സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും കൊന്നുതള്ളുന്ന നിഷ്ഠൂരൻ, സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാൽ കൈ വെട്ടിമാറ്റുന്ന ക്രിമിനൽ, ഏഴുപേരെ കൊന്നുതള്ളിയ നരാധമൻ.. റിപ്പർ ജയാനന്ദൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം ഇതാണ്. പൊലീസ് റിപ്പോർട്ട് പ്രകാരം, ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്കു മുന്നിൽ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നിട്ടുണ്ടെന്ന് മാധ്യമങ്ങളും എഴുതുന്നു.

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ജയാനന്ദനുണ്ടായിരുന്നുള്ളൂ. സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും ഇയാൾ നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. വിരലടയാളം പതിയാതിരിക്കാൻ കൈയിൽ സോക്സ് ധരിച്ചാണ് കൃത്യം നടത്തുക. മണ്ണെണ്ണ സ്പ്രേ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയും സിനിമയിൽ നിന്നാണ് പഠിച്ചതെന്ന് ജയാനന്ദൻ സമ്മതിച്ചതായി പൊലീസ് പറയുന്നു.

കീഴക്കോടിതി വധശിക്ഷക്ക് വിധിച്ച ജയാനന്ദന്റെ ശിക്ഷ ജീവിതാവസാനം വരെ ജയിൽവാസമായി സുപ്രീംകോടതി കുറയ്ക്കയായിരുന്നു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദൻ. രണ്ടുതവണ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഇയാളെ ഊട്ടിയിൽ നിന്നാണ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സഹതടവുകാരനോടൊപ്പം ജയിൽചാടി. തുടർന്ന് തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അവിടെ സിപിഎമ്മിന്റെ രാപ്പകൽ സമരത്തിൽ കയറിക്കൂടിയാണ് ജയാനന്ദൻ പൊലീസിനെ പറ്റിച്ചത്.

ഇത്രയും കുപ്രസിദ്ധനായ ഒരു ക്രിമിനിൽ ഇപ്പോൾ വീണ്ടും വാർത്തയിൽ നിറയുകയാണ്. അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് 17 വർഷങ്ങൾക്ക്ശേഷം ജാമ്യം കിട്ടിയതിന്റെ പേരിലാണത്. പൊലീസ് സംരക്ഷണത്തിൽ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജയാനന്ദന്, പക്ഷേ വീട്ടിൽ അന്തിയുറങ്ങാനായില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ അയാളെ വൈകീട്ട് അഞ്ചുമണിയോടെ വിയ്യൂർ സെൻട്രൽ ജയിലിൽ തിരികെ എത്തിക്കയായിരുന്നു.

ആ സമയത്ത് തന്നെയാണ്, കേരള മാധ്യമ ചരിത്രത്തിൽ അത്യപൂർവമായ ഒരു അന്വേഷണ റിപ്പോർട്ട് ജയാനന്ദൻ കേസിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. നിധീഷ് എം കെ എന്ന മാധ്യമ പ്രവർത്തകനാണ്്, ഈ കേസിലെ അറിയപ്പെടാത്ത ഉള്ളറകളിലേക്ക് സഞ്ചരിക്കുന്നത്. ഇംഗ്ലീഷ് ഓൺലൈൻ പോർട്ടലായ ന്യൂസ് മിനിട്ട് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'സെവൻ മർഡേഴ്സ് വൺ കൺഫെഷൻ ആൻഡ് മിസ്സിങ്ങ് എവിഡൻസ്, ദ 'റിപ്പർ' സ്റ്റോറി' എന്ന സുദീർഘമായ റിപ്പോർട്ട് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്.

ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ നിയമസഹായ-ഗവേഷണ സംഘടനയായ പ്രൊജക്റ്റ് 39എയുടെ ഭാഗമായാണ് നിധീഷ്, റിപ്പർ ജയാനന്ദൻ കേസ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ കേസുകളുടെ പിറകെ ആയിരുന്നു ഇദ്ദേഹം. ജയാനന്ദന്റെ മേൽ ആരോപിക്കപ്പെട്ട മുഴുവൻ കുറ്റങ്ങളുടെയും കേസ് രേഖകള്ൾ പഠിച്ചും, സാക്ഷികളെയും പൊലീസ് ഉദ്യോഗ്ഥരും അടക്കം നൂറ് കണക്കിന് ആളുകളെ നേരിട്ട് കണ്ടും, നിധീഷ് തയ്യാറാക്കിയ വിശദമായ റിപ്പോർട്ടാണ് ന്യൂസ് മിനുട്ട് പ്രസിദ്ധീകരിച്ചത്.

അഞ്ചിൽ മൂന്നിലും വെറുതെ വിടുന്നു

ന്യൂസ് മിനിട്ടിലെ റിപ്പോർട്ട് തുടങ്ങുന്നത് റിപ്പർ ജയാനന്ദൻ പിടിക്കപ്പെട്ട, പുത്തൻ വേലിക്കര കൊലപാതകത്തിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ്. 2006 ഒക്ടോബർ 2 ന് പുലർച്ചെ 1 മണിയോടടുത്തായിരുന്നു സംഭവം നടന്നത്. നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ദേവകിയാണ് തലക്കടിയേറ്റ് കൊല്ലപ്പെടുന്നത്. കിടപ്പുമുറിയിൽ ഭാര്യയുടെ മൃതദേഹത്തിന് അരികെ അബോധാവസ്ഥയിൽ രാമകൃഷ്ണനെയും കണ്ടെത്തി. രാമകൃഷ്ണനെ അക്രമി ഗുരുതരമായി പരിക്കേൽപ്പിച്ചിരിന്നു. സ്വർണ്ണവളക്കായി ദേവകിയുടെ കൈയും വെട്ടിയെടുത്തു.

2006 ഒക്ടോബർ മൂന്നിന് രാമകൃഷ്ണനെ അന്വേഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയപ്പോഴാണ് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും രൂക്ഷഗന്ധം അറിഞ്ഞത്. ദേവകിയുടെ സുഹൃത്ത് ശ്യാമള ഒരു മുറിയുടെ ജനൽ തുറന്നപ്പോഴാണ് കൃത്യം കണ്ടത്. ദാരുണമായ ഈ കൊലപാതകം കേരളത്തിൽ പത്ര-മാധ്യമങ്ങളിൽ വൻ കോളിളക്കമായി. അളുകൾ റിപ്പറെ പേടിച്ച് പുറത്തിറങ്ങാതായി.

ദേവകിയുടെ കൊലപാതകം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷം ഒരാൾ അറസ്റ്റിലായി. അതായിരുന്നു, റിപ്പർ ജയാനന്ദൻ.2003-നും 2006-നുമിടയിൽ രണ്ട് ഇരട്ടക്കൊലപാതകങ്ങളും, ദേവകിയുടെ കൊലപാതകവും അടക്കം എഴ് കൊലകൾ നടത്തിയതായി ജയാനന്ദൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രായമായവർ ഉറങ്ങിക്കിടക്കുമ്പോൾ തലക്കടിച്ച് വീഴ്‌ത്തി വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കുക എന്നതായിരുന്നു റിപ്പറുടെ രീതി.

പക്ഷേ ചുമത്തിയ അഞ്ച് കൊലപാതക കേസുകളിൽ മൂന്നെണ്ണത്തിൽ ജയാനന്ദൻ കുറ്റവിമുക്തനാക്കപ്പെട്ടു. ഒരു കേസിൽ വധശിക്ഷ ലഭിച്ചു. പിന്നീട് ജീവപര്യന്തമായി ഇളവ് ചെയ്തു. ദേവകിയുടെ കൊലപാതകത്തിന് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തതു മുതൽ 17 വർഷമായി ജയിലിൽ കഴിയുകയാണ്. രണ്ടുതവണ ജയിൽചാടിയും ദയാനന്ദൻ വാർത്തകളിൽ നിറഞ്ഞു. 2021 ഡിസംബറിൽ, മറ്റൊരു കൊലപാതകക്കേസിൽ പൊലീസ് പ്രതിചേർത്തു. ഇതിൽ കുറ്റപത്രംപോലും കൊടുത്തിട്ടില്ല. എന്നാൽ ഈ കുറ്റവിമുക്തരാക്കലുകളൊന്നും അറസ്റ്റ് പോലെ ആവേശത്തോടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ജയാനന്ദനെകുറിച്ചുള്ള വിക്കിപീഡിയ പേജിൽ പോലും കുറ്റവിമുക്തരാക്കിയത് പരാമർശിക്കുന്നിലെന്ന് നിധീഷ് ചൂണ്ടിക്കാട്ടുന്നു.

2004-ൽ തൃശ്ശൂരിൽ നിർമല-സഹദേവൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ 2008-ൽ വിചാരണക്കോടതിയുടെ ശിക്ഷ കേരള ഹൈക്കോടതി റദ്ദാക്കി. അന്നത്തെ തൃശൂർ പ്രിൻസിപ്പൽ ജഡ്ജി ബി കെമാൽ പാഷ, ജയാനന്ദൻ ഒരു സീരിയൽ കില്ലറാണെന്ന പൊലീസ് ഭാഷ്യത്തിൽ ഉറച്ചുനിൽക്കയായിരുന്നു. ''ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവും രീതിയിലാണ് ഈ കൊലപാതകങ്ങൾ നടക്കുന്നത്. അതിനാൽ ഈ കേസ് അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ വിഭാഗത്തിൽ വരുന്ന ഒന്നാണ്.''- ഇങ്ങനെയായിരുന്നു കെമാൽ പാഷയുടെ കണ്ടെത്തൽ. എന്നാൽ 2010ൽ ഹൈക്കോടതി ജയാനന്ദനെ കുറ്റവിമുക്തനാക്കി. 2015ൽ സുപ്രീം കോടതിയും കുറ്റവിമുക്തനാക്കിയ നടപടി ശരിവച്ചു.

നിരപരാധിയാണെന്ന് കണ്ടെത്തിയ മറ്റ് രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം വിചാരണ ഘട്ടത്തിൽ തന്നെ തള്ളിയിരുന്നു. അതിലൊന്നാണ് 2004-ൽ തൃശൂർ മാള അയൽപക്കത്ത് നബീസ (52), മകൾ ഫൗസിയ (23) എന്നിവരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസ്. മാള ഇരട്ടക്കൊലപാതകം എന്ന പേരിൽ കേസ് കുപ്രസിദ്ധമായി. 2008 ഏപ്രിലിൽ സിബിഐ പ്രത്യേക കോടതി ജയാനന്ദനെ ഈ കേസിൽ കുറ്റവിമുക്തനാക്കി. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ വിശ്വസനീയമായ തെളിവുകളില്ലെന്ന് ജഡ്ജി ചന്ദ്രശേഖരൻ നായർ നിരീക്ഷിച്ചു.

2005ൽ എറണാകുളത്ത് മദ്യവിൽപ്പനശാലയുടെ സുരക്ഷാ ജീവനക്കാരൻ സുഭാഷകനെ കൊലപ്പെടുത്തിയ കേസാണ് മറ്റൊന്ന്. രാഷ്ട്രീയ കൊലപാതകക്കേസിൽ സാക്ഷിയായതിനാലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ആദ്യം കരുതിയത്, എന്നാൽ, 2006ൽ നടത്തിയ ചോദ്യം ചെയ്യലിൽ ജയാനന്ദൻ ഈ കൊലപാതകവും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പക്ഷേ ഈ കേസിലും അയാൾ കുറ്റവിമുക്തനായി. തൃശ്ശൂരിലെ ഏലിക്കുട്ടി, പുത്തൻവേലിക്കരയിലെ ദേവകി എന്നീ രണ്ട് കൊലപാതകങ്ങളിലാണ് ജയാനന്ദൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

രാത്രി ജോലിയും പകൽ ഉറക്കവും

റിപ്പർ ജയാനന്ദനെക്കുറിച്ച് നിധീഷ് ഇങ്ങനെ വിവരിക്കുന്നു. എട്ടാം ക്ലാസ് പഠനം ഉപേക്ഷിച്ച കെ പി ജയാനന്ദൻ, പുത്തൻവേലിക്കരയിൽ നിന്ന് 10 കിലോമീറ്റർ അകലെ, മനോഹരമായ കായലുകൾക്കും ചെമ്മീൻ ഫാമുകൾക്കും പേരുകേട്ട ഗ്രാമമായ തൃശ്ശൂരിലെ പൊയ്യയിലാണ് ജനിച്ച് വളർന്നത്. പിടിക്കപ്പെടുമ്പോൾ ജയാനന്ദന് 38 വയസ്സായിരുന്നു. കുടുംബി സമുദായത്തിൽപെട്ടയാളാണ്. ഭാര്യയും സ്‌കൂളിൽ പോകുന്ന രണ്ട് പെൺമക്കളും പ്രായമായ മാതാപിതാക്കളും അടങ്ങിയ ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. അയാൾക്ക് കടബാധ്യതയും ഉണ്ടായിരുന്നു.

കുട്ടിയായിരുന്നപ്പോൾ മുതൽ, ചീനവലകളിൽ പ്രാവീണ്യമുള്ള ഒരു അഴിമുഖ മത്സ്യത്തൊഴിലാളിയായി അയാൾ ജോലി ചെയ്തു. രാത്രി ജോലിയും പകൽ ഉറക്കവും. ഇതാണ് കള്ളനും കൊലപാതകിയുമാണെന്ന പ്രാഥമിക സംശയത്തിന് ഇടയാക്കിയത്. എന്നാൽ ദയാനന്ദൻ ഇരട്ട ജീവിതം നയിക്കയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മത്സ്യത്തൊഴിലാളിയുടെ മറവിൽ അയാൾ കൊലപാതക പരമ്പരകൾ നടത്തിയെന്നാണ് പറയുന്നത്.

ജയിലിൽപോയി റിപ്പറെ നേരിട്ട് കണ്ട അനുഭവും നിധീഷ് എഴുതുന്നുണ്ട്. ''2022 ജൂലൈയിൽ തൃശ്ശൂരിലെ വിയ്യൂർ ജയിലിനുള്ളിലെ അതീവ സുരക്ഷാ സംവിധാനത്തിൽ ജയാനന്ദനെ കാണാൻ ഞാൻ പുറപ്പെട്ടു. ജയിൽ ഭരണകൂടം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് അനുമതി തന്നില്ല. അതിനാൽ, പ്രത്യേക സമയങ്ങളിൽ സന്ദർശകർക്ക് തടവുകാരുമായി ബന്ധപ്പെടാൻ കഴിയുന്ന ബാരിക്കേഡുകളുള്ള ഒരു ജനാലയ്ക്ക് കുറുകെ ഞാൻ കാത്തിരുന്നു.

വെളുത്ത ജയിൽ വസ്ത്രം ധരിച്ച് പുറത്തുവരുമ്പോൾ, മാധ്യമങ്ങളിൽ ഞാൻ കണ്ട രൂപം ആയിരുന്നില്ല. അയാൾക്ക് പ്രായമായി. ആ വർഷം 54 വയസ്സ് തികയുന്നു. അയാൾ ശാന്തമായി എന്നാൽ അധികാരത്തോടെ സംസാരിച്ചു. '' ഞാൻ അതൊന്നും ചെയ്തിട്ടില്ല. പൊലീസ് എന്നെ കുടുക്കിയതാണ്. പീഡിപ്പിച്ച് കുറ്റസമ്മതം നടത്തച്ചു. എനിക്കെതിരെ പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കി. എന്നെ സഹായിക്കാൻ പണമോ സാമൂഹിക നേതാക്കളോ രാഷ്ട്രീയ പാർട്ടികളോ ഇല്ലാത്തതിനാൽ ഞാൻ ഈസി ടാർജെറ്റ് ആയിരുന്നു. '- ജയാനന്ദൻ പറഞ്ഞു. പക്ഷേ അപ്പോഴേക്കും ജയിൽ ഉദ്യോഗസ്ഥർ വളഞ്ഞതിനാൽ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. ഈ കൂടിക്കാഴ്ചയും തന്റെ ജയിൽ ജീവിതം കൂടുതൽ ദുഷ്‌ക്കരമാക്കുമെന്ന് ജയാനന്ദൻ പറഞ്ഞു''- നിധീഷ് എഴുതുന്നു.

2005ൽ തൃശൂരിൽ ഏലിക്കുട്ടിയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി 2011ൽ ജയാനന്ദനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജയാനന്ദന്റെ വിരലടയാളം കുറ്റകൃത്യം നടന്ന സ്ഥലത്തെ, തകർന്ന കണ്ണാടിയിൽ നിന്ന് കണ്ടെത്തിയെന്നതായിരുന്നു ഏക തെളിവ്. മറ്റ്് കൂടുതൽ ഫോറൻസിക് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. കുറ്റകൃത്യവുമായി ജയാനന്ദനെ ബന്ധിപ്പിക്കുന്ന ഏക ഭൗതിക തെളിവായ ഈ കണ്ണാടി വിചാരണയ്ക്കിടെ കാണാതായി! വ്യാജ തെളിവുണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കണ്ണാടി പിടിക്കയായിരുന്നുവെന്ന് ജയാനന്ദൻ വിചാരണ വേളയിൽ ആരോപിച്ചു. എന്നാൽ അത് കോടതി അംഗീകരിച്ചില്ലെന്ന് നിധീഷ് തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ജയാനന്ദന്റെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതായി സുപ്രീം കോടതിക്ക് പോലും തോന്നിയ ഒരേയൊരു സംഭവമാണ് പുത്തൻവേലിക്കര ദേവകിയുടെ കൊലപാതകം. ഈ കേസിൽ വിചാരണക്കോടതി ജയാനന്ദന് വധശിക്ഷ വിധിച്ചു, പിന്നീട് കേരള ഹൈക്കോടതി വിട്ടയക്കാനുള്ള സാധ്യതയില്ലാത്ത ജീവപര്യന്തമായി മാറ്റി. സുപ്രീം കോടതി ഹൈക്കോടതിയുമായി യോജിച്ചു, പക്ഷേ തടവ് 20 വർഷമായി പരിമിതപ്പെടുത്തി. ദേവകി വധക്കേസാണ് ജയാനന്ദനെ ആദ്യം പൊലീസ് വലയിൽ വീഴ്‌ത്തിയത്. ഇതിൽ കുറ്റസമ്മതം നടത്തിയതിന്റെ ഫലമാണ് മറ്റ് കൊലപാതകങ്ങളിലെ കുറ്റപത്രം.

അടിമുടി വൈരുധ്യങ്ങൾ

ദേവകി കേസിൽ, കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പിയിൽ രക്തക്കറകളൊന്നും ഉണ്ടായിരുന്നില്ലെന്ന് രാസപരിശോധനയിൽ തെളിഞ്ഞു. ഇരുമ്പ് ദണ്ഡ് വീട്ടുകിണറ്റിലെ വെള്ളവുമായി സമ്പർക്കം പുലർത്തിയതിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്ന് വിചാരണയിൽ പൊലീസ് പറഞ്ഞു. ഇതിലും കോടതി പൊലീസിനെ വിശ്വസിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം മോഷ്ടിച്ചതായി പൊലീസ് പറഞ്ഞ കെട്ടിട കരാറുകാരൻ എൻ വി വിശ്വനാഥന് ഇരുമ്പ് വടി തിരിച്ചറിയാൻ കഴിഞ്ഞില്ല. പൊലീസ് തെളിവായി ഹാജരാക്കിയ ഉപകരണം തനിക്ക് നഷ്ടപ്പെട്ട ഇരുമ്പ് ദണ്ഡല്ലെന്ന് ഇയാൾ കോടതിയിൽ മൊഴി നൽകി. അതോടെ പൊലീസ് ഇയാളെ കൂറുമാറിയ സാക്ഷിയായി പ്രഖ്യാപിച്ചു.

പ്രധാനമായി, പൊലീസ് തയ്യാറാക്കിയ സംഭവങ്ങളുടെ കാലഗണന മെഡിക്കൽ റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഒക്ടോബർ രണ്ടിന് പുലർച്ചെ ഒരു മണിയോടെയാണ് ദേവകി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നിരുന്നാലും, അവളുടെ ഭർത്താവിന് നേരെയുള്ള ആക്രമണം മറ്റൊരു സമയതാണ് കാണിക്കുന്നത്. ഒക്ടോബർ മൂന്നിന് പുലർച്ചെ ആശുപത്രിയിൽ എത്തിക്കുന്നതിന് 12 മണിക്കൂർ മുമ്പ് രാമകൃഷ്ണൻ ആക്രമിക്കപ്പെട്ടതായി മെഡിക്കൽ റെക്കോർഡ് വ്യക്തമാക്കുന്നു. ദേവകി കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ഒക്ടോബർ 2-ന് വൈകുന്നേരത്തോടെയാണ് അദ്ദേഹത്തിന് ആക്രമണവും പരിക്കുകളും സംഭവിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു. രാമകൃഷ്ണനെയാണ് ആദ്യം ആക്രമിച്ചതെന്ന പൊലീസ് വിവരണവുമായി ഇത് പൊരുത്തപ്പെടുന്നില്ല. ഈ വലിയ വൈരുധ്യം പൊലീസ് അവഗണിച്ചു.

ഒക്ടോബർ രണ്ടിന് ദേവകിയെ കൊലപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷം ജയാനന്ദൻ സ്വർണം പണയം വെച്ചതായി കാണിക്കുന്ന ഒരു കംപ്യൂട്ടറൈസ്ഡ് സ്ലിപ്പ് പോലും പൊലീസ് ഹാജരാക്കി. അതായത് രാമകൃഷ്ണൻ ആക്രമിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജയാനന്ദൻ പണയം വെച്ചുവെന്ന്. പക്ഷേ ഈ വൈരുധ്യങ്ങളൊന്നും ഫലപ്രദമായി വാദിക്കാൻ നല്ല അഭിഭാഷകന്റെ സേവനം പോലും അയാൾക്ക് കിട്ടിയില്ല. ദേവകിയുടെ സ്വർണം പണയംവെച്ച് ജൂവലറിയിൽ നിന്ന് കിട്ടിയ പണം ഉപയോഗിച്ച് ജയാനന്ദൻ വാൻ വാങ്ങിയെന്ന് പൊലീസ് ആരോപിച്ചു. പണയ കടയിൽ നിന്ന് കമ്പ്യൂട്ടർ പ്രിന്റ് ചെയ്ത രസീതും പൊലീസ് ഇതിനായി ഹാജരാക്കി.

''എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,'' - ജയാനന്ദന്റെ ഭാര്യ ഇന്ദിര പറഞ്ഞു. '2006 നവംബർ 21 ന് രാവിലെ, ജോലിക്ക് പോകുന്ന വഴിക്ക് ജീപ്പിലെത്തിയ ചിലർ അദ്ദേഹത്തെ കയറ്റിക്കൊണ്ടുപോയതായാണ് അറിഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണെന്നും ക്രൂരമായ കൊലപാതകങ്ങൾക്ക് അറസ്റ്റിലാണെന്നും മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി, '' -ഇന്ദിര പറഞ്ഞു. ഈ രണ്ട് ദിവസത്തിനിടെ വല്ലാതെ പീഡിപ്പിക്കപ്പെട്ടതായി ജയാനന്ദൻ തന്നോട് പറഞ്ഞതായും അതിനാലാണ് കുറ്റം ഏറ്റുപറഞ്ഞതുമെന്നാണ് ഇന്ദിര പറയുന്നത്.

ഭാര്യ പീഡിപ്പിക്കപ്പെടുന്നു

ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളും ഈ റിപ്പോർട്ടിൽ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ജയാനന്ദന്റെ ഭാര്യ ഇന്ദിരക്ക് ഉണ്ടായ ദുരനുഭവങ്ങളാണ്. ഒരു അഭിഭാഷകൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ഇന്ദിര വെളിപ്പെടുത്തി. 'ഞാൻ കോടതിയിൽ നിന്ന് പോകാനൊരുങ്ങുകയായിരുന്നു. എന്നെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു. പക്ഷേ കാറിൽ വെച്ച് അയാൾ എന്നെ ലൈംഗികമായി പീഡിപ്പിച്ചു,- ഇന്ദിര പറഞ്ഞു.

അത് അവളെ തകർത്തു കളഞ്ഞു. ,''ഞാൻ പിന്നീടൊരിക്കലും കോടതിയിൽ പോയിട്ടില്ല. ഞാൻ ഭയപ്പെട്ടു,''. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ അഭിഭാഷകരിൽ നിന്നും കോടതികളിൽ നിന്നും വിട്ടുനിൽക്കാൻ ജയാനന്ദൻ തനിക്ക് മുന്നറിയിപ്പ് നൽകിയതായി അവർ പറയുന്നു. ജയാനന്ദന്റെ ഭാര്യയും രണ്ട് പെൺമക്കളും അടുത്തകാലംവരെ തീർത്തും ഒറ്റപ്പെട്ടാണ് ജീവിച്ചത്. 28 കാരിയായ കീർത്തിയും 24 കാരിയായ കാശ്മീരയും നന്നായി പഠിച്ചു. കീർത്തി അഭിഭാഷകയായി. അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ ഡോക്ടറാകാൻ പഠിക്കുകയാണ് കാശ്മീര. 2006ൽ ജയാനന്ദൻ അറസ്റ്റിലാകുമ്പോൾ കീർത്തിക്ക് 11 വയസ്സും സഹോദരിക്ക് വെറും 7 വയസ്സുമായിരുന്നു പ്രായം. ഈ സംഭവങ്ങളെക്കുറിച്ച് അവർക്ക് മങ്ങിയ ഓർമ്മകൾ മാത്രമേയുള്ളൂ.

ആവശ്യത്തിന് ഫർണിച്ചറുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ, പൂർത്തിയാകാത്ത ഒരു ചെറിയ വീട്ടിലാണ് അവർ ഇപ്പോഴും താമസിക്കുന്നത്. മാർച്ച് 22നുള്ള കീർത്തിയുടെ വിവാഹത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഈ കുടുംബമെന്ന് റിപ്പോർട്ട് പറയുന്നു. വരൻ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ്. കോളേജിൽ വച്ചാണ് അവർ കണ്ടുമുട്ടിയത്. ഈ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന് ജാമ്യം കിട്ടിയത്.


ഏറെയും വ്യാജ സാക്ഷിമൊഴികൾ

പുത്തൻവേലിക്കരയിൽ നേരിട്ടുപോയും നിധീഷ് അന്വേഷിച്ചു. അപ്പോഴാണ് മിക്ക സാക്ഷി മൊഴികളും പൊലീസ് കെട്ടിച്ചമച്ചതാണെന്ന് മനസ്സിലായത്. ശൂന്യമായ വെള്ളപേപ്പറിൽ ഒപ്പിടാൻ പൊലീസ് നിർബന്ധിച്ചെന്നും, ഒരു വർഷത്തിന് ശേഷം സാക്ഷിയായി കോടതിയിൽ മൊഴിയെടുക്കാൻ തന്നെ വിളിച്ചെന്നുമാണ് ഒരു ഹോട്ടൽ ഉടമ പറയുന്നത്. അയാൾ ഒന്നിനും സാക്ഷിയായിരുന്നില്ല. പരിഭ്രാന്തനായി കോടതിയിലെത്തിയപ്പോൾ, അവിടെ മറ്റ് ഗ്രാമീണരെയും സമാനമായ സാഹചര്യങ്ങളിൽ കണ്ടു. ഇതോടെ പ്രോസിക്യൂട്ടർ പൊലീസിനെ ശകാരിക്കുകയും സാക്ഷിപ്പട്ടികയിൽ നിന്ന് അവരെ ഒഴിവാക്കണമെന്ന് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

നിധീഷിന്റെ റിപ്പോർട്ട് ഇങ്ങനെ തുടരുന്നു. ''കേസിലെ ആറ് പ്രധാന സാക്ഷികളുമായി അഭിമുഖം നടത്തി. മരിച്ച ദമ്പതികളുടെ ഒരു ബന്ധു എന്റെ അടുക്കൽ വന്ന് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. ജയാനന്ദൻ കുറ്റക്കാരനാണെന്ന് പൊലീസ് പറഞ്ഞതിനാലും, മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും കുടുംബത്തിന് ബോധ്യപ്പെട്ടിരുന്നു. പക്ഷേ വസ്തുതാപരമായ തെളിവുകളുടെ അഭാവത്തിൽ അവൻ രക്ഷപ്പെടുമെന്ന് അവർ ഭയന്നു. അതിനാൽ, ജയാനന്ദന് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാൻ കോടതിയിൽ നൽകിയ സാക്ഷിമൊഴികളിലെ നിർണായക ഘട്ടങ്ങളിൽ തങ്ങൾ കള്ളം പറഞ്ഞുവെന്നാണ് ബന്ധു പറയുന്നത്.

ദേവകിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ എന്ന് പറഞ്ഞ് അവർ തിരിച്ചറിഞ്ഞ സാധനങ്ങൾ പോലും വ്യാജമായിരുന്നു. മോഷ്ടിച്ച സ്വർണത്തിന് 22 ഗ്രാം തൂക്കമുണ്ടായിരുന്നു, എന്നാൽ കോടതിയിൽ ഹാജരാക്കിയ സ്വർണം വെറും 18 ഗ്രാം മാത്രമായിരുന്നു. ഇത് യഥാർത്ഥ സ്വർണ്ണാഭരണങ്ങളല്ലെന്ന് പൊലീസും പ്രോസിക്യൂട്ടർമാരും സാക്ഷികളും ഉൾപ്പെടെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന് ബന്ധു പറഞ്ഞു. പക്ഷേ ദേവകിയുടെ സുഹൃത്തും അയൽവാസിയുമായ ശ്യാമള സ്വർണം ദേവകിയുടേതല്ലെന്ന് കോടതിയിൽ മൊഴി നൽകി. പൊലീസ് അവരെ കൂറുമാറിയ സാക്ഷിയായി പ്രഖ്യാപിച്ചു. ''- നിധീഷ് എഴുതുന്നു.

അതേപോലെ ദയാനന്ദൻ സ്വർണം വിറ്റ് എന്ന തോംസൺ എന്റർപ്രൈസസ് എന്ന സ്ഥാപനം അന്വേഷിച്ചപ്പോഴും താൻ ഞെട്ടിപ്പോയെന്ന് നിധീഷ് എഴുതുന്നുണ്ട്. ചാലക്കുടി പൊലീസ് സ്റ്റേഷന്റെ എതിർവശത്താണ് ഈ കട. ഇപ്പോൾ അത് പ്രവർത്തിക്കുന്നില്ല. ഒരു കൊലപാതകി പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ സ്വർണം പണയം വെക്കുമോ എന്ന ചോദ്യവും ബാക്കിയാവുന്നു. കടയുടെ മുൻ മാനേജരായ ബാബു പി.എയെ കണ്ടെത്തിയപ്പോൾ അയാൾ താൻ ജയാനന്ദൻെ കണ്ടിട്ടില്ലെന്നും പൊലീസിന്റെയും കടയുടമയുടെ സമ്മർദത്തിന് വഴങ്ങി മൊഴി നൽകിയതാണെന്നാണ് പറഞ്ഞത്!

കുടുക്കിയത് തമ്പി

മറ്റൊരു പ്രധാന സാക്ഷിയായ ജിനി വി അനിൽ, പത്രങ്ങളിൽ കണ്ട ഫോട്ടോകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ ജയാനന്ദനെ ചൂണ്ടിക്കാണിച്ചതായി സമ്മതിക്കുന്നുണ്ട്. അറസ്റ്റിലായതിന് തൊട്ടുപിന്നാലെ പൊലീസും മാധ്യമങ്ങളും ജയാനന്ദന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു. കൊലപാതകം നടന്ന് ഏകദേശം ഒരു വർഷത്തിന് ശേഷം ജയാനന്ദനെ തിരിച്ചറിയാൻ ഈ സാക്ഷിയെ വിളിച്ചപ്പോൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു. ഇതുപോലെ ഒരുപാട് അനുഭവങ്ങൾ നിധീഷ് വിശദീകരിക്കുന്നു.

പക്ഷേ തങ്ങൾക്ക് ഉറപ്പില്ലാത്ത കാര്യം എന്തിനാണ് പറഞ്ഞത് എന്ന ചോദ്യത്തിന് എല്ലാവരും ഒരുപോലെ പറഞ്ഞത്, ജയാനന്ദൻ കൊലപാതകിയാണെന്ന് അവർക്ക് ഉറപ്പായിരുന്നൊണ്. കാരണം പത്രങ്ങളും ചാനലുകളും പൊലീസും അവരുടെ മനസ്സിലേക്ക് ആ ധാരണ അടിച്ചേൽപ്പിച്ചു. അതുപോലെ ജയാനന്ദന്റെ പേര് പൊലീസിന് പറഞ്ഞുകൊടുത്ത തമ്പിയെന്ന വ്യക്തിയെയും ഒരുപാട് അന്വേഷണങ്ങൾക്ക്ശേഷം നിധീഷ് കണ്ടെത്തുന്നുണ്ട്. ദേവകിയുടെ കൊലപാതകം അന്വേഷിക്കുന്ന ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായ കോൺസ്റ്റബിളായിരുന്ന വിനയൻ ഭീഷണിപ്പെടുത്തിയപ്പോൾ തമ്പിയാണ് നേരത്തെയും ജയാനന്ദൻ കൊല നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് കൊടുത്തത്.

തമ്പി ഇപ്പോഴും അറിയപ്പെടുന്ന കള്ളനും കുഴപ്പക്കാരനുമാണെന്നും നിധീഷ് എഴുതുന്നു. തമ്പിയുടെ വീടിന്റെ വിലാസം ചോദിച്ചപ്പോൾ ഞാൻ പൊലീസിൽ നിന്നാണോ എന്ന് അയൽവാസികൾ സംശയിച്ചു. പ്രാദേശിക പരിചയക്കാർ അവനെ കാണരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നേരിട്ട് കണ്ടപ്പോൾ താൻ പൊലീസിനോട് പറഞ്ഞതെല്ലാം ശരിയാണെന്നാണ് തമ്പി നിധീഷിനോടും പറയുന്നത്. ജയാനന്ദനെ പിടികൂടിയതിന് പ്രതിഫലം ലഭിക്കാത്തതിലും തമ്പി അസ്വസ്ഥനായിരുന്നു.

പക്ഷേ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം തമ്പി നാട്ടിൽനിന്ന് മുങ്ങി. അടുത്ത ഏതാനും ആഴ്ചകളിലെ ആവർത്തിച്ചുള്ള കോളുകൾക്ക് ശേഷം, ഒടുവിൽ അയാളെ ഫോണിൽ കിട്ടി. ജയാനന്ദനെക്കുറിച്ച് തമ്പി പൊലീസിനോട് കള്ളം പറഞ്ഞോ എന്ന ചോദ്യത്തിന്, 'അതെ മോനേ, ഞാൻ കള്ളം പറഞ്ഞു. നിനക്ക് എന്ത് വേണമെങ്കിലും ചെയ്യ്' എന്ന് പറഞ്ഞ് തമ്പി ഫോൺ കട്ട് ചെയ്യുകയായിരുന്നെന്ന് നിധീഷ് എഴുതുന്നു.

ജയാനന്ദനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചത് സത്യമാണെന്ന്, അന്വേഷണ ഉദ്യോഗസ്ഥനായ, റിട്ടയേഡ് ഡിവൈഎസ്‌പിയായി ആർകെ കൃഷ്ണകുമാർ പരോക്ഷമായി സമ്മതിച്ച കാര്യവും ലേഖനം വ്യക്തമാക്കുന്നുണ്ട്. ദേഹാമസകലം പഞ്ചാസാരതേച്ച് ഉറമ്പിനിട്ട് കൊടുക്കുക, ചെണ്ടക്കോൽ കൊണ്ട് തലക്ക് അടിക്കുക, നഗ്നനാക്കി രഹസ്യമുറിയിൽ പട്ടിണിക്കിടുക തുടങ്ങിയ പലഭേദ്യങ്ങൾക്കും ജയാനന്ദൻ ഇരയായിരുന്നു. ഈ സമയത്ത് ജയാനന്ദനെ സന്ദർശിച്ചപ്പോൾ മർദനമേറ്റതായി തോന്നിയെന്ന് ഭാര്യ ഇന്ദിരയും പറയുന്നുണ്ട്.

വീടിന്റെ ജനലുകളും വാതിലുകളും പകൽ മുഴുവൻ അടച്ചിരിക്കുമെന്നതാണ് ജയാനന്ദനെ കുറ്റവാളിയായി സംശയിക്കാനുള്ള പ്രധാന കാരണമായി കൃഷ്ണകുമാറും പറയുന്നത്. പക്ഷേ രാത്രിയിൽ പണിയെടുക്കുകയും രാവിലെ ഉറങ്ങുകയും ചെയ്യുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് ഇത് സാധാരണമാണെന്ന് ജയാനന്ദന്റെ കുടുംബം പറയുന്നു.

ഏതാണ് ശരി, ഏതാണ് നുണ?

തന്റെ ലേഖനത്തിൽ ഉടനീളം നിധീഷ്, ജയാനന്ദനെ വെള്ളപൂശാനുള്ള ഒരു ശ്രമവും നടത്തുന്നില്ല. പകരം ഇങ്ങനെയൊക്കെയാണ് നമ്മുടെ പൊലീസും കോടതിയുമൊക്കെ പ്രവർത്തിക്കുന്നതെന്നും, എങ്ങനെയാണ് തെളിവുകൾ സൃഷ്ടിക്കപ്പെടുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. പക്ഷേ രണ്ടുതവണ ജയാനന്ദൻ ജയിൽ ചാടിയത് അയാൾക്ക് നേരെയുള്ള സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്. അസാമാന്യമായ ക്രിമിനിൽ മനസ്സുള്ളയാൾക്കേ ഇങ്ങനെ ചെയ്യാൻ കഴിയൂ.

എന്നാൽ ഇത് എന്റെ ഏറ്റവും വലിയ തെറ്റായിപ്പോയെന്നും പൊലീസിൽ ആജീവനാന്ത എതിരാളികളെ സൃഷ്ടിച്ചുവെന്നുണാണ് ജയാനന്ദൻ പറയുന്നത്. താൻ ജയിൽ ചാടിയതിന് സസ്‌പെൻഷനിലായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ 2004-ലെ ഒരു കൊലപാതകത്തിന്റെ പേരിൽ, 2021 ഡിസംബറിൽ തന്നെ കുടുക്കിയതായും ജയാനന്ദൻ പറഞ്ഞു. 2022ൽ സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാർഷികത്തിൽ മാപ്പ് പരിഗണിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ജയാനന്ദൻ തന്നോട് കുറ്റം സമ്മതിച്ചുവെന്ന മുൻ സെൽമേറ്റിന്റെ വാദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കേസ്. ഈ കൊലപാതകം സമ്മതിക്കാൻ തന്നെ രണ്ട് ദിവസം പീഡിപ്പിച്ചുവെന്ന് ജയാനന്ദൻ ആരോപിക്കുന്നു. ഇങ്ങനെയൊക്കെ നോക്കുമ്പോൾ ഈ കേസിൽ എന്താണ് സംഭവിച്ചത് എന്ന് തനിക്ക് തീർത്തും പറയാൻ കഴിയിലെന്ന് പറഞ്ഞാണ്് നിധീഷ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

വാൽക്കഷ്ണം: നാം ചർച്ചചെയ്യേണ്ട മറ്റൊരു ഡാറ്റയും നിധീഷ് മുനോട്ടുവെക്കുന്നുണ്ട്.
2000-നും 2015-നും ഇടയിൽ ഇന്ത്യയിൽ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചവരിൽ 29.8 ശതമാനം പേരെയും (443 കുറ്റവാളികൾ) പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. പ്രോജക്റ്റ് 39എയുടെ 2016-ലെ 'ഡെത്ത് പെനാൽറ്റി ഇന്ത്യ റിപ്പോർട്ട്' ആണ് ഈ കണ്ടെത്തൽ നടുത്തിയത്. സാമ്പത്തിക ഞെരുക്കങ്ങളും സാമൂഹിക വിവേചനവും ഇവരിൽ ഭൂരിഭാഗം പേർക്കും മതിയായ നിയമ സഹായം ലഭിക്കുന്നതിന് തടസ്സം നിൽക്കുന്നതായി പഠനം കണ്ടെത്തി. ആ രീതിയിൽ ചർച്ച ചെയ്യേണ്ട ഒരു കേസ് കൂടിയാണിത്.