ള്ളന്മാരും കൊള്ളക്കാരുമൊക്കെ നാഷണൽ ഹീറോകൾ ആവുന്ന ഒരു രാജ്യം! സത്യത്തിൽ അതാണ് ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ സംഭവിക്കുന്നത്. സൊമാലിയയെന്ന വാക്കുകേൾക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിയുന്ന ചിത്രം, ഒട്ടിയവയറും അസ്ഥികൂടം തെളിഞ്ഞുകാണുന്ന തരത്തിൽ എല്ലുംതോലുമായ മനുഷ്യരെയാണെല്ലോ. ഗോത്രയുദ്ധവും, വർഗീയകലാപവം, അരാജകത്വവും, ദുരിതമയമാക്കിയ ഈ രാജ്യത്തിന്റെ ഒരേ ഒരു വിഭാഗം മാത്രമായിരുന്നു സമ്പൽ സമൃദ്ധിയിൽ ജീവിച്ചത്. അവരെയാണ് ലോകം പേടിച്ചിരുന്നതും. അതാണ് സൊമോലിയൻ കടൽക്കൊള്ളക്കാർ!

കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി കപ്പലുകളെ റാഞ്ചി, കോടിക്കണക്കിന് രൂപ മോചനദ്രവ്യം നേടി, കടൽക്കൊള്ളയെ ഒരു അന്താരാഷ്ട്ര ബിസിനസാക്കി മാറ്റിയ ഇവർക്ക് ഇപ്പോൾ തിരിച്ചടിയുടെ കാലമാണ്. സമുദ്ര സുരക്ഷ, രാജ്യങ്ങൾ ശക്തമാക്കിയതോടെ സീ പൈറേറ്റ്സിന്റെയും അവസാനമായി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്, കഴിഞ്ഞ ദിവസം അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്ന് കടൽകൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിലെ ഇന്ത്യാക്കാരടക്കമുള്ള ജീവനക്കാരെ നമ്മുടെ നേവി അതിസാഹസികമായി രക്ഷിച്ചത്.

ലൈബീരിയൻ ചരക്ക് കപ്പലായ എം വി ലില നോർഫോക്ക് കപ്പലിൽ ഇന്ത്യൻ നാവികസേനയുടെ മാർക്കോസ് എന്ന പ്രത്യേക കമാൻഡോകൾ നടത്തിയ രക്ഷാദൗത്യത്തിന്റെ വീഡിയോയും വൈറലാവുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെ കമാൻഡോകൾ സുരക്ഷിതമായി പുറത്തെത്തിച്ചു. ബ്രസീലിലെ പോർട്ട് ഡു അകോയിൽ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയിൽ നിന്ന് 300 നോട്ടിക്കൽ മൈൽ കിഴക്ക് നിന്ന് കടൽക്കൊള്ളക്കാർ എം.വി ലില നോർഫോക് എന്ന ചരക്കുകപ്പൽ ഹൈജാക്ക് ചെയ്തത്.

ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് ചെന്നൈയുടെ നേതൃത്വത്തിലായിരുന്നു റെസ്‌ക്യൂ ഓപ്പറേഷൻ. വ്യാഴാഴ്ച വൈകിട്ടാണ് 'എം.വി ലില നോർഫോക്ക്' എന്ന കപ്പലിൽ കടൽക്കൊള്ളക്കാർ കയറിയത്. അപായ സന്ദേശം കിട്ടിയ ഇന്ത്യൻ നേവി ഉടൻ ഐ.എൻ.എസ് ചെന്നൈയെ രക്ഷാ ദൗത്യത്തിന് നിയോഗിച്ചു. നേവിയുടെ നിരീക്ഷണ വിമാനങ്ങളും ഹെലികോപ്ടറുകളും സായുധ പ്രിഡേറ്റർ ഡ്രോണുകളും ദൗത്യത്തിന്റെ ഭാഗമായി.

നേവി വിമാനം കപ്പലിന് മീതേ പറന്ന് ജീവനക്കാരുമായി ആശയവിനിമയം സ്ഥാപിച്ച് അവർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി. കൊള്ളക്കാർ കയറിയതോടെ ജീവനക്കാർ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ആശയവിനിമയ സൗകര്യമുള്ള സ്‌ട്രോംഗ് റൂമിൽ അഭയം തേടിയിരുന്നു. പിറ്റേന്് ഐ.എൻ.എസ് ചെന്നൈ ലൈബീരിയൻ കപ്പലിനെ തടഞ്ഞു. കടൽക്കൊള്ളക്കാരോട് കപ്പൽ വിടാൻ നാവികസേന അന്ത്യശാസനം നൽകി. അതോടെ അവർ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇല്ലെങ്കിൽ കരയിൽനിന്നും കടലിൽനിന്നുമുള്ള വെടിയേറ്റ് അവർ തീർന്നേനേ. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്.

ഇതോടെ സോമലിയൻ കടൽക്കൊള്ളക്കാരും ഒരു ഇടവേളക്ക്ശേഷം വാർത്തകളിൽ നിറയുകയാണ്. പട്ടിണി രാഷ്ട്രമായ സൊമാലിയയിലെ ലാഭകരമായ ഒരേ ഒരു ബിസിനസിനാണ് ഇന്ത്യൻ നേവി അന്ത്യം കുറിച്ചത്!

ഇതാ ഭൂമിയിലെ നരകം

കിഴക്കേ ആഫ്രിക്കയിൽ, ആഫ്രിക്കയുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭൂഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് സൊമാലിയ. ഔദ്യോഗിക നാമം സൊമാലി റിപ്പബ്ലിക്ക്. മുമ്പ് സൊമാലി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ജിബൂട്ടി (വടക്കുപടിഞ്ഞാറ്), കെനിയ (തെക്കുപടിഞ്ഞാറ്), ഏദൻ ഉൾക്കടൽ, യെമെൻ (വടക്ക്), ഇന്ത്യൻ മഹാസമുദ്രം (കിഴക്ക്), എത്യോപ്യ (പടിഞ്ഞാറ്) എന്നിവയാണ് സൊമാലിയയുടെ അതിർത്തികൾ. ഇന്ന് സൊമാലി ഭരണകൂടം നാമമാത്രമായി മാത്രമേ നിലനിൽക്കുന്നുള്ളൂ. സൊമാലിയയ്ക്ക് അംഗീകരിക്കപ്പെട്ട ഒരു കേന്ദ്രഭരണകൂടമോ ഒരു സ്വതന്ത്ര രാഷ്ട്രവുമായി ബന്ധപ്പെടുത്താവുന്ന എന്തെങ്കിലും സ്വഭാവ വിശേഷങ്ങളോ ഇല്ല.ഐക്യരാഷ്ട്രസഭ അംഗീകരിച്ച, താൽക്കാലിക ഫെഡെറൽ സർക്കാറുണ്ട്. പക്ഷേ അംഗീകരിക്കപ്പെടാത്ത സൊമാലിലാന്റ്, പണ്ട്ലാന്റ്, എന്നിവയുടെ അധികാരം വെവ്വേറെ ഭരണകൂടങ്ങളുടെ കയ്യിലാണ്.

പക്ഷേ ഒരുകാലത്ത് സമ്പന്നമായ രാജ്യമായിരുന്നു ഇതും. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യൻ ശക്തികൾ ആഫ്രിക്കയുടെ ഐക്യത്തെ വിഭജിക്കാൻ വന്നെത്തിയതോടെയാണ് പ്രശ്നം തുടങ്ങുന്നത് എന്നാണ് ചില ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഈ സംഭവം അന്നത്തെ ദെർവിഷ് നേതാവായിരുന്ന മുഹമ്മദ് അബ്ദുള്ള ഹസനെ പ്രകോപിപ്പിച്ചു. അദ്ദേഹം സോമലിയയെ സംരക്ഷിക്കാൻ ബ്രിട്ടീഷ് ശക്തികളുമായി യുദ്ധംപ്രഖ്യാപിച്ചു. ഏറെ യുദ്ധങ്ങൾക്കൊടുവിൽ ദെർവിഷ് ബ്രിട്ടന് ുന്നിൽ കീഴടങ്ങി. എന്നാൽ പിന്നീടു കാണുന്നത് ഇറ്റാലിയൻ ശക്തികൾ സോമാലിയയെ ലക്ഷ്യമിടുന്നതാണ്. അങ്ങനെ സൊമാലിയ ബ്രിട്ടീഷ് സോമാലിയ എന്നും ഇറ്റാലിയൻ സോമാലിയ എന്നും രണ്ടായി വിഭജിക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിന് ഒടുവിൽ ബ്രിട്ടൻ ഈ രണ്ടു പ്രവിശ്യകളുടെയും അധികാരമേറ്റെടുത്തു. .1960ൽ സോമാലിയ സ്വാതന്ത്ര്യം നേടിയതോടെ ബ്രിട്ടീഷ് ഇറ്റാലിയൻ ശക്തികൾ രാജ്യം വിട്ടു. പിന്നീട് ആ രാജ്യം കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്നു .1969ൽ മുഹമ്മദ് ഫാറെയുടെ സർക്കാരിനെ താഴെയിറക്കിയതു മുതലാണ് പ്രശ്നങ്ങൾ രൂക്ഷമായത്. അതോടെ വീണ്ടും ഗോത്രയുദ്ധവും അഭയാർത്ഥി പ്രവാഹവുമായി മാറി. ഐക്യരാഷ്ട്രസംഘടനകൾ തങ്ങളുടെ കഴിവിനനുസരിച്ചു പ്രവർത്തിച്ചിട്ടുപോലും അവിടെ സമാധാനം തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല. അമേരിക്ക സൈനികരെ അയച്ചുവെങ്കിലും, നിരവധി പേർക്ക് ജീവൻ നഷ്ടമായതോടെ അവർ തോൽവി സമ്മതിച്ചു തിരിച്ചുപോയി. സോമാലിയയെ രക്ഷിക്കാൻ അയൽരാജ്യമായ കെനിയ പത്തുവർഷം പരിശ്രമിച്ചു. അവർക്കും തോൽവി സമ്മതിക്കേണ്ടിവന്നു. സൊമാലിയയിലെ പ്രാദേശികനേതാക്കൾ സമ്മതിക്കാത്തതുകൊണ്ടാണു കെനിയ പിൻവാങ്ങിയതെന്നാണ് അവർ പറയുന്നത്. അങ്ങനെ സൊമാലിയയെന്ന രാജ്യത്തെ ആഫ്രിക്കൻ രാജ്യങ്ങൾ എഴുതി തള്ളി.

1991-ൽ സൊമാലിയയുടെ പ്രസിഡന്റ് ആയിരുന്ന മൊഹമെദ് സിയാദിനെ യുദ്ധപ്രഭുക്കൾ പുറത്താക്കിയതിൽ പിന്നെ സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവിൽ സ്ഥിരമായി അക്രമം അരങ്ങേറി. സൊമാലിയയിലെ അഭയാർത്ഥികളുടെ ദൈന്യതയ്യാർന്ന ചിത്രങ്ങൾ ലോകശ്രദ്ധ ആകർഷിച്ചത് ഇക്കാലത്താണ്. ഇപ്പോൾ അൽഷാബബ് എന്ന ഐസിസ് പോലുള്ള അതി തീവമ്രായ ഇസ്ലാമിക ഗ്രൂപ്പിന്റെ പിടിയിലാണ് ഈ രാജ്യം. തങ്ങളെ എതിക്കുന്നവരെ അവർ നിഷ്ഠൂരം കൊന്നൊടുക്കയാണ്. ഇസ്ലാമിക രാഷ്ട്രമായ സോമാലിയയിൽ ഒരു ചെറിയ വിഭാഗം ക്രിസ്ത്യാനികളും ഉണ്ട്. ഈ അവശിഷ്ട ക്രിസത്യാനികളെ കൂട്ടത്തോടെ തലവെട്ടുകയാണ് അൽഷബാബ് ചെയ്യാറുള്ളത്.

രാജ്യത്തിന്റെ ആകെ ജനസംഖ്യ 1.2 കോടിയാണ്. ഇതിൽ പത്തുലക്ഷം പേർക്ക് അടിയന്തിര ഭക്ഷ്യസഹായം ആവശ്യമാണ് എന്നാണ് പറയുന്നത്. വിശക്കുന്ന ആ രാജ്യത്തിലേക്ക് പക്ഷേ കോടികളുടെ ആയുധങ്ങളാണ് എത്തുന്നത്. ഭൂമിയിൽ നരകം എന്നൊന്നുണ്ടെങ്കിൽ അത് ഇതാണെന്നാണ്, ഇവിടം സന്ദർശിച്ചവർ എഴുതുന്നത്.

77 ശതമാനവും പട്ടിണിയിൽ

സൊമാലിയ എന്ന രാജ്യത്തിന്റെ പേരുതന്നെ ഇന്ന് പട്ടിണിയുടെ പര്യായമാണ്.
ലക്ഷക്കണക്കിനു സൊമാലിയക്കാർ ദാരിദ്ര്യംമൂലം പലായനം ചെയ്യുന്നു. പട്ടിണിമരണങ്ങൾ ഇവിടെ പുത്തരിയല്ല. രാജ്യത്തെ 43 ശതമാനം പേർക്കും ഒരു ദിവസം കൂലിയായി ലഭിക്കുന്നത് 60 രൂപയിൽ താഴെയാണ്. ആയൂർദൈർഘ്യം 50 വയസ്. 80ശതമാനം പേരും അന്തിയുറങ്ങാൻ ഇടമില്ലാതെ അലഞ്ഞുതിരിയുന്നു. ആയിരത്തിൽ നുറുകുട്ടികൾ പോഷകരാഹിത്യംമൂലം ജനിച്ചയുടൻ മരിച്ചുപോകുന്ന നാടാണ്. ഒരു നേരമെങ്കിലും ആഹാരം കഴിക്കാൻ കഴിയാത്തവർ 77 ശതമാനത്തിലധികം.

പോഷകാഹാരക്കുറവുമൂലം കുട്ടികൾ എല്ലും തോലുമായി പേക്കോലങ്ങളാണ്. പൊതുസമ്പദ് വ്യവസ്ഥയോ സ്വന്തം നാണയമോപോലും ഇല്ലാതിരുന്ന സൊമാലിയ 2013 വരെ മറ്റു ലോകരാഷ്ട്രങ്ങളുമായി ഒരുവിധത്തിലും സഹകരിക്കാൻ തയാറല്ലായിരുന്നു. അതതുപ്രദേശത്തെ സൈനികമേധാവികളായിരുന്നു അവരവരുടെ മതവിശ്വാസമനുസരിച്ചു ഭരണംനടത്തിയിരുന്നത്. തങ്ങളുടെ വരുതിക്കു നിൽക്കാത്ത ജനങ്ങളെ അവർ അടിച്ചമർത്തുകയും ചെയ്തു. 2013ൽ താൽക്കാലിക ഭരണകൂടം അധികാരത്തിൽ വന്നെങ്കിലും ഇന്നും രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാണ്. അരാജകത്വം കൊടികുത്തിവാഴുന്ന സൊമാലിയയിൽ തെരഞ്ഞെടുപ്പുപോലും നടക്കുന്നില്ല.

. തുടർച്ചയായ വരൾച്ചയും ഓർക്കാപ്പുറത്തുണ്ടാകുന്ന വെള്ളപ്പൊക്കവും ആ നാടിന്റെ ശാപമാണ്. അതിനിടയിൽ സൂനാമിയും നാശം വിതച്ചു. ആഫ്രിക്കയുടെ തീരപ്രദേശത്തു സ്ഥിതിചെയ്യുന്നതുകൊണ്ട് അവിടുത്തെ മണ്ണു കൃഷിയോഗ്യമല്ല.വളരെക്കുറഞ്ഞ പ്രദേശത്തുമാത്രമാണു കൃഷി നടക്കുന്നത്. സാക്ഷരതയെന്നതു സൊമാലിയയിൽ നല്ലൊരു ശതമാനത്തിനും അത്ഭുതമുളവാക്കുന്ന വാക്കാണ്.

91-ലെ രൂക്ഷമായ ആഭ്യന്തരയുദ്ധം സൊമാലിയയുടെ സ്ഥിതി കൂടുതൽ വഷളാക്കി. അന്ന്, തോക്കുചൂണ്ടി പിഞ്ചുകുഞ്ഞുങ്ങളെ മൈൻ ഫീൽഡിലൂടെ നടത്തിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മൈൻ പൊട്ടിയാൽ കുട്ടികൾ മരിക്കും! മിക്കാവറും ഇത്തരം കുട്ടികളെ എതിർ ഗോത്രത്തിൽ നിന്നാണ് കൊണ്ടുവരിക. കുട്ടികളെ മൈൻ ടെസ്റ്ററുകളാക്കുന്ന ലോകത്തിലെ ഏകരാജ്യവും ഒരുപക്ഷേ ഇതാവും. 91ൽ യു എൻ ഭക്ഷ്യാധാന്യവുമായി അയച്ച ട്രക്ക് ജനം കൊള്ളയിടിച്ചതും വലിയ വാർത്തയായിരുന്നു. സഹായിക്കാൻപോലും ആർക്കും പോകാൻ കഴിയാത്ത അവസ്ഥ.

രക്ഷകരായി വന്ന കടൽക്കൊള്ളക്കാർ

ലോകത്തിൽ വർഗീയലഹള മൂലം ഏറ്റവു കൂടുതലാളുകൾ കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്നും ഇതുതന്നെയാണ്. ഇതുകൂടാതെ, സൊമാലിക്കുമാത്രം അവകാശപ്പെടാൻ ഒരു റെക്കോർഡ് കൂടെയുണ്ട്. ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കടൽകൊള്ളക്കാരുടെ സ്വന്തം രാജ്യമാണത്. ഇന്ത്യൻ മഹാസമുദ്രമാണു പ്രധാനമായും ഇവരുടെ വിഹാരകേന്ദ്രം.

1991 ൽ അവസാനത്തെ ഗവണ്മെന്റും നിലം പതിച്ചതോടെ സോമാലിയൻ കടൽപുറം ശരിക്കും ഒരു നാഥനില്ലാ കളരിയായി. തീരം സംരക്ഷിക്കാനുള്ള കോസ്റ്റ് ഗാർഡു പോലും സോമാലിയയിൽ പിന്നീട് ഉണ്ടായിട്ടില്ല. ഇതോടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഈ തീരം ഉഴുതു മറിച്ചു. പടിഞ്ഞാറൻ രാജ്യങ്ങൾ ഇത് ഒരു അവസരായി മുതലെടുത്ത് സോമാലിയയുടെ മത്സ്യസമ്പത്തുകൊള്ളയടിക്കാനും , തീരത്ത് ആണവ മാലിന്യങ്ങൾ തള്ളാനും തുടങ്ങി.

ഇതോടെ തീരദേശവാസികൾ രോഗികളായി. ആദ്യം വിചിത്രമായ ചൊറിയും ചിരങ്ങുമൊക്കെയാണ് ഉണ്ടായത്. പിന്നീട് അത് അംഗവൈകല്യമുള്ള കുട്ടികളായി മാറി. 2005 ലെ സുനാമിയിൽ നൂറുകണക്കിന് ചോരുന്ന വീപ്പകൾ തീരത്തടിഞ്ഞു. ആളുകൾ കൂടുതൽ വികിരണ രോഗങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. 300 ൽ അധികം ആളുകൾ മരിച്ചു. ഇറ്റാലിയൻ മാലിന്യ മാഫിയയുടെ ഡബ്ബിങ്ങ് യാർഡ് ആയിരുന്നു സോമാലിയ.

ആരും ചോദിക്കാനും പറയാനും ഇല്ലാതായതോടെ, സോമാലിയൻ തീരക്കടലിൽ നിന്നും പ്രതിവർഷം 30 യുസ് ഡോളറിന്റെ ട്യൂണയും, ചെമ്മീനും, ഞണ്ടുകളുമാണ് യൂറോപ്യൻ മീൻപിടുത്തക്കപ്പലുകൾ നിയമവിരുദ്ധമായി കൊണ്ടുപോയത്. പ്രാദേശിക മീൻപിടുത്തക്കാർ ഇതോടെ പട്ടിണിയിയിലായി. ഈ സാഹചര്യത്തിലാണ് അവരിൽ ഒരു വിഭാഗം കടൽക്കൊള്ളയിലേക്ക് തിരിഞ്ഞത് എന്നാണ് ഇതു സംബന്ധിച്ച ഡോക്യൂമെന്റിയിൽ ബിബിസി പറയുന്നത്.

തൊഴിലില്ലാതായ മുക്കുവർ ചെറു സംഘങ്ങൾ ഉണ്ടാക്കി. തങ്ങളുടെ ഏരിയയിൽ വരുന്ന വിദേശ ട്രോളറുകളെ തടഞ്ഞു വച്ച് പണം ഈടാക്കാൻ തുടങ്ങി. ആദ്യകാലത്ത് ഇവർ നാവികരെ ഉപദ്രവിക്കുകയോ ചരക്കു മോഷ്ടിക്കുകയോ ചെയ്തിരുന്നില്ല. മോചന ദ്രവ്യം വാങ്ങി വിട്ടയക്കുക എന്നതായിരുന്നു പതിവ്. എന്നാൽ ഇതൊരു ലാഭമുള്ള ബിസിനസ് ആണെന്ന് മനസിലാക്കിയ ചിലർ ആയുധങ്ങളും പണവും നൽക്കി പ്രാദേശിക സംഘങ്ങളെ വളർത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന സോമാലിയൻ കടൽ കൊള്ളക്കാർ.
.

പെണ്ണുകിട്ടുന്നതുകൊള്ളക്കാർക്ക് മാത്രം

വലിയ പണം കിട്ടാനുള്ള അവസ്ഥ വന്നതോടെ, ആധുധങ്ങൾ കയ്യിലേന്തിയ പല ലോക്കൽ ഗ്രൂപ്പുകളും കപ്പലുകൾ പിടിച്ചെടുക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അതിൽ നിന്നും ലഭിച്ച വമ്പിച്ച ലാഭം കിട്ടിയതോടെ ഇത് ഒരു കുടിൽ വ്യവസായം പോലെ വളർന്നു വലുതായതാണ് പിന്നീട് ലോകം കണ്ട അയ്യായിരത്തോളം വരുന്ന സോമാലിയൻ കടൽകൊള്ളാർ. . സാധാരണക്കാർക്ക് ഇവരെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് ഒരു സ്വതന്ത്ര വാർത്താ സൈറ്റ് സർവ്വേ നടത്തുകയുണ്ടായി. 70% ആളുകളും രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് "കടൽ കൊള്ളക്കാർ" നല്ലകാര്യമാണ് ചെയ്യുന്നതെന്നാണ് അഭിപ്രായം.

സോമാലിയൻ ഭാഷയിൽ "ബുർകാർട് ബദീദ്' എന്ന് പറഞ്ഞാൽ കടൽ കൊള്ളക്കാർ എന്നർത്ഥം. വിവാഹ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളവർ. ഒരു കടൽ കൊള്ളക്കാരന് സമൂഹം കൊടുക്കുന്ന വില അയാളുടെ കയ്യിലെ പണത്തിന്റെ തോതനുസരിച്ചിരിക്കും. സിവിലിയൻ യുദ്ധം മൂലം തകർന്നു തരിപ്പണമായ ഒരു രാജ്യത്ത് അമേരിക്കൻ ഡോളർ കയ്യിലുള്ള ഒരേയൊരു വിഭാഗം ഇവർ മാത്രമാണ്. ഓരോ കൊള്ളക്കാരനും ഓരോ സോമാലി പെൺകുട്ടികളുടെ ഹീറോയാണ്. കാരണം ഇവർ കപ്പൽ പിടിച്ചെടുക്കാൻ ഉപയോഗിക്കുന്നത് അന്ത്യാധുനിക ആയുധങ്ങാണ്. ഒരു സൂപ്പർമാൻ പരിവേഷം ഇവർക്ക് കിട്ടി. ഓടുന്ന കപ്പലിനു നേരെ വെടിയുണ്ടയുതിർത്ത് വേഗത കുറപ്പിച്ച. കപ്പലിൽ സാഹസികമായി ചാടിക്കയറി, ജീവനക്കാരെ തല്ലിയൊതുക്കി ബന്ദിയാക്കാൻ അപാര ധൈര്യം വേണം.

2010വരെ സൊമാലിയിൽ സ്റ്റോക്ക് മാർക്കറ്റിനെവരെ നിയന്ത്രിച്ചിരുന്നത് കടൽക്കൊള്ളക്കാർ ആയിരുന്നെന്ന് തമാശ കലർന്ന ഒരു ഫലിതം ഉണ്ടായിരുന്നു. 2000 തൊട്ടുള്ള കാലയളവിൽ 250 ഓളം കപ്പലുകൾ തട്ടിക്കൊണ്ടുപോയി, കോടിക്കണക്കിന് ഡോളറിന്റെ മോചന ദ്രവ്യമാണ് അവർ സമ്പാദിച്ചത്. മോട്ടോർ ബോട്ടുകൾ, എകെ 47, ടോർപിഡോ തുടങ്ങിയ സംവിധാനങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു. ഇതൊക്കെ വാങ്ങിക്കൊടുത്ത് അന്നത്തെ ഭരണകർത്താക്കൾ തന്നെ ആയിരുന്നു. യമനിൽനിന്നായിരുന്നു ആയുധങ്ങൾ കൂടുതലായി വന്നത്.

2008ൽ ബിബിസി നടത്തിയ അന്വേഷണത്തിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ഇൻഫോർമാർമാരായി പ്രവർത്തിക്കുന്നത് എന്ന് പറയുന്നുണ്ട്. മൂൻ സൈനികർ, യുദ്ധ പ്രഭുക്കൾ, ജിപിഎസ് വിദഗ്ദ്ധർ തുടങ്ങിയവർ എല്ലാം ഈ ടീമിലുണ്ട്. പൊലീസിനും സൈന്യത്തിനും വലിയ തുക പാരിതോഷികം നൽകാറുണ്ടെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.

കോടികളുടെ ബിസിനസായി വളരുന്നു

തട്ടിക്കൊണ്ടുപോയവരെ മാസങ്ങൾ മാത്രമല്ല, വർഷങ്ങൾ ബന്ദിയാക്കി മോചനദ്രവ്യം വാങ്ങിയ കഥകൾ ഉണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച പലരും വെടിയേറ്റ് മരിച്ചു. ചിലർ രോഗം മൂലവും. കമ്പനി മുതലാളികൾ കൈവിട്ട കപ്പലുകളാണ് സോമാലിയയിൽ വർഷങ്ങളോളം കുടുങ്ങിപ്പോയത്. കപ്പൽ സ്‌ക്രാപ്പിനു വിറ്റാലും അവർ ഉദ്ദേശിക്കുന്ന ലാഭം കിട്ടില്ല. ഇതുമൂലം നരകിച്ചത് നൂറുകണക്കിന് ജീവനക്കാരാണ്.

പിന്നീട് കടൽക്കൊള്ള സോമലിയയിൽ ഒതുങ്ങി നിൽക്കാതെ അന്താരാഷ്ട്ര നെറ്റവർക്കുള്ള ഒരു ബിസിനസായി വളർന്നു. യെമൻ വഴി ആയുധങ്ങളും, ദുബായി വഴി ട്രാൻസാക്ഷനും, കെനിയയിൽ റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തി വളർന്നു വലുതായ കുറെ ഗ്രൂപ്പുകൾ ഇവർക്കൊപ്പം ചേർന്നു. ഇത്തരം പണത്തിന്റെ നല്ലൊരു ഭാഗം തീവ്രവാദ പ്രവർത്തനത്തിനും പോയിരുന്നു.

കടൽക്കൊള്ളയോടൊപ്പം വളർന്നുവന്ന സംഘടനയാണ് അൽഷാബാബും, നൈജീരിയയിലെ ബോക്കോഹറാം എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകൾ. ക്രൈസ്തവ വിശ്വാസികളെ കണ്ടാൽ കൊന്നുതള്ളുന്നത് ഹോബിയാക്കിയ ഇവർ, പോളിയോ നൽകുന്ന ആരോഗ്യ പ്രവർത്തകരെയും കൊന്നുതള്ളുന്നതിലുടെ കുപ്രസിദ്ധരാണ്. അൽഷാബാബ് സോമാലിയയിലും, ബോക്കോഹറാം നൈജീരിയയിലും ഭീതിവിതക്കുന്നു. കടൽക്കൊള്ളയുടെ പാർശ്വഫലങ്ങൾ ഇന്ന് സെമാലിയയേക്കാൾ അനുഭവിക്കുന്ന രാജ്യമാണ് നൈജീരിയ.

2014ൽ നൂറ് കണക്കിന് കുട്ടികളെ തട്ടിക്കൊണ്ട് പോയതിലൂടെയാണ് ബൊക്കോ ഹറാം ആഗോള ശ്രദ്ധനേടിയത്. ഇവരുടെ ആക്രമണത്തിൽ ഇതുവരെ 30,000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 20 ലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. നൈജീരിയയിലും ബുക്കിനഫുസോയിലുമായി ആയിരങ്ങളെ ഈ ഭീകര സംഘടന കൊന്നു തള്ളുന്നു. ബുക്കിന ഫുസോയിൽ മൂനനുവർഷംമുമ്പ് ഒരു ഗ്രാമത്തിൽ അതിക്രമിച്ചെത്തിയ തീവ്രവാദികൾ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ് 130തോളം പേരാണ്. ഇത്തരത്തലുള്ള എത്രയോ ആക്രമണങ്ങൾ. ഇതിന്റെ ചെറിയ പതിപ്പ് സൊമലിയയിലും അവർത്തിക്കപ്പെടുന്നു.

ആണിയടിച്ച് ഇന്ത്യയും

എന്നാൽ 2012നുശേഷം കളിമാറി. 'കമ്പൈൻഡ് ടാസ്്ക്ക് ഫോഴ്സ് 150' എന്ന ബഹുരാഷ്ട്ര സഖ്യം ഉണ്ടാക്കി ലോകരാജ്യങ്ങൾ കടൽകൊള്ളക്കാരെ നേരിട്ടു. ഓപ്പറേഷൻ ഓഷ്യൻ ഷീൽഡ് എന്നപേരിൽ യൂറോപ്യൻ രാജ്യങ്ങളും പ്രത്യേക കപ്പൽ സുരക്ഷ എർപ്പെടുത്തി. ഐഎൻസ് സുനേന എന്ന ഇന്ത്യൻ പടക്കപ്പലും ലക്ഷദ്വീപിന്റെ തീരത്തുനിന്ന് കടൽക്കൊള്ളക്കാരെ തുരത്തുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

അറബിക്കടലിൽ ഇനി കടൽകൊള്ളക്കാർ കടന്നു കയറില്ല എന്ന പ്രഖ്യാപനമാണ് ഇപ്പോൾ, സൊമാലിയൻ തീരത്തെ ചരക്കുകപ്പലിൽനിന്ന് 15 ഇന്ത്യക്കാരുൾപ്പെടെ 21 ജീവനക്കാരെ മോചിപ്പിച്ചതിലുടെ ഇന്ത്യൻ നേവിയും നൽകുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏറെ കൈയടിയും ഇന്ത്യയ്ക്ക് കിട്ടുകയാണ്. ഇന്ത്യയുടെ നാവിക കരുത്താണ് കടൽകൊള്ളക്കാർക്ക് കഴിഞ്ഞ ദിവസം തിരിച്ചറിയാനായത്.

ഐ.എൻ.എസ്. ചെന്നൈ 'ദ ഡിസ്ട്രോയർ'എന്ന കപ്പലാണ് കടൽകൊള്ളക്കാരെ തുരത്തിയത്. നാവികസേനയുടെ കൊൽക്കത്ത ക്ലാസ് യുദ്ധക്കപ്പലുകളിൽ മൂന്നാമത്തേതാണ് ചെന്നൈ നഗരത്തിന്റെപേരിലുള്ള ഈ ആദ്യ യുദ്ധക്കപ്പൽ. 2010 ഏപ്രിലിൽ രണ്ടിന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണ് കപ്പലിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തത്. തമിഴ്‌നാടിനോടുള്ള ആദരമെന്ന നിലയിൽ ജല്ലിക്കെട്ട് ഉത്സവത്തിന്റെ പ്രതീകമായി ഒരു കാളയുടെ മുദ്ര കപ്പലിലുണ്ട്. വിപുലമായ ആയുധശേഖരവും അത്യാധുനികസംവിധാനങ്ങളും കപ്പലിലുണ്ട്. ഈ കപ്പലായിരുന്നു ചരിത്ര ദൗത്യത്തിന് നിയോഗിച്ചത്. കരുത്തോടെ തന്നെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തു. ഇതോടെ ഒരു കാര്യം ഉറപ്പായി. സോമലിയൻ കടൽക്കൊള്ള എന്ന പേടി സ്വപ്നത്തിന് ഇതോടെ അറുതിയാവുകയാണ്.

വാൽക്കഷ്ണം: വിശപ്പ് ഒരു പ്രധാനപ്രശ്നമായ ഒരു രാജ്യത്ത്, എല്ലാ ദുരിതത്തിനിടയിലും തഴച്ചുവളരുന്നു ഒന്നുണ്ട്. അതാണ് മതവും വർഗീയതയും. സൊമലിയയുടെ ദാരിദ്ര്യം കൂടുന്നതുപോലെ തന്നെ, ഇസ്ലാമിക വർഗീയതയും, ഗ്രോത്രയുദ്ധവും അവിടെ വർധിച്ച് വരികയാണ്. ഇപ്പോൾ കടൽക്കൊള്ളക്കാർക്ക് ഏറ്റ തിരിച്ചടി ഫലത്തിൽ തീവ്രവാദ ശക്തികൾക്കുള്ള തിരിച്ചടി കൂടിയാണ്.