- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇന്ദിരാ ഗാന്ധിയെ ഇറക്കി കളിച്ച മിസ്ത്രി കുടുംബം; വാജ്പേയി വഴി രക്ഷ നേടിയ ടാറ്റ; ടാറ്റ-മിസ്ത്രി-വാഡിയ പാഴ്സി വ്യവസായ കുടുംബങ്ങളുടെ കുടിപ്പകക്ക് പതിറ്റാണ്ടുകളുടെ പഴക്കം; ഒടുവിൽ ടാറ്റ പിടിച്ചെടുത്തത് ഇന്ത്യയിൽ ജനിച്ച ഈ 'ഐറിഷ് പൗരൻ'; പക്ഷേ നാലുവർഷം കൊണ്ട് പുറത്ത്; ഇപ്പോൾ ദാരുണമായ അന്ത്യം; 'സുന്ദര വില്ലൻ' സൈറസ് മിസ്ത്രിയുടെ ജീവിത കഥ!
പൊതുവെ വ്യവസായികളും കോർപ്പറേറ്റുകളും കുത്തകകളും ചൂഷകരും ആണെന്നാണ് ഒരു ഇന്ത്യൻ സങ്കൽപ്പം. നമ്മുടെ കേരളത്തിൽ ആ ചിന്ത കുറച്ച് കൂടുതൽ ആണ്. പഴയ മലയാള സിനിമയിൽ തൊഴിലാളി നേതാവിന്റെ ഭാര്യയെ ബലാത്സഗം ചെയ്ത് വീടിന് തീയിടുന്ന, ബാലൻ കെ നായരും, ടി ജി രവിയും അവതരിപ്പിച്ച വില്ലന്മാരായാണ് നാം സംരംഭകരെയും വ്യവസായികളെയും എന്നും കണ്ടിരുന്നത്. എന്നാൽ അതിന് ഒരു പ്രകടനമായ വ്യത്യാസം ടാറ്റാ ഗ്രൂപ്പിനോടുള്ള ജനങ്ങളുടെ സമീപനത്തിൽ നിന്നാണ്. ഇന്ത്യയുടെ സ്വന്തം സ്ഥാപനം എന്ന ഇമേജാണ് അവർ ഉണ്ടാക്കിയെടുത്ത്. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തമ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്ന ആഹ്ളാദം നോക്കുക. ഒരു വ്യവസായ കുടുംബത്തിന് ഇന്ത്യയിൽ ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ടാറ്റാ ഗ്രൂപ്പിന് മാത്രമായിരിക്കും.
150 വർഷംമുമ്പ് ജാംഷെഡ്ജി ടാറ്റ, ടാറ്റ ഗ്രൂപ്പ് തുടങ്ങുന്ന സമയത്തുതന്നെ അവർ കൊണ്ടുവന്ന ഒരു കാര്യമാണ് സാമൂഹിക പ്രതിബദ്ധത എന്നത്. ലാഭത്തിന്റെ 70 ശതമാനവും വിദ്യാഭ്യാസ- ആരോഗ്യ- ക്ഷേമപ്രവർത്തനങ്ങൾക്കായി ചെലവിടുന്ന വേറെ ഏതെങ്കിലും കമ്പനി ലോകത്തിൽ ഉണ്ടോയെന്നതും സംശയമാണ്! ഏഴരലക്ഷം ജോലിക്കാരും, നൂറിൽ അധികം രാജ്യങ്ങളിൽ പ്രവർത്തനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കോർപ്പറേറ്റ് കമ്പനി ഇന്ന് ടാറ്റയാണ്. തൊഴിലാളി സൗഹൃദമായി എത്തിക്കൽ ബിസിനസ് ചെയ്യുന്ന ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിലൊക്കെ ടാറ്റ എന്നത് ഒരു വികാരമാണ്. സർക്കാർ ജോലി രാജിവെച്ചുപോലും യുവാക്കൾ ടാറ്റയിൽ ചേരുന്നു. ഇത് വെറുതെ ഉണ്ടായതല്ല. ജാംഷഡ്ജി ടാറ്റതൊട്ട്, രത്തൻ ടാറ്റവരെയുള്ളവരുടെ ലളിതമായ ജീവിത ശൈലിയും രാഷ്ട്ര പുനർ നിർമ്മാണത്തിനുള്ള താൽപ്പര്യവും മൂലം ഉണ്ടായതാണ്.
ടാറ്റ-മിസ്ത്രി-വാഡിയ ഈ മൂന്ന് കോർപ്പറേറ്റ് പാഴ്സി കുംടബങ്ങളായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വ്യാവസായിക ലോകത്തെ നിയന്ത്രിച്ചിരുന്നത്. ഇവർ തമ്മിലുള്ള കുടിപ്പകക്കും പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. അംബാനിയും അദാനിയും ഒന്നും അന്ന് ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ടാറ്റ കുടുംബത്തെപ്പോലെ പ്രബലമായ വ്യവസായ കടുംബമായിരുന്നു മിസ്ത്രി ഗ്രുപ്പും. അവരും ടാറ്റയുടെ ഓഹരി ഉടമകൾ ആയിരുന്നു. അതുകൊണ്ടുതന്നെ ടാറ്റയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നത് മിസ്ത്രി കുടുംബത്തിന്റെ തലമുറകളായുള്ള അഭിനിവേശം ആയിരുന്നു. അത് സാധ്യമായത്, ഷപൂർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന പല്ലൻജി മിസ്ത്രിയുടെ ഇളയ മകനിലൂടെയാണ്. അതുകൊണ്ടുതന്നെ അയാളെ 'സുന്ദരവില്ലൻ' എന്നായിരുന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്!
ടാറ്റയിലെ സുന്ദര വില്ലൻ
സൈറസ് മിസ്ത്രി എന്ന ഇന്ത്യയിൽ ജനിച്ചുവളർന്നിട്ടും ഐറിഷ് പൗരത്വമുള്ള, ആ യുവാവ് വെറും 44ാമത്തെ വയസ്സിൽ ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ ആയി. അപ്പോഴും ഐറിഷ് പൗരത്വം ഉണ്ടായിരുന്നു. പെർമനന്റ് നോൺ റെസിഡെൻഷ്യൽ ഇന്ത്യൻ എന്ന പദവി തന്നെ മതിയായിരുന്നു അയാൾക്ക് ഇന്ത്യയിലെ വ്യവസായ സംരംഭങ്ങളെ നിയന്ത്രിക്കാൻ. പക്ഷേ അയാളുടെ ടാറ്റയിലെ സഹവാസം അധികാലം നീണ്ടുനിന്നില്ല. ഭിന്നതകളെ തുടർന്ന് ടാറ്റാ ഗ്രൂപ്പ് സൈറസ് മിസ്ത്രിയെ പുറത്താക്കി. തുടർന്നുണ്ടായത് ഇന്ത്യൻ കോർപ്പറേറ്റ് ലോകം കണ്ട ഏറ്റവും വലിയ നിയമ പോരാട്ടം ആയിരുന്നു. പക്ഷേ അന്തിമ ജയം ടാറ്റക്ക് ആയിരുന്നു.
അവിടെയൊക്കെ ഒരു 'സുന്ദര വില്ലന്റെ' റോൾ ആയിരുന്നു സൈറസ് മിസ്ത്രിയെന്ന വ്യവസായിക്ക്. പല മാധ്യമങ്ങളും അങ്ങനെ തുറന്ന് എഴുതുകയും ചെയ്തു. പക്ഷേ ഇന്നെലെ അദ്ദേഹം അതി ദാരുമണമായി വാഹനാപകടത്തിൽ മരിച്ച വാർത്ത കേട്ട് ഇന്ത്യൻ വ്യവസായിക ലോകം നടുങ്ങി. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയാണ് 54കാരനായ സൈറസ് മിസ്ത്രി അപകടത്തിൽ മരിച്ചത്. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ഒരു പാലത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദർശിക്കാൻ പോയി മടങ്ങവേയാണ് അപകടം ഉണ്ടായത്.
മിസ്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതൊട്ട്, രാഹുൽഗാന്ധിവരെയെുള്ളവർ അനുശോചിക്കുന്നു. മരിക്കുമ്പോൾ മാത്രം വില്ലൻ നായകനാവുന്ന അവസ്ഥയണെല്ലോ എപ്പോളും. 54ാംമത്തെ വയസ്സിൽ സൈറസ് മിസ്ത്രി മരിക്കുമ്പോൾ, ഇന്ത്യൻ ബിസിനസ് മാധ്യമങ്ങൾ വാഴ്‌ത്തുന്നത്, ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ഒരു സംരംഭകൻ എന്ന നിലയിലാണ്. ടാറ്റയുമായി ബിസിനസ് യുന്ധം നടത്തി എന്ന ഒറ്റക്കാരണം കൊണ്ട് വില്ലൻ സ്ഥാനത്ത് നിർത്തേണ്ട ആളല്ല മിസ്ത്രി. തലമുറകൾ നീണ്ടുനിന്ന ഒരു കോർപ്പറേറ്റ് യുദ്ധത്തിൽ ഒരാളെ മാത്രം അടർത്തിയെടുത്ത് വില്ലനാക്കുന്നതിൽ എന്താണ് സാംഗത്യം.
ഇന്ദിരാഗാന്ധിയുടെ തണലിൽ മിസ്ത്രി
ടാറ്റ-മിസ്ത്രി-വാഡിയ ഈ മൂന്ന് കോർപ്പറേറ്റ് പാഴ്സി കുംടുംബങ്ങളായിരുന്നു, അമ്പതുകളിലും അറുപതുകളിലും ഇന്ത്യയുടെ വ്യവസായിക ലോകത്തെ നിയന്ത്രിച്ചിരുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. വാഡിയ ഗ്രൂപ്പിലെ, നുസ്ലി വാഡിയ പലപ്പോഴും ഈ രണ്ട് ഗ്രൂപ്പുകൾക്കും ഇടയിലെ മധ്യസ്ഥന്റെ റോൾ ആണ് വഹിച്ചിരുന്നത്്. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ ജിന്നയുടെ ചെറുമകനായ വാഡിയക്ക് രാഷ്ട്രീയത്തിലും നല്ല പിടിപാട് ഉണ്ടായിരുന്നു.
നൂറ്റാണ്ടുകൾക്കു മുൻപ് അന്നത്തെ പേർഷ്യയിൽനിന്ന് ഗുജറാത്തിലേക്കു കുടിയേറിയ രണ്ടു പാഴ്സി വ്യവസായ കുടുബത്തിലെ അംഗങ്ങളായിരുന്നു ടാറ്റയും മിസ്ത്രിയും. ടാറ്റ കുടുംബത്തിന്റെ കയ്യിൽനിന്ന് കിട്ടാവുന്നത്ര ഓഹരികൾ വാങ്ങി, പതുക്കെ പതുക്കെ അതിനെ വിഴുങ്ങുക എന്ന തന്ത്രമാണ് മിസ്ത്രി ഗ്രൂപ്പ് സ്വീകരിച്ചത്. ഗൗതം അദാനി ഇന്ന് എൻഡിടിവി പിടിച്ചതുപോലുള്ള തന്ത്രം! 1960കളിലും എഴുപതുകളിലുമായി മൂന്നു പ്രാവശ്യം ടാറ്റ സൺസിന്റെ ഓഹരികൾ വിറ്റിട്ടുണ്ട്. ജെആർഡി ടാറ്റയുടെ വിധവയായ സഹോദരി റോഡബ്ബ് സ്വാഹിനി അദ്ദേഹത്തിന്റെ അറിവോടു കൂടി ടാറ്റ സൺസിൽ അവർക്കുള്ള 5.9 ശതമാനം ഓഹരികൾ മിസ്ത്രി ഗ്രൂപ്പിന് 1965 ജനുവരിയിൽ വിറ്റു. നവൽ ടാറ്റ അധ്യക്ഷനായിരുന്നപ്പോൾ സർ രത്തൻ ടാറ്റ ട്രസ്റ്റ് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി അതിന്റെ കൈവശം ഉണ്ടായിരുന്ന ടാറ്റ സൺസിന്റെ 4.81 ശതമാനം ഓഹരികൾ ഷാപൂർജി പല്ലോൺജി ഇൻവെസ്റ്റ്മെന്റ് അഡൈ്വസേഴ്സിന് വിറ്റു. ഇതും മിസ്ത്രി ഗ്രൂപ്പിന്റെതാണ്.
മിസ്ത്രി ഗ്രൂപ്പ് നേരട്ട് ടാറ്റ സൺസിന്റെ ഓഹരികൾ വാങ്ങുന്നത് 1974ലാണ്. ജെആർഡിയുടെ സഹോദരനായ ഡറായാണ് അദ്ദേഹത്തിന്റെ കൈവശമുള്ള ടാറ്റ സൺസിന്റെ ഓഹരികൾ മിസ്ത്രിമാർക്ക് വിറ്റത്. വ്യവസായത്തിൽ ഒരു താൽപര്യവുമല്ലാത്ത ഡറായും ജെആർഡിയും തമ്മിൽ ഒരിക്കലും രസത്തിലായിരുന്നില്ല. അതിനാൽതന്നെ ഈ ഓഹരി കൈമാറ്റത്തിന് ജെആർഡിയുടെ അനുവാദമില്ലായിരുന്നു. ഈ ഓഹരി കച്ചവടം ടാറ്റ കുടുംബത്തിൽ വലിയ ഭൂകമ്പംതന്നെയുണ്ടാക്കി. അങ്ങനെ പലതവണ വാങ്ങിവാങ്ങി ടാറ്റ ഗ്രൂപ്പിൽ മിസ്ത്രി ഗ്രൂപ്പിന്റെ ഓഹരികൾ 15 ശതമാനത്തോളം ആയി. അതോടെയാണ് 1980ൽ ജെആർഡി ടാറ്റ, സൈറസ് മിസ്ത്രിയുടെ പിതാവ് പല്ലോൺജി മിസ്ത്രിയെ ടാറ്റ സൺസിന്റെ ബോർഡിൽ ഡയറക്ടർ ആക്കിയത്. ജെആർഡിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നില്ല ഈ തീരുമാനും.
കോൺഗ്രസും ഇന്ദിരാഗാന്ധിയും തന്നെയായിരുന്നു, മിസ്ത്രി ഗ്രൂപ്പിന്റെ ശക്തി. അക്കാലത്ത് ടാറ്റയുമായി കോൺഗ്രസ് അത്ര നല്ല സുഖത്തിൽ ആയിരുന്നില്ല. ഈ രാഷ്ട്രീയ കാലാവസ്ഥ അപകടകരമാണെന്ന്, കുശാഗ്രബുദ്ധിക്കാരനായ ജെആർഡി ടാറ്റ മനസ്സിലാക്കി. അദ്ദേഹം മനുസ്ലി വാഡിയയെ ആണ് തന്റെ രക്ഷക്കായി കൂട്ടുപിടിച്ചത്. ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ, ടാറ്റ സൺസിന്റെ ഡയറക്ടറായി 1980കളിൽ പല പ്രാവശ്യം ജെആർഡി ന്യൂസിൽവാഡിയയെ ക്ഷണിച്ചതാണ്. വാഡിയയുടെ രാഷ്ട്രീയ ബന്ധങ്ങൾ തനിക്ക് തുണയാവുമെന്ന് ജെആർഡിക്ക് നന്നായി അറിയമായിരുന്നു. എന്നാൽ പല്ലോൺജി മിസ്ത്രി ഇതിനെ ശക്തിയായി എതിർത്തു. ഇതു തടയുന്നതിനു വേണ്ടി അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ വരെ കണ്ടു. നാനാജി ദേശ്മുഖുമായും ജനസംഘവുമായും അടുപ്പമുണ്ടായിരുന്ന വാഡിയയെ ഇന്ദിര ഗാന്ധിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഇന്ദിരയിൽനിന്ന് അനൗദ്യോഗികമായ സന്ദേശം എത്തിയതിനെ തുടർന്നാണ്, വാഡിയ ടാറ്റയിൽ ഡയറക്ടർ ആവുന്നത് ഒഴിഞ്ഞത് എന്നാണ് വിവരം. ടാറ്റ സൺസിൽ ചെന്നാൽ നാലുപാടുനിന്നും ആക്രമണമുണ്ടാകും എന്നറിയാവുന്നതും കൊണ്ടും സ്വന്തം വ്യവസായങ്ങൾ നോക്കേണ്ടതും വാഡിയയെ ഈ ക്ഷണം നിരസിക്കുന്നതിന് ഇടയാക്കി.
ടാറ്റയെ രക്ഷിച്ചത് വാജ്പേയി
മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളിൽനിന്ന് തീർത്തും വ്യത്യസ്മായിരുന്നു ടാറ്റയുടെ രീതി. മക്കൾ എത്ര കഴിവ് കെട്ടവർ ആണെങ്കിലും അധികാരം താവഴിപോലെ കൈമാറിപ്പോവുന്ന രീതി അവർ മാറ്റി. പകരം ടാറ്റാ കുടുംബത്തിലോ അതിന് പുറത്തോ കഴിവുള്ള ആരുവന്നാലും സ്വീകരിക്കാം എന്നായി. മാത്രമല്ല തങ്ങൾ സമ്പാദിക്കുന്നത് സമുഹത്തിലേക്ക് തിരിച്ചുകൊടുക്കണം എന്ന ചിന്താഗതിയുള്ളവർ ആയിരുന്നു ജാഷംഡജി ടാറ്റ ഉൾപ്പെടുയുള്ളവർ. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ ഷെയറുകൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപത്തിലാണ് ടാറ്റാ സൺസ് എന്ന മാതൃകമ്പനിയിൽ ഇട്ടത്. ഇത് നികുതിവെട്ടിക്കാനാണെന്ന് എതിരാളികൾ പറഞ്ഞും പരത്തിയിരുന്നു.
1970 വരെ ടാറ്റ സൺസിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് കമ്പനിതന്നെ നിയന്ത്രിച്ചിരുന്ന ഒരു മാനേജിങ് ഏജൻസിയായിരുന്നു. എന്നാൽ മോണോപോളിസ് ആൻഡ് റെസ്ട്രിക്ടിവ് ട്രേഡ് പ്രാക്ടിസ് (എംആർടിപി) ആക്ട് നിലവിൽ വന്നതോടെ മാനേജിങ് ഏജൻസി സമ്പ്രദായം നിർത്തലാക്കി. അതോടെ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളെല്ലാം മാതൃകമ്പനിയിൽനിന്ന് സ്വതന്ത്രമായി. അവയെല്ലാം സ്വതന്ത്ര കമ്പനികളായി പ്രവർത്തിച്ചു തുടങ്ങി. ഗ്രൂപ്പ് കമ്പനികളുടെ ഒരുമിച്ചുള്ള പ്രവർത്തനം ആകെ കുഴപ്പത്തിലായി. ജെആർഡി ടാറ്റായുടെ വ്യക്തിപ്രഭാവം കൊണ്ടാണ് കമ്പനികളെയെല്ലാം ഗ്രൂപ്പിന് കീഴിൽ ഒന്നിച്ചു നിർത്താൻ കഴിഞ്ഞത്. എന്നാലും അവയെല്ലാം ടാറ്റ സൺസിനു കീഴിലുള്ള ഒരു ഫെഡറേഷൻ പോലെയാണ് പ്രവർത്തിച്ചത്. ഇത് മാത്രമല്ല, കമ്പനികളെ ഏതു നിമിഷവും മറ്റുള്ള ഗ്രൂപ്പുകൾ റാഞ്ചുമെന്ന സ്ഥിതിയും വന്നു. കാരണം, ട്രസ്റ്റുകൾക്കു കമ്പനി കാര്യങ്ങളിൽ നേരിട്ട് വോട്ടു ചെയ്യാനുള്ള അവകാശമില്ലായിരുന്നു. അവരുടെ വോട്ട് സർക്കാർ കമ്പനിയുടെ ബോർഡുകളിലേക്കു നിയമിക്കുന്ന ട്രസ്റ്റികളിലൂടെ വേണമായിരുന്നു.
കമ്പനി ആക്ട് 1963ന്റെ, 153 എ വകുപ്പനുസരിച്ചു സ്വകാര്യ ട്രസ്റ്റുകളുടെ അഭിപ്രായങ്ങൾ കമ്പനികളുടെ ബോർഡുകളിൽ പറയാനായി സർക്കാരിന് ഒരു ട്രസ്റ്റിയെ നിയമിക്കാമായിരുന്നു. ഇത് ടാറ്റയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമായിരുന്നു. നിയമത്തിലെ ഈ വകുപ്പ് ഭേദഗതി ചെയ്യുന്നതുവരെ, ടാറ്റ ട്രസ്റ്റുകളും ചെയർമാൻ രത്തൻ ടാറ്റയും ടാറ്റ സൺസിലെ ബോർഡിൽ വെറും നോക്കുകുത്തികളായിരുന്നു. ബിജെപിയിലെ മുതിർന്ന നേതാക്കളുമായി, പ്രത്യേകിച്ച് വാജ്‌പേയിയുമായും അദ്വാനിയുമായും അടുത്ത ബന്ധമുള്ള വാഡിയ, വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ, തന്റെ അടുത്ത സുഹൃത്തായ രത്തൻ ടാറ്റയ്ക്കുവേണ്ടി ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു സർക്കാരിനെ സമീപിച്ചു. വാജ്‌പേയി മന്ത്രിസഭയിലെ നിയമ-കമ്പനികാര്യ മന്ത്രിയും വാഡിയയുടെ അടുത്ത സുഹൃത്തുമായിരുന്ന റാം ജത് മലാനി രത്തൻ ടാറ്റയെ ടാറ്റ സൺസിന്റെ ബോർഡിലെ സർക്കാർ ട്രസ്റ്റിയായി നിയമിച്ചു. ഇതോടെ ബോർഡിൽ ടാറ്റയ്ക്കു വേണ്ടി രത്തൻ ടാറ്റയ്ക്കു വോട്ടു ചെയ്യാൻ കഴിഞ്ഞു.
2002ൽ കമ്പനി നിയമത്തിലെ 153എ വകുപ്പ് പല തവണ ഭേദഗതി ചെയ്തു. അത് ടാറ്റയ്ക്കുവേണ്ടി കൊണ്ടുവന്ന ഭേദഗതികളാണെന്നു വേണം പറയാൻ. ഇതോടു കൂടി ടാറ്റ ട്രസ്റ്റുകൾക്ക് ടാറ്റ സൺസിന്റെ ബോർഡിൽ നേരിട്ട് വോട്ടുചെയാനുള്ള അവകാശം കിട്ടി. അതുവരെ സർക്കാർ നോമിനേറ്റ് ചെയ്യുന്ന പബ്ലിക് ട്രസ്റ്റിയായിരുന്നു അവർക്കുവേണ്ടി വോട്ട് ചെയ്യിതിരുന്നത്. 14 വർഷങ്ങൾക്കു ശേഷം മിസ്ത്രിയെ പുറത്താക്കാൻ ടാറ്റയെ സഹായിച്ചതും നിയമത്തിൽ കൊണ്ടുവന്ന ഈ ഭേദഗതികളാണ്.
സെറസ് മിസ്ത്രി കടന്നുവരുന്നു
മിസ്ത്രി കുടുംബത്തിന്റെ ബിസിസനസ് വൈവിധ്യവത്ക്കരിച്ച് അതിന് ഒരു വൻ ശക്തിയാക്കിമാറ്റിയത് ഷപൂർജി പല്ലോൻജി ഗ്രൂപ്പ് മേധാവിയായ പല്ലോൻജി മിസ്ത്രിയുടെ ഇളയമകനായ സൈറസ് മിസ്ത്രിയാണെന്നതിൽ യാതൊരു തർക്കവുമില്ല. 1968 ജൂലായ് നാലിന് മുംബൈയിലാണ് ജനനം. സൈറസ് മിസ്ത്രിയുടെ അമ്മ ഐറിഷ് പൗരയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഐറിഷ് പൗരത്വം കിട്ടുന്നത്. അത് മരിക്കുംവരെ ഒരു അലങ്കാരമായി അദ്ദേഹം കൊണ്ടുനടന്നു. അദ്ദേഹത്തിന്റെ സഹോദരനും ഐറിഷ് പൗരത്വം ഉണ്ട്.
മുംബൈയിലെ ജോൺ കോണോൻ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർ പഠനം ഇംഗ്ലണ്ടിലായിരുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് പൂർത്തിയാക്കി. ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 1991ലാണ് കുടുംബ ബിസിനസിലേക്ക് കാലെടുത്തുവെച്ചത്. ഷപൂർജി പല്ലോൻജി കൺസട്രക്ഷൻ കമ്പനിയുടെ ഡയറക്ടറായി ചുമതലയേറ്റു. ഷപൂർജി പല്ലോൻജി ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാനും പിതാവുമായ പല്ലോൻജി മിസ്ത്രി ടാറ്റ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു.
സൈറസ് മിസ്ത്രി ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ തലപ്പത്തേക്ക് വന്നതോടെ രണ്ടു പതിറ്റാണ്ടുകൾകൊണ്ട് പരമ്പരാഗത നിർമ്മാണത്തിനപ്പുറം വൈദ്യുത നിലയങ്ങളും ഫാക്ടറികളും നിർമ്മിക്കുന്നതുൾപ്പെടെയുള്ള വലിയ എഞ്ചിനീയറിങ് പദ്ധതികളിലേക്ക് കമ്പനി വിപുലീകരണം നടത്തി.മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും കൂടുതൽ പ്രോജക്ടുകൾ ഏറ്റെടുത്ത് കമ്പനി വിദേശത്തും വളർച്ച തുടർന്നു.
രത്തൻടാറ്റയും സൈറസ് മിസ്ത്രിയും ബന്ധുക്കൾ കൂടിയാണ്. സൈറസിന്റെ സഹോദരിമാരിൽ ഒരാൾ രത്തൻ ടാറ്റയുടെ അർദ്ധസഹോദരനും ടാറ്റ ഗ്രൂപ്പിലെ പ്രമുഖ എക്സിക്യൂട്ടീവുമായ നോയൽ ടാറ്റയെ ആണ് വിവാഹം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരിൽ ഒരാളായ ഇഖ്ബാൽ ചഗ്ലയുടെ മകളെയാണ് സൈറസ് മിസ്ത്രി വിവാഹം കഴിച്ചത്.
സെറസ് മിസ്ത്രിക്കും ടാറ്റയിൽ ഒരു കണ്ണുണ്ടായിരുന്നു. ഈ സമത്ത് അവർ ടാറ്റാ ഗ്രൂപ്പിന്റെ കുറേക്കുടി ഓഹരികൾ വാങ്ങിച്ചു. ഇതോടെ ടാറ്റ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ വ്യക്തിപരമായി ഓഹരിയുള്ളത് മിസ്ത്രി ഗ്രൂപ്പിനായി. ഗ്രൂപ്പിന്റെ കൈവശമുള്ള ടാറ്റ സൺസിന്റെ 18.37 ശതമാനം ഓഹരികളിൽ പകുതി സൈറസ് മിസ്ത്രിയുടെ പേരിലും പകുതി സഹോദരൻ ഷാപൂർ മിസ്ത്രിയുടെ പേരിലുമായിരുന്നു. 2006ൽ ടാറ്റ ഗ്രൂപ്പിന്റെ ബോർഡിൽ നിന്ന് പല്ലോൻജി മിസ്ത്രി വിരമിച്ചു. പകരം 38കാരനായ സൈറസ് മിസ്ത്രി ഈ സ്ഥാനത്തേക്കുവന്നു. ടാറ്റ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായിരുന്ന പല്ലോൻജി മകനെ ടാറ്റ ഗ്രൂപ്പിന്റെ നിരവധി കമ്പനികളുടെ ഡയറക്ടറായും നിയമിച്ചു. 2011ൽ സൈറസ് ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയർമാനായി ചുമതലയേറ്റു. തൊട്ടടുത്ത വർഷം രത്തൻ ടാറ്റ വിരമിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗമായാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. അത് വിജയിച്ചെങ്കിലും നാലു വർഷം മാത്രമേ അതിന് ആയുസുണ്ടായിരുന്നുള്ളൂ.
ടാറ്റയുടെ ചെയർമാൻ ആവുന്നു
1991ൽ രത്തൻ ടാറ്റ, ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തപ്പോൾതന്നെ, ഗ്രൂപ്പ് കമ്പനികളിലുള്ള ടാറ്റ സൺസിന്റെ നിയന്ത്രണം കൂടുതൽ ശക്തമാക്കാനും, പല ഗ്രൂപ്പ് കമ്പനികളുടെയും തലപ്പത്തു വർഷങ്ങളായി കുടിയിരിക്കുന്ന താപ്പാനകളെ പുറത്താക്കാനും സൈറസ് മിസ്ത്രിയുടെ പിതാവായ പല്ലോൺജി മിസ്ത്രിയുമായി കൈകോർത്തു. അന്ന് രത്തൻ ടാറ്റ പല്ലോൺജി മിസ്ത്രിക്കും ഒരു വാക്ക് കൊടുത്തിരുന്നു. ടാറ്റ സൺസ് ഒരിക്കലും മിസ്ത്രി ഗ്രൂപ്പിന്റെ ബിസിനസുകൾക്കു തടസ്സം നിൽക്കില്ല എന്നായിരുന്നു അത്. നല്ല ബന്ധമായിരുന്നു ആദ്യകാലത്ത് ഇരു ഗ്രൂപ്പുകളും.
രത്തൻ ടാറ്റക്കും കഠിനാധ്വാനിയും നല്ല ബിസിനസ് വിഷനുമുള്ള സൈറസ് മിസ്ത്രിയെ ആദ്യകാലത്ത് വളരെ ഇഷ്ടമായിരുന്നു. മിസ്ത്രിയെ 2011ൽ ടാറ്റ സൺസിന്റെ ഡപ്യൂട്ടി ചെയർമാനായി നിയമിച്ചപ്പോൾ, 'ദീർഘവീക്ഷണത്തോടെയുള്ള നിയമനം' എന്നാണ് അന്ന് ചെയർമാനായിരുന്ന രത്തൻ ടാറ്റ വിശേഷിപ്പിച്ചത്. 2012ൽ മിസ്ത്രിക്ക് ടാറ്റ സൺസിന്റെ ചെയർമാനായി സ്ഥാനക്കയറ്റവും നൽകി. തനിക്ക് 75 വയസ്സ് പിന്നിട്ട 2012ൽ രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തുന്നത്. 142 വർഷത്തെ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള രണ്ടാമത്തെ മേധാവിയായാണ് മിസ്ത്രി എത്തിയത്.
അതോടെ വിരമിച്ച് ഇനിയുള്ള കാലം സ്വസ്ഥമായി ജീവിക്കാനാണ് രത്തൻ ടാറ്റ ആഗ്രഹിച്ചത്. ലളിതമായ ജീവിത ശൈലി പുലർത്തിയിരുന്നു ആ കോടീശ്വരൻ തന്റെ ഒരു ഫ്ളാറ്റിൽ വായനയും യാത്രും അൽപ്പം സംഗീതവുമായി ഒതുങ്ങിക്കുടി.
അധികാരം മിസ്ത്രിയെ ദുഷിപ്പിച്ചോ?
പതിറ്റാണ്ടുകളായി തന്റെ കുടുംബം സ്വപ്നം കണ്ടിരുന്നതാണ് ടാറ്റയുടെ നിയന്ത്രണം പിടിക്കുക എന്നത്. അത് കൈയിൽ വന്നതോടെ സൈറസ് മിസ്ത്രി ആളാകെ മാറിയെന്നാണ് പിന്നയെുള്ള വിലയിരുത്തലുകൾ വന്നത്. രത്തൻ ടാറ്റ അയാളെക്കുറിച്ച് കേട്ടതൊക്കെ മോശം വാർത്തകൾ ആയിരുന്നു. ലാഭം ലാഭം എന്ന ഒരു ഒറ്റ ചിന്തമാത്രമാണ് മിസ്ട്രയെ നയിച്ചിരുന്നത്.
മിസ്ത്രിയുടെ പല തീരുമാനങ്ങളും, രത്തൻടാറ്റയെ ഞെട്ടിച്ചു. ടാറ്റ കെമിക്കൽസിന്റെ യൂറിയ കച്ചവടം വിറ്റത്, ഇന്ത്യൻ ഹോട്ടൽസിന്റെ വിദേശ വസ്തുവഹകളിൽ ചിലത് കയ്യൊഴിഞ്ഞത്, യുകെയിലെ ഉരുക്ക് വ്യാപാരം അവസാനിപ്പിക്കാൻ തീരുമാനിച്ചത് തുടങ്ങിയ തീരുമാനങ്ങൾ തുടങ്ങിയവ ടാറ്റ ട്രസ്റ്റിന് സ്വീകാര്യമായിരുന്നില്ല.
മിസ്ത്രിയുടെ കീഴിൽ ഗ്രൂപ്പിന് ഓഹരിയുടമകളുടെ വിശ്വാസം നേടിയെടുക്കാൻ ആകുന്നില്ലെന്നും ഗ്രൂപ്പിലെ കമ്പനികൾ പ്രവർത്തിക്കുന്നത് ആഗോള സാഹചര്യത്തെ വേണ്ടത്ര കണക്കിലെടുത്തല്ല എന്നും ടാറ്റ ട്രസ്റ്റ് വിലയിരുത്തി. യുകെയിലെ ഉരുക്കുശാല അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് ബ്രിട്ടനിൽ വലിയ വിമർശനം നേരിടേണ്ടിവന്നു. നഷ്ടം വരുത്തുന്ന സ്ഥാപനം ലാഭത്തിലാക്കുകയാണ് വിൽക്കുന്നതിനെക്കാൾ രത്തൻ ടാറ്റ ആഗ്രഹിച്ചത്. പക്ഷേ മിസ്ത്രി തിരിച്ചും. അതുപോലെ ജപ്പാനിലെ എൻടിടി ഡോക്കോമയുമായി നടത്തിയ കടുത്ത നിയമയുദ്ധവും ഒടുവിൽ 1.2 ബില്യൺ ഡോളർ നൽകാനുള്ള അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയുടെ വിധിയുണ്ടായതും മിസ്ത്രിയുടെ കഴിവുകേടായി വിലയിരുത്തപ്പെട്ടു. രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയായ നാനോ കാറിനെ കുറിച്ചും മിസ്ത്രിക്ക് മോശം അഭിപ്രായം ആയിരുന്നു.
മാത്രമല്ല എക്കാലവും തൊഴിലാളി സൗഹൃദം ആയിരുന്നു ടാറ്റ. മിസ്ത്രി അവിടെയുംപട്ടാളച്ചിട്ടകൾ കൊണ്ടുവന്നു. ഒരുപാട് പേര് രത്തൻടാറ്റയുടെ എടുത്ത് പരാതിയുമായി എത്തി. വിശ്രമം ജീവിതം നയിക്കുന്ന ആ 'പുലി' എല്ലാവരെയും സമാധാനിപ്പിച്ചു. ഇതിനൊക്കെ പുറമേ 2014ൽ ഒഡീഷ തെരഞ്ഞെടുപ്പിൽ പത്ത് കോടി രൂപയുടെ ഫണ്ട് നൽകാമെന്ന വാഗ്ദാനം സൈറസ് മിസ്ത്രിയുടെ ഉപദേശകൻ നൽകി. ഒരുകാര്യത്തിനും കൈക്കൂലി കൊടുക്കില്ലെന്നും രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുമെന്നുമുള്ള ടാറ്റയുടെ ചിരപുരാതന നയത്തിന് വിരുദ്ധമായിരുന്നു ഇത്. ഇക്കാര്യം അറിഞ്ഞതോടെ രത്തൻ ടാറ്റയുടെ സകല നിയന്ത്രണവും പോയി. വിശ്രമ ജീവിതം മാറ്റിവെച്ച് അദ്ദേഹം വീണ്ടും കളത്തിലിറങ്ങി.
2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ, ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് നാടകീയമായി പുറത്താക്കി. ഇന്ത്യൻ കോർപ്പറേറ്റ് ലോകം ഞെട്ടിയ തീരുമാനം ആയിരുന്നു അത്. രത്തൻ ടാറ്റതന്നെ വീണ്ടും ചെയർമാനായി. പിന്നീട് കാര്യങ്ങൾ ഭംഗിയായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിയതോടെ, ടിസിഎസിനെ ഗംഭീരമായി നയിച്ച നടരാജൻ ചന്ദ്രശേഖറിന് ബാറ്റൻൺ കൈമാറി അദ്ദേഹം വീണ്ടും വിശ്രമജീവിതത്തിൽ പ്രവേശിച്ചു. ഇതിനെതിരെ ആദ്യം നിയമനടപടികളിൽ വിജയം സൈറസിന് ആയിരുന്നെങ്കിലും സുപ്രീംകോടതയിൽ രത്തൻടാറ്റക്കായിരുന്നു വിജയം. അങ്ങനെ 2021 മാർച്ചിൽ രണ്ടു ഗ്രൂപ്പുകളും വഴി പിരിഞ്ഞു.
വിശ്വപൗരന് ദാരുണ്യാന്ത്യം
ടാറ്റയിൽനിന്ന് പുറത്തായെങ്കിലും, അതിനേക്കാൾ വലിയ കമ്പനിയാക്കി മിസ്ത്രി ഗ്രൂപ്പിലെ വളർത്തും എന്ന നിശ്ചയ ദാർഡ്യത്തോടെ കഠിനാധ്വാനം ചെയ്തുവരികയായിരുന്നു സൈറസ്. പല്ലോൺജി ഗ്രൂപ്പിന്റെ പ്രതാപം, അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളിൽ വ്യാപിപ്പിക്കാൻ ഒരുങ്ങവേയാണ് അദ്ദേഹത്തിന്റെ അന്ത്യം ഉണ്ടാവുന്നത്.
താൻ ഒരു വിശ്വപൗരൻ ആണെന്നായിരുന്നു സൈറസ് മിസ്ത്രി പറഞ്ഞിരുന്നത്. ''ഞാൻ ഒരു ഗ്ലോബൽ സിറ്റിസൺ ആണ്. അതുകൊണ്ടാണ് ഐറിഷ് പൗരത്വം ഉപേക്ഷിക്കാത്തത്. പക്ഷേ എന്റെ ജന്മ നാട് ഇന്ത്യയാണ്. ഇന്ത്യയെ സ്നേഹിക്കുന്നതിൽ എനിക്ക് ഇതൊന്നും തടസ്സമാവില്ല.''- എൻഡിടിവിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ സൈറസ് മിസ്ത്രി പറയുന്നു. അപൂർവങ്ങളിൽ അപൂർവമയാണ് മിസ്ത്രി മാധ്യമങ്ങളെ കാണാറുള്ളതും.
സൈറസ് മരിച്ചു കഴിഞ്ഞതിനുശേഷമാണ് അദ്ദേഹത്തെക്കുറിച്ചുള്ള പോസറ്റീവായ വിലയിരുത്തലുകൾ വരുന്നത്. പ്രമുഖ ബിസിനസ് കൺസൾട്ടന്റ് വിനോദ് മേത്ത ഇങ്ങനെ കുറിക്കുന്നു. '' ടാറ്റ ഒരു നന്മകളുടെ മരവും സൈറസ് ഒരു വില്ലനും എന്നാണ് ഇന്ത്യ കരുതിയത്. പക്ഷേ സത്യത്തിൽ ഇത് രണ്ട് കാഴ്ചപ്പാടുകളുടെ പ്രശ്നമായിരുന്നു. ആധുനികമായ കോർപ്പറേറ്റ് മാനേജ്മെന്റാണ് സൈറസിന്റെത്. രത്തൻ ടാറ്റയുടേത് പഴയ ധാർമ്മിക മൂല്യത്തിൽ ഊന്നിയുള്ള വികാരപരമായ തീരുമാനവും. ലാഭമല്ലാത്തത് ഒഴിവാക്കുക, കർശനമായ ആഭ്യന്തര അച്ചടക്കം പുലർത്തുക, കാലത്തിന് അനുസരിച്ച് മാറുക, രാഷ്ട്രീയ സ്വാധീനം നേടിയെടുക്കു എന്നതൊക്കെ, പുതിയ കാലത്ത് സ്വാഭിവികയാണ്. അംബാനിയുടെയും അദാനിയുടെയും വളർച്ച നോക്കുക. ഈ കഴുത്തറപ്പൻ മത്സരത്തിന് അനുസരിച്ച് ടാറ്റയെയയും മാറ്റിയെടുക്കാനാണ് സൈറസ് നോക്കിയത്. ടാറ്റയുടെ തലപ്പത്ത് സൈറസ് ആയിരുന്നെങ്കിൽ, ഇന്ന് അദാനിക്കും അംബാനിക്കും വരെ വലിയ ഭീഷണി ആയനേ''- വിനോദ് മേത്ത വിലയിരുത്തുന്നു.
സൈറസ് മിസ്ത്രിയുടെ അന്ത്യത്തോടെ പതിറ്റാണ്ടുകൾ നീണ്ട ടാറ്റ-മിസ്ത്രി കുടുംബപോരിനും അന്ത്യമായിരിക്കയാണ്. ഇപ്പോൾ ടാറ്റയിൽ ടാറ്റാകുംടബത്തിലെ അംഗങ്ങൾ തലപ്പത്തില്ല. എന്തിന് പാഴ്സി ജനസംഖ്യതന്നെ വല്ലാതെ കുറഞ്ഞ്, സർക്കാർ അവർക്കായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുന്ന രീതിയിലേക്ക് കാലം മാറുന്നു!
വാൽക്കഷ്ണം: സുപ്രീംകോടതി ഇടപെടലോടെ 2021 മാർച്ചിൽ ടാറ്റയും മിസ്ത്രിയും വഴി പിരിഞ്ഞപ്പോൾ സൈറസ് മിസ്ത്രി ഉയർത്തിയിരുന്ന ഒരു ചോദ്യമുണ്ട്. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന, അതിനാൽ ആദായനികുതി ഇളവ് കിട്ടുന്ന ടാറ്റ ട്രസ്റ്റുകൾക്ക് എങ്ങനെ കമ്പനികളെ നിയന്ത്രിക്കാൻ കഴിയും എന്നതായിരുന്നു അത്. അതിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ