- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറമെ സാമൂഹിക പ്രവര്‍ത്തനം അകത്ത് ജിഹാദ്; റമദാന്‍ ഫണ്ട് മുതല്‍ സക്കാത്ത് ഫണ്ടു വരെ തീവ്രവാദത്തിന്; വാടക വഴിയും റെന്റ് എ കാര്‍ വഴിയുമൊക്കെ ധനശേഖരണം തുടങ്ങി ആരോപണങ്ങള്‍ പലത്; അറസ്റ്റിലായ ഫൈസി ദുരൂഹതകളുടെ നേതാവ്; എസ് ഡി പി ഐയുടെ സാമ്പത്തിക നാഡി മോദിയും അമിത്ഷായും തകര്‍ക്കുമ്പോള്‍!
അവിലും മലരും വാങ്ങിവെച്ചോളാനും, കുന്തിരക്കം വാങ്ങിവെച്ചോളാനുമൊക്കെ കൊച്ചുകുട്ടികളെ കൊണ്ട്പോലും വലിയ വായില്‍ മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടിനെ, കേന്ദ്ര സര്‍ക്കാര്‍ അടപടലം പൂട്ടിയത് ആ സംഘടനയുടെ നേതൃത്വത്തെപ്പോലും ഞെട്ടിപ്പിക്കുന്ന രീതിയിലായിരുന്നു. കേരളത്തിലെ പല ഭാഗങ്ങളിലടക്കം എന്‍ഐഎ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ഒളിച്ച് താമസിച്ചാണ് രണ്ടുവര്‍ഷംമുമ്പ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കാളെ കൂട്ടത്തോടെ പൊക്കിയത്. അവര്‍ ഇന്നും പുറം ലോകം കണ്ടിട്ടില്ല. മോദി- അമിത് ഷാ- അജിത് ഡോവല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ വിജയമായി, ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള ഭരണപക്ഷത്ത് നില്‍ക്കാത്ത മാധ്യമങ്ങള്‍പോലും എഴുതിയ നേട്ടം.
എന്നാല്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ സ്വാഭാവം പഠിച്ചവര്‍ക്ക് നന്നായി അറിയാമായിരുന്നു, ഇതുകൊണ്ടുമാത്രം, ഇത്തരം സംഘങ്ങളെ തളക്കാന്‍ കഴിയില്ലെന്ന്. അവരുടെ സാമ്പത്തിക നാഡി അറുത്തുകളഞ്ഞാല്‍ മാത്രമേ തീവ്രവാദത്തിന്റെ വേരറക്കാന്‍ കഴിയൂ വെന്നത് വ്യക്തമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടെങ്കിലും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ ഇവിടെയുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ലേബലില്‍ അവര്‍ പോറ്റുന്ന ചെറുതും വലതുമായ 'മനുഷ്യാവകാശ സംഘടനകള്‍' വേറെയുമുണ്ട്.
അടുത്ത 25വര്‍ഷത്തേക്കുള്ള അജണ്ട സെറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ! അഞ്ചുവര്‍ഷത്തേക്ക് തങ്ങളുടെ അജണ്ട എന്താണെന്നും എങ്ങനെ അധികാരം പിടിക്കാമെന്നും ചിന്തിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ എസ്.ഡി.പി.ഐ എന്ന സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ സമ്മതിക്കുന്നത് അവര്‍ ദീര്‍ഘകാല അജണ്ടക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നാണ്. ചിട്ടയും ഘട്ടംഘട്ടവുമായുള്ള പ്രവര്‍ത്തനത്തിലുടെ അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അധികാരം പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ മറച്ചുവെക്കുന്നില്ല. അതില്‍ സംശയം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളോട് അവര്‍ പറയുന്നത്, 198-2ല്‍ വെറും രണ്ട് സീറ്റ്മാത്രം ഉണ്ടായിരുന്ന ബി.ജെ.പി, 90കളുടെ അവസാനം ഞങ്ങള്‍ അധികാരം പിടിക്കുമെന്ന് പറഞ്ഞാല്‍, ആരും വിശ്വസിക്കുമായിരുന്നോ എന്ന മറുചോദ്യമാണ്. അഭിമന്യു വധക്കേസ് തൊട്ട് ആലപ്പുഴയിലെ ശ്രീനിവാസന്‍ വധക്കേസ് അടക്കമുള്ള നിരവധി കൊലക്കേസുകളില്‍ എസ്ഡിപിയുടെ പേര് ഉയര്‍ന്നുവന്നു. സോഷ്യല്‍ മീഡിയയിലെ സുഡാപ്പിയെന്ന വാക്ക് വെറുമൊരു തമാശയല്ല എന്ന് മലയാളികള്‍ തിരിച്ചറിഞ്ഞ നിമിഷം.
വരും ദിവസങ്ങളില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായിരുക്കും, വിവിധ പാര്‍ട്ടികളില്‍ നുഴഞ്ഞ് കയറി തങ്ങളുടെ ദീര്‍ഘകാല അജണ്ട നടപ്പാക്കുന്ന എസ്.ഡി.പി.ഐ എന്നതെന്നത് പ്രൊഫസര്‍ ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ളവ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന പൊലീസില്‍ പോലും ഇവരെ സഹായിക്കുന്ന ഗ്രൂപ്പുകള്‍ ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ അതേ പണി ഫലത്തില്‍ ഒരു രാഷ്ട്രീയ കക്ഷിയായി മാറിയ എസ്ഡിപിഐ എടുത്തുകൊണ്ടിരിക്കയാണ്. അപ്പോഴാണ്, കേന്ദ്രത്തിന്റെ അടുത്ത പണി വരുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി എന്ന മുഹമ്മദ് കുട്ടി ഫൈസിയെ അറസ്റ്റ് ചെയ്തുകൊണ്ട്, തീവ്രവാദത്തിന്റെ പഴുതടക്കാനുള്ള മറ്റൊരു നീക്കമാണ് കേന്ദ്രം നടത്തുന്നത്.
ദുരൂഹതകളുടെ എം കെ ഫൈസി
ഇന്നലെ ഇ ഡി പിടികൂടിയ, എസ്ഡിപിഐയുടെ ദേശീയ പ്രസിഡന്റ് എം കെ ഫൈസി എന്ന മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി സ്വദേശിയാണെങ്കിലും പ്രവര്‍ത്തനം മൊത്തം ഡല്‍ഹിയിലാണ്. കേരളത്തില്‍ ഇയാളെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ ഇദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജില്‍ നിന്നാണ് എംഫ്എഫ് ബിരുദം പൂര്‍ത്തീകരിച്ചത്. ഉറുദുവും ഹിന്ദിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന എംകെ ഫൈസി നല്ലരൂ പ്രഭാഷകനമാണ്. ദീര്‍ഘനാള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേത്യ്നിരയില്‍ ഉണ്ടായിരുന്ന എംകെ ഫൈസി എസ് ഡി പി ഐ കേരള സംസ്ഥാന കമ്മിറ്റി, ദേശീയ കമ്മിറ്റി എന്നിവയില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ഇ ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ് ഇയാള്‍.
എസ്ഡിപിഐയുടെ സാമ്പത്തിക ബുദ്ധി കേന്ദ്രം എ കെ ഫൈസി തന്നെയാണെന്നാണ് ഇ ഡി പറയുന്നത്. എം കെ ഫൈസിയുടെ അറിവോടെയാണ് സംഘടനയുടെ സാമ്പത്തിക ഇപാടുകള്‍ നടന്നതെന്ന് ഇ ഡി പറയുന്നു. ഹവാലയടക്കം മാര്‍ഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ചു.12 തവണ നോട്ടീസ് നല്‍കിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് മറ്റു നടപടികള്‍ ആരംഭിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു.
ഈ അറസ്റ്റിലൂടെ, എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്നും ഇഡി വ്യക്തമാക്കുന്ന. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പിലാണ് കണ്ടെത്തലുകള്‍ ഇഡി നിരത്തിയിരിക്കുന്നത്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐ ആണ്. ഗള്‍ഫില്‍ നിന്നടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നള റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
വിവിധ പിഎഫ്ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുക്കള്‍ നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു. 35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതായി ഇഡി അറിയിച്ചു. സഹായം നല്‍കാനെന്ന വ്യാജേനയാണ് ഇവര്‍ ഹജ്ജ് തീര്‍ത്ഥാടന കാലത്ത് ഇന്ത്യക്കാരെ വലയില്‍ വീഴ്ത്താറുള്ളത്. ഈ സംഘടനകള്‍ വന്‍തോതില്‍ ഫണ്ട് സ്വരൂപിക്കുകയും അതില്‍ വലിയൊരു ഭാഗം ഹവാല, സ്വര്‍ണക്കടത്ത് തുടങ്ങിയവയിലൂടെ ഇന്ത്യയിലേക്ക് അയക്കുക്കയുമാണ് പതിവ്. കൂടാതെ നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകള്‍ വഴിയും ഇവര്‍ ഫണ്ടുകള്‍ അയക്കാറുണ്ടെന്ന് ഇ ഡി പറയുന്നു. അതയാത് കേന്ദ്രം ശ്രമിക്കുന്നത് എസ്ഡിപിഐയുടെ സാമ്പത്തിക നാഡി അറുക്കാന്‍ തന്നെയാണ്.
അതേസമയം, ഇ ഡിയുടെ വാദങ്ങളെല്ലാം തെറ്റാണെന്നണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറയുന്നത്. ഇഡി നല്‍കിയ നോട്ടീസ് പ്രകാരം ഡല്‍ഹിയില്‍ നേരിട്ട് ഹാജരായ എം കെ ഫൈസിയെ അവിടെ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ബെംഗളുരുവില്‍ നിന്ന് അറസ്റ്റുചെയ്തെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നില്‍ പോലും അവരുടെ ദുഷ്ടലാക്ക് കുടിയിരിക്കുന്നു. കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യായ നിയമ നിര്‍മാണത്തിലൂടെ തട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാജ്യവ്യാപകമായി എസ്ഡിപിഐ നടത്തിയ പ്രതിഷേധങ്ങളും ബഹുജന റാലികളും മഹാസമ്മേളനങ്ങളും ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് കുറച്ചൊന്നുമല്ല ആര്‍എസ്എസ് സര്‍ക്കാരിനെ വിറളി പിടിപ്പിച്ചതെന്നും ലത്തീഫ് ആരോപിക്കുന്നു.
സത്യസരണിമുതല്‍ ഒബേലിസ്‌ക് വരെ
നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) 13,000-ത്തിലധികം സജീവ അംഗങ്ങളുണ്ടായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വല്ലാതെ ചുരുങ്ങി. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്. അതിനുശേഷമുള്ള കൂട്ട അറസ്റ്റിലും എന്‍ഐഎയുടെ റെയ്ഡുകളിലും അവര്‍ ശരിക്കും പെട്ടു. അതോടെയാണ് അവര്‍ പണം എസ്ഡിപിഐയിലൂടെ റുട്ട്മാറ്റാന്‍ ശ്രമിക്കുന്നത് എന്നാണ് ഇ ഡി വാദം.
സിങ്കപ്പുര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.ഗള്‍ഫ് രാജ്യങ്ങളിലെ മുസ്ലിം പ്രവാസികള്‍ക്കായി പി.എഫ്.ഐ. ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റികള്‍ രൂപീകരിച്ചതായി ഇ.ഡി. പറയുന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണമാണ് ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. വിദേശത്തുനിന്നു സമാഹരിച്ച തുക ഹവാല ഇടപാടിലൂടെ ഇന്ത്യയിലെത്തിക്കും. ഈ രീതിയില്‍ എത്തുന്ന പണത്തിന്റെ ഉത്ഭവം കണ്ടെത്താനാവില്ല. പണം രാജ്യത്തെത്തുന്നതോടെ സംഘടനയുടെ ഭാരവാഹികളിലേക്ക് ഈ തുകയെത്തുന്നു. തുടര്‍ന്ന്, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിക്കുമെന്നും അന്വേഷണ ഏജന്‍സി പറയുന്നു.
പിഎഫ്ഐയുടെ ഉടമസ്ഥതയിലുള്ളതെന്ന് ചൂണ്ടിക്കാട്ടി 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കഴിഞ്ഞ വര്‍ഷം ഇ.ഡി. കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ.) പ്രകാരമാണ് മുംബൈയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇഡി റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ അവരുടെ സഹായം ലഭിച്ചതോ ആയ 25 ട്രസ്റ്റുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്‌ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, കൊച്ചി ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്ലാം സഭ, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മഞ്ചേരിയിലെ സത്യസരണി, വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇഡി. കേരളം, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂരടക്കം 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ പണം സൂക്ഷിച്ചിരുന്നു. ഹവാലയിലൂടെയും സംഭാവനയിലൂടെയും ലഭിച്ച പണം ഉപയോഗിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്. പോപ്പുലര്‍ ഫ്രണ്ടിന്റെ പണത്തിന്റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണ്. ഒന്നിനെ നിരോധിക്കുമ്പോള്‍ പതുക്കെ മറ്റൊരു സംഘടനയിലേക്ക് മാറുക എന്നതായിരുന്നു അവരുടെ അടവ്. ജീവകാരണു്യ പ്രവര്‍ത്തനം, മനുഷ്യാവകാശ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള വിവിധ മറക്കുള്ളില്‍നിന്ന് ജിഹാദി പ്രവര്‍ത്തനം നടത്തുകയാണ് ഇവരുടെ രീതിയെന്ന് ഇഡിയും എന്‍ഐഎയും പറയുന്നു.
ഗള്‍ഫിലെ ആട്ടിന്‍തോലണിഞ്ഞ ചെന്നായ
2022-ല്‍ നിരോധിക്കുമ്പോള്‍ ഒമാന്‍ തൊട്ട് തുര്‍ക്കിവരെ അതിശക്തമായ വേരുകള്‍ പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടായിരുന്നു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെപ്പോലെ വിവിധ രാജ്യങ്ങളില്‍ വിവിധ രൂപത്തില്‍ വേഷം മാറിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവര പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (ഐഎഫ്എഫ്), ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐഎസ്എഫ്), റിഹാബ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്) എന്നീ മൂന്ന് മുന്നണി സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജമാത്തെ-ഇ-ഇസ്ലാമി, പിഎഫ്‌ഐ, എസ്ഡിപിഐ) തുടങ്ങിയ സംഘടനകകളുടെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ മിക്കപ്പോഴും സന്ദര്‍ശിക്കാറുള്ളത് യുഎഇ ആണ്. പ്രധാനമായും അബുദാബി, ദുബായ് എന്നിവിടങ്ങളാണ്. കൂടാതെ എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (ഇഐഎഫ്എഫ്), ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി (ഐസിഎസ്), കര്‍ണാടക ചാപ്റ്റര്‍ തുടങ്ങിയവ ദുബായില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്നണികളായാണ് പ്രവര്‍ത്തിക്കുന്നത്.
ഐഎസ്എഫ്, ഐഫ്എഫ് എന്നിവയ്‌ക്കൊപ്പം ഒമാനിലെ സോഷ്യല്‍ ഫോറത്തിന്റെ (എസ്എഫ്) കുടക്കീഴിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടത്തിയിരുന്നത്. പിഎഫ്ഐയുടെ കേരള രഹസ്യ വിഭാഗമായ എന്‍ഡിഎഫും ഒമാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊപ്പം എന്‍ഡിഎഫ് തര്‍ബിയയിലൂടെ റാഡിക്കല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഹവാല വഴി 44 ലക്ഷം രൂപ പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുകയും ചെയ്തിരുന്നു. എന്‍.ഡി.എഫിന്റെയും പി.എഫ്.ഐയുടെയും പ്രമുഖ നേതാവായ അഷ്ഫാഖ് ചായ്കിനകത്ത് പൂയില്‍ ആണ് ഇതിനായി ഫണ്ട് ശേഖരണം നടത്തുന്നത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്കും പണം നേരിട്ട് അയച്ചിട്ടുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുര്‍ക്കിയുമായും ബന്ധം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ആണ് പോപ്പുലര്‍ ഫ്രണ്ട് തുര്‍ക്കിയില്‍ അടിത്തറ പാകിയത്. ഇതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി നൗഷാദിനെ അവര്‍ സബഹാറ്റിന്‍ സൈബ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനായി തുര്‍ക്കിയിലേക്ക് അയച്ചു. ഇയാള്‍ മുഖേനയാണ് തുര്‍ക്കിയില്‍ നിന്ന് ധനസമാഹരണം നടത്തുന്നത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.
കുവൈറ്റ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആണ് അവിടെ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നത്. വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ വഴിയാണ് പണം പിരിക്കുന്നത്. ഈ ഫണ്ടുകളെല്ലാം പ്രധാനമായും മുസ്ലീം ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ചില തിരഞ്ഞെടുത്ത അക്രമങ്ങളുടെയോ ബാബറി മസ്ജിദ് തകര്‍ച്ചയുടെയോ വീഡിയോകളിലൂടെ ഇവര്‍ സമ്പന്നരായ കുവൈറ്റിലെ തൊഴിലുടമകളെ പുരോഗമന തീവ്രവാദത്തിലേക്ക് നയിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു.
മുകളില്‍ പറഞ്ഞ രാജ്യങ്ങള്‍ കൂടാതെ ബഹ്‌റൈന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായും പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ട്. ഹത്രാസ് കൂട്ടബലാത്സംഗത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ മൗറീഷ്യസില്‍ നിന്ന് പിഎഫ്ഐക്കായി 500 ദശലക്ഷത്തോളം അയച്ചിരുന്നു. മാലിദ്വീപില്‍, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തെറ്റായ മതനിന്ദ ആരോപണങ്ങളില്‍ കുടുക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരു്നനു.
നേരത്തെ ലഖ്‌നൗവില്‍ നിന്ന് ഒരു പിഎഫ്‌ഐ കേഡറെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ജമാത്തെ-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന സംഘടന ഇന്ത്യയില്‍ സ്‌ഫോടന പരിശീലനം നടത്തുന്നുണ്ടെന്നും കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന് ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ഗൂഢാലോചന ഉണ്ടായിരുന്നെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്‍സാദ് ബദറുദ്ദീന്‍,ഫിറോസ് ഖാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ ഭൂരിഭാഗവും നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രാജ്യത്തെ യുവാക്കളെ ലഷ്‌കര്‍ ഇ തയ്ബ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ആരോപണവും പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗള്‍ഫിലുള്ള സാമ്പത്തിക നാഡി ഒരു പരിധിവരെ തകര്‍ക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഖത്തര്‍ ഒഴികെയുള്ള ഒരു രാജ്യത്തുനിന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് കാര്യമായ സഹായം കിട്ടുന്നില്ല. ആ വേളയില്‍ എവിടെനിന്നാണ് സംഘടനക്ക് പണം വരുന്നത് എന്ന ചോദ്യമാണ് ഞെട്ടിക്കുന്നത്?
ഇപ്പോഴും മലയാളികളുടെ നെറ്റ്വര്‍ക്ക്?
എന്‍ഐഎയുടെയും ഇ ഡിയുടെ ഈ കണ്ടെത്തല്‍ ശരിക്കും ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഒരുമാതിരി ഒതുങ്ങിയിരിക്കയാണ്. പക്ഷേ ഇപ്പോഴും പിഎഫ്ഐ പോലുള്ള സംഘനകള്‍ക്ക് പണം എത്തുന്നത് മലയാളി നെറ്റ്വര്‍ക്കിലൂടെയാണ്! ഇ ഡി കണ്ടെത്തയ പോപ്പലുര്‍ ഫ്രണ്ടിന്റെ സാമ്പത്തിക വഴികള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഹവാല ഇടപാടുകള്‍ വഴിയാണ് ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണം വെളുപ്പിക്കുന്നത്. ഇവര്‍ റിയല്‍ എസ്റ്റേറ്റും കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിലെ ചാവക്കാട് സ്വദേശിയായ സൈഫു അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് വില്ലകളും ഫ്ളാറ്റുകളും കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് വാടകയ്‌ക്കെടുക്കുകയും പാര്‍ട്ടീഷന്‍ ചെയ്ത് ഉയര്‍ന്ന നിരക്കില്‍ വീണ്ടും വാടകയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റൊരു ബിസിനസ് 'റെന്റ് എ കാര്‍' ആയിരുന്നു. അതിനായി ഇവര്‍ നാല് വര്‍ഷത്തേക്ക് വലിയ നിക്ഷേപം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനു ധനം സമാഹരിച്ച മലയാളികളെ എന്‍ഐഎ ഇക്കഴിഞ്ഞ മാസവും കണ്ടെത്തിയിരുന്നു. ഇവരുടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കണ്ടെത്തിയ എന്‍ഐഎയും ഇഡിയും ഇവര്‍ക്കെതിരേ ശക്തമായ നടപടി തുടങ്ങി. പോപ്പുലര്‍ ഫ്രണ്ട് 13,000 അക്കൗണ്ടുകള്‍ വഴിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്, പണം സ്വരൂപിച്ചതെന്നും ഇവയില്‍ പതിനായിരവും മലയാളികളുടേതാണെന്നുമാണ് എന്‍ഐഎയും ഇഡിയും കണ്ടെത്തിയത്. തങ്ങളുടെ അക്കൗണ്ടുകള്‍ എന്‍ഐഎ കണ്ടെത്തിയെന്നും നാട്ടിലേക്കു പോയാല്‍അറസ്റ്റിലാകുമെന്നും മനസ്സിലായതോടെ പലരും ഗള്‍ഫില്‍ തുടരുകയാണെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ടൈംസ് നൗ പറയുന്നത്.
ഇങ്ങനെ പിഎഫ്‌ഐക്കായി കുഴല്‍പ്പണ ഇടപാടുകളില്‍പ്പെട്ട 13,000 പേരാണ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്താന്‍ പേടിച്ചിരിക്കുന്നത്. എന്‍ആര്‍ഐ അക്കൗണ്ട് വിവരങ്ങള്‍ ഇഡിയാണ് എന്‍ഐഎക്ക് കൈമാറിയത്. ഇവ പരസ്യപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രതിപ്പട്ടികയിലുണ്ടോയെന്നു പ്രതികള്‍ക്കും അറിയില്ല. വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോഴാകും പിടി വീഴുക. ഹാഥ്‌റസ് കേസ് പ്രതികളായ സിദ്ദിഖ് കാപ്പന്റെയും റൗഫ് ഷെരീഫിന്റെയും ഭാര്യമാരുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കു പണമയച്ചവരും ലിസ്റ്റിലുണ്ട്. ഇങ്ങനെ പിഎഫ്‌ഐക്കു പണം സ്വരൂപിച്ച ബിഹാര്‍ സ്വദേശി ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ദുബായിയില്‍ നിന്നു ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ആലത്തിനെയാണ് എന്‍ഐഎ പിടികൂടിയത്. ആലത്തിന്റെ അക്കൗണ്ടില്‍ വന്‍തോതില്‍ പണമെത്തിയത് എന്‍ഐഎ കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുടെ ആയുധ പരിശീലനം കിട്ടിയ ആലമിനെതിരേ പ്രത്യേക എന്‍ഐഎ കോടതി അറസ്റ്റ് വാറണ്ടും ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. കേസിലെ 18-ാം പ്രതിയാണ് ആലം. അതുപോലെ പൗരത്വഭേദഗതി സമരത്തിന് വന്ന ഫണ്ടിങ്ങിലും ഏറെയും കോണ്‍ട്രിബ്യൂട്ട് ചെയ്തത് മലയാളികള്‍ തന്നെയാണ്!
ചരുക്കിപ്പറഞ്ഞാല്‍ മലയാളികളുടെ നെറ്റ്വര്‍ക്കില്‍ വളരുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് പരോക്ഷമായെങ്കിലും സമ്മതിക്കേണ്ടിവരും. അതിലേക്കുള്ള കൂടുതല്‍ വിവരങ്ങള്‍, അറസ്റ്റിലായ എസ്ഡിപിഐയുടെ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ പുറത്തുവരുമെന്നാണ് കരുതുന്നത്.
വാല്‍ക്കഷ്ണം: കൈവെട്ട്കേസുമുതല്‍, അഭിമന്യുവധവും, ശ്രീനിവാസന്‍ കൊലക്കേസും അടക്കമുള്ള കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ തീവ്രവാദ ചരിത്രം ഒന്ന് പരിശോധിച്ച് നോക്കുക. എത്രമേല്‍ ശക്തമാണ് മത തീവ്രവാദമെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും. എന്നിട്ടും ഇത്തരം സംഘടനകളുടെ പരിപാടികളില്‍ അധ്യക്ഷത വഹിക്കുന്ന, സാംസ്‌ക്കാരിക നായകരും കവികളുമുള്ള നാടാണിത് എന്നും ഓര്‍ക്കണം!