''ആയിരം സൂര്യന്മാരുടെ തിളക്കം ആകാശത്തേക്ക് പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ, അത് ശക്തനായവന്റെ തേജസ്സ് പോലെയായിരിക്കും... ഞാൻ മരണമായി മാറുന്നു, ലോകങ്ങളുടെ വിനാശകനാകുന്നു'' ഭഗവദ് ഗീതയിലെ ഈ വാചകങ്ങളും, കുരുക്ഷേത്രത്തിൽ യുദ്ധത്തിനിറങ്ങാൻ മടിച്ച് ചിന്താകുലനായി നിന്ന അർജുനനു മുന്നിൽ വിശ്വരൂപം പൂണ്ട ശ്രീകൃഷ്ണനെയാണ്, ലോകത്തിലെ ആദ്യത്തെ ആറ്റം ബോംബിന്റെ സ്‌ഫോടനം കണ്ടപ്പോൾ താൻ ഓർത്തതെന്നാണ്, അതിന്റെ ശിൽപ്പിയായ ആ ശാസ്ത്രജ്ഞൻ പിന്നീട് പറഞ്ഞത്. അദ്ദേഹമാണ് റോബർട്ട് ജെ ഓപ്പൺ ഹൈമർ.

അണുബോംബിന്റെ പിതാവ് എന്ന പേരിൽ അറിയപ്പെട്ടുകൊണ്ട്, ഒരേ സമയം നായകനും വില്ലനുമായ വ്യക്തി. അണുബോംബുണ്ടാക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡി റൂസ്വെൽറ്റ് മാൻഹാട്ടൻ പദ്ധതിക്ക് രൂപം നൽകിയപ്പോൾ അതിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത് ഈ ഭൗതിക ശാസ്ത്ര പ്രതിഭയൊയിരുന്നു. ആദ്യ അണുബോംബിന്റെ പരീക്ഷണത്തിന് ശേഷം, ലോകം ഇനിയൊരിക്കലും പഴയതുപോലെയാവില്ലെന്ന്, ഉൾക്കിടിലത്തോടെയാണ് ഓപ്പൺ ഹൈമർ ഡയറിയിൽ കുറിച്ചത്.

ദിവസങ്ങൾക്കകം ആ കുറിപ്പ് ശരിയായി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും സാധാരണ മനുഷ്യർ അത് അറിഞ്ഞു. 1945 ഓഗസ്റ്റ് ആറിനാണ് ആദ്യ അണുബോംബ് ജപ്പാനിലെ ഹിരോഷിമയിൽ വീണത്. മൂന്നു ദിവസം കഴിഞ്ഞ് നാഗസാക്കിയിൽ അമേരിക്ക അടുത്ത അണുബോംബിട്ടു. രണ്ട് നഗരങ്ങളിലുമായി രണ്ടര ലക്ഷത്തോളം പേരാണ് ഈയാമ്പറ്റകളെപോലെ മരിച്ചു വീണത്. നക്ഷത്രങ്ങളുടെ മരണം പഠിക്കാൻ ഇഷ്ടപ്പെട്ട്, ഭൗതിക ശാസ്ത്രത്തിലേക്ക് വന്ന ആ മഹാനായ ശാസ്ത്രജ്ഞനെ ഈ മരണങ്ങൾ വല്ലാതെ ഉലച്ചുകളഞ്ഞു. ടൈം മാഗസിൻ അടക്കമുള്ളവ കവർസ്‌റ്റോറിയാക്കി ആഘോഷിച്ചപ്പോഴും തന്റെ കൈയിൽ രക്തക്കറയുണ്ടെന്ന് അയാൾ വിശ്വസിച്ചു. ഒരുവേള കടുത്ത വിഷാദരോഗിയായും ഓപ്പൺ ഹൈമർ മാറി.

ഹൈഡ്രജൻ ബോബുപോലുള്ള കുടുതൽ വിനാശകരമായവ ഉണ്ടാക്കരുതെന്ന് പറയുകയും, അണുവായുധങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തണെമെന്ന് വാദിക്കയും ചെയ്തതോടെ അയാൾ അമേരിക്കൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. കമ്യൂണിസ്റ്റാണെന്നും, ചാരനാണെന്നും പറഞ്ഞ് തന്നെ വാഴ്‌ത്തിയ അതേ ആളുകൾ തന്നെ അദ്ദേഹത്തെ വേട്ടയാടി. ഒരു ജീവതത്തിൽ തന്നെ ഹീറോയും വില്ലനും. ആ അസാധാരണമായ ജീവിതം വീണ്ടും ചർച്ചയാക്കുകയാണ്്, ലോക പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ ഓപ്പൺ ഹൈമർ എന്ന ചലച്ചിത്രത്തിലൂടെ. നോളന്റെ പുതിയ ചിത്രത്തിനൊപ്പം, ഓപ്പൺ ഹൈമർ എന്ന മഹാനായ ശാസ്ത്രജ്ഞന്റെ ജീവതവും ചർച്ചയാവുകയാണ്.

അദ്ധ്യാപകന് വിഷം കൊടുത്ത കുട്ടി

19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിലേക്ക് കുടിയേറിയ ജർമ്മൻ യഹൂദകുടുംബമാണ് ഓപ്പൺ ഹൈമറുടേത്. ജൂലിസ് ഓപ്പൺ ഹൈമർ എന്നായിരുന്നു പിതാവിന്റെ പേര്. അമേരിക്കയിലേക്ക് വരുന്ന സമയത്ത് നിർധനരായിരുന്നു ഇവർ. 1904 എപ്രിൽ 22നാണ് റോബർട്ട് ഓപ്പൺ ഹൈമർ ജനിക്കുന്നത്. അപ്പോഴേക്കും ടെക്‌സ്്‌റ്റെൽ വ്യവസായത്തിലൂടെ പിതാവ് അത്യാവശ്യം സമ്പന്നനായിരുന്നു. അമ്മ എല ഒരു ആർട്ട് ടീച്ചറും പെയിന്റും ആയിരുന്നു. റോബർട്ടിന്റെ കലയോടുള്ള കമ്പം അമ്മയിൽനിന്ന് കിട്ടിയതാവണം. സഹോദരൻ ഫ്രാങ്കിനൊപ്പം ന്യൂയോർക്കിൽ അല്ലലില്ലാതെയാണ് അദ്ദേഹം തന്റെ ബാല്യം ചെലവിട്ടത്.

അവിടെയുള്ള ഒരു എത്തിക്കൽ സ്‌കുളിലാണ് ഓപ്പൺ ഹൈമർ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. അധ്യയനത്തിൽ മിടുക്കനായിരുന്നെങ്കിലും കൂട്ടുകാരുമായൊന്നും വലിയ അടുപ്പം കൊച്ച് റോബർട്ടിന് ഇല്ലായിരുന്നു. അൽപ്പം ലജ്ജാലുവും അന്തർമുഖനുമായിരുന്നു അവൻ. ടീച്ചർമാരുടെ പ്രിയപ്പെട്ടവനായ ഒരു 'പക്കാ പഠിപ്പിസ്്റ്റ്' എന്ന് പച്ച മലയാളത്തിൽ പറയാം.

ഫിസ്‌ക്‌സിലുടെ ലോകം തിരുത്തിയ ഓപ്പൺ ഹൈമർക്ക് പക്ഷേ ചെറുപ്പത്തിൽ
കെമിസ്ട്രിയായിരുന്നു ഇഷ്ട വിഷയം. സ്‌കുൾ കഴിഞ്ഞതോടെ, അദ്ദേഹം ഹാവാർഡ് യൂണിവേസ്റ്റിയിൽ രസതന്ത്ര ബിരുദത്തിന് ചേർന്നു. അന്നത്തെ രീതി അനുസരിച്ച് ചരിത്രം, സാഹിത്യം എന്നിവയൊക്കെയും പഠനത്തിന്റെ ഭാഗമായിരുന്നു. പലകാര്യങ്ങൾ പഠിക്കാൻ താൽപ്പര്യമുള്ള ഓപ്പൺ ഹൈമർ ഇത് നന്നായി ഉപയോഗപ്പെടുന്നതി. ഹിന്ദുമിത്തോളജിയും, ഭഗവദ്ഗീതയും, സംസ്‌കൃതവുമൊക്കെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുന്നത് ഈ കാലത്താണ്. കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം അദ്ദേഹം നേരെ പോകുന്നത് കേംബ്രിഡ്ജിലേക്കാണ്.

അക്കാലത്താണ് അദ്ദേഹത്തിന് ഫിസിക്‌സിൽ താൽപ്പര്യം വരുന്നത്. എക്പരിമെന്റൽ ഫിസിക്‌സ് എന്ന രീതിയിൽ ലാബിലാണ് വർക്ക് ചെയ്യേണ്ടത്. പക്ഷേ ഒരിടന്ന് ഇരുന്ന് ഒരുപാട് നേരം ജോലി ചെയ്യാൻ പറ്റാത്ത മനുഷ്യനായിരുന്നു അദ്ദേഹം. അത്തരം ജോലികളെ അവൻ വെറുത്തു. അങ്ങനെ ലാബ് വർക്കുകൾ ഓപ്പൺ ഹൈമർക്ക് മടുക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി ചില്ലറ പ്രശ്‌നങ്ങളുമുണ്ടായി. ഒരിക്കൽ തന്റെ അദ്ധ്യാപകനെ ആ ലാബിലുള്ള വിഷം ഒരു ആപ്പിളിൽ കുത്തിവെച്ച് അപായപ്പെടുത്താനും ഓപ്പൺ ഹൈമർ ശ്രമിച്ചു. പക്ഷേ അദ്ധ്യാപകന് അപായം വരുന്നതിന് മുമ്പ് താൻ തന്നെ അത് കളഞ്ഞ കഥ പിൽക്കാലത്ത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയും ഈ വിഷയത്തിലൂടെയൊക്കെ കടന്നുപോവുന്നുണ്ട്.

ഒരുകൈയിൽ പൈപ്പും മറുകൈയിൽ ചോക്കും

ആ സമയത്താണ് ക്വാണ്ടം ഫിസിക്‌സിലെ നേട്ടങ്ങളെക്കുറിച്ചുള്ള വലിയ വാർത്തകൾ പുറത്തുവരുന്നത്. മാർകസ് ബോൺ എന്ന ജർമ്മൻ ശാസ്ത്രജ്ഞനായിരുന്നു ഇതിന് പിറകിൽ. അതിൽ താൽപ്പര്യം വന്ന ഓപ്പൺ ഹൈമർ നേരെ ജർമ്മനിക്ക് വെച്ചുപിടിച്ചു. ഹൈസൻ ബർഗും, എന്റിക്കോ ഫെർമിയും, അടക്കമുള്ള മഹാന്മ്മരായ ശാസ്ത്രജ്ഞന്മാരുമായി ഹൈമർക്ക് ബന്ധം വരുന്നത് അങ്ങനെയാണ്. ജർമ്മനിയിൽനിന്ന് പിഎച്ച്ഡിയുമായാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. തുടർന്ന് ക്വാണ്ടം ഫിസിക്‌സിൽ നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. ശാസ്ത്ര സമുഹം അദ്ദേഹത്തെ ശ്രദ്ധിക്കുന്നത് ഈ സമയത്താണ്.

അങ്ങനെ പ്രശസ്തിയിൽ നിൽക്കുന്ന സമയത്താണ് അദ്ദേഹം അദ്ധ്യാപകന മേഖലയിലേക്ക് തിരയുന്നത്. ചെയിൻ സ്‌മോക്കറായിരിക്കുന്നു ഹൈമർ. ഒരു കൈയിൽ പൈപ്പും കത്തിച്ച് പിടിച്ച്, മറുകൈയിൽ ചോക്കുമായി ക്ലാസെടുക്കുന്ന ഓപ്പൺ ഹൈമറെക്കുറിച്ച് പിന്നീട് വിദ്യാർത്ഥികൾ ഏറെ എഴുതിയിട്ടുണ്ട്. ഒരു വേള ചോക്കിന് പകരം അദ്ദേഹം പൈപ്പുകൊണ്ട് ബോർഡിലെഴുതുമെന്ന് തങ്ങൾ ഭയന്നതായി അവർ പറയുന്നുണ്ട്.

പക്ഷേ വ്യക്തി ജീവിത്തിൽ അടുത്ത സുഹൃത്തുക്കളും, ഗേൾ ഫ്രൻഡ്‌സും ഒന്നുമില്ലാതെ കടുത്ത ഒറ്റപ്പെടലാണ്, അദ്ദേഹം അനുഭവിച്ചത്. അതിനിടയിലാണ് 21കാരിയായ ജീൻ ടാറ്റ്‌ലോക്ക് എന്ന യുവതി ജീവിത്തിലേക്ക് കടന്നുവരുന്നത്. അവൾക്കും ഡിപ്രഷന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അവൾക്ക് കമ്യുണിസ്റ്റ് പാർട്ടിയുമാായും ബന്ധമുണ്ടായിരുന്നു. ഇതും പിൽക്കാലത്ത് ചാരനെന്ന് മുദ്രകുത്തപ്പെട്ടപ്പോൾ ഓപ്പൺ ഹൈമർക്ക് വിനയായി. പക്ഷേ വൈകാതെ ഇവർ അകന്നു. പക്ഷേ വിവാഹശേഷം ഇവർ തമ്മിൽ രഹസ്യ സമാഗമങ്ങളും ഉണ്ടായിരുന്നു. ഒടുവിൽ ഈ പെൺകുട്ടി ഡിപ്രഷൻ മൂത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. പക്ഷേ ഓപ്പൺ ഹൈമർ വിവാഹം കഴിച്ചത്, മൂന്ന് ഭർത്താക്കന്മാരെ ഉപേക്ഷിച്ച കിറ്റിയെ ആയിരുന്നു. അവൾ പിറകെ നടന്ന് ആ ശാസ്ത്രജ്ഞനെ പ്രണയിക്കയാണെന്നാണ് പറയുന്നത്. ആ ബന്ധത്തിൽ രണ്ടുകുട്ടികളുമുണ്ടായി. കിറ്റിക്കും കമ്യുണിസ്റ്റ് ബന്ധം ഉണ്ടായിരുന്നു. അതും പിൽക്കാലത്ത് ഹൈമർക്ക് ദോഷം ചെയ്തു. അത്ര സന്തുഷ്ടമായിരുന്നില്ല അവരുടെ ദാമ്പത്യവും.

പക്ഷേ അപ്പോഴും ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഹൈമറുടെ പ്രബന്ധങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കയായിരുന്നു. ചെയിൻ റിയാക്ഷന്റെ സാധ്യതകളെപ്പറ്റിാെയക്കെ മറ്റാരാളെക്കാളും നന്നായി അദ്ദേഹത്തിന് അറിയമായിരുന്നു. ആ സമയത്താണ് ന്യൂയേർക്കിലെ ട്രെയിൻ യാത്രക്കിടെ ലെസ്‌ലി ഗ്രൂവ്‌സ് എന്ന ഉന്നതനായ സൈനിക ഉദ്യോഗസ്ഥനെ അദ്ദേഹം പരിചയപ്പെടുന്നത്. അയാൾ ഓപ്പൺ ഹൈമറെപ്പോലെ ഒരു പ്രതിഭാശാലിയെ നോക്കിയിരിക്കയായിരുന്നു. മാൻഹാട്ടൻ പ്രോജക്റ്റ് എന്ന അമേരിക്കയുടെ ആറ്റംബോംബ് നിർമ്മാണ് പദ്ധതിയിലേക്ക് ഹൈമറെ ക്ഷണിക്കുന്നത് ലെസ്‌ലിയാണ്.

നാസികൾക്ക് മുമ്പേ ബോംബുണ്ടാക്കണം!

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. ഹിറ്റ്‌ലർ അണുബോംബുണ്ടാക്കുമോയെന്ന പേടിയിലാണ്, അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്കഌൽ ഡി റൂസ്വെൽറ്റ് മാൻഹാട്ടൻ പദ്ധതിക്ക് രൂപം നൽകിയത്. ഇതിന് വഴിവെച്ചത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീന്റെ കത്തും. നാസി ജർമ്മനി അണുബോംബുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, ആദ്യ അണുബോംബ് ഹിറ്റ്‌ലറുടെ കൈയിൽ കിട്ടിയാൽ ലോകത്തിന്റെ ഗതി എന്തായിരിക്കുമെന്നുമുള്ള ആശങ്കകളാണ് ഐൻസ്റ്റിന്റെ കത്തിലുണ്ടായിരുന്നത്. ഓപ്പൺ ഹൈമറെപ്പോലെ മാൻഹാട്ടൻ പദ്ധതിക്കായി സ്വയം സമർപ്പിച്ച ശാസ്ത്രജ്ഞരിൽ വലിയൊരു വിഭാഗം യഹൂദരായിരുന്നു. നാസി ജർമ്മനിയിൽ യഹൂദർ വേട്ടയാടപ്പെടുന്നതിന്റെ വേദനയിലാണ് ആദ്യ അണുബോംബ് ഒരിക്കലും ഹിറ്റ്‌ലറുടെ കൈയിൽ എത്തരുതെന്ന് ഈ ശാസ്ത്രജ്ഞർ നിശ്ചയിച്ചുറപ്പിച്ചത്.

പദ്ധതിയുടെ ഏകോപനച്ചുമതല ജനറൽ ലെസ്ലി ആർ. ഗ്രോവ്‌സിനായിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലായിരുന്നു പദ്ധതിയുടെ ആദ്യത്തെ ഓഫിസ്. തുടർന്ന് ജനറൽ ലെസ്ലി താൻ നേതൃത്വം നൽകുന്ന പദ്ധതിയെ മാൻഹാട്ടൻ പ്രോജ്ക്ട് എന്നു വിളിച്ചു തുടങ്ങി. ജനറൽ ഗ്രോവ്‌സും ജെ. റോബർട്ട് ഓപ്പൺ ഹൈമറുംആയിരുന്നു പദ്ധതിയുടെ ഡയറക്ടർമാർ. ആശയഘട്ടം മുതൽ പദ്ധതി യാഥാർഥ്യമാകും വരെ ഇവർ ഇരുവർക്കുമായിരുന്നു ഇതിന്റെ ചുമതല. അണുബോംബ് നാസികളുടെ കൈയിലെത്തുംമുമ്പ് എത്രയും പെട്ടെന്ന് ഉണ്ടാക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.

രാജ്യത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഗവേഷണ പദ്ധതികളെ ഒരിടത്തേക്ക് കൊണ്ടു വരിക എന്ന ദൗത്യമാണ് ഓപ്പൺ ഹൈമർ ആദ്യം ഏറ്റെടുത്തത്. ജനവാസം കുറഞ്ഞ ഒരു മേഖല ഇതിനായി അദ്ദേഹം കണ്ടെത്തി. ന്യൂ മെക്‌സിക്കോയിലെ ലോസ് അലാമോസിലെ ഒരു വിദൂര പ്രദേശം ആയിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. ഗവേഷണ പ്രവർത്തനങ്ങൾ ഊർജിതമായും അങ്ങേയറ്റം രഹസ്യാത്മകമായും മുന്നേറി. 1945 ഏപ്രിൽ 12ന് റൂസ്വെൽറ്റ് അന്തരിച്ചു. അമേരിക്കയുടെ 33ാമത്തെ പ്രസിഡന്റായി ഹാരി എസ്. ട്രൂമാൻ ചുമതലയേറ്റു. പദ്ധതിയുമായി മുന്നോട്ടു പോകാൻതന്നെയായിരുന്നു അദ്ദേഹത്തിന്റെയും തീരുമാനം. കഠിനാധ്വാനത്തിലുടെ ഒടുവിൽ അവർ ആ ദിവസത്തിലേക്ക് എത്തി. ലോകത്തിലെ ആദ്യത്തെ അണു പരീക്ഷണത്തിന്റെ ദിവസം.

ലോകത്തിന്റെ അന്തകൻ പിറക്കുന്നു

ആണവ പരീക്ഷണത്തിന് തലേദിവസം ലാബിലെ മെസ്ഹാളിൽ കോഫി നുണഞ്ഞ്, ഒരു കയ്യിൽ പുകച്ചുരുളുകളുയരുന്ന സിഗരറ്റുമായി വായിച്ചിരിക്കുകയായിരുന്നു ഓപ്പൺഹൈമർ എന്ന്, അമേരിക്കൻ പ്രൊമിത്യൂസ് എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. ഈ പുസ്‌കത്തിന്റെ അടിസ്ഥാനത്തിലാണ് നോളൻ തന്റെ സിനിമ എടുത്തിട്ടുള്ളത്.

അവർക്കെല്ലാം ആ ടെസ്റ്റിന്റെ ഫലം നിർണായകമായിരുന്നു. അതി തീവ്രമായ ഉത്കണ്ഠയുടെ മുൾമുനകളിലായിരുന്നു മാൻഹാട്ടൻ പ്രോജക്ടിൽ പങ്കെടുത്ത ഓരോരുത്തരും. എന്താണ് തങ്ങളെ കാത്തിരിക്കുന്നതെന്നു പോലും പലർക്കും അറിവുണ്ടായിരുന്നില്ല. അന്തരീക്ഷത്തിലേക്ക് ചെയിൻ റിയാക്ഷൻ പടർന്ന് ലോകാവസാനംതന്നെ ഉണ്ടായേക്കുമോ എന്നു വരെ പലരും ഭയന്നു. പക്ഷേ ഹൈമർ ആ സാധ്യതകൾ തള്ളി.

1945 ജൂലൈ 16ന് പുലർച്ചെ 5.30 ആയിരുന്നു അവർ ആറ്റം ബോംബ് ടെസ്റ്റിന് കണ്ടെത്തിയ സമയം. സൈനികോദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമെല്ലാം ആകാംക്ഷയോടെ പ്രത്യേക തരം കണ്ണടകൾ ധരിച്ച് കാത്തിരിക്കെ ആ ബോംബ് പൊട്ടി. ഉജ്വലമായ താപതരംഗത്തോടെയുള്ള അതിശക്തമായ മിന്നലിനൊപ്പം 40,000 അടിയോളം ഉയരമുള്ള കൂൺമേഘം ആകാശത്തേക്കു മുളച്ചുപൊന്തി. ബോംബ് വിക്ഷേപിച്ച ടവർ അപ്രത്യക്ഷമായി.

മരുഭൂമിയിൽ സ്‌ഫോടന സ്ഥലത്തിനു ചുറ്റുമുള്ള ആയിരക്കണക്കിന് ചതുരശ്ര അടി സ്ഥലത്തെ മണൽ തിളക്കമുള്ള റേഡിയോ ആക്ടിവ് ഗ്ലാസ് ആയി പരിണമിച്ചു. പരീക്ഷണ സ്ഥലത്തുനിന്നുള്ള ഘോരമായ വെളിച്ചം നൂറുകണക്കിനു മൈൽ അകലെയുള്ളവരുടെ വരെ കണ്ണുകളിൽപെട്ടു. അന്നു സൂര്യൻ രണ്ടു തവണ ഉദിച്ചതായി ദൂരെയുള്ള പ്രദേശങ്ങളിലെ ചില താമസക്കാർ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌ഫോടന സ്ഥലത്തുനിന്ന് നൂറുകണക്കിനു മൈൽ അകലെയായിരുന്ന അന്ധയായ ഒരു പെൺകുട്ടിക്ക് തന്റെ കണ്ണുകളിൽ ഫ്‌ളാഷ് ലൈറ്റ് പോലെയെന്തോ അനുഭവപ്പെട്ടതായും പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പോലും അമ്പരപ്പിച്ച ഫലമായിരുന്നു അവിടെ കണ്ടത്. പ്രകൃതിയുടെ നാശം ആസന്നമാണെന്ന് പലരും ഭയന്നു. ദിവസങ്ങൾക്കകം ഹിരോഷിമയും നാഗസാക്കിയും ആ ഭയം സ്ഥിരീകരിച്ചു.

1945 ഓഗസ്റ്റ് 6ന് ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ആറ്റംബോംബ് പൊട്ടിച്ചു. ഹിരോഷിമ നഗരത്തിന്റെ 90 ശതമാനവും തുടച്ചു നീക്കപ്പെട്ടു. മൂന്നു നാൾ കഴിഞ്ഞ് പ്ലൂട്ടോണിയം ബോംബ് നാഗസാക്കിയിലും ഇട്ടു. രണ്ടിടത്തുമായി ലക്ഷണക്കണക്കിനു പേർ കൊല്ലപ്പെട്ടു. അത്രത്തോളം പേർ അംഗവിഹീനരായി. തലമുറകളോളം നീണ്ട ദുരിതത്തിലേക്കും ഭീഷണിയിലേക്കും മനുഷ്യകുലം അതോടെ പ്രവേശിച്ചു. ഈ ആക്രമണങ്ങൾ ജപ്പാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയും രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തു. അപ്പോൾ ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞനാകട്ടെ കടുത്ത ഡിപ്രഷനിലൂടെ കടന്നുപോവകയായിരുന്നു.

'എന്റെ കൈകളിൽ രക്തമുണ്ട്'

ഹിരോഷിമയിലെയും നാഗസാക്കിയിലെയും ദുരന്തം റോബർട്ട് ഓപ്പൺ ഹൈമറെയും സഹശാസ്ത്രജ്ഞരെയും പിടിച്ചു കുലുക്കി. പക്ഷേ പൊതുജനം രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചവർ എന്ന പേരിൽ അവരെ ആഘോഷിക്കയായിരുന്നു. ദിവസങ്ങൾക്കു ശേഷം യുഎസ് പ്രസിഡന്റ് ഹാരി ട്രൂമാനെ കണ്ടപ്പോൾ ഹൈമർ പറഞ്ഞതിതാണ്. ''പ്രസിഡന്റ്, എന്റെ കൈകളിൽ രക്തമുണ്ട്.''

ആറ്റംബോംബിനേക്കാളും മാരകമായ ഹൈഡ്രജൻ ബോംബുണ്ടാക്കണമെന്ന ട്രൂമാന്റെ ആവശ്യം ഹൈമർ തള്ളിക്കളഞ്ഞു. രാജ്യാന്തരതലത്തിൽതന്നെ ആണവായുധങ്ങളുടെ നിയന്ത്രണത്തിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഹൈമർ അഭ്യർത്ഥിച്ചെങ്കിലും ട്രൂമാൻ അതു ചെവിക്കൊണ്ടില്ല. ഇനിയൊരു ബോംബു പരിപാടിക്കും താനില്ലെന്നും ആയുധ നിർമ്മാർജ്ജനത്തിലൂടെ മാത്രമേ സമാധാനം കൊണ്ടു വരാനാവുകയുള്ളുവെന്നും പറഞ്ഞ് ഹൈമർ അമേരിക്കയുടെ ബോംബ് പദ്ധതികളിൽ നിന്ന് പിൻവാങ്ങി. ആറ്റംബോംബിലൂടെ സൂപ്പർ പവറാവാനുള്ള അമേരിക്കയുടെ മോഹത്തിന് അധിക നാൾ ആയുസുണ്ടായില്ല. നാലു വർഷങ്ങൾക്കു ശേഷം മറ്റൊരു ആഗസ്തിൽ റഷ്യ ആദ്യ അണുബോംബ് പൊട്ടിച്ചു. അമേരിക്ക ഹൈഡ്രജൻ ബോംബുണ്ടാക്കിയപ്പോഴും റഷ്യ അതേ വഴി പിന്തുടർന്നു.

അതോടെ അമേരിക്ക ഓപ്പൺ ഹൈമറെ സംശയത്തോടെ നോക്കി.സോവിയറ്റ് ചാരനായും കമ്യൂണിസ്റ്റ് ആയും അദ്ദേഹത്തെ മുദ്രകുത്താൻ വ്യഗ്രതയുള്ള ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ ചുറ്റിലുമുണ്ടായിരുന്നു. തുടർന്ന് ഹൈമറിന് നേര അന്വേഷണമായി. ഈ ചോദ്യം ചെയ്യലിലൂടെയാണ് ഓപ്പൺ ഹൈമർ സിനിമ കടന്നുപോവുന്നത്. നീണ്ട വിചാരണക്കൊടുവിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്താനുള്ള തെളിവുകൾ ഒന്നും കട്ടിയില്ല. പക്ഷേ സർക്കാരിന്റെ എല്ലാ വിധ പ്രോജക്ടുകളിൽനിന്നും അദ്ദേഹം മാറ്റി നിർത്തപ്പെട്ടു. രാഷ്ട്രീയമായ സ്ഥാനങ്ങൾ നഷ്ടപ്പെട്ട അദ്ദേഹം തന്റെ പിൽക്കാല ജീവിതം പ്രഭാഷണങ്ങൾക്കും ക്ലാസുകൾക്കും പുസ്തകരചനയ്ക്കുമായി മാറ്റി വച്ചു.

പക്ഷേ ഇതുപോലെ ഒരു മഹാനായ ശാസ്ത്രജ്ഞനെ ഈ രീതിയിൽ അപമാനിച്ചത് ശരിയായില്ല എന്ന അഭിപ്രായവും പിൽക്കാലത്ത് ഉയർന്നു. മാധ്യമങ്ങളും അദ്ദേഹത്തിനുവേണ്ടി ശബ്ദിക്കാൻ തുടങ്ങി. അതോടെ ജോൺ എഫ്.കെന്നഡി പ്രസിഡന്റ് ആയിരിക്കെ ഓപ്പൺ ഹൈമറുടെ സേവനങ്ങൾ മാനിച്ച് അദ്ദേഹത്തിന് എന്റിക്കോ ഫെർമി പുരസ്‌കാരം നൽകി. കടുത്ത പുകവലിക്കാരനായിരുന്നു ഓപ്പൺഹൈമർ. വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ ശീലം 1965ൽ തൊണ്ടയിൽ കാൻസറിന്റെ രൂപത്തിൽ തിരിച്ചടിച്ചു. 1967 ഫെബ്രുവരി 18ന് ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റണിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു ചെയ്തത്. ചിതാഭസ്മം ഏറ്റുവാങ്ങിയ ഭാര്യ കാതറീൻ കിറ്റി അതു കടലിലൊഴുക്കിയതോടെ നാടകീയതകൾ നിറഞ്ഞ ആ ജീവിതത്തിനു പര്യവസാനമായി.

ഭഗവത് ഗീതയുമായി എന്താണ് ബന്ധം?

ഈ സിനിമ ഇറങ്ങുന്നതിന് മുമ്പുതെന്ന് ഏറെ ചർച്ചയായ കാര്യമായുന്ന ചിത്രത്തിന് ഭഗവത് ഗീതയുമായുള്ള ബന്ധം. നായകനായി വേഷമിട്ട കിലയിൻ മർഫി താൻ ഈ സിനിമിക്കായി സംസ്‌കൃതം പഠിച്ചുവെന്നും, ഗീത വായിച്ചുവെന്നും പറഞ്ഞത് നേരത്തെ തലക്കെട്ടുകൾ ആകർഷിച്ചിരുന്നു. യാഥർത്ഥ ജീവിതത്തിൽ യഹൂദനായ ഓപ്പൺ ഹൈമർ ഹിന്ദുമതത്തിൽ മാത്രമല്ല ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. മറ്റുമതങ്ങളെക്കുറിച്ചും സംസ്‌ക്കാരങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കാൻ ശ്രമിച്ച ആളായിരുന്നു ഹൈമർ. അങ്ങനെയാണ് അയാൾ സംസ്‌കൃതം പഠിച്ച് ഗീത വായിക്കുന്നത്. സംസ്‌കൃതം മാത്രമല്ല, വിവിധ ഭാഷകർ പഠിക്കുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഡച്ച് ഭാഷ പഠിച്ച് അവിടുത്തെ പല ഗ്രന്ഥങ്ങളും അദ്ദേഹം വായിച്ചിരുന്നു. പക്ഷേ ഹിന്ദുമതത്തിന്റെ ഫിലോസഫി അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.

1965ൽ എൻബിസി വാർത്താ ചാനൽ അവതരിപ്പിച്ച 'ദ ഡിസിഷൻ ടു ഡ്രോപ് ദ ബോംബ്' എന്ന ഡോക്യുമെന്ററിയിൽ പരീക്ഷണം വിജയകരമായി നടത്തിയതിനെ തുടർന്നുള്ള തന്റെ മാനസികാവസ്ഥയെ കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. 'എനിക്ക് ഹിന്ദു മതഗ്രന്ഥമായ ഭഗവത് ഗീതയിലെ വരികളാണ് ഓർമയിൽ വന്നത്. തന്റെ കർമം നിർവഹിക്കണമെന്നാവശ്യപ്പെട്ട് ഭഗവാൻ കൃഷ്ണൻ അർജുനനെ സ്വാധീനിക്കാൻ ശ്രമിക്കുകയും, അർജുനനിൽ മതിപ്പുളവാക്കുന്നതിനായി തന്റെ വിശ്വരൂപം കാണിച്ച് കൊടുത്തുകൊണ്ട് 'ഇപ്പോൾ ഞാനാണ് മരണം, ലോകത്തിന്റെ വിനാശകൻ' എന്ന് പറയുകയും ചെയ്യുന്നു. ഡോക്യുമെന്ററിയിലെ ഒപ്പൻഹൈമറിന്റെ ഈ പരാമർശങ്ങൾ ഇപ്പോഴും ചർച്ചചെയ്യപെടുന്നുണ്ട്.

അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്ന പുസ്തകമായിരുന്നു ആർതർ ഡബ്ല്യു. റെയ്ഡർ പരിഭാഷപ്പെടുത്തിയ ഗീതയുടെ ഇംഗ്ലിഷ് പകർപ്പ്. ലോസ് അലാമോസിലെ സയൻസ് മ്യൂസിയത്തിൽ ഓപ്പൺഹൈമറുടെ കയ്യൊപ്പോടു കൂടി ഈ ഗ്രന്ഥം ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഗീത മൂലഭാഷയായ സംസ്‌കൃതത്തിൽ വായിക്കാനായി ആർതർ ഡബ്ല്യു. റെയ്ഡറുടെ സംസ്‌കൃതംക്ലാസിൽ ഓപ്പൺഹൈമർ പങ്കെടുക്കുമായിരുന്നു. തന്റെ ജീവിതത്തിലെമ്പാടും പിൽക്കാലത്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനം നൽകാനായി അദ്ദേഹം തിരഞ്ഞെടുത്തതും ഗീത ആയിരുന്നു. അണുപരീക്ഷണത്തിന് ട്രിനിറ്റി എന്ന് പേരിട്ടതും ഇന്ത്യൻ പുരാണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് പറയുന്നുണ്ട്. എന്നാൽ, പിൽക്കാലത്ത് ജനറൽ ലെസ്ലി എഴുതിയ കത്തിനുള്ള മറുപടിയിൽ, തന്റെ പ്രിയപ്പെട്ട കവി ജോൺ ഡണ്ണിന്റെ കവിതയിൽനിന്നാണ് ആപേര് കടമെടുത്തതെന്ന് ഹൈമർ വെളിപ്പെടുത്തുന്നുണ്ട്.

ഹൈമർക്ക് എന്തായിരുന്നു ഗീത എന്നതിനെക്കുറിച്ചും പിൽക്കാലത്ത് പഠനം നടന്നിട്ടുണ്ട്. ഒരുയുദ്ധത്തിന്റെ മുന്നിൽനിന്ന് ഉണ്ടായി വന്ന ഫിലോസഫിക്കൽ ടെക്റ്റ് ആണ് ഗീതയും. ഏത് സാഹചര്യത്തിലാണ് ഒരു യുദ്ധം ന്യായീകരിക്കാൻ കഴിയുക എന്ന് വ്യക്തമായി പറയുന്ന ഒരു പുസ്തകം, ഓപ്പൺ ഹൈമറുടെ മനസ്സിന് നൽകിയ ശാന്തി ചെറുതായിരിക്കില്ല. ഞാൻ എന്റെ കർമ്മം ചെയ്യുന്നു എന്ന ആശയമായിരിക്കണം, ഹിരോഷിമനാഗസാക്കിയി ദുരന്തത്തിന് ശേഷമുള്ള കടുത്ത ഡിപ്രഷനിൽനിന്ന് അദ്ദേഹത്തത്തെ രക്ഷിച്ചിരിക്കുക.

പക്ഷേ ഓപ്പൺ ഹൈമർ വിഭാവനം ചെയ്ത ഒരു കാര്യ ശരിയായി. ഇന്ന് ഒരു മൂന്നാം ലോക മഹായുദ്ധത്തെ തടയുന്നത്് ആണവായുധങ്ങളാണ്. ആ ഭീതിയിൽ ഒരു പരിധിവരെ ലോകത്ത് സമാധാനം വന്നിട്ടുണ്ട്. അൽബർട്ട് ഐൻസ്റ്റിൻ ഒരിക്കൽ പറഞ്ഞു. ''ഇനി ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അടുത്ത യുദ്ധം കല്ലും കവണയും വച്ചാകും''. കാരണം, ആണവായുധങ്ങൾ നമ്മുടെ എല്ലാം നശിപ്പിക്കുമെന്ന് ചുരുക്കം. നാം പിന്നെ ഒന്നിൽനിന്ന് തുടങ്ങേണ്ടിവരും.

സിനിമ നിരാശപ്പെടുത്തി

പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ക്രിസ്റ്റഫർ നോളൻ ചിത്രം എന്ന നിലയിൽ കടുത്ത നിരാശയാണ് ഓപ്പൺഹൈമർ ഉണ്ടാക്കിയത്. മലപോലെ വന്നത് എലിപോലെയായി എന്നതായി അവസ്ഥ. മൂന്ന്മണിക്കുർ ദൈർഘ്യമുള്ള ചിത്രം, പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. അണുബോംബ് സ്‌ഫോടനവും, രണ്ടാംലോക മഹായുദ്ധവുമൊക്കെയായി സംഭവ ബഹുലമായ ഒരു ത്രില്ലർ മോദിലുള്ള ഒരു സയൻസ് ഫിക്ഷനാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ സമ്പൂർണ്ണമായ നിരാശയായിരിക്കും ഫലം. ഒരു ഇൻസ്റ്റിഗേഷൻകോർട്ട് റൂം ഇമോഷണൽ ഡ്രാമ എന്ന് പറയാവുന്ന ചിത്രത്തിൽ ഏറെയുള്ളത്, ആക്ഷന് പകരം സംഭാഷണങ്ങളാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നോളന്റെ മേക്കിങ്ങ് മാജിക്ക്, ആറ്റംബോംബ് ടെസ്റ്റിന്റെത് അടക്കമുള്ള ഒന്ന് രണ്ട് രംഗങ്ങളിൽ ഒതുങ്ങുകയാണ്. നീണ്ട സംഭാഷണങ്ങൾക്ക് പലപ്പോഴും പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാനാവുന്നില്ല. 'നനഞ്ഞുപോയ നോളൻ' എന്ന് ഒരു വിരുതൻ ഫേസ്‌ബുക്കിൽ എഴുതിയത് തന്നെയാണ് ശരി.

നോളന്റെ മൂൻകാല ചിത്രങ്ങളുടെ നിലവാരം എടുത്താൽ ഇത് എവിടെയും എത്തിയിട്ടില്ല. പക്ഷേ ചരിത്ര ശാസ്ത്ര കുതുകികളെ ചിത്രം തൃപ്തിപ്പെടുത്തും, ആൽബെർട്ട് ഐൻസ്റ്റീനും, ഹൈസൻ ബർഗും, നീൽസ്‌ബോറും, അമേരിക്കൻ പ്രസിഡന്റ് ട്രൂമാനുമൊക്കെ കടന്നുവരുന്ന ഒരു ചരിത്ര കാലഘട്ടത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. പക്ഷേ ലോകത്തിലെ ആദ്യത്തെ ആണു വിസ്‌ഫോടനത്തിന്റെ കഥ എന്നതുവഴിയുണ്ടായ വൻ ഹൈപ്പ് വഴി ഇതൊരു ത്രില്ലർ വാർ മൂവിയാണെന്ന പ്രതീക്ഷയുമായി എത്തിയ പ്രക്ഷകർക്ക്, വലിയ നിരാശയാണ് ചിത്രം ഉണ്ടാക്കുന്നത്.

ആറ്റംബോംബിന്റെയും യുദ്ധത്തിന്റെയും കഥയിലേക്കല്ല, ഓപ്പൺഹൈമർ എന്ന മനുഷ്യന്റെ വികാരങ്ങളിലൂടെയാണ് നോളൻ ചിത്രം കൊണ്ടുപോവുന്നത്. കിലിയൻ മർഫി എന്ന നടൻ അസാധ്യമായ ഫോമിൽ ഓപ്പൺ ഹൈമറുടെ ഹർഷ സംഘർഷങ്ങളെ ഒപ്പിയെടുത്തിട്ടുണ്ട്. മർഫിക്ക് ഓസ്‌ക്കാർ പ്രതീക്ഷ നൽകുന്ന ചിത്രമാണിത്.

പക്ഷേ നോളന്റെ പ്രതിഭ പൂത്തുലഞ്ഞ് നിൽക്കുന്നത്, ലോകത്തിലെ ആദ്യത്തെ അണുപരീക്ഷണം ചിത്രീകരിക്കുന്നിടത്താണ്. പക്ഷേ ഇതുപോലെ ഒന്നുണ്ടിടത്ത് മാത്രമായി നോളൻ മാജിക്ക് ഒതുങ്ങുന്നുവെന്നതാണ് ചിത്രത്തിന്റെ പരിമിതി. ബാക്കിയുള്ളിടത്ത് ഇത് ഒരു സാധാരണ ചിത്രമാണ്. നോളന്റെ മറ്റ് ചില ചിത്രങ്ങളെപ്പോലെ യാതൊരു ദുർഗ്രാഹ്യതയും ചിത്രത്തിനില്ല. കഥ സിമ്പിളായി മുന്നോട്ട് പോവുകയാണ്. മൊത്തത്തിൽ നോക്കുമ്പോൾ സിനിമ നിരാശയാണ് സമ്മാനിക്കുന്നത്. പക്ഷേ ഓപ്പൺ ഹൈമറെപ്പോലുള്ള ലോകത്തിന്റെ ചരിത്രം തിരുത്തിയ ഒരു ശാസ്ത്രജ്ഞന്റെ ചരിത്രം അതിന് ലോകം മുഴുവൻ ചർച്ചയാക്കാൻ കഴിഞ്ഞു.

വാൽക്കഷ്ണം: പക്ഷേ അമേരിക്കൻ ഭരണകൂടത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനുകൊടുക്കുന്ന പ്രാധാന്യത്തിന്റെ പേരിൽ അഭിനന്ദിക്കേണ്ടതുണ്ട് . യുഎസ് പ്രസിഡന്റ് ട്രൂമാനെയടക്കം പ്രതിക്കൂട്ടിലാക്കിയിട്ടും ഈ ചിത്രത്തിന് പ്രദർശനവിലക്കോ ഭരണകൂട വേട്ടയോ നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയിൽ ആയിരുന്നെങ്കിൽ കാണാമായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട് ക്രിസ്റ്റഫർ നോളൻ അകത്തായേനെ!