ഫ്രിക്കൻ രാജ്യങ്ങൾക്ക് സമാനമായി ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത, ഇന്ത്യാ ഉപഭുഖണ്ഡത്തിലുണ്ട്. അതാണ് പാക്കിസ്ഥാന്റെ, രാജ്യത്തിനുള്ളിലെ രാജ്യം എന്ന് അറിയപ്പെടുന്ന, അവർ ആസാദ് കാശ്മീർ എന്നും, നാം അധിനിവേശ കാശ്മീർ ( പിഒകെ) എന്നും വിളിക്കുന്ന പ്രദേശങ്ങൾ. ഒരു കാലത്ത് തീവ്രവാദത്തിൻന്റെ ആഗോള ഫാക്ടറി എന്ന് അറിയപ്പെട്ടിരുന്ന പിഒകെയിൽ ഇപ്പോൾ സമരകാലമാണ്. ഭക്ഷ്യക്ഷാമവും, ഇന്ധനക്ഷാവും രുക്ഷമായതോടെ ഇവിടെ ജനം തെരുവിൽ ഇറങ്ങിയിരിക്കയാണ്. പാക്ക് സർക്കാറിൽനിന്നുള്ള ആസാദിയാണ് അവർ ആവശ്യപ്പെടുന്നത്!

അതുവരെ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിച്ചുകൊണ്ടാണ് പാക്കിസ്ഥാൻ ഇവിടെ പിടിച്ചുനിന്നത്. പക്ഷേ വിശപ്പിനുമുന്നിൽ അതെല്ലാം ഇല്ലാതാവുകയാണ്.
ഗോതമ്പുപൊടിയുടെയും വൈദ്യുതിയുടെയും വിലവർധനയിൽ പ്രതിഷേധിച്ച്, പാക് അധിനിവേശ കശ്മീരിൽ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന സമരത്തിനിടെ സംഘർഷമുണ്ടായി. ഒരു പൊലീസുകാരൻ മരിക്കുകയും നൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്ത വലിയ കലാപമായി അത് പടർന്നു.

വ്യാപാരികളുടെ സംഘടനയായ ജമ്മു-കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയാണ് (ജെ.എ.എ.സി.) കോട്‌ലി, പൂഞ്ച് ജില്ലകളിലൂടെ തലസ്ഥാനമായ മുസാഫറാബാദിലേക്ക് മാർച്ച് നടത്തിയത്. റാലികടന്നുപോയ ഇസ്ലാംഗഢിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരിലൊരാളായ സബ് ഇൻസ്പെക്ടർ അദ്നൻ ഖുറേഷിയാണ് വെടിയേറ്റുമരിച്ചത്.
ജെ.എ.എ.സി.യുടെ 70 പ്രവർത്തകരെ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പൊലീസ് വീടുകയറി അറസ്റ്റുചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംഘടന വെള്ളിയാഴ്ച കടയടപ്പും റോഡ് ഉപരോധവും പ്രഖ്യാപിക്കുകയും ശനിയാഴ്ച മുസാഫറാബാദിലേക്ക് മാർച്ചിന് ആഹ്വാനംചെയ്യുകയുമായിരുന്നു. ജെ.എ.എ.സി ഇപ്പോൾ ശരിക്കും വിമോചന സംഘടനായി മാറിക്കഴിഞ്ഞിരിക്കുന്നു.

വൈദ്യുതിയുടെയും ഗോതമ്പുപൊടി വിലയുടെയും കാര്യത്തിൽ പ്രക്ഷോഭകരുടെ ആവശ്യം പരിഗണിക്കാമെന്ന് പി.ഒ.കെ. പ്രധാനമന്ത്രി ചൗധരി അൻവറുൾ ഹഖ് പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച മേഖലയിൽ ജെ.എ.എ.സിയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ജമ്മുകശ്മീർ ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റിയുടെ നിരവധി നേതാക്കളെ ഒറ്റരാത്രി കൊണ്ട് റെയ്ഡ് നടത്തി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെത്തിയ പ്രതിഷേധിച്ച ജനങ്ങളെ. സൈന്യത്തെ അടക്കം വിന്യസിച്ചായിരുന്നു അടിച്ചമർത്തിയത്.

പാക് അധീന കശ്മീരിലെ സമാനി, സെഹൻസ, മിർപൂർ, റാവൽകോട്ട്, ഖുയിരാത്ത, തട്ടപാണി, ഹത്തായൻ ബാല എന്നീ മേഖലകളിലാണ് ഭരണകൂടത്തിന്റെ പിടിപ്പുകേടുകൾക്കെതിരെ ജനങ്ങളുടെ പ്രതിഷേധം തുടരുന്നത്. മുസാഫർബാദ് ഡിവിഷനിലെ മൂന്ന് ജില്ലകളിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം ഭൂരിഭാഗവും നിലച്ച അവസ്ഥയിലാണ്. ബാങ്കുകളടക്കം ഇവിടെ പ്രവർത്തനരഹിതമാണ്. പാക്കിസ്ഥാൻ തങ്ങളെ കൊള്ളയടിക്കാനുള്ള ഒരു കോളനിയാക്കി മാറ്റുന്നുവെന്നാണ് പിഒകെക്കാരുടെ പരാതി.

ഗിൽജിത്ത്- ബാൾട്ടിസ്ഥാൻ എന്ന ജെ കെ മേഖലയിലും പാക്കിസ്ഥാനെതിരെ പ്രതിഷേധം തുടരുന്നുണ്ട്. അധിനിവേശ കാശ്മീരിന് സ്വന്തമായി രാജ്യമായി മാറണം എന്ന ആവശ്യം ശക്തമാണ്. ബലൂചിസ്ഥാനിലേതുപോലെ ഇവിടെയും പാക് വിരുദ്ധ വികാരം ശക്തമായിരിക്കുന്നു. വർഗീയതയും വിദ്വേഷവും പറഞ്ഞ് മനുഷ്യന്റെ വിശപ്പിനെ അടിച്ചമർത്താൻ കഴിയില്ല എന്നാണ് ഇതിൽനിന്ന് പാക്കിസ്ഥാൻ പഠിക്കേണ്ട പാഠം. ഇതിനിടെ അധിനിവേശ കശ്മീർ പിടിച്ചെടുത്ത് ഇന്ത്യയുടെ ഭാഗമാക്കുമെന്ന് വിദേശ മന്ത്രി ജയശങ്കർ നടത്തിയ പ്രസ്താവനയും വിവാദമാകുന്നുണ്ട്്.

പ്രകൃതി സുന്ദരമായ നാട് തകരുന്നു

സ്വിറ്റ്സർലൻഡ് കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ സുന്ദരമായ ഭൂപ്രദേശമാണ് ഈ നാട് എന്നാണ്, ലോകത്തിലെ പല ട്രാവൽ മാഗസിനുകളും പറയുന്നത്. 47-ലെ യുദ്ധകാലത്ത് ഇന്ത്യയിൽനിന്ന് കൈവശപ്പെടുത്തിയ ഈ പാക് മണ്ണിലെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ജനം ഗോതമ്പിനായി കടിപിടികൂടുകയാണ്. ഇന്ധനത്തിന് തീവിലയാണ്. നല്ല ആശുപത്രികളോ സ്‌കുളുകളോ ഇല്ല. ആകെയുള്ളത് തീവ്രാവാദമാണ്!

ശരിക്കും പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറിയായിരുന്നു, ഈ അടുത്തകാലം വരെയും ഈ നാട്. ലഷ്‌ക്കറെ തെയ്യിബ്ബയുടെ നേതൃത്വത്തിൽ മാത്രം ഇവിടെ ആയിരത്തിലേറെ തീവ്രവാദ ക്യാമ്പുകളാണ് പരസ്യമായി നടത്തിയിരുന്നത്. പാക്ക് സർക്കാറിന്റെ പിന്തുണയോടുകൂടി മദ്രസകളോട് ചേർന്ന് മതപഠനത്തിന് ഒപ്പമാണ് ഇവിടെ തീവ്രവാദ പരിശീലനവും, കൗമാരക്കാർക്കായി നടത്തുന്നത്. ഇവരിൽ നല്ലൊരു വിഭാഗത്തേയും വിടുക ഇന്ത്യയിലേക്കാണ്. അതിർത്തിയിലൂടെ നുഴഞ്ഞുകയറി, കാശ്മീരിലെത്തി അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്ന, ഈ ക്യാമ്പുകൾ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. 26/11 ആക്രമണകാരിയായ അജ്മൽ കസബ് ഇവിടെ പരിശീലനം നേടിയതാണ്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നതുകൊണ്ടും, പാക്കിസ്ഥാൻ സാമ്പത്തികമായി തകർന്നതുകൊണ്ടും, ഇത്തരം പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ട് കൊണ്ടുപോവാൻ കഴിയാറില്ല.

താലിബാനും, ഐസിസും തൊട്ട് ഷിയ തീവ്രവാദത്തിനും ബോക്കോഹറാം തീവ്രവാദികൾക്കുവരെ ബ്രാഞ്ചുകൾ ഉള്ള പ്രദേശമാണിത്. ഇത് പലപ്പോഴും പാക്ക് സർക്കാറിന് തന്നെ ഭീഷണിയായി. ഒരു വീട്ടിൽനിന്ന ഒരാൾ എങ്കിലും കൊല്ലപ്പെട്ടവരോ വികാലംഗർ ആക്കപ്പെട്ടവരോ ആയി കാണുമെന്നാണ് ഇവിടെ സന്ദർശിച്ചവർ പറയുന്നത്! തീവ്രവാദികളായി കുട്ടികളടക്കം ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. ഇപ്പോൾ പാക് സൈന്യവും, തീവ്രാദികളും ഒരുപോലെ ജനത്തിന് ഭീഷണിയാണ്. തീവ്രവാദം മൂലം ടൂറിസവും വ്യവസായവും ഒന്നും നടക്കാത്ത ഒരു മേഖലയായി ഇത് മാറി. അതുപോലെ ഇന്ത്യയെ തകർക്കാനുള്ള കള്ളനോട്ടിന്റെ ഹബ്ബായി പ്രവർത്തിച്ച ചരിത്രവും, അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിന് പറയാനുണ്ട്. നേപ്പാൾ വഴി വൻതോതിൽ ഇന്ത്യയിലേക്ക് കള്ളനോട്ട് ഇറക്കുന്ന രീതി ഇവിടെ വ്യാപകമായി നടന്നിരുന്നു. ഗാന്ധിത്തലയുള്ള നോട്ടുകൾ കൊടുത്താൽ ജിന്നയുടെ തലയുള്ള നോട്ടുകൾ കിട്ടിയ കാലം ഉണ്ടായിരുന്നു.

ഇനി പുരോഗതിയുടെ കാര്യമെടുത്താൽ ജമ്മു കാശ്മീരിന്റെ എഴയലത്ത് എത്താൻ അധിനിവേശ കാശ്മീരിന് കഴിഞ്ഞിട്ടില്ല. 72 ശതമാനം സാക്ഷരതയുണ്ടായിട്ടും, ഇപ്പോഴും 40 ശതമാനവും ദരിദ്ര്യരേഖക്ക് താഴെ തന്നെയാണ്. ഗിൽജിത്-ബാൾട്ടിസ്ഥാൻ നീക്കം ചെയ്താൽ, ആസാദ് കശ്മീരിലെ വിസ്തീർണ്ണം 13,300 ചതുരശ്ര കിലോമീറ്ററിലാണ്. ജനസംഖ്യ 45 ലക്ഷം. 8 ജില്ലകളും 19 തഹസിൽസും 182 ഫെഡറൽ കൗൺസിലുകളും ഉണ്ട്. ജമ്മു കശ്മീരിന്റെ ജനസംഖ്യ ഒന്നരക്കോടിയാണെന്ന് ഓർക്കണം. അധിനിവേശ കാശ്മീരിന്റെ മൂന്നിരട്ടിയുണ്ട് ജമ്മു കാശ്മീർ. എന്നിട്ടും കാശ്മീർ എത്രയോ പുരോഗമിച്ചു.

പാക് അധിനിവേശ കശ്മീരിനും സ്വന്തമായി പാർലിമെന്റും, പാതാകയും. പ്രധാനമന്ത്രിയു, സുപ്രീം കോടതിയും, ഹൈക്കോടതിയുമൊക്കെയുണ്ട്. പക്ഷേ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ പാക്കിസ്ഥാന്റെ ഡമ്മികൾ ആണെന്ന് മാത്രം. പാക്കിസ്ഥാൻ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്നും, വിഭവങ്ങൾ കൊള്ളയടിക്കുന്നുവെന്നുമാണ് ഇപ്പോൾ അധിനിവേശ കാശ്മീരിലെ ജനങ്ങളുടെ വാദം. 2010 മുതൽ പി ഒ കെയിൽനിന്ന് പാക്കിസ്ഥാനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പാക് ഭരണകൂടം നടത്തുന്ന ക്രൂര പീഡനങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയ ആക്റ്റീവിസ്റ്റ് ആരിഫ് ഷാഹിദ് 2013-ൽ റാവൽപിണ്ടിയിലെ വസതിയിൽ വെടിയേറ്റ് മരിക്കയായിരുന്നു. പിഒകെ സ്വന്തമായി രാജ്യമാവണെമന്നാണ് അദ്ദേഹം വാദിച്ചത്. പാക്കിസ്ഥാൻ സുരക്ഷാ സേനയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അനുയായികൾ ആരോപിക്കുന്നു. ഇതുപോലെ എത്രപേർ. ഇപ്പോൾ വിദേശത്തുള്ള അധിനിവേശ കാശ്മീരിലെ ചിലർ ചേർന്ന്, ഒരു പ്രവാസി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്നുള്ള സ്വതന്ത്ര്യമാണ് അവർ ലക്ഷ്യമിടുന്നത്.

പാക്കിസ്ഥാൻ ചൂഷണം ചെയ്യുന്നു

വിഭവങ്ങൾ ചുളുവിലക്ക് അടിച്ചെടുത്ത് പാക്കിസ്ഥാൻ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ്, അധിനിവേശ കാശ്മീരിലെ വിമത നേതാക്കൾ ആരോപിക്കുന്നത്. "ഈ പ്രദേശത്തെ പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്ര നഗരവുമായി പോലും താരതമ്യം ചെയ്യാൻ കഴിയില്ല. ആഫ്രിക്കൻ രാജ്യങ്ങളുമായി മാത്രമേ പിഒകെ താരതമ്യം ചെയ്യാൻ കഴിയൂ. നമ്മുടെ മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ മേലുള്ള അടിച്ചമർത്തലും ചൂഷണവും ഇപ്പോൾ അസഹനീയമായിരിക്കുന്നു'-മിർസ എന്ന വിമതനേതാവ് പറയുന്നു. 2022 ഓഗസ്റ്റിൽ പാക്കിസ്ഥാൻ പിഒകെ റവന്യൂ അഥോറിറ്റി ബിൽ 2022 അവതരിപ്പിച്ചു, അതിലൂടെ 135 ഇനങ്ങളിൽ നിരവധി പുതിയ നികുതികൾ ചുമത്തി. ഇത് മേഖലയിലുടനീളം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കരുതൽ ധനശേഖരം ഇടിഞ്ഞ്, ആകെ പാപ്പാരായി നിൽക്കുന്ന പാക്കിസ്ഥാൻ ജനങ്ങളുടെ മേൽ അടിക്കടി നികുതിഭാരം കൂട്ടുകയാണ്.

ഗോതമ്പ് വില സർക്കാർ ക്രമാനുഗതമായി വർധിപ്പിക്കുന്നതാണ് ജനങ്ങളിൽ നിന്ന് പ്രതിഷേധം ക്ഷണിച്ചുവരുത്തിയ മറ്റൊരു വിഷയം. ഇവിടുത്തെ പ്രധാന ഭക്ഷണമാണ് ഗോതമ്പ്. അതുപോലെ, പിഒകെ ഗിൽജിത്ത് ബാൾട്ടിസ്ഥാൻ എന്ന ജികെ എന്നിവയിലെ ജനങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തി ഉണ്ടാക്കിയ മറ്റൊരു പ്രധാന പ്രശ്നം വ്യാപകമാവുന്ന ലോഡ് ഷെഡ്ഡിംഗിനൊപ്പം വർദ്ധിച്ചുവരുന്ന വൈദ്യുതി ചാർജാണ്. ഒരു വൈദ്യുതി ബില്ലിൽ ഇന്ധന നികുതി ഉൾപ്പെടെ 13 തരം നികുതികൾ സർക്കാർ ചുമത്തുന്നു.

പിഒകെ യുടെ പ്രദേശിക പരിധിക്കുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുതിയാണിത് എന്ന് ഓർക്കണം. പിഒകെയിലെ, മംഗ്ലാ ഡാം പവർ പ്രോജക്ട്, നീലം ഝലം ജലവൈദ്യുത പദ്ധതി എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഏറെ ഭാഗവും പഞ്ചാബ് പ്രവിശ്യയിലെ പാക്കിസ്ഥാൻ ഗ്രിഡിലേക്ക് മാറ്റുകയാണ്. എന്നിട്ട് അവിടെനിന്ന് പിഒകെ സർക്കാർ, വാണിജ്യ നിരക്കിൽ വൈദ്യുതി വാങ്ങണം. അതാണ് വില കൂടുന്നത്. ഇതൊക്കെയാണെങ്കിലും, മണിക്കൂറുകൾ നീളുന്ന പവർ കട്ടിനും കുറവില്ല. ചുരുക്കിപ്പറഞ്ഞാൽ പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയോട് ചെയ്തതുപോലെയുള്ള ഒരു ചൂഷണമാണ് ഇവിടെ നടക്കുന്നതെന്ന് പിഒകെ വിമത നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അവയെ സുന്നി ഭൂരിപക്ഷ പ്രദേശമാക്കുന്നു

ചുരക്കിപ്പറഞ്ഞാൽ ഇവിടെ വെള്ളമില്ല, വെളിച്ചമില്ല, ഭക്ഷണമില്ല. എന്നിട്ടും ജനത്തെ പാക്കിസ്ഥാൻ പിടിച്ചു നിർത്തിയിരുന്നത് ഇന്ത്യാവിരുന്ധതയിലായിരുന്നു. അതും ഇപ്പോൾ പൊളിഞ്ഞിരിക്കയാണ്. ഫെബ്രുവരി 5 പാക്കിസ്ഥാനിൽ ദേശീയ അവധിയാണ്. കാശ്മീരികളോടുള്ള ഐക്യദാർഢ്യമായി, കാശ്മീർ സോളിഡാരിറ്റി ദിനമായി അന്ന് ആചരിക്കുന്നു. എന്നാൽ 2024-ലെ ഐക്യദാർഢ്യ ദിനത്തിൽ പിഒകെയിൽ പാക്വിരുദ്ധ സമരമാണ് ഉണ്ടായത്. 2024 ജനുവരി 6-ന് പിഒക്കെയിലെ കോട്‌ലിയിൽ വെച്ച് നടന്ന യോഗത്തിൽ, സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി 2024 ഫെബ്രുവരി 5-ന് 'സമ്പൂർണ ഷട്ടർ-ഡൗണും വാഹന പണിമുടക്കും' പ്രഖ്യാപിച്ചു. അങ്ങനെ കാശ്മീർ സോളിഡാരിറ്റി ഡേ പോലും പൊളിഞ്ഞുപോയി.

പിഒക്കെയ്ക്ക് ഒപ്പം ചേർത്ത പറയാറുള്ള ഗിൽജിത്-ബാൾട്ടിസ്ഥാനിലും ഇപ്പോൾ ശക്തമായ പാക് വിരുദ്ധ വികാരം രൂപപ്പെടുന്നുണ്ട്. ഷിയാ ആധിപത്യമുള്ള ഗിൽജിത്-ബാൾട്ടിസ്ഥാനിൽ, പഞ്ചാബി സുന്നികളുടെ കടന്നുകയറ്റത്തെ പ്രോൽസാഹിപ്പിച്ച് ജനസംഖ്യാനുപാതം തന്നെ പാക്കിസ്ഥാൻ അട്ടിമറിച്ച് കളഞ്ഞു. 1947-ൽ ഈ പ്രദേശത്തെ ജനസംഖ്യയുടെ 80 ശതമാനവും ഷിയകളായിരുന്നു. ഇത് 2020 ആയപ്പോഴേക്കും 50 ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്ന് പ്രാദേശിക സംഘടനകൾ പറയുന്നു. സർക്കാർ ഒത്താശയോടെ പതുക്കെ ഇത സുന്നി മേഖലയാക്കി. ഇത് മേഖലയിൽ വിഭാഗീയ സംഘർഷങ്ങൾക്ക് ഇടയാക്കി. 2023 സെപ്റ്റംബറിൽ പ്രമുഖ മതപ്രഭാഷകൻ അഗ ബാകിർ അൽ ഹുസൈനിയെ തടങ്കലിൽ വച്ചത് അടക്കം ചൂണ്ടിക്കാട്ടി, നിസ്സാര കാരണങ്ങളുടെ പേരിൽ തങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ഷിയാ സമുദായക്കാർ പറയാറുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള സുന്നികൾക്കാണ് ഇവിടെ ജോലിപോലും കൂടുതൽ ലഭിക്കുന്നത്. വനനശീകരണവും കള്ളക്കടത്തുകാരുടെ വർദ്ധനവും മൂലം പരിസ്ഥിതിയും ഭീഷണിയിലാണ്. 2014-ലെ വെള്ളപ്പൊക്കത്തെ ആർക്കും മറക്കാനാവില്ല.

അതുപോലെ തന്നെ ചൈന നടത്തുന്ന വിവിധ പദ്ധതികളുടെ പേരിൽ നാട്ടുകാരുടെ ഭൂമി തട്ടിയെടുക്കുന്നുമുണ്ട്. ഫലത്തിൽ ചൈനീസ് കോളനി ആയപോലെയാണ് ഗിൽജിത്ത് മേഖലയിലെ അവസ്ഥ. ഇന്തോ ചൈന യുദ്ധത്തിൽ ചൈന പിടിച്ചെടുത്ത അക്‌സായി ചിൻ പ്രവിശ്യയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ. ഇവിടെ പതിനായിരത്തിലധികം ചൈനീസ് ഭടന്മാരെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ചൈനയുടെ ഔട്ട്പോസ്റ്റുകൾ പോലുമുണ്ട്്. സാമ്പത്തിക ഇടനാഴി അടക്കമുള്ള വലിയ നിർമ്മാണങ്ങളുടെ മറവിൽ ഇവിടം ചൈനീസ് കോളനിയായിരിക്കയാണ്. ഇതെല്ലാം ഇവിടെ വലിയതോതിൽ പാക്ക് വിരുദ്ധ വികാരം ഉണ്ടാക്കുകയാണ്.


യുദ്ധം ജയിച്ചിട്ടും ഇന്ത്യ പിടിച്ചെടുത്തില്ല

പിഒകെക്ക് മേലിലുള്ള അവകാശ വാദം ഇന്ത്യ ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. ഈ ഇലക്ഷൻ കാലത്തും മോദിയും അമിത്ഷായും അത് ആവർത്തിക്കുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്ങും ഇക്കാര്യം സംശയ ലേശമന്യേ വ്യക്തമാക്കിയിരുന്നു. എല്ലാ അന്തരാഷ്ട്ര ഫോറങ്ങളിലും ഇതുതന്നെയാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ സ്ഥലമാണ് ഇത്. ഇന്ത്യ പിഒകെ തിരിച്ചുപിടിക്കയാണെങ്കിൽ, പാക്കിസ്ഥാനെയും ചൈനയെയും സൈനികമായി നേരിടുന്നതിൽ അത് നിർണ്ണായകമാണ്. ഇന്ത്യയ്ക്ക് മധ്യേഷ്യയുമായും യൂറോപ്പുമായും എളുപ്പത്തിൽ വ്യാപാരം നടത്താൻ കഴിയും. ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യ ഇപ്പോൾ കടൽമാർഗ്ഗമാണ് കൂടുതലായ് ഉപയോഗിക്കുന്നത്.

ആർട്ടിക്കിൾ 370, രാമക്ഷേത്രം, മുത്തലാഖ്, തുടങ്ങിയ ദീർഘകാലമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങൾ വിജയകരമായി കൈകാര്യം ചെയ്തതിന്റെ ട്രാക്ക് റെക്കോർഡ് സമീപകാല മോദി 2.0 സർക്കാറിന് ഉണ്ട് . ബംഗ്ലാദേശ് വിമോചനം, 1971 ലെ യുദ്ധ നാവിക ദൗത്യം, കാർഗിൽ യുദ്ധം സർജിക്കൽ സ്‌ട്രൈക്ക് തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തതിന്റെ വിജയകരമായ ട്രാക്ക് റെക്കോർഡും ഇന്ത്യ സൈന്യത്തിന് ഉണ്ട്. മറുഭാഗത്ത് പാക്കിസ്ഥാനാവട്ടെ സാമ്പത്തികയായി തകർന്ന് തരിപ്പിണമായി ഇരിക്കയാണ്. ഈ തക്കം നോക്കി സൈനിക നീക്കത്തിലൂടെ പിഒകെ പിടിക്കണം എന്ന് ആവശ്യപ്പെടുന്നവരുണ്ട്. പക്ഷേ അവർ ആണവ ശക്തിയാണ് എന്നത് മറക്കാനാവില്ല. ഒരു യുദ്ധമോ സൈനിക നീക്കമോ അല്ല പ്രശ്നത്തിനുള്ള പരിഹാരം.

പാക്കിസ്ഥാനുമായുള്ള മൂന്ന് യുദ്ധങ്ങൾ ജയിച്ചിട്ടും ഇന്ത്യ പിഒകെ തിരിച്ച് പിടിച്ചിരുന്നില്ല. യുദ്ധത്തിൽ പണി പാളും എന്ന് മനസ്സിലാക്കുമ്പോൾ ഉടൻ തന്നെ പാക്കിസ്ഥാൻ യുഎന്നിലേക്ക് പോകുന്നു. 67-ലെയും 71-ലെയും യുദ്ധത്തിൽ പാക്കിസ്ഥാൻ നിലം പരിശായതാണ്. പക്ഷേ അന്താരാഷ്ട്ര മര്യാദയുടെ പേരിൽ ഇന്ത്യ തങ്ങൾ പിടികൂടിയ സ്ഥലം ഒഴിഞ്ഞ് കൊടുക്കായായിരുന്നു. പക്ഷേ ഇതും കോൺഗ്രസ് ഗവണമെന്റിന്റെ പരാജയമായിരുന്നുവെന്ന് പിന്നീട് വിമർശനം ഉയർന്നു.

അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇടപെടലിലാണ് കാർഗിൽ യുദ്ധത്തിൽ നിന്ന് ഇന്ത്യ പിന്മാറിയത്. അല്ലാത്തപക്ഷം നമുക്ക് അന്ന് പിഒകെ ലഭിക്കുമായിരുന്നു. ഇപ്പോൾ സ്ഥിതി സമാനമല്ല. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യ നയതന്ത്രത്തിൽ ഉയരങ്ങൾ കൈവരിക്കുകയും പാക്കിസ്ഥാനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്തു. ഇന്ന് ചൈനയെ പിന്തിരിപ്പിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യ ആവശ്യമാണ്. അന്ന് താലിബാനെ നേരിടാൻ അമേരിക്ക പാക്കിസ്ഥാനൊപ്പം ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയ്ക്ക് ഇന്ത്യയെ ആവശ്യമുള്ളത്ര പാക്കിസ്ഥാന്റെ ആവശ്യമില്ല.

കോവിഡ് കാലത്ത് ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിൻ അയച്ചതോടെ ഈ ബന്ധം കൂടുതൽ ശക്തമായി. വലിയ വിപണിയായതിനാൽ സൗദിക്കും പ്രമുഖ മുസ്ലിം രാജ്യങ്ങൾക്കും ഇന്ത്യ ആവശ്യമാണ്. സർജിക്കൽ സ്ട്രൈക്കിന്റെ സമയത്ത് ഈ രാജ്യങ്ങൾ ഒന്നും മിണ്ടാതിരുന്നത് ഓർക്കണം. അതുകൊണ്ടുതന്നെ ഇനിയൊരു പ്രകോപനം ഉണ്ടായാൽ സൈനിക നടപടികളിലൂടെ പിഒകെ തിരിച്ച് പിടിക്കണം എന്ന് പരസ്യമായി വാദിക്കുന്നവർ രാജ്യത്ത് നിരവധിയാണ്.

ആണവയുദ്ധം ഉണ്ടാവുമോ?

കാശ്മീർ നിയസഭയിൽ, ഇപ്പോഴും നാം 24 സീറ്റുകൾ അധിനിവേശ കാശ്മീരിനായി ഒഴിച്ചിട്ടിരിക്കയാണ്. ഇന്ത്യ അവസരം കിട്ടുമ്പോഴൊക്കെ ഈ വിഷയം ഉന്നതിക്കാറുണ്ട്. കഴിഞ്ഞ വർഷം പാക്കിസ്ഥാനിലെ ബ്രീട്ടീഷ് ഹൈക്കമ്മീഷണർ പാക് അധിനിവേശ കശ്മീർ സന്ദർശിച്ചതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സന്ദർശനം ഇന്ത്യയുടെ പരമാധികാരം ലംഘിക്കുന്ന നടപടിയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയോറ്റും യു.കെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനും പാക് അധിനിവേശ കശ്മീരിലെ മിർപുരിൽ സന്ദർശനം നടത്തിയതാണ് വിവാദമായത്. 2022-ലും യു.എസ് സ്ഥാനപതി പാക് അധീന കശ്മീർ സന്ദർശിച്ചിരുന്നു. അന്നും ഇന്ത്യ പ്രതിഷേധം ഉയർത്തി.

പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഒരു ദിവസം അത് ഇന്ത്യയുടെ തന്നെ നിയന്ത്രണത്തിലാകുമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഈയിടെയും പറഞ്ഞിരുന്നു. "370ാം വകുപ്പ് അല്ല, പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരതയാണു പ്രധാന പ്രശ്‌നം. ലോകത്ത് ഏതെങ്കിലും രാജ്യം അയൽരാജ്യത്തിനെതിരെ ഭീകരതയെ നയമായി സ്വീകരിച്ചിട്ടുണ്ടോ? പാക്കിസ്ഥാൻ ഭീകരതയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. 1972 മുതൽ ഇന്ത്യയുടെ നിലപാടു വ്യക്തമാണ്. എന്നാൽ അവരുടെ പെരുമാറ്റത്തിൽ അസാധാരണത്വമുണ്ട്"- ജയശങ്കർ പറയുന്നു. എന്നാൽ കുറച്ചുകൂടി കടന്ന് 'പിഒകെ ഇന്ത്യയുമായി ലയിപ്പിക്കും' എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് പറയുന്നത്.

ഇത് എങ്ങനെ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുന്നത്. സൈനിക നടപടിയെക്കുറിച്ച് ചർച്ചവരുമ്പോൾ എല്ലാവരും ചൂണ്ടിക്കാട്ടുന്നത് പാക്കിസ്ഥാൻ ആണവശക്തിയാണെന്നതാണ്. ആണവരാഷ്ട്രമായതിനാൽ പാക്കിസ്ഥാനെ 'ബഹുമാനിക്കണമെന്ന്' മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരുടെ മുന്നറിയിപ്പും വിവാദമായിരുന്നു. ആഭ്യന്ത്രമന്ത്രി അമിത് ഷാ ഇതിനെതിരെ രംഗത്തുവന്നു. " മണിശങ്കർ അയ്യരും ഫറൂഖ് അബ്ദുള്ളയും പറയുന്നത് പാക്കിസ്ഥാനെ ബഹുമാനിക്കൂ, കാരണം ആറ്റം ബോംബ് ഉള്ളതിനാൽ പാക്ക് അധീന കശ്മീരിനായി ആവശ്യപ്പെടരുത് എന്നാണ്. രാഹുൽ ബാബ, ആറ്റംബോംബിനെ ഞങ്ങൾ പേടിക്കില്ല, ഞങ്ങൾ അത് ഏറ്റെടുക്കും"- ഇങ്ങനെയായിരുന്നു അമിത്ഷായുടെ മറുപടി. അതായത് ബിജെപിയുടെ അടുത്ത ഒരു അപ്രഖ്യാപിത അജണ്ടയായി പിഒകെ വരുന്നുവെന്ന് ചുരുക്കം.

മണിശങ്കർ അയ്യരെ കൂടാതെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് (എൻസി) നേതാവ് ഫാറൂഖ് അബ്ദുള്ളയും പാക്കിസ്ഥാന്റെ ആണവശക്തിയെക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ 'പിഒകെ ഇന്ത്യയുമായി ലയിപ്പിക്കും' എന്ന പ്രസ്താവനയോട് പ്രതികരിച്ച അബ്ദുള്ള, പാക്കിസ്ഥാൻ നിശബ്ദമായി കാണില്ലെന്നും അയൽരാജ്യത്തിന് 'നമ്മുടെമേൽ പതിക്കുന്ന ആറ്റം ബോംബുകൾ' ഉണ്ടെന്നും പറഞ്ഞിരുന്നു.

പക്ഷേ ഇവിടെ മറ്റൊരു മാതൃകയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതാണ് വികസന മാതൃക. ജമ്മുകാശ്മീരിനെ ഒരു സമ്പന്ന മാതൃകയാക്കി മാറ്റുന്നതിൽ ഇന്ത്യ വിജയിച്ചാൽാ പിഒകെയിലെ ജനങ്ങൾ ഇന്ത്യയ്‌ക്കൊപ്പം പോകാൻ അസന്ദിഗ്ധമായി ആവശ്യപ്പെട്ടേക്കുമെന്ന് പല നയതന്ത്ര വിദഗധരും പറയുന്നുണ്ട്. അല്ലാതെ യുദ്ധം ചെയ്ത് ഇവിടം പിടിച്ചെടുക്കാൻ കഴിയില്ല.
ഇന്ത്യയിൽ നടക്കുന്ന വികസനം കണക്കിലെടുത്ത് പാക് അധീന കശ്മീരിലെ ജനങ്ങൾ തന്നെ ഇന്ത്യയ്‌ക്കൊപ്പം നിൽക്കാൻ ആവശ്യപ്പെടുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ഏപ്രിലിൽ പറഞ്ഞിരുന്നു. 'ഇന്ത്യയുടെ ശക്തി വർദ്ധിക്കുന്നു...ലോകമെമ്പാടും ഇന്ത്യയുടെ അന്തസ്സ് വർദ്ധിക്കുന്നു, നമ്മുടെ സമ്പദ്വ്യവസ്ഥ അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോൾ പിഒകെയിലെ നമ്മുടെ സഹോദരീസഹോദരന്മാർ സ്വയം ഇന്ത്യയ്‌ക്കൊപ്പം വരാൻ ആവശ്യപ്പെടും,"- സിങ് പറഞ്ഞു. എന്തായാലും ഒരു ആണവയുദ്ധത്തിലേക്ക് എത്താത്ത പ്രശ്ന പരിഹാരമാണ് ലോകം കാത്തിരിക്കുന്നത്.

വാൽക്കഷ്ണം: സമീപകാലത്ത്, ലോകത്തിലെ ഏറ്റവും മികച്ച റൊമാന്റിക് സ്ഥലങ്ങളിൽ ഒന്നായി റാങ്ക് ചെയ്യപ്പെട്ടതാണ് പിഒകെ. അതിനാൽ വലിയ ടൂറിസം സാധ്യതകളുണ്ട്. അത് മാതം പരിപോഷിപ്പിക്കുകയാണെങ്കിൽ കോടിക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കാൻ കഴിയും. എന്നിട്ടും ആ ജനത പട്ടിണികിടക്കുന്നു! കോടികൾ കൈയിലുണ്ടായിട്ടും പിച്ചക്കാരെപ്പോലെ ജീവിക്കുന്നു.