സൂര്യപ്രകാശത്തെപ്പോലും വെറുതെ വിടാത്തവര്‍! പണിയെടുപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ കമ്യൂണിസ്റ്റ് ചൈനയെ കഴിഞ്ഞേ മറ്റൊരു രാജ്യം വരുവെന്നാണ് പാശ്ചാത്യ നാടുകളിലെ തമാശ. തടവുപുള്ളികളെക്കൊണ്ടുപോലും, പ്രാര്‍ത്ഥനയും നിസ്‌ക്കാരവുമെന്നും അനുവദിക്കാതെ ജോലിയെടുത്ത് നടുവൊടുപ്പിച്ച് ചൈന വിദേശനാണ്യം സമ്പാദിക്കാറുണ്ട്. അതെല്ലാം ആ രാജ്യത്തിന്റെ നെഗറ്റീവ് വശം. ഇപ്പോള്‍ ഊര്‍ജോത്പാദനത്തിന്റെ ചൈനീസ് മോഡലാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. പുല്ലുപോലും മുളയ്ക്കാത്ത മരുഭൂമിയില്‍ നിന്നുപോലും ഇന്ന് ചൈന ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. ചൈനയിലെ മരുഭൂമികളുടെ പലഭാഗവും ഇന്ന് സോളാര്‍ പാടങ്ങളാണ്. അവിടെയൊന്നും പ്രതിഫലിക്കാന്‍ പോലും സൂര്യപ്രകാശമില്ല എന്നാണ്, പലരും തമാശക്ക് കമന്റ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ പുറത്തുവിടുന്ന രാജ്യം ഇപ്പോള്‍ പുനരുപയോഗ ഊര്‍ജ്ജ വിപ്ലവത്തിന്റെ അമരത്താണ്. ഭൂമിയില്‍ ആകെയുള്ള കാറ്റാടി-സോളാര്‍ ഊര്‍ജ്ജ ശേഷിയുടെ പകുതിയോളം ഇപ്പോള്‍ ചൈനയിലാണ്. പല ഭാഗങ്ങളിലും മലനിരകള്‍ പോലും സോളാര്‍ പാനലുകള്‍ കൊണ്ട് പുതച്ചിരിക്കുകയാണ്. പച്ച നിറമുള്ള പര്‍വതങ്ങള്‍ക്ക് ഇപ്പോള്‍ സോളാര്‍ പാനലിന്റെ വെള്ളയാണ് നിറം! ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഹരിത സാങ്കേതികവിദ്യയുടെ ആഗോള വിപണി കൈയടക്കാനുമുള്ള ആഗ്രഹമാണ് ഈ മാറ്റത്തിന് പിന്നില്‍. ഇന്നും കല്‍ക്കരി ഉപയോഗത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. എന്നാല്‍ ഇത് കുറയ്ക്കാനും 2060-ഓടെ കാര്‍ബണ്‍ മലിനീകരണം പൂര്‍ണ്ണമായും ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

റിന്യൂവബിള്‍ എനര്‍ജിയിലെ ഒരു സൂപ്പര്‍പവര്‍ ആവാന്‍ തന്നെയാണ് ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കല്‍ക്കരി ഉപയോഗം കുറയ്ക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ കാര്‍ബണ്‍ മലിനീകരണത്തിനുള്ള പിഴകളില്‍ നിന്നും ചൈനയ്ക്ക് വന്‍ ലാഭം നേടാന്‍ സാധിക്കുന്നു. സോളാര്‍ പ്ലാന്റുകളുടെ നിര്‍മ്മാണ വേളയില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിച്ചു. മരുഭൂമിയില്‍ പോലും സോളാര്‍ പാനലുകള്‍ക്കിടയിലെ ആടുവളര്‍ത്തല്‍ ഒരു വരുമാനമാര്‍ഗമായി. പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കും സെക്യൂരിറ്റിക്കുമായി പ്രാദേശിക ജനതയ്ക്ക് സ്ഥിരമായ തൊഴില്‍ ലഭിക്കുന്നു. ഇത് ആ മേഖലയിലെ ദാരിദ്ര്യം കുറയ്ക്കാന്‍ സഹായിച്ചു. ചുരുക്കത്തില്‍, വെറുമൊരു വൈദ്യുതി പ്ലാന്റ് എന്നതിലുപരി, പടിഞ്ഞാറന്‍ ചൈനയിലെ ദരിദ്ര മേഖലകളെ സാമ്പത്തികമായി ഉയര്‍ത്താനുള്ള ഒരു വലിയ ബിസിനസ്സ് മോഡല്‍ കൂടിയാണ് സോളര്‍ പദ്ധതികള്‍. ഏറെക്കാലത്തിനുശേഷം നമ്മുടെ 'ചങ്കിലെ ചൈന'യില്‍നിന്ന് വരുന്ന ഒരു നല്ലവാര്‍ത്ത കൂടിയാണിത്.



മരുഭൂമികളില്‍ സോളാര്‍ പ്രളയം

ചൈനയുടെ സോളാര്‍ പാടം എന്ന് പറയുന്നത്, ആ നാട്ടിലെ മരുഭൂമികളാണ്. പുല്ലുപോലും മുളക്കാത്ത മണ്ണില്‍നിന്നുപോലും എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്ന ചൈനീസ് മോഡല്‍ ലോകത്തിന് മാതൃകയാണെന്നാണ് ബി ബി സി പറയുന്നത്. ഇന്നര്‍ മംഗോളിയയിലുള്ള കുബുഖി മരുഭൂമിയില്‍ 400 കിലോമീറ്റര്‍ നീളത്തില്‍ 'സോളാര്‍ ഗ്രേറ്റ് വാള്‍' എന്നറിയപ്പെടുന്ന കൂറ്റന്‍ പദ്ധതി നിര്‍മ്മിക്കുന്നുണ്ട്. ഇവിടെ 2030-ഓടെ 100 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സിന്‍ജിയാങ് മേഖലയിലെ തക്ലാമകന്‍ മരുഭൂമിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ യൂണിറ്റ് സോളാര്‍ പ്ലാന്റുകളില്‍ ഒന്ന്. ഏകദേശം 3.5 ജിഗാവാട്ട് ശേഷിയുള്ള ഈ പ്ലാന്റിന് ദശലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയും. നിംഗ്‌സിയ പ്രവിശ്യയിലുള്ള റ്റെന്‍ഗര്‍ മരുഭൂമിയിലെ സോളാര്‍ പാര്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. ഗാന്‍സു പ്രവിശ്യയിലെ ഗോബി മരുഭൂമിയില്‍ സോളാര്‍ പാനലുകള്‍ക്കൊപ്പം കൂറ്റന്‍ കാറ്റാടി യന്ത്രങ്ങളുമുണ്ട്.

മരുഭൂമിയില്‍ പച്ചപ്പാകുന്നുവെന്ന ഗുണം കൂടി ഇതിലുണ്ട്. സോളാര്‍ പാനലുകള്‍ ഭൂമിക്ക് തണല്‍ നല്‍കുന്നതിലൂടെ ബാഷ്പീകരണം കുറയുകയും, പാനലുകള്‍ക്ക് താഴെ പുല്ലും സസ്യങ്ങളും വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവിടെ മരുവത്ക്കരണം തടയപ്പെടുകയാണ്. ചില സോളാര്‍ ഫാമുകള്‍ക്ക് താഴെ ആടുകളെ മേയ്ക്കാനും കൃഷി ചെയ്യാനും കഴിയും! ഇത് പ്രദേശവാസികള്‍ക്ക് ഒരുവരുമാന മാര്‍ഗം കൂടിയാവുകയാണ്. പക്ഷേ മെയിന്റന്‍സാണ് ഇത്തരം പാനലുകളുടെ ഏറ്റവും വലിയ പ്രശ്നം. മണല്‍ക്കാറ്റ് പാനലുകള്‍ക്ക് മുകളില്‍ പൊടി നിറയ്ക്കും. ഇത് വൃത്തിയാക്കാന്‍ വെള്ളം കുറഞ്ഞ രീതിയിലുള്ള ഡ്രോണ്‍- റോബോട്ടിക് സംവിധാനങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. മരുഭൂമിയിലെ മണലില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തെക്കൂടി ഊര്‍ജ്ജമാക്കാന്‍ ഇരുവശങ്ങളിലും സെല്ലുകളുള്ള ഡ്യുവല്‍-ഫേഷ്യല്‍ പാനലുകള്‍ പാനലുകളാണ് ഉപയോഗിക്കുന്നത്. ഇത് ഉത്പാദനം 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നു.




ഇന്ന് ലോകത്തിലെ സോളാര്‍ പാനലുകളുടെ 80 ശതമാനത്തിലധികവും നിര്‍മ്മിക്കുന്നത് ചൈനയിലാണ്. സ്വന്തമായി നിര്‍മ്മിക്കുന്നതിനാല്‍ അവര്‍ക്ക് പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ചിലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ചൈനീസ് സര്‍ക്കാര്‍ സോളാര്‍ കമ്പനികള്‍ക്ക് വലിയ തോതില്‍ സാമ്പത്തിക സഹായവും കുറഞ്ഞ പലിശയ്ക്ക് ലോണുകളും നല്‍കുന്നു. ഇത് വന്‍കിട പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.

സാധാരണഗതിയില്‍ ഇത്തരം വലിയ പ്ലാന്റുകള്‍ 6 മുതല്‍ 8 വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നു. ബാക്കി 15-20 വര്‍ഷം ലഭിക്കുന്ന വൈദ്യുതി വലിയ ലാഭമാണ് നല്‍കുന്നത്. സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സിലിക്കണ്‍ മുതല്‍ ഗ്ലാസ് വരെ ചൈനയില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിനാല്‍, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 20-30% കുറഞ്ഞ ചിലവില്‍ അവര്‍ക്ക് പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നു. ഇത് ഒരു യൂണിറ്റ് വൈദ്യുതിയുടെ വില വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

കൊച്ചിയേക്കാള്‍ വലിയ സോളാര്‍ പാര്‍ക്ക്!

ചൈനയിലെ ചിന്‍ഹായ് പ്രവിശ്യയിലുള്ള റ്റാലത്താന്‍ സോളാര്‍ പാര്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റുകളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് പതിനായിരത്തിലധികം അടി ഉയരത്തിലുള്ള ഒരു അത്ഭുതമാണിത്. ഏകദേശം 600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ സോളാര്‍ പാര്‍ക്ക് വ്യാപിച്ചു കിടക്കുന്നത് (നമ്മുടെ കൊച്ചി നഗരത്തേക്കാള്‍ വലിയ വിസ്തൃതി!). ഇതില്‍ ദശലക്ഷക്കണക്കിന് സോളാര്‍ പാനലുകളുണ്ട്. ഉത്പാദന ശേഷി ഏകദേശം 16 ജിഗാവാട്ടിലധികം ആണ്.

റ്റാലത്താനിലെ ഏറ്റവും വലിയ പ്രത്യേകതയാണ്, സോളാര്‍ പാനലുകള്‍ക്കിടയിലെ ആട് കൃഷി. സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതോടെ ഭൂമിക്ക് തണല്‍ ലഭിക്കുകയും, മരുഭൂമി പോലെ കിടന്ന അവിടെ പുല്ല് വളരാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഈ പുല്ല് വളര്‍ന്ന് പാനലുകളെ മറയ്ക്കുന്നത് തടയാന്‍ ചൈന അവിടെ ആയിരക്കണക്കിന് ആടുകളെ മേയ്ക്കാന്‍ വിട്ടു. ഇതിനെ 'സോളാര്‍ ഷീപ്പ്' എന്ന് വിളിക്കുന്നു. ഇതോടെ് കര്‍ഷകര്‍ക്ക് വരുമാനവുമായി. ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

ഇത്രയും വലിയ പ്രദേശം മനുഷ്യര്‍ക്ക് നേരിട്ട് പോയി പരിശോധിക്കുക പ്രായോഗികമല്ല. അതിനാല്‍, പാനലുകള്‍ വൃത്തിയാക്കാനും തകരാറുകള്‍ കണ്ടെത്താനും റോബോട്ടുകളെയും ഡ്രോണുകളെയും ആണ് ഇവിടെ ഉപയോഗിക്കുന്നത്.ഈ പ്രോജക്റ്റ് വന്നതിനുശേഷം ആ പ്രദേശത്തെ കാറ്റിന്റെ വേഗത 50 ശതമാനം, കുറഞ്ഞതായും മണ്ണിലെ ഈര്‍പ്പം വര്‍ദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ആ പ്രദേശത്തെ മരുഭൂമിയില്‍ നിന്ന് പച്ചപ്പിലേക്ക് മാറ്റാന്‍ സഹായിച്ചു. ഏകദേശം 2.2 ബില്യണ്‍ ഡോളറാണ് (ഏകദേശം 18,000 കോടി രൂപ) ഈ പദ്ധതിക്കായി ചൈന പ്രാഥമികമായി നിക്ഷേപിച്ചിട്ടുള്ളത്. സോളാര്‍ കമ്പനികള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ബാങ്കുകള്‍ വഴി കുറഞ്ഞ പലിശയ്ക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നുണ്ട്.

ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഹെനാന്‍ പ്രവിശ്യയിലേക്കാണ് അയക്കുന്നത്. ഇതിനായി ലോകത്തിലെ തന്നെ അത്യാധുനികമായ 800 കെ വി അള്‍ട്രാ ഹൈ വോള്‍ട്ടേജ് ലൈനുകളാണ് ചൈന നിര്‍മ്മിച്ചിരിക്കുന്നത്. വെറുമൊരു വൈദ്യുതി നിലയം എന്നതിലുപരി പ്രകൃതിയെയും സാങ്കേതികവിദ്യയെയും കൂട്ടിയിണക്കിയ ഒരു വലിയ പരീക്ഷണശാല കൂടിയാണ് റ്റാലത്താന്‍.




അതുപോലെ ചൈനയിലെ മറ്റൊരു അത്ഭുതമാണ്, ഗാള്‍മുഡ് സോളാര്‍ പാര്‍ക്ക്. ക്വിങ്ഹായ് പ്രവിശ്യയിലെ ഗോള്‍മുഡ് നഗരത്തിന് കിഴക്ക് വശത്തുള്ള മരുഭൂമിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2011-ല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത സോളാര്‍ പ്ലാന്റ് ഇതിന്റെ ഭാഗമായിരുന്നു. നിലവില്‍ ഏകദേശം 2.8 ജിഡബ്ലിയു (2,800 മെഗാവാട്ട്) ശേഷിയുള്ള ഈ പാര്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുകളിലൊന്നാണ്. 80-ലധികം വിവിധ സോളാര്‍ പ്ലാന്റുകള്‍ ഈ പാര്‍ക്കിന് കീഴിലുണ്ട്. ടിബറ്റന്‍ പീഠഭൂമിയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2,800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കടുത്ത സൂര്യപ്രകാശവും തണുത്ത കാലാവസ്ഥയും ഇവിടെ പാനലുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പര്‍വതശിഖരങ്ങളിലും സോളാര്‍

ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളായ യുനാന്‍, സിചുവാന്‍ എന്നിവടങ്ങിലെ മനുഷ്യവാസമില്ലാത്ത പര്‍വതനിരകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഈ പ്രദേശങ്ങളില്‍ സമതലങ്ങള്‍ കുറവായതിനാലാണ് അവര്‍ മലഞ്ചെരുവുകള്‍ ഉപയോഗിക്കുന്നത്.

മനുഷ്യര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ പോലും ഡ്രോണുകളുടെ സഹായത്തോടെ സോളാര്‍ ഫാമുകള്‍ നിര്‍മ്മിച്ച് ചൈന ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഹെവി-ലിഫ്റ്റ് ഡ്രോണുകളാണ് ഇതില്‍ പ്രധാനം. കുത്തനെയുള്ള മലഞ്ചെരുവുകളിലേക്ക് റോഡുകള്‍ നിര്‍മ്മിക്കുന്നത് പ്രകൃതിക്ക് ദോഷമാണ്. അതിനാല്‍, 50 മുതല്‍ 100 കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പാനലുകളും മറ്റ് ഉപകരണങ്ങളും മലമുകളില്‍ എത്തിക്കുന്നു. ഇത് നിര്‍മ്മാണ സമയം പകുതിയായി കുറയ്ക്കാനും സഹായിക്കുന്നു.

ഡ്രോണുകള്‍ക്ക് പുറമെ, റോപ്പ്വേ താല്‍ക്കാലിക കേബിള്‍ കാറുകള്‍ നിര്‍മ്മിച്ച് സാധനങ്ങള്‍ മുകളിലേക്ക് എത്തിക്കാറുണ്ട്. മലയുടെ ചരിവിനനുസരിച്ചാണ് പാനലുകള്‍ സ്ഥാപിക്കുക. സൂര്യപ്രകാശം ലഭിക്കാന്‍ ഓരോ പാനലിന്റെയും കോണ്‍ പ്രത്യേകം കണക്കാക്കിയാണ് ഉറപ്പിക്കുന്നത്. മലനിരകളില്‍ കാറ്റ് കൂടുതല്‍ ഉള്ളതിനാല്‍ പാനലുകള്‍ പെട്ടെന്ന് ചൂടാകില്ല. ഇത് പാനലുകളുടെ പ്രവര്‍ത്തനക്ഷമതവര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിച്ച് മലയുടെ ഒരു ത്രീഡി മാതൃക നിര്‍മ്മിച്ചാണ് പാനലുകള്‍ എവിടെ വെക്കണം എന്ന് തീരുമാനിക്കുന്നത്.

കൃഷിഭൂമിയോ വനമോ നശിപ്പിക്കാതെ തന്നെ ഊര്‍ജ്ജം ഉത്പാദിപ്പിക്കാമെന്ന ഗുണം ഉണ്ടെങ്കിലും ഇതിലും വെല്ലുവിളികളുണ്ട്. പക്ഷേ കനത്ത മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമ്പോള്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാനലുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ അവിടെ എത്തി ശരിയാക്കുക എന്നതും വലിയ വെല്ലുവിളിയാണ്. മലനിരകളില്‍ പാനലുകള്‍ സ്ഥാപിക്കുന്നത് അവിടുത്തെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കുമോ എന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.

എ ഐ വഴിയുള്ള ഡിജിറ്റല്‍ ബ്രെയിന്‍

ചൈന സാങ്കേതികമായി എത്ര കണ്ട് വളര്‍ന്നു എന്ന് അറിയണമെങ്കില്‍ ഈ സോളാര്‍ പാടങ്ങളുടെ ഉള്ളുകള്ളികള്‍ അറിയണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൂര്യപ്രകാശത്തിന്റെ ലഭ്യത മുന്‍കൂട്ടി കണ്ട് വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ഗ്രിഡ് സംവിധാനം ചൈനക്കുണ്ട്. സൗരോര്‍ജ്ജ ഉത്പാദനത്തിലെ ഏറ്റവും വലിയ വെല്ലുവിളി അത് എപ്പോഴും ഒരുപോലെ ലഭിക്കില്ല എന്നതാണ്. രാത്രിയില്‍ ഉത്പാദനമില്ല, മേഘം വന്നാല്‍ ഉത്പാദനം കുറയും. ഈ പ്രശ്നം പരിഹരിക്കാനാണ് ചൈന എ ഐ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഗ്രിഡ് ഉപയോഗിക്കുന്നത്.

എ ഐ ഉപയോഗിച്ച് ഓരോ മിനിറ്റിലും കാലാവസ്ഥ നിരീക്ഷിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളും സെന്‍സറുകളും വിശകലനം ചെയ്ത്, ഏതൊക്കെ സോളാര്‍ പ്ലാന്റുകളില്‍ എപ്പോള്‍ മേഘം വരുമെന്നും എപ്പോള്‍ ഉത്പാദനം കുറയുമെന്നും പ്രവചിക്കുന്നു. ഇത് വൈദ്യുതി വിതരണത്തില്‍ പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഒരു പ്രദേശത്ത് സോളാര്‍ ഉത്പാദനം കുറയുമ്പോള്‍, മറ്റൊരു പ്രദേശത്തെ കാറ്റാടി നിലയങ്ങളില്‍ നിന്നോ, ജലവൈദ്യുത നിലയങ്ങളില്‍ നിന്നോ ഉള്ള വൈദ്യുതി സ്വയം ഗ്രിഡിലേക്ക് എത്തിക്കാന്‍ എഐക്ക് സാധിക്കും. മനുഷ്യസഹായം കൂടാതെ സെക്കന്റുകള്‍ക്കുള്ളില്‍ ഇത് നടക്കുന്നു.




സൂര്യപ്രകാശം കൂടുതലുള്ള സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി വലിയ ബാറ്ററികളില്‍ സംഭരിച്ചുവെക്കുന്നു. വൈകുന്നേരങ്ങളില്‍ വൈദ്യുതി ആവശ്യം കൂടുമ്പോള്‍ ഈ ബാറ്ററികളില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്യാന്‍ എ ഐ നിര്‍ദ്ദേശം നല്‍കുന്നു. ചൈനയിലെ സോളാര്‍ പ്ലാന്റുകള്‍ നഗരങ്ങളില്‍ നിന്ന് വളരെ ദൂരെയുളള മരുഭൂമികളിലാണ്. ഈ ദൂരത്തിനിടയില്‍ വൈദ്യുതി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എ ഐ ഉപയോഗിച്ച് ഏറ്റവും അനുയോജ്യമായ റൂട്ടിലൂടെ വൈദ്യുതി കടത്തിവിട്ട് ഈ നഷ്ടം കുറയ്ക്കുന്നു.

ലക്ഷക്കണക്കിന് സോളാര്‍ പാനലുകളില്‍ ഏതെങ്കിലും ഒന്നിന് തകരാര്‍ സംഭവിക്കാന്‍ പോകുന്നുണ്ടെങ്കില്‍ എ ഐ അത് തിരിച്ചറിയുകയും അറ്റകുറ്റപ്പണികള്‍ക്കായി അറിയിപ്പ് നല്‍കുകയും ചെയ്യും. ഇത് പ്ലാന്റ് പൂര്‍ണ്ണമായും നിലച്ചുപോകുന്നത് തടയുന്നു. ചുരുക്കത്തില്‍, ഒരു ട്രാഫിക് പോലീസ് റോഡിലെ തിരക്ക് നിയന്ത്രിക്കുന്നത് പോലെ, വൈദ്യുതിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഒരു 'ഡിജിറ്റല്‍ തലച്ചോറാണ്' ഈ സ്മാര്‍ട്ട് ഗ്രിഡ്.

പ്രകൃതിയെ നശിപ്പിക്കുന്നോ?

അതേസമയം ചൈനയിലെ മലയിരകളിലെ സൗരോര്‍ജ്ജ പദ്ധതികള്‍ പ്രകൃതിയെ നശിപ്പിക്കുമെന്ന് വിമര്‍ശനവുണ്ട്. ഇന്ത്യന്‍ വ്യവസായി ഹര്‍ഷ ഗോയങ്ക നേരത്തെ ഉയര്‍ത്തിയ ചര്‍ച്ച വളരെ പ്രസക്തമായ ഒന്നാണ്. വ്യവസായ ലോകത്തെ പ്രമുഖനായ അദ്ദേഹം ചൈനയിലെ മലനിരകള്‍ സോളാര്‍ പാനലുകള്‍ കൊണ്ട് മൂടിയിരിക്കുന്ന വീഡിയോ പങ്കുവെച്ചപ്പോള്‍ ചോദിച്ചത് 'ഈ ശുദ്ധമായ ഊര്‍ജ്ജം ശരിക്കും ശുദ്ധമാണോ?' എന്നാണ്. അതില്‍ നിരവധിപേര്‍ പ്രകൃതിഭംഗി നഷ്ടപ്പെടുന്നു എന്ന് കമന്റ് ചെയ്യുന്നുണ്ട്.

പച്ചപ്പും മനോഹരമായ കാഴ്ചകളുമുള്ള മലനിരകള്‍ വെള്ളി നിറത്തിലുള്ള പാനലുകള്‍ കൊണ്ട് മൂടുമ്പോള്‍ അവയുടെ സ്വാഭാവിക ഭംഗി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇത് വലിയ തിരിച്ചടിയാണ്. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ ഇതിനെ ഒരു വിഷ്വല്‍ പൊല്യൂഷന്‍ ആയാണ് കാണുന്നത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനായി പലപ്പോഴും മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുന്നു. ഇത് ആ മേഖലയിലെ വന്യജീവികളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും വിമര്‍ശനമുണ്ട്. കറുത്ത നിറത്തിലുള്ള പാനലുകള്‍ സൂര്യപ്രകാശം ആഗിരണം ചെയ്യുന്നത് വഴി ആ പ്രദേശത്തെ പ്രാദേശിക താപനിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. മലഞ്ചെരുവുകളില്‍ പാനലുകള്‍ സ്ഥാപിക്കുന്നത് മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തേക്കാം.

കൂടാതെ, 25 വര്‍ഷത്തിന് ശേഷം ഈ പാനലുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ അവ വലിയൊരു ഇലക്ട്രോണിക് മാലിന്യമായി മാറും. ഇവ ശരിയായ രീതിയില്‍ പുനരുപയോഗം ചെയ്തില്ലെങ്കില്‍ അത് വലിയ പരിസ്ഥിതി പ്രശ്നമാകുമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. പ്രകൃതിയെ തൊടാതെ തന്നെ സോളാര്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി

നഗരങ്ങളിലെ കെട്ടിടങ്ങളുടെ മുകളില്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വലിയ പാര്‍ക്കിംഗ് ഏരിയകള്‍ എന്നിവയുടെ മുകളില്‍. കനാലുകള്‍ക്ക് മുകളിളിലൊക്കെ ഇവയാവാം എന്നാണ് വാദം.

പക്ഷേ ചൈന ഇതൊന്നും മുഖവിലക്കേ എടുക്കുന്നില്ല. സോളാര്‍ പാനലുകള്‍ മൂലമുണ്ടാവുന്ന പരിസ്ഥിതി നാശം, നിസ്സാരമാണെന്നാണ് ചൈനീസ് ഊര്‍ജകമ്മീഷന്‍ വിലയിരുത്തുന്നത്. ബസ്റ്റാന്‍ഡിന് മുകളില്‍ സ്ഥാപിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങുള്ള മാസ് പ്രൊഡക്ഷനാണ് ഇവിടെ നടക്കുന്നത്. 25 വര്‍ഷംകഴിഞ്ഞ് ഇവ നശിച്ചാലും ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ച് അത് റീസൈക്കിള്‍ ചെയ്യാന്‍ കഴിയുമെന്നും ചൈനീസ് നേതൃത്വം പറയുന്നു.




പക്ഷേ എന്തൊക്കെപ്പറഞ്ഞാലും, ആഗോള കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ചൈനയുടെ നിലപാട് ഈ നിലപാട് വലിയ പ്രോത്സാഹനം അര്‍ഹിക്കുന്ന ഒന്നാണ്. ട്രംപ് ഭരണകൂടം കാലാവസ്ഥാ ഉടമ്പടികളില്‍ നിന്ന് പിന്മാറുമ്പോള്‍, ചൈന ആഗോള തലത്തില്‍ ഒരു ഹരിത സൂപ്പര്‍ പവറാവാനാണ് ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയായ രാജ്യം തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാണ്.

ചൈന വലിയ തോതില്‍ പാനലുകള്‍ നിര്‍മ്മിച്ചതുകൊണ്ടാണ് ഇന്ന് ഇന്ത്യയിലടക്കം സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ കഴിയുന്നത്. 2060-ഓടെ കാര്‍ബണ്‍ രഹിതമാകുക എന്ന ചൈനയുടെ ലക്ഷ്യം ആഗോള താപനില കുറയ്ക്കാന്‍ വലിയ രീതിയില്‍ സഹായിക്കും. ഭൂമിയുടെ നിലനില്‍പ്പിനായുള്ള ചൈനയുടെ ഈ 'ഗ്രീന്‍ വിപ്ലവം' തീര്‍ച്ചയായും വലിയൊരു ചുവടുവെപ്പാണ്.

വാല്‍ക്കഷ്ണം: ചൈനയുടെ ഏഴയലത്ത് എത്തില്ലെങ്കിലും, മരുഭുമികളെ സോളാര്‍ പാടങ്ങളാക്കാനുള്ള നീക്കം ഇന്ത്യയും തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ ഭദ്‌ല സോളാര്‍ പാര്‍ക്ക് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനക്ഷമമായ സോളാര്‍ പാര്‍ക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഗുജറാത്തിലെ ഒരു വരാനിരിക്കുന്ന സോളര്‍ പദ്ധതികളിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.