മുംബൈ നഗരം സ്തംഭിച്ചുപോയ ഒരു തെളിവെടുപ്പായിരുന്നു അത്. 127 ട്രക്കുകളിൽ 31,669 പെട്ടികൾ നിറയെ അപേക്ഷാ ഫോമുകൾ. ഒപ്പം രണ്ടു കോടി വൗച്ചറുകളും! അതുകൊണ്ടുവന്നത് സെബി ഓഫീസിലേക്കായിരുന്നു. അവർ ഇന്ത്യയുടെ ഒരു വ്യവസായിയോട് നിക്ഷേപങ്ങളുടെ വിശദീകരണം ചോദിച്ചതന്റെ മറുപടിയാണ് ഈ സിനിമാ സ്റ്റെൽ വരവ്. അത് ദേശീയ വാർത്തയായി. പക്ഷേ സെബി ഉദ്യോസ്ഥരുടെ ഈഗോ അതോടെ ശരിക്കും വർക്കൗട്ടായി. അത്രയും അഹങ്കാരിയായ ആ വ്യവസയായി തീർത്തുകളയാൻ തന്നെ ആയിരുന്നു അവരുടെ തീരുമാനം.

വെറും 1500 രൂപ ശമ്പളക്കാരനയാണ് അയാൾ തുടങ്ങിയത്. പിന്നെ അമ്പരപ്പിക്കുന്നു ഒരു വളർച്ച. റിയൽ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റലുകൾ, ടൂറിസം, എയർലൈൻ, വൈദ്യുതി ഉൽപ്പാദം, ഫ്ളാറ്റ് നിർമ്മാണം എന്നിങ്ങനെയായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, 5,000-ത്തിലധികം സ്ഥാപനങ്ങളിലൂടെ തലവനായി. 2004-ൽ, ടൈം മാഗസിൻ സഹാറ ഗ്രൂപ്പിനെ ' ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവ് ' എന്ന് വിശേഷിപ്പിച്ചു. പക്ഷേ 2010
മുതൽ കേൾക്കാനുണ്ടായിരുന്നത് അയാളുടെ പതനത്തിന്റെ കഥയായിരുന്നു. പണത്തട്ടിപ്പു വിവാദത്തിൽപ്പെട്ട് പൊലീസിനെയും കോടതിയെയും വട്ടംകറക്കിയ അയാൾ ഒടുവിൽ നാടകീയമായി അഴിക്കുള്ളിലായി. അതുവരെയുണ്ടാക്കിയതെല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതും അയാൾക്ക് കാണേണ്ടിവന്നു. ഒടുവിൽ ദീർഘനാളത്തെ ആശുപത്രിവാസത്തിനു ശേഷം മരണം.

അതാണ് സുബ്രതോ റോയ് എന്ന കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യൻ ബിസിനസ് ടൈക്കൂൺ. സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഈ 75കാരൻ രണ്ടു ദിവസം മുമ്പാണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രമേഹം ഉൾപ്പെടെയുള്ള അസുഖത്തെ തുടർന്ന് നവംബർ 12നാണ് സുബ്രത റോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പക്ഷേ സുബ്രതാ റോയ് മരിച്ചിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ കഥ സിനിമയും ആവുകയാണ്. ആമസോൺ പോലെ, ആലിബാബ പോലെ ലോകം മുഴുവൻ എത്തേണ്ടിയിരുന്ന, പ്രതിഭാശാലിയായ ഒരു ഇന്ത്യൻ വ്യവസായിയെ, ബ്യറോക്രസിയും രാഷ്ട്രീയക്കാരും ചേർന്ന് നശിപ്പിച്ചെന്നതാണ് സിനിമയുടെ ഉള്ളടക്കമെന്നും അറിയുന്നു. അതിലെ സത്യം എന്തുമാവട്ടെ. അലാവുദ്ധീന്റെ അത്ഭുത വിളക്കിലെയൊക്കെപ്പോലെ, തീർത്തും അസാധാരണമായ കഥയായാണ് നമുക്ക് സുബ്രതോ റോയിയുടെ ജീവിതം തോന്നുക.

1,500 രൂപയിൽ നിന്ന് ഒന്നരലക്ഷം കോടിയിലേക്ക്

1948 ജൂൺ 10ന് ബിഹാറിലെ അരാരിയിൽ സുധീർ ചന്ദ്ര റോയിയുടെയും ഛബി റോയിയുടെയും മകനായാണ് ജനനം. കഷ്ടിച്ച് കഴിഞ്ഞുകൂടാനുള്ള വകുപ്പ് ഉണ്ടായിരുന്നു വെറുമൊരു ഇടത്തരം കുടുംബമായിരുന്നു അത്. തന്റെ മുപ്പതാം വയസ്സിൽ ഗോരഖ്പൂരിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്താണ് റോയ് ജോലി ചെയ്തു സമ്പാദിക്കാൻ തുടങ്ങുന്നത്. വെറും 1,500 രൂപയാണ് ആദ്യ ശമ്പളമായി നേടിയത് എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ വർഷങ്ങക്കിപ്പുറം, ഒന്നര ലക്ഷം കോടിയുടെ ബിസിനസ്സ് ആസ്തിയുള്ള സാമ്രാജ്യത്തിന്റെ അധിപനായി സുബ്രതാ റോയ് മാറി.

1976 ൽ, പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് എന്ന ചിട്ടിക്കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്. വെറും രണ്ടായിരം രൂപയായിരുന്നു മുലധനം. 1978 ൽ, പഴയ പിയർലെസ് ഗ്രൂപ്പിന്റെ സാമ്പത്തിക മാതൃക പിന്തുടർന്ന് സഹാറയെ അടിമുടി മാറ്റി. കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നാക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് കണ്ണുചിമ്മുന്ന വേഗത്തിലായിരുന്നു സഹാറ ഗ്രൂപ്പിന്റെ വളർച്ച. കുടുംബം ബിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടർന്ന്, 1990-കളിൽ സുബ്രത റോയ് ലഖ്‌നൗവിലേക്ക് മാറുകയും നഗരത്തെ തന്റെ ഗ്രൂപ്പിന്റെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.

സുബ്രത റോയിലുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമുച്ചയമായി സഹാറ വളർന്നു. 1992 ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ദിനപത്രം തുടങ്ങി. പിന്നാലെ സഹാറ ടിവി ചാനലും ആരംഭിച്ചു. റിയൽ എസ്റ്റേറ്റ്, മാധ്യമം, ചികിത്സാ രംഗം തുടങ്ങിയവയാണ് റോയിയുടെ പ്രധാന നിക്ഷേപ മേഖലകൾ. മുംബൈയിൽ സ്ഥിതി ചെയ്യുന്ന ആമ്പി വാലി സിറ്റിയും, ലണ്ടനിലെ ഗ്രോസ്നോവർ ഹൗസും, ന്യൂയോർക്കിലെ ന്യൂയോർക്ക് പ്ലാസ ഹോട്ടലുമാണ് സഹാറ ഗ്രൂപ്പിന്റെ പ്രധാന ആഡംബര നിർമ്മിതികൾ.

കായികമേഖലയിലും പേരു പതിക്കാൻ സഹാറ മറന്നില്ല. ഇന്ത്യൻ ബാഡ്മിന്റൺ ലീഗിലെ എട്ടു ടീമുകളിൽ ഒന്നിന്റെ ഉടമസ്ഥത സഹാറയ്ക്കായിരുന്നു. അതുപോലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പുനെ വാരിയേഴ്സ് ഇന്ത്യ എന്ന ടീമും സഹാറയുടെ ഉടമസ്ഥതയിലായിരുന്നു. 2012-15 കാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ സ്പോൺസർ ചെയ്തത് സഹാറയാണ്. ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീം, ഹോക്കി ടീം, ഫോഴ്സ് ഇന്ത്യ ഫോർമുല വൺ ടീം തുടങ്ങിയവുടെ മുൻകാല സ്പോൺസർ കൂടിയായിരുന്നു റോയ്.

12 ലക്ഷം ജീവനക്കാർ, 9 കോടി നിക്ഷേപകർ

90കളുടെ അവസാനം, 12 ലക്ഷത്തോളം ജീവനക്കാരും ഒൻപതു കോടി നിക്ഷേപകരും സഹാറയ്ക്കുണ്ടായിരുന്നു. ഇത് രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ ഏതാണ് 13 ശതമാനമാണ്. രാജ്യത്താകമാനം സഹാറ ഗ്രൂപ്പ് ബാങ്കിങ് രംഗത്ത് വ്യാപിച്ചു. നൂതന ലോൺ സ്‌കീമുകളിലൂടെ രാജ്യത്ത് ആകമാനം ഉള്ളവർക്ക് സഹാറ ഗ്രൂപ്പ് ഹൗസിങ് ലോണുകൾ നൽകി. ഹൗസിങ് ലോൺ സ്ഥാപനമായ ഹൗസിങ് ഫിനാൻസ് കോർപറേഷനും സാധാരണക്കാരന് അത്താണിയായി.

നിരവധി ഹൗസിങ് പ്ലാനുകൾ വഴി രാജ്യത്താകമാനം നിരവധി റിയൽ എസ്റ്റേറ്റ് ബിസിനസ്സുകൾ സഹാറ നടത്തി. കാൺപൂർ, ഗോരഖ്പൂർ, ഹൈദരാബാദ്, ഭോപ്പാൽ, കൊച്ചി, ഗുർഗോൺ, പൂണെ തുടങ്ങിയ നഗരങ്ങളാണ് പ്രധാന റിയൽ എസ്റ്റേറ്റ് കേന്ദ്രങ്ങൾ. ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ സഹാറ ഒരു സ്റ്റാർ ഹോട്ടൽ തുടങ്ങി.

റീട്ടെയിൽ രംഗത്തും, വൈദ്യുതി രംഗവും അദ്ദേഹം ഒരു കൈനോക്കി. 'ക്യു ഷോപ്പ് ' എന്ന പേരിൽ ഒരു റീട്ടെയിൽ സ്ഥാപനവും, ജാർഖണ്ഡ്, ഒഡീഷ്സ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ വൈദ്യുതി ഉൽപ്പാദന രംഗത്തും റോയ് നിക്ഷേപിച്ചു. എയർ സഹാറ എന്ന പേരിൽ റോയ് എയർലൈൻസ് ആരംഭിച്ചിരുന്നു. സഹാറ കോളേജ് ഓഫ് നഴ്‌സിങ്, പാരാമെഡിക്കൽ സയൻസ് കോളേജ് എന്നിവയായി വിദ്യാഭ്യാസ മേഖലയിലും കടന്നു. ചരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിലെ പരമ്പരാഗത വ്യവസായികളായ ടാറ്റയെയും ബിർലയെയും കടത്തിവെട്ടിക്കൊണ്ട് സഹാറ കുതിച്ചു പാഞ്ഞു.

അന്ന് ശരിക്കും താരമായിന്നു സുബ്രതോ. വിവിധ ബിസനസ് മാഗസിനുകളുടെ കവർ ആയി. ടൈം മാഗസിനിൽ ലേഖനം വന്നു. സുബ്രതോ റോയിക്ക് ലഭിക്കുന്ന സെക്യൂരിറ്റി സംസ്ഥാന മുഖ്യമന്ത്രിക്ക് പോലും ഇല്ല എന്ന് ഒരിക്കൽ മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞിരുന്നു. പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡുകളും പൊലീസ് ഫോഴ്സും റോയിയെ അനുഗമിച്ചിരുന്നു. സഹാറയുടെ വാഹനവ്യൂഹത്തിൽ നിരവധി വിദേശ കാറുകളും പൊലീസ് വാഹനങ്ങളും ഉൾപ്പെടുന്നു. അങ്ങനെ അക്ഷരാർഥത്തിൽ രാജകീയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മകളുടെ വിവാഹത്തിന് 250 കോടി

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗ ആയിരുന്നു റോയിയുടെ ഇഷ്ട നഗരം. അവിടെയായിരുന്നു സ്ഥിര താമസവും. 'ആധുനിക ലഖ്നൗവിന്റ സൃഷ്ടാവ്' എന്നും പല ബിസിനസ് മാഗസസിനുകളിലും അദ്ദേഹത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ലഖ്നൗവിൽ അദ്ദേഹം സഹാറ സിറ്റിയും സഹാറ ഹോംസും സ്ഥാപിച്ചു. നഗരത്തിലെ പോഷ് ഏരിയയായ ഗോമതി സ്ട്രീറ്റിൽ 350 കിടക്കകൾ ഉള്ള ഒരു ആശുപത്രിയും സിറ്റി സെന്ററിൽ സഹാറ മാളും ഉണ്ടാക്കി.

ലക്നൗ കണ്ട ഏറ്റവും വലിയ ആഡംബരമായ വിവാഹമായിരുന്നു, 2004 ൽ സുബ്രതോ റോയ് തന്റെ മകൾക്കായി ഒരുക്കിയത്. 250 കോടിയായിരുന്നു വിവാഹ ചെലവ്. ലക്നൗവിലേക്ക് അന്ന് നിരവധി ചാർട്ടേഡ് വിമാനങ്ങൾ പറന്നെത്തി. അക്കാലത്തെ പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജ്കുമാർ സന്തോഷി വിവാഹത്തിന്റെ മുഴുവൻ രംഗങ്ങളും സിനിമ പോലെ ചിത്രീകരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ഹെഡ് ഷെഫ് ഹേമന്ത് ഒബ്‌റോയി ആണ് അതിഥികൾക്കായി വിഭവങ്ങൾ ഒരുക്കിയത്. വിവാഹച്ചടങ്ങുകളുടെ മാറ്റ് കൂട്ടാൻ ലണ്ടനിൽ നിന്ന് പ്രത്യേക സിംഫണി ഓർക്കസ്ട്രയും എത്തിയിരുന്നു.

അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും അതിഥികളുടെ പട്ടികയിൽ ഉണ്ടായിരുന്നു. സുബ്രതാ റോയിയുടെ അധികാരങ്ങളും ബിസിനസുകളും സംസ്ഥാനത്ത് തടസ്സങ്ങളില്ലാതെ രണ്ട് പതിറ്റാണ്ടോളം വളർന്നു.

ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വീർ ബഹദൂർ സിംഗുമായി റോയിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായ മുലായം സിങ്ങുമായും റോയ് അടുത്ത ബന്ധം പുലർത്തിയിരുന്നു. അമർ സിംഗുമായും അടുത്ത ബന്ധമാണ്. ബോളിവുഡ് താരം അമിതാബച്ഛനുമായി അമർ സിങ് നല്ല ബന്ധത്തിൽ ആയിരുന്നു. പക്ഷെ ബച്ചന് ഈ സമയം പരാജയങ്ങൾ നേരിട്ടിരുന്നു അപ്പോഴാണ് സഹാറ ഗ്രൂപ്പ് എയർലൈൻ ആരംഭിച്ചത്. ഇതിലൂടെ ലഖ്നൗവിലേക്ക് സിനിമാ താരങ്ങൾ കൂടുതലായി എത്തുകയും അമിതാ ബച്ചന്റെ നിരന്തര സന്ദർശനത്തിലൂടെ ഹിന്ദി സിനിമയുടെ മറ്റൊരു കേന്ദ്രമായി ലഖ്നൗ മാറുകയും ചെയ്തു.

മായവതിയും സെബിയും ഇടയുന്നു

എല്ലാവരോടും അടുപ്പമുള്ള ഒരു ബിസിനസ് മാൻ എന്നാണ് അക്കാലത്ത് സുബ്രതോ റോയ് അറിയപ്പെട്ടിരുന്നത്. എന്നാൽ മായാവതി സർക്കാർ അധികാരത്തിലെത്തിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. മായാവതി സഹാറ സിറ്റിയെ തന്നെ നേരിട്ട് ലക്ഷ്യമിടാൻ തുടങ്ങി. ബുൾഡോസറുകൾ ഉത്തർപ്രദേശ് രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായി മാറി. മായാവതിയുടെ നിർദ്ദേശപ്രകാരം സഹാറ സിറ്റിയുടെ വലിയൊരു ഭാഗം പൊളിച്ചുനീക്കി. ഇത് സഹാറാ ഗ്രൂപ്പിന്റെ ഇമേജിന് തന്നെ വലിയ ഒരു അടിയായി. പക്ഷേ ആ സമയത്ത് മുലായം സിങും, കോൺഗ്രസുമൊന്നും അദ്ദേഹത്തെ സഹായിച്ചില്ല. സുബ്രതോവിൽനിന്ന് ലക്ഷങ്ങൾ ഇലക്ഷൻ ഫണ്ട് കൈപ്പറ്റിയവർ ആയിരുന്നു അവർ. പക്ഷേ അതോടെ മായാവതിയെ താഴെയിറക്കുമെന്നും സുബ്രതോ റോയ് തീരുമാനിച്ചു. അടുത്ത ഇലക്ഷനിൽ അത് സംഭവിക്കുകയും ചെയ്തു.

പക്ഷേ സുബ്രതോ റോയിയുടെ കഷ്ടകാലം വരാനിരക്കുന്നതേയുള്ളൂ. ആകാശം മുട്ടേ വളർന്നു നിൽക്കുമ്പോഴാണ് സുബ്രതയ്ക്കു മേൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ കണ്ണു പതിയുന്നത്. സെബിയിൽ രജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010 ൽ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനി തിരിച്ചടി നേരിട്ടു. റോഷൻ ലാൽ എന്ന സാധാരണ നിക്ഷേപകൻ, അതിനു നാലു വർഷം മുൻപു സെബിക്ക് നൽകിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകൾ പുറത്തു വരാൻ വഴിതുറന്നത്.

മൂന്നു കോടി നിക്ഷേപകരിൽനിന്നു സമാഹരിച്ചത് 20,000 കോടി രൂപയാണെന്ന് സെബി കണ്ടെത്തി. ഇതിന് വിശദീകരണം ചോദിച്ചപ്പോഴാണ് സുബ്രതോ ഷോ കാട്ടിയത്. 127 ട്രക്കുകളിൽ 31,669 കാർട്ടണുകൾ നിറയെ അപേക്ഷാ ഫോമുകൾ. ഒപ്പം രണ്ടു കോടി വൗച്ചറുകളും. മുംബൈ നഗരത്തിനു പുറത്തു ട്രക്കുകൾ സൃഷ്ടിച്ച ഗതാഗതക്കുരുക്കും വാർത്തയായിരുന്നു. അതോടെ സുബ്രതോക്ക് കുരുക്ക് മുറുകയിയെന്നതും വേറെ കാര്യം.

2008 ൽ ജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കുന്നത് അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സഹാറയോട് ആവശ്യപ്പെട്ടിരുന്നു. അപ്പോൾത്തന്നെ സഹാറയുടെ പൊതു നിക്ഷേപം ഏതാണ്ട് 20,000 കോടി ആയിരുന്നു. പിന്നീട് 2009 സെപ്റ്റംബർ 30ന് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ സഹാറാ പ്രൈം സിറ്റി പ്രാഥമിക ഓഹരി വിൽപനയ്ക്കു സെബിയെ സമീപിച്ചു. ഇതിനായി അപേക്ഷ (ഡിആർഎച്ച്പി) നൽകി. ഇതിനിടയിലാണു സഹാറയുടെ സ്ഥാപനങ്ങളായ സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റും സഹാറ ഹൗസിങ് ഇൻവെസ്റ്റ്‌മെന്റും വൻ തോതിൽ പണം സമാഹരിക്കുന്നതായി സെബി കണ്ടെത്തിയത്. 2009 ഡിസംബർ 25 നും 2010 ജനുവരി നാലിനും രണ്ടു പരാതികൾ കൂടി സെബിക്കു ലഭിച്ചു.

പൂർണമായും ഓഹരികളാക്കി മാറ്റാവുന്ന (നിർബന്ധമില്ലാത്തത്) കടപ്പത്രങ്ങൾ (ഒഎഫ്‌സിഡി) പുറത്തിറക്കി ഈ കമ്പനികൾ മാസങ്ങളായി വൻ തുക പൊതുജനങ്ങളിൽനിന്നു സമാഹരിച്ചിരുന്നു. ഇതിൽ രണ്ടാമത്തെ പരാതിയാണു റോഷൻ ലാൽ നൽകിയത്. ഇതിനെ അടിസ്ഥാനമാക്കിയാണു ഗ്രൂപ്പിനോടു സെബി വിശദീകരണം തേടിയത്. രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ പ്രോസ്‌പെക്ടസ് ഫയൽ ചെയ്തതിനു ശേഷമാണ് ഒഎഫ്‌സിഡി വഴി ഗ്രൂപ്പ് പണം സമാഹരിച്ചതെന്നു കണ്ടെത്തി. അൻപതോ അതിൽ കൂടുതലോ നിക്ഷേപകരിൽനിന്നു കടപ്പത്രങ്ങൾ വഴി പണം സമാഹരിക്കാൻ സെബി അനുമതി വേണമെന്ന നിയമം നിലനിൽക്കെയാണ് ഗ്രൂപ്പ് അനുമതിയില്ലാതെ വൻതോതിൽ പണം സമാഹരിച്ചത്. 2010 നവംബർ 24 ന്, നിക്ഷേപകർക്കു പണം തിരികെ നൽകാൻ സെബി ആവശ്യപ്പെട്ടു.

ജയിലിലും സുഖജീവിതം, പക്ഷേ..

നിക്ഷേപകർക്ക് പണം നൽകാൻ വിസ്സമിതിച്ചതോടെ സെബിയും സഹാറ ഗ്രൂപ്പും തമ്മിൽ നിയമപോരാട്ടം ആരംഭിച്ചു. നിക്ഷേപകരിൽനിന്നു സമാഹരിച്ച 24,000 കോടി രൂപ അവർക്കു തിരികെ നൽകാൻ 2012 ൽ കോടതി ഉത്തരവിട്ടു. കേസിൽ നേരിട്ടു ഹാജരാകാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശം പാലിക്കാതെ വന്നതോടെ സുബ്രത റോയിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത അഭിഭാഷകൻ റാം ജഠ്മലാനി ഉൾപ്പെടെ കോടതിയിൽ വാദിച്ചെങ്കിലും സുപ്രീം കോടതി വഴങ്ങിയില്ല. ഇങ്ങനെ എല്ലാ വഴികളും അടഞ്ഞതോടെ സുബ്രത ലക്നൗ പൊലീസിൽ കീഴടങ്ങി. 2014 ൽ സുബ്രത റോയി അറസ്റ്റിലായി. നിക്ഷേപകരിൽനിന്നു സ്വരൂപിച്ച പണം 15 ശതമാനം പലിശയോടെ തിരികെ നൽകണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

പക്ഷേ ജയിലിലും ഫലത്തിൽ അയാൾക്ക് സുഖവാസമായിരുന്നു. സുബ്രത 57 ദിവസം ജയിലിൽ കിടന്നതിന് തീഹാർ ജയിലിന് സഹാറ ഗ്രൂപ്പ് നൽകിയത് 31 ലക്ഷം രൂപയാണ്. ശീതീകരിച്ച മുറി, ഇന്റർനെറ്റ്, വിഡിയോ, ഫോൺ സൗകര്യം എന്നിവ ഉപയോഗിച്ചതിനായിരുന്നു ഇത്രയും തുക. ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകൾ വിൽക്കുന്നതിന് ഇടപാടുകാരുമായി ചർച്ച നടത്തുന്നതിനാണ് ഈ സൗകര്യങ്ങൾ ഉപയോഗിച്ചത്. ഓഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ 30 വരെയാണ് പ്രത്യേക സൗകര്യങ്ങൾ ഉപയോഗിച്ചു റോയ് താമസിച്ചത്. റോയിക്ക് ജാമ്യം ലഭിക്കാൻ സെബിയിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ പണം സമാഹരിക്കാനാണ് ഹോട്ടലുകൾ വിൽക്കാൻ തീരുമാനിച്ചത്.

എന്നാൽ അതൊന്നും പൂർണമായും ഫലം കണ്ടില്ല. തുടർന്ന് സുബ്രതയുടെ പല സ്വത്തുവകകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചു. മരിച്ചുപോയ അമ്മയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി റോയിക്ക് 2017 മേയിൽ നാലാഴ്ചത്തേക്ക് ആദ്യ ജാമ്യം അനുവദിച്ചു, പിന്നീട് അത് ഒക്ടോബർ 24 വരെ നീട്ടി. അതിനുശേഷം പല കാരണങ്ങളാൽ ജാമ്യം നീട്ടുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ 2020 ൽ, പലിശയും പിഴയും ഉൾപ്പെടെ 62,600 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയില്ലെങ്കിൽ സുബ്രതയുടെ പരോൾ റദ്ദാക്കുമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2023ൽ നിക്ഷേപകർക്ക് 45 ദിവസത്തിനുള്ളിൽ റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന ഒരു സഹാറ റീഫണ്ട് പോർട്ടലും കേന്ദ്രം ആരംഭിച്ചു. അതും പൂർണ്ണമായി വർക്കായില്ല. തന്റെ സാമ്രാജ്യം തകർന്നു വീഴുന്നത്, നിസ്സഹായനായി നോക്കിനിക്കാനെ സുബ്രതോക്ക് കഴിഞ്ഞുള്ളു.

പറുദീസാ നഗരമടക്കം സ്വപ്നപദ്ധതികൾ

പക്ഷേ എത്രമാത്രം വിമർശിച്ചാലും അസാമാന്യമായ ഉൾക്കാഴ്ചയുള്ള ഒരു സംരംഭകൻ തന്നെയായിരുന്നു സുബ്രതോ റോയ് എന്ന് ആരും സമ്മതിക്കും. ടൂറിസം, നിർമ്മാണ മേഖല എന്നിവങ്ങളിലൊക്കെ അദ്ദേഹത്തിന്റെ വിഷൻ അമ്പരിപ്പിക്കുന്നതാണ്. മുംബൈക്കടുത്ത, സഹാറ നിർമ്മിച്ച ആംബിവാലി എന്ന പറുദീസാ നഗരം മാത്രം മതി ആ പ്രതിഭക്ക് തെളിവ്. മഹാരാഷ്ട്രയിലെ വിജനമായ ഈ പ്രദേശം നഗരമായി വളർത്തിയത് സുബ്രേതോയാണ്. പുനെയ്ക്കു സമീപം ലോണാവാല മലനിരകളോടു ചേർന്നുള്ള ടൗൺഷിപ്പാണിത്. പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിൽ 10,600 ഏക്കർ വ്യാപിച്ചുകിടക്കുന്ന സ്വപ്ന നഗരം. ലോണാവാലയിൽനിന്ന് 23 കിലോമീറ്ററും പുണെയിൽനിന്ന് 87 കിലോമീറ്ററും മുംബൈയിൽനിന്ന് 120 കിലോമീറ്ററുമാണ് ദൂരം.

മുംബൈയിൽ നിന്ന് അര മണിക്കൂർ പറന്ന്, സ്വകാര്യ എടിആർ72 വിമാനത്തിൽ ആംബിവാലിയിൽ എത്താം. ഇന്ത്യയിലെ പല വിമാനത്താവളങ്ങളെക്കാൾ വലുതായിരുന്നു ഇവിടുത്തെ എയർ സ്ട്രിപ്പ്. സഹാറയുടെ പ്രതാപകാലത്ത് ഇവിടം സന്ദർശിച്ചവർ എഴുതിയത്, നിരനിരയായി പാർക്ക് ചെയ്തിരിക്കുന്ന ഹെലികോപ്റ്ററുകളും സ്വകാര്യ ജെറ്റുകളെയും കാണാമെന്നാണ്. മുംബൈ വിമാനത്താവളത്തിൽ കണ്ടെത്താനാവില്ല ഇത്രയധികം സ്വകാര്യ വിമാനങ്ങൾ.

സുബ്രത റോയിയുടെ ഈ സ്വപ്ന നഗരം, പതിനായിരം ഏക്കറിലധികം കുന്നും മലയും സമതലവും പുൽമേടും കാടും തടാകവും നദികളുമൊക്കെയായി പടർന്നു കിടക്കുന്ന സ്വകാര്യ 'ഗേറ്റഡ് കമ്യൂണിറ്റി'യാണ്. സച്ചിൻ ടെൻഡുൽക്കറും ഷാറൂഖ് ഖാനുമടക്കം സെലിബ്രിറ്റികൾ വാങ്ങിയ അനേകം അത്യാഡംബര വില്ലകളും ഫ്ലാറ്റുകളും ഷോപ്പിങ് കോംപ്ലക്സുകളും സ്വകാര്യ സുരക്ഷാസേനയും ഒക്കെ ഉൾപ്പെടുന്ന നഗരം. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന റോഡുകൾ. ഇന്ദ്രപ്രസ്ഥ കാഴ്ചകൾ കണ്ടു പണ്ടു കൗരവർക്കുണ്ടായ സ്ഥലജല ഭ്രമത്തിലേക്ക് എത്തിപ്പോവുമെന്നാണ് കണ്ടവർ എഴുതിയത്.

തിരക്കിൽ നിന്നൊഴിഞ്ഞ് ബിസിനസ് ട്രിപ്പുകളും ഉല്ലാസയാത്രകളും ഒരേപോലെ നടത്താനാവുന്ന കേന്ദ്രമാക്കി ആംബിവാലിയെ മാറ്റി. സ്വകാര്യ നഗരമെന്ന സൗകര്യത്തിൽ നിയന്ത്രണങ്ങളില്ലാത്ത ഉല്ലാസങ്ങളുടെയും ആഘോഷങ്ങളുടെയും നഗരി കൂടിയാണ് ആംബിവാലി. മുംബൈയിൽ നിന്നു പണ്ടു കാലം മുതൽ 'വീക്കെൻഡ് ഗെറ്റ് എവൈ' കേന്ദ്രമായ ലോണവാലയ്ക്കു സമീപമാണ് ആംബി വാലി. ലോണവാലയുടെ പ്രകൃതി സൗന്ദര്യം ആംബി വാലിയിലും പ്രതിഫലിക്കുന്നുണ്ട്. ലോണാവാലയിൽ നിന്ന് റോഡ് മാർഗവും ഇവിടെയെത്താം. ഇന്ത്യയിലെ അതിസമ്പന്നർക്ക് മാത്രം സ്വന്തമാക്കാനാവുന്ന നഗരത്തിൽ ക്രിക്കറ്റർമാരും ഹോളിവുഡ് താരങ്ങളും വിദേശികളും വ്യവസായികളും മത്സരിച്ച് വില്ലകളും ഫ്ലാറ്റുകളും സ്വന്തമാക്കി. തിരക്കില്ലാത്ത, അടുക്കും ചിട്ടയുമുള്ള ഒരു ഇന്ത്യൻ നഗരം. ഏതു യൂറോപ്യൻ നഗരത്തോടും കിടപിടിക്കുന്ന സൗകര്യങ്ങൾ. ഇതൊക്കെയായിരുന്നു ആകർഷണം.

ഓസ്ട്രിയൻ അമേരിക്കൻ ആർക്കിടെക്ടായ വിക്ടർ ഡേവിഡ് ഗ്രൂൻ ആണ് ഇതിന്റെ ആർക്കിടെക്റ്റ്. 2003-ൽ ഗ്രുനും ബോബി മുഖർജി അസോസിയേറ്റ്‌സും ചേർന്നാണ് രൂപകൽപന ചെയ്തത്. 10 ഗ്രാമങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നഗരം എയർസ്ട്രിപ്പ്, ഹെലിപാഡുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ഗോൾഫ് കോഴ്‌സ്, പവർ പ്ലാന്റ്, രണ്ട് ഡാമുകൾ, ഇന്റർനാഷണൽ സ്‌കൂൾ, ആശുപത്രി, ലക്ഷ്വറി റെസ്റ്റോറന്റുകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾക്കൊള്ളുന്നു. സാംസ്‌കാരിക പരിപാടികൾക്കായി വാരണാസി ഘട്ടിന്റെ തനിപ്പകർപ്പായ കൃത്രിമ ബീച്ചുള്ള തടാകവമുണ്ട്. അഡ്വഞ്ചർ സ്പോർട്ട്സ്, റേസിങ് എന്നീ സൗകര്യങ്ങളക്കു പുറമെ ഒരു ആഡംബര വെഡിങ് ഡെസ്റ്റിനേഷൻ കൂടിയാണ് ആംബിവാലി. അണക്കെട്ടുകൾ തടയിടുന്ന മൂന്നു മനുഷ്യ നിർമ്മിത തടാകങ്ങൾ ഇവിടെയുണ്ട്. ഏറ്റവും വലിയ തടാകത്തിന് 1.5 കിലോമീറ്റർ വരെ വീതി വരും. 5 കോടി മുതൽ 20 കോടി രൂപ വരെ വിലക്കാണ് ഇവിടുത്തെ ഏണ്ണൂറോളം ആഡംബര ബംഗ്ലാവുകൾ വിറ്റുപോയത്.

സഹാറ ഗ്രൂപ്പിന്റെ പ്രതാപകാലത്ത് തുടങ്ങിയ നഗരം പൂർത്തിയാകും മുമ്പു തന്നെ പ്രശ്നങ്ങളുമുണ്ടായി. സഹാറ ഗ്രൂപ്പ് തകർന്നതോടെ നിയമപ്രശ്നങ്ങളും തലപൊക്കി. മാനദണ്ഡങ്ങൾ ലംഘിച്ചാണ് സഹാറ ഉടമസ്ഥതയിലുള്ള സഹകരണ സംഘങ്ങൾ 62,643 കോടി നിക്ഷേപം സ്വീകരിച്ചതെന്നായിരുന്നു മുഖ്യ ആരോപണം. 2014-ൽ ആംബി വാലി പദ്ധതിയുടെ മൂല്യം ഏകദേശം 12 ലക്ഷം കോടി ആയിരുന്നു. സഹാറ അവകാശപ്പെടുന്ന ഈ ഉയർന്ന മൂല്യനിർണ്ണയം വിവാദമായി. തുടക്കത്തിൽ പ്രവർത്തന ലാഭം നേടിയിരുന്ന ആംബിവാലി പിന്നീട് നോട്ടക്കുറവു കൊണ്ടു നഷ്ടത്തിലേക്കു കൂപ്പു കുത്തി. 2016-ൽ മുൽഷിയിലെ തഹസിൽദാർ നികുതി അടയ്ക്കാത്തതിന്റെ പേരിൽ ടൗൺഷിപ്പ് സീൽ ചെയ്ത സംഭവവും ഉണ്ടായി. സഹാറ ഗ്രൂപ്പ് 2.53 കോടി രൂപ അടച്ചതിന് ശേഷം അതേ ദിവസം തന്നെ ഇത് വീണ്ടും തുറന്നു. സുബ്രതോയുടെ ദീർഘ വീക്ഷണത്തിന് നിദർശനമായി അത് ഇന്നും പ്രവർത്തിക്കുന്നുണ്ട്.

കേരളാ സ്റ്റോറിക്ക് ശേഷം സഹാറശ്രീ

സുബ്രതാ റോയിയുടെ ഈ സിനിമാറ്റിക്ക് ജീവിതം, ബോളിവുഡിനെയും പ്രചോദിപ്പിച്ചിട്ടുണ്ട്. നിരവധി പേർക്ക് ആ ജീവിതം സിനിമയാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, സുബ്രതോ ഒന്നിനും വഴങ്ങിയില്ല. 2020ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'ബാഡ് ബോയ് ബില്യണെയേഴ്സ്' എന്ന സീരീസിനെതിരെ റോയ് രംഗത്ത് വന്നിരുന്നു. തന്നെ വികലമായി ചിത്രീകരിക്കുന്നുവെന്ന റോയിയുടെ പരാതിയെ തുടർന്ന് കോടതി സീരീസിന്റെ പ്രദർശനംവിലക്കി. എന്നാൽ പിന്നീട് കോടതി വിലക്ക് നീക്കിയതിനെ തുടർന്ന് നെറ്റ്ഫ്ലിക്സ് ഈ സീരീസ് റിലീസ് ചെയ്തിരുന്നു. എന്നാൽ അതിൽ പറഞ്ഞ പലതും കള്ളമാണെന്നാണ് സുബ്രതോ പറഞ്ഞത്.

പക്ഷേ സുബ്രതോ ശരിക്കും തന്റെ ജീവിതം ചിത്രീകരിക്കാൻ അനുമതി കൊടുത്തത്,
' ദി കേരള സ്റ്റോറി' എന്ന വിവാദ ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെന്നിനാണ്. സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'സഹാറശ്രീ' എന്ന ചിത്രമാണ് താൻ ഒരുക്കുന്നതായി അഞ്ചുമാസം മുമ്പ് സുദീപ്തോ അറിയിച്ചിരുന്നു. ജൂൺ 10-ന് സുബ്രത റോയിയുടെ 75മത്തെ ജന്മദിനത്തിലാണ് നിർമ്മാതാക്കളായ സന്ദീപ് സിങ്, ഡോ. ജയന്തിലാൽ ഗഡ എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. വളരെ ചെറിയ നിലയിൽ നിന്നും ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനിയായി സഹാറ മാറിയതും. അതിനുണ്ടായ തിരിച്ചടികളും എല്ലാം ചിത്രത്തിലുണ്ടാകും എന്നാണ് ഇവർ പറഞ്ഞത്.

ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർതാരം തന്നെ സുബ്രത റോയിയെ അവതരിപ്പിക്കും എന്നാണ് വിവരം. പെൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൽ എആർ റഹ്മാനാണ് സംഗീതം. ഒരു ബയോപിക് ചിത്രീകരിക്കുക എന്നത് സംവിധായകൻ എന്ന നിലയിൽ എളുപ്പമായ കാര്യമല്ലെന്നും, എ ആർ റഹ്മാൻ, ഗുൽസാർ, സന്ദീപ് സിങ്, ഡോ. ജയന്തിലാൽ എന്നിവർ ഒപ്പമുള്ളതിനാൽ ഈ വലിയ സിനിമ സാധ്യമാകും എന്നാണ് ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ സുദീപ്തോ സെൻ പറഞ്ഞത്. ആരാണ് സുബ്രത റോയിയുടെ റോളിൽ എത്തുക എന്നത് ഉടൻ വെളിപ്പെടുത്തും എന്നും സുദീപ്തോ സെൻ പറഞ്ഞു. ഋഷി വിർമാണി, സുദീപ്തോ സെൻ, സന്ദീപ് സിങ് എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തും, മഹാരാഷ്ട്ര, ഉത്തർപർദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിൽ വിപുലമായി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.

പക്ഷേ ചിത്രത്തിന്റെ രാഷ്ട്രീയ വശം, സുബ്രതയുടെ മരണത്തോടെ വീണ്ടും വിവാദമാവുകയാണ്. സുബ്രതയെ വെളുപ്പിക്കാനുള്ള ഒരു പ്രൊപ്പഗാൻഡ മൂവിയാണ് ഇതെന്നാണ് ഒരുഭാഗത്തുനിന്ന് ഉയരുന്ന ആരോപണം. മായാവതിയും, കോൺഗ്രസും ചേർന്നാണ്, ലോകം കീഴടക്കാനിരുന്നു ഒരു ഇന്ത്യൻ വ്യവസായിയെ തകർത്തത് എന്ന രീതിയിലാണ് ഇതിന്റെ കഥ പുരോഗമിക്കുന്നത് എന്നാണ് പറയുന്നത്. റോഷൻ ലാൽ എന്ന സുബ്രതോയെ കുടുക്കിയ പരാതിക്കാരൻ മായാവതിയുടെ ആളാണെന്ന് നേരത്തെ വിമർശനം വന്നതാണ്. മുലായംസിങ്ങും കോടികൾ കൈപ്പറ്റിയിട്ടും പിന്നിൽനിന്ന് കുത്തിയ വില്ലനാണെന്ന് കേൾക്കുന്നു. എന്നാൽ സംവിധാകയൻ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല.

അവസാനകാലത്ത് , യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായൊക്കെ വളരെ അടുത്ത ബന്ധം സുബ്രതോ പുലർത്തിയരുന്നു. ആധുനിക ലഖ്നൗവിന്റെ നിർമ്മാതാവ് എന്ന നിലയിൽ യോഗി അദ്ദേഹത്തോട് ആദരവും വെച്ച് പുലർത്തിയിരുന്നു. സുബ്രതോ ആളുകളോട് നിക്ഷേപം സ്വീകരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്, അത് മടക്കിക്കൊടുക്കാനായി ലാഭകരമായ നിരവധി ബിസിനസുകൾ ഉണ്ടായിരുന്നുവെന്നും, ഇന്ത്യൻ ബ്യൂറോക്രസിയുടെ ഇരയാണ് റോയ് എന്നും ബിജെപി പ്രാദേശിക നേതാക്കൾ പലയിടത്തും പറഞ്ഞിരുന്നു. വലിയ ഒരു തുക പിഴയായി കൈപ്പറ്റി സുബ്രതോയുടെ നിക്ഷേപങ്ങളെ ക്രമവത്ക്കരിച്ച് കൊടുക്കുന്നതിന് പകരം, അദ്ദേഹത്തെ കുത്തുപാളയെടുപ്പിക്കുന്ന ശ്രമമാണ് ഇന്ത്യൻ ഭരണകൂടം നടത്തിയത് എന്ന് നേരത്തെ വിമർശനമുണ്ട്. എന്തായാലും മരിച്ചിട്ടും ആ വ്യവസായി തലക്കെട്ടുകൾ ആകർഷിച്ച് കൊണ്ടിരിക്കയാണ്.

വാൽക്കഷ്ണം: 2013- ൽ ഉത്തരാഖണ്ഡ് പ്രളയബാധിത മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹാറ നേതൃത്വം നൽകിയിരുന്നു. കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷികളായ 127 പേരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ സഹാറ ഗ്രൂപ്പിനെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രശംസിച്ചിരുന്നു. ഇത് സഹാറയുടെ മാനുഷിക പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണെന്നും പറയേണ്ടിവരും.