70കളില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡിലൂടെ ഒരു പച്ച മറ്റഡോര്‍ കാര്‍ ചീറിപ്പാഞ്ഞുപോവുന്നതു കണ്ടാല്‍, ആളുകള്‍ മൊത്തം വഴിമാറുമായിരുന്നു. അത് ഇന്ത്യയുടെ കിരീടം വെക്കാത്ത യുവ രാജാവിന്റെ വാഹനമാണ്! പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെവരെ നിയന്ത്രിക്കുന്ന മകന്‍ സഞ്ജയ് ഗാന്ധിയുടേതാണ്. യുവരാജാവ് തന്നെയാണ് വണ്ടിയോടിക്കുന്നതും. അതുകൊണ്ടുതന്നെ ആ വാഹനത്തിന് ഗതാഗത നിയമങ്ങള്‍പോയിട്ട്, ന്യൂട്ടന്റെ ചലനനിയമങ്ങള്‍പോലും ബാധകമായിരുന്നില്ല!ഇതേ ലാഘവത്തോടെയാണ് സഞ്ജയ് ഹെലികോപ്റ്ററുകളും, പ്ലെയിനുകളം ഓടിച്ചിരുന്നത്. വിമാനവുമായി ആകാശത്ത് കുട്ടിക്കരണം മറിയുകയായിരുന്നത്രേ അദ്ദേഹത്തിന്റെ ഹോബി. ഒടുവില്‍ ഈ വിക്രിയ അദ്ദേഹത്തിന്റെ മരണത്തിനും കാരണമാക്കി.

നെഹ്റു കുടുംബത്തില്‍ ജനിച്ച, ഒരു ലക്ഷണമൊത്ത ഫാസിസ്റ്റായിരുന്ന സഞ്ജയ്. മുത്ത്ഛന്‍ നെഹ്റുവിന്‍െയോ, പിതാവ് ഫിറോസ് ഗാന്ധിയുടേയോ ജനാധിപത്യമൂല്യങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്ത മകന്‍. കടുത്ത ജനാധിപത്യവിരുദ്ധനും മുസ്ലിംവിരുദ്ധനുമായ സഞ്ജയ് ഗാന്ധിക്കുമുന്നില്‍ ഇന്നത്തെ ഭരണാധികാരികള്‍ ഒന്നുമല്ല എന്നാണ് അക്കാലത്തെ അനുഭവങ്ങളിലൂടെ കടന്നുപോയ മാധ്യമ പ്രവര്‍ത്തകന്‍ നീലം സിങിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. സഞ്ജയിനെ ഇന്ന് കോണ്‍ഗ്രസുകാര്‍ പോലും സ്മരിക്കുന്നില്ല. മൂന്നാലു വര്‍ഷം മുമ്പുവരെ ഡല്‍ഹിയിലെ ചില സുഹൃത്തുക്കള്‍ സഞ്ജയ് ഗാന്ധി അനുസ്മരണം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതും ഇല്ല.

പക്ഷേ അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം വരുമ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ് സഞ്ജയ ചരിത്രം. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഒരു ലേഖനത്തിലൂടെ സഞ്ജയ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മലയാളം ഇംഗ്ലീഷ് ദിന പത്രങ്ങളിലാണ് തരൂര്‍ ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകള്‍ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്. പക്ഷേ തരൂര്‍ എഴുതിയതിന്റെയൊക്കെ അപ്പുറത്തുള്ള സൈക്കോ പൊളീറ്റീഷ്യനായിരുന്നു അയാള്‍.

സ്വന്തമായി ഗുണ്ടാ സംഘം

ജോസഫ് സ്റ്റാലിന്റെ കടുത്ത ആരാധകനായിരുന്നു സഞ്ജയ്. പല്ലിന് പല്ല്് കണ്ണിന് കണ്ണ്, എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നാണ് വിനോദ് മേത്തയുടെ 'സഞ്ജയ് സ്റ്റോറിന്‍ എന്നപുസ്തകത്തില്‍ പറയുന്നു. അതിനായി കോണ്‍ഗ്രസില്‍ സ്വന്തമായി ഒരു ഗുണ്ടാ സംഘത്തെയും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. സഞ്ജയ് ഒന്ന് മൂളിയാല്‍ ഏത് വമ്പന്റെയും കഥ ഇവര്‍ തീര്‍ത്തുതരും. ഏത് കെട്ടിടവും ഇടിച്ചുപൊളിച്ചുകളയും.

ക്രമേണ അധികാരത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കി. ഒരുവേള ഇന്ദിരാഗാന്ധിപോലും സഞ്ജയിന്റെ കൈയിലെ കളിപ്പാവയായി. ജനാധിപത്യത്തോടും അദ്ദേഹത്തിനുള്ള സമീപനം പുച്ഛമായിരുന്നു. ഒരു കൂട്ടം ആളുകള്‍ തീരുമാനം എടുക്കാന്‍ വൈകിച്ച് രാഷ്ട്രത്തെ നശിപ്പിക്കയായിരുന്നെന്നാണ് സഞ്ജയ്ഗാന്ധിയുടെ പക്ഷം. ശക്തമായ ഒരു നേതൃത്വം. അത് അനുസരിക്കുന്ന ജനം. അദ്ദേഹം ആ രീതിയിലുള്ള രാഷ്ട്രമാണ് വിഭാവനം ചെയ്തത്. ഇന്ദിരയുടെ 'നാവടക്കൂ പണിയെടുക്കൂ' സിദ്ധാന്തം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തം.




ഹിറ്റ്‌ലര്‍ക്ക് സമാനമായി വംശവെറിയും അദ്ദേഹം പുലര്‍ത്തിയിരുന്നു. മുസ്ലീങ്ങള്‍ പെറ്റുകൂട്ടി രാജ്യത്തിന് ഭീഷണിയാവുന്നവര്‍ ആണെന്നാണ് സഞ്ജയ് വിശ്വസിച്ചിരുന്നത്. മുസ്ലീങ്ങളുടെ നിര്‍ബന്ധിത വന്ധീകരണത്തിലും തുര്‍ക്കുമാന്‍ഗേറ്റിലെ ചേരി പൊളിക്കലും ഒക്കെ കലാശിച്ചത് ഈ ചിന്താധാരയാണ്. നോക്കണം, സാര്‍വദേശീയ മാനവികതക്ക് വേണ്ടി വാദിച്ച നെഹ്‌റുവിന്റെ കൊച്ചുമകനാണ് ഇതെന്ന് ഓര്‍ക്കണം. മുസ്ലീങ്ങള്‍ക്ക് നിര്‍ബന്ധിത വന്ധ്യംകരണം അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി, ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നു. സഞ്ജയിന്റെയും കൂട്ടരുടെയും കുടിലബുദ്ധിയില്‍ ഉദിച്ച പലതും അന്നത്തെ ഇന്ത്യന്‍ ഗവണ്മെന്റിന്റെ നയങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണം. വന്ധ്യംകരിക്കുന്നവര്‍ക്ക് ആദ്യം ആനുകൂല്യങ്ങള്‍ നല്‍കി ആകര്‍ഷിക്കാന്‍ ശ്രമിച്ചു. അതിന് വഴങ്ങാത്ത പലരെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. നിര്‍ബന്ധിതമായ ഓപ്പറേഷനുകളുടെ പേരും പറഞ്ഞ് പൊലീസ് പാവങ്ങളുടെ ഗ്രാമങ്ങള്‍ കയറിയിറങ്ങി അക്രമങ്ങള്‍ പലതും പ്രവര്‍ത്തിച്ചു. രണ്ടാഴ്ച കൊണ്ട് ചില സംസ്ഥാനങ്ങളില്‍ നടന്നത് ആറു ലക്ഷത്തോളം വന്ധ്യംകരണങ്ങളാണ്.

1975-77 കാലയളവില്‍ 1.1 കോടി സ്ത്രീപുരുഷന്മാര്‍ നിര്‍ബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു. ഈ നിര്‍ബന്ധിത വന്ധ്യംകരണത്തിന്റെ ഇരകള്‍ എറെയും മുസ്ലീങ്ങള്‍ ആയിരുന്നു. സഞ്ജയ് ഗാന്ധിക്ക് ചീത്തപ്പേര് സമ്മാനിച്ച മറ്റൊരു ഓപ്പറേഷനായിരുന്നു ഡല്‍ഹിയിലെ തുര്‍ക്ക് മാന്‍ ഗേറ്റിനടുത്തുള്ള ചേരികള്‍ ഒഴിപ്പിക്കാന്‍ നടത്തിയ പൊലീസ് ഓപ്പറേഷന്‍. അതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് ആ ചേരി ഒഴിപ്പിച്ചെടുക്കാന്‍ അവിടെ നടത്തിയ പൊലീസ് ആക്ഷനെ പ്രദേശവാസികള്‍ എതിര്‍ത്തു. അവരില്‍ പലരെയും പൊലീസ് വെടിവെച്ചു കൊന്നു. പ്രസ്സിന് സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് വിവരം അന്താരാഷ്ട്ര മാധ്യമശ്രദ്ധയില്‍ എത്തിയില്ല.

സഞ്ജയ് തന്റെ മന്ത്രാലയത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍ രാജിവെച്ചയാളാണ്, പിന്നീട് പ്രധാനമന്ത്രിയായ, അന്നത്തെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ഐ കെ ഗുജ്‌റാള്‍. തിരഞ്ഞെടുക്കപ്പെടാത്ത ഒരാളില്‍ നിന്ന് ഉത്തരവുകള്‍ സ്വീകരിക്കാന്‍ ഗുജ്‌റാള്‍ വിസമ്മതിച്ചപ്പോള്‍ സഞ്ജയ് പൊട്ടിത്തെറിക്കയായിരുന്നു.സഞ്ജയ് ഗാന്ധിയുടെ അനുയായിയായ വിദ്യാ ചരണ്‍ ശുക്ലയെ ഗുജ്‌റാള്‍ മാറ്റി നിയമിച്ചതാണ് പ്രശ്നമായത്. എവിടെയും സ്വന്തം കിങ്കരന്‍മ്മാരെ തിരുകിക്കയറ്റുകയായിരുന്ന സഞ്ജയിന്റെ രീതി. പ്രശസ്ത ബോളിവുഡ് ഗായകന്‍ കിഷോര്‍ കുമാര്‍, ഒരിക്കല്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഒരു ചടങ്ങില്‍ പാടാന്‍ വിസമ്മതിച്ചു. അതിന് സഞ്ജയ് ചെയത്തതാവട്ടെ, കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ നിരോധിക്കയായിരുന്നു!

അടിയന്തരാവസ്ഥ കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകാന്‍ സഞ്ജയ് ഗാന്ധി അമ്മ ഇന്ദിരക്കുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സ്വന്തം മകനെപ്പോലും ഞെട്ടിച്ചുകൊണ്ട് 1977 -ല്‍ ഇന്ദിരാഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോണ്‍ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളാണ്, ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്. ഇന്ദിര തന്റെ രാഷ്ട്രീയജീവിതത്തില്‍ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്. തെരഞ്ഞെടുപ്പില്‍ ഇന്ദിരയും, മകന്‍ സഞ്ജയും, കോണ്‍ഗ്രസ് പാര്‍ട്ടിയും നിലംപരിശായി.




സഞ്ജയ് ഗാന്ധിക്കുനേരെ വധശ്രമമുണ്ടായി. 1977 മാര്‍ച്ചില്‍ അഞ്ചുതവണ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറിയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ സഞ്ജയ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തി. സഞ്ജയ് ഗാന്ധിയെ ജയിലിലടച്ചു. പക്ഷേ അവിടെനിന്നും അയാള്‍ തിരച്ചുവന്നു. മൊറാര്‍ജിയെ കാലുവാരി ചരണ്‍ സിങ്ങിനെ പ്രധാനമന്ത്രിയാവാന്‍ സഹായിക്കുമ്പോഴുള്ള കോണ്‍ഗ്രസിന്റെ കരാര്‍, ഇന്ദിരക്കും സഞ്ജയ്ക്കും എതിരായ കേസുകള്‍ ഒഴിവാക്കണം എന്നായിരുന്നു. അത് അപ്രകാരം നടന്നു. 80കളിലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര അധികാരത്തിലെത്തിയതോടെ സഞ്ജയ് വീണ്ടും സര്‍വപ്രതാപിയായി.

മാരുതിയും കുര്‍സിയും

തനിക്ക് അപ്പോള്‍ എന്താണോ തോന്നുത് അത് യാതൊരു പഠനവും കൂടാതെ പദ്ധതിയാക്കി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കയായിരുന്നു, അക്കാലത്തെ സഞ്ജയ് സ്റ്റെല്‍. തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ അയാള്‍, രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന സ്വന്തം അമ്മയോട് പറഞ്ഞു,'അമ്മേ, ഞാന്‍ ഈ നാട്ടിലെ സാധാരണക്കാരന് വേണ്ടി ഒരു വിലകുറഞ്ഞ കാര്‍ ഉണ്ടാക്കാന്‍ പോവുന്നു. ഈ രാജ്യത്തിന്റെ ആദ്യത്തെ 'ജനതാ' കാര്‍...''. കേട്ട പാതി കേള്‍ക്കാത്ത പാതി രാജ്യം അയാള്‍ക്കുവേണ്ടി സ്വന്തം ഖജനാവുകള്‍ തുറന്നു നല്‍കി. അതുവരെ ഒരു ടോയ് കാര്‍ പോലും ഉണ്ടാക്കിയ പരിചയമില്ലാത്ത ആ യുവാവിന് അമ്പതിനായിരം കാറുകള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള കോണ്‍ട്രാക്ട് അനുവദിക്കപ്പെട്ടു. സഞ്ജയ് ഗാന്ധി 'ജനതാ കാര്‍' നിര്‍മിക്കാന്‍ വേണ്ടി രൂപം കൊടുത്ത കമ്പനിയുടെ പേര് 'മാരുതി' എന്നായിരുന്നു. 'മാരുതി' എന്ന വാക്കിനര്‍ത്ഥം മാരുതപുത്രനായ സാക്ഷാല്‍ 'ഹനുമാനെ'ന്നായിരുന്നു.

1971 ജൂണില്‍, മാരുതി മോട്ടോഴ്‌സ് ലിമിറ്റഡ് (ഇപ്പോള്‍ മാരുതി സുസുക്കി ) എന്നറിയപ്പെടുന്ന ഒരു കമ്പനി രൂപപ്പെട്ടു. മുന്‍ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും സഞ്ജയ് ഗാന്ധി അതിന്റെ മാനേജിംഗ് ഡയറക്ടറായി. ഇതിന്റെ പേരില്‍ ഇന്ദിര വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും, പക്ഷേ 1971- ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പാകിസ്ഥാനെതിരായ വിജയം പൊതുജന ശ്രദ്ധയെ മാറ്റിമറിച്ചു. സഞ്ജയിന്റെ ജീവിതകാലത്ത് കമ്പനി ഒരു വാഹനവും നിര്‍മ്മിച്ചില്ല. അത് ഒരു വെള്ളാനയായിരുന്നു. സ്ഥാപനം അഴിമതിയുടെ കൂത്തരങ്ങായി. കാരാറുകള്‍ ഒക്കെ വിവാദമായി. 1977-ല്‍ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും'മാരുതി ലിമിറ്റഡ് ലിക്വിഡേറ്റ് ചെയ്യുകയും ചെയ്തു. 1980-ല്‍ സഞ്ജയിന്റെ മരണത്തിന് ഒരു വര്‍ഷത്തിനുശേഷം, ഇന്ദിരയുടെ നിര്‍ദ്ദേശപ്രകാരം, കേന്ദ്ര സര്‍ക്കാര്‍ മാരുതി ലിമിറ്റഡിനെ രക്ഷപ്പെടുത്തി. ഗാന്ധി കുടുംബ സുഹൃത്തും വ്യാവസായിക മേധാവിയുമായ വി. കൃഷ്ണമൂര്‍ത്തിയുടെ ശ്രമഫലമായി അതേ വര്‍ഷം തന്നെ മാരുതി ഉദ്യോഗ് ലിമിറ്റഡ് വീണ്ടും സജ്ജമായി. ഇപ്പോള്‍ പലരും മാരുതി കാറിന്റെ പിതാവ് സഞ്ജയ് ഗാന്ധിയാണെന്ന് പറയുന്നുണ്ട്. പക്ഷേ മാരുതിയുടെ വളര്‍ച്ചയിലോന്നും സഞ്ജയിന് യാതൊരു പങ്കുമില്ല എന്നതാണ് വാസ്തവം.




അതുപോലെ സഞ്ജയിന്റെ ഫാസിറ്റ് സ്വഭാവത്തിന് കൃത്യമായ ഉദാഹരണമാണ് 'കിസ്സ കുര്‍സി കാ' എന്ന ചിത്രത്തോടുള്ള സമീപനം. ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും പരിഹസിക്കുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമായിരുന്നു ഇത്. അമൃത് നഹത സംവിധാനം ചെയ്ത ഈ ചിത്രം, 1975 ഏപ്രിലില്‍ സെന്‍സര്‍ ബോര്‍ഡിന് സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചു. ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ധവാന്‍, സ്വാമി ധീരേന്ദ്ര ബ്രഹ്‌മചാരി , റുഖ്‌സാന സുല്‍ത്താന തുടങ്ങിയ അന്നത്തെ കോണ്‍ഗ്രസ് ഉപജാപകസംഘത്തിന് പുറമേ, സഞ്ജയ് ഗാന്ധിയുടെ കാര്‍ നിര്‍മ്മാണ പദ്ധതികളെയും ഈ ചിത്രം പരിഹസിച്ചിരുന്നു. ബോര്‍ഡ് ചിത്രം ഏഴ് അംഗ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. അത് സര്‍ക്കാരിനും അയച്ചു. തുടര്‍ന്ന്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 51 എതിര്‍പ്പുകള്‍ ഉന്നയിച്ച് നിര്‍മ്മാതാവിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 1975 ജൂലൈ 11 ന് സമര്‍പ്പിച്ച മറുപടിയില്‍, കഥാപാത്രങ്ങള്‍ 'സാങ്കല്‍പ്പികമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ വ്യക്തികളെയോ പരാമര്‍ശിക്കുന്നില്ലെന്നും' നഹത പ്രസ്താവിച്ചു. അപ്പോഴേക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന്, സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ചിത്രത്തിന്റെ എല്ലാ പ്രിന്റുകളും മാസ്റ്റര്‍ പ്രിന്റും എടുത്ത് ഗുഡ്ഗാവിലെ മാരുതി ഫാക്ടറിയിലേക്ക് കൊണ്ടുവന്ന് കത്തിച്ചു. ഈ കത്തിക്കലിന് സഞ്ജയിന്റെ ഗുണ്ടാ സംഘമാണ് നേതൃത്വം കൊടുത്തത്. അടിയന്തരാവസ്ഥക്കുശേഷം നടന്ന ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ സഞ്ജയ് ശിക്ഷക്കപ്പെടുകയും ചെയ്തു. സഞ്ജയ് ഗാന്ധിയെ ജയിലിലടക്കാന്‍ കാരണമായ കുറ്റങ്ങളില്‍ ഒന്ന് കിസ്സ കുര്‍സി കാ സിനിമയുടെ പ്രിന്റുകള്‍ കത്തിച്ചു എന്നതും പെടും.

മനേകയും സുല്‍ത്താനയും

സ്ത്രീലമ്പടത്തത്തിനും കുപ്രസിദ്ധനായിരുന്നു സഞ്ജയ് ഗാന്ധി. അടിയന്തരാവസ്ഥക്കാലത്തെ സര്‍വശക്തനായ നേതാവിന്റെ കിടപ്പറ പങ്കിടാന്‍ സ്ത്രീകള്‍ മത്സരിച്ചുവെന്നാണ് ഖുഷ്വന്ത്സിങ്് എഴുതിയിരുന്നത്. അക്കാലത്തെ സ്വപ്ന സുന്ദരിയായ മനേകാഗാന്ധിയായിരുന്നു സഞ്ജയിന്റെ ജീവത പങ്കാളി.

1956 ഓഗസ്റ്റ് 26 ന് ഇന്ത്യയിലെ ഡല്‍ഹിയില്‍ ഒരു സിഖ് കുടുംബത്തിലാണ് മനേക ഗാന്ധി എന്ന് പിന്നീട് അറിയപ്പെട്ട മനേകാ ആനന്ദ് ജനിച്ചത്. പിതാവ് തര്‍ലോചന്‍ സിംഗ് ആനന്ദ്, ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലായിരുന്നു. സനാവറിലെ ലോറന്‍സ് സ്‌കൂളിലും പിന്നീട് ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണിലും വിദ്യാഭ്യാസം നേടി. അവര്‍ പിന്നീട് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ജര്‍മ്മന്‍ പഠിച്ചു. കത്തുന്ന സൗന്ദര്യമൂലം ഇക്കാലത്തുതന്നെ പ്രശസ്തയായിരുന്നു മനേക. സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കയും മിസ് ഇന്ത്യയായി മാറി എന്നുമൊക്കെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അവര്‍ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മേനകാഗാന്ധി ഈ രണ്ടുവാര്‍ത്തകളും നിഷേധിച്ചിട്ടില്ല.




1973ല്‍ അമ്മാവന്‍ മേജര്‍ ജനറല്‍ കപൂര്‍ നടത്തിയ ഒരു കോക്ടെയ്ല്‍ പാര്‍ട്ടിയില്‍ വച്ചാണ് മേനക ആദ്യമായി സഞ്ജയ് ഗാന്ധിയെ കാണുന്നത്. ആരെയും മോഹിപ്പിക്കുന്ന ആ സുന്ദരി സഞ്്ജയിന്റെയും കണ്ണുകളില്‍ ഉടക്കി. സഞ്്ജയ് ഗാന്ധിയാവട്ടെ അന്ന് കോണ്‍ഗ്രസിലെ കിരീടം വെക്കാത്ത രാജാവായി വളരുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം 1974 സെപ്റ്റംബര്‍ 23-ന് സഞ്ജയ്, മേനകയെ വിവാഹം കഴിച്ചു. ഇരുവരും തമ്മില്‍ അപ്പോഴേക്കും പ്രണയത്തില്‍ ആയിരുന്നു.അന്ന് വെറും 17 വയസ്സുമാത്രമുള്ള മനേകയെ തന്റെ മാറ്റഡോര്‍ കാറിലേക്ക് പിടിച്ച് വലിച്ചിട്ട് നഗരം മുഴുവന്‍ അമിത വേഗതയില്‍ കറക്കി, സിനിമാ സ്റ്റെലില്‍ ആയിരുന്നത്രേ, ഇന്ത്യന്‍ പ്രജാപതിയുടെ പ്രണയാഭ്യര്‍ത്ഥന!

ഈ വിവാഹം സത്യത്തില്‍ ഇന്ദിരാഗാന്ധിക്ക് ഇഷ്ടമായിരുന്നില്ല. എന്നാല്‍ മകന്റെ ആഗ്രഹത്തിന് ഒപ്പം കൂടുകയായിരുന്നു അവര്‍. വിവാഹം സമയത്ത് വെറും 18 വയസ്സ് മാത്രമായിരുന്നു മേനകയുടെ പ്രായം. ഭര്‍ത്താവിനേക്കാള്‍ പത്തുവയസ്സുകുറവ്. എന്നാല്‍ അവരുടെ ദാമ്പത്യവും അത്ര സുഖകരം ആയിരുന്നില്ല എന്നാണ് ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവര്‍ എഴുതിയത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അങ്ങേയറ്റം സുരക്ഷയുള്ള പ്രധാനമന്ത്രി കുടുംബത്തിലേക്ക് പറിച്ചു നടന്നത് അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. മാത്രമല്ല വ്യക്തി ജീവിതത്തിലും സഞ്ജയ് ഒരു ഫാസിസ്്റ്റ് തന്നെ ആയിരുന്നു. അയാള്‍ക്ക് മറ്റ് നിരവധി കാമുകിമാര്‍ ഉണ്ടായിരുന്നതും പരസ്യമായ രഹസ്യമാണ്.

സഞ്ജയ് ഗാന്ധിയും, അടിയന്തരാവസ്ഥക്കാലത്തെ വന്ധ്യംകരണത്തിന് നേതൃത്വം കൊടുത്തതിലുടെ കുപ്രസിദ്ധയായ, റുക്സാന സുല്‍ത്താന എന്ന മാദകസുന്ദരിയും തമ്മിലുള്ള ബന്ധം വാര്‍ത്തയായിരുന്നു. ആ കാലത്ത് റുക്സാനക്കൊപ്പമായിരുന്നു സഞ്ജയ് ഏറെ നേരവും ചെലവിട്ടത്. ബുള്‍ഡോസര്‍ രാഷ്ട്രീയം അടക്കമുള്ള സഞ്ജയ് ഗാന്ധിയുടെ കുപ്രസിദ്ധമായ പല പ്രൊജക്റ്റുകള്‍ക്ക് പിറകിലും റുക്സാന ആയിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ മേനക ഒരിക്കലും തന്റെ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞില്ല. ശരിക്കും സന്തോഷകരമായ ദാമ്പത്യം എന്നായിരുന്നു അവര്‍ എവിടെയും പറഞ്ഞത്.

സഞ്ജയിന്റെ മരണശേഷം ഇന്ദിരാഗാന്ധി, മനേകയെ വീട്ടില്‍നിന്ന് പുറത്താക്കി. മനേക പ്രതികരമായി ഇന്ദിരയും ധീരേന്ദ്രബ്രഹ്‌മചാരിയും തമ്മിലുള്ള കാമകേളികള്‍ അടങ്ങിയ, എം എം മത്തായിയുടെ 'നെഹ്റുയുഗ സ്മരണകള്‍' എന്ന പുസത്കത്തിലെ എഡിറ്റ്ചെയ്യപ്പെട്ട അധ്യായം അച്ചടിച്ച് വിതരണം ചെയ്തതുമൊക്കെ പിന്നീട് വാര്‍ത്തയായി. സഞ്ജയ് ഗാന്ധിയുടെ ഫാസിസ്റ്റ് സ്വഭാവം ഏറെക്കുറെയുള്ള മക ന്‍ വരുണ്‍ഗാന്ധിയും, അമ്മ മനേകയും ഇന്ന് ബിജെപിയിലാണ്.

പ്രധാനമന്ത്രിയെ തല്ലിയ സൈക്കോ

തിരിഞ്ഞുനോക്കുമ്പോള്‍, ആരാണ് സഞ്ജയ് ഗാന്ധിയെ ഈ രീതിയില്‍ ഫാസിസ്റ്റാക്കിയത് എന്ന് ചോദിച്ചാല്‍ അമ്മ ഇന്ദിരാഗാന്ധി എന്ന് തന്നെ മറുപടി പറയേണ്ടിവരും. സ്ഞ്ജയ് എന്തുചെയ്താലും ഇന്ദിരാഗാന്ധിക്ക് ഒരു പ്രശ്നവും ആയിരുന്നില്ല. മാരുതി തുടങ്ങിയതും, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതുമെല്ലാം അങ്ങനെയായിരുന്നു. മകന്‍ വഴിതെറ്റുന്നുവെന്ന് എല്ലാവരും പറഞ്ഞിട്ടും ഇന്ദിരഗാന്ധി കേട്ടില്ല.




ദേഷ്യം വന്നാല്‍ അമ്മയെപ്പോലും തല്ലുന്ന സൈക്കോ ആയിരുന്നു സഞ്ജയ് ഗാന്ധി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കരണത്ത് മകന്‍ അടിച്ചുവെന്ന് പുലിസ്റ്റര്‍ ജേതാവും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ലൂയിസ് സിമന്‍സന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ ഡല്‍ഹി കറസ്‌പോണ്ടന്റ് ആയിരുന്നു ലൂയിസ്. ഒരു സ്വകാര്യഡിന്നര്‍ പാര്‍ട്ടിയില്‍വെച്ച് ആറുപ്രാവശ്യം, പ്രധാനമന്ത്രിയായ ഇന്ദിരാഗന്ധിയെ സഞ്ജയ് അടിച്ചുവെന്നതാണ് ലൂയിസ് വെളിപ്പെടുത്തിയത്. അന്ന് സര്‍വാധിപതിയായി വിലസിയ സഞ്ജയ് ഗാന്ധിയെ ഭയന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ലെന്നും ലൂയിസ് പറയുന്നു.

അതേസമയം സഞ്ജയ് ഗാന്ധി ഇന്ദിരാഗാന്ധിയെ നിയന്ത്രിക്കുകയായിരുന്ന വാദം തെറ്റാണെന്നാണ് ടി.ജെ.എസ് ജോര്‍ജിനെപ്പോലുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ഇന്ദിരാഗാന്ധിയുടെ അഴിമതികള്‍ക്കുള്ള ഒരു മറമാത്രമായിരുന്നു സ്ഞ്ജയ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്ദിരാഗാന്ധിയുടെ ഓള്‍ട്ടര്‍ ഈഗോ ആയിരുന്നു സഞ്ജയ്. ഇന്ദിരക്ക് നേരിട്ട് ചെയ്യാന്‍ കഴിയാത്തതൊക്കെ അവര്‍ സഞ്ജയിനെ കൊണ്ട് ചെയ്യിച്ചു. ടി.ജെ.എസ് ജോര്‍ജിന്റെ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്.

'ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത് 'ദ ഓണ്‍ലി മാന്‍ ഇന്‍ ദ കാബിനറ്റ്' എന്നായിരുന്നു. മന്ത്രിസഭയില്‍ പൗരുഷമുള്ള ഏക അംഗം. സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും (മൊറാര്‍ജിദേശായി, സഞ്ജീവ റെഡ്ഡി, നിജലിംഗപ്പ) തന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ശിങ്കിടികളുടെ കൈയില്‍ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങള്‍ രാഷ്ട്രീയമായും മനഃശാസ്ത്രപരമായും വിലയിരുത്തേണ്ടതാണ്. സംശയാതീതമായ വസ്തുത, ഇന്ദിരാഗാന്ധി സ്ഥാപിച്ച തത്ത്വം ഇന്നും കോണ്‍ഗ്രസ് സംസ്‌കാരമായി തുടരുന്നു എന്നതാണ്. രാജ്യരക്ഷപോലും രാജഭക്തിക്കു താഴെ എന്നു പാഠം. അഴിമതിയുടെ കാര്യത്തിലും ഇന്ദിരാഗാന്ധി തുടങ്ങിവച്ച പുതിയ യുഗം നിസ്സങ്കോചം പുഷ്പിച്ചു നില്‍ക്കുന്നു. വിഖ്യാതമായ ഒരു പ്രസ്താവന പുതുയുഗത്തിന് ഔദ്യോഗിക പരിവേഷം നല്‍കി. സാര്‍വലൗകികമായ പ്രതിഭാസമാണ് അഴിമതി എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ പ്രയോഗം. ഈ സമീപനം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മൂല്യങ്ങളെ തകിടം മറിച്ചു.

ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭരായ ഉദ്യോഗസ്ഥന്മാരിലൊരാളായ ദേശ്മുഖിന്റെ 'എ കാബിനറ്റ് സെക്രട്ടറി ലുക്‌സ് ബാക്ക്' എന്ന പുസ്തകം (2004) പശ്ചാത്തല വിവരങ്ങളുടെ ബാഹുല്യം കൊണ്ട് അത്യുത്തമമാണ്. ബി.കെ. നെഹ്‌റുവിന്റെ ആത്മകഥയില്‍നിന്ന് ഒരു ഭാഗം ദേശ്മുഖ് ഇവിടെ ഉദ്ധരിക്കുന്നു: 'സഞ്ജയ്ഗാന്ധിയുടെ ശവസംസ്‌കാരത്തിന് പിറ്റേദിവസം ഞാന്‍ രാജീവിനോടു ചോദിച്ചു, പാര്‍ട്ടിക്കുവേണ്ടി സഞ്ജയ് ശേഖരിച്ച പണമൊക്കെ സുരക്ഷിതമാണോ എന്ന്. കോണ്‍ഗ്രസ് ഓഫീസിലെ അലമാരിയില്‍നിന്നു കിട്ടിയത് ഇരുപതുലക്ഷം മാത്രമാണെന്ന് രാജീവ്പറഞ്ഞു. സഞ്ജയ് എത്ര ശേഖരിച്ചുവെന്ന് ഞാന്‍ അന്വേഷിച്ചു. കൈകള്‍ കൊണ്ട് തലതാങ്ങിപ്പിടിച്ച് രാജീവ് പറഞ്ഞു, കോടികള്‍, എണ്ണമില്ലാത്ത കോടികള്‍ '. അങ്ങനെ ഭരണത്തിന്റെ തലപ്പത്തുനിന്ന് അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. - ടി ജെ എസ് ജോര്‍ജ് വ്യക്തമാക്കുന്നു.

ഇന്ദിര ഭരിക്കുമ്പോള്‍ വിദേശകാര്യം അമ്മക്കും അഭ്യന്തരം മകനും എന്നായിരുന്നു അലിഖിത കരാര്‍. ബാങ്ക് ദേശസാല്‍ക്കരണം വഴിയൊക്കെ ശതകോടികളുടെ അഴിമതിയാണ് സഞ്ജയ് നടത്തിയത്. ആ പണമൊക്കെ എവിടേപ്പോയെന്ന് ഇന്നും ആര്‍ക്കുമറിയില്ല.

അഹങ്കാരം വഴി വിളിച്ചുവരുത്തിയ മരണം

സഞ്ജയ് ഗാന്ധിയുടെ മരണം ഒരു വിമാന അപകടമായിരുന്നില്ല, അദ്ദേഹത്തിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണെന്ന്, പിന്നീട് വിലയിരുത്തല്‍ ഉണ്ടായി. വിമാനമെടുത്ത് ആകാശത്ത് കുട്ടിക്കരണമറിഞ്ഞ് കളിക്കുക സഞ്ജയ് ഗാന്ധിയുടെ ഹോബിയായിരുന്നു.




1980 ജൂണ്‍ 23 -നാണ് സഞ്ജയ് ഗാന്ധിയുടെ മരണത്തിന് കാരണമായ വിമാനാപകടം നടക്കുന്നത്. ആ ദിവസത്തെപറ്റിയും ഏറെ എഴുതപ്പെട്ടിട്ടുണ്ട്്. പതിവുപോലെ അന്ന് രാവിലെ ഏഴേ കാലോടെ തന്റെ പച്ച മാറ്റഡോര്‍ കാറില്‍ ചീറിപ്പാഞ്ഞ് സഞ്ജയന്‍ പുറപ്പെട്ടു. സഫ്ദര്‍ ജങ് എയര്‍പോര്‍ട്ടിലുള്ള ഫ്ളയിങ് ക്ലബ് ലക്ഷ്യമിട്ടാണ് പോക്ക്. ഒരു വിമാനമെടുക്കണം, ടേക്ക് ഓഫ് ചെയ്യണം, ആകാശത്ത് ചെന്ന് കുട്ടിക്കരണം മറിഞ്ഞ് കളിക്കണം കുറച്ചുനേരം. അത് സഞ്ജയ് ഗാന്ധിയെ ഏറെ ഹരം കൊള്ളിച്ചിരുന്ന ഒരു വിനോദമായിരുന്നു. അന്നത്തെ ദിവസം വിശേഷപ്പെട്ടതായിരുന്നു. അന്ന് സഞ്ജയ് ആദ്യമായി പുതിയൊരു 2 സീറ്റര്‍ വിമാനം പറത്തി പരീക്ഷണം നടത്താന്‍ പോവുകയായിരുന്നു. പിറ്റ്‌സ് എസ്-ടുഎ ആയിരുന്നു ആ വിമാനം. പുതിയൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകവും ഉത്സാഹവുമായിരുന്നു സഞ്ജയിന് ആ പ്രഭാതത്തില്‍.

ഈ രീതിയില്‍ വിമാനം പറത്തുന്നത് അപകടരമാണെന്ന് സഹോദരന്‍ രാജീവ് ഗാന്ധി പറഞ്ഞിട്ടും അദ്ദേഹം കേട്ടിരുന്നില്ല. ഒരിക്കല്‍ സഞ്ജയന്റെ വിമാനത്തില്‍ കയറിപ്പോയ കഥ അന്ന് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്‍ ആ കെ ധവാന്‍ പറഞ്ഞിട്ടുണ്ട്്. ഇനി ഒരിക്കലും ജീവിതത്തില്‍ സഞ്ജയിന്റെ വിമാനത്തില്‍ കയറില്ല എന്ന് ധവാന്‍ ഇന്ദിരയോട് പറഞ്ഞിട്ടും, അവര്‍ അത് ചിരിച്ചുതള്ളുകയായിരുന്നു. മരണ ദിവസവും ആകാശത്തെ കുട്ടികരണം കളിക്കായാണ് സഞ്ജയ് എത്തിയത്.

അവിടെ ഫ്ളയിങ് ക്ലബ്ബില്‍ സഞ്ജയിനെ കാത്ത് ക്ലബ്ബിന്റെ ചീഫ് ഇന്‍സ്ട്രക്ടര്‍ സുഭാഷ് സക്‌സേന ഉണ്ടായിരുന്നു. പിറ്റ്‌സ് എസ്-ടുഎ 2 സീറ്ററില്‍ കയറി ടേക്ക് ഓഫ് ചെയ്ത അവര്‍ അശോക ഹോട്ടലിന്റെ മുകളിലെ ആകാശത്തില്‍ സാഹസികമായ മെനൂവറുകള്‍ നടത്താന്‍ തുടങ്ങി. ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ സുഭാഷ് സക്‌സേന ആദ്യം സഞ്ജയിനൊപ്പം വിമാനത്തിലേറാന്‍ വിസമ്മതിച്ചിരുന്നു. ആ വിമാനം പറത്തി വേണ്ടത്ര പരിചയം സഞ്ജയിന് ഇല്ലാതിരുന്നതും, ഇന്‍സ്ട്രക്ടറോ, പൈലറ്റായ ചേട്ടന്‍ രാജീവ് ഗാന്ധിയോ അടക്കമുള്ള ആരും പറയുന്നത് അദ്ദേഹം കേള്‍ക്കില്ല. എന്നാല്‍ സഞ്ജയിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം സമ്മതിച്ചു. അങ്ങനെ പറന്നുയര്‍ന്ന് ആകാശത്ത് വട്ടംചുറ്റി അഭ്യാസങ്ങള്‍ കാണിക്കുന്നതിനിടെയാണ് സഞ്ജയ് ഗാന്ധിക്ക് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും എഞ്ചിനുകള്‍ പ്രവര്‍ത്തന രഹിതമായി വിമാനം പൊടുന്നനെ നിലംപതിക്കുന്നതും. കത്തിച്ചാമ്പലായി ആ വിമാനം. ഇരുവരും തത്സമയം തന്നെ കൊല്ലപ്പെട്ടു.

പതിനഞ്ചു മിനിറ്റിനുള്ളില്‍ അവിടെ ഫയര്‍ഫോഴ്സും ആംബുലന്‍സും ഒക്കെ വന്നെത്തി എങ്കിലും രക്ഷാപ്രവര്‍ത്തനം അത്യന്തം ദുഷ്‌കരമായിരുന്നു. കാരണം, അവശേഷിച്ചിരുന്ന വിമാനവശിഷ്ടങ്ങള്‍ ഒരു മരത്തിന്റെ ശാഖയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു. മരത്തിന്റെ ശാഖകളില്‍ പലതും വെട്ടി മാറ്റി, ഏറെ പ്രയാസപ്പെട്ടാണ് ഇരു മൃതദേഹങ്ങളും താഴെയെത്തിച്ചത്.

കത്തിക്കരിഞ്ഞ ആ രണ്ടു മൃതദേഹങ്ങളും ചുവന്നബ്ലാങ്കറ്റില്‍ പൊതിഞ്ഞ് താഴെ ആംബുലന്‍സില്‍ തന്നെ വെച്ചു. ഇന്ത്യയുടെ 'അയേണ്‍ ലേഡി' എന്നറിയപ്പെട്ടിരുന്ന, കര്‍ക്കശസ്വഭാവിയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മകന്റെ മകന്റെ ജഡത്തെ കെട്ടിപ്പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് കരഞ്ഞു ഇന്ദിര അന്ന്. ഒരുപക്ഷേ, ഇന്ത്യയുടെ 'അയേണ്‍ ലേഡി'യെ ജനങ്ങള്‍ ഇത്രക്ക് വികാരവിവശയായി കണ്ട ഒരേയൊരു സന്ദര്‍ഭവും ഇതുതന്നെയായിരുന്നിരിക്കും. രണ്ടു ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ നടന്ന സഞ്ജയിന്റെ ശവസംസ്‌കാര ഘോഷയാത്രയില്‍ അന്ന് മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുത്തു. ശാന്തിവനത്തിലേക്ക് നീണ്ട ക്യൂവിന് 12 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. അന്ന് ആ ക്യൂവിലെ ജനങ്ങള്‍ സഞ്ജയ് ഗാന്ധിക്കുവേണ്ടി ഇങ്ങനെ മുദ്രാവാക്യം വിളിച്ചു, 'ജബ് തക് സൂരജ് ചാന്ദ് രഹേഗാ, സഞ്ജയ് തേരാ നാം രഹേഗാ..!'

അന്ന് ആ അപകടത്തില്‍ സഞ്ജയ് കൊല്ലപ്പെട്ടിരുന്നില്ലായിരുന്നെങ്കില്‍, ഒരു സംശയവം വേണ്ട ഇന്ന് അയാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നേനെ. മോദിയും അമിത്ഷായും അടങ്ങുന്ന ഹിന്ദുത്വശക്തികള്‍ക്ക് ഉയരാന്‍ കഴിയുമായിരുന്നോ എന്നും സംശയമാണ്. ഒരുപക്ഷേ ഇന്ത്യയുടെ ജനാധിപത്യം തന്നെ അപകടത്തിലാവാനും സാധ്യതയുണ്ടായിരുന്നു.

വാല്‍ക്കഷ്ണം: ഒ വി വിജയന്‍ എഴുതിയ 'ധര്‍മ്മപുരാണം' എന്ന നോവലിലെ പ്രജാപതിയെന്ന കഥാപാത്രത്തെ വായിക്കുമ്പോഴോക്കെ ഓര്‍മ്മവരിക സഞ്ജയ് ഗാന്ധിയെയാണ്. പ്രജാപതിക്ക് തൂറാന്‍മുട്ടുമ്പോള്‍ ബ്യൂഗിള്‍ വിളിക്കുന്നവര്‍, പ്രജാപതിയുടെ തീട്ടത്തിനായി ആര്‍ത്തുകരയുന്ന പ്രതിപക്ഷം, അയാളുടെ സ്ഖലനാവശിഷ്ടത്തെപോലും ഭയക്കുന്ന കാവല്‍ ഭടന്‍മ്മാര്‍.. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ വായിക്കേണ്ട പുസ്തകം തന്നെയാണ് ധര്‍മ്മപുരാണം.