- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
130 പേരുടെ മുന്നിൽ നഗ്നനായി നിർത്തി ബെൽറ്റ് മുറിയോളം തല്ലിയതും, നിലത്തിട്ട് നെഞ്ചിലും വയറ്റിലും ചവിട്ടിയതും, പെരുവിരൽ കൊണ്ട് ശരീരത്തിന്റെ ഓരോ ഇഞ്ചും അമർത്തി രസിച്ചതും, കസേരയിൽ കെട്ടിയിട്ട് ഇരുമ്പ് വടികൊണ്ട് തലക്കടിച്ചതും, ഒരു മുറിയിൽ ഒരുമിച്ച് താമസിക്കുന്നവരും, ഒരു ബെഞ്ചിൽ ഇരുന്നു പഠിക്കുന്നവരുമായ സുഹൃത്തുക്കൾ! ശരീരവും മനസ്സും ഒരേപോലെ തകർന്ന അവസ്ഥയിൽ, മൂന്നുദിവസം ജലപാനം ഇല്ലാത്ത അന്ത്യം. ഇതിനേക്കാൾ ക്രൂരമായ ഒരു കൊലപാതകവും ഇതിനേക്കാൾ ഭീകരമായ ഒരു മരണവും ഏതാണ്ട് അസാധ്യമാണ്!
ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്ന ഒരു കാമ്പസ് കൊലപാതകത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപോവുന്നത്. അതാണ് വയനാട്, പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാമ്പസിൽ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥന്റെ ക്രൂരമായ മരണം. ഇതിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതാവട്ടെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് പറയുന്ന, എസ്എഫ്ഐയും. കോളേജിലെ ആന്റി റാഗിങ് കമ്മറ്റി നടത്തിയ അന്വേഷത്തിലും ഗുരുതരമായ രീതിയിൽ റാഗിങ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ശേഷം സീനിയർ വിദ്യാർത്ഥികളായ 12 പേരെ ഫ്രെബുവരി 23- ന് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇവരിൽ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയും എക്സിക്യൂട്ടീവ് അംഗവും ഉൾപ്പെടുന്നുണ്ട്. കോളേജ് യൂണിയൻ ഭാരവാഹികളും ഈ സംഘത്തിലുണ്ട്.കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവർ കേസിൽ പ്രതികളാണ്.
"എന്റെ മോനെ പോസ്റ്റുമോർട്ടം ചെയ്തപ്പോ മൂന്ന് ദിവസമായി ആഹാരം കഴിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട് കിട്ടിയത്. കുറച്ചു വെള്ളം എങ്കിലും അവനെ കൊല്ലാൻ നേരം കൊടുത്തൂടാരുന്നോ..? ഞാൻ അവനെ പഠിപ്പിക്കാൻ ആണ് ഈ പ്രായത്തിലും ഗൾഫിൽ ജോലി ചെയ്യുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വേണ്ടവർ വന്ന് നോക്ക് എന്റെ കൈയിൽ ഉണ്ട്' - ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ വിനു വി ജോൺ നയിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിയിൽ മരണപ്പെട്ട സിദ്ധാർഥിന്റെ പിതാവ് നെഞ്ചുപൊട്ടുന്ന വേദനയിൽ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വാക്കുകൾ ഓരോ മലയാളികളുടെയും നെഞ്ച് പൊള്ളിക്കുന്നതാണ്.
ഒന്നാലോചിച്ചു നോക്കു, റാംഗിങ്ങിന്റെയെും, രാഷ്ട്രീയ കൊലപാതകത്തിന്റെയും പേരിൽ എത്രമാത്രം ജീവനാണ് നമ്മുടെ കലാലയങ്ങളിൽ പൊഴിയുന്നത്. എന്താണ് നമ്മുടെ ക്യാമ്പസുകളിൽ സംഭവിക്കുന്നത്? നമ്മുടെ കുട്ടികൾക്ക് എങ്ങനെയാണ് ഇങ്ങനെ ക്രൂരന്മാർ ആവാൻ കഴിയുന്നത്? എസ്എഫ്ഐപോലുള്ള ഇടതുസംഘടനകളുടെ ബലത്തിൽ ശരിക്കും പൊളിറ്റിക്കൽ ജംഗിൾരാജാണോ, കേരളത്തിലെ ക്യാമ്പസുകളിൽ നടക്കുന്നത്.
ഡാൻസ്ചെയ്ത 'കുറ്റ'ത്തിന് !
വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എത്തിയ വർഷം തന്നെ ക്ലാസ് റെപ്രസന്റേറ്റീവായും യൂണിവേഴ്സിറ്റിയുടെ ഫോട്ടോഗ്രാഫറായിട്ടും മികവ് തെളിയിച്ച വിദ്യാർത്ഥിയായിരുന്നു സിദ്ധാർഥ്. ചിത്രകലയിലും അവൻ കഴിവ് തെളിയിച്ചിരുന്നു. എൻട്രൻസിലൂടെ വെറ്റിനറി സർവ്വകലാശാലയിൽ അഡ്‌മിഷൻ കിട്ടിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു ഗൾഫിൽ ജോലി ചെയ്യുന്ന പിതാവും കുടുംബവും. സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്രെബുവരി 18നാണ്. ഇപ്പോൾ പത്തുദിവസത്തിലേറെ കഴിഞ്ഞു. എന്നിട്ടും സത്യം പൂർണ്ണമായി പുറത്ത് വന്നില്ല എന്ന വസ്തുത ഗൗരവതരമാണ്.
എന്നാൽ മരണപ്പെട്ടന്ന വിവരം അറിയിക്കുന്ന ഫ്രെബുവരി 18- ന് ഉച്ചയ്ക്ക് 2 മണിക്ക് തൊട്ട് മുന്നേ മകൻ തങ്ങളെ വിളിച്ചിരുന്നെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംസ്‌ക്കാരം നടന്ന ദിവസം സിദ്ധാർഥിന്റെ സഹപാഠികൾ തന്നെ കണ്ടിരുന്നതായും മറ്റ് വിദ്യാർത്ഥികളിൽ നിന്ന് ഗുരുതര പീഡനം മകൻ നേരിട്ടതായി വെളിപ്പെടുത്തിയിരുന്നതായും പിതാവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്നതിന്റെ മൂന്ന് ദിവസം മുമ്പ് ഫ്രെബുവരി 15 ന്- ലീവിന് നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞ് മകൻ വിളിച്ചിരുന്നുവെന്നും അന്ന് വൈകുന്നേരം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രയിൻ കയറിയെന്ന് അറിയിച്ചിരുന്നതായും സിദ്ധാർഥിന്റെ അമ്മ പറയുന്നു. എന്നാൽ പിന്നീട് കോളേജിലേക്ക് പോകേണ്ട അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് വഴിയിലിറങ്ങി സിദ്ധാർഥ് മടങ്ങി.
പിറ്റേ ദിവസമാണ് സിദ്ധാർഥനെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് കുട്ടികൾക്ക് മുമ്പിൽ വിവസ്ത്രനാക്കി, പൊതുവിചാരണക്കിരയാക്കുകയും ബെൽറ്റുകൾ കൊണ്ടും ഇലക്ട്രിക് വയറുകൊണ്ടും കമ്പികൾ കൊണ്ടും അടിക്കുകയും ചെയ്തത് എന്നാണ് കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ ഈ ആരോപണം ശരിവെക്കുന്നതായിരുന്നു. ശരീരത്തിൽ രണ്ട് മൂന്ന് ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളുണ്ടെന്നും തലക്കും താടിയെലലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മരണപ്പെട്ട സാഹചര്യവും സഹപാഠികൾ വീട്ടുകാർക്ക് നല്കിയ മൊഴിയും കേസിലെ ദുരൂഹത തുറന്ന് കാണിക്കുന്നു.
ഇങ്ങനെയൊക്കെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സിദ്ധാർഥ് ചെയ്ത 'കുറ്റം' എന്താണെന്ന് അറിഞ്ഞാൽ, ഞെട്ടിപ്പോകും. കഴിഞ്ഞ ഫ്രെബുവരി 14- ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെ സീനിയർ വിദ്യാർത്ഥിനികൾകൊപ്പം ഡാൻസ് ചെയ്തുവെന്നതാണ് ആ കൊടിയ പാപം. സാംസ്കാരിക ഗൂൽമോഹറുകളായി സൈബറിടങ്ങളിൽ വസന്തം തീർത്തുന്ന എസ്എഫ്ഐ ഭരിക്കുന്ന കാമ്പസിൽ ജൂനിയർ വിദ്യാർത്ഥികൾ സീനിയേഴസിനൊപ്പം, പ്രത്യേകിച്ച് പെൺകുട്ടികൾക്കൊപ്പം നൃത്തം ചെയ്യാൻ പാടില്ലത്രേ! ഇതിന്റെ പേരിലാണ് കോളജിൽ ആൾക്കൂട്ട വിചാരണയും കൊലയും നടക്കുന്നത്. റാഗിങ്, പ്രേരണ കുറ്റം, മാരാകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് നിലവിൽ പ്രതികൾക്ക് പതിരെ ചുമത്തിയിട്ടുള്ളത്.
നമ്മുടെ ക്യാമ്പുകൾ പുറംതിരിഞ്ഞ് നടക്കുന്നുവെന്നതിന്റെ കൃത്യമായ തെളിവാണ് ഈ മരണം സൂചിപ്പിക്കുന്നത്. 80-കളിലെ അതിഭീകരമായ റാഗിങ്് കാലത്തുനിന്ന് നാം ഒരുവിധം പണിപ്പെട്ടാണ്, നാം ക്യാമ്പസുകളെ ശുദ്ധീകരിച്ചത്. പക്ഷേ ഇപ്പോൾ റാഗിങ്ങ് അടക്കമുള്ള പ്രാകൃത വിനോദങ്ങൾ, കുട്ടി ക്രിമിനലുകളായ വിദ്യാർത്ഥി രാഷ്ട്രീയക്കാരുടെ പിന്തുണയോടെ വീണ്ടും ശക്തമാവുകയാണ്.
റാഗിങ്ങിന്റെ മന:ശാസ്ത്രം
പുതുതായി വരുന്നവർക്ക് പഴമക്കാർ നൽകുന്ന ഒരു ചെറിയ ഷോക്ക്. അങ്ങനെ അവർ പരിചയപ്പെടുന്നു. അതോടെ പിന്നെ സീനിയറും ജുനിയറുമില്ലാത്ത സൗഹൃദം മാത്രം. ഈ ഒരു സങ്കൽപ്പത്തിലാണ്, 60-കൾ തൊട്ട് വിദേശരാജ്യങ്ങളിൽ റാഗിങ്ങ് എന്ന പരിപാടി തുടങ്ങിയതെന്നാണ് ഇതുസംബന്ധിച്ച ചില പഠനങ്ങളിൽ കാണുന്നത്. ലോകത്ത് പലയിടങ്ങളിലും റാഗിങ്ങിന്റെ പല രൂപങ്ങൾ ഉണ്ട്. യുഎസിലെ ഹേസിങ് ഇതിന് ഉദാഹരണമാണ്. സ്പോർട്സ് അക്കാദമികളിലും ചില ക്ലബ്ബുകളിലും ഗ്രൂപ്പുകളിലും ഫ്രറ്റേണിറ്റി, സൊറോറിറ്റി ഹൗസുകളിലുമെല്ലാം ഇത്തരം പ്രവർത്തനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ ബോധവത്കരണവും നിയമ നടപടികളുമെല്ലാം യുഎസ് പല കാലങ്ങളിൽ സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ പൊതുവായ ക്യാമ്പസ് വിദ്യാഭ്യാസത്തിൽ സംഘടിതമായ രീതിയിൽ റാഗിങ് യുഎസ് കോളജുകളിലും സർവകലാശാലകളിലുമൊന്നും അത്ര ദൃശ്യമല്ല. മാത്രമല്ല ഒരാളെ വംശീയമായി അധിക്ഷേപിച്ചാൽ പോലും അകത്താവുന്ന അത്ര ശക്തമായ നിയമമാണ് അമേരിക്കയിലും യുറോപ്പിലുമൊക്കെയുള്ളത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരടങ്ങിയ ദക്ഷിണേഷ്യയിൽ റാഗിങ്ങ് വ്യാപകമായുണ്ട്. പക്ഷേ ശക്തമായ നിയമ നിർമ്മാണം വന്നതോടെ ഇപ്പോൾ ഇത് അവിടെയൊന്നും പ്രകടമല്ല.
ഒരു വ്യക്തിയോ വ്യക്തികളോ മറ്റൊരാളെ ദ്രോഹിക്കുന്ന ബുള്ളിയിങ്ങിൽ പെട്ടതാണ് റാഗിങ്ങ് എന്നാണ് ലഘുവായ നിർവചനം. നിർഭാഗ്യമെന്നു പറയട്ടെ, റാഗിങ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസമുണ്ടാക്കുമെന്നും അവരുടെ കംഫർട് സോൺ പൊളിച്ച് അവരെ കൂടുതൽമികവുറ്റവരാക്കുമെന്നുമൊക്കെയുള്ള പിന്തിരിപ്പൻ ചിന്തകളുള്ളവരും നമുക്കിടയിലുണ്ട്. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം കൂട്ടാൻ ക്രിയാത്മകവും പോസിറ്റീവുമായ എത്രയോ മാർഗങ്ങളുണ്ട്. കംഫർട് സോൺ മാറ്റാനും ഇത്തരത്തിൽ ആരോഗ്യപരമായ മാർഗങ്ങൾ ഒട്ടേറെ. അതിനെന്തിനാണു റാഗിങ്ങ് എന്നാണ് ചോദ്യം. ഒരു ക്യമ്പസിൽ പുതുതായി വരുന്ന വിദ്യാർത്ഥികൾ തങ്ങളുടെ അപ്രമാദിത്വം കാട്ടാനുള്ള ഇരകളാണെന്നു സീനിയേഴ്‌സ് ചിന്തിക്കുന്നിടത്താണു റാഗിങ്ങിന്റെ വളം. മുൻപ് തങ്ങളും റാഗ് ചെയ്യപ്പെട്ടിരുന്നു, അതിനാൽ നിങ്ങളുമനുഭവിക്കണമെന്ന ന്യായം ഇതിനു പറയുന്നവരുമുണ്ട്.
കോളജിലേക്കു വരുന്നത് ഒരു വിദ്യാർത്ഥി മാത്രമല്ല, ഒരു സ്വതന്ത്ര വ്യക്തി കൂടിയാണ്. അയാളെ റാഗ് ചെയ്യാനോ അയാളുടെ സമ്മതമില്ലാതെ ഒരു പാട്ടു പാടാൻ പോലും ആവശ്യപ്പെടാനോ ഒരു സീനിയറിനും അവകാശമില്ല. ഈ രാജ്യത്തെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും അത് ഉറപ്പുനൽകുന്നു. ന്ത്യയിൽ റാഗിങ്ങിനെതിരെ ശക്തമായ നിയമനിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. എന്നിട്ടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിലും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ റാഗിങ് റിപ്പോർട്ട് ചെയ്യാറുണ്ട്.
അമൻ ഖച്‌റു റാഗിങ്ങ് കൊല
റാഗിങ്ങ് കാരണം മരണം സംഭവിച്ചവരുണ്ട്. കോമാ സ്റ്റേജിലായവരുണ്ട്. അംഗഭംഗങ്ങൾ നേരിട്ടവരുണ്ട്. ഇതിനെല്ലാമപ്പുറമാണ് റാഗിങ് മനസ്സിനേൽപ്പിക്കുന്ന ആഘാതം. തന്റെ വ്യക്തിത്വത്തിനു നേരിടുന്ന അപമാനം പലർക്കും ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക പ്രയാസങ്ങളുണ്ടാക്കുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരുണ്ട്, സമൂഹവുമായി ബന്ധം വിച്ഛേദിച്ച് ഒറ്റപ്പെട്ടു ജീവിതം തള്ളിനീക്കുന്നവരുണ്ട്. റാഗിങ് എന്ന ക്രൂരവിനോദത്തിൽ ജീവിതവും കരിയറും തകർന്ന എത്രയോ പേർ. അവരുടെ വിഷമം കണ്ട് കണ്ണീർ കുടിച്ചുതീർക്കുന്ന രക്ഷിതാക്കളും കുടുംബാംഗങ്ങളും.
ഇന്ത്യതിൽ ആന്റി റാഗിങ്ങ് സംബന്ധിച്ച നിയമ നിർമ്മാണങ്ങൾക്ക് ഇടയാക്കിയത്, ഹിമാചൽ പ്രദേശിലെ മെഡിക്കൽ വിദ്യാർത്ഥിയായ അമൻ ഖെച്റുവിന്റെ മരണമായിരന്നു. ഹിമാചൽ പ്രദേശിലെ സർക്കാർ കോളേജായ തണ്ടയിലെ, ഡോ രാജേന്ദ്ര പ്രസാദ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു 19 കാരനായ അമൻ സത്യ ഖെച്റു. ക്രുരമായ റാഗിങ്ങിന് വിധേയനായി അമൻ 2009 മാർച്ച് 8നാണ് മരിച്ചത്. ഹോസ്റ്റലിൽ നാല് സീനിയർ എംബിബിസ് വിദ്യാർത്ഥികളായിരുന്നു കേസിലെ പ്രതികൾ. ഇവർ ഹോസ്റ്റൽ മുറയിൽ അതിക്രമിച്ച് കയറി നടത്തിയ മർദനത്തെ തുടർന്നുണ്ടായ പരിക്കുകളെ തുടർന്നാണ് അമൻ മരിച്ചത്. അതിനുമുമ്പേ തന്നെ അമൻ സീനിയർ വിദ്യാർത്ഥികൾ തന്നെ ഉപദ്രിക്കുന്നതായി പരാതിപ്പെട്ടിരുന്നു.
ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ (ഐജിഎംസി) മുതിർന്ന ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത്. പിന്നീട്, ഹിമാചൽ പ്രദേശ് സർക്കാർ 2009-ൽ ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (റാഗിങ് നിരോധന) നിയമം പാസാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാത്തരം റാഗിംഗും നിരോധിക്കുകയും മൂന്ന് വർഷം തടവും 50,000 രൂപ പിഴയും വിധിക്കുകയും ചെയ്തു..ഇന്ത്യയിൽ എല്ലായിടത്തും ഈ കേസ് ചലനം സൃഷ്ടിച്ചു. അമനിന്റെ പിതാവ് രാജേന്ദ്ര രാജ്യമെമ്പാടുമുള്ള റാഗിങ്ങ് വിരുദ്ധ പ്രവർത്തനങ്ങളുടെ മുഖമായി പിൽക്കാലത്ത് മാറി. അദ്ദേഹം അമൻ എന്നൊരു സന്നദ്ധസംഘടനയ്ക്കും രൂപം നൽകി.
ഇതിന്റെ ഫലമായി സൂപ്രീം കോടതിയും ശക്തമായി ഇടപെട്ടു. 2009 മുതൽ ആന്റി റാഗിങ്ങ് ഹെൽപ് ലൈൻ രാജ്യത്ത് പ്രാവർത്തികമായി. റാഗിങ്ങിനെതിരെ നിയമം കർശനമാക്കി. വിവിധ സംസ്ഥാനങ്ങളും ശക്തമായി നടപടിയെടുത്തു.
പിൽക്കാലത്ത് റാഗിങ്ങിന്റെ പൊതുവായ തീവ്രത കുറഞ്ഞെങ്കിലും സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നു. സീനിയേഴ്‌സിന്റെ കോപം ഭയന്ന് ഫ്രഷർ വിദ്യാർത്ഥികൾ പരാതിപ്പെടാൻ മടിക്കുന്നത് റാഗിങ്ങിനെതിരെയുള്ള നടപടികളെ ബാധിക്കുന്ന കാര്യമാണ്. പല സ്ഥലങ്ങളിലും മൃദുവായ റാഗിങ് എന്ന പേരിൽ മാനസിക ചൂഷണങ്ങൾ സീനിയർ വിദ്യാർത്ഥികൾ നടത്താറുണ്ട്.
'അമൃതംഗമയ' ക്യാമ്പസുകൾ!
1987-ൽ, എം ടിയുടെ രചനയിൽ ഹരിഹരന്റെ സംവിധാനത്തിൽ ഇറങ്ങിയ മോഹൻലാൽ ചിത്രം അമൃതംഗമയ ഓർമ്മയില്ലേ. മോഹൻലാലിന്റെ സീനിയർ വിദ്യാർത്ഥി, വിനീതിന്റെ ജൂനിയർ കഥാപാത്രത്തെ മെഡിക്കൽ കോളജിൽ റാഗ് ചെയ്തുകൊല്ലുകയാണ്. കൊല്ലണമെന്ന് അയാൾ ആഗ്രഹിക്കുന്നില്ലെങ്കിലും കളി കാര്യമാവുന്നു. 80-കളിലെ കേരളത്തിലെ കാമ്പസുകളിൽ പ്രത്യേകിച്ച് മെഡിക്കൽ കോളജുകളിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതയുടെ നേർചിത്രമായിരുന്നു അത്. പിന്നീട് പലരും ഇത് എഴുതിയിട്ടുണ്ട്. ചോര റൊട്ടിയിൽ തേച്ച് തീറ്റിക്കുക, നഗ്‌നരായി നടത്തുക, തീപ്പെട്ടിക്കൊള്ളികൊണ്ട് കോളജ് ക്യാമ്പസ് അളപ്പിക്കുക, സീനിയർ വിദ്യാർത്ഥികളുടെ വസ്ത്രങ്ങൾ മാസങ്ങളോളം അലക്കിപ്പിക്കുക, തുടങ്ങിയ അതിക്രൂരമായ കാര്യങ്ങളാണ് അക്കാലത്ത് മെഡിക്കൽ കോളജ് മെൻസ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്. ട്രെയിനിൽ പാടിച്ച് പിച്ചയെടുപ്പിച്ച കാര്യംപോലും പലരും പിന്നീട് എഴുതിയിട്ടുണ്ട്. നിരവധി വിദ്യാർത്ഥികൾ ഇങ്ങനെ മനംമടുത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്.
ഹിമാലലിനെ അമൻ ഖച്‌റു കൊലക്ക് എത്രയോ മുമ്പുതന്നെ കേരളത്തിൽ റാഗിങ്ങിനെതിരെ വികാരം ഉണ്ടാവുന്ന രണ്ട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1974-ൽ പട്ടാമ്പി സംസ്‌കൃത കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന എസ്.എഫ്.ഐ. പ്രവർത്തകൻ സെയ്താലി മരിച്ചത് സഹപാഠിയായ വിദ്യാർത്ഥിനിയെ റാഗിങ്ങിൽ നിന്നും സംരക്ഷിക്കാൻ ശ്രമിച്ചതിനാണ്. ആ സൈതാലിയുടെ പൈതൃകം അവകാശപ്പെടുന്നവർ തന്നെ ഇന്ന് റാഗിങ്ങിന് നേതൃത്വം കൊടുക്കുന്നുവെന്നത് വേറെകാര്യം.
1981-ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ബാലകൃഷ്ണൻ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ കുട്ടി. സാഹചര്യം വിലയിരുത്തിയ എസ്എഫ്ഐ ഒരു പ്രഖ്യാപനം നടത്തി. ' ഞങ്ങൾ റാഗ് ചെയ്യില്ല, ആരെയും ചെയ്യാൻ അനുവദിക്കുകയുമില്ല". അക്കാലത്ത് വിദാർഥിയായിരുന്ന, കാർഷിക ഗവേഷകൻ ഡോ കെ എം ശ്രീകുമാമാർ ഇങ്ങനെ എഴുതുന്നു.-" ഞാൻ 1983 ജനുവരിയിൽ വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജിൽ ചേർന്ന സമയത്ത് സീനിയേഴ്സ് കുറച്ചു കളി തമാശയായി റാഗ് ചെയ്തപ്പോൾ എസ്എഫ്ഐ യിലെ വിദ്യാർത്ഥികൾ രാത്രി മുഴുവൻ കാവൽനിന്നു. റാഗിങ് പരിധി കടന്നപ്പോൾ അവർ തടഞ്ഞു. കോളേജ് അധികാരികളെ വിവരം അറിയിച്ചു. ഫലം! ആ വർഷത്തോടെ അവിടെ റാഗിങ് നിന്നു. തലമുറകൾ കൈമാറാൻ പകയും വിദ്വേഷവും ഉണ്ടായില്ല."- ഡോ ശ്രീകുമാർ വ്യക്തമാക്കി.
പക്ഷേ 80കളിൽനിന്ന് 2020കളിൽ എത്തുമ്പോൾ അതേ എസ്്എഫ്ഐയുടെ പിന്തുണയോടെയാണ്, കാമ്പസുകളിൽ റാഗിങ്ങും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും പൊടിപൊടിക്കുന്നത്!
ഇടിമുറികളിലെ ജനാധിപത്യം
90-കളിലും, 2000ത്തിലുമൊക്കെ കേരളത്തിലെ ക്യാമ്പസുകളിൽ റാഗിങ്ങിന് ചെറിയ ശമനം ഉണ്ടായിരുന്നെങ്കിലും, 2010-ഓടെ അത് വീണ്ടും പഴയ നിലയിലായി. 2015 കാലത്തിൽ അത് എല്ലാ നിലയിലും പിടിവിട്ടു. അതിന് കാരണമായി പലരും പറയുന്നതും എസ്എഫ്ഐയുടെ അപചയം തന്നെയാണ്. ഒരുകാലത്ത് ആന്റി റാഗിങ്ങ് സമിതിക്ക് നേതൃത്വം കൊടുത്ത അതേ സംഘടനതന്നെയാണ് ഇന്ന്, റാഗിങ്ങിനും സകല അക്രമങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്. രാഷ്ട്രീയ കൊലകളിൽ അഭിമന്യു ഉൾപ്പെടയുള്ളവരുടെ ചോരവീണ് ഒരുപാട് നഷ്ടമുണ്ടായ സംഘടനയാണ് എസ്എഫ്ഐ. പക്ഷേ അവർ ആദ്യം കത്തിതാഴെവെച്ച് മാതൃക കാട്ടുന്നില്ല എന്നാണ്, ഡോ ആസാദിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. സമീപകാലത്ത് നമ്മുടെ ക്യാമ്പസുകളിൽ ഉണ്ടായ സകല ഗുണ്ടാ-മാഫിയാ പ്രവർത്തനത്തിലും ഒരു എസ്എഫ്ഐക്കാരനെയെങ്കിലും കാണാം.
നഗരമധ്യത്തിലെ കോളജിൽ നൂറിലേറെ വിദ്യാർത്ഥികൾ നോക്കിനിൽക്കെ സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കുക! 2019-ൽ നമ്മുടെ യൂണിവേഴ്സിറ്റികോളജിലാണ് സംഭവം. ആറ്റുകാൽ എസ്എഫ്ഐ ലോക്കൽ കമ്മിറ്റിയംഗവും മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ അഖിലിനെ കുത്തിയത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്താണെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ പക്കലുണ്ടായിരുന്ന കത്തിയാണ് കുത്താൻ ഉപയോഗിച്ചതെന്നും വിദ്യാർത്ഥികളുടെ മൊഴിയിൽ പറയുന്നു.
എസ്ഫ്ഐക്ക് ഇവിടെ കുട്ടികളെ തല്ലാൻ പ്രത്യേകമായി ഒരു മുറി ഉണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയും ഇതോടൊപ്പം പുറത്തുവന്നു. ഇതോടെ ഇടിമുറി അധികൃതർ അടപ്പിച്ചു. എംഎ ഇംഗ്ലീഷ് വിഭാഗം ആദ്യ സെമസ്റ്റർ ക്ലാസ് മുറിയായി ഇടിമുറി മാറ്റി. എന്നാൽ ദിവസങ്ങൾക്കകം ഇവിടത്തെ ക്ലാസ് നിർത്തലാക്കി. എസ്എഫ്‌ഐയുടെ സമ്മർദഫലമായി വിദ്യാർത്ഥിനികളുടെ പരാതിയിലാണ് കോളജ് തീരുമാനം. ഇതിനെ തുടർന്ന് ഏതാനും കുട്ടികൾ ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
പ്രതികൾ രണ്ടുപേരും പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട് പൊലീസാകാൻ കാത്തിരിക്കുന്നവരാണ്. അപ്പോഴാണ് ഇവർ കോപ്പിയടിച്ച വിവരവും പുറത്താകുന്നത്. അതിനും സഹായിച്ചതും എസ്എഫ്ഐ തന്നെയായിരുന്നു. കേരളം ഏറെ ചർച്ചചെയ്താണ് ആ കോപ്പിയടി വിവാദം.നേരത്തെ യൂനിവേഴ്‌സിറ്റി കോളജിൽ നടന്ന പെൺകുട്ടിയുടെ ആത്മഹത്യാശ്രമവും വിവാദമായിരുന്നു.
കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പീപ്പിൾസ് ഇൻഡിപെൻഡന്റ് എൻക്വയറി കമ്മീഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ നിയോഗിച്ച ജസ്റ്റിസ് പി കെ ഷംസുദ്ദീൻ കമ്മീഷൻ കണ്ടെത്തിയത് മറ്റുകോളജിലും ഇതേ സംവിധാനങ്ങൾ ഉണ്ടെന്നാണ്. യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല, തിരുവനന്തപുരത്തെ തന്നെ ആർട്സ് കോളേജിലും, വടകര മടപ്പള്ളി കോളേജിലുമുൾപ്പെടെ എസ്എഫ്ഐക്ക് ടിമുറികൾ ഉണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. കേരളത്തിലെ പ്രധാന ക്യാമ്പസുകളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും നടന്ന സിറ്റിങിൽ എസ്എഫ്‌ഐക്കെതിരെ വ്യാപക പരാതികളാണ് ലഭിച്ചത്. സർഗാത്മ യൗവനങ്ങളെ വളർത്തിയെടുക്കേണ്ട കാമ്പസുകിൽ ഇടിമുറികളും വടിവാൾ രാഷ്ട്രീയവുമാണ് നിലനിൽക്കുന്നത്.
ഇത് ഷട്ടിൽ കോർട്ട് വിചാരണ
അതുപോലെ സ്വാശ്രയകോളജുകൾ മുട്ടിന് മുട്ടിന് പെരുകിയപ്പോൾ വിദ്യാർത്ഥികളുടെ ദയനീയ അവസ്ഥയും ഇവിടെ പറയാതെ വയ്യ. 2023 ജൂലൈയിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്കുകീഴിലുള്ള അമൽജ്യോതി എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ ആത്മഹത്യ, ക്യാമ്പസുകൾ പീഡനകേന്ദ്രങ്ങളായി മാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഇത്രയും അരക്ഷിതാവസ്ഥയുള്ള ഒരു കാമ്പസിൽ എങ്ങനെ ജീവിക്കാനാണ് എന്നാണ് പ്രതിഷേധിച്ച വിദ്യാർത്ഥികളിൽ ഒരാൾ ചോദിച്ചത്. ലാബിൽ വച്ച് അവസാനമായി ശ്രദ്ധക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു: "എച്ച്.ഒ.ഡിയുടെ മുറിയിൽനിന്ന് വന്നശേഷം ശ്രദ്ധ മരവിച്ചുപോയിരുന്നു. അവൾ വളരെ വീക്കായിരുന്നു. ചത്താ മതി എന്ന് ശ്രദ്ധ പറയുന്നുണ്ടായിരുന്നു. സഹപാഠികൾ അവളെ ആശ്വസിപ്പിച്ചു.'എന്തെങ്കിലും പരാതി പറഞ്ഞാൽ ഇന്റേണൽ മാർക്ക് കുറക്കുകയോ സസ്‌പെന്റ് ചെയ്യുകയോ ചെയ്യും. അല്ലെങ്കിൽ ലാബ് എക്‌സാമിന് തോൽപ്പിക്കും. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ, ആണും പെണ്ണും തമ്മിൽ മിണ്ടിയാൽ നടപടിയെടുക്കും. റെഡ് സ്ട്രീറ്റ് ഗേൾസ് എന്നുവരെ പെൺകുട്ടികളെ ആക്ഷേപിച്ചിട്ടുണ്ട്. ഫോണിലെ പ്രൈവറ്റ് ചാറ്റുകൾ വരെ വായിക്കും. ദൈവത്തിന്റെ മാലാഖമാർ എന്നു പറയുന്ന സിസ്റ്റർമാർ എന്തെല്ലാമാണ് ഞങ്ങളെ പറയുന്നത് എന്ന് ഞങ്ങൾക്കുമാത്രമേ അറിയൂ."
ചുരുക്കിപ്പറഞ്ഞാൽ ചെകുത്താനും കടലിനും ഇടയിലാണ് നമ്മുടെ വിദ്യാർത്ഥി സമൂഹം. സ്വാശ്രയകോളജിൽ മാനേജ്മെന്റിന്റെ പീഡനം, സർക്കാർ നിയന്ത്രിക കോളജുകളിൽ സീനിയേഴ്സിന്റെയും എസ്എഫ്ഐയുടെയും പീഡനം. സിദ്ദാർത്ഥിന്റെ മരണത്തിലേക്ക് തിരിച്ചുവന്നാൽ, ഇടിമുറിക്ക് പകരം ഷട്ടിൽ കോർട്ട് പഡീനമാണ് അയാൾ നേരിട്ടത്. നഗ്നനാക്കി കെട്ടിയിട്ട് പരസ്യവിചാരണ നടത്തിയതു ഹോസ്റ്റലിനുള്ളിലെ ഷട്ടിൽ കോർട്ടിലെന്നാണ് ഇതരസംസ്ഥാന വിദ്യാർത്ഥികളുടെ മൊഴി. ക്യാമ്പസിലെ മറ്റു വിദ്യാർത്ഥികളിൽ പലരും ഭീഷണി ഭയന്നു മിണ്ടാതിരിക്കുകയാണ്. നാലുകെട്ടിന്റെ മാതൃകയിലുള്ള ഹോസ്റ്റലായതിനാൽ നടുമുറ്റത്തെ ഷട്ടിൽ കോർട്ടിൽ എന്തു നടന്നാലും ഹോസ്റ്റലിലുള്ളവരല്ലാതെ ആരും അറിയാറില്ല. ഇതിനു മുൻപും ഇതേപോലുള്ള ഷട്ടിൽ കോർട്ട് വിചാരണ ഹോസ്റ്റലിനുള്ളിൽ പലതവണ നേരിട്ട വിദ്യാർത്ഥികളുണ്ട്. ഇവിടെയാണത്രേ ഈ കോളജിലെ ഇടിമുറി. ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ ചുമലിലേറ്റി വരുന്ന വിദ്യാർത്ഥികളെ ജീവിതം അതിദയനീയമായി ഊതിക്കെടുത്തുന്ന ഇത്തരം കേന്ദ്രങ്ങളിൽനിന്ന് എന്നാണ് നമ്മുടെ കുട്ടികൾക്ക് മോചനം. 81-ൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥി ബാലൃഷ്ണന്റെ മരണത്തിന് സമാനമായ പ്രതിഷേധം സിദ്ധാർഥിന്റെ മരണവും അർഹിക്കുന്നു. കൂടുതൽ ശക്തമായ നിയമ നിർമ്മാണവും, ബോധവത്ക്കരണവും ഇതോടൊപ്പം ഉണ്ടാവേണ്ടതാണ്.
വാൽക്കഷ്ണം: ഇതിലും ദയനീയമാണ് ഇതരസംസ്ഥാന കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യം. കോൾ സെന്ററുകളിലും മറ്റും പാർട്ട്ടൈം ജോലി ചെയ്യിച്ചുപോലും, സീനിയർ വിദ്യാർത്ഥികൾ, ജൂനിയേഴ്സിൽ നിന്ന് പണം പിരിക്കുന്നു! മാസങ്ങളോളം ജൂനിയേഴ്സിനെ ഓസിയാണ് ഇവർ ജീവിക്കുന്നത്. അടിവസ്ത്രവരെ അലപ്പിക്കുന്ന രീതിയിലും ചിലയിടത്തുണ്ട്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് മലയാളി വിദ്യാർത്ഥികൾ തന്നെയാണെന്നതാണ് മറ്റൊരു നാണക്കേട്.