- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം നേരിട്ട് മയക്കുമരുന്ന്കടത്തിലേക്ക്; ആര്‍മി ജനറല്‍മാരുടെ പണി കൊക്കേയിന് സംഭരിക്കല്; പിന്നെ ചെറിയ വിമാനത്തിലും ബോട്ടിലുമായി അമേരിക്കന്‍ തീരത്തേക്ക്; ഇസ്ലാമിക തീവ്രവാദികള്‍ക്കും ഡ്രഗ് മണിയെത്തുന്നു; മഡൂറോയുടെ മയക്കുമരുന്ന് സാമ്രാജ്യമായ സണ്‍ കാര്‍ട്ടലിന്റെ കഥ
രാക്കുരാമാനം ഒരു സ്വതന്ത്രപരമാധികാര രാജ്യത്തെ ആക്രമിച്ച്, പൂച്ചയെ ചാക്കിലാക്കുന്നതുപോലെ പ്രസിഡന്റിനെയും ഭാര്യയെയും റാഞ്ചിക്കൊണ്ടുപോവുക! ലോക ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ഒരു സൈനിക നീക്കമാണ്, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയെയും ഭാര്യയെയും, കീഴടക്കിക്കൊണ്ട് ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി മുതല്‍ വെനിസ്വേലയ്‌ക്കെതിരെ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് കടത്തും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവുമാണ് പ്രധാന പ്രശ്നങ്ങള്‍. ജൂലൈയില്‍ യുഎസ് ഭരണകൂടം വെനിസ്വേലന്‍ പ്രസിഡന്റിന്റെ തലയ്ക്ക് 50 മില്യണ്‍ ഡോളര്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. ട്രെന്‍ ഡി അരാഗ്വ പോലുള്ള വെനിസ്വേലന്‍ സംഘങ്ങളെ യുഎസ് തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് ആരോപിച്ച് കരീബിയന്‍ കടലിലെ ബോട്ടുകളെ യുഎസ് ആക്രമിക്കാനും ലക്ഷ്യമിടാനും തുടങ്ങി.
ട്രംപ് ഭരണകൂടം വെനിസ്വേലന്‍ ടാങ്കറുകള്‍ പിടിച്ചെടുത്ത്, കടലില്‍ സൈനിക സാന്നിധ്യം കെട്ടിപ്പടുക്കാന്‍ തുടങ്ങിയപ്പോഴേ അപകടം മണത്തിരുന്നു. നവംബര്‍ അവസാനം വെനിസ്വേല വിട്ടുപോകാന്‍ മഡുറോയോട് യുഎസ് അന്ത്യശാസനം നല്‍കി. അത് മഡുറോ നിരസിച്ചു. വെനിസ്വേലയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം താന്‍ എവിടേക്കും പോകുന്നില്ലെന്ന് പറഞ്ഞു.
എന്നാല്‍ യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദം തുടര്‍ന്നു. സൈനിക പ്രവര്‍ത്തനങ്ങള്‍ കരയിലേക്ക് വ്യാപിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് സിഐഎ വെനിസ്വേലന്‍ മണ്ണില്‍ ഒരു ഡ്രോണ്‍ ആക്രമണം നടത്തി. ഈ നടപടികള്‍ക്കു ശേഷമാണ് ജനുവരി 3, ശനിയാഴ്ച പുലര്‍ച്ചെ, യുഎസ് ആക്രമണം നടത്തി മഡുറോയെയും ഭാര്യയെയും പിടികൂടിയത്. സത്യത്തില്‍ ഇതിനിടയാക്കിയതെന്താണ്. നമ്മുടെ ലെഫ്റ്റ് ലിബറലുകള്‍ പറയുന്നതുപോലെ എണ്ണ ചൂഷണം ചെയ്യാനുള്ള അമേരിക്കയുടെ തന്ത്രമാണോ? അതോ, മഡൂറോ പടുത്തുയര്‍ത്തിയ മയക്കുമരുന്ന് സാമ്രാജ്യമായ സണ്‍ കാര്‍ട്ടലിനെ അടിച്ചിടാനാണോ?
സ്റ്റേറ്റ് സ്പോണ്‍സേഡ് ഡ്രഗ് കാര്‍ട്ടല്‍
വെനിസ്വേലയില്‍ നിലനില്‍ക്കുന്ന സംഘടിതമായ മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് കാര്‍ട്ടല്‍ ഡി ലോസ് സോളസ് അഥവാ സണ്‍ കാര്‍ട്ടല്‍ എന്ന എന്നത്. വെനിസ്വേലന്‍ സൈന്യത്തിലെ ജനറല്‍മാര്‍ ധരിക്കുന്ന സൂര്യ ചിഹ്നങ്ങളില്‍ നിന്നാണ് സണ്‍ എന്ന പേര് വന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കാര്‍ട്ടലില്‍ പങ്കാളികളാണെന്ന ആരോപണമാണ് പേരിന്റെ പിന്നില്‍. ഇങ്ങനെ ഒരു സംഘം നിലവിലില്ല എന്ന് വെനിസ്വേല ആവര്‍ത്തിക്കുമ്പോഴും വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ അമേരിക്കയ്ക്ക് കഴിയുന്നുണ്ട്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് 2025 അനുസരിച്ച്, ലോകത്തിലെ പ്രധാന കൊക്കെയ്ന്‍ ഉത്പാദകരോ, പ്രധാന കടത്തുമാര്‍ഗ്ഗമോ വെനിസ്വേലയല്ല. അത് കൊളംബിയായാണ്. എന്നാല്‍ കൊളംബിയന്‍ കൊക്കെയ്ന്റെ നല്ലൊരു ഭാഗവും വെനസ്വേല വഴി കടന്നുപോകുന്നത്. സ്റ്റേറ്റ് സ്പോണ്‍സേഡ് ഡ്രഗ് കാര്‍ട്ടലാണ് ഇതെന്നാണ് അമേരിക്ക പറയുന്നത്. അതായത് ഒരു രാജ്യം തന്നെ മയക്കുമരുന്ന് കടത്തിന് നേതൃത്വം കൊടുക്കുക. മഡൂറോ അധികാരത്തിലെത്തിയതോടെ അതാണ് സംഭവിക്കുന്നത്. കൊളംബിയയില്‍നിന്ന് എത്തുന്ന ഡ്രഗ്സിന്റെ വിതരണമാണ് സൈന്യത്തിലെ ജനറല്‍മാരും, മൂന്‍ ഇടതുപക്ഷ തീവ്രവാദികളും, മയക്കുമരുന്ന് രാജക്കാന്‍മ്മാരും അടങ്ങുന്ന സണ്‍ കാര്‍ട്ടല്‍ നടത്തുന്നത്.
കൊളംബിയയില്‍ ഉത്പാദിപ്പിക്കുന്ന കൊക്കേയിന് അവിടെ സംഭരാനുമതിയ്ക്ക് നിയന്ത്രണം വന്നതോടെയാണ്, വെനിസ്വേല ഇടത്താവളമാവുന്നത്. കൊളംബിയയില്‍ അങ്ങനെ ഒരു ഉത്തരവ് വന്നത് തന്നെ അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ്. രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഡ്രഗ് കാര്‍ട്ടലിന്റെ അധ്യക്ഷനായാല്‍ പിന്നെ എന്ത് പരിശോധനയാണ് ഉണ്ടാവുക. ആര്‍മി ജനറല്‍മാരുടെ പണി കൊളംബിയില്‍നിന്ന് വരുന്ന കൊക്കേയിന്‍ സംഭരിക്കുകയാണത്രേ. മയക്കുമരുന്ന് കടത്തിനായി വെനിസ്വേലയില്‍ ഒരുപാട് ചെറിയ എയര്‍സ്ട്രിപ്പുകളുണ്ട്. അത്യാധുനിക ബോട്ടുകള്‍ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. പിന്നെ അത് ചെറിയ വിമാനത്തിലും ബോട്ടിലുമായി അമേരിക്കല്‍ തീരത്ത് എത്തിക്കും. ഈ കാര്‍ട്ടലില്‍നിന്ന് രക്ഷപ്പെട്ടവര്‍ തന്നെ പിന്നീട് ഇതേക്കുറിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വെനസ്വേലയില്‍ റഡാര്‍ നിയന്ത്രണം ദുര്‍ബലമായത് കൊണ്ട് വിമാനങ്ങള്‍ക്ക് യഥേഷ്ടം പറന്നിറങ്ങാം. പറന്നു പൊങ്ങാം. ഇത് സമുദ്രം വഴി അമേരിക്കന്‍ തീരങ്ങളില്‍ എത്തുന്നു. അത് അമേരിക്കന്‍ സ്ട്രീറ്റുകളില്‍ സുലഭമായി ലഭിക്കുന്നു. ഇതാണ് അമേരിക്കക്ക് പ്രശ്നമാകുന്നത്.
ഇത് ട്രംപ് തുടങ്ങിയ പരിപാടിയൊന്നുമല്ല. 2020 മാര്‍ച്ച് 26-നാണ് അമേരിക്കന്‍ കോടതി വെനിസ്വല പ്രസിഡന്റ് നിക്കോളാസ് മഡുറോക്കും മറ്റ് ഉയര്‍ന്ന അഫീഷ്യലുകള്‍ക്കും എതിരെ അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിനെതിരെ കേസ് എടുത്തത്. അമേരിക്കയുടെ നാര്‍ക്കോട്ടിക്ക് റിവാഡ് പ്രോഗ്രാം എന്ന സ്‌കീമില്‍ മഡൂറെയെ പിടിക്കാനുള്ള വിവരത്തിന് 15 മില്യണ്‍ ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് വന്നെ ജോ ബൈഡന്‍ സര്‍ക്കാരും ഇതേ നടപടികള്‍ തുടര്‍ന്നു. വെനുസ്വലന്‍ ഗവണ്‍മെന്റും, മഡൂറയും അയാളുടെ പട്ടാള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വെനുസ്വലയിലെ ഡ്രഗ്ഗ് ഹബ്ബ് നിയന്ത്രിക്കുന്നത് എന്നതിന് നിരവധി തെളിവുകള്‍ അമേരിക്ക മുന്നോട്ട് വെച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് വരുന്ന നിരവധി ഡ്രഗ് ബോട്ടുകള്‍ തകര്‍ക്കപ്പെട്ടു. പിടിക്കപ്പെട്ടവര്‍ നല്‍കുന്ന വിവരങ്ങള്‍ സ്റ്റേറ്റ് സപോണ്‍സേഡ് ഡ്രഗ് മാഫിയയുടേതാണ്. മെക്സിക്കന്‍ ഡ്രഗ് മാഫിയയെ ഒരു വിധം നിയന്ത്രിച്ച് വരുമ്പോഴാണ് പുതിയ തലവേദനയായി വെനിസ്വേലന്‍ മാഫിയ വരുന്നത്.
നടക്കുന്നത് ഡ്രഗ് ടെററിസം
മഡൂറോയുടെ ഭരണത്തില്‍, വെനിസ്വേല ഒരു മാഫിയ രാജ്യമായാണ് വളര്‍ന്നത്. സര്‍ക്കാരിന്റെ എല്ലാ തലത്തിലും ക്രിമിനല്‍ സംഘം പിടിമുറുക്കി കഴിഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിക്കും കൊളളയ്ക്കും ചൂട്ടുപിടിക്കുന്നവരായി, വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ എല്ലാ മേഖലകളിലും കൈക്കൂലി വ്യാപകമായി, മാഫിയ സംഘം കൊടുക്കുത്തി വാണു. മഡുറോയുടെ ഭാര്യ സിസിലിയ ഫ്ലോറന്‍സ്വെനസ്വേലയുടെ മുന്‍ വൈസ് പ്രസിഡന്റ്, മകന്‍ തുടങ്ങിയവര്‍ ഈ മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആരോപണം ഉയരുകയാണ്.
അതുമാത്രമല്ല, മയക്കുമരുന്ന് തീവ്രവാദം അഥവാ ഡ്രഗ് ടെററിസം എന്ന അതിഭീകരമായ അവസ്ഥയും അമേരിക്ക ഇവിടെ എടുത്തുകാട്ടുന്നുണ്ട്. കൊളംബിയയിലെ എഫ്എആര്‍സി പോലുള്ള ഗറില്ലാ സംഘങ്ങളുമായി സണ്‍ കാര്‍ട്ടലിന് സഹകരണമുണ്ട്. അങ്ങനെയാണ് കൊളംബിയയില്‍നിന്ന് കൊക്കേയിന്‍ സുരക്ഷിമായി വെനിസ്വേലയില്‍ എത്തുന്നത്. ഇതാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടത്തുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്. എഫ്എആര്‍സി എന്നത് ഒരു കൊളംബിയന്‍ ഇടതുപക്ഷ സായുധ സംഘടനയാണ്. 1964-ല്‍ സ്ഥാപിതമായ ഈ സംഘടനയുടെ ലക്ഷ്യം, സമ്പന്നദ രിദ്ര വ്യത്യാസം ഇല്ലാതാക്കുകയാണ്. കൊളംബിയയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള നിരവധിപേരെ ചേര്‍ത്ത്, മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയധാര പിന്തുടര്‍ന്നാണ് ഈ സംഘടന മുന്നോട്ടുപോയത്.
ഭൂമി കര്‍ഷകര്‍ക്ക് നല്‍കുക, സോഷ്യലിസ്റ്റ് ഭരണസംവിധാനം സ്ഥാപിക്കുക എന്നിവയൊക്കെയായിരുന്നു ലക്ഷ്യം. അതിനായി നമ്മുടെ നാട്ടിലെ നക്സലുകളെപോലെ സായുധ പോരാട്ടങ്ങള്‍ക്ക് അവര്‍ തയ്യാറായി. പക്ഷേ തിരിച്ചടികള്‍ നേരിടുകയും സംഘടന ദുര്‍ബലമാവുകയും ചെയ്തതോടെ, കാര്യങ്ങള്‍ ആകെ മാറി. ഇവര്‍ പിടിച്ചുനില്‍ക്കാനായി മയക്കുമരുന്ന് കടത്തിലേക്ക് കടുന്നു. ഏറ്റുമുട്ടലുകളും ഭീകരാക്രമണങ്ങളും പതിവായി. നികുതി പിരിവ് എന്ന ഗ്രാമങ്ങളില്‍നിന്ന് പണം പിരിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും എഫ്എആര്‍സിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കയാണ്. 2016-ല്‍ കൊളംബിയ സര്‍ക്കാര്‍ ഇവരുമായ സമാധാന കരാര്‍ ഒപ്പിട്ടു. തുടര്‍ന്ന് സംഘടന പേരുമാറ്റി രാഷ്ട്രീയ പാര്‍ട്ടിയായി. പക്ഷേ അപ്പോഴേക്കും അതില്‍ പിളര്‍പ്പുണ്ടായി. ഒരു ഭാഗം വിട്ടുപോയി. ആ വഴിപിരിഞ്ഞ ആളുകള്‍ ഇപ്പോഴും സായുധപോരാട്ടത്തിലും മയക്കുമരുന്ന് വ്യാപാരത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതും വെനിസ്വേലന്‍ സൈനിക-രാഷ്ട്രീയ നേതാക്കളാണ്. അതായത് ഇടതുപക്ഷ തീവ്രവാദത്തിനാണ് ഡ്രഗ് മണി വഴി മരുന്നിടുന്നത്.
ഇനി അതിനേക്കാള്‍ ഭീകരം, ഹിസ്ബുള്ളയും, ഹൂത്തികളും എന്തിന് ഐസിസ് അടക്കമുള്ള ഇസ്ലാമിക ഗ്രൂപ്പുകളുമായി ഈ ഡ്രഗ് കാര്‍ട്ടല്‍ സഹകരിക്കുന്നുവെന്നതാണ്. സിറിയ, ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും അവിടെനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പോവുന്ന ഒരു നെറ്റ്വര്‍ക്കാണിത്. ഇതിന്റെ ഒരു ഭാഗം ലഷ്‌ക്കറേ ത്വയിബയിലേക്കും, ജെയ്ഷേ മുഹമ്മദിലേക്കുംവരെ എത്തുന്നുണ്ട് എന്ന് പറയുന്നത്. അതായത് നമ്മുടെ കാശ്മീരിനെ വരെ ഡ്രഗ് മണി ബാധിക്കുന്നു. ഇതാണ് 'നാര്‍ക്കോട്ടിക്ക് തീവ്രവാദം' എന്ന് അമേരിക്ക ഊന്നിപ്പറയാന്‍ കാരണം. മഡൂറോയുടെ ചെയ്തികള്‍ ഒരേസമയം ഇടതുപക്ഷ തീവ്രവാദത്തിനും, ഇസ്ലാമിക തീവ്രവാദത്തിനും, ഊര്‍ജമാവുകയാണ്.
എണ്ണ വിപണി പിടിക്കാനുള്ള നീക്കമോ?
വെനിസ്വേലയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, അമേരിക്കന്‍ ഭരണകൂടം മഡൂറോ സര്‍ക്കാരിനെ 'നാര്‍ക്കോ-സ്റ്റേറ്റ്' (മയക്കുമരുന്ന് രാഷ്ട്രം) ആയി ചിത്രീകരിക്കാന്‍ തുടങ്ങിയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരും, വെനിസ്വേലന്‍ അധികൃതരും പറയുന്നത്. ഈ വാദത്തെ പിന്തുണക്കുന്നവര്‍ അമേരിക്കയിലുമുണ്ട്. മുന്‍ യുഎന്‍ ഡ്രഗ് മേധാവി പിനോ അര്‍ലാച്ചി പറയുന്നതനുസരിച്ച്, ''മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള വെനസ്വേലയുടെ സഹകരണം ക്യൂബയുടേതിന് തുല്യമാണ്. നാര്‍ക്കോ-സ്റ്റേറ്റ് വിവരണം ഒരു ഭൗമ-രാഷ്ട്രീയ കെട്ടുകഥയാണ്.'' ഒരു രാഷ്ട്രീയ വൈരാഗ്യത്തെ ധാര്‍മ്മിക യുദ്ധമായി മാറ്റാനും ഇടപെടലിന് ന്യായീകരണം കണ്ടെത്താനുമുള്ള അമേരിക്കയുടെ തന്ത്രമാണ് ഈ വിവരണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ നാര്‍ക്കോ ടെറിസിസവുമായി ബന്ധപ്പെട്ട കേസുകള്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്ഗധരും പറയുന്നത്, മഡൂറോക്ക് ഡ്രഗ് മാഫിയയുമായി ബന്ധമുണ്ടെന്നാണ്.
അതേസമയം എണ്ണ വിപണി ലക്ഷ്യമിട്ടാണ്, അമേരിക്കയുടെ പ്രവര്‍ത്തനമെന്ന് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ അംഗങ്ങളായ ലോകത്തെ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപക അംഗമാണ് വെനിസ്വേല. ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരത്തിനുടമയായ രാജ്യം. 303 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമാണ് (ഓയില്‍ റിസര്‍വ്) വെനസ്വേലയിലുള്ളത്. ലോകത്തെ മൊത്തം എണ്ണശേഖരത്തിന്റെ 17%. സൗദി അറേബ്യ, റഷ്യ, ഇറാന്‍, കാനഡ, ഇറാഖ് തുടങ്ങിയവയെല്ലാം വെനിസ്വേലക്ക് പിന്നിലാണ്. ഈ എണ്ണ പിടിച്ചെടുക്കാന്‍ ട്രംപ ഉണ്ടാക്കിയ കഥയാണ്, നാര്‍ക്കോ ടെറിസം എന്നാണ് ആരോപണം. വെനിസ്വേലയുടെ എണ്ണ ഇനി യുഎസ് കമ്പനികള്‍ കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മഡൂറോയെ പിടിച്ചശേഷം പറയുന്നത്. യുഎസ് കമ്പനികള്‍ വെനിസ്വേലയില്‍ നിക്ഷേപിക്കുന്നതോടെ, ആ രാജ്യത്തിന്റെ മുഖഛായതന്നെ മാറുമെന്നാണ് ട്രംപിന്റെ വിശദീകരണം.
പക്ഷേ ഇത്രയം എണ്ണയുണ്ടായിട്ടും വെനിസ്വേലയില്‍ ബാക്കിയായത് ദാരിദ്ര്യം മാത്രമായിരുന്നു. ആഗോള എണ്ണ വിപണിയില്‍ 2014-ല്‍ സംഭവിച്ച വിലയിടിവ് വെനിസ്വേലയെ പിടിച്ചുലച്ചപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാകാതെ പകച്ചു നില്‍ക്കുന്ന മഡുറോയെയാണ് കണ്ടത്. അന്നും സമരത്തെ അടിച്ചമര്‍ത്തുകയാണ് അയാള്‍ ചെയ്തത്. വൈദ്യുതിയില്ലാത്ത രാത്രികളില്‍, ഭക്ഷണവും മരുന്നും ഇല്ലാത്ത ദിവസങ്ങളില്‍ ജനങ്ങളും പ്രതിപക്ഷക്കാരും ചേര്‍ന്ന് പോലീസുമായി തെരുവുകളില്‍ ഏറ്റുമുട്ടി.
ജനം അയല്‍ നാടായ കൊളംബിയയിലെക്ക് ഒഴുകി. ക്രമസമാധാന നില തകര്‍ന്ന തോടെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം ഗുണ്ടാസംഘങ്ങള്‍ ഏറ്റെടുത്തു. കള്ളക്കടത്ത്, മയക്കു മരുന്ന് വ്യാപാരം, പെണ്‍ വാണിഭം, കുട്ടികളെ തട്ടി ക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് എന്നിവയെല്ലാം വെനിസ്വേലയില്‍ സജീവമായി.ഇന്ന് ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ നിരയിലേക്ക് വെനിസ്വേല എത്തിപ്പെട്ടു.
വീഴ്ചയില്‍ ആഹ്ലാദിച്ച് ജനം
കേരളത്തിലടക്കം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മഡൂറോയുടെ വീഴ്ചയില്‍ വെനിസ്വേലയില്‍ പൊതുവെ ആഹ്ലാദമാണ്. കാരണം ആ ജനങ്ങള്‍ അത്രക്ക് അനുഭവിച്ചു കഴിഞ്ഞു. മഡുറോയുടെ ഭരണകൂട ഭീകരതയും പട്ടിണിയും ഭയന്ന് 80 ലക്ഷത്തിലധികം ജനങ്ങളാണ് രാജ്യം വിട്ട് പലായനം ചെയ്തത്. ഒരു റൊട്ടിക്ക് ഒരു ചാക്ക് നോട്ടുകള്‍ കൊടുക്കേണ്ട രാജ്യമാക്കി വെനിസ്വേലയെ മഡൂറോ മാറ്റി.
വളാദിമിര്‍ പുടിനുശേഷം ലോകം കണ്ട മറ്റൊരു സേഛ്വാധിപതി എന്നാണ് പ്രതിപക്ഷ നേതാക്കാള്‍ മഡൂറോയെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറി മറിച്ച്, മൂന്നാമതും മഡൂറക്ക് അധികാരം കിട്ടിയതോടെ ഈ പട്ടിണി രാജ്യത്തില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് പേടിച്ച് പലയായനം ചെയ്യുന്നത്. വെനസ്വേലന്‍ പ്രതിപക്ഷ നേതാവ്, എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയ രാജ്യംവിട്ട് സ്പെയിനിലാണ് അഭയം തേടിയത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തകര്‍ന്നുകിടക്കുന്ന സമ്പദ് വ്യവസ്ഥയുള്ള ഈ രാജ്യത്തുനിന്ന് ജീവനും കൊണ്ട് ഓടിയവര്‍ നിരവധിയാണ്. ഹ്യൂഗോ ഷാവേസ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നാടായ വെനിസ്വേലയെക്കുറിച്ച് കേരളത്തിലും ഒരു പാട് വാഴ്ത്തുപാട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമായിരുന്നു. ഷാവേസിന്റെ ദേശസാത്ക്കരണ പദ്ധതികളോടും, സ്വകാര്യവത്ക്കരണത്തോടുള്ള വിയോജിപ്പും, ആ രാജ്യത്തെ വല്ലാതെ പിറകോട്ട് അടുപ്പിച്ച് കഴിഞ്ഞു. ഒരു ചോക്ക്ലെറ്റ് കിട്ടാന്‍പോലും രണ്ടു ചാക്ക് കറന്‍സികള്‍ കൊടുക്കേണ്ട നിലയില്‍ രാജ്യത്തെ കറന്‍സിയുടെ വില കുറഞ്ഞു. പട്ടിണിമാറ്റാന്‍ സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മ, പട്ടിണി, തകര്‍ന്നടിഞ്ഞ ക്രമസമാധാനം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്... ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ള്‍ രാജ്യത്തിനുണ്ട്. അതിനിടെയാണ് നിക്കോളാസ് മഡ്യൂറയെന്ന ഏകാധിപതിയുണ്ടാക്കുന്ന പ്രശ്നങ്ങള്‍. വെറുമൊരു ബസ് ഡ്രൈവറായി കരിയര്‍ തുടങ്ങിയ മഡൂറോക്ക് വളര്‍ന്നപ്പോള്‍ ആ എളിമ കൈമോശം വന്നു.
1999 മുതല്‍ 2013 വരെ രാജ്യം ഭരിച്ച ഹ്യൂഗോ ഷാവേസിന്റെ നിഴല്‍ എന്ന് അവകാശപ്പെടുന്നയാളാണ് മഡുറോ. ക്യാന്‍സറിന് മുമ്പില്‍ തോറ്റ് 56ാം വയസ്സില്‍ ഷാവേസ് മരിക്കുന്നത് വരെ രാജ്യത്തിന്റെ കാര്യങ്ങള്‍ ഒരു വിധം ഭദ്രമായിരുന്നു. തന്റെ പിന്‍ഗാമിയായി മഡുറോയെ നിശ്ചയിച്ചത് ഹ്യൂഗോ ഷാവേസ് തന്നെയായിരുന്നു. ഷാവേസിന്റെ ഓര്‍മകളെ ഓരോ അണുവിലും ആവാഹിച്ചിട്ടും മഡ്യൂറോക്ക് ആ തിരഞ്ഞെടുപ്പില്‍ തിളക്കം കുറഞ്ഞ വിജയമേ നേടാനായുള്ളൂ. 2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി രണ്ടാമൂഴം. 40 ശതമാനം പേര്‍ മാത്രം വോട്ട് ചെയ്ത ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ പലതും സജീവമായിരുന്നില്ല.
പിന്നീട് നടന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മഡ്യൂറോയുടെ കാലിടറി. അയാളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. പക്ഷേ ഈ പ്രശ്നം മഡ്യൂറോയുടെത് മാത്രമായിരുന്നില്ല. ഷാവേസ് തന്നെ സൃഷ്ടിച്ചതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ കൊടുത്തിരുന്ന സ്വകാര്യ മേഖലയിലെ സംരംഭങ്ങള്‍ ഇയാള്‍ ഒറ്റയടിക്ക് ഷാവേസ് ദേശസാല്‍ക്കരിച്ചു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്കി മാറ്റി. അവിടെ യെല്ലാം സ്വന്തം പാര്‍ട്ടിക്കാരെയും അനുയായികളെയും പാര്‍ശ്വവര്‍ത്തികളെയും കുത്തിക്കയറ്റി. ഇടക്കിടെ അമേരിക്കന്‍ വിരുദ്ധ പ്രസംഗം നടത്തിയാണ് ഷാവേസ് പിടിച്ചു നിന്നത്. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിനുശേഷം എണ്ണ പ്രതിസദ്ധിയുണ്ടായതോടെ രാജ്യം ശരിക്കും കൂപ്പുകുത്തി. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങള്‍ക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു.
ലോകത്ത് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുള്ള രാജ്യമാണ് ഇന്ന് വെനിസ്വേല. കറന്‍സിയായ ബൊളിവറിന് കടലാസ് വിലയേയുള്ളൂ.മൊത്തം കറന്‍സി പിന്‍വലിച്ച് പുതിയത് ഇറക്കി നോക്കി. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ വ്യാപകമായി അച്ചടിച്ചു. പെട്രോ എന്ന ഡിജിറ്റല്‍ കറന്‍സി കൊണ്ടു വന്നു. ഒരു രക്ഷയുമില്ല. വിലക്കയറ്റം കുതിക്കുക തന്നെയാണ്. സാങ്കേതികമായി ഹൈപ്പര്‍ ഇന്‍ഫല്‍ഷന്‍ എന്ന് പറയും. സ്പാനിഷ് ആധിപത്യത്തിനെതിരെ ധീരമായി പോരാടിയ വിപ്ലവകാരിയാണ് സൈമണ്‍ ബൊളിവര്‍. വെനിസ്വേല, ബൊളീവിയ, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളുടെ പിറവിക്ക് തന്നെ കാരണമായ ഐതിഹാസിക പോരാട്ടത്തിന് അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ നാമധേയത്തിലാണ് വെനിസ്വേലന്‍ കറന്‍സി. അത് തകര്‍ന്നടിയുമ്പോള്‍ പ്രതീകാത്മകമായി ബൊളിവേറിയന്‍ പാരമ്പര്യം തന്നെയാണ് പരാജിതമാകുന്നത്. ഇങ്ങനെ സകലമേഖലയിലും, രാജ്യത്തെ പിറകോട്ടടിപ്പിക്കയാണ് മഡുറോ ചെയ്തത്. പക്ഷേ അയാള്‍ ഇന്ന് കേരളത്തിലെ ഇടതുസര്‍ക്കിളില്‍പോലും ഹീറോയാണ്!
വാല്‍ക്കഷ്ണം: ഒരു തികഞ്ഞ സായിബാബ ഭക്തനാണ് മഡുറോ. സഹിഷ്ണുതയുടെയും വിവേചനമില്ലായ്മയുടെയും മൂല്യങ്ങളെക്കുറിച്ച് താന്‍ പഠിച്ചത് ഇന്ത്യയില്‍നിന്നാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ 2005-ല്‍ പുട്ടുപര്‍ത്തിയിലെത്തി മഡുറോയും ഭാര്യയും സായിബാബയെ സന്ദര്‍ശിച്ചിരുന്നു!




