- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ എങ്ങനെ കൊല്ലണം? തൂക്കിക്കൊല്ലണോ, വിഷം കൊടുക്കണോ, അതോ, ഇലട്രിക്ക് കസേരിയിൽ ഇരുത്തി ഷോക്കടിപ്പിച്ച് കൊല്ലണോ? (നാടോടിക്കാറ്റ് സിനിമയിലെ പവനാഴി പറഞ്ഞതുപോലെ മലപ്പുറം കത്തിയും അമ്പുവില്ലുമൊന്നപോലെയല്ല വളരെ ഗൗരവമായ ചർച്ചയാണ്.) ഇതെല്ലാം പാകൃതമാണെന്ന് പറഞ്ഞ് അമേരിക്കയിലെ അലബാമയിൽ കൊണ്ടുവന്ന പുതിയ ഒരു രീതി അതിനേക്കാൾ വിമർശിക്കപ്പെടുകയാണ്. അതാണ് നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ. ഇത് ഭീകരമാണെന്ന് ജയിൽ ജീവനക്കാരുടെ അനുഭവങ്ങൾവരെ പുറത്തുവന്നതോടെ അമേരിക്കൻ മാധ്യമങ്ങളിലും ഇത് വലിയ ചർച്ചയാണ്. എങ്ങനെ മനുഷ്യനെ പരമാവധി വേദനയില്ലാതെ കൊല്ലാം എന്നതാണ് അന്വേഷണം. അതോടൊപ്പം വധശിക്ഷ നിർത്തുന്നതിനെ കുറിച്ചും വലിയ കാമ്പയിൻ നടക്കുന്നുണ്ട്.
കൊലപാതകക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കെന്നത്ത് യൂജീൻ സ്മിത്തിനെയാണ് അലബാമയിലെ ജയിലിൽ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കിയത്. വ്യാഴാഴ്ച രാത്രി 8.25ന് ഇയാൾ മരണപ്പെട്ടു. പ്രത്യേക മാസ്‌ക് ഉപയോഗിച്ച് നൈട്രജൻ ശ്വസിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. ഓക്‌സിജന്റെ അഭാവത്തോടെ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ വധശിക്ഷ 22 മിനുട്ട് നീണ്ടുനിന്നു. കൊലയാളി മിനിറ്റുകളോളം കിടന്ന് പുളയുന്ന കാഴ്ച കണ്ടുനിൽക്കാൻ ആവില്ലായിരുന്നുവെന്ന് ആത്മീയ ഉപദേഷ്ടാവ് റവ. ജെഫ് ഹുഡ് പ്രതികരിച്ചു. വധശിക്ഷ നിരീക്ഷിച്ച നിരവധി പേരിൽ ഒരാളായിരുന്നു ഈ പുരോഹിതൻ. ജയിൽ ജീവനക്കാർക്ക് പോലും കാഴ്ച വലിയ ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
നൈട്രജൻ ശ്വസിപ്പിച്ചുള്ള രീതിയിൽ പെട്ടെന്ന് മരണം സംഭവിക്കുമെന്നാണ് ജയിൽ അധികൃതർ ഉറപ്പുനൽകിയിരുന്നത്. വധശിക്ഷ നടപ്പാക്കുന്നതിലെ ഏറ്റവും മാനുഷികമായ രീതിയെന്നും ഇത് വിശേഷിപ്പിച്ചു. എന്നാൽ, അവിടെ കണ്ടത് അങ്ങനെയായിരുന്നില്ല. 'വളരെ വേഗത്തിൽ, വേദനാരഹിതമെന്നാണ് അവർ പറഞ്ഞത്. സെക്കൻഡുകൾക്കകം ആൾ അബോധാവസ്ഥയിലാകുമെന്നും പറഞ്ഞു. എന്നാൽ, കഴിഞ്ഞ രാത്രി ഞങ്ങൾ കണ്ടതാകട്ടെ, മിനിറ്റുകൾ നീണ്ട ഭീകര ഷോ. കരയിൽ നിന്ന് പിടിച്ചിട്ട മീനിനെ പോലെയായിരുന്നു സ്മിത്ത്. വീണ്ടും വീണ്ടും കിടന്ന് പിടയുകയായിരുന്നു,' ജെഫ് ഹുഡ് പറഞ്ഞു.
വധശിക്ഷ നടപ്പാക്കിയ രീതി വിഷമിപ്പിക്കുന്നതാണെന്ന് വൈറ്റ്ഹൗസും പ്രതികരിച്ചു. യുഎൻ മനുഷ്യാവകാശ സംഘടനാ മേധാവിയും, യൂറോപ്യൻ യൂണിയനും, മനുഷ്യാവകാശ ഗ്രൂപ്പുകളും ആശങ്ക പ്രകടിപ്പിച്ചു. യു.എസിലെ 50 സംസ്ഥാനങ്ങളിൽ 27 എണ്ണത്തിലാണ് നിയമപരമായി ഈ വധശിക്ഷ നിലനിൽക്കുന്നത്. അവിടെ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പിലാക്കിയിരുന്നത്. ഇത് കുറേക്കൂടി വേദനലില്ലാത്താണ് എന്നു പറഞ്ഞാണ് നടപ്പാക്കിയത്.
ഇതോടെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ എങ്ങനെ കൊല്ലണം എന്ന് ആഗോളവ്യാപകമായി തന്നെ ചർച്ചയായിരിക്കയാണ്. ഒപ്പം വധശിക്ഷയുടെ പ്രസക്തിയും.
കെന്നെത്ത് സ്മിത്ത് എന്ന കൊലയാളി
1988ൽ സുവിശേഷ പ്രസംഗകനായ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം, എലിസബത്ത് സെന്നത് എന്ന സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് 1996ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടായാളാണ്, ഇപ്പോൾ നൈട്രജന ഗ്യാസ് കൊണ്ട് വധിക്കപ്പെട്ട കെന്നത്ത് സ്മിത്ത്. സെന്നെറ്റിന്റെ നെഞ്ചിൽ ആഴത്തിൽ എട്ടു പ്രാവശ്യവും, കഴുത്തിൽ രണ്ടു പ്രാവശ്യവും, ഇയാൾ കത്തി കുത്തിയിറക്കിയിരുന്നു. അന്വേഷണം തന്റെ നേർക്ക് തിരിയുന്നുവെന്ന് മനസിലായതോടെ സെന്നെറ്റിന്റെ ഭർത്താവ് ചാൾസ് ആത്മഹത്യ ചെയ്തു. കൊലപാതകം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും നേരിട്ട് പങ്കില്ലെന്നാണ് സ്മിത്ത് കോടതിയിൽ വാദിച്ചത്. വാദം തള്ളിയ കോടതി 1996ൽ വധശിക്ഷ വിധിച്ചു. തുടർന്ന് നിരവധി തവണ അപ്പീലുകളിൽ വാദം നടന്നു. കൊലക്കേസിലെ മറ്റൊരു പ്രതിയായ ജോൺ ഫോറസ്റ്റ് പാർക്കറിനെ, 2010ൽ വിഷം കുത്തി വച്ച് വധശിക്ഷ നടപ്പിലാക്കിയിരുന്നു. 2022ൽ സ്മിത്തിനെയും ഇത്തരത്തിൽ വിഷം കുത്തിവെച്ച് കൊല്ലാനായിരുന്നു കോടതി ഉത്തരവ്.
എന്നാൽ സ്മിത്തിനെ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കാനിരുന്ന ശ്രമം പരാജയപ്പെട്ടു. കുത്തിവക്കാൻ വിദഗ്ദ്ധർ നിർദ്ദേശിച്ച പ്രത്യേക സിര കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ശിക്ഷ നീട്ടി വെക്കുകയായിരുന്നു. ഇതോടെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്മിത്ത് സുപ്രീം കോടതിക്ക് ഹർജി നൽകിയിരുന്നു. എന്നാൽ ആദ്യം ഉപയോഗിച്ച വധശിക്ഷ രീതി മാറ്റി മറ്റൊരു വഴി തിരഞ്ഞെടുക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി സ്മിത്തിന്റെ ഹർജി തള്ളുകയായിരുന്നു.
തുടർന്നാണ് വേദനയില്ലാത്ത രീതിയാണെന്ന് അവകാശപ്പെടുന്ന നൈട്രജൻ വാതകം ഉപയോഗിച്ചുള്ള രീതിക്ക് അനുമതിയായത്. ജനുവരി രണ്ടാം വാരം നടന്ന വാദത്തിലാണ് മാസ്‌ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷ അനുവദിച്ച് യുഎസ് ഫെഡറൽ കോടതി ഉത്തരവിറക്കുന്നത്. ഇത് ക്രൂരമായ രീതിയാണെന്നും നടപ്പിലാക്കുമ്പോൾ പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ് നൽകിയത്.
നൈട്രജൻകൊലയുടെ ശാസ്ത്രം!
ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനുമടക്കം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള വധശിക്ഷാ രീതിയാണ് നൈട്രജൻ ഹൈപോക്‌സിയ എന്ന നെട്രജൻ വാതകം ഉപയോഗിച്ചുള്ള വധശിക്ഷ. നിറവും മണവും സ്വാദുമില്ലാത്ത വാതകമാണ് നൈട്രജൻ. അതിനാൽ ശ്വസിക്കുന്ന സമയം അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ല. ഭൂമിയിലെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകവും നൈട്രജനാണ്. അന്തരീക്ഷത്തിൽ 78 ശതമാനമാണ് നൈട്രജന്റെ അളവ്. പക്ഷേ ഓക്‌സിജൻ കലരാത്ത നൈട്രജൻ വാതകം ശ്വസിക്കുന്നത് മരണത്തിനിടയാക്കും. ഉയർന്ന അളവിൽ നൈട്രജൻ വാതകം ശ്വസിക്കുന്നതിലൂടെ തലകറക്കം അനുഭവപ്പെടുകയും തുടർന്ന് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തിച്ചേരും. വായുവിലെ ഓക്‌സിജൻ പൂർണമായും നഷ്ടപ്പെടുന്നതോടെ മരണത്തിലേക്ക് നയിക്കും. ഇൻർട്ട് ഗ്യാസ് അസ്ഫിക്സിയേഷൻ എന്നാണ് നൈട്രജൻ, ഹീലിയം, മീഥേൻ, ആർഗൺ തുടങ്ങിയ വാതകം ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസം മുട്ടൽ അവസ്ഥയ്ക്ക് പറയുന്നത്. നൈട്രജന്റെ കാര്യത്തിൽ ഈ അവസ്ഥയെ നൈട്രജൻ അസ്ഫിക്സിയേഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
ശരീരത്തിൽ ജീവൻ നിലനിർത്തുന്ന പ്രധാന ഘടകമായ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശരീരത്തിന് ഓക്‌സിജൻ ലഭ്യമാകാതെ വരുന്ന സമയത്ത് രക്തത്തിൽ കാർബൺ ഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നതുകൊണ്ടാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്. നൈട്രജൻ വാതകം ശരീരത്തിനുള്ളിൽ കടന്നാൽ ദ്രുതഗതിയിലാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ നടക്കുക. ചെറിയ അളവിൽ നൈട്രജൻ ഉള്ളിൽ കടക്കുമ്പോൾ തന്നെ ശ്വാസകോശത്തിനുള്ളിലെ ഓക്‌സിജന്റെ അളവ് കുറയുകയും തുടർന്ന് രക്തത്തിൽ നിന്നും ഓക്‌സിജൻ കുറേശെയായി തള്ളപ്പെടും. രക്തത്തിൽ നിന്ന് പൂർണമായും ഓക്‌സിജന്റെ അളവ് ശൂന്യമാകാൻ മിനിറ്റുകൾ മതി. ശരീരത്തിൽ ഓക്‌സിജൻ കുറയുന്ന വേളയിൽ തന്നെ വ്യക്തി അബോധാവസ്ഥയിലേക്ക് എത്തും.
അബോധാവസ്ഥയ്‌ക്കൊപ്പം ചിലപ്പോൾ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുടർന്ന് ഹൃദയം സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തും. കുറച്ച് നിമിഷം ഓക്‌സിജൻ ലഭിക്കാതെവരുമ്പോൾ തന്നെ ശ്വസനവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിന്റെ കോർട്ടക്‌സിലെയും മെഡുല്ല ഒബ്ലാംങ്കറ്റയിലെയും കോശങ്ങൾ നിർജീവമായി തുടങ്ങും. ഇതോടെ മസ്തിഷ്‌കമരണം സംഭവിച്ചതായി സ്ഥിരീകരിക്കും.
കുത്തിവയ്പിലൂടെയുള്ള വധശിക്ഷ നടപ്പാക്കുന്നതിന് സമാനമായിട്ടാണ് പുതിയ രീതിയും നടപ്പിലാക്കിയത്. വധശിക്ഷയ്ക്ക് വിധിച്ചയാളെ പൂർണ നഗ്‌നനാക്കി പരിശോധിക്കുകയും കൈകാലുകൾ ബന്ധിക്കുകയും ചെയ്തതിന് ശേഷമായിരിക്കും ശിക്ഷ നടപ്പിലാക്കുക. കെകാലുകൾ അനക്കാൻ ആകാത്തവിധം കട്ടിലിൽ ബന്ധിച്ചതിന് ശേഷം 'ടൈപ്പ് - സി ഫുൾ ഫേസ്പീസ് സപ്ലൈഡ് എയർ റെസ്പിരേറ്റർ' എന്നറിയപ്പെടുന്ന മാസ്‌ക് തടവുകാരനെ ധരിപ്പിക്കും. തുടർന്ന് നൈട്രജൻ വാതകം അതിലൂടെ കടത്തി വിടും. ഇതാണ് പ്രക്രിയ. പക്ഷേ വേദയില്ലാത്ത് എന്ന് പറയുന്ന ഈ രീതി അതിക്രൂരമാണെന്ന് വാർത്തകൾ വന്നതോടെ പഴയ രീതിയിലേക്ക് മടങ്ങണമെന്നാണ് ചർച്ചകൾ.
തലവെട്ടലിൽനിന്ന് തൂക്കിക്കൊലയിലേക്ക്
യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസീലാന്റ്, കാനഡ തുടങ്ങി 135-ഓളം രാജ്യങ്ങളിൽ വധശിക്ഷ നിലവിലില്ല. പക്ഷേ ചൈന, ഇറാൻ, സൗദി അറേബ്യ, പാക്കിസ്ഥാൻ, അമേരിക്കൻ ഐക്യനാടുകൾ, ഇറാഖ്, ഇന്ത്യ തുടങ്ങി 58 രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ട്. നിലവിൽ ചൈനയിലും, ഇറാനിലുമാണ് ഏറ്റവുംകൂടുതൽ വധിശിക്ഷ നടക്കുന്നത്. ഒന്ന് കമ്യൂണിസ്റ്റ് രാജ്യവും, മറ്റേത് ഇസ്ലാമികരാജ്യമാണെന്നും ശ്രദ്ധിക്കണം. സൗദി അറേബ്യ, പാക്കിസ്ഥാൻ, ഇറാഖ്,അമേരിക്ക എന്നിവായാണ് ഈ ലിസ്റ്റിൽ പിന്നെ വരുന്നത്.
തലവെട്ടൽ തൊട്ട് കല്ലെറിഞ്ഞ് കൊല്ലൽവരെയുള്ള പ്രാകൃത മരണശിക്ഷകളായിരുന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിന്നിരുന്നത്. സൗദി ഈയിടെയാണ് തലവെട്ടൽ നിർത്തിയത്. പുരാതന ഗ്രീക്കുകാരും റോമക്കാരും ശിരഛേദത്തെ അഭിമാനകരമായ ശിക്ഷാരീതിയായാണ് കണ്ടിരുന്നത്. തൂണിൽ കെട്ടിയിട്ട് വടികൾ കൊണ്ട് തല്ലിയശേഷമായിരുന്നു ശിരഛേദം നടത്തിയിരുന്നത്. റോമക്കാർ ആദ്യം മഴുവാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് വാളുകളിലേക്ക് മാറി. റോമൻ പൗരനാണെന്ന് തെളിയിക്കാൻ സാധിക്കുന്നവരെ കുരിശിൽ തറയ്ക്കുന്നതിന് പകരം ശിരഛേദം ചെയ്തുകൊല്ലാൻ വിധിച്ചിരുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിലെ റോമൻ റിപ്പബ്ലിക്കിൽ ദേശദ്രോഹികൾ എന്ന് കരുതുന്നവരുടെ ഛേദിച്ച ശിരസ്സ്, നഗര ചത്വരത്തിൽ ഒരുയർന്ന തട്ടിൽ പ്രദർശിപ്പിക്കുക പതിവായിരുന്നു. പക്ഷേ കുരിശിൽ തറച്ച് കൊല്ലുന്ന ശിക്ഷയേക്കാൾ എത്രയോ ഭേദമായിരുന്നു തലവെട്ടൽ.
ജപ്പാനിൽ ശിരഛേദം സാധാരണയായി നടന്നിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു. ചിലപ്പോൾ ചെറിയ കുറ്റകൃത്യങ്ങൾക്കുപോലും ഇത് നടപ്പിലാക്കിയിരുന്നു. സമുറായികൾക്ക് യുദ്ധരംഗത്തുനിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു. സെപ്പുക്കു എന്ന ആത്മഹത്യാ രീതിയിലെ രണ്ടാമത്തെ ഘട്ടം ശിരഛേദമായിരുന്നു. ആത്മഹത്യ ചെയ്യുന്നയാൾ വയറ് കീറിയതിനു ശേഷം മറ്റൊരു യോദ്ധാവ് അയാളുടെ ശിരസ്സ് പിന്നിൽ നിന്ന് വാളുപയോഗിച്ച് വെട്ടിമാറ്റും! വേദനയും ദുരിതവും അനുഭവിക്കുന്ന സമയം കുറയ്ക്കാനാണിത്.
1896-ൽ തൂക്കിക്കൊല നിലവിൽ വരും മുൻപ് ശിരഛേദമായിരുന്നു കൊറിയയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന വധശിക്ഷാമാർഗ്ഗം. തൊഴിൽ പരമായി ആരാച്ചാരായവരെ മാൻഗ്നാനി എന്ന് വിളിച്ചിരുന്നത്. സാമൂഹികമായി താഴ്ന്നവരായാണ് ഇവരെ കണക്കാക്കിയിരുന്നത്. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലും ഈ രീതിയുണ്ടായിരുന്നു. ചില ഇസ്ലാമിക രാജ്യങ്ങളിൽ ഇന്നും തലവെട്ടൽ ശിക്ഷയുണ്ട്. തലവെട്ടൽ മനുഷ്യത്വപരമല്ല എന്ന് വിമർശനം വന്നതോടെയാണ് ലോകം തൂക്കിക്കൊലയിലേക്ക് കടക്കുന്നത്. അതുപോലെ വെടിവെച്ച് കൊല്ലുന്ന ശിക്ഷാരീതിയും സോവിയറ്റ് യൂണിയനിലടക്കം വ്യാപകമായിരുന്നു.
ക്രൂരമായ കല്ലെറിഞ്ഞു കൊല്ലൽ
പക്ഷേ ലോകത്തിലെ ഏറ്റവും ഭീതിദമായ വധശിക്ഷയാണ്, ഇന്നും അഫ്ഗാനിലും, നൈജീരിയയും പൊലുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്ന കല്ലെറുഞ്ഞുകൊല്ലൽ. മിക്കവാറും വ്യഭിചാരം ആരോപിച്ചാണ് ഈ കൊല നടക്കുക. അമ്മയെ കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചാൽ ആദ്യത്തെ കല്ല് എറിയേണ്ടത് മകനാണ്! ഒരു കൂട്ടം ആളുകൾ മറ്റൊരാൾക്കു നേരേ അയാൾ മരിക്കുന്നതുവരെ കല്ലെറിയുകയാണ് ശിക്ഷാരീതി. ആൾക്കൂട്ടത്തിലെ ഒരാളെയും മരണത്തിന് കാരണക്കാരനായി കണ്ടെത്താനാവില്ല. പക്ഷേ കൂട്ടത്തിലെ എല്ലാവർക്കും മരണത്തിൽ നൈതികമായ പങ്കുണ്ടാവുകയും ചെയ്യും. മറ്റുള്ള വധശിക്ഷകളിലെ ആരാച്ചാരുടെ പങ്കുമായി ഇതിനെ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ശിക്ഷാ രീതികളേക്കാൾ സാവധാനത്തിലാണ് ഇത് നടക്കുക. ഈ രീതിയിലുള്ള മരണം കൊടിയ പീഡനത്തിലൂടെയാണ് നടക്കുന്നത്.
അഫ്ഗാനിൽവളരെ മുമ്പുതന്നെ ഗോത്രസമൂഹങ്ങളിൽ ഈ രീതി നിലവിലുണ്ട്. താലിബാൻ അധികാരത്തിൽ വന്നശേഷം പല കുറ്റങ്ങളുടെയും ഔദ്യോഗിക ശിക്ഷ കല്ലെറിഞ്ഞുകൊല്ലലായി മാറി. 2001-നു ശേഷം അമേരിക്കൻ അധിനിവേശത്തോടെ, കോടതി വിധിക്കുന്ന വധശിക്ഷ എന്ന നിലയിൽ കല്ലെറിഞ്ഞു കൊല്ലൽ അവസാനിച്ചു. പക്ഷേ അപ്പോഴും അത് അനൗദ്യോഗികമായി തുടർന്നു. 2010 ഓഗസ്റ്റ് 15ന്, വിവാഹേതര ലൈംഗികബന്ധത്തിന് താലിബാൻ കുണ്ടുസ് പ്രവിശ്യയിൽ ഒരു യുവതിയെ കല്ലെറിഞ്ഞ് കൊന്നിരുന്നു. ഇപ്പോൾ താലിബാൻ വീണ്ടും അധികാരത്തിലേറിയതോടെ കല്ലെറിഞ്ഞുള്ള കൊലകൾക്ക് അംഗീകാരവുമായി.
ഇറാഖിൽ 2007-ൽ യസീദി പെൺകുട്ടിയെ കല്ലെറിഞ്ഞ് കൊന്നതും വിവാദമായിരുന്നു. കല്ലെറിഞ്ഞുള്ള വധശിക്ഷ നിയമപരമാണെങ്കിലും ഇറാനിലെ ന്യായാധിപർ 2002- മുതൽ ഇത് നടപ്പാക്കുന്നത് നിറുത്തി വച്ചിരിക്കുകയാണ്. പക്ഷേ 2006-ലും 2007-ലും കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷ വീണ്ടും വിധിക്കപ്പെടുകയുമുണ്ടായി. 2012-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമം ഇറാനിൽ പ്രാബല്യത്തിലായി.
ആധുനികകാലത്ത് 1983-ൽ ഇസ്ലാമിക പീനൽ കോഡ് നിലവിൽ വരും വരെ ഇറാനിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നിലവിലുണ്ടായിരുന്നില്ല. പല മുസ്ലിം മത പണ്ഡിതരുടെയും അഭിപ്രായത്തിൽ, കല്ലെറിഞ്ഞുള്ള വധശിക്ഷ ഇസ്ലാമികമാണെങ്കിലും ശിക്ഷ വിധിക്കാനുള്ള നിയന്ത്രണങ്ങൾ കഠിനമാണ്. വിവാഹേതര ലൈംഗിക ബന്ധമെന്ന കുറ്റം തെളിയിക്കാനാവശ്യമായ നിബന്ധനകൾ പാലിക്കാൻ ബുദ്ധിമുട്ടായതുകാരണം ഈ ശിക്ഷ വളരെ വിരളമായേ നടപ്പാവുകയുള്ളൂ.
നൈജീരിയ, സുഡാൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലും കല്ലെറിഞ്ഞുകൊല്ലലുണ്ട്. 2008 ഒക്ടോബറിൽ അയിഷോ ഇബ്രാഹിം ധുഹ്ലോ എന്ന പെൺകുട്ടിയെ സൊമാലിയയിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ കഴുത്തുവരെ കുഴിച്ചിട്ടശേഷം ആയിരത്തോളം ആൾക്കാരുടെ സാന്നിധ്യത്തിൽ കല്ലെറിഞ്ഞു കൊന്നു. ഇസ്ലാമിക തീവ്രവാദികൾ നിയന്ത്രിച്ചിരുന്ന കിസ്മായോ നഗരത്തിലെ ശരിയ കോടതിയിൽ വിവാഹേതര ലൈംഗികബന്ധക്കുറ്റം സമ്മതിച്ച ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. ഇതുപോലെ അനൗദ്യോഗിക കോടതികളാണ് ഇപ്പോൾ ഈ ശിക്ഷ കുടുതൽ ചെയ്യുന്നത്.
ഇലട്രിക്ക് ചെയറിലിരുത്തി കൊല്ലുന്നു
ലോകത്തിലെ മിക്ക ഭാഗങ്ങളിലും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷകളിലേയ്ക്ക് മാറുകയാണ്. ഫ്രാൻസ്, ഗില്ലറ്റിൻ എന്ന യന്ത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് വികസിപ്പിച്ചത് ഇതിനായാണ്. ബ്രിട്ടൻ, ക്വാർട്ടറിങ് എന്ന ശിക്ഷാരീതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യസമയത്ത് നിറുത്തിവച്ചു. തൂക്കിക്കൊലപോലും പെട്ടെന്ന് മരണം സംഭവിക്കുന്ന രീതിയിൽ പരിഷ്‌ക്കരിക്കപ്പെട്ടു.
അമേരിക്കൻ ഐക്യനാടുകളിൽ വൈദ്യുതക്കസേരയും ഗ്യാസ് ചേമ്പറും, വിഷം കുത്തിവെക്കലും പോലുള്ള മനുഷ്യത്വപരമായതെന്ന് കരുതുന്ന രീതികൾ നിലവിൽ വന്നു. 1881-ലാണ് ന്യൂയോർക്ക് സംസ്ഥാനം തൂക്കിക്കൊല്ലലിന് പകരം, വേദന കുറഞ്ഞ വധശിക്ഷ നടപ്പാക്കാൻ സാധിക്കുന്ന ഒരു പുതിയ രീതി നിർണയിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചത്. ആൽഫ്രഡ് പി. സൗത്ത്വിക് എന്ന കമ്മിറ്റിയംഗം, ഒരു മദ്യപാനി വൈദ്യുതാഘാതമേറ്റ് വളരെപ്പെട്ടെന്ന് മരിച്ച സംഭവത്തെപ്പറ്റി പറഞ്ഞതോടെ, വൈദ്യുതി വധശിക്ഷയ്ക്കുപയോഗിക്കാം എന്ന് നിർദ്ദേശിക്കപ്പെട്ടു. 1890 ഓഗസ്റ്റ് 6-ന് ന്യൂ യോർക്കിലെ ഔബേൺ ജയിലിൽ വധിക്കപ്പെട്ട വില്യം കെംലറാണ്, വൈദ്യുതക്കസേര ഉപയോഗിച്ച് വധിക്കപ്പെട്ട ആദ്യത്തെയാൾ. ആരാച്ചാരായി പ്രവർത്തിച്ചത് സ്റ്റേറ്റ് ഇലക്ട്രീഷ്യൻ എഡ്വിൻ എഫ്. ഡേവിസ് എന്നയാളായിരുന്നു.
ആദ്യത്തെ 17 സെക്കന്റ് വൈദ്യുത ഷോക്ക് കാരണം കെംലർ അബോധാവസ്ഥയിലായെങ്കിലും , ഹൃദയമിടിപ്പും ശ്വാസച്ഛ്വാസവും നിന്നിരുന്നില്ല. കൂടെയുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ച് ജീവനുണ്ടെന്ന് കണ്ടതോടെ ,വീണ്ടും വൈദ്യുതി പ്രയോഗിക്കാൻ ആവശ്യപ്പെട്ടു. വൈദ്യുതക്കസേര ഉപയോഗിച്ച് വധിച്ച ആദ്യത്തെ സ്ത്രീ മാർത്ത എം. പ്ലേസ് ആയിരുന്നു. സിങ് സിങ് ജയിലിൽ വച്ചാണ് 1899 മാർച്ച് 20-ന് മാർത്തയെ വധിച്ചത്. ഒഹായോ (1897), മസാച്യൂസെറ്റ്സ് (1900), ന്യൂ ജേഴ്സി (1906), വിർജീനിയ (1908) എന്നീ സംസ്ഥാനങ്ങൾ തുടക്കത്തിലേ മരണശിക്ഷ നൽകാൻ ഈ മാർഗ്ഗം സ്വീകരിച്ചു. വേഗം തന്നെ ഐക്യനാടുകളിൽ ഇത് തൂക്കികൊലയെ പുറം തള്ളി പ്രധാന മരണശിക്ഷാ രീതിയായി.
പക്ഷേ 80കളിൽ ഈ രീതി വലിയ വിവാദത്തിലായി. ചിലരെ വധിക്കാൻ ആവർത്തിച്ച് ഷോക്ക് കൊടുക്കേണ്ടിവന്നു. അങ്ങനെയാണ് കൂടുതൽ മനുഷ്യത്വപരമായ വധശിക്ഷാ രീതികൾ അന്വേഷിച്ച് അമേരിക്ക വിഷം കുത്തിവെക്കലിൽ എത്തിയത്.
വിഷം കുത്തിവെപ്പിച്ച് മരണം
1888 ജനുവരി 17-ന് ജൂലിയസ് മൗണ്ട് മേയർ എന്നയാളാണ് വിഷം കുത്തിവെച്ച് കൊല്ലൽ എന്ന മാർഗം മുന്നോട്ടുവച്ചത്. തൂക്കിക്കൊലയേക്കാൾ ചെലവു കുറഞ്ഞുമായിരുന്നു ഇത്. ബ്രിട്ടനിലെ റോയൽ കമ്മീഷൻ ഈ മാർഗ്ഗം പരിഗണിച്ചെങ്കിലും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ എതിർപ്പുകാരണം തള്ളിക്കളയുകയായിരുന്നു. പക്ഷേ അമേരിക്കയിൽ ഈ രീതി വ്യാപകമായി.
1977 മെയ് 11-ന് ഓക്ലഹോമയിലെ മെഡിക്കൽ എക്സാമിനർ ജേയ് ചാപ്മാൻ വേദന കുറഞ്ഞ ഒരു പുതിയ വധശിക്ഷാ രീതി (ചാപ്മാൻസ് പ്രോട്ടോക്കോൾ) മുന്നോട്ടുവച്ചു. സിരയിലേക്ക് സലൈൻ കൊടുക്കുന്ന ഒരു ഡ്രിപ്പ് തുടങ്ങിയശേഷം അതിവേഗം പ്രവർത്തിക്കുന്ന ഒരു ബാർബിച്യുറേറ്റ് മരുന്നും, പേശികളെ തളർത്തുന്ന ഒരു മരുന്നും കുത്തിവയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. അനസ്തീഷ്യ വിദഗ്ദ്ധൻ സ്റ്റാൻലി ഡ്യൂഷ് അംഗീകരിച്ച ശേഷം ബിൽ വൈസ്മാൻ എന്ന പാതിരി ഈ മാർഗ്ഗം ഒക്ലഹോമയിലെ നിയമസഭയിൽ അവതരിപ്പിച്ചു. ഇത് വളരെപ്പെട്ടെന്ന് അംഗീകരിക്കപ്പെട്ടു. അതിനു ശേഷം 2004-നുള്ളിൽ വധശിക്ഷ നടപ്പിലാക്കുന്ന 38 അമേരിക്കൻ സംസ്ഥാനങ്ങളിൽ 37 എണ്ണത്തിലും ഇത് ഉപയോഗത്തിൽ വന്നു.
1982 ഡിസംബർ 7-ന് ടെക്സാസ് സംസ്ഥാനത്താണ് വിഷം കുത്തിവയ്ക്കൽ ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയത്. ചാൾസ് ബ്രൂക്ക്സ് ജൂനിയർ എന്നയാളായിരുന്നു ശിക്ഷിക്കപ്പെട്ടത്. 1997-ൽ ചൈന വധശിക്ഷയ്ക്കായി ഈ മാർഗ്ഗം സ്വീകരിച്ചു. ഗ്വാട്ടിമാല, ഫിലിപ്പീൻസ്, തായ്ലാന്റ്, തായ്വാൻ, വിയറ്റ്നാം എന്നീരാജ്യങ്ങളിലും വിഷം കുത്തിവെച്ച് കൊല്ലൽ രീതിയുണ്ട്. ഇതിൽ ഫിലിപ്പീൻസ് പിന്നീട് വധശിക്ഷ തന്നെ നിർത്തലാക്കി. ഈ രീതിയാണ് ആധുനികത എന്നാണ് ലോകത്തിലെ ഒരുപാട് ഗവേഷകരും ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നത്. മറ്റ് മനുഷ്യരുടെ ജീവന് ഭീഷണിയായ ആളുകളെ ആജീവനാന്തം തടവിലിടുകയാണ്, വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം. ഇന്ന് വധശിക്ഷ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന സംഘടനകൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. വലിയ കാമ്പയിനാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കാൻഡനേവിയൻ രാഷ്ട്രങ്ങളുടെ ഉദാഹരണമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ ജയിലും സുഖവാസ കേന്ദ്രങ്ങൾ!
നോർവേ, സ്വീഡൻ തുടങ്ങിയ സ്‌കാൻഡനേവിയൻ രാജ്യങ്ങളിലെ ജയിലുകൾ സന്ദർശിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകനായ ആൻഡ്രൂസൺ കൂപ്പർ തയ്യാറാക്കിയ പരമ്പരയുടെ പേര് ഇതായിരുന്നു.-'ഇത് കാരാഗൃഹങ്ങളോ, അതോ സുഖവാസ കേന്ദ്രങ്ങളോ'. അതായത് അവിടുത്തെ ജയിലുകൾ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഇത് ഒരു സുഖവാസകേന്ദ്രം തന്നെയാണെന്നാണ് തോന്നുക. ക്യാരംസുണ്ട്, ചെസ്സുണ്ട്, നീന്തൽക്കുളങ്ങളുണ്ട്, സംഗീതോപകരണങ്ങളുണ്ട്, ടിവിയുണ്ട്, വൈഫൈയുണ്ട്.....ഇതിനെല്ലാം പുറമെ ഇടയ്ക്കിടെ പരോളുണ്ട്. ഗോണ്ട്വനാമോ തടവറയുടെ ഭീകരതകൾ കേട്ട് വരുന്ന ഒരു അമേരിക്കൻ പത്രപ്രവർത്തകൻ വണ്ടറടിച്ചുപോവാൻ ഇതുമാത്രം മതി. എന്നിട്ട് ഈ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളടെ നിരക്ക് കൂടുന്നുണ്ടോ. ഇല്ല എന്ന് മാത്രമല്ല, ജയിലുകളിൽ കിടക്കാൻ ആളില്ലെന്ന അവസ്ഥയിൽ നിരക്ക് കുറയുകയാണ്! ഇവിടെ വധശിക്ഷയുമില്ല.
എന്നാൽ തലവെട്ടും, കൈവെട്ടും, കല്ലെറിഞ്ഞ് കൊല്ലലും അടങ്ങുന്ന പ്രാകൃത ശിക്ഷകൾ നടപ്പാക്കുന്ന ഇസ്ലാമിക രാജ്യങ്ങളേയോ, അതിശക്തമായ ക്രിമിനൽ നിയമങ്ങളുള്ള അമേരിക്ക പോലുള്ള രാജ്യങ്ങളേയോ നോക്കുക. അവിടെ കുറ്റകൃത്യ നിരക്ക് ഗണ്യമായി ഉയരുന്നു. തലവെട്ടുമെന്ന് പേടിച്ച് ക്രിമിനലുകൾ മയക്കുമരുന്ന് കടത്താതിരിക്കുന്നില്ല.വ്യഭിചാരത്തിന് കല്ലെറിഞ്ഞ് കൊല്ലൽ ശിക്ഷയാക്കിയിട്ടും വേശ്യാവൃത്തി കുറയുന്നില്ല. അതായത് ശിക്ഷയെന്ന് പേടിപ്പിച്ചും കൂടുതൽ ശിക്ഷ കൂട്ടിയും സമൂഹത്തെ നന്നാക്കാൻ കഴിയുമെന്നത് പരമ അബദ്ധമാണ്. പക്ഷേ ശിക്ഷവേണം.അത് ഒരു കറക്ഷൻ പ്രോസസാണ്. കുറ്റത്തേക്കാൾ വലുതാവരുത് ഒരിക്കലും ശിക്ഷ. അത് അപകടകരമായ സാമൂഹിക സൂചകമാണ്. ഇതാണ് വധശിക്ഷക്കെതിരെ കാമ്പയിൻ ഉയർത്തുന്നവരുടെ വാദം.
ജയിലിൽനിന്നു ചാടി രക്ഷപെടാൻ ശ്രമിക്കുന്നത് കുറ്റകരമോ എന്ന് ചോദിച്ചാൽ അതിൽ സംശയം എന്ത് എന്നാവും മറുപടി. എന്നാൽ ജർമ്മനി, ബെൽജിയം, നെതർലാൻഡ്‌സ്, സ്വീഡൻ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ ജയിൽചാട്ടം ഒരു കുറ്റകൃത്യമായി കരുതുന്നില്ല.രക്ഷപ്പെടുവാനുള്ള ആഗ്രഹം എല്ലാ ജീവികൾക്കും സ്വതസിദ്ധമായി കാണും. പ്രത്യേകിച്ച് ബുദ്ധിയുള്ള മനുഷ്യർക്ക്. ആ കാരണം പരിഗണിച്ചാണ് തടവുചാട്ടം കുറ്റകൃത്യങ്ങളുടെ പട്ടികയിൽനിന്ന് അവർ മാറ്റിയിരിക്കുന്നത്. എന്നാൽ ജനലോ, വാതിലോ പൊളിച്ചാണ് ഒരാൾ രക്ഷപ്പെടുന്നതെങ്കിൽ.. അവ നശിപ്പിച്ചതിനുള്ള ശിക്ഷ വേറെ ഉണ്ടാവും.നാശനഷ്ടം വരുത്തിയത് വേറെ, ജയിൽ ചട്ടം വേറെ, അതാണ് അവിടുത്തെ രീതി.
പിടിക്കപ്പെടുകയാണെങ്കിൽ അയാളെ തിരികെ ജയിലിൽ കൊണ്ടുവന്നിടും. പക്ഷെ ചാട്ടം കാരണം ശിക്ഷയുടെ കാലാവധിയൊന്നും നീട്ടില്ല. എന്നാൽ.. അവസാനം നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ ജയിൽചാട്ടത്തിന്റെ കാര്യം അതിൽ പ്രത്യേകം പറഞ്ഞിട്ടുണ്ടാവും. അതാണ് ഈ രാജ്യങ്ങളിലെ നിയമം. അതായത് നിയമങ്ങൾ കർക്കശമാക്കിയോ, പരസ്യമായി തലവെട്ടി പേടിപ്പിച്ചോ ഒന്നുമല്ല ആധുനിക സമൂഹം പുരോഗമിക്കുന്നത്. അമേരിക്കയിലെ നൈട്രജൻ കൊല വിവാദത്തിന്റെ പശ്ചാത്തലത്തിലും, പല സാമൂഹിക പ്രവർത്തകരും, സ്‌കാൻഡനേവിയൻ രാജ്യങ്ങളിലെ കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് സൂചിപ്പിക്കുന്നത്.
വാൽക്കഷ്ണം: ഇന്ത്യയിൽ പിന്നെ തൂക്കിക്കൊലയല്ലാതെ മറ്റ് വധ ശിക്ഷകൾ ഒന്നുമില്ല. അത് പരിഷ്‌ക്കരിക്കാനുള്ള ഒരു ചർച്ചയും ഇവിടെ നടക്കാറില്ല. മാത്രമല്ല അമേരിക്കയിൽനിന്ന് അടക്കം വരുന്ന വിവാദങ്ങൾ നോക്കുമ്പോൾ, തൂക്കിക്കൊല തമ്മിൽ ഭേദമാണെന്നും സമ്മതിക്കേണ്ടിവരും.