- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ജനം ഫണ്ട് നൽകി നടത്തുന്ന നുറ്റാണ്ട് പിന്നിട്ട സ്ഥാപനം; ലോകത്തെമ്പാടുമായി മുപ്പത്തിഅയ്യായിരത്തോളം ജീവനക്കാർ; ചർച്ചിൽ മുതൽ താച്ചറും ട്രംപും വരെ എതിരാളികൾ; കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒരുപോലെ എതിർക്കുന്നു; ഇപ്പോൾ മോദിയെയും പ്രതിക്കൂട്ടിലാക്കി; ശരിക്കും നേരോടെ നിർഭയം..; വമ്പന്മാരോട് എറ്റുമുട്ടി വളർന്ന ബിബിസിയുടെ കഥ
ട്രംപിനെപ്പോലെ ഒരു അമേരിക്കൻ നേതാവിനോട് ചോദിച്ചുനോക്കു. ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ്ങ് കോർപ്പറേഷൻ എന്ന ബിബിസി ഒന്നാന്തരം യുഎസ് വിരുദ്ധ മാധ്യമമാണെന്നാവും മറുപടി. ട്രംപ് അത് നേരത്തെയും പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റുകൾ സോഷ്യലിസ്റ്റുകൾ എന്ന് പറയുന്ന ചേരിക്ക് ബിബിസിയെ പണ്ടേ കണ്ണിന് കണ്ടുകൂടാ. സാമ്രാജ്യത്വ- മുതലാളിത്ത അജണ്ടയാണ് അവർക്ക് പിന്നിലെന്ന് പറഞ്ഞാണ് ചൈന നിരോധനംപോലും ഏർപ്പെടുത്തിയത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടന്ന ഇൻക്വിസിഷനും, ബാലപീഡനങ്ങളുമൊക്കെ നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിനാൽ സഭക്കും പണ്ടേ അവരെ കണ്ടുകൂടാ. ഇസ്ലാമിസ്റ്റുകളുടെ കാര്യം പറയുകയും വേണ്ട. തുർക്കി പ്രസിഡന്റ് എർദോഗാനും, ഇറാന്റെ മുൻ പരാമധികാരി ആയത്തുള്ള ഖുമേനിയുമൊക്കെ അത് പരസ്യമായി 'ഇസ്ലാമോഫോബിയ' വളർത്തുന്ന മാധ്യമങ്ങളുടെ കൂട്ടത്തിലാണ,് നൂറുവർഷം പിന്നിട്ട് ചരിത്രമായ ഈ മാധ്യമ സ്ഥാപനത്തെയും ഉൾപ്പെടുത്തിയത്.
ഇനി ബ്രിട്ടനിലേക്ക് വന്നാലോ. ബ്രിട്ടീഷ് ജനതയുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെ നാട്ടുകാരും എഴുത്തുകാരുമൊക്കെപറയും. പക്ഷേ ചർച്ചിൽ മുതൽ മാർഗറ്റ് താച്ചറും, ബോറിസ് ജോണസനും അടക്കമുള്ളവ അതിന്റെ വായ്മൂടിക്കൊട്ടാനും നിയന്ത്രിക്കാനും പതിനെട്ട് അടവും പയറ്റിയവരാണ്. ഡയാനയുടെ വിവാദമായ പനോരമ അഭിമുഖത്തോടെ ബ്രിട്ടീഷ് രാജ കുടുംബവും ബിബിസിക്ക് എതിരായി!
എന്നാൽ ഷീ ജിൻ പിങ്് തൊട്ട് പിണറായി വിജയൻവരെയുള്ള രാഷ്ട്രീയക്കാർ തങ്ങളെക്കുറിച്ച് ബിബിസി എന്തെങ്കിലും നല്ലത് പറഞ്ഞാൽ അത് ആഘോഷിക്കാനും യാതൊരു മടിയുമില്ല. കോവിഡ് കാലത്ത് ആദ്യം കേരളത്തെ പുകഴ്്ത്തിയപ്പോൾ ബിബിസി അവർക്ക് ചക്കരായായിരുന്നു. പിന്നെ കോവിഡ് മരണക്കണക്കുകളിലെ വൈരുധ്യങ്ങൾ ചോദ്യം ചെയ്തപ്പോൾ മൂരാച്ചി ബൂർഷ്വാ മാധ്യമമായി! ഇതുതന്നെയാണ് ലോകത്ത് എല്ലായിടത്തും നടക്കുന്നത്.
ഇതിൽനിന്ന് ഒരുകാര്യം ഉറപ്പാണ്. എന്തെല്ലാം പരാതികൾ ഉണ്ടെങ്കിലും ബിബിസി നിഷ്പക്ഷരാണ്. സത്യസന്ധരാണ്. എന്നെന്നും പ്രതിപക്ഷത്താണ്. രൂപപ്പെട്ടകാലം തൊട്ടുതന്നെ അത് ലോക രാഷ്ട്രീയ നേതാക്കൾക്ക് തലവേദനയാണ്. മറ്റുമാധ്യമങ്ങളിൽനിന്ന് ബിബിസിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ വിശ്വാസ്യതയും ആഗോള സ്വീകാര്യതയുമാണ്. ഇപ്പോൾ ഇന്ത്യയിലും ഒരു ഡോക്യൂമെന്ററിയുടെ പേരിൽ ബിബിസി വിവാദക്കൊടുങ്കാറ്റ് ഉയർത്തുകയാണ്.
മോദി പ്രതിക്കൂട്ടിൽ
'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററിയുടെ പേരിൽ രാജ്യം ഇളകിമറയുന്ന ദിവസങ്ങളാണ് കടന്നുപോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഭാരതസർക്കാറും ബിബിസിക്കെതിരെ രംഗത്ത് എത്തി. സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ ഒരു കേസിൽ ബിബിസിയാണോ വിധിപറയേണ്ടത് എന്നും ഇത് കടുത്ത ഇന്ത്യാവിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലം ആണെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇന്ത്യയിൽ യു ട്യുബിൽനിന്നും ട്വിറ്ററിൽനിന്നും നീക്കം ചെയ്യപ്പെട്ട ഈ ഡോക്യൂമെന്റി ഇപ്പോൾ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കേരളത്തിലെമ്പാടും പ്രദർശിച്ചിച്ചുവരികയാണ്.
കൊളോണിയൽ മനോഭാവത്തിന്റെ തുടർച്ച പ്രതിഫലിക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെന്ററിയെന്നും ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചിരുന്നു. ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി ഋഷി സുനാക്ക്വരെ മോദിക്ക് അനുകുലമായാണ് പ്രതികരിച്ചത്. പക്ഷേ ബിബിസി ടീമിന് യാതൊരു കുലുക്കവുമില്ല. വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്നും ആരോപണങ്ങളിൽ മറുപടി പറയാൻ അവസരം നൽകിയിട്ടും ഇന്ത്യ നിലപാട് വ്യക്തമാക്കാൻ തയ്യാറായില്ലെന്നും ബിബിസി പറയുന്നു. ഡോക്യുമെന്ററിക്കായി ഗുജറാത്ത് കലാപം നേരിൽകണ്ട സാക്ഷികളെയും വിദഗ്ധരെയും സമീപിച്ചിരുന്നു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ബിബിസി വിശദീകരിച്ചു.
പക്ഷേ നൂറ്റിയൊന്നുവർഷത്തെ ഈ ചരിത്രത്തിനിടയിൽ, അഫ്ഗാനിസ്ഥാൻ തൊട്ട് അന്റാട്ടിക്കവരെയുള്ള വിവിധ സ്ഥലങ്ങളിലായി ബിബിസി എടുത്ത നിരവധി ഡോക്യൂമെന്റികൾ ഇതേ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. തെറ്റുകൾ പറ്റുമ്പോൾ ക്ഷമ പറയും, തിരുത്തും എന്നല്ലാതെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ഒരു ഡോക്യമെന്റിയും പിൻവലിച്ച അനുഭവം ബിബിസിക്ക് ഇല്ല. നിർഭയവും ധീരവുമായ മാധ്യമ പ്രവർത്തനത്തിന്റെ ചരിത്രമാണ് അവർക്ക് പറയാനുള്ളത്. നേരോടെ, നിർഭയം, നിരന്തരം എന്ന ക്യാച്ച്വേഡ് ശരിക്കം യോജിക്കുന്നത് ബിബിസിക്കാണ്.
ഫണ്ട് നൽകുന്നത് സർക്കാറില്ല, ജനം
ബിബിസിയുടെ ജന്മശതാബ്ദി വർഷമാണ് കഴിഞ്ഞ വർഷം കടന്നുപോയയത്. ഇത് ലോകം വിശദമായി ആഘോഷിച്ചിരുന്നു. 1922 നവംബർ 14ന് ലണ്ടനിലെ മാർകോണി ഹൗസിൽ നിന്നു തുടങ്ങിയ റേഡിയോ പ്രക്ഷേപണമാണ് പിന്നെ ടെലിവിഷൻ സംപ്രേഷണമായി വളർന്നു പന്തലിച്ചത്. ജോൺ റീത്ത് എന്ന പ്രതിഭാശാലയായ സംരഭകന്റെ ധിഷണയിലാണ്, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനം ഉണ്ടായത്. ആദ്യകാലത്ത് റേഡിയോ വാർത്ത ബിബിസിയിൽ രണ്ടു തവണ വായിക്കുമായിരുന്നത്രെ. ആദ്യം വേഗത്തിലും രണ്ടാമത് പതുക്കെയും. ആദ്യം ശരിക്കു കേട്ടില്ലെങ്കിൽ രണ്ടാമത് സാവധാനം വായിക്കുമ്പോൾ കേൾക്കാനും കുറിച്ചെടുക്കാനും വേണ്ടി.
ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്. വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം. ഒരു വീട്ടിൽനിന്ന് 150 ഡോളർ പിരിക്കുന്നുവെന്നാണ് കണക്ക്. അതിനാൽ ബ്രിട്ടീഷ് സർക്കാറിന്റെ ബജറ്റ് അലോക്കേഷൻ ഇല്ലാതെ ബിബിസിക്ക് പ്രവർത്തിക്കാൻ കഴിയും. രാഷ്ട്രീയക്കാരെ ആശ്രയിക്കാതെ സ്വതന്ത്രമാധ്യമമായി നിൽക്കാൻ ഇത് ബിബിസിയെ സഹായിക്കുന്നു. പക്ഷേ ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്.
വളരെ പെട്ടന്ന് തന്നെ ബിബിസി റേഡിയോ ഹിറ്റായി. അന്നും അവർ നിരവധി വിവാദ വാർത്തകൾ പറുത്തുവിട്ടു. നമ്മുടെ ആകാശവാണിക്കും ദുർദർശനുമൊന്നും സങ്കൽപ്പിക്കാൻ കഴിയാത്ത മാധ്യമ പ്രവർത്തനം. പ്രമുഖരുടെ മരണങ്ങളും, ദുരന്തങ്ങളുമൊക്കെ ലോകത്തെ ആദ്യം അറിയിക്കുക ബിബിസിയാണ്. പിന്നീട് ടെലിവിഷൻ ചാനൽ തുടങ്ങിയപ്പോഴും, ബിബിസിക്ക് വർഷങ്ങളോളം വാർത്താ കുത്തക നിലനിർത്താനായി.
2014 ഏപ്രിൽ 1 മുതൽ, 28 ഭാഷകളിൽ സപ്രേഷണം വിപുലമായി. പക്ഷേ 2000 ദശകത്തിന്റെ പകുതിയോടെ ഉണ്ടായ ചാനൽ വിപ്ലവം ബിബിസിയെ പിറകോട്ട് അടിപ്പിച്ചു. പക്ഷേ വിശ്വാസ്യതയിൽ ഇന്നും അവർ നമ്പർ വൺ ആണ്.
മുപ്പത്തിഅയ്യായിരത്തോളം ജീവനക്കാർ
2017 ഏപ്രിൽ മുതൽ ബിബിസി ബോർഡാണ് ഇതിന്റ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. 2026 ഡിസംബർ 31 വരെ ഈ ബോർഡിന് അതിന് കാലാവധിയുണ്ട്. 2017 ലെ ചാർട്ടർ ബിബിസി ട്രസ്റ്റിനെ നിർത്തലാക്കുകയും പകരം ഭരണം ബിബിസി ബോർഡിനും, ബാഹ്യ നിയന്ത്രണം ഓഫ്‌കോമിനു നൽകുകയും ചെയ്തു. ഇതിന്റെ നിയന്ത്രണം പിടിക്കാൻ പലതവണ രാഷ്ട്രീയക്കാർ ശ്രമിച്ചിട്ടും നടന്നിട്ടില്ല.
ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുക,ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല.
അങ്ങനെ തുടങ്ങിയ ബിബിസി ഇന്ന് വർഷം 700 കോടി ഡോളറിന്റെ (52000 കോടി രൂപ) വൻ ഓപ്പറേഷനായി മാറി. 8 ടിവി ചാനലുകൾ, 50ലേറെ റേഡിയോ സ്റ്റേഷനുകൾ, വൻ വെബ്സൈറ്റ്, 43 ഭാഷകളിൽ വേൾഡ് സർവീസ്.. പക്ഷേ മറ്റൊരുകാര്യം കൂടിയുണ്ട്. ബിബിസി അതിന്റെ തുടക്കം മുതൽ ഒരിക്കലും ലാഭത്തിൽ ആയിരുന്നില്ല. ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമാണിത്്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്. ലോകത്തിന്റെ വവിധ ഭാഗങ്ങളിയുള്ള പാർട്ട് ടൈം ജീവനക്കാരെ എന്നിവരെ ഉൾപ്പെടുത്തുമ്പോൾ മൊത്തം സ്റ്റാഫുകളുടെ എണ്ണം 35,402 ആണ്. ഇതിൽ സാമ്പത്തിക പ്രതിസദ്ധിമൂലം രണ്ടായിരത്തോളംപേരെ പിരിച്ചുവിട്ടിരുന്നു.
ഒരു ഡോക്യുമെന്ററിക്ക് വേണ്ട ആധികാരിക രേഖ എന്താണോ അത് അവർ കാണിച്ചിരിക്കും എന്നതാണ് ബിബജസിയുടെ ഒരു പ്രത്യേകത. ബസിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപെട്ട നിർഭയയെ കുറിച്ചുള്ള 'ഇന്ത്യാസ് ഡോട്ടർ' ഡോക്യൂമെമന്റി കണ്ട് ഞെട്ടിയവർ ഒരുപാട് പേർ ഉണ്ട്. നിർഭയയെ കൊന്ന പ്രതികളുടെ അഭിമുഖവും, അന്നേ ദിവസം പെൺകുട്ടി കൊല ചെയ്യപ്പെട്ട ബസ് പോകുന്ന സിസിടി ദൃശ്യവുമൊക്കെ ഞെട്ടിക്കുന്നതായിരുന്നു. അതുപോലെ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം, ഇറാഖ് യുദ്ധം, അഫ്ഗാനിലെ താലിബാൻ, ഇറാനിലെ ഹിജാബ് സമരം എന്നിവയിലൊക്കെ ബിബിസി എടുത്ത ഡോക്യമെന്റി കണ്ടാൽ നാം ഞെട്ടിപ്പോകും. അത്രയും റിസർച്ചും അധ്വാനവും അതിന് വേണം. വെറുതെ തട്ടിക്കൂട്ടുക ബിബിയുടെ രീതിയല്ലെന്നും ചുരുക്കം.
ചർച്ചിൽ തൊട്ട് താച്ചർവരെ എതിരാളികൾ
എന്നും വമ്പന്മാരോട് എതിരിട്ടാണ് ബിബിസി വളർന്നത്. ബ്രിട്ടന്റെ പ്രതാപിയായ നേതാവായിരുന്ന ചർച്ചിൽ തന്നെ ആയിരുന്നു ആദ്യ എതിരാളി. ചർച്ചിന്റെ ബാലിശമായ മുൻവിധികളും, എതിരാളികളുടെമേൽ ആധിപത്യത്തിന് ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനങ്ങളും, സർ ജോൺ റീത്ത് എന്ന ബിബിസി സ്ഥാപകന് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ്, ജോൺ റീത്ത് വിൻസ്റ്റൺ ചർച്ചിലിനെ ബിബിസി എയർവേവിൽ നിന്ന് ഒഴിവാക്കി. 1938ലെ മ്യൂണിക്ക് ഉടമ്പടിയുടെ സമയത്ത്, ചർച്ചിൽ ' ബി.ബി.സി. തന്നോട് വളരെ മോശമായി പെരുമാറിയെന്നും, താൻ കബളിക്കപ്പട്ടുവെന്നും' പരാതിപ്പെട്ടു.
ഇതിന് പ്രതികരം എന്നോണം ചർച്ചിലിന്റെ രണ്ടാമുഴത്തിൽ, ബ്രിട്ടീഷ് സർക്കാർ 1954 ലെ ടെലിവിഷൻ നിയമം പാസാക്കി. അത് ബ്രിട്ടനിലെ ആദ്യത്തെ വാണിജ്യ ടെലിവിഷൻ നെറ്റ്‌വർക്കായ ഐടിവി ഉണ്ടാക്കി. അന്ന് ചർച്ചിൽ ഇങ്ങനെ പറഞ്ഞു 'ഞാൻ ബിബിസിയുടെ കുത്തകയ്ക്ക് എതിരാണ്. പതിനൊന്ന് വർഷക്കാലം അവർ എന്നെ സംപ്രേഷണം ചെയ്യാതെ നിർത്തി. അവരുടെ പെരുമാറ്റം സ്വേച്ഛാധിപത്യമായിരുന്നു. അവർ സോഷ്യലിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകാരുമായി ചേർന്ന് നിൽക്കയാണ്.''-പക്ഷേ ബിബിസി ചർച്ചലിന്റെ വരിട്ടലിൽ വിരണ്ടില്ല. അവർ തങ്ങളുടെ വിമർശനവുമായി നിർഭയം മുന്നോട്ടുപോയി.
1982യെ ഫോക്ക്‌ലാൻഡ് യുദ്ധസമയത്ത്, പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും ചില കൺസർവേറ്റീവ് എംപിമാരും ബിബിസിക്കെതിരെ തിരിഞ്ഞു. നമ്മുടെ സേന, ശത്രു സേന എന്നിവയ്ക്ക് പകരം ബ്രിട്ടീഷുകാരും, അർജന്റീനക്കാരും, എന്ന് വാർത്തകളിൽ പരാമർശിക്കുന്നതാണ് കൊടിയ പാപമായി അവർ പറഞ്ഞത്. ഇത് തികച്ചും കുറ്റകരവും ഏതാണ്ട് രാജ്യദ്രോഹപരവുമാണ് എന്ന് പാർലിമെന്റിൽ ചർച്ച വന്നു. സൺ ദിനപത്രം ബിബിസിയെ രാജ്യദ്രോഹികൾ എന്ന് വിളിച്ചു. പക്ഷേ ബിബിസി തങ്ങളുടെ നിലപാടിലും പ്രൊഫഷണലിസത്തിലും ഉറച്ചു നിന്നു. തങ്ങൾ നടത്തുന്നത് മാധ്യമ പ്രവർത്തനമാണെന്നും അതിൽ അമിതമായ ദേശീയത കലർത്താനാവില്ലെന്നുമുള്ള ഉറച്ച നിലപാടാണ് ബിബിസി ടീം എടുത്തത്. ഉരുക്കുവനിതയായ താച്ചറും ബിബിസിയെ മെരുക്കാൻ നീക്കം നടത്തിയിരുന്നു. പക്ഷേ ഫലം കണ്ടില്ല. ലോകത്തിൽ ട്രംപ് മുതൽ എർദോഗാൻവരെയുള്ള ഭൂരിഭാഗം ഭരണാധികാരികളെ എടുത്താൽ അവർ ഒക്കെയും ബിബിസി വിരുദ്ധർ ആയിരിക്കും.
ഡയാനയുടെ മരണത്തിന് ഉത്തരവാദി?
ലോകത്തിൽ ഏറ്റവും അധികം ആളുകൾ കണ്ട, ഇന്നും കണ്ടുകൊണ്ടിരിക്കുന്ന ടെലിവഷൻ പ്രോഗ്രാം ഏതാണെന്ന ചോദ്യത്തിന് ഡയനാ രാജകുമാരിയുമായുള്ള ബിബിസിയുടെ അഭിമുഖം എന്നായിരിക്കും മറുപടി. ബ്രിട്ടനിൽ മാത്രം ഇരുപത്തിമൂന്നു ദശലക്ഷം ആളുകളാണ്, മാധ്യമ രംഗം കണ്ട ഏറ്റവും വലിയ സ്‌കൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ അഭിമുഖം കണ്ടത്. ഇന്നും ലോകത്തെ 'മോസ്റ്റ് വാച്ച്ഡ് പ്രോഗ്രാം' ആയി ഇത് തുടരുന്നു. ബിബിസിയുടെ പ്രധാന പരിപാടികളിൽ ഒന്നായ 'പനോരമ'യിലാണ് ഡയാന അഭിമുഖം ചെയ്യപ്പെട്ടത്. 54 മിനിറ്റുള്ള അഭിമുഖം ടെലികാസ്റ്റ് ചെയ്യ്തത് 1995 നവംബർ 20ന്. അഭിമുഖത്തിൽ ഡയാന നടത്തിയ വെളിപ്പെടുത്തലുകൾ ബ്രിട്ടനെ ഉലച്ചു കളഞ്ഞു. തുടർന്നാണ് ഡിവോഴ്സ് ചെയ്യണം എന്ന ഉപദേശവുമായി എലിസബത്ത് രാജ്ഞി മകൻ ചാൾസിനും ഭാര്യയ്ക്കും കത്തയച്ചത്.
ചാൾസ് രാജകുമാരന് മറ്റൊരു ബന്ധമുണ്ടെന്നും, താൻ കൊട്ടാരത്തിൽ ഒറ്റപ്പെട്ട് പോയെന്നും, തന്റെ സങ്കടങ്ങൾ കേൾക്കാൻ എലിസബത്ത് രാജ്ഞി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തയ്യാറായില്ലെന്നും ഡയാന ആരോപിച്ചു. ഈ അഭിമുഖത്തെ തുടർന്ന്, അധികം വൈകാതെ തന്നെ, 1996ൽ ചാൾസും ഡയാനയും വേർപിരിഞ്ഞു. അടുത്ത വർഷം, 1997 ഓഗസ്റ്റ് 31ന് ഡയാന പാരീസിൽ ഒരു കാർ അപകടത്തിൽ മരണപ്പെടുകയും ചെയ്തു.
ഡയാനയുമായുള്ള അഭിമുഖം താരതമ്യേന ജൂനിയർ ആയ മാർട്ടിൻ ബഷീർ എന്ന മാധ്യമ പ്രവർത്തകനാണ് കിട്ടിയത്. ഇത് തരപ്പെടുത്തിയത് എങ്ങനെ എന്നതിനെക്കുറിച്ച് വിവാദം ഉയർന്നു. ഡയാനയുടെ സഹോദരൻ ഏൾ സ്പെൻസറിന്റെ ചില ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉണ്ടാക്കിയെടുത്ത് അയാളെ ബ്ലാക്ക്മെയിൽ ചെയ്താണ മാർട്ടിൻ ഈ അഭിമുഖത്തിന് അനുമതി തേടിയത് എന്നായിരുന്നു വാർത്തകൾ വന്നത്. ഈ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ വ്യാജമാണെന്നും വിവാദം ഉയർന്നു.
ഇതേതുടർന്ന് ബിബിസി ഇന്റെർണൽ എൻക്വയറി നടത്തി. പക്ഷേ മാർട്ടിൻ ബഷീർ ആരോപണം നിഷേധിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റ് താൻ ആരെയും കാണിച്ചിട്ടില്ലെന്നും വേണ്ടി വന്നാൽ ഉപയോഗിക്കാൻ മാത്രമാണ് കൈയിൽ കരുതിയതെന്നും മാർട്ടിൻ പറഞ്ഞു. അതോടെ ബിബിസി അന്വേഷണം അവസാനിപ്പിച്ചു.
പക്ഷേ പിന്നീട് വർഷങ്ങൾക്ക് ശേഷം വിവാദം വീണ്ടു പൊങ്ങി. മാർട്ടിൻ ബഷീർ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടി ഡയാനയുമായുള്ള അഭിമുഖം തരപ്പെടുത്തി എന്ന് ആരോപിച്ച് സഹോദരൻ ഏൾ സ്പെൻസർ ബിബിസിക്ക് കത്തയച്ചു. പനോരമ പരിപാടി ഇരുപത്തിയഞ്ചു വർഷങ്ങൾ തികച്ച 2020 നവംബർ 18ന്, ബിബിസി ഈ വിഷയത്തിൽ ഒരു സ്വതന്ത്ര പുനർ അന്വേഷണം നടത്താൻ തീരുമാനിച്ചു. സുപ്രീം കോടതി മുൻ ജസ്റ്റിസ് ലോഡ് ഡൈസണെ ദൗത്യം ഏൽപ്പിച്ചത്.ആറു മാസങ്ങൾക്കുള്ളിൽ, 2021 മെയ് 14നു മാർട്ടിൻ ബഷീർ ബിബിസിയിൽ നിന്നും രാജിവച്ചു. കോവിഡ് ബാധയെത്തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജോലിയിൽ നിന്നും വിട്ടു നിന്നത്.
2021 മെയ് 20നു ബിബിസിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ഡൈസൺ റിപ്പോർട്ട് പുറത്തുവന്നു. ബിബിസി നടത്തിയ പ്രാഥമിക അന്വേഷണം തെറ്റായിരുന്നുവെന്നും അതിന്റെ ഭാഗമായി ഏൾ സ്പെന്സറിനോട് അവർ സംസാരിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഡയാനയുടെ മക്കളായ വില്യം, ഹാരി എന്നിവർ റിപ്പോർട്ട് പ്രതികരണങ്ങളുമായി എത്തി. തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിൽ അഭിമുഖത്തിനു വലിയ പങ്കുണ്ടെന്നും അമ്മ ബിബിസിയാൽ ചതിക്കപ്പെട്ടുവെന്നും വില്യം പറഞ്ഞു. 'ചൂഷണത്തിലും അധാർമികതയിലും ഊന്നിയ ഒരു സംസ്‌കാരത്തിന്റെ തരംഗങ്ങൾ ആത്യന്തികമായി അമ്മയുടെ ജീവൻ അപഹരിച്ചതായി' -ഹാരി രാജകുമാരൻ പറഞ്ഞു.
ഇതോടെ ബിബിസി മാപ്പുപറഞ്ഞു. ''ഈ വിഷയത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അന്ന് തന്നെ ശ്രമങ്ങൾ നടത്തേണ്ടതായിരുന്നു. അന്നറിഞ്ഞ വിഷയങ്ങളെക്കുറിച്ച് സുതാര്യത പുലർത്തുകയും ആവാമായിരുന്നു. എന്തായാലും രണ്ടു ദശാബ്ദക്കാലം തിരികെ പോയി അതൊന്നും തിരുത്താൻ ആവില്ല. നിരുപാധികം മാപ്പ്,' -ചാൾസ് രാജകുമാരൻ, വില്യം, ഹാരി, ഏൾ സ്പെൻസർ എന്നിവർക്ക് അയച്ച കത്തിൽ ബിബിസി പറയുന്നു. മാധ്യമമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ലോകത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ ബിബിസിയുടെ മേൽ ഇത്തരം ഒരു കറ വീണത് ലോകമെമ്പാടും നിന്നും വലിയ വിമർശനങ്ങൾ ഉയർത്തി. ഇന്നും തങ്ങളുടെ പ്രിയപ്പെട്ട ഡയാന രാജകുമാരിയെ മരണത്തിലേക്ക് തള്ളിവിട്ടത്, ബിബിസിയാണെന്ന് വിശ്വസിക്കുന്നവർ ഇന്നും ബ്രിട്ടനിൽ അനവധിയാണ്.
ജസീന്തയെ കേവലം പെണ്ണാക്കി
വലിയ ഒരു എഡിറ്റോറിയിൽ ടീമിന്റെ നേതൃത്വത്തിൽ കൃത്യമായ വിഷയങ്ങൾ തയ്യാറാക്കിയാണ് ബിബിസി ഒരു വിഷയത്തിലേക്ക് ഇറങ്ങുക. തെറ്റുപറ്റിയാൽ പരിശോധിക്കാനും വലിയ ടീം ഉണ്ട്. പക്ഷേ എന്നിട്ടും ബിബിസിയെ അതിവിദ്ധമായി പറ്റിച്ചവർ ഉണ്ട്. മൂന്നും നാലും വർഷം നീണ്ട എൻക്വയറികൾക്ക് ഒടുവിൽ ബിബിസി പുറത്താക്കിയ മാധ്യമ പ്രവർത്തകരും ഉണ്ട്. പക്ഷേ പിശക് പറ്റിയാൽ നമ്മുടെ മാധ്യമങ്ങളെപ്പോലെ ഉരുണ്ടുകളിക്കില്ല. അപ്പോൾ മാപ്പുപറയും. അതാണ് ബിബിസിയുടെ പ്രത്യേകത.
ഈയിടെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെണിന്റെ രാജി പ്രഖ്യാപനം സംബന്ധിച്ച വിവാദ തലക്കെട്ടിൽ ക്ഷമാപണവുമായി ബി.ബി.സി രംഗത്ത് എത്തി.
'ജസീന്ത രാജിവെക്കുന്നു, പെണ്ണിന് എല്ലാം കഴിയുമോ' എന്നായിരുന്നു ആ തലക്കെട്ട്.
ഇത് അമ്പരപ്പിക്കുന്ന ലിംഗവിവേചനമാണെന്നും സ്ത്രീവിരുദ്ധതയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. കുട്ടികളെ നോക്കാനും കുടുംബം നോക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാണ് തന്റെ രാജിയെന്ന ജസീന്തയുടെ അഭിപ്രായത്തിന്റെ പേരിലായിരുന്നു അങ്ങനെ ഒരു തലക്കെട്ട്. പക്ഷേ വിവാദമായതോടെ ബിബിസി പിൻവലിച്ച് മാപ്പ്പറയുകയായിരുന്നു. ഇങ്ങനെ ഒരുപാട് മാപ്പുകളും തിരുത്തലുകളും ബിബിസിയുടെ ചരിത്രത്തിൽ കാണാം.
2008ൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള പ്രിമാർക്ക് എന്ന സ്ഥപാനത്തിലെ ബാലവേലയെക്കുറിച്ച് നടത്തിയ വാർത്ത പിൻവലിച്ച് ബിബിസി മാപ്പ് പറഞ്ഞിരുന്നു. വിശദമായ അന്വേഷണത്തിൽ ആ ദൃശ്യങ്ങൾ വ്യാജമാണെന്ന് അവർ കണ്ടെത്തി. പോളണ്ടിലും യുക്രൈനിലും നടന്ന യുവേഫ യൂറോ 2012 ഫുട്‌ബോൾ ടൂർണമെന്റിനിടെ, ബിബിസി കറന്റ് അഫയേഴ്‌സ് പ്രോഗ്രാമായ പനോരമ, വംശീയ പരാമർശങ്ങൾ വന്നുപോയതിലും ക്ഷമചോദിച്ചു. വൈറ്റ് പവർ ചിഹ്നങ്ങളൈ പിന്തുണക്കുന്ന ബാനറും ,വിദ്വേഷ മുദ്രാവാക്യങ്ങളും, നാസി സല്യൂട്ടുകളുമൊക്കെ എഡിറ്റ് ചെയ്യാപ്പെടായെ പോയതാണ് വിവാദമായിത്.
'ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ചിലർ സമ്മർദ്ദം ചെലുത്തുന്നു'. 2021 ഒക്ടോബർ 26-ന് കരോലിൻ ലോബ്രിഡ്ജ് എഴുതിയ ഒരു ലേഖനം ഈ തലക്കെട്ടിൽ വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചതിനും ബിബിസി പഴികേട്ടു. ട്രാൻസ്‌ജെൻഡർ സ്ത്രീകൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തി എന്ന വാർത്ത ട്രാൻസ്ഫോബിക്ക് ആണെന്ന ആരോപണത്തെ തുടർന്നും ബിബിസി മാപ്പുപറഞ്ഞു. അതുപോലെ ജീവനക്കാർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് തെളിഞ്ഞാൽ അപ്പോൾ നടപടി എടുക്കുന്ന സ്ഥപനമാണ് ഇത്. 1998 ഒക്ടോബർ 18-ന്, കുട്ടികളുടെ ടെലിവിഷൻ പരിപാടിയായ ബ്ലൂ പീറ്ററിന്റെ അവതാരകനായ റിച്ചാർഡ് ബേക്കൺ കൊക്കെയ്ൻ ഉപയോഗിച്ചുവെന്ന് തെളിഞ്ഞപ്പോൾ ബിബിസി ഉടൻ തന്നെ അയാളെ പുറത്താക്കി. അങ്ങനെ എത്രയെത്ര സംഭവങ്ങൾ.
ആയിരിക്കണക്കിന് വാർത്തകൾ കൊടുക്കുമ്പോളാണ് ഇതുപോലുള്ള അബദ്ധങ്ങൾ പിണയുന്നത് എന്നോർക്കണം. ഇപ്പോഴും 99 ശതമാനം കൃത്യത വാർത്തകളിലും വീക്ഷണങ്ങളിലും ബിബിസിക്ക് ഉണ്ട്.
ബ്രക്സിറ്റിൽ പൂട്ടാൻ നീക്കം
അവസാനമായി ബിബിസിക്ക് പണികൊടുക്കാന നോക്കിയത് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോണസനാണ്. ബ്രെക്സിറ്റിനെ ശക്തമായി എതിർക്കുന്നതിനാൽ, ബിബിസിയെ ബ്രെക്സിറ്റ് ബാഷിങ് കോർപ്പറേഷൻ എന്നും അദ്ദേഹം വിളിച്ചിരുന്നു. ഇതിന്റെ വാശിക്ക് ശതാബ്ദി വർഷത്തിൽത്തന്നെ ബിബിസിയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം ബോറിസ് ജോൺസൻ നടത്തിയിരുന്നു. ബിബിസിക്ക് വീടുകളിൽനിന്ന് കൊടുക്കുന്ന ഫണ്ട് വെട്ടിച്ചുരിക്കയായിരുന്നു ബോറിസിന്റെ പ്രതികാരം. പക്ഷേ ബ്രിട്ടീഷ് ജനതയുടെ മനസ്സ് ബിബിസിക്ക് ഒപ്പമായിരുന്നു.
സ്വകാര്യവൽക്കരിച്ചാൽ ലോകമാകെ വിശ്വാസ്യതയുള്ള ബ്രിട്ടന്റെ മറ്റൊരു മഹത്തായ സ്ഥാപനം കൂടി ഇല്ലാതാവുമെന്നാണ് അവരിൽ ഭൂരിഭാഗും കരുതിയത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടൻ സാങ്കേതിക മുന്നേറ്റങ്ങൾ ലോകമെങ്ങും വന്നപ്പോൾ പിന്നിലായി. ബ്രെക്സിറ്റും വന്നതോടെ യൂറോപ്പിൽ ഒരു സാധാരണ രാജ്യം എന്ന സ്ഥിതിയിലേക്ക് ബ്രിട്ടനും മാറി. ഇനി ബിബിസിയും കൂടി ഇല്ലാതായാൽ എന്താവുമെന്ന് പറഞ്ഞ് സമൂഹത്തിൽ ഉയർന്ന ചർച്ചയാണ് ആ നീക്കങ്ങൾക്ക് തടിയിട്ടത്.
ബിബിസി ഇന്ത്യാവിരുദ്ധർ ആണോ?
2013ൽ പ്രധാന മന്ത്രിയാകും മുന്നേയുള്ള നരേന്ദ്ര മോദിയുടെ ട്വീറ്റ് ഇങ്ങനെയാണ് -'ദൂരദർശനും ആകാശവാണിയുമൊക്കെ ഉണ്ടാകുന്നത് വരെ സാധാരണക്കാർ ബി.ബി.സിയെയാണ് ആശ്രയിച്ചിരുന്നത്. എനിക്ക് ദൂരദർശനേയും ആകാശവാണിയേയും വിശ്വാസമില്ലായിരുന്നു.''. ഇന്ന് അതേ ആ നരേന്ദ്ര മോദിക്കും ബി.െപിക്കും ഇന്ന് അതേ ബിബിസിയെ വിശ്വാസമില്ലാതായി. പല കാലത്തും ബിജെപി നേതാക്കൾ പോലും പാർലിമെന്റിൽ എതിർ രാഷ്ട്രീയ കക്ഷികളെ വിമർശിക്കാൻ തെളിവായി ഉദ്ധരിച്ചിരുന്ന ബിബിസിയുടെ വാർത്തകൾ ആയിരുന്നു. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ കയറ്റുന്ന സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ, അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ, തൊട്ട് ബോഫോഴ്സ് കുംഭകോണത്തിൽവരെ ബിബിസി വാർത്തയായിരുന്നു ബിജെപിയുടെ ആരോപണത്തിന്റെ അടിസ്ഥാനം. പക്ഷേ ഇപ്പോൾ അവർ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ്.
മാത്രല്ല ഗാന്ധിവധവും, ഇന്ദിരാഗാന്ധി വധവും, ബാബറി മസ്ജിദിന്റെ തകർച്ചയും എല്ലാം ലോകത്തെ അറിയിച്ചതും ബിബിസിയാണ്. പാക്കിസ്ഥാന്റെ ആരോപണം ബിബിസി എപ്പോഴും ഇന്ത്യയെ പിന്തുണക്കുന്നുവെന്നതാണ്. ചൈനക്കുമുണ്ട് ആ പരാതി. ഇന്ത്യയുടെ സാമ്പത്തിക പരോഗതിയെക്കുറിച്ച് എറ്റവും പോസറ്റീവ് ആയി എഴുതുന്ന മാധ്യമമാണ് ഇവർ. ഇന്ത്യയെന്നാൽ രോഗികളുടെയും, പാമ്പാട്ടികളുടെയും, അപരിഷ്‌കൃതയുടെയും നാട് എന്ന നിലപാട് അവർക്കില്ല. ഈയിടെയും ഇന്ത്യയെ മുൻവിധിയോടെ കണ്ടതിന് സർ വിൻസ്റ്റൺ ചർച്ചിലിനെ വിമർശിക്കുന്ന ഒരു ലേഖനം ബിബിസി ഓൺലൈനിൽ വന്നിരുന്നു. മാർക്ക് ടള്ളിയെപ്പോലെ ദീർഘകാലം ഇന്ത്യയിൽ പ്രവർത്തിച്ച ബിബിസി ലേഖകർ വികാരവായ്‌പ്പോടെയാണ് ഈ നാടിനെ ഓർക്കാറുള്ളത്. വളരുന്ന സാമ്പത്തിക സൈനിക ശക്തിയെന്നാണ് ബിബിസി പലപ്പോഴും ഇന്ത്യയെ വിശേഷിപ്പിക്കാറുള്ളത്.
ഇങ്ങനെ ഒക്കെ ചെയ്ത ഒരു മാധ്യമത്തെ തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പ്രസിദ്ധീകരിച്ചുവെന്നതിന്റെ പേരിൽ വിലക്കുകയും, കൊളോണിയിൽ മാധ്യമം എന്ന് അധിക്ഷേപിക്കുകയും ചെയ്യുമ്പോൾ ഭാരതം തന്നെയാണ് സ്വയം ചെറുതാവുന്നത്.
വാൽക്കഷ്ണം: അതുപോലെ കോഹിനൂർ രത്നം ഇന്ത്യക്ക് വിട്ടുകൊടുക്കണമോ എന്ന തിന്റെ പേരിൽ ശശി തരൂർ നടത്തിയ വിഖ്യതമായ ഒരു ഡിബേറ്റ് ഉണ്ടായിരുന്നു. അതിലും ബിബിസി ബ്രിട്ടന്റെ ഭാഗത്തല്ല ഇന്ത്യയുടെ ഭാഗത്താണ് നിന്നത്. കൊളോണിയലിസം ഇന്ത്യയെ സമാനതകൾ ഇല്ലാത്ത രീതിയിൽ തകർത്തുവെന്ന് ബിബിസിയും സമ്മതിക്കുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു മാധ്യമത്തിന് ഇതുപോലെ നിലപാട് എടുക്കാൻ കഴിയുമോ?
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ