'ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മീഡിയ തുടങ്ങി ഇന്ത്യൻ ഭരണയന്ത്രത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നതിൽ പ്രധാനി"- ലോക പ്രശസ്ത മാധ്യമമായ 'ദ ഗാർഡിയനിൽ' ഇന്ത്യൻ ആഭ്യന്തരമന്ത്രിയും, നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ടാമനുമായ അമിത് അനിൽ ചന്ദ്ര ഷാ എന്ന അമിത് ഷായെക്കുറിച്ചുള്ള ലേഖനത്തിൽ വന്ന വിശേഷണങ്ങൾ ഇങ്ങനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്തത സഹചാരിയും, ബിജെപിയുടെ രാഷ്ട്രീയ ചാണക്യനുമായ അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്രമായി ക്രോഡീകരിച്ച ലേഖനം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഗാർഡിയൻ ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചത് എന്നതുകൂടിയാണ് പ്രത്യേകത. അതേസമയം ലേഖനം ഏകപക്ഷീയമായ വിമർശനമായിപ്പോയി എന്നും ബിജെപി കേന്ദ്രങ്ങൾ പറയുന്നുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. മോദിയെപ്പോലെ തന്നെ ലോകം അമിത് ഷായെയും ശ്രദ്ധിക്കുന്നുണ്ട്. 75 വയസ്സിന്റെ പ്രായ ബാധ്യതകളൊക്കെ മോദിക്കും ബാധകമായാൽ അടുത്തത് അമിത്ഷായുടെ കാലമാവുമെന്ന സൂചനയും ലേഖനത്തിലുണ്ട്. 'ഒരു വെളുത്ത താടിക്കാരനും കറുത്ത താടിക്കാരനും' എന്ന രീതിയിൽ ട്രോളായി മാറിയ ബിജെപിയുടെ ഇരട്ട എഞ്ചിൻ ഭരണത്തിലെ രണ്ടാമന് 59 വയസ്സേ ആയിട്ടുള്ളൂ. അതിനാൽ മോദിക്കുശേഷമുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ കേന്ദ്രം ഇദ്ദേഹമായിരിക്കുമെന്ന് ഉറപ്പാണ്.

രാജ്നാഥ്സിങിന്റെ വാക്കുകൾ കടമെടുത്താൽ, 'കാവിരാഷ്ട്രീയത്തിലെ രാമ-ലക്ഷമണന്മാരാണ്' മോദിയും അമിത്ഷായും. വെറും രണ്ട് സീറ്റിൽനിന്ന് ബിജെപി ഇന്ന് ആസേതുഹിമാലയം കടന്ന് ഇന്ത്യയിലെ അജയ്യ ശക്തിയാക്കിയതിൽ ഈ നേതാക്കൾക്കുള്ള പങ്ക് ചെറുതല്ല. അനുകൂലിക്കുന്നവർക്ക് രാഷ്ട്രീയ ചാണക്യനും, ദൃഢനിശ്ചയത്തിന്റെ പ്രതീകവുമാണ് അമിത് ഷായെങ്കിൽ, എതിരാളികൾക്ക് അയാൾ കാലനാണ്. ഗുജറാത്ത് കലാപവൂം, എറ്റുമുട്ടൽ കൊലകളുമടക്കമുള്ള ചോരച്ചാലുകളിലുടെ നടന്നുവന്ന മനുഷ്യനാണ്.

ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത കടുത്ത, അഭൂതപൂർവമായ തീരുമാനങ്ങൾ എടുത്തയാളാണ് അമിത് ഷാ. ആർട്ടിക്കിൾ 370 നീക്കം ചെയ്തത് ഉൾപ്പെടെ ദേശീയതാൽപ്പര്യം മുൻനിർത്തി അദ്ദേഹം നടപ്പിലാക്കിയ ആ തീരുമാനങ്ങൾ ചരിത്രം സൃഷ്ടിച്ചു. അതുപോലെ സിഎഎ ആയാലും സർജിക്കൽ സ്‌ക്ക്രൈ് ആയാലും, മുത്തലാഖ് ബിൽ ആയാലും അതിലൊക്കെ അമിത് ഷായുടെ കരങ്ങൾ കാണാം. ഒരു സാധാരണ പ്രവർത്തകനായി വന്ന് പടിപടിയായി പാർട്ടി പ്രസിഡന്റായ അസാധാരണമായ ജീവിതമാണ് അമിത്ഷായുടേത്.

ചുമരെഴുത്തുകാരനായി തുടക്കം

1964 ഒക്ടോബർ 22നു ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. പിതാവ് അനിൽചന്ദ്ര ഷാ ബിസിനസ്സുകാരനായിരുന്നു. ബോംബെയിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ യു.സി.ഷാ കോളേജിൽ ബയോകെമിസ്ട്രിയിൽ അദ്ദേഹം പ്രവേശനം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം, പിതാവിനെ വ്യാപാരത്തിൽ സഹായിക്കാൻ തുടങ്ങി. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ഷാ, ആർഎസ്എസ് പ്രവർത്തകനായിരുന്നു. അയൽപക്കത്തുള്ള ശാഖകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അഹമ്മദാബാദിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ആർഎസ്എസിൽ ചേരുന്നത്. ഈ ന്രകാലഘട്ടത്തിലാണ് 1982-ൽ നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആർഎസ്സ്എസ്സ് പ്രചാരക് ആയിരുന്നു അക്കാലത്ത് മോദി. അന്ന് തുടങ്ങിയ ആ സൗഹൃദൃം ഇന്നും നിലനിൽക്കുന്നു.

എബിവിപി നേതാവായിട്ടാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അക്കാലത്ത് ബിജെപിക്കുവേണ്ടി പോസ്റ്റർ ഒട്ടിച്ചും ചുവരെഴുതിയും നടന്ന കാലം ഗാന്ധി നഗറിലെ ഇത്തവണത്തെത തെരഞ്ഞെടുപ്പ് യോഗത്തിലും അമിത്ഷാ ആവർത്തിച്ചു. ""ഞാൻ ഇവിടെയാണ് വളർന്നത്, ഇതാണ് എന്റെ വീട്, ഇതാണ് എന്റെ ആളുകൾ. ഇവിടെ ഞാൻ പണ്ട് താമര ചിഹ്നം വരയ്ക്കുകയും ചുവരുകളിൽ പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തിരുന്നു. ഇന്ന് മോദിജിയുടെ സന്ദേശം നൽകാൻ, അദ്ദേഹത്തിന്റെ കരങ്ങൾ ശക്തിപ്പെടുത്താൻ മാത്രമാണ് ഞാനിവിടെയുള്ളത്"- അമിതാ ഷാ പറയുമ്പോൾ ജനം ആവേശക്കൈയടിയാണ് ഉയർത്തുന്നു.

1986-ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു ഷാ. പാർട്ടിയിലെ നേതൃത്വപടവുകൾ അദ്ദേഹം അതിവേമാണ് താണ്ടിയത്. മാത്രമല്ല അന്ന് ബിജെപിക്ക് അത്രയേറെ ചെറുപ്പക്കാർ ഒപ്പം ഉണ്ടായിരുന്നുമില്ല. 1991- ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്വാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ഷാ ആയിരുന്നു.

1995- ൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി ആദ്യത്തെ സർക്കാരുണ്ടാക്കി. കോൺഗ്രസ്സിനു ശക്തമായ സ്വാധീനമുള്ള ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേയും പ്രവർത്തന ഫലമായി ഭാരതീയ ജനതാ പാർട്ടിക്കു മുന്നേറ്റം നേടാനായി. ഓരോ ഗ്രാമങ്ങളിലും ചെന്ന് അവിടെ സ്വാധീനമുള്ള വ്യക്തിയെ പാർട്ടിയിൽ അംഗമാക്കുക എന്ന നയമാണ് ഇരുവരും സ്വീകരിച്ചത്. ഇത്തരത്തിൽ ഏതാണ്ട് എണ്ണായിരത്തോളം നേതാക്കളെ അവർ ഭാരതീയ ജനതാ പാർട്ടി അംഗങ്ങളാക്കി.

ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു, അവിടത്തെ സഹകരണപ്രസ്ഥാനങ്ങൾ. ഈ സഹകരണസംഘങ്ങളിലെല്ലാം കോൺഗ്രസ്സിനായിരുന്നു സ്വാധീനം. മോദിയും, ഷായും മുൻ തന്ത്രമുപയോഗിച്ചു തന്നെ, ഇവിടങ്ങളിൽ കോൺഗ്രസ്സിന്റെ സ്വാധീനം കുറച്ചു. 1999- ൽ ഇന്ത്യയിലെ തന്നെ വലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. ജാതി വോട്ടുകളുടെ പിൻബലത്തിലാണ് സാധാരണ ഇത്തരം സ്ഥാപനങ്ങളിൽ നേതൃസ്ഥാനത്തേക്ക് ആളുകൾ തിരഞ്ഞെടുക്കപ്പെടുന്നത്. പട്ടേൽ, ക്ഷത്രിയ വിഭാഗങ്ങളിലൊന്നും പെടാഞ്ഞിട്ടു പോലും ഷാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 36 കോടി കടം ഉള്ള ബാങ്ക്, അക്കാലത്ത് തകർച്ചയുടെ വക്കിലായിരുന്നു. ഷായുടെ സാരഥ്യത്തിനു കീഴിൽ അടുത്ത വർഷം, ബാങ്കിന്റെ ലാഭം 27 കോടി രൂപയായി മാറി. 2014 ആയപ്പോഴേക്കും, ബാങ്കിന്റെ ലാഭം 250 കോടി രൂപയായി. ബാങ്കിന്റെ ഭരണസമിതിയിൽ ഭൂരിഭാഗവും, ഭാരതീയ ജനതാ പാർട്ടിയോടു ആഭിമുഖ്യമുള്ളവരോ, പാർട്ടി പ്രവർത്തകരോ ആയിരിക്കാൻ ഷാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ സോഷ്യൽ എഞ്ചനീയറിങ്ങാണ് ഗുജറാത്തിനെ കാവിവത്ക്കരിച്ചതെന്ന് പിൽക്കാലത്ത് പഠനങ്ങൾ ഉണ്ടായി.

ഗുജറാത്ത് പിടിക്കുന്നു

ഗുജറാത്ത് രാഷ്ട്രീയത്തിൽ മോദി ഒന്നുമല്ലാത്ത കാലത്ത് തന്നെ കൈപിടിച്ച് കൂടെ കൂടിയതാണ് അമിത്ഷാ. പിന്നീടിങ്ങോട്ട് പ്രതിസന്ധി ഘട്ടങ്ങളിലും വിജയാവേശങ്ങളിലും ഒപ്പം നിന്ന് മോദിക്ക് തന്ത്രങ്ങൾ ഉപദേശിക്കുന്ന ചാണക്യ സ്ഥാനമാണ് അമിത്ഷായ്ക്ക്. 1990-കളിൽ നരേന്ദ്ര മോദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ തുടങ്ങി. മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. ശങ്കർസിങ് വഗേല മുതലായ വിമതർ പാർട്ടിയിൽ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, ഭാരതീയ ജനതാ പാർട്ടി, മോദിയെ ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കു മാറ്റി.

1991- ൽ മുരളീ മനോഹർ ജോഷിയുടെ ഏകതായാത്രയ്ക്ക് സാരഥ്യം വഹിക്കാൻ അന്നത്തെ കരുത്തനായ പ്രമോദ് മഹാജനെയായിരുന്നു ബിജെപി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ചുമതല ഏറ്റെടുക്കാൻ മഹാജൻ വിമുഖത പ്രകടിപ്പിച്ചു. അവസരം കാത്തുനിന്ന മോദിയാകട്ടെ ഒരു നിമിഷം പാഴാക്കാതെ നിയോഗം ഏറ്റെടുക്കാൻ തയ്യാറായി. എന്നാൽ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ അന്നത്തെ ഗ്രൂപ്പ് സമവാക്യങ്ങളിൽ സ്ഥാനമില്ലാതിരുന്ന മോദിയെ അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ഇതോടെ പ്രതിസന്ധിയിലായ മോദിക്ക് താങ്ങായതും അമിത്ഷാ തന്നെ. കുരുക്ക് നീക്കി മോദിയെ മുന്നിലേക്ക് നയിച്ച് ഏകതാ യാത്ര വലിയ വിജയമാക്കി തീർത്തതോടെ ദൃഢമായ ബന്ധം ഇന്നും ശക്തമായി തുടരുന്നു.

1997-ലെ ഉപതിരഞ്ഞെടുപ്പിൽ ഷാ സാർകേജ് മണ്ഡലത്തിൽ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി. മോദിയുടെ സ്വാധീനം മൂലമാണ് ഷാക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 1998 തിരഞ്ഞെടുപ്പിൽ ഷാ ഇതേ മണ്ഡലത്തിൽ നിന്നും ജയിച്ചു.2001-ൽ ഭരണ കെടുകാര്യസ്ഥത ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി, കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം നരേന്ദ്ര മോദിയെ അവരോധിച്ചു. ഭരണ സാരഥ്യം കൈയിൽ വന്ന നരേന്ദ്ര മോദിയും, ഷായും കൂടി വളരെ കുറച്ചു കാലം കൊണ്ട്, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കി. 2002 നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാ, വീണ്ടും സാർകേജ് മണ്ഡലത്തിൽ നിന്നും മത്സരിക്കുകയും, 158,036 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. രേഖപ്പെടുത്തിയ വോട്ടുകളുടെ 36 ശതമാനം ആയിരുന്നു ഷായുടെ ഭൂരിപക്ഷം.

നരേന്ദ്ര മോദി, പന്ത്രണ്ടു വർഷക്കാലം, ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ഇക്കാലയളവുകൊണ്ട്, സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവായി ഷാ മാറി. 2002 മോദി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഷാ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനു വിവിധ വകുപ്പുകളുടെ ചുമതലകളുണ്ടായിരുന്നു. ഒരു കാലയളവിൽ 12 വകുപ്പുകൾ ഷാ കൈകാര്യം ചെയ്തിരുന്നു.

അതിനിടെ എൽ കെ അദ്വാനിയും പാർട്ടിയിൽ ഒതുങ്ങി. 2014-ൽ പാർലമെന്റിലേക്ക് അഞ്ച് ലക്ഷത്തോളം വോട്ടിന് വിജയിച്ചെത്തിയിട്ടും അദ്വാനിയെ ഭരണരംഗത്തേക്ക് മോദി അടുപ്പിച്ചില്ല. കാര്യോപദേശ സമിതിയെന്ന കടലാസ് കമ്മിറ്റി രൂപീകരിച്ച് അതിനകത്ത് കുടിയിരുത്തി. അതിനുശേഷം അദ്വാനിയുടെ ഗാന്ധിനഗർ സീറ്റ് ലഭിച്ചത് അമിത് ഷാക്കാണ്. 1998 മുതൽ 2014 വരെ തുടർച്ചയായി ഗാന്ധിനഗറിലെ പ്രതിനിധീകരിക്കുന്ന തന്നെ ഏകപക്ഷീയമായി ഇത്തവണ മാറ്റിയതിലുള്ള വിയോജിപ്പ് മുനവെച്ച് ബ്ലോഗെഴുതിയാണ് അദ്വാനി തീർത്തത്. പക്ഷേ അപ്പോഴേക്കും പാർട്ടിയിലും ഭരണത്തിലും സമ്പുർണ്ണമായ മോദി- അമിത് ഷാ തരംഗമായിരുന്നു.

സൃഷ്ടിയെക്കാൾ പ്രിയം സംഹാരം

അധികം സംസാരിക്കാത്ത അധികം ചിരിക്കാത്ത നേതാവാണ് അമിത് ഷാ. ദ ഗാർഡിയൻ എഴുതിയപോലെ എതിരാളികളെ എപ്പോഴും ഭയത്തിന്റെ മുൾ മുനയിൽ നിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. സൃഷ്ടിയേക്കകാൾ സംഹാരം ഇഷ്ടപ്പെടുന്ന, അസുരന്മാരെ കൊന്നൊടുക്കന്ന മൂർത്തിയായി അദ്ദേഹം തന്റെ ആരാധകർക്കിടയിൽ നിലനിൽക്കുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാ, സംശയത്തിന്റെ നിഴലിലായ പല ഏറ്റുമുട്ടൽ കേസുകളും കോടതികളിലെത്തിയിരുന്നു. ഏറ്റുമുട്ടൽ കേസുകൾ വിചാരണ നടത്തിയ ജ.ലോയയുടെ മരണവുമായി ബന്ധപ്പെട്ടും ഷായ്ക്ക് നേരെ ആരോപണങ്ങളുയർന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഷായുടെയും കുടുംബത്തിന്റേയും സ്വത്തിൽ ക്രമാതീത വർധനവുണ്ടായെന്ന ആരോപണം ഗാന്ധിനഗറിലെ പത്രിക സമർപ്പണത്തിന് ശേഷം കൂടുതൽ ശക്തമായി. എന്നാൽ കൂട്ടുകുടുംബ ഓഹരി വീതം വച്ച് ലഭിച്ചതോടെയാണ് വരുമാനം കൂടിയതെന്ന് തന്നെയാണ് ആവർത്തിക്കപ്പെടുന്ന വിശദീകരണം.

സൊറാബുദ്ദീൻ ഏറ്റുമുട്ടൽ കൊലക്കേസിൽ അമിത് ഷാ അറസ്റ്റിലായിരുന്നു. സൊാബുദ്ദീൻ എന്ന ഗുണ്ടയുടെ ശല്യം സഹിക്ക വയ്യാതെ, ഗുജറാത്തിലെ രണ്ടു മാർബിൾ വ്യാപാരികൾ അമിത് ഷാക്കു മേൽ സമ്മർദ്ദം ചെലുത്തി പൊലീസിന്റെ സഹായത്തോടെ സൊറാബ്ദീനെ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. സൊറാബുദ്ദീൻ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയാ ലഷ്‌കർ-ഇ-ത്വയ്യിബ പ്രവർത്തകനായിരുന്നുവെന്നും, പൊലീസുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നുമാണു പൊലീസ് പറയുന്നത്.സംഭവത്തിൽ കുറ്റാരോപിതരായ പൊലീസുദ്യോഗസ്ഥരുമായി അമിത് ഷാ ടെലിഫോണിലൂടെ ബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകൾ സിബിഐക്കു ലഭിച്ചിരുന്നു.

ഷൊറാബ്ദീൻ കേസുമായി ബന്ധപ്പെട്ട് 2010 ജൂലൈ 25നു അമിത് ഷാ അറസ്റ്റു ചെയ്യപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിവയായിരുന്നു ഷാക്കെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ. ഭാവി ഗുജറാത്ത് മുഖ്യമന്ത്രി എന്നു കരുതപ്പെട്ട ഷായുടെ രാഷ്ട്രീയ പ്രതിച്ഛായക്കേറ്റ ഒരു മങ്ങലായിരുന്നു ഈ അറസ്റ്റ്.

അറസ്റ്റിനു മൂന്നു മാസങ്ങൾക്കു ശേഷം, ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ പിറ്റേ ദിവസം തന്നെ മറ്റൊരു ഉത്തരവിലൂടെ, ഷാ ഗുജറാത്തിൽ പ്രവേശിക്കുന്നത് കോടതി തടഞ്ഞു. 2010 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ ഷാ തന്റെ കുടുംബവുമൊന്നിച്ച് ഡൽഹിയിലായിരുന്നു താമസം.2012- ൽ ഗുജറാത്തിൽ പ്രവേശിക്കാൻ സുപ്രീം കോടതി ഷാക്കു അനുമതി നൽകി. 2012- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാരാൺപുര നിയോജകമണ്ഡലത്തിൽ നിന്നും ഷാ വിജയിച്ചു. ഈ കേസിൽ, സിബിഐ അമിത് ഷായെ കുറ്റവിമുക്തനാക്കി.

2002-ലെ ഗുജറാത്ത് കലാപത്തിലും, അമിത്ഷാ ആരോപിതനായി. ഗുജറാത്ത് സർക്കാരിനെതിരേ മൊഴി കൊടുത്ത സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരോട് അമിത് ഷാ പ്രതികാര നടപടിയെടുത്തതും ഏറെ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. 2009-ൽ അമിത് ഷാ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്ത്, അനധികൃതമായി ഒരു വനിതയെ നിരീക്ഷിക്കാൻ പൊലീസിനോടാവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.സംസ്ഥാനത്തെ ഐ.എ.എസ്സ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശർമ്മയേയും, ഒരു സ്ത്രീയേയും തുടർച്ചയായി പരാമർശിക്കുന്ന ഈ ടേപ്പുകളിൽ ധാരാളം ആയി ഉപയോഗിക്കുന്ന സാഹേബ് പദം, മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരിക്കാമെന്നു മാധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നു. 2014- ൽ അന്വേഷണം നേരിട്ട സ്ത്രീ സുപ്രീം കോടതിയിൽ ഹാജരായി, ഈ അന്വേഷണം വ്യക്തിപരമായ ഒരു അഭ്യർത്ഥനയുടെ പുറത്തു ചെയ്തതാണെന്നും, തന്റെ സ്വകാര്യതക്കു വിഘ്നം നേരിടുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും നിറുത്തിവെക്കണമെന്നും കോടതിയോടു ആവശ്യപ്പെട്ടു.

ഇങ്ങനെ നോക്കുമ്പോൾ അമിത്ഷാക്കെതിതായ ഒരു കാര്യവും ഇതുവരെ നിയമപരമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. എതിരാളികൾ ആരോപണ പരമ്പരകൾ എടുത്തിടുമ്പോൾ ബിജെപി കോടതി കുറ്റവിമുക്തനാക്കിയകാര്യമാണ് മറുപടി പറയുക.

ബിജെപിയുടെ കിങ്ങ്മേക്കർ

വാചകമടികളല്ല, പ്രവർത്തിയാണ് അമിത് ഷായെ വ്യത്യസ്തനാക്കുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് അമിത്ഷാ, ഡൽഹിയിലെ ദീനദയാൽ ഉപാധ്യായ മാർഗിൽ കോർപ്പറേറ്റ് മാതൃകയിൽ ബിജെപിയുടെ അഞ്ച് നില കൂറ്റൻ കേന്ദ്ര ഓഫീസ് പണിതത്. അയാളെ പാർട്ടി എന്ത് ജോലി എൽപ്പിച്ചാലും അത് വിജയിക്കും. ലക്ഷ്യത്തിനായി എന്തുമാർഗവും സ്വീകരിക്കാമെന്നാണ് അമിത്ഷായുടെ ലൈൻ എന്ന് ഇന്ത്യൻ എസ്പ്രസിൽ എഴുതിയ ലേഖനത്തിൽ രാമചന്ദ്രഗുഹ പറയുന്നു. അതായത് ഒരിടത്ത് അധികാരം പിടിക്കണമെന്ന് അമിത്ഷാ തീരുമാനിച്ചുവോ, പിന്നെ കുതിരക്കച്ചവടവും, ഭീഷണിയും, ഇ ഡി ക്കേസുമടക്കം എന്ത് ആയുധവും പുറത്തെടുക്കാം. ഗോവയും കർണാടകവും അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നേടിയതും ഈ ഷാ മോഡൽ കൊണ്ടാണ്.

ഗാർഡിയൻ നിരീക്ഷിക്കുന്നതുപോലെ ഹിന്ദുത്വയാണ് അമിത്ഷായുടെ രാഷ്ട്രീയ ആയുധം. ജാതിയെ മതംവെച്ച് വെട്ടിയാണ് അയാൾ യുപിയടക്കം പിടിച്ചത്.
2014-ൽ യു.പിയുടെ ചുമതല നൽകി പാർട്ടി, അമിത്ഷായ്ക്ക് നൽകിയ ടാർജറ്റ് നാൽപ്പത് സീറ്റായിരുന്നു. പത്ത് സീറ്റ് മാത്രമായിരുന്നു യു.പിയിൽ തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ നേടാൻ സാധിച്ചിരുന്നത്. വോട്ടെണ്ണിയപ്പോൾ ബിജെപിയെ പോലും ഞെട്ടിച്ച് വാരികൂട്ടിയത് എൺപതിൽ 71 സീറ്റ്. സഖ്യകക്ഷി നേടിയ രണ്ട് സീറ്റുകൾ കൂടെ കൂട്ടിയാൽ 73 സീറ്റ്. ജാതീയത കെട്ടി പിണഞ്ഞ യു.പി രാഷ്ട്രീയം ഗുജറാത്തിൽ കളിച്ചു വളർന്ന അമിത് ഷായ്ക്ക് തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ചാണക്യതന്ത്രങ്ങളിലൂടെ മറികടന്നു. അന്നത്തെ യു.പി ബിജെപി രാഷ്ട്രീയത്തിലെ മഹാമേരുക്കൾ അമിത്ഷായെ അനുസരിക്കാൻ കൂട്ടാക്കിയില്ല. ഉമാഭാരതി, കല്യാൺ സിങ്, വിനയ് കട്യാർ, വരുൺ ഗാന്ധി തുടങ്ങിയ യു.പി യിലെ ബിജെപി നേതാക്കളുടെ താൻപോരിമയായിരുന്നു ആദ്യഘട്ടത്തിൽ ഷായ്ക്ക് മുന്നിൽ വിലങ്ങ് തടിയായത്.

എന്നാൽ സമയമേറെയെടുക്കാതെ തന്നെ അമിത് ഷാ, ഈ നേതാക്കളെ മെരുക്കി കൂട്ടിലടച്ചു. കെട്ടിപ്പിണഞ്ഞ് ഗ്രഹിക്കാൻ പാടുപെട്ട ജാതിരാഷ്ട്രീയത്തെ പൊളിച്ചെഴുതി. 1,40,000 ബൂത്തുകളിലും, വോട്ടർമാരെ നേരിട്ടു കാണാൻ പത്തുപേരടങ്ങുന്ന ചെറിയ കമ്മറ്റികൾ ഉണ്ടാക്കി. ഈ സംഘം, ഓരോ വീടുകളിലും എത്തി വോട്ടർമാരെ കാണുന്നുണ്ടെന്നും ഷാ തന്നെ ഉറപ്പു വരുത്തി. 80 -ൽ 76 മണ്ഡലങ്ങളിലും ഷാ നേരിട്ടു തന്നെ പ്രചാരണത്തിനെത്തി. വാരണാസി മണ്ഡലത്തിൽ മോദിയോടു മത്സരിക്കാൻ ഷാ നിർബന്ധിച്ചു, ഇത് ഉത്തർപ്രദേശിലെ വോട്ടർമാർക്കിടയിൽ ഒരു പുതിയ ആവേശം സൃഷ്ടിക്കാൻ ഉതകുമെന്നും ഷാ കരുതിയിരുന്നു.

അമിത് ഷാ യു.പി യിൽ പാർട്ടി ചുമതലയേറ്റ് ഏറെ കഴിയും മുന്നെയാണ് മുസാഫർ നഗർ കലാപവും പൊട്ടിപ്പുറപ്പെട്ടതെന്നത് ഒരു പക്ഷേ, യാദൃശ്ചികമാകാം. ഇതിന്റെ പരിണതഫലം ജാതീയ സമവാക്യങ്ങളെ തിരുത്തുന്നതുമായി. അകന്നു പോയിരുന്ന ബ്രാഹ്മണ, ഠാക്കൂർ വിഭാഗങ്ങൾ ബിജെപിയിലേക്ക് തിരിച്ചെത്തി. പശ്ചിമ യു.പി യിൽ ജാട്ട് വിഭാഗം ബിജെപിയോട് കൂട്ടുചേർന്നു. യാദവ-ജാതവ വോട്ടുകളും സ്വന്തം പക്ഷത്തെത്തിയതോടെ 2014ലെ പൊതു തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.പി രാഷ്ട്രീയത്തിൽ ഹിന്ദുത്വയെ പ്രതിഷ്ഠിച്ച് ബിജെപി മിന്നും വിജയവും നേടി.

അയോധ്യയിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പു യോഗത്തിൽ രാമജന്മഭൂമി വിഷയം ഷാ പ്രചാരണത്തിനായി ഉപയോഗിച്ചു. മുസ്സാഫിർ നഗർ കലാപത്തിൽ കുറ്റാരോപിതരായ മൂന്നു പേരെ പാർട്ടി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കിയിരുന്നു. തലസ്ഥാനമായ ലക്നോവിലെ സുന്നി മുസ്ലൂമുകളോട്, അവിടുത്തെ ഷിയ വിഭാഗക്കാരായ മുസ്ലിമുകൾക്കുള്ള വിരോധം പോലും, ഷാ ഈ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കനുകൂലമായി ഉപയോഗിച്ചു! അതാണ് അമിത് ഷാ.

തുടർന്ന് 2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പൊതുതിരഞ്ഞെടുപ്പിന് സമാനമായ വിജയം ആവർത്തിച്ചു. എല്ലാ സർവേ ഫലങ്ങളും കണക്ക്കൂട്ടലുകളും തെറ്റിച്ച് നാലിൽ മൂന്ന് ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി കസേര നോട്ടമിട്ട് സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖരും വട്ടമിട്ടു. അമിത് ഷായെ പേടിച്ച് പരസ്യ കലാപത്തിന് ഒരുങ്ങിയില്ലെങ്കിലും അനുയായികളെ രംഗത്തിറക്കി സമ്മർദ്ദം ശക്തമാക്കി. ദിവസങ്ങളോളം തീരുമാനം നീണ്ട് ഒടുവിൽ അപ്രതീക്ഷിതമായി പൂർവ്വാഞ്ചലിലെ തീവ്രഹിന്ദുത്വ നേതാവ് യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കി അമിത്ഷാ വീണ്ടും ഞെട്ടിച്ചു. അതുവരെ വിവാദ പ്രസ്ഥാവനകൾ മാത്രം നടത്തി ബിജെപിക്ക് ബാധ്യതയായി മാറിയ യോഗി അതോടെ നല്ല നടപ്പിലുമായി. ഇന്ന് മോദി- യോഗി കൂട്ടുകെട്ടിന്റെ കരുത്തിലാണ് യു.പിയിൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇപ്പോൾ ബംഗാളിൽ മുഖ്യ പ്രതിപക്ഷമായി ബിജെപി വളർന്നുകഴിഞ്ഞതിലും ഷായുടെ കരങ്ങളുണ്ട്. മതാധിഷ്ഠിത ധ്രൂവീകരണം ശക്തമായ ബംഗാളിനെയാണ് ഇപ്പോൾ കാണാൻ സാധിക്കുക. അമിത്ഷാ നേരിട്ട് പ്രചാരണം ഏറ്റെടുത്തതോടെ വർഗീയ സംഘർഷങ്ങളും സംസ്ഥാനത്ത് പെരുകി. പക്ഷേ ബംഗാളിൽ മമതയുടെ ഗുണ്ടായിസത്തെ നേരിടൻ അമിത് ഷായെപ്പോലെ ഒരു കരുത്തനേ കഴിയൂ എന്ന് ചിന്തിക്കുന്നവരും ഏറെയുണ്ട്. സിപിഎമ്മുകാർ ബംഗാളിൽ കൂട്ടത്തോടെ ബിജെപിയിലേക്ക് മാറിയത് മമതയുടെ അക്രമം ഭയന്നാണ്.

ഇനി അമിത്ഷാ യുഗം

എല്ലാ ജനാധിപത്യ, നിയമ വ്യവസ്ഥകളെയും ഭയത്തിന്റെയും സന്ദേഹങ്ങളുടെയും നിഴലിൽ നിർത്താൻ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിക്ക് സാധിച്ചതെങ്ങിനെയെന്ന് ഗാർഡിയൻ ലേഖനം വ്യക്തമാക്കുന്നുണ്ട്. ഗുജറാത്തിൽ നിന്നുള്ള ഒരു സാധാരണ രാഷ്ട്രീയക്കാരനിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ രണ്ടാമനായി മാറുന്നതിലേക്കുള്ള അമിത്ഷായുടെ ജീവിതവഴികളിലെ ഇരുട്ട് നിറഞ്ഞ അധ്യായങ്ങളെയും മോദി -അമിത്ഷാ ബാന്ധവത്തിന്റെ നിഗൂഢമായ താൽപ്പര്യങ്ങളെയുമെല്ലാം ലേഖനം വ്യക്തമായി പരമാർശിക്കുന്നുണ്ട്. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മീഡിയ തുടങ്ങി ഇന്ത്യൻ രാഷ്ട്രീയ-ഭരണയന്ത്രത്തിന്റെ സമസ്ത മേഖലകളെയും വളരെ ദൃശ്യമായ കൈകളാൽത്തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ് അമിത് ഷാ എന്നാണ് ലേഖനത്തിൽ പറയുന്നത്.

പക്ഷേ അനുകൂലിക്കുന്നവർക്ക് പറയാൻ ഏറെ കാര്യങ്ങളുണ്ട്. ഇന്ന് അജിത്ത് ഡോവലുമായി ചേർന്നുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയുടെ അടക്കം കാര്യത്തിൽ ഉണർന്നുപ്രവർത്തിക്കുന്നതും ഇതേ അമിത് ഷാ ആണെന്നാണ്. ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരർ ഇപ്പോൾ വിദേശരാജ്യങ്ങിൽ വ്യാപകമായി കൊല്ലപ്പെടുത്ത് നോക്കുക. ഭീകരാക്രമണങ്ങളില്ലായെ രാജ്യം ഇന്ന് ശാന്തമാവുന്നുണ്ടെങ്കിൽ, ഈ 'താടിയുള്ള അപ്പനോടുള്ള പേടികൊണ്ടുതന്നെയാണെന്ന്' അമിതഷായുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയായിരുന്ന മോദിയുടെ കണ്ണും കാതുമായ അമിത്ഷാ. ഇപ്പോൾ ഈ കോമ്പോ വേർപരിയാൻ സമയമായേ എന്ന ചർച്ചകളും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. 75വയസ്സിന്റെ പ്രയാപരിധി ബാധകമായാൽ, ഇപ്പോൾ 74 വയസ്സുള്ള മോദിക്ക് എത്രകാൽ തുടരാൻ കഴിയം. പിന്നെ വരിക, 59-കാരനായ അമിത് ഷായുടെ കാലമാവുമെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്.

ഗുജറാത്തിലെ കൂട്ടുകുടുംബ ഭദ്രതയിൽ ജീവിതം പഠിച്ച അമിത് ഷാ ഘടകകക്ഷികളെ മെരുക്കി നിർത്തുകയും എതിരാളികൾക്കെതിരേ തന്ത്രം മെനയുകയും ചെയ്ത് ജാഗ്രത പാലിച്ചതോടെയാണ് മോദിക്ക് ഇത്രയും കാലം തടസങ്ങളേതുമില്ലാതെ സർക്കാറിനെ നയിക്കാൻ സാധിച്ചത്. ചെറുപ്രായത്തിലേ സ്വായത്തമാക്കിയ കുടുംബ ബിസിനസിന്റെ സങ്കീർണഘടനയിലൂന്നിതന്നെയാണ് അമിത്ഷാ രാഷ്ട്രീയ മേഖലയിലും തന്ത്രങ്ങൾ മെനയുന്നതും പ്രാവർത്തികമാക്കുന്നതും. സഹകരണപാഠങ്ങളുടെ പിൻബലത്തിൽ സംസ്ഥാന ഭരണം ഒന്നൊന്നായി അമിത് ഷാ വെട്ടിപ്പിടിച്ചു. ആശയപരമായ സാഹചര്യങ്ങളാൽ അടുക്കാൻ കൂട്ടാക്കാത്തവരേ പണമെറിഞ്ഞ് കൂടെ നിർത്തി.

കുടുംബ ജീവിതം ത്യജിച്ച് ഒറ്റയാനായ മോദിക്ക് വെട്ടൊന്ന് മുറി രണ്ടെന്നതാണ് തീരുമാനം. എന്നാൽ കൂട്ടുകുടുംബ സമവാക്യങ്ങൾ സ്വായത്തമാക്കിയ അമിത്ഷായാകട്ടെ വിട്ടുവീഴ്ചകളിലൂടെയും ഒത്തുതീർപ്പിലൂടേയും ആത്യന്തിക വിജയം നേടാനാണ് താൽപ്പര്യപ്പെടുന്നത്. ഈ രണ്ടുപേരുടെയും കോമ്പോയായിരുന്നു ബിജെപിയുടെ വിജയം. അതിൽ ഒന്ന് മുറഞ്ഞാൽ എന്താവും എന്താവും ആശങ്ക പാർട്ടിക്കുണ്ട്.

പക്ഷേ അമിത് ഷാക്ക് അത്തരം ആശങ്കകൾ ഒന്നുമില്ല. ഇത്തവണയും മോദിക്കുവേണ്ടിയാണ് അദ്ദേഹം വോട്ടുചോദിക്കുന്നത്. ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ തിരക്കേറിയ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുമ്പോഴും ഗാന്ധിനഗർ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു എംപിയാണ് അമിത്ഷാ. സജീവ സാന്നിധ്യവും ഇടപെടലുകളും ഗാന്ധിനഗറിൽ എന്നും ഓളമുണ്ടാക്കുന്നുണ്ട്. ഷാ തന്റെ നിയോജക മണ്ഡലത്തിൽ വന്ന് ഒരു പരിപാടി ഉദ്ഘാടനം ചെയ്യാത്തതോ ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിടുകയോ ചെയ്യാത്ത ഏതെങ്കിലും മാസമില്ല എന്നാണ് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ ഉത്സവങ്ങൾക്കും അദ്ദേഹം ഗാന്ധി നഗറിൽ എത്തും.

ഈ തിരിഞ്ഞെടുപ്പ് റാലിയിലും ഗുജറാത്തിലുടനീളം അമിത് ഷാ പറഞ്ഞത് അതാണ്. -'കഴിഞ്ഞ 30 വർഷമായി ഈ മണ്ഡലവുമായി എനിക്ക് ബന്ധമുണ്ട്. എംപിയാകുന്നതിന് മുമ്പ്, ഈ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ നിന്നുള്ള ഒരു എംഎൽഎയായിരുന്നു ഞാൻ. നിങ്ങളുടെ സ്നേഹത്തിന് നന്ദി, ഒരു എളിയബൂത്ത് കാര്യകർത്താവിൽ നിന്ന് ഞാൻ ഒരു പാർലമെന്റ് അംഗമായി ഉയർന്നു. എബിവിപി പ്രവർത്തകനെന്ന നിലയിൽ നരൻപുരയുടെ ചുവരുകളിൽ താമര ചിഹ്നം വരച്ചത് ഞാൻ ഓർക്കുന്നു. ഞാൻ വോട്ട് തേടിയപ്പോഴെല്ലാം ഗാന്ധിനഗറിലെ ജനങ്ങൾ എനിക്ക് അനുഗ്രഹം നൽകി."- അമിത് ഷാ പറയുന്നു. എന്തായാലും ഒരുകാര്യം ഉറപ്പാണ്, അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉണ്ടാവും. പക്ഷേ അമിത് ഷാ എന്ന മനുഷ്യനെ അവഗണിച്ച് ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അദ്ദേഹത്തെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

വാൽക്കഷ്ണം: ഇതുവരെയുള്ള അമിത് ഷായുടെ രാഷ്ട്രീയ പ്രവചനങ്ങളിൽ ഒന്ന് മാത്രമേ തെറ്റിയിട്ടുള്ളു. അത് കേരളത്തെക്കുറിച്ച് മാത്രമാണ്! ഇവിടുത്തെ നേതാക്കളുടെ വാക്കുകേട്ട് കേരളത്തിൽ ബിജെപി നിയമസഭയിൽ രണ്ടക്കം സീറ്റുകൾ നേടുമെന്ന് ഒരിക്കൽ അമിത് ഷായും തള്ളിയിരുന്നു.