''ഇരുമ്പാണി തട്ടി മുളയാണി വച്ച്, പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറ് പൊന്‍പണം കൊടുത്തവന്‍ ചന്തു...

മാറ്റച്ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയി എന്ന് കളവു പറഞ്ഞവന്‍ ചന്തു..

മടിയില്‍ അങ്കത്തളര്‍ച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റില്‍ കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി മാറ്റാന്‍ കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവന്‍ ചന്തു...

കാടും ചതികള്‍ പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്‍ നിങ്ങളുടെ നാട്ടില്‍?

നിങ്ങള്‍ കേട്ടതൊക്കെ ശരിയാണ്...എല്ലാം തെറ്റുമാണ്.''

1989-ല്‍ കേരളത്തിലെ തീയേറ്ററുകളില്‍ മൂഴങ്ങിയ മമ്മൂട്ടിയുടെ ആ സിംഹ

ഗര്‍ജ്ജനം ഇപ്പോള്‍ 4 കെ ഡിജിറ്റല്‍ ഡോള്‍ബിയില്‍ മുഴങ്ങുമ്പോള്‍, തലമുറകള്‍ എത്രയോ മാറിയിട്ടും ആസ്വാദകര്‍ കൈയടിക്കയാണ്. അതാണ് കലയുടെ കരുത്ത്. ഓള്‍ ടൈം വണ്ടര്‍ എന്നൊക്കെ പറയാന്‍ കഴിയുന്ന ചില സിനിമകളുണ്ട്. മലയാളത്തില്‍ അങ്ങനെ സംഭവിച്ച ചുരുക്കം ചില സിനിമകളെ ഉള്ളൂ ,അതിലൊന്നാണ് എം ടി- ഹരിഹരന്‍ ടീമൊരുക്കി ഒരു വടക്കന്‍ വീരഗാഥ.

ഇപ്പോള്‍ ഇതാ, റിലീസ് ചെയ്ത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കയാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ച പി വി ഗംഗാധരന്‍ ഇന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞു. അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കള്‍ മുന്‍കൈയെടുത്താണ്, ആധുനിക സംവിധാനങ്ങളുടെ ചിത്രം റീ റിലീസ് ചെയ്യുക എന്ന പിതാവിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചത്.

.പതിനാറാം നൂറ്റാണ്ടിലെ ചന്തുവായ് 1951-ല്‍ ജനിച്ച മഹാനടന്‍ 89 -ല്‍ പുറത്തിറങ്ങിയ സിനിമയില്‍ തീര്‍ത്ത വിസ്മയം കണ്ട്, 2014-ന് ശേഷം ജനിച്ച കുട്ടികള്‍ കണ്ണ് നിറക്കുന്നു! ശരിക്കും ലോക ചരിത്രത്തിലെ തന്നെ അത്ഭുതമാണ് ഈ ചിത്രം. 4കെ യില്‍ കാണുമ്പോള്‍ കിട്ടുന്ന അസാമാന്യമായ ക്വാളിറ്റിയില്‍ ഹരിഹരന്‍ 36 വര്‍ഷങ്ങള്‍ക്ക് മുന്നേ സെറ്റ് ചെയ്തിരിക്കുന്ന ഫ്രയിമുകള്‍ ഇന്നും ഭ്രമിപ്പിക്കുന്നു. ബിലാലിന്റെ അപ്ഡേറ്റിയായി കാത്തുനില്‍ക്കുന്ന മമ്മൂട്ടി ആരാധകര്‍ പക്ഷേ അതിനേക്കാള്‍ ആഘോഷിക്കേണ്ടത് ഈ എവര്‍ ഗ്രീന്‍ ക്ലാസിക്കിനെയാണ്. ഒരു ന്യൂജന്‍ സിനിമാക്കാരനും ഇതിനുമേലെ ഒരു ചിത്രം എടുക്കാന്‍ കഴിയില്ല.

സൂപ്പര്‍സ്റ്റാര്‍ എം ടി തന്നെ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു രചനാപരമായ അത്ഭുതമായാണ് ഒരു വടക്കന്‍ വീരഗാഥ വിലയിരുത്തപ്പെടുന്നത്. വടക്കന്‍ പാട്ടുകളിലൂടെ കേട്ടു പതിഞ്ഞ, ചതിയുടെ പര്യായമായി മാറിയ ചന്തുവിന്റെ ജീവിതം, എത്ര യുക്തിഭദ്രമായാണ് എം ടി ഡീബങ്ക്് ചെയ്യുന്നത് എന്നോര്‍ക്കണം. മച്ചുനന്‍ ചന്തു, ഉണ്ണിയാര്‍ച്ചയുടെ കിടപ്പറയില്‍ എത്തിയതും, തുണപോകാന്‍ ആര്‍ച്ച നിര്‍ബന്ധിച്ചതും, കൂത്തുവിളക്കിന്റെ തണ്ടുകൊണ്ട് കുത്തുന്നതും, ഒടുവില്‍ അമ്മാവന്റെ മരണത്തിന് മരുമക്കള്‍ പകരം ചോദിക്കുന്നതുമെല്ലാം നാടോടി കഥകളായി എല്ലാവര്‍ക്കും അറിയാവുന്നത്. 'നിങ്ങള്‍ കേട്ടതെല്ലാം ശരിയാണ് എല്ലാം തെറ്റുമാണ്'-എന്നാണ് ചന്തു തന്റെ തലകൊയ്യാനെത്തിയവരോട് പറയുന്നത്. അങ്ങനെ ചരിത്രംപോലെയായ ഒരു കഥയെ ഈ രീതിയില്‍ പൊളിച്ച് എഴുതണമെങ്കില്‍ അപാരമായ പ്രതിഭവേണം.




എം ടിയെ സംബന്ധിച്ച് അനായാസമായിരുന്നില്ല ഈ രചന. കളരിപ്പയറ്റുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ അദ്ദേഹം ദീര്‍ഘമായ പഠനങ്ങള്‍ നടത്തിയതായി മകള്‍ അശ്വതി ശ്രീകാന്ത് പറയുന്നു. അങ്ങനെ വലിയ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം എഴുത്ത്് തുടങ്ങിയത്. 37 വര്‍ഷം മുമ്പ് എഴുതിയ വടക്കന്‍ വീരഗാഥയുടെ തിരക്കഥയുടെ പുസ്തകരൂപം ഇന്നും ബെസ്റ്റ് സെല്ലറാണ്. ( കളരിപ്പയറ്റുതന്നെ വിഷയമാക്കി കമലഹാസനെ നായകാക്കി പത്തൊമ്പതാമത്തെ അടവ്, -ദ നയന്റീന്‍ത്ത് സ്റ്റെപ്പ്- എന്ന ഒരു തിരക്കഥ എം ടി എഴുതിയിരുന്നു. പക്ഷേ ആ ചിത്രം നടന്നില്ല. അന്തരിച്ച മഹാസാഹിത്യകാരന്റെ ഏറ്റവും വലിയ ദു:ഖങ്ങളിലൊന്നും അതായിരുന്നു)

തീയേറ്റര്‍ തുളച്ച് പുറത്തുകടക്കുന്ന രീതിയില്‍ ഷാര്‍പ്പായിരുന്നു എം ടിയുടെ ഡയലോഗുകള്‍. അത് ഇന്ന് 4 കെയില്‍ കേള്‍ക്കുമ്പോള്‍ പുതിയ തലമുറയും ഞെട്ടുകയാണ്. പില്‍ക്കാലത്ത് ട്രോളന്‍മ്മാര്‍ ആഘോഷിച്ച 'തോല്‍വികള്‍ ഏറ്റവാങ്ങാന്‍ പിന്നെയും ചന്തുവിന്റെ ജീവിതം ബാക്കി' പോലുള്ള എത്രയെത്ര ഡയലോഗുകള്‍. അതുപോലെ 'മന്ദഹാസത്തിന്റെ പകല്‍പ്പൂരം' എന്ന വാക്ക്. 'പന്തിപ്പഴുത് കണ്ടപ്പോള്‍ പരിചക്ക്വെട്ടി ഒഴിഞ്ഞതാണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ' എന്ന വാക്കുകള്‍. ചന്തു പുത്തുരം വീടിനെ പരിയപ്പെടുത്തുന്ന ഒരു ഡയലോഗുണ്ട്-''പൊന്‍പണം വെച്ച് തായം കളിക്കുന്ന കുട്ടികള്‍ ഉള്ള, അമ്പാടിക്കോലോത്തെ മേനോന്മാര്‍ക്കും പൊന്‍ വാണിഭക്കാര്‍ ചെട്ടികള്‍ക്കും പലിശക്ക് പണം കൊടുത്തിരുന്ന പുത്തൂരം വീട്'... എന്ന് തുടങ്ങുന്ന വാക്കുകള്‍ ശരിക്കും കവിതപോലെ തോന്നും.

അതുപോലെ ഉണ്ണിയാര്‍ച്ചയുടെ വിവാഹശേഷമുള്ള ചന്തുവിന്റെ ആത്മഗതമുണ്ട്. ''പക മാറിയിരുന്നോ മനസ്സില്‍? ഇല്ലെന്നു പറയുന്നതാണ് സത്യം. എന്റെ മോഹം, എന്റെ ധ്യാനം, എന്റെ രക്തത്തില്‍, എന്റെ ഞരമ്പുകളില്‍ പതിമൂന്നാം വയസ്സുമുതല്‍ പടര്‍ന്നു കയറിയ ഉന്മാദം... അവളെയാണ് ഞാന്‍ ഉപേക്ഷിക്കെണ്ടിവരുന്നത്. മച്ചുനന്‍ ചന്തു അവളെ അര്‍ഹിക്കുന്നില്ല. അവള്‍ക്കു നല്ലത് വരട്ടെ. എന്നും നല്ലത് വരട്ടെ''. തീയേറ്റര്‍ വിട്ടാല്‍ കഥാപാത്രങ്ങളുടെ പേര് മറന്നുപോകുന്ന ന്യൂജന്‍ സിനിമകളുടെ കാലത്ത്, നാലുപതിറ്റാണ്ടോളം ഒരു സിനിമയിലെ ഡയലോഗുകള്‍ ആഘോഷിക്കപ്പെടുകയാണ്. വാക്കിന്റെ കരുത്ത് എന്താണെന്ന് എം ടി കാണിച്ചു തരുന്നു.

പാണര്‍ക്കുപാട്ടുകെട്ടി മഹാന്‍മാരാക്കുന്ന ജീവിതപരിസരമായിരുന്നില്ല ചന്തുവിന്റേത്. മറിച്ച് അവഹേളനാപരംകൂടിയായിരുന്നു. ദരിദ്രജീവിതം, പതിനാറ് പണത്തിന് മലയനോട് തൊടുത്തുമരിച്ച അഛന്റെ മകന്‍.....തറവാട്ടു മഹിമയോ സമ്പത്തോ ഒന്നുമില്ലാത്ത ഏകാകി. ഇത്തരം എകാകികളെ നമുക്ക് ഒരുപാട് കണ്ടെത്താനാകും എം.ടി. കൃതികളില്‍. 'രണ്ടാമൂഴ'ത്തിലെ കര്‍ണ്ണനേയും ഭീമനേയും അനുസ്മരിപ്പിക്കുന്നുണ്ട് ചിലയിടങ്ങളില്‍.

എം.ടി.യുടെ എഴുത്തുകളില്‍ പലപ്പോഴും നാം കണ്ടുമറന്ന സേതുവിന്റെയോ അപ്പുവിന്റെയോ ഗോവിന്ദന്‍കുട്ടിയുടേയോ രാജന്റെയോ നിഴല്‍ ചന്തുവില്‍ കണ്ടെത്താം. നിരന്തരം ആട്ടിയോടിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്തവര്‍ തന്നെയായിരുന്നു എം.ടിയുടെ മിക്കവാറുമെല്ലാ കഥാപാത്രങ്ങളും.

മാറ്റുകൂട്ടിയ ഹരിഹരന്റെ ഇടപെടലുകള്‍

വടക്കന്‍ വീരഗാഥയുടെ തിരക്കഥയും സംഭാഷണവും എഴുതിക്കൊടുക്കുമ്പോള്‍ ഒരു നിബന്ധനയുണ്ടായിരുന്നു എം.ടി. വാസുദേവന്‍ നായര്‍ക്ക് എന്ന് സംവിധായകന്‍ ഹരിഹരനും, നിര്‍മ്മാതാവ് പി വി ഗംഗാധരനും പറഞ്ഞിരുന്നു.

പടത്തില്‍ പാട്ട് വേണ്ട. ഇടക്കിടെയുള്ള ഗാനരംഗങ്ങള്‍ കഥയുടെ ഒഴുക്കിനെ ബാധിക്കും. ഉദയാ നിര്‍മ്മിച്ച വടക്കന്‍പാട്ട് ചിത്രങ്ങളുടെ ഫോര്‍മുല പിന്തുടരുന്നതിനോട് വിയോജിപ്പായിരുന്നു നായകന്‍ മമ്മൂട്ടിക്കും. തിരക്കഥയില്‍ പാട്ടിനുള്ള രംഗം വരുമ്പോള്‍ അത് എഴുതിവെക്കുന്ന പതിവും എം ടിക്കുണ്ട്. ഇതില്‍ അതും ഉണ്ടായില്ല. എന്നാല്‍, പാട്ടില്ലാത്ത വടക്കന്‍ വീരഗാഥയെക്കുറിച്ച് ഹരിഹരന് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളിലെ പാട്ടുകള്‍ ഹിറ്റായിരുന്നു.




ഹരിഹരന്‍ വിട്ടില്ല. തിരക്കഥ പലയാവര്‍ത്തി ശ്രദ്ധയോടെ വായിച്ചപ്പോള്‍ സിനിമയിലെ രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളില്‍ ഗാനങ്ങള്‍ ഉണ്ടാവുന്നത് അഭംഗി ആവില്ല എന്ന് തോന്നി ഹരിഹരന്. കഥയുമായി ഇണങ്ങിച്ചേര്‍ന്നു പോകുന്നില്ലെങ്കില്‍ ഒഴിവാക്കാം എന്ന ഉപാധിയോടെ ഒടുവില്‍ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ എം.ടിയില്‍നിന്ന് അനുമതി വാങ്ങുന്നു സംവിധായകന്‍. മനസ്സില്ലാമനസ്സോടെയാണ് എം ടി അനുമതി നല്‍കിയത്. അങ്ങനെയാണ്, ഇന്നും മലയാള നെഞ്ചിലേറ്റുന്ന വടക്കാന്‍ വീരഗാഥയിലെ ആ മനോഹര ഗാനങ്ങള്‍ ഉണ്ടാവുന്നത്.

ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഹരിഹരന്‍ ഇങ്ങനെ പറയുന്നു.-'' മമ്മൂട്ടിയും ചിത്രത്തില്‍ പാട്ടുവരുന്നതിനെക്കുറിച്ച് ആദ്യം എതിരായിരുന്നു. പക്ഷേ പടം റിലീസായ ദിവസം എനിക്ക് ലഭിച്ച ആദ്യത്തെ ഫോണ്‍ കോളുകളില്‍ ഒന്ന് മമ്മുട്ടിയുടെതായിരുന്നു. വികാരാവേശം മറച്ചുവെക്കാതെ

മമ്മുട്ടി പറഞ്ഞു: പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്ന് എന്ന് ആളുകള്‍ പറയുന്നു. എന്റെ പഴയ അഭിപ്രായം ഞാന്‍ പിന്‍വലിക്കുകയാണ്. എം.ടിയും അതേ അഭിപ്രായം പറഞ്ഞപ്പോള്‍ സന്തോഷമായി''- ഹരിഹരന്‍ വ്യക്തമാക്കി.

''മലയാളി പ്രേക്ഷകരെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തല്‍ തെറ്റിയില്ലല്ലോ എന്നതില്‍ സന്തോഷമുണ്ട്. ഇന്ന് കാണുമ്പോഴും ജയകുമാറിന്റെ ചന്ദനലേപ സുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ, കൈതപ്രത്തിന്റെ ഇന്ദുലേഖ കണ്‍തുറന്നു എന്നീ പാട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ വടക്കന്‍ വീരഗാഥ അപൂര്‍ണ്ണമായേനെ എന്ന് തോന്നാറുണ്ട്''- ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു.

രവി ബോംെബ എന്ന സംഗീത സംവിധായകന്റെ ഏറ്റവും മികച്ച വര്‍ക്കുകളില്‍ ഒന്നായിരുന്നു ഇത്. ആദ്യം നാലുപാട്ടുകളും കെ ജയകുമാര്‍ ഐഎഎസിനെ കൊണ്ട് എഴുതിപ്പിക്കാനാണ് തീരുമാനിച്ചത്. അന്ന് ജില്ലാകലക്ടര്‍ എന്ന നിലയിലും ഏറെ തിരക്കുണ്ട് ജയകുമാറിന്. ചന്ദന ലേപ സുഗന്ധമെന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമുണ്ടായ കഥ ജയകുമാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ആദ്യം വരികള്‍ എഴുതി എം ടിയെ കാണിച്ചപ്പോള്‍, 'ഒരു ആയുര്‍വേദ കടയുടെ മണം വരുന്നുണ്ടോ' എന്നായിരുന്നു എം ടിയുടെ സംശയം. പക്ഷേ ചില മാറ്റങ്ങള്‍ വരുത്തി ഇറക്കിയ പാട്ട് എം ടിക്കും ഇഷ്ടപ്പെട്ടു. രണ്ടുപാട്ടുകള്‍ എഴുതിയ ജയകുമാറിന് ജോലി സംബന്ധമായ തിരക്കുകള്‍ കാരണം സെറ്റില്‍നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോഴാണ്, കൈതപ്രം എഴുത്തുകാരനായി വന്നത്. അദ്ദേഹം എഴുതിയ കളരിവിളക്ക്, ഉണ്ണി ഗണിപതി തമ്പുരാനെ എന്ന രണ്ടുപാട്ടുകളും ഹിറ്റായി.

നട്ടുച്ചയെ നിലാവാക്കിയ ക്യാമറ

അന്നത്തെകാലത്തെ ഏറ്റവും വലിയ ബജറ്റായ ഒരു കോടി രൂപ ചെലവിട്ട് തീര്‍ത്ത ചിത്രം ഇന്നും ഒരു സാങ്കേതിക വിസ്മയമാണ്. എം ടി എഴുതിവെച്ചത് അതുപോലെ പകര്‍ത്തുകയായിരുന്നില്ല ഹരിഹരന്‍. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍ന്റെ കിരീടത്തിലെ ഒരു പൊന്‍തുവലാണ് വീരഗാഥ. വിഎഫ്എഫ്ക്സിന്‍െയോ മറ്റ് സ്പെഷ്യല്‍ ഇഫക്റ്റ്സുകളുടെയുമൊന്നും, സാധ്യതകള്‍ ഇല്ലാത്ത ഒരു കാലത്ത്, ലൈവായാണ് വാള്‍പ്പയറ്റും, അങ്കവുമൊക്കെയുള്ള ഈ ചിത്രം എടുത്തത്. അതിന് പറ്റിയ ഒരുപറ്റം ടെക്ക്നിക്കല്‍ ടീമിനെയും ഹരിഹരന്‍ കൊണ്ടുവന്നു. 'ഇന്ദുലേഖ കണ്‍തുറന്നു' എന്ന ചിത്രത്തിലെ മനോഹരമായ ഗാനം നട്ടുച്ചയെ നിലാവാക്കിയെടുത്താണ് എന്ന് പറഞ്ഞാല്‍, പുതിയ തലമുറ ഞെട്ടും.




ഈഗാനരംഗം ചിത്രീകരിക്കുമ്പോള്‍ ഹരിഹരന്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനോട് നിര്‍ദേശിച്ചത് ഒരൊറ്റക്കാര്യമാണ്:'സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം'. 'ഇന്ദ്രജാലം മെല്ലെയുണര്‍ത്തി, മന്‍മഥന്റെ തേരിലേറി'... എന്ന വരികള്‍ക്ക് ഒപ്പം, നിലാവില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പുഴയോരത്തിലൂടെ കുതിരപ്പുറത്ത് ചന്തുവായ മമ്മൂട്ടിയൂടെ വരവ് മറക്കാനാവില്ല. 'ആരുടെ മായാമോഹമായ്, ആരുടെ രാഗഭാവമായ്, ആയിരം വര്‍ണ്ണരാജകളില്‍, ആതിര രജനി അണിഞ്ഞൊരുങ്ങി'യെന്നുള്ള വരികള്‍ക്കൊപ്പം, തരളിതരാവില്‍ നിലാവിന്റെ ശോഭയില്‍ ചന്തുവിന്റെ നെഞ്ചില്‍ തലചായ്ക്കുന്ന ഉണ്ണിയാര്‍ച്ചയായി മാധവിയും തകര്‍ത്തു.

പക്ഷേ ഈ രംഗം നിലമ്പൂരില്‍ നട്ടുച്ചക്ക് ഷൂട്ട് ചെയ്തതാണ്. രാമചന്ദ്രബാബുവെന്ന മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍, കുളിരുന്ന രാത്രിയും അതിലൂടെ അരിച്ചിറങ്ങുന്ന നിലാവും കൊണ്ടുവന്നത് ചില ടെക്ക്നിക്കുകള്‍ ഉപയോഗിച്ചാണ്. ഡേ ഫാര്‍ നൈറ്റ് ടെക്ക്നിക്ക് എന്നാണ് ഇതിന് പറയുക. ''നീലനിറം കിട്ടാന്‍ 85 എന്ന ഡേ ്എയ്റ്റ് കണ്‍വേര്‍ഷന്‍ ഫില്‍ട്ടര്‍ മാറ്റി. ഇരുട്ടുതോന്നിക്കാതിരിക്കാന്‍ കുറിച്ച് അണ്ടര്‍ എക്സ്പോസ് ചെയ്ത് ബാക് ലൈറ്റില്‍ ഷൂട്ടു ചെയ്തു. അളവുകള്‍ കൃത്യമായ അളവിലല്ലെങ്കില്‍ ഇതിന്റെ പണി പാളും. പക്ഷേ എല്ലാം ശരിയായി വുന്നു''- രാമചന്ദ്രബാബു ഒരിക്കല്‍ പറഞ്ഞു. ഈ ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി.

ഒരുപാട് രസകരമായ ഓര്‍മ്മകള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായത് നിര്‍മ്മാതാവ് പി വി ഗംഗാധരനും പങ്കുവെച്ചിരുന്നു. 'വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ് ഗുരുവായൂരില്‍ നടക്കുകയായിരുന്നു. ഒരു ദിവസം പുലര്‍ച്ചെ മാധവിക്ക് ശയനപ്രദക്ഷിണം നടത്തണമെന്ന് ഒരു ആഗ്രഹം. അവിടെയുള്ള കുളത്തില്‍ തന്നെ കുളിച്ച് ഈറനോടെ വന്നാണ് മാധവി ശയനപ്രദക്ഷിണം നടത്തിയത്. അതുകഴിഞ്ഞ് കുളിച്ച് ഈറനായിത്തന്നെ തൊഴുതു.അപ്പോഴേക്കും ചുറ്റിലും ആളുകൂടി. അതിന്റെ പിറ്റേന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു. ഇനി മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. അന്നു മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല''. ഇത്തരത്തിലുള്ള ഒരുപാട് കൗതുകങ്ങളും ചിത്രീകരണ സമയത്തുണ്ടായിരുന്നു.

വാള്‍കൊണ്ട് പരിക്കേറ്റ മമ്മൂട്ടി

മമ്മൂട്ടിക്കുവേണ്ടിയുണ്ടാക്കിയ ചിത്രമാണ് വടക്കന്‍ വീരഗാഥയെന്ന് പറയാം. ഇത്രയും വര്‍ഷത്തിനുശേഷത്തെ റീ റിലീസ് കണ്ടതിനുശേഷവും, ഈ റോള്‍ മമ്മൂട്ടിയേക്കാള്‍ നന്നായി ചെയ്യാന്‍ ഈ ലോകത്ത് ആരുമില്ല എന്ന് തോന്നിപ്പോവും. ഒരു അഭിനയമോഹിയായി, അവസരങ്ങള്‍ ചോദിച്ച് നടന്ന അവഗണനക്കാലം തൊട്ട് മമ്മൂട്ടിയുടെ ഒരു ഗോഡ്ഫാദര്‍പോലെ നിന്നയാളാണ് എം ടി. 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലെ എംടിയന്‍ കഥാപാത്രമാണ്, ഇന്ന് 71-ാം വയസ്സിലും സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ഈ നടന വിസ്മയത്തിന് ബ്രേക്ക് നല്‍കിയത്. വടക്കന്‍ വീരഗാഥയുടെ സമയം ആയപ്പോഴേക്കും മമ്മൂട്ടിയും എം ടിയും തമ്മില്‍ നല്ലൊരു കെമിസ്ട്രിയും ഉണ്ടായിരുന്നു. താന്‍ എഴുതുമ്പോള്‍, മമ്മൂട്ടിയുടെ ശബ്ദത്തില്‍ ഡയലോഗുകള്‍ കേള്‍ക്കാമെന്നായിരുന്നു എം ടി ഒരിക്കല്‍ പറഞ്ഞത്. മമ്മൂട്ടിയാവട്ടെ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നുമാണ് ഇക്കാര്യത്തിന് മറുപടിയായി പറഞ്ഞത്.

89-ല്‍ വടക്കന്‍ വീരഗാഥയില്‍ അഭിനയിക്കാന്‍ എത്തിയ കഥ മമ്മുട്ടി ഈയിടെ അനുസ്മരിച്ചു.-'' നിര്‍മ്മാതാവ് പി വി ഗംഗാധരനാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാകുന്നു എന്ന് പറഞ്ഞാണ്വിളിക്കുന്നത്. ചന്തുവായി നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ ചോദിച്ചത് 'ചന്തുവായി, വില്ലനായി ഞാന്‍ അഭിനയിക്കണോ' എന്നായിരുന്നു. നിങ്ങള്‍ കഥയൊന്ന് കേട്ടു നോക്കൂവെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. എം ടി ആണ് തിരക്കഥ എഴുതുന്നതെന്നും ഹരിഹരന്‍ സാറാണ് ഡയറക്ഷനെന്നും പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ പിന്നെ ഒന്നും നോക്കേണ്ടല്ലോ. ഞാന്‍ ആയിക്കോട്ടേയെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു വടക്കന്‍ വീരഗാഥ സംഭവിക്കുന്നത്,' -മമ്മൂട്ടി പറഞ്ഞു.




മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ചിത്രത്തിലെ അഭിനയം. കളരിപ്പയറ്റ് പഠിച്ചും, ചുവടുറപ്പിച്ച് പരിശീലനം നടത്തിയും ഏറെ ഫിസിക്കല്‍ സ്ട്രെയിന്‍ ചിത്രത്തിന് വേണ്ടിവന്നു. ചിത്രത്തിനിടയില്‍ മമ്മൂട്ടിക്ക് ചെറുതായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘട്ടന രംഗത്തിനിടെ ഒരു വാള്‍ ആകാശത്തേക്ക് ഉയരുന്നത് ചന്തു ചാടിപ്പിടിക്കുന്ന രംഗത്തില്‍ വാള്‍ കൊണ്ടത് മമ്മൂട്ടിയുടെ തുടയിലാണ്. പക്ഷേ കാര്യമായ പരിക്കുണ്ടായില്ല.

പക്ഷേ അഭ്യാസംകൊണ്ടല്ല, ഭാവാഭിനയും ഡയലോഗ് ഡെലിവറികൊണ്ടുമാണ് മമ്മൂട്ടി ഇന്നും വിസ്മയിപ്പിക്കുന്നത്. കൊല്ലന് പതിനാറ് പണം കൊടുത്തവന്‍ ചന്തു എന്ന സംഭാഷണമൊക്കെ 4 കെയില്‍ കൊലമാസായി മാറുകയാണ്. കണ്ണുകൊണ്ടും, പുരികകൊണ്ടും ചുണ്ടുകൊണ്ടുമൊക്കെ അഭിനയിക്കുന്നുണ്ട് ചന്തു ഈ ചിത്രത്തില്‍! പ്രശസ്ത സിനിമാ നിരൂപകനായ ഡെറിക്ക് മാല്‍ക്കം വേള്‍ഡ് ക്ലാസ് എന്ന് പറഞ്ഞാണ്, ഈ നടന രീതിയെ വാഴ്ത്തിയത്.

മമ്മൂട്ടി മാത്രമല്ല, ആരോമലായി സുരേഷ്ഗോപിയും, അരിങ്ങോടരായി ക്യാപ്റ്റന്‍ രാജുവുമൊക്കെ ചിത്രത്തില്‍ ജീവക്കയാണ്. അങ്കപ്പണം വെക്കാനായി നാടുവാഴി വീട്ടില്‍വരുന്ന സമയത്ത്, ആരോമല്‍ ചേകവരായ സുരേഷ ഗോപിയുടെ ഒരു എന്‍ട്രിയുണ്ട്. നാടുവാഴിക്കൊപ്പം പ്രേക്ഷകനും സീറ്റ് വിട്ട് എണീറ്റുപോവും! അതുപോലെയാണ് ക്യാപ്റ്റന്‍ രാജുവിന്റെ അരിങ്ങോടരും. ആരോമലുമായി പൊരുതുമ്പോഴുള്ള ആ രോഷഭാവമൊക്കെ ക്ലാസ് തന്നെയാണ്. ബാലന്‍ കെ നായരുടെയും കരിയര്‍ ബെസ്റ്റ് തന്നെയായിരുന്നു ഈ വീരഗാഥ. പകരം വെക്കാനില്ലാത്ത നടന്‍മ്മാരായിരുന്നു ഇവരൊക്കെ. ഒപ്പം അഭിനയച്ചവരില്‍ മണ്‍മറഞ്ഞു പോയവരെക്കുറിച്ചും മമ്മൂട്ടി ഗദ്ഗദത്തോടെ ഓര്‍ക്കുന്നുണ്ട്.

സ്ത്രീവിരുദ്ധമെന്ന് ആക്ഷേപം

ശക്തരായ മൂന്ന് സ്ത്രീകഥാപാത്രങ്ങളുള്ള സിനിമയാണ് ഒരു വടക്കാന്‍ വീരഗാഥ. അതില്‍ ഏറ്റവും പേര് കിട്ടിയത് മാധവിയുടെ ഉണ്ണിയാര്‍ച്ചക്ക് തന്നെയാണ്. മമ്മൂട്ടിയും മാധവിയുമായുള്ള ആ കെമിസ്ട്രി അതിഗംഭീരമായിരുന്നു. ഉദയായുടെ വടക്കന്‍ പാട്ട് സിനിമകളിലൊക്കെ വള്‍ഗാരിറ്റി തോനുന്ന രീതിയിലാണ് സത്രീ കഥാപാത്രങ്ങളെ ഒരുക്കിയിരുന്നത്. എന്നാല്‍ ഈ പടത്തില്‍ മാധവിക്കൊക്കെ ഉണ്ണിയാര്‍ച്ചയുടെ പ്രൗഡിയാണ് കിട്ടുന്നത്. എന്നാല്‍ ചന്തുവിന്റെ കാമിനിയായി അവള്‍ അയാളുടെ രക്തം തിളപ്പിക്കുന്നുമുണ്ട്. ചന്ദനലേല സുഗന്ധം പാട്ടിന്റെ അവസാനമുള്ള, ഉണ്ണിയാര്‍ച്ചയുടെ നടത്തത്തിന്റെ ബാക്ക് ഷോട്ട് അന്നത്തെ കൗമാരക്കാരുടെ മനസ്സില്‍ കോരിയിട്ട കാമക്കുളിരിന് കണക്കില്ല! മാധവിയുടെയും അഭിനയ ജീവിതത്തിലേ ബ്രേക്കായിരുന്നു ഈ ചിത്രം. റി റിലീസിന് ആശംസയുമായി, ഇന്ന് വീട്ടമ്മയായി കഴിയുന്ന ആ താരവും എത്തിയിരുന്നു.

ആരോമലിന്റെ ഭാര്യയായ കുഞ്ചുണ്ണുലിയായി വേഷമിട്ട ചിത്രയും, അരിങ്ങോടരുടെ മകള്‍ കുഞ്ഞിയായി നടി ഗീതയുമാണ് വീരഗാഥയിലെ മറ്റ് രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങള്‍. രണ്ടുപേരും ചിത്രത്തില്‍ തിളങ്ങി. കളരി വിളക്ക് എന്ന ഒറ്റ ഗാനം മതി ഗീതയെ മലയാളം എന്നുമോര്‍ക്കാന്‍. ചിത്രത്തിലെ അഭിനയത്തിന് ഗീതക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും കിട്ടിയിരുന്നു.




ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീവിരുദ്ധമെന്ന ആക്ഷേപം, ഒരുപറ്റം ഫെമിനിസ്റ്റുകളില്‍നിന്നും മറ്റുമായി അന്നും ഇന്നും ചിത്രം കേള്‍ക്കുന്നുണ്ട്. വടക്കന്‍ വീരഗാഥയിലെ മൂന്ന് സ്ത്രീകളും ചന്തുവിനോട് ഒരു പരിധിവരെ അനീതി കാട്ടുന്നവരാണ്. ഉണ്ണിയാര്‍ച്ച ഇന്നത്തെ ഭാഷയില്‍ ശരിക്കും തേപ്പാണ് ചെയ്യുന്നത്. മമ്മൂട്ടി ഗീതയുടെ കഥാപാത്രത്തോട് പറയുന്ന ''നീയടക്കമുള്ള പെണ്‍വര്‍ഗ്ഗം മറ്റാരും കാണാത്തതു കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ടും വെറുക്കും.'' എന്ന സംഭാഷണവും സ്ത്രീ വിരുദ്ധതക്ക് ഉദാഹരണമായി വ്യാഖ്യാനിക്കപ്പെട്ടു.

പക്ഷേ ഒരുകാര്യം ഉറപ്പാണ്. ഇന്നായിരുന്നെങ്കില്‍ ഇതുപോലെ ഒരു ചിത്രം എടുക്കാന്‍ കഴിയുമായിരുന്നോ എന്ന് സംശയമാണ്. 'ഞങ്ങളുടെ ഉണ്ണിയാര്‍െേച്ചയ അപമാനിച്ചേ' എന്ന് പറഞ്ഞ് ചിത്രം കോടതി കയറിയേനെ!

വാല്‍ക്കഷ്ണം: ഇന്ന് പുതുതലമുറ ഫേസ്ബുക്കില്‍ വീരഗാഥയുടെ രണ്ടാംവരവ് ആഘോഷിക്കയാണ്. ഒരോവാക്കും സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാണ്. മാറ്റാന്‍ എന്നതിന് ശത്രു എന്നാണ് അര്‍ത്ഥമെന്നും, പിണാത്തി എന്നാല്‍ അടിമപ്പെണ്ണ് ആണെന്നും, സൗഭദ്രം, പുരഞ്ജയം എന്നിവയൊക്കെ കളരിപ്പയറ്റിലെ പതിനെട്ടടവുകളില്‍ രണ്ടെണ്ണമാണെന്നും അവര്‍ എഴുതി ചര്‍ച്ചചെയ്യുന്നു. എന്തിന് വീരഗാഥയിലെ ചെറിയ പിശകുകള്‍പോലും ചര്‍ച്ചയാവുന്നു. കുട്ടിക്കാലത്തെ ചന്തുവിന് പൂച്ചക്കണ്ണുണ്ട്. വിനീത് കുമാറാണ് ആ വേഷം അവതരിപ്പിച്ചത്.പക്ഷേ ചന്തു വലുതായപ്പോള്‍ പൂച്ചക്കണ്ണ് കാണുന്നില്ല. കുട്ടിക്കാലത്ത് ഉണ്ണിയാര്‍ച്ചയ്ക്ക് പൂച്ചക്കണ്ണില്ല, ജോമോളാണ് ബാല്യകാല വേഷം അവതരിപ്പിച്ചത്. ഉണ്ണിയാര്‍ച്ച വലുതായപ്പോള്‍ എങ്ങനെയാണ് പൂച്ചക്കണ്ണ് വന്നതെന്നുമാണ് ട്രോളര്‍മാരുടെ ചോദ്യം!