''ഒഴുകുന്ന വെള്ളം, മഴത്തുള്ളികള്‍, മുടിയിഴകളിലൂടെ പടരുന്ന കാറ്റ്, പ്രിയപ്പെട്ടവരുടെ സ്നേഹം. അവതൊന്നും ബഹിരാകാശത്ത് കിട്ടില്ലല്ലോ. ഈ ഭൂമിയുള്ളതുകൊണ്ടാണ് നാം സ്പേസിനെ ഇഷ്ടപ്പെടുന്നത്''- ഇന്ത്യന്‍ വംശജയും, ബഹിരാകാശയാത്രികയുമായ സാക്ഷല്‍ സുനിത വില്യംസ് മുമ്പ് പറഞ്ഞ വാക്കുകളാണിത്. ഇപ്പോള്‍ 8 ദിവസത്തെക്കുള്ള ഒരു ബഹിരാകാശയാത്രക്കുപോയി 9 മാസങ്ങള്‍ അവിടെ കുടുങ്ങിയതിനുശേഷം അവര്‍ തങ്ങളുടെ പ്രിയപ്പെട്ട ഭൂമിയിലെക്ക് അണയാനൊരുങ്ങുമ്പോള്‍ ശാസ്ത്രകുതുകികള്‍ മാത്രമല്ല, സാധാരണക്കാര്‍വരെ ആകാംക്ഷയോടെ കാത്തിരിക്കയാണ്. വലിയ വിവാദങ്ങളും തര്‍ക്കങ്ങളുമുണ്ടാക്കിയ ഒരു ബഹിരാകാശ യാത്രയായിരുന്നു ഇത്തവണത്തേത്ത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടങ്ങിപ്പോയ സുനിതയെയും, യൂജിന്‍ ബുച്ച് വില്‍മോറിനെയും ബൈഡന്‍ ഭരണകൂടം ഉപേക്ഷിച്ചിരിക്കയാണ് എന്ന് പറഞ്ഞത്, അന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപും അയാളുടെ വലംകൈയായ ഇലോണ്‍ മസ്‌ക്കുമാണ്. ഇതിന് മറുപടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍വെച്ചുതന്നെ വില്‍മോര്‍ നല്‍കിയതാണ്. -'' ഞങ്ങള്‍ ഉപക്ഷേിക്കപ്പെട്ടതായി തോനുന്നില്ല. കുടുങ്ങിപ്പോയതായി തോനുന്നില്ല. പ്രതീക്ഷിച്ചിച്ചതിനും അല്‍പ്പം ദൈര്‍ഘ്യമേറിയ താമസമാണിത്. അതില്‍ പ്രശ്നമൊന്നുമില്ല', എന്നായിരുന്നു വില്‍മോറിന്റെ മറുപടി. പക്ഷേ അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും സുനിതയും, വില്‍മോറും ഇറര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ കുടുങ്ങിയത് വിവാദമായി. പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇതിന്റെ പേരില്‍ നിര്‍മ്മിക്കപ്പെട്ടു.

ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്ടോങ്ങിനുശേഷം ലോകം കാത്തിരുന്ന മറ്റൊരു ബഹിരാകാശ മടങ്ങിവരവ് എന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് ഇതിനെ വിശേഷിപ്പിച്ചത്. നീല്‍ ആംസ്‌ട്രോങ്ങും ടീമും ചന്ദ്രനില്‍നിന്ന് തിരിച്ചെത്തിയത് വീല്‍ച്ചെയറിലായിരുന്നുവെന്ന് ഓര്‍ക്കണം. സ്പേസ് സ്റ്റേഷനില്‍നിന്ന് തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികളെയും വീല്‍ച്ചെയര്‍ ഉപയോഗിച്ചുതന്നെയാണ് തിരിച്ച് താഴെ ഇറക്കുന്നത്. സീറോ ഗ്രാവിറ്റിയില്‍നിന്ന് പെട്ടന്ന് ഭൂമിയില്‍ എത്തുമ്പോള്‍, ശരീരത്തിന്റെ ഭാരം വഴങ്ങാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സുനിത വില്യംസും കീത്തു വില്‍മോറും അങ്ങനെ തന്നെയാണ് തിരിച്ചെത്തുക.

ബഹിരാകാശ യാത്രയെന്നാല്‍ അങ്ങനെയാണ്. അപകടങ്ങളും അനിശ്ചിതത്വവും നിറഞ്ഞതാണ്. നമ്മള്‍ ഊട്ടിക്ക് ടൂര്‍ പോവുന്നതുപോലെയുള്ള ഒരുപരിപാടിയല്ല അത്. കല്‍പ്പനചൗളയടക്കമുള്ള എത്രയോ ബഹിരാകാശ യാത്രികര്‍ ഈ അനന്തമജ്ഞാത ലോകത്ത് പൊടിപോലും കിട്ടാതെ വിലയം പ്രാപിച്ചവരുണ്ട്. എന്നിട്ടും ഓരോ ബഹിരാകാശ സഞ്ചാരിയും പുതിയ യാത്രപോകാന്‍ കൊതിക്കുന്നു! പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്താന്‍ സ്വന്തം ജീവിതംപോലും അവര്‍ തൃണവത്ക്കരിക്കുന്നു.

പുലിവാല്‍ ബഹിരാകാശ യാത്ര

ഇത്തവണ സുനിതയുടെ യാത്ര അടിമുടി പുലിവാല്‍ യാത്രയായിരുന്നു. തുടക്കം മുതല്‍ ഉണ്ടായിരുന്നു പ്രശ്നങ്ങള്‍. ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ( ഐഎസ്എസ്) എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്തത് രണ്ടു സ്വകാര്യ കമ്പനികളെയായിരുന്നു- ഒന്ന് ബോയിങ്. മറ്റൊന്ന് സ്പേസ് എക്സ്. ഇതില്‍ ബോയിങ്് നിര്‍മിച്ച ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ അഥവാ സിഎസ്ടി-100. ഇതിലാണ് സുനിതാ വില്യംസും ബുച്ച് വില്‍മോറും യാത്ര തിരിച്ചത്. ബോയിംഗ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് അഥവാ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഭാഗമായി നാസയുമായിച്ചേര്‍ന്ന് നടത്തിയതായിരുന്നു, എട്ട് ദിവസത്തെ പരീക്ഷണം. വിക്ഷേപണം, ഡോക്കിംഗ്, റീ-എന്‍ട്രി ഘട്ടങ്ങളില്‍ ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങള്‍ വിലയിരുത്തുക, ദൗത്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങള്‍.


യാത്ര തുടങ്ങുന്നതിന് മുമ്പുതന്നെ ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. എന്നാല്‍ അത് ഒരു വിധം പരിഹരിച്ചാണ്, 2024 ജൂണ്‍ അഞ്ചിന് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. 25 മണിക്കുര്‍ യാത്രക്കുശേഷം ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ശേഷം ഇതേ പേടകത്തില്‍ ജൂണ്‍ 14ന് യുഎസിലെ മരുഭൂമിയില്‍ തിരിച്ചിറങ്ങാനായിരുന്നു പദ്ധതി. അതാണ് പാളിയത്.

യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നു. അതിനിടെ സ്റ്റാര്‍ ലൈനറില്‍നിന്ന് നാലുവട്ടം ഹീലിയം ചോര്‍ച്ചയുണ്ടായി. അതിലുപരി റോക്കറ്റിനെ മുന്നിലേക്ക് തള്ളാനും ദിശമാറ്റാനും ഉപയോഗിക്കുന്ന ത്രസ്റ്റുകളില്‍ ചിലത് കാര്യക്ഷമമായി പ്രവര്‍ത്തിക്ുന്നില്ല എന്ന് കണ്ടെത്തി. ഇതോടെ റിസ്‌ക്ക് എടുത്ത് ഇതേ ബഹിരാകാശ പേടകത്തില്‍ ഇരുവരെയു തിരിച്ചുകൊണ്ടുവരണോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായി. ഒടുക്കം സുനിതയെയും വില്‍മോറിനെയും അവിടെ നിര്‍ത്തി പേടകം മാത്രം തിരിച്ചുകൊണ്ടുവരാന്‍ നാസയുടെ സുരക്ഷാ ടീം തീരുമാനിച്ചു. 2024 സ്പെ്റ്റമ്പര്‍ 6ന് ആളില്ലാ പേടകത്തെ മാത്രം ഭൂമിയില്‍ എത്തിച്ചു.

ഇതോടെയാണ് സുനിതയും വില്‍മോറും ബഹിരാകാശനിലയത്തില്‍ കുടുങ്ങിയെന്ന വാര്‍ത്ത പരന്നത്. അവരെ തിരിച്ചുകൊണ്ടുവരാനുള്ള ഓരോഘട്ടത്തിലുമുണ്ടായി പ്രതിസന്ധി. നിലയത്തില്‍ സൂപ്പര്‍ ബഗ്ഗുകളെ കണ്ടെത്തിയെന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. ആന്റി മെക്രോബിയല്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടര്‍ ബുഗന്‍ഡന്‍സിസ് ശ്വാസകോശത്തെ മാരകമായി ബാധിക്കുന്നതാണ്. ഇവയെ സൂപ്പര്‍ബഗ്ഗ് എന്നാണ് വിളിക്കുന്നത്.എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തില്‍ ജനിതകമാറ്റത്തിലൂടെ കൂടുതല്‍ ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ഭൂമിയില്‍നിന്ന് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്. പക്ഷേ ഇതിനെയും നശിപ്പിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞു.

ഒടുവില്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനുശേഷമാണ്, ഇലോണ് മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. ക്രൂ10 ദൗത്യം ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി. നാസയുടെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജപ്പാന്‍ ഏജന്‍സിയായ ജാക്‌സയുടെ തകുയ ഒനിഷി, റഷ്യ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ക്രൂ10 സംഘത്തിലുള്ളത്. ഇവരെ ഹസ്തദാനം നല്‍കിയും ആലിംഗനംചെയ്തും വികാരനിര്‍ഭരമായാണ് സുനിതയും വില്‍മോറും സ്വീകരിച്ചു. ഇത് അദ്ഭുതകരമായ ദിവസമാണെന്നും സുഹൃത്തുക്കളുടെ വരവില്‍ അതിയായ സന്തോഷമുണ്ടെന്നും സുനിത പറഞ്ഞു. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ സുനിതയും വില്‍മോറും ഭൂമിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

മൂത്രത്തെ കുടിവെള്ളമാക്കുന്ന ഐഎസ്എസ്!

ഇന്റര്‍ നാഷ്ണല്‍ സ്പേസ് സ്റ്റേഷനെക്കുറിച്ച് ( ഐഎസ്എസ്) കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഈ യാത്രയോടെയാണ്. 15 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അഞ്ചു ബഹിരാകാശ ഏജന്‍സികള്‍ക്കാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചുമതല. 1998 നവംബര്‍ 20 ന് ബഹിരാകാശ നിലയം ലോഞ്ച് ചെയ്തു. 2000 മുതല്‍ അവിടെ സ്ഥിരമായി സഞ്ചാരികള്‍ താമസിച്ച് ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നു. 105 മീറ്റര്‍ നീളമുള്ള നിലയത്തിന് ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വിസ്താരമുണ്ട്.


ഏതാണ്ട് 4.2 ലക്ഷം കിലോഗ്രാം ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമിയെ ചുറ്റുന്നത്. അതും സെക്കന്‍ഡില്‍ 7.6 കിലോമീറ്റര്‍ വേഗത്തില്‍! മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗം! ഒരു വെടിയുണ്ടയുടെ സ്പീഡിന്റെ ഏതാണ്ട് 10 മടങ്ങ് വരുമിത്.

ഇത്രയും വേഗത്തില്‍ ചുറ്റുന്നത് കൊണ്ട് ദിവസവും അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ 16 തവണ വലം വയ്ക്കുന്നു. എന്നുവച്ചാല്‍ ഭൂമിയില്‍ ഒരു ദിവസം ഒരു സൂര്യോദയവും ഒരു അസ്തമയവും കാണുമ്പോള്‍, ബഹിരാകാശ നിലയത്തിലെ യാത്രികര്‍ ദിവസവും 16 സൂര്യോദയവും 16 അസ്തമയവും കാണുന്നു! അത് വെച്ച് നോക്കിയാല്‍ ഇത്തവണ സുനിതാ വില്യംസ് 257 സൂര്യോദയത്തിന് പകരം കണ്ടത് 4592 സൂര്യോദയങ്ങളും അത്രതന്നെ അസ്തമയങ്ങളുമാണ്.

സുനിത തന്റെ ഒരു മുന്‍ അനുഭവം എഴുതിയിട്ടുണ്ട്-''ഒരിക്കല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയിലെ തകരാറിലായ ഉപകരണം നന്നാക്കാനായി അതില്‍ തൂങ്ങിക്കിടക്കുമ്പോള്‍ ഭൗമോപരിതലത്തിന് 400 കിലോമീറ്റര്‍ ഉയരത്തില്‍ തെളിഞ്ഞ ധ്രുവദീപ്തി കണ്ടനിമിഷത്തില്‍, അതിനപ്പുറം എന്തെങ്കിലുമുണ്ടോയെന്ന് ഞാന്‍ അതിശയിച്ചുപോയി. ആ കാഴ്ചയ്ക്കുശേഷം പ്രപഞ്ചത്തില്‍ വളരെയധികം ഊര്‍ജമുണ്ടല്ലോയെന്നും നാം പ്രപഞ്ചത്തില്‍ എത്ര നിസ്സാരനാണെന്നും ഞാന്‍ ചിന്തിച്ചു'- ( റോറ ബൊറിയാലിസ് എന്ന പ്രകാശപ്രതിഭാസമാണ് ധ്രുവദീപ്തി എന്നറിയപ്പെടുന്നത്. വടക്കന്‍ ചക്രവാളത്തില്‍ തിളങ്ങുന്ന പച്ചനിറത്തിലോ ചിലപ്പോള്‍ മങ്ങിയ ചുവപ്പുനിറത്തിലോ കാണുന്ന ധ്രുവദീപ്തി അതിമനോഹര അനുഭവമാണ്). ഇത്തരത്തിലുള്ള അത്ഭുതങ്ങളുടെ കാഴ്ചകളുടെ കലവറതന്നെയാണ് സ്പേസ് സ്റ്റേഷന്‍.

യാത്രികര്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങളു മറ്റ് വസ്തുക്കളും ഭൂമിയില്‍നിന്ന് എത്തിച്ചു നല്‍കുയാണ് ചെയ്യുക. സ്വന്തമായി ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനങ്ങളും ബഹിരാകാശ നിലയത്തിലുണ്ട്. പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡില്‍നിന്ന് 50 ശതമാനം ഓക്സിജന്‍ വീണ്ടെടുക്കും. മൂത്രത്തെ കുടിവെള്ളമാക്കുന്ന റീസൈക്ലിങ്ങ് സംവിധാനവുണ്ട്. ക്രൂവിന്റെ ശ്വാസത്തില്‍നിന്നും വിയര്‍പ്പില്‍നിന്നുമുള്ള ഈര്‍പ്പം വെള്ളമാക്കാന്‍ കഴിയുന്നതാണ് മറ്റൊരു സംവിധാനം.

ബഹിരാകാശ പേടകം എന്നാല്‍ വിമാനം പോലെയല്ല. ഒരു ഫൈറ്റ് കേടായാല്‍ മറ്റൊരു ഫ്ളൈറ്റില്‍ തിരിച്ചെത്തുന്നതുപോലെയല്ല, ഒരു പേടകത്തിന് തകറാറുണ്ടായാല്‍ മറ്റൊരു പേടകത്തില്‍ തിരിച്ച് എത്തിക്കാന്‍ കഴിയില്ല. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം മുതല്‍ സുനിതയും വില്‍മോറും ഭാഗമായിരുന്നു. ആ പേടകത്തിലാണ് അവര്‍ക്ക് പരിശീലനം നല്‍കിലത്. ഇതിലെ സ്പേസ്സ്യൂട്ടുകള്‍ എല്ലാം തയ്യാറാക്കിയത് ഇവര്‍ക്ക് അനുസരിച്ചാണ്. അതുകൊണ്ടാണ് മറ്റൊരു പേടകത്തില്‍ തിരിച്ചുവരുന്നത് ബുദ്ധിമുട്ടാവുന്നത്.

ഇപ്പോള്‍ ഉപയോഗിക്കുന്നത് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകമാണ്. രണ്ട് കമ്പനികളുടെ പേടകങ്ങളായതിനാല്‍ മാറ്റങ്ങളും വെല്ലുവിളികളും നിരവധിയാണ്. യാത്രികര്‍ക്ക് പുതിയ പേടകത്തിന്റെ സംവിധാനങ്ങളും, പ്രവര്‍ത്ത നരീതികളും പഠിച്ച് പരിചയപ്പെടണം. സുരക്ഷാപ്രോട്ടോക്കോളുകള്‍ അടക്കൃ മാറു. സ്പേസ് സ്യൂട്ടിലും വ്യത്യാസമുണ്ട്. ഇരുവരുടെയും അളവിന് അനുസരിച്ച് പുതിയ സ്പേസ് സ്യൂട്ട് തയ്യാറാക്കുകയും വേണം. ഇതാണ് കാലതാമസത്തിന് പ്രധാനകാരണം.

പക്ഷേ ഈ റിസ്‌ക്ക് ഫാക്ററുകളൊക്കെ ഇത്തരം യാത്രയില്‍ പതിവാണ്. അതെല്ലാം ബഹിരാകാശയാത്രികര്‍ക്ക് നന്നായി അറിയാം. അതിനുള്ള ക്ലാസുകള്‍ അവര്‍ക്ക് നല്‍കുന്നുണ്ട്. ഈ കണ്ടീഷന്‍സ് എല്ലാം ഒപ്പിട്ട് കൊടുത്തിണ്ടാണ് യാത്ര നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് ബൈഡന്‍ ഭരണകൂടം അവരെ ഉപക്ഷേിച്ചുപോയി എന്ന് ട്രംപും ഇലോണ്‍മസ്‌ക്കും പറഞ്ഞിട്ടും, അതൊന്നും സുനിത അടക്കമുള്ള യാത്രികരെ ബാധിക്കാത്തത്. അവര്‍ തങ്ങള്‍ കുടുങ്ങിയെന്ന് ഇതുവരെ പരാതി പറഞ്ഞിട്ടില്ല. പകരം മഹത്തായ ഈ ദൗത്യത്തില്‍ പങ്കാളിയായതില്‍ സന്തോഷിക്കയാണ്.

പുര്‍ത്തിയാക്കിയത് ചരിത്ര നേട്ടങ്ങള്‍

പക്ഷേ ഒരുപാട് ചരിത്ര നേട്ടങ്ങളും പുര്‍ത്തിയാക്കിയാണ് സുനിതയും വില്‍മോറും മടങ്ങുന്നത്. ഹോക്സ് തിയറികള്‍ ചമക്കുന്നവര്‍ എഴുതി വിടുന്നതുപോലെ, വെറുതെ കോടികള്‍ ചെലവഴിച്ച് ബഹിരാകാശത്ത് നടത്തുന്ന പട്ടിഷോ അല്ല അത്. മാനവരാശിക്കും ഭാവിലെ ബഹിരാകാശ ഗവേഷണത്തിനും ഉപകാരപ്രദമായ ഒരുപാട് നേട്ടങ്ങള്‍ ഈ യാത്രയില്‍ ഉണ്ടായിട്ടുണ്ട്. മൈക്രോ ഗ്രാവിറ്റിയില്‍ മാത്രം നടത്താന്‍ പറ്റുന്ന ചില പരീക്ഷണങ്ങള്‍ ഉണ്ട്. അതിനുള്ള വേദി കൂടിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 108 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 3000 ത്തോളം ശാസ്ത്രാന്വേഷണങ്ങള്‍ ഇതിനകം ബഹിരാകാശ നിലയത്തില്‍ നടത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ ലോകത്ത് ഏറ്റവും ഊര്‍ജിതമായി ഗവേഷണം നടക്കുന്ന ഒരു ലാബ് കൂടെയാണ് ബഹിരാകാശ നിലയം.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി നാസ തന്നെ പറയുന്നത് ബഹിരാകാശ നടത്തമാണ്. വിപുലമായ പരിശീലനവും കൃത്യതയും ആവശ്യമുള്ളതാണ് സ്പേസ് വോക്ക്. ഐഎസ്എസിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് ഇത് അധികവും ആവശ്യമായി വരുന്നത്.ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത ഇത്തവണത്തെ യാത്രയില്‍ സ്വന്തമാക്കി. വിവിധ പര്യടനങ്ങളിലെ 9 ബഹിരാകാശ നടത്തങ്ങളിലായി സുനിത ആകെ 62 മണിക്കൂറും 6 മിനിറ്റും സ്പേസ് വോക്ക് നടത്തി. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും സ്പേസ് വോക്ക് നടത്തിയ ഇതിഹാസ യാത്രിക പെഗ്ഗി വിന്‍സ്റ്റണിന്റെ (നാസ) റെക്കോര്‍ഡാണ് സുനിത മറികടന്നത്.


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസത്തെ അപ്രതീക്ഷിത വാസത്തിനിടെ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിന്റെ സുപ്രധാന ദൗത്യ ജോലികളില്‍ സജീവമായി. ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് സഹായകമാകുന്ന ബഹിരാകാശ മെഡിസിന്‍, റോബോട്ടിക്സ്, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ ഗവേഷണങ്ങളിലും ശാസ്ത്രീയ പരീക്ഷണങ്ങളിലും ഇവര്‍ പങ്കെടുത്തു. കൂടാതെ, ദീര്‍ഘകാല താമസത്തിനിടയില്‍ സ്റ്റേഷന്‍ സംവിധാനങ്ങള്‍ തകരാറുകളില്ലാതെ നിലനിര്‍ത്തുന്നതിലും അതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിലും സുനിതയും ബുച്ചും നിര്‍ണായക പങ്ക് വഹിച്ചു. ഐഎസ്എസിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിച്ചുകൊണ്ട് സുനിത വില്യംസ് നിലയത്തിന്റെ ഉത്തരവാദിത്തങ്ങളും നേതൃത്വവും ഏറ്റെടുത്തതും ശ്രദ്ധേയമായി.

സുനിത വില്യംസ് 2024 ഡിസംബറില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കപ്പോളയില്‍ യീസ്റ്റ്, ബാക്ടീരിയ സാമ്പിളുകള്‍ അടങ്ങിയ സയന്‍സ് ഹാര്‍ഡ്വെയര്‍ പ്രദര്‍ശിപ്പിച്ചു. റോഡിയം ബയോമാനുഫാക്ചറിംഗ് 03 പഠനത്തിന്റെ ഭാഗമായിരുന്നു ഈ സാമ്പിളുകള്‍. സൂക്ഷ്മാണുക്കളുടെ വളര്‍ച്ച, ഘടന, ഉപാപചയ പ്രവര്‍ത്തനം എന്നിവയെ സൂക്ഷ്മഗുരുത്വാകര്‍ഷണം എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് ഈ പഠനം.

2025 മാര്‍ച്ച് 5ന് നാസയുടെ ബഹിരാകാശ യാത്രികനും ഫ്ലൈറ്റ് എഞ്ചിനീയറുമായ നിക്ക് ഹേഗ് ഐഎസ്എസില്‍ വച്ച് ബുച്ചും സുനിയും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കൊപ്പം ഒരു ചിത്രം പങ്കിട്ടു. അടിക്കുറിപ്പില്‍ ഒരു പ്രധാന നേട്ടം ചൂണ്ടിക്കാട്ടിക്കൊണ്ട് ഹേഗ് എഴുതി... 'മാര്‍ച്ച് 1ന് എക്സ്പെഡിഷന്‍ 72 ക്രൂ ഒരുമിച്ച് ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു: ഞങ്ങളുടെ ഏഴ് പേരുടെയും വ്യക്തിഗത ദിവസങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, ഞങ്ങള്‍ ബഹിരാകാശത്ത് 3000 ദിവസങ്ങള്‍ എത്തി!'- എന്നതായിരുന്നു ആ നേട്ടം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ വീട്ടില്‍ നിന്ന് വളരെ അകലെയാണെങ്കിലും അവധിക്കാലം ആഘോഷിച്ചു. സ്‌പേസ് എക്‌സിന്റെ കാര്‍ഗോ ദൗത്യത്തിന് ശേഷമാണ് ഈ ഉത്സവ നിമിഷം ഉണ്ടായത്. അവധിക്കാല സമ്മാനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഐഎസ്എസിലേക്ക് ഇവര്‍ക്കായി നാസ എത്തിച്ചിരുന്നു. ഇത് ക്രൂവിന് ബഹിരാകാശത്ത് ക്രിസ്തുമസ് ആഘോഷിക്കാന്‍ അവസരമൊരുക്കി. ടീം ചില ഗെയിമുകളും കളിച്ചു.

2024 നവംബര്‍ അവസാനം സുനിത വില്യംസും ബാരി വില്‍മോറും സഹപ്രവര്‍ത്തകരും പരമ്പരാഗത വിഭവങ്ങളായ സ്മോക്ക്ഡ് ടര്‍ക്കി, ക്രാന്‍ബെറി സോസ്, ഗ്രീന്‍ ബീന്‍സ്, ആപ്പിള്‍ കോബ്ലര്‍ എന്നിവയടക്കമുള്ള വിഭവവുമായി താങ്ക്സ് ഗിവിങ് ഡേ ആഘോഷിച്ചു. ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയാനാണ് താങ്ക്സ് ഗിവിങ് ഡേ ആഘോഷിക്കുന്നത്. താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം ബഹിരാകാശ യാത്രികരെ സംബന്ധിച്ച് അവരുടെ അനുഭവങ്ങളും കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയുമെല്ലാം വെളിപ്പെടുത്തുന്ന സുപ്രധാന നിമിഷമായി.

ഭൂമിയിലെത്തുന്നത് പിച്ചവെച്ച്

ആംസ്ട്രോങ്ങ് അടക്കമുള്ളവര്‍ വന്നതുപോലെ വീല്‍ചെയറിലാണ് സുനിതയും സംഘവും ഭൂമിയിലെത്തുക. ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഏറെ സന്തോഷം നല്‍കുന്നതാണെങ്കിലും സുനിതയും സംഘവും നേരിടാന്‍ പോകുന്നത് വേദനയുടെ നാളുകള്‍ കൂടിയാണ്. കഴിഞ്ഞ ഒമ്പത് മാസമായി മൈക്രോഗ്രാവിറ്റിയില്‍ (ഗുരുത്വാകര്‍ഷണം തീരെ കുറവ്) കഴിഞ്ഞതിനാല്‍ ഭൂമിയിലെത്തുന്ന ഇവര്‍ക്ക് സ്വന്തം ഭാരം താങ്ങാനുള്ള ശേഷിയുണ്ടാകില്ല. പേശികളുടെ ബലക്ഷയവും എല്ലുകളുടെ ബലക്കുറവും ഇവരെ അടിമുടി ബാധിക്കും. അതിനാല്‍ ഒരു പെന്‍സില്‍ എടുത്തുപൊക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല.


മാസങ്ങളോളം ബഹിരാകാശത്ത് തങ്ങിയതിനാല്‍ ഇവര്‍ ഭൂമിയിലെത്തുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങളെ പോലെ പിച്ചവച്ചു നടക്കേണ്ടി വരുമെന്ന് സാരം. അതുകൊണ്ടുതന്നെ ഈ അവസ്ഥയെ ''ബേബി ഫീറ്റ്'' എന്നാണ് വിശേഷിപ്പിക്കുന്നത്. നിലത്തു കാലുകുത്തി നടക്കാതെ ഒമ്പത് മാസം ജീവിച്ചതിനാല്‍ ഇവരുടെ ചര്‍മം അതീവ മൃദുലമായി മാറിയിട്ടുണ്ടാകും. കാലിനടിയിലെ ചര്‍മ്മം പരുക്കനില്‍ നിന്നുമാറി മൃദുവായതിനാല്‍ നടക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ പ്രയാസം തോന്നും. ബഹിരാകാശത്ത് കൂടുതല്‍ നാള്‍ തങ്ങുമ്പോള്‍ നട്ടെല്ലിന് അല്‍പം നീളം വെക്കുന്ന ഒരു പ്രതിഭാസം കൂടിയുണ്ട്. അതിനാല്‍ ഭൂമിയിലെത്തിക്കഴിയുമ്പോള്‍ കടുത്ത നടുവേദനയും പുറംവേദനയുമാകും ഇവര്‍ അനുഭവിക്കുക. അതുകൊണ്ട് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരാന്‍ 45 ദിവസത്തെ പുനരധിവാസ പദ്ധതി തന്നെ നാസയ്ക്കുണ്ട്. ഇതെല്ലാം നേരത്തെ പറഞ്ഞ് കൊടുത്തിട്ടുമുണ്ട് നാസ. എന്നിട്ടും സ്വന്തം ജീവനനെപ്പോലും തൃണവത്ക്കരിക്കുന്ന സാഹസികര്‍ക്കാണ് ഈ പണി പറ്റുക.

പേശീബലക്കുറവും എല്ലുബലം നഷ്ടമാകുന്നതിനും പുറമേ കാഴ്ചശക്തിയിലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലും കേള്‍വിശക്തിയിലുമെല്ലാം ബഹിരാകാശ യാത്രികര്‍ പ്രയാസം നേരിടും. ഇതെല്ലാം പരിഹരിക്കാനുള്ള പുനരധിവാസ പദ്ധതിയാണ് ഇവര്‍ക്ക് നാസ നല്‍കുക. ശാരീരികാരോഗ്യവും മാനസികാരോഗ്യവും വീണ്ടെടുക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നാസ നല്‍കുന്നതാണ്. ഭൂമിയില്‍ വന്നുപതിക്കുന്ന ബഹിരാകാശ യാത്രികരെ നേരെ ആശുപത്രിയിലേക്കാകും കൊണ്ടുപോവുകയെന്ന് ചുരുക്കം.

ബഹിരാകാശ നിലയത്തില്‍ ശരീരത്തിന് ഭാരം അനുഭപ്പെട്ടതുകൊണ്ടുതന്നെ ഹൃദയത്തിന്റെ രക്തചംക്രമണവും കുറവായിരിക്കും. എന്നാല്‍ ഭൂമിയിലെത്തുമ്പോള്‍ ശരീര ചലനങ്ങള്‍ കൂടുമെന്നതിനാല്‍ ഇതിനോട് പൊരുത്തപ്പെടാന്‍ ഹൃദയത്തിന് സമയമെടുത്തേക്കും. നിലവില പേശികളുടെ ഉപയോഗവും വളരെ പരിമതമായതിനാല്‍ ഭൂമിയില്‍ എത്തുമ്പോള്‍ അവ ദുര്‍ബലമാവുന്ന മസില്‍ ആട്രോഫി എന്ന അവസ്ഥയും ഉണ്ടാവും. അതിനെ പുറമേ കാഴ്ച ശക്തിയെയേയും പ്രതിരോധ സംവിധാനങ്ങളെയും നീണ്ടകാലത്തെ ബഹിരാകാശ ജീവിതം ബാധിച്ചച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്. കൂടുതല്‍ വികരണങ്ങള്‍ ഏല്‍ക്കുന്നതിനാല്‍ ദീര്‍ഘകാലടിസ്ഥാനത്തിലുള്ള ക്യാന്‍സറും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. തലച്ചോറിലെ ദ്രാവകത്തിന്റെ വര്‍ധനവ്, കേള്‍വിക്കുറവ്, സെറിബ്രല്‍ എഡിമ എന്നിവയിലേക്ക് നയിച്ചേക്കാം. ചിന്തിക്കാനും ഓര്‍മ്മിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകളെ ബാധിക്കും. പക്ഷേ തുടര്‍ച്ചയായ പരിശീലനത്തിലുടെ ഇതെല്ലാം മറികടക്കാന്‍ കഴിയുമെന്നാണ് മൂന്‍കാല അനുഭവം.

അധികമായി കിട്ടുക ദിവസം 350 രൂപ!

സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്തി, ഇത്തരമൊരു ദൗത്യത്തിനുപോകുന്നവര്‍ക്ക് ലക്ഷങ്ങളുടെ പ്രതിഫലം കിട്ടുമെന്നായിരിക്കും നമ്മുടെ വിചാരം. പക്ഷേ അത് തെറ്റാണ്. എട്ട് ദിവസത്തേക്ക് സ്പേസില്‍ പോയി 287 ദിവസം അവിടെ കഴിയേണ്ടി വന്ന സുനിതയ്ക്കും വില്‍മോറിനും പ്രതിഫലമായി കോടികള്‍ കിട്ടില്ല. നാസയുമായുള്ള കരാര്‍ പ്രകാരം, വെറും ദിവസം വെറും നാല് ഡോളര്‍ (ഏതാണ്ട് 350 രൂപ) വീതമാണ് ഇരുവര്‍ക്കും ശമ്പളം കൂടാതെ അലവന്‍സ് ലഭിക്കുക! ബഹിരാകാശ നിലയത്തിലെ താമസം, ഭക്ഷണം എന്നിവയുടെ ചിലവ് നാസ വഹിക്കും. അമേരിക്കയില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളെ ഫെഡറല്‍ ഉദ്യോഗസ്ഥ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. ഭൂമിയില്‍ സഞ്ചരിക്കുന്നത് പോലെ മാത്രമേ, ബഹിരാകാശ യാത്രയും പരിഗണിക്കു. അല്ലാതെ ഓവര്‍ടൈം സാലറിയൊന്നുമില്ല.

പക്ഷേ ബഹിരാകാശ യാത്ര വഴികിട്ടുന്ന അന്താരാഷ്ട്ര പ്രശസ്തി ഒന്ന് വേറെയാണ്. അതാണ് കോടിക്കണക്കിന് ഡോളറുകളായി യാത്രികരുടെ കീശയില്‍ വീഴുന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുത്തു കഴിഞ്ഞാല്‍ സുനിത വില്ല്യംസിനെ കാത്തിരിക്കുന്നത് എത്രയെത്ര വേദികളാണ്. എത്രയെത്ര അഭിമുഖങ്ങളാണ്! അവരുടെ അനുഭവം കോടികള്‍ക്ക് വാങ്ങി പുസ്തകമാക്കാന്‍ അന്താരാഷ്ട്ര പ്രസാധകര്‍ കാത്തുനല്‍ക്കയാണ്. ലോകമെമ്പാടുമുള്ള ശാസ്ത്ര കോണ്‍ഗ്രസുകളില്‍ അവര്‍ ഇനി മുഖ്യാതിഥിയായിരിക്കും. ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടുന്നതുകൊണ്ട്, അഡ്വെര്‍ട്ടെസിങ്ങിലുടെയും ലക്ഷങ്ങള്‍ കിട്ടാം.


ഇപ്പോള്‍ തന്നെ എവിടെപ്പോയാലും സുനിത വാര്‍ത്താതാരമാണ്. കഴിഞ്ഞ വര്‍ഷം ഷാര്‍ജ പുസ്തകോല്‍സവത്തിലും സുനിത എത്തിയപ്പോഴുള്ള ജനക്കൂട്ടം ഇത് തെളിയിക്കുന്നു. തന്റെ ജീവിതം വിവരിക്കുന്ന 'സുനിത വില്യംസ്: എ സ്റ്റാര്‍ ഇന്‍ സ്പേസ്' എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായാണ് അവര്‍ എത്തിയത്. വനിതാ ബഹിരാകാശ സഞ്ചാരികള്‍ നേരിടുന്ന വെല്ലുവിളികള്‍, ബഹിരാകാശ നടത്തത്തിനിടയിലെ സ്ത്രീകളുടെ ശാരീരിക മാറ്റങ്ങള്‍, ഒരു റോള്‍ മോഡലായി പ്രവര്‍ത്തിക്കാനും യുവതലമുറയെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ പ്രചോദിപ്പിക്കാനുമുള്ള തന്റെ അഭിനിവേശം എന്നിവയെല്ലാം സുനിത എടുത്ത് പറഞ്ഞ് സദസ്യരെ കൈയിലെടുത്തു.

ഇനി ബഹിരാകാശ നിലയത്തില്‍ വച്ച് മീന്‍ കറി രുചിച്ചു നോക്കാനുള്ള തയ്യാറെടുപ്പിലാണ് സുനിത വില്യംസെന്നാണ് അവരുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ദ ഡെയിലിമെയില്‍ അടക്കമുള്ള പത്രങ്ങള്‍ എഴുതിയിരുന്നത്. കഴിഞ്ഞ തവണ ബഹിരാകാശ നിലയത്തില്‍ സുനിത എത്തിയപ്പോള്‍ സമൂസയായിരുന്നു കഴിച്ചത്. എന്നാല്‍ ഇത്തവണ മീന്‍ കറിയാണ് കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ സുനിത സ്പേസ് സ്റ്റേഷനില്‍ കുടുങ്ങിയതോടെ വാര്‍ത്തകള്‍ മൊത്തം അവരുടെ തിരിച്ചുവരവിനെക്കുറിച്ചായി.

2007 ജൂണില്‍ നാസയുടെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാെ് സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് അഭ്യൂഹങ്ങള്‍ വന്നുതുടങ്ങി. . എന്നാല്‍ ഇത് പച്ചക്കള്ളമായിരുന്നു. 2010-ല്‍ സുനിത വില്യംസ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. അന്ന് സുനിത നല്‍കിയ ഉത്തരം ഇങ്ങനെ ആയിരുന്നു: ''എവിടെ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കമായത് എന്നെനിക്ക് അറിയില്ല. എന്റെ അച്ഛന്‍ ഒരു ഹിന്ദുവാണ്. കൃഷ്ണനേയും രാമനേയും സീതയേയും ഒക്കെ അറിയാന്‍ ശ്രമിച്ചാണ് ഞാന്‍ വളര്‍ന്നത്.എന്റെ അമ്മ ഒരു ക്രിസ്തുമത വിശ്വാസിയാണ്. യേശു എന്താണ് എന്നറിയാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വ്യക്തിപരമായി ദൈവമുണ്ട് എന്ന വിശ്വാസം ഉളളയാളാണ് താന്‍. സന്തോഷമുളള ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്ന ഒന്നാണ് ദൈവം എന്നാണ് താന്‍ വിശ്വസിക്കുന്നത്'' എന്നാണ് സുനിത വില്യംസ് നല്‍കിയ മറുപടി. ഇനി 9 മാസത്തെ ബഹിരാകാശക്കുടുങ്ങലിനുശേഷം തിരിച്ച് എത്തുമ്പോള്‍ എന്തെല്ലാം വാര്‍ത്തകളാണ് ആ 52കാരിയെ തേടിയെത്തുക എന്നത് കാത്തിരുന്ന് കാണാം.

വാല്‍ക്കഷ്ണം: ഈ വിവാദം കൊണ്ട് കലക്കവെള്ളത്തില്‍ മീന്‍പിടിച്ചത് ഇലോണ്‍ മസ്‌ക്കിനാണ്. നാസയെക്കാള്‍ കേമമാണ് തന്റെ കമ്പനിയായ സ്പേസ് എക്സ് എന്ന് വ്യംഗ്യമായി സ്ഥാപിക്കാനായിരുന്നു അയാളുടെ ശ്രമം. അത് ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിട്ടുണ്ട്. പക്ഷേ ബഹിരാകാശ യാത്രയുടെ എബിസിഡി അറയുന്ന ആര്‍ക്കും അറിയാം, ഇത്തരം റിസ്‌ക്‌ ഫാക്ടര്‍ അതില്‍ സ്വാഭാവികമാണെന്ന്. അതിനെ മറികടക്കുന്നതിലാണ് മനുഷ്യന്റെ കരുത്ത് എന്ന്.