്കെ പതിഞ്ഞിരിക്കയാണ്. ഇനി ഈ രാജ്യങ്ങളിൽനിന്നൊക്കെ ഇതിന് നേതൃത്വം കൊടുത്തവർ ദൂരൂഹമായി കൊല്ലപ്പെടുന്നത് കാണാം.
ഗസ്സ സമ്പൂർണ്ണമായി കീഴ്പ്പെടുത്തും
ഈ ആക്രമണം കൊണ്ട് ആന്ത്യന്തികമായി എന്താണ് സംഭവിക്കുക. ഗസ്സ സമ്പൂർണ്ണമായി ഇസ്രയേലിന്റെ നിയന്ത്രണത്തിലാവുകയാണ് ചെയ്യുകയെന്ന് പലരും വിലയിരുത്തുന്നുണ്ട്. ഗസ്സയിൽ നിന്നു ഇസ്രയേൽ 2005ൽ പിന്മാറാൻ തീരുമാനിച്ചത് ഹമാസിന് പല തരത്തിലും ഗുണം ചെയ്തു. പ്രത്യേകിച്ച് ഇറാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നു ആയുധങ്ങൾ നേരിട്ട് എത്തിക്കാൻ ഇതുവഴി സാധിച്ചു.2007ൽ സുഡാനിൽ നിന്നു ഫാജിർ 5 റോക്കറ്റുകൾ വാങ്ങാനുള്ള ഹമാസിന്റെ ശ്രമം ഇതിനിടെ ഇസ്രയേൽ ഇടപെട്ടു തടഞ്ഞിരുന്നു. എങ്കിലും പല വഴികളിലൂടെ ഹമാസ് റോക്കറ്റുകൾ ശേഖരിച്ചിരുന്നുവെന്ന് കോ ഓപറേഷൻ ഓഫ് വേൾഡൈ്വഡ് ബ്രോഡ്കാസ്റ്റ് പറയുന്നു.
കരമാർഗം മാത്രമല്ല ഗസ്സയിലെ തീരങ്ങളും ആയുധകൈമാറ്റത്തിനുള്ള വേദികളായിട്ടുണ്ട്. ഇസ്രയേൽ നാവിക സേനയുടെ കണ്ണുവെട്ടിച്ച് കപ്പലുകളിൽ നിന്നു ഹമാസ് നിയന്ത്രണമുള്ള കരകളിലേക്ക് ആയുധങ്ങളെത്തിയിരുന്നു. മാത്രമല്ല കരയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സിറിയ വഴിയും ആയുധങ്ങൾ ലഭിച്ചു. ഈജിപ്ത് -ഗസ്സ അതിർത്തിയിലും രഹസ്യ തുരങ്കങ്ങളുണ്ടെന്നാണ് സൂചന.
ഗസ്സയുടെ കര, കടൽ, വ്യോമാതിർത്തികളിൽ ഇസ്രയേൽ സമ്പൂർണ നിയന്ത്രണം തുടരുന്നതിനിടെ, ഹമാസിന് ഇപ്പോഴും നിർബാധം ആയുധങ്ങൾ ലഭിക്കുന്നത് എവിടെനിന്ന് എന്ന ചോദ്യം പ്രസക്തമാകുന്നു. ഡൽഹിയുടെ നാലിലൊന്നു മാത്രം വലുപ്പമുള്ള ഗസ്സ മുനമ്പിൽ 23 ലക്ഷത്തോളം ആളുകളാണ് തിങ്ങിപ്പാർക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഗസ്സ മുനമ്പ്. വർഷങ്ങളായി ഇവിടം പൂർണമായും ഹമാസിന്റെ നിയന്ത്രണത്തിലാണ്.
സാങ്കേതികമായി ഹമാസിന്റെ നിയന്ത്രണത്തിൽ എന്നു പറയുമ്പോഴും, ഗസ്സയുടെ കര, കടൽ, വ്യോമ അതിർത്തികളുടെ നിയന്ത്രണം ഇപ്പോഴും ഇസ്രയേലിനു തന്നെയാണ്. ഏതാണ്ട് 365 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഗസ്സ മുനമ്പിലെ ജനങ്ങൾക്ക് അതിർത്തി കടക്കാനുള്ള മാർഗങ്ങളെല്ലാം ഇസ്രയേൽ, ഈജിപ്ത് സൈന്യങ്ങളുടെ പൂർണ നിയന്ത്രണത്തിലാണ്.ചുരുക്കത്തിൽ, ഗസ്സ മുനമ്പിൽ ഹമാസിന്റെ പ്രവർത്തനങ്ങളുടെ ഏതാണ്ട് പൂർണമായ ചിത്രം ഇസ്രയേലിന് ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. ഹമാസിന് ആയുധങ്ങൾ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ അതേക്കുറിച്ച് ഇസ്രയേലിന് ഉടൻ വിവരം ലഭിക്കാനും ബുദ്ധിമുട്ടുമില്ല. അതിർത്തികളുടെ നിയന്ത്രണം ഇസ്രയേൽ കയ്യാളുമ്പോഴും, ഇതിനിടയിൽ ഹമാസ് ആയുധങ്ങൾ സംഭരിക്കുന്നത് എങ്ങനെ എന്നതാണ് ചോദ്യം. ഇത് തടയാനുള്ള വഴി സമ്പുർണ്ണമായി ഗസ്സയുടെ നിയന്ത്രണം പിടിക്കു എന്നത് തന്നെയാണ്. അതിനാൽ 2005നുശേഷമുള്ള അവസ്ഥ വൈകാതെ നിലവിൽവുമെന്നാണ്, ഈ മേഖലയെ വിലയിരുത്തുന്നവർ പറയുന്നത്.
പക്ഷേ ഇസ്രയേലിന്റെ സൈനിക ശക്തിവെച്ചുനോക്കുമ്പോൾ ഇപ്പോഴും ഹമാസ് ഒന്നുമല്ല. അറബ്രാഷ്ട്രങ്ങൾ എല്ലാം വളഞ്ഞിട്ട് ആക്രമിച്ചിട്ടും 67ൽ അവരെ പപ്പടം പോലെ പൊടിച്ച ചരിത്രമാണ് ഇസ്രയേിന്റെത്. 2022ലെ യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പ്രകാരം ലോകത്തെ നാലാമത്തെ സൈനിക ശക്തിയാണ് ഇസ്രയേൽ. അതായത് അമേരിക്കയ്ക്കും റഷ്യക്കും ചൈനയ്ക്കും മാത്രം പിന്നിൽ. ലോകത്തെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന. ആധുനിക എഫ് 35 പോർവിമാനങ്ങൾ അടക്കം ഇസ്രയേൽ വ്യോമസേനക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്ഫോടനം നടത്തുന്ന സ്മാർട്ട് ബോംബുകൾ ഇസ്രയേലിനുണ്ട്. ഇതിനെല്ലാം പുറമേ ആണവശ്കതികൂടിയാണ് ഇസ്രയേൽ. താൽക്കാലികമായി ചില തിരിച്ചടികൾ ഉണ്ടായെങ്കിലും, വെറും 95ലക്ഷം മാത്രം ജനസംഖ്യയുള്ള ആ കുഞ്ഞൻ രാഷ്ട്രം അതിജീവിക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഉറപ്പാണ്.
വാൽക്കഷ്ണം: ലോകത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ചിട്ടുള്ള ജനതയാണ് ജൂതന്മാർ. ലോകത്ത് ജൂതന്മാരെ പീഡിപ്പിച്ചിട്ടില്ലാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണ്. അതുകൊണ്ടായിരിക്കണം ഇന്നും ഇസ്രയേൽ ഇന്ത്യയുടെ സൗഹദൃ രാഷ്ട്രമായി തുടരുന്നതും. കാർഗിലിൽ പാക്കസ്ഥാന്റെ നുഴഞ്ഞുകയറ്റംപോലും കണ്ടെത്തിയത്, ഇസ്രയേൽ ആണ്. എന്നിട്ടും കേരളത്തിലടക്കം ഇടതുപക്ഷം പോലും പിന്തുണ നൽകുന്നത് ഹമാസിനാണ്!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ