പ്രസവപ്പലകയിൽനിൽക്കുമ്പോൾ പുരുഷന് ആഗ്രഹം തോന്നിയാൽ അത് നിർവഹിച്ചുകൊടുക്കാൻ ബാധ്യതപ്പെട്ടവളാണ് സ്ത്രീയെന്ന്, ഇന്നും യാതൊരു ഉളുപ്പിമില്ലാതെ മൈക്ക് കെട്ടി പൊതുയോഗങ്ങളിൽ വലിയ പ്രഭാഷണങ്ങൾ നടത്തുന്ന മതപണ്ഡിതർ ഉള്ള നാടാണ് കേരളം. സ്ത്രീ എങ്ങനെ നടക്കണം, ഇരിക്കണം, എന്ത് വസ്ത്രം ധരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഇവരാണ്. ഇവിടെ മുസ്ലിം സ്ത്രീയെ കൂടുതൽ കൂടുതൽ പർദക്കുള്ളിലാക്കാൻ ഈ 'പണ്ഡിതർ' കിണഞ്ഞ് പരിശ്രമിക്കുമ്പോൾ, സൗദി അറേബ്യപോലുള്ള ഇസ്ലാമിക രാജ്യങ്ങളിൽനിന്ന് വരുന്ന വാർത്തകൾ അതിശയകരമാണ്. ഒരുകാലത്ത് സ്ത്രീകൾക്ക് ഡൈവ്രിങ്ങ് ലൈസൻസുപോലും ഇല്ലാതിരുന്ന, പുരുഷൻ ഒപ്പമല്ലാതെ പുറത്തിറങ്ങാൻ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഒരു രാജ്യം, ഇന്ന ആ നാട്ടിലെ സ്ത്രീകൾക്ക് ബഹിരാകാശത്തേക്ക് പോകാൻ പോലും അവസരം ഒരുക്കുകയാണ്!

ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ ചരിത്രംകുറിക്കയാണ്. ഇത് വെറുമാരു ആകാശ ദൗത്യമല്ല, മതാന്ധതയിലായിരുന്നു ഒരു സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള വളർച്ചയായാണ് ചിത്രീകരിക്കപ്പെടുന്നത് എന്നാണ് ദി ഗാർഡിയൻ അടക്കമുള്ള പത്രങ്ങൾ എഴുതുന്നത്. അതുപോലെ ലോകമെമ്പാടുമുള്ള പുരോഗമന വാദികളുടെയും, ഫെമിനിസ്റ്റുകളും സൗദിയുടെ ബഹിരാകാശ ദൗത്യത്തെ സ്ത്രീ ശക്തിയുടെ ഉയർച്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഫേസ്‌ബുക്കിലും ട്വിറ്റിറിലും ഷാഷ്ടാഗുകളായും ഈ വിപ്ലവം പറപറക്കുന്നുണ്ട്. ''യൂറിഗഗാറിനിൻ ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയത്, മാനവരാശിയുടെ വലിയ നേട്ടമാണ്. പക്ഷേ ഈ ബഹിരാകാശ യാത്ര ആഘോഷിക്കപ്പെടുന്നത് അതിന്റ സാങ്കേതികത്വത്തിന്റെ പേരില്ല, ഒരു വിനിതാ വിപ്ലവം എന്ന പേരിലാണ്. നിങ്ങൾക്ക് ഞങ്ങളെ ഇനിയും പൂട്ടിയിടാനാവില്ലെന്ന് അത് കൃത്യമായി സൂചിപ്പിക്കുന്നു''- ഇറാനിലെ സ്ത്രീകൾക്കുവേണ്ടി രംഗത്തെത്തിയ യൂറോപ്യൻ മതേതര കൂട്ടായ്മയായ, വി ഫോർ വുമൺ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് ഒന്നും ഒരു ബഹിരാകാശ ദൗത്യം ഇതുപോലെ ചർച്ചചെയ്യപ്പെട്ടിട്ടില്ല.

സൗദിയിൽ മൊത്തത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. സ്ത്രീകൾക്ക് കാറോടിക്കാൻ കഴിയുന്നു, രാജ്യത്തെമ്പാടും സിനിമാ തീയേറ്ററുകൾ വരുന്നു, സ്ത്രീകൾക്ക് തൊഴിൽ ലഭിക്കാനുള്ള അന്തരീക്ഷമുണ്ടാവുന്നു. ഭരണകുടുംബം മാത്രം കയ്യടക്കിവെച്ചിരുന്ന അരാംകോ ഓഹരി വിൽപ്പനയിലൂടെ മറ്റുള്ളവർക്ക് കൂടി പങ്ക് കിട്ടാവുന്ന രീതിയിലേക്കു മാറുന്നു (ഗൾഫിൽ ഒരു ഭരണകൂടവും തങ്ങളുടെ എണ്ണക്കമ്പനികളുടെ ഓഹരി വിൽപ്പനയ്ക്ക് ഇതിനു മുമ്പ് തയ്യാറായിട്ടില്ല). പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന കരി നിയമവും മാറി. പർദക്കുള്ളിൽനിന്ന് ബഹിരാകാശത്തേക്ക് പറക്കുന്ന സൗദി സ്ത്രീ, കാലത്തിന്റെ മാറ്റം ആർക്കും തടഞ്ഞുവെക്കാൻ കഴിയില്ല എന്നതിന്റെ കൃത്യമായ സൂചകമാണ്.

സൗദിയിൽ ഇത് ചരിത്ര നിമിഷം

സ്തനാർബുദഗവേഷകയും സൗദി സ്വദേശിനിയുമായ റയാന അൽ ബർനാവി(33)യാണ് മറ്റ് മൂന്നുപേർക്കൊപ്പം യു.എസിലെ ഫ്ളോറിഡ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) പോയത്. ഇന്ത്യൻസമയം തിങ്കളാഴ്ച പുലർച്ചെ 3.07-ന് യാത്രതിരിച്ച സംഘം വൈകുന്നേരം 6.42-ന് ബഹിരാകാശ നിലയത്തിലെത്തി.സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതോടെ ഒരേസമയം വനിത ഉൾപ്പെടെ രണ്ടുപേരെ നിലയത്തിൽ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിച്ചു.

യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അൽ ഖർനി, മുൻ നാസ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്‌സൺ, അമേരിക്കൻ സംരംഭകനും പൈലറ്റുമായ ജോൺ ഷോഫ്‌നർ എന്നിവരാണ് റയാനയുടെ സഹസഞ്ചാരികൾ. എട്ട് ദിവസം ബഹിരാകാശത്ത് തങ്ങുന്ന സംഘം 20 ഗവേഷണപദ്ധതികളിൽ പങ്കാളികളാകും. ന്യൂസീലൻഡിൽനിന്ന് ബയോമെഡിക്കൽ സയൻസിൽ ബിരുദവും സൗദിയിലെ അൽഫൈസൽ സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയ റയാന ബർനാവി 10 വർഷമായി കാൻസർ സ്റ്റെംസെൽ റിസർച്ച് സെന്ററിൽ ഗവേഷകയാണ്.

നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, സൗദി സ്പേസ് അഥോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികൾ യാത്രയായത്. റയാനയും അലിയും അമേരിക്കയിൽ ഒരു വർഷത്തോളംനീണ്ട പരിശീലനം നടത്തിയിരുന്നു.

ബഹിരാകാശത്ത് യുഎഇ- സൗദി കൂടിക്കാഴ്ച

ബഹിരാകാശത്തെ യുഎഇ-സൗദി കൂടിക്കാഴ്ചയ്ക്കും ഐഎസ്എസ് സാക്ഷ്യം വഹിച്ചു. ആറുമാസത്തെ ദൗത്യത്തിനായി ബഹിരാകാശത്ത് കഴിയുന്ന യു.എ.ഇ.യുടെ ഡോ. സുൽത്താൻ അൽ നെയാദിയാണ് സൗദിസംഘത്തെ വരവേറ്റത്. സൗദിയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണിത്. ശരീരകോശ ശാസ്ത്രം, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ സൗദി ശാസ്ത്ര ഗവേഷണം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ബഹിരാകാശദൗത്യവും. രണ്ട് അറബ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികർ ഐഎസ്എസിൽ ആദ്യമായി കണ്ടുമുട്ടുന്നത് ചരിത്രദൗത്യമായാണ് അടയാളപ്പെടുത്തുന്നത്.

ഗവേഷണം ജീവിതാഭിലാഷമാണെന്നും രാജ്യത്തെയും ജനതയുടെ സ്വപ്നങ്ങളെയും പ്രതിനിധീകരിച്ച് ബഹിരാകാശത്ത് എത്തുന്നതിൽ അഭിമാനമുണ്ടെന്നും റയ്യാന പറഞ്ഞു.1985ൽ സുൽത്താൻ ബിൻ സൽമാൻ രാജകുമാരനാണ് ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ സൗദി പൗരൻ. യുഎസ് ബഹിരാകാശ സംഘത്തോടൊപ്പമാണ് വ്യോമസേന പൈലറ്റായിരുന്ന സുൽത്താൻ രാജകുമാരൻ യാത്ര നടത്തിയത്. 2018 ൽ സ്ഥാപിതമായ സൗദി സ്‌പെയ്‌സ് കമ്മീഷൻ കഴിഞ്ഞ വർഷമാണ് കൂടുതൽ പേരെ ബഹിരാകാശത്ത് അയക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് നാല് പേർ അമേരിക്കയിൽ പരിശീലനം നടത്തി. അതിൽനിന്നാണ് റയ്യാനയും അലിയും ആദ്യ ദൗത്യത്തിന് പുറപ്പെടുന്നത്.

അടുത്തിടെ സൗദിയിൽ വന്ന മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളും നോക്കുക. എല്ലാറ്റിനും മതം മാനദണ്ഡമാവുന്ന ആ രീതി മാറിക്കഴിഞ്ഞു. അടിമുടി ആധുനികവത്ക്കരിക്കപ്പെട്ട ഒരു സൗദിയാണ് കിരീടവകാശി മുഹമ്മദ് ബിൽ സൽമാൻ അടക്കമുള്ളവർ ലക്ഷ്യമിടുന്നത്.

അതിന് പിന്നിലും എംബിഎസ്

സൗദിയിലെ എല്ലാപരിഷ്‌ക്കരങ്ങൾക്ക് എന്നപോലെ ഈ മാറ്റങ്ങൾക്കൊക്കെ ചുക്കാൻ പിടിച്ചത് മുഹമ്മദ് ബിൽ സൽമാൻ എന്ന എംബിഎസ് ആണ്. അദ്ദേഹം തന്നൊയാണ് ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ സൗദി പൗരനും. ഇപ്പോൾ സ്ത്രീകൾ കുടി ബഹിരാകാശ സഞ്ചാരം നടത്തണമെന്ന് എംബിസിന്റെ ഒരു ആഗ്രഹം തന്നെയാണെന്നാണ് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിനുമുന്നിൽ സൗദിയെ ഒരു ആധുനികരാജ്യമായി പരിഗണിക്കപ്പെടണം എന്ന വലിയ വിഷനാണ് അദ്ദേഹത്തിനുള്ളത്. ഇവിടം കൊണ്ട് തീരുന്നതല്ല സൗദിയുടെ പ്രോജക്റ്റുകൾ. ഇനിയും ബഹിരാകാശ ടുറിസം അടക്കമുള്ള പദ്ധതികളിൽ കോടികൾ നിക്ഷേപിക്കാൻ സൗദി പദ്ധതിയുടുന്നുണ്ട്.

സൗദി രാജാവ് സൽമാൻ രാജാവിന്റെ മകനായ മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിന്റെ പുതിയ കീരീടാവകാശിയായി പ്രഖ്യാപിക്കുന്നത് 2017 ജൂൺ 21 നാണ്. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി പദത്തിലേക്കും സൽമാൻ ഉയർത്തപ്പെട്ടു. അതോടെയാണ് സൗദിയിലെ മാറ്റങ്ങൾക്ക് വേഗം കൂടിയത്. ശാസത്ര-സാങ്കേതിക മേഖലക്കും സ്ത്രീ സ്വാതന്ത്ര്യത്തിനുമെല്ലാം വേഗം കുടിയ കാലമായിരന്നു ഇത്.

മി. എവരത്തിങ് എന്നാണ് പശ്ചാത്യ മാധ്യമങ്ങൾ എംബിഎസിന് നൽകിയ വിശേഷണം. നിലവിൽ സൗദി രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയാണ് മുഹമ്മദ് ബിൻ സൽമാൻ. നിയമ ബിരുദമുള്ള സൽമാൻ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതി മുമ്പ് സ്വകാര്യമേഖലയിലെ വ്യവസായ സംരഭങ്ങലിൽ മികവ് തെളിയിച്ചിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിവിൽ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സിൽ വിള്ളൽ വീണപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിഷൻ ഫോർ ദ് കിംങ്ഡം ഓഫ് ദി സൗദി അറേബ്യ അവതരിപ്പിക്കപ്പെട്ടത്. സൗദിയുടെ സമ്പദ് വ്യവസ്ഥയിൽ കാലോചിതമായ മാറ്റങ്ങൾക്കും സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണങ്ങൾക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസും നൽകാനും രാജ്യത്ത് ശരിയാ നിയമം ബാധകമല്ലാത്ത പുതിയ സാമ്പത്തികമേഖലയ്ക്ക് തുടക്കമിടാനുമുള്ള തീരുമാനങ്ങൾ മുഹമ്മദ് സൽമാന് ലോകജനതക്ക് മുൻപിൽ ഒരു പരിഷ്‌കർത്താവിന്റെ രൂപമാണ് നൽകിയിത്.

'ഒട്ടകം ഓടിച്ച സ്ത്രീകൾക്ക് കാറോടിക്കാം'

ആചാരങ്ങളിൽ മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള അത്ര യാഥാസ്ഥിതികനല്ലാത്ത ഭരണാധികാരിയാണ് സൽമാൻ. നബിയുടെ കാലത്ത് സ്ത്രീകൾ ഒട്ടകം ഓടിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് ആധുനിക ഒട്ടകമായ കാർ ഓടിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.അതിന്റെ അടിസ്ഥാനത്തതിൽ സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസിനുള്ള അനുമതിയും സൗദി നൽകി. അതിനിടെ സൗദിയിൽ സിനിമാ തീയേറ്ററുകൾ വന്നു. ടൂറിസ്റ്റുകൾ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തുന്നു, ഇങ്ങിനെ മാറ്റത്തിന്റെ നിരവധി വാതിലുകൾ തുറക്കുകയാണെന്ന തോന്നലും പ്രതീതിയും ജനിപ്പിക്കാൻ പുതിയ കിരീടാവകാശിക്ക് കഴിഞ്ഞിട്ടുണ്ട്. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി.

പക്ഷേ ഇതിനേക്കാൾ ഒക്കെ വലിയ രണ്ടു പരിഷ്‌ക്കരണങ്ങൾ കോവിഡിന്റെ മറവിൽ സൗദി നടത്തി.ഈയിടെ ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിർത്തലാക്കാൻ തീരുമാനിച്ചത്. പരീക്ഷാഹാളിൽ അബായ ( പർദ) നിരോധനം ഏർപ്പെടുത്തി സൗദി കഴിഞ്ഞ വർഷം ഉത്തരവിറക്കിയതും വാർത്തായയിരുന്നു. എല്ലാ പരീക്ഷാഹാളുകളിലും വിദ്യാർത്ഥികൾ യൂണിഫോം നിർബന്ധമായും ധരിക്കണം എന്നാണ് സൗദിയിലെ പുതിയ രീതി.അതുപോലെ ഉച്ചഭാഷിണികൾ വച്ചുള്ള പള്ളികളിൽ നിന്നുള്ള പ്രഭാഷണങ്ങളും സൗദിയിൽ നേരത്തെ വിലക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല.

സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകിയും കായിക വിനോദങ്ങൾ കാണാൻ അവസരം നൽകിയും, ചാട്ടവാറടിയും കുട്ടികളുടെ വധശിക്ഷ ഒഴിവാക്കിയുമൊക്കെ സൗദി വാർത്തകളിൽ നിറഞ്ഞുനിന്നു. അതിന്റെ തുടർച്ചയാണ് ബഹിരാകാശ ദൗത്യവും. ഏഴാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിലാണിപ്പോൾ സൗദി അറേബ്യയെന്ന് ചുരുക്കം.

ശരീയത്ത് നിയമങ്ങൾ തിരുത്തുന്നു

ആവശ്യമെങ്കിൽ ശരീയത്ത് നിയമങ്ങളും തങ്ങൾ തിരുത്തുമെന്നാണ് സൗദി സൂചന നൽകുന്നത്. ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. അതും ഖുർആനിൽ വ്യക്തമായി പറയുന്ന രണ്ട് ശിക്ഷാവിധികൾ. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണിത്. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നിരന്തരമായി സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്ന രണ്ട് സംഗതികളാണിവ.

സൗദിയിലും ഇറാനിലും സുഡാനിലുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ വധശിക്ഷക്ക് വിധേയമാകുന്നത്. ഖുർആനിലെ അഞ്ചാം അധ്യായത്തിലെ മുപ്പത്തിമൂന്നാം വചനമാണ് ശരീഅത്തിലെ വധശിക്ഷക്ക് നിദാനം. ആ വചനം ഇങ്ങിനെയാണ്: 'അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയിൽ അധർമം വളർത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകൾ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കിൽ നാടുകടത്തപ്പെടുകയോ ആകുന്നു (5:33)'.

വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാർ അടിയെ കുറിച്ച് പറയുന്നത് ഇരുപത്തിനാലാം അധ്യായത്തിലെ രണ്ടാമത്തെ വചനത്തിലാണ്: 'വ്യഭിചാരം ചെയ്തവളാകട്ടെ, വ്യഭിചാരം ചെയ്തവനാകട്ടെ - അവരിൽ ഓരോരുത്തരെയും - നിങ്ങൾ നൂറു അടി അടിക്കുവിൻ! അല്ലാഹുവിന്റെ നടപടിയിൽ, അവരെ സംബന്ധിച്ചു യാതൊരു ദയയും (നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ) നിങ്ങൾക്ക് പിടിപെട്ടുപോകരുത്! അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളിൽ നിന്നുള്ള ഒരു വിഭാഗമാളുകൾ സന്നിഹിതരാകുകയും ചെയ്തുകൊള്ളട്ടെ.'.

പ്രഭാഷകയും ആക്റ്റീവിസ്റ്റുമായ ജാമിദ ടീച്ചർ ചോദിക്കുന്നു.' കാലോചിതമായ പരിഷ്‌ക്കരിക്കപ്പെടാനുള്ളതാണ് മതം എന്ന ചിന്ത സൗദിയിൽപോലും വന്നു കഴിഞ്ഞു.എന്നാൽ മുത്തലാഖ് ബില്ലിന്റെ കാര്യത്തിൽ നമ്മുടെ നാട്ടിൽ നടന്നത് എന്താണ്. സ്ത്രീകൾക്കെതിരെ തോന്നിയപോലെ ഉപയോഗിക്കാൻ കഴിയുന്ന ആ കാടൻ നിയമം എടുത്ത കളഞ്ഞതിന് കേരളത്തിലെ സ്ത്രീകൾ തന്നെ തെരുവിൽ ഇറങ്ങുകയായിരുന്നു. ഇസ്ലാമിക രാജ്യങ്ങളിൽപോലുമില്ലാത്ത പർദയുടെ വ്യാപനം ആണ് ഇവിട നടക്കുന്നത്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള കൈവെട്ടോ തലവെട്ടോ ഒന്നും ഇന്ത്യയിൽ നടക്കുന്നുണ്ടോ. എല്ലാ ക്രിമിനൽ നിയമങ്ങളിലും ഇന്ത്യൻ നിയമങ്ങൾ അനുസരിക്കുന്നവർ സിവിൽ നിയമങ്ങളുടെ കാര്യം വരുമ്പോൾ എന്തിനാണ് ശരീഅത്ത് നിയമങ്ങളിൽ മുറകെ പിടിക്കുന്നത്.' - ജാമിദ ടീച്ചർ വ്യക്തമാക്കുന്നു.

മുമ്പൊക്കെ സൗദിയിൽ പരസ്യമായി തലവെട്ടുന്ന പ്രകൃമായ മതവിധിയും ഉണ്ടായിരുന്നു. ഇപ്പോൾ പരസ്യമായ തലവെട്ടലിനെ ഭരണകൂടം അങ്ങനെ പ്രോൽസാഹിപ്പിക്കാറില്ല അതുപോലെ വ്യഭിചാരികളെ കല്ലെറിഞ്ഞ് കൊയ്യുന്ന ശിക്ഷയും. കാലത്തിന്റെ മാറ്റം എല്ലായിടത്തും എത്തുന്നുവെന്ന് ചുരുക്കം.

സ്ത്രീ സംരംഭകർ ഉയർന്നുവരുന്നു

മാറ്റത്തിന്റെ കാറ്റു വീശുന്ന സൗദി അറേബ്യയിൽ, പരിഷ്‌കാരങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന ആയിരക്കണക്കിനു സ്ത്രീകളാണ്. അതിൽ ഒളായ റുവാ അൽ മൂസ എന്ന പെൺകുട്ടിയൂടെ അനുഭവങ്ങൾ കഴിഞ്ഞ ആഴ്ച ലോകത്ത് വലിയ ചർച്ചയായിരുന്നു. ലോകം മുഴുവൻ ഭീഷണി ഉയർത്തുന്ന കോവിഡ് എന്ന മഹാമാരിക്കും തങ്ങളുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് റുവാ.

അവൾ പറയുന്നത് ഇങ്ങനെയാണ്. 'ഡിഗ്രി പരീക്ഷ വിജയിച്ചിരുന്നെങ്കിലും ഒരു ജോലി സ്വപ്നം കണ്ടു വർഷങ്ങളോളം വീട്ടിലിരുന്നിട്ടുണ്ട് ഞാനും. എന്നാൽ അടുത്ത കാലത്തായി മാറ്റങ്ങൾ വന്നതോടെ 25 വയസ്സുകാരിയായ എനിക്കും ജോലി കിട്ടി. റിയാദിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വൈകുന്നേരത്തെ ഷിഫ്റ്റിൽ റിസപ്ഷനിസ്റ്റായിട്ടാണ് ജോലി. 10 സ്ത്രീകളും ആറു പുരുഷന്മാരുമുണ്ട് ജോലിസ്ഥലത്ത്. ഇപ്പോൾ ലോക്ഡൗണിനെത്തുടർന്ന് റുവായും വീട്ടിൽ തന്നെയാണ്. എന്നാൽ നിയന്ത്രണങ്ങൾ ഒഴിവാകുന്നതോടെ, വീണ്ടും ജോലിക്കു പോകാമെന്നാണ് പ്രതീക്ഷ. കോളജിൽ നന്നായിത്തന്നെയാണ് ഞാൻ പഠിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു ജോലിയും പ്രതീക്ഷിച്ചു. എന്നാൽ കഴിഞ്ഞ നാലു വർഷമായി സൗദിയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നെപ്പോലെ എന്റെ കൂടെ പഠിച്ച എല്ലാവർക്കും ജോലി കിട്ടിക്കഴിഞ്ഞു. സൗദിയിലെ സ്ത്രീകളും വലിയ തോതിൽ ജോലി ചെയ്തു പണം സമ്പാദിച്ചു ജീവിക്കുന്നു' - റുവാ പറയുന്നു.

2005ലാണ് അബ്ദുല്ല രാജാവ് സ്ഥാനമേറ്റതുമുതൽ സൗദി അതിവേഗം മാറുകയാണ്. മകനും കിരീടവകാശിയുമായ എംബിഎസും ലക്ഷ്യമിടുന്നത് ഒരു ആധുനിക സൗദിയെ ആണ്. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം നാമനിർദ്ദേശം ചെയ്യാനുമുള്ള സുപ്രധാന തീരുമാനങ്ങൾ അബ്ദുല്ല രാജാവ് എടുത്തതും ലോക മാധ്യമങ്ങളുടെ കൈയടി നേടി.

അബ്ദുല്ല രാജാവ് 2011-ൽ നടത്തിയ പ്രഖ്യാപനം രാജ്യത്തെ നഗരസഭാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതിദാനാവകാശം വിനിയോഗിക്കാനും സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ്.സൗദി അറേബ്യയിൽ വനിതാ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാനായി സൗദി സർക്കാർ സ്ത്രീകൾക്ക് മാത്രമായി ഒരു നഗരം നിർമ്മിക്കുന്നുണ്ട്്. സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കുന്ന തൊഴിൽ രംഗത്തെ വനിതാവൽക്കരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വിൽക്കുന്ന കടകളിലെ നാല് ജോലികൾ സ്വദേശി വനിതകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ തൊഴിലന്വേഷകർക്ക് പേർ രജിസ്റ്റർ ചെയ്യാൻ ഹാഫിസ് എന്ന പേരിൽ പ്രത്യേക സംവിധാനവും നിലവിലുണ്ട്.

ബിസിനസിനായി അവധിപോലും മാറ്റി

സാമ്പത്തിക രംഗം മെച്ചപ്പെടാനായി അവധി ദിനം കൂടി മാറ്റിയ രാജ്യമാണ് സൗദി. നിലവിൽ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ആണ് സൗദി അറേബ്യയിലെ വാരാന്ത്യ അവധി ദിനങ്ങൾ. മുൻപ് ഇത് വ്യാഴം വെള്ളി ദിവസങ്ങളായിരുന്നു. ശനി, ഞായർ ദിവസങ്ങൾ വാരാന്ത ഒഴിവു ദിനങ്ങളായി കണക്കാക്കുന്ന വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾ കാര്യക്ഷമമാക്കാനായാണ് ഈ മാറ്റം വരുത്തിയത്. 2013 ഏപ്രിൽ മാസം ശൂറ കൗൺസിലും പിന്നീട് സൗദി മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു.

പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമം മൂലം വർഷങ്ങളായി സ്ത്രീകൾ സൗദിയിൽ മുഖ്യധാരയിലില്ല. അതിനിടെയാണ് 2016ൽ മുഹമ്മദ് ബിൻ സൽമാൻ രാജാവ് വിഷൻ 2030 അവതരിപ്പിക്കുന്നത്. അതോടെ സ്ത്രീകൾക്കും ജോലി ചെയ്യാനും രാജ്യ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാനുമുള്ള അവസരങ്ങളും ലഭിച്ചുതുടങ്ങി.
സൗദിയിലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇപ്പോൾ സ്ത്രീകൾ സജീവമാണ്. ബാങ്കിങ്, ബിസിനസ്, സാമ്പത്തിക സ്ഥാപനങ്ങൾ, അതിർത്തി രക്ഷാ ഉദ്യോഗസ്ഥർ, ഭക്ഷണ സാധന വിതരണം എന്നീ രംഗങ്ങളിലെല്ലാം സ്ത്രീകളും ജോലി ചെയ്യുന്നു.

സ്ത്രീകൾ കൂടി ജോലി ചെയ്യാനെത്തിയതോടെ ജോലി സ്ഥലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായതെന്ന് പലരും പറയുന്നു. പലയിടത്തും അടുത്തിടെയാണ് സ്ത്രീകളുടെ ശുചിമുറികളും മറ്റും നിർമ്മിക്കുന്നത്. ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന 23 വയസ്സുകാരിയായ സാറ അൽ ദോസരി പറയുന്നത് ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വന്നെന്നാണ്. നേരത്തെ ജോലി ചെയ്യുന്ന സ്ത്രീകളെ പുച്ഛത്തോടെ കണ്ടിരുന്നവരുണ്ടായിരുന്നു. ഇപ്പോൾ അവർ സ്ത്രീകളെ അഭിമാനമായി കാണുന്നു. പരിഷ്‌കാരങ്ങളുടെ ഭാഗമായി നിലവിൽ ഒട്ടേറെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളുടെ സംഖ്യ 35 ശതമാനമായി വർധിച്ചിട്ടുമുണ്ട്. വസ്ത്രശാലകളിലും മറ്റും സ്ത്രീകൾ ജീവനക്കാരായി എത്തിയതോടെ കച്ചവടവും കൂടിയിട്ടുണ്ടെന്ന് ഉടമസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ ചില സ്ത്രീകളെങ്കിലും പുരുഷ ജീവനക്കാർ മാത്രമുള്ള കടകളിൽ പോകാൻ മടിച്ചിരുന്നു. ബിസിനസ് സ്റ്റാൻഡേർഡിന്റെ ഇതുസംബന്ധിച്ച ഒരു പഠനത്തിൽ പറയുന്നത് ഒരു രാജ്യം എത്രത്തോളം ജെൻഡർ ന്യൂട്രൽ ആവുന്നുവോ, അത്രത്തോളം അവിടെ ബിസിനിസ് സാധ്യതയും വർധിക്കുന്നുവെന്നാണ്.

എതിർക്കുന്നവർ കൊല്ലപ്പെടുന്നു

പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും സൗദിയുടെ ഒരു പ്രധാന കുഴപ്പമായി പറയുന്നത്, എംബിസിനെ എതിർക്കുന്നവരെ ക്രൂരമായി അടിച്ചമർത്തുന്നുവെന്നയാണ്. .ഒരു വശത്ത് മികച്ച നേതാവ് എന്ന പ്രതിച്ഛായ രൂപപ്പെട്ടുവരുമ്പോഴാണ് മാധ്യപ്രവർത്തകനായ ജമാൽ ബഷോഗിയുടെ കൊലപാതകം മുഹമ്മദ് ബിൻ സൽമാനിന് മേൽ കരിനിഴൽ വീഴ്‌ത്താൻ തുടങ്ങിയത്. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന കുറ്റസമ്മതത്തോടെ രാജ്യാന്തരതലത്തിൽ സൗദി അറേബ്യക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നു. അതിന്റെ അലയൊലകൾ ഇപ്പോഴും അടങ്ങിയിട്ടില്ല. 'അറബ് ലോകത്തിന് ഇന്ന് അടിയന്തിരമായി വേണ്ടത് സ്വതന്ത്രവും ഭീതിമുക്തവുമായ മാധ്യമ പ്രവർത്തനമാണ്. സൗദി അറേബ്യ അറബ് പൊതു മണ്ഡലത്തെ ശ്വാസം മുട്ടിക്കുന്നു'- ഈ കോളം എഴുതി നാലാം ദിവസം ജമാൽ കൊല്ലപ്പെട്ടു.

അതുപോലെ തന്നെ എംബിഎസിനെ എതിർക്കുന്ന രാജ്യ കുടുംബാങ്ങൾ തന്നെ തടവിലാക്കുകയോ കൊല്ലപ്പെടുകയയോ ചെയ്യുന്നുണ്ട്. രാജ കുടംബത്തിൽ നടക്കുന്ന ഇത്തരം 'കൊട്ടാര വിപ്ലവങ്ങളും' ഇടക്കിടെ വാർത്തയാവാറുണ്ട്. അതായത് ഭരണകൂട ഭീകരതയും സേച്യാധിപത്യത്വരയും ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. എങ്കിലും മാറ്റങ്ങൾ എത്ര ചെറുതാണെങ്കിലും അത് സമൂഹത്തിന് ഗുണകരമാണെന്നതും കാണാതിരുന്നുകൂടാ.

മൂൻകിരീടാവകാശിയുടെ മകനും, അസീർ പ്രവശ്യയുടെ ഡെപ്യൂട്ടി ഗവർണ്ണറുമായ മൻസൂർ ബിൻ മുഖ്റിൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതും എംബിഎസിന്റെ പകപോക്കൽ ആണെന്ന് വിമർശനം ഉണ്ടായിരുന്നു. മക്ക പൊതുകോടതിയുടെ പ്രസിഡന്റായ ഷെയ്ഖ് സുലൈൻഗാൻ അബ്ദുൽ റഹ്മാൻ അൽ തുനിയൻ, 2018 ഒക്ടോബറിൽ വിഷം കുത്തിവെക്കപ്പെട്ട നിലയിൽ മരിച്ചതിന് പിന്നിലും സൽമാന്റെ ടൈഗർ സ്‌ക്വാഡ് എന്ന കുപ്രസിദ്ധ സംഘമാണെന്ന് കരുതുന്നുണ്ട്. അതുപോലെ സൗദി രാജകുടുംബത്തിലുള്ള പലരും സൽമാനെ എതിർത്തിന്റെ പേരിൽ ജയിലിൽ ആയിട്ടുണ്ട്. തനിക്കെതിരെ വരുന്ന വിമർശനങ്ങളെ ഒതുക്കാനായി ഹിറ്റ്ലറുടെയും, മുസോളിനിയുടെയും കാലത്തെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പ്രത്യേക ഗൂഢ സായുധ സംഘവും, ഉണ്ടെന്നാണ് ആരോപണം.

ഇതിൽ കുറേയൊക്കെ പെരുപ്പിച്ച ആരോപണങ്ങൾ ആവാം. പക്ഷേ സൗദിയിലെ സ്ത്രീകളുടെ കുട്ടികളുടെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും ഭാഗത്തുനിന്ന് നോക്കുമ്പോൾ, ആ രാജ്യം വലിയ മാറ്റങ്ങളോടെ മുന്നേറുകയാണ്.

വാൽക്കഷ്ണം: സൗദിയടക്കം മാറുമ്പോൾ കേരളത്തിലടക്കം നാം എത്ര പിന്നോട്ടുപോകുന്നു എന്നോർക്കണം. മുസ്ലിം സ്ത്രീകളെ പർദയണയിപ്പിച്ച് ചാക്കുകെട്ടുകൾപോലെ നടത്തിക്കുന്ന പ്രവണത കേരളത്തിൽ വർധിക്കയാണ്. എന്തിന് അമുസ്ലീങ്ങളെ ജോലിക്കുപോലും വെക്കരുതെന്നും, പാട്ടുപാടരുതെന്നും, ലുഡോ കളിപോലും ഹറാമാണെന്നും, അമ്പലങ്ങൾക്ക് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിൽ പണം കൊടുക്കുന്നതിനേക്കാൾ മോശമാണ് എന്നൊക്കെ പറയുന്ന മത പ്രഭാഷകരും എണ്ണവും കേരളത്തിൽ വർധിക്കുകയാണെന്നത് ലജ്ജാകരമാണ്.