സംഘട്ടനം ത്യാഗരാജന്‍! പണ്ടൊക്കെ തീയേറ്ററില്‍ ഈ പേര് എഴുതിക്കാണിക്കുമ്പോഴേ നീണ്ട കൈയടി ഉയരുമായിരുന്നു. ഇന്ന് സംഘട്ടനം എന്ന വാക്ക് ആക്ഷന്‍ കോറിയോഗ്രാഫിയായി. അതില്‍ ഒരു വ്യക്തിയുടെ പേര് കേള്‍ക്കുമ്പോള്‍, കേരളത്തില്‍ മാത്രമല്ല, പാന്‍ ഇന്ത്യയില്‍ തന്നെ ആര്‍പ്പുവിളികള്‍ ഉയരുകയാണ്. അതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന, സിനിമാപ്രേമികളുടെ നെഞ്ചില്‍ ഇടിമുഴക്കംതീര്‍ക്കുന്ന പ്രതിഭ! ഇദ്ദേഹമില്ലാത്ത ഒരു ഹൈവോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങള്‍ ഇന്ന് ഇന്ത്യന്‍ സിനിമക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇന്ന് തെലുങ്കിലാണെങ്കില്‍, നാളെ ഹിന്ദിയില്‍, മറ്റന്നാള്‍ തമിഴില്‍.. അങ്ങനെ ഓടിനടന്ന് ചിത്രങ്ങള്‍ ചെയ്യുകയാണ്, ഈ ഇന്ത്യന്‍ ബ്രൂസ്ലിയിപ്പോള്‍.

ഗജനി, അന്യന്‍, മഗധീര, ശിവാജി, യന്തിരന്‍, ബാഹുബലി… സംഘട്ടനത്തില്‍ സ്വന്തം കൈയൊപ്പുപതിപ്പിച്ച സിനിമകള്‍ ഏറെയുണ്ടെങ്കിലും പുലിമുരുകനിലെ ഇടിയാണ് മാസ്റ്ററെ കേരളക്കരയ്ക്ക് പ്രിയപ്പെട്ടവനാക്കിമാറ്റിയത്. മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ ആ ഇഷ്ടം ഉറപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. പ്രഭാസ് നായകനായ 'കല്‍ക്കി', കമല്‍ഹാസന്റെ ഇന്ത്യന്‍ 2, ധനുഷ് സിനിമ രായന്‍, അല്ലു അര്‍ജുന്റെ ആഘോഷചിത്രം പുഷ്പ 2… വലിയ കാന്‍വാസിലൊരുങ്ങുന്ന ഒട്ടേറെ ബിഗ് ബജറ്റ് സിനിമകളുടെ തിരക്കിനിടയിലും മാസ്റ്റര്‍ മലയാളത്തെ മറന്നില്ല. വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന ഇടിയന്‍ ചന്തുവിലൂടെയാണ് പീറ്റര്‍ ഹെയ്‌ന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.

അംഗീകാരങ്ങളും ഏറെ കിട്ടിയിട്ടുണ്ട് ഈ പ്രതിഭക്ക്. ലോകപ്രശസ്തമായ വേള്‍ഡ് സ്റ്റണ്ട് അവാര്‍ഡിന് ഹോളിവുഡിലെ ആക്ഷന്‍ സംവിധായകരോടൊപ്പം പീറ്റര്‍ ഹെയ്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഗജിനി എന്ന ചലച്ചിത്രത്തിന് മികച്ച ആക്ഷന്‍ രംഗങ്ങള്‍ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. 2016 - ല്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ പുലിമുരുകന്‍ എന്ന ചലച്ചിത്രത്തിന് ഏറ്റവും മികച്ച സ്റ്റണ്ട് കോറിയോഗ്രഫറിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഈ പുരസ്‌കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് പീറ്റര്‍.

ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന സ്റ്റണ്ട് മാസ്റ്ററിലേക്കുള്ള, ഹെയ്നിന്റെ വളര്‍ച്ച ഏറെ കഷ്ടപ്പെട്ടു തന്നെയാണ്. മരണംപോലും മുന്നില്‍ കണ്ടാണ്, ജനം ആര്‍ത്തുവിളിക്കുന്ന പല സീനുകളും അദ്ദേഹം ഒരുക്കിയത്. ഉയരങ്ങളില്‍നിന്ന് വീണും, പൊള്ളലേറ്റുമൊക്കെ പീറ്റര്‍ ഹെയ്ന് ഷൂട്ടിങ്ങിനിടെ പലതവണ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പക്ഷേ എന്നിട്ടും അയാള്‍ പാതിവെന്ത മുഖംവെച്ചുപോലും സെറ്റിലെത്തും. അത്രക്ക് ഡെഡിക്കേറ്റഡാണ്, പീറ്റര്‍ ഹെയ്ന്‍ എന്ന 45കാരന്‍.ആനച്ചോറ് കൊലച്ചോറ് എന്ന് പറയുന്നതുപോലെ, ഒരോ സ്റ്റണ്ട് മാസ്റ്റര്‍മാരുടെ ജീവിതവും ഒരു പരിധിവരെ കൊലച്ചോറ് തന്നെയാണ്. കാരണം അവിടെ ഏത് സമയവും മരണം പതിയിരിക്കുന്നുണ്ട്! അസാധാരണമാണ് അദ്ദേഹത്തിന്റെ ജീവിത കഥയും.

പാതി തമിള്‍, പാതി വിയറ്റ്നാം

സിനിമാ സെറ്റുകളില്‍നിന്ന് സെറ്റിലേക്ക് ഓടുന്ന, പീറ്റര്‍ ഹെയ്നിനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഒരു ചൈനാക്കാരനാണെന്നാണ തോന്നുക. ഇതിന് കാരണം അദ്ദേഹത്തിന്റെ അമ്മയാണ്. പീറ്ററിന്റെ അച്ഛന്‍ പെരുമാള്‍ തമിഴ്നാട് സ്വദേശിയും അമ്മ വിയറ്റ്നാം സ്വദേശിയുമാണ്. ആ വിയറ്റ്നാമീസ് മുഖമാണ് ചൈനീസായി തെറ്റിദ്ധരിക്കാറുള്ളത്. തമിഴ്നാട്ടിലെ കാരൈക്കലിലാണ് ഹെയ്ന്‍ ജനിച്ചത്. ചെന്നൈയിലെ വടപളനിയിലും സമീപപ്രദേശങ്ങളിലുമായി വളര്‍ന്നു. അച്ഛന്‍ പെരുമാള്‍, തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്ററായിരുന്നു. അങ്ങനെയാണ് വളരെ ചെറുപ്പത്തിലേ പീറ്ററും ഈ ഫീല്‍ഡിലെത്തി. അച്ഛന്റെ കൈപിടിച്ച് മകനും സിനിമയിലേക്കുകയറി. വിലകൂടിയതാരങ്ങളുടെ ഡ്യൂപ്പായും സ്റ്റണ്ട് മാസ്റ്റര്‍മാരുടെ സഹായിയായും പണിപഠിച്ചു. സിനിമാ സെറ്റുകളിലേക്കുള്ള യാത്ര തനിക്ക്, സ്വന്തം വീട്ടിലേക്ക് പോകുന്നതുപോലെ ആയിരുന്നുവെന്നാണ് ഹെയ്ന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം തമിഴ്, തെലുങ്ക് , മലയാളം എന്നീ സിനിമകളില്‍ എക്സ്ട്രാ ഫൈറ്റര്‍ ആയും അസിസ്റ്റന്റെ ഫൈറ്റ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. കരിയറിന്റെ ആദ്യകാലങ്ങളില്‍, ആക്ഷന്‍ ഡയറക്ടര്‍മാരായ കനല്‍ കണ്ണനും, വിജയനും ഒപ്പം അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു. കഷ്ടപ്പാടിന്റെ കാലമായിരുന്നെങ്കിലും, താന്‍ അതെല്ലാം നന്നായി എന്‍ജോയ് ചെയ്തിരുന്നുവെന്നാണ്, ഹെയ്ന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. ഇന്നത്തെപ്പോലെയുള്ള സാങ്കേതിക വിദ്യ ഡെവലപ്പ് ചെയ്യാത്ത കാലത്ത്, സ്റ്റണ്ട് അന്ന് ഏറെ റിസ്‌ക്ക് പിടിച്ച പരിപാടിയായിരുന്നു. അന്ന് സൂപ്പര്‍ താരങ്ങങ്ങളുടെ വരെ ഡ്യൂപ്പായും പ്രവര്‍ത്തിച്ചു.

എത്ര റിസ്‌ക്കുള്ള ആക്ഷന്‍ രംഗങ്ങളും, ഒട്ടും പേടിയില്ലാതെ പുല്ലുപോലെ ചെയ്യുന്ന ആ യുവാവിനെ സംവിധായകര്‍ക്ക് നന്നായി ബോധിച്ചു. അങ്ങനെയാണ്, അസിസ്റ്റന്റ് ജോലിയില്‍നിന്ന് സ്വതന്ത്രനായ ഫൈറ്റ് മാസ്റ്റായി അദ്ദേഹത്തിന് പ്രമോഷന്‍ കിട്ടുന്നത്. ഷൂട്ടിങ് സെറ്റില്‍ അവര്‍ ജീവന്‍ പണയം വച്ച് നടത്തുന്ന കളികളും അതിനു കൊടുക്കേണ്ടി വരുന്ന വിലയും നന്നായി അറിയുന്ന ആളാണ് ഹെയ്ന്‍. അന്തരീക്ഷത്തില്‍ മലക്കം മറിയുകയും, ഉയരത്തില്‍ നിന്ന് എടുത്തു ചാടുകയും, വെറും തല കൊണ്ട് കണ്ണാടി ഇടിച്ചു പൊട്ടിക്കുകയും ഒക്കെ ചെയ്യുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകള്‍ പീറ്റര്‍ക്ക് പറയാനുണ്ട്. അതിനിടെ ഷങ്കറിന്റെ മുതല്‍വന്‍ എന്ന അര്‍ജുന്‍ ചിത്രത്തിന്റെ സെറ്റിലുണ്ടായ ഒരു സംഭവം, പീറ്ററിനെ അത്ഭുത കഥാപാത്രമാക്കിയിരുന്നു.

മുതല്‍വനിലെ തീക്കളി

സൂപ്പര്‍ താരങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും ഡ്യൂപ്പുകളായിരിക്കും. പ്രേക്ഷകരുടെ കൈയടി കിട്ടുന്നത് താരങ്ങള്‍ക്ക് ആണെങ്കിലും പിന്നണിയിലുള്ള ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ വിജയമാണത്. ജീവന്‍ പണയം വെച്ച് ആക്ഷന്‍ ഡയറക്ടറോ അല്ലെങ്കില്‍ നടന്റെ ഡ്യൂപ്പോ ആയിരിക്കും ഇത് ചെയ്യുന്നത്. ഇവരുടെ കണ്ണീരും അധ്വാനവും ഒന്നും ആരും അറിയാറില്ല.

ഷങ്കര്‍ സംവിധാനം ചെയ്ത മുതല്‍വന്‍ എന്ന സിനിമയിലെയും അസിസ്റ്റന്റ്‌റ് സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്നു പീറ്റര്‍ ഹെയ്ന്‍. മുതല്‍വനിലെ പ്രസിദ്ധമായ ഒരു രംഗമാണ് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ഗുണ്ടകള്‍ ശ്രമിക്കുമ്പോള്‍ വസ്ത്രം ഊരിയെറിഞ്ഞു രക്ഷപ്പെടുന്ന, ഒരു ദിവസം മാത്രം മുഖ്യമന്ത്രിയായി മാറുന്ന പുകഴേന്തി എന്ന അര്‍ജുന്റെ കഥാപാത്രം. ദേഹത്ത് തീയുമായി ഓടുന്ന അയാള്‍ അവസാനം പൂര്‍ണ നഗ്‌നനായി പുഴയിലേക്ക് ചാടുകയാണ്.

സിനിമ കണ്ട ഒരാള്‍ക്ക് പോലും അത് യഥാര്‍ത്ഥത്തില്‍ ചെയ്തത് പീറ്റര്‍ ഹെയ്ന്‍ ആണെന്ന് എന്ന് മനസ്സിലായില്ല. മുതുകില്‍ റബര്‍ സൊല്യൂഷന്‍ തേച്ച ശേഷമാണ് അതിനു മുകളില്‍ തീ കൊളുത്തുക. സീന്‍ കൂടുതല്‍ നന്നാകാന്‍ വേണ്ടി താന്‍ ഓടിത്തുടങ്ങുമ്പോള്‍, കുറച്ചു മില്ലി പെട്രോള്‍ മുതുകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയിലേക്ക് വീശിയെറിയണം എന്ന് തന്റെ അസിസ്റ്റന്റിനെ മാസ്റ്റര്‍ ശട്ടം കെട്ടി. പക്ഷെ മാസ്റ്റര്‍ ഓടുന്നതിന്റെ വേഗതയും അസിസ്റ്റന്റ് സമയം കണക്കുകൂട്ടിയതിലെ പിഴവും കാരണം കൂടുതല്‍ പെട്രോള്‍ തീയിലേക്ക് വീണ് അത് ആളിക്കത്തി.

പുഴയിലേക്ക് ചാടുന്നതായാണ് സിനിമയില്‍ കാണിക്കുന്നതെങ്കിലും ഓട്ടത്തിന്റെ അവസാനം ഒരു സേഫ്റ്റി ടാങ്കിലേക്കാണ് യഥാര്‍ത്ഥത്തില്‍ അയാള്‍ ചാടുന്നത്.എല്ലാവരും ഓടിവന്ന് ടാങ്കില്‍ മാസ്റ്ററെ പുറത്തെടുത്തപ്പോളേക്കും അദ്ദേഹത്തിന്റെ മുതുകത്ത് നിന്ന് നല്ലൊരു ഭാഗം തൊലിയും വെന്തു പോയിരുന്നു. അത്രയും വേദന ഉണ്ടായിട്ടും ഓട്ടം നിര്‍ത്താതിരുന്നത് കൊണ്ട് ആ ടേക്ക് നല്ലതുപോലെ കിട്ടുകയും ചെയ്തു. തീയറ്ററില്‍ ഈ രംഗം കരഘോഷം സൃഷ്ടിക്കുമ്പോള്‍ വേദന തിന്നുകൊണ്ട് ചികിത്സ തേടുകയായിരുന്നു പീറ്റര്‍ ഹെയ്ന്‍. സിനിമ നന്നാക്കാനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ മനുഷ്യനെ അധികാലം ആര്‍ക്കും അവഗണിക്കാനായില്ല. അങ്ങനെ 2001-ല്‍ ഗൗതം മേനോന്റെ 'മിന്നലെ'യിലൂടെ സ്വതന്ത്ര സ്റ്റണ്ട് കോറിയോഗ്രാഫറായി. മിന്നലെയിലെ ദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പീറ്റര്‍ ഹെയ്‌നെത്തേടി വിളികള്‍വന്നു.

അന്യനില്‍ മരണം മുന്നില്‍ കണ്ടു

അതിനിടയില്‍ അന്യന്‍ സിനിമയുടെ സെറ്റില്‍വെച്ച് അദ്ദേഹം മരിച്ചുപോകത്തക്ക അപകടം ഉണ്ടായിരുന്നു. ഈ ഷങ്കര്‍ സിനിമ ഒരു പ്രസ്റ്റീജയാണ് പീറ്റര്‍ എടുത്തിരിക്കുന്നത്. ദ്വന്ദ വ്യക്തിത്വ പ്രശ്‌നങ്ങള്‍ കാരണം ഭ്രാന്തമായ അവസ്ഥയിലെത്തിയ അമ്പിയിലെ അന്യന്‍ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു. ഡോജോ ഹോളില്‍ വച്ച് തനിക്കു നേരെ പാഞ്ഞടുക്കുന്ന കരാട്ടെ അഭ്യാസികളെ നേരിടുന്ന അയാള്‍ എല്ലാവരെയും അസാമാന്യ ശക്തിയോടെ അടിച്ചു തെറിപ്പിക്കുകയാണ്. പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന അവരെയെല്ലാം മുകളിലേക്ക് തെറിപ്പിച്ചുകൊണ്ട് ഒരു വിജയിയെ പോലെ ഉയര്‍ന്നു പൊന്തുന്ന അന്യന്‍. ഇതാണ് സീന്‍.

സംഘട്ടനം നടക്കുന്ന അരീനയ്ക്ക് ചുറ്റിനുമായി സജ്ജീകരിച്ചിട്ടുള്ള നൂറ്റിയിരുപത് ക്യാമറകള്‍ അതിന്റെ ഓരോ നിമിഷവും പിഴവില്ലാതെ ഒപ്പിയെടുത്തു. ആ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഭാഗമായിരുന്നു ആ സംഘട്ടനം. വന്‍ വിജയമായ ആ ചിത്രത്തില്‍ ഇപ്പോളും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ത്രസിപ്പിക്കുന്ന ഒരു രംഗമായി ഇന്നും അത് തുടരുന്നു. എന്നാല്‍ ഇത് ഷൂട്ട് ചെയ്യുമ്പോള്‍ സംഭവിച്ച ഭീകരമായ ഒരു അപകടം പുറത്താരും അറിഞ്ഞില്ല.

ചിത്രീകരണത്തിന് ടൈം സ്ലൈസ് മെത്തേഡ് ഉപയോഗിക്കുന്നത് കാരണം വളരെ ചെറിയ ഒരു ഏരിയ മാത്രമാണ് സംഘട്ടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കിട്ടുന്നത്. അതിനു ചുറ്റും വട്ടത്തിലായാണ് ക്യാമറകള്‍ വിന്യസിച്ചിരിക്കുന്നത്. സാങ്കേതികമായ ഈ സങ്കീര്‍ണ്ണത കാരണം കൂടുതല്‍ ഷോട്ടുകള്‍ക്കു പോകാനും കഴിയില്ല. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആക്ഷന്‍ കൊറിയോഗ്രാഫര്‍ എല്ലാം പ്ലാന്‍ ചെയ്തു. നായകന്റെ അടിയേറ്റ് പറന്നു പൊന്തേണ്ട എല്ലാ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെയും, അരയില്‍ കയര്‍ കെട്ടി അതൊരു കപ്പി വഴി ഒറ്റ കയറില്‍ ബന്ധിപ്പിച്ചു. അതായത് ആ ഒറ്റക്കയര്‍ വലിച്ച് എല്ലാവരെയും ഒരുമിച്ചു പൊക്കുകയും താഴ്ക്കുകയും ചെയ്യാം. ഇത്രയും ആര്‍ട്ടിസ്റ്റുകളുടെ ഭാരം താങ്ങേണ്ടത് കൊണ്ട് ആ കയര്‍ അവര്‍ ഒരു ട്രക്കുമായി പിടിപ്പിച്ചു.

ട്രക്ക് മുന്നോട്ടു ഓടിച്ചാല്‍ കയര്‍ വലിയും, ഇവരെല്ലാം ഉയര്‍ന്നു പൊന്തുകയും ചെയ്യും. നല്ലത് പോലെ റിഹേഴ്സല്‍ നടത്തി എല്ലാവരും റെഡിയായി. എന്നാല്‍ ടേക്ക് എടുത്തപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അത്യാഹിതം സംഭവിച്ചു. ട്രക്ക് മുന്നോട്ടെടുത്ത ഡ്രൈവര്‍ക്ക് ബ്രേക്ക് ചെയ്യുന്നതില്‍ ടൈമിംഗ് പിഴച്ചു. കയറില്‍ കെട്ടിയിരുന്ന എല്ലാ ആര്‍ട്ടിസ്റ്റുകളും മിന്നല്‍ വേഗത്തില്‍ ഉയര്‍ന്നു പൊന്തി മുകളിലത്തെ സീലിങ്ങില്‍ പോയി ഇടിച്ചു പലയിടത്തായി തെറിച്ചു വീണു. ചോരയില്‍ കുളിച്ചു കിടന്ന അവരുടെ കൂട്ടത്തില്‍ താടിയെല്ലുകള്‍ സാരമായി തകര്‍ന്ന സ്റ്റണ്ട് മാസ്റ്ററര്‍ പീറ്റര്‍ ഹെയ്നും ഉണ്ടായിരുന്നു. മുഖത്തിന്റെ രൂപം തന്നെ മാറിപ്പോയ അദ്ദേഹം പിന്നീട് തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ക്ക് വിധേയമായാണ് എല്ലാം ശരിയാക്കിയെടുത്തത്. അന്ന് ആപകട സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ പാര്‍വതി പൊട്ടിക്കരയുകയായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും അദ്ദേഹം കുലുങ്ങിയില്ല. മുഖം ശരിയാക്കി വീണ്ടും സെറ്റിലെത്തി. അതാണ് പീറ്റര്‍ ഹെയ്ന്‍. പക്ഷേ അതോടെ ഇന്ത്യന്‍ ആക്ഷന്‍ കോറിയാഗ്രാഫിയുടെ അവസാനവാക്കായി അദ്ദേഹം മാറി.

അലറി വിളിക്കുന്ന മാസ്റ്റല്ല

പിന്നീട് പീറ്റര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അഞ്ജി, റണ്‍, കാക കാക്ക തുടങ്ങിയ ചിത്രങ്ങളില്‍ വിമര്‍ശകരുടെ ശ്രദ്ധയും പ്രശംസയും അദ്ദേഹം സ്വന്തമാക്കി. വരംശം, ആന്‍യന്‍, ആതതു ,ചത്രാപതി എന്നീ ചിത്രങ്ങളിലെ പീറ്റര്‍ ഹെയ്നിന്റെ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2001-ല്‍ അഞ്ചുസിനിമകള്‍, 2002-ല്‍ ഒന്‍പത് ചിത്രങ്ങള്‍, 2003-ല്‍ പതിമൂന്ന് സിനിമകള്‍… അതിശയിപ്പിക്കുന്നതായിരുന്നു ആ വളര്‍ച്ച.രാംഗോപാല്‍ വര്‍മയാണ് ജെയിംസ് എന്ന ചിത്രത്തിലൂടെ, പീറ്റര്‍ ഹെയ്‌നെ ബോളിവുഡിന് പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് മണിരത്നം, തന്റെ പുതിയ ചലച്ചിത്രമായ രാവണനിലേക്ക് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നിരുന്നാലും, ഷെഡ്യൂളുകളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകാരണം മുഴുവന്‍ സമയം അദ്ദേഹം രാവണനുവേണ്ടി പ്രവര്‍ത്തിച്ചില്ല.

സിനിമാസെറ്റുകളില്‍ ക്യാമറയ്ക്കുപിന്നില്‍നിന്ന് മൈക്കില്‍ അലറിവിളിക്കുന്ന സ്റ്റണ്ട്മാസ്റ്റര്‍മാരുടെ സ്ഥിരംരീതി പീറ്റര്‍ ഹെയ്‌ന് വശമില്ല. നായകന്റെ സാഹസികനീക്കങ്ങളും ആക്ഷന്‍ പ്രകടനങ്ങളുമെല്ലാം അവനുമുന്‍പേ സ്വയം ചെയ്തുകാണിക്കുന്ന കൊറിയോഗ്രാഫറാണ് അദ്ദേഹം. അതുകൊണ്ടുതന്നെ എത്രതവണ അപകടങ്ങളില്‍പ്പെട്ടെന്നും ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ മെറ്റല്‍പ്ലേറ്റുകള്‍ സ്ഥാപിച്ചെന്നും എണ്ണിപ്പറയുക പ്രയാസം. ജീവന്‍ പണയംവെച്ചുള്ള ഈ ജോലി എന്തിന് എന്ന ചോദ്യത്തിന് മാസ്റ്ററുടെ കൈയില്‍ കൃത്യമായൊരുത്തരമുണ്ട്.

"സാഹസിക ജോലികളോട് അത്രമേല്‍ ഇഷ്ടമാണെനിക്ക്. കൈയില്‍ ഡ്രിപ്പിട്ടും വീല്‍ച്ചെയറിലും പാതിവെന്ത ശരീരഭാഗങ്ങള്‍ പൊതിഞ്ഞുകെട്ടിയും അടുത്ത അങ്കത്തിനായി ഞാന്‍ സെറ്റുകളിലേക്ക് കയറിച്ചെന്നു. എന്റെ പരിക്കുകള്‍കണ്ട്, എല്ലാത്തിനുമൊരു പരിധിവേണമെന്ന് ഗൗരവംകലര്‍ന്ന ഭാഷയില്‍ ചിരഞ്ജീവിസാര്‍ ഉപദേശിച്ചിട്ടുണ്ട്. കണ്ണുനിറച്ച് കെട്ടിപ്പിടിച്ചു കൊണ്ടാണൊരിക്കല്‍ രജനിസാര്‍ സ്നേഹം പ്രകടിപ്പിച്ചത്. ഇതെല്ലാം ജോലിനല്‍കുന്ന സന്തോഷങ്ങളാണ്. അതെല്ലാം വേണ്ടെന്നുവെക്കാന്‍ എനിക്കാകില്ല. ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ചും ആഹ്ലാദത്തോടെയും ചെയ്യുന്നു, അതെല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ…"വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച്, പലതരം നിറങ്ങളാല്‍ മുടി അലങ്കരിച്ച് വേദികളില്‍ പ്രത്യക്ഷപ്പെടുന്ന പീറ്റര്‍ ഹെയ്ന്‍ സംസാരിക്കുമ്പോഴെല്ലാം ചുണ്ടിലൊരു ചിരി സൂക്ഷിക്കും. സിനിമക്ക് പുറത്ത് ഹമ്പിളും സിമ്പിളുമാണ് അദ്ദേഹം.

മമ്മൂട്ടിയും ലാലും മികച്ച ഫൈറ്റേഴ്സ്

കേരളത്തോടും പ്രത്യേക സ്നേഹമുണ്ട് പീറ്റര്‍ ഹെയിന്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഹിറ്റായതോടെയാണ് ഹെയ്ന്‍ മലയാളക്കരയിലും തരംഗമായത്.-'മലയാളികളുടെ സ്നേഹം ഒരുപാടുതവണ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് ഫ്‌ളൈറ്റ് ഇറങ്ങുന്നത് പുലര്‍ച്ചെ നാലരയ്ക്കാണ്, എയര്‍പോര്‍ട്ടില്‍നിന്നു പുറത്തേക്കു കടക്കുമ്പോള്‍ രണ്ടുപേര്‍ ഓടിവന്ന്, പീറ്റര്‍ ഹെയ്ന്‍ ആണെന്ന് ഉറപ്പിച്ചശേഷം കെട്ടിപ്പിടിച്ചു. ഒറ്റശ്വാസത്തില്‍ അവര്‍ പറഞ്ഞതത്രയും പുലിമുരുകന്‍ നല്‍കിയ ആവേശത്തെക്കുറിച്ചായിരുന്നു, പിന്നീടറിയേണ്ടത് പുഷ്പ 2-വിന്റെയും ഇന്ത്യന്‍ 2-വിന്റെയും വിശേഷങ്ങളും."- ഈയിടെയും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരേ പാറ്റേണില്‍ സ്റ്റണ്ട് ചെയ്യുന്ന, നമ്മുടെ മലയാള താരങ്ങളുടെ ആക്ഷന്‍ രീതിപോലും മാറ്റിമറിച്ചത് പീറ്ററാണ്. മോഹന്‍ലാല്‍ ശരിക്കും ഒരു അത്ഭുത ജീവിയാണെന്നാണ് അദ്ദേഹം പറയുക. ഡ്യൂപ്പിനെ വെറുതെയിരുത്തി ശമ്പളം കൊടുക്കയാണ് ലാലിന്റെ രീതിയെന്ന് പീറ്റര്‍ പറയുന്നു. -"ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത നിര്‍ബന്ധമുള്ള നടനാണ് മോഹന്‍ലാല്‍. തികഞ്ഞ പ്രൊഫഷണലാല്‍ അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള ദിവസങ്ങള്‍ ജീവിതത്തില്‍ മറക്കാനാകില്ല. രാവിലെ എഴുന്നേറ്റ് ചെറിയ കുട്ടികളെ പോലെ അച്ചടക്കത്തോടെ പ്രാക്ടീസ് ഒക്കെ ചെയ്യും. പിന്നീട് വൈകുന്നേരവും സമയം മാറ്റിവച്ച് പ്രാക്ടീസ് ചെയ്യും. ശരിക്കും ഒരു സ്റ്റുഡന്റിനെ പോലെ. വലിയൊരു താരമാണെന്ന ഭാവമില്ലാതെ എന്താണ് ആവശ്യപ്പെടുന്നത് അതിന് വേണ്ടി ഏതറ്റം വരെ പോകാനും ലാല്‍ സാര്‍ തയ്യാറായിരുന്നു. മലയാളം താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയാണെന്നും സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇന്റര്‍നാഷനല്‍ നിലവാരം വേണമെന്നും അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു. ഇന്ത്യയിലെ മികച്ച ആക്ഷന്‍ ഡയറക്ടറെ ഞങ്ങള്‍ എത്തിച്ചത് അതിനാണെന്നും ലാല്‍ സാര്‍ പറഞ്ഞിരുന്നു"- പീറ്റര്‍ പുലിമരുകന്‍ ദിനങ്ങള്‍ അനുസ്മരിച്ചു.

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ മമ്മൂട്ടി ഡ്യുപ്പില്ലാതെയാണ് സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. മധുരരാജ പ്രീ ലോഞ്ച് പരിപാടിയില്‍ മമ്മൂട്ടിയെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ് പറയുകയും ചെയ്തു പീറ്റര്‍ ഹെയ്ന്‍.

"ചിത്രത്തിനായി മമ്മൂട്ടിയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇതുവരെ ചെയ്തതിനേക്കാള്‍ മികച്ചതായിരിക്കണം മധുരരാജയിലെ ഫൈറ്റെന്ന് എനിക്കും വൈശാഖിനും ഒരു പ്ലാനുണ്ടായിരുന്നു. അതിനു വേണ്ടി കൂടുതല്‍ പ്രയാസകരമായ സ്റ്റണ്ട് സീനുകള്‍ മമ്മൂട്ടി സാറിനു നല്‍കിയിരുന്നു. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകള്‍ എടുത്തത്. വളരെ കഠിനമായ ആ സീനുകളോട് അദ്ദേഹം സഹകരിച്ചു, ഇതെല്ലാം ആരാധകര്‍ക്ക് കൂടി വേണ്ടിയാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാര്‍… താങ്കളെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ്. ഫാന്‍സിനു വേണ്ടി ഇത്രയും കഷ്ട്ടപ്പെട്ടു സ്റ്റണ്ട് ചെയ്യുന്ന ഒരു താരത്തെ കിട്ടിയ നിങ്ങള്‍ ആരാധകര്‍ ഭാഗ്യവാന്മാരാണ്, ' പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു. അതിനുശേഷം ഡ്യൂപ്പില്ലാതെ റോപ്പില്‍ ആടിക്കൊണ്ട് മമ്മൂട്ടി നടത്തുന്ന സംഘടനങ്ങളുടെ വീഡിയോയും വൈറലായിരുന്നു. 70ാം വയസ്സിലാണ് മമ്മൂക്കയുടെ ഈ പ്രകടനം എന്ന ഓര്‍ക്കണം. അത് സംഭവിക്കുന്നത് പീറ്റര്‍ ഹെയ്നിനോടുള്ള വിശ്വാസത്തില്‍നിന്ന് കൂടിയാണ്.

ശാന്തമായ കുംടുംബ ജീവിതം

സിനിമയില്‍ ഫയര്‍ ആയ ഈ മനുഷ്യന്‍ വ്യക്തിജീവിതത്തില്‍ തീര്‍ത്തും ശാന്തനും സാധുവുമാണ്. ചെന്നൈ സ്വദേശിയായ പാര്‍വതിയാണ് ഹെയ്ന്റെ ജീവിത പങ്കാളി. 1995 ഡിസംബറിലായിരുന്നു വിവാഹം. കിരണ്‍ ഹെയ്ന്‍ ആണ് ഇവരുടെ മകന്‍. 2020-ല്‍ വിവാഹത്തിന്റെ 25ാം വാര്‍ഷികം, ഫേസ്ബുക്ക് പേജിലൂടെ പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ് അദ്ദേഹം ആഘോഷമാക്കിയിരുന്നു. ഒപ്പം തനിക്കൊരു നല്ല കുടുംബം സമ്മാനിച്ചതിന് പാര്‍വതിയ്ക്ക് നന്ദിയും പറയുകയാണ് താരം.പാര്‍വതിയുടെ ക്ഷമയാണ് തന്നെ ഈ കരിയറില്‍ പിടിച്ചു നിര്‍ത്തുന്നതെന്നും ഹെയ്ന്‍ പറയുന്നുണ്ട്. ഷൂട്ടിങ്ങിനിടെ പലതവണ അപകടത്തില്‍പെട്ടപ്പോഴും, കരിയറിനോടുള്ള തന്റെ പാഷന്‍ അവര്‍ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്.

ഇപ്പോള്‍ അഭിനയിക്കാനും പീറ്റര്‍ ഹെയ്നിന് വലിയ ഓഫറുകളുണ്ട്. ഇപ്പോഴുള്ള പാന്‍ ഇന്ത്യന്‍ പ്രശസ്തിവെച്ച് പടം ചെയ്താല്‍, ഒരു ഇന്ത്യന്‍ ബ്രൂസ്ലി ഉണ്ടാവുമെന്നും കരുതുന്നവര്‍ ഉണ്ട്. പക്ഷേ പീറ്റര്‍ വളരെ സാവധാനമാണ് തീരുമാനങ്ങള്‍ എടുക്കുക. വൈകാതെ അദ്ദേഹം വെളളിത്തിരയില്‍ നായകനാവുമെന്നും പ്രതീക്ഷിക്കാം.

ഇപ്പോള്‍ വീണ്ടും മലയാളത്തില്‍ എത്താനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു. "സംഘട്ടനരംഗങ്ങളില്‍ നിരന്തരം പുതുമകള്‍ പരീക്ഷിക്കുകയാണ്, കഥയ്ക്കും കഥാസന്ദര്‍ഭത്തിനും ചേരുന്നവിധത്തില്‍ സംവിധായകര്‍ ആവശ്യപ്പെടുന്നത് നല്‍കുന്നതാണ് എന്റെ രീതി. ഒരു സിനിമയിലെ സംഘട്ടനവും മറ്റൊരു സിനിമയിലെ സംഘട്ടനവും തമ്മില്‍ സാമ്യവുമുണ്ടാകില്ല, എന്നെ വിശ്വസിച്ചുവരുന്നവരെ നിരാശപ്പെടുത്താറില്ല, രംഗങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ എത്ര തവണവേണമെങ്കിലും പ്രവൃത്തികള്‍ ആവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെപക്ഷം. പുഷ്പയിലെ സംഘട്ടനങ്ങള്‍ ഒരുക്കുമ്പോഴാണ് സംവിധായകന്‍ ശ്രീജിത്ത്, ഇടിയന്‍ ചന്തുവിന്റെ കഥ പറയുന്നത്. ആദ്യകേള്‍വിക്കുശേഷം, കഥയുമായി വൈകീട്ട് ഒരുവട്ടംകൂടി ഇരിക്കാമെന്ന് ഞാന്‍ സംവിധായകനോട് അങ്ങോട്ട് പറയുകയായിരുന്നു. ഇടിയന്‍ ചന്തുവിന്റെ കഥയിലെ പലസന്ദര്‍ഭങ്ങളും വ്യക്തിപരമായി ചേര്‍ന്നുനില്‍ക്കുന്നുണ്ട്, കഥനല്‍കിയ സന്തോഷമാണ് വീണ്ടും മലയാളത്തിലേക്ക് വരാനുള്ള കാരണം."- പീറ്റര്‍ ഹെയ്ന്‍ പറയുന്നു.

വാല്‍ക്കഷ്ണം: തട്ടുപൊളിപ്പന്‍ സംഘട്ടനങ്ങള്‍ക്ക് പിന്നില്‍ ജീവന്‍ പണയംവെക്കുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ വെല്‍ഫയറിനുവേണ്ടിയും, പീറ്റര്‍ ഹെയ്ന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ സംവിധാനം ചെയ്ത 'സിനിമാ വീരന്‍' എന്ന ഡോക്യൂമെന്ററിയാണ് സ്റ്റാണ്ട് താരങ്ങളുടെ ദയനീയ അവസ്ഥ പുറത്തുകൊണ്ടുവന്നത്. തബലകൊണ്ട്, രക്ഷപ്പെട്ടത് സാക്കീര്‍ ഹുസൈന്‍ മാത്രമാണെന്ന്, ഒരു സിനിമയില്‍ പറയുന്നതുപോലെ, സ്റ്റണ്ട്കൊണ്ട് രക്ഷപ്പെട്ടത് പീറ്റര്‍ ഹെയ്നെപ്പോലുള്ള അപൂര്‍വം പേര്‍ മാത്രമാണ്!