''ഇന്ന് നാട്ടിൽ സിംഹവാലൻ കുരങ്ങുകളേക്കാർ കുറവാണ് യുക്തിവാദികൾ. അത്രമാത്രം, നാമ മാത്രം. ഞാൻ പല സമ്മേളനങ്ങളിലും പോവാറുണ്ട്. കൂടിവന്നാൽ പത്തോ ഇരുപതോ പേർ. ബാക്കിയുള്ളവർക്കെല്ലാം ആരാധകർ കൂടുന്നു. ഇവർക്ക് ആൾക്കാർ കൂടാത്തതിന്റെ അസഹിഷ്ണുതയാണ്''-ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു ചാനലിന്റെ ഡിബേറ്റിൽ, രാഹുൽ ഈശ്വർ പറഞ്ഞകാര്യമാണ് ഇത്. കടിച്ച പാമ്പിനെകൊണ്ട് വിഷം ഇറപ്പിക്കുക എന്നപോലെ, ഒക്ടോബർ 2ന് കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ, ഗ്യാലറിയും വേദിയുമെല്ലാം തിങ്ങിനിറഞ്ഞ് ആയിരങ്ങൾ പങ്കെടുത്ത 'ലിറ്റ്മസ്22' എന്ന സ്വതന്ത്രചിന്തകരുടെ സമ്മേളനത്തിൽവെച്ച്, ഇതേ കാര്യം രാഹുൽ ഈശ്വറിനോട്, ആരിഫ് ഹുസൈൻ എന്ന പ്രഭാഷകൻ ചോദിക്കുന്നു. '' അത് അന്ന് ഞാൻ ബാലിശമായി ചിന്തിച്ചതുകൊണ്ട് പറഞ്ഞതാണ്. ഇന്ന് ഖേദിക്കുന്നു. ആ പ്രസ്താവന പിൻവലിക്കുന്നു''- രാഹുൽ ഈശ്വർ ഇങ്ങനെ പറയുമ്പോൾ സ്റ്റേഡിയത്തിൽ നിറഞ്ഞ കൈയടിയായിരുന്നു.

പത്തുവർഷംമുമ്പ് സിംഹവാലൻ കുരങ്ങുകളേക്കാൾ കുറവായിരുന്നുവെന്ന് വിമർശിക്കപ്പെട്ട നാസ്തിക മലയാളത്തെ, ഈ രീതിയിൽ ആയിരങ്ങളിലേക്ക് എത്തിച്ചതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത്് ഒരേ ഒരു വ്യക്തിയാണ്. സി രവിചന്ദ്രൻ എന്ന ഒമ്പത് വിഷയങ്ങളിൽ എം എയുള്ള, ലാടവൈദ്യം മുതൽ റോക്കറ്റ് സയൻസിനെക്കുറിച്ചും, കമ്യൂണിസം മുതൽ ക്യാപ്പിറ്റലിസംവരെയും, ഖുർആൻ മുതൽ ബൈബിളും ഗീതവരെയും, ജൈവപരിണാമം തൊട്ട് ന്യൂറോ സയസുവെരെയും, ഒരു റഫറൻസുമില്ലാതെ ആധികാരികമായി പറയാൻ കഴിയുന്ന അത്ഭുദ മനുഷ്യനാണ്! എപ്പാഴും ഒരു വിദ്യാർത്ഥിയാവാൻ കൊതിക്കുന്ന മനുഷ്യൻ. 'ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം' എന്ന് തലക്കെട്ട് ഇട്ടുകൊണ്ട് ഒരു പരിപാടി നടത്താൻ കഴിയുന്ന രീതിയിൽ കേരളത്തിലെ സ്വതന്ത്രചിന്താ പ്രസ്ഥാനത്തെ വളർത്തി ആൾ.

പക്ഷേ ഇന്ന് സോഷ്യൽ മീഡിയ നോക്കിയാൽ അറിയാം, കേരളത്തിലെ ഏറ്റവും കൂടുതൽ കുപ്രചാരണത്തിനും സൈബർ ലിഞ്ചിങ്ങിനു വിധേയനാവുന്ന വ്യക്തിയും സി രവിചന്ദ്രനാണ്. ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും അതി സംഘടിതമായാണ് അദ്ദേഹത്തിനെതിരെ കുപ്രചാരണം നടത്തുന്നത്. മാധ്യമം ഓൺലൈൻ ഒരാഴ്ചകൊണ്ട് അഞ്ചു നുണകൾ ആണ് സി രവിചന്ദ്രനെതിരെ എഴുതിപ്പിടിച്ചത്. റിപ്പോർട്ടർ ടീവി അടക്കമുള്ള ഇടത് മാധ്യമങ്ങളും, ഡൂൾ ന്യൂസ്, ട്രൂകോപ്പി തുടങ്ങിയ സ്വത്വ ഷുഡു പോർട്ടലുകളും രവിചന്ദ്രന് എതിരെ തിരിയുന്നു. പരമ്പരാഗത യുക്തവാദികളിൽ ഒരു വിഭാഗവും ഈ ഗ്രൂപ്പിനൊപ്പം ചേർന്ന് ഹീനമായ ചാപ്പയടിക്ക് കൂട്ടുനിൽക്കുന്നുണ്ട്.

കേരളാ യുക്തിവാദത്തെ സംഘപരിവാർ അനുഭാവം വർധിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ കമ്മി-ഷുഡു ഗ്യാങ് ഉയർത്തുന്നു പ്രൊപ്പഗൻഡ. ഇതിൽനിന്നെല്ലാം ഒരു കാര്യം വളരെ വ്യക്തമാണ്. ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും , കേരളത്തിൽനിന്ന് ഏറ്റുവും കുടുതൽ ഭയക്കുന്ന വ്യക്തി സി രവിചന്ദ്രൻ തന്നെയാണ്. രവിചന്ദ്രൻ പറയുന്ന ആശയങ്ങളെ ഖണ്ഡിക്കാനുള്ള കഴിവ് ഇല്ലാതായതോടെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുക എന്ന തന്ത്രവുമായാണ് ഇവർ രംഗത്ത് ഇറങ്ങിയിരക്കുന്നത്. രവിചന്ദ്രൻ നാസ്തിക ദൈവമാണെന്നാണ് ഇവർ പരിഹസിക്കുന്നത്. കാക്കി ട്രൗസറും, വെള്ളഷർട്ടും, കാവിതൊപ്പിയുമൊക്കയായി രവിചന്ദ്രൻ ആർഎസ്എസുകാരനായി നിൽക്കുന്ന പടംപോലും ഉണ്ടാക്കി അവർ മോർഫ് ചെയ്ത പ്രചരിപ്പിക്കുന്നു.

ഇടതിൽ നിന്ന് സ്വതന്ത്ര ചിന്തയിലേക്ക്

പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടേയും, പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് പവിത്രേശ്വരത്താണ് സി രവിചന്ദ്രൻ ജനിക്കുന്നത്. മുഖത്തല സെന്റ് ജൂഡ് ഹൈസ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി. പൂർത്തിയാക്കിയതിനു ശേഷം ബി.എ ഇംഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ് സാഹിത്യം, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

11 വർഷത്തോളം കേരള പബ്ലിക് സർവീസ് കമ്മീഷനിലും, മൂന്നാർ, നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ കൊല്ലം ജില്ലയിൽ എഴുകോണിലെ ഗവൺമെന്റ് പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി 2020 സെപ്റ്റംബർ 4 മുതൽ ജോലി ചെയ്യുന്നു.

തന്റെ ചെറുപ്പകാലം ഇടതുപക്ഷത്തിനൊപ്പം ആയിരുന്നെന്ന് രവിചന്ദ്രൻ പറയുന്നുണ്ട്. അരിവാൾചുറ്റിക ചുമരിൽ വരച്ചകാലം. സോവിയറ്റ് യൂണിയൻ തകർന്നത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പക്ഷേ ക്രമേണേ വായനിയിലുടെ അദ്ദേഹം യുക്തിയുടെയും സ്വതന്ത്രചിന്തയുടെയും ലോകത്തേക്ക് കടന്നുവന്നു. പിഎസ്‌സി ഓഫീസിൽ ജോലിചെയ്യുന്ന സമയത്തൊക്കെ നിരീശ്വരവാദത്തെക്കുറിച്ചും സ്വതന്ത്രചിന്തയെക്കുറിച്ചുമൊന്നും രവിചന്ദ്രൻ അത്രയധികം സംസാരിക്കാറില്ലായിരുന്നു. അന്ന് ചൊറിച്ച്മല്ലുകൾ എന്ന് പറുയുന്ന റിവേഴ്സ് ഗാനങ്ങൾ ഒക്കെയായിരുന്നു പ്രിയ വിനോദങ്ങൾ എന്ന് അദ്ദേഹം പറയാറുണ്ട്. തന്റെ പഴയ സുഹൃത്തുക്കൾ കാണുമ്പോൾ 'രവീ നീ തന്നെയാണോ ഇതൊക്കെ പറയുന്നത'് എന്ന് രവിചന്ദ്രൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

പക്ഷേ നാസ്തിക പരസ്യമായി പറയണം എന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നിയത് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടെയാണ്. അന്ന് തന്റെ ഓഫീസിലെ ചിലർ മനുഷ്യൻ മരിക്കുമ്പോഴും പുലർത്തിയ ആഹ്ലാദം തന്നെ ഞെട്ടിച്ചുവെന്നും ഒരു അഭിമുഖത്തിൽ രവിചന്ദ്രൻ പറയുന്നുണ്ട്. പക്ഷേ പിന്നീട് മൂന്നാർ ഗവൺമെന്റ് കോളജിൽ പഠിപ്പിക്കുമ്പോഴാണ്, രവിചന്ദ്രന്റെയും കേരളത്തിലെ സ്വതന്ത്രചിന്തയുടെ ചരിത്രം മാറ്റിമറിച്ച ആ സംഭവം ഉണ്ടാവുന്നത്. റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന വിഖ്യാതമായ പുസ്തകം ആ കോളജ് ലൈബ്രറിയിൽ ഉണ്ട്. '' ഞാൻ അത് വായിച്ചപ്പോൾ അതിന്റെ ഒരു തർജ്ജമ ചെയ്യണം എന്ന് തോന്നി. പക്ഷേ അതിൽ ഉള്ള പല ഇമേജറികളും പാശ്ചാത്യലോകത്തെ ലക്ഷ്യമിട്ട് ഉള്ളതായിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ സാധാരണക്കാർക്ക് കൂടി ദഹിക്കുന്ന രീതിയിൽ, ലളിതമായ ഉദാഹരങ്ങൾ സഹിതം ഒരു പുസ്തകം പുനരാവിഷ്‌ക്കരിക്കാൻ തീരുമാനിക്കയായിരുന്നു. അങ്ങനെ 'ഗോഡ് ഡെല്യൂഷനെ' നാസ്തികനായ ദൈവം എന്ന പേരിൽ റീ ക്രിയേറ്റ് ചെയ്തു. അത് ഡിസി ബുക്സിൽ പ്രസിദ്ധീകരിക്കാൻ കൊടുത്തു. അതേക്കുറിച്ച് കുറേക്കാലത്തേക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. അങ്ങനെ മറന്ന് നിൽക്കുന്ന സമയത്താണ് അവർ അത് പ്രസിദ്ധീകരിക്കുന്നത്. ''- സി രവിചന്ദ്രൻ പറയുന്നു.

2009ൽ ഇറങ്ങിയ നാസ്തികനായ ദൈവം പുസ്തകം ചൂടപ്പം പോലെ വിറ്റുപോയി. പക്ഷേ അന്നു രവിചന്ദ്രൻ പ്രഭാഷണ രംഗത്ത് ഉണ്ടായിരുന്നില്ല. ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രഭാഷണം നടത്താൻ വരുമോ എന്ന് കോഴിക്കോട് നിന്നുള്ള ചില സ്വതന്ത്രചിന്തകർ ചോദിച്ചപ്പോഴും ഏറെ മടിച്ചാണ് അദ്ദേഹം അത് ഏറ്റെടുത്തത്. പക്ഷേ കോഴിക്കോട്ടെ ആദ്യ പ്രസംഗം തന്നെ ചരിത്രമായി. പിന്നീട് അങ്ങോട്ട് നവനാസ്തികതയുടെ ഒരു തരംഗം ആയിരുന്നു കേരളത്തിൽ. ആർ സി എന്ന രണ്ടക്ഷരം കേരളത്തിൽ സുപരിചിതമായി.

ശാസ്ത്രം, സ്വതന്ത്രചിന്ത തുടങ്ങിയ വിഷയങ്ങളിൽ 800 ാളം പ്രഭാഷണങ്ങളാണ് അദ്ദേഹം നടത്തിയത്. അതേ വിഷയങ്ങളിൽ പത്തിലധികം പുസ്തകങ്ങൾ രചിച്ചു. ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ രചിച്ച മസ്തിഷ്‌ക്കം കഥ പറയുന്നു എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് കേരളശാസ്ത്ര സാഹിത്യ കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്‌കാരം 2017 ൽ ലഭിച്ചു. ബുദ്ധനെ എറിഞ്ഞ കല്ല് എന്ന ഭഗവത്ഗീതാവിമർശനം, വാസ്തു ശാസ്ത്രത്തിനെതിരായി വാസ്തുലഹരി, ജോ്യതിഷത്തിനെതിരായ പകിട 13 തുടങ്ങിയ കൃതികളും ബെസ്റ്റ് സെല്ലറായി.

കേരള യുക്തിവാദത്തിന്റെ ഗതി മാറുന്നു

സി രവിചന്ദ്രൻ വന്നതോടെ കേരളത്തിലെ യുക്തവാദത്തിന്റെ ഗതി പുർണ്ണമായും മാറുകയാണ്. കാരണം അതുവരെ പുർണ്ണമായും ശാസ്ത്ര വാദം ഉയർത്തിപ്പിടിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. അജിനമോട്ടോ കൊടുവിഷം ആണെന്നും, ഹോമിയോപ്പതിയും ആയുർവേദവും ശാസ്ത്രം ആണെന്നും, എൻഡോസൾഫാനാണ് കാസർകോട്ടെ പ്രശ്നങ്ങൾക്ക് കാരണം എന്നൊക്കെ കരുതുന്ന വിഭാഗത്തിൽ ആയിരുന്നു കേരളത്തിലെ പരമ്പരാഗത യുക്തിവാദികൾ. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തുപോലും ജൈവകൃഷി അടക്കമുള്ള അന്ധവിശ്വാസങ്ങൾക്ക് പിറകെ ആയിരുന്നു. എന്നാൽ രവിചന്ദ്രൻ ഈ ധാരണകളെ ഒന്നൊന്നായി പൊളിച്ചടുക്കി.

എല്ലാ വിശുദ്ധ പശുക്കളേയും രവിചന്ദ്രൻ അറ്റാക്ക് ചെയ്തു. ഇസ്ലാമിനെ വിമർശിക്കാൻ അമുസ്ലീങ്ങൾ പേടിച്ചും അറച്ചും നിന്ന സമയത്ത് കുസലോ മടിയോ ഭയമോ ഒന്നുമില്ലാതെ രവിചന്ദ്രൻ ആക്രമണം അഴിച്ചു വിട്ടു. സംഘപരിവാറിന്റെ തുറുപ്പുഗുലാനായ വിശുദ്ധ പശുവിനെ ബീഫിന്റെ രാഷ്ട്രീയത്തിലൂടെ രവിചന്ദ്രൻ പിച്ചിച്ചീന്തി. ആർ.എസ്.എസിന്റെ മൗത്ത്പീസായ സ്വാമി ചിദാനന്ദപുരിയുമായി നേരിട്ട് ഏറ്റുമുട്ടി. ഭഗവദ്ഗീതയുടെ അടുക്കളയിൽ കയറി സർവതും തട്ടിമറിച്ചു. ഇടതുപക്ഷ കേരളത്തിന്റെ മൂർദ്ധാവിൽ കയറിനിന്ന് കമ്മ്യൂണിസം മാർക്സിസം തുടങ്ങിയ ജനാധിപത്യ വിരുദ്ധ സോഷ്യലിസ്റ്റ് ഡോഗ്മകളെ തുറന്നുകാട്ടി.

നവാസ് ജാനെയെയും, കെ വേണുവിനെയും, രജത്കുമാറിനെയും കണ്ടം വഴി ഓടിച്ചു. വ്യക്തി ജീവിതത്തിൽ ശാന്തനായ ഈ അദ്ധ്യാപകൻ സംവാദങ്ങളിൽ വേറെ ഒരാൾ ആണ്. നക്‌സൽ ബുജി വേണുമായുള്ള സംവാദം നോക്കണം. അവസാനം വേണുവിനോട് സഹതാപം തോന്നിപ്പോകും. കിർലിയൻ ക്യാമറ തട്ടിപ്പാണെന്നുപോലും അറിയാത്ത രജ്കുമാറിനെയും കണക്കിന് ട്രോളുന്നുണ്ട് രവിചന്ദ്രൻ. ബീഫ് വിഷയത്തിൽ 'നിങ്ങൾ നിങ്ങളുടെ സഹോദരിയെ പൊന്നുപോലെ നോക്കിക്കോളൂ, പക്ഷേ അത് തന്നെ അളിയനോട് പറയരുത്' എന്ന് പറഞ്ഞ മറുപടി ഉണ്ടാക്കിയ സോഷ്യൽ മീഡിയയിലെ ഓളം ഇന്നും മാറിയിട്ടില്ല. രാഹുലിന്റെ പ്ലിങ്ങസ്യ മുഖം ഒന്ന് കാണേണ്ടതായിരുന്നു. സന്ദീപാനന്ദഗിരിയുമായുള്ള സംവാദത്തിൽ 'കാഷായം എന്നത് ആത്മീയത്തട്ടിപ്പിന്റെ ഒരു യൂണിഫോം' ആണെന്ന് തുറന്നടിക്കുന്നുണ്ട് ആർ സി എന്ന് ആരാധകർ വിളിക്കുന്ന ഈ മനുഷ്യൻ.

ഒരുപടി കൂടി കടന്ന് കേരളത്തിൽ ഒരാളും പറയാത്ത ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. സംവരണം എന്ന ആശയം ആദ്യമായി ചോദ്യം ചെയ്യപ്പെട്ടു. സംവരണത്തിന്റെ പേരിൽ സാമ്പത്തികമായും സാമൂഹികമായും വളരെ മുന്നിൽ നില്ക്കുന്ന വിഭാഗങ്ങൾ എല്ലാ ആനുകൂല്യങ്ങളും തട്ടിയെടുക്കുന്ന മോഡസ് ഓപ്പറണ്ടി 'ജാതിപ്പൂക്കൾ' എന്ന പ്രഭാഷണത്തിലൂടെ തുറന്നുകാട്ടി.സഹസ്രാബ്ധങ്ങളായി മാർജിനലൈസ് ചെയ്യപ്പെട്ട ഏറ്റവും ദുർബലാവസ്ഥയിലുള്ള ചില ദളിത് സമുദായങ്ങൾക്ക് റിസർവേഷൻ കിട്ടാക്കനിയായതിന്റെ നിഷ്ഠൂരചിത്രം രവിചന്ദ്രൻ വരച്ചുകാട്ടി. ഇത്രയുമായപ്പോൾ സഹികെട്ട് വൺസൈഡഡ് ഫാസിസ്റ്റ് വിരുദ്ധ നവോത്ഥാനനാടക സംഘങ്ങളും ഇസ്ലാമിക ഫാസിസ്റ്റുകളും സംവരണ ക്രീമിലെയറുകാരും രവിചന്ദ്രനെതിരെ തിരിഞ്ഞു.

രവിചന്ദ്രന്റെ നേതൃത്വത്തിൽ തുടങ്ങിയ നാസ്തികനായ ദൈവം എന്ന ഫേസ്‌ബുക്ക് കുട്ടായ്മയിലുടെയാണ് എസ്സെൻസ് ഗ്ലോബൽ എന്ന സംഘടന ഉണ്ടാവുന്നത്. 2018ൽ തിരുവനന്തപുരം നിശാഗന്ധിയലും, 2019ൽ കോഴിക്കോട്ടും ഇവർ ലിറ്റ്മസ് എന്ന പേരിൽ വലിയ സമ്മേളനം നടത്തിയതോടെയാണ്, കേരളത്തിൽ സ്വതന്ത്രചിന്തകരായി ഇത്രയേറെ ആളുകൾ ഉള്ളത് എന്നുതന്നെ അറിയുന്നത്. ഇപ്പോഴിതായ എസ്സെസ് ഗ്ലോബലിന്റെ കൊച്ചി സമ്മേളനവും ചരിത്രമാകുന്നു.

വൺസൈഡ് നവോത്ഥാന വാദത്തിനില്ല

സുനിൽ പി ഇളയിടം അടക്കമുള്ള സിപിഎം ബുദ്ധിജീവികളെപ്പോലെ വൺസൈഡ് നവോത്ഥാനം എന്ന അജണ്ട സി രവിചന്ദ്രൻ ഒരിക്കലും സ്വീകരിച്ചില്ല. മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും ഇസ്ലാമിനെ പ്രീണിപ്പിക്കാൻ മത്സരിക്കുമ്പോൾ, ഖുർആനെയും ഇസ്ലാമിക പ്രമാണങ്ങളെയും നിർദാക്ഷ്യണ്യം കടന്നാക്രമിച്ചുകൊണ്ടായിരുന്നു രവിചന്ദ്രൻ തന്റെ എഴുത്തും പ്രഭാഷണവും മുന്നോട്ട് കൊണ്ടുപോയത്. കമ്യൂണിസം ഒരു സാമ്പത്തിക അന്ധവിശ്വാസമാണെന്നും, കാപ്പിറ്റലിസത്തിന് മൂലധനവ്യവസ്ഥ എന്ന് തർജ്ജമചെയ്യുന്നതിന് പകരം മുതലാളിത്തം എന്ന് തർജ്ജമചെയ്യുന്നത് തന്നെ തെറ്റാണെന്നും സി രവിചന്ദ്രൻ വാദിച്ചു. ചെഗുവേരയെയും ലെനിനെയും വിമർശിച്ചു. ചെഗുവേര കൊല നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി പറഞ്ഞതും സൈബർ സഖാക്കൾക്ക് വലിയ പ്രകോപനം ആയി. ആനയും ഉറുമ്പും, കേവലതൈലം, നാലാമതം, ബൂർഷ്വാ നദി എന്നപേരുകളിലുള്ള പ്രഭാഷണങ്ങളിൽ സി രവിചന്ദ്രൻ വിമശിക്കുന്നത് കമ്യൂണിസത്തെയാണ്. അതുപോലെ ഗസ്സ വിഷയത്തിലൊക്കെ ഇസ്രയേൽ മാത്രമാണ് വില്ലൻ എന്ന ഏകപക്ഷീയമായ ആരോപണങ്ങളും പൊളിഞ്ഞുവീണത് സി രവിചന്ദ്രനിലൂടെ ആയിരുന്നു.

ഇതോടെയാണ് സംഘപരിവാറിനെ വിമർശിക്കുമ്പോൾ കൈയടിച്ചിരുന്ന സൈബർ സഖാക്കളും, സഡാപ്പി-സഖാപ്പികളും രവിചന്ദ്രനുനേരെ തിരിഞ്ഞത്. 'വെടിയേറ്റ് വീണ വന്മരം' എന്ന പ്രഭാഷണത്തിലൂടെ സി രവിചന്ദ്രൻ ഗോഡ്സെയെ ന്യായീകരിച്ചു എന്നായിരുന്നു സുനിതാ ദേവദാസ് അടക്കമുള്ള സൈബർ സഖാക്കൾ ഉയർത്തിക്കൊണ്ടുവന്ന മറ്റൊരു നുണക്കഥ.

ഗാന്ധിജിയെപ്പോലെ തന്നെ ഭഗവത് ഗീതയെ തന്റെ എല്ലാമായി കണ്ട, സസ്യാഹാരിയും ശാന്തനുമായ ഒരു ചിദ്ഭവൻ ബ്രാഹ്മണൻ എങ്ങനെയാണ്, ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കുറ്റ കൃത്യത്തിലേക്ക് വന്നത് എന്നതിലാണ് വിഷയം രവിചന്ദ്രൻ കേന്ദ്രീകരിച്ചത്. ഗോഡ്സേ ഒരു ക്രൂരമായ മനുഷ്യൻ, ഹിന്ദുമതം ചക്കര എന്ന സ്ഥിരം വാദഗതികൾ വിട്ട് തന്റെ മതബോധം തന്നെയാണ് ഗോഡ്സെയെക്കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്ന് കൃത്യമായി സമർഥിക്കയാണ് ഇവിടെ ചെയ്യുന്നത്. ഇത് വളച്ചൊടിച്ചുകൊണ്ടാണ് ഗോഡ്സെയെ ന്യായീകരിച്ചുവെന്ന് ചാപ്പയടിക്കുന്നത്. ഇതോടെ സവർക്കറെപ്പോലെയുള്ള ഒരു നാസ്തികൻ തന്നെയാണ് രവിചന്ദ്രനും എന്ന രീതിയിലായി പ്രചാരണങ്ങൾ.

സംഘി ചാപ്പയടിക്കുന്നു

സത്യത്തിൽ സി രവിചന്ദ്രൻ വിമർശിച്ചപോലെ സംഘപരിവാറിനെയും, ഹിന്ദുമതത്തെയും വിമർശിച്ചവർ കേരളത്തിൽ കുറവാണ്. ഇടത് ബുദ്ധി ജീവികൾ പൊതുവെ ഹിന്ദുത്വ, ബ്രാഹ്മണിസം എന്നൊക്കെ ചപ്പടാച്ചിയടിച്ച്, ഈ മതത്തിന്റെ ഹാർഡ് കോറിനെ വിമർശിക്കാതെ കടന്നുപോകുമ്പോൾ, സി രവിചന്ദ്രൻ ഹിന്ദുമതത്തെ തന്നെയാണ് പ്രതിക്കൂട്ടിൽ കയറ്റുന്നത്. ബിജെപി പയറ്റുന്നത് ഹിന്ദുത്വയൊന്നുമല്ല ശുദ്ധമായ ഹിന്ദുമതം തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഘപരിവാറിനെയും അവർ പയറ്റുന്ന ഹിന്ദുമത രാഷ്ട്രീയത്തെയും വിമർശിച്ചുകൊണ്ട് നൂറുകണക്കിന് പ്രഭാഷണങ്ങളാണ് സി. രവിചന്ദ്രൻ നടത്തിയത്. അവയിൽ പലതും യു ട്യൂബിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടിട്ടുമുണ്ട്. 'ബുദ്ധനെ എറിഞ്ഞ കല്ല്, ബീഫും ബിലീഫും, ആദാമിന്റെ പാലവും രാമന്റെ സേതുവും,പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം, വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ, വെളിച്ചപ്പാടിന്റെ ഭാര്യ; ന്ധവിശ്വാസങ്ങളുടെ അറുപത് വർഷങ്ങൾ' തുടങ്ങി താൻ എഴുതിയ നിരവധി പുസ്തങ്ങളിൽ അദ്ദേഹം സംഘപരിവാറിനെയും ഹിന്ദുമതത്തെും നിശിതമായാണ് വിമർശിക്കുന്നത്. അതുപോലെ സ്വാമി സന്ദീപാനന്ദഗിരി, ചിദാനന്ദപുരി, രാഹുൽ ഈശ്വർ, തുടങ്ങിയവരുമായുള്ള സംവാദങ്ങളിലൊക്കെ അദ്ദേഹം ഇതേ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്.

പക്ഷേ രവിചന്ദ്രനെതിരെ ഗണം ഗീതം വരെയുണ്ടാക്കിയാണ് എതിരാളികൾ പ്രചാരണം നടത്തുന്നത്. 'രവിചന്ദ്രാഷ്ഠകം പുണ്യം.... എപ്പഠേ സുസമാഹിത.... മുഛ്യതേ മത ചിന്തായാ.... ലഭ്യതേ സംഘദർശനം'.... ആർ.എസ്.എസിന്റെ ഗണഗീതത്തിന്റെ ശൈലിയിൽ രവിചന്ദ്രാഷ്ഠകം എന്ന ഈ ഗീതംവരെ ഉണ്ടാക്കിയം ഇവർ രവിചന്ദ്രനെ ചാപ്പയിടിച്ചു. ക്ലബ് ഹൗസ് തൊട്ട് സിപിഎം സൈബർ സഖാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വരെ ഇത് നേരത്തെ വ്യാപകമായി പ്രചരിച്ചിണുന്നു. ഒരു വിഭാഗം ജാതി യുക്തിവാദികളുടെയും നിഷ്പക്ഷ നിരീക്ഷകർ എന്ന് പറയുന്ന ചിലരുടെയും പിന്തുണയും ഈ വ്യക്തിഹത്യാ കാമ്പയിനുണ്ട്. ഇതുമാത്രമല്ല, രവിചന്ദ്രന്റെ ചിത്രം മോർഫ് ചെയത് ആർ.എസ്.എസിന്റെ തൊപ്പിവെച്ച് സവർക്കർക്ക് സമാനാക്കിയുള്ള ചിത്രങ്ങളും ഇവർ പ്രചരിപ്പിക്കയാണ്. 'യുക്തിവാദികളുടെ ദൈവം' എന്ന് പറഞ്ഞ് ഗുരുവായൂരപ്പന്റെ ചിത്രത്തിൽ നിന്ന് തലവെട്ടി രവിചന്ദ്രന്റെ ചിത്രം വെച്ചും പ്രചാരണം കൊഴുത്തിരുന്നു. ക്ലബ് ഹൗസിൽ സി രവിചന്ദ്രന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയും കുപ്രചാരണം കൊഴുത്തിരുന്നു.

ചെങ്കിസ്ഖാനിൽ ആഘോഷം

വന്നുവന്നു സി രവിചന്ദ്രന് പറ്റുന്ന ചെറിയ ഒരു നാക്കുപിഴപോലും ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും ആഘോഷിക്കയാണ്. തന്റെ യു ട്യൂബ് ചാനലായ ആന്റിവൈറസിൽ ഒരു ലൈവ് നടത്തവെ, അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി. ലോകത്തിൽ കൂട്ടക്കൊല നടത്തിയ ഏകാധിപതികളുടെ കുട്ടത്തിൽ ചെങ്കിസ്ഖാനെകുറിച്ച് പറഞ്ഞപ്പോൾ ചെങ്കിസ്ഖാൻ മുസ്ലിം ആണെന്ന ഒരു പരാമർശം നടത്തി. പക്ഷേ അത് വീഡിയോ ഇറങ്ങി ഏതാനും മിനുട്ടുകൾക്കുള്ളിൽ തന്നെ തിരുത്തി. തൊട്ടടുത്ത ആന്റി വൈറസ് വീഡിയോയിൽ ആ തെറ്റ് തുറന്ന് സമ്മതിച്ചിട്ടുണ്ട്. അത് കമന്റായും ഇട്ടും. വീഡിയോയിൽ ആഭാഗം കട്ട് ചെയ്തു. അടുത്ത വീഡിയോയിലും ഈ പിശക് തുറന്ന് പറഞ്ഞ്. ഇതെല്ലം കഴിഞ്ഞാണ് ഇത് ഇസ്ലാമിസ്റ്റുകൾ വിവാദമാക്കുന്നത്. ഖാൻ ഉള്ളവർ എല്ലാവരും മുസ്ലീങ്ങളാണ് രവിചന്ദ്രൻ പറയുന്നു എന്നായിരുന്നു ഇസ്ലാമിസ്റ്റുകൾ കണ്ടുപിടിച്ചത്. എന്നാൽ ചെങ്കിസ്ഖാന്റെ രണ്ടുതലമുറ കഴിഞ്ഞതിനുശേഷമാണ് ഇസ്ലാമിലേക്കുള്ള പരിവർത്തനം നടന്നത് എന്നും താൻ പറഞ്ഞത് പിശക്് ആണെന്നും സി രവിചന്ദ്രൻ തുറന്ന് സമ്മതിച്ചിട്ടുണ്ട്. അപ്പോഴേക്കും ഇസ്ലാമോ ഇടതുപക്ഷം ചാപ്പയിടി തുടങ്ങി.

800 ഓളം പ്രഭാഷണങ്ങളും, 15ലേറെ പുസ്തകങ്ങളും ആയിരക്കണക്കിന് ഫേസ്‌ബുക്ക് പോസറ്റുകളും ഉള്ള സി രവിചന്ദ്രന്റെ ബൗദ്ധിക ജീവിതത്തിൽനിന്ന് വസ്തുതാപരമായി അദ്ദേഹത്തെ ഖണ്ഡിക്കാനുള്ള വകുപ്പുകൾ ഒന്നും ഇവർക്ക് കിട്ടുന്നില്ല. അതിനാൽ വല്ലപ്പോഴും വരുന്ന നാക്കുപിഴകളെ ആഘോഷിക്കയാണ്. രവിചന്ദ്രൻ തിരുത്തിയിട്ടും, സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സ്വത്വ-ഷുഡു ഗ്രൂപ്പുകളിൽ ഇപ്പോഴും ആഹ്ളാദ പ്രകടനം അവസാനിച്ചിട്ടില്ല.

സിഎഎ അനുകുലിയെന്ന് കുപ്രചാരണം

രവിചന്ദ്രനെ ആശയപരമായി എതിർക്കാനുള്ള ആമ്പിയർ ഇല്ലാതായതോടെ നട്ടാൽ മുളക്കാത്ത നുണ പ്രചാരണങ്ങളുമായണ്, ഇസ്ലാമോ- ഇടതുപക്ഷം രംഗത്ത് എത്തിയത്. പൗരത്വനിയമ ൃപ്രക്ഷോഭത്തെ സി രവിചന്ദ്രൻ അനുകൂലിച്ചു എന്ന കുപ്രചാരണമാണ് മാധ്യമം മുൻ പത്രാധിപരും ജമാഅത്ത് ബുദ്ധിജീവിയുമായ ഒ അബ്ദുറിഹിമാൻ തൊട്ട്, സിപിഎം ബുദ്ധിജീവികൾ കെ ജയദേവനെപ്പോലുള്ളവർ നടത്തുന്നത്. എന്നാൽ നേരെ തിരിച്ചാണ് കാര്യം. സി.എ.എ ശരിയല്ല എന്നും അതിൽ ഒരു മുസ്ലിം ഫിൽട്ടർ ഉണ്ട് എന്നുമാണ് സി രവിചന്ദ്രൻ പറഞ്ഞത്. മാത്രമല്ല മതത്തിന്റെ പേരിൽ എന്തെങ്കിലും ഒരു ആനൂകുല്യം നൽകുന്നതുപോലെ നിഷേധിക്കുന്നതിനെയും അദ്ദേഹം എതിർത്തു. ഒപ്പം കേരളത്തിലെ മാർക്സിറ്റുകളും ഇരവാദികളും പറയാത്ത ഒരു കാര്യംകൂടി രവിചന്ദ്രൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം എന്ന് പറയുന്നത് പൗരത്വം കൊടുക്കാനുള്ളതാണ്. അല്ലാതെ എടുത്തുകളയാൻ ഉള്ളതല്ല. നോക്കുക, എന്തായിരുന്നു ഇവിടെ പ്രചാരണം. നാട്ടിലെ മുസ്ലീങ്ങളെ നാടുകടത്തും എന്നായിരുന്നു. ഈ നുണയെ ആണ് രവിചന്ദ്രൻ പൊളിച്ചത്.

ഡിറ്റൻഷൻ കാമ്പുകളെകുറിച്ച് രവിചന്ദ്രൻ പറഞ്ഞതും നുണക്ക് ആക്കം കൂട്ടി. ഡിറ്റൻഷൻ ക്യാമ്പുകൾ ഈ രാജ്യത്ത് പണ്ടേ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത. യു.പി.എ സർക്കാറിനും അതിനുമുമ്പും തന്നെ ഇവിടെ അതുണ്ട്.കേരളത്തിലും വിദേശ വിസ എക്സ്പയർ ആയവരെ പാർപ്പിക്കാൻ ഡിറ്റൻഷൻ ക്യാമ്പുകൾ ഉണ്ട്. അത് വസ്തുതയാണ്. അത് പറയുമ്പോൾ എങ്ങയൊണ് ഡിറ്റൻഷൻ ക്യാമ്പിനെ ന്യായീകരിക്കൽ ആവുന്നത്.

അതുപോലെ രവിചന്ദ്രൻ കർഷക സമരത്തെ എതിർത്തതും സംഘിയാക്കൽ പ്രവണതക്ക് ആക്കം കൂട്ടി. അടഞ്ഞ വിപണിയല്ല തുറന്ന വിപണിയാണ് വേണ്ടത് എന്നത് ദീർഘകാലമായി അദ്ദേഹംപറയുന്നതാണ്. മന്മോഹൻസിങ്ങൂം നരസിംഹഹം റാവുവും ഉദാരവത്ക്കരണക്കാലത്ത് ചെയ്ത അതേ സാധനം കാർഷിക മേഖലയിലേക്ക് വരികയാണ്. ഇത് കോൺഗ്രസ് കൊണ്ടുവരാൻ ഇരുന്ന ബില്ലാണ്. അതുകൊണ്ടാണ് കാർഷിക ബില്ലിനെ അനൂകലിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ ചാപ്പയിടിക്കയാണ് ഇസ്ലാമോ- ഇടതുപക്ഷം ചെയ്യുന്നത്.

'ഞാൻ എന്റെ ജോലി തുടരും'

ലിറ്റ്മസ് 22വിന്റെ വൻ വിജയം ദേശീയമാധ്യമങ്ങവരെ റിപ്പോർട്ട് ചെയ്തതോടെ ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും വമ്പൻ നുണയുമായി വീണ്ടും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ആയിരിക്കണക്കിന് ചെറുപ്പക്കാർ സ്വതന്ത്രചിന്തയിലേക്ക് കടന്നുവരുന്നത് അവരെ ഭയപ്പെടുത്തുന്നുണ്ട്. ഇസ്ലമും കമ്യൂണിസവും ഉപേക്ഷിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും വൻ തോതിൽ വർധിക്കയാണ്. കേരളത്തിൽ ഇപ്പോൾ പടരുന്നു സ്വതന്ത്രചിന്തയുടെ തരംഗം തങ്ങളുടെ അടപ്പിളക്കുമെന്ന് അവർക്ക് നന്നായി അറിയാം. അതിനാൽ നുണപ്രചാരണത്തിനായി അവർ അഹോരാത്രം പണിയെടുക്കയാണ്.

ഇത്തവണ സി രവിചന്ദ്രൻ ഒരു യുട്യൂബറുമായി സംസാരിക്കുന്ന മൂന്നുമണിക്കൂർ വീഡിയോയിൽനിന്ന് ഏതാനും സെക്കൻഡ് അടർത്തിയെടുത്താണ് നുണ പ്രചരിപ്പിക്കുന്നത്. ''ബിജെപിയെ അത്ര ഭയക്കണോ, ഇസ്ലാമിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും ഭയക്കണം'; സി രവിചന്ദ്രന്റെ തനിനിറം പുറുത്തായെന്ന് സോഷ്യൽ മീഡിയ'- ഈ തലക്കെട്ടിലാണ് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത്. ഇതുകേട്ടാൽ എന്താണ് തോന്നുക. ഇന്ത്യയിൽ ബിജെപിയെ ഭയക്കേണ്ടതില്ല എന്നാണ് സി രവിചന്ദ്രൻ പറഞ്ഞത് എന്നല്ലേ.

പക്ഷേ വാർത്തയിലേക്ക് വന്നാൽ അങ്ങനെയല്ല. കേരളത്തിലെ കാര്യമാണ് പറയുന്നത്. യൂട്യൂബറുമായി രവിചന്ദ്രൻ, ജൈവ പരിണാമവും, ഭാഷയുടെ ഉൽപ്പത്തിയും, ഭയത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. അതിനിടയിൽ രവിചന്ദ്രൻ അവതാരകനേട്, അങ്ങോട്ട് ഒരു ചോദ്യം അങ്ങോട്ട് ചോദിക്കയാണ്. കേരളത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് ആരെയാണെന്നാണ്. അതിനുള്ള മറുപടിയാണ് കമ്യൂണിസ്റ്റുകളെയും ഇസ്ലാമിനെയും എന്ന്.

കേരളത്തിൽ ഏറ്റവും പ്രഹരശേഷിയുള്ളത് ഈ രണ്ടുകൂട്ടർക്കുമാണെന്ന് ഏവർക്കുംഅ റിയാം. എന്നാൽ ദേശീയ തലത്തിൽ അങ്ങനെ അല്ല. അത് രവിചന്ദ്രൻ പല വീഡിയോകളിലും ആവർത്തിച്ച് പറയുന്നുണ്ട്. ദേശീയതലത്തിൽ സംഘപരിവാർ തന്നെയാണ് ഭീഷണി. ഈയിടെ നടത്തിയ ഹിന്ദുത്വ എന്ന പ്രഭാഷണത്തിലും അദ്ദേഹം അത് ആവർത്തിക്കുന്നുണ്ട്്. കേരളത്തിൽ നിങ്ങൾക്ക് ബീഫ് ഫെസ്റ്റിവൽ നടത്താം. പക്ഷേ യുപിയിൽ നടത്തിയാൽ വിവരം അറിയം. ഇനി അന്താരാഷ്ട്ര തലത്തിലേക്ക് എത്തിയാൽ കാര്യങ്ങൾ പിന്നെയും മാറി. അവിടെയും ഇപ്പോൾ കമ്യൂണിസം പ്രബലമല്ല. പക്ഷേ ഒന്നും രണ്ടുമല്ല 52 ഭീകരവാദ സംഘടനകളാണ് ഇസ്്‌ലാമിക ലോകത്ത് ഉള്ളത്. അന്റാർട്ടിക്കയിൽ ഒഴികെ ലോകത്തിന്റെ എല്ലാം ഭൂവിഭാഗങ്ങളിലും ഇസ്ലാമിക തീവ്രവാദം എത്തിയിട്ടുണ്ട്. ഹിന്ദുത്വ ഭീകരത എന്ന് പറയുന്ന സാധനം ഇന്ത്യ കഴിഞ്ഞാൽ നേപ്പാളിൽപോലുമില്ല. എന്നാൽ ഇസ്ലാമിക ഭീകരത അങ്ങനെ അല്ല. അത് ലോകമാകെ പന്തലിച്ച് കിടക്കുന്നു. അവരെ ജനം ഭയക്കുന്നു. അതിന്റെ ഒരു കണ്ണിയാണ് കേരളത്തിലേക്കും വരുന്നത്. ഇതും രവിചന്ദ്രൻ പല പ്രഭാഷണങ്ങളിലും ആവർത്തിക്കുന്നുണ്ട്. മൂന്ന് മണിക്കുർ നീണ്ട ആ വീഡിയോ സംവാദത്തിനും ഇത് പറയുന്നുണ്ട്. പക്ഷേ അവിടെ ഇവിടെനിന്നും വെട്ടിയെടുത്ത ഒരു മൂപ്പത് സെക്കൻഡ് വീഡിയോ കൊണ്ട് അപവാദം പ്രചരിപ്പിക്കയാണ് ഇവർ ചെയ്യുന്നത്. മാത്രമല്ല മുസ്ലീങ്ങൾ ഇസ്ലാമിന്റെ ഇരകൾ മാത്രമാണെന്നും അവരോട് യാതൊരു പ്രശ്നവും പാടില്ല എന്നുമാണ് രവിചന്ദ്രൻ എപ്പോഴും പറയാറുള്ളത്.

യുക്തിവാദത്തെ സംഘപരിവാർ വിഴുങ്ങുന്നുവെന്ന മീഡിയ വൺ നേരത്തെ ചർച്ച നടത്തിയിരുന്നു. ഇപ്പോൾ അതേ വാദങ്ങൾ ഉയർത്തി റിപ്പോർട്ടർ ടീവിയും രംഗത്തെത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് അനുകൂലികളായ ഒരു വിഭാഗം യുക്തിവാദികളും ഇതിന് കുട്ടുനിൽക്കുന്നു.

സൈബർ ആക്രമണങ്ങളെ താൻ എക്കാലവും അവഗണിക്കയാണ് ചെയ്യാറുള്ളതെന്ന് രവിചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'ഒരുകൂട്ടം ആളുകൾ നിങ്ങളെ ടാർജറ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചിരുക്കുന്നു' എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ഉത്തരമാണ്. ''ഒരു വ്യക്തിക്ക് നമ്മൾ നൽകുന്ന മൂല്യം എന്താണ്. അത് സമയമാണ്.നമ്മുടെ കൈയിലുള്ള ഏറ്റവും അമൂല്യമായ സമ്പത്തും സമയമാണ്. രാവിലെ മുതൽ വൈകുന്നേരം തച്ചിന് പണിയെടുക്കുന്നപോലെ ഒരു വിഭാഗം. എനിക്കെതിരെയുണ്ടെങ്കിൽ അവർ എന്നെ പരിഗണിക്കുന്നു എന്നാണ് അർഥം. '- രവിചന്ദ്രൻ വ്യക്തമാക്കുന്നു.

നിങ്ങൾ എത്ര ചാപ്പയടിച്ചാലും ഞാൻ എന്റെ പണി തന്നെ തുടരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് സി രവിചന്ദ്രൻ. ആരുടെ സഹായം ആവശ്യപ്പെടാതെ ഒരു മരത്തിന്റെ അറ്റത്ത് തന്റെ ചിറകുകളെ മാത്രം വിശ്വസിച്ച് ജീവിക്കുന്ന ഒരു കിളിയെക്കുറിച്ച് സി രവിചന്ദ്രൻ തന്റെ പ്രഭാഷണങ്ങളിൽ പലപ്പോഴും പറയാറുണ്ട്. അതുപോലെ നിർഭയനായ ഒരു കിളി തന്നെയാണ് സി രവിചന്ദ്രൻ എന്ന് അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്ന ആർക്കും അറിയാൻ കഴിയും.

വാൽക്കഷ്ണം: ചാപ്പകൾ നിരന്തരമായി മാറിമറഞ്ഞ് വരുന്ന വ്യക്തിയാണ് സി രവിചന്ദ്രൻ. ഹിന്ദുത്വത്തെ അടപടലം വിമർശിച്ചപ്പോൾ അയാൾ കമ്മി രവിയായി. അജിനമോട്ടോയും എൻഡോസൾഫാനും വിഷമല്ലെന്ന് പറഞ്ഞപ്പോൾ അയാൾ കെമിക്കൽ രവിയായി. ഇസ്ലാമിനെ പൊളിച്ചടുക്കിയപ്പോൾ ഇസ്ലാമോഫോബ് രവി, 'ജാതിപ്പൂക്കളെ' വിമർശിച്ചപ്പോൾ സംവരണ വിരുദ്ധൻ രവി... കമ്മ്യൂണിസ്റ്റ് ഡോഗ്മകളെ തുറന്നുകാട്ടിയപ്പോൾ അയാൾ സംഘി രവിയുമായി മാറുന്നു. ഇതുപോലെ എല്ലാവരാലും എതിർത്തിട്ട് ഒറ്റക്ക് പിടിച്ചു നിൽക്കുന്ന മനുഷ്യൻ കേരളത്തിൽ വേറെ ആരാണ് ഉള്ളത്.