"വീടിന്റെ താക്കോല്‍ കളഞ്ഞുപോകുമ്പോള്‍ നമ്മളെല്ലാവരും പുരി ജഗന്നാഥനെ പ്രാര്‍ഥിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ താക്കോല്‍ കിട്ടും. എന്നാല്‍, ഭഗവാന്‍ ജഗന്നാഥന്റെ ഭണ്ഡാരത്തിന്റെ താക്കോല്‍ നഷ്ടമായിട്ട് 6 വര്‍ഷമായി. താക്കോല്‍ തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ടാവും"- ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത്, ഒഡീഷയിലെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇങ്ങനെ ആരോപിക്കുമ്പോള്‍ ആയിരങ്ങള്‍ കൈയടിക്കയായിരുന്നു. നീണ്ട 24 വര്‍ഷം ഒഡീഷയില്‍ അധികാരത്തിലിരുന്ന, ഭരണവിരുദ്ധ വികാരം ബാധിക്കാത്ത മുഖ്യമന്ത്രിയെന്ന് എല്ലാവരും പുകഴ്ത്തിയ നവീന്‍ പട്നായിക്കനെ, ഇത്തവണ തോല്‍പ്പിച്ചത്, പുരി ജഗന്നാഥന്റെ ശാപം കൂടിയാണെന്ന് വിശ്വസിക്കുന്നവരാണ് ഒഡീഷയില്‍ ഏറെയും!

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വന്ന്, ഐഎഎസ് ഉപേക്ഷിച്ച് പാര്‍ട്ടിയിലെ രണ്ടാമനായ വി കെ പാണ്ഡ്യനെ ഉദ്ദേശിച്ചാണ്, 'താക്കോല്‍ തമിഴ്നാട്ടിലേക്ക് പോയിരിക്കും' എന്ന് മോദി പറഞ്ഞത്. നവീന്‍ പട്നായിക്കിന്റെ അനാരോഗ്യം മുതലെടുത്ത്, തമിഴനാണ് ഒഡീഷ ഭരിക്കുന്നതെന്ന് പറഞ്ഞ്, മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിയാണ് ബിജെപി, ബിജു ജനതാദളിന്റെ അധികാരക്കുത്തക തകര്‍ത്ത്് സംസ്ഥാനം പിടിച്ചത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടന്ന ഒഡീഷയില്‍, രണ്ടിടത്തും തോറ്റതോടെ വി കെ പാണ്ഡ്യന്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കയും ചെയ്തു.

ഒരുകാലത്ത് നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തും എന്‍ഡിഎ ഘടകകക്ഷി നേതാവുമായിരുന്നു നവീന്‍ പട്നായിക്ക് ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ് അവിഹിതനായ, ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള, എതിരാളികളെ ഒതുക്കാനും കേമനായ നവീന്‍, പൈജാമയിട്ട മോദിയെന്നാണ് അറിയപ്പെട്ടിരുന്നത്. അത്യാവശ്യം നല്ല ഭരണം തന്നെയാണ് അദ്ദേഹം അവിടെ നടത്തിയത്. എന്‍ഡിഎയുമായി സഖ്യം പരിഞ്ഞിട്ടും നവീന്‍ പുല്ലുപോലെ ജയിച്ചുകയറി. പക്ഷേ ഇത്തവണ മണ്ണിന്റെ മക്കള്‍ വാദവും പുരി ജഗന്നാഥ ക്ഷേത്ര വിഷയവും ചേര്‍ത്ത് ബിജെപി നടത്തിയ പ്രചാരണത്തെ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് റെക്കൊര്‍ഡ് ഇടുന്നതിന്റെ തൊട്ടുടത്തെത്തിയ, ഈ രാഷ്ട്രീയ അതികായനെ കടപുഴക്കിക്കളഞ്ഞു.

ജഗന്നാഥ കോപത്തില്‍ ഭരണമാറ്റം!

ഒറീസയിലെഒരു തീരദേശനഗരമായ പുരി ഈ ക്ഷേത്രത്തിന്റെ പേരിലാണ് ലോക പ്രശസ്തമായത്. ഈ വിഷ്ണു ക്ഷേത്രത്തെക്കുറിച്ചുള്ള ഐതീഹ്യങ്ങള്‍ എഴുതിയാല്‍ തീരില്ല.പാണ്ഡവരുടെ യമപുരിയിലേക്കുള്ള യാത്രാമദ്ധ്യേ സപ്തഋഷിമാര്‍ മോക്ഷം ലഭിക്കാന്‍ ചാര്‍ദാം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ഉപദേശിച്ചിരുന്നു. നാലു ക്ഷേത്രങ്ങളാണ് ചാര്‍ദാം എന്നറിയപ്പെട്ടത്. ഇതില്‍ ഒന്നായിരുന്നു പുരിയിലെ ജഗന്നാഥ ക്ഷേത്രമെന്നാണ് പറയുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ നിര്‍മാണം പതിമൂന്നാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയാവുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവര്‍മനാണ് പുരിയില്‍ പുരുഷോത്തമ ജഗന്നാഥന്റെ പേരില്‍ ഒരു ക്ഷേത്രം പണിയാന്‍ തീരുമാനിച്ചത് എന്നാണ് ചരിത്രം പറയുന്നത്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഈ ക്ഷേത്രം പണിതീര്‍ന്നു. 1230ല്‍ രാജാവായിരുന്ന അനംഗഭീമന്‍ മൂന്നാമന്‍ സാമ്രാജ്യം ദേവന്റെ പേരില്‍ സമര്‍പ്പിക്കുകയും താന്‍ ദേവന്റെ ദാസനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ആരാധനാലയം എന്നതിലുപരിയായ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ സ്വാധീനമുള്ള ഒന്നായി പുരി ജഗന്നാഥ ക്ഷേത്രം മാറി. ഇതോടെ പ്രദേശത്തിന്റെ നിയന്ത്രണം കയ്യാളാന്‍ ശ്രമിച്ച മുഗളരും മറാഠകളും ഇംഗ്ലീഷുകാരുമെല്ലാം പുരി ജഗന്നാഥ ക്ഷേത്രത്തിന്മേലുള്ള നിയന്ത്രണത്തിനും വലിയ പ്രാധാന്യം നല്‍കിയിരുന്നു. പതിനെട്ടു തവണ ക്ഷേത്രം അക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രം പൊളിച്ചു കളയാന്‍ ഔരംഗസേബ് ഉത്തരവിട്ടെങ്കിലും അത് നടപ്പിലാക്കാന്‍ വന്നവരെ കൈക്കൂലി നല്‍കി അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അന്നത്തെ ആള്‍ക്കാര്‍ക്ക് കഴിഞ്ഞു. ഔറംഗസേബ് മരിച്ചതിനു ശേഷമാണു പിന്നീട് ക്ഷേത്രം തുറന്നത്.

പക്ഷേ രാമക്ഷേത്രത്തിന് സമാനമായി, 800 കോടി രൂപ ചെലവിട്ട് പുരി ജഗന്നാഥക്ഷേത്രത്തെ, ഗംഭീരമാക്കിയത് നവീന്‍ പട്നായിക്ക് സര്‍ക്കാറായിരുന്നു. പക്ഷേ താക്കോല്‍ കാണാതാവല്‍ വിഷയത്തില്‍ അതെല്ലാം മുങ്ങിപ്പോയി. ഇപ്പോള്‍ ക്ഷേത്രത്തിലെ നിലവറയായ 'രത്ന ഭണ്ഡാരം' 46 വര്‍ഷത്തിനു ശേഷം തുറന്ന് കണക്കെടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കയാണ്. 14ന് നിലവറ തുറന്ന് കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോല്‍ ഹാജരാക്കാന്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ക്ക് ജസ്റ്റിസ് ബിശ്വനാഥ് രഥ് ചെയര്‍മാനായ ഉന്നത തല സമിതി നിര്‍ദേശം നല്‍കി. താക്കോല്‍ എത്തിച്ചില്ലെങ്കില്‍ പൂട്ടുപൊളിക്കാനാണ് തീരുമാനം. 1978 ലാണ് ഭണ്ഡാരം ഏറ്റവും അവസാനമായി തുറന്നത്.

പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ അണിയിക്കാനുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രത്ന ഭണ്ഡാരം. വിശ്വാസികള്‍ക്ക് ഏറെ പരിപാവനമായി കാണുന്ന ഇടം. 2018-ല്‍ ഭണ്ഡാരം തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഈ സമയത്താണ് രത്നഭണ്ഡാരം തുറക്കാനുള്ള താക്കോല്‍ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. ഒഡീഷ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കെട്ടിടത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട പരിശോധന നടക്കുമ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയായിരുന്ന നവീന്‍ പട്നായിക് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജുഡീഷ്യല്‍ അന്വേഷണ ഉത്തരവ് പുറത്തുവന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പുരി ജില്ലാ കലക്ടര്‍ക്ക് ഡ്യൂപ്ലിക്കറ്റ് താക്കോല്‍ അയച്ചുകിട്ടി. അന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വഴിവച്ച ഈ സംഭവമാണ് നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി ആയുധമാക്കിയത്. താക്കോല്‍ കാണാതായതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ നവീന്‍ പട്നായിക് സര്‍ക്കാര്‍ ഇതിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും മോദി റാലിയില്‍ ഉയര്‍ത്തിക്കാട്ടുന്നു.

ക്ഷേത്ര നിയമാവലി അനുസരിച്ച് ഭണ്ഡാരം 3 വര്‍ഷത്തിലൊരിക്കലാണ് തുറന്നുപരിശോധിക്കേണ്ടത്. ഏറ്റവും ഒടുവില്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 149.47 കിലോ സ്വര്‍ണവും 198.79 കിലോ വെള്ളിയും ഭണ്ഡാരത്തിലുണ്ട്. കോടികള്‍ വിലമതിക്കുന്നവയാണിവ. വീണ്ടും തുറന്ന് പരിശോധിക്കുമ്പോള്‍, അതില്‍ എത്ര ബാക്കിയുണ്ടാവുമെന്നാണ് ചോദ്യം! നമ്മുടെ പത്മനാഭസ്വാമി ക്ഷേത്രംപോലെ ഒരു ക്ഷേത്ര നിലവറകൂടി അങ്ങനെ ലോക പ്രശസ്തമാവുകയാണ്. നിഗൂഡതകളും ക്ഷേത്രം എന്നാണ് പുരി അറിയപ്പെടുന്നത്. നിഴല്‍പോലും കാണാത്ത, പക്ഷികളോ വിമാനങ്ങളോ മുകളില്‍കൂടി പറക്കാത്ത ഈ ക്ഷേത്രം, വിശ്വാസികളുടെ മനസ്സില്‍ ഒരേ സമയം ഭയവും ബഹുമാനവും ഉയര്‍ത്തുന്നതാണ്.

കാറ്റിന് വിപരീത ദിശയില്‍ കൊടി

ക്ഷേത്രത്തിലെ വാസ്തുവിദ്യകൊണ്ടും വ്യത്യസ്തമായ ചടങ്ങുകള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന ക്ഷേത്രമാണിത്. 45 നിലയോളം പൊക്കമുള്ള ഒരു പ്രധാന ഗോപുരമാണ് ക്ഷേത്രത്തിനുള്ളത്. ഇതിന്റെ ഏറ്റവും മുകളില്‍ ഇരുപതടി വ്യാസമുള്ള, ഒരു ടണ്‍ ഭാരമുള്ള, ലോഹത്തില്‍ തീര്‍ത്ത ഒരു സുദര്‍ശന ചക്രമുണ്ട്. ക്രെയിന്‍ ഒന്നുമില്ലാതിരുന്ന അക്കാലത്ത് അതെങ്ങനെ ഇത്രയും ഉയരത്തില്‍ കൊണ്ടുപോയി സ്ഥാപിച്ചു എന്നത് ആത്ഭുതമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ചില നിഗൂഢ രഹസ്യങ്ങളും വിശ്വാസികള്‍ പ്രചരിപ്പിക്കാറുണ്ട്. ക്ഷേത്രത്തിന്റെ പ്രധാന താഴികക്കുടത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള കൊടി എപ്പോഴും കാറ്റില്‍ പാറിപ്പറക്കുന്നതു കാണാം. ഈ കൊടി എല്ലാ ദിവസവും സുരക്ഷാ സന്നാഹങ്ങള്‍ ഒന്നുമില്ലാതെ ഒരു പൂജാരി ഗോപുരത്തിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന ഏണി വഴി കയറി മുകളിലെത്തി മാറ്റുന്ന ചടങ്ങുണ്ട്. ഒരു ദിവസമെങ്കിലും അത് മുടങ്ങിയാല്‍ അടുത്ത പതിനെട്ടു വര്‍ഷം ക്ഷേത്രം അടച്ചിടേണ്ടി വരുമെന്നാണ് ആചാരം. അതുകൊണ്ടു തന്നെ കഴിഞ്ഞ ആയിരത്തി എണ്ണൂറു വര്‍ഷങ്ങളില്‍ ഒരു ദിവസം പോലും ഇത് മുടങ്ങിയിട്ടില്ല.

എന്നാല്‍ വിചിത്രമായ സംഭവം എന്തെന്നാല്‍ ഈ കൊടി പറക്കുന്നത് കാറ്റിന്റെ എതിര്‍ദിശയിലാണ്. ഇതിന് പിന്നിലുള്ള രഹസ്യം ആര്‍ക്കും ഇതുവരെ മനസിലായിട്ടില്ല എന്നാണ് വിശ്വാസികള്‍ പറയുന്നത്. ക്ഷേത്രത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള സുദര്‍ശന ചക്രം, പുരി നഗരത്തില്‍ എവിടെ നിന്നാലും കാണാന്‍ സാധിക്കുമത്രേ. എവിടെ നിന്നു നോക്കിയാലും ചക്രം നിങ്ങള്‍ക്ക് അഭിമുഖമായി തന്നെ നില്‍ക്കുന്നതായി കാണാം എന്നാണ് വിശ്വാസികള്‍ പറയുന്നത്.

പക്ഷേ ഇതിനുപിന്നിലെ സയന്‍സ് ഒക്കെ നേരെത്ത പുറത്തുവന്നതാണ്. കാറ്റു വീശുന്നതിന്റെ നേരെ എതിര്‍ ദിശയിലാണു കൊടി പറക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ലെന്നാണ് ശാസ്ത്രീയ വിശദീകരണം.് ഗോപുരത്തിന് മുകളിലെ സുദര്‍ശന ചക്രത്തിന്റെ ഡിസൈനില്‍ ഉള്ള കൗശലം സൃഷ്ടിക്കുന്ന വോര്‍ടെക്സ് ആണ് കാറ്റിനെ എതിര്‍ ദിശയില്‍, കൊടിയ്ക്കു സമാന്തരമായി ദിശ തിരിച്ചു വിടുന്നത്. അങ്ങനെയാണെങ്കിലും, എയ്റോ ഡയനാമിക്സ് അടക്കമുള്ള ശാസ്ത്രശാഖകളില്‍ അന്നത്തെ മനുഷ്യര്‍ക്കുള്ള പ്രവീണ്യത്തില്‍ നാം വിസ്മയിച്ചുപോവും.

പുരിയുടെ ഏതു ഭാഗത്തു നിന്ന് നോക്കിയാലും ഈ ചക്രം നിങ്ങളെ അഭിമുഖീകരിച്ചു നില്‍ക്കുന്നത് വെറും തോന്നാല്‍ മാത്രമാണ്. ചിലയിടങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ അത് തിരിഞ്ഞു തന്നെയാണ്. ഇത് തെളിയിക്കുന്ന വീഡിയോകളുമുണ്ട്. മനുഷ്യന്‍ എപ്പോഴും അവന്റെ മനസ്സില്‍ ആഗ്രഹിക്കുന്നതാവും കാണാന്‍ ശ്രമിക്കുക. അവര്‍ അഭിമുഖമായി കാണാവുന്ന ഭാഗത്തുനിന്ന് നോക്കി തൃപ്തിയടയുകയാണ്. ഈ പാറ്റേണ്‍ സീക്കിങ്് എന്ന ലളിതമായ സൈക്കോളജി ആണ് ഇതിനു പിന്നിലെന്ന് ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

പരുന്തുപോലും പറക്കാത്ത ഉഗ്രമൂര്‍ത്തി

പുരി ജഗന്നാഥനെന്ന ഉഗ്രമൂര്‍ത്തിയുടെ അപദാനങ്ങള്‍ വാഴ്ത്തിയാല്‍ നാട്ടുകാര്‍ക്ക് നാക്കിന് വിശ്രമമില്ല. ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നോ ഫ്‌ളൈയിംഗ് സോണില്‍ ഉള്‍പ്പെടുന്ന സ്ഥലമല്ല. എങ്കിലും ഇതിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാറില്ല. അത് പോട്ടെയെന്നു വയ്ക്കാം. പക്ഷേ പരുന്ത് അടക്കമുള്ള പക്ഷികള്‍ പോലും ക്ഷേത്രത്തിന് മുകളിലൂടെ പറക്കില്ല എന്നാണ് വിശ്വാസികള്‍ പറയുന്നത്. അതുപോലെ നിഴലില്ലാത്ത ക്ഷേത്രമാണ് ഇതെന്നാണ് പറയുക. പകല്‍ ഒരു സമയവും ക്ഷേത്രത്തിന്റെ നിഴല്‍ കാണാനാവില്ല എന്നാണ് വിശ്വാസികള്‍ പറയുക.

എന്തുകൊണ്ട് വിമാനങ്ങള്‍ പറക്കുന്നില്ല എന്നതിനും കൃത്യമായ വിശദീകരണമുണ്ട്. ഒന്ന്, അതൊരു കൊമേര്‍ഷ്യലി വയബിള്‍ ആയ ഒരു റൂട്ടല്ല. അതായതു ആ റൂട്ടില്‍ കൂടി പറക്കുന്നത് വിമാനങ്ങള്‍ക്ക് ലാഭകരമല്ല. ഇനി ആയിരക്കണക്കിന് അടി മുകളില്‍ കൂടി വിമാനങ്ങള്‍ ക്ഷേത്രത്തെ മറികടന്നു പോകുന്നത് താഴേനിന്ന് കാണാന്‍ കഴിയില്ല. സാറ്റലെറ്റുകളൊക്കെ ഇങ്ങനെ പോവുന്നുണ്ട്.

പക്ഷിയുടെ കാര്യം പറയുകയാണെങ്കില്‍, ഇപ്പോള്‍ ഗുജറാത്തിലെ പട്ടേലിന്റെ പ്രതിമയെപ്പറ്റി പറഞ്ഞു പരത്തുന്നത് തന്നെയാണ് ശാസ്ത്രം. തറയില്‍ നിന്ന് ഇരുന്നൂറ്റമ്പതോളം അടി പൊക്കമുണ്ട് ആ ഗോപുരത്തിന്. അത്രയും ഉയരത്തില്‍ പറക്കുന്ന പക്ഷികള്‍ ആ പ്രദേശത്ത് എണ്ണത്തില്‍ കുറവാണ്. മാത്രമല്ല, ഈയിടെ ക്ഷേത്രത്തിന്റെ അനുവാദത്തോടെ തന്നെ ചിത്രീകരിക്കപ്പെട്ടു ഒരു ഡ്രോണ്‍ ഫുട്ടേജ് യൂട്യൂബില്‍ ലഭ്യമാണ്. അമ്പലത്തിന്റെ മുകളിലുള്ള കാഴ്ചകള്‍ അതില്‍ കിട്ടും. അതില്‍ ചില പക്ഷികളെയും കാണാം. ക്ഷേത്ര നിഴലിലെപറ്റിയും പഠനങ്ങള്‍ നടന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ നിഴല്‍ അവിടെയുണ്ട്. ഇത്രയും വലിയ നിര്‍മ്മിതിയായതുകൊണ്ട് നിഴലും വലുതാണ്. അതില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ നിഴല്‍ മാത്രമായി തിരിച്ചറിയാന്‍ പറ്റില്ല. അങ്ങനെയൊരു ആംഗിളില്‍ ആണ് നിഴല്‍ വീഴുന്നത്.

ഇവിടത്തെ പ്രസാദം ഉണ്ടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ അടുക്കളകളില്‍ ഒന്നിലാണ്. ഭഗവാന് നേദിച്ച ശേഷം മതില്‍ക്കെട്ടിനുള്ളില്‍ തന്നെയുള്ള മാര്‍ക്കറ്റില്‍ മണ്‍പാത്രങ്ങളില്‍ അത് ഭക്തജനങ്ങള്‍ക്ക് വില്‍ക്കുകയാണ് പതിവ്. എട്ടു പാത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വച്ച് ഒരേസമയമാണ് ഇതെല്ലാം ഉണ്ടാക്കുന്നത്. എല്ലാ ദിവസവും ഏറ്റവും മുകളിലിരിക്കുന്ന പാത്രമാണ് ആദ്യം തിളയ്ക്കുക എന്നാണ് പറയപ്പെടുന്നത്. അടുക്കളയില്‍ അവിടത്തെ പൂജാരിമാരായ പാണ്ഡേകള്‍ക്ക് മാത്രമാണ് പ്രവേശനം. അതുകൊണ്ടു ഇതിന്റെ സത്യം പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഭക്തര്‍ കൂടുതലായാലും കുറവായാലും എന്നും ഒരേ അളവില്‍ പ്രസാദം പാചകം ചെയ്യും, അതൊരിക്കലും വേസ്റ്റ് ആവുകയോ കൊടുക്കാന്‍ പറ്റാത്ത രീതിയില്‍ കുറഞ്ഞു പോവുകയോ ചെയ്യില്ല എന്നതും ക്ഷേത്രത്തിലെ ഒരു അത്ഭുതമായി പറയപ്പെടുന്നുണ്ട്. ഇതിന്റെ ശാസ്ത്രീയ വിശകലനം ഒരു വിദേശി സഞ്ചാരി എഴുതിയിട്ടുണ്ട്. പാചകം ചെയ്യുമ്പോള്‍ അവര്‍ അളവില്‍ മാറ്റം വരുത്തില്ല, പക്ഷെ ഭക്തരുടെ എണ്ണമനുസരിച്ചു വിതരണം ചെയ്യുന്നിടത്ത് പ്രസാദത്തിന്റെ അളവ് അവര്‍ മാറ്റിക്കൊണ്ടിരിക്കും. പക്ഷേ ഭക്തരുടെ പ്രചാരണം, എത്ര ആളുകൂടിയാലും കുറഞ്ഞാലും ഇവിടെ ഒരേ അളവില്‍ പ്രസാദം ഉണ്ടാക്കുകയും അത് അല്‍പ്പംപോലും വേസ്റ്റ് ആവാതെ തീര്‍ന്ന് പോവുമെന്നുമാണ്. ഇങ്ങനെ ഒരുപാട് അത്ഭുത കഥകള്‍ പ്രചരിക്കുന്നതാണ് ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ട്.

പണത്തോട് കടുത്ത ആര്‍ത്തിയുള്ള പാണ്ഡെകള്‍ എന്ന പൂജാരികള്‍, ആയിരങ്ങള്‍ വിലവരുന്ന പൂജകള്‍ക്ക് ഭക്തരെ, ക്ഷേത്രത്തിനുള്ളില്‍വെച്ചുപോലും പണ്ട് ക്യാന്‍വാസ് ചെയ്തിരുന്നു. ക്ഷേത്രത്തിനു ഒരു അത്ഭുത പരിവേഷം നല്‍കാനായി അവര്‍ തന്നെ പറഞ്ഞു പരത്തിയ കഥകള്‍ ആണെന്നൊരു വാദം നിലവിലുണ്ട്. എന്തായാലും ഭക്തരെ ഇങ്ങനെ പിടിച്ചു പറിക്കുന്ന പരിപാടി സുപ്രീം കോടതി ഇടപെട്ടു നിര്‍ത്തി വച്ചത്.

ഒഡീഷയുടെ രാമക്ഷേത്രമാക്കിയ നവീന്‍

ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് പുരി ജഗന്നാഥക്ഷേത്രം കാണാന്‍ എത്തിയിരുന്നെങ്കിലും, അടുത്തകാലംവരെ ഇവിടെ വൃത്തിഹീനമായിരുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്ന തെരുവുകള്‍ യാചകരും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. പിടിച്ചുപറിക്കാരെപ്പോലെ പെരുമാറുന്ന പൂജാരിമാര്‍, ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വേറെയും. ഒരുകാലത്ത് ദേവദാസി സമ്പ്രദായം പോലുമുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്. ജഗന്നാഥന്‍ എന്ന കൃഷ്ണനെ മനസ്സാവരിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് അദ്ദേഹത്തിന്റെ ദാസിയാവാന്‍ ഇവിടെ എത്തിയിരുന്നത്. ജഗന്നാഥന്‍ ഇവരുടെ പാട്ടും നൃത്തവും കേട്ടാലെ ഉറങ്ങുന്ന എന്നായിരുന്നു ആചാരം. 80-കളില്‍ നിരോധിക്കപ്പെടുന്നതുവരെ, ദേവദാസികളാണ ദേവനെ പാടിയുറക്കിയത്. എന്നാല്‍ പിന്നീട് ഈ ദേവദാസികളില്‍ ഒരു വിഭാഗം, വേശ്യവൃത്തിയിലേക്ക് മാറിയതും, ക്ഷേത്ര പരിസരത്ത് ക്രമസമാധാന പ്രശ്നം പോലുമുണ്ടാക്കി.

ഇങ്ങനെ വൃത്തികെട്ട നിലയിലായ ക്ഷേത്രത്തെ 800 കോടിരൂപ മുടക്കി നവീകരിച്ചത്, മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ആണ്. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതോടെ ഇന്ത്യയിലെ ടെമ്പിള്‍ ടൂറിസത്തിന്റെ ഹബ്ബായി അത് മാറുമെന്നം, പുരിയുടെ പ്രശ്സ്തി നഷ്ടമാവുമെന്നും നവീന്‍ ദീര്‍ഘവീക്ഷണം നടത്തിയിരുന്നു. അങ്ങനെയാണ്, 75 മീറ്റര്‍ ചുറ്റളവില്‍നിന്ന് കച്ചവടസ്ഥാപനങ്ങളെയും താമസക്കാരെയും ഒഴിപ്പിച്ച് 800 കോടി രൂപ മുടക്കി ക്ഷേത്ര പരിസരം നവീകരിച്ചത്. ഇത് 2024 ജനുവരിയില്‍ തുറന്നുകൊടുത്തു. ഇടുങ്ങിയ വഴികളിലൂടെ, വഴിവാണിഭക്കാരുടെ തിക്കുംതിരക്കും മറികടന്ന് ഒരുകിലാമീറ്ററാളം നടന്നാണ് നേരത്തെ ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നതെങ്കില്‍ ഇപ്പാള്‍ വിശാലമായ വീഥിയിലൂടെ ഒരേ സമയം ആയിരങ്ങള്‍ക്ക് ദര്‍ശന സൗകര്യമായി.

ലക്ഷണക്കിന് ഭക്തര്‍ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന ക്ഷേത്രം നേരത്തെ പരിമിതമായ അഞ്ച് ഏക്കറിലാണ് സ്ഥിതി ചെയ്തതെങ്കില്‍ ഇപ്പാള്‍ ഭൂവിസ്തൃതി 26 ഏക്കറായി ഉയന്നു.രാജ്യത്തെ ഏറ്റവും കൂടിയ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാര തുക നല്‍കിയാണ് ക്ഷേത്ര പരിസരത്തെ സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ആറേക്കറാളം ഭൂമി ഒഴിപ്പിച്ചത്.ക്ഷേത്രനവീകരണത്തിന് ആകെ ചെലവായത് 300 കോടിയാണെങ്കില്‍ ഭൂമി ഏറ്റെടുക്കലിനും കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിനുമായി ചെലവഴിച്ചത് 500 കോടി രൂപയാണ്.

ക്ഷേത്ര പരിസരത്തുനിന്ന് കുടിയൊഴിപ്പിച്ച കച്ചവടക്കാര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കിയതിനുപുറമേ എയര്‍കണ്ടീഷന്‍ ചെയ്ത സെന്‍ട്രല്‍ മാര്‍ക്കറ്റ് ഹാള്‍ നിര്‍മ്മിച്ച് അവിടെ മുന്നൂറിലേറെ കച്ചവടക്കാര്‍ക്ക് കടകള്‍ അനുവദിച്ചുനല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിലെ 19 മഠങ്ങളുമായി സഹകരിച്ച് അവരുടെ കൂടി അഭിപ്രായം സമന്വയിപ്പിച്ച് ക്ഷേത്രത്തിലെ പരമ്പരാഗതമായ രീതികളെ അതേ നിലയില്‍ നിലനിര്‍ത്തിയാണ് മുഴുവന്‍ നവീകരണ പ്രവര്‍ത്തനവും നടത്തിയത്. ക്ഷേത്രവും പരിസരവും വിശാലമായ കുളം, പുതുതായി നിര്‍മ്മിച്ച വ്യാപാര, വാണിജ്യ സമുച്ഛയം, കാര്‍ പാര്‍ക്കിങ്ങ് കോംപ്ലക്സ്, ക്ഷേത്രത്തിനും ചുറ്റുമുള്ള വിശാലമായ നടപ്പാത തുടങ്ങിയവയെല്ലാം ഒഡീഷയിലെ തന്നെ പ്രത്യേക തരം പരമ്പരാഗതമായ കല്ലുകൊണ്ടാണ് നിര്‍മ്മിച്ചത്.

പുരിയില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് പുരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളം നിര്‍മ്മിക്കുന്നുണ്ട്. ഒപ്പം ഭുവനേശ്വര്‍ ദേശീയപാതയില്‍നിന്ന് പുരി നഗരത്തില്‍ പ്രവേശിക്കാതെ ക്ഷേത്ര പരിസരത്ത് എത്തിച്ചേരാവുന്ന പ്രത്യേക എലിവേറ്റഡ് പാതയുടെ നിര്‍മ്മാണവും താമസിയാതെ പുര്‍ത്തിയാവും. ഇതിനെല്ലാം കൂടി 20,000 കോടി രൂപയുടെ പദ്ധതിക്ക് നവീന്‍ പട്നായിക്ക് തുടക്കമിട്ടിരുന്നു. പക്ഷേ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, താക്കോല്‍ കാണാതായതും, ആചാര സംരക്ഷണവും മാത്രമാണ് ഇവിടെ ചര്‍ച്ചയായത്. അതില്‍ നവീന്‍ വീഴുകയും ചെയ്തു.

ജനലക്ഷങ്ങളുടെ രഥോത്സവം

രഥോത്സവമാണ് പുരിയിലെ ഏറ്റവും വലിയ ആകര്‍ഷണീയത. ലക്ഷങ്ങളാണ് ഇതിനായി ഇവിടെ തടിച്ചുകൂടാറുള്ളത്. കൃഷ്ണനും, സഹോദരന്‍ ബാലഭദ്രനും, സഹോദരി സുഭദ്രയുമാണ് ക്ഷേത്രത്തിലെ മൂന്നു വിഗ്രഹങ്ങള്‍. ഈ വിഗ്രഹങ്ങളെ വലിയ രഥങ്ങളില്‍ രണ്ടു മൈല്‍ ദൂരത്തിലുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്കു കൊണ്ടുപോവുന്നതും ഒരാഴ്ച്ചക്കു ശേഷം തിരിച്ചു ക്ഷേത്രത്തിലെത്തിക്കുന്നതുമാണ് പ്രസിദ്ധമായ രഥയാത്ര. ഗോകുലത്തില്‍ നിന്നും മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചടങ്ങ്. ആയിരക്കണക്കിനു പേരാണ് മരം കൊണ്ടു നിര്‍മിച്ച ഈ കൂറ്റന്‍ രഥങ്ങളുടെ കയര്‍ വലിക്കാന്‍ ഉണ്ടാവുക. ആഷാഢമാസത്തിലാണ്(ജൂണ്‍, ജൂലൈ) രഥോല്‍സവം നടക്കുന്നത്. മഴയുള്ളപ്പോള്‍ രഥചക്രം മണലില്‍ താഴ്ന്നു പോയാല്‍ രഥയാത്ര കൂടുതല്‍ ദുഷ്‌ക്കരമാവുകയും രണ്ടു ദിവസം വരെ യാത്രയ്ക്കു വേണ്ടി വരികയും ചെയ്യാറുണ്ട്.

കോവിഡ് കാലത്തുപോലും മാറ്റിവെക്കാത്തതായിരുന്നു ഇവിടുത്തെ രഥോത്സവം. കോവിഡ് കാരണം അത് മാറ്റി വയ്പ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഈ സാഹചര്യത്തില്‍ ഉത്സവം നടത്തിയാല്‍ ജഗന്നാഥന്‍ പോലും ക്ഷമിക്കില്ലെന്ന് സാക്ഷാല്‍ സുപ്രീം കോടതി ഒരു പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. ഈ വര്‍ഷം ജൂലൈ ഏഴിനാണ് രഥയാത്ര നടന്നത്. ഈ തിരിക്കില്‍പ്പെട്ട് അപകടങ്ങളും പതിവാണ്. ഈ വര്‍ഷവും രഥയാത്രിലെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 130ലധികം പേര്‍ക്ക് പരുക്ക് പറ്റി. പുരി, ജര്‍സുഗുഡു എന്നീ രണ്ട് ജില്ലകളില്‍ നടന്ന വ്യത്യസ്തമായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്. പുരിയിലെ രഥയാത്രക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് ഒരാള്‍ മരിച്ചത്. ജാര്‍സുഗുഡുവിലെ രഥയാത്രക്കിടെ ശ്യാം സുന്ദര്‍ കിഷന്‍ എന്ന യുവാവ് കൂറ്റന്‍ രഥചക്രങ്ങളുടെ അടിയിലേക്ക് വീഴുകയായിരുന്നു.

സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. തിക്കിലും തിരക്കിലും പരുക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 130 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും നിര്‍ജലീകരണവും ഛര്‍ദിയും ഉണ്ടായി. അടുത്തവര്‍ഷം മുതല്‍ രഥയാത്രയുടെ ആള്‍ക്കൂട്ട മാനേജ്മെന്റിന് ശാസ്ത്രീയ സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്. ജഗന്നാഥന്‍ എന്നത് ഒഡീഷയുടെ പൊതുവികാരവും, തീര്‍ത്ഥാടന ടൂറിസത്തിലൂടെയുള്ള പ്രധാന വരുമാന മാര്‍ഗവുമാണെന്ന് സര്‍ക്കാറുകള്‍ക്ക് നന്നായി അറിയാം.

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലവറ തുറക്കല്‍ സര്‍ക്കാറിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതിലുള്ള കോടികളുടെ സ്വര്‍ണ്ണവും വെള്ളിയിലും കുറവുവന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആര് എടുത്തു, പഴയ താക്കോല്‍ പോയത് എവിടെ തുടങ്ങിയ സമസ്യകള്‍ക്ക് പുതിയ ബിജെപി സര്‍ക്കാറിനും ഉത്തരം പറയേണ്ടിവരും. ഒരു ഭരണമാറ്റം ഉണ്ടാക്കാന്‍ പോലും ശക്തനാണ് ജഗന്നാഥന്‍ എന്ന് അവര്‍ക്കും നന്നായി അറിയാം.

വാല്‍ക്കഷ്ണം: പുരി ജഗന്നാഥനേക്കാള്‍ വലിയ ഒരു മനുഷ്യനുണ്ടോ? അതാണ് നരേന്ദ്രമോദി. 'പുരി ജഗന്നാഥന്‍ പോലും പ്രധാനമന്ത്രി മോദിയുടെ ഭക്തനാണെ'ന്ന തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചത് ബിജെപി വക്താവ് സംബിത് പത്രയാണ്. സംഭവം വിവാദമായതോടെ അത് നാക്കുപിഴയാണെന്നും, പശ്ചാത്താപമായി 3 ദിവസം ഉപവസിക്കുമെന്നും പത്ര പറഞ്ഞു 'മോദി, ഭഗവാന്‍ ജഗന്നാഥന്റെ ഭക്തനാണെ'ന്ന് പറയാനാണ് ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം തിരുത്തിയത്. പക്ഷേ അത് നാക്ക് പിഴ ആയിരുന്നില്ലെന്നും ദൈവത്തിനും മുകളിലായി മോദി കുടിയിരുത്തകയായിരുന്നു ലക്ഷ്യമെന്നും പ്രസംഗം കേട്ടാല്‍ അറിയാം.