മൂന്ന് വർഷംമുമ്പ്, ഉയിഗൂർ മുസ്ലീങ്ങൾക്കെതിരെ ചൈന അഴിച്ചവിടുന്ന മനുഷ്യവകാശ ധ്വംസനങ്ങൾക്കെതിരെ, പാശ്ചാത്യ മാധ്യമങ്ങൾ ലോകമാകെ പ്രതിഷേധം അഴിച്ചുവിടുന്ന സമയം. അപ്പോഴാണ് ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ കേപ്പ് ടൈസ് എന്ന പത്രത്തിൽ, ചൈന ചെയ്യുന്നത് സാംസ്കാരിക ഏകീകരണമാണെന്നും, തീവ്രവാദത്തെ തടയുകയാണെന്നുമൊക്കെ പ്പറഞ്ഞ്, ഒരു വെളുപ്പിക്കൽ വാർത്ത പുറത്തുവരുന്നത്. പത്രത്തിന്റെ പ്രഖ്യാപിത പോളിസിക്ക് വിരുദ്ധമായിരുന്നു ഈ വാർത്ത. ഇത് എങ്ങനെ വന്നു അന്വേഷണമാണ് സ്വതന്ത്രമാധ്യമ പ്രവർത്തകനായ, കീത്ത് മാർട്ടിൻ നടത്തിയത്.

അപ്പോഴാണ് അദ്ദേഹം ദക്ഷിണാഫ്രിക്കൻ മാധ്യമ സ്ഥാപനങ്ങളിലെ ചൈനീസ് ഫണ്ടിങ്ങിനെക്കുറിച്ച് സംശയം പറയുന്നത്. അന്ന് ഉയർന്നുകേട്ട ഒരുപേരാണ്, ഇന്ന് ഇന്ത്യയിൽ വൻ വിവാദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതാണ്, ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘാം. ഇന്ത്യയിൽ അധികം ആരും വായിക്കാത്ത ഓൺലൈൻ മാധ്യമം 'ന്യൂസ് ക്ലിക്കി'ന്റെ എഡിറ്റർ അടക്കമുള്ളവരെ കുടുക്കിയതും ഇദ്ദേഹമാവുമായുള്ള ബന്ധമാണ്.

ന്യുയോർക്ക് ടൈസിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിനായി ചൈനക്ക് ഇതുപോലെയുള്ള പ്രൊപ്പഗൻഡാ മാനേജർമാർ ഉണ്ട്. ഇവരെ നേരിട്ട് നിയന്ത്രിക്കുന്നതും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്് തന്നെയാണ്. പ്രത്യക്ഷവും പരോക്ഷവുമായ ഫണ്ടിങ്ങിലൂടെ ചൈനക്ക് അനുകൂലമായ വാർത്തകൾ വരുത്തുകയാണ് ഇവരുടെ ലക്ഷ്യം. അതായത് ഇപ്പോൾ ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാധ്യമം, ഒരു മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ നിഗമനം.

ന്യൂസ്‌ക്ലിക്കിൽ സംഭവിക്കുന്നത്

2009-ൽ സ്ഥാപിതമായ ന്യൂസ്‌ക്ലിക്ക്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ നിശിത വിമർശകർ ആയാണ് അറിയപ്പെടുന്നത്. ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് 'ന്യൂസ് ക്ലിക്കി'ന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത, ഹ്യൂമൻ റിസോഴ്‌സസ് വിഭാഗം മാനേജർ അമിത് ചക്രവർത്തി എന്നിവരാണ് അറസ്റ്റിലായത്.
് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം കേസെടുത്ത ഡൽഹി പൊലീസ് 'ന്യൂസ് ക്ലിക്' ഓഫിസ് പൂട്ടി മുദ്രവെച്ചിരിക്കയാണ്.

പ്രബീർ പുരകായസ്ത, അമിത് ചക്രവർത്തി എന്നിവർക്കു പുറമെ സ്ഥാപനത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുമായ ഭാഷ സിങ്, ഊർമിളേഷ്, സുഹൈൽ ഹാഷ്മി, സഞ്ജയ് രജൗര, ഗീത ഹരിഹരൻ, അനുരാധ രാമൻ, സത്യം തിവാരി, അദിതി നിഗം, സുമേധ പാൽ, സുബോധ് വർമ, വിഡിയോ ജേണലിസ്റ്റ് അഭിസർ ശർമ, ശാസ്ത്രകാര്യ ലേഖകൻ ഡി. രഘുനന്ദൻ തുടങ്ങിയവരുടെ വസതികളിലും ചൊവ്വാഴ്ച പുലർച്ച ഡൽഹി പൊലീസ് സ്‌പെഷൽ ടീമിൽപെട്ടവർ കയറിച്ചെന്നിരുന്നു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്‌ജോയ് ഗുഹ ഠാകുർത്ത എന്നിവരുടെ വസതികളിലും സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ മുംബൈയിലെ വസതിയിലും റെയ്ഡ് നടന്നു. എ.കെ.ജി ഭവനിലെ ജീവനക്കാരനായ ശ്രീനാരായണ, മകനും ന്യൂസ് ക്ലിക് പ്രവർത്തകനുമായ സുമിത് കുമാർ എന്നിവർ താമസിക്കുന്ന സ്ഥലമെന്ന നിലക്കാണ് പൊലീസ് യെച്ചൂരിക്ക് നൽകിയിട്ടുള്ള കാനിങ് റോഡിലെ സർക്കാർ വസതിയിൽ എത്തിയത്. സുമിത് കുമാറിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പൊലീസ് കൊണ്ടുപോയി. ടീസ്റ്റ ഡയറക്ടറായ 'ട്രൈ കോണ്ടിനെന്റൽ' എന്ന കേന്ദ്രം ന്യൂസ് ക്ലിക്കിന് ലേഖനങ്ങൾ നൽകുന്നുവെന്നതായിരുന്നു ടീസ്റ്റയെ നോട്ടമിട്ടതിനു കാരണം.

ചൈനീസ് അനുകൂല പ്രചാരണത്തിന് അമേരിക്കൻ വ്യവസായി നെവിൽറോയ് സിംഘാം 38 കോടിയോളം രൂപ ഫണ്ടിങ് നടത്തിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി നപടി. സിംഘാമുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പ്രകാശ് കാരാട്ടിലൂടെ ന്യൂസ് ക്ലിക്കിലേക്ക് പണമെത്തിയിട്ടുണ്ടോയെന്നും ഇഡി അന്വേഷിച്ചിരുന്നു.

തങ്ങൾ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ നിരന്തരം വാർത്തകൾ കൊടുക്കുന്നതിന്റെ പ്രതികാര നടപടിയാണെന്നാണ് ന്യൂസ് ക്ലിക്ക് ഇതേക്കുറിച്ച് പറയുന്നത്. പക്ഷേ കമ്യൂണിസ്റ്റ് പ്രൊപ്പഗൻഡാ മെഷിനറികളെക്കുറിച്ച് പഠിച്ചുള്ള ആർക്കും അറിയാം, പണവും സഹായങ്ങളും കൊടുത്ത് തങ്ങൾക്ക് അനുകൂലമായി വാർത്തകൾ സൃഷ്ടിച്ചെടുക്കുക എന്നത് സ്റ്റാലിനും, മാവോയുമൊക്കെ കൃത്യമായി പരീക്ഷിച്ച പ്രചാരണ പരിപാടിതന്നെയാണ് ഇതെന്ന് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവും.

റഷ്യൻ പ്രൊപ്പഗാൻഡ ഫാക്ടറി

കമ്യൂണിസം പ്രചരിപ്പിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സോവിയറ്റ്കാലത്ത് കോടികൾ ചെലവിട്ട് വൻ പ്രചാരണം നടത്തിയിരുന്നു എന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. ലഘുലേഖകളായും, ആയുധമായും, ഗോതമ്പ് അടക്കമുള്ള ഭക്ഷ്യസാധനങ്ങളായും, അത് പലരീതിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമെത്തി. അമേരിക്കൻ ചാര സംഘടനയായ സിഐഎയെപ്പോലെ തന്നെ, സോവിയറ്റ് ചാരസംഘടനയായ കെജിബിയും വൻ തുക ചെലവിട്ട് തങ്ങളുടെ പ്രതിഛായ നിർമ്മാണം നടത്തിയിരുന്നു. ഒരുകാലത്ത് ഇന്ത്യയിലെ കമ്യുണിസ്റ്റുകൾക്ക് സോവിയറ്റ് ഫണ്ട് കിട്ടിയിരുന്നുവെന്ന് എം എൻ റോയിയുടെ ചില കത്തുകൾ ഉദ്ധരിച്ചുകൊണ്ട് പിൽക്കാലത്ത് വാർത്തകൾ വന്നിട്ടുണ്ട്.

പക്ഷേ ഇത് മൂർധന്യത്തിലെത്തിയത് സ്റ്റാലിൻ കാലത്താണ്. അക്കാലത്തെ രു പ്രഖ്യാപിത കമ്യൂണിസ്റ്റ് നയമായി മാറി വ്യാജ സമ്മതിയുടെ നിർമ്മിതി. സ്റ്റാലിൻ കുട്ടികൾക്ക് പൂച്ചെണ്ട് കൊടുക്കുന്നതിന്റെ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കാനും എന്തിന് യോഗങ്ങളിൽ അദ്ദേഹത്തിനുവേണ്ടി കയ്യടിക്കാൻപോലും പ്രത്യേകം ആളുകൾ ഉണ്ടായിരുന്നു. ഇത് കൃത്യമായി ലോകത്തിലെ മറ്റുരാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് എത്തിച്ചുകൊടുക്കാനും, സ്റ്റാലിനുവേണ്ടിയുള്ള പ്രചാരണത്തിൽ അവരെയും പങ്കാളിയാക്കാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു.

തീർത്തും ആസൂത്രിതമായ ഒരു പബ്ലിക്ക് റിലേഷൻ വർക്കിലൂടെ അടിനെ പട്ടിയാക്കാൻ അവർക്ക് കഴിയുമായിരുന്നു. ചെർണോബിൽ ദുരന്തകാലത്തെ രാഷ്ട്രീയ പിടിപ്പുകേടുകൾ ഒന്നും അതുകൊണ്ടാണ് പുറത്തുവരാത്തത് അതുകൊണ്ടായിരുന്നു. പിന്നീട് പാശ്ചാത്യ മാധ്യമങ്ങൾ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇതിന്റെയൊക്കെ ഉള്ളുകള്ളികൾ പുറത്തുവന്നത്.

സ്വന്തം ജനതക്കുമേൽ അതിമാരകമായി അതിക്രമം നടത്തുമ്പോഴും, സ്റ്റാലിനെ കുഞ്ഞാടാക്കിയുള്ള പ്രചാരണമാണ് കേരളത്തിലടക്കം നടന്നത്. ഇവിടെ പ്രമുഖരായ കവികളും എഴുത്തുകാരുമൊക്കെ സ്റ്റാലിനെയും, സോവിയറ്റ് സോഷ്യലിസത്തെയും വാഴ്‌ത്തുകയായിരുന്നു. അതുപോലെ തന്നെ സോവിയറ്റ് സാഹിത്യം കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിയിരുന്നു. കുറഞ്ഞ ചെലവിൽ ഈ പുസ്തകങ്ങൾ എത്തുന്നതിന് പിന്നിലും, കൃത്യമായ ഫണ്ടിങ്ങ് ഉണ്ടെന്നത് വ്യക്തമാണ്.

റഷ്യയും അതിന്റെ ഉപഗ്രഹ രാജ്യങ്ങളുമുൾപ്പെടെ സോവിയറ്റ് യൂണിയന്റെ സാഹിത്യം പ്രചരിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന മോസ്‌കോ ആസ്ഥാനമായുള്ളഒരു സാഹിത്യ മാസികയായിരുന്നു സോവെറ്റ്സ്‌കയ ലിറ്ററേച്ചുറ. 1946ലാണ് ഈ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, ഹംഗേറിയൻ, പോളിഷ്, ചെക്ക്, സ്ലോവാക് തുടങ്ങി നിരവധി ഭാഷകളിൽ ഇറക്കിയ ഇത് 1990 വരെ തുടർച്ചയായി പ്രവർത്തിച്ചു, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലോടെ പ്രസിദ്ധീകരണം അവസാനിച്ചു. ഇവരിലൂടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ആദ്യകാലത്ത് സോവിയറ്റ് ഫണ്ട് എത്തിയിരുന്നത്. ഗോർബച്ചേവിന് ശേഷം ബോറിസ് യെൽസിൻ അധികാരത്തിലേറിയപ്പോൾ, ഇതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടതാണ്.

റഷ്യയെ ഞെട്ടിക്കുന്ന ചൈനീസ് പ്രചാരണം

എന്നാൽ സ്റ്റാലിനെ കടത്തിവെട്ടുന്ന അതി ശക്തമായ പ്രൊപ്പഗൻഡ മാനേജ്മെന്റ് ടീം ആണ് മാവോയുടെ കാലം തൊട്ടുതന്നെ ചൈനയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഷീ ജൻ പിങ്ങ് ഭരണത്തിൽ അത് പതിനായിരങ്ങളായി. 50 സി അഥവാ ഫിഫ്റ്റി സെന്റ് ആർമി എന്ന് ് കളിയാക്കപ്പെടുന്ന ഒരു വമ്പൻ പടയെ ഇന്റർനെറ്റ് കമന്റുകൾ എഴുതാൻ ചുമതലപ്പെടുത്തി നിർത്തിയിട്ടുള്ള രാജ്യമാണ് ചൈന. 2017 ലെ ഒരു പഠനത്തിൽ റിപ്പോർട്ട് ചെയ്തുകാണുന്നത് , ഒരൊറ്റ വർഷത്തിൽ , 44.8 കോടി സോഷ്യൽ മീഡിയ കമന്റുകൾ ചൈനീസ് സർക്കാർ ഇങ്ങനെ പടച്ചു വിടുന്നുണ്ട് എന്നാണ്. ഇപ്പോൾ അത് 50 കോടി കമൻസായി എന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്്!

അതായത് എന്ത് നുണയും സത്യമാക്കി തള്ളി മറക്കാൻ കൂലിക്ക് ആയിരക്കണക്കിന് ആളുകൾ ചൈനക്കുണ്ടെന്ന് വ്യക്തം. അതിന്റെ അനുരണനങ്ങളാണ് ഇപ്പോൾ ഇന്ത്യയിലും കാണുന്നത്. കോവിഡ് കാലത്ത് ചൈനയുടെ പ്രതിഛായ കൃത്രിമമായി നിർമ്മിച്ചത് ഈ 50 സെന്റ് ആർമിയാണ്.

ആറുദിവസം കൊണ്ട് ആയിരം ബെഡ്ഡുള്ള ആശുപത്രി നിർമ്മിച്ചതുതൊട്ട്, കോവിഡിനെ പിടിച്ചുകെട്ടിയതുവരെയുള്ള ചങ്കിലെ ചൈനാ തള്ളുകളുമായി കേരളത്തിലെ സൈബർ സഖാക്കളും രംഗത്തുണ്ട്. ഈ ദുരന്തം ലോകത്തിന് സമ്മാനിച്ചത് ഓർക്കാതെ ചൈന ഇപ്പോൾ കോവിഡ് മഹാവിജയം ആഘോഷിക്കയാണ്. കേരളത്തിൽ ചൈനയും ക്യൂബയും കാണിച്ചത് മഹാ മാതൃകയായി ദേശാഭിമാനി എഡിറ്റോറിയൽ എഴുതുന്നു. വലതുപക്ഷ മുതലാളിത്ത രാജ്യങ്ങൾക്ക് കോവിഡിനെ ചെറുക്കാൻ കഴിഞ്ഞില്ലെന്നും ഇവിടെയും ചൈനയും കമ്യൂണിസവും മാതൃകയാണെന്നും. ഇത് കേവലും ദേശാഭിമാനിയുടെ മാത്രം പ്രശ്നമല്ല. ലോക വ്യാപകമായി അങ്ങനെ ഒരു ഡിബേറ്റ് നടന്നിരുന്നു്.

കോവിഡ് മഹാമാരിയെ തടയിടുന്നത് മാതൃകയായി ഗാർഡിയൻപോലുള്ള ഇടതുപക്ഷ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് കമ്യൂണിസ്റ്റ് ചൈനയുടെ ഇടപെടലാണ്. ഇറ്റലിയും ജർമ്മനിയും ബ്രിട്ടനും അടക്കമുള്ള ലിബറൽ ജനാധിപത്യ സമൂഹങ്ങളിൽ കൊറോണ പടരുന്നത് ആ നാട്ടിലെ വ്യവസ്ഥതിയുടെ കുഴപ്പമാണെന്നും അതുകൊണ്ടുതന്നെ എല്ലാം കർശനമായ കമ്യുണിസ്റ്റ് രീതിയാണ് മഹാമാരികളെ നേരിടാൻ ഫലപ്രദമെന്ന് കേരളത്തിൽവരെ ചർച്ച വന്നു കഴിഞ്ഞു. ബ്രിട്ടനും അമേരിക്കയും പോലുള്ള ജനാധിപത്യങ്ങൾ ഒട്ടും അച്ചടക്കമില്ലാത്ത ഒരു സമൂഹത്തിനെയാണ് സൃഷ്ടിക്കുന്നത് എന്നും അങ്ങനെ ഒരു സമൂഹം സർക്കാർ നൽകുന്ന നിർദ്ദേശങ്ങളെ അട്ടിമറിക്കുന്നത്കൊണ്ട് പ്രതിരോധങ്ങളുടെ ഫലസിദ്ധി തുലോം തുച്ചമാകും എന്നുമൊക്കെയാണ് പ്രചാരണങ്ങൾ. പക്ഷേ ഇതിന്റെ വാസ്തവവും ലോകത്തിലെ ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പക്ഷേ പമുഖ എപ്പിഡമോളജിസ്റ്റും ഡച്ച് എഴുത്തുകാരിയുമായ ഡോ. ജിയോവന്നി റെസ പറയുന്നത്, ഈ ദുരന്തം ഉണ്ടാക്കിവെച്ചതുതന്നെ ചൈനയുടെ അനാസ്ഥമൂലമാണെന്നാണ്. -''ലോകാരോഗ്യസംഘടനപോലും മുന്നറിയിപ്പ് നൽകിയിട്ടും ചൈന തങ്ങളുടെ നാട്ടിൽ ഉണ്ടായതുകൊറോണയെന്ന പകർച്ചവ്യാധിയാണെന്ന് അംഗീകരിച്ചില്ല. ഇതാണ് പ്രശ്നം രൂക്ഷമാക്കിയതും മഹാമാരി ലോകം മുഴവൻ എത്താൻ ഇടയാക്കിയതും. അതുപോലെതന്നെ ദക്ഷിണകൊറിയയും തായ്വാനും പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങൾ ചൈന നടത്തിയതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടത്താതെതന്നെ, തീർത്തും ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെയാണ് കോവിഡിനെ നിയന്ത്രിച്ചത്. ചൈനയല്ല, ദക്ഷിണ കൊറിയയും തായ്വാനും കോവിഡിനെ നേരിട്ടതാണ് നാം മാതൃകയാക്കേണ്ടത്'- ഡോ. ജിയോവന്നി ചൂണ്ടിക്കാട്ടി.

കോവിഡ് അതിന്റെ പ്രഭവ കേന്ദ്രത്തിൽ തന്നെ ഒതുക്കാതെ ലോകം മുഴവൻ പടർത്തിയത് ചൈനയാണ്. എന്നിട്ടും കോവിഡ് കാലത്ത് ചൈന രക്ഷകർ എന്ന നിലയിൽ ഇന്ത്യയിൽപ്പോലും വാർത്തകൾ വന്നു. അതിന് പിന്നിൽ പ്രവർത്തിച്ചത് കൃത്യമായ പ്രൊപ്പഗാൻഡ് മെഷിനറിയാണ്. ഷീ ജിൻ പിങ്് അധികാരമേറ്റതിനുശേഷം, ചൈനയിലെ കോടീശ്വരന്മാർക്ക് കൊടുത്ത ഒരു നിർദ്ദേശം രാജ്യത്തിന്റെ പ്രതിഛായ മെച്ചെപ്പടുത്തുന്നതിനായിട്ട് പ്രതികരിക്കണം എന്നായിരുന്നു. ആ രീതിയിലുള്ള ഒരു പ്രചാരണ മെഷീനറിയുടെ ഒരറ്റമാണ് ഇപ്പോൾ പുറത്തുകാണുന്നത്.

ന്യുസ്‌ക്ലിക്കിന് പിന്നിലും 40 സി ആർമി?

കോവിഡ് കാലത്ത് ന്യൂസ് ക്ലിക്ക് ചൈനീസ് മോഡലിനെ പ്രകീർത്തിച്ച് ഇറക്കിയ വർത്തകൾ നോക്കുക. 'കോവിഡ്-19 പാൻഡെമിക് ഉൾക്കൊള്ളാനുള്ള ചൈനയുടെ നടപടികൾ' ഉയർത്തിക്കാട്ടുന്ന ലേഖനങ്ങളുടെ ഒരു പരമ്പരയാണ് ഈ പാർട്ടൽ പ്രസിദ്ധീകരിച്ചു. 'ചൈനയുടെ ചരിത്രം തൊഴിലാളി വർഗങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു' എന്ന തലക്കെട്ടിൽ ഒരു വീഡിയോയും ചെയ്തു. ഇതൊക്കെയാണ് സംശയം വർധിപ്പിക്കുന്നത്. മാസങ്ങളായി ന്യൂസ് ക്ലിക്ക് നിരീക്ഷണത്തിലായിരുന്നു. ചൈനയുടെ പിന്തുണയുള്ള ഒരു മീഡിയ മെഷീനുമായി വെബ് പോർട്ടലിനെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കോർഡിനേറ്റർ ആയിട്ടാണ്, നവിൽ റോയ് സിംഘാം വിലയിരുത്തപ്പെടുന്നത്. ഇത്തരം ഫണ്ടിങ്ങിന് പിന്നിലും ഷീ ജിൻ പിങ്് നേരിട്ട് നിയന്ത്രിക്കുന്ന 40 സെന്റ്് ആർമിയാണെന്ന പ്രചാരണവുമുണ്ട്.

പുകയില്ലാത്ത യുദ്ധം എന്ന് കമ്യൂണിസ്റ്റ് അധികാരികൾ വിശേഷിപ്പിക്കുന്ന പ്രവർത്തനത്തിന്റെ മുന്നണി പോരാളിയാണ് സിംഘവും കൂട്ടാളികളും. ഷി ജിങ് പിങ് അധികാരത്തിലെത്തിയതോടെ സർക്കാർ മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലമാക്കിയിരുന്നു. ഇതുകൂടാതെ അന്താരാഷ്ട സ്ഥാപനങ്ങളുമായി സഹകരണം, വിദേശ ഇൻഫ്‌ളുവൻസർമാരെ പ്രോത്സാഹിപ്പിക്കലും എല്ലാം നടക്കുന്നു. കമ്യൂണിസ്റ്റ് ആശയപ്രചാരണത്തെ വിശ്വാസയോഗ്യമായ, സ്വതന്ത്ര ഉള്ളടക്കമായി അവതരിപ്പിക്കലാണ് ഈ മാധ്യമസ്ഥാപനങ്ങളുടെ എല്ലാം ലക്ഷ്യം. സിംഘത്തിന്റെ ഗ്രൂപ്പ് ഇത്തരത്തിൽ നിരവധി യൂടൂബ് വീഡിയോകൾ പ്രചരിപ്പിക്കുന്നു. ചൈനയ്ക്ക് വേണ്ടി ചെയ്ത ഒരുവീഡിയോയിൽ ചൈനീസ് ചരിത്രം തൊഴിലാളി വർഗ്ഗത്തെ പ്രചോദിപ്പിക്കുന്നത് തുടരുന്നു എന്ന് പറയുന്നുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോകൾ കാണുന്നത്.

ദുരൂഹതകളുടെ  നെവിൽ റോയ്

കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ, ചൈനീസ് പക്ഷപാതിയായ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘം ഫണ്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ന്യൂസ് ക്ലിക്ക് എന്ന് ആരോപിച്ചിരുന്നു. 2021 ൽ തന്നെ ഈ ന്യൂസ് പോർട്ടലിന്റെ ഫണ്ടിങ് നിരീക്ഷണത്തിലായിരുന്നു.

ഐടി കൺസൾട്ടിങ് സ്ഥാപനമായ തോട്ട് വർക്ക്‌സിന്റെ സ്ഥാപകനാണ് നെവിൽ റോയ് സിംഘം. യുഎസിൽ, 1954 മെയ് 13 നാണ് സിംഘത്തിന്റെ ജനനം. ഇടത് അക്കാദമിക് ബുദ്ധിജീവിയായ ആർകിബാൾഡ് സിംഘമാണ് പിതാവ്. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനും അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ പൊളിറ്റിക്കൻ സയൻസ് അദ്ധ്യാപകനുമായിരുന്നു. ശ്രീലങ്കക്കാരനായ ആർകിബാൾഡ് സിംഘം, ഹാർവാർഡ്, മാഞ്ചസ്റ്റർ അടക്കമുള്ള ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളിൽ അദ്ധ്യാപകനും അമേരിക്കയുടെ അധിനിവേശ പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിമർശകനും ആയിരുന്നു.1 991 ൽ മരണമടയും വരെ, ന്യൂയോർക്കിലെ സിറ്റി സർവകലാശാലയിൽ ബ്രൂക്ലിൻ കോളേജിൽ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായിരുന്നു ആർകിബാൾഡ്.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിലാണ് സിംഘം ബിരുദം നേടിയത്. സോഫ്‌റ്റ്‌വെയർ സംരംഭകനായിട്ടാണ് കരിയർ തുടങ്ങിയത്. വിദ്യാർത്ഥി കാലത്ത് തന്നെ ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളിലായിരുന്നു പ്രവർത്തനം.തോട്ട് വർക്‌സ് എന്ന ഐ.ടി. കൺസൾട്ടിങ് സ്ഥാപനത്തിന്റെ സ്ഥാപകനായ അദ്ദേഹം പിന്നീട് വാവെയുടെ ടെക്‌നിക്കൽ കൺസൾട്ടന്റ് ആയിരുന്നു. ഐ.ടി. ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയവയും ലോകോത്തര ബാങ്കുകളും അടക്കമുള്ളവ ഇവരുടെ ക്ലയന്റുകളായിരുന്നു. 2000-ന്റെ അവസാനത്തോടെ പ്രതിവർഷം 30 ശതമാനത്തോളം വളർച്ചനേടിയിരുന്നു, കമ്പനി. 2017-ൽ 785 മില്യൺ ഡോളറിന് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പക്‌സ് പാർട്ട്‌നേഴ്‌സിന് തോട്ട് വർക്‌സ് വിറ്റു. പിന്നീട് പൂർണസമയ ആക്ടിവിസ്റ്റ് ആയി മാറി.

ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലാണ് സിംഘത്തിന്റെ ശൃംഖല ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതായി ആരോപിച്ചത്. ചൈനീസ് സർക്കാരിന്റെ ചില വാദമുഖങ്ങൾ ന്യൂസ് ക്ലിക്കിൽ വന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കോഡ് പിങ്കിന്റെ സഹസ്ഥാപകയായ ആകറ്റിവിസ്റ്റ് ജോഡി ഇവാൻസിനെയാണ് സിംഘം വിവാഹം കഴിച്ചത്. ഒരുകാലത്ത് ചൈനയുടെ കടുത്ത വിമർശകരായിരുന്ന കോഡ് പിങ്ക് അടുത്ത കാലത്ത് ചൈനാവാദികളായി മാറിയെന്നും ന്യൂയോർക്ക് ടൈംസ് ആരോപിക്കുന്നു. ചൈനയിലെ ഷാങ്ഗായിൽ ടൈംസ് സ്‌ക്വയറിന്റെ 18 ാം നിലയിലാണ് സിംഘത്തിന്റെ ഓഫീസ്. സിംഗത്തിന്റെ നെറ്റ് വർക്കിലെ ഒരു സ്ഥാപനമാണ് ഷാങ്ഗായി നഗരത്തിലെ പ്രചാരണ വകുപ്പുമായി ബന്ധപ്പെട്ട യൂടൂബ് ഷോയുടെ സഹനിർമ്മാതാക്കൾ എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ലക്ഷ്യം ചൈനയുടെ പ്രതിഛായ നിർമ്മാണം

ചൈനയുടെയും ആരാധകനാണെന്നു താനെന്ന് സിംഘം തുറന്നുപറഞ്ഞിട്ടുണ്ട്. മാവോയിസത്തോടാണ് കൂറ്. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ ഇടങ്ങളിൽ ഗവേഷണ-അക്കാദമിക കാര്യങ്ങൾക്കായി പണം മുടക്കിയിട്ടുണ്ട. ലോകത്ത് വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും അക്കാദമിക-മാധ്യമ സ്ഥാപനങ്ങൾക്കും പണം ചെലവഴിക്കുന്ന കാര്യവും 69 കാരനായ സിംഘം വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ വിഭാഗവുമായി നേരിട്ട് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ റിട്ടയേഡ് എന്നാണ് കാണിക്കുന്നത്.

നിരവധി അമേരിക്കൻ ചാരിറ്റി, ലാഭേതര ഗ്രൂപ്പകളുമായി സിംഘത്തിന് ബന്ധമുണ്ടെന്നും, ആ ഗ്രൂപ്പുകളിലൊക്കെ അദ്ദേഹത്തിന്റെ അജണ്ട പ്രചരിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുകയാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രചാരണ ഗ്രൂപ്പുകൾക്കെല്ലാം, അമേരിക്കൻ ലാഭേതര സ്ഥാപനങ്ങളാണ് ഫണ്ട് നൽകുന്നത്. 275 മില്യൻ ഇങ്ങനെ സംഭാവനകളിലൂടെ ഈ ഗ്രൂപ്പുകൾക്ക് കിട്ടി.

ഉയിഗർ നരഹത്യയെ നിഷേധിക്കുകയും, റഷ്യയുടെ അധിനിവേശ നീക്കങ്ങൾക്ക് വേണ്ടി ലോബിയിങ് നടത്തുന്ന ആളുമാണ് നെവിൽ റോയ് സിംഘം. 2009 ൽ 50 ഉന്നത ആഗോള ചിന്തകരിൽ ഒരാളായി ഫോറിൻ പോളിസി മാഗസിൻ തിരഞ്ഞെടുത്തിരുന്നു. സമീപകാലത്ത് രാഷ്ട്രീയ ആക്ടിവിസത്തിലാണ് കൂടുതൽ താൽപര്യം.

നെവിൽ റോയ് സിംഘവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇ മെയിൽ വഴി നടത്തിയ ആശയവിനിമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിക്കുന്നതായി ഓഗസ്റ്റിൽ വാർത്തകൾ വന്നിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിനായി 'ന്യൂസ് ക്ലിക്കിന് സിംഘം പണം നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിലേക്കും നീളുന്നത്.

ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കും കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് 2021 ജനുവരിയിൽ അയച്ച ഇ മെയിലിൽ കാരാട്ട് അഭിപ്രായപ്പെട്ടതായി ഇ ഡി വൃത്തങ്ങൾ പറഞ്ഞിരുന്നു. കാരാട്ടും സിംഘവും തമ്മിൽ ഇ മെയിലിൽ ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ബിജെപി എം പി നിഷികാന്ത് ദൂബെ ലോക്‌സഭയിൽ ആരോപിച്ചിരുന്നു. ബിജെപിയുടെ വർഗീയ അജണ്ടയെ നിരന്തരം നേരിടുന്ന ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നായിരുന്നു സിപിഎം ഈ ആരോപണങ്ങളോട് പ്രതികരിച്ചത്.

പണം കിട്ടിയത് ആർക്കൊക്കെ?

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിൽ ഡൽഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസ് ഇഡി റെയ്ഡ് ചെയ്തിരുന്നു. മൂന്ന് വർഷത്തിനിടെ ന്യൂസ്‌ക്ലിക്കിന് 4.56 മില്യൺ ഡോളർ (38 കോടി രൂപ) വിദേശ ധനസഹായം ലഭിച്ചതായി ഇ ഡി പറയുന്നത്. സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ കുടുംബാംഗങ്ങൾക്ക് 40 ലക്ഷം രൂപയും, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പരഞ്‌ജോയ് ഗുഹ താക്കുർത്തയ്ക്ക് 72 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് പണം കൈമാറിയതും ഇ ഡി പരിശോധിക്കുന്നുണ്ട്.

ജയിലുള്ള ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് 17.08 ലക്ഷം രൂപയും, സിപിഎം ഐടി സെൽ അംഗവും ന്യൂസ് ക്ലിക്കിന്റെ ഓഹരി പങ്കാളിയുമായ ബപ്പാദിത്യ സിൻഹയ്ക്ക് 97.32 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് 'ശമ്പള'മായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ന്യൂസ്‌ക്ലിക്കിനും അതിന്റെ പ്രൊമോട്ടർമാർക്കും മറ്റുള്ളവർക്കുമെതിരെയുള്ള ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി, സിംഘവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് 86 കോടിയിലധികം രൂപയുടെ വിദേശ ഫണ്ട് നിക്ഷേപം അതിന്റെ ഹോൾഡിങ് കമ്പനിയിലേക്ക് (പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്) വന്നതും ഇഡി അന്വേഷിക്കുന്നുണ്ട്.

മൊത്തം 38 കോടി രൂപയിൽ 9.59 കോടി രൂപയും ന്യൂസ്‌ക്ലിക്കിലേക്ക് വിദേശ നേരിട്ടുള്ള നിക്ഷേപത്തിലൂടെ (എഫ്ഡിഐ) നിക്ഷേപിച്ചതായി ഇഡി വെളിപ്പെടുത്തി. ബാക്കിയുള്ളവ സേവനങ്ങളുടെ കയറ്റുമതി വഴിയാണ് വന്നത്.
2018 ഏപ്രിലിൽ ന്യൂസ്‌ക്ലിക്കിന്റെ (ജനുവരി 2018ൽ രജിസ്റ്റർ ചെയ്ത നഷ്ടത്തിലായ കമ്പനി) ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷൻ വഴി 9.59 കോടി രൂപയുടെ എഫ്ഡിഐ ലഭിച്ചു.

ഇഡി പറയുന്നതനുസരിച്ച്, ന്യൂസ് കിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത 2017 മുതൽ നെവിൽ റോയ് സിംഗാമിനെ അറിയാമായിരുന്നു. എന്നിരുന്നാലും, ചോദ്യം ചെയ്യലിൽ, പ്രബീർ ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. സിംഘമിൽ നിന്ന് പ്രബീറിലേക്ക് ഫണ്ട് കൈമാറ്റം ചെയ്യപ്പെട്ടത്ഇടതുപക്ഷ പ്രത്യയശാസ്ത്രം പ്രാത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണെന്നും ഇഡി ആരോപിക്കുന്നു.

ഇഡിയുടെ അന്വേഷണഫലം അനുസരിച്ച്, മൊത്തം 38.05 കോടി രൂപയുടെ ഉത്ഭവം ചൈനയിലെ ഒരു അജ്ഞാത ഉറവിടത്തിൽ നിന്നാണ്. ന്യൂസ്‌ക്ലിക്കിലെ ഷെയർഹോൾഡറായ അമിത് ചക്രവർത്തി, മൊഴിനൽകിയത് അമേരിക്കയിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ ആത്യന്തിക ഉടമ നെവിൽ റോയ് സിംഘമാണെന്ന് പരാമർശിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇലക്ട്രീഷ്യനും, പ്രബീർ പുരകായസ്തയുടെ അനുയായിയുമായ ജോസഫ് രാജിന് ചെറിയ അറ്റകുറ്റപ്പണികൾക്കായി 1.55 കോടി രൂപ വിതരണം ചെയ്തു. അന്വേഷണത്തിൽ ഇത്രയും വലിയ തുക നൽകാനുള്ള കാരണം വെളിപ്പെട്ടില്ല. സിപിഐ എമ്മിന്റെ ഐടി സെല്ലിലെ അംഗവും വിവിധ പാർട്ടി നേതാക്കൾക്കായി ട്വിറ്റർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരുമായ ന്യൂസ്‌ക്ലിക്കിലെ മറ്റൊരു ഷെയർഹോൾഡറായ ബപ്പാദിത്യ സിൻഹയ്ക്ക് സിൻഹയ്ക്ക് 52.09 ലക്ഷം രൂപ നൽകി.

ഇ ഡി റിപ്പോർട്ട് പ്രകാരം തുക കൈപ്പറ്റിയവർ ഇവരാണ്. ടീസ്റ്റ സെതൽവാദിന്റെ ഭർത്താവ് ജാവേദ് ആനന്ദ് (12.61 ലക്ഷം രൂപ),ടീസ്റ്റ സെതൽവാദിന്റെ മകൾ താമര (10.93 ലക്ഷം രൂപ),ടീസ്റ്റ സെതൽവാദിന്റെ മകൻ ജിബ്രാൻഗൗതം നവ്‌ലാഖ (20.53 ലക്ഷം രൂപ) ഊർമ്മിളേഷ് (22.78 ലക്ഷം രൂപ) അരാർത്തിക ഹാൽഡർ, പരഞ്‌ജോയ് ഗുഹ താക്കുർത്തയ്ക്ക (40.04 ലക്ഷം രൂപ), തൃണ ശങ്കർ, അഭിഷാർ ശർമ്മ (45.69 ലക്ഷം രൂപ), ബപ്പാദിത്യ സിൻഹ, (52.09 ലക്ഷം രൂപ). സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ് ഈ കണക്കുകൾ. കേവലം മോദിപ്പേടികൊണ്ട് മൂടിവെക്കാവുന്നവയല്ല ഇവയൊന്നും.

വാൽക്കഷ്ണം: അമേരിക്കൻ ഫണ്ട്, കോർപ്പറേറ്റ് ഫണ്ട് എന്നൊക്കെപ്പറഞ്ഞ് നിരന്തരം പ്രചാരണം നടത്തിയവരാണ് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകൾ. ഇപ്പോൾ ചൈനീസ് ഫണ്ടിനെക്കുറിച്ച് പറയുമ്പോൾ അവർക്ക് മിണ്ടാട്ടം മുട്ടുകയാണ്.