മരണത്തിന് അപ്പുറം ഒരു ജീവിതമുണ്ടെന്നും, അതാണ് ഇഹലോകത്തേക്കാള്‍ പ്രധാന്യമുള്ളതെന്നും കരുതുന്ന ഒരു ജനതയുടെ അടുത്തേക്ക്, എല്‍.ഐ.സി ഏജന്റായി പോവേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ വിചിത്രമായ കഥ പറഞ്ഞ ഒരു സിനിമയുണ്ടായിരുന്നു. ഭൂട്ടാന്‍ എന്ന കൊച്ചുരാജ്യത്തിലെ ശാന്തരായി ജീവിക്കുന്ന ബുദ്ധമതാനുയായികളുടെ കഥയായിരുന്നു അത്. ഹിവമാന്റെ മടിത്തട്ടില്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും തെക്കുകിഴക്കന്‍ ഏഷ്യയ്ക്കും ഇടയിലുള്ള പുരാതന സില്‍ക്ക് റോഡില്‍ സ്ഥിതിചെയ്യുന്ന ഭൂട്ടാന്‍, 2007-ല്‍, ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി റാങ്ക് ചെയ്യപ്പെട്ടിരുന്നു. ബിസിനസ് വീക്ക് പ്രകാരം ലോകത്തിലെ എട്ടാമത്തെ സന്തോഷമുള്ള രാജ്യമായും, വെറും 38,394 ചതുരശ്ര കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ കൊച്ചുരാഷ്ട്രം മാറി.

മറ്റ് രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് വ്യത്യസതമായ അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണു ഭൂട്ടാന്‍. ഈ രാജ്യത്തെ ആരും കീഴടക്കിയിട്ടില്ല, ആരെയും കീഴടക്കിയിട്ടില്ല. ആഭ്യന്തര സംഘര്‍ഷങ്ങളും കലാപങ്ങളും മറ്റ് എവിടെയും പോലെ, ഈ രാജ്യത്തും ഉണ്ടായിട്ടുണ്ടെങ്കിലും, താരതമ്യേന ശാന്തമായ, സമാധാനപ്രിയര്‍ ഏറെയുള്ള രാജ്യമായാണ് ഇത് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളുടെ ആകര്‍ഷിക്കുന്ന സ്ഥലം കൂടിയായ ഈ കൊച്ചുരാജ്യം, ഇന്ന് നമ്മുടെ കേരളത്തിലടക്കം വാര്‍ത്തയാവുന്നത് അവിടെനിന്ന് വന്ന വാഹനങ്ങളെകൊണ്ടാണ്. ഭൂട്ടാനില്‍ നിന്ന് ക്രമവിരുദ്ധമായി വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയില്‍ രജിസ്ട്രേഷന്‍ നടത്തുന്ന മാഫിയയുടെ കഥയാണ് ഇപ്പോള്‍ മലയാള മാധ്യമങ്ങളിലടക്കം നിറഞ്ഞുനില്‍ക്കുന്നത്.

ഇത്തരം വാഹനങ്ങള്‍ വാങ്ങിയതിന്റെ പേരില്‍, അഭിനേതാക്കളായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയതോടെ സംഭവം വലിയ വിവാദമായി. ഭൂട്ടാന്‍ ആര്‍മി വില്‍ക്കുന്ന വാഹനങ്ങള്‍ ചുളുവിലക്ക് എടുത്ത് ഇന്ത്യയില്‍ എത്തിക്കയാണെന്നാണ് പറയുന്നത്. പക്ഷേ ആകെ 16,000 പേര്‍ മാത്രമുള്ള കൊച്ചു സൈന്യമുള്ള ഭൂട്ടാന്‍, ഇത്രയും ആഢംബര വാഹനങ്ങള്‍ നിസ്സാരമായ ഡാമേജിന്റെ പേരില്‍ ഉപേക്ഷിക്കുമോ? എന്താണ് ഭൂട്ടാനില്‍ ശരിക്കും സംഭവിക്കുന്നത്?

അത് ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതോ?

ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ കേരളത്തിലെ വാഹന ഉടമകളിലേയ്ക്ക് എത്തിരിക്കുന്നത്. ഭൂട്ടാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍ എസ്യുവികളും പെട്രോളിങ്ങിനായി ഉപയോഗിക്കുന്ന ടാറ്റ എസ്യുവികളും, പട്ടാളക്കാരെയും കാര്‍ഗോയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഇന്ത്യയിലേക്ക് കടത്തിയത് എന്നാണ് പറയുന്നത്. ഇതാണ് കറങ്ങിത്തിരിഞ്ഞ്, നികുതിവെട്ടിപ്പിലുടെ കേരളത്തിലേക്ക് എത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ ഭൂട്ടാന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇത് ശരിയല്ല എന്നാണ്.




കാരണം അത്ര വലിയ സമ്പന്നമായ രാജ്യമൊന്നുമല്ല ഭൂട്ടാന്‍. 2.9 ബില്യണ്‍ യുഎസ് ഡോളറാണ് ജിഡിപി. കാര്യമായ വ്യവസായവുമൊന്നുമില്ലാത്തത ഈ ഹിമാലയന്‍ ജനത, കൃഷി, ടൂറിസം തുടങ്ങിയവയിലുടെയാണ് പിടിച്ചു നില്‍ക്കുന്നത്. ആകെ 8ലക്ഷം വരുന്ന ജനസംഖ്യയിയുള്ള ഇവിടെ, 16,000 ത്തോളം പേര്‍ മാത്രമുള്ള കൊച്ചു സൈന്യമാണുള്ളത്. അതുകൊണ്ടുതന്നെ തൊട്ട് അയല്‍രാജ്യങ്ങളായ ഇന്ത്യയെയും, ചൈനയെയും പോലെ ഭീമമായ പ്രതിരോധ ബജറ്റുകളൊന്നും ഈ രാജ്യത്തിനില്ല. അതുകൊണ്ടുതന്നെ, ഒരു ചെറിയ ഡാമേജ് വന്നാലോ മറ്റോ ഉടനെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുമെന്നത് അവിശ്വസീനയമാണ്. മാത്രമല്ല, ഏതാനും ചില സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ മാത്രമാണ് ആര്‍മി വിറ്റത് എന്നും ബാക്കിയെല്ലാം ഒരു മറയാണെന്നുമാണ്, ഭൂട്ടാന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

ഇന്ത്യയിലെ ഡല്‍ഹിയും, സിംലയും കേന്ദ്രീകരിച്ചും, ചൈനയിലെ ഷാങ്്ഹായി കേന്ദ്രീകരിച്ചുമുള്ള ഒരു മാഫിയയാണ് ഇതിന്റെ പിന്നിലെന്നാണ് വിശദീകരണം. അടുത്തകാലത്തായി കൂടുതല്‍ നിക്ഷേപ സൗഹൃദമാവാന്‍ ഭൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇവിടെ എത്തുന്നവര്‍, ചില കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത നടത്തുന്ന പരിപാടിയാണ് ഇതെന്നും ആരോപണങ്ങള്‍ ഉണ്ട്. 150 വാഹനങ്ങളില്‍ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ 1500-ല്‍ എത്തിനില്‍ക്കുന്നു. ഇത്രയധികം ആഢംബരവാഹനങ്ങള്‍, ഭൂട്ടാന്‍ സൈന്യത്തിന്റെ കൈയിലില്ല എന്നകാര്യം ഉറപ്പാണ്. അപ്പോള്‍ ഇതൊരു സംഘടിത മാഫിയാ പ്രവര്‍ത്തനമാണെന്ന് വ്യക്തമാണ്.

എന്താണ് നുംഖോര്‍?

രാജ്യവ്യാപകമായി നടന്ന നികുതിവെട്ടിപ്പ് കണ്ടെത്തലിന്, ഓപ്പറേഷന്‍ നുംഖോര്‍ എന്നാണ് കസ്റ്റസ് അധികൃതര്‍ പേരിട്ടിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതിന് ശേഷം നിരവധി പേരാണ് ഗുഗിളിനോടൊക്കെ നുംഖോറിനെ കുറിച്ച് ചോദിച്ചത്. നുംഖോറിന് ഭൂട്ടാനീസ് ഭാഷയില്‍ 'വാഹനം' എന്നാണ് അര്‍ത്ഥം വരുന്നത്. ഭൂട്ടാനില്‍ നിന്ന് ഇത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങാന്‍ നുംഖോര്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഗിളില്‍ നുംഖോര്‍ എന്ന സെര്‍ച്ച് ചെയ്താല്‍ ആദ്യ റിസള്‍ട്ടും ഈ സൈറ്റ് തന്നെയാകും. ഈ രീതിയില്‍ വാഹന വാങ്ങലും വില്‍പ്പനയും ഭൂട്ടാന്‍ ലളിതമാക്കിയിരുന്നു. അതിന്റെ മറവിലാണ് വാഹന മാഫിയ ഭൂട്ടാനില്‍ പിടിമുറുക്കിയത്.




സ്വന്തമായി വാഹനങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളൊന്നും ഇല്ലാത്ത രാജ്യമാണ് ഭൂട്ടാന്‍. മറ്റ് എന്തിനുമെന്നപോലെ സൗഹൃദരാഷ്ട്രമായ ഇന്ത്യയില്‍നിന്നാണ് ഭൂട്ടാനിലേക്കുള്ള വാഹനങ്ങളും ഏറെയും വരുന്നത്. ഇന്ത്യ, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇവിടേക്ക് കാറുകളടക്കം ഇറക്കുമതി ചെയ്യുന്നത്.

ഭൂട്ടാനില്‍ വാഹനങ്ങള്‍ വിലക്കുറവിന് ലഭിക്കുമെന്നതൊക്കെ വെറും അബദ്ധ ധാരണകള്‍ മാത്രമാണ്. ഇറക്കുമതി നികുതി, സെയില്‍ ടാക്സ്, ഗ്രീന്‍ ടാക്സ് എന്നിവ വളരെ കൂടുതലായതിനാല്‍ വാഹനവില ഇവിടെ ഇന്ത്യയേക്കാള്‍ കൂടുതലാണ്. ഇന്ത്യ-ഭൂട്ടാന്‍ ഫ്രീ ട്രേഡ് കരാര്‍ ഉള്ളതിനാല്‍, ചില വാഹനങ്ങള്‍ക്ക് കുറഞ്ഞ നികുതി ലഭിച്ചേക്കാമെന്നേയുള്ളൂ.

പക്ഷേ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയുടെ കാര്യം ഭൂട്ടാനില്‍ ശോകമാണ്. കാരണം ജനസംഖ്യ കുറവായ, ക്രയശേഷി കുറവായ ഒരു രാജ്യത്ത് ഇത് വാങ്ങാന്‍ ആളില്ല. ഇവിടെയാണ് കുറഞ്ഞവിലക്ക് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങി അത് ഇന്ത്യയില്‍ എത്തിക്കുക എന്ന പരിപാടി ചിലര്‍ തുടങ്ങിയത്. അത് അതിവേഗം വളര്‍ന്നു. ഇന്ത്യയില്‍ മാത്രമല്ല ചൈനയിലേക്കും വലിയ തോതില്‍ കള്ളക്കടത്ത് നടക്കുന്നുണ്ട്. അതോടൊപ്പമാണ് മറ്റൊരു ടെക്ക്നിക്ക് ഈ സംഘം നടത്തുന്നത്. അതായത് കൊറിയ, ജപ്പാന്‍, ചൈന എന്നിവടങ്ങളില്‍നിന്നുള്ള കുറച്ചുകാലം മാത്രം ഉപയോഗിച്ച യൂസ്ഡ് വാഹനങ്ങളും, ചെറിയ ഡാമേജുള്ളവയുമൊക്കെ വാങ്ങി ഭൂട്ടാനിലേക്ക് കടത്തുക. അവിടെനിന്ന് അത് റിപ്പയര്‍ ചെയ്ത് പുതുമോടി വരുത്തി, ഭൂട്ടാന്‍ ആര്‍മിയുടെ ലേലത്തില്‍ പിടിച്ചതാണ് എന്ന് പറഞ്ഞ് ഇന്ത്യയിലും ചൈനയിലും എത്തിക്കുക. എന്നിട്ട് അവ വന്‍ തുകക്ക് വില്‍ക്കുക. സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങള്‍ക്ക് വലിയ വിപണിയില്ലാത്ത, മല്യേഷ്യ, സിങ്കപ്പുര്‍ എന്നിവടങ്ങളില്‍നിന്നും ഇങ്ങോട്ട് വാഹനങ്ങള്‍ എത്താറുണ്ട്.

ഷിംല മാഫിയയും ഷാങ്്ഹായ് മാഫിയയും




ലോകത്തിലെ സെക്കന്‍ഡ്് ഹാന്‍ഡ് വാഹന വിപണിയെ നിയന്ത്രിക്കുന്നത് ചൈനയിലെ ഷാങ്്ഹായ് മാഫിയയും, ഇന്ത്യയിലെ ഡല്‍ഹി-ഷിംല മാഫിയയുമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ഓട്ടോ-ട്രാവല്‍ മാസികമായ സ്പീഡ് ട്രാക്ക് കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഏത് പഴയ വാഹനങ്ങള്‍ കിട്ടിയാലും അത് മോടിപിടിച്ച് പുത്തന്‍ പുതുതാക്കി വില്‍ക്കയാണ് ചൈനയിലെ ഷാങ്്ഹായി ടീമിന്റെ പരിപാടി. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത് അപകടകരവുമാണ്. കാരണം, യന്ത്രഭാഗങ്ങളിലൊയൊക്കെ തകരാറ് മറിച്ചുവെച്ചാണ് ഇവര്‍ വില്‍ക്കുന്നത്. അതുപോലെ ഡല്‍ഹിയില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വന്നപ്പോള്‍, അതില്‍ നല്ലൊരു ഭാഗം എത്തിയതും ഷാങ്്ഹായി മാര്‍ക്കറ്റിലേക്കാണെന്ന് സൂചനയുണ്ട്.

അതുപോലെ തന്നെയാണ് ഇന്ത്യയിലെ ഡല്‍ഹി-ഷിംല മാഫിയയും. നേരത്തെ തന്നെ ഡല്‍ഹി കേന്ദ്രീകരിച്ച് അതിശക്തമായ വാഹന ലോബിയുണ്ട്. മലയാളികള്‍ അടക്കമുള്ള നിരവധിപേര്‍ ബെന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ചെറിയ വിലക്ക് കിട്ടുമെന്ന് പറഞ്ഞ് ഡല്‍ഹിയിലേക്കുപോയിരുന്നു ഒരുകാലം ഉണ്ടായിരുന്നു. എല്ലാം പേപ്പറുകളും ഇവര്‍ തന്നെ ശരിയാക്കിക്കൊടുക്കും. പക്ഷേ നിയമ നടപടികള്‍ ശക്തമായതോടെ ഡല്‍ഹിയിലെ പരിപാടികള്‍ക്ക് വിലങ്ങുവീണു. പക്ഷേ ഇപ്പോഴും സജീവമായി നില്‍ക്കയാണ് ഹിമാചലിലെ ഷിംല. ഭൂട്ടാന്‍ വാഹനത്തട്ടിപ്പിന്റെ പ്രഭവകേന്ദ്രവും, ആപ്പിളുകളുടെ നാട് തന്നെ.

2022 സെപ്റ്റമ്പറില്‍ ഹിമാചല്‍ പ്രദേശിലെ ഒരു വാഹന ഏജന്‍ന്റ്, ഡല്‍ഹി മായപുരിയിലുള്ള ഒരു കാര്‍ വില്‍പ്പനക്കാരന്, ടൊയോട്ടാ പ്രാഡോ കാര്‍ വിറ്റതിന്റെ രേഖ കണ്ട് കസ്റ്റംസ് കണ്ണുതള്ളിയിരുന്നു. വെറും ഒരു ലക്ഷം രൂപ. ഇത്രയും വിലകുറച്ച് കിട്ടുന്ന വാഹനങ്ങള്‍ എവിടേക്ക് പോവുന്നു, എവിടെനിന്ന് വരുന്നു എന്ന അന്വേഷണമാണത്രേ ഭുട്ടാന്‍ മാഫിയയിലേക്കും കേരളത്തിലേക്കും എത്തിയത്. ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങള്‍ ഭൂട്ടാന്‍ രജിസ്ട്രേഷന്‍ നമ്പറില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്താന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വാഹനമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കൂടുതലും ഷിംല റൂറലിലാണ് (എച്ച്പി 52) ഇത്തരം രജിസ്ട്രഷനുകള്‍ നടന്നിട്ടുള്ളത്. ആ ആര്‍ടി ഓഫീസില്‍ നിന്നുള്ള എന്‍ഒസി ഉള്‍പ്പെടെയാണ് കേരളത്തില്‍ വിറ്റഴിച്ചിരിക്കുന്ന വാഹനങ്ങള്‍ എത്തിയിട്ടുള്ളത്. പഴയ മോഡല്‍ ഡിഫന്‍ഡര്‍ അടക്കമുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ രാജ്യാതിര്‍ത്തി കടന്ന് എത്തിയത്. ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, വിവിധ എസ്യുവികള്‍, ട്രക്കുകള്‍, എന്നിവയും കടത്തികൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ ഒരു കാര്‍ 10 ലക്ഷത്തിനും, 3 ലക്ഷത്തിനു വാങ്ങിയ എസ്യുവി 30 ലക്ഷത്തിനും വിറ്റതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്നു കടത്തിക്കൊണ്ടുവരാനും ഹിമാചലില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ പേരിലും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകള്‍ ചമച്ചും എം- പരിവാഹന്‍ വെബ്സൈറ്റില്‍ കൃത്രിമം നടത്തിയും ഇത്തരത്തില്‍ എത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്. ഇത് ചെറിയ മീനുകളുടെ കുളമല്ല. തിമിംഗിലങ്ങള്‍ നീന്തിത്തുടിക്കുന്ന, മഹാസമുദ്രമാണ്. രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയൊന്നും, സഹായമില്ലാതെ ഈ രീതിയില്‍ ഒരു വെട്ടിപ്പ് നടക്കില്ല എന്ന് ഉറപ്പാണ്.





ദൂല്‍ഖറും പൃഥിയും പ്രശ്നത്തില്‍?

ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വാഹനങ്ങള്‍ എല്ലാം കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സൂചന. നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യമാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തു. പൃഥ്വിരാജിന്റെ തേവരയിലെയും ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലെയും വീടുകളിലായിരുന്നു റെയ്ഡ്. എന്നാല്‍ പൃഥ്വിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥ സംഘം മടങ്ങി. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് താരത്തിന് സമന്‍സും നല്‍കി.

ദുല്‍ഖറിന്റെ പിതാവ് മമ്മൂട്ടിയുടെ ഗാരേജിലും പരിശോധന നടന്നു. ആഢംബര വാഹനങ്ങളോടുള്ള ഇരുവരുടെയും പ്രേമം പരസ്യമായ രഹസ്യമാണ്. ദുല്‍ഖറിന്റെ ഗാരേജില്‍ 5.88 കോടി വരുന്ന, റുബിനോ ഫെരാരി അടക്കമുള്ള വാഹനങ്ങള്‍ ഉണ്ടായിരുന്നു. 2.2 കോടി വിലയുള്ള പോര്‍ഷെ, 86.38 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു എന്നിവയും ദുല്‍ഖറിനുണ്ട്. പോര്‍ഷെ പനാമേര, മെഴ്‌സിഡസ്-മേബാക്ക് ജിഎല്‍സ് 600, മെഴ്‌സിഡസ്-ബെന്‍സ് എസ്‌ക്ലാസ്, മെഴ്‌സിഡസ്-എഎജി ജി 63, മെഴ്‌സിഡസ്-എഎംജി എ അ45, ബിഎംഡബ്ല്യു 7 സീരീസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, വിഡബ്ല്യു പോളോ ജിടിഐ, മിനി കൂപ്പര്‍ എസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയും ദുല്‍ഖറിന്റെ ശേഖരത്തിലുണ്ട്. 2.54 കോടിരൂപ വിലയുള്ള മെഴ്‌സിഡസ്-ബെന്‍സാണ് ദുല്‍ഖറിന്റെ പ്രിയ വാഹനം. കഴിഞ്ഞ എട്ട് വര്‍ഷത്തിലേറെയായി ഇത് നടന് ഒപ്പമുണ്ട്.

ഇതില്‍ ഏത് വാഹനത്തിനാണ് ഭൂട്ടാന്‍ ബന്ധമുള്ളത് എന്ന് വ്യക്തല്ല. അതുപോലെ പ്രഥിരാജും ഒരു വലിയ വാഹന പ്രേമിയായാണ് അറിയപ്പെടുന്നത്. ലംബോര്‍ഗിനിയടക്കം നിരവധി ആഢംബര വാഹനങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഒരു ഭൂട്ടാന്‍ കാര്‍ ഉണ്ടെന്നും എന്നാല്‍ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ ടി ടിജു മാധ്യമങ്ങളോട് പറഞ്ഞു.

നടന്‍ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. നടന്മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറയുന്നു. അതിനിടെ ഒരു ഫോണ്‍ കോളിനെ തുടര്‍ന്ന് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ചതും വാര്‍ത്തയായി.

സുരേഷ് ഗോപിയും ഫഹദും

പക്ഷേ ഇത്തരം വാഹന രജിസ്ട്രേഷന്‍ വിവാദങ്ങള്‍ മലയാള സിനിമക്ക് പുത്തരിയൊന്നുമല്ല. നികുതിവെട്ടിക്കാനായി വ്യാജരേഖ ചമച്ച്, കേരളത്തിലെ 2357 വാഹനങ്ങള്‍ പതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് 2019-ല്‍ കണ്ടെത്തിയിരുന്നു. സുരേഷ് ഗോപി, അമലപോള്‍, നടന്‍ ഫഹദ് എന്നിവരാണ് അന്ന് വിവാദത്തില്‍പെട്ടത്. പുതുച്ചോരി ചാവടിയിലെ അപ്പാര്‍ട്ട്മെന്റില്‍ താല്‍ക്കാലിക താമസക്കാരന്‍ എന്ന രീതിയിലാണ് 2010-ല്‍ വാങ്ങിയ കാര്‍ സുരേഷ്ഗോപി രജിസ്റ്റര്‍ ചെയ്തത്. വ്യാജ മേല്‍വിലാസത്തിലുടെയുള്ള രജിസ്ട്രേഷനിലുടെ 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഇതില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.




അഭിനേതാക്കളായ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരെയും വാഹന റജിസ്ട്രേഷന്‍ തട്ടിപ്പിനു കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.

ബെംഗളൂരുവില്‍നിന്നു വാഹനം വാങ്ങിയ അമല കേരളത്തില്‍ എത്തിച്ചിട്ടില്ലാത്തതില്‍ കേരള പൊലീസിനു നടപടി സ്വീകരിക്കേണ്ടിരുന്നു. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നു വാഹനം വാങ്ങിയ ഫഹദ് തെറ്റു മനസ്സിലായപ്പോള്‍ കേരളത്തിലേക്കു റജിസ്ട്രേഷന്‍ മാറ്റുകയും 19 ലക്ഷം രൂപ പിഴ അടയ്ക്കുകയും ചെയ്തു. കേസില്‍ ഫഹദ് ഫാസിലിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. പൃഥിരാജിനും ദുല്‍ഖറിനും ഇത് ഫഹദിന്റെ വഴി മാതൃകയാക്കാവുന്നതാണ്. കാരണം അവര്‍ അറിഞ്ഞുകൊണ്ടല്ല ഈ തിരികിടയൊന്നും നടക്കുന്നത്. മിക്കവാറും വാഹന ഡീലര്‍മാര്‍ വഴി പോകുന്നതാണ്.്എല്ലാം നിയമാനുസൃതമാണെന്ന ഇടനിലക്കാരുടെ വാചകമടിയില്‍ വീണുപോകുയതാവും ഇവര്‍ക്ക് പറ്റിയ അബദ്ധം. അതുമനസ്സിലാക്കി വേണ്ട നികുതിയടച്ച് നിയമാനുസൃതമാക്കിയാല്‍, നടന്‍മ്മാരുടെ പേരില്‍ കേസില്ലാതാവും.

തന്റെ ഒരു വാഹനം മാത്രമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് നടന്‍ അമിത് ചക്കാലക്കല്‍ പ്രതികരിച്ചിട്ടുണ്ട്. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ മാത്രമാണ് തന്റേത്. മറ്റ് വണ്ടികള്‍ തന്റെ ഗ്യാരേജില്‍ പണിക്കായി കൊണ്ടുവന്നവയാണ്. അക്കാര്യം കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ വാഹനത്തിന്റെ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മറ്റ് ആറ് വാഹനങ്ങളുടെ ഉടമകളെ വിവരമറിയിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. അവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ കസ്റ്റംസ് 10 ദിവസം സമയം നല്‍കിയിട്ടുണ്ട്. ആ വാഹനങ്ങളുമായി തന്റെ ബന്ധം എന്താണെന്ന് കസ്റ്റംസ് അന്വേഷിച്ചു. തന്റെ ഒരു വണ്ടിപോലും ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആര്‍ക്കും വേണ്ടി വാഹനക്കച്ചവടം നടത്തിയിട്ടില്ലെന്നും അമിത് വ്യക്തമാക്കി.

അതിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നും വിവരം പുറത്തുവരുന്നുണ്ട്. വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. രേഖകള്‍ കൃത്യമാവുകയും നികുതി അടക്കുകയും ചെയ്താല്‍ താരങ്ങള്‍ കുറ്റവിമുക്തരാവും. അപ്പോഴും പ്രശ്നം അവിടെതന്നെ നില്‍ക്കയാണ്. ഷിംല മാഫിയ എന്ന ഇന്ത്യമുഴുവന്‍ നികുതിവെട്ടിച്ച്, വാഹനങ്ങള്‍ വില്‍ക്കുന്ന സംഘം. അതിന്റെ വേരറുക്കാനുള്ള ശ്രമങ്ങാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്.




വാല്‍ക്കഷ്ണം: വിലക്കുറവുണ്ടെന്ന് പറഞ്ഞ് പാഷാണം കലക്കിക്കൊടുത്താല്‍പോലം വാങ്ങാന്‍ ഓടുന്ന പരിപാടി മലയാളികളടക്കം ആദ്യം നിര്‍ത്തേണ്ടതുണ്ട്. നികുതി വെട്ടിക്കുന്നത് ഒരു മിടുക്കായി കണക്കാക്കുന്ന ഒരു തലമുറ വളരെ മോശം സന്ദേശമാണ് നല്‍കുന്നത്. ജനലക്ഷങ്ങള്‍ ആരാധിക്കുന്ന, സ്‌ക്രീനില്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി പോരടിക്കുന്ന, താരങ്ങള്‍ ഒരിക്കലും ഈ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കരുത്.