- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വെറും 33ാം വയസ്സിൽ വൈസ് ചാൻസലറായ പ്രതിഭ; കോൺഗ്രസിൽനിന്ന് ഹിന്ദുമഹാസഭയിലേക്ക്; നെഹ്റുമന്ത്രിസഭയിൽ നിന്ന് രാജിവെച്ചത് പാക് വിഷയത്തിൽ; ജനസംഘത്തിന്റെ സ്ഥാപക നേതാവ്; ഒരു രാജ്യത്ത് രണ്ടു പതാക സ്വീകാര്യമല്ല എന്ന ശക്തമായ നിലപാടെടുത്തു; പൊലീസ് കസ്റ്റഡിയിൽ മരണം; 370ാം വകുപ്പിന്റെ രക്തസാക്ഷി! ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ജീവിത കഥ
ആറു പതിറ്റാണ്ട് മുമ്പ് മരിച്ച, ഉത്തരേന്ത്യയിലെ ഒരു നേതാവ് കേരളത്തിൽ ഇപ്പോൾ ഇത്രയേറെ ചർച്ചചെയ്യപ്പെടുമെന്ന് ആരും കരുതിയതല്ല. രാഷ്ട്രീയം പലപ്പോഴും അങ്ങനെയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഒരു പ്രസ്താവനയിലുടെ, കേരളത്തിലും സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റവും കൂടുതൽ ചർച്ചയായ ഒരു നേതാവിന്റെ പേരാണ് ശ്യാമപ്രസാദ് മുഖർജി. 'അംബേദ്കറെ നിയമന്ത്രിയാക്കാൻ സാധിച്ച വലിയ ജനാധിപത്യബോധത്തിന്റെ ഉയർന്ന മൂല്യത്തിന്റെ പ്രതീകമാണ് നെഹ്‌റു. ആർഎസ്എസിന്റെ നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ അദ്ദേഹം കാണിച്ച മനസ്സ്, വർഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാൻ കാണിച്ച അദ്ദേഹത്തിന്റെ വലിയ മനസ്സാണ്' എന്നായിരുന്നു സുധാകരന്റെ ശിശുദിന വിവാദ പരാമർശം.
എന്നാൽ സുധാകരൻ പറഞ്ഞതിൽ അത്രയൊന്നും വസ്തുത ഇല്ലെന്ന് ഡോ ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതം പരിശോധിച്ചാൽ ബോധ്യപ്പെടും. ഉന്നത ബിരുദങ്ങൾ ഉള്ള അക്കാഡമീ ഷൻ, പ്രഗൽഭനായ അഭിഭാഷകൻ, തുടങ്ങിയ നിലയിൽ പ്രശസ്തനായ ശ്യാമപ്രസാദ് മുഖർജിയെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നെഹ്റു തന്റെ കാബിനറ്റിൽ എത്തിച്ചത്. അത് വർഗീയവാദികൾക്കുള്ള സംവരണത്തിന്റെ പേരിൽ ആയിരുന്നില്ല. നെഹ്റു എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളണം എന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണെന്നതിലും തർക്കമില്ല.
1929 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായിരുന്ന മുഖർജി, ഹിന്ദു മഹാസഭയിലും അംഗമായിരുന്നു. 1950 ൽ പാക് പ്രധാനമന്ത്രി ലിയാക്കത് അലി ഖാനുമായി നെഹ്‌റു ഉണ്ടാക്കിയ ഉടമ്പടിയോടുള്ള വിയോജിപ്പ് കാരണം മുഖർജി മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോവുകയായിരുന്നു. 1951 ൽ ബിജെപിയുടെ പൂർവിക സംഘടനയായ ഭാരതീയ ജനസംഘം സ്ഥാപിക്കുന്നത്. ആ അർത്ഥത്തിൽ നോക്കുമ്പോൾ ഇന്നത്തെ ബിജെപിയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഇത്രയേറെ പേരും പ്രശ്സതിയും ഉണ്ടായിട്ടും അവസാനം പൊലീസ് കസ്റ്റഡിയിൽ ദൂരൂഹ സാഹചര്യത്തിൽ അദ്ദേഹം മരിക്കുന്നത്. ശരിക്കും സിനിമാറ്റിക്കാണ് ഡോ ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതകഥ.
33ാം വയസ്സിൽ വി സി
1901 ജൂലൈ 6 ബംഗാളിലെ ഒരു സമ്പന്ന കുടുംബത്തിലാണ്, ശ്യാമപ്രസാദ് മുഖർജിയുടെ ജനനം. പിതാവ് അശുതോഷ് മുഖർജി, മാതാവ് ജോഗമയ ദേവിധ. കൊൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു പിതാവ്. ബംഗാളിലെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ വിചക്ഷണനും ബുദ്ധിജീവിയുമായിരുന്നു അശുതോഷ്. കൊൽക്കൊത്ത സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയും അശുതോഷിനുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്ന പഠിക്കാൻ മിടുക്കനായിരുന്നു ശ്യാമപ്രസാദ്. 1906 ൽ ഭവാനിപൂരിലെ മിത്ര ഇൻസ്റ്റിറ്റിയൂഷനിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. 1914 ൽ മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം പ്രസിഡൻസി കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേർന്നു. 1916 ലെ ഇന്റർ ആർട്സ് പരീക്ഷയിൽ പതിനേഴാം സ്ഥാനത്തെത്തിയ അദ്ദേഹം 1921 ൽ ഇംഗ്ലീഷ് ഭാഷയിൽ ഒന്നാം റാങ്കോടെ ബിരുദം നേടി.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ശ്യാമപ്രസാദ് തിളങ്ങിയിരുന്നു. പക്ഷേ കടുത്തത ദേശീയവാദിയായിരുന്ന പിതാവിന് മകൻ മാതൃഭാഷയായ ബംഗാളിയിലും വിദഗ്ധനാവണമെന്ന് വാശിയുണ്ടായിരുന്നു. അങ്ങനെ കൊൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്ന് 1923 ൽ ഒന്നാം ക്ലാസോടെ എം. എ. ബിരുദം നേടി. 1923 ൽ ശ്യാമപ്രസാദ് സെനറ്റ് അംഗമായി. 1924 ൽ അദ്ദേഹം ബി.എൽ. പഠനം പൂർത്തിയാക്കി. എന്നാൽ 1924 ൽ ബീഹാറിലെ പറ്റ്നയിൽ വെച്ച് പിതാവ് അശുതോഷ് മുഖർജിയുടെ അപ്രതീക്ഷിതമായ നിര്യാണം അദ്ദേഹത്തെ ഞെട്ടിപ്പിച്ചു. അതിനെ പറ്റി ശ്യാമപ്രസാദ് പറഞ്ഞത് ഇങ്ങനെയായിരുന്നു. '1924 മെയ് 25 എന്റെ ജീവിതത്തിന്റെ ഒഴുക്ക് മാറ്റി മറിച്ചു. എല്ലാ ആഹ്ലാദവും സന്തോഷങ്ങളും ഇല്ലാതാക്കി. ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങാൻ ഈ ദിവസം എന്നെ പ്രേരിപ്പിക്കുന്നു''.
പിതാവ് മരിച്ച അതേ വർഷം തന്നെ 1924 ൽ അദ്ദേഹം കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. കൊൽക്കത്താ യൂണിവേഴ്സിറ്റിയിൽ, അശുതോഷ് മുഖർജിയുടെ മരണത്തോടെ ഉണ്ടായ ഒഴിവിലേക്ക് 23ാം വയസിൽ സിന്റിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, 1926 ൽ ലിങ്കൺസ് ഇന്നിൽ പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയ അദ്ദേഹം പഠനം പൂർത്തിയാക്കുകയും അതേ വർഷം തന്നെ ഇംഗ്ലീഷ് ബാറിലേക്ക് വിളിക്കപ്പെടുകയും ചെയ്തു.
1934ൽ, തന്റെ 33ാമത്തെ വയസ്സിൽ, കൊൽക്കത്ത സർവകലാശാലയിലെ വൈസ് ചാൻസലറായി അദ്ദേഹം. ഏറ്റവും പ്രായം കുറഞ്ഞ വി സി എന്ന കീർത്തിയും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. 1938 വരെ മുഖർജി ഈ പദവിയിൽ തുടർന്നു. വൈസ് ചാൻസലറായിരുന്ന കാലയളവിൽ രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്സിറ്റി സദസ്സിനെ ബംഗാളിയിൽ അഭിസംബോധനചെയ്തത് മറക്കാനാവില്ലെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നുണ്ട്. 1938 സെപ്റ്റംബർ 10 ന് കൊൽക്കത്ത സർവകലാശാല സെനറ്റ് അദ്ദേഹത്തിന് ഓണററി ഡി. ലിറ്റ് നൽകി.
ഇങ്ങനെ നോക്കുമ്പോൾ, പ്രഗൽഭനായ അഭിഭാഷൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ആളാണ് മുഖർജി. ഈ അക്കാദമിക്ക് കരിയർ കൂടി നോക്കിയാണ് അദ്ദേഹത്തെ നെഹ്റു കാബിനറ്റിൽ എടുക്കുന്നത്. അല്ലാതെ ഹിന്ദുത്വവാദികളെ സുഖിപ്പിക്കാനുള്ള കേവലം ചെപ്പടിവിദ്യ ആയിരുന്നില്ല.
കോൺഗ്രസുകാരാനായി രാഷ്ട്രീയ ജീവിതം
അക്കാദമിക്ക് ജീവിതത്തോടൊപ്പം രാഷ്ട്രീയ ജീവിതവും തുല്യ പ്രധാന്യത്തോടെ കെണ്ടുപോയ ആളായിരുന്നു ഡോ ശ്യാമപ്രസാദ് മുഖർജി. ഇന്ന് നാം ഹിന്ദുത്വവാദികൾ എന്ന് വിളിക്കുന്ന വിഭാഗവും അന്ന് കോൺഗ്രസിന്റെ ഭാഗം തന്നെ ആയിരുന്നു. ബാലഗംഗാധർ തിലകനെയും സർദാർ വല്ലഭായ് പട്ടേലിനെയും പോലുള്ള എത്രയോ നേതാക്കൾ ഉദാഹരണം.
ശ്യാമപ്രസാദ് 1929 ൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ബംഗാൾ ലെജിസ്ലീറ്റവ് കൗൺസിലിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചുകൊണ്ടാണ്. കൊൽക്കത്താ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച അദ്ദേഹം ആദ്യ അങ്കത്തിൽതന്നെ ജയിച്ചു. പക്ഷേ കോൺഗ്രസിന്റെ ബഹിഷ്‌കരണം എന്ന ആശയത്തെത്തുടർന്ന് അടുത്ത വർഷം രാജി വെച്ചു. അധികം താമസിയാതെ തന്നെ അദ്ദേഹത്തിന് കോൺഗ്രസുമായി അഭിപ്രായ ഭിന്നതകൾ ഉടലെടുത്തെന്നാണ് ജീവചരിത്രകാരന്മ്മാർ പറയുന്നത. 1930 അവിടെ നിന്ന് രാജിവെച്ചിറങ്ങിപ്പോയ അദ്ദേഹം പക്ഷേ വീണ്ടും സ്വതന്ത്രസ്ഥാനാർത്ഥിയായി നിയമസഭയിലെത്തി. അങ്ങനെ അദ്ദേഹം ബംഗാൾ രാഷ്ട്രീയത്തിൽ സജീവമായി.
1937ൽ കർഷക് പ്രജാ പാർട്ടി-അഖിലേന്ത്യാ മുസ്ലിം ലീഗ് സഖ്യത്തെ അധികാരത്തിലെത്തിച്ച തിരഞ്ഞെടുപ്പിൽ, സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സർക്കാരിന്റെ രാജിക്ക് ശേഷം 1941 ഡിസംബർ 12 ന് രൂപീകരിക്കപ്പെട്ട എ.കെ. ഫസ്ലുൽ ഹക്കിന്റെ പുരോഗമന സഖ്യ സർക്കാരിൽ 1941-42 കാലത്ത് ബംഗാൾ പ്രവിശ്യയിലെ ധനമന്ത്രിയായി. ഔദ്യോഗിക കാലവധിയിൽ സർക്കാരിനെതിരായ അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ സെൻസർ ചെയ്യപ്പെടുകയും നീക്കങ്ങൾ നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു. കടുത്ത വെള്ളപ്പൊക്കത്തിൽ കനത്ത ജീവനാശവും നഷ്ടവും സംഭവിച്ച സമയത്ത് 1942 ൽ മിഡ്നാപൂർ ജില്ല സന്ദർശിക്കുന്നതിൽ നിന്ന് ബ്രിട്ടീഷുകാർ അദ്ദേഹത്തെ തടഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. എന്ത് വില കൊടുത്തും ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെ മുറുകെ പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് 1942 നവംബർ 20 ന് സ്ഥാനം രാജിവവെച്ചു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനെതിരായ അടിച്ചമർത്തൽ നയങ്ങളെ ശക്തമായി വിമർശിച്ചും അദ്ദേഹം രംഗത്ത് എത്തി.
രാജിവച്ച ശേഷം മഹാബോധി സൊസൈറ്റി, രാമകൃഷ്ണ മിഷൻ, മാർവാരി റിലീഫ് സൊസൈറ്റി എന്നിവയുടെ സഹായത്തോടെ അദ്ദേഹം പിന്തുണ സമാഹരിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.1946 ൽ അദ്ദേഹം വീണ്ടും കൊൽക്കത്ത സർവകലാശാലയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.അതേ വർഷം തന്നെ ഇന്ത്യൻ ഭരണഘടനാ അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
'മുസ്ലീങ്ങൾക്ക് ഇന്ത്യ വിട്ടുപോകാം'
ഒരിക്കലും ഒരു കട്ട കോൺഗ്രസുകാരൻ ആയിരുന്നില്ല മുഖർജി. അദ്ദേഹം ഒരു ഹിന്ദത്വവാദിതന്നെ ആയിരുന്നു. 1939ൽ ബംഗാളിലെ ഹിന്ദു മഹാസഭയിൽ ചേർന്ന മുഖർജി അതേ വർഷം തന്നെ സംഘടനയുടെ ആക്ടിങ് പ്രസിഡന്റായി. 1940 ൽ സംഘടനയുടെ വർക്കിങ് പ്രസിഡന്റായി നിയമിതനായി. 1941 ഫെബ്രുവരിയിൽ ഒരു ഹൈന്ദവ റാലിയിൽ പങ്കെടുക്കവേ മുഖർജി പറഞ്ഞത് 'മുസ്ലീങ്ങൾക്ക് പാക്കിസ്ഥാനിൽപോയി താമസിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവരുടെ സഞ്ചിയും ഭാണ്ഡക്കെട്ടുകളുമെടുത്ത് ഇന്ത്യ വിട്ടുപോകാം' എന്നായിരുന്നു. എന്നിരുന്നാലും മുഖർജിയുടെ നേതൃത്വത്തിൻകീഴിൽ സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും അഖിലേന്ത്യാ മുസ്ലിം ലീഗുമായി ചേർന്ന് ഹിന്ദു മഹാസഭ പ്രവിശ്യാ സഖ്യ സർക്കാരുകളും രൂപീകരിച്ചിരുന്നു. 1943 ൽ അദ്ദേഹം അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1946 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടർന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള കിഴക്കൻ പാക്കിസ്ഥാനിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടുത്തുന്നത് തടയുന്നതിനായി 1946 ൽ ബംഗാൾ വിഭജിക്കണമെന്ന് മുഖർജി ആവശ്യപ്പെട്ടു.1947 ഏപ്രിൽ 15 ന് താരകേശ്വറിൽ ഹിന്ദു മഹാസഭ നടത്തിയ ഒരു യോഗത്തിൽവച്ച് ബംഗാൾ വിഭജനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം അധികാരപ്പെടുത്തപ്പെട്ടു. 1947 മെയ് മാസത്തിൽ ഇന്ത്യൻ വിഭജനം നടന്നല്ലെങ്കിൽപ്പോലും ബംഗാൾ വിഭജിക്കപ്പെടേണ്ടതാണെന്ന ഒരു കത്ത് അദ്ദേഹം മൗണ്ട് ബാറ്റൺ പ്രഭുവിന് എഴുതി. മുസ്ലിം ലീഗുകാരായ ജനക്കൂട്ടം ഹിന്ദു വിഭാഗത്തിൽപ്പെട്ടവരെ കൂട്ടക്കൊല ചെയ്ത കിഴക്കൻ ബംഗാളിലെ നവഖാലി വംശഹത്യയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ശക്തമായി സ്വാധീനിച്ചിരുന്നു.
നെഹ്റു മന്ത്രിസഭയിലേക്ക്
എന്നും സമവായത്തിന്റെയും, ഇൻക്ല്യൂസീവ് പൊളിറ്റികസിന്റെയും ആളായിരുന്നു നെഹ്റു. നെഹ്റു വിചാരിച്ചാൽ നിഷ്പ്രയാസം ഇന്ത്യയെ തന്റെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോവാൻ കഴിയുമായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്തില്ല എന്ന് മാത്രമല്ല, ഏകാധിപത്യ പ്രവണതകളെ നിരന്തരമായി എതിർക്കുയും ചെയ്തു. അതുകൊണ്ടുതന്നെ ഹിന്ദുമഹാസഭാ ബന്ധം ഒന്നുകൊണ്ട്, ശ്യാമ പ്രസാദ് മുഖർജിയെപ്പോലുള്ള ജനപ്രിയനും, അക്കാദമിക്ക് രംഗത്ത്് ഒരുപാട് കഴിവുകൾ ഉള്ളതുമായ ഒരു വ്യക്തിയെ മാറ്റിനിർത്താൻ നെഹ്റുവും ഇഷ്ടപ്പെട്ടില്ല.
നെഹ്‌റു 1947 ഓഗസ്റ്റ് 15 ന് മുഖർജിയെ വ്യവസായ മന്ത്രിയായി നിയമിച്ചു. പക്ഷേ 48 ജനുവരി 30 ന് ഉണ്ടായ ഗാന്ധിവധം എന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം എല്ലാ രാഷ്ട്രീയ സമവാക്യങ്ങളും മാറ്റിമറിച്ചു. സർദാർ വല്ലഭായി പട്ടേൽ അടക്കമുള്ളവർ വിരൽ ചൂണ്ടിയത് ഹിന്ദുമഹാസഭയിലേക്ക് ആയിരുന്നു. ഇതോടെ ഹിന്ദു മഹാസഭയുമായി മുഖർജിക്ക് ഭിന്നതയുണ്ടായി. സംഘടനയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് മുഖർജി നിർദ്ദേശിച്ചു. സംഘടന ഇത് പ്രാവർത്തികമാക്കി അധികം താമസിയാതെ 1948 ഡിസംബറിൽ ഹിന്ദുമഹാസഭ വിട്ടുപോയി. ഹിന്ദുക്കളല്ലാത്തവരെ സംഘടനയിൽ അംഗങ്ങളാക്കാനുള്ള നിർദ്ദേശം നിരസിക്കപ്പെട്ടതാണ് അദ്ദേഹത്തിനുണ്ടായിരുന്ന കാരണങ്ങളിലൊന്ന്.
ആശയപരമായ ഭിന്നത ഉണ്ടായിരുന്നെങ്കിലും നെഹ്റുവുമായി സ്നേഹത്തിൽ ചാലിച്ച ഊഷ്മള ബന്ധമായിരുന്നു ആദ്യ കാലത്ത് മുഖർജിക്ക് ഉണ്ടായിരുന്നത്. പക്ഷേ പിന്നീട് അദ്ദേഹം നെഹ്റുവിന്റെ കടുത്ത എതിരാളിയായി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനുമായി 1950 ലെ ഡൽഹി പാക്റ്റിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1950 ഏപ്രിൽ 8 ന് കെ.സി. നിയോഗിക്കൊപ്പം മുഖർജി മന്ത്രിസഭയിൽനിന്ന് രാജിവച്ചു. പാക് വിഷയത്തിലെ നെഹ്‌റുവിന്റെ നിലപാടുകളോട് യോജിക്കാതെ അവിടെ നിന്നും രാജിവെച്ചിറങ്ങുകയായിരുന്നു . പാക്കിസ്ഥാനെ പ്രീണിപ്പിക്കുന്ന നിലപാടാണ് നെഹ്‌റുവിന്റേത് എന്ന് തുറന്നു പറഞ്ഞുകൊണ്ടേയിരുന്നു ഡോ. മുഖർജിയുടെ ആ ഇറങ്ങിപ്പോക്ക്.
മരണം വേട്ടയാടിയ മനുഷ്യൻ
മുഖർജിയുടെ വ്യക്തിജീവിതത്തിലേക്ക് വന്നാൽ മരണം എപ്പോഴും കുടെ ഉണ്ടായിരുന്നുവെന്നാണ് അവസാനം അദ്ദേഹം എഴുതിയത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗമായിരുന്നു ശ്യാമപ്രസാദിന്റെ ജീവിതത്തിലെ എറ്റവും വലിയ ഷോക്ക്. അതുപോലെ വെറും 11 വർഷം മാത്രമാണ് അദ്ദേഹത്തിന്റെ ദാമ്പത്യം നീണ്ടുനിന്നത്. ഇതിനിടെ ഒരു കുട്ടിയുടെ മരണവും കാണേണ്ടിവന്നു.
ശ്യാമ പ്രസാദ് മുഖർജിക്ക് മൂന്ന് സഹോദരന്മാരുണ്ടായിരുന്നു. 1922 ഏപ്രിൽ 16ന് അദ്ദേഹം സുധ ദേവിയെ വിവാഹം ചെയ്തു. ശ്യാമപ്രസാദ്-സുധാദേവി ദമ്പതികൾക്ക് അഞ്ച് കുട്ടികളാണുണ്ടായിരുന്നത്. അനുതോഷ്, ദേബതോഷ് എന്നിങ്ങനെ രണ്ട് ആൺമക്കളും സബിത, ആരതി എന്നിങ്ങനെ രണ്ട് പെൺമക്കളുമാണുണ്ടായിരുന്നത്. അവസാനത്തെ കുട്ടി, നാല് മാസം പ്രായമുള്ളപ്പോൾ ഡിഫ്തീരിയ ബാധിച്ച് മരിച്ചു. താമസിയാതെ അദ്ദേഹത്തിന്റെ പത്നി ന്യുമോണിയ ബാധിച്ച് മരിച്ചു.മരണശേഷം വീണ്ടും വിവാഹം കഴിക്കാൻ ശ്യാമ പ്രസാദ് വിസമ്മതിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദര ഭാര്യയാണ് ആ കുട്ടികളെ പിന്നീട് വളർത്തിയത്.
ജനസംഘം ഉണ്ടാക്കുന്നു
ആശയപരമായി ഉറച്ച ആർഎസ്എസുകാരൻ കൂടിയായിരിന്നു മുഖർജി. ആർഎസ്എസ് സർസംഘചാലക് ആയിരുന്ന എം എസ് ഗോൾവാൾക്കറുടെ നിർദേശപ്രകാരം 1951 ഒക്ടോബർ 21 -ന് ഡോ. ശ്യാമപ്രസാദ് മുഖർജിയാണ് ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുന്നത്. പിന്നീട് എഴുപതുകളുടെ അവസാനത്തോടെ ജനത പാർട്ടിയിൽ ലയിക്കുകയും, ജനത പാർട്ടിയുടെ തകർച്ചയ്ക്ക് ശേഷം 1980 ൽ ബിജെപി എന്ന പേരിൽ പുനർജനിക്കുകയും ചെയ്തത് ഇതേ ഭാരതീയ ജനസംഘം തന്നെയാണ്. 1951 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ ടിക്കറ്റിൽ ജയിച്ചു കയറിയ മൂന്ന് പാർലമെന്റേറിയന്മാരിൽ ഒരാൾ ഡോ. മുഖർജി ആയിരുന്നു.
ജമ്മു കശ്മീരിന് സവിശേഷ പദവി നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370 നെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ആളാണ് ഡോ. മുഖർജി. ഇതിന് കീഴിലുള്ള ക്രമീകരണങ്ങളെ ഇന്ത്യയുടെ ബാൾൽക്കാനൈസേഷൻ എന്നും ഷെയ്ഖ് അബ്ദുല്ലയുടെ ത്രിരാഷ്ട്ര സിദ്ധാന്തം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഒരു പ്രധാനമന്ത്രി പദവിക്കൊപ്പം സംസ്ഥാനത്തിന് സ്വന്തം പതാക അനുവദിക്കപ്പെടുകയും സംസ്ഥാനത്ത് പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണെന്നു വ്യവസ്ഥ ചെയ്യപ്പെടുകയും ചെയ്തു. ഇതിനെ എതിർത്തുകൊണ്ട് മുഖർജി ഒരിക്കൽ പറഞ്ഞു, 'ഏക് ദേശ് മേൻ ദോ വിധാൻ, ദോ പ്രധാൻ ഔർ ദോ നിഷാൻ നഹി ചലേംഗേ' (ഒരു രാജ്യത്തിന് രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രികളും രണ്ട് ദേശീയ ചിഹ്നങ്ങളും ഉണ്ടാകരുത്). ഈ ആർട്ടിക്കിൾ റദ്ദാക്കുന്നതിനായി ഭാരതീയ ജനസംഘവും ഹിന്ദു മഹാസഭയും ജമ്മു പ്രജാ പരിഷത്തും ചേർന്ന് ഒരു വിപുലമായ സത്യാഗ്രഹം ആരംഭിച്ചു.
ഇന്ത്യയുടെ ഭാഗമായ കശ്മീരിൽ പോകാൻ ആർക്കും ആരുടെയും അനുമതി തേടേണ്ട ആവശ്യമുണ്ടാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്ന് കാശ്മീരിലേക്ക് പ്രവേശിക്കണമെങ്കിൽ മുൻകൂർ പെർമിറ്റ് എടുക്കേണ്ടതുണ്ടായിരുന്നു. 'ഈ കരിനിയമം ഞാൻ യാതൊരു കാരണവശാലും പാലിക്കില്ല' എന്ന് തുറന്നു പറഞ്ഞിരുന്ന ഡോ. മുഖർജി, 1953 മെയ് 11 ന് പ്രതിഷേധിക്കാൻ വേണ്ടി പെർമിറ്റില്ലാതെ കാശ്മീരിൽ പ്രവേശിച്ചു. പെർമിറ്റ് ഇല്ലാതിരുന്നതിന്റെ പേരിൽ സ്വാഭാവികമായും, പൊലീസ് അദ്ദേഹത്തെ തടഞ്ഞു. 'ഞാൻ ഒരു പാർലമെന്റംഗമാണ്, എനിക്ക് ഇന്നാട്ടിൽ എവിടെപ്പോകാനും ഒരാളുടെയും പെർമിറ്റ് ആവശ്യമില്ല, ഞാൻ എടുക്കില്ല' എന്നതായിരുന്നു ഡോ. മുഖർജിയുടെ മറുപടി. ഫാറൂഖ് അബ്ദുള്ളയുടെ ഗവണ്മെന്റായിരുന്നു അന്ന് ജമ്മു കശ്മീർ ഭരിച്ചിരുന്നത്. പെർമിറ്റില്ലാതെ കശ്മീരിൽ പ്രവേശിച്ച ഡോ. മുഖർജിയുടെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാൽപതു ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ജൂൺ 23 -ന് പുലർച്ചെ കസ്റ്റഡിയിലിരിക്കെ ഡോ. മുഖർജി മരണപ്പെട്ടു. ഹൃദയസ്തംഭനമായിരുന്നു ഡോക്ടർമാർ സ്ഥിരീകരിച്ച മരണകാരണം.വളരെ ദുരൂഹമായ സാഹചര്യത്തിൽ പൊലീസ് ലോക്കപ്പിനുള്ളിൽ കിടന്നാണ് ഡോ. മുഖർജി മരിച്ചത് എന്നാണ് സംഘപരിവാറുകാർ ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ ബലിദാന ദിവസമായിട്ടാണ് ബിജെപി ഇന്നേ ദിവസം ആചരിക്കുന്നത്.
370ാം വകുപ്പിന്റെ രക്തസാക്ഷി
മുഖർജിയുടെ മരണവും ഇന്നും ദുരൂഹമാണ്. 370ാം വകുപ്പിന്റെ രക്തസാക്ഷി എന്നാണ് അദ്ദേഹം വിശേഷിക്കപ്പെടുന്നത്. കാരണം ആ വകുപ്പ് റദ്ദാക്കാനുള്ള പോരാട്ടത്തിന് ഇടയിലാണ് അദ്ദേഹം മരിക്കുന്നത്. എന്നാൽ അദ്ദേഹം ലോക്കപ്പിൽ കിടന്നല്ല ആശുപത്രിയിലാണ്, മരിച്ചതെന്നാണ് നിഷ്‌ക്ഷരായ ചരിത്രകാരന്മ്മാർ പറയുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യൻ എക്പ്രസിൽ ഡോ എ എസ് കോത്താരി ഇങ്ങനെ എഴുതുന്നു.
''1953 മെയ് 11 ന് കശ്മീരിൽ പ്രവേശിക്കവേ അറസ്റ്റ് ചെയ്യപ്പെട്ട മുഖർജിയെയും രണ്ട് അനുചരന്മാരേയും ആദ്യം ശ്രീനഗറിലെ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് അവരെ നഗരത്തിന് പുറത്തുള്ള ഒരു കളപ്പുരയിലേയ്ക്കു മാറ്റി. ജൂൺ 19 നും 20 നും ഇടയ്ക്കുള്ള ദിവസം രാത്രിയിൽ മുഖർജിയുടെ അവസ്ഥ വഷളാകാൻ തുടങ്ങി. നടുവിനു വേദന അനുഭവപ്പെട്ട അദ്ദേഹത്തിന്റെ ശരീര താപനില ഉയരുകയും ചെയ്തു. 1937 ലും 1944 ലും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്ന ശ്വാസകോശ രോഗമാണിതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഡോക്ടർ അദ്ദേഹത്തിന് സ്ട്രെപ്റ്റോമൈസിൻ കുത്തിവയ്‌പ്പും പൊടിമരുന്നുകളും നിർദ്ദേശിച്ചുവെങ്കിലും അത് തന്റെ ശരീരവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന് കുടുംബ വൈദ്യൻ തന്നോട് പറഞ്ഞതായി മുഖർജി അറിയിച്ചത്. അതേസമയം, മരുന്നിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളതിനാൽ സുഖം പ്രാപിക്കുമെന്ന് ഡോക്ടർ അദ്ദേഹത്തിന് ഉറപ്പ് നൽകി. ജൂൺ 22-ന്, അദ്ദേഹത്തിന് ഹൃദയഭാഗത്ത് വേദന അനുഭവപ്പെട്ടു, വിയർക്കാൻ തുടങ്ങുകയും തളർന്നുപോകുന്നതായി അനുഭവപ്പെടുകയും ചെയ്തു. പിന്നീട് ഒരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് പ്രാഥമികമായി ഹൃദയാഘാതം കണ്ടെത്തി. ഒരു ദിവസത്തിനുശേഷം അദ്ദേഹം മരണമടഞ്ഞു. ജൂൺ 23 ന് പുലർച്ചെ 3: 40 ന് അദ്ദേഹം മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു.''- മുഖർജിയുടെ കൂടെ ഉണ്ടായിരുന്നവരെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
എന്തായാലും മുഖർജിയുടെ കസ്റ്റഡിയിലെ മരണം രാജ്യത്തുടനീളം വലിയ സംശയം ജനിപ്പിച്ചു. മുഖർജിയുടെ മാതാവ് ജോഗമയ ദേവി നെഹ്‌റുവിനോട് അഭ്യർത്ഥിച്ചത് ഉൾപ്പെടെയുള്ളവ കണക്കിലെടുത്ത് ഇതു സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ തീരുമാനമായി. വസ്തുതകളെക്കുറിച്ച് രഹസ്യസ്വഭാവമുള്ള നിരവധി ആളുകളോട് താൻ അന്വേഷിച്ചതായും മുഖർജിയുടെ മരണത്തിന് പിന്നിൽ യാതൊരു രഹസ്യവുമില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മാതാവ് നെഹ്‌റുവിന്റെ ഈ മറുപടി നിരാകരിച്ചു. വീണ്ടും അവർ പുതിയ അന്വേഷണം ആവശ്യപ്പെട്ട് നെഹ്റുവിന് കത്തയച്ചു. എന്നാൽ മാതാവിന്റെ കത്ത് അവഗണിച്ച നെഹ്‌റു അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ല. അതിനാൽ മുഖർജിയുടെ മരണം ഇപ്പോഴും വിവാദമായും ദുരുഹത മാറാതെയും അവശേഷിക്കുന്നു.
ജമ്മു കശ്മീരിൽ ശ്യാമപ്രസാദ് മുഖർജിയെ അറസ്റ്റ് ചെയ്തത് നെഹ്‌റു ഉൾപ്പെട്ട ഒരു ഗൂഢാലോചനയായിരുന്നുവെന്ന് 2004 ൽ അടൽ ബിഹാരി വാജ്‌പേയി ആരോപിച്ചിരുന്നു. ഇന്നും നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ 370ാം വകുപ്പിനുവേണ്ടി രക്താക്ഷിയായി വ്യക്തിയായാണ് മുഖർജിയെ കാണുന്നത്. മോദി സർക്കാർ 370ാം വകുപ്പ് റദ്ദാക്കിയപ്പോൾ ആദ്യം അനുസ്മരിക്കപ്പെട്ട വ്യക്തിയുടെ പേരും ശ്യാമപ്രസാദ് മുഖർജിയുടേത് തന്നെ.
വാൽക്കഷ്ണം: തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യ കണ്ട എറ്റവു വലിയ ജനാധിപത്യവാദിയാണ് നെഹ്റുവെന്ന് പറയേണ്ടിവരും. 'നെഹ്റു ഏകാധിപതിയാവുമോ' എന്ന തലക്കെട്ടിൽ അദ്ദേഹം തന്നെ നാഷണൽ ഹെറാൾഡിലും മറ്റും വ്യാജപേരിൽ എഴുതി. അതേ നെഹ്റുവിന്റെ മകൾ തന്നെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നതും മറക്കാനാവില്ല!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ