'നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും.'' - പൗലോ കൊയ്‌ലോയുടെ ഈ പ്രശസ്തമായ ഉദ്ധരണി, ജയില്‍പ്പുള്ളികളുടെ കാര്യത്തിലും ബാധകമാണെന്ന് സോഷ്യല്‍മീഡിയ പറയുന്നത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. നമ്മുടെ ഗോവിന്ദച്ചാമി ഉദാഹരണം. ഒറ്റക്കെവെച്ച്, രണ്ട് കൂറ്റന്‍ മതിലുകള്‍ ചാടി അവന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയത് നോക്കുക. ചോറ് ഉപേക്ഷിച്ച് ചപ്പാത്തി മാത്രം കഴിച്ച് തടികുറച്ച്, ആക്സോബ്ലെയിഡ് സൂക്ഷിച്ച്വെച്ച്, ജയിലില്‍നിന്ന് കിട്ടുന്ന വെളിച്ചെണ്ണ മിച്ചംവെച്ച് രാത്രി സെല്‍ മുറിച്ച്, ഒരുകൈയില്‍ തൂങ്ങി രക്ഷപ്പെടാനുള്ള ആ കഴിവ് അമ്പരപ്പിക്കുന്നതാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ ഗോവിന്ദച്ചാമി ഒറ്റക്കല്ല. പഴുതടച്ച സുരക്ഷയുണ്ടെന്ന് അഹങ്കരിക്കുന്ന ലോകത്തിലെ പല ജയിലുകളില്‍ നിന്നും ഇങ്ങനെ തടവുകാര്‍ രക്ഷപ്പെട്ടിട്ടുണ്ട്. അപാരമായ ബുദ്ധിയും, ശക്തിയും, ആസൂത്രണ മികവും വേണം ഇതിന്. ലോകത്തെ ഞെട്ടിച്ച ചില ജയില്‍ ചാട്ടങ്ങളുടെ കഥകള്‍ അറിയാം.

ജയിലില്‍ വെച്ച് ബോട്ടുണ്ടാക്കിയവര്‍

നാലുപാടും സമുദ്രത്താല്‍ ചുറ്റിയ ഒരു ദ്വീപിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് ആര്‍ക്കെങ്കിലും രക്ഷപ്പെടാന്‍ കഴിയുമോ? ഇനി ജയിലില്‍ നിന്ന് രക്ഷപ്പെട്ടാല്‍ തന്നെ അവര്‍ എങ്ങനെ കടല്‍ കടക്കും? ശക്തമായ സമുദ്ര പ്രവാഹത്താല്‍ ചുറ്റപ്പെട്ട് രക്ഷപ്പെടാന്‍ കഴിയാത്ത തരത്തിലാണ് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്്ക്കോക്ക് അടുത്തുള്ള അല്‍കാട്രാസ് ജയില്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. കൊടും കുറ്റവാളികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. പക്ഷേ 1962-ല്‍ അമേരിക്കയിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന ഈ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടിരുന്നു. ഫ്രാങ്ക് മോറിസ്, ജോണ്‍ ആംഗ്ലിന്‍, ക്ലാരന്‍സ് ആംഗ്ലിന്‍ എന്നിവരുടെ ജയില്‍ ചാട്ടം ലോകചരിത്രത്തിലെ ഏറ്റവും വലിയ ജയില്‍ ബ്രേക്കായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്.

ഏഴ് മാസത്തെ സൂക്ഷ്മമായ ആസൂത്രണത്തിന് ശേഷമാണ് ഇവര്‍ ജയില്‍ ചാടിയത്. ഒരു സ്പൂണ്‍ ആയിരുന്നു ഇവരുടെ പ്രധാന ഉപകരണം. തങ്ങളുടെ സെല്ലുകളുടെ ചുമരുകള്‍ ഇവര്‍ ഒരു സപൂണ്‍ കൊണ്ട് തുരന്നു. പിന്നീട് എപ്പോഴോ, ജോലിക്കിടെ അവര്‍ ഒരു ഡ്രില്ലിങ് മെഷീന്‍ അടിച്ചുമാറ്റി. ഇതുവെച്ചാണ് സെല്ലിന്റെ വാഷ്ബേസിന്റെ താഴെയായി കുഴിച്ചത്. തടവുകാരുടെ മാനസിക ഉല്ലാസത്തിനായി അക്കാലത്ത് ജയിലില്‍ ചില സംഗീത പരിപാടികള്‍ അനുവദിച്ചിരുന്നു. ഈ സമയത്താണ് ഡ്രില്ലിങ്് മെഷീന്‍ ഉപയോഗിക്കുക. അതോടെ ശബ്ദം കേള്‍ക്കില്ല. ഒരുത്തന്‍ കുഴിക്കുമ്പോള്‍ മറ്റൊരാള്‍ കാവല്‍ നില്‍ക്കും. ജയില്‍ ജീവനക്കാര്‍ വരുമ്പോള്‍ സിഗ്നല്‍ തരും. സംഗീതമില്ലാത്ത സമയത്ത് സ്പൂണുകൊണ്ട് കുഴിക്കും. അങ്ങനെ ഒരു തുരങ്കമുണ്ടാക്കി അവര്‍ പുറത്തുകടന്നു. നാലുപേരാണ് രക്ഷപ്പെടാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ തടികൂടുതലുള്ള ഒരാള്‍ക്ക് തുരങ്കം കടക്കാനായില്ല. അയാള്‍ അതില്‍ ഇരുന്ന് ഉറങ്ങിപ്പോയി. ( ഗോവിന്ദച്ചാമി ചപ്പാത്തി തിന്ന് തടികുറച്ചത് വെറുതെയല്ല)

രാത്രി പട്രോളിംഗില്‍ കാവല്‍ക്കാരെ കബളിപ്പിക്കാന്‍ കിടക്കകളില്‍ തങ്ങളുടേതുപോലുള്ള ഡമ്മി തലകളും അവര്‍ വെച്ചു. ഇതിനായുള്ള മുടി, മുടിവെട്ടിക്കുമ്പോള്‍ അവര്‍ മോഷ്ടിച്ചെടുക്കയായിരുന്നു. കവറുകളും കടലാസുകളും അടക്കം പാഴ്വസ്തുക്കള്‍ ഒന്നും കളയാതെ ഉപയോഗിച്ചാണ് അവര്‍ ഡമ്മി തല നിര്‍മ്മിച്ചത്. തുരങ്കത്തിലുടെ പുറത്ത് കടന്ന് അവര്‍ ഒരു ജനാല തകര്‍ത്ത് കയറി ജയിലിന്റെ മേല്‍ക്കൂരയില്‍ എത്തി. അവിടെ നിന്ന് പൈപ്പ് വഴി താഴോട്ടിറങ്ങി. പക്ഷേ എന്നിട്ടും കാര്യമില്ല. മുന്നിലുള്ളത് സമുദ്രമാണ്. അതിനും അവര്‍ക്ക് പോംവഴിയുണ്ടായിരുന്നു. ജയിലില്‍ നിന്ന് മാസങ്ങളായി സാധനങ്ങള്‍ മോഷ്ടിച്ച് അവര്‍ ആരുമറിയാതെ ഒരു താല്‍ക്കാലിക ബോട്ട് ഉണ്ടാക്കിയിരുന്നു! ജയിലില്‍ വെച്ച് കിട്ടിയ റെയിന്‍കോട്ടുകള്‍ കാറ്റടിച്ച് നിറച്ച്, അവര്‍ ഒരു ചങ്ങാടമാക്കി കടല്‍ കടന്നു. പ്ലൈവുഡ്പോലുള്ള ചില സാധനങ്ങള്‍വെച്ച് കെട്ടി ബോട്ട് ബലപ്പെടുത്തി.




സമഗ്രമായ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും, മൂന്ന് പേരെയും ഒരിക്കലും കണ്ടെത്താനായില്ല. ഒടുവില്‍ കരയിലേക്കുള്ള വഴിയില്‍ അവര്‍ മുങ്ങിമരിച്ചതായുള്ള നിഗമനത്തിലാണ് എഫ്ബിഐ എത്തിയത്. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ പ്രതികളില്‍ ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നു. ഈ ജയില്‍ചാട്ടം ഒരുപാട് സിനിമകള്‍ക്കും നോവലുകള്‍ക്കും ആധാാരമായി. ദ റോക്ക്, എസ്‌കേപ് ഫ്രം അല്‍കാട്രാസ് എന്നീ സിനിമകള്‍ ഏറെ ജനശ്രദ്ധനേടി.

എസ്‌കോബാര്‍ തൊട്ട് കൊറിയന്‍ ഹൗഡിനി വരെ

അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ജയില്‍ ചാട്ടങ്ങളിലൊന്നാണ്, കൊളംബിയന്‍ മയക്കുമരുന്ന് രാജാവായ പാബ്ലോ എസ്‌കോബാറിന്റെത്. ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയയായിരുന്നു എസ്‌കോബാറിന്റെ മെഡലിന്‍ കാര്‍ട്ടല്‍. 1989-ല്‍ എസ്‌കോബറിന്റെ സമ്പാദ്യം 9 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ലോകത്തിലെ കൊക്കെയ്ന്‍ വിപണിയുടെ 80 ശതമാനവും കയ്യടക്കിയിരുന്നത് ഇവരായിരുന്നു. അധോലോകത്ത് നിന്ന് റോബിന്‍ ഹുഡ് എന്ന വിളിപ്പേര് എസ്‌കോബാറിന് ലഭിച്ചു. പാവപ്പെട്ടവര്‍ക്ക് പണം വിതരണം ചെയ്തതിലൂടെയായിരുന്നു ഇത്. കൂടാതെ വീടില്ലാത്തവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുക, കമ്മ്യൂണിറ്റി സോക്കര്‍ ഫീല്‍ഡുകള്‍ രൂപീകരിക്കുക, മൃഗശാല സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും എസ്‌കോബാര്‍ ചെയ്തു. ധൂര്‍ത്തിനും പ്രശസ്തനായിരുന്നു ഈ മയക്കുമരുന്ന് രാജാവ്. ഒരിക്കല്‍ ട്രക്കിങ്ങിനിടെ ഒരു പര്‍വതപ്രദേശത്ത് തമ്പടിച്ച എസ്‌കോബറിന്റെ മകള്‍ക്ക് തീ കായാന്‍ ഒന്നും കിട്ടിയില്ല. അപ്പോള്‍ എസ്‌കോബറിന്റെ കൂട്ടാളികള്‍ കൊടുത്തത്, 2 മില്യണ്‍ ഡോളറുകളുടെ ബാങ്ക് നോട്ടുകളായിരുന്നത്രേ! അവര്‍ അത് കത്തിച്ചുവെന്നാണ് കഥ.

കൊളംബിയന്‍ സര്‍ക്കാരുമായി എസ്‌കോബാര്‍ ഒരു ധാരണയിലെത്തുന്നതാണ് പിന്നീടുള്ള വഴിത്തിരിവ്. താന്‍ സ്വയം ഡിസൈന്‍ ചെയ്ത ജയിലില്‍ തടവ് ജീവിതം നയിക്കാമെന്നായിരുന്നു എസ്‌കോബാറിന്റെ തീരുമാനം. ലാ കത്തീഡ്രല്‍, എന്നായിരുന്നു ജയിലിന്റെ പേര്. ആഡംബരം നിറഞ്ഞ ജയിലില്‍ സോക്കര്‍ ഫീല്‍ഡ് അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. ഏതാനും ചില കൂട്ടാളികളെയും കൂടെ നിര്‍ത്തി, ഇവിടെയിരുന്ന് കൊണ്ട് തന്റെ ക്രിമിനല്‍ സാമ്രാജ്യത്തെ എസ്‌കോബാര്‍ നിയന്ത്രിച്ചു. ഇതിനിടെയാണ് ജയില്‍ മാറ്റത്തിന്റെ വാര്‍ത്തകള്‍ വരുന്നത്. അപ്പോഴാണ് ഒരു തുരങ്കമുണ്ടാക്കി 92-ല്‍ എസ്‌കോബാര്‍ ജയില്‍ ചാടിയത്. ഇന്നും മെക്സിക്കന്‍ ഡ്രഗ്മാഫിയയുടെ തലവന്‍മാര്‍ ഇങ്ങനെ തുരങ്കങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്.



പലതവണ പിടിക്കപ്പെടുകയും ജയില്‍ ചാടുകയും ചെയ്ത അനുഭവം ഈ മയക്കുമരുന്ന് രാജാവിനുണ്ട്. 2014 -ല്‍ അറസ്റ്റിലായ ശേഷം, മെക്സിക്കോയിലെ ഏറ്റവും സുരക്ഷിതമായ ജയിലുകളില്‍ ഒന്നായ ആള്‍ട്ടിപ്ലാനോയില്‍ ഇയാള്‍ തടവിലാക്കപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍, തന്റെ സെല്ലില്‍ നിന്ന് അടുത്തുള്ള ഒരു നിര്‍മ്മാണ സ്ഥലത്തേക്ക് നയിക്കുന്ന ഒരു മൈല്‍ നീളമുള്ള തുരങ്കം നിര്‍മ്മിച്ച് രക്ഷപ്പെട്ടു. 2016 ജനുവരി 8 ന് നടന്ന വെടിവയ്പിനെത്തുടര്‍ന്ന് ഇയാള്‍ മരിക്കയായിരുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ ജയില്‍ ചാട്ടം 1983-ല്‍ മെയ്സ് ജയിലിലായിരുന്നു. യൂറോപ്പിലെ ഏറ്റവും രക്ഷപ്പെടാന്‍ സാധ്യതയുള്ള ജയില്‍ എന്നാണ് ഇത് കണക്കാക്കപ്പെടുന്നത്. 20-ഓളം തടവുകാരുടെ ഒരു സംഘം തങ്ങള്‍ കടത്തിക്കൊണ്ടുവന്ന തോക്കുകള്‍ ഉപയോഗിച്ച് ജയില്‍ ബ്ലോക്കുകളില്‍ ഒന്ന് കൈയടക്കി. അലാറം മുഴങ്ങുന്നത് തടയാന്‍ ഗാര്‍ഡുകളെ ബന്ദികളാക്കുകയും ചെയ്തു. തുടര്‍ന്ന്, അവര്‍ ഗാര്‍ഡ് യൂണിഫോം മോഷ്ടിച്ച് ഗേറ്റിലേക്ക് കൂട്ടത്തോടെ കടന്നു. ഒടുവില്‍ കുറച്ചുപേരെ തടഞ്ഞു, പക്ഷേ 35 പേര്‍ രക്ഷപ്പെട്ടു.





കുപ്രസിദ്ധ ഫ്രഞ്ച് കൊലയാളി പാസ്‌കല്‍ പയറ്റ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള ജയില്‍ ചാട്ടങ്ങള്‍ക്കാണ് പ്രശ്സതനായത്. 2001 -ല്‍ ജയിലിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഒരു ഹെലികോപ്റ്റര്‍ എത്തി ഇയാളെ രക്ഷിച്ചു. 2005- ല്‍ ഇവനെ പിടികൂടി കൊലപാതകക്കുറ്റത്തിന് 30 വര്‍ഷം തടവിന് ശിക്ഷിച്ചു. 2007 ആയപ്പോഴേക്കും, രാജ്യത്തെ ഏറ്റവും ഉന്നതരായ കുറ്റവാളികളില്‍ ഒരാളായി ഫ്രഞ്ചുകാരന്‍ മാറി. അതുകൊണ്ടുതന്നെ ആറ് മാസത്തിലധികം ഒരേ ജയിലില്‍ പാര്‍പ്പിച്ചിരുന്നില്ല. കര്‍ശനമായ നിരീക്ഷണത്തിലായിരുന്നിട്ടും, 2007 ജൂലൈ 14 ന്, മുഖംമൂടി ധരിച്ച നാല് ആളുകള്‍ സഞ്ചരിച്ച ഒരു ഹൈജാക്ക് ചെയ്ത ഹെലികോപ്റ്ററില്‍ പയറ്റ് വീണ്ടും രക്ഷപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം സ്പെയിനില്‍ വെച്ച് അദ്ദേഹത്തെ പിടികൂടി ഒരു രഹസ്യ സ്ഥലത്തേക്ക് മാറ്റി, അവിടെ അദ്ദേഹം ഇപ്പോഴും തുടരുന്നു.

എല്ലാ കനത്ത സുരക്ഷ സംവിധാനങ്ങളും ഭേദിച്ചു അഞ്ചില്‍ കൂടുതല്‍ തവണ ജയില്‍ ചാടിയ ഒരു വിരുതന്‍ ഓസ്ട്രേലിയയിലുണ്ട്. കുപ്രസിദ്ധനായ ബ്രെണ്ടന്‍ എബട്ട്. 'പോസ്റ്റ്കാര്‍ഡ് ബാന്‍ഡിറ്റ്' എന്നറിയപ്പെടുന്ന ഇദ്ദേഹം 1980-കളില്‍ നിരവധി തവണ ജയില്‍ ചാടി. ഓരോ തവണ ജയില്‍ ചാടിയ ശേഷവും പോസ്റ്റ്കാര്‍ഡുകള്‍ അയച്ച് പോലീസിനെ പരിഹസിക്കുന്നത് ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു.

അതുപോലെ വിചിത്രമാണ് കൊറിയന്‍ ഹൂഡിനിയെന്ന് അറിയപ്പെടുന്ന, ചോയിയുടെ കഥ. 2012 സെപ്റ്റംബറില്‍, മോഷണക്കുറ്റത്തിന് സംശയിച്ച് ചോയിയെ അറസ്റ്റ് ചെയ്ത് ഡേഗു നഗരത്തിലെ പോലീസ് സ്റ്റേഷനിലെ ഒരു തടങ്കല്‍ സെല്ലില്‍ അടച്ചു. അഞ്ച് ദിവസം അദ്ദേഹം അവിടെ തങ്ങി. ഒരു ദിവസം പുലര്‍ച്ചെ, ഗാര്‍ഡുകള്‍ ഉറങ്ങുമ്പോള്‍ ശരീരത്തില്‍ ചര്‍മ്മ തൈലം പുരട്ടി 34 സെക്കന്‍ഡിനുള്ളില്‍ സെല്‍ ബാറിലൂടെ ശരീരം ഞെരുക്കി പുറത്തുകടന്നു. വെറും 15 സെന്റീമീറ്റര്‍ മാത്രം വീതിയുള്ള സെല്‍ബാര്‍ അറുക്കാതെ അയാള്‍ പുറത്തുകടന്നത് അത്ഭുതമാണ്. ഇതോടെയാണ് 'കൊറിയന്‍ ഹൗഡിനി' എന്ന പേര് വീണത്. പക്ഷേ ആറ് ദിവസത്തിന് ശേഷം, ചോയിയെ പോലീസ് പിടികൂടി.

പട്ടാപ്പകല്‍ തിഹാര്‍ ചാടിയ ശോഭ്രാജ്

ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ ചാട്ടങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ആദ്യം വരിക ചാള്‍സ് ശോഭ്രാജ് എന്ന അന്താരാഷ്ട്ര കുറ്റവാളിയുടെ പേരാണ്. വസുദേവര്‍ക്ക് മുന്നില്‍ കംസന്റെ ജയിലിലെ ഇരുമ്പഴി വാതിലുകള്‍ താനേ തുറന്നതായി പറയുന്ന പുരാണകഥകള്‍പോലെയൊരു അത്ഭുത സംഭവത്തിനാണ്, അന്ന് തിഹാര്‍ ജയില്‍ സാക്ഷിയായത്. നാളിതുവരെ ഒരു സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത ജയില്‍ ചാട്ടമായിരുന്നു 1986 മാര്‍ച്ച് 16 ഞായറാഴ്ച് നടന്നത്.

അന്ന് തന്റെ ബര്‍ത്ത്ഡേ ആണെന്ന് പറഞ്ഞ് ശോഭ്രാജ് ജയില്‍ ജീവനക്കാര്‍ക്കൊക്ക മധുരപലഹാരങ്ങള്‍ നല്‍കി. അതില്‍ മയക്കുമരുന്ന് കലര്‍ത്തിട്ടുണ്ടായിരുന്നു. അത് കഴിച്ച് എല്ലാരും മയങ്ങിക്കിടക്കെ പട്ടാപ്പകല്‍, കൂള്‍ ആയി ശോഭ്രാജ് നടന്നുപോയി ജയില്‍ കവാടം കടന്ന്, പുറത്ത് നിര്‍ത്തിയിട്ട കൂട്ടാളിയുടെ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു! ലോക ചരിത്രത്തില്‍ ഇതുപോലെ ഒരു ജയില്‍ ചാട്ടംകാണില്ല. പക്ഷേ ലഡുവെന്നത് പൊലീസ് ഭാഷ്യം മാത്രമാണ്. മദ്യവും മയക്കുമരുന്നുമൊഴുകിയ ഒരു പാര്‍ട്ടിക്കാണ് ശോഭ്രാജ് ജയിലില്‍ നടത്തിയത്. ജയില്‍ അധികൃതര്‍ക്ക് മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയാണ് രക്ഷപ്പെട്ടത് എന്നാണ് വാസ്തവം.

1981 സെപ്റ്റംബറില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് കവര്‍ സ്റ്റോറിയില്‍ പറഞ്ഞതു സത്യമായിരുന്നു. തിഹാര്‍ ജയില്‍ ഭരിച്ചിരുന്നത് ശോഭ്രാജായിരുന്നു. അതേ വര്‍ഷം പുറത്തു വന്ന 'ദ പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്, റിപ്പോര്‍ട്ട് കൂടുതല്‍ വിവരങ്ങള്‍ നല്കിയിട്ടുണ്ട്. ശോഭ്രാജും സുഹൃത്തുക്കളും ജയിലിനുള്ളില്‍ തങ്ങളുടെതായ മാളങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മയക്കുമരുന്നും മദ്യവും അവര്‍ വില്‍പ്പന നടത്തിയിരുന്നത് ആ മാളങ്ങളില്‍വെച്ചായിരുന്നു. ഇതിനെതിരേ ആരെങ്കിലും ഒരു ചെറുവിരല്‍ ഉയര്‍ത്തിയാല്‍ അയാളെ തല്ലിച്ചതയ്ക്കുമായിരുന്നു.



12 വര്‍ഷമാണ് ചാള്‍സ് തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. സുഖസൗകര്യങ്ങളുടെ അങ്ങേയറ്റമായിരുന്നു ചാള്‍സിന് തിഹാര്‍ ജയില്‍. സ്വന്തം മുറിയും ടെലിവിഷനും രുചികരമായ പ്രത്യേക ഭക്ഷണവും ചാള്‍സിന് അനുവദിക്കപ്പെട്ടു. പണം വാരിവിതറി ജയില്‍ അധികൃതരെ തന്റെ സുഹൃത്തുക്കളാക്കി. അതിനിടെ പാശ്ചാത്യരാജ്യത്തുനിന്നെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാള്‍സ് അഭിമുഖം പോലും നല്‍കി. താന്‍ നടത്തിയ മുഴുവന്‍ കൊലപാതകങ്ങളേക്കുറിച്ചും അന്ന് ചാള്‍സ് വെളിപ്പെടുത്തിയെങ്കിലും പിന്നീട് അതെല്ലാം നിഷേധിച്ചു.

ശോഭ്രാജിന്റെ ജയില്‍ചാട്ടം പോലും സത്യത്തില്‍ മറ്റൊരു നാടകമായിരുന്നു. ഇന്ത്യയിലെ ജയില്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ബാങ്കോക്കിലെ കൊലപാതക കേസില്‍ ചാള്‍സിനെ തായ്‌ലന്‍ഡിലേക്ക് കൈമാറേണ്ടതായുണ്ടായിരുന്നു. എന്നാല്‍ അതിനെ മറികടക്കാനും ചാള്‍സിന് വഴിയുണ്ടായിരുന്നു. കുറ്റം ചെയ്ത് 20 വര്‍ഷത്തിനുള്ളില്‍ പിടിക്കപ്പെട്ടില്ലെങ്കില്‍ കേസ് സ്വയം ഇല്ലാതാകുമെന്നായിരുന്നു തായ്‌ലന്‍ഡിലെ നിയമം. ഇത് ഉപയോഗപ്പെടുത്തി തായ്‌ലന്‍ഡിലെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. തിഹാറില്‍ 10 വര്‍ഷം പിന്നിട്ട വേളയില്‍ അയാള്‍ രക്ഷപ്പെടുന്നത്.

പക്ഷെ, ദിവസങ്ങള്‍ക്കുള്ളില്‍ ഗോവയില്‍ നിന്ന് ചാള്‍സിനെ പോലീസ് പിടികൂടി. പത്ത് വര്‍ഷത്തേക്ക് കൂടി ചാള്‍സിന് ജയില്‍വാസം വിധിച്ചു. ബാങ്കോക്കിലെ കൊലപാതക കേസിനെ മറികടക്കാന്‍ ചാള്‍സ് കണ്ടെത്തിയ വഴിയും അതുതന്നെയായിരുന്നു! ശിക്ഷാകാലവധി കഴിഞ്ഞ് 1997-ലാണ് 52 വയസ്സുകാരന്‍ ചാള്‍സ് പുറത്തിറങ്ങിയത്. അപ്പോഴേക്കും നിരവധി രാജ്യങ്ങളില്‍ ചാള്‍സിനെതിരേ വാറന്റുകളും കേസുകളും സാക്ഷികളും നിലനില്‍ക്കുന്നുണ്ടായിരുന്നു. ചാള്‍സിനെ ഇന്ത്യ ഫ്രാന്‍സിലേക്ക് തിരിച്ചയച്ചു.

തടവറ മണിയറയാക്കിയ ക്രിമിനല്‍

പല കള്ളന്‍മാരും ജയിലിനെ തറവാട് എന്നൊക്കെ പറയാറുണ്ട്. പക്ഷേ ശോഭ്രാജിന് അത് തിഹാര്‍ ജയില്‍ തടവറയായിരുന്നില്ല മണിയറയായിരുന്നു. സുഖജീവിതമാണ് തിഹാര്‍ ജയിലില്‍ ചാള്‍സ് നയിച്ചത്. ശരീരത്തിനുള്ളില്‍ അമൂല്യരത്‌നങ്ങള്‍ ഒളിപ്പിച്ചാണ് ചാള്‍സ് തിഹാര്‍ ജയിലിലേക്കെത്തിയതുപോലും. ജയില്‍ അധികൃതര്‍ക്ക് ആവോളം കൈക്കൂലി കൊടുത്ത് എല്ലാ സുഖലോലുപതകളും ചാള്‍സ് അനുഭവിച്ചു. കേസ് നടത്തിപ്പും വിചാരണകളും ചാള്‍സിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നടന്നു. തനിക്കിഷ്ടമുള്ള അഭിഭാഷകരെ വന്‍ വിലകൊടുത്ത് ചാള്‍സ് കേസ് നടത്തിപ്പിനായി എത്തിച്ചു. തന്റെ സഹായത്തിനായി അര്‍ധ സഹോദരനായ ആന്ദ്രേയേയും ജയിലിലെത്തിച്ചു. നിയമത്തിലും മനഃശാസ്ത്രത്തിലും ജ്ഞാനം നേടി.

തിഹാര്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടായും ഡെപ്യൂട്ടി സൂപ്രണ്ടായും ലോ ഓഫീസറായും പ്രസ് ഓഫീസറായും 35 വര്‍ഷം പ്രവര്‍ത്തിച്ച് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സുനില്‍ ഗുപ്തയും, മാധ്യമ പ്രവര്‍ത്തകയായ സുനേത്ര ചൗധരിയും ചേര്‍ച്ച് എഴുതിയ 'ബ്ലാക്ക് വാറന്‍ഡ്- കണ്‍ഫെഷന്‍ ഓഫ് എ തിഹാര്‍ ജെയിലര്‍' എന്ന പുസ്തകത്തില്‍ ശോഭ്രാജിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ആദ്യജയില്‍ ചാട്ടത്തിന് മുമ്പ് തിഹാര്‍ ജെയില്‍ അടക്കി ഭരിച്ചിരുന്നത് ശോഭ് രാജ് ആയിരുന്നെന്നും, ജയിനുള്ളില്‍വെച്ചുപോലും അയാള്‍ മയക്കുമരുന്ന് കച്ചവടം നിര്‍ബാധനം നടത്തിയിരുന്നുവെന്നും പുസ്തകം പറയുന്നു. തിഹാര്‍ ജെയിലില്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മുറിയില്‍വെച്ച് തന്നെ കാണാനാത്തെുന്ന സുന്ദരികളുമായി അയാള്‍ ലൈംഗിക വേഴ്ച നടത്താറുണ്ടെന്നും പുസ്തകം പറയുന്നു.



സുനില്‍ ഗുപ്ത അക്കാലം ഇങ്ങനെ എഴുതുന്നു. 'ഞാന്‍ നടത്തിയ ഇടപഴകലുകളിലൂടെ ശോഭ്രാജിനെ കുറിച്ചൊരു ചിത്രം എന്റെ ഹൃദയത്തില്‍ പതിഞ്ഞിട്ടുണ്ട്. അയാള്‍ ഒരിക്കലും ഒരു സെല്ലില്‍ അടയ്ക്കപ്പെട്ടിരുന്നില്ല. മിക്കവാറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലായിരിക്കും അയാള്‍ ഇരിക്കുക. വളരെയധികം സ്വാധീനശക്തിയുള്ള ഒരാളാണ് അയാളെന്ന് എന്റെ സഹപ്രവര്‍ത്തകര്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ തിഹാര്‍ ജയിലില്‍ ജീവിതം ആസ്വദിക്കുകയായിരുന്നുവെന്നു പറഞ്ഞാല്‍ അത് വസ്തുതകളുടെ ലളിതവത്കരണം മാത്രമാണ്. മറ്റു തടവുകാര്‍ക്കെന്നപോലെ ശോഭ്രാജിന്, ലോക്ക് ഇന്നും ലോക്ക് ഔട്ടും ഇല്ലായിരുന്നു. അയാള്‍ക്ക് ജയിലിനുള്ളില്‍ എവിടെ വേണമെങ്കിലും പോകാമായിരുന്നു. സൂപ്രണ്ടിനോടും ഡെപ്യൂട്ടി സൂപ്രണ്ടിനോടും അയാള്‍ തുല്യരോടെന്നപോലെ പെരുമാറി. അയാള്‍ എന്തു ചെയ്താലും അതാരും തടഞ്ഞിരുന്നില്ല.

അക്കാലത്തെ ശോഭ്രാജിന്റെ ജയില്‍ സുഹൃത്തുക്കള്‍ സുനില്‍ ബത്ര, വിപിന്‍ ജാഗി, രവി കപൂര്‍ എന്നിവരായിരുന്നു. ഒരു ബാങ്ക് കൊള്ള ചെയ്യാനുള്ള ഗൂഢാലോചനയില്‍ പങ്കാളികള്‍ എന്ന നിലയിലാണവര്‍ അറസ്റ്റു ചെയ്യപ്പെട്ടത്. നല്ല നിലയില്‍ ജീവിക്കാന്‍ സാമ്പത്തികസൗകര്യമുള്ളവരും വിദ്യാഭ്യാസം സിദ്ധിച്ചവരും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതില്‍ ഉത്സുകരുമായിരുന്നു അവര്‍. ജയില്‍മൈതാനത്തുകൂടി ഈ സംഘം അലഞ്ഞുതിരിഞ്ഞു നടക്കും. ആരെയെങ്കിലും കൂടെ കൂട്ടാന്‍ അവസരംപാര്‍ത്താണ് ആ നടപ്പ്. എവിടെ നിന്നാണോ പെട്ടെന്നു കുറെ പണം ഉണ്ടാക്കുവാന്‍ കഴിയുന്നത് ആ പദ്ധതി നടപ്പാക്കാന്‍ ഉദ്യോഗസ്ഥതലങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം അവര്‍ പ്രയോജനപ്പെടുത്തി. ജയിലില്‍ ഒരാള്‍ക്ക് ഒരു വക്കീലിന്റെ സഹായം ആവശ്യമായിവന്നാല്‍, അതു ലഭിക്കുവാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് മുതലെടുത്ത് കോടതിയില്‍ സമര്‍പ്പിക്കേണ്ട പെറ്റീഷന്‍, നല്ല തുക ഈടാക്കി ഇവര്‍ തയ്യാറാക്കിക്കൊടുക്കും.

ഇവരുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി നിലപാടു സ്വീകരിക്കുന്ന ജയിലുദ്യോഗസ്ഥര്‍ക്കെതിരേ മനുഷ്യാവകാശലംഘനങ്ങളാരോപിച്ച് കേസു കൊടുക്കും. ജയില്‍പരിഷ്‌കരണങ്ങളെ സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിന്യായങ്ങളില്‍ ഇവരുടെ പേരുകള്‍ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുന്നതു കാണാം. ജയിലിലെ നിലവിലെ അവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിന് ഇവര്‍ സമര്‍പ്പിച്ച ചില നിര്‍ദേശങ്ങള്‍, ചില വിധിന്യായങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മറ്റു ചിലതില്‍ ഇവരുടെ അക്രമങ്ങളും ഇടംപിടിക്കുന്നുണ്ട്. ഡല്‍ഹി ഹൈക്കോര്‍ട്ട് പുറപ്പെടുവിച്ച രാജേഷ് കൗഷിക് കേസിലെ വിധിയില്‍ ജഡ്ജിമാര്‍, ചാള്‍സ് ശോഭ്രാജിന്റെ പേര് നേരിട്ട് പറയാതെ 'ഇന്റര്‍പോള്‍ ആവശ്യപ്പെട്ടിരുന്ന വിദേശകുറ്റവാളി' എന്നുപറയുന്നുണ്ട്..

അക്കാലത്തും ശോഭ്രാജിനെ ഒരു നോക്ക് കാണാനായി, സുന്ദരികളായ സ്ത്രീകള്‍ തിഹാര്‍ ജെയിലില്‍ എത്തുമായിരുന്നു. അവര്‍ പണം കൊടുത്താണ്, ശോഭ്രാജുമായുള്ള വേഴ്ചക്ക് അവസരം ഒരുക്കുന്നതെന്നും ശോഭ്രാജിന്റെ സുഹൃത്ത് ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വില്ലന്‍മാരോടുള്ള വീരാരാധനയുടെ പരമാകാഷ്ടയാണ് ശോഭ്രാജിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. പക്ഷേ ശോഭ്രാജിന്റെ ജയില്‍ ചാട്ടം ഇന്ത്യന്‍ ജയില്‍പരിഷ്‌ക്കരണത്തിലും നിര്‍ണ്ണായകമായി. പിന്നീട് കിരണബേദി ചാര്‍ജെടുത്തതോടെ ഈ തടവറയെ ക്ലീനാക്കിമാറ്റുകയും ചെയ്തു.

ശിവജിയും റിപ്പര്‍ ജയാനന്ദനും

കേരളത്തിലും ജയില്‍ ചാട്ടങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. ഇതില്‍ കുട്ടനാട് പുളിങ്കുന്ന് കണ്ണാടി സ്വദേശി ശിവജി എന്ന കുറ്റവാളിയാണ് സൂപ്പര്‍സ്റ്റാര്‍. ഒന്നും രണ്ടും തവണയല്ല നാലുതവണയാണ് ഇയാള്‍ ജയില്‍ ചാടിയത്. ആലപ്പുഴ ജിനദേവന്‍ കൊലക്കേസിലാണ് ശിവജി ശിക്ഷിക്കപ്പെട്ടത്. സുഹൃത്തിനെ അടിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ശേഷം പാലക്കാട് മൂണ്ടൂരിലേക്ക് മുങ്ങിയ ശിവജി അവിടെ പരിചയപ്പെട്ട സത്യഭാമയെ വിവാഹം ചെയ്തു. അതില്‍ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. മകള്‍ക്ക് ഒമ്പത് ദിവസമായപ്പോള്‍ ശിവജി പൊലീസ് പിടിയിലായി. ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സത്യഭാമ ജീവനൊടുക്കി. പിന്നീട് മകള്‍ അമ്മൂമ്മയ്‌ക്കൊപ്പമായിരുന്നു. അമ്മയില്ലാതെ കഴിയുന്ന മകളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ശിവജി നാല് തവണയും ജയില്‍ ചാടിയത്.

രണ്ടുതവണ ജയില്‍ ചാടി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിവജി വരുമ്പോള്‍ തന്നെ നല്ല സുരക്ഷയൊരുക്കിയിരുന്നു. സൂപ്രണ്ടിന് അദ്ദേഹത്തിന്റെ മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന സെല്ലിലാണ് ശിവജിയെ തിരുവനന്തപുരത്തെ ജയിലില്‍ കേസിനായി കൊണ്ടുവരുമ്പോള്‍ പാര്‍പ്പിച്ചിരുന്നത്. തുടര്‍ച്ചയായി ഇത് ആവര്‍ത്തിച്ചപ്പോള്‍ ശിവജിക്കു മനസ്സിലായി, ഈ മുറിയിലാണ് തന്നെ പാര്‍പ്പിക്കുന്നതെന്ന്. അങ്ങനെ ഡൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി അതുപയോഗിച്ച് ശിവജി പൂട്ടു തുറന്നു രക്ഷപ്പെടുകയായിരുന്നു. ഗേറ്റിന്റെ വാതിലുകള്‍ക്കിടയിലുള്ള ചെറിയ വിടവിലൂടെയാണ് പുറത്തേക്ക് ചാടുന്നത്. ആരുടെയോ കയ്യില്‍ സോപ്പില്‍ താക്കോല്‍ പതിപ്പിച്ചു കൊടുത്ത് ശിവജി ഡൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി എന്നാണ് പിന്നീട് കണ്ടെത്തിയത്. പക്ഷേ ചാടുമ്പോള്‍ ഒക്കെയും ഇയാള്‍ പിടിക്കപ്പെട്ടു. അതോടെ ശിക്ഷാകാലാവധി കൂടിക്കൊണ്ടേയിരുന്നു. പിന്നീട് മകള്‍, മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിലാണ് കോവിഡ് കാലത്ത് പരോളും പിന്നീട് മോചനവും ലഭിക്കുന്നത്.




ഏഴു കൊലക്കേസ്സിലും 14 കവര്‍ച്ചാക്കേസുകളിലും പ്രതിയായ റിപ്പര്‍ ജയാനന്ദന്റെ ജയില്‍ ചാട്ടവും വന്‍ വിവാദമായിരുന്നു. സത്യത്തില്‍ ഗോവിന്ദച്ചാമിക്ക് പ്രേരണയായത് ഈ തടവുചാട്ടമാണ്.



വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ 2007-ല്‍ സെല്ലില്‍ നിന്ന് പുറത്തേയ്ക്ക് തുരങ്കമുണ്ടാക്കാന്‍ ജയാനന്ദന്‍ ശ്രമിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. പിന്നീട് 2010ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും ജയാനന്ദന്‍ ചാടി. അഴികള്‍ക്കിടയിലൂടെ കടക്കാന്‍ പട്ടിണി കിടന്നു മെലിഞ്ഞാണ് അന്നു രക്ഷപ്പെട്ടത്. സഹതടവുകാരനെയും കൂട്ടിയാണ് അവിടെ ജയില്‍ ചാടിയത്. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം 2013ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ജയില്‍ ചാടിയത്. രാത്രി സെല്ലിന്റെ പൂട്ട് ആക്‌സോ ബ്ലേഡ് കൊണ്ട് അറുത്തുമാറ്റിയാണ് അന്ന് രക്ഷപ്പെട്ടത്. വിവരം പെട്ടെന്ന് അറിയാതിരിക്കാന്‍ സെല്ലില്‍ തലയിണയും കിടക്കയും മനുഷ്യാകൃതിയില്‍ വച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി ജയില്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന മുളയും മറ്റു തടികളും തുണികൊണ്ടു കൂട്ടിക്കെട്ടി ഏണി ഉണ്ടാക്കിയാണു ജയിലിന്റെ മതില്‍ ചാടിയത്. അന്ന് ഇടതുമുന്നണിയുടെ സോളാര്‍ രാപ്പകല്‍ സമരം നടക്കുന്ന കാലമാണ്. ഒരു രാത്രി ഈ സമരക്കാരുടെ ഇടയിലാണ് ദയാനന്ദന്‍ ഒളിച്ചത്. ചാടിയ എല്ലാ സംഭവത്തിലും ഇയാള്‍ പിടിക്കപ്പെടുകയും ചെയ്തു.

പക്ഷേ അതിനേക്കളേറെ കേരളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു, തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് രണ്ട് വനിതാതടവുകാര്‍ ജയില്‍ചാടിയത്. 2019 ജൂണ്‍ണിലായിരുന്നു സംഭവം. സംസ്ഥാന ചരിത്രത്തിലാദ്യമായിട്ടായിരുന്നു വനിത തടവുകാര്‍ ജയില്‍ ചാടുന്നത്. രണ്ട് ദിവസം കഴിഞ്ഞ് പിടിക്കപ്പെട്ടു. മോഷണക്കേസ് പ്രതികളായ പാലോട് ഊന്നുമ്പാറ സ്വദേശി ശില്‍പ, വര്‍ക്കല സ്വദേശി സന്ധ്യ എന്നിവരാണ് വൈകുന്നേരം ജയില്‍ ചാടിയത്. രണ്ട് രാത്രിയും രണ്ട് പകലും കഴിഞ്ഞാണ് പൊലീസ് ഇവരെ പിടികൂടിയത്. തയ്യല്‍ ജോലിക്ക് ജയില്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പോയപ്പോഴാണ് പരിസരം നിരീക്ഷിച്ചത്. ഇതോടെ ജയില്‍ ചാടുന്നത് വ്യക്തമായി ആസൂത്രണം ചെയ്തു. ജയിലിനു പുറകു വശത്ത് ശുചിമുറികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. ബയോഗ്യാസ് പ്ലാന്റിലെ മാലിന്യം ഇളക്കാനായി സൂക്ഷിച്ചിട്ടുള്ള ഇരുമ്പ് കമ്പിയില്‍ നനഞ്ഞ തോര്‍ത്തും സാരിയും ചുറ്റി പടിയുണ്ടാക്കി മതിലില്‍ കയറിനിന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കയറി അതിന്റെ മതിലും കടന്നാണ് ഇരുവരും പുറത്തു കടന്നത്.

വാല്‍ക്കഷ്ണം: രക്ഷപ്പെടുന്ന പ്രതികള്‍ എല്ലാവരും പിടിക്കപ്പെടുന്നുണ്ട് എന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ ആശ്വാസം. എന്നാലും നമ്മുടെ ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെയും, കൂടുതല്‍ ജയില്‍ ജീവനക്കാരെ നിയമിക്കേണ്ടതിന്റെയും, പഴയ ലോക്ക് സിസ്റ്റമൊമൊക്കെ മാറ്റി എഐ നിയന്ത്രിത അലാം സിസ്റ്റമൊക്കെ വരുത്തേണ്ടതിന്റെയുമൊക്കെ സമയമായി എന്നാണ്, ഒരു ഒറ്റക്കൈയന്റെ ജയില്‍ ചാട്ടം വ്യക്തമാക്കുന്നത്.