- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെപ്പോലും ഭീഷണിപ്പെടുത്തിയ അംബാസിഡര്‍; യുദ്ധത്തിന്റെ വക്കിലെത്തിച്ച ദോക്ലാം പ്രതിസന്ധി പരിഹരിച്ചു നയതന്ത്രജ്ഞന്; ഏഴുഭാഷകളില്‍ വിദഗ്ധന്‍; ഇപ്പോള്‍ കാനഡയെ വിറപ്പിച്ച നയതന്ത്രയുദ്ധത്തിന്റെ സൂത്രധാരന്‍; ദ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍! എസ് ജയശങ്കര്‍ താരമാവുമ്പോള്‍
ചൈനയെപ്പോലും ഭീഷണിപ്പെടുത്തിയ അംബാസിഡര്‍
ദ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍! ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്ന സൗമ്യനും ശാന്തനുമായ മനുഷ്യന്, സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇട്ടിരിക്കുന്ന പേരാണ് അത്. കുറച്ചുകാലമായി ജയശങ്കറിന്റെ നേതൃത്വത്തില്‍ ഇന്ത്യ നയതന്ത്രപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ്. പറയേണ്ട കാര്യങ്ങള്‍ പച്ചയ്ക്ക് പറയും, വണ്ടിവന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കും. പഴയ ചേരിചേരാ മോഡലില്‍ അഴകൊഴമ്പന്‍ നയമല്ല. കൃത്യമായ ചേരിയും തീരുമാനുവുമുള്ളതാണ് ജയശങ്കര്‍ നയം. യുഎന്നില്‍ പാക്കിസ്ഥാനെ നിര്‍ത്തിപ്പൊരിച്ച പ്രസംഗം നോക്കുക. ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ഏറ്റവും നല്ല പ്രസംഗം എന്നാണ് അത് വിലയിരുത്തപ്പെട്ടത്. ഇപ്പോള്‍ കാനഡയുമായുള്ള പ്രശ്നത്തിലും ജയശങ്കര്‍ എടുത്ത ധീരമായ നിലപാട് ഏറെ പ്രകീര്‍ത്തിക്കപ്പെടുകയാണ്. മോദി, അമിത്ഷാ, അജിത് ഡോവല്‍ എന്ന മൂന്നുപേരുടെ കൈയിലായിരുന്ന, ഇന്ത്യയുടെ കോര്‍ പൊളിറ്റിക്കല്‍ ടീമിലെക്ക്് സുബ്രമണ്യം ജയശങ്കറും കടന്നുവരികയാണ്.
ഇന്ത്യയുടെ വളരെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ നിജ്ജര്‍ വധക്കേസില്‍ പെടുത്താനുള്ള കാനഡയുടെ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ചാണ് ജയശങ്കര്‍ ചെറുത്തത്. യുദ്ധ സാഹചര്യം അല്ലാത്തപ്പോള്‍ ഒരു രാജ്യത്തിനെതിരെ ഇത്രയും രൂക്ഷമായ ഒരു പ്രസ്താവന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കുന്നതും അവിടത്തെ നയതന്ത്ര ഉദ്യോഗസ്ഥരെ മുഴുവനായും പിന്‍വലിക്കുന്നതും ഒരുപക്ഷേ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. അതും വലിയ ഒരു സാമ്പത്തിക - സൈനിക ശക്തിയായ കാനഡക്കെതിരെ. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ്കുമാര്‍ വര്‍മ അടക്കമുള്ള ചില ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരാണ് എന്നു കാണിച്ച് കാനഡ കത്തെഴുതിയതാണ് ഇന്ത്യക്ക് പ്രകോപനമായത്.
പ്രസ്താവനയ്ക്ക് പിന്നാലെ, കാനഡയുടെ ഡല്‍ഹിയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് വീലറിനെ വിളിപ്പിച്ച ഇന്ത്യ, കാനഡയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരേയും തിങ്കളാഴ്ച തിരിച്ചുവിളിച്ചു. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് ട്രൂഡോ സര്‍ക്കാര്‍ ഇന്ത്യയെ കരിവാരി തേയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തുറന്നടിക്കുന്നു. ഇന്ത്യയുടെ പ്രസ്താവന വന്നതോടെ അതുവരെ ഗോളിടിച്ചുകൊണ്ടിരുന്ന, കാനഡയും പ്രതിരോധത്തിലായിരിക്കയാണ്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ജയശങ്കര്‍ താരമായത്. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയമാധ്യമങ്ങള്‍, 'ഈ വെട്ടൊന്ന് മുറി രണ്ട്' ജയശങ്കര്‍ ശൈലിയെ, രക്തം ചിന്താന്ത യുദ്ധമെന്നാണ് വിശേഷിപ്പിക്കുന്നത്. സുബ്രഹ്‌മണ്യം ജയശങ്കര്‍ എന്ന 70കാരന്‍ ഒരേ സമയം പരിചയ സമ്പന്നതയുടെയും, ക്ഷമയുടെയും, ആക്രമണോത്സുകതയുടെയും പ്രതിരൂപമാവുകയാണ്. ഒരു ബ്യൂറോക്രാറ്റും, ടെക്നോക്രാറ്റും, പിന്നെ ഒരു പൊളിറ്റീഷ്യനുമായിട്ടുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച കൗതുകകരമാണ്.
ഡല്‍ഹിയില്‍ നിന്ന് വളര്‍ന്നു
ഒരു തമിഴക ഹിന്ദു കുടുംബമാണ് ജയശങ്കറിന്റെത്. സ്ട്രാറ്റജിക് അഫയേഴ്സ് അനലിസ്റ്റ്, കമന്റേറ്റര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന കൃഷ്ണസ്വാമി സുബ്രഹ്‌മണ്യത്തിന്റെയും, സുലോചനയുടെയും മകനായി ഡല്‍ഹിയിലാണ് ജനനം. സഹോദരി സുധ സുബ്രഹ്‌മണ്യം. ചരിത്രകാരന്‍ സഞ്ജയ് സുബ്രഹ്‌മണ്യവും, മുന്‍ ഗ്രാമവികസന സെക്രട്ടറി എസ്. വിജയ് കുമാര്‍ ഐഎഎസും സഹോദരന്‍മ്മാരാണ്.
ഒരു വശത്തുനിന്ന് എഴുതിയാല്‍ മറുവശത്ത് എത്തുന്നതുവരെയുള്ള ബിരുദങ്ങള്‍ ഉള്ളയാളാണ് അദ്ദേഹം. ഡല്‍ഹിയിലെ എയര്‍ഫോഴ്സ് സ്‌കൂളിലും, ബാംഗ്ലൂരിലെ ബാംഗ്ലൂര്‍ മിലിട്ടറി സ്‌കൂളിലുമാണ് ജയശങ്കര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എയും എംഫിലും ഉണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡിയും നേടി. ഇന്ന് കാണുന്ന നിലയിലേക്ക് ജയശങ്കര്‍ വളര്‍ന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദേശകാര്യ മേഖലയിലെ അനുഭവ കരുത്താണ്.
വിവിധ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന നീണ്ട കരിയറാണ് അദ്ദേഹത്തിന്റെത്.
1977-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ശേഷം, ജയശങ്കര്‍ 1979 മുതല്‍ 1981 വരെ മോസ്‌കോയിലെ സോവിയറ്റ് യൂണിയനിലേക്കുള്ള ഇന്ത്യന്‍ മിഷനില്‍ തേര്‍ഡ് സെക്രട്ടറിയും, സെക്കന്‍ഡ് സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം റഷ്യന്‍ ഭാഷ പഠിച്ചു. അദ്ദേഹം ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. അവിടെ നയതന്ത്രജ്ഞനായ ഗോപാലസ്വാമി പാര്‍ത്ഥസാരഥിയുടെ സ്പെഷ്യല്‍ അസിസ്റ്റന്റായും അമേരിക്കയുമായി ഇടപെടുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ അമേരിക്കാസ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ താരാപൂര്‍ പവര്‍ സ്റ്റേഷനുകളിലേക്ക് യുഎസ് ആണവ ഇന്ധനം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ച സംഘത്തില്‍ അംഗമായിരുന്നു. 1985 മുതല്‍ 1988 വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയിലെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം ധ
1988 മുതല്‍ 1990 വരെ അദ്ദേഹം ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാന സേനയുടെ (ഐപികെഎഫ്) ഫസ്റ്റ് സെക്രട്ടറിയായും രാഷ്ട്രീയ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1990 മുതല്‍ 1993 വരെ അദ്ദേഹം ബുഡാപെസ്റ്റിലെ ഇന്ത്യന്‍ മിഷനില്‍ കൗണ്‍സിലര്‍ ആയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തില്‍ ഡയറക്ടറായും (കിഴക്കന്‍ യൂറോപ്പ്) ഇന്ത്യന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ പ്രസ് സെക്രട്ടറിയായും പ്രസംഗ ലേഖകനായും സേവനമനുഷ്ഠിച്ചു .
1996 മുതല്‍ 2000 വരെ ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു ജയശങ്കര്‍. ഈ കാലഘട്ടത്തില്‍ ഇന്ത്യയുടെ പൊഖ്‌റാന്‍ ആണവപരീക്ഷണങ്ങളെത്തുടര്‍ന്ന് ഇന്ത്യ-ജപ്പാന്‍ ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടായത്. ജാപ്പനീസ് പ്രധാനമന്ത്രി യോഷിറോ മോറി ഇന്ത്യന്‍ സന്ദര്‍ശിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഈ ശ്രമത്തിന്റെ പേരിലും ജയശങ്കര്‍ വാഴ്ത്തപ്പെട്ടു.
ഭാവി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ തന്റെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരിചയപ്പെടുത്താന്‍ ജയശങ്കര്‍ സഹായിച്ചു. 2000-ല്‍ അദ്ദേഹം ചെക്ക് റിപ്പബ്ലിക്കിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായി .
2004 മുതല്‍ 2007 വരെ, ജയശങ്കര്‍ ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി (യുഎസ്) ആയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും, ട യുഎസ്-ഇന്ത്യ സിവില്‍ ആണവ കരാറിന്റെ ചര്‍ച്ചകളിലും പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. 2005- ലെ പുതിയ പ്രതിരോധ ചട്ടക്കൂട്, ഓപ്പണ്‍ സ്‌കൈസ് ഉടമ്പടി, എന്നിവയുടെ സമാപനത്തിലും ജയശങ്കര്‍ പങ്കാളിയായിരുന്നു, കൂടാതെ യുഎസ്-ഇന്ത്യ എനര്‍ജി ഡയലോഗിന്റെ തുടക്കത്തിലും അദ്ദേഹം പങ്കാളിയായി. ഇന്ത്യ-യുഎസ് ഇക്കണോമിക് ഡയലോഗ്, ഇന്ത്യ-യുഎസ് സിഇഒ ഫോറം തുടങ്ങിയവയിലും അദ്ദേഹമുണ്ട്. 006-2007ല്‍, അമേരിക്കയുമായുള്ള 123 കരാറിന്റെ ചര്‍ച്ചകളില്‍ ജയശങ്കര്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു .2007 ജൂണില്‍ നടന്ന കാര്‍ണഗീ എന്‍ഡോവ്‌മെന്റ് ഇന്റര്‍നാഷണല്‍ നോണ്‍-പ്രോലിഫറേഷന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു.
പേരെടുത്ത അംബാസഡര്‍
ചൈന, അമേരിക്ക, എന്നിവടങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍ ആയിരിക്കുമ്പോഴാണ്, ജയശങ്കറിന്റെ കഴിവുകള്‍ ലോകമറിയുന്നത്. പതിനെട്ട് മണിക്കൂര്‍ ജോലിചെയ്യുന്ന, സദാ ഊര്‍ജ്വസ്വലനായ ആ വര്‍ക്കഹോളിക്കിനെ ഒരാള്‍ക്കും അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. 2007 മുതല്‍ 2009 വരെ ജയശങ്കര്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചു.നാലര വര്‍ഷത്തെ കാലാവധിയോടെ ചൈനയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ഇന്ത്യയുടെ അംബാസഡറായിരുന്നു ജയശങ്കര്‍. ബെയ്ജിംഗില്‍, ചൈനയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിലും ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം കൈകാര്യം ചെയ്യുന്നതിലും ജയശങ്കര്‍ ഏര്‍പ്പെട്ടിരുന്നു.
ജമ്മു കശ്മീരില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് സ്റ്റേപ്പിള്‍ഡ് വിസ നല്‍കുന്ന ചൈനീസ് നയം അവസാനിപ്പിക്കാന്‍ ജയശങ്കര്‍ ചര്‍ച്ച നടത്തി. അരുണാചല്‍ പ്രദേശും അക്‌സായ് ചിനും ചൈനയുടെ ഭാഗങ്ങളായി കാണിക്കുന്ന ചൈനീസ് പാസ്‌പോര്‍ട്ടുകള്‍ക്ക് മറുപടിയായി, ആ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗങ്ങളായി കാണിച്ച് ചൈനീസ് പൗരന്മാര്‍ക്ക് വിസ നല്‍കാന്‍ അദ്ദേഹം ഉത്തരവിട്ടു. 2013 മെയ് മാസത്തില്‍, ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ലഡാക്കിലെ ദെപ്സാങ് സമതലത്തില്‍ പാളയമിട്ടതിന്റെ ഫലമായുണ്ടായ തര്‍ക്കം അവസാനിപ്പിക്കാന്‍ അദ്ദേഹം ചര്‍ച്ച നടത്തി, ചൈനീസ് സൈന്യം പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ലീ കെകിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതും ചരിത്രം. ചൈനയുടെ മുഖത്തുനോക്കി ഇങ്ങനെയൊന്നും പറയാന്‍ അധികം പേര്‍ക്ക് കഴിഞ്ഞിട്ടില്ല. അരുണാചല്‍ പ്രദേശില്‍ ഇരു രാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ച ദോക്ലാം പ്രതിസന്ധി പരിഹരിച്ചതാണ് ജയശങ്കറിന്റെ ഏറ്റവും വലിയ സേവനമായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ആളുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും 30 ചൈനീസ് നഗരങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.
2013 സെപ്റ്റംബറിലാണ് ജയശങ്കറിനെ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചത്. നിരുപമ റാവുവിന്റെ പിന്‍ഗാമിയായി. ദവയാനി ഖോബ്രഗഡെ സംഭവത്തിന് ഇടയില്‍ അദ്ദേഹം അമേരിക്കയില്‍ എത്തി, അവരുടെ അമേരിക്കയില്‍ നിന്ന് പോകാനുള്ള സന്ധിചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തു.2014 സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്നി അമേരിക്കന്‍ സന്ദര്‍ശനം ആസൂത്രണം ചെയ്യുന്നതില്‍ ജയശങ്കര്‍ ഉള്‍പ്പെട്ടിരുന്നു, ഈ പരിപാടി ഒരു വമ്പന്‍ വിജയം ആയപ്പോഴാണ്, മോദിയുടെ കണ്ണില്‍ ഇദ്ദേഹം പെടുന്നത്. അന്നു തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു.
2013-ല്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു ജയശങ്കര്‍, എന്നാല്‍ സുജാത സിംഗിനോട് പരാജയപ്പെട്ടു, സുജാത സിങ്ങിനോട് പരാജയപ്പെട്ടു. 2015 ജനുവരി 29 -നാണ് ജയശങ്കര്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 2015 ജനുവരി 28-ന് ചേര്‍ന്ന മന്ത്രിസഭയുടെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ നിയമന പ്രഖ്യാപനം നടന്നത്. 2015ലെ നേപ്പാള്‍ ഉപരോധത്തിന്റെ യഥാര്‍ത്ഥ ആസൂത്രകന്‍' എന്ന നിലയിലും ജയശങ്കര്‍ വിലയിരുത്തപ്പെടുന്നുണ്ട്. 2018-ല്‍ വിദേശകാര്യ സെക്രട്ടറിയായി വിരമിച്ച ശേഷം ജയശങ്കര്‍ ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഇതും വല്ലാത്ത ഒരു അപുര്‍വതയായിരുന്നു. എല്ലാ സിവില്‍ സര്‍വീസുകാര്‍ക്കും നിര്‍ബന്ധമാക്കിയ 'കൂളിംഗ് ഓഫ് പിരീഡില്‍' നിന്ന് ജയശങ്കറിന് ഇളവ് കിട്ടിയതും വാര്‍ത്തയായിരുന്നു.
മോദി വഴി രാഷ്ട്രീയത്തിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുത്ത ബന്ധംതന്നെയാണ് ജയശങ്കറിനെ രാഷ്ട്രീയത്തില്‍ എത്തിച്ചത്. പ്രധാനമന്ത്രിയായ ആദ്യ ടേമില്‍ തന്നെ മോദിയുടെ വിദേശനയത്തിന്റെ കാതല്‍ രൂപപ്പെടുത്തിയത്, ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വിദേശകാര്യ സെക്രട്ടറി എന്ന ഖ്യാതിയുള്ള ഇദ്ദേഹമാണ്. ഗുജറാത്തില്‍നിന്ന് 2019 ജൂലൈ 5 ന്, ബിജെപിയുടെ രാജ്യസഭാംഗമായി അദ്ദേഹം പാര്‍ലിമെന്റിലെത്തി. 2019 മെയ് 30 മുതല്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി. അന്തരിച്ച സുഷമ സ്വരാജിന്റെ പിന്‍ഗാമിയായി അദ്ദേഹം സുഷമയെപ്പോലെ ജനപ്രിയനായി.
പിന്നീട് അങ്ങോട്ട് പതുക്കെപതുക്കെ ആഗോളതലത്തിതന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വമായി മാറുന്ന ജയശങ്കറിനെയാണ് ലോകം കണ്ടത്. ഇന്ന് ഒരേ സമയം ഇസ്രയേലുമായും ഇറാനുമായും സൗഹൃദം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കടയക്കമുള്ളവരോടും നാം നല്ല ബന്ധം പുലര്‍ത്തുന്നു. എന്നാല്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും അടവുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി എന്ന കീര്‍ത്തിയും അദ്ദേഹത്തിന് സ്വന്തം.
ഐക്യരാഷ്ട്ര സഭയിലൊക്കെ ഇന്ത്യയുടെ ശബ്ദമായി കത്തിക്കയറുന്ന, ഇംഗ്ലീഷ്, തമിഴ്, റഷ്യന്‍, ഹിന്ദി, ജാപ്പനീസ്, ചൈനീസ്, ഹംഗേറിയന്‍ എന്നീ ഏഴുഭാഷകള്‍ അറിയാവുന്ന ഈ ഈ മനുഷ്യന്‍ വ്യക്തിജീവിതത്തില്‍ തീര്‍ത്തും, ശാന്തനും സൗമ്യനുമാണ്. ( ഒരോ രാജ്യത്തെക്കും മാറുമ്പോള്‍ അവിടുത്തെ ഭാഷ പഠിക്കുക എന്ന വലിയ ദൗത്യവും ജയശങ്കര്‍ ചെയ്തു) ജെഎന്‍യുവില്‍ പഠിക്കുമ്പോഴാള്‍ പരിചയപ്പെട്ട ശോഭയായിരുന്നു അദ്ദേഹത്തിന്റെ ജീവിത പങ്കാളി. കാന്‍സര്‍ ബാധിച്ചാണ് ഇവര്‍ മരിച്ചത്. പിന്നീട്, ജപ്പാനിലെ ഇന്ത്യന്‍ എംബസിയില്‍ ജോലിചെയ്യുമ്പോള്‍ കണ്ടുമുട്ടിയ ജാപ്പനീസ് വംശജനായ ക്യോക്കോയെ അദ്ദേഹം വിവാഹം കഴിച്ചു. ഇവര്‍ക്ക് ധ്രുവ, അര്‍ജുന്‍ എന്നീ രണ്ട് ആണ്‍മക്കളും മേധ എന്ന മകളുമുണ്ട്.
ഉദ്യോഗസ്ഥ ജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ, അഴിമതിയുടെ കറ വീഴാത്ത വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്. കോടികള്‍ കമ്മീഷനടിക്കാന്‍ കഴിയുന്ന ആയുധ ഇടപാടുകളില്‍ പങ്കാളിയായ ഒരു മനുഷ്യന്് ശമ്പളമില്ലാതെ മറ്റൊരു വരുമാനവും ഇല്ല എന്നത്് സാധാരണ ഗതിയില്‍ വിശ്വസിക്കാന്‍ പ്രയാസമായ കാര്യമാണ്. പക്ഷേ അതാണ് സത്യം.
മോദി-അമിത്ഷാ- ഡോവല്‍- ജയശങ്കര്‍
ഇന്ത്യയുടെ വിദേശ-സൈനിക നയങ്ങള്‍ തീരുമാനിച്ചിരുന്ന മൂവര്‍ സംഘത്തിലേക്ക് ജയശങ്കര്‍ എന്ന നാലാമന്‍ കൂടി കടന്നുവന്നരിക്കയാണ്. ഇന്ത്യയുടെ അണ്ടര്‍ കവര്‍ ഓപ്പറേഷനുകളിലും, ഡോവലിനൊപ്പം ജയശങ്കറിന്റെതും പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഒരുകാലത്ത് തീവ്രവാദംകൊണ്ട് തുലഞ്ഞുപോയ രാഷ്ട്രമായിരുന്നു ഇന്ത്യ. പക്ഷേ കഴിഞ്ഞ വര്‍ഷം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യയെ എതിര്‍ക്കുന്ന ഭീകരര്‍ കൊല്ലപ്പെടുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇസ്രായേലിലെ മൊസാദിനെപ്പോലെ, ഇന്ത്യന്‍ ഒരു കില്ലര്‍ സ്‌ക്വാഡ് ഉണ്ടാക്കിയെന്നതും സംശയമുയരുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് ഖലിസ്ഥാന്‍ ഭീകരരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി നടന്ന മൂന്ന് കൊലപാതകങ്ങള്‍. ഒന്ന് പാകിസ്താനില്‍, അടുത്തത് കാനഡയില്‍, മറ്റൊന്ന് ബ്രിട്ടണില്‍. കൊല്ലപ്പെട്ടവര്‍ മൂന്ന് പേരും ഖലിസ്താന്‍ സംഘടകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍. മൂന്ന് പേരും ഇന്ത്യയുടെ നോട്ടപ്പുള്ളികള്‍. ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്സ് മേധാവി പരംജിത് സിങ് പഞ്ച്വാര്‍ പാകിസ്താനിലെ ലാഹോറില്‍വെച്ചാണ് വെടിയേറ്റ് മരിച്ചത്. ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സിലെ അംഗമായ അവതാര്‍ സിങ് പുര്‍ബ ബ്രിട്ടണിലെ ബര്‍മിങാമിലെ ഒരു ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറാണ് കാനഡയില്‍ വെടിയേറ്റു മരിച്ചത്. ഇതാണ് ഇപ്പോള്‍ കാനഡ പ്രശ്‌നമാക്കുന്നത്.
ഇന്ത്യ എല്ലാം നിഷേധിക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. പിന്നെ ആരാണ് ഇന്ത്യയുടെ ശത്രുക്കളെ കാലപുരിക്ക് അയക്കുന്നത്. വിദേശരാജ്യങ്ങള്‍ പറയുന്നത് അത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍ന്‍സിയാ റോ തന്നെയാണെന്നാണ്. 2018-ല്‍ തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ ആസൂത്രണം ചെയ്തതുപോലെ, വിദേശത്ത് 'രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ ഗ്രൂപ്പില്‍' ഇന്ത്യയും വരുമെന്നാണ് കനേഡിയന്‍ സ്വതന്ത്ര ഗവേഷകനായ കൂലോണ്‍ പറയുന്നത്. സിഐഎയുടെയും, മൊസാദിന്റെയുമൊക്കെ കില്ലര്‍ സ്‌ക്വാഡുകളെപ്പോലെ, ലോകത്തിന്റെ ഏത് കോണില്‍ പോയി ശത്രുക്കളെ കൊന്നിടുന്ന രീതി. ആ ശൈലിയിലേക്ക് റോയും കടക്കുകയാണെന്നാണ്, വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പാക്കിസ്ഥാനില്‍വെച്ച് നിരവധി കാശ്മീര്‍ ഭീകരരും കൊല്ലപ്പെടുന്നുണ്ട്.
ഈ കൊലകളിലൊന്നും ആരാണ് ഘാതകരെന്ന് ആര്‍ക്കും അറിയില്ല. പ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. അതിനര്‍ഥം ഒന്നേയുള്ളു പ്രഫഷനല്‍ പരിശീലനം കിട്ടിയവരാണ് കൊല നടത്തിയത്. കൃത്യം നടത്തിയാലുടന്‍ രക്ഷപ്പെടാന്‍ സര്‍വ സന്നാഹങ്ങളും ഉള്ളവര്‍. 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ'യെന്നാണ് സംസാരം. ഇന്ന് ചൈനയും പാക്കിസ്ഥാനും ഭയക്കുന്ന സ്‌പൈ നെറ്റ്വര്‍ക്ക് ഇന്ത്യക്ക് ഉണ്ടെന്ന് സാക്ഷാല്‍ ന്യൂയോര്‍ക്ക് ടൈംസ് പോലും എഴുതിയിട്ടുണ്ട്.
കാനഡയില്‍ ഒരു വലിയ സാമൂഹിക പ്രശ്നമായി മാറിക്കഴിഞ്ഞു ഖലിസ്ഥാന്‍ തീവ്രവാദം. അവിടെയുള്ള സിഖ് തീവ്രവാദികള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്. കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ മുന്നില്‍ വച്ച് ഇന്ത്യന്‍ പത്രപ്രവര്‍ത്തകരെ ആക്രമിച്ചത് തൊട്ടുള്ള എത്രയോ സംഭവങ്ങള്‍ ഉണ്ടായി. ഇന്ത്യ പലതവണ പരാതികൊടുത്തിട്ടും കാനഡ അനങ്ങിയില്ല. ഒടുവില്‍ അത്തരം ഭീകരര്‍ കൊല്ലപ്പെടുമ്പോള്‍ കാനഡ മുതലക്കണ്ണീരുമായി ഇറങ്ങുന്നു. ഒരു വികസിത രാജ്യമായ കനഡ മണ്ണില്‍ വന്ന്, അവര്‍പോലുമറിയാതെ, റോ ഓപ്പറേഷന്‍ നടത്തിക്കളഞ്ഞതോടെ കാനഡയും ജാള്യതയിലായി. ഇന്ത്യയെ സംബന്ധിച്ച് ദേശ സുരക്ഷതന്നെയാണ് പ്രാധാനം. ഇന്ത്യ തലക്ക് വിലപറഞ്ഞ, കൈമാറണമെന്ന് പലതവണ ആവശ്യപ്പെട്ട കൊടും ഭീകരനാണ് വെടിയേറ്റ് വീണത്. അല്ലാതെ നിരപരാധിയായ സിവിലിയന്‍ അല്ല. ബിന്‍ ലാദനെ പാക്കിസ്ഥാനില്‍പോയി ഭസ്മമാക്കി, ആരുമാറിയാതെ ശവം കടലില്‍ ഒഴുക്കിയ അമേരിക്കന്‍ മറീനുകളുടെ ഓപ്പറേഷന് സമാനമായ ദൗത്യമാണ് റോയും നടത്തിയത്. ഇത് കാനഡക്കും ഒരു പാഠമാണ്. വോട്ടുബാങ്കിനുവേണ്ടി തീവ്രവാദത്തോട് മുദുസമീപനം എടുത്താല്‍ തങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കില്ല എന്ന മുന്നറിയിപ്പ്!
ഇവിടെയാണ് ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, അത് ശക്തമായി എക്സിക്യൂട്ട് ചെയ്യാന്‍ കഴിയുന്ന ജയശങ്കറെപ്പോലെയുള്ളവരുടെ പ്രസക്തി. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട എന്ന് കാനഡയോട് മൗനമായി പറയുകയാണ് അദ്ദേഹം. ഇന്ത്യയുടെ വിദേശനയത്തില്‍ കാര്യമായ മാറ്റം വരുത്താതെ, സമീപനത്തിലുള്ള മാറ്റത്തിലുടെയാണ് ജയശങ്കര്‍ പേരെടുക്കുന്നത്.
വാല്‍ക്കഷ്ണം: പാക്കിസ്ഥാന്‍ പോലെയൊന്നുമല്ല ഇന്ത്യക്ക് കാനഡ. അത് ജയശങ്കറിനും നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് ഈ നയതന്ത്രയുദ്ധത്തിനിടയിലും അദ്ദേഹം ആ രാജ്യവുമായി സന്ധി സംഭാഷണങ്ങളും നടത്തുന്നത്.