- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മരണമാല്യവുമായി കാത്തുനിന്ന വനിതാ ചാവേർ രാജീവിന്റെ പ്രാണനെടുത്ത് മനുഷ്യ ബോംബായി പൊട്ടിത്തെറിച്ചു; സ്‌ഫോടന സ്ഥലത്ത് എല്ലാം വീക്ഷിച്ചു നിന്നത് നളിനി; ബോംബിന് ബാറ്ററി സംഘടിപ്പിച്ചു നൽകിയ പേരറിവാളൻ മോചിതനായത് അർപ്പുത അമ്മാളിന്റെ നിയമ പോരാട്ടത്തിൽ; അച്ഛനെ കൊന്നവരോട് ജയിലിൽ എത്തി ക്ഷമിച്ച് പ്രിയങ്കയും; രാജ്യം ഞെട്ടിയ വധത്തിൽ ഏഴ് പ്രതികളും മോചിതരാകുമ്പോൾ
ചെന്നൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരുടെ കൂട്ടത്തിലായിരുന്നു രാജീവ് ഗാന്ധി എന്ന വ്യക്തി. ഇന്ത്യയിൽ വിവര സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ട ധിഷണാശാലിയായ നേതാവ്. ശ്രീലങ്കയിലെ ആഭ്യന്തര കലഹത്തിൽ ഇടപെട്ടതോടെ തമിഴ്പുലികളുടെ കണ്ണിൽ കരടായി. ഇന്ത്യൻ പ്രധാനമന്ത്രിയെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ തമിഴ്പുലികൾ പിൽക്കാലത്ത് അവരുടെ സ്വയം കുഴി തോണ്ടുകയും ചെയ്തു എന്നതാണ് ചരിത്രം. ഇന്ത്യൻ പ്രധാനമന്ത്രിയെ വധിച്ച കേസിൽ വധധശിക്ഷക്ക് വിധിക്കപ്പെട്ടെങ്കിലും നടപ്പിലാകാതെ നീണ്ടു പോയ സംഭവത്തിലാണ് ഒടുവിൽ സുപ്രീംകോടതിയിലെ നിയമ വ്യവഹാരങ്ങൾക്ക് ഒടുവിൽ പ്രതികൾക്ക് മോചനം ലഭിക്കുന്നത്. ഇതോടെ ലോകത്ത് മറ്റേത് രാജ്യത്തെങ്കിലും പ്രധാനമന്ത്രിയെ അതിനീചമായി കൊലപ്പെടുത്തിയവരെ വെറുതേ വിടുമോ എന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്.
രാജീവ് വധത്തിൽ കൃത്യമായ ബോധ്യമുള്ളവരെയാണ് ഇപ്പോൾ സുപ്രീംകോടതി വെറുതേ വിട്ടിരിക്കുന്നത്. കഴിഞ്ഞ 30 വർഷത്തോളമായി ജയിൽ ശിക്ഷ അനുഭവിച്ചവരെയാണ് വെറുതേ വെട്ടിത്. നേരത്തെ പേരറിവാളനെയും സുപ്രീംകോടതി മോചിപ്പിച്ചിരുന്നു. എ.ജി. പേരറിവാളനെ മാസങ്ങൾക്ക് മുമ്പ് വിട്ടയച്ച സുപ്രീംകോടതി വിധിയാണ് ബാക്കി ആറു പ്രതികളുടെയും ജയിൽമോചനത്തിന് വഴിയൊരുങ്ങിയത്. എസ്. നളിനി, ജയകുമാർ, ആർ.പി. രവിചന്ദ്രൻ, റോബർട്ട് പയസ്, സുതേന്ദ്രരാജ, ശ്രീഹരൻ എന്നിവരാണ് വിട്ടയക്കപ്പെട്ടവർ.
പേരറിവാളന്റെ മോചനത്തിനുള്ള മാനദണ്ഡങ്ങൾ ഇവർക്കും ബാധകമാണെന്ന് സുപ്രീംകോടതി ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. പേരറിവാളന് അനുകൂലമായ ഉത്തരവിന്റെ ചുവടുപിടിച്ച് നളിനി ഉൾപ്പെടെ മറ്റു പ്രതികൾ നടത്തിയ നിയമപോരാട്ടം വിജയത്തിലെത്തുകയായിരുന്നു. തമിഴ്‌നാട് സർക്കാറിന്റെ സഹായവും ഇതിന് ഉണ്ടായിരുന്നു. മൂന്ന് ദശാബ്ദത്തിലേറെ തടവുശിക്ഷ അനുഭവിച്ചനിലയിൽ ഇവർക്കും കോടതി മാനുഷിക പരിഗണന നൽകി. പേരറിവാളന്റെ ജയിൽമോചനത്തിന് അദ്ദേഹത്തിന്റെ മാതാവ് അർപുതമ്മാളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയത്.
ജയിൽ മോചിതരാകുന്നത് രാജീവ് വധത്തിൽ എല്ലാം അറിയാവുന്നവർ
1991 മെയ് 21നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീപെരുമ്പത്തൂരിൽവെച്ച് മനുഷ്യബോംബാക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ എൽ.ടി.ടി.ഇ പ്രവർത്തകരായ 26 പ്രതികളെ 'ടാഡ കോടതി' വധശിക്ഷക്ക് വിധിച്ചു. 1999ൽ സുപ്രീംകോടതി ഏഴുപേരെ ശിക്ഷിച്ചു. നളിനിയടക്കം നാലുപേരുടെ വധശിക്ഷ ശരിവെച്ചു. 19 പ്രതികളെ വിട്ടയച്ചു. 2014 ഫെബ്രുവരി 18ന് ശാന്തൻ, പേരറിവാളൻ, മുരുകൻ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. പിന്നീട് സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് നളിനിയുടെ വധശിക്ഷ 2000 ഏപ്രിലിൽ തമിഴ്‌നാട് ഗവർണർ ജീവപര്യന്തമായി കുറച്ചു. ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്.
2014ൽ അന്നത്തെ ജയലളിത സർക്കാറാണ് ആദ്യമായി മാനുഷിക പരിഗണന നൽകി രാജീവ് വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാൻ തത്ത്വത്തിൽ തീരുമാനിച്ചത്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച ഒരു കേസിൽ സംസ്ഥാന സർക്കാറിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്രം വാദിച്ചു. ക്രിമിനൽ നടപടിക്രമത്തിന്റെ 454ാം വകുപ്പുപ്രകാരം തമിഴ്‌നാട് സർക്കാറിന്റെ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
പിന്നീട് ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം തമിഴ്‌നാട് സർക്കാറിന്റെ ശിപാർശയിന്മേൽ ഗവർണർക്ക് നടപടിയെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടർന്ന് 2018 സെപ്റ്റംബറിൽ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന തമിഴ്‌നാട് മന്ത്രിസഭ യോഗതീരുമാനം ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. എന്നാൽ ഗവർണർ ഇതിന്മേൽ നടപടിയെടുക്കാതെ കാലതാമസം വരുത്തുകയും പിന്നീട് ഫയൽ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. പേരറിവാളനെ സുപ്രീം കോടതി സവിശേഷ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മെയ് 18ന് വിട്ടയച്ചിരുന്നു. മോചന തീരുമാനം വൈകിപ്പിച്ച ഗവർണറെ രൂക്ഷമായി വിമർശിച്ചായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ ചുവടുപിടിച്ചാണ് നളിനിയും മറ്റുള്ളവരും നിയമപോരാട്ടം ശക്തമാക്കിയത്.
സോണിയ ആദ്യം ക്ഷമിച്ചു, ജയിലിൽ എത്തി നളിനിയെ കണ്ട പ്രിയങ്ക
രാജീവ് വധക്കേസിലെ പ്രതികളുടെ മോചനത്തോടു കോൺഗ്രസ് വിയോജിക്കുമ്പോഴും നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതുൾപ്പെടെ നടപടികൾക്കു പിന്നിൽ കോൺഗ്രസ് നേതാവും രാജീവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയ ഗാന്ധിയുടെ ഇടപെടൽ നിർണായകമായിരുന്നു. പ്രതികളുടെ വധശിക്ഷ ഒഴിവാക്കണമെന്ന് 1999 ൽ സോണിയ ഗാന്ധി അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണനോട് ആവശ്യപ്പെട്ടിരുന്നു. പറയാൻ കഴിയാത്ത വേദനയിലൂടെയാണു താനും മക്കളും കടന്നുപോകുന്നതെന്നും അതിന് ഉത്തരവാദികളായവരെ തൂക്കിലേറ്റണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സോണിയ കത്തിൽ വ്യക്തമാക്കി.
2008 ൽ പ്രിയങ്ക ഗാന്ധി വെല്ലൂരിലെ ജയിലിലെത്തി നളിനിയെ കണ്ടു. രാജീവ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും രാഷ്ട്രീയവിവാദമുണ്ടാക്കിയില്ല. തന്റെ ജീവിതത്തെ ബാധിച്ച ഹിംസയുമായി താൻ പൊരുത്തപ്പെടുകയായിരുന്നുവെന്നാണു പ്രിയങ്ക പറഞ്ഞത്. ആ ഹിംസയുടെ പിന്നിലുള്ളവരോടു ക്ഷമിച്ചുവെന്നും പിന്നീട് അവർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ഇപ്പോൽ എല്ലാ പ്രതികളെയും വിട്ടയച്ച സുപ്രീം കോടതി വിധിയെ തമിഴകം ആഹ്ലാദത്തോടെ സ്വീകരിച്ചു. കോൺഗ്രസ് ഒഴികെ മറ്റെല്ലാ കക്ഷികളും കോടതി വിധി സ്വാഗതം ചെയ്തു. തീരുമാനം അനിശ്ചിതമായി വൈകിപ്പിച്ച ഗവർണറെ പരോക്ഷമായി കുറ്റപ്പെടുത്തിയാണു തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ പ്രതികരിച്ചത്. 'ഈ വിധി ജനാധിപത്യത്തിന്റെ ചരിത്രവിജയമാണ്. മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന എല്ലാവരുടെയും വിജയമാണിത്.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനങ്ങൾ ഗവർണർമാർ തള്ളിക്കളയാൻ പാടില്ലെന്നതിന്റെ മുന്നറിയിപ്പു കൂടിയാണത്' സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട് സിപിഎമ്മും വിധി സ്വാഗതം ചെയ്തു. മന്ത്രിസഭയുടെ ശുപാർശയിലും പ്രമേയത്തിലും ഗവർണർമാർ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്നു സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത പട്ടാളിമക്കൾ കക്ഷി നേതാവ് ഡോ.രാംദാസ് പറഞ്ഞു. ഗവർണർക്ക് ഇനി ആ സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു ദ്രാവിഡർ കഴകം പ്രസിഡന്റ് വീരമണി പറഞ്ഞു. വിധി സന്തോഷകരമെന്നു നാം തമിഴർ കക്ഷി നേതാവ് സീമാൻ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള ആദ്യ നടപടികൾ സ്വീകരിച്ചത് അണ്ണാ ഡിഎംകെയാണെന്നും ആ നിലപാടിനുള്ള അംഗീകാരമാണ് വിധിയെന്നും പാർട്ടി വക്താവ് ഡി.ജയകുമാർ പ്രതികരിച്ചു.
മോചിതരാകുന്നവർ ആരൊക്കെ? രാജീവ് വധവുമായി ഇവർ എങ്ങനെ ബന്ധം പുലർത്തി
എ ജി പേരറിവാളൻ
രാജ്യത്തെ നടുക്കിയ രാജീവ് വധക്കേസിൽ ഏഴി പ്രതികളാണ് ശിക്ഷിക്കപ്പെട്ടിരുന്നത്. മനുഷ്യബോംബായി എത്തിയ തനു മാലയുമായി രാജീവ് ഗാന്ധിയെ കാത്തു നിന്നു വരണമാല്യം ചാർത്തി. അരയിൽ കെട്ടിയ ബോംബിൽ അമർത്തി പൊട്ടിത്തെറിക്കുകയായിരുന്നു. പേരറിവാളൻ നേരത്തെ മോചിതനായി. മറ്റുള്ളവർക്കാണ് ഉടൻ മോചനത്തിന് അവസരം ഒരുങ്ങുന്നത്. 19ാം വയസിൽ അസ്റ്റിലായ എ ജി പേരറിവാളൻ 30 വർഷത്തിന് ശേഷമാണ് മോചിതനായത്.
1991 ൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയ വിദ്യാർത്ഥി. മുഖ്യപ്രതികളിലൊരാളായ എൽടിടിഇ അംഗം ശിവരശൻ ആവശ്യപ്പെട്ട പ്രകാരം 9 വോൾട്ടിന്റെ 2 ബാറ്ററി വാങ്ങിയെന്നതായിരുന്നു കുറ്റം. ബോംബുകളിൽ ഈ ബാറ്ററി ഘടിപ്പിച്ചാണ് തനു എന്ന എൽടിടിഇ ചാവേർ പൊട്ടിത്തെറിച്ചത്. 1991 ജൂണിലായിരുന്നു ചെന്നൈയിൽ നിന്ന് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. രാജീവ് ഗാന്ധി വധത്തിൽ ബോംബുണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച ബാറ്ററി നൽകി എന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ അദ്ദേഹം സ്വന്തം പേരിൽ ഒരു മോട്ടോർ സൈക്കിൾ വാങ്ങി തെറ്റായ അഡ്രസ് നൽകി എന്ന കേസും ചുമത്തിയിട്ടുണ്ട്. 1998 ജനുവരിയിലാണ് ടാഡാ കോടതി പേരറിവാളനും കൂടെ ഉണ്ടായിരുന്ന 25 പേർക്കുമെതിരെ വധശിക്ഷ വിധിക്കുന്നത്. 1999 മെയ് മാസത്തിൽ സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്തു. എന്നാൽ 2014 വധശിക്ഷയിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചു. വധശിക്ഷയിൽ നിന്ന് ജീവപര്യന്തം ആക്കി കുറച്ചു. പിന്നീട് വിട്ടയക്കുകയുമായിരുന്നു. ശിവരശനും മറ്റൊരു പ്രതി ശുഭയും 1991 ഓഗസ്റ്റ് 20നു ബെംഗളൂരുവിൽ ജീവനൊടുക്കി.
നളിനി ശ്രീഹരൻ
ചെന്നൈ സ്വദേശികളായ നഴ്‌സ് പതാമവതി അമ്മാളിന്റെയും പൊലീസ് ഇൻസ്‌പെക്ടർ പി.ശങ്കരനാരായണന്റെയും മകളായി 1967 ൽ ജനിച്ചയാളാണ് നളിനി ശ്രീരഹരൻ. ബിരുദധാരി. ഭർത്താവ് ശ്രീലങ്കൻ സ്വദേശി മുരുകനെന്ന് അറിയപ്പെടുന്ന ശ്രീഹരൻ. എൽടിടിഇ ചാവേർ സംഘാംഗം. ശിക്ഷിക്കപ്പെട്ട 7 പേരിൽ നളിനി മാത്രമാണ് സ്‌ഫോടനസ്ഥലത്ത് ഉണ്ടായിരുന്നത്. അവിടെയെത്തിയ അഞ്ചംഗ ചാവേർ സംഘത്തിൽ ജീവനോടെ പൊലീസ് പിടിയിലായ ഏക വ്യക്തിയും. സംഭവശേഷം നളിനിയും മുരുകനും ഒളിവിൽ പോയി. അറസ്റ്റിലാകുമ്പോൾ 2 മാസം ഗർഭിണി.
1992 ജനുവരി 21നു ജയിലിൽ മകൾ ഹരിത്രയെ പ്രസവിച്ചു. നളിനിയുടെ അമ്മയെയും സഹോദരനെയും രാജീവ് വധക്കേസിൽ അറസ്റ്റ് ചെയ്‌തെങ്കിലും 1998 ൽ സുപ്രീം കോടതി വിട്ടയച്ചു. 2016 ൽ 'ഉൺമൈകളും പ്രിയങ്ക നളിനി സന്ധിപ്പും' എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 30 വർഷത്തിനിടെ പരോൾ 3 തവണ. രാജീവ് വധത്തിൽ ഖേദമുണ്ടെന്ന് പിന്നീട് വെളിപ്പെടുത്തൽ. വിവാഹിതയായ ഹരിത്ര ലണ്ടനിൽ ഡോക്ടർ.
മുരുകൻ
ശ്രീഹരൻ എന്ന് ഔദ്യോഗിക പേര്. നളിനിയുടെ ഭർത്താവ്. ലങ്കയിൽനിന്ന് ഒരു പറ്റം യുവാക്കൾക്കൊപ്പം ഇന്ത്യയിൽ എത്തിയത് വിദേശത്തേക്കു പോകാനുള്ള മോഹവുമായി. നളിനിയുടെ സഹോദരന്റെ സുഹൃത്ത്. ഇതിനിടെ ശിവരശനുമായി പരിചയപ്പെടുകയും എൽടിടിഇ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുകയും ചെയ്തു. രാജീവ് വധത്തിനുവേണ്ട കാര്യങ്ങൾ നടപ്പാക്കിയതിനു തെളിവ്.
ശാന്തൻ
ശ്രീലങ്കൻ സ്വദേശി.എസ്.രാജ എന്നു ഔദ്യോഗിക പേര്. 1991 ലെ ലങ്കൻ പ്രശ്‌നകാലത്ത് ബോട്ട് മാർഗം ശിവരശനൊപ്പം ഇന്ത്യയിലെത്തി. എൽടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. രാജീവ് വധ ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞു.
റോബർട്ട് പയസ്
ശ്രീലങ്കൻ സ്വദേശി. 1990 സെപ്റ്റംബറിൽ ഭാര്യയ്ക്കും സഹോദരിമാർക്കുമൊപ്പം ലങ്കയിൽനിന്ന് ഇന്ത്യയിൽ എത്തി, രാമേശ്വരത്തെ അഭയാർഥി ക്യാംപിലേക്കു മാറി. ലങ്ക വിടുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ സമാധാന സേനയുടെ ഇടപെടലിനിടെ തന്റെ കുഞ്ഞ് മരിച്ചതായി പിന്നീടു വെളിപ്പെടുത്തി. ശിവരശന്റെ അടുത്ത കൂട്ടാളികളിൽ ഒരാൾ. ചാവേർ സംഘത്തിനു താമസ സൗകര്യം ഒരുക്കിയതായി തെളിഞ്ഞു. വധ ഗൂഢാലോചനയിൽ നേരിട്ടു പങ്കില്ലെങ്കിലും അറിവുണ്ടായിരുന്നു. ദയാവധത്തിന് അനുമതി തേടി 5 വർഷം മുൻപ് തമിഴ്‌നാട് സർക്കാരിന് കത്തെഴുതിയിരുന്നു.
ജയകുമാർ
റോബർട്ട് പയസിന്റെ സഹോദരിയുടെ ഭർത്താവ്. പയസിനൊപ്പം ഇന്ത്യയിലെത്തി. പ്രതികൾക്ക് തമിഴ്‌നാട്ടിൽ താമസസൗകര്യം ഒരുക്കി.
ആർ.പി.രവിചന്ദ്രൻ
എൽടിടിഇയുമായി തുടക്കം മുതലേ ബന്ധം പുലർത്തിയിരുന്നയാൾ. തമിഴ്‌നാട് സ്വദേശി. രാജീവ് വധ ഗൂഢാലോചനയിൽ നേരിട്ടു പങ്കുണ്ടെന്നു തെളിയാത്തതിനെ തുടർന്ന് ടാഡ വകുപ്പ് റദ്ദാക്കി. എന്നാൽ, പലവട്ടം ശ്രീലങ്ക സന്ദർശിച്ചതിനും എൽടിടിഇ പ്രവർത്തനങ്ങളുമായി സഹകരിച്ചതിനും തെളിവു ലഭിച്ചു. പ്രതികൾക്ക് വാഹനങ്ങൾ ക്രമീകരിച്ചു നൽകി.
പ്രതികളിൽ മുരുകനും ശാന്തനും ഇപ്പോൾ വെല്ലൂർ ജയിലിലാണ് കഴിയുന്നത്. റോബർട്ട് പയസ്, ജയകുമാർ പുഴൽ ജയിലും രവിചന്ദ്രൻ തൂത്തുക്കുടി ജയിലിലും കഴിയുന്നു. നളിനി ഇപ്പോൾ പരോളിലാണ്.
രാജ്യം നടുങ്ങിയ ആ സായാഹ്നത്തിൽ സംഭവിച്ചത്
മാസങ്ങൽ നീണ്ട ആസൂത്രണത്തിന് ശേഷമാണ് രാജീവ് വധം എൽടിടി തീവ്രവാദികൾ നടപ്പിലാക്കിയത്. കടൽമാർഗ്ഗം എത്തിയവർ രണ്ട് തവണ ആസൂത്രണം നടത്തിയിരുന്നു. തങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായി അവർ രണ്ടുവട്ടം ബോംബില്ലാതെ പരിപാടികളിൽ കേറിച്ചെന്ന് പരിശീലനം നടത്തി. ആദ്യത്തെ തവണ 1991 ഏപ്രിൽ 21 -ന് മറീനാ ബീച്ചിൽ വെച്ച്. രണ്ടാമത്തെ വട്ടം മെയ് 12 -ന്, പ്രധാനമന്ത്രി വി പി സിങ്ങും ഡിഎംകെ നേതാവ് കരുണാനിധിയും പങ്കെടുത്ത ഒരു ചടങ്ങിൽ വെച്ചും. ആ ചാവേറാക്രമണം പല കണക്കിലും ഇന്ത്യയിൽ ആദ്യത്തേതായിരുന്നു. ആദ്യത്തെ മനുഷ്യ ബോംബ്. ആദ്യത്തെ സ്ത്രീ ചാവേർ. ചാവേർ ആക്രമണത്തിൽ പ്രധാനമന്ത്രി വധിക്കപ്പെടുന്ന ആദ്യ സംഭവം.
മനുഷ്യബോംബായി പൊട്ടിത്തെറിക്കാൻ വേണ്ടി എത്തിയത് തേന്മൊഴി രാജരത്‌നം എന്നറിയപ്പെടുന്ന നുവായിരുന്നു. 1991 മെയ് 21 -ന്, ശ്രീപെരുംപുത്തൂർ മണ്ഡലത്തിൽ, മരഗതം ചന്ദ്രശേഖർ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ രാജീവ് ഗാന്ധി വരുന്നതും കാത്തിരുന്ന്, ഒടുവിൽ എത്തിയപ്പോൾ ഒരു പൂമാല അദ്ദേഹത്തിന്റെ കഴുത്തിലിട്ട്, കാൽതൊട്ടു വന്ദിക്കാനെന്ന ഭാവേന ഒന്നു കുനിഞ്ഞ്, അരയിലെ ബട്ടൺ അമർത്തി, വസ്ത്രത്തിനുള്ളിൽ ധരിച്ചിരുന്ന ബെൽറ്റ് ബോംബിനെ ട്രിഗർ ചെയ്ത് അദ്ദേഹത്തോടൊപ്പം പൊട്ടിച്ചിതറുകയായിരുന്നു ധനു. എൽടിടിഇ എന്ന ശ്രീലങ്കൻ തമിഴ് പുലികളുടെ ചാവേർ സംഘമായ 'ബ്ലാക്ക് ടൈഗേഴ്സി'ൽ അംഗമായിരുന്നു ധനു. ആർക്കും അവരെപ്പറ്റി അധികമൊന്നും തന്നെ അറിയില്ലായിരുന്നു. ശ്രീപെരുംപുത്തൂരിൽ പൊട്ടിച്ചിതറും മുമ്പ് രണ്ടിടത്ത് ബോംബില്ലാതെ അവർ ഇതേ ട്രിഗറിങ്ങ് പരിശീലനം നടത്തി. മൂന്നാമത്തെ തവണയാണ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ബോംബും ധരിച്ചുകൊണ്ട് അവർ കൃത്യം നടപ്പിലാക്കിയത്.
ആ സംഘത്തിൽ ഒമ്പതു പേരുണ്ടായിരുന്നു. അഥവാ ധനുവിന്റെ ബോംബ് പോയില്ലെങ്കിൽ പകരം ചെന്ന് പൊട്ടിക്കാനായി ശുഭ എന്ന ഒരു ബാക്ക് അപ്പ് ബോംബർ പോലും ഉണ്ടായിരുന്നു. അത്രയ്ക്ക് ഫൂൾ പ്രൂഫ് ആയ പ്ലാനിങ് ആയിരുന്നു പുലികളുടേത് എന്ന് സാരം. ഇന്ത്യയിൽ വന്ന ശേഷമാണ് ആരും തിരിച്ചറിയാതിരിക്കാൻ ധനു കാറ്റടിക്കണ്ണടകൾ വാങ്ങുന്നത്. സ്ഫോടനത്തിനു തലേന്ന് രാത്രി അവർ ഒരു സിനിമ കണ്ടു. വേദിയിലേക്ക് നടന്നു കേറുന്നതിനു മുമ്പ് ഒരു ഐസ്‌ക്രീമും തിന്നു ധനു. കയ്യിൽ ഒരു പൂമാലയും പിടിച്ച് ഒരു ഓറഞ്ചു പച്ചയും നിറത്തിലുള്ള ഒരു ചുരിദാറുമിട്ടു കൊണ്ട് ധനു രാജീവ് ഗാന്ധിക്ക് അടുത്തേക്ക് ചെല്ലാനാഞ്ഞപ്പോൾ ഒരു ലേഡി സബ് ഇൻസ്പെക്ടർ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് കണ്ട രാജീവ് ഗാന്ധി തന്റെ മരണത്തെ കൈ കാട്ടി അരികിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. 'റിലാക്‌സ് ബേബി..' എന്നോ മറ്റോ ആണ് രാജീവ് ധനുവിനെ അടുത്തേക്ക് വിട്ടോളൂ കുഴപ്പമില്ല എന്ന അർത്ഥത്തിൽ ആ പൊലീസുകാരനോട് പറഞ്ഞത്. ആ വാക്കായിരിക്കണം രാജീവിന്റെ ജീവിതത്തിലെ അവസാന വാക്ക്.
ധനുവിന്റെ ദേഹത്ത് ഒരു ബ്ലൂ ഡെനിം ബെൽറ്റിൽ ബന്ധിച്ചിരുന്ന ബന്ധിച്ചിരുന്ന ആർഡിഎക് ബോംബിൽ 2 എം എം കനമുള്ള 10,000 സ്റ്റീൽ പെല്ലറ്റുകൾ അടക്കം ചെയ്തിട്ടുണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് അത് രാജീവ് ഗാന്ധിയുടെ ശരീരത്തിലൂടെ തുളച്ചു കേറി. അദ്ദേഹത്തിന്റെയും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറി. സംഭവം നടക്കുമ്പോൾ ആ യോഗത്തിൽ പങ്കെടുത്തിരുന്ന ജി കെ മൂപ്പനാരും ജയന്തി നടരാജനും മ്രഗതം ചന്ദ്രശേഖറും ഭാഗ്യം കൊണ്ടുമാത്രം അന്നാ സ്ഫോടനത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനം നടന്നയുടനെ മൂപ്പനാറം ജയന്തി നടരാജനും ചേർന്ന് രാജീവ് ഗാന്ധിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ അവരുടെ കൈകളിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഭാഗങ്ങൾ മാത്രമാണ് അടർന്നു വന്നത്.
1987 തൊട്ടാണ് എൽടിടിഇ ചാവേർ ആക്രമണങ്ങൾ നടത്തിത്തുടങ്ങിയത്. ഒരിക്കലും ജീവനോടെ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി കഴുത്തിൽ സയനൈഡ് ഗുളികയും കൊണ്ടാണ് സംഘത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്നത്. കഴുത്തിലെ മാലയിൽ കൊരുത്തിട്ടിരുന്ന ഗ്ലാസ് പേടകം കടിച്ചു മുറിക്കുമ്പോൾ ചുണ്ട് മുറിയും. അതിനുള്ളിലെ സയനൈഡ് പൊടി രക്തത്തിൽ നേരിട്ട് കലരും. പിന്നെ സെക്കന്റുകൾക്കിടയിൽ മരണം സംഭവിക്കും. ജാഫ്നയിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്കുമായി ഒരു സ്‌കൂൾ ആക്രമിച്ചുകൊണ്ടാണ് അവർ ആദ്യത്തെ ചാവേറാക്രമണം നടത്തുന്നത്. പിന്നീട് അവരുടെ രാഷ്ട്രീയ എതിരാളികളായ പ്രധാനമന്ത്രി പ്രേമദാസ, പ്രതിരോധമന്ത്രി ഗാമിനി ദിസ്സനായകെ, പട്ടാള മേധാവികൾ തുടങ്ങി പലരെയും ചാവേർ ആക്രമണങ്ങളിലൂടെ വധിക്കുകയുണ്ടായി.
1987 ജൂലൈ 29 -ന് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡന്റ് ജെ ആർ ജയവർധനെയും ചേർന്ന് ഇൻഡോ-ശ്രീലങ്കൻ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതാണ് തമിഴ്പുലികളുടെ കണ്ണിൽകരടായി രാജീവ് മാറാൻ കാരണം. ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങൾ അടിച്ചമർത്താൻ ഇന്ത്യ സകല സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ഉടമ്പടിയായിരുന്നു അത്. 1983 തൊട്ടേ ശ്രീലങ്കയിൽ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിൾ ഈലം എന്ന പേരിൽ അല്ലെങ്കിൽ, തമിഴ് പുലികളെന്ന ചുരുക്കപ്പേരിൽ ഒരു സായുധ വിപ്ലവ സംഘടനാ ശ്രീലങ്കൻ മണ്ണിൽ തമിഴർക്ക് നേരെ നടന്നുകൊണ്ടിരുന്ന വംശീയ വിവേചനങ്ങൾക്കെതിരെ വളരെ അക്രമാസക്തമായ രീതിയിൽ പ്രതികരിച്ചുകൊണ്ടിരുന്നു. തമിഴ് ഈലം എന്ന പേരിൽ ശ്രീലങ്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിൽ അവർക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഇതിനെതിരെയുള്ള സർക്കാർ നടപടികൾ പലതും കടുത്ത ആഭ്യന്തര യുദ്ധങ്ങളിലാണ് കലാശിച്ചത്.
ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സ് അഥവാ ഇന്ത്യൻ സമാധാന സംരക്ഷണ സേന ഇടപെട്ടതോടെ പുലിക്ക് പിടിച്ചുനിൽക്കാനായില്ല. കടുത്ത പോരാട്ടങ്ങളിൽ നിരവധി എൽടിടിഇക്കാർക്ക് ജീവനാശമുണ്ടായി. ലോകമെമ്പാടുമുള്ള തമിഴ് വംശജർ ഈ ദൗത്യത്തിൽ നിന്നും ഇന്ത്യൻ സൈന്യത്തെ തിരിച്ചു വിളിക്കാൻ വേദി രാജീവ് ഗാന്ധിക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതാണ് അവരെ ചൊടിപ്പിച്ചത്.
മാസ്റ്റർ പ്ലാനറായി ശിവരശൻ, പിന്നാലെ പാഞ്ഞ് സിബിഐ
പ്രഭാകരൻ ഈ ദുഷ്‌കരദൗത്യമേൽപ്പിച്ചത് തന്റെ വിശ്വസ്ത അനുയായികളായിരുന്ന ശിവരശനെയായിരുന്നു. യഥാർത്ഥ പേര് പാക്കിയനാഥൻ. രഘുവരൻ എന്നൊരു പേരും അയാൾക്കുണ്ടായിരുന്നു. ഒരു കണ്ണില്ലാതിരുന്ന ശിവരശനെ മറ്റു പുലികൾ വിളിച്ചിരുന്നത് 'ഒറ്റൈകണ്ണൻ' എന്നായിരുന്നു. പൊട്ടു അമ്മനാണ് പ്രഭാകരന് ഈ ദൗത്യത്തിന്റെ ചുക്കാൻ പിടിക്കാൻ വേണ്ടി ശിവരശന്റെ പേര് നിർദ്ദേശിച്ചത്. കൂടെ എൽടിടിഇ -യുടെ എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷ്യലിസ്റ്റ് ആയിരുന്ന മുരുകനുമുണ്ടായിരുന്നു. മദ്രാസിൽ അന്ന് താമസമുണ്ടായിരുന്ന എൽടിടിഇ സ്ലീപ്പർ സെൽ ഓപ്പറേറ്റീവുകളായിരുന്ന സുബ്രഹ്മണ്യനും മുത്തുരാജയും അവരെ പദ്ധതിയിൽ സഹായിക്കാൻ നിയോഗിക്കപ്പെട്ടു. ഇവർക്ക് പുറമെ പേരറിവാളൻ എന്ന ഒരു ഇലക്ട്രോണിക്‌സ് എക്‌സ്‌പെർട്ടും, നളിനി എന്ന മറ്റൊരു യുവതിയും ഈ ഗൂഢാലോചനയുടെ ഭാഗമായി. ശിവരശന്റെ ബന്ധുക്കളായിരുന്നു ചാവേറുകളായി റിക്രൂട്ട് ചെയ്യപ്പെട്ട ധനുവും ശുഭയും.
രാജീവ് കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്കകം ഡി ആർ കാർത്തികേയൻ എന്ന ഓഫീസറുടെ കീഴിൽ ഒരു സ്പേഷ്യന് ഇൻവെസ്റ്റിഗേഷൻ ടീം ഉണ്ടാക്കി രണ്ടു ദിവസത്തിനകം തന്നെ സിബിഐ അന്വേഷണം തുടങ്ങി. സംഭവത്തിൽ എൽടിടിഇ -യുടെ റോൾ സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് മിലാപ് ചന്ദ് ജെയിൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡിഎംകെയ്ക്കും ഗൂഢാലോചന നടത്തിയ എൽടിടിഇയുമായി രഹസ്യബന്ധമുണ്ടായിരുന്നു എന്നൊരു ആരോപണമുണ്ടായിരുന്നു. ഡിഎംകെയിലെ പല പ്രാദേശിക നേതാക്കൾക്കും ഇങ്ങനെ ഒരു ആക്രമണത്തിന്റെ സാധ്യതയെപ്പറ്റി മുന്നറിവുകളുണ്ടായിരുന്നു എന്നും അന്ന് പറയപ്പെട്ടിരുന്നു.
ആദ്യ അറസ്റ്റു നടക്കുന്നത് മെയ് 23 -നാണ്. ഹരിബാബുവിന്റെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മാത്രമായിരുന്നു ലഭ്യമായ തെളിവ്. അതിൽ നിന്നും അന്വേഷണങ്ങൾ നടത്തി ഒടുവിൽ സിബിഐ, തഞ്ചാവൂരിൽ നിന്നും ശങ്കർ എന്നുപേരായ ഒരാളെ അറസ്‌റുചെയ്യുന്നു. അയാളുടെ ഡയറിയിലെ വിവരങ്ങൾ അവരെ നളിനി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് നയിക്കുന്നു. പക്ഷേ, സിബിഐ അന്വേഷിച്ചു ചെന്നപ്പോഴേക്കും നളിനി അവിടം വിട്ടിരുന്നു എൽടിടിഇ സംഘം രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലായിരുന്നു. നളിനി, മുരുഗൻ, ശിവരശൻ, ശുഭ എന്നിവരടങ്ങിയ സംഘം തിരുപ്പതിയിലേക്ക് പോവുന്നു. അപ്പോഴേക്കും സകല പത്രങ്ങളിലും അവരുടെയെല്ലാം ചിത്രങ്ങൾ വന്നു കഴിഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നളിനിയുടെ സഹോദരൻ ഭാഗ്യനാഥൻ, റോബർട്ട് പയസ്, പേരറിവാളൻ എന്നിങ്ങനെ പലരും അറസ്റ്റുചെയ്യപ്പെടുന്നു.
അങ്ങനെ മൂന്നുമാസത്തോളം നീണ്ടു നിന്ന ഓട്ടത്തിനൊടുവിൽ ശിവരശനടങ്ങുന്ന ഏഴംഗ സംഘം ഒരു എണ്ണ ടാങ്കറിനുള്ളിൽ ഒളിച്ചിരുന്നു യാത്രചെയ്ത് ബാംഗ്ലൂരിൽ എത്തിപ്പെടുന്നു. അവിടെ വെച്ച് രഘുനാഥ് എന്നൊരാളുടെ വീട്ടിൽ അവർക്ക് അഭയം കിട്ടുന്നു. എന്നാൽ ഇത് മണത്തറിഞ്ഞുകൊണ്ട്, 1991 ഓഗസ്റ്റ് 20 -ന് ഇന്ത്യൻ കമാൻഡോ സംഘം ശിവരശനും സംഘവും താമസിച്ചിരുന്ന വീട് വളഞ്ഞു. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള കോനാനകുണ്ടെ എന്ന ഒരു പ്രദേശമായിരുന്നു അത്. അന്ന് കമാണ്ടോകളും പുലികളും തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിനിടെ ശിവരശൻ, ശുഭ, കീർത്തി, നേര്, സുരേഷ് മാസ്റ്റർ, അമ്മൻ, ജമീല എന്നിവർ സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു. സയനൈഡ് കഴിച്ചതിനു പുറമെ ശിവരശൻ തന്റെ തലയിലേക്ക് നിറയൊഴിക്കുകയും ചെയ്തിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ ജന്മദിനമായിരുന്നു എന്നത് വല്ലാത്തൊരു യാദൃച്ഛികതയായിരുന്നു.
മറുനാടന്‍ ഡെസ്‌ക്